Ellis Island (എല്ലിസ് ഐലൻഡിൽ നിന്ന്)
(അനുഭവം /ഓർമ, Anthology)
Published by Pulitzer June 2020
2001 സെപ്റ്റംബർ മാസത്തിലൊരു ദിവസം രാവിലെ. പതിവ് ചൊവ്വാഴ്ചകളിലൊന്ന്. ഒരിടത്തും മുൻപ് കണ്ടിട്ടില്ലാത്തതോ വായിച്ചിട്ടില്ലാത്തതോ ആയ ആ വാർത്ത ഭീതിദമെങ്കിലും കൗതുകത്തോടെ കാണുകയായിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ സ്വയം നേടിയൊരനുകൂല്യമായിരുന്നു ഇടയ്ക്കു ഒരിടവേള എടുത്തു ടി വി കാണുകയെന്നത്. ബോസ്റ്റണിൽ നിന്നും ലോസ് ആൻജലസിലേക്കു തിരിച്ച 'അമേരിക്കൻ എയർലൈൻസ് -11' വിമാനം, രാവിലെ 8.46 നു ലോകത്തിനു മുൻപാകെ അഭി മാനത്തോടെ ഉയർന്നു നിന്നിരുന്ന 110 നിലകളുള്ള വേൾഡ് ട്രേഡ് സെന്റർ ഇരട്ട ഗോപുരങ്ങളിൽ, വടക്കേ ഗോപുരത്തിന്റെ ചങ്കിലേക്ക് നൂറോളം വരുന്ന യാത്രക്കാരുമായി ഇടിച്ചുകയറുന്ന ദൃശ്യങ്ങളും വാർത്തകളും.
ഉള്ളിൽ കത്തിയ അഗ്നി ഗോളങ്ങൾ ടവറിന്റെ മുകളിലും പാർശ്വങ്ങളിലുമായി ഇരുണ്ട പുകപടലങ്ങളായി പടരുന്നു. അഗ്നിശമന സേനയുടെയും എഫ് ബി ഐ ഉദ്യോഗസ്ഥരുടെയും ന്യൂയോർക്ക് പോലീസിന്റേയും നിയന്ത്രണ ശ്രമങ്ങൾക്കിടയിൽ എങ്ങോട്ടോടിയാൽ രക്ഷയുണ്ട് എന്നറിയാതെ സമനില വിട്ടു പരക്കം പായുന്ന ജനങ്ങൾ... ആ രൻ ബ്രൗണിന്റെ (Aaron Brown) CNN ചാനൽ ബ്രേക്കിംഗ് ന്യൂസ് ആയിരുന്നു എന്നാണോർമ.
ഇതിനിടയിലാണ് കാളിങ് ബെൽ രണ്ടു മൂന്നു തവണ അടുപ്പിച്ചു ശബ്ദിച്ചത്. ആരായിരിക്കും, ഇത്ര രാവിലെ എന്തിനായിരിക്കും എന്ന സംശയത്തോടെ വാതിൽ തുറന്നു.
ജൂലിയാൻ - തൊട്ടടുത്ത വീട്ടിലെ താമസ്സക്കാരിയാണ്. കൂടെ സ്വർണ തലമുടിയുള്ള രണ്ടു പെൺകുട്ടികളും. ഒരെണ്ണം ഒക്കത്തും മറ്റേതു സ്‌ട്രോളറിലും..
'അറിഞ്ഞുവോ ..ന്യൂസ്?'
വാതിൽ തുറന്നതും അമ്പരപ്പോടെ അവർ ആരാഞ്ഞു.
'ഞാനും കാണുകയായിരുന്നു'
ഞാൻ കണ്ട വാർത്ത തന്നെയാണ് അവരും കണ്ടത്. പക്ഷെ അവരിൽ അത് കൂടുതൽ ആഘാതവും ഉൽക്കണ്ഠയും ഉണ്ടാക്കിയിരിക്കുന്നു.
അവരുടെ ഭർത്താവ് അമേരിക്കൻ എയർ ലൈൻസ് പൈലറ്റ് ആണ്. രണ്ടു ദിവസ്സം മുൻപ് പോയതാണ്. തലേന്നു വിളിച്ചിരുന്നത്രെ. പിന്നെ യാതൊരു വിവരവുമില്ല.
അകത്തേക്കിരിക്കാൻ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ അവിടെ നിന്നു തന്നെ കൂടുതൽ കാര്യങ്ങൾ പറയാൻ തുടങ്ങുന്നു. അവരുടെ ശരീരഭാഷയിലും ശബ്ദത്തിലും ഭയവും സങ്കടവും ആവലാതിയും കൂടുന്നതായി ഞാനറിഞ്ഞു.
സ്‌കോട്ട്, ഇടിച്ച വിമാനത്തിന്റെ പൈലറ്റ് ആവാനുള്ള സാധ്യത ഏറെ വിദൂരമാണെങ്കിലും ആ നേരീയ സാധ്യതയോർത്തവർ തളരുന്നു.
