Sunday, May 24, 2020

സബ്രീന

                                                                                       (ലോകമലയാളം - ജനുവരി 2020)
                                                                                                            എസ്. അനിലാൽ 

കോൺഫറൻസിന്റെ  ആദ്യ ദിവസത്തെ   അര മണിക്കൂർ ബ്രേക്കിലാണ് അവളെ തികച്ചും ആകസ്മികമായി കാണുന്നത്. ഹാളിനുള്ളിൽ,  സ്റ്റാർ ബക്സ് കോഫിയുടെ  ഉന്മാദ മണം  മുറിച്ചു  ജാസ്മിൻ സുഗന്ധമായെത്തിയവൾ. സബ്രീന. ഔപചാരികതയിൽ  വാക്കുകൾ കൈമാറുമ്പോഴും കടും നീല സ്യൂട്ടിലും കാൽമുട്ടിനൽപ്പം താഴെവരെയെത്തുന്ന സ്കർട്ടിലും പൊതിഞ്ഞ സൗന്ദര്യം നോക്കികണ്ടത് കുറച്ചൊരനൗപചാരികതയോടെ തന്നെയായിരുന്നു. വിവേക് ആൻ എന്ന വിവേക് അനന്തകൃഷ്ണന്റെ പുതു പരിചയങ്ങളിലൊന്ന്. ചുരിദാറും നെറ്റിയിൽ പൊട്ടുമിട്ടാൽ  വടക്കേ ഇന്ത്യൻ സുന്ദരിയെന്നേ  തോന്നൂ, മെക്സിക്കനെന്നു പറയില്ല. കറുത്ത് ചുരുണ്ട മുടി. മനഃപൂർവ്വമെന്നു തോന്നിക്കാത്ത, നേരീയ മേക്കപ്പിൽ  കറുത്ത  പുരിക കൊടികൾക്കു താഴെ പ്രകാശിക്കുന്ന കണ്ണുകൾ. വശ്യമായ മുഖം പോലെ വശ്യമായ വാക്കുകൾ.

ചില സൗഹൃദങ്ങൾക്ക് തുടക്കത്തിലേ പരസ്പരാകർഷണത്തിന്റെ കാന്തശക്തിയുണ്ടാവാറുണ്ട്. സെയിൽസ് മീറ്റിംഗ് ആയതുകാരണമാവാം, കാപ്പിരുചിയുള്ള സംഭാഷണത്തിൽ, കമ്പനി  മുദ്രയുടെ ചരിത്ര പരിണാമങ്ങൾ വിഷയമായത്. വിവേക് മുദ്രക്കു പിന്നിലെ വിരുദ്ധങ്ങളായ രണ്ടു സാദ്ധ്യതകൾ അവതരിപ്പിച്ചത് സബ്രിനയെ ശരിക്കും ഇമ്പ്രെസ്സ് ചെയ്തു. വേണമെങ്കിൽ വെറുതെ തലയിലൊരു കിരീടവും വച്ചു രണ്ടു മീനുകളെയും കയ്യിൽ പിടിച്ചു നിക്കുന്ന ബോറൻ പെണ്ണായി കാണാം. അല്ലെങ്കിൽ അതിലെ സ്ത്രീ ബൈബിളിലെ എസ്തർ  രാജ്ഞിയാണെന്നും സിയോണിസ്റ് തന്ത്രങ്ങളെ  പിന്തുണച്ചു ജൂതന്മാർക്കു രഹസ്യ പ്രചാരവേല ചെയ്യുന്നവരാണ് സ്റ്റാർബക്സ്  എന്നും കണ്ടെത്താം. അവൾ കൗതുകത്തോടെ പുഞ്ചിരിച്ചു . അതുകൊണ്ടു തന്നെ നിങ്ങൾ ക്രിസ്ത്യാനികൾ ഈ കോഫി  കുടിക്കരുതെന്നും കൂടി വിവേക് പറഞ്ഞപ്പോൾ സബ്രീന 'ഹാറ്റ്‌സ്  ഓഫ്'  പറഞ്ഞു, തോൽവി സമ്മതിച്ചു തൊപ്പിയെടുത്തതായി അഭിനയിച്ചു കാട്ടി.

കിട്ടിയ ഇടവേളകളിലെല്ലാം വിഷയങ്ങളുണ്ടാക്കിയെങ്കിലും  പരസ്പരം സംസാരിക്കാൻ രണ്ടു പേരും ശ്രദ്ധിച്ചു. എപ്പോഴോ കുടുംബത്തെപ്പറ്റി ചോദിച്ചപ്പോൾ കൊടുത്ത മറുപടിക്കു പിന്നാലെയവൾ  ചോദിക്കാതെ തന്നെ പറഞ്ഞു -

' ഐ ആം സിംഗിൾ - നോ ത്രെഡ്സ് അറ്റാച്ചഡ് '

ചുരുക്കത്തിൽ ചരട് പൊട്ടിയ പട്ടം പോലെ ...അല്ലെ എന്ന് മലയാളിയായിരുന്നേൽ ചോദിക്കാമായിരുന്നു. കൂടുതലൊന്നും പറയാതെ 'ഐ സീ' എന്ന് പറഞ്ഞു വിവേക് സംഭാഷണം അവസാനിപ്പിച്ചു. മൂന്നാം ദിവസ്സം രാവിലെ എയർപോർട്ട് പിക്കപ്പിനു ഹോട്ടൽ ലോബിയിലിരിക്കുമ്പോൾ സബ്രിനയെ ഒന്ന് കൂടി കണ്ടു.

ഫോൺ നമ്പറും ഇമെയിലും നേരത്തെ കൈമാറിയിരുന്നു.
ഇത്തവണ അവൾ ചോദിച്ചു

' എഫ് ബിയിൽ ഉണ്ടോ? '

രണ്ടു വർഷങ്ങൾക്കു  മുൻപാണ് കമ്പനിയുടെ വാർഷിക സെയിൽസ്  കോണ്ഫറന്സ് വച്ചവർ  ഇങ്ങിനെ പരിചയപ്പെടുന്നത്.

അന്ന് പിരിഞ്ഞ ശേഷം ഫോണിൽ സംസാരിച്ചിരുന്നു, ഒന്നോ രണ്ടോ തവണ. പിന്നെ ഏതാനും മാസങ്ങൾക്കു ശേഷമാണ് മുഖപുസ്തകഹംസം അവളുടെ ഒരു സന്ദേമെത്തിച്ചത്.

'വളരെ കാലമായപോലെ...മിസ്സ്  യൂ..'

അങ്ങിനെയാണ്  ഹംസത്തിനു പണിയാവുന്നത്. സാൻഫ്രാന്സിസ്കോയിലെ സബ്രിനക്കും  ഷിക്കാഗോയിലെ വിവേകിനും തമ്മിൽ  മനസ്സുതുറക്കണമെങ്കിൽ വിവേകിന്
പാതിരാത്രിയെങ്കിലുമാവണം. വിവേകിന് സമയം രണ്ടു മണിക്കൂർ മുന്നോട്ടോടുന്നു എന്നതു തന്നെ കാര്യം. പക്ഷെ അയാൾക്കതൊരു പ്രശ്നമായിരുന്നില്ല. അതിനു കാരണം അവളുടെ ചോദ്യത്തിനുത്തരമായി തന്നെ ചാറ്റിൽ പറഞ്ഞിരുന്നു.

വിവേകും  നീതുവും വളരെ വർഷങ്ങളായി ഒരു  വല്യ വീട്ടിനുള്ളിലെ  രണ്ടു ലോകങ്ങളിൽ കഴിയുകയാണ്. രണ്ടു മുറികളിൽ ഉറങ്ങുന്നവർ. പരസ്പരം അത്യപൂർവം മാത്രം കാണുന്നവർ, സംസാരിക്കുന്നവർ.  രാത്രി താൻ തിരിച്ചു വീട്ടിലെത്തുമ്പോഴേക്കും അവൾ ഉറക്കമായിരിക്കും. അയാളുറങ്ങിയിരുന്നത് മറ്റൊരു മുറിയിലാണ്. അതെ സമയം പ്രത്യക്ഷത്തിൽ വഴക്കൊന്നുമില്ലായെന്നും കൂട്ടിച്ചേർത്തിരുന്നു.

എഫ് ബിയിലെ ബന്ധങ്ങളിൽ പറയേണ്ടത് മാത്രം പറഞ്ഞാൽ മതിയെന്നു  അയാൾക്കറിയാം. എങ്കിലേ നിറുത്തേണ്ടിടത്തു വേണമെങ്കിൽ വേണ്ടപോലെ അവസാനിപ്പിക്കാനാവൂ.

 എന്നാലിവിടെ വിവേക് മനഃപൂർവം പറയാതെ പോയ ചിലതു പറയേണ്ടതുണ്ട്.

രണ്ടാഴ്ച കൂടുമ്പോൾ ഒരു നാലുദിവസ്സം. അത്ര മാത്രമാണ് യാത്രയിലല്ലാതെ വീട്ടിലുണ്ടാവുക.  അപ്പോഴും മിക്കവാറും രാവിലെ എന്തെങ്കിലും കാരണം പറഞ്ഞു വീട്ടിൽനിന്നിറങ്ങും. രാത്രി തോന്നുന്ന സമയത്തു കേറി വരും..പകൽ ചിലപ്പോൾ ഗോൾഫ് കളിയിലായിരിക്കും. ജീവിതത്തിൽ ഒരു കളിയിലും വല്യ താല്പര്യമില്ലാതിരുന്ന വിവേക് ഇവിടെയെത്തിയശേഷം ഒരു വെളിപാടിന്റെ പുറത്താണ് ബാസ്കറ്റ് ബാളും അമേരിക്കൻ ഫുട്ബാളും പ്രയാസപ്പെട്ടു പഠിച്ചത്. ഓഫീസ്  സൗഹൃദങ്ങൾ കൊഴുക്കണമെങ്കിൽ ഏതെങ്കിലുമൊക്കെ ഗെയിംസ് അറിഞ്ഞിരിക്കണമത്രെ. ടീമുകളെ അറിഞ്ഞിരിക്കണം. കളികൾ കണ്ടിരിക്കണം. ഗോൾഫ് ചിലവുള്ള ഇനമാണെങ്കിലും അത് പഠിക്കാനും ഗോൾഫ് കോഴ്‌സിൽ പോയി കളിക്കാനും പ്രത്യേക കാരണമുണ്ട് - 'കണക്ഷൻസ്' - സമ്പന്നരും  സ്വാധീനമുള്ളവരുമായുള്ള സൗഹൃദം ഉണ്ടാക്കിയെടുക്കാൻ ഗോൾഫ് നല്ലൊരു വഴിയാണെന്ന് മുൻപെപ്പോഴോ മനസ്സിലാക്കിയിരുന്നു.

