Monday, August 29, 2022

ദുഷ്ടവ്രണം

“Whatever we might wish to believe about ourselves, we are only the result of how others have treated us."   

                                                                                                                              --Rachel Cusk, Transit


 എല്ലാ കർക്കിടകത്തിലേം പോലെ വലതു കണങ്കാലിലും പാദത്തിലും കുമിളകൾ പൊങ്ങി ചൊറിച്ചില് തൊടങ്ങുമ്പൊ, വെടലച്ചിരിയോടെ ഒരു കറുത്തമുഖം മനസ്സിൽ തെളിയും. അപ്പോൾ നാപ്പതു വർഷത്തോളം കൊണ്ടുനടന്ന പക ആക്രാന്തം പിടിച്ച ചൊറിച്ചിലായി അതിന്റെ മൂർദ്ധ്യന്യത്തിലേക്കു പോവും. ചൊറിച്ചിലിന്റെ ആക്കത്തില് കാലിന്റെ പെരുവിരൽ വരെ വിറക്കും. അടുത്ത രണ്ടാഴ്ചക്കാലം വൃത്തികെട്ട പഴയകാലം ഓക്കാനിക്കും . ഒടുവിലവ പഴുത്തുപൊട്ടുമ്പോ ആ മുഖം തൽക്കാലത്തേക്ക് മാഞ്ഞുപോയി പകരം കഴിവുകെട്ടവനെന്ന ചിന്ത ഉള്ളിൽ കറുത്തനിഴൽ പരത്തും. എന്നാലും ആ നാളുകളിൽ ഉള്ളിലേക്ക് തുളഞ്ഞുകേറിയ - ചലവും മരുന്നും കൂടിക്കലർന്ന - ദുർഗന്ധം പിന്നെയും കുറേക്കാലം ഓർമ്മ കൂടെ കൊണ്ട് നടത്തും.

അയാളെയാ ഇന്നിപ്പോ നേരിൽ കാണാൻപോകുന്നെ. ഉറപ്പില്ല എന്നാലും കണ്ടേക്കും. എന്താണ് ഇത്രേം വൈകിയതെന്ന് എന്നോട് തന്നെ ചോദിക്കുവാ. ത്രാസിന്റെ ഒരുതട്ടു വെറുപ്പിന്റേം പകേടെയും കനം കൊണ്ടുതാഴുമ്പൊ ഒന്നിനും കൊള്ളാത്തവനെന്ന ചിന്ത മറ്റേത്തട്ടിനെ താഴേക്കു വലിച്ചു സമം പിടിക്കുന്നതുകൊണ്ടാകും.

അന്നെങ്ങനാരുന്നു എന്നല്ലാതെ ഇന്നെങ്ങനാന്നോ എന്തെടുക്കുവാന്നോ അറിയില്ല. അയാൾടെ കറുത്തനിറമോ സുഗ്രീവന്റെതു പോലെ രോമമുള്ള ദേഹമോ തുറിച്ച കണ്ണുകളോ നേർത്തു ചെറുതായിട്ട് നരകേറിയ മീശയോ അനുസരണയിലാണ്ടു നിരവിട്ടു നിന്ന പല്ലുകളോ ചിരിയോ ഒക്കെ, ആ സമയത്തുകണ്ട ഭാർഗവി നിലയം സിനിമയില് പി ജെ ആന്റണി ചെയ്ത വേഷത്തിലാണ് ഇന്നും മനസ്സിൽ. കടുംചായത്തിലുള്ള അരക്കൈയ്യൻ ഷർട്ടും വെള്ളമുണ്ടുമിട്ടൊരു രൂപം.

അയാൾടെ വീട്ടിലേക്കു പോകാൻ ഡ്രൈവർ ഉച്ചതിരിഞ്ഞെത്തുമെന്നു വിളിച്ചു പറഞ്ഞിട്ടുണ്ട്. എപ്പോ എത്തിയാലും ഉടനെയെറങ്ങാൻ പാന്റും ഷിർട്ടുമിട്ടു ഞാനെപ്പൊഴേ റെഡിയാണ്. കട്ടിക്കു കറുപ്പിച്ച തലമുടിയും മീശയും ചീർത്തുതടിച്ചുകറുത്ത ശരീരവും നെറ്റിക്കു നെടുകെ നീണ്ട ചുളിവുകമൊക്കെയായി നാട്ടുകാരുടെ പഴയകുഞ്ഞനെ കണ്ണാടീടെ മുന്നിൽ നിന്ന് ഞാൻ ഒന്ന് രണ്ടു തവണ ഇതിനകം കണ്ടു കഴിഞ്ഞു.

മടങ്ങിപ്പോണതിനു മുന്നെ അയാളെക്കണ്ടു ചെലത് ഒന്നോർമപ്പെടുത്തണം, അത്രേയുള്ളു.

ദുബായീന്നു നാട്ടിലെത്തീട്ട് മാസം മൂന്ന്‌ കഴിഞ്ഞു. പൂങ്കുട്ടി വേലായുധൻ വൈദ്യരടുത്തു ചികിത്സക്ക് വന്നതാണ്. കുറച്ചു നാളായി പലരും ഉപദേശിക്കുന്നു, നാട്ടിലൊന്നുപോയി നല്ലൊരു വൈദ്യനെ കാണാൻ. ഫോണിൽ സംസാരിച്ചപ്പൊ കുറഞ്ഞത് മൂന്നു മാസത്തെയെങ്കിലും അവധിയെടുത്തു ചെന്നാൽ ഒരു കൈ നോക്കാം എന്നാണ് പറഞ്ഞത്. ഇതുവരെ അങ്ങനെ വീട്ടീന്നു മാറിനിക്കാൻ പറ്റുമായിരുന്നില്ല. ഉത്തരവാദിത്തങ്ങളൊക്കെ ഒന്നൊഴിഞ്ഞു കിട്ടണ്ടേ? ഒരുദിവസം കാലിലെ നീരിൽ ചൊറിഞ്ഞു ചോരയും നീരും കൂടിക്കൊഴഞ്ഞൊലിക്കാൻ തൊടങ്ങിയപ്പൊ ഭാര്യ കട്ടായം പറഞ്ഞു - പിള്ളേര് അവരുടെ കാര്യം നോക്കിക്കോളും നിങ്ങള് പോയിട്ടുവാ. ഇതും വച്ചോണ്ട് എങ്ങോട്ടും എറങ്ങാൻ വയ്യെന്നായിട്ടൊണ്ട്.

ഏതെങ്കിലും ഹോട്ടലിൽ താമസിച്ച് ചികിത്സ നടത്താം എന്ന് തീരുമാനിക്കാൻ കാരണം അവിടെ താമസിച്ചുകൊണ്ട് അയാളെക്കുറിച്ചു കൂടി അന്വേഷിക്കാമല്ലോ എന്ന ചിന്തയാണ്.

രണ്ടുദിവസം മുമ്പാണ് പോസ്റ്റ് ഓഫീസീന്നു പെൻഷൻ പറ്റി ടൗണിൽ സെറ്റിൽ ചെയ്ത പഴയ ചങ്ങാതി പ്രഭാകരന്റെ വീട്ടിപ്പോകുന്നത്. പതിനെട്ടു വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ ആ രാത്രി ഒത്തുകൂടിയത്. വീടിനു മുന്നിലെ പേരമരത്തിനു താഴെ രണ്ടു കസേരയും ടീപ്പോയും ഇട്ടിരുന്ന് ഏറെ നേരം വർത്തമാനം പറഞ്ഞു. മരക്കൊമ്പിൽ ഞാന്നുകെടന്ന ബൾബിൽ നിന്നും വെളിച്ചം ചുറ്റിലും മഞ്ഞിച്ചു കിടന്നു. റാന്തലിന്റെ വെട്ടത്തിൽ നിലവിളിയും ശകാരവുമൊക്കെയായി ഒരു പാതിരാത്രി വീട്ടിൽ നിന്നിറങ്ങിപ്പോയ അച്ഛന്റെ രൂപം ഓർമ്മയിൽ തികട്ടിവരുന്നുണ്ടായിരുന്നു അപ്പോൾ.

ഞാൻ കാര്യം പറഞ്ഞു. പോസ്റ്റ് ഓഫീസിൽ ജോലിയായിരുന്നയാളിന് അതെളുപ്പമാവും എന്ന് കരുതി. ഇത്രേം വർഷങ്ങൾക്കുശേഷം അയാളെ പോയി കാണുന്നതിൽ നിന്നും ആദ്യം പിന്തിരിപ്പിച്ചെങ്കിലും അവസാനം പ്രഭ തന്നെ ഫോൺ നമ്പര് സംഘടിപ്പിച്ചു തന്നു. നമ്പർ മാത്രമല്ല വിലാസവും അത്യാവശ്യം വിവരങ്ങളും കൂടെക്കിട്ടി. അയാൾ സ്വന്തം മോളോടൊപ്പം കോഴിക്കോട്ടായിരുന്നു താമസം. മകളുടെ ഭർത്താവിന്റെ നമ്പറാണ്. ഏറെ നാളായി ചികിത്സയിലായിരുന്നു. അടുത്തിടെയാണു മരിച്ചതുപോലും.

അവസാനം പറഞ്ഞത് എനിക്കങ്ങു വിശ്വസിക്കാമ്മേലായിരുന്നു. ചത്തെങ്കിൽ പ്പിന്നെ നമ്പര് തന്നതെന്തിനാ? എന്നും എനിക്കു നല്ലതുമാത്രം വന്നുകാണാനാഗ്രഹിച്ച പ്രഭ പഴയതൊന്നും ചിക്കി പുറത്തെടുത്തു ബേജാറാവണ്ട എന്നു കരുതിപ്പറഞ്ഞതാവാനേ വഴിയുള്ളു. ഒന്നൂടെ തമ്മിൽ കാണാതെ അയാൾ ചാകില്ല എന്നു മനസ് പറയുന്നു.

എന്താണേലും അവിടം വരെ പോയി വരാം. ശരിക്കും ചത്തതാണെങ്കിൽ യാത്ര വെറുതെയാവും, അത്രേല്ലേയുള്ളു. അതല്ലാ ജീവനോടെയുണ്ടെങ്കിലോ? എല്ലാം ഒന്നോർമിപ്പിച്ച ശേഷം കിഴവനു കൊടുക്കാവുന്ന നല്ലൊരു ശിക്ഷയുണ്ട്. അതു കൊടുത്തു മടങ്ങുമ്പോൾ ഇതുവരെയുണ്ടായിരുന്ന എല്ലാ അസ്‌കിതകളും എന്നെന്നേക്കുമായി തീരും.

നാലുമണിക്കൂർ യാത്രയിൽ കാറ് അയാൾടെ വീടോടടുക്കുന്തോറും ഓർമ്മകൾക്കു കൂടുതൽ തെളിച്ചമുണ്ടാവുന്നു.

ഒന്നാം ക്ലാസ്സുതൊട്ടേ പ്രഭയും ഞാനും ഒരുമിച്ചായിരുന്നു. ഞാൻ തോക്കാൻ തൊടങ്ങിയപ്പോൾ അവൻ എന്നെക്കടന്നുപോയെന്നു മാത്രം. നാടുവിടും വരെ അടുത്ത് തന്നെയായിരുന്നു താമസവും. വീട്ടിലെക്കുള്ള മൺപാത തിരിയുന്നിടത്തു മെയിൻ റോഡരികിലായിരുന്നു അവന്റെ വീട്. എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരേയൊരാൾ. ജാതിയില് മേലേയാരുന്നെങ്കിലും എന്നെപ്പോലുള്ളവരോട് പ്രഭാകരന് സിമ്പതിയായിരുന്നു. അവന്റെ കുടുംബക്കാരെല്ലാം അന്നേ വാലുമുറിച്ചു പ്രസ്ഥാനത്തിലേക്കിറങ്ങിയവരായിരുന്നു.

എക്സയിസിലോ മറ്റോ ജോലിയുണ്ടായിരുന്ന അയാൾ വീടിനടുത്തു വാടകക്കായിരുന്നു താമസം. തെക്കെങ്ങോ ഉള്ളതാണെന്നും ജോലിയിൽ സ്ഥലമാറ്റം കിട്ടിവന്നു ഒറ്റക്കാണെന്നുമൊക്കെയേ ഞങ്ങൾക്കറിയുമായിരുന്നുള്ളൂ. മിക്കവാറും രാത്രികളിൽ അയാൾ പിന്നിലെ കാട്ടിൽ നിന്നും ഊർന്നിറങ്ങും, വീടിനു പിറകിലേക്ക്. ഓർമ്മകൾ തുടങ്ങുന്നതവിടെയാണ്. കാട്ടുപൂച്ചയെപ്പോലെ പമ്മിയാണു നടപ്പ്; കയ്യേല് ഒരിക്കലും കത്തിക്കണ്ടിട്ടില്ലാത്തൊരു ടോർച്ചും കാണും. സാക്ഷയിടാത്ത അടുക്കളവാതിലിലൂടെ അകത്തുകേറും. ഞാനപ്പോൾ വീടിനു മുൻവശത്തെ ചായ്പ്പിൽ കിടക്കുകയാവും. ‘മാമൻ കഞ്ഞി കുടിക്കാൻ വരുന്നുണ്ട്, ഒരെണ്ണത്തിനെ പരിസരത്തു കണ്ടേക്കരുത്’ എന്നുംപറഞ്ഞു ബാക്കി പിള്ളേരെയെല്ലാം കൂട്ടിലേക്ക്‌ കോഴികളെ കേറ്റിയടക്കുന്നപോലെ മുറിയിലാക്കി സാക്ഷയിടും അമ്മ. ആകെ രണ്ടു മുറിയും അടുക്കളയുമേയുള്ളൂ. പിള്ളേരായി ഞങ്ങൾ ഏഴുപേരാണ്. ബാക്കി ആറെണ്ണവും അടുത്തമുറിയിൽ നിരന്നു കിടക്കുവായിരിക്കും. കട്ടിലും കിട്ടിലുമൊന്നുമില്ല, നിലത്തു പായവിരിച്ച്. അതിനിടക്കിട്ടാണ് ഇയാള് ഇപ്പൊറത്തെ മുറീല് പരിപാടി നടത്തുന്നേ. തള്ളയോട് വല്ലോം പറയാനൊക്കുമോ? അവര് തെറി പറയും. ‘എന്റെ സൗകര്യാ’ എന്ന് പറയും. കരക്കാർക്കറിയാം നാട്ടുകാർക്കൊക്കെ അറിയാം തള്ള ഇങ്ങിനെയാണെന്ന്!

ഹൈസ്‌കൂളിൽ പഠിക്കുമ്പളാണ് കാര്യങ്ങൾ കൂടുതൽ മനസ്സിലാവാൻ തുടങ്ങിയത്. ഒരിടത്തും കാണാൻ കഴിയാത്ത സ്ത്രീയായിരുന്നു അമ്മ. ചിരിക്കുകേല. ചിരിച്ചു ഞാൻ കണ്ടിട്ടില്ല. എപ്പോഴും ദേഷ്യമാ. ബാക്കിപിള്ളാരോടും അവരോടും ഇവരോടും എല്ലാം ദേഷ്യമാ. എന്ത് പറഞ്ഞാലും തെറി പറയും. തെറി എന്ന് പറഞ്ഞാ മരണത്തെറി പറയും. അതുകൊണ്ടു എല്ലാർക്കും അവരെ പേടിയായിരുന്നു - എനിക്കാണെങ്കിൽ ഭയങ്കര പേടി.

ഞങ്ങൾ ഏഴു പേർക്കിടയിൽ പോലും അടക്കം പറച്ചിലുകളും രഹസ്യച്ചിരികളും മാത്രമേ ഉണ്ടായിരുന്നുള്ളു. രാത്രി വീടിനുള്ളിക്കേറാൻ പോലും പേടി. അങ്ങനെയാണ് ചായ്പ്പിലൊറങ്ങിത്തൊടങ്ങിയത് . വീട്ടീന്നിറങ്ങി മൺപാതയിലൂടെ നടന്നു മെയിൻ റോഡ് കവലയിലെത്തുന്നവരെയായിരുന്നു ഒന്നു നിവർന്നു നടക്കാൻ ധൈര്യമുണ്ടായിരുന്നത്. പിന്നെ താനേ തലകുനിയും - ശങ്കരമ്മാമന്റെ ചായക്കടേൽ നിന്നും തൊട്ടടുത്ത മുറുക്കാൻ കടേന്നുമുള്ള പുച്ഛം കലർന്ന നോട്ടങ്ങൾ മാത്രം മതിയായിരുന്നു അതിന്. പരിഹാസച്ചിരികളിലും മുറുമുറുപ്പുകളിലും നിന്നൊഴിഞ്ഞു നടന്ന് ഹൈസ്കൂളിലെത്തുമ്പോഴേക്കും ഞാൻ തീർത്തും ഒറ്റയാനായിരുന്നു. ആരുമില്ലാത്തിടത്തൊക്കെ കറങ്ങിനടന്നു. തോട്ടുങ്കരയിലും ഒഴിഞ്ഞ പറമ്പുകളിലുമിരുന്നു സമയം പോക്കി.

അച്ഛനുമമ്മയും പരസ്പരം മിണ്ടുകേല, മിണ്ടിയാ തമ്മിലടിയാ.

അവർ അച്ഛനോട് കയർക്കുന്നതു കേട്ടിട്ടുണ്ട്.

“എനിക്കു തോന്നിയപോലെ ജീവിക്കും. ഒരുത്തനും എന്നോടു ചോദിക്കാനില്ല“

തിരിച്ചൊന്നും അച്ഛനായിട്ടു പറഞ്ഞു കേട്ടിട്ടില്ല. മറുത്തൊന്നും പറയാൻ കഴിവില്ലാത്ത പാവമായിരുന്നു അച്ഛൻ. ‘ചെല്ലുമ്പം ചെല്ലട്ടെ’ എന്ന മട്ട്. പുള്ളിക്ക് എന്നും പണിയൊന്നും കിട്ടുകേല. ആരെങ്കിലും പണിക്കു വിളിച്ചാ പോവും, ദൂരെയാണെങ്കിലും പോവും. ചില ദിവസങ്ങളിൽ മടക്കവുമുണ്ടാവില്ല. വീട്ടിൽ പട്ടിണിയായിരുന്നു. കർക്കടകമാസത്തിലൊക്കെ മാപ്പിളമാരുടെ വീട്ടിൽ പണിക്കു പോയിട്ട്, അവിടുന്ന് ചക്ക കൊണ്ട് വരും. നാല് ചക്കയൊക്കെ ഒന്നിച്ചു കമ്പൊക്കെ കുത്തിക്കേറ്റി കൊണ്ടുവരും. കൂലിയായിട്ടു കിട്ടുന്നതല്ല. പട്ടിണിയായതുകൊണ്ടു അറിയാവുന്നവർ കൊടുത്തു വിടുന്നതാ. അയാള് വന്നുപോണതിനടുത്ത ദിവസമാണ് കപ്പയോ മീങ്കറിയോ ഒക്കെ ബാക്കിവരുന്നത് ഞങ്ങക്കു കിട്ടുക.

മിക്കവാറും രാവിലെയെണിക്കുമ്പോൾ ചായ്പ്പിന്റെ മറ്റേ മൂലയിൽ പൂച്ചയെപ്പോലെ ചുരുണ്ടുകൂടി ഉറക്കമായിരിക്കും മൂപ്പര്. അച്ഛൻ ഇങ്ങനൊരുത്തനായത് കൊണ്ടാവും അമ്മ അങ്ങനെയായിപ്പോയതെന്ന് അന്നെനിക്കു ചിന്തിക്കാൻ മേലായിരുന്നു.