കുട്ടികളുമായി നടക്കാനിറങ്ങുമ്പോൾ ഏതു വിമാനം കണ്ടാലും സ്‌ട്രോളർ കാരി മുകളിലേക്ക് കൈ കാണിച്ചു കുഞ്ഞി വായിൽ ചിരിക്കുമത്രേ. ഇതുപറയുമ്പോൾ അവരുടെ കണ്ണുകൾ അറിയാതെ തുളുമ്പി.
സ്നേഹിക്കുന്നവർക്ക് ഒരാപത്തുവരുമോയെന്ന ചിന്തപോലും നമ്മെ എത്ര പരിഭ്രാന്തരാക്കുന്നുവല്ലേ?
അവരെ സമാധാനപ്പെടുത്താനായി നമ്പർ വാങ്ങി അയാളെ വിളിച്ചു നോക്കി. ഫോൺ ഓഫ് ആണ്.
ഞാൻ ചോദിച്ചു
'എങ്ങോട്ടാണ് സ്കോട്ട് പോയിരിക്കുന്നത്?'
'ഡാളസ്'
എന്നാൽ വിഷമിക്കേണ്ട കാര്യമില്ലെന്നും ഇത് ബോസ്റ്റണിൽ നിന്നുമുള്ള ഫ്ലൈറ്റ് ആണെന്നുമൊക്കെ പറഞ്ഞു സമധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർക്കു കാര്യങ്ങൾ എന്നേക്കാൾ കൂടുതൽ അറിയാമെന്നു ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് മനസ്സിലായി.
'പ്ളീസ് കം ഇൻ '
രണ്ടാമതും പറഞ്ഞപ്പോൾ അവർ അകത്തുകയറി സോഫയിൽ ഇരുന്നു.
മുന്നിലെ ടി വി യിൽ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ.
ഇടക്ക് അവർ ഭർത്താവിന്റെ അച്ഛനെ (അദ്ദേഹം വ്യോമ സേനയിൽ ജോലിചെയ്തിരുന്ന ആളാണ്) ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹവും സാന്ത്വന വാക്കുകൾ പറഞ്ഞതിനാലാവണം പിന്നെയവർ അൽപ്പം ആശ്വാസത്തിലായിരുന്നു.
ഇതിനകം മറ്റൊരു വിമാനം 'യുണൈറ്റഡ്-175' രാവിലെ 9.03 നു തെക്കൻ ഗോപുരത്തിന്റെ എഴുപത്തി അഞ്ചുമുതൽ എൺപത്തി അഞ്ചുവരെ നിലകളിലേക്കു ഇടിച്ചു കയറിയിരുന്നു. ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ രണ്ടു ഗോപുരങ്ങളും ഉരുക്കു തൂണുകൾ തീർത്ത നട്ടെലുരുകി നിലം പതിച്ചു.
AL-QUEADA ഭീകരർ ആസൂത്രണം ചെയ്തു, അമേരിക്കൻ മണ്ണിൽ നടത്തിയ ആക്രമണ പരമ്പരയിലെ ആദ്യ സംഭവമായിരുന്നു ഇത്. ആ സെപ്റ്റംബർ 11 ന്റെ ഓർമ '911' എന്ന പേരിൽ തുടർന്നെല്ലാവർഷവും അതെ ദിവസ്സം, ആയിരങ്ങളുടെ ആത്മരക്ഷക്കായുള്ള സഹായവിളിയായി ഈ രാജ്യത്തെ ജനത ഓർക്കുന്നു. (അമേരിക്കയിൽ അത്യാവശ്യ സർവീസിന് വിളിക്കേണ്ടുന്ന നമ്പറാണ് 911). മൂവായിരത്തോളം ആളുകൾ കൊല്ലപ്പെട്ട, അതിലിരട്ടിയോളം പേർക്കു പരിക്കേറ്റ, സാമ്പത്തികമായി ബില്യനുകൾ വിലകൊടുക്കേണ്ടിവന്ന, വിലയിടാനാവാത്ത പൗര സ്വാതന്ത്ര്യത്തിനു മേൽ എന്നെന്നേക്കുമായി ഭീതിയുടെ കരിനിഴൽ വീഴ്ത്തിയ സംഭവം.