ഒരു വൈകുന്നേരമെങ്കിലും അതിർത്തിയിലുള്ള 'ജന്റിൽ മെൻസ്' ക്ലബിന് വേണ്ടി മാറ്റിവച്ചിരിക്കും..അവിടെയാണ് ചില മുഖപുസ്തക സൗഹൃദങ്ങൾ കൈമാറിയ സെക്സ് ചാറ്റുകളുടെ പൂർണത തരപ്പെടുന്ന പരിമിത രതികളിലൂടെ അനുഭവിക്കുന്നത്. ആറു ലാർജിന്റെ കെട്ട് പാതിരാത്രി കാറിൽ കയറുമ്പോഴും ബാക്കികാണും. എന്നാലും ഇതുവരെ ഒരു പോലീസും പിടിച്ചിട്ടില്ല. കാരണം മദ്യപിച്ചു വണ്ടിയോടിക്കുമ്പോൾ അയാൾ പതിവിലേറെ ജാഗ്രത പുലർത്തിയിരുന്നു.

വീട്ടിലെത്തുമ്പോൾ നീതു, രാത്രി എബിസി ചാനൽ വാർത്ത കണ്ട്, എന്നും കേൾക്കേണ്ടിവരുന്ന അപകടങ്ങളെയും കൊലകളെയും ഡ്രഗ് ഓവർ ഡോസ് മരണങ്ങളെയും കുറിച്ച്, അന്തമില്ലാതെ ചിന്തിച്ചുറക്കമായിരിക്കും. എന്നാലും വിവേകിനുള്ള രാത്രി ഭക്ഷണം ചൂട് പോകാത്ത  പാത്രങ്ങളിലാക്കി അടച്ചു തീൻ മേശയിൽ ഒരുക്കിവച്ചിരിക്കും. കുടിക്കാനുള്ള വെള്ളം പോലും  എടുത്തു വച്ചിട്ടുണ്ടാവും.

ഈയിടെയായി നീതുവുമായി പ്രത്യക്ഷത്തിൽ വഴക്കൊന്നുമില്ല, അത് സത്യം തന്നെ. നീതു ഒരു സാധാരണ ജീവിതം മാത്രം ഇഷ്ട്ടപ്പെട്ട ഒരാളാണ് . കുട്ടികളാണ് എന്നും അവരുടെ ലോകം. മൂത്തയാൾ രണ്ടു വർഷമായി സബ്രിനയുടെ നാട്ടിൽ തന്നെയുണ്ട്, അവിടെയാണ് ജോലി. രണ്ടാമത്തെ മകനും വീട്ടിലില്ല. അടുത്ത സ്റ്റേറ്റിലെ യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനത്തിലാണ്. അവർക്കു മൂവർക്കുമായി ഒരു ചാറ്റ് ഗ്രൂപ്പുണ്ട്. പരസ്പ്പരം എല്ലാ വിവരങ്ങളും നിരന്തരം കൈമാറും. ആഴ്ചയിൽ മൂന്നോ നാലോ തവണയെങ്കിലും ഫേസ് ടൈം ആയോ ഫോണിലോ സംസാരിക്കും..അവർക്കിടയിൽ അച്ഛനെക്കുറിച്ചുള്ള വർത്തമാനം അങ്ങിനെയുണ്ടാവാറില്ല.

യാത്രകളുടെ രാത്രികളിലായിരുന്നു എഫ് ബിയിൽ പരസ്പരം കണ്ടു മിണ്ടിയിരുന്നത്. അവളെ കുറിച്ചു കൂടുതൽ പറഞ്ഞിരുന്നില്ലെങ്കിലും വിവേകിനെ അറിയാൻ സബ്രിനക്കു കൗതുകമായിരുന്നു.

അവളോട് പലപ്പോഴായി പറഞ്ഞതും പറയാത്തതും -

മുംബൈയിലെ ഒരു കൺസൾട്ടിങ് കമ്പനിയിൽ നിന്നും അമേരിക്കയിലെ ഒരു കമ്പനിക്കു വേണ്ടി കൺസൾട്ടന്റ്  ആയി എത്തിയതായിരുന്നു അയാൾ. ജോലികിട്ടി മുംബൈക്ക് പോവും വരെ വിവേക് വെറും നാട്ടുമ്പുറത്തുകാരനായിരുന്നു. അയാൾ കണ്ട ഭൂപടത്തിലും പഠിച്ച ചരിത്രത്തിലും  അമേരിക്കയില്ലായിരുന്നു. ജീവിതം മെച്ചപ്പെടണമെങ്കിൽ ഗൾഫിൽ പോകണം എന്നായിരുന്നു അതുവരെ. അതിനേറ്റവും പറ്റിയ സ്ഥലം ബോംബെയും ആയിരുന്നു, മനം പോലെ മംഗല്യം എന്ന പോലെയാണ് അവിടെ അവിചാരിതമായി എത്തപ്പെട്ടത്.

അപ്രതീക്ഷിതമായാണ് ഷിക്കാഗോയിലുമെത്തുന്നത് . വരുന്നതിനു മുൻപ് തന്നെ ദൃഢമായ ഒരു തീരുമാനവുമെടുത്തിരുന്നു. ഒരേഴു വർഷം ജോലിചെയ്യുക. ആവുന്നത്ര സമ്പാദിക്കുക. തിരിച്ചു പോവുക.. അങ്ങിനെ തീരുമാനിച്ചു വരുന്ന പലരും ലക്‌ഷ്യം കൈവരിച്ചു തിരിച്ചു പോവാറുണ്ട്. പലർക്കും അതിനു കഴിയാറുമില്ല.

തൊണ്ണൂറുകളുടെ അവസാനം ഒരു  മഞ്ഞു കാലത്താണ് അവരെത്തിയത്. അഞ്ചുപേരടങ്ങുന്ന സംഘത്തിലെല്ലാർക്കും തിരിച്ചു പോണം എന്നത് തന്നെയായിരുന്നു. എന്നാൽ പിന്നീട് മടങ്ങി പോയത് ഒരാൾ മാത്രം.

അമേരിക്കക്കു വിമാനം കേറുമ്പോഴേക്കും അതുവരെയുണ്ടായിരുന്ന  അഭിമാനം വല്ലാത്ത ഉൽക്കണ്ഠക്കു വഴിമാറിയിരുന്നു. പരിചയമില്ലാത്ത രാജ്യം, ആളുകൾ രീതികൾ..അവിടെ തനിക്കു പൊരുത്തപ്പെടാനാവുമോ? പുതിയ വർക്ക് പ്ലേസ് - അവിടത്തെ രീതികൾ - ഇതൊക്കെയായിരുന്നു ചിന്ത മുഴുവൻ. അത് തന്നെയാണ്, വിമാനത്തിൽ സമയം കിട്ടുമ്പോഴൊക്കെ സ്വന്തം സീറ്റുകൾ വിട്ടു ടോയ്‌ലറ്റ്നടുത്തു  വട്ടം കൂടി നിന്നവർ ചർച്ച ചെയ്തത്. ഇടയ്ക്കു ബീഹാറുകാരൻ മോഹൻ സിംഗ് കരുതിയിരുന്ന വിൽസ് പാക്കറ്റ് തുറന്നു കൂട്ടുകാർക്കു നീട്ടി ഉൽക്കണ്ഠയെ പുകയാക്കി മാറ്റാൻ ശ്രമം നടത്തി. ആകെ ഒരു ആത്മവിശ്വാസം,  പുതിയ തൊഴിലിടത്തും സമൂഹത്തിലും വേണ്ട പെരുമാറ്റ രീതികളെക്കുറിച്ചു കമ്പനി നൽകിയ ട്രെയിനിങ്ങിൽ നിന്നും പഠിച്ച പാഠങ്ങളാണ്. എങ്ങിനെ ഷേക്ക് ഹാൻഡ് കൊടുക്കണം, കത്തിയും മുള്ളുമുപയോഗിച്ചു കഴിക്കണം, ഭാഷ വ്യക്തമായും വേഗത കുറച്ചും ഉപയോഗിക്കണം അങ്ങിനെ പലതും.

കമ്പനി തന്നെ സഹായിച്ചു ഒരു ഫ്ലാറ്റ് വാടകക്കെടുത്തു. ആഴ്ചകൾ കഴിഞ്ഞപ്പോൾ അവർ ആ ബാച്ചലേഴ്‌സ് ജീവിതം ഇഷ്ടപ്പെടാൻ തുടങ്ങി. എന്നാലും തണുപ്പൊരു പ്രശ്നം തന്നെയായിരുന്നു . മറ്റൊന്ന്, കാറില്ലാത്തവൻ വികലാംഗനെപ്പോലെയാണീ  നാട്ടിൽ. എവിടെ പോകാനും ആരെയെങ്കിലും ആശ്രയിക്കണം. പല പ്രോജക്ടുകളിലും ജോലിയെടുക്കുന്നവർ, മാനേജർമാർ ഇവരൊക്കെ അതേ ഫ്ലാറ്റ് സമുച്ചയത്തിൽ തന്നെയായതു കാരണം യാത്രക്ക് വല്യപ്രശ്നമില്ല. ചിലപ്പോഴൊക്കെ പച്ചക്കറി, പലവ്യഞ്ജനങ്ങൾ  വാങ്ങാൻ അഞ്ചുപേരും ചേർന്ന്  പുറത്തിറിങ്ങും, കൊടും തണുപ്പത്ത്‌.  മുട്ടോളമെത്തുന്ന വിന്റർ ജാക്കറ്റും, ബൂട്സും, കൈയ്യുറകളും, കമ്പിളി തൊപ്പിയുമൊക്കെയണിഞ്ഞു ഒരു സാഹത്തിനെന്നപോലെ. മിക്കവാറും മടങ്ങി വരുമ്പോൾ രണ്ടു മൂന്നു കേസ് ബിയറും വാങ്ങിയിരിക്കും. ഇവിടെയെത്തിയശേഷമുള്ള പുതിയ രീതിയാണ്, പല രാജ്യങ്ങളിൽ നിന്നുള്ള ബീയറുകൾ മാറി മാറി കുടിക്കുകയെന്നത്. പ്രത്യേകിച്ചും വാരാന്ത്യങ്ങളിൽ. ഒഴിഞ്ഞ കാനുകൾ അലങ്കോലപ്പെട്ടു  കിടന്നിരുന്ന മുറിയുടെ ചുമരിലിൽ ഉയരത്തിലടുക്കി മിനാരങ്ങൾ പണിഞ്ഞു.