ഒരുദിവസം രാത്രി ചായ്പ്പിൽ കെടന്നു ഞാനൊരു പദ്ധതിയിട്ടു. പിറ്റേന്നു സ്കൂളീന്നു വരുമ്പോ, റോഡുപണിക്കായി ഇറക്കിയ ചരലേന്ന് കാര്യത്തിന് കൊള്ളാവുന്ന കുറെ, നിക്കറിന്റെ രണ്ടു പോക്കറ്റിലും വാരിനെറച്ച് ചായ്പ്പിന്റെ മൂലക്കൊരിടത്തു പാത്തു വച്ചു. രാത്രി കഞ്ഞികുടിയൊക്കെ കഴിഞ്ഞു വൈകി അയാൾ പിന്നാമ്പൊറത്തൂടെയിറങ്ങുമ്പോൾ കുറ്റാക്കൂരിരുട്ടായിരിക്കും. കാടിനുള്ളിലൂടെ കുറേ നടക്കണമല്ലോ. ഇത്തിരി ദൂരം പോകട്ടെ. അന്നേരം പിന്നിലൂടെ ചെന്ന് തുരുതുരാ തലക്കിട്ടു ഏറു കൊടുക്കണം. തലയോട്ടി പൊട്ടി അവിടെ വീഴണം. അത് കണ്ടിട്ടു നാടുവിടണം. അതിനു വേണ്ടതെല്ലാം രഹസ്യമായി ഒരുക്കുന്നതിനിടയിലാണ് ഒരുദിവസം വൈകിട്ട് ചായ്പ്പിലോട്ടിറങ്ങി വന്ന് തള്ള അലറിയത്.

“ഏതു കഴുവേറിയാടാ ഒള്ള കല്ലും മണ്ണുമൊക്കെ വീട്ടി കേറ്റിയിട്ടേക്കുന്നെ? നിനക്കതു കണ്ടാ എടുത്തു കളയാന്മേലേ?”

വീർത്ത ബലൂണിനിട്ടു മുള്ളുകൊണ്ടു കുത്തുകിട്ടിയപോലെയായി ഞാൻ. അവരുടെ തുറിച്ച നോട്ടത്തിനു മുമ്പിൽ ഞാനൊന്നുമല്ലായിരുന്നു. തള്ളേടെ മുഖത്തുന്നു കണ്ണെടുക്കാതെ തന്നെ ആ കല്ലുകളെല്ലാം തൂത്തുവാരി ദൂരെയെറിഞ്ഞു. മത്തൻ കുത്തിയാ കുമ്പളം മൊളക്കില്ലാ എന്നും അച്ഛനെപ്പോലെ ഞാനും ഒരു പോങ്ങനാന്നും അന്നാണെനിക്ക് ഒറപ്പായത്.

ജൂനിയർ ടെക്നിക്കൽ സ്‌കൂളിൽ പഠിക്കുമ്പളാണ്. പത്തിരുപതു വയസുകാണും. താഴെ ക്ലാസ്സുകളില് തോറ്റുകിടന്ന വർഷങ്ങൾ കൂട്ടുമ്പോ പ്രായം കണക്കാ. വലത്തേ കണങ്കാലിലും പാദത്തിലും ഒരുകാര്യവുമില്ലാതെ നീരിറങ്ങിത്തൊടങ്ങി - പിന്നെ അവിടം ചൊറിഞ്ഞു പൊട്ടാനും. പൊട്ടിയേടം ഒന്നുണങ്ങി രണ്ടാഴ്ച കഴിയുമ്പോൾ ആ പാടുകളിൽ വീണ്ടും ചൊറിച്ചില് തുടങ്ങും. അങ്ങനെ ഉണങ്ങിയും പൊട്ടിയൊലിച്ചും പാദത്തിൽ നെറച്ചും തടിച്ചിരുണ്ട പാടുകളായി.

അതും ഒരു കർക്കിടകമായിരുന്നു. അന്നൊരുദിവസം തള്ളേടെ കൂടെ വണ്ടികേറി തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലേക്ക് പോവുമ്പൊ കൂടെ അയാളുമുണ്ടായി രുന്നു. വീടിനു പുറകു വശത്തുനിന്ന ഒരാഞ്ഞിലിവെട്ടി അതിന്റെ പൈസയും കൊണ്ടാണ് പോവുന്നത്. എല്ലാം അയാളുടെ പ്ളാനായിരുന്നു. രണ്ടുപേർക്കൊള്ള സീറ്റിൽ അവരും പിന്നിലത്തെ സീറ്റിൽ ഞാനും. അന്നാണ് അത്രേം ഒരുങ്ങി അമ്മയെ കാണുന്നത്. അതുവരെ, ചുരുണ്ടമുടി പുറകിലുയർത്തി ഉണ്ടയാക്കി കെട്ടിവച്ചു കണങ്കാലുവരെയെത്തുന്ന മുഷിഞ്ഞ മുണ്ടുമുടുത്തു ബ്ലൗസിനുമേലെ തോർത്തുപോലുമിട്ടു മറക്കാത്ത മുലകളും കാണിച്ചു നിന്നിരുന്ന ഒരു മൂശാട്ട യായിരുന്നു അവർ. അന്നാവട്ടെ, എണ്ണതേച്ച ചുരുണ്ടമുടിയഴിച്ചിട്ടു മുല്ലപ്പൂചൂടി നീലസിൽക്ക് സാരിയുമുടുത്ത് മുന്നിലിരിക്കുന്നു! കണ്ണെഴുതിയപ്പോളാണ് അവരുടെ കണ്ണുകൾക്കത്ര വലിപ്പവും ചന്തവുമുണ്ടെന്നു തോന്നിയത്. തെറിമാത്രമല്ല തമാശപറയാനും പൊട്ടിച്ചിരിക്കാനുമൊക്കെ അറിയാം എന്നും തിരിച്ചറിയുന്നത് അന്നാണ്.

എല്ലാം കഴിഞ്ഞു രാത്രി ഒരു ലോഡ്ജിൽ താമസിച്ചു. കുടുസ്സു മുറിയാ. കട്ടിലേല് അവരും തറയില് ഞാനും. ഇന്നും ഓർമ്മയുണ്ട്, അയാളെന്നോട് ഓപ്പണായി പറഞ്ഞത്: “ലൈറ്റ് ഇട്ടേക്കരുത്”. കാരണം എനിക്കറിയരുതോ? എന്റെ ബിരിയാണിയേൽ വല്ലോം ചേർത്തിട്ടാണോ എന്തോ രാത്രി കിടന്നതു മാത്രമറിയാം.

ആ യാത്രയിൽ അയാൾ അവർക്കൊരു കൊച്ചൊണ്ടാക്കി കൊടുത്തു. ഒരുവർഷമായില്ല, എട്ടാമത്തെ ഏറ്റവും എളേ അനിയനെത്തി! ഭയങ്കര തലയുമായിട്ടൊരു കൊച്ച്. സാത്താന്റെ സന്തതി! ആ എരണം കെട്ടതിനെ ഞങ്ങൾക്കാർക്കും കണ്ണെടുത്തു കണ്ടുകൂടായിരുന്നു. ജനിച്ചപ്പം തൊട്ട് അതിനു പ്രശ്നങ്ങളായിരുന്നു. രണ്ടു വയസായപ്പോ അതങ്ങു ചത്തു.

ഒരു ദിവസം രാത്രി, ഭയങ്കര നെലവിളീം ഒരലേല് അരിയിടിക്കുന്നപോലത്തെ ശബ്ദവും കേട്ട് ഞാനുണർന്നു. വാതിലിന്റെ വിടവിലൂടെ റാന്തലിന്റെ മഞ്ഞിച്ച വെട്ടം ചായ്പ്പിലോട്ടു വീണിരിക്കുന്നു. അത് പതിവില്ലാത്തതാണ്. പൊതപ്പുമാറ്റി, കെടന്നിടത്തുന്നു കണ്ണുതിരുമ്മിയെണീറ്റു. ചായ്പ്പിലും മുറ്റത്തുമായിട്ട് രണ്ടു നിഴലുകൾ! ചായ്പ്പിൽ നിന്നും അയാൾ വരാന്തയിലേക്കിറങ്ങി സിഗരറ്റു കത്തിക്കുന്നു. ചുറ്റിനും റാക്കിന്റെ കുമുകുമാന്നൊള്ള മണം. അയാളെ കണ്ടിട്ടു വീടിനുള്ളിക്കേറാതെ അച്ഛൻ മുറ്റത്തു നിന്നു ഉറക്കെ എന്തൊക്കെയോ പുലമ്പുവാ. എവിടെയോ ജോലിക്കുപോയിട്ട് തിരിച്ചു വന്നതാണ്. ഏതോ വീട്ടീന്നു കൊടുത്ത രണ്ടുമൂന്നു ചക്ക കമ്പേല് കേറ്റികൊണ്ടുവന്നത് ദൂരേക്ക് വലിച്ചെറിഞ്ഞപോലെ കമ്പ് വിട്ടു ചിതറികെടക്കുന്നു.

അന്നാദ്യമായിട്ട് അച്ഛൻ നെഞ്ചത്തടിച്ചു നെലവിളിക്കുന്നത് ഞാൻ കണ്ടു. അമ്മയേയും വരുത്തനേം ചേർത്തു തെറിപറയുന്നതും.

“സാമദ്രോഹീ ചെറ്റേ നീയനുഭവിക്കും.”

അതു കേൾക്കാത്തപോലെനിന്ന അയാൾക്ക്‌ നേരെ കാർക്കിച്ചു തുപ്പിയിട്ട് അച്ഛൻ എന്നെയൊന്നു നോക്കി. പിന്നെ, തിരിഞ്ഞു നടന്നെങ്ങോട്ടോ പോയി.

അച്ഛൻ പിന്നൊരിക്കലും തിരിച്ചു വന്നില്ല. എവിടെയും കണ്ടിട്ടുമില്ല. ഞാനും അച്ഛനെപ്പോലായതുകൊണ്ടോ എന്തോ മൂപ്പരെമാത്രമായിരുന്നു ഇഷ്ടം; അന്നും ഇന്നും.

എനിക്കങ്ങു പകയായി. പഠിപ്പൊക്കെ കഴിഞ്ഞു ജോലി തെണ്ടി തേരാ പാരാ നടക്കുവാ. ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല. ഞാൻ രക്ഷപെടാതെ അനിയത്തിമാരുൾപ്പെടെ ആർക്കും ഗതിപിടിക്കില്ല. അയാൾടെ കേറ്റിയിറക്കം എപ്പോവേണോ അനിയത്തിമാരുടെ നേർക്കും ഉണ്ടാവാം. അച്ഛൻ വീട്ടീന്നു പോയേപ്പിന്നെ, കുടിച്ചുണ്ട ശേഷം ഇടക്കൊക്കെ അയാൾ വീട്ടിലുറങ്ങാനും തുടങ്ങിയിരുന്നു.

എനിക്ക് പ്രാന്ത് പിടിച്ചു. എങ്ങനെങ്കിലും അയാളെ പറഞ്ഞു വിടണം അല്ലെങ്കിലങ്ങു ഇല്ലാതാക്കണം. ആ കാട്ടാളനോട് നേരിട്ടെന്തെങ്കിലും പറയാൻ എന്നെക്കൊണ്ട് കഴിയേല. അങ്ങനെ ഒരു ദിവസം തീരുമാനിച്ചു - ജയിലിൽ പോയാലും വേണ്ടുകേല അയാളെ വകവരുത്തണം. കൊല്ലണം. മുന്നിച്ചെന്നു നേരിടാനുള്ള ചങ്കൂറ്റം ഇല്ല. പാത്തിരുന്നു പിറകീന്ന് കമ്പിപ്പാരക്കു അടിച്ചു വീഴ്ത്തണം. പിന്നെയുള്ളതു വരുന്നേടത്തുവച്ചു കാണാം.

ആലയിൽ ചെന്ന് ഒരു കമ്പിപ്പാരക്കു പറഞ്ഞു. എന്ന്? എങ്ങനെ? എവിടെ വച്ച് എന്നാലോചിച്ചു നടക്കുമ്പോഴാണ് പ്രഭ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞ് ആളയച്ചത്.

ബോംബേക്കു പോയതും അവിടുന്നു ഗൾഫെപ്പോയതും അതൊടെ കുടുംബം രക്ഷപ്പെട്ടതുമൊക്കെ ആ ഒരാൾ കാരണമാണ്. അനിയത്തിമാരെയെല്ലാം കൊള്ളാവുന്ന ഓരൊരുത്തരുടെ കൂടെ കെട്ടിച്ചയച്ചു. ഇടക്കെപ്പോഴോ കൂടെയുണ്ടായിരുന്ന അമ്മ മരിച്ചത് മൂത്തവൾ പറഞ്ഞിരുന്നു. കൊറേനാള് കെടന്നിട്ടാ പോയത്.

അന്ന് പ്രഭ വിളിപ്പിച്ചില്ലായിരുന്നെങ്കിൽ എല്ലാം പ്ലാൻ ചെയ്തു അയാളെ വകവരുത്തുമായിരുന്നോ? അതിൽ എനിക്കും സംശയമുണ്ട്.

ഡ്രൈവറെയും കൂട്ടിയുള്ള യാത്രയുടെ അവസാനം ലോകത്താരോടും പറയാത്ത, വേണോ വേണ്ടയോ എന്നു അതുവരെ തീരുമാനിക്കാൻ പറ്റാതിരുന്ന ആ കാര്യം അങ്ങ് ഉറപ്പിച്ചു. കണ്ട് തിരിച്ചെറങ്ങുന്നതിനു മുമ്പ് ഒരടി. എല്ലാശക്തിയുമെടുത്തു അയാള്ടെ കരണക്കുറ്റിക്ക് ഒറ്റയടി. പഴേതൊക്കെ ഒന്നോർമിപ്പിക്കണം. എന്നിട്ടുമതി അടി. ഇതുപോലൊരവസരം ഇനി കിട്ടില്ല. അങ്ങനെ കഴിഞ്ഞ കാലം കുഴിച്ചു മൂടണം. എന്നിട്ട് ഇവിടം വിടണം. ഒരിക്കലും തിരിച്ചു വരാൻ തോന്നരുത്.

വീട്ടിൽ എത്തിയപ്പളേക്കും മണി നാല് കഴിഞ്ഞിരുന്നു. പുതിയ സൗകര്യങ്ങളോടെയൊക്കെ പണിത രണ്ടുനില ബംഗ്ളാവ്. ബെല്ലടിക്കേണ്ടി വന്നില്ല. മുൻവശത്തെ വാതിൽ ചാരിയിട്ടേ ഉള്ളു. അകത്തേക്കു കയറിയതും വിശാലമായ ഹാളിൽ, റ്റി വി ക്കു മുന്നിലായിട്ട കട്ടിലിൽ അയാളിരിക്കുന്നു. കാവിനിറത്തിലുള്ള കൈലി വയറിലേക്ക് കേറ്റി ഉടുത്തിട്ടുണ്ട്.ഷർട്ടില്ല. നന്നായി മെലിഞ്ഞുണങ്ങിയിരിക്കുന്നു. ഒന്നൂടെ കറുത്തിട്ടുമുണ്ട്. പഴയ കോലൻ തലമുടി മുക്കാലും പോയി, ബാക്കിനിന്നതിൽ നന്നായി നരവീണിരിക്കുന്നു. ചോരച്ച കണ്ണുകളിൽ മാത്രം ഇത്തിരി കാമം അപ്പോഴും ബാക്കിനിൽപ്പുണ്ടെന്ന് തോന്നി. വിശറിപിടിച്ച കൈയ്യ് വലത്തെത്തുടയിൽ തളർന്നുകിടക്കുവാ. കഴുത്തേല് സ്വർണത്തിൽ കെട്ടിയ രുദ്രാക്ഷമാല! കണ്ടിട്ടെനിക്ക് ചിരിവന്നു. ഏതു പാപിക്കും എടുത്തു കഴുത്തേലിടാവുന്ന ഒന്നായിട്ടുണ്ടത്.

എന്നെക്കണ്ട് ഒന്നു തലയുയർത്തി നോക്കി. താനേ തലതാണു നോട്ടം താഴേക്കുവീണു. ആ വലിയ മുറിയിൽ ഒറ്റതിരിഞ്ഞു കിടന്ന ഒരു കസേര അയാളുടെ മുന്നിലേക്കിട്ട് അതിലിരുന്നു. പേടിയില്ലാതെ ആദ്യമായി കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി.

“പഴയ കുഞ്ഞിരാമനെ ഓർമ്മയുണ്ടോ?”

കുറെ നേരം അയാൾ എന്നെത്തന്നെ നോക്കിയിരുന്നു. ഇരുട്ടത്ത് മാത്രമല്ല നല്ലനിലാവത്തുപോലും മുണ്ടും മടത്തുകെട്ടി കയ്യേലൊരു ടോർച്ചുമായി ഒച്ചയൊണ്ടാക്കാതെ പിൻവാതിലിലൂടെ നൂണു കയറിയിരുന്ന വീട് അപ്പോൾ ഓർമ്മവന്നുകാണണം. വശത്തേക്ക് കോടിയ വായ പതുക്കെ തുറന്നു. വരണ്ടു ചെലമ്പിച്ച ശബ്ദം.

“നിന്റെ കാലേലൊരു ഒരു പ്രശ്നം ഒക്കെണ്ടാരുന്നില്ലേ?”

“ഒണ്ടാരുന്നു, അതിപ്പോഴുമുണ്ട്”

കുനിഞ്ഞു വലതു കാലിലെ പാന്റ് മേളിലേക്കു വലിച്ചു കാണിച്ചു.

അതു ശ്രദ്ധിക്കാതെ അയാള് പറഞ്ഞു:

“എനിക്ക് നല്ല സുഖമില്ല.”

എന്നെ മനസ്സിലായിട്ടൊണ്ട്. ഇനി കൂടുതലൊന്നും പറയേണ്ട കാര്യമില്ല. സമയവുമില്ല. ഭാഗ്യത്തിന് വീട്ടിൽ മറ്റാരുമുണ്ടെന്നും തോന്നുന്നില്ല.

“എടോ, വന്നത് തന്റെ ക്ഷേമം അന്വേഷിക്കാനല്ല. ഞാൻ മരിക്കുന്നതിന് മുമ്പ് അല്ലെ താൻ മരിക്കുന്നതിന് മുമ്പ് ഒന്നു കാണണമായിരുന്നു. ആയകാലത്തു താനെന്റെ കുടുംബത്തേ കേറി ചെയ്ത പണി ഓർക്കുന്നുണ്ടോടോ ഇപ്പൊ?”

അയാൾ ഒന്നും മിണ്ടിയില്ല. വലക്കണ്ണികൾപോലെ ചുളിഞ്ഞ മുഖം ആയാസപ്പെട്ടു എന്റെനേർക്കുയർത്തി. കസേര ഒന്നൂടെ മുന്നിലേക്ക് വലിച്ച് അയാളുമായുള്ള അകലം കുറച്ചു.

“എന്റച്ഛൻ ചങ്കിനിട്ടിടിച്ചു കരഞ്ഞോണ്ടിറങ്ങിപ്പോയത് എനിക്ക് സഹിച്ചില്ലെടോ. അറിയാവോ തനിക്ക്. ഇത്രേം വർഷം ഞാനിതു മനസ്സി കൊണ്ട് നടന്നെന്ന് താനറിയണം”

അപ്പോളും അയാളൊന്നും പറഞ്ഞില്ല, പക്ഷെ വീണ്ടും തലതാണു.