ഒരപകട വാർത്ത കേൾക്കുമ്പോൾ, സ്വന്തക്കാരിലാരെങ്കിലും, പിന്നെ ബന്ധുക്കൾ പിന്നെ സുഹൃത്തുക്കൾ അതും കഴിഞ്ഞു പരിചയക്കാരിക്കാരിലാരെങ്കിലും അതിൽ പെട്ടുവോ എന്ന ക്രമത്തിലാണല്ലോ നമ്മുടെ അന്വേഷണ വ്യഗ്രത നീളുക. അങ്ങിനെ നോക്കുമ്പോൾ സ്വാർഥതാൽപ്പര്യപരമായ എല്ലാ അന്വേഷണങ്ങൾക്കൊടുവിലും വ്യക്തിപരമായി എന്നെ ബാധിച്ച ഒരു പ്രശ്നമായിരുന്നില്ല ഇത്. പക്ഷെ പിന്നീട് ഇവിടെ ജീവിക്കുന്ന എല്ലാവ രെയുംപോലെ എന്നെയും ആ കറുത്ത ദിവസവും അതിനു ശേഷം ഉണ്ടായ സംഭവവികാസങ്ങളും ബാധിച്ചിട്ടുണ്ട്. 'ഫ്രീ കൺട്രി' എന്ന പ്രയോഗത്തിന്റെ അർത്ഥതലങ്ങൾ തന്നെ മാറിപ്പോയിരിക്കുന്നു.
എന്റെ അയൽക്കാർക്ക് ആ സമയത്തു ഓടിവരാൻ തോന്നിയത് ഞങ്ങളുടെ വീട്ടിലേക്കാണ്. തീർച്ചയായും അവർ അവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒക്കെ ഫോണിൽ ബന്ധപ്പെട്ടിരിക്കാം. പക്ഷെ എത്തിച്ചേരാനുള്ള കാലതാമസം കൊണ്ടോ, അവരുടെ അപ്പോഴത്തെ ഭയവും ആശങ്കകളും പങ്കിടാൻ പെട്ടെന്നൊരാൾ വേണമെന്ന കാരണത്താലോ, എന്തുകൊണ്ടോ ഞങ്ങളുടെ അടുത്ത് വന്നു. അതുവരെ പുറത്തു നിന്ന് മാത്രം കാര്യങ്ങൾ പറയുകയോ 'ഹാലോവീൻ' ( പുരാതന സെൽറ്റിക് (Celtic ) ആത്മീയ പാരമ്പര്യത്തിലെ ഒരാഘോഷത്തിന്റെ തുർച്ചയായി എല്ലാവർഷവും ഒക്ടോബർ 31 നു പ്രേതപിശാചുക്കളുടെ വേഷങ്ങളണിഞ്ഞുള്ള ഒരാഘോഷം) പോലുള്ള ആഘോഷങ്ങളുടെ സമയത്തു മാത്രം കുട്ടികൾക്കൊപ്പം കൂടുകയോ ചെയ്യുമായിരുന്നവർ അരക്ഷിതാവസ്ഥയുടെയോ ഭീതിയുടെയോ സമയത്തു മറ്റെല്ലാം മറന്ന് സഹജീവിയെന്ന പരിഗണയിൽ മാത്രം പെരുമാറുന്നു.
ഇതുതന്നെയാണ് 2018 ൽ സംഭവിച്ചതും ഈ വർഷം വീണ്ടും ആവർത്തിച്ചതുമായ പ്രളയദുരന്തത്തിൽ കേരളം കണ്ടത്. ഇതൊക്കെ കൊണ്ട് അടിവരയിട്ടു പറയാവുന്ന ഒന്ന്, അതിജീവനത്തിന്റെ വെല്ലുവിളി നേരിടേണ്ടി വരുമ്പോൾ മനുഷ്യനെ പരസ്പരം ബന്ധിപ്പിച്ചു നിറുത്തുന്നത് മാനുഷികതയാണ്. ജാതി മത വംശ വ്യത്യാസങ്ങളും അതുമൂലമുള്ള സ്പർദ്ധകളും നിലനില്പിന്റെയോ മറ്റു പ്രാഥമിക സുരക്ഷിതത്വത്തിന്റെയോ വെല്ലുവിളികൾ ഇല്ലാതെ വരുമ്പോൾ, ഒറ്റക്കോ കൂട്ടായോ മനുഷ്യൻ വളർത്തിയെടുക്കുന്ന വിഭജനത്തിന്റെ വിഷവിത്തുകൾ മാത്രമാണ്.
ഇനി ജൂലിയന്റെ കാര്യത്തിലേക്കു തിരിച്ചുവരാം. വൈകുന്നേരം നാലു മണിയോടെ ഭർത്താവിന്റെ അച്ഛൻ അവരെ തിരിച്ചു വിളിക്കുകയും സ്‌കോട്ട് സുരക്ഷിതനാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു. സുരക്ഷാകാരണങ്ങളാലാണ് അദ്ദേഹവുമായി നേരിട്ട് ഫോണിൽ ബന്ധപ്പെടാൻ ആ സമയത്തു സാധിക്കാതെ പോയത്
സമാധാനത്തോടെ അവർ പോകുമ്പോൾ അവരെയും , അന്ന് മരണമടഞ്ഞവരെയും , കത്തിയമരുന്ന ഗോപുരങ്ങളിൽ നിന്നും പ്രാണരക്ഷാർത്ഥo നാലുപാടുമോടിയവരെയും , ഏറെ നാളുകൾക്കു ശേഷം സഹാനുഭൂതി (Empathy )യെന്ന വികാരത്തോടെ എനിക്കു കാണുവാൻ കഴിഞ്ഞു. പരക്കം പായുന്നതിനിടയിൽ അവരിലാരോ ഉപേക്ഷിച്ചിട്ട രണ്ടു ഷൂസുകളിൽ അവരിലൊരാളായി ഞാൻ നിൽക്കാൻ ശ്രമിച്ചു.
