ഈ കുറിപ്പിന്റ തലക്കെട്ടിൽ എന്തുകൊണ്ട് ലോകസാഹിത്യം എന്നുപയോഗിച്ചു എന്നത് വ്യക്തമാക്കേണ്ടതുണ്ട്. ഒരുദാഹരണത്തിലൂടെ അത് സാധിക്കുമെന്ന് തോന്നുന്നു. ജെസിബി പുരസ്‌കാരം നേടിയ നോവൽ മീശ (എസ് ഹരീഷ്) യുടെ ഇംഗ്ലീഷ് വിവർത്തനം മുസ്റ്റാഷ് എന്ന പേരിൽ ഹാർപ്പർ പെരെണിയൽ ഇന്ത്യ (ഹാർപർ കോളിൻസ്) പ്രസിദ്ധീകരിച്ചു. അതോടെ തികച്ചും പ്രാദേശികസ്വഭാവമുള്ള ഒരു നോവൽ ( സെറ്റിങ് , പ്ലോട്ട് ) ലോകഭാഷയായ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ, അത് ആമസോൺ പോലുള്ള വിപണന മാധ്യമങ്ങൾ വഴി വിതരണം ചെയ്യപ്പെടുന്നതോടെ ലോക വ്യാപകമായ ഒരു സാഹിത്യ രചനയായി മാറുന്നു എന്നതാണ്. ആ അർത്ഥത്തിലാണ് ലോകസാഹിത്യം എന്നുപയോഗിച്ചിട്ടുള്ളത്. ഇതിനർത്ഥം ഇത്തരം ഒരു രചന ലോകത്തെല്ലായിടത്തും ഒരുൽപ്പന്നമെന്ന നിലയിൽ ലഭ്യമാവും, വിൽക്കക്കപ്പെടും എന്നല്ലാതെ അത് പരക്കെ വായിക്കപ്പെടു മെന്നോ ചർച്ചചെയ്യപ്പെടുമോ സ്വീകരിക്കപ്പെടുമെന്നോ അല്ല.
നവമാധ്യമങ്ങൾ എന്നുദ്ദേശിച്ചതു ഡിജിറ്റൽ മാധ്യമങ്ങളെയാണ്. ഉദാഹരണമായി web pages , websites, social media, digital video/audio , electronic documents and electronic books. ആഗോളീകരണമെന്നത് ആധുനികത (modernity)യുമായി ചേർന്നു നിൽക്കുന്ന ഒന്നാണ് . മനുഷ്യന്റെ സാംസ്‌കാരിക പരിണാമചരിത്രം പരിശോധിച്ചാൽ അത് എപ്പോഴും ആധുനികതയിലേക്കുള്ള പ്രയാണം ആയിരുന്നു എന്ന് കാണാം. അതൊരു തുടർച്ചയാണ്. ചുരുങ്ങിയത് മൂന്നോ നാലോ നൂറ്റാണ്ടു കളെങ്കിലും ആധുനികത വ്യക്തമായി അടയാളപ്പെട്ടിട്ടുണ്ട്. യുദ്ധങ്ങൾ മഹാമാരികൾ ഒക്കെ അതിനെ വേഗത കുറച്ചുവെന്നുമാത്രം. രണ്ടാം ലോകായുദ്ധശേഷം ശീതസമരത്തിന്റെ വർഷങ്ങളായിരുന്നു. കോൾഡ് വാർ അവസാനിച്ചു എന്ന് നാം പറയുന്നത് 1989 ൽ സംഭവിച്ച ബെർലിൻ മതിലിന്റെ തകർച്ചക്കും ( അതുതന്നെ കിഴക്കൻ ജർമനിയും പടിഞ്ഞാറൻ ജർമനിയും തമ്മിൽ മതിലു കെട്ടിയുണ്ടാക്കിയ അതിരിന്റെ തകർച്ചയായിരുന്നല്ലോ) പിന്നെ 1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചക്കും ശേഷമായിരുന്നു .