ഒരു ഫ്ലാഷ്ബാക്കിലെപ്പോലെ പഴേതെല്ലാം എന്റെ മനസ്സിലൂടെ ഓടിപ്പോയി. നിലാവത്തു കരിയിലകൾക്കിടയിലൂടെ, തുറിച്ച കണ്ണുകളോടെ കാമത്തിന്റെ മദജലം പുരണ്ട ഈർക്കിലി നാവുനീട്ടി ഇഴഞ്ഞുപോവുന്നൊരുപാമ്പ്, ഇണചേരലിന്റെ സീൽക്കാരങ്ങൾ, അവ്യക്തമായ അശ്‌ളീലതമാശകൾ, പൊട്ടിച്ചിരി. എല്ലാത്തിനുമൊടുവിൽ നിലവിളിയോടെ ഇരുട്ടത്ത് നിഴലായി നടന്നുമറയുന്ന ഒരുരൂപം. എന്റെ കൈ തരിക്കുന്നതു ഞാനറിഞ്ഞു. നെഞ്ചിടിപ്പ് കൂടി. കിതക്കാൻ തുടങ്ങി. ഇരുന്നിടത്തുന്നു ഞാനെണീറ്റു. പല്ലിറുമ്മിക്കൊണ്ട് സർവ്വശക്തിയോടെയും വലത്തേ കൈയ്യ് അറിയാതെ ഉയർന്നു.

അയാൾടെ വയസ്സോ രോഗമോ ഒന്നും ആ നിമിഷം മനസ്സിലുണ്ടായിരുന്നില്ല. അറിഞ്ഞോ അറിയാതെയോ ഉള്ളിലടിഞ്ഞ പകയുടെ കൊടും വിഷം പുറത്തേക്കു തള്ളാൻ തുടങ്ങുകയായിരുന്നു. എന്നാലപ്പോൾ തൊട്ടുമുന്നിൽ കണ്ട കാഴ്ച ഉയർത്തിയ കൈയ്യ് അവിടെത്തന്നെ മരവിപ്പിച്ചു.

അയാളുടെ കൺകുഴികളിൽ ചോരകലർന്ന കണ്ണീർ പരക്കുന്നു. ചുണ്ടുകൾ നിയന്ത്രണമില്ലാതെ വിറച്ചു. അടുത്ത നിമിഷം ചെരിഞ്ഞു കട്ടിലിലേക്ക് വീണു. പതിയെ കണ്ണുകളടഞ്ഞു. എന്തുചെയ്യണമെന്നറിയാമ്മേലാതെ ഞാൻ കസേരയിലിരുന്നു - കൈകൾ പിണച്ചു കണ്ണുകളടച്ചു കുനിഞ്ഞു കുറേനേരം. കണ്ണുതുറന്നുനോക്കുമ്പോൾ വെട്ടിയിട്ട വാഴപോലെ അയാൾ കട്ടിലിൽ മലച്ചു കിടക്കുന്നു. ഇരുന്നയിരുപ്പിൽ ചരിഞ്ഞകാരണം രണ്ടുകാലുകളും കട്ടിലിനു പുറത്തു നിലത്തേക്ക് തൂങ്ങി നിന്നു.

ഞാൻ എണീറ്റു. രണ്ടുകാലുകളും മെല്ലെപിടിച്ചു മെത്തയിലേക്കു വച്ച് നേരെയാക്കി. അടുത്തുകിടന്ന കമ്പിളിപ്പുതപ്പു ദേഹത്തേക്ക് വലിച്ചിട്ടു. ഒരു നിമിഷം നോട്ടം ആ മുഖത്തു തറഞ്ഞു. ഞാൻ പുറത്തേക്കു നടന്നു.

വൈകുന്നേരത്തെ മഞ്ഞവെയിൽ. നെഞ്ചിനുമേലെനിന്നും ഇക്കാലമത്രയും ചുമന്നഭാരം എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. കാലുകൾക്കും ഇത്രേം കാലമില്ലാണ്ടിരുന്ന ഭാരക്കുറവ്. കനമില്ലാത്ത പാദങ്ങൾ കാറിനടുത്തേക്കുള്ള നടപ്പിനു വേഗതകൂട്ടി.



Published :സമകാലിക മലയാളം ജൂലൈ 25, 2022

Monday, April 4, 2022

കുടിയിറക്കപ്പെട്ടവൾ


ആളൊഴിഞ്ഞ പട്ടാള പോസ്റ്റുകൾക്കു മുന്നിലൂടെ നിലാവെളിച്ചത്തിൽ ഞങ്ങൾ നടന്നു. വഴിവിളക്കുകൾ പലതും കെട്ടുപോയിരുന്നു. ചിലയിടങ്ങളിൽ കുഴിബോംബുകളില്ലാ എന്ന് മുന്നിൽ നടന്നിരുന്നവർ ഉറപ്പിക്കേണ്ടിയിരുന്നു. തോക്കേന്തിയവരുടെ മുന്നിൽ മുമ്പും നടന്നിട്ടുണ്ട്; ഭീതിയോടെ. ഓരോരുത്തർക്കും രണ്ടു തോക്കുകൾ; ഒന്നിലെ വെടികൊണ്ടാൽ ജീവൻ പോവും മറ്റേതു കൊണ്ടാൽ മാനം പോവും. അന്നങ്ങനെ തോന്നിയില്ല. അവരുടെ കാവലിൽ കനാലിനു കുറുകെ മരംകൊണ്ടുള്ള നീണ്ട നടപ്പാലത്തിലൂടെ നടന്ന് അക്കരെയെത്തി. ബുർക്കയിട്ടാൽ നടക്കാവുന്നതിന്റെ പരമാവധി വേഗത്തിലാണ് ഞങ്ങൾ, സ്ത്രീകൾ നടന്നത്.

ബീൻസ് പാടങ്ങൾക്കും ഉള്ളിത്തോട്ടങ്ങൾക്കും ഇടയിലൂടെ പടർപ്പുകൾ വകഞ്ഞു വഴിയുണ്ടാക്കി. ചീവീടുകളുടെ നിരന്തരമായ ഒച്ചയെ മുറിച്ചെത്തിയ പട്ടാളക്കാരുടെ നിർദേശങ്ങൾ. വല്ലപ്പോഴും ഞങ്ങളെ കടന്നുപോയിരുന്ന കാറ്റായിരുന്നു രാത്രിച്ചൂടിന്റെ ആക്കം കുറച്ചത്. ഇടയ്ക്കിടെ പീരങ്കിയുടെ മുഴക്കവും വെടിയൊച്ചകളും കേൾക്കാമായിരുന്നു. തീഗോളങ്ങൾ ആകാശത്തേക്കുയർന്നു കറുത്ത കട്ടപ്പുകയാവുന്നത് നേർത്ത ഇരുട്ടിൽ ഞങ്ങൾ കണ്ടു. എവിടെയോ താലിബാനും ബാക്കിയായ ഗവൺമെന്റ് സേനയും തമ്മിലുള്ള പോരാട്ടമാണ്. വീടിനു പുറത്തിറങ്ങിയാലും പലപ്പോഴും ഇതേ കാഴ്ചകളായിരുന്നതിനാൽ അങ്ങോട്ട് ആരും അധികം ശ്രദ്ധ കൊടുത്തില്ല. മുനാവിറയെ ഒക്കത്തിരുത്തി മണിക്കൂറുകൾ നീണ്ട നടത്തം! അന്ന് എനിക്കതെങ്ങനെ കഴിഞ്ഞു എന്നോർക്കുമ്പോൾ അത്ഭുതമാണ്.

അർധരാത്രിയോടെ യുദ്ധത്തിൽ തകർന്ന മാർക്കറ്റിന്റെ പൊളിഞ്ഞമുറികളിലൊന്നിൽ ഞങ്ങളുടെ സംഘം എത്തിപ്പെട്ടു. മേൽക്കൂരകൾ തകർന്നു തെറിച്ചുപോയിരുന്നു. തൂണുകളിൽ വെടിയുണ്ടകളേറ്റ പാടുകൾ. ശവഗന്ധങ്ങൾ. ആരോ മാർക്കറ്റിന്റെ പേരുപറഞ്ഞപ്പോൾ, ഇതേ മാർക്കറ്റിലാണ് കൊല്ലപ്പെടും മുമ്പ് അർമാൻ കറുപ്പ് എത്തിച്ചിരുന്നതെന്ന് ഞാനോർത്തു.

പിറ്റേന്നുച്ചയോടെ ഒരു ട്രക്ക് എത്തി. ഞങ്ങളെ എയർപോർട്ടിൽ എത്തിക്കുകയായിരുന്നു ഉദ്ദേശം. രാജ്യം വിടാനുള്ള പേപ്പറുകൾ റെഡി ആണെന്നവർ അറിയിച്ചു. കഴിക്കാതെയും കുടിക്കാതെയുമുള്ള തലേന്നത്തെ യാത്ര കാരണം എല്ലാവരും അവശരായിരുന്നു. ഇനിയും ഒരടി മുന്നോട്ടുവക്കാൻ കഴിയാതെ കാലുകൾ പൊള്ളിയടർന്നു. എങ്കിലും മുന്നോട്ടു നടക്കാതെ നിവർത്തിയില്ല.

വിമാനത്താവളത്തിൽ താലിബാൻ നിയന്ത്രണങ്ങൾ മറികടന്ന്, അവിചാരിതമായുണ്ടായ സ്‌ഫോടനങ്ങൾക്കും വെടിയൊച്ചകൾക്കും ഇടയിലൂടെ, നഗരം വിടാൻ പരക്കം പായുന്നവർക്കൊപ്പം ഞങ്ങൾ വിമാനത്തിന് നേർക്ക് നടന്നു. പട്ടാളക്കാർ ആൾക്കൂട്ടം വകഞ്ഞു മാറ്റിയുണ്ടാക്കിയ വഴിയിലൂടെ പടികൾ കയറി ഉള്ളിൽ കടന്നു.

മുനാവിറ അത്രയും ആളുകളെ ഒരുമിച്ചു കാണുന്നതാദ്യമായിരുന്നു. സീറ്റിൽ ഇരിക്കാതെ യാത്രയിൽ മുഴുവൻ സമയവും അവൾ എന്റെ മടിയിൽ, നെഞ്ചിൽ മുഖം പൂഴ്ത്തിയിരുന്നു. അവളാണ് ഇപ്പോഴിതാ ഈ വേദിയിൽ!

“പ്ളീസ് വെൽക്കം മുനാവറാ ഫ്രം കണക്റ്റികട്ട്!”

അവതാരക അടുത്തയാളെ സ്റ്റേജിലേക്ക് ക്ഷണിക്കുകയാണ്. ഹാൾ ഒന്നിളകി. ശ്രദ്ധിക്കുമ്പോൾ ചിതറിയ നോട്ടങ്ങൾ ഞങ്ങളിരിക്കുന്ന മേശയിലേക്ക് വട്ടം പിടിക്കുന്നു. എനിക്കും ഷാസ്മിനക്കും ഇടയിലിരുന്ന മുനാവിറ പാതിയെണീറ്റു. ആദ്യം ഇടത്തേക്ക് തിരിഞ്ഞ് എന്നെയും പിന്നെ വലതുഭാഗത്തിരുന്ന ഷാസ്മിനയെയും കെട്ടിപ്പിടിച്ചുമ്മ വച്ചു; ഒരേ വാത്സല്യത്തോടെ. ആൾക്കാരുടെ മുന്നിൽ വച്ചല്ലേ, പെട്ടെന്ന് എന്തുചെയ്യണമെന്നെനിക്കറിയില്ലായിരുന്നു! ഷാസ്മിനയാവട്ടെ അവളുടെ ചുമലിൽ തട്ടി അഭിമാനത്തോടെ കണ്ണുകളിൽ നോക്കി.

മുനാവിറ മേശപ്പുറത്തിരുന്ന കറുത്ത ഫ്രെയമുള്ള കണ്ണടയെടുത്തുവച്ചു നിവർന്നു.

ഇങ്ങിനെ ഒരുങ്ങി അവളെ കാണുന്നത് ആദ്യമാണ്. ചാരനിറമുള്ള സൂട്ടിൽ കൂടുതൽ പൊക്കം വച്ചപോലെ. തോൾവരെ നീണ്ട ചെമ്പൻ നിറമുള്ള ചുരുണ്ട തലമുടി നടുവേ പകുത്ത് രണ്ടു വശത്തേക്ക് ചീകിയൊതുക്കിയിരിക്കുന്നു. പുരികങ്ങൾ മറയ്ക്കാത്ത നേർത്ത കണ്ണട. പ്രകാശമുള്ള കണ്ണുകളോടെയും ഉറച്ച കാൽവയ്പ്പുകളോടെയും സദസിനു നേരെ കൈവീശിച്ചിരിച്ചുകൊണ്ട് അവൾ സ്റ്റേജിലേക്ക് നടക്കുന്നു.

ഇത് കാണുമ്പോൾ കുറ്റബോധത്തിന്റെയും നാണക്കേടിന്റെയും കനലുകളാറിത്തുടങ്ങുന്നപോലെ!

നാടിനെ ഒറ്റിക്കൊടുത്തവൾ! രാജ്യദ്രോഹി! കഴിഞ്ഞ കാൽ നൂറ്റാണ്ടോളം ഞാനെന്നെ വിളിച്ചിരുന്നത് ഇങ്ങിനെയായിരുന്നല്ലോ!

പതിനെട്ടു വർഷങ്ങളായുള്ള അഭയാർഥി ജീവിതം! വർഷം 2039 ആയിരിക്കുന്നു.

ഇത്രേം കാലത്തിനിടയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് ആദ്യമാണ്. ഇവിടെ വരാതിരിക്കുന്നതെങ്ങിനെ? അവളെ ആദരിക്കുന്നിടത്തു ഞാനുണ്ടായില്ലെങ്കിൽ പിന്നെ ആരാണുണ്ടാവുക? ഉമ്മയില്ലാത്തിടത്തു വല്യുമ്മ ഉണ്ടാവണ്ടേ? എത്ര ചീത്തപ്പേരുകേട്ടിട്ടും അവളെയും വാരിയെടുത്ത് നാടുവിട്ടത് മറ്റാർക്കും വേണ്ടിയായിരുന്നില്ലല്ലോ!

പത്തൻപതു വട്ടമേശകൾ കാണും. അവയ്ക്ക് ചുറ്റുമായി കാണികൾ. പലനിറത്തിൽ ലേസർ ബീമുകൾ സ്റ്റേജിൽ അവിടവിടെ മിന്നിമറയുന്നു. വേദിയിലെ ബിഗ് സ്ക്രീൻ ടി വി ക്കു മുന്നിൽ അവതാരകക്കൊപ്പം ഒറ്റനിരയായി അവാർഡ് ജേതാക്കൾ. അവാർഡുകൾ സദസ്സിനു നേരെ പിടിച്ച് പല പ്രായത്തിലും വേഷത്തിലും നിറത്തിലുമുള്ളവർ. എട്ടുപേരുണ്ടിപ്പോൾ. ആകെ പത്തുപേരാണെന്നറിയാം. ഇനി രണ്ടുപേർ കൂടി അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞാൽ അവരിലൊരാൾ ‘വിഷൻസ് ഹീറോ ഓഫ് ദി ഇയർ’ ആയി തെരെഞ്ഞെടുക്കപ്പെടും.

ആർക്കും വേണ്ടാതെ അരികുചേർക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന കുറേപ്പേർ. അവരിൽ ഏറ്റവും അർഹരായ പത്തുപേരെ ഒരു വർഷം നീണ്ടുനിൽക്കുന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു. അവരുടെ പ്രവർത്തനങ്ങളെ ആദരിക്കാനും അവരിലൊരാളെ ‘ഹീറോ ഓഫ് ദി ഇയർ’ ആയി പ്രഖ്യാപിക്കാനുമാണ് വിഷൻസ് ചാനൽ ഈ ചടങ്ങു് സംഘടിപ്പിച്ചിരിക്കുന്നത്.

ഒൻപതാമത്തെ വിജയിയായി മുനാവിറ നടന്ന് വേദിക്കരുകിലെത്തിയപ്പോഴാണ്, കൈയ്യിലുണ്ടായിരുന്ന വർണക്കടലാസുപൊതി ഞാൻ പോലും ശ്രദ്ധിച്ചത്. അതെന്താണാവോ?

ഇത്രേം ആൾക്കാരുടെയിടയിൽ ഇങ്ങനെ ഇരിക്കുമ്പോൾ, എത്രശ്രമിച്ചിട്ടും മനസ്സിനെ പിടിച്ചുനിറുത്താനാവുന്നില്ല. ഓർമ്മകളിലൂടെ വഴുതി അത് പലായനത്തിന്റെ നാളുകളിലേക്ക് വീഴുന്നു.

പതിനെട്ടുവർഷങ്ങൾക്കു മുൻപൊരു ദിവസമാണ് അങ്ങനൊരു സംഘം ഗ്രാമത്തിൽ എത്തുന്നത്. കാബൂൾ പിടിച്ചെടുത്തു താലിബാൻ വീണ്ടും അധികാരത്തിലേറിയതിനും അമേരിക്ക അഫ്ഗാനിസ്ഥാൻ വിട്ടുപോയതിനും ശേഷം.

അമേരിക്കൻ സൈന്യത്തെ സഹായിച്ചവരെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമായി രാജ്യം കടത്തുകയായിരുന്നു ഉദ്ദേശം. പറഞ്ഞപോലെ രാത്രി അവരെത്തി. കൂട്ടത്തിൽ പട്ടാളക്കാരുമുണ്ടായിരുന്നു. അധികം ആലോചിച്ചില്ല. നാടെന്ന അപകടത്തിൽ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടുക. താലിബാൻറെ നോട്ടപ്പുള്ളിയായി ഇനിയും അവിടെ നിൽക്കാനാവില്ല.

അതായിരുന്നല്ലോ എന്റെ അവസ്ഥ.

കൊലക്കു കൊടുക്കാൻ ഇനി ആരും ബാക്കിയില്ലായിരുന്നു വീട്ടിൽ. പോകുന്ന പോക്കിൽ എനിക്കെന്തെങ്കിലും പറ്റിയാലും മുനാവറ രക്ഷപ്പെടണം, ജീവിക്കണം. അല്ലെങ്കിൽ താമസിയാതെ അവളും പിച്ചിച്ചീന്തപ്പെടും,അല്ലെങ്കിൽ വിൽക്കപ്പെടും! പടച്ച തമ്പുരാൻ ഞങ്ങളെ തിരിഞ്ഞുനോക്കാതായിട്ടു നാളുകളേറെയായി. കൈയ്യിൽ കിട്ടിയ ഉടുതുണികൾ, നഷ്ട്ടമായ മക്കളെയോർക്കാൻ സൂക്ഷിച്ച കുട്ടിയുടുപ്പുകൾ, ചോരക്കറപിടിച്ച ഒരു പത്താൻ കോട്ട്, പഴകി നരച്ചൊരു ഫോട്ടോ! ഇത്രയും മാത്രം തോൾബാഗിലാക്കി നാലുവയസുകാരി മുനാവിറയെയും കൂട്ടി ആ രാത്രി വീടുവിട്ടിറങ്ങി; അവർക്കൊപ്പം. ഭർത്താവും രണ്ടാൺകുട്ടികളും മകളും ഉണ്ടായിരുന്ന വീട്ടിൽ നിന്നിറങ്ങുമ്പോൾ കൂടെക്കൂട്ടാൻ ബാക്കി നിന്ന ഒരേയൊരോർമയായിരുന്നു ആ ഫോട്ടോ. വല്ലപ്പോഴും എല്ലാരെയും ഒന്ന് കാണണംന്നു തോന്നിയാലോ?