ദിവസ്സങ്ങൾ അധികം കഴിയുന്നതിനു മുൻപേ തന്നെ, ഈ ആക്രമണ പരമ്പരകളുടെ സൂത്രധാരൻ ബിൻ ലാദൻ വക ഒരു വീഡിയോ മാധ്യമങ്ങളി ലൂടെ പ്രചരിക്കാൻ തുടങ്ങിയിരുന്നു. അമേരിക്കൻ അതിർത്തിയുടെ തെക്കു മുതൽ വടക്കേയറ്റം വരെയും പടിഞ്ഞാറുമുതൽ കിഴക്കേയറ്റം വരെയും ഉള്ള ജനങ്ങളുടെ മനസ്സിൽ വരും നാളുകളിൽ ഭീതിയുടെ വേലിയേറ്റം സൃഷ്ടിക്കും എന്നായിരുന്നു സന്ദേശം. ഇനിയും ഇത്തരം ഭീകര ആക്രമണങ്ങൾ അമേരിക്കൻ മണ്ണിൽ ആസൂത്രണം ചെയ്യുന്നതിന്റെ സൂചനയായിരുന്നു അത്. അമർഷത്തോടെ അത് കാണുകയും കേൾക്കുകയും ചെയ്‌തെങ്കിലും അതിലെ ഗൂഢാർത്ഥം അന്ന് മനസ്സിലാക്കിയിരുന്നില്ല. അതിനു ശേഷം 'ഹോം ബ്രീഡ്' ആയി നടന്ന ശ്രമങ്ങൾ എല്ലാം വിജയിച്ചില്ലായെങ്കിലും ഭീകരവാദികളുടെ ആത്യന്തിക ലക്‌ഷ്യം ജനജീവിതത്തിൽ ഭീതി പരത്തി അവരുടെ സ്വതന്ത്ര വ്യാപാരങ്ങളെ അലങ്കോലപ്പെടുത്തുക എന്നത് തന്നെയാണ്. അതിൽ വലിയൊരു പരിധിവരെ അവർ വിജയിച്ചുവെന്ന് വേണം കരുതാൻ.
911 സംഭവം അമേരിക്കൻ ജനതയിലുണ്ടാക്കിയ മുറിവുണങ്ങാൻ വർഷങ്ങൾ വേണ്ടിവന്നു. ജീവിതം അതിന്റെ നിയതമായ വഴികളിലൂടെ വീണ്ടും മുന്നോട്ടുപോയെങ്കിലും, എപ്പോഴെങ്കിലുമൊക്കെ ജൂലിയാനും കുട്ടികളും ചിന്തയിൽ വന്നു കേറുമായിരുന്നു. നമുക്കൊരു പങ്കുമില്ലാത്ത അവിചാരിതസംഭവങ്ങൾ നമ്മെ എന്തുമാത്രം നിരാലംബരും നിസ്സഹായരുമാക്കുന്നു എന്നോർത്ത് നടുങ്ങിയിരുന്നു. ആ നടുക്കത്തിലെപ്പോഴോ ആണ് വർഷങ്ങൾക്കു മുൻപ് ഞാനും സമാനവ്യഥകളിലൂടെ കടന്ന് പോയ ആ ദിവസങ്ങൾ ഓർമയിലേക്ക് തള്ളിക്കയറിയത്.
1992 ഡിസംബറിൽ മുംബൈയിൽ അരങ്ങേറിയ ഹിന്ദു മുസ്ലിം കലാപമാണ് ജീവിതത്തിൽ ആദ്യമായി എന്നിൽ ഭയവും അരക്ഷിതാവസ്ഥയും നിറച്ചത്. ഡിസംബർ 6 -നു ഹിന്ദു കർസേവകർ അയോദ്ധ്യയിലെ ബാബറി മസ്‌ജിദ് പൊളിച്ചതിൽ പ്രകോപിതരായ മുസ്ലിംങ്ങൾ തെരുവിലിറങ്ങിയതോടെ തുടങ്ങിയ കലാപം 1993 ജനുവരി പകുതിയോടെ അടങ്ങിയപ്പോൾ തൊള്ളായിരത്തോളം പേർ കൊല്ലപ്പെട്ടു. അതിന്റെ നടുക്കുന്ന വിശദാംശങ്ങൾ വായനക്കാരിൽ ചിലർക്കെങ്കിലും അറിവുള്ളതാണല്ലോ
കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപേ ഞങ്ങൾ മുംബൈ നഗരത്തിൽ എത്തിപ്പെട്ടിരുന്നു.