തണുപ്പ് കാരണം പുറത്തിറങ്ങാനാവാതെ വരുമ്പോഴോ, അവധിദിവസങ്ങളിലോ ആവും ദുബെയും  മോഹൻ സിങ്ങും തമ്മിലുള്ള പാചക മത്സരം. ദുബെയുടെ വെജിറ്റേറിയൻ പാചകവും സിംഗിന്റെ നോൺ വെജ് പാചകവും തമ്മിൽ. മത്സരത്തിനിടയിലുള്ള വാക് പയറ്റ് തനി നോൺ വെജ് എന്ന് മാത്രം..ബാക്കിയുള്ള മൂന്നുപേരും  പക്ഷം പിടിക്കാതെ മാറി നിൽക്കും. രണ്ടു പേരുടെയും പാചകം  ബാക്കി മൂന്നു പേർക്കും വല്ലാത്ത  ഇഷ്ട്ടം എന്നതു തന്നെയായിരുന്നു കാരണം.

അവർ അപ്പോൾ ടീവീ കാണുകയോ, ചരിത്രമോ, രാഷ്ട്രീയമോ, സിനിമയോ ചർച്ച ചെയ്യുകയോ ആവും. ഇക്കിളി വർത്തമാനങ്ങളിൽ കൂടുതലും ക്ലിന്റണും മോണിക്കാ ലിവിൻസ്കിയുമായിരുന്നു. ബംഗാളിയായ ദബാഷിഷ്  ഒന്നാന്തരമായി പാടും - ഒന്നാന്തരമായി സിഗരറ്റും വലിക്കും. ദബാഷിഷ് ഫോമിൽ ആണെങ്കിൽ ഒരു മൂന്നു ഹൈനി ക്കനും രണ്ടു മാൽബൊറോ സിഗരിറ്റിനും ശേഷം നിലത്തു മലർന്നു കിടന്നു കണ്ണടച്ച് മനോഹരമായി പാടുമായിരുന്നു. ഷേറുകൾ പാടി, ഹിന്ദി അറിയാതെ തനിക്കിരുവശവും ഇരിക്കുന്ന വിവേകിനും കണ്ണടക്കാരൻ കമ്മത്തിനും വേണ്ടി ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി.

മഞ്ഞുമാറിത്തുടങ്ങിയാൽ, എല്ലാ ശനിയും ഞായറും ക്രിക്കറ്റ് കളിയുണ്ടായിരുന്നു. രാവിലെ കളികഴിഞ്ഞു ഉച്ചക്ക് വെങ്കിടേശ്വരന്റെ വല്യ കോവിലിൽ പോയി മസാല ദോശയും വടയും ഇഡലിയും കഴിച്ചു, പ്രാർത്ഥി ക്കാൻ മാത്രം മറന്നവർ തിരിച്ചെത്തും.

അങ്ങിനെ, പുതിയ ലോകവും ജോലിയും കൂട്ടുകാരുമായി പൊരുത്തപ്പെട്ടു വരാൻ തുടങ്ങുമ്പോഴാണ് നവംബർ മാസത്തിലെ ഒരു വ്യാഴാഴ്ച ഓഫീസ മെയിൽ. പിറ്റേന്ന് രാവിലെ ഓഡിറ്റോറിയത്തിൽ പ്രൊജക്റ്റ്  മീറ്റിംഗ് വിളിച്ചിരിക്കുന്നു.

അഞ്ചു മിനിട്ടു മാത്രം നീണ്ടതായിരുന്നു മീറ്റിംഗ്. പ്രോജക്ടിന്റെ ചുമതലയുള്ള മുഖ്യൻ  വളരെ ക്യാഷൽ ആയി വേദിയിലെത്തുന്നു..പ്രോജെക്ടിന്റെ പുരോഗതിയിൽ സന്തോഷം പ്രകടിപ്പിക്കുന്നു. അതിനു കാരണക്കാരായ എല്ലാ ടീം അംഗങ്ങളെയും പ്രശംസിക്കുന്നു എന്നിട്ടു കാര്യത്തിലേക്കു കടക്കുന്നു.

സംഗതി സിമ്പിൾ. ഈ പ്രൊജക്റ്റ്  മുന്നോട്ടു കൊണ്ടുപോകാൻ കസ്റ്റമർക്കു താല്പര്യമില്ല..ദേ കാൻഡ് ഇറ്റ്'. അവർ അത് കാൻസൽ  ചെയ്തു എന്നും ഇതാണ് അവസാന ദിവസ്സമെന്നും കൂടിയിരുന്നവരെ അറിയിച്ചു. കമ്പനിയിലെ ജോലിക്കാരെ അടുത്തയാഴ്ച മറ്റു പ്രോജക്ടുകളിലേക്കു മാറ്റും. കോൺട്രാക്ട് എംപ്ലോയീസിന്റെ കാര്യം അതാതു കമ്പനികളുമായി തീരുമാനിക്കും. ഇത്രയും പറഞ്ഞയാൾ സ്ഥലം വിട്ടു.

അന്ന് രാത്രി അവരെ അക്കൗണ്ട്സ് മാനേജർ വിളിച്ചു. മുന്നോട്ടുള്ള ഓപ്ഷൻസ് പറഞ്ഞു. തിരിച്ചു പോകേണ്ടവർക്കു പോകാം, അല്ലെങ്കിൽ തല്ക്കാലം ബഞ്ചിൽ ഇരിക്കാം. വേറെ പ്രോജക്ടുകളിൽ അവസരം വരുമ്പോൾ അസൈൻ ചെയ്തയക്കും. അഞ്ചു മുതൽ ഏഴുവരെ വർഷം  സ്വപ്നം കണ്ടു വന്നവർക്കു ഉടൻ തിരിച്ചു പോകുന്ന കാര്യം ഒട്ടുമേ സ്വീകാര്യമായിരുന്നില്ല. തല്ക്കാലം ബഞ്ചിലിരിക്കാൻ തീരുമാനിച്ചു. മെല്ലെയവർ പുറത്തു ബന്ധങ്ങളുണ്ടാക്കി. ബഞ്ചിൽ രണ്ടുമാസം ഇരുന്നു കഴിഞ്ഞപ്പോഴേക്കും വിവേകിനും മടുത്തു തുടങ്ങി.. അങ്ങിനെ ക്രിക്കറ്റിന് കണ്ട മറ്റൊരു കൂട്ടുകാരൻ വഴി ഒരു ദേശി  കമ്പനിയിൽ ഇന്റർവ്യൂ തരപ്പെട്ടു. അക്കാലത്ത്‌ കൂണുകൾ പോലെയായിരുന്നു ദേശി കൺസൾട്ടിങ്    കമ്പനികൾ പൊങ്ങിയിരുന്നത്.

നാട്ടിൽ നിന്നും വന്നപ്പോൾ വാങ്ങിയ കടും നീല റയ്മണ്ട്സ്  സൂട്ട് ധരിച്ചു വിവേക് ഇന്റർവ്യൂവിനെത്തി. അഡ്രസ് ഏതെങ്കിലും ഒരു ഓഫിസോ അതുമല്ലെങ്കിൽ ഒരു വീടോ ആയിരിക്കും എന്ന് കരുതിയെങ്കിലും വിവേകിന് തെറ്റി. അതൊരു മക് ഡൊണാൾഡ്‌സ് ആയിരുന്നു.  സംശയത്തോടെ അകത്തു കയറാൻ മടിച്ചു നിൽക്കുമ്പോൾ ഒരു മധ്യ വയസ്കൻ ഉള്ളിൽ നിന്നും പുറത്തിറങ്ങി വന്നു - ജീൻസും ഫുൾ കൈ ഷർട്ടും വേഷത്തിൽ.

'വിവേക്?'

അതേയെന്ന അർഥത്തിൽ പുഞ്ചിരിച്ചു നിൽക്കുമ്പോൾ അയാൾ തനി ഗുജറാത്തി ചുവയിൽ  'കൈസേ ഹായ് ആപ്'  എന്ന് ചോദിച്ചു കൈകൊടുത്തു അകത്തേക്ക് കൂട്ടികൊണ്ടുപോയി. രണ്ടു ബ്ലാക്ക് കോഫി വാങ്ങി ഒരു മൂലയിയിൽ  രണ്ടുപേർക്കിരിക്കാവുന്ന മേശക്കിരുവശത്തുമായി ഇരുപ്പുറപ്പിച്ചു.

സാങ്കേതികമായ ഒരു കാര്യങ്ങളും പ്രതീക്ഷിച്ച പോലെ ചോദിച്ചില്ല. തന്റെ കഴിവുകളിൽ വിശ്വാസമാണെന്നും ഓഫർ സ്വീകരിച്ചാൽ ഉടനെ വിസ ഫയൽ ചെയ്യാമെന്നും ജോലിയിൽ പ്രവേശിച്ചു ആറു  മാസത്തിനു ശേഷം ഗ്രീൻ കാർഡ് ഫയൽ ചെയ്യാമെന്നും അയാൾ ഉറപ്പു കൊടുത്തു. എല്ലാം ഏകദേശം ഇരുപതു മിനിറ്റിൽ കഴിഞ്ഞു. തിരിച്ചിറങ്ങാൻ നേരം വിവേകിന്റെ കൂടി കപ്പുമെടുത്തു ഗാർബേജ് ഇടുന്ന ബാസ്കെറ്റിനടുത്തേക്കു നടന്നു. തിരിച്ചിറങ്ങുന്നതിനു മുൻപേ അടുത്ത ടേബിളിൽ കരുതി വച്ചിരുന്ന പഞ്ചസാര പാക്കറ്റുകളും ക്രീമും ഓരോ പിടി വാരി ജാക്കറ്റിന്റെ പോക്കറ്റിലിട്ടു..പിന്നെ ഒരു കെട്ട് നാപ്കിൻ കൂടി.

മൂന്നാം ദിവസ്സം ഓഫർ വന്നു. കമ്പനിയുടെ സമ്മതം വാങ്ങി നാട്ടിലേക്കു പോയ വിവേക് ജെപി കൺസൾട്ടിങ്‌ന്റെ വിസയോടെയാണ് മൂന്ന് മാസങ്ങൾക്കു ശേഷം തിരികെ ഷിക്കാഗോയിലെത്തുന്നത്. കൂടെ ജോലി ചെയ്യുന്നവരിൽ മിക്ക പേരും ദേശികൾ. പുതിയ സൗഹൃദങ്ങൾ, പുതിയ ജോലിസ്ഥലം. തിരിച്ചെത്തിയ ശേഷം, ഒരു സുരക്ഷക്കെന്നോണം  പഴയ സുഹൃത്തുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചില്ല.