മുനാവിറ ഒപ്പമെടുക്കാൻ ശ്രദ്ധിച്ചത് അവളുടെ പാവക്കുട്ടിയെ മാത്രമായിരുന്നു. പാവേം കളിപ്പിച്ചു നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയകുട്ടി! അതേ അവൾ തന്നെയായിരുന്നു ഒരിക്കൽ ഞാനും! പക്ഷെ തയ്യലും തന്തൂരിയുണ്ടാക്കലുമായി ജീവിതം കളയാൻ അവളെ ഞാൻ വിടില്ല.

ഞാൻ തലയുയർത്തി സ്റ്റേജിലേക്ക് നോക്കി. ആഹാ! മുനാവിറയെ സദസിനു പരിചയപ്പെടുത്തുന്നത് ഏതോ വല്യ ആളാണ്. ഇയാളെ ടി വിയിലൊക്കെ ഇടയ്ക്കു കാണാറുണ്ട്. പരിചയപ്പെടുത്തലിനു ശേഷം അവളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വീഡിയോ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷങ്ങളായി അവളുടെ നേതൃത്വത്തിലുള്ള സംഘടന അഫ്ഗാൻ ഗ്രാമങ്ങളിൽ പെൺകുട്ടികൾക്കായി നടത്തുന്ന സ്കൂളുകൾ, ആപ്പും ടാബ് ലെറ്റും മറ്റു സങ്കേതങ്ങളും വഴി നടത്തുന്ന വിദ്യാഭ്യാസപരിപാടികൾ, ഒക്കെ അതിൽ കാണുന്നുണ്ട് .

ഒരിടത്തു ഞാൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൗതുകത്തോടെ അതു നോക്കിയിരിക്കുമ്പോഴായിരുന്നു ആ ചോദ്യം.

“ഇംഗ്ലീഷിൽ കസറുന്നുണ്ടല്ലോ?”

ഷാസ്മിനയാണ്. ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അതുവരേക്കും അലസമായി സ്ക്രീൻ നോക്കിയിരുന്ന ഷാസ്മിന ഞാൻ സ്‌ക്രീനിൽ വന്നപ്പോൾ അങ്ങിനെ പറയാൻ കാരണമുണ്ട്. വർഷങ്ങൾക്കു മുൻപ്, ഞങ്ങളെ താമസിപ്പിച്ചിരുന്ന ക്യാമ്പിൽ വച്ച് ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനെ പറ്റി ഷാസ്മിന സൂചിപ്പിച്ചപ്പോൾ ഞാൻ പറഞ്ഞു.

“പഠിച്ചെടുക്കും. പാഷ്‌തോ തനിയെ വായിച്ചു മനസ്സിലാക്കാമെങ്കിൽ മറ്റൊരു ഭാഷ സഹായത്തോടെ പെട്ടെന്ന് പഠിക്കാം. ഉറപ്പാണ്”

എന്റെ ആത്മവിശ്വാസത്തിൽ അതിശയിച്ചുനിന്ന ഷാസ്മിന ഞാൻ പറഞ്ഞ കഥകേട്ട് അമ്പരന്നുപോയി.

ചെറുതിലേയാണ്. ഒരു രാത്രി വീടിനു തൊട്ടുമുകളിലൂടെ യുദ്ധവിമാനങ്ങൾ ശബ്ദമുണ്ടാക്കി പറന്നു പോയി. പേടിച്ചു വിറച്ച ഞാൻ മുറിയിലെ ചുമരോട് ചേർന്ന അലമാരക്കുള്ളിൽ കയറി ഇരുന്നു. ഇരുട്ടിൽ ഒറ്റയ്ക്കായപ്പോഴുള്ള തെരച്ചിലിലാണ് അക്ഷരമാലയുടെ പഴയൊരു പുസ്തകം കിട്ടുന്നത്. അവസാനം കുടുംബത്തിൽ നിന്നും സ്കൂളിൽ പോയ ആൾ ഉപ്പാപ്പയിരുന്നു. അദ്ദേഹത്തിന്റേതായിരുന്നു അത്. അതിനുശേഷം ഉപ്പയും ഉമ്മയും ഒരുമിച്ച് ഉച്ചയുറക്കങ്ങളിലാവുമ്പോൾ ഞാൻ ആ പുസ്തകത്തിലെ ഓരോ വാക്കും അതിന്റെ ചിത്രത്തോട് ചേർത്തുവച്ചു. അതായിരുന്നു വായനയുടെ തുടക്കം.

എന്നായിരുന്നു ഈ ഷാസ്മിന ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായത്?

എയർ പോർട്ടിൽ നിന്നും ചാർട്ടർ ചെയ്ത ബസ്സുകളിലായിരുന്നു ഞങ്ങൾ ക്യാമ്പിലെത്തിയത്. വിശാലമായ ചോളപ്പാടങ്ങൾക്കു നടുവിലുള്ള പട്ടാളക്യാമ്പിലായിരുന്നു അഭയാർത്ഥി കൾക്കായുയർത്തിയ കൂറ്റൻ ടെന്റുകൾ. നൂറുകണക്കിനാളുകൾ! ബസ്സിൽ നിന്നുമിറങ്ങി ഒറ്റവരിയായി ഞങ്ങൾ ക്യാമ്പിനുള്ളിലേക്ക് കയറി. മേൽനോട്ടത്തിനു പട്ടാളക്കാരുണ്ട്. പല പ്രായത്തിലുള്ള സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും. ചെറിയകുട്ടികളെ ഉമ്മമാർ ഒക്കത്തിരുത്തിയിരിക്കുന്നു. ദീർഘമായ യാത്രയുടെയും ദുർഘടമായ രക്ഷപ്പെടലിന്റെയും ക്ഷീണത്തിലായിരുന്നു എല്ലാവരും. പാറിപ്പറന്ന മുടിയും മുഷിഞ്ഞ വസ്ത്രങ്ങളും. ഉറക്കമില്ലായ്മയും ക്ഷീണവും കാരണം പലരും പാതിമയക്കത്തിലായിരുന്നു .

പഴയൊരു ചുരിദാർ. തോളിൽ തൂങ്ങുന്ന ബാഗ്. ഒക്കത്ത് ഒരു പാവക്കുട്ടിയെയും കയ്യിൽ തൂക്കി മുനാവിറ. ഇങ്ങനെയെന്നെ ക്യൂവിൽ കണ്ടപ്പോൾ ഒന്ന് പരിചയപ്പെട്ടാലോ എന്ന് തോന്നിയത്രേ!

അവളുടെ കുടുംബം കാബൂളിൽ നിന്നും വളരെ മുൻപേ അമേരിക്കയിലെത്തിയിരുന്നു. ജേർണലിസ്റ്റാണ്. ക്യാമ്പിൽ മൊഴിമാറ്റക്കാരിയായി ഏതോ ഏജൻസി വഴി വോളന്റിയർ ചെയ്തതാണ്. അത്യാവശ്യം കൗൺസിലിങ്ങും വശമുണ്ട്. ഈ വർഷമാദ്യം ‘ഹീറോ ഓഫ് ദി ഇയർ’ ആയി മുനാവിറയെ നോമിനേറ്റ് ചെയ്തതു ഷാസ്മിനയാണ്. അവളായിരുന്നു മുനാവിറയുടെ മെന്റർ. അവളുടെ കണ്മുന്നിലാണ് മുനാവിറയെന്ന അഭയാർഥി പെൺകുട്ടി വളർന്നതും പഠിച്ചതും പിന്നീട് മറ്റു പെൺകുട്ടികൾക്ക് തണലായതും.

അന്ന് പരിചയപ്പെട്ട ശേഷം വീണ്ടും കണ്ടു.

അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പുതിയ താമസസ്ഥലം, ജോലി ഒക്കെ ശരിപ്പെടുത്തണം. അതിനു സർക്കാരുമായി ബന്ധപ്പെട്ട കുറെയധികം പേപ്പർ ജോലികളുണ്ട്. അതൊക്കെ ചെയ്തുതീർക്കാൻ ഷാസ്മിന സഹായിക്കും എന്നൊരുറപ്പ് തന്നു. പിന്നെ ഇംഗ്ലീഷ് ക്‌ളാസും, ഡ്രൈവിംഗ് ക്ലാസും.

ഇതൊക്കെയാണെങ്കിലും, എനിക്കാരെയും അത്രപെട്ടെന്ന് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഞങ്ങൾ ഇങ്ങോട്ടു കുടിയേറുന്നതിനു മുമ്പേ ഭയം എന്റെയുള്ളിൽ കുടിയേറിയിരുന്നു. അത് എന്നെ ആരെയും വിശ്വസിക്കാത്ത ഒരുവളാക്കി മാറ്റിയിരുന്നു. രണ്ടുപേരും ഒരേ നാട്ടുകാർ എന്നത് ശരിതന്നെ. പക്ഷെ അതൊന്നും ഒരാളെ അങ്ങ് വിശ്വാസത്തിലെടുക്കാൻ മതിയായ കാരണങ്ങളായിരുന്നില്ല.

നാട്ടുകാരിയാണെങ്കിലും അവരെ സംബന്ധിച്ചിടത്തോളം ഞാൻ നാടിനെ ഒറ്റിക്കൊടുത്തവളാണല്ലോ! അതുകൊണ്ടു ഈ രാജ്യത്തും ഷാസ്സ്മിന ഒരു പാരയായേക്കും എന്ന് തന്നെയായിരുന്നു മനസ്സിൽ.

എന്തോ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കുറേശ്ശെ അടുത്തു. കാര്യങ്ങൾ പരസ്പ്പരം തുറന്നു പറയാൻ തുടങ്ങി.

മുഖം മൂടാതെ, നാലാളു കാണെ ഇരിക്കാൻ ധൈര്യം തന്നത് ഷാസ്‍മിനയായിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഒരാളെപ്പേലെയാണ് പുറം കവചമില്ലാതെ എന്നെക്കണ്ടപ്പോൾ ആദ്യം അവൾക്കു തോന്നിയത്.

മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഏറ്റവും നല്ല കൂട്ടുകാരായി. പിറന്ന മണ്ണിൽ കാലുറപ്പിക്കാനാവാതെയായതും നാടുവിടേണ്ടിവന്നതും ഒക്കെ അവളോട് പറഞ്ഞാൽ ആശ്വാസമായേക്കും എന്നു തോന്നി

കുടുംബത്തിലെ പതിനേഴു പേരോളം കൊലചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. രണ്ടു കുന്നുകളുടെ താഴ്‌വര മുഴുവൻ ശ്മാശാനമായി. അവിടെ ഗോത്രപ്പെരുമയുളള ഖബറുകളില്ലായിരുന്നു. തലയുടെയും കാലിന്റെയും അടയാളമായി ഒരാളിനു രണ്ടു കല്ലുകൾ. അതിനിടയിൽ രണ്ടായി പിളർക്കപ്പെട്ടതോ ചിതറിത്തെറിച്ചതോ ആയ ഉറ്റവർ.

ഓർക്കാൻ നല്ലൊരു കുട്ടിക്കാലം പോലുമില്ല. ഏഴോ എട്ടോ വയസു കാണും. അന്നൊരു ദിവസം രാവിലെ അറിയുന്നു ഇരുട്ടിന്റെ മറവിൽ ആരൊക്കെയോ ഗോതമ്പു പാടങ്ങൾ തീവച്ചു നശിപ്പിച്ചെന്ന്! ചാരം മൂടിയ പാടങ്ങൾക്ക് മേലെ സോവിയറ്റ് ടാങ്കുകളോടിയതിന്റെ അടയാളങ്ങൾ കണ്ട് ഗ്രാമം ഭ്രാന്തമായി നിലവിളിച്ചു. അടുത്തദിവസങ്ങളിൽ കന്നുകാലികളുടെ മേൽ മെഷീൻ തോക്കുകൾ വെടിയുതിർത്തതറിയുന്നു! ഓർക്കുമ്പോൾ ഇപ്പോഴും ഞാനറിയാതെ ജീർണിച്ച ജഡങ്ങളുടെ ദുർഗന്ധം വീണ്ടും മൂക്കിൽ നിറയുകയാണ്. വലുതായപ്പോൾ മനസ്സിലായി, മുജാഹുദിനെ ഒതുക്കാൻ ഗവൺമെന്റും റഷ്യൻ പട്ടാളവും ഗ്രാമങ്ങളെ നോട്ടമിട്ടതായിരുന്നു എന്ന്. ഗ്രാമീണരെ നഗരങ്ങളിലേക്ക് ഓടിക്കുകയായിരുന്നു ലക്‌ഷ്യമത്രെ.

എങ്ങിനെയാണ് എന്റെ ഗ്രാമത്തിലെ കർഷകർ ഒരേ സമയം കർഷകരും ഒളിപ്പോരാളികളുമായി മാറിയത്? കൃഷിയും ഒളിപ്പോരും ഒരേ സമയം ചെയ്യാൻ അവർ നിർബന്ധിതരായത്? ജീവനെ ചേർത്തുപിടിച്ചുള്ള ഓട്ടം കാരണം അന്ന് ഇതൊന്നും അന്വേഷിക്കാൻ നേരമുണ്ടായില്ല. ഇന്നും ഉത്തരമില്ല. പക്ഷെ അനുഭവത്തിൽ നിന്ന് ഒന്നറിയാം. ഒന്നും അടിച്ചേൽപ്പിക്കരുത്. ഞങ്ങളിങ്ങനെ ജീവിച്ചോളാം എന്നു പറയുമ്പോൾ പുറം നാട്ടുകാർ അതിക്രമിച്ചു കേറി നിങ്ങൾ ഇങ്ങിനെ ജീവിച്ചാൽ മതിയെന്ന് നിർബന്ധം പിടിക്കുന്നതെന്തിന്? പട്ടാളവും ഭരണവും ഒരു കാലത്തും ഞങ്ങളുടെ ജീവിതങ്ങളോട് നീതി പുലർത്തിയില്ല.

പോരാട്ടം മുറുകുന്ന മുറക്ക് ജീവിതം ആടിയുലയാൻ തുടങ്ങി. മൊഹമ്മദ് ഖാലീസിനെ പോലുള്ളവർ ഗ്രാമത്തിലെ സ്ഥിരം സന്ദർശകരായി. മെല്ലെ, നാട്ടിൻപുറത്തിനു വെടിമരുന്നിന്റെ മണം വന്നു. എത്ര രാവുകളാണ് വീട് വിട്ടു മലയിടുക്കിലെ ഗുഹകളിൽ ഭയന്നൊളിച്ചു കഴിച്ചുകൂട്ടിയത്. കുറെ കുടുംബങ്ങൾ ഒരുമിച്ചൊരു ഗുഹയിൽ. വിശന്നും പേടിച്ചും അലമുറയിടുന്ന കുട്ടികൾ! മറക്കാനാവാത്ത ദിവസങ്ങൾ! രാത്രികളിൽ അധികം ദൂരെയല്ലാതെ മോർട്ടാറുകൾ പായിക്കുന്ന ഷെല്ലുകൾ ആകാശത്തു വെള്ളിവരകൾ തീർക്കുന്നത് ഞങ്ങൾ കൗതുകത്തോടെയും അതിലേറെ ഭയത്തോടെയും കണ്ടു. രാത്രി ആകാശത്തുന്നുള്ള ഇരമ്പൽ അടുത്തുവരുന്ന കേട്ട് പുറത്തിറങ്ങി നിൽക്കും. അപരിചിതമായ കൂറ്റൻ പക്ഷികളെ കാണുന്ന പോലായിരുന്നു റഷ്യൻ ഹെലികോപ്റ്ററുകൾ. ചിലപ്പോൾ അവ താണു പറക്കും. അങ്ങിനെ പറക്കുമ്പോഴാവും ഭീകര ശബ്ദത്തിൽ അത് പൊട്ടിത്തെറിക്കുക. പിറ്റേന്ന് പകൽ ഞങ്ങൾ ആ സ്ഥലം അന്വേഷിച്ചു പോവും, തകർന്നു വീണയിടത്തുന്നു വിൽക്കാൻ പറ്റുന്ന എന്തെങ്കിലും തിരഞ്ഞ്.

സോവിയറ്റുകൾ പിൻവാങ്ങിയ ശേഷം കാബൂളിൽ മുജാഹുദ്ദിൻ അധികാരത്തിൽ വന്നു. അതിനൊപ്പം എന്റെ മേലും പുതിയ അധികാരമായി; കല്യാണം കഴിഞ്ഞു. ഉപ്പ മാറി അർമാൻ ഖാൻ അധികാരമേറ്റു. കൊതിച്ച സ്നേഹവും കരുതലും അസ്ഥാനത്തെന്നു മനസ്സിലാക്കിയിട്ടും ജീവിതം മുന്നോട്ടുപോയി. കുട്ടികളുണ്ടായി. സ്നേഹം നിറഞ്ഞല്ല - ഇരുട്ടിൽ മുഖം കാണാതെ, കറുപ്പിന്റെ ഗന്ധം കാരണം വിയർപ്പിന്റെ മണമറിയാതെ. താലിബാൻ അധികാരത്തിൽ വരുമ്പോഴേക്കും മൂന്നു കുട്ടികൾ; രണ്ടാണും ഒരു പെണ്ണും. അപ്പോഴേക്കും അമേരിക്ക താലിബാനെ പുറത്താക്കി കർസായിയെ വാഴിച്ചു കഴിഞ്ഞിരുന്നു.

പെരുന്നാളുദിവസം പള്ളിയിൽ പ്രാർഥിക്കുമ്പോഴുണ്ടായ പൊട്ടിത്തെറിയിലാണ് അർമാൻ കൊല്ലപ്പെട്ടത്. അപ്പോഴാണറിയുന്നത് അയാൾ അമേരിക്കൻ സേനക്ക് വേണ്ടി ‘ഇൻഫോർമർ’ ആയി ജോലി ചെയ്യുകയായിരുന്നുവെന്ന്. ആ വാക്കിന്റെ അർത്ഥം പോലും അന്നെനിക്കറിയില്ലായിരുന്നു. താലിബാനെക്കുറിച്ചുള്ള വിവരം ചോർത്തിക്കൊടുക്കുന്ന പണി തുടങ്ങാൻ അർമാനു കാരണമുണ്ട്.

അവർ അധികാരത്തിലിരിക്കുമ്പോഴാണ് കറുപ്പ് കൃഷി ഉപരോധിച്ചത്‌. അതായിരുന്നല്ലോ നാട്ടിൽ മിക്കപേരുടെയും തൊഴിൽ. ആ സമയം വല്ലാത്ത വരൾച്ചയുമായിരുന്നു. അതോടെ മിക്ക കുടുംബങ്ങളും പട്ടിണിയായി.