പ്രശ്നസങ്കീർണമായ വിവാഹം കഴിഞ്ഞു കുറെ ദിവസ്സങ്ങൾ കഴിയുമ്പോഴാണ് ജോലി നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. 'എന്ന് തിരിച്ചു ജോലിക്കു കയറും?' എന്ന നാട്ടുകാരുടെ കുത്തിനോവിക്കുന്ന സ്ഥിരം ചോദ്യം സഹിക്കാനാവാതെ വന്നപ്പോഴാണ് അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളുമടങ്ങിയ രണ്ടു പെട്ടികളുമായി ഞങ്ങൾ മുംബൈക്ക് വണ്ടി കയറിയത്. ആ സമയത്തു, മറ്റു വഴികളില്ലാതെ ഭാൺഡുപ്പ് (Bhandup ) റെയിൽവേ സ്റ്റേഷനു കിഴക്കു ഭാഗത്തുള്ള CGS (Central Government Staff ) ക്വാർട്ടേഴ്സിൽ, ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു കുടുംബത്തിനൊപ്പം അവരുടെ ഫ്ലാറ്റിൽ പേയിങ് ഗസ്റ്റ് ആയി - മാസം 670 രൂപാ വാടകയിൽ ഒരു മുറിയിൽ താമസിച്ചു .
ഞങ്ങൾ ചെന്നുപെട്ട സമയം, കമ്പനികൾ ജോലിക്കാരെ എടുക്കുന്നതു തൽക്കാലം നിറുത്തി വച്ചേക്കുകയായിരുന്നു. എങ്കിലും ബയോ-ഡാറ്റയുടെ കോപ്പികളുമായി രാവിലെ ഇറങ്ങും. വാങ്ങാൻ തയാറുള്ള കമ്പനികൾക്കും വ്യക്തികൾക്കും കൊടുത്തു തിരികെയെത്തും. ഇതായിരുന്നു പതിവ് പരിപാടി.
മടങ്ങിയെത്തിയാൽ ആ ഒറ്റ മുറിയിലും സമാധാനമുണ്ടായിരുന്നില്ല. ഒരു സ്ത്രീയും അവരുടെ 20 -22 വയസ്സായ മകളും മാത്രമായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ഞങ്ങളോട് ഒരു സഹകരണ മനോഭാവവും അവർ കാണിച്ചിരുന്നില്ല. 'നിങ്ങൾ മദ്രാസികൾക്കു വൃത്തി തീരെയില്ല' എന്ന് അവർ അവസരമുണ്ടാക്കി തന്നെ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ഒരുദിവസം കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും എന്തെങ്കിലും കുത്തുവാക്കുകൾ പറഞ്ഞവർ നോവിച്ചിരുന്നു. ബാക്കി മുറികൾ നല്ല രീതിയിൽചായം തേച്ചു സൂക്ഷിച്ചിരുന്നെങ്കിലും പേയിങ് ഗുസ്റ്റിന്റെ മുറി മാത്രം വിട്ടുപോയിരുന്നു. വർഷങ്ങളായി ചായം തേക്കാതെ മുഷിഞ്ഞതായിരുന്നു അത് . രണ്ടു പെട്ടികൾ, ഒരു പായ, ചെറിയൊരു മെത്ത, പ്ലാസ്റ്റിക് പ്ലേറ്റുകൾ കുറെ അലുമിനിയം പാത്രങ്ങൾ. കൂടാതെ മിക്കവാറും കൂടെയുണ്ടായിരുന്ന ഒരു പൂച്ചക്കുട്ടിയും. ഇതായിരുന്നു ഞങ്ങളുടെ ലോകം. (ഏകദേശം രണ്ടു മാസങ്ങൾക്കു ശേഷം ഒരു കാറിനടിയിൽ പെട്ട് ആ പൂച്ചക്കുട്ടി ചത്തപ്പോഴാണ് എത്രയോ വര്ഷങ്ങള്ക്കു ശേഷം കരയാൻ തോന്നിയത്. കാരണം അത് ഞങ്ങളെ അത്രയ്ക്ക് സന്തോഷിപ്പിച്ചിരുന്നു അന്ന് ).