ഒരുകാലത്തു ഒരാളിന്റെ മുഖം നോക്കി അയാൾ ഏതു ദേശക്കാരനാണ് (nationality) എന്ന് പറയാൻ കഴിയുമായിരുന്നെങ്കിൽ കുടിയേറ്റങ്ങൾ അതവസാനിപ്പിച്ചു. പിന്നെ ഒരാളുപയോഗിക്കുന്ന ഉൽപ്പന്നങ്ങളിലൂടെ തിരിച്ചറിയാമെന്നായി . ഉദാഹരണത്തിന് ഒരാളിടുന്ന ചെരുപ്പിൽ നിന്നും അയാൾ ഏതു രാജ്യക്കാരനാണെന്നു പറയാമെന്ന നിലവന്നു. എന്നാൽ ആഗോളീകരണം അതും അവസാനിപ്പിച്ചു.
പൊതുവെ പറഞ്ഞാൽ വിനിമയം ചെയ്യപ്പെടാവുന്ന, കൈമാറ്റം ചെയ്യപ്പെടാവുന്ന എന്തിനെയും ആഗോളീകരണം ബാധിക്കുന്നുണ്ട്. പ്രധാനമായി നാണയം (money) അതായതു സാമ്പത്തികം , അതുപോലെ സാങ്കേതിക വിദ്യ (technology) യും ഉൽപ്പന്നങ്ങളും (products). അബോധപൂർവം കൈമാറ്റം ചെയ്യപ്പെടാവുന്ന കൊറോണ വൈറസ് പോലും ഇത്രവേഗം ലോകത്തു പടർന്നുപിടിക്കാൻ ഒരു കാരണം ഗ്ലോബലൈസഷന്റെ ഫലമായി ഉണ്ടായ സഞ്ചാര സ്വാതന്ത്ര്യമാണ്. ആത്യന്തികമായി മേല്പറഞ്ഞവയെല്ലാം ബാധിക്കുന്നതു മനുഷ്യനെ തന്നെയാണ്. മനുഷ്യനെ സംബന്ധിക്കുന്നതെന്തും സാഹിത്യത്തെയും സ്വാധീനിക്കുന്നു. കൃതികൾ മനുഷ്യകഥാനുഗായികൾ എന്നാണല്ലോ. മുൻപത്തേക്കാളും രാജ്യാന്തര കുടിയേറ്റത്തിനു സാധ്യത ഏറ്റവും കൂടുതലാവാൻ പ്രധാന കാരണം ആഗോളീകരണമാണ്. ഒരു ദേശത്തേക്ക് പുതിയ കുറേപ്പേർ വന്നുചേരുമ്പോൾ അവിടുള്ളവരുടെയും ചെന്നുചേരുന്നവരുടെയും ജീവിത ശൈലിയും സംസ്കാരവും മാറുന്നു. അവിടുന്നുണ്ടാവുന്ന സാഹിത്യത്തിനും മാറ്റമുണ്ടാവുന്നു. വായനക്കാരും എഴുത്തുകാരും ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന മാധ്യമങ്ങളും പ്രസാധകരും ചേരുന്നതാണല്ലോ സാഹിത്യരംഗം.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകം വരെ സാഹിത്യസൃഷ്ടികൾ വായനക്കാരിലെത്തിയിരുന്നത് അച്ചടി മാധ്യമങ്ങളിലൂടെയാണ്. ഏറ്റവും വലിയ സാഹിത്യരൂപം എന്ന നിലക്ക് ആദ്യകാലത്തെ പാശ്ചാത്യ നോവൽ സാഹിത്യം പരിശോധിച്ചാൽ അവ ആക്ട് ഒന്ന് രണ്ട് മൂന്ന് എന്ന രീതിയിൽ മൂന്നു വാള്യങ്ങളായാണ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. ഉദാ. ചാൾസ് ഡിക്കെൻസിന്റെ ഒലിവർ ട്വിസ്റ്റ് (1838). ഓരോ വാല്യത്തിനും പൊതുവിൽ മുന്നോറോളം പേജുകൾ. എന്നാൽ ഇരുപതാം നൂറ്റാണ്ടോടുകൂടി നോവലുകൾ ഒറ്റ വാല്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത് വ്യാപകമായി.