അമേരിക്കൻ ജോലി ഏതു നിമിഷവും നഷ്ടപ്പെടാം എന്ന യാഥാർഥ്യം മനസ്സിലാക്കിയ വിവേക് ഇത്തവണ കരുതലോടെയാണ് മുന്നോട്ടു പോയത്. അധികം ചെലവാക്കാതെ ഓരോ രണ്ടു മാസവും ബാക്കി സമ്പാദ്യം നാട്ടിലേക്കയച്ചു. മടങ്ങിപ്പോവുകയെന്നത്,  കൂടെയുള്ള എല്ലാപേരും പങ്കിട്ട സ്വപ്നമായിരുന്നെങ്കിലും, പലർക്കും വിവേകിന്റെ പിശുക്കു അസഹ്യമായിരുന്നു. കുളി,  നന, തീറ്റ,  ഉടുതുണി അങ്ങിനെ എല്ലായിനത്തിലും ഡോളർ മിച്ചം പിടിക്കാൻ  ശ്രദ്ധിച്ചു. ഒരു  ജന്മദിനത്തിന് കൂട്ടുകാർ സമ്മാനമായി കൊടുത്തത് അടുത്ത ആറുമാസത്തേക്കുള്ള സോപ്പും ഡിയോഡറന്റും ഒരു ജീൻസുമായിരുന്നു എന്ന് പറയുമ്പോൾ അതിന്റെ തീവ്രത പിടികിട്ടും.

ജെ പി കൺസൾട്ടിങ്ങിലെ സൗഹ്രുദങ്ങളിൽ നിന്നാണ് 'ആംവേ' എന്ന കമ്പനിയെപ്പറ്റി അറിയുന്നത്. നെറ്റ്‌വർക്ക് മാർക്കറ്റിങ്  വിപണന തന്ത്രമായി ഉപയോഗിച്ച് വിജയിച്ച കമ്പനി. ചെറുപ്പക്കാരും വിസ കൈയ്യിലുള്ളവരുമായ അനവധി ദേശികൾ ആംവേയുടെ  മാർക്കറ്റിംഗ് രീതികളിൽ ആകർഷിക്കപ്പെട്ടിരുന്നു. കൂട്ടുകാരൻ നിർബന്ധിച്ചിട്ടാണ്  ഒരു ദിവസ്സം വൈകുന്നേരം  ആംവേ യുടെ പ്രത്യേക മീറ്റിംഗിൽ പങ്കെടുക്കാൻ പോകുന്നത്. ചെറുപ്പക്കാരായ ദേശികൾ തന്നെ കൂടുതലും. വിവാഹിതരും അല്ലാത്തവരും .ഇന്ത്യൻ യുവതികളിൽ മിക്കപേരും ബിസിനസ് വേഷങ്ങളിൽ. നെറ്റിയിലെ പൊട്ടോ നീളമുള്ള പിന്നിയിട്ട തലമുടിയോ  അവരിൽ പലരും ഇട്ടിരുന്ന വേഷത്തോട് കലഹിച്ചു നിൽപ്പുണ്ടായിരുന്നു. എല്ലാപേരും  ഒരു പ്രത്യേക അതിഥിയെ  കാത്തുനിൽക്കുകയാണ്. ഹാളിന്റെ ഒരു ഭാഗത്തു ഒരാളിന് ഇരിക്കാൻ മാത്രം വേദിയൊരുക്കി അലങ്കരിച്ചിരിക്കുന്നു.

ചായസൽക്കാരത്തിനിടയിൽ പലരെയും പരിചയപ്പെട്ടു. അവരിലെല്ലാം ആംവേ എന്നത് പ്രതീക്ഷയുടെ പേരായിരുന്നു. പലരും കമ്പനിയുടെ ഭാഗമായി കുറേശ്ശെ പണം ഉണ്ടാക്കി  തുടങ്ങിയിരുന്നു എന്നത് അവരുടെ സംസാരത്തിൽ നിന്നും വിവേക് മനസിലാക്കി. വൈകുന്നേരം ഏഴുമണിയോടെ വിശിഷ്ട അതിഥിയെത്തി. പ്രതീഷ് ഷാ...സ്വന്തം ആഡംബരക്കാറിൽ..വിലകൂടിയ കോട്ടും സൂട്ടുമണിഞ്ഞു. ആംവേയിലൂടെ ഭാഗ്യം കണ്ടെത്തിയ റോൾ മോഡൽ.

അയാളുടെ പ്രസംഗവും മീറ്റിംഗ് കഴിഞ്ഞു കിട്ടിയ മോട്ടിവേഷണൽ സി ഡിയും നിങ്ങൾക്കും കോടീശ്വരനാവാം എന്ന പരമ്പരയിൽ സുരേഷ് ഗോപി പറയും പോലെ ജീവിതം മാറ്റി മറിച്ചു  എന്ന് ചുരുക്കി പറയുന്നതാവും നന്ന്.

ജെപി കൺസൾട്ടിങ്ങിൽ   തുടർന്ന് കൊണ്ട് തന്നെ ആംവെയിൽ പാർടൈം ആയി ചിലവാക്കിയ സമയവും കിട്ടിയ ലാഭവും അയാളിൽ പുതിയ തിരിച്ചറിവുകളുണ്ടാക്കി - തന്റെ മേഖല സെയിൽസ്  ആണെന്നും ജീവിക്കേണ്ടത് അതുവരെ ജീവിച്ചപോലല്ല എന്നും.

ശമ്പളക്കുറവ് സഹിച്ചുകൊണ്ടുതന്നെ സെയിൽസിലേക്ക് കാൽ  മാറ്റിചവുട്ടി. പുതിയ കമ്പനി. ഇനിയങ്ങോട്ട് കൂടുതൽ പറയേണ്ടതില്ല. ജീവിതം ടോപ് ഗിയറിൽ ഓടിത്തുടങ്ങാൻ അധികകാലം വേണ്ടിവന്നില്ല. വിവാഹം,  കുട്ടികൾ ഒക്കെ പെട്ടെന്നായിരുന്നു. കമ്പനികളിൽ  നിന്നും കമ്പനികളിലേക്ക്. ഉയർച്ചകളിൽ നിന്നും ഉയർച്ചകളിലേക്ക്..കൂടുതൽ യാത്രകൾ.. കൂടുതൽ പണം... കൂട്ടുകാർക്കസൂയ തോന്നുന്നവിധമുള്ള  വീട്, ലൈഫ് സ്റ്റൈൽ,  മുന്തിയ കാറുകൾ..

കുട്ടികളും ഭാര്യയും അവരുമായുള്ള ദിവസങ്ങളും സമയവും ഇതിനിടയിൽ  നഷ്ടമാവുന്നതു  വിവേകിന് അറിയാമായിരുന്നു. ആദ്യമൊക്കെ നീതു ചെറിയ പരാതികൾ പറഞ്ഞെങ്കിലും, കയർത്തും കരഞ്ഞും പ്രതിഷേധമറിയിച്ചെങ്കിലും  പതിയെ അവർ അവരുടെ ലോകത്തിലേക്ക് ഒതുങ്ങുകയായിരുന്നു..കുട്ടികളോടൊപ്പം കളിക്കാനോ  ഒത്തിരുന്നൊരു സിനിമ കാണാനോ വിവേക് വീട്ടിലുണ്ടായിരുന്നില്ല. മൂത്തയാൾ ഹൈ സ്കൂളിലേക്ക് കയറിതു  അറിഞ്ഞില്ല. സ്കൂൾ അവസാനിക്കുമ്പോഴുളള ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവനോടൊപ്പം ആദ്യദിവസം കോളേജിൽ പോകാൻ ഒത്തില്ല.ഇളയ കുട്ടിയും ഈ വഴികളിലൂടെയൊക്കെ കടന്നുപോയത് കൂടുതലും യാതകളിലായിരുന്ന വിവേക് എല്ലാ കഴിഞ്ഞു പിന്നീടാനാണ് അറിഞ്ഞിരുന്നത് . വേണ്ടിടത്തൊന്നും  അയാൾ സമയത്തുണ്ടായിരുന്നില്ല എന്ന് ചുരുക്കം. കുടുംബത്തിന് മേളിൽ നേടാനുള്ള പലതിനും  പിന്നാലെയായിരുന്നയാൾ.

എന്നാ  കാണുക? അങ്ങോട്ട് വരട്ടെ? ഇങ്ങോട്ടു വരാമോ?

ഇത്തരം ചോദ്യങ്ങൾക്കൊടുവിൽ രണ്ടു വർഷങ്ങൾക്കു ശേഷമാണ് ഷി ക്കാഗോയിൽ വീണ്ടും കാണാൻ തരമാവുന്നത്. ഒരുമിച്ചു താമസിക്കും എന്ന ഉറപ്പിലാണ് കോൺഫറൻസ് ഞായറാഴ്ച്ച  തീരുമെങ്കിലും ഒരു ദിവസ്സം കൂടി അവൾ സ്റ്റേ നീട്ടിയത്. പക്ഷെ അവിചാരിതമെങ്കിലും  ആ പദ്ധതി അവസാന നിമിഷം പൊളിഞ്ഞു. എങ്കിലും ഞായറാഴ്ച വൈകുന്നേരം കാണാം എന്ന് പറഞ്ഞു സമ്മതിപ്പിച്ചു. അവളെ നിരാശപ്പെടുത്താൻ വയ്യ.

ഹോട്ടലിന്റെ താഴത്തെ നിലയിലെ റെസ്റ്റാറന്റിന്  ഷിക്കാഗോ നദിയോട് ചേർന്നൊരു  അങ്കണമുണ്ട്..വർണ്ണക്കുടകളുടെ കീഴിൽ മേശകളും കസേരകളും. അവിടെയാണവർ  അന്നു വൈകുന്നേരം കണ്ടത്. മുഖത്ത് മേക്കപ്പിട്ടു ചുണ്ടുകളിൽ ലിപ്സ്റ്റിക്ക് അണിഞ്ഞു മുൻപ് കണ്ടിട്ടില്ലാത്തവിധം സബ്രീന  സുന്ദരിയായിരുന്നു. പാദങ്ങളോളം  എത്തുന്ന കറുത്ത ഗൗൺ - അതിൽ പല നിറത്തിലുള്ള പൂക്കളുടെ ഡിസൈൻ. കറുത്ത മുടി ഒന്നുകൂടി ചുരുട്ടി രണ്ടായി  പകുത്തു ഒരു പകുതി മാറത്തേക്കിട്ടിരിക്കുന്നു. കഴുത്തിൽ കൈവേലയുള്ള നാടൻ മാലയും കമ്മലും വളകളും.