ഡിസംബർ പകുതി കഴിഞ്ഞിരിക്കും. കലാപം ശക്തമായി തുടരുന്നു. സാധാരണ ജീവിതങ്ങൾ മതഭ്രാന്തിനു മുന്നിൽ ഭയന്ന് വിറങ്ങലിച്ചു. സെൻട്രൽ ഗവണ്മെന്റ് സ്ഥാപനമായതിനാൽ അവിടേക്കു ഒത്തിരി ഭീഷണികൾ വരാൻ തുടങ്ങി. അടുത്തുള്ള കഞ്ചൂർ മാർഗിൽ (സെൻട്രൽ റെയിൽവേ ലൈനിൽ അടുത്ത സ്റ്റേഷനു കളാണ് ഇത് രണ്ടും) നിന്നും വൈകുന്നേരം ട്രക്കിൽ എതിർ ഗ്രൂപ്പെത്തി ആക്രമണം നടത്തുമെന്നതിനാൽ തയാറായിരിക്കണമെന്നു ആണുങ്ങൾക്ക് നിർദേശം കിട്ടി. ഒന്ന് രണ്ടു ദിവസ്സം ഒന്നും സംഭവിച്ചില്ല. പിന്നൊരു ദിവസ്സം രാത്രി പതിനൊന്നു മണിയോടെ പറഞ്ഞ പോലെ പോലെ ഒരു ട്രക്ക് വന്നു നിന്നു.
ഞങ്ങൾ സജ്ജരായിരിക്കണം എന്ന് വിലക്കിയ അതെ ആൾക്കാർ തന്നെയായിരുന്നു അത്. എതിർ വിഭാഗത്തിന്റെ ഫ്ലാറ്റുകൾ കണ്ടുപിടിച്ചു നേരത്തെ കൊടുത്ത മുന്നറിയിപ്പു പ്രകാരം ഒഴിഞ്ഞു പോകാത്തവരെ ഒഴിപ്പിക്കാൻ വന്നവരായിരുന്നു അവർ. അർദ്ധ രാത്രിയോടെ ചില ഫ്ലാറ്റുകളിൽ നിന്നും സ്ത്രീകളുടെ നിലവിളികൾ കേൾക്കാൻ തുടങ്ങി
'ബചാവോ... ബചാവോ...'
ടീവീ യും ഫ്രിഡ്ജുമെല്ലാം മുകളിലത്തെ നിലകളിൽ നിന്നും താഴേക്ക് വലിച്ചെറിയപ്പെടുന്നു. ആകെ ബഹളവും നിലവിളികളും. ഭയന്ന് വിറച്ചു ഞങ്ങളുടെ തൊണ്ട വരണ്ടു. ലൈറ്റുകളണച്ചു നിശ്ശബ്ദരായിരുന്നു നേരം വെളുപ്പിച്ചു.
പിറ്റേന്ന് വൈകുന്നേരം, വീട്ടുകാരി സ്ത്രീ ഒരു യാത്രക്കെന്നപോലെ ഒരുങ്ങി വന്നു ഞങ്ങളോട് പറഞ്ഞു
"യഹാം ബഹുത് കുച്ച് ഹോനെ വാലാ ഹൈ . ഹാം ജാ രഹാ ഹെ ..തും ലോ ഗ് കിതർ ഭീ ജാവോ .."
ഇവിടെ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്നും നിങ്ങൾ വേണമെങ്കിൽ എവിടെയെങ്കിലും പൊയ്ക്കൊള്ളാനുമായിരുന്നു അവരുടെ ഉപദേശം. മറുപടിക്കു കാത്തുനിൽക്കാതെ അമ്മയും മകളും അത്യാവശ്യ സാധനങ്ങളുമായി പുറത്തേക്കു നടന്നു. പിന്നെയവർ വരുന്നത് രണ്ടാഴ്ച കഴിഞ്ഞാണ്.
ഒറ്റപ്പെടലും ഭയവും വല്ലാതെ അലട്ടാൻ തുടങ്ങി. ഒരു പക്ഷെ ഇനിയൊരാക്രമണത്തിനു താഴത്തെ നിലയിൽ താമസിച്ചിരുന്ന ഞങ്ങൾ ഇരയായിക്കൂടെന്നില്ല.അടുത്ത് തന്നെ ഒരു ബന്ധു വീടുണ്ട്. നടക്കാവുന്ന ദൂരം മാത്രം..പക്ഷെ ബോബെ ജീവിതം അറിയാവുന്നവർക്കറിയാം..ചെറിയ വീടുകൾ, ഫ്ലാറ്റുകൾ. ഒരു കുടുംബത്തിന് അത്യാവശ്യം കഴിയാവുന്നവ..അവിടെയാകട്ടെ രണ്ടു കുട്ടികളുമുണ്ട്..അധികം സ്ഥലവുമില്ല. പോകാൻ അഭിമാനബോധം ആദ്യമൊന്നും സമ്മതിച്ചില്ല..പക്ഷെ നേരം വൈകുകയും ഭീതിയുടെ അന്തരീക്ഷം രൂക്ഷമാവുകയും ചെയ്തപ്പോൾ അഭിമാനം ഭയത്തിനു വഴിമാറി.