മലയാള സാഹിത്യത്തിൽ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. (ലക്ഷണമൊത്ത ആദ്യനോവൽ ഇന്ദുലേഖ പ്രസിദ്ധീകരിക്കപ്പെടുന്നത് 1889 ലാണ്) നോവലുകൾ ഒരു വാല്യമായാണ് മലയാളികൾ വായിച്ചു തുടങ്ങുന്നത്. ഇതിനൊരപവാദമായി കാണാവുന്നത് 1980-ൽ പുറത്തിറങ്ങിയ അവകാശികൾ (എം കെ മേനോൻ) ആണ് ( നാല് വാള്യങ്ങളിലായി 3958 പേജുകൾ). ഇത് ജയമോഹന്റെ തമിഴ് ഇതിഹാസമായ വെണ്മുരസു കഴിഞ്ഞാൽ ഇന്ത്യയിൽ വലുപ്പത്തിൽ രണ്ടാമത് നിൽക്കുന്ന നോവലാണ്.
എന്നാൽ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെത്തിനിൽക്കുമ്പോൾ നോവലുകൾ ഒരു വാള്യമായാണു പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കിലും പേജുകൾ കുറഞ്ഞു വരുന്നതായി കാണാം. 2021 ൽ ബുക്കർ പ്രൈസ് നേടിയ ഫ്രഞ്ച് നോവൽ ‘അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്’ ന്റെ ഇംഗ്ലീഷ് പരിഭാഷക്ക് കേവലം നൂറ്റി നാല്പത്തിയഞ്ചു പേജുകളാണുള്ളത്. പുതിയ വിപണന മാതൃകയിൽ ഇടത്തരം വലുപ്പമുള്ള നോവലുകൾക്കാണ് വിപണിയെന്നത് ഇതിനൊരുകാണാമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ 21 വർഷങ്ങൾ പിന്നിടുമ്പോൾ സാഹിത്യ രംഗത്തെ പുതിയ വിപണന മാതൃകയിൽ വായനക്കാരൻ ഉപഭോക്താവും സാഹിത്യ രചനകൾ ഉല്പന്നങ്ങളുമാവുന്നു. എഴുത്തുകാരനാവട്ടെ ഉൽപ്പാദകനും. നവമാധ്യമങ്ങൾക്കു മേൽക്കൈയ്യുള്ള ഈ വ്യവസ്ഥയിൽ പ്രസാധകർ സർവീസ് പ്രൊവൈഡർ എന്ന റോളിൽ ആണ്. അതായതു വായനക്കാരന് ആവശ്യമുള്ളത് എഴുത്തുകാരനിൽ നിന്നും ഉൽപ്പാദിപ്പിച്ചു എത്തിക്കുക എന്നതാണ് അവരുടെ റോൾ .ഈ വിപണന മാതൃകയുടെ പശ്ചാത്തലത്തിലായിരിക്കണം ‘അക്ഷരങ്ങൾ വില്പനച്ചരക്കാവുന്നു’ എന്ന വിമർശനം ഉയർന്നുകാണുന്നത്.
ഡിജിറ്റൽ മീഡിയയെ സൈബർ സ്പേസ് എന്നും ഉപയോഗിച്ച് കാണുന്നുണ്ട് William Gibson ന്റെ 1984 ൽ പുറത്തിറങ്ങിയ ന്യുറോമാൻസർ (neuromancer) എന്ന നോവലിലാണ് ആദ്യമായി ‘സൈബർ സ്പേസ്’ എന്ന് ഉപയോഗിച്ചിട്ടുള്ളത് . കംപ്യൂട്ടറുകൾ സൃഷ്ടിച്ചെടുത്ത ഒരു ഭാവനാ പ്രപഞ്ചത്തെയാണ് സൈബർ സ്പേസ് എന്ന് വിളിച്ചത്. അതുകൊണ്ടുതന്നെ ഡിജിറ്റൽ മാധ്യമങ്ങൾക്കു ആ പേര് ചേരുന്നില്ല കാരണം അത് ഭാവനയല്ല യാഥാർഥ്യമാണ് കഴിഞ്ഞ നൂറ്റാണ്ടിൽ പ്രധാനമായി ഉപയോഗിക്കപ്പെട്ട പ്രിന്റ് മാധ്യമത്തിന് ആദ്യകാലത്തു ലഭ്യത (Access) ഒരു പ്രശ്നം ആയിരുന്നു. വായനക്കാരന് യഥേഷ്ടം അച്ചടിച്ച പുസ്തകങ്ങൾ കിട്ടാനും എഴുത്തുകാരന് സ്വന്തം സൃഷ്ടി അച്ചടിച്ച് പുസ്തകങ്ങളാക്കാനും പറ്റിയ സാഹചര്യമായിരുന്നില്ല. സാധാരണ വായനക്കാരന്റെ ആശ്രയം വായനശാലകൾ ആയിരുന്നു.