കണ്ടതും അവൾ അയാളെ കെട്ടിപ്പിടിച്ചു. അവളുടെ ഗന്ധമായറിഞ്ഞ  ജാസ്മിൻ സുഗന്ധം ഒന്ന് കൂടി വിവേകിനെ പൊതിഞ്ഞു.

'ഹാപ്പി റ്റു ബി വിത്ത് യൂ' - അവൾ പറഞ്ഞു.

നദിയോട് ചേർന്ന കമ്പിവേലിക്കരികിലെ ഒരു കുടകീഴിൽ അവരിരുന്നു. നേരത്തെ റിസേർവ് ചെയ്തതാണ്.  അവൾ തന്നെ ആപ്പേറ്റിസറും കോക്ക്ടെയിലും ഓർഡർ ചെയ്തു. കോക്ക്ടെയിൽ ഓർഡർ ചെയ്യുമ്പോൾ പറഞ്ഞു

'ഇന്ന് എന്റെ ഇഷ്ട്ടങ്ങൾ ..നോക്കട്ടെ വിവേകിന് ഇഷ്ടപ്പെടും'

മുഖപുസ്തകത്തിലെ രസമുള്ള ചാറ്റുകളിൽ  ആയിരുന്നു തുടക്കം. ചില തമാശകളിൽ അവർ ചിരിച്ചപ്പോൾ അയാളുടെ കൈകൈളിൽ  മെല്ലെ തൊടുന്നുണ്ടായിരുന്നു. നദിയിലൂടെ രാത്രി  ടൂർ നടത്തുന്ന ബോട്ടുകളെ നോക്കി അതിനുള്ളിലെ പ്രണയങ്ങളെ പറ്റിയൊക്കെ ഗോസിപ്പുകൾ പറഞ്ഞു..ഇടയ്ക്കു അവൾ ബാഗിൽ നിന്നും വിർജീനിയ സ്‌ലിംസ് പാക്കറ്റ്  തുറന്നു. രണ്ടു സിഗരെറ്റിലൊന്ന് വിവേകിന്റെ ചുണ്ടിൽ പിടിപ്പിച്ചു തീകൊടുത്തു. മറ്റേതു സബ്രിനയും.

മെയിൻ ഡിഷിനു സമയമായോ എന്നറിയാൻ വെയ്റ്റർ വന്നപ്പോളവൾ
ഞങ്ങളൊന്നു നടന്നിട്ടു വരട്ടെ എന്ന് സ്പാനിഷിൽ പറഞ്ഞു.

കമ്പിവേലിയിലെ ഗേറ്റ് തുറന്നവർ  നദിക്കരയിലെ നടപ്പാതയിലേക്കു നടന്നു. എന്തോ പറഞ്ഞു ചിരിച്ചപ്പോളവൾ വിവേകിന്റെ   കൈ പിടിച്ചു. പിന്നെയത് വിട്ടില്ല. ചുവന്ന കല്ലുകൾ പാകിയ പാതയിലൂടെ കൈകൾ കോർത്ത് ചേർന്ന് നടന്നു.

കുറെ നടന്നൊരിടത്തെത്തിയപ്പോൾ അവൾ നിന്നു..ന്നിട്ട് പറഞ്ഞു

'കേൾക്കു ഇത് നിങ്ങൾക്ക്  വേണ്ടിയാണു'

നദിയിലെ കുഞ്ഞോളങ്ങളിൽ കണ്ണയച്ചു അവളുടെ ഹൃദയം പാടി. ഒരു മെക്സിക്കൻ മരിയാച്ചി നാടോടി പാട്ട്. അർഥം  മനസ്സിലായില്ലെങ്കിലും  ആ ഈണത്തിൽ പ്രണയമോ വിരഹമോ നഷ്ടമോ ഒക്കെ അയാൾ അനുഭവിച്ചു.

ഒന്നോ രണ്ടോ വരികൾ പാടി ചാറ്റ് മെസ്സേജുകൾ ഇട്ടിരുന്നുവെങ്കിലും ഇത്ര ആർദ്രമായി പാടാൻ അവൾക്കു കഴിയുമെന്നയാൾ അറിഞ്ഞിരുന്നില്ല.

പുറകിൽ നിന്നും 'അതിശയം - ഗംഭീരം' എന്ന് പറയുന്നതു കേട്ടവൾ തിരിഞ്ഞു അയാൾക്കഭിമുഖമായി നിന്നു. ' സത്യം ?' പ്രേമം കത്തുന്ന കണ്ണുകളോടെ അവൾ ഇരു കൈകളും അയാളുടെ ചുമലിലേക്ക് വച്ചു. വേനലിന്റെ ചൂട് പറ്റിയ ഇളം കാറ്റിൽ, തെളിയുന്ന നക്ഷത്രങ്ങളുടെ സാക്ഷ്യത്തിൽ, പാതയോരത്തെ വിളക്കുകളുടെ മങ്ങിയ വെട്ടത്തിൽ, നീണ്ടൊരു ചുംബനത്തിൽ അവർ പരസ്പരം മറന്നു

അത്താഴം കഴിഞ്ഞു  പാർക്കിംഗ് ലോട്ടിലേക്കു നടന്നു. ഡോർ തുറന്നയാൾ കാറിലേക്ക് കയറും മുൻപ് ഉൾപ്രേരണകളാൽ വീണ്ടും പരസ്പരം പുണർന്നു .

'വിളിക്കണം ഇനിയും കാണണം ' എന്നാണവൾ അവസാനം പറഞ്ഞത്.  വീട്ടിലേക്കു തിരിക്കുമ്പോൾ കാറിനുള്ളിൽ ജാസ്മിന്റെയും സിഗരിറ്റിന്റെയും മിശ്ര ഗന്ധം ബാക്കിയായിരുന്നു.

ഹൈവേയിൽ വേഗതകൂട്ടി വണ്ടിയോടിക്കുമ്പോഴാണ് നന്നായി താൻ മദ്യപിച്ചിരിക്കുന്നു എന്ന ബോധമുണ്ടാവുന്നതു. അതുകൊണ്ട് തന്നെ പ്രത്യേക  ശ്രദ്ധയോടെയാണ്  വണ്ടി ഓടിച്ചത്. പക്ഷെ എക്സിറ്റ് എടുത്തു ലോക്കൽ റോഡിൽ കേറിയപ്പോഴേക്കും മദ്യം കൊടുത്ത ആത്മവിശ്വാസം കാരണമാവാം സബ്രിനയെ വീണ്ടും ഫോണിൽ മെസ്സേജ് ചെയ്യാൻ തുടങ്ങി.

ഡിവൈഡർ ഇല്ലാത്താറോഡിൽ റോഡിൽ ഒരു വളവിൽ തിരിയുമ്പോൾ അശ്രദ്ധ മൂലമാണ് എതിരെ വന്ന കാറിലിടിച്ചു അപകടം സംഭവിക്കുന്നത്.

മൂന്ന് ദിവസം ബോധമില്ലാതെ കിടന്നു. കോമയിൽ നിന്നുണരുമ്പോൾ ആദ്യം കണ്ടത് നീതുവിനെയാണ്. മുഷിഞ്ഞൊരു ജീൻസും ഷർട്ടുമിട്ടു ക്ഷീണിച്ച മുഖവും അലസമായ  മുടിയുമായി ആകാംക്ഷയോടെ നോക്കി നിൽക്കുന്നു. അയാൾ അവരെ തന്നെ നോക്കി കിടന്നു. കഴിഞ്ഞ എത്രയോ വർഷങ്ങളായി ആ മുഖം നോക്കാൻ അയാൾ മെനെക്കെട്ടിരുന്നില്ല.

'എന്താ വേണ്ടേ'

ഒന്നും പറഞ്ഞില്ല. വലത്തേക്കാല്  ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റർ ഇട്ടു ഉയർത്തി വച്ചിരിക്കുന്നു. വലതു  കൈക്കും നല്ല പരിക്കുണ്ട്. വല്ലാത്ത ക്ഷീണവും വേദനയും.

'തിരിയുമ്പോൾ സൂക്ഷിക്കണം'  എന്നവൾ പറയുമ്പോഴാണ് നെറ്റിയിലും തലയിലും മുറിവുകളുണ്ടെന്ന്  മനസ്സിലാവുന്നത്.

എന്ത് ചെയ്യണമെങ്കിലും ആരുടെയെങ്കിലും സഹായം വേണ്ടി വരുന്നു. ഒന്നുകിൽ നഴ്‌സിന്റെ അല്ലെങ്കിൽ നീതുവിൻറെ. ഇടയ്ക്കു മൂത്തമകൻ ഒരിക്കൽ വന്നു കണ്ടു പോയി. അവൻ അച്ഛന്റെ മുഖത്തുനോക്കിയില്ല .
പോകാൻ നേരം  'ഹോപ്പ് യൂ  ഗെറ്റ് വെൽ സൂൺ' എന്നു മാത്രം  പറഞ്ഞു.

പരാതിയില്ല. കാണാൻ വന്നുവല്ലോ. അടുപ്പമുണ്ടാകേണ്ടിയിരുന്ന സമയത്തു അവരുടെയടുത്ത് ഇല്ലാതെ പോയത് താനാണ്. അവരെ അകറ്റിയോടിച്ചതു താനാണ്. ആരോട് പരാതി പറയാൻ. രണ്ടാമത്തവൻ വിളിച്ചു പോലുമില്ല. എങ്ങിനെ വിളിക്കും. ആൾക്കഹോളിക്‌ ആയ അച്ഛൻ വന്നുകേറുമ്പോൾ കൂടെ കളിയ്ക്കാൻ ഹോട്ട് വീൽസ്  കാറുകളുടെ ശേഖരവുമായി അടുത്ത് കൂടാൻ   നോക്കുമ്പോൾ  ആട്ടിയോടിച്ചിരുന്നതു താനല്ലേ.  ജീവിതത്തിൽ നിന്നും അവരെ പറിച്ചു കളഞ്ഞത് താനാണ്. അയാൾ സ്വയം നിന്ദയോടെ  ഓർത്തു.

രണ്ടാഴ്ച കഴിഞ്ഞാണ് ആശുപത്രി വിട്ടു വീട്ടിലെത്തുന്നതു. നടക്കുമ്പോൾ സഹായത്തിനു ഊന്നുവടികൾ...എന്നോ മറന്ന അവരുടെ ബെഡ് റൂം വിവേക് വീണ്ടും കണ്ടു..ഒരു മൂലയിൽ ഒരു കുഞ്ഞു ഫ്രിഡ്‌ജും അതിൽ മരുന്നുകളും റെഡിയായിരുന്നു.