രാത്രി പതിനൊന്നു മണിയോടെ ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി. പുറത്തു ആരെയും കാണാനില്ല. എല്ലാപേരും വീടുകളിലൊതുങ്ങി ടി. വി ക്കു മുന്നിൽ നിശബ്ദരായി കൂടിയിരുന്നു, വർത്തകളറിയാൻ. സാധാരണ ദിവസ്സങ്ങളിൽ രാവിലെ രണ്ടു മണിക്കുപോലും ബോംബെ റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും സജീവമാണ്. സുരക്ഷിതമാണ്. എന്നാലിപ്പോൾ ശ്മശാന മൂകത മാത്രം. കടകൾ നേരത്തെ തന്നെ അടച്ചിരുന്നു തെരുവ് ഏറെക്കുറെ ശൂന്യം. ബോംബയിൽ ഏതു തെരുവിലും കാണാവുന്ന, സമയകാല ബോധമില്ലാതെ അലയുന്ന തെരുവ് നായ്ക്കൾ മാത്രം അവിടവിടെ കാണാമായിരുന്നു.
സത്യത്തിൽ അപ്പോൾ എന്തായിരുന്നു മനസ്സിൽ എന്നിന്നും നിശ്ചയമില്ല. ഒരു പക്ഷെ നിസ്സംഗതയായിരുന്നിരിക്കാം. ഭയം മൂത്ത നിസ്സംഗത..
ഒരിരുപതു മിനുട്ടു നടന്നുകാണും. ബന്ധുവിന്റേത് ഒരു ചെറിയ വീടായിരുന്നു. വീട് നിന്നിരുന്ന കോളനിക്കുള്ളിലേക്കു കടക്കുമ്പോൾ എന്തോ ഒരു ധൈര്യം തോന്നി. കാരണം ശിവ സേനയുടെ കോട്ടയായിരുന്നു ആ പ്രദേശം അന്ന്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആപത്തു വരില്ല എന്നൊരു തോന്നലാവണം ആ ധൈര്യത്തിനു പിന്നിൽ.
വീടെത്തും മുൻപ്, തുറസ്സായതും ചതുപ്പു നിറഞ്ഞതുമായ ഒരു സ്ഥലത്തെ ഒറ്റ നിലയുള്ള കെട്ടിടത്തിന്റെ ടെറസ്സിൽ കുറേപ്പേർ. അവർ ഉച്ചത്തിൽ സംസാരിക്കുന്നു രാമന്റെ പേരെടുത്തു മുദ്രാവാക്യങ്ങൾ മുഴക്കുന്നു. ഒരു പക്ഷെ ഒരാക്രണമണത്തിനു തയാറാവുകയാണവർ. പെട്ടെന്നൊരു കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. കാക്കി നിക്കറിട്ട രണ്ടുപേർ ടെറസിൽ നിന്നും താഴേക്ക് മൂത്രമൊഴിക്കുന്നു. മുദ്രാവാക്യം മുഴക്കിക്കൊണ്ടു തന്നെ - വഴിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ വ്യക്തമായി കാണാവുന്ന രീതിയിൽ. ആക്രമണത്തിന് മുൻപുള്ള പ്രത്യേകതരം ആഹ്ളാദ പ്രകടനം. നോക്കു പിറ്റേന്ന് പുലരുമ്പോൾ നമ്മളറിയുന്ന മരണങ്ങൾക്കോ തീവയ്പ്പുകൾക്കോ മുൻപ് അവരെത്ര സന്തോഷവാന്മാരായിരുന്നുവെന്നു.
രണ്ടു മൂന്നു ദിവസം അവിടെ താമസിച്ച ശേഷം ഒരു തീരുമാനമെടുത്തു.
തിരിച്ചു പോവുക. എന്തോ വരട്ടെ. നഷ്ടപ്പെടാൻ എന്താണുള്ളത്. വിലയുള്ളതായി തോന്നിയത് മുറിയിലുണ്ടായിരുന്ന സർട്ടിഫിക്കറ്റുകൾ മാത്രമാണ്. ബാക്കിക്കൊക്കെ ആക്രിസാധനങ്ങളുടെ വിലമാത്രം. രണ്ടും കൽപ്പിച്ചു തിരികെപ്പോയി - ഞങ്ങളുടെ ഒറ്റ മുറിയിലേക്ക്.
ലോകത്തെവിടെപോയാലും ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള ധൈര്യം മുംബൈയിൽ ജീവിച്ചു നേടിയതാണ്. അദ്ധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കിത്തന്ന, വേദനകൾക്കിടയിലും വെല്ലുവിളികൾക്കിടയിലും എവിടെയെങ്കിലുമൊക്കെ സന്തോഷത്തിനും വകനൽകുന്ന, ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ സ്വീകരിക്കുന്ന മഹാ നഗരത്തിനു നന്ദി.