കറുപ്പ് കൃഷി പ്രശ്നത്തിലായതോടെ അയാൾ വീട്ടിലിരുപ്പായി. പുറത്തൊരു ജോലിക്കും പോകാനാവാത്ത അവസ്ഥ. അങ്ങിനെ കറുപ്പിനു തന്നെ അടിമയായി. ആണുങ്ങൾ അങ്ങനെയൊക്കെയായാൽ ഞങ്ങളെന്ത് ചെയ്യും? എല്ലാ ചുമടും എന്റെ തലയിൽ. അയാൾ പകൽ കൂടുതൽ സമയവും ഉറങ്ങിത്തീർത്തു. രാത്രികളിൽ എവിടെയൊക്കെയോ പോയി തോന്നുമ്പോൾ തിരിച്ചുവന്നു. താലിബാൻ കാരണം പട്ടിണിയായ ദേഷ്യത്തിലാണ് അർമാൻ അമേരിക്കൻ സേനയെ സഹായിക്കാൻ തുടങ്ങിയത്. ഇതൊന്നും അയാൾ കൊല്ലപ്പെടും വരെ എനിക്ക് അറിയില്ലായിരുന്നു. അതിനിടെ താലിബാനൊപ്പമുണ്ടായിരുന്നവർ പകരം വീട്ടാനായി എന്റെ മോളെയും കൊന്നു. അതിനുശേഷം അവളുടെ ഭർത്താവും വീട്ടിൽ വരാതെയായി. പേടിച്ചിട്ടോ വീട് ഒട്ടും സുരക്ഷിതമല്ല എന്ന് കരുതീട്ടോ രണ്ട് ആൺമക്കളും വീടുവിട്ടുപോയി.

ജീവിതം തലയും കുത്തി വീണു. ഞാനും മോളും വീട്ടിൽ തനിച്ചായി. ആളുകൾ പരസ്പരം സംശയിക്കാനും പേടിക്കാനും തുടങ്ങി. ആദ്യം കിട്ടിയ ചില്ലറ പണികളെന്തും ചെയ്തു. കഴിഞ്ഞു കൂടണമല്ലോ. ഇടയ്ക്കു അടുത്തുള്ള കുട്ടികളെ എഴുതാനും പഠിപ്പിക്കാനും ശ്രമിച്ചു. പിന്നെ അതും നിറുത്തേണ്ടി വന്നു.

കാറ്റത്തും മഴയത്തും എപ്പോൾ വേണമോ കെട്ടുപോയേക്കാവുന്ന ഒരു കുഞ്ഞു തിരിനാളത്തെ കൈകൾ കൂട്ടി കാക്കേണ്ടതുണ്ടായിരുന്നു.

പിന്നെയെപ്പൊഴോ അയാൾ ചെയ്തപണി തന്നെ ചെയ്യാൻ തുടങ്ങി. പണത്തിനു വേണ്ടി. ജീവിക്കാൻ വേണ്ടി.

ഒരിക്കൽ സംസാരിച്ചിരിക്കുമ്പോൾ നെറ്റിയിലെ ചുളിവുകൾക്കു മേലെ കാറ്റത്തു വീണ ചുരിദാറിന്റെ തലപ്പ് ഷാസ്മിന വലത്തേകൈകൊണ്ടു പിടിച്ചു നേരെയാക്കിയിട്ടു. തലമുടി മുക്കാലും അകാലത്തിൽ നരച്ചുപോയ നാല്പത്തിനാലുകാരിയെ ശരിക്കു കണ്ടത് അന്നാവണം. കറുപ്പുപടർന്നു താണ കണ്ണുകൾ കണ്ട് എന്നെപ്പോലെ അവളും ഞെട്ടിയിരിക്കണം.

വീടിന്റെ, ഉറപ്പില്ലാത്ത മൺചുമരുകൾക്കുള്ളിൽ രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ അവിചാരിതമായി വന്നേക്കാവുന്ന മറ്റൊരു ദുരന്തവും പ്രതീക്ഷിച്ചാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്.

“ആൻഡ് ദി ഹീറോ ഓഫ് ദി ഇയർ ഗോസ് റ്റു…!?...മുനാവിറ ഫ്രം കണക്റ്റികട്ട്”

സദസ്സിലുയരുന്ന ആരവം. കൈയ്യടി. ഞാൻ വേദിയിലേക്ക് നോക്കി.

പത്തുപേരെയും സ്റ്റേജിൽ ആദരിച്ച ശേഷം ഈ വർഷത്തെ ഹീറോയായി മുനാവിറയെ തെരെഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു.

തനിക്കൊരു ചോദ്യമുണ്ട് എന്ന് ഹോസ്റ്റ് അവളോട് പറഞ്ഞു.

“നിങ്ങളുടെ ലോഗോ ഒരു പാഷ്ത്തൂൺ പാവക്കുട്ടിയാണല്ലോ! അതേക്കുറിച്ചു പറയാമോ?”

ആ സമയം ലോഗോയിലെ പഷ്‌തൂൺ പെൺകുട്ടി വലിയ സ്‌ക്രീനിൽ തെളിഞ്ഞു.

“പറയാം. അതുപറയുമ്പോൾ വല്യുമ്മ കൂടെ ഉണ്ടാവണം എന്നുണ്ട്.”

വേദിയിൽ എന്റെ പേര് കേട്ടിട്ടും ഹാളിൽ നിന്നുള്ള പ്രോത്സാഹനം കണ്ടിട്ടും എനിക്ക് എണീക്കാൻ മടിയായിരുന്നു. പിന്നെ ഷാസ്സ്മിന വേദിയിലേക്ക് തള്ളിവിട്ടു. ഞാൻ അങ്ങോട്ട് നടന്നു. മുനാവിറ കൂടെയെടുത്തിരുന്ന പൊതിയഴിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി. ഞാൻ സ്റ്റേജിൽ അവളോട് ചേർന്ന് നിന്നു.

“ഇവിടെ അഭയാർഥിയായി ക്യാമ്പിലെത്തിയ നാളുകളിൽ ഞാൻ ഭയത്തിനു വല്ലാതെ അടിമപ്പെട്ടിരുന്നു. രാത്രി ഉറക്കത്തിൽ എന്തോ കണ്ടു പേടിച്ചപോലെ ഉണർന്നു അലമുറയിടുമായിരുന്നു. ‘അതാ പട്ടാളം’ എന്ന് വിളിച്ചു കിടക്കയിൽ എണീറ്റിരിക്കുമായിരുന്നു. അപ്പോഴൊക്കെ എന്നെ ആശ്വസിപ്പിക്കാനും ഉറക്കാനും വല്യുമ്മ ഉപയോഗിച്ചത് ഈ പാവയെയാണ്,”

ഞാൻ അത്ഭുതപ്പെട്ടുപോയി. എന്റെ പാവ. പിന്നീട് അവൾക്കു കൊടുത്ത തുണിപ്പാവ. സ്‌ക്രീനിൽ കണ്ട ലോഗോ ഇതിന്റെ തനിപ്പകർപ്പുതന്നെ. കൈകൊണ്ട് കട്ടിക്കറുപ്പിൽ പുരികം വരച്ചു വിടർന്ന കണ്ണുകളിൽ കണ്ണെഴുതി കറുത്ത താലമിട്ട പെൺപാവ പൂക്കളുള്ള പാഷ്തൂൺ ചുരിദാർ അണിഞ്ഞിരിക്കുന്നു.

“ഞാൻ അലറിവിളിച്ചെണീക്കുമ്പോൾ എന്റെ കൈകൾ വിടർത്തി ഇവളെ നെഞ്ചത്തേക്കു വച്ചു ചുറ്റിപ്പിടിപ്പിച്ചു എന്റെ വല്യുമ്മ. പിന്നീട് അടുത്തുകിടന്നു കെട്ടിപ്പിടിച്ചു ചേർത്തുകൊണ്ട് ഏതെങ്കിലും നാടോടിപ്പാട്ട് എന്റെ കൈകളിൽ താളമിട്ടു.”

ഇത്രയും കേട്ടപ്പോൾ എനിക്കെന്തൊക്കെയോ പറയണം എന്ന് ശക്തമായി തോന്നാൻ തുടങ്ങി. തടയാനാവാത്ത ഉൾത്തള്ളൽ. ഞാൻ അവളുടെ മൈക്ക് വാങ്ങാൻ തുടങ്ങിയപ്പോൾ അവതാരക മറ്റൊരു മൈക്ക് എനിക്ക് നീട്ടി.

“ഇതു ഞാനുണ്ടാക്കിയതാണ്‌ ! ഞാനുണ്ടാക്കിയ അവസാനത്തെ പാവ. കുട്ടിക്കാലത്തു വെറുതെ സമയം പോകാനായിരുന്നു പാവകൾ ഉണ്ടാക്കാൻ പഠിച്ചത്. എവിടുന്നോ കിട്ടിയ സോവിയറ്റു മാസികയിലെ പ്ലാസ്റ്റിക് പെൺപാവയുടെ പടം കാണിച്ചപ്പോൾ ഉമ്മ വിലക്കി. അത് പാടില്ലത്രേ. കാരണം ചോദിച്ചില്ല. ഉമ്മ എന്നെ തുണികൊണ്ടുള്ള പാവ ഉണ്ടാക്കാൻ പഠിപ്പിച്ചു. എവിടെയായിരുന്നാലും പുറത്തെ ശബ്ദങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ അത് സഹായിച്ചു. പെൺകുട്ടികളുടെ പാവകൾ ഉണ്ടാക്കാൻ ഇഷ്‌ടമായിരുന്നു എനിക്ക്. ഇളം പച്ചയിൽ വെളുത്തപുള്ളികളുള്ള പാവക്കു ചേർന്ന തട്ടം ഇട്ടപ്പോഴും ഉമ്മ തടഞ്ഞു. കറുത്ത തട്ടം മതി. നിറങ്ങൾ ഉള്ള തട്ടമിടുന്നത് വിവാഹം കഴിയാത്ത പെൺകുട്ടികളാണുപോലും. അത് വേണ്ട. അങ്ങിനെ ഇഷ്ടമില്ലാതെയെങ്കിലും ചെറുതിലേ തന്നെ വിവാഹിതകളായ പാവപ്പെണ്ണുങ്ങളെ ഉണ്ടാക്കി. രാത്രികളിൽ ഉറക്കം വരാതെ പാവയെ കെട്ടിപ്പിടിച്ചു കിടന്നു. ദുസ്വപ്നത്തിൽ നിന്നുണർന്നു ഞാനും ‘പട്ടാളക്കാർ’ എന്ന് തന്നെ വിളിച്ചുറക്കെ കരയുമായിരുന്നു”

മുനാവിറ എന്നെ കെട്ടിപ്പിടിച്ചു. കണ്ണുകളിൽ ഇരമ്പിയെത്തിയ സന്തോഷത്തെ തടയാതെ അവൾ പറഞ്ഞു:

“ഇവിടെ സ്‌ക്രീനിൽ കണ്ട പെൺകുട്ടികളുടെ കണ്ണുകളിൽ ഞാൻ ഒരു പ്രകാശം കാണുന്നു. നിങ്ങളും അതു കണ്ടുകാണും. ആ പ്രകാശം എനിക്ക് നൽകിയത് വല്യുമ്മയാണ്. അതു വീണ്ടും പൊലിപ്പിച്ച് അവരിലേക്ക്‌ എത്തിച്ചത് അതാ അവിടിരിക്കുന്ന ഷാസ്മിനയാണ്! ഈ പാവ ഇപ്പോൾ ഒരാശയമാണ് - പ്രതീക്ഷയും സ്വാതന്ത്ര്യവുമാണ്”



സദസ്സിൽ എന്നെ ചേർന്നുനിന്ന് ഷാസ്മിനയുടെ നേർക്കവൾ വിരൽ ചൂണ്ടിയപ്പോൾ സദസ്സ് കൈയ്യടി നിറുത്തി എഴുന്നേറ്റുനിന്നു; ഒപ്പം ഷാസ്സ്മിനയും. ഞാനപ്പോൾ മുന്നിൽ ദൂരെ വലിയ സ്‌ക്രീനിൽ തെളിഞ്ഞ ചിരിക്കുന്ന പിഞ്ചു മുഖങ്ങളുടെ നേർക്ക് നടക്കാൻ തുടങ്ങുകയായിരുന്നു.

Friday, February 11, 2022

ആഗോളീകരണവും നവമാധ്യമങ്ങളും ലോകസാഹിത്യത്തില്‍ എന്തുചെയ്യുന്നു?

ഈ കുറിപ്പിന്റ തലക്കെട്ടിൽ എന്തുകൊണ്ട് ലോകസാഹിത്യം എന്നുപയോഗിച്ചു എന്നത് വ്യക്തമാക്കേണ്ടതുണ്ട്. ഒരുദാഹരണത്തിലൂടെ അത് സാധിക്കുമെന്ന് തോന്നുന്നു. ജെസിബി പുരസ്‌കാരം നേടിയ നോവൽ മീശ (എസ് ഹരീഷ്) യുടെ ഇംഗ്ലീഷ് വിവർത്തനം മുസ്റ്റാഷ് എന്ന പേരിൽ ഹാർപ്പർ പെരെണിയൽ ഇന്ത്യ (ഹാർപർ കോളിൻസ്) പ്രസിദ്ധീകരിച്ചു. അതോടെ തികച്ചും പ്രാദേശികസ്വഭാവമുള്ള ഒരു നോവൽ ( സെറ്റിങ് , പ്ലോട്ട് ) ലോകഭാഷയായ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ, അത് ആമസോൺ പോലുള്ള വിപണന മാധ്യമങ്ങൾ വഴി വിതരണം ചെയ്യപ്പെടുന്നതോടെ ലോക വ്യാപകമായ ഒരു സാഹിത്യ രചനയായി മാറുന്നു എന്നതാണ്. ആ അർത്ഥത്തിലാണ് ലോകസാഹിത്യം എന്നുപയോഗിച്ചിട്ടുള്ളത്. ഇതിനർത്ഥം ഇത്തരം ഒരു രചന ലോകത്തെല്ലായിടത്തും ഒരുൽപ്പന്നമെന്ന നിലയിൽ ലഭ്യമാവും, വിൽക്കക്കപ്പെടും എന്നല്ലാതെ അത് പരക്കെ വായിക്കപ്പെടു മെന്നോ ചർച്ചചെയ്യപ്പെടുമോ സ്വീകരിക്കപ്പെടുമെന്നോ അല്ല.


നവമാധ്യമങ്ങൾ എന്നുദ്ദേശിച്ചതു ഡിജിറ്റൽ മാധ്യമങ്ങളെയാണ്. ഉദാഹരണമായി web pages , websites, social media, digital video/audio , electronic documents and electronic books. ആഗോളീകരണമെന്നത് ആധുനികത (modernity)യുമായി ചേർന്നു നിൽക്കുന്ന ഒന്നാണ് . മനുഷ്യന്റെ സാംസ്‌കാരിക പരിണാമചരിത്രം പരിശോധിച്ചാൽ അത് എപ്പോഴും ആധുനികതയിലേക്കുള്ള പ്രയാണം ആയിരുന്നു എന്ന് കാണാം. അതൊരു തുടർച്ചയാണ്. ചുരുങ്ങിയത് മൂന്നോ നാലോ നൂറ്റാണ്ടു കളെങ്കിലും ആധുനികത വ്യക്തമായി അടയാളപ്പെട്ടിട്ടുണ്ട്. യുദ്ധങ്ങൾ മഹാമാരികൾ ഒക്കെ അതിനെ വേഗത കുറച്ചുവെന്നുമാത്രം. രണ്ടാം ലോകായുദ്ധശേഷം ശീതസമരത്തിന്റെ വർഷങ്ങളായിരുന്നു. കോൾഡ് വാർ അവസാനിച്ചു എന്ന് നാം പറയുന്നത് 1989 ൽ സംഭവിച്ച ബെർലിൻ മതിലിന്റെ തകർച്ചക്കും ( അതുതന്നെ കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും തമ്മിൽ മതിലു കെട്ടിയുണ്ടാക്കിയ അതിരിന്റെ തകർച്ചയായിരുന്നല്ലോ) പിന്നെ 1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്കും ശേഷമായിരുന്നു .


അതിനുശേഷം അമേരിക്ക എന്ന ഒറ്റ സൂപ്പർപവർ മാത്രമാവുകയും ലോകസാമ്പത്തിനുമേൽ അവർക്കു അനിഷ്യേധ്യമായ സ്വാധീനം ഉണ്ടാവുകയും ചെയ്തു (a homogenized monoculture dominated by the US military, the mass media and the US-led IMF and World Bank). 1950 കളിൽ തന്നെ ആഗോളീകരണം എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങിയെങ്കിലും അതിന്റെ വേഗത കൂടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണെന്നു കാണാം ദേശരാഷ്ട്രങ്ങളുടെ പരമാധികാരം കുറയുകയും വിനിമയം ചെയ്യപ്പെടാവുന്നതെല്ലാം ദേശാതിർത്തികൾ വിട്ടു സ്വതന്ത്രമായി കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ തുടങ്ങുകയും ചെയ്തു.

ഒരുകാലത്തു ഒരാളിന്റെ മുഖം നോക്കി അയാൾ ഏതു ദേശക്കാരനാണ് (nationality) എന്ന് പറയാൻ കഴിയുമായിരുന്നെങ്കിൽ കുടിയേറ്റങ്ങൾ അതവസാനിപ്പിച്ചു. പിന്നെ ഒരാളുപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലൂടെ തിരിച്ചറിയാമെന്നായി . ഉദാഹരണത്തിന് ഒരാളിടുന്ന ചെരുപ്പിൽ നിന്നും അയാൾ ഏതു രാജ്യക്കാരനാണെന്നു പറയാമെന്ന നിലവന്നു. എന്നാൽ ആഗോളീകരണം അതും അവസാനിപ്പിച്ചു.

പൊതുവെ പറഞ്ഞാൽ വിനിമയം ചെയ്യപ്പെടാവുന്ന, കൈമാറ്റം ചെയ്യപ്പെടാവുന്ന എന്തിനെയും ആഗോളീകരണം ബാധിക്കുന്നുണ്ട്. പ്രധാനമായി നാണയം (money) അതായതു സാമ്പത്തികം , അതുപോലെ സാങ്കേതിക വിദ്യ (technology) യും ഉൽപ്പന്നങ്ങളും (products). അബോധപൂർവം കൈമാറ്റം ചെയ്യപ്പെടാവുന്ന കൊറോണ വൈറസ് പോലും ഇത്രവേഗം ലോകത്തു പടർന്നുപിടിക്കാൻ ഒരു കാരണം ഗ്ലോബലൈസഷന്റെ ഫലമായി ഉണ്ടായ സഞ്ചാര സ്വാതന്ത്ര്യമാണ്. ആത്യന്തികമായി മേല്പറഞ്ഞവയെല്ലാം ബാധിക്കുന്നതു മനുഷ്യനെ തന്നെയാണ്. മനുഷ്യനെ സംബന്ധിക്കുന്നതെന്തും സാഹിത്യത്തെയും സ്വാധീനിക്കുന്നു. കൃതികൾ മനുഷ്യകഥാനുഗായികൾ എന്നാണല്ലോ. മുൻപത്തേക്കാളും രാജ്യാന്തര കുടിയേറ്റത്തിനു സാധ്യത ഏറ്റവും കൂടുതലാവാൻ പ്രധാന കാരണം ആഗോളീകരണമാണ്. ഒരു ദേശത്തേക്ക് പുതിയ കുറേപ്പേർ വന്നുചേരുമ്പോൾ അവിടുള്ളവരുടെയും ചെന്നുചേരുന്നവരുടെയും ജീവിത ശൈലിയും സംസ്കാരവും മാറുന്നു. അവിടുന്നുണ്ടാവുന്ന സാഹിത്യത്തിനും മാറ്റമുണ്ടാവുന്നു. വായനക്കാരും എഴുത്തുകാരും ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മാധ്യമങ്ങളും പ്രസാധകരും ചേരുന്നതാണല്ലോ സാഹിത്യരംഗം.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം വരെ സാഹിത്യസൃഷ്ടികൾ വായനക്കാരിലെത്തിയിരുന്നത് അച്ചടി മാധ്യമങ്ങളിലൂടെയാണ്. ഏറ്റവും വലിയ സാഹിത്യരൂപം എന്ന നിലക്ക് ആദ്യകാലത്തെ പാശ്ചാത്യ നോവൽ സാഹിത്യം പരിശോധിച്ചാൽ അവ ആക്ട് ഒന്ന് രണ്ട് മൂന്ന് എന്ന രീതിയിൽ മൂന്നു വാള്യങ്ങളായാണ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. ഉദാ. ചാൾസ് ഡിക്കെൻസിന്റെ ഒലിവർ ട്വിസ്റ്റ് (1838). ഓരോ വാല്യത്തിനും പൊതുവിൽ മുന്നോറോളം പേജുകൾ. എന്നാൽ ഇരുപതാം നൂറ്റാണ്ടോടുകൂടി നോവലുകൾ ഒറ്റ വാല്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് വ്യാപകമായി.