ആശുപത്രിയിൽ നിന്നും എത്തിക്കഴിഞ്ഞു  ആദ്യമായിഅവർ ഒന്നിച്ചൊരു കട്ടിലിൽ ഉറങ്ങി. വർഷങ്ങൾക്കു  ശേഷം.

ഒന്ന് ചുമക്കുമ്പോൾ മുരളുമ്പോൾ അവൾ 'എന്താ  .."എന്ന് ചോദിച്ചു എണീക്കാൻ തുടങ്ങും. അപ്രതീക്ഷിതമായ അപകടവും തുടർന്നുള്ള ആശുപത്രിവാസവും നീതുവിനെ ഉൽക്കണ്ഠാ  രോഗിയാക്കാൻ തുടങ്ങിയിരിക്കുന്നു എന്നയാൾ മനസ്സിലാക്കി.

വന്നിട്ട് രണ്ടോ മൂന്നോ ദിവസ്സം കഴിഞ്ഞു രാവിലെ, ഇളം ചൂട് വെള്ളം കൊണ്ട് നീതു ദേഹം തുടച്ചെടുക്കുമ്പോഴാണ് അവളുടെ  നെറ്റിക്കും  ചെവികൾക്കും  മുകളിൽ  നരപടർന്നത്  അയാൾ ശ്രദ്ധിച്ചത്. മുഖത്താകെ  കാലവും അനുഭവങ്ങളും നൽകിയ ചുളിവുകൾ.

അവർക്കിടയിൽ അധികം വാക്കുകൾ ഉണ്ടായിരുന്നില്ല. ശരിക്കും വാക്കുകൾ വേണ്ടി വന്നിരുന്നില്ല. അയാൾക്ക്‌ വേണ്ടതെല്ലാം നീതു മനസ്സിലാക്കി ചെയ്തിരുന്നു.

മൂന്നു മാസത്തെ അവധിയെടുത്തു. ഇപ്പോൾ  സമയം ഉണ്ട്. ചിന്തിക്കാൻ. മക്കളെയോർക്കാൻ. ഭാര്യയെ ഓർക്കാൻ. അവഗണയിൽ തകർത്ത ബന്ധങ്ങളുടെ വില മനസ്സിലാക്കാൻ.

ശരീരം സുഖം പ്രാപിക്കുന്നതോടെ മനസ്സും സ്വയം ഉത്തരങ്ങൾ കണ്ടെത്തി ശാന്തമാവാൻ തുടങ്ങുന്നു. തിരിച്ചു നടക്കാൻ കഴിയാത്തിടത്തു മുന്നോട്ടു നടക്കുക മാത്രമാണ് സാധ്യത. സ്വയം തിരുത്തി മുന്നോട്ടു പോവുക. മനഃപൂർവം  അവഗണിച്ച സ്നേഹങ്ങളോട് മാപ്പിരന്നിട്ടെന്ത്? അവരെ ഇനി സ്നേഹിക്കുക. ഏറ്റവും വല്യ മോചനം സ്വയം മാപ്പു കൊടുക്കാൻ കഴിയുക എന്നതാണ്. അതിനു മാത്രം വിവേക് തയാറായിരുന്നില്ല. സമയമെടുക്കും. ഒരിക്കൽ സ്വയം മാപ്പുനൽകി  മുന്നോട്ടു നടക്കാൻ കഴിയണം.

ഒരു രാത്രി. അത്താഴം ലഘുവായി കഴിച്ചു. കുറെ നേരം ടീവീ കണ്ടിരുന്നു, രണ്ടു പേരും . പിന്നെ കിടന്നു.  രാത്രിയെപ്പോഴോ വിവേക് ഉണർന്നു. കുറെ നേരം വെറുതെ കിടന്നു. ഒന്നും ആലോചിക്കാതെ, ശൂന്യമായ മനസ്സോടെ . പെട്ടെന്ന് ഒരുൾപ്രേരണയാലെ  ഉറങ്ങിയിരുന്ന അവളെ ഒന്നുടെ ചേർന്ന് കിടന്നു. വാത്സല്യത്തോടെ അയാൾ കെട്ടിപിടിച്ചു. തന്റെ കൈ പതിയെ അവളുടെ കൈകളിൽ തലോടുമ്പോൾ അയാളറിഞ്ഞു. അവളുടെ ദേഹത്തിപ്പോൾ കാൽനൂറ്റാണ്ടിനു മുൻപു തന്നെയുണർത്തിയിരുന്ന  ചൂടില്ല..ഒരു തണുപ്പ്..കൈകൾ കൂടുതൽ  മൃദുവായിരിക്കുന്നു. ഇത്രനാൾ മറന്നുപോയവൾ..സ്നേഹിക്കാൻ മാത്രം അറിയുന്നവൾ. ആ സ്പർശനത്തിലൂടെ  ഒരിക്കൽ കൂടി കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങൾ അയാളിലേക്ക് തികട്ടി വന്നു.

പിറ്റേന്നാവണം ആസ്പത്രിയിൽ  നിന്നെത്തിയശേഷം ആദ്യമായി ഫബി വെറുതെ ഒന്ന് നോക്കിയത്. സബ്രീന എഴുതിയിരിക്കുന്നു ' അറിഞ്ഞു - എത്രയും വേഗം സുഖമാവട്ടെ - പ്രാർഥനകൾ' എന്തോ ഒന്നുമേ തോന്നിയില്ല. മറുപടി എഴുതിയുമില്ല

----
ബഞ്ച് - ഐ ടി കമ്പനികൾ ഒരു പ്രൊജക്റ്റ് തീരുമ്പോൾ തന്നെ അടുത്ത പ്രൊജക്റ്റ്  തരപ്പെടുത്താനായില്ലെങ്കിൽ, ശമ്പളം നൽകി ഏതാനും മാസങ്ങൾ തള്ളിനീക്കുന്ന രീതി.

ദേശി കമ്പനി - ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനി







Saturday, May 9, 2020

ഇര

                                                                                           (janayugam, 2019)
                                                                                   ഇര 
      വിറളി  പിടിച്ച കാറ്റ്. വൈകുന്നേരത്തെ  ഇളം മഞ്ഞവെയിൽ. തടാക മദ്ധ്യത്തെ  ഏകാന്തതയിൽ , മുങ്ങിയും പൊങ്ങിയും കുണുങ്ങി നീന്തുന്ന രണ്ടു താറാവുകൾ. ചാരനിറമുള്ള അവനും തലയിലും മുതുകിലും മയിൽനിറമുള്ള അവളും മിക്കപ്പോഴും  ഒരുമിച്ചായിരുന്നു. ഇടയ്ക്കു ജലോപരിതലത്തെ ഉലച്ചിരുന്ന കൊടുങ്കാറ്റിൽപ്പെട്ടു കുറച്ചൊന്നകന്നു പോയാലും അടുത്ത അവസ്സരം നോക്കി അവർ വീണ്ടും ഒന്നിക്കാൻ  ശ്രദ്ധിച്ചിരുന്നു. കരയിലാണെങ്കിലും കാര്യം പറഞ്ഞു തൊട്ടുരുമ്മി  നടന്നു. ഇതൊക്കെ കൊണ്ടു തന്നെ അവർ ഇണകളാണ്. ബാക്കി താറാവുകൾ അവരെ ഒറ്റപ്പെടുത്തിയതും ഇതേ കാരണം കൊണ്ടു തന്നെ.

        ഒന്നരമൈൽ ചുറ്റളവിൽ തീർത്ത കരിങ്കൽ ഭിത്തിക്കുള്ളിൽ  ജല ജീവിതം ഏറെക്കുറെ സുരക്ഷിതമായിരുന്നു. താറാവുകളെ  കൂടാതെ അവിടെ ഉണ്ടായിരുന്നത് ഗൂസ് ഇനത്തിൽ പെട്ട വല്യ പക്ഷികളാണ്. എണ്ണത്തിൽ അവർ വളരെ കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ അവർക്കിടയിൽ ഗ്രൂപ്പിസം നിലനിന്നു. ഗ്രൂപ്പുകൾ ഒന്നിച്ചു നീന്തുകയും ഒരുമിച്ചു പറന്നു കരക്കു കേറി തടാകത്തിനു ചുറ്റും ഉണ്ടായിരുന്ന നടപ്പാതയെ നിയന്തണമില്ലാതെ  വിസർജിച്ചു  നാശമാക്കുകയും ചെയ്തു. സ്വന്തം ജാതി കൂട്ടാക്കാത്തതു കാരണമാവും ഇണ താറാവുകൾ  എല്ലാ ഗ്രൂപ്പുകളുമായും രഞ്ജിപ്പിലായിരുന്നു. അവർ സന്ധ്യക്ക്‌ തടാകത്തിനു ചുറ്റുമുള്ള മതിലിലെ  ചെറിയ കൽത്തിട്ടകളിൽ ഉറങ്ങി പ്രഭാതത്തിൽ ഉണർന്നു കൂട്ടങ്ങളായി വെള്ളത്തിലിറങ്ങി ദൈനം ദിന ജീവിതം നടത്തിപ്പോന്നു.

       ശൈത്യം മരവിപ്പിക്കുന്ന തടാകത്തിൽ നിന്നവർ കൂട്ടങ്ങളായി അയൽനാടുകളിലേക്കു പറക്കുമ്പോൾ ഇണതാറാവുകൾ ഒറ്റപ്പെട്ടു. അങ്ങിനെ അത്രദൂരമൊന്നും പറക്കുക അവർക്കു ചില്ലറകാര്യമല്ല. ഭക്ഷ്യക്ഷാമം ഉണ്ടാവുമെങ്കിലും തണുപ്പ് കാര്യമായി അവരെ ബാധിച്ചിരുന്നില്ല. വാട്ടർ പ്രൂഫ് തൂവലുകളും ദേഹക്കൊഴുപ്പും പ്രത്യേക രക്ത ചംക്രമണവുമാണ് അതിനു കാരണമെന്നറിഞ്ഞു  ദൈവങ്ങൾക്കു നന്ദിപറയാനുള്ള ബോദ്ധ്യം അവർക്കില്ലല്ലോ. ശൈത്യ ശേഷം, പോയവർ കൂട്ടങ്ങളായി തിരിച്ചെത്തുമ്പോൾ, പുനഃ സമാഗമത്തിന്റെ സന്തോഷത്തിൽ പ്രത്യേക ശബ്ദത്തിൽ ആർപ്പുവിളിച്ചാഘോഷിക്കുമ്പോൾ ഇണ താറാവുകൾ അവർക്കൊപ്പം ചേർന്നു.