പ്രസിദ്ധനല്ലാത്ത ഒരെഴുത്തുകാരന് സ്വന്തം കൃതി പ്രസിദ്ധീകരിച്ചു കിട്ടുക എന്നത് അത്ര എളുപ്പവുമായിരുന്നില്ല. അറിവ് എന്നത് അധികാരം കയ്യാളാനുള്ള ആയുധമായി കൂടി ഉപയോഗിക്കപ്പെട്ട ഒരു കാലത്തു വിവര ലഭ്യത (Information Access) പലരീതിയിൽ പരിമിതപ്പെടുത്തിയിരുന്നു. ഈ അവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലാണ്. അതിനു കാരണമായി വർത്തിച്ചത് ടെക്നോളജിയായിരുന്നു. അവയിൽ പ്രധാനം ഗൂഗിൾ സെർച്ച് ടെക്നോളജി, മൂന്നാം വ്യാവസായിക വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്റർനെറ്റ്, വേൾഡ് വൈഡ് വെബ് എന്നിവയാണ് . കൂടാതെ വിവിധ കമ്പ്യൂട്ടിങ് പ്ലാറ്റുഫോമുകൾ, മൊബൈൽ ടെക്നോളജി എന്നിവയും ലഭ്യതാപ്രശ്നങ്ങൾ പരിഹരിക്കാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ നൂറ്റാണ്ടിൽ എഴുത്തിനെ ഏറ്റവും സ്വാധീനിച്ചത് ദേശീയതയാണ്. ഒരു നൂറ്റാണ്ടു എന്നത് ഒരു വലിയകാലയളവാണ്. ദേശീയത എന്ന ബോധം അടിയൊഴുക്കായി നിൽക്കുമ്പോഴും എഴുത്തിൽ ഓരോ കാലത്തും ഭാവുകത്വ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് . അതിനു കാരണം അതാത് കാലത്തു ഉണ്ടായ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങൾ ആണ്. കേരളത്തിന്റെ കാര്യത്തിൽ ആ മാറ്റങ്ങളിലേക്കു നമ്മെ നയിച്ചത് നവോത്ഥാന പ്രസ്ഥാനങ്ങൾ, ഇടതുപക്ഷ പുരോഗമന ചിന്താധാരകൾ, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾ, പോസ്റ്റ് കൊളോണിയൽ ക്ലൈമറ്റ്, ആധുനികത (modernity) എന്നിവയാണ്.
ഗ്ലോബ് എന്ന വാക്ക് globus എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്. ‘ഗ്ലോബ്’ എന്ന വാക്കിനർത്ഥം ഗോളത്തിന്റെ ആകൃതി എന്നാണ്. എന്നാൽ ഗ്ലോബൽ എന്ന വാക്കിന്റെ ധ്വനി യൂണിവേഴ്‌സൽ എന്നാണ് - ലോകവ്യാപകമായത് . പ്രാദേശികം, ദേശീയം എന്നതിനൊക്കെ നേരെ വിപരീതമായ ഒന്നാണ് യൂണിവേഴ്സൽ എന്ന പ്രയോഗം. അതുകൊണ്ടാണ് ലോകമേ തറവാട്, ഗ്ലോബൽ വില്ലജ് എന്നൊക്കെ ഉപയോഗിച്ചുകാണുന്നതു . അങ്ങിനെ സമകാലിക സാഹിത്യമെന്നത് ആഗോള സാഹിത്യമായി മാറുകയാണ് . ഇത് ദേശീയത വാദത്തിന്റെ നേരെ വിപരീതമാണ്. അതിരുകളില്ലാതെയാവുന്നു. ആഗോളതലത്തിൽ കുടിയേറ്റങ്ങൾ നടക്കുന്നു. അങ്ങിനെ സംസ്കാരങ്ങൾ മാറുന്നു അതുകൊണ്ടു എഴുത്തും മാറുന്നു.