മലയാള സാഹിത്യത്തിൽ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. (ലക്ഷണമൊത്ത ആദ്യനോവൽ ഇന്ദുലേഖ പ്രസിദ്ധീകരിക്കപ്പെടുന്നത് 1889 ലാണ്) നോവലുകൾ ഒരു വാല്യമായാണ് മലയാളികൾ വായിച്ചു തുടങ്ങുന്നത്. ഇതിനൊരപവാദമായി കാണാവുന്നത് 1980-ൽ പുറത്തിറങ്ങിയ അവകാശികൾ (എം കെ മേനോൻ) ആണ് ( നാല് വാള്യങ്ങളിലായി 3958 പേജുകൾ). ഇത് ജയമോഹന്റെ തമിഴ് ഇതിഹാസമായ വെണ്മുരസു കഴിഞ്ഞാൽ ഇന്ത്യയിൽ വലുപ്പത്തിൽ രണ്ടാമത് നിൽക്കുന്ന നോവലാണ്.

എന്നാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെത്തിനിൽക്കുമ്പോൾ നോവലുകൾ ഒരു വാള്യമായാണു പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കിലും പേജുകൾ കുറഞ്ഞു വരുന്നതായി കാണാം. 2021 ൽ ബുക്കർ പ്രൈസ് നേടിയ ഫ്രഞ്ച് നോവൽ ‘അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്’ ന്റെ ഇംഗ്ലീഷ് പരിഭാഷക്ക് കേവലം നൂറ്റി നാല്പത്തിയഞ്ചു പേജുകളാണുള്ളത്. പുതിയ വിപണന മാതൃകയിൽ ഇടത്തരം വലുപ്പമുള്ള നോവലുകൾക്കാണ് വിപണിയെന്നത് ഇതിനൊരുകാണാമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ 21 വർഷങ്ങൾ പിന്നിടുമ്പോൾ സാഹിത്യ രംഗത്തെ പുതിയ വിപണന മാതൃകയിൽ വായനക്കാരൻ ഉപഭോക്താവും സാഹിത്യ രചനകൾ ഉല്പന്നങ്ങളുമാവുന്നു. എഴുത്തുകാരനാവട്ടെ ഉൽപ്പാദകനും. നവമാധ്യമങ്ങൾക്കു മേൽക്കൈയ്യുള്ള ഈ വ്യവസ്ഥയിൽ പ്രസാധകർ സർവീസ് പ്രൊവൈഡർ എന്ന റോളിൽ ആണ്. അതായതു വായനക്കാരന് ആവശ്യമുള്ളത് എഴുത്തുകാരനിൽ നിന്നും ഉൽപ്പാദിപ്പിച്ചു എത്തിക്കുക എന്നതാണ് അവരുടെ റോൾ .ഈ വിപണന മാതൃകയുടെ പശ്ചാത്തലത്തിലായിരിക്കണം ‘അക്ഷരങ്ങൾ വില്പനച്ചരക്കാവുന്നു’ എന്ന വിമർശനം ഉയർന്നുകാണുന്നത്.

ഡിജിറ്റൽ മീഡിയയെ സൈബർ സ്പേസ് എന്നും ഉപയോഗിച്ച് കാണുന്നുണ്ട് William Gibson ന്റെ 1984 ൽ പുറത്തിറങ്ങിയ ന്യുറോമാൻസർ (neuromancer) എന്ന നോവലിലാണ് ആദ്യമായി ‘സൈബർ സ്പേസ്’ എന്ന് ഉപയോഗിച്ചിട്ടുള്ളത് . കംപ്യൂട്ടറുകൾ സൃഷ്ടിച്ചെടുത്ത ഒരു ഭാവനാ പ്രപഞ്ചത്തെയാണ് സൈബർ സ്പേസ് എന്ന് വിളിച്ചത്. അതുകൊണ്ടുതന്നെ ഡിജിറ്റൽ മാധ്യമങ്ങൾക്കു ആ പേര് ചേരുന്നില്ല കാരണം അത് ഭാവനയല്ല യാഥാർഥ്യമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ പ്രധാനമായി ഉപയോഗിക്കപ്പെട്ട പ്രിന്റ് മാധ്യമത്തിന് ആദ്യകാലത്തു ലഭ്യത (Access) ഒരു പ്രശ്നം ആയിരുന്നു. വായനക്കാരന് യഥേഷ്ടം അച്ചടിച്ച പുസ്തകങ്ങൾ കിട്ടാനും എഴുത്തുകാരന് സ്വന്തം സൃഷ്ടി അച്ചടിച്ച് പുസ്തകങ്ങളാക്കാനും പറ്റിയ സാഹചര്യമായിരുന്നില്ല. സാധാരണ വായനക്കാരന്റെ ആശ്രയം വായനശാലകൾ ആയിരുന്നു.

പ്രസിദ്ധനല്ലാത്ത ഒരെഴുത്തുകാരന് സ്വന്തം കൃതി പ്രസിദ്ധീകരിച്ചു കിട്ടുക എന്നത് അത്ര എളുപ്പവുമായിരുന്നില്ല. അറിവ് എന്നത് അധികാരം കയ്യാളാനുള്ള ആയുധമായി കൂടി ഉപയോഗിക്കപ്പെട്ട ഒരു കാലത്തു വിവര ലഭ്യത (Information Access) പലരീതിയിൽ പരിമിതപ്പെടുത്തിയിരുന്നു. ഈ അവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ്. അതിനു കാരണമായി വർത്തിച്ചത് ടെക്നോളജിയായിരുന്നു. അവയിൽ പ്രധാനം ഗൂഗിൾ സെർച്ച് ടെക്നോളജി, മൂന്നാം വ്യാവസായിക വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്റർനെറ്റ്, വേൾഡ് വൈഡ് വെബ് എന്നിവയാണ് . കൂടാതെ വിവിധ കമ്പ്യൂട്ടിങ് പ്ലാറ്റുഫോമുകൾ, മൊബൈൽ ടെക്നോളജി എന്നിവയും ലഭ്യതാപ്രശ്നങ്ങൾ പരിഹരിക്കാൻ കാരണമായിട്ടുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടിൽ എഴുത്തിനെ ഏറ്റവും സ്വാധീനിച്ചത് ദേശീയതയാണ്. ഒരു നൂറ്റാണ്ടു എന്നത് ഒരു വലിയകാലയളവാണ്‌. ദേശീയത എന്ന ബോധം അടിയൊഴുക്കായി നിൽക്കുമ്പോഴും എഴുത്തിൽ ഓരോ കാലത്തും ഭാവുകത്വ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് . അതിനു കാരണം അതാത് കാലത്തു ഉണ്ടായ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങൾ ആണ്. കേരളത്തിന്റെ കാര്യത്തിൽ ആ മാറ്റങ്ങളിലേക്കു നമ്മെ നയിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങൾ, ഇടതുപക്ഷ പുരോഗമന ചിന്താധാരകൾ, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ, പോസ്റ്റ് കൊളോണിയൽ ക്ലൈമറ്റ്, ആധുനികത (modernity) എന്നിവയാണ്.

ഗ്ലോബ് എന്ന വാക്ക് globus എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്. ‘ഗ്ലോബ്’ എന്ന വാക്കിനർത്ഥം ഗോളത്തിന്റെ ആകൃതി എന്നാണ്. എന്നാൽ ഗ്ലോബൽ എന്ന വാക്കിന്റെ ധ്വനി യൂണിവേഴ്‌സൽ എന്നാണ് - ലോകവ്യാപകമായത് . പ്രാദേശികം, ദേശീയം എന്നതിനൊക്കെ നേരെ വിപരീതമായ ഒന്നാണ് യൂണിവേഴ്സൽ എന്ന പ്രയോഗം. അതുകൊണ്ടാണ് ലോകമേ തറവാട്, ഗ്ലോബൽ വില്ലജ് എന്നൊക്കെ ഉപയോഗിച്ചുകാണുന്നതു . അങ്ങിനെ സമകാലിക സാഹിത്യമെന്നത് ആഗോള സാഹിത്യമായി മാറുകയാണ് . ഇത് ദേശീയത വാദത്തിന്റെ നേരെ വിപരീതമാണ്. അതിരുകളില്ലാതെയാവുന്നു. ആഗോളതലത്തിൽ കുടിയേറ്റങ്ങൾ നടക്കുന്നു. അങ്ങിനെ സംസ്കാരങ്ങൾ മാറുന്നു അതുകൊണ്ടു എഴുത്തും മാറുന്നു.

ഈ നൂറ്റാണ്ടിലെ എഴുത്തുകാർ ആഗോളവൽക്കരിക്കപ്പെട്ട (life englobed) ജീവിതങ്ങളെ ചിത്രീകരിക്കാനും വാഴ്ത്താനും ശ്രമിക്കുന്നു. WB Sebald , Ben Okri (1991 ബുക്കർ prize ‘The Famished Road’) യെപ്പോലുള്ള ശക്തരായ സമകാലിക എഴുത്തുകാർ ആഗോളീകരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുകയും ഭാവിയുടെ വാഗ്ദാനമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് . സൽമാൻ റുഷ്‌ദി ഇന്ത്യക്കാരനായിരുന്നെങ്കിലും പിന്നീട് യൂറോപ്പിലേക്കു കുടിയേറുകയും അതിനു ശേഷം ന്യൂ യോർക്കിൽ സ്ഥിരതാമസക്കാരനാവുകയും ചെയ്തയാളാണ്. ബെൻ ഓക്രി ആഫ്രിക്കയിൽ ജനിച്ചു ലണ്ടനിലേക്ക് കുടിയേറി, പിന്നെ തിരിച്ചു പോയി വീണ്ടും ലണ്ടനിൽ കുടിയേറിയ ആളാണ്.

2021 ഇൽ സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച അബ്ദുൽ റസാഖ് ഗുർണ വംശീയകലാപങ്ങളെ തുടർന്ന് ജന്മദേശമായ ടാൻസാനിയയിലെ സൻസിബാർ ദ്വീപ് ഉപേക്ഷിച്ചു ലണ്ടനിലേക്ക് അഭയാർഥിയായി പോകേണ്ടിവന്ന ആളാണ്. 1963 ഇൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതത്യ്രം കിട്ടിയശേഷം ഉണ്ടായ വംശഹത്യയിൽ നിന്നും രക്ഷനേടാൻ അറബ് ന്യുനപക്ഷമായ ഗുർണക്കു നാട് വിടേണ്ടി വന്നു. ഇവിടെ എഴുത്തുകാരൻ തന്നെ കുടിയേറ്റങ്ങളുടെയോ പലായനങ്ങളുടെയോ ഭാഗമാവുകയാണ് . അതുകൊണ്ടു പ്രമേയങ്ങളിൽ കൊളോണിയലിസവും പലായനങ്ങളും കടന്നുവരിക ഒരു ജൈവീക പ്രതിഭാസം മാത്രമാണ്.

ഡിജിറ്റൽ മാധ്യമത്തിൽ ഒരു വായനക്കാരന് പ്രിന്റഡ് മാറ്റർ വായിക്കുന്നതിനേക്കാൾ സ്‌കിൽസ് ആവശ്യമാണ്. ഒരു വെബ് പേജ് വായിക്കുമ്പോൾ അ തിൽ ഒരു ഓഡിയോ ക്ലിപ്പ് ഉണ്ടാവാം അല്ലെങ്കിൽ വീഡിയോ എംബെഡ് ചെയ്തിരിക്കാം. അല്ലെങ്കിൽ നമ്മൾ ഇന്ററാക്ട് ചെയ്യേണ്ട ഒരു ഭാഗമുണ്ടാവാം . അതുകൊണ്ടു ഡിജിറ്റൽ മാധ്യമങ്ങളിൽ വായിക്കുമ്പോൾ കണ്ണുകൾ മാത്രം പോരാതെ വരുന്നു. ചിലതു കേൾക്കേണ്ടാതാവും. അപ്പോൾ പല ഫാക്കൽറ്റിസ് ഒരേ സമയം ഉപയോഗിക്കേണ്ടി വരുന്നു. മറ്റൊന്ന്, വേൾഡ് വൈഡ് വെബ് എന്നത് ഏറ്റവും ജനകീയമായ മാധ്യമമായ കാരണം വായനക്കാരനു തനിക്കു വായിക്കേണ്ടത് എന്താണെന്നു സ്വയം തെരഞ്ഞെടുക്കേണ്ട ബാധ്യതയുണ്ട്. അത്രയ്ക്ക് വലിയ അളവിലാണ് ദിവസവും സൃഷ്ട്ടികൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത്.

അത് പോലെ hypertext വായിക്കുന്നത് സമ്പ്രദായികരീതി അല്ലെങ്കിൽ ലീനിയർ റീഡിങ് എന്നതിൽ നിന്ന് വ്യസ്ത്യതമാണ്. ലിനീയർ റീഡിങ് എന്നത് ( books , printed texts) ഒന്നാം പേജുമുതൽ തുടങ്ങി അവസാന പേജുവരെ വായിച്ചു പോവുന്ന രീതിയാണ്. എന്നാൽ വെബ് പേജുകൾ ആവശ്യപ്പെടുന്ന structural reading ("texts" electronically linked to other "texts") എന്നത് വ്യത്യാസമാണ് . ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനു ഡിജിറ്റൽ ലിറ്ററസി ആവശ്യമാണെന്ന് സാരം. ഡിജിറ്റൽ ലിറ്ററസി എന്നത് സാങ്കേതിക പരിജിഞ്ജാനം അല്ല. വേണ്ടത് എന്താണ്? എവിടെ കിട്ടും? എങ്ങിനെ കിട്ടും ? കിട്ടിയത് എങ്ങിനെ ഉപയോഗിക്കാം എന്നതാണ്

നവ മാധ്യമങ്ങളുടെ വരവോടെ സാഹിത്യത്തിന് ഒരു പൊതു മാനം കൂടി കൈവരുന്നു. ഒരു രചന നിങ്ങൾ ഇന്റ്ർനെറ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അത് നിങ്ങളുടേത് എന്നതിനേക്കാൾ ഒരു പൊതു സ്വത്തു കൂടിയാവുന്നു. അവിടെ ഒരു സിറ്റിസൺ എന്ന നിലയിൽ മാത്രമല്ല അത് പ്രസിദ്ധീകരിക്കപ്പെടുന്നത് , മറിച്ചു ‘നെറ്റിസൺ’ (Netizen) അല്ലെങ്കിൽ ഡിജിറ്റൽ സിറ്റിസൺ എന്ന നിലയിൽ കൂടിയാണ്. സോഷ്യൽ മാധ്യമങ്ങൾ ഉത്തരവാദിത്തബോധത്തോടെ കൈകാര്യം ചെയ്യാൻ നാം നല്ല DIGItal citiZENS ആവേണ്ടതുണ്ട്. സാമ്പ്രദായികമായിയുള്ള copyright പോലുള്ള അവകാശങ്ങൾ അതുപോലെ ഇന്റർനെറ്റിൽ പ്രായോഗികമല്ല . അതിനർത്ഥം ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്ന രചന രജിസ്റ്റർ ചെയ്‌തു കോപ്പി റൈറ്റ് പ്രൊട്ടക്ഷൻ എടുക്കാനാവില്ല എന്നല്ല. എൻക്രിപ്ഷൻ (Encryption), water marking തുടങ്ങിയ നൂതന സങ്കേതങ്ങൾ നിയമവിരുദ്ധമായ ചൂഷണങ്ങൾക്ക് മേലെ രചനകൾക്ക് സംരക്ഷണം നൽകുമെങ്കിലും ഇത്തരം സങ്കേതങ്ങൾ ഉണ്ടായി അധികം താമസിയാതെ തന്നെ ബദൽ സങ്കേതങ്ങൾ വെല്ലുവിളികളായി ഉയർന്നു വരുന്നുമുണ്ട്.

ആഗോളീകരണത്തിന്റെ സമകാലിക അവസ്ഥയിൽ പ്രസാധനത്തിന്റെ ഏറ്റവും നല്ല ഉദാഹരണം ആമസോൺ .കോം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ നദിയാണല്ലോ ആമസോൺ. മാത്രവുമല്ല, ആമസോൺ കഴിഞ്ഞുള്ള അടുത്ത അഞ്ചു നദികളെ ഒരുമിച്ചു ചേർത്താലും ആമസോണിനൊപ്പം വരില്ല. ഇതാണ് വിപണന രംഗത്ത് കടക്കുമ്പോൾ സ്ഥാപക സിഇഒ ജെഫ് ബെസോസിന് ഉണ്ടായിരുന്ന ((Jeff Besos) വിഷൻ. ലോകത്തിന്റെ ഏതു ഭാഗത്തുള്ള വായനക്കാരനും ഏതു പുസ്തകവും ലഭിക്കാവുന്ന തരത്തിലുള്ള ഒരു മാതൃകയാണ് ആമസോൺ സ്വീകരിച്ചിട്ടുള്ളത്. അതിനർത്ഥം പുസ്തകങ്ങളിലൂടെ ആശയങ്ങൾ യഥേഷ്‌ടം ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേരും എന്നല്ല. മറ്റേതൊരു സാധനവും ഓൺലൈനിൽ ഓർഡർ ചെയ്യാമെന്നപോലെ പുസ്തകങ്ങളും ഓർഡർ ചെയ്യാം എന്നുമാത്രം. വ്യതിരിക്തമായ (idiosyncratic affinities ) താല്പര്യങ്ങളോടെ നിലനിൽക്കുന്ന പ്രാദേശിക കുത്തകകൾ ഏകീകരണത്തിന്റെ ഭാഗമാവുകയോ ബിസിനസിൽ നിന്നും പുറത്താവുകയോ ചെയ്യാൻ സാധ്യതയുണ്ട്. വായനക്കാരനും എഴുത്തുകാരനും ഒരു പോലെ പ്രയോജനം ചെയ്യുന്ന ചില ആമസോണ്‍ പ്ലാറ്റ്‌ഫോമുകള്‍ ഇവിടെ ചേര്‍ക്കുന്നു.