       തടാകത്തിനും ചുറ്റുമുള്ള നടപ്പാതക്കു മിടയിലായി സിറ്റിയുടെ അച്ചടക്കത്തിൽ വളരുന്ന പച്ചപ്പുല്ലിൽ അവിടവിടെ മരങ്ങളും തടികൊണ്ടുള്ള ബഞ്ചുകളും മേൽനോട്ടത്തിനെന്നപോലെ ഉയരമുള്ള കാലുകളിൽ ഉറപ്പിച്ച വൈദ്യതി വിളക്കുകളും. എല്ലാം കൂടിച്ചേരുന്ന പാർക്കിൽ , മറ്റു സമയങ്ങളിലും  ആളുകളെത്തിയിരുന്നെങ്കിലും ശരിക്കും വേനലാണ് തിരക്കുകാലം.

       എന്നാൽ വേനൽക്കാലമാണ്  ജലജീവിതത്തിനു ഏറ്റവും ഭീഷണി ഉയർത്തിയിരുന്നത്. അതിനു  ലൈസൻസു കൊടുത്തത്  സിറ്റി തന്നെ, ഫിഷിങ് ലൈസൻസ്. ചിലർ നിയമപ്രകാരമുള്ള  ദിവസ കോട്ടയിൽ കവിഞ്ഞും മീൻ പിടിച്ചു കൊണ്ടുപോയി. ഇവിടെ ഇവരുടെ വർഗ ശത്രുവായ   ഒരാളെ സൂചിപ്പിക്കാതിരിക്കാൻ വയ്യ. അയാൾ എല്ലാ വേനലിലും എത്തിയിരുന്നു.  നിക്കറും  ടി -ഷർട്ടും വേഷമിട്ട അയാൾ സൂര്യനിൽ നിന്നും തലയെ ഒളിപ്പിക്കാൻ  തൊപ്പിയും വച്ചിരുന്നു. കത്തിച്ച ചുരുട്ട് ചുണ്ടത്തു വച്ചു കൃത്യമായ ലക്ഷ്യത്തിൽ ചൂണ്ടയെറിഞ്ഞു. എന്നും ഒരേ സ്ഥലത്തുനിന്നായിരുന്നു ഈ ആക്രമണം. ഇത് കാരണം ദിവസ്സങ്ങൾ കഴിഞ്ഞപ്പോൾ തദ്ദേശവാസികളായ മീനുകൾ സ്ഥലം വിട്ടു. ഇത് മനസ്സിലാക്കിയ അയാൾ പിന്നുള്ള ദിവസ്സങ്ങളിൽ തടാകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിജയകരമായി ഫിഷിങ് ആക്രമണം നടത്തി നിയമം മറികടന്നു മീനുകളെ ദിവസ്സവും കൊന്നൊടുക്കി.

        ബാക്കി വരുന്ന ചൂണ്ടക്കാർ വിനോദത്തിനായി മാത്രം മീൻ പിടിക്കുന്നവരായിരുന്നു.  പിന്നൊന്ന് എവിടൊന്നോ വല്ലപ്പോഴും ചിതറി പറന്നെത്തുന്ന നീണ്ട കൊക്കുകളുള്ള വെള്ള പക്ഷികളുടെ മിന്നലാക്രമണമായിരുന്നു. അവ ജലോപരിതലത്തിൽ പറന്നിറങ്ങി, കുറെ ദൂരം സ്വയം നിർമിത റൺ വെയിലുടെ ഓടി, ഒടുവിൽ പെട്ടെന്നു വെള്ളത്തിനടിയിൽ മുങ്ങി അൽപ്പ നേരത്തിൽ പൊങ്ങി എങ്ങോട്ടോ പറന്നു പോയിരുന്നു. തിരിച്ചു പറക്കുമ്പോൾ ഹതഭാഗ്യനായ ഒരു മീനെങ്കിലും കൊക്കിൽ ഇരയായിരിക്കും.

        കഥ നടക്കുന്ന ഈ  വേനലിൻറെ  തുടക്കം   താറാവുകൾക്കു നല്ല കാലമായിരുന്നു.  ചിലദിവസ്സങ്ങളിൽ, നട്ടുച്ചക്ക് വെള്ളം വെള്ളിത്തേച്ചു നിൽക്കുമ്പോൾ, അവർ തലകൾ മാത്രം പുറത്തു കാട്ടി, ബാക്കി ശരീരം മുഴുവൻ വെള്ളത്തിലാഴ്ത്തി കിടന്നു രസിച്ചു.  ഇഷ്ട്ടം പോലെ ആളുകൾ നടക്കാനും, വെറുതെ ബഞ്ചുകളിൽ വിശ്രമിക്കാനും, സൈക്കിൾ സവാരിക്കുമായി  വന്നു.  കുടുംബങ്ങളായി വന്നവർ കുട്ടികളുടെ  സന്തോഷത്തിനു  താറാവുകൾക്കു  റൊട്ടി പൊടിയോ  അതുപോലെ മറ്റെന്തെങ്കിലുമൊക്കെയൊ എറിഞ്ഞു കൊടുത്തു. ചിലർ വെള്ളത്തിലേക്കിറങ്ങാനുള്ള പടികളിൽ കുട്ടികളെയിറക്കി അടുത്ത് വരുന്ന താറാവുകളെ തൊടാൻ വിഫല ശ്രമം നടത്തി. എന്നാൽ മറ്റുചിലർ  താറാവുകളെ പറ്റിക്കുകയും ചെയ്തിരുന്നു. നിർദോഷമായ പറ്റിക്കലുകളായിരുന്നെങ്കിലും താറാവുകൾക്കതു  പിടിച്ചിരുന്നില്ല. കരയ്ക്കു  നിന്നും ചിലർ റൊട്ടി പൊടി എറിയുന്നപോലെ കാണിക്കും. ചിലർ ചെറിയകല്ലുകൾ ഏറിയും. വെള്ളത്തിൽ അകലെ നിൽക്കുന്ന താറാവി ണകൾ പ്രതീക്ഷയേയുടെ ഓടിയടുക്കും..നിരാശരായി തിരിച്ചുപോകുമ്പോൾ അവൻ അവളോട് ഒരിക്കൽ പറഞ്ഞു "ചതിയന്മാർ".

         അങ്ങിനെയിരിക്കെ,  ഒരു വൈകുന്നേരം  നടപ്പാതയിൽ രണ്ടുപേർ പ്രത്യക്ഷപ്പെട്ടു. തോട്ടത്തിൽ കറിയാച്ചനും ഭാര്യ മാറിയക്കുട്ടിയും. രണ്ടുപേർക്കും ഒരറുപത്തഞ്ചു വയസ്സിനുമേൽ തോന്നിക്കും. കറിയാച്ചൻ  വെള്ളയിൽ ചുവന്ന നിറത്തിൽ  നൈക്കി ഡിസൈൻ ഉള്ള ഷൂസ് ഇട്ടിരിക്കുന്നു; മകന്റെയാണ്. കുറച്ചു ടൈറ്റ് ആയതിനാൽ നടക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്. ഷർട്ടും പാന്റും വേഷം. മുക്കാൽ ഭാഗവും കഷണ്ടി ആക്രമണം നടത്തിയിരിക്കുന്നു. ആളിത്തിരി കറുത്തിട്ടാണ്. പൊതുവെ നരച്ച മീശയുള്ള കറിയാച്ചൻ അമേരിക്ക ട്രിപ്പ് കാരണം ക്ലീൻ ഷേവ്  ആണ്‌. മാറിയക്കുട്ടിക്ക് ആവട്ടെ തടി ഇത്തിരി കൂടുതലാണ്. അത് കാരണമാവാം പുറകിൽ നിന്ന് നോക്കുന്നയാളിന്, ആണി  രോഗമുള്ളയാളാണോ മുന്നിൽ നടക്കുന്നത് എന്ന് തോന്നിക്കും വിധം നടത്തത്തിൽ കുറച്ചു ആട്ടമുണ്ട്.

        നാട്ടിൽ നിന്നും തിരിക്കുന്നതിനൊരു ദിവസ്സം മുൻപ്, കിടക്കുമ്പോൾ, കറിയാച്ചൻറെ  മോൻ കുര്യാക്കോസ് ഭാര്യ ഷാനിയോടു  ശബ്ദം താഴ്ത്തി പറഞ്ഞു.

       "എടി ആറു  മാസം കഴിഞ്ഞു തിരികെയുള്ള  ടിക്കറ്റ് എടുത്താ  മതി. എങ്ങിനെ നോക്കിയാലും ഇവിടെ ഡേ കെയറിൽ (ബേബി സിറ്റിംഗ്)

എണ്ണി  കൊടുക്കുന്ന വച്ച് നോക്കുമ്പോ ലാഭം തന്നെയാന്നേ. അവരാവുമ്പോ പിള്ളേരെ നന്നായി നോക്കുവേം ചെയ്യും" - ഷാനി  ഒന്ന് മൂളുകമാത്രം ചെയ്തു.

       എന്തായാലും, അമേരിക്ക കാണാനെന്ന വിശ്വാസത്തിലാണ് രണ്ടുപേരും അവിടുന്ന് പ്ലെയിൻ  കേറിയത്.

       അവർ കാഴ്ചകൾ കണ്ടു നടന്നു. നടപ്പാതയിലൊരിടത്തു, സാമുവൽ ആഡംസിന്റെ വയറൊഴിഞ്ഞൊരു കുപ്പി കണ്ട്, കറിയാച്ചൻ ഭാര്യയോടു  പറഞ്ഞു "നീ കണ്ടോ - ഇവിടെ ഇതൊക്കെ നടക്കുമെന്നേ".

      താറാവിന് തീറ്റ കൊടുക്കുന്ന സ്ഥലത്തിയപ്പോൾ ഒന്ന് നിന്നു - എന്താണവിടെ  എന്നു കാണാനാവണം. ഇണ താറാവുകളെ കണ്ടപ്പോൾ  കറിയാച്ചൻറെ  മനസ്സിൽ ലഡ്ഡുപൊട്ടി എന്ന് പറയുന്നതാവും കൂടുതൽ ശരി. കുറച്ചുനേരം നോക്കി നിന്ന ശേഷം അവർ നടത്തം തുടർന്നു.