ഈ നൂറ്റാണ്ടിലെ എഴുത്തുകാർ ആഗോളവൽക്കരിക്കപ്പെട്ട (life englobed) ജീവിതങ്ങളെ ചിത്രീകരിക്കാനും വാഴ്ത്താനും ശ്രമിക്കുന്നു. WB Sebald , Ben Okri (1991 ബുക്കർ prize ‘The Famished Road’) യെപ്പോലുള്ള ശക്തരായ സമകാലിക എഴുത്തുകാർ ആഗോളീകരണത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുകയും ഭാവിയുടെ വാഗ്ദാനമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് . സൽമാൻ റുഷ്‌ദി ഇന്ത്യക്കാരനായിരുന്നെങ്കിലും പിന്നീട് യൂറോപ്പിലേക്കു കുടിയേറുകയും അതിനു ശേഷം ന്യൂ യോർക്കിൽ സ്ഥിരതാമസക്കാരനാവുകയും ചെയ്തയാളാണ്. ബെൻ ഓക്രി ആഫ്രിക്കയിൽ ജനിച്ചു ലണ്ടനിലേക്ക് കുടിയേറി, പിന്നെ തിരിച്ചു പോയി വീണ്ടും ലണ്ടനിൽ കുടിയേറിയ ആളാണ്.
2021 ഇൽ സാഹിത്യത്തിന് നോബൽ സമ്മാനം ലഭിച്ച അബ്ദുൽ റസാഖ് ഗുർണ വംശീയകലാപങ്ങളെ തുടർന്ന് ജന്മദേശമായ ടാൻസാനിയയിലെ സൻസിബാർ ദ്വീപ് ഉപേക്ഷിച്ചു ലണ്ടനിലേക്ക് അഭയാർഥിയായി പോകേണ്ടിവന്ന ആളാണ്. 1963 ഇൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതത്യ്രം കിട്ടിയശേഷം ഉണ്ടായ വംശഹത്യയിൽ നിന്നും രക്ഷനേടാൻ അറബ് ന്യുനപക്ഷമായ ഗുർണക്കു നാട് വിടേണ്ടി വന്നു. ഇവിടെ എഴുത്തുകാരൻ തന്നെ കുടിയേറ്റങ്ങളുടെയോ പലായനങ്ങളുടെയോ ഭാഗമാവുകയാണ് . അതുകൊണ്ടു പ്രമേയങ്ങളിൽ കൊളോണിയലിസവും പലായനങ്ങളും കടന്നുവരിക ഒരു ജൈവീക പ്രതിഭാസം മാത്രമാണ്.
ഡിജിറ്റൽ മാധ്യമത്തിൽ ഒരു വായനക്കാരന് പ്രിന്റഡ് മാറ്റർ വായിക്കുന്നതിനേക്കാൾ സ്‌കിൽസ് ആവശ്യമാണ്. ഒരു വെബ് പേജ് വായിക്കുമ്പോൾ അ തിൽ ഒരു ഓഡിയോ ക്ലിപ്പ് ഉണ്ടാവാം അല്ലെങ്കിൽ വീഡിയോ എംബെഡ് ചെയ്തിരിക്കാം. അല്ലെങ്കിൽ നമ്മൾ ഇന്ററാക്ട് ചെയ്യേണ്ട ഒരു ഭാഗമുണ്ടാവാം . അതുകൊണ്ടു ഡിജിറ്റൽ മാധ്യമങ്ങളിൽ വായിക്കുമ്പോൾ കണ്ണുകൾ മാത്രം പോരാതെ വരുന്നു. ചിലതു കേൾക്കേണ്ടാതാവും. അപ്പോൾ പല ഫാക്കൽറ്റിസ് ഒരേ സമയം ഉപയോഗിക്കേണ്ടി വരുന്നു. മറ്റൊന്ന്, വേൾഡ് വൈഡ് വെബ് എന്നത് ഏറ്റവും ജനകീയമായ മാധ്യമമായ കാരണം വായനക്കാരനു തനിക്കു വായിക്കേണ്ടത് എന്താണെന്നു സ്വയം തെരഞ്ഞെടുക്കേണ്ട ബാധ്യതയുണ്ട്. അത്രയ്ക്ക് വലിയ അളവിലാണ് ദിവസവും സൃഷ്ട്ടികൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നത്.