Read more at: https://www.mathrubhumi.com/books/features/s-anilkumar-writes-about-the-connection-among-globalization-newmedia-and-world-literature-1.6376389

- Amazon Crossing - വിവർത്തനങ്ങളുടെ അമേരിക്കയിലെ ഏറ്റവും സമൃദ്ധമായ പോർട്ടൽ. പുരസ്‌കാരങ്ങൾ നേടിയതും ലോകത്തു ഏറ്റവും വിറ്റഴിക്കപ്പെടുന്നതുമായ പുസ്തകങ്ങളുടെ വിവർത്തനങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
(Amazon Crossing - World Literature | Amazon Publishing)
- Audible, ഓഡിയോ ബുക്സിന്റെ ഏറ്റവും വലിയ വിതരണക്കാർ .
- Goodreads, (2013-ഇൽ ആമസോൺ വാങ്ങിയത് , വായനക്കാർക്കായുള്ള ഏറ്റവും വിപുലമായ സൈറ്റ്.
-Kindle Direct Publishing (K.D.P.) എന്ന ആമസോൺ ഡിവിഷൻ ഏറ്റവും ലളിതമായ രീതിയിൽ ഫ്രീ ആയി എഴുത്തുകാരന് സ്വന്തം രചന പബ്ലിഷ് ചെയ്യാവുന്ന ഒരു പ്ലാറ്റഫോം ആണ്. ഓരോ എഴുത്തുകാരനെയും പ്രസാധകനും കൂടിയാക്കുന്ന ഒരു മാതൃകയാണ് KDP വിഭാവനം ചെയ്തിട്ടുള്ളത്.

നേരത്തെ സൂചിപ്പിച്ചപോലെ ഇന്റർനെറ്റ് ആണ് മൂന്നാം വ്യാവസായിക വിപ്ലവത്തിനു കാരണമെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5G ടെക്നോളജി തുടങ്ങിയവ നാലാം വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. മനുഷ്യരാശിയെത്തന്നെ യന്ത്രവൽക്കരിച്ചു നമ്മുടെ ആത്മാവു നഷ്ട്ടപ്പെട്ടതാക്കാൻ പോന്ന സാങ്കേതിക വിദ്യകളാണിവയെങ്കിലും നമ്മളോർക്കേണ്ടത് ഇതെല്ലം മനുഷ്യന്റെ കണ്ടുപിടിത്തങ്ങളാണ് എന്നതാണ്. മനുഷ്യസ്വഭാവത്തിന്റെ ഏറ്റവും ഉദാത്ത വശങ്ങളായ നന്മയും സഹജാവബോധവും സർഗാത്മകതയും ഇത്തരം സങ്കേതങ്ങളെ മനുഷ്യരാശിയുടെ ഉന്നമനത്തിനായി മാത്രം പ്രയോജനപ്പെടുത്തുമെന്നു പ്രത്യാശിക്കാം.

Read more at: https://www.mathrubhumi.com/books/features/s-anilkumar-writes-about-the-connection-among-globalization-newmedia-and-world-literature-1.6376389

സോഫി

(2022 ഭാഷാപോഷിണി പുതുവത്സരപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥ, ജനുവരി ലക്കം)

എട്ടുമണിക്കൂറായുള്ള ഇരിപ്പാണ്. ഐ. സി. യുവിനു‌മുന്നിൽ.

‘മമ്മ, പോയ് മുറിയിൽ കിടക്കൂ. ഞാനിവിടെയുണ്ടല്ലോ’ എന്ന് നാലഞ്ചുവട്ടമെങ്കിലും ഇതിനകം തരുൺ പറഞ്ഞു കാണും. ഞാൻ കേട്ടതായേ ഭാവിച്ചില്ല. അസഹ്യമായ തണുത്ത കാറ്റ്, ഐ സി യുവിന്റെ വാതിൽ തുറക്കുമ്പോൾ! ഇടയ്ക്ക് നേഴ്സുമാർ പുറത്തേക്കും ഡോക്ടർ അകത്തേക്കും പായുന്നതുപോലും ഞാൻ ശ്രദ്ധിക്കുന്നില്ല. എനിക്കറിയാം പ്രതീക്ഷയ്ക്ക് വകയില്ലെന്ന്. ഏതു നിമിഷവും പുറത്തേക്കു വരാവുന്ന ഒരു ഡോക്ടർ 'ഇട്ടൂപ്പിന്റെ ആരാ ഉള്ളത്' എന്ന് ചോദിക്കുമെന്ന്. പിന്നെ, 'വൈഫ് ആണല്ലേ? സോറി വി ട്രൈഡ് ഔർ ബെസ്റ്റ്.. ബട്ട്…' എന്നാവും. ഞാനത് യാഥാർഥ്യമായെടുത്തേ മതിയാവൂ.

വെറുതെ മൊബൈലിൽ തോണ്ടിയിരുന്നു. സെൽഫി മോഡിൽ കാമറ ഓൺ ചെയ്തു. ഹോ! ഞെട്ടിപ്പോയി. ഇത്രവർഷം കഴിഞ്ഞിട്ടും പാതി ചതഞ്ഞരഞ്ഞ സ്വന്തം മുഖം എന്നെ ഞെട്ടിക്കുന്നു. ഈ മുഖത്തെയാണല്ലോ ഇട്ടൂപ്പ് സ്നേഹിച്ചത്. തരുൺ പോലും ഇങ്ങിനെ ആയതിൽപ്പിന്നെ എന്നെ ഹഗ് ചെയ്തിട്ടില്ല. ഞാൻ തള്ളവിരൽ കൊണ്ട് സ്ക്രീൻ പാതി മറച്ചു. പെട്ടെന്ന് ഓർമ്മവന്നത് ഇങ്ങോട്ടു വരുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇട്ടൂപ്പ് പറഞ്ഞ വാക്കുകളാണ്, ‘സോഫീ നീ അമ്പതിലും സുന്ദരിയാണ്!’. ഒരു നിമിഷം സന്തോഷിച്ചെങ്കിലും അടുത്ത നിമിഷം ഇരട്ടി സങ്കടമായി. പിന്നെ രണ്ടുമല്ലാത്ത അവസ്ഥ. ഞാൻ കാമറ ഓഫാക്കി.

എന്നായിരുന്നു ഇട്ടൂപ്പിനെ ആദ്യം കണ്ടത്?

ഹാ! ഒരിക്കലും മറക്കില്ല അത്! എങ്ങനെ മറക്കാൻ കഴിയും? എന്റെ മുഖം എന്നുമൊരു ഷാൾ മൂടലിനിപ്പുറമല്ലാതെ അധികം പരസ്യപ്പെട്ടില്ലല്ലോ. എങ്ങാനും അനാവ്രതമാകുന്ന വേളയിൽ അത് കാണുന്നവരുടെ മുഖത്തെ - ഹൊ എത്ര അടുപ്പമുള്ളവരായാലും എത്രമറച്ചുപിടിക്കാൻ ശ്രമിച്ചാലും അവരുടെ നെഞ്ചിൽ നിന്ന് കണ്ണുകളിലേക്കെത്തുന്ന - ഒരു നടുക്കം കാണാം! ജീസസ്! അടുത്ത സെക്കന്റിൽ അത് സഹതാപമാകും. ശ്ശൊ! അതാണ് ഒട്ടും സഹിക്കാൻ വയ്യാത്തത്!

ഓഹ്! ഇട്ടൂപ്പിനെ ആദ്യം കണ്ടകാര്യം ഓർക്കുമ്പോഴേ ചിന്തകൾ വഴിമാറിപോകുന്നതു കണ്ടോ? അല്ലെങ്കിലും അതിങ്ങനെയാണ്. വണ്ടിക്കടിയിൽ, ശരീരം പാതി ടാറിട്ട റോഡിലുരസി നീങ്ങിയപ്പോൾ ഏതൊക്കെയോ ഞരമ്പുകളും വഴിമാറി കൂട്ടിപ്പിടിച്ചിരിക്കണം. അല്ലെങ്കിൽ ഇതുപോലെ ഓർമ്മകളുടെ സിഗ്നലുകൾ വഴിതെറ്റിക്കുമോ?

ദേ പിന്നെയും. ഓഹ് മൈ ബ്രെയിൻ. കം ടു ദ സ്പോട്ട്. സ്റ്റേ ദെയർ!

അന്ന് ഡേ കെയറിലെ ഒരു കുട്ടിയുടെ ജന്മദിനാഘോഷമായിരുന്നു. സാധാരണ ആൾക്കൂട്ടവും ആഘോഷങ്ങളുമൊക്കെ ഒഴിവാക്കാറാണ് പതിവ്. പക്ഷേ എന്തോ ആ ക്ഷണം നിരസിക്കാനായില്ല! അവർ സ്നേഹമുള്ളവരായിരുന്നു. പോകേണ്ടി വന്നു എന്ന് പറയുന്നതാവും ശരി!.

ഒരു ഭാഗത്ത് ഒതുങ്ങിയിരുന്ന് മുഖാവരണം മാറ്റിപ്പിടിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഓർമ്മയുണ്ട് ചെവിക്കടുത്ത് ഒരു ശബ്ദം മുഴങ്ങിയത്.

"നല്ല ശ്വാസതടസ്സം ഉണ്ടാകും അല്ലേ?"

ശബ്ദത്തിന്റെ അല മാറിയപ്പോഴാണ് രൂപം തെളിഞ്ഞത്. ഒരു മനുഷ്യൻ! പ്ലേറ്റിൽ ഭക്ഷണവുമായി തന്റെ മുന്നിൽ ഇരിക്കാൻ തുടങ്ങുന്നു!

എത്ര മേശ കസേര ചുറ്റിലും ഒഴിവുണ്ട്.... ഒരു മൂലയ്ക്ക് ഒതുങ്ങിയിരുന്ന് കഴിക്കുന്ന തന്റെ മുന്നിൽ തന്നെ വന്നിരുന്ന് കുശലം ചോദിക്കാൻ കണ്ട കാര്യം!!

"ഇല്ല! ഒരു കുഴപ്പവുമില്ല! പക്ഷെ ഇമ്മാതിരിയുള്ള ചോദ്യങ്ങൾ നെഞ്ചിനെ വിലക്കുന്നു. ശ്വാസം തടസപ്പെടുത്തുന്നു."

"സോറി! നോക്കൂ സിസ്റ്ററെ..നിങ്ങളുടെ ഈ മാറിയിരിപ്പുണ്ടല്ലോ… അത്…,” ഒന്ന് നിറുത്തി, മനഃപൂർവം മയപ്പെടുത്തിയതെങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു, “നോക്കൂ നിങ്ങളാണ് നിങ്ങളെത്തന്നെ സഹതപിച്ച് ഇല്ലാതാക്കുന്നത്. ഒരു സിമ്പിൾ കാര്യം പറയട്ടെ. നിങ്ങളുടെ ശരീരം അല്ല നിങ്ങൾ. അതാണു കാര്യം.”

ഞാനൊന്നും മിണ്ടിയില്ല. എന്ത് പറയാൻ!

“ഓക്കേ, ഞാൻ എണീറ്റുപൊക്കോളാം. സോറി ഫോർ ദി ട്രബിൾ"

"ഒഹ്! വേണ്ട. പോകണ്ട. കഴിച്ചോളൂ. എനിക്കിത് ശീലമില്ല. അതാണ്"

"എന്ത്?"

"ഇത് തന്നെ. നിങ്ങളിപ്പോൾ ചെയ്യുന്നത്. ഈവിധമായതിൽപ്പിന്നെ എന്റെ മുഖത്തേക്ക് നോക്കിയവരാരും നിങ്ങളെപ്പോലെ രണ്ടാമത് നോക്കാറില്ല."

"ഓ! അത്! പട്ടാളക്കാർക്ക് ഇതൊന്നും പുത്തരിയല്ല സിസ്റ്റർ."

"ഞാൻ സിസ്റ്ററല്ല! സോഫി"

“ആ സോഫി! ഞങ്ങൾ പട്ടാളക്കാർ ഇതുകണ്ടൊന്നും ഞെട്ടില്ല മാഡം. ഹ ഹ! കഴിക്കൂ എന്താണ് കഴിപ്പ് നിർത്തുന്നത്..? അതെ ഞാൻ കുടിച്ചിട്ടുണ്ട്. സോഫി മദ്യപിക്കുമോ? ഒരു ലാർജ് കൊണ്ടുവരട്ടെ?"

സത്യം പറഞ്ഞാൽ അവിടെ, ആ പാർട്ടിയിൽ വിവേചനം ഉണ്ടായിരുന്നു. ഒരു ഭാഗത്ത് ബാർ കൗണ്ടർ പോലെ. അവിടെ എല്ലാത്തരം മദ്യങ്ങളും ഒഴിച്ച് കൊടുക്കാൻ രണ്ട് അറ്റൻഡർമാരും. സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് അന്തരീക്ഷത്തിൽ അലിഖിതമായി എഴുതിവെച്ച പോലെ. എനിക്ക് സത്യം പറഞ്ഞാൽ ഒരു ഡ്രിങ്ക് വേണമെന്നുണ്ടായിരുന്നു. അതിനാൽ തന്നെ സ്ത്രീകളുടെ വായിൽ സാധാരണ വരുന്ന ‘ഒഹ് നൊ! താങ്ക്സ്’ ഞാൻ പറഞ്ഞില്ല. ഈ മനുഷ്യൻ ഒരു മൈൻഡ് റീഡറാണെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. അയാൾ എന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ, കളറില്ലാത്ത ഒരു ഡ്രിങ്ക് എടുത്ത് കൊണ്ടുവന്നു. ലജ്ജയേതുമില്ലാതെ ഞാനോർക്കുന്നു, ഇട്ടൂപ്പ് അതെടുത്ത് കൊണ്ടുവന്നപ്പോൾ എന്റെ ചുണ്ടും തൊണ്ടയും ആമാശയവും ആ തീ വിഴു ങ്ങാൻ നിശബ്ദം തയാറായി. പക്ഷേ അയാൾ കൊണ്ടുവന്ന ഗ്ലാസ് സ്വന്തം പ്ലേറ്റിനടുത്താണ് വച്ചത്. എന്റെ മനസ്സിടിഞ്ഞു.

സ്വാർത്ഥൻ. വെറുതെ മോഹിപ്പിച്ചു. ഞാൻ പിന്നെ അയാളെ നോക്കിയില്ല. ഷാൾ കൊണ്ട് മറയ്ക്കാതെ എന്റെ ഭക്ഷണം കഴിക്കാൻ തുടങ്ങി. പെട്ടന്ന് എന്റെ പ്ലേറ്റിനരികിലേക്ക് ഗ്ലാസ് നീങ്ങിവന്നപോലെ; ശബ്ദവും. "വോഡ്കയാണ്. നാരങ്ങാനീരും. ലാർജ്ജ് ആണ്. ഒറ്റ വലിക്ക് കുടിക്കൂ. ആരും കാണണ്ട."

ഞാൻ തല ഉയർത്തുകയോ പ്രതികരിക്കുകയോ ചെയ്തില്ല. കണ്ണടച്ച് പാലുകുടിക്കുന്ന പോലെ ഒറ്റവലിക്കത് കാലിയാക്കി. ഒരു തീക്കുണ്ഡം തൊണ്ടവഴി വയറ്റിലേക്കിറങ്ങി. ആ സ്ഫോടനം ശരിക്കറിഞ്ഞു. പൊട്ടിയ അഗ്നിപർവ്വതത്തിൽ നിന്ന് ഉയരുന്ന ലാവ കണക്കെ എന്തോ ഒന്ന് പൊന്തി ഉയർന്നു. അതെന്റെ തലച്ചോറിൽ ഒരു വിരിയമിട്ട് പോലെ വട്ടത്തിൽ വിരിഞ്ഞു. യെസ്, ഞാൻ തല ഉയർത്തിനോക്കിയപ്പോൾ അയാൾ അതിസുന്ദരനായി മാറിയ പോലെ!

"സോഫീ, എന്റെ ആദ്യ മിഷൻ ശ്രീലങ്കയിലേക്കായിരുന്നു. സഹായിക്കാൻ ചെന്ന ഞങ്ങൾക്ക് രണ്ട് സൈഡീന്നും അടി കിട്ടി. ഞാനന്ന് പയ്യൻ. യുദ്ധത്തിൽ കൊല്ലുന്നത് മനസ്സിലാക്കാം. പട്ടാളക്കാർ കരുക്കളാണ്. കാലാൾ! എന്നാൽ എതിരാളികൾക്കത് യുദ്ധമല്ല. ജീവിതമായിരുന്നു. അവിടെ കണ്ടു. കാണരുതാത്തത് പലതും. സോഫിക്കിത് ഒരു ആക്സിഡന്റ്. എനിക്കറിയാം. നിങ്ങളെ ഈ മൂന്നാറിൽ എല്ലാവർക്കും അറിയാം. അന്ന് ജീപ്പിനടിയിൽപെട്ട് മുഖമുരസി നിങ്ങൾ പിടഞ്ഞ് പോകുന്നത് കണ്ടുനിന്ന പലരും പറഞ്ഞറിയാം. അതുപോലെയല്ലായിരുന്നു ശ്രീലങ്കയിൽ. ശവത്തിന്റെ മുഖം വരെ വികൃതമാക്കും തരം ഉന്മാദികളാണ് തീവ്രവാദികൾ. പറഞ്ഞല്ലോ പട്ടാളക്കാർ മുകളിലുള്ള ചിലരുടെ കരുക്കൾ. എന്നാൽ പുലികൾക്ക് ഞങ്ങൾ ഇരകളും. അവർക്കത് സ്വാതന്ത്ര്യസമരം! സോറി സോഫീ, ഞാൻ അഞ്ചോ ആറോ ലാർജ് കഴിച്ചിട്ടുണ്ട്. ഇത്ര പതിവില്ല."

"പക്ഷേ നിങ്ങൾ ഭംഗിയായി സംസാരിക്കുന്നു."

"അതെ! ഭംഗിയായി സംസാരിക്കാനല്ല ഭയമില്ലാതെ സംസാരിക്കാൻ. നിന്നോട്. സഹതാപം കൊണ്ടാണെന്ന് നീ കരുതും എന്ന ഭയത്തെ എനിക്ക് ഒതുക്കേണ്ടതുണ്ട്. അതുകൊണ്ട്.."

"യു മീൻ?"

"സോഫീ.. എനിക്ക് നിങ്ങളെപ്പറ്റി എല്ലാമറിയാം. എല്ലാം. അതിസുന്ദരി. അസൂയപ്പെടുത്തുന്ന കുടുബജീവിതം. ഒരു കുഞ്ഞുമോൻ. മുഖം ഇതുപോലെ ആയതിന്റെ പേരിൽ, ആ ഒറ്റ കാരണം കൊണ്ട് പിന്നിട് നിന്നെ ഒറ്റയ്ക്കാക്കി പോയ ഭർത്താവ്.. എല്ലാമറിയാം.."

ഞാൻ സ്തബ്ധയായിപ്പോയി. ഏറെ… ഏറെ നാളുകൾക്ക് ശേഷം ഞാൻ ഒരാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ഏറെ നാളുകൾക്ക് ശേഷം മറ്റൊരാളുടെ കണ്ണുകൾ എന്റെ ഈ മുഖത്തേക്ക് ഇത്ര ഉറപ്പോടെയും നോക്കി. എന്താണ്? എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത്?

"പട്ടാളക്കാർക്ക് സംസാരിക്കാൻ അറിയില്ല സോഫീ. പ്രവൃത്തിച്ചേ പരിചയമുള്ളൂ.. പ്രവൃത്തിച്ചില്ലെങ്കിൽ എതിരാളി പ്രവർത്തിക്കും. നമ്മൾ ഇല്ലാതാകും"

"പക്ഷേ.. നിങ്ങൾ മനോഹരമായി സംസാരിക്കുന്നു."