22 വർഷങ്ങൾക്കു മുൻപ് 1997 ഫെബ്രുവരി ഒന്നിന് അമേരിക്കയിലെത്തിയശേഷം ജീവിതം മെല്ലെ മാറുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പറുദീസ, സമൃദ്ധിയുടെയും അവസരങ്ങളുടെയും നാട്. സ്വയമൊരുക്കുന്ന കൂടുകൾക്കുള്ളിൽ സുരക്ഷിതരാവുന്നവർക്കൊപ്പം ഞാനും. ഇടക്കൊരു കടിഞ്ഞാണിട്ട് , ബോംബെ ജീവിതം വരെ എന്നെ തിരിച്ചു നടത്തിയ, മാനുഷികതെയെ കുറിച്ച് തുറന്നു ചിന്തിക്കാൻ പ്രേരിപ്പിച്ച 2001 സെപ്തംബര് ഒൻപതു - മറക്കാനാവാത്ത ദിവസ്സം തന്നെയാണ്.
മഹാകവി ടാഗോറിന്റെ പ്രസിദ്ധമായ വരികളാണ് ഇപ്പോഴെനിക്കോർമ വരുന്നത്.
Where the mind is without fear
Where the mind is without fear and the head is held high
Where knowledge is free
Where the world has not been broken up into fragments
By narrow domestic walls
Where words come out from the depth of truth
Where tireless striving stretches its arms towards perfection
Where the clear stream of reason has not lost its way
Into the dreary desert sand of dead habit
Where the mind is led forward by thee
Into ever-widening thought and action
Into that heaven of freedom, my Father, let my country awake.
Where knowledge is free
Where the world has not been broken up into fragments
By narrow domestic walls
Where words come out from the depth of truth
Where tireless striving stretches its arms towards perfection
Where the clear stream of reason has not lost its way
Into the dreary desert sand of dead habit
Where the mind is led forward by thee
Into ever-widening thought and action
Into that heaven of freedom, my Father, let my country awake.
ഭയം മനസ്സിനെ കീഴ്പ്പെടുത്തുമ്പോൾ സ്വാതന്ത്ര്യം എല്ലാ അർത്ഥത്തിലും നശിക്കുന്നു - സഞ്ചാര സ്വാതന്ത്ര്യം മുതൽ തുറന്നു ചിന്തിക്കാനുള്ള സ്വാതന്ത്യ്രം
വരെ . സഞ്ചാര സ്വാതന്ത്ര്യത്തിനു മേൽ വിലക്കുകൾ വീഴുന്നു. നിലനിൽപ്പിനു വേണ്ടിയാണെങ്കിലും സങ്കുചിതമായി മാത്രം ചിന്തിക്കാൻ തുടങ്ങുന്നു. ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ ഭൂമിപരമായ അതിരുകളുടെയോ പരിമിതിയിൽ അവർ ഒതുങ്ങികൂടുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ജനതയെന്നു അഭിമാനിച്ചവർക്ക് ആ സ്വാതന്ത്യ്രം പതിയെ നഷ്ട്ടമാവുന്ന കാഴ്ച്ച നാം കണ്ടു കഴിഞ്ഞു.
ചുരുക്കത്തിൽ പരിമിതികൾക്കുള്ളിലൊതുങ്ങുമ്പോൾ, (അത് എന്തിന്റെ പേരിലായാലും) മാനുഷികത അവനിൽ നിന്നകലുന്നു. എന്തിനു -സ്വാത്രന്ത്ര്യ പ്രസ്ഥനവുമായി ബന്ധപ്പെട്ടു ദേശീയതാ ബോധം ഉടലെടുത്തത് പോലും ഭൂമിപരമായാ അതിരുകളിൽ ദേശീയതയെ തളച്ചിട്ടുകൊണ്ടാണ്. പിന്നീടത് മതപരമായതിന്റെ വിപത്തുകൾ ഇന്നും നമ്മൾ അനുഭച്ചറിയുന്നു.
'കേരളമെന്നു കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം
ഭാരതമെന്ന പേര്കേട്ടലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ ' എന്ന് അക്കാലത്തു വള്ളത്തോൾ എഴുതിയപ്പോൾ, മേൽപ്പറഞ്ഞ കാരണം കൊണ്ട് തന്നെ, കവിതയുടെ ആശയത്തെ എതിർത്ത പുരഗമന വാദികൾ കേരളത്തിൽ ഉണ്ടായിരുന്നു.
ടാഗോറിനെ സംബന്ധിച്ചു ദേശീയത എന്നത് ഒരു സങ്കലിത സമൂഹം
(Syncretic S ociety' ) വാർത്തെടുക്കുന്നതിന്റെ ഭാഗമായിരുന്നു. ആശയങ്ങളുടെയും സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും രാഷ്ട്രീയ ബോധത്തിന്റെയും ചിന്തയുടെയും വൈവിധ്യങ്ങളും വൈജാത്യങ്ങളും കോർത്തിണക്കാനാവുന്ന ഒരു ദേശീയത. അവിടെ അതിരുകൾ മനുഷ്യനെ തമ്മിലകറ്റുന്ന മതിലുകളല്ല( 'domestic walls'). അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരേ തൂലിക കൊണ്ടുതന്നെ ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങൾ എഴുതുവാൻ കഴിഞ്ഞത്.
0 comments:
Post a Comment