അത് പോലെ hypertext വായിക്കുന്നത് സമ്പ്രദായികരീതി അല്ലെങ്കിൽ ലീനിയർ റീഡിങ് എന്നതിൽ നിന്ന് വ്യസ്ത്യതമാണ്. ലിനീയർ റീഡിങ് എന്നത് ( books , printed texts) ഒന്നാം പേജുമുതൽ തുടങ്ങി അവസാന പേജുവരെ വായിച്ചു പോവുന്ന രീതിയാണ്. എന്നാൽ വെബ് പേജുകൾ ആവശ്യപ്പെടുന്ന structural reading ("texts" electronically linked to other "texts") എന്നത് വ്യത്യാസമാണ് . ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനു ഡിജിറ്റൽ ലിറ്ററസി ആവശ്യമാണെന്ന് സാരം. ഡിജിറ്റൽ ലിറ്ററസി എന്നത് സാങ്കേതിക പരിജിഞ്ജാനം അല്ല. വേണ്ടത് എന്താണ്? എവിടെ കിട്ടും? എങ്ങിനെ കിട്ടും ? കിട്ടിയത് എങ്ങിനെ ഉപയോഗിക്കാം എന്നതാണ്
നവ മാധ്യമങ്ങളുടെ വരവോടെ സാഹിത്യത്തിന് ഒരു പൊതു മാനം കൂടി കൈവരുന്നു. ഒരു രചന നിങ്ങൾ ഇന്റ്ർനെറ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ അത് നിങ്ങളുടേത് എന്നതിനേക്കാൾ ഒരു പൊതു സ്വത്തു കൂടിയാവുന്നു. അവിടെ ഒരു സിറ്റിസൺ എന്ന നിലയിൽ മാത്രമല്ല അത് പ്രസിദ്ധീകരിക്കപ്പെടുന്നത് , മറിച്ചു ‘നെറ്റിസൺ’ (Netizen) അല്ലെങ്കിൽ ഡിജിറ്റൽ സിറ്റിസൺ എന്ന നിലയിൽ കൂടിയാണ്. സോഷ്യൽ മാധ്യമങ്ങൾ ഉത്തരവാദിത്തബോധത്തോടെ കൈകാര്യം ചെയ്യാൻ നാം നല്ല DIGItal citiZENS ആവേണ്ടതുണ്ട്. സാമ്പ്രദായികമായിയുള്ള copyright പോലുള്ള അവകാശങ്ങൾ അതുപോലെ ഇന്റർനെറ്റിൽ പ്രായോഗികമല്ല . അതിനർത്ഥം ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്ന രചന രജിസ്റ്റർ ചെയ്‌തു കോപ്പി റൈറ്റ് പ്രൊട്ടക്ഷൻ എടുക്കാനാവില്ല എന്നല്ല. എൻക്രിപ്ഷൻ (Encryption), water marking തുടങ്ങിയ നൂതന സങ്കേതങ്ങൾ നിയമവിരുദ്ധമായ ചൂഷണങ്ങൾക്ക് മേലെ രചനകൾക്ക് സംരക്ഷണം നൽകുമെങ്കിലും ഇത്തരം സങ്കേതങ്ങൾ ഉണ്ടായി അധികം താമസിയാതെ തന്നെ ബദൽ സങ്കേതങ്ങൾ വെല്ലുവിളികളായി ഉയർന്നു വരുന്നുമുണ്ട്.