"ഒഹ്! ഇതോ. ഇല്ല! പക്ഷേ കേൾക്കൂ. ഞാൻ ഒറ്റയാണ്. ആരുമില്ല. ക്ഷണിക്കട്ടെ? നിന്നെയും മോനേയും? രക്ഷകനായല്ല! കൂട്ടായി. വെറും കൂട്ടായി. വരട്ടെ ഞാൻ? ഇല്ല എന്നാണുത്തരമെങ്കിൽ പറയണ്ട. ഈ ചോദ്യം കഴിഞ്ഞ കുറെ നാളായി നിന്റെ പിറകിലുണ്ടായിരുന്നു എന്ന് മാത്രം മനസ്സിലാക്കുക"

എനിക്കാ നിമിഷം ഓർക്കാൻ വയ്യ. ഒരൊറ്റദ്വീപായിരുന്നു ഞാൻ. ഇതാ അവിടേക്ക് അടുക്കുന്നൊരു കപ്പൽ!

ഹൊ! ആർക്കും ഊഹിക്കാൻ കഴിയില്ല! ആ സമയം എന്റെ മുഖം എന്ത് ദീപ്തമായിരുന്നു എന്ന് പിന്നീട് ഇട്ടൂപ്പ് ഇടയ്ക്കിടയ്ക്ക് പറയും.

ഞാൻ ചെയ്തതെന്താണെന്നോ?

അയാളെ നോക്കി.

എന്റെ പ്ലേറ്റിൽ ഒരു പൈനാപ്പിൾ പീസ് ഇരിപ്പുണ്ടായിരുന്നു. ഫോർക്ക് കൊണ്ട് ഞാനത് കുത്തിയെടുത്തു. എനിക്കറിയില്ല! ഞാനത് എടുത്ത് നീട്ടിയത് അയാളുടെ വായിലേക്കായിരുന്നു!!

ആ സമയമാണ് കുട്ടികളോടൊത്ത് മുറ്റത്ത് കളിക്കുകയോ മറ്റോ ആയിരുന്ന തരുൺ ഓടി വന്നത്.

മറക്കാൻ പറ്റില്ല ആ കാഴ്ച. ഇട്ടൂപ്പ് തരുണിനെ ചേർത്ത് പിടിച്ച് എന്നെ നോക്കിയ ആ നിമിഷം.

ആ നിമിഷം തൊട്ട് അയാൾക്കിപ്പുറം ഞാനും അപ്പുറം എന്റെ മകൻ തരുണും ഉണ്ടായിരുന്നു. ഈ ആശുപത്രിയിലും.

മൂന്നാറിലെ തണുപ്പ് എനിക്കൊരു തണുപ്പായിരുന്നോ? മത്സ്യത്തോട് കടലിന്റെ ഉപ്പ് രസം സഹിക്കാൻ പറ്റാത്തതാണോ എന്ന് ചോദിക്കും പോലെ ആണത്. അമ്മയില്ലായ്മയും തണുപ്പും എനിക്കൊരേപോലെയായിരുന്നു. എന്നാൽ മുഖം ഈ പരുവത്തിലായപ്പോ മുതൽ തണുപ്പ് എന്റെ ശത്രുവായി. ഏതൊക്കെയോ ഞരമ്പുകളെ കൂട്ടിയോജിപ്പിച്ചും മുറിച്ചുമാറ്റിയുമൊക്കെയാണ് ഡോക്ടർമാർ എന്റെ ഉരഞ്ഞുപോയ മുഖം പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാവുന്ന വേദന എന്നെ വല്ലാതെ തളർത്തിയിരുന്നു. തണുപ്പ് ഈ ഞരമ്പുകളെ വലിയിപ്പിക്കുന്നത് കൊണ്ടാണെനിക്കിടയ്ക്കീ അസഹ്യവേദന എന്ന് ഇട്ടൂപ്പാണ് കണ്ടുപിടിച്ചത്. അങ്ങനെയാണ് ഞാൻ ഇട്ടൂപ്പിന്റെ നാട്ടുകാരിയായത്!

മൂന്നാറിൽ ഉപേക്ഷിച്ച് പോന്നത് എന്തൊക്കെയായിരുന്നു?

ഫിലിപ്പ്! തരുണിന്റെ അപ്പൻ. ഒഹ്! അയാളെ അല്ല. അയാൾ അതിനുമുമ്പേ ഞങ്ങളെ ഉപേക്ഷിച്ച് കടന്നല്ലോ. ചായയ്ക്ക് സ്വന്തം നിറവും ഗുണവും മണവും ഊറ്റിക്കൊടുത്തുകഴിഞ്ഞ തേയിലച്ചണ്ടിയെ പിന്നെയാരാണ് ഉപേക്ഷിക്കാതെ കൊണ്ട് നടക്കുക?

ഹോസ്പിറ്റലിൽ വച്ച് ഡോക്ടർ ഇക്ബാൽ കണ്ണാടിയിൽ നോക്കാൻ പറഞ്ഞ ആ നിമിഷം!!! എത്രയൊക്കെ സ്വയം പറഞ്ഞ് പരിശീലിച്ചിട്ടും കണ്ണാടിയിലെ ആ യക്ഷിയെ കണ്ട് ഞാൻ അലറി വിളിച്ചത്!! എന്റെ മുഖം കണ്ട ഫിലിപ്പിന്റെ കണ്ണുകളിലൂറിക്കൂടിയ വികാരങ്ങൾ. പുഴുത്ത പട്ടിയെ എന്നവണ്ണം അയാൾ പിറകോട്ട് നടന്നത്. ആ നടപ്പങ്ങനെ എന്റെയും തരുണിന്റെയും ജീവിതത്തിൽ നിന്ന് പിറകോട്ടേക്കാണെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞത്!!!

ഹൊ!! എന്തൊക്കെയാണ്! ജീവിതമേ നീയൊരു ഞെട്ടിക്കൽ റാണി തന്നെ.

അപകടത്തിനുശേഷം, പ്രകാശമാനമായ ദിനങ്ങൾക്ക് മേലെ ഒരിക്കലും മാറാത്ത അമാവാസി പരന്ന‌പോലായിരുന്നു എന്റെ ജീവിതം.. രാവിലെ മൂടൽ മഞ്ഞിനുള്ളിലൂടെയെത്തുന്ന മൂന്നാറിലെ മഞ്ഞവെയിൽ പിന്നീടൊരിക്കലും എന്റെ കണ്ണുകൾക്ക് ആസ്വദിക്കാനായില്ല. പച്ചപുതച്ച താഴ്‌വരകളുടെ ചിരി എന്നെ സന്തോഷിപ്പിച്ചില്ല. വെള്ളച്ചാട്ടങ്ങളുടെ കൊച്ചുശബ്ദങ്ങളോ കിളികളുടെ കലപിലയോ കേട്ട് മുമ്പത്തെപ്പോലെ ഹൃദയം അങ്ങോട്ടൊന്നും കുതിച്ചില്ല. തോട്ടത്തിലെ റോസാപ്പൂക്കളിലേക്കു മുഖം ചേർക്കുമ്പോൾ പൂവിന്റെ എന്നല്ല ഒരു ഗന്ധവും ഇനിയൊരിക്കലും നുകരാനാവില്ല എന്നു ഞാനറിഞ്ഞു. കാഴ്ചയും കേൾവിയും രുചിയും മാറിപ്പോയിരുന്നു. സ്പർശനങ്ങളധികവും പരുക്കനായിപ്പോയി. മറ്റുള്ളവരറിയുന്ന ലോകം പതിയെ എനിക്കു മായയായി തോന്നാൻ തുടങ്ങി.

എന്നാലോ അവയെല്ലാം ഓരോന്നായി തിരികെയെത്തും പോലെ!

ഇട്ടൂപ്പിന്റെ കൊച്ചു വീട്. വലിയ തൊടി. കുഗ്രാമം. എത്ര ശാന്തം. എന്നേക്കാൾ സന്തോഷം തരുണിനായിരുന്നു

മുറ്റത്തെ കുറ്റിമുല്ലപടർപ്പിനിടയിൽ രണ്ടുമരക്കസേരകൾ. മുന്നിലൊരു ചെറിയമേശ. അതായിരുന്നു ലോകം. അവിടിരുന്നാൽ താഴ്വര പടർത്തിയ പച്ച ചെന്ന് നിൽക്കുന്ന പുഴയാണ്. അതിനുമപ്പുറം കാടുകളായിരുന്നു. അവിടിരുന്നു കണ്ട അസ്തമയങ്ങൾ. അവിടിരുന്നു കൊണ്ട വെയിലും കാറ്റും ചാറ്റൽ മഴയും. അവിടെയിരുന്നു‌ മൊത്തിയ ഇട്ടൂപ്പിന്റെ സർവീസ് കോട്ടായിലെ ഓൾഡ് മങ്കുകൾ!! ജീവിതം എത്ര വർണ്ണാഭമായി!

ഒട്ടും താല്പര്യം കാണിച്ചിട്ടില്ല ഇട്ടൂപ്പ്. പക്ഷെ എനിക്ക് പറയണമായിരുന്നു. ഫിലിപ്പിനെപ്പറ്റി. എസ്റ്റേറ്റ് ഓഫീസിലെ ജോലിക്കാരനായിരുന്ന എന്റപ്പനു പറ്റിയ തെറ്റിനെപ്പറ്റി.

കമ്പനി ‘ടാറ്റ ടീ’ ആയ കാലം. അപ്പന്റെ ഓഫീസിൽ പുതിയ സ്റ്റാഫ് ആയാണ് ഫിലിപ്പ് എത്തിയത്. ഒറ്റയ്ക്ക് താമസമായതിനാലാവാം ഇടക്കൊക്കെ അത്താഴത്തിനു അയാളുമുണ്ടായിരുന്നു. അമ്മയില്ലാത്ത എനിക്കു എത്രയും പെട്ടെന്ന് വിവാഹം ഉണ്ടാവണമെന്ന് അപ്പനും ആഗ്രഹിച്ചിരിക്കാം. മാത്രവുമല്ല അപ്പന്റെ ആത്മവിശ്വാസവും ആരോഗ്യവും ആ സമയത്ത് തകരാൻ തുടങ്ങിയിരുന്നു. എസ്റ്റേറ്റിലേക്കു മാറും മുൻപ് ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ നിന്നും ആസ്ബസ്റ്റോസ് നാരുകളിലൂടെ കിട്ടിയ കാന്‍സർ അപ്പോഴേക്കും സീരിയസ് ആയിക്കഴിഞ്ഞിരുന്നു.

അങ്ങിനെ ആ വിവാഹം നടന്നു. വല്യ സ്വപ്നങ്ങളില്ലായിരുന്നെങ്കിലും ഉണ്ടായിരുന്ന ശരാശരി മോഹങ്ങൾ മാസങ്ങൾ കൊണ്ട് കരിഞ്ഞു. ഫിലിപ്പിന് മറ്റുള്ളവർ നൽകുന്ന സുരക്ഷിതത്വവും ആർഭാടങ്ങളുമായിരുന്നു വേണ്ടിയിരുന്നത്. അങ്ങിനെയാണ് അയാൾ പഠിച്ചതും വളർന്നതും. എല്ലാം ചുറ്റുമുള്ളവരുടെ ഔദാര്യം. ബന്ധുവിന്റെ ശുപാർശയിൽ കിട്ടിയ ജോലി. നിനച്ചിരിക്കാതെ കിട്ടിയ കല്യാണഭാഗ്യം. സൗന്ദര്യവും സാമ്പത്തികവുമുള്ള ഭാര്യ.

ആ അയാൾക്ക് ബാധ്യതയായ ഒരുവൾ. ഇരിക്കുന്ന വീടൊഴികെ എല്ലാം, എന്റെ സ്വർണ്ണം, എന്റപ്പൻ എനിക്ക് വേണ്ടി സ്വരുക്കൂട്ടിയ ഫിക്സഡ് ഡെപ്പോസിറ്റുകൾ, എന്റെ സ്വപ്നങ്ങൾ എല്ലാം വലിച്ചെടുത്ത ഈ വെറും ചണ്ടി തുപ്പിക്കളയുകയല്ലാതെ വേറെന്ത് വഴി?

ഹ ഹ ഹ! സോഫീ… നീയെന്തൊക്കെ പറഞ്ഞാലും അയാളെനിക്ക് ദൈവമാണ്!!

എനിക്കപ്പൊ ദേഷ്യം വന്നു.

ഹഹ ഹ. ഡിയർ! അയാളിൽ അല്പമെങ്കിലും കരുണയോ മനുഷത്വമോ ഉണ്ടായിരുന്നെങ്കിൽ?

ഉണ്ടായിരുന്നെങ്കിൽ‌?

എനിക്ക് ഈ നിന്നെ ഇങ്ങനെ കിട്ടുമായിരുന്നോ?

എന്റെ പുരികമില്ലാത്ത കണ്ണിൽ ഉമ്മ വെച്ചു അന്നേരം ഇട്ടൂപ്പ്.‌

സത്യം പറയാം, അതുവരെ ഒരു ഉമ്മയും എന്നെ അങ്ങനെ ഉത്തേജിപ്പിച്ചിട്ടില്ല. എന്റെ ഇടതുകാലിന്റെ പെരുവിരൽ മുതൽ‌ മുടിനാരിന്റെ അറ്റം വരെ‌ ത്രസിച്ച നിമിഷം!!

ആ വീടിന്റെ, തൊടിയുടെ ഏത് ഭാഗത്തും ഇട്ടൂപ്പിന്റെ മണമാണ്.

വീടിനു പിന്നിലെ അടുക്കള വാതിൽ തുറന്നാൽ ഇട്ടൂപ്പിന്റെ തോട്ടമാണ്. തോട്ടത്തിനപ്പുറം ചെറിയ കാട്. തോട്ടം വളർന്നു കാടായപോലെ. തെങ്ങും മാവും പ്ലാവും പേരമരവുമൊക്കെ വീട് വാങ്ങുമ്പോഴേയുണ്ടായിരുന്നു. അതിനിടയിലൊക്കെയായാണ് വാഴയും ചേനയും പാവലും ഒക്കെ വാശിക്ക് വളരുന്നത്. ഇട്ടൂപ്പിന്റെയും എന്റെയും ലോകം അതുതന്നെ. അടുത്തടുത്ത് വീടുകളില്ല എന്നത് എനിക്ക് നൽകിയ സമാധാനത്തിന് അതിരില്ലായിരുന്നു. വല്ലപ്പോഴും ഇത്തിരി ദൂരെ താമസിക്കുന്ന രമണി എത്തും. അവൾക്കുമാത്രം എന്റെ മുഖത്തേക്ക് നോക്കാൻ ഞെട്ടലോ ഭീതിയോ ഇല്ലായിരുന്നു. കുറേ നേരം വർത്തമാനം പറയും. ഇട്ടൂപ്പിന്റെ ബാല്യകാലസഖിയാണ്.

ഇന്നും അറിയില്ല ഇട്ടൂപ്പെങ്ങനെ ഒറ്റയ്ക്കായി എന്ന്. ഒരിക്കലും ഞാനത് അറിയാനും ആഗ്രഹിച്ചിട്ടില്ലല്ലൊ. എന്നെ സംബന്ധിച്ച് അയാൾ ഒരു മാലാഖയാണ്. മൂന്നാറിലെ കോടമഞ്ഞിനുള്ളിൽ നിന്നുരവം കൊണ്ട മാലാഖ.

തരുണിനെ പഠിപ്പിക്കാൻ ഇട്ടൂപ്പ് കാണിച്ച താല്പര്യം. ഇന്ന് ബാംഗ്ലൂരിൽ പ്രൊജക്റ്റ് മാനേജറായി ജോലി‌നോക്കുന്ന അവന്റെ ജീവിതയാത്രയിൽ എപ്പോഴും ഒരു‌നിഴലായി‌ ഇട്ടൂപ്പിന്റെ കരുതലുണ്ടായിരുന്നു.

‘മമ്മാ! ഹോപ് ഫോർ ബെസ്റ്റ്. പ്രിപ്പെയർ ഫോർ ദി വോർസ്റ്റ്.’ ഇന്നിവിടെയിരുന്ന് അവനത് പറയുമ്പോൾ എനിക്ക് അത് ഇട്ടൂപ്പിന്റെ ശബ്ദമായാണ് തോന്നിയത്.

ഇല്ല! ഇട്ടൂപ്പിനെ അങ്ങനെ‌വിട്ടുകൊടുക്കില്ല ഞാൻ.

സ്വന്തം നിഴലിനെപ്പോലും ഭയക്കാൻ തുടങ്ങിയ കാലത്തു നിന്നും ഭയമില്ലായ്മയുടെയും സുഖത്തിന്റെയും സന്തോഷത്തിന്റെയും വർത്തമാനത്തിലേക്കു സ്വപ്നത്തിലെപ്പോലെ എന്നെ കൊണ്ടുനടന്ന ചിറകില്ലാത്ത മാലാഖ!

ഡോക്ടർ പുറത്തേക്ക് വന്നു. തരുൺ എണീറ്റ് ചെല്ലുന്നു. ഡോക്ടർ അവന്റെ തോളിൽ‌ ഒരു കൈ വെച്ച് വരാന്തയിൽക്കൂടി നടന്നു.

ഞാൻ തണുത്ത കൈപ്പത്തിയിൽ മുഖമമർത്തി കുറേയിരുന്നു. ഡോക്ടറും തരുണും കുറച്ചകലെ നിന്നു കൊണ്ട് സംസാരിക്കുകയാണ്.

എനിക്ക് അറിയണ്ട. കേൾക്കണ്ട.‌ തരുൺ വന്ന് മമ്മാ… എന്ന് വിളിച്ച് ആശ്ലേഷിക്കുമായിരിക്കും. വേണ്ട. ഇല്ല ഇട്ടൂപ്പില്ലാതെ ഞാൻ ഇവിടെ‌നിന്ന് പോകില്ല.

ആ സ്നേഹം എന്റെ ജീവനെ നിലനിർത്തിയ വെന്റിലേറ്ററാണ്. അതാണ് എന്നിൽ നിന്നും എടുത്തു മാറ്റപ്പെടാൻ പോകുന്നത്.

ഡോക്ടർ എന്താണ് അവനോട് പറഞ്ഞത്? അവരെ ഇപ്പോൾ കാണുന്നില്ലല്ലോ.

തരുൺ അടുത്ത് വന്നിരിക്കുന്നത് ഞാനറിഞ്ഞു. അവൻ കൈ എന്റെ പിറകിലൂടെ ഇട്ട് എന്നെ ചേർത്തണച്ചു. ഞാൻ കണ്ണ് തുറന്നില്ല.

മമ്മ കുടിക്ക്.

കാപ്പിയുടെ‌ മാദകഗന്ധം.

ഞാൻ തല ഉയർത്തി.

മമ്മ ഇത് കുടിക്കൂ…

ഞാനവന്റെ മുഖത്തേക്ക് നോക്കി.

അവിടെയൊരു സൂര്യനുദിക്കുന്നുണ്ടായിരുന്നു.

ഞാൻ കാപ്പി വാങ്ങി. അതിന്റെ ഒരിറക്ക് എന്റെ ശരീരം മുഴുവൻ പടരുന്നു.

ശരീരം നിറയെ വീണ്ടും ലഹരി ഊറിക്കൂടുന്നു.

ഐ.സി.യു എന്നെഴുതിയതിനു മുകളിലെ ലൈറ്റിലേക്കു പാതിക്കണ്ണുകൊണ്ടു ഞാൻ നോക്കി.