ആഗോളീകരണത്തിന്റെ സമകാലിക അവസ്ഥയിൽ പ്രസാധനത്തിന്റെ ഏറ്റവും നല്ല ഉദാഹരണം ആമസോൺ .കോം തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ നദിയാണല്ലോ ആമസോൺ. മാത്രവുമല്ല, ആമസോൺ കഴിഞ്ഞുള്ള അടുത്ത അഞ്ചു നദികളെ ഒരുമിച്ചു ചേർത്താലും ആമസോണിനൊപ്പം വരില്ല. ഇതാണ് വിപണന രംഗത്ത് കടക്കുമ്പോൾ സ്ഥാപക സിഇഒ ജെഫ് ബെസോസിന് ഉണ്ടായിരുന്ന ((Jeff Besos) വിഷൻ. ലോകത്തിന്റെ ഏതു ഭാഗത്തുള്ള വായനക്കാരനും ഏതു പുസ്തകവും ലഭിക്കാവുന്ന തരത്തിലുള്ള ഒരു മാതൃകയാണ് ആമസോൺ സ്വീകരിച്ചിട്ടുള്ളത്. അതിനർത്ഥം പുസ്തകങ്ങളിലൂടെ ആശയങ്ങൾ യഥേഷ്‌ടം ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തിച്ചേരും എന്നല്ല. മറ്റേതൊരു സാധനവും ഓൺലൈനിൽ ഓർഡർ ചെയ്യാമെന്നപോലെ പുസ്തകങ്ങളും ഓർഡർ ചെയ്യാം എന്നുമാത്രം. വ്യതിരിക്തമായ (idiosyncratic affinities ) താല്പര്യങ്ങളോടെ നിലനിൽക്കുന്ന പ്രാദേശിക കുത്തകകൾ ഏകീകരണത്തിന്റെ ഭാഗമാവുകയോ ബിസിനസിൽ നിന്നും പുറത്താവുകയോ ചെയ്യാൻ സാധ്യതയുണ്ട്. വായനക്കാരനും എഴുത്തുകാരനും ഒരു പോലെ പ്രയോജനം ചെയ്യുന്ന ചില ആമസോണ്‍ പ്ലാറ്റ്‌ഫോമുകള്‍ ഇവിടെ ചേര്‍ക്കുന്നു.
Read more at: https://www.mathrubhumi.com/books/features/s-anilkumar-writes-about-the-connection-among-globalization-newmedia-and-world-literature-1.6376389
- Amazon Crossing - വിവർത്തനങ്ങളുടെ അമേരിക്കയിലെ ഏറ്റവും സമൃദ്ധമായ പോർട്ടൽ. പുരസ്‌കാരങ്ങൾ നേടിയതും ലോകത്തു ഏറ്റവും വിറ്റഴിക്കപ്പെടുന്നതുമായ പുസ്തകങ്ങളുടെ വിവർത്തനങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
(Amazon Crossing - World Literature | Amazon Publishing)
- Audible, ഓഡിയോ ബുക്സിന്റെ ഏറ്റവും വലിയ വിതരണക്കാർ .
- Goodreads, (2013-ഇൽ ആമസോൺ വാങ്ങിയത് , വായനക്കാർക്കായുള്ള ഏറ്റവും വിപുലമായ സൈറ്റ്.
-Kindle Direct Publishing (K.D.P.) എന്ന ആമസോൺ ഡിവിഷൻ ഏറ്റവും ലളിതമായ രീതിയിൽ ഫ്രീ ആയി എഴുത്തുകാരന് സ്വന്തം രചന പബ്ലിഷ് ചെയ്യാവുന്ന ഒരു പ്ലാറ്റഫോം ആണ്. ഓരോ എഴുത്തുകാരനെയും പ്രസാധകനും കൂടിയാക്കുന്ന ഒരു മാതൃകയാണ് KDP വിഭാവനം ചെയ്തിട്ടുള്ളത്.
നേരത്തെ സൂചിപ്പിച്ചപോലെ ഇന്റർനെറ്റ് ആണ് മൂന്നാം വ്യാവസായിക വിപ്ലവത്തിനു കാരണമെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5G ടെക്നോളജി തുടങ്ങിയവ നാലാം വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. മനുഷ്യരാശിയെത്തന്നെ യന്ത്രവൽക്കരിച്ചു നമ്മുടെ ആത്മാവു നഷ്ട്ടപ്പെട്ടതാക്കാൻ പോന്ന സാങ്കേതിക വിദ്യകളാണിവയെങ്കിലും നമ്മളോർക്കേണ്ടത് ഇതെല്ലം മനുഷ്യന്റെ കണ്ടുപിടിത്തങ്ങളാണ് എന്നതാണ്. മനുഷ്യസ്വഭാവത്തിന്റെ ഏറ്റവും ഉദാത്ത വശങ്ങളായ നന്മയും സഹജാവബോധവും സർഗാത്മകതയും ഇത്തരം സങ്കേതങ്ങളെ മനുഷ്യരാശിയുടെ ഉന്നമനത്തിനായി മാത്രം പ്രയോജനപ്പെടുത്തുമെന്നു പ്രത്യാശിക്കാം.
Read more at: https://www.mathrubhumi.com/books/features/s-anilkumar-writes-about-the-connection-among-globalization-newmedia-and-world-literature-1.6376389
0 comments:
Post a Comment