      പിറ്റേ ദിവസ്സം മുതൽ അവർ നടക്കാനിറങ്ങുമ്പോൾ മറിയക്കുട്ടിയുടെ കൈയ്യിൽ 'വാൾ മാർട്ട്' എന്നെഴുതിയ ഒരു പ്ലാസ്റ്റിക് കൂടുമുണ്ടായിരുന്നു. കൂടിനുള്ളിൽ താറാവിനു  കൊടുക്കാനായി റൊട്ടി പൊടി കൂടാതെ നാട്ടിൽ താറാവിനു  കൊടുക്കുന്ന ചില ധാന്യങ്ങളുമുണ്ടായിരുന്നു. ഒന്ന് രണ്ടു ദിവസങ്ങൾക്കകം, ഇണതാറാവുകൾക്കു കറിയാച്ചനെ  കാണുമ്പോൾ ലഡ്ഡു പൊട്ടാൻ തുടങ്ങി. റൊട്ടി പൊടി മാത്രം തിന്നുശീലിച്ചവക്ക്  ഇപ്പൊ ഓണക്കാലം പോലെയാണ്. പല കൊതിയൂറുന്ന സാധനങ്ങളും കിട്ടിത്തുടങ്ങിയിരിക്കുന്നു. കറിയാച്ചൻ വെള്ളത്തിൽ കാലുകളും വച്ചിരിക്കുമ്പോൾ അവ കാലിൽ വന്നുരസി സ്നേഹം അറിയിച്ചു..മെല്ലെ കുറുകി. കറിയാച്ചൻ  അവയെ മെല്ലെ തലോടി.മറ്റു താറാവുകളെ കറിയാച്ചൻ  അടുപ്പിച്ചിരുന്നില്ല.

       ഒന്ന് രണ്ടു ദിവസ്സങ്ങൾ കഴിഞ്ഞു. ഇത്തിരി വൈകിയ ഒരു സന്ധ്യ. ആൾക്കാരധികമില്ല. താറാവിന് തീറ്റ കൊടുക്കുന്ന ഭാഗം ഒഴിഞ്ഞു കിടക്കുന്നു..പതിവില്ലാതെ അന്ന് തീറ്റപ്പൊടി നിറച്ച ബാഗിനൊപ്പം മാറിയക്കുട്ടീടെ സാമാന്യം വലിപ്പമുള്ള ഹാൻഡ് ബാഗും കാണാനുണ്ടായിരുന്നു. ഇത്തവണ പ്ലാസ്റ്റിക് ബാഗ് കറിയാച്ചൻ  പിടിച്ചിരുന്നു കാരണം മാറിയക്കുട്ടിയുടെ കൈയ്യിൽ ഹാൻഡ്ബാഗുണ്ടല്ലോ.

       തീറ്റ കൊടുക്കുന്ന സ്ഥലത്തെത്തിയപ്പോൾ, മറിയക്കുട്ടി ഹാൻഡ്ബാഗ് കറിയാച്ചന്റെ കൈയ്യിൽ കൊടുത്തിട്ടു, വെള്ളത്തിലേക്കുള്ള പടിയിറങ്ങാതെ അവിടെ തന്നെ നിന്നു. കാവലിനെന്നോണം. കറിയാച്ചൻ  കൽപ്പടവുകളിറങ്ങിയതും  ഇണ താറാവുകൾ ഓടിയടുത്തേക്കുവന്നു. ഇത്തവണ കറിയാച്ചൻ കാലുകൾ വെള്ളത്തിലിട്ടല്ലായിരുന്നത്. കല്പടവിൽ കുത്തിയിരുന്നാണ് തീറ്റ കൊടുത്തത് . അരികിൽ ഹാൻഡ് ബാഗ് തുറന്നു വച്ചിരുന്നു. ഒന്ന് തിരിഞ്ഞു മാറിയക്കുട്ടിയെ നോക്കി സുരക്ഷ ഉറപ്പു വരുത്തി. കുത്തിയിരിപ്പിൽ ഒന്ന് ബലമായി മുന്നോട്ടൊന്നാഞ്ഞു ഇണ താറാവുകളിലൊന്നിനെ കയ്യിലാക്കി ഹാൻഡ് ബാഗിലിട്ടു ബാഗിന്റെ സിപ്പിട്ടു. ബലമായ മുന്നോട്ടു ആയലിൽ, ഒരധോവായു ശബ്ദമുണ്ടാക്കി പറന്നുപോയി. ആ ശബ്ദം മുകളിൽ നിന്നു  കേട്ട മറിയക്കുട്ടി അതിനെ മറ്റൊരു പരിസരശബ്ദമായി അവഗണിച്ചു. ഈ ബഹളത്തിൽ, ഇണകളിൽ മറ്റേതു ശബ്ദമുണ്ടാക്കി മുന്നോട്ടു നീന്തിപ്പോയിരുന്നു.

       രാത്രി അത്താഴത്തിനു മാത്തുക്കുട്ടിയും ഭാര്യയും ഉണ്ടായിരുന്നു. അവർ പത്തു നാൽപ്പതു വർഷമായി കാണാതിരുന്ന, നാട്ടിലെ പഴയ സ്‌കൂൾ കൂട്ടുകാരനെ കാണാനെത്തിയതാണ്. റെമി  മാർട്ടിൻ വിസ്‌കി ഇരുവരെയും പഴയ കാര്യങ്ങൾ ഓർമിപ്പിച്ചു; കുറെ കഥകൾ പറഞ്ഞു ചിരിച്ചു. അത്താഴത്തിനു ചപ്പാത്തിക്കൊപ്പം ചിക്കൻ കറിയും താറാവിറച്ചിയുമുണ്ടായിരുന്നു. മാത്തുക്കുട്ടി താറാവുമാത്രമേ കഴിച്ചുള്ളൂ ചിക്കൻ തൊട്ടില്ല. കഴിച്ചെണീക്കുമ്പോൾ, താറാവിറച്ചി  വച്ചിരുന്ന പാത്രത്തിൽ കൈയ്യിട്ടു ചാർ  വടിച്ചെടുത്തു  നുണഞ്ഞുകൊണ്ടു പറഞ്ഞു.

       "അല്ലേ ഇവിടെ വന്നിട്ടു  പത്തു നാൽപ്പതു വർഷമായി. താറാവിറച്ചി ഇത്രേം രുചിക്ക് കൂട്ടുന്നത് ആദ്യമായാണ്; ഇനി നല്ല താറാവിറച്ചിക്കു ഇങ്ങോട്ടു പോരാം!." എന്നിട്ടു ഭാര്യയെ നോക്കി, എങ്ങിനെയുണ്ടെൻറെ ഐഡിയ എന്ന മട്ടിൽ.

       മറിയക്കുട്ടി കറിയാച്ചനെ  നോക്കി ഒന്നു  പുഞ്ചിരിച്ചു..

       "എപ്പോഴും  കിട്ടില്ല കേട്ടോ സീസണിൽ വരണം" കറിയാച്ചൻ  പകുതി സീരിയസ് ആയി പറഞ്ഞു, രഹസ്യത്തിൽ മാറിയക്കുട്ടിയെ കണ്ണിറുക്കി കാണിച്ചു.

       ഈ നേരമത്രയും, തലയിലും മുതുകത്തും മയിൽനിറമുള്ളവൾ, തടാകത്തിൽ  ഒഴിഞ്ഞൊരുകോണിലുള്ള കൽപ്പടവിൽ, ഉറങ്ങാതെ ഇരുകാലിൽ വിറങ്ങലിച്ചു നിൽപ്പുണ്ടായിരുന്നു. സംഭവിച്ചതെന്തെന്നു തിരിയാതെ. അവളുടെ പിങ്ക് നിറമുള്ള കാലുകൾ, ആ നിൽപ്പിൽ  തളർന്നു മരവിച്ചു നിറം മാറി തുടങ്ങിയിരിക്കുന്നു..ചിന്തയില്ലാതെയെങ്കിലും വിരഹം അവളറിയുന്നു. ആ നിൽപ്പിലെപ്പോഴോ, ഇരുട്ടിൽ, നിലാവിൽ അവളിൽ നിന്നും കണ്ണുനീരുപോലെയെന്തോ തടാകത്തിൽ വീണു ലയിച്ചു.  നിൽപ്പെത്ര നേരമെന്നറിയാത്ത  കാലുകൾക്കു കനം  വച്ചുകൊണ്ടേയിരുന്നു.

       ചിലരുടെ ജീവിതം മറ്റുചിലർക്ക് ഇരമാത്രമാണ്.











Saturday, May 2, 2020

ഊബർ

                                                                                                          ( https://www.newspages.in/uber/)
ഒന്നാം ദിവസ്സം. രാത്രി.
ഇളം പച്ച നിറമുള്ള, അതിൽ കുറെ കടും പച്ച വരഛേദങ്ങൾ കൂട്ടങ്ങളായി
തെറിച്ചു നിന്ന് പരസ്പരം പോരാടുന്ന മാതൃകയിലുള്ള, പിൻഭാഗം തുറന്ന അയഞ്ഞ കുപ്പായത്തിനുള്ളിൽ ഡോക്ടർ വേലുക്കുട്ടിയെന്ന വേലായുധൻ കുട്ടി ഞെരിപിരി കൊണ്ടു കിടന്നു. മൂത്രത്തിന്റെ അണക്കെട്ടു പൊട്ടും മുൻപ് എന്തേലും ചെയ്യണം.. തോന്നിത്തുടങ്ങിയിട്ടു നേരം കുറേയാവുന്നു. തീവ്ര പരിചരണ വിഭാഗക്കാർ കിടക്ക ഏകദേശം വി - ആകൃതിയിൽ വച്ചിരിക്കുന്നതിനാൽ വേലുക്കുട്ടിയും വി- ഷേപ്പിലാണ്.

പതിയെ തല ചെരിച്ചു വലതു ഭാഗത്തേക്ക് നോക്കി...കർട്ടൻ മുഴുവനായി ഇട്ടിട്ടുണ്ട്.. ഇടനാഴിയിലൂടെ പോകുന്നവർക്ക് തന്നെ കാണാനാവില്ല.. സമാധാനം.

കിടക്കയുടെ വലതു ഭാഗത്തു ആശുപത്രി ഭക്ഷണം കൊണ്ടുവക്കാൻ വച്ചിട്ടുള്ള ചക്രങ്ങളുള്ള ചെറിയ മേശയുടെ തന്നെ ഒരറ്റത്ത് വച്ചിരുന്ന പ്ലാസ്റ്റിക് കുപ്പി ബദ്ധപ്പെട്ടു കൈനീട്ടിയെടുത്തു...വായ് ഭാഗം മുന്നോട്ടു വളഞ്ഞു തുറന്നു "ഇങ്ങു തന്നേരെ" എന്ന മട്ടിലാണ് കുപ്പിയുടെ നില . മുഖം ഇടനാഴിയുടെ ഭാഗത്തേക്കു തിരിച്ചുകൊണ്ടു തന്നെ കുപ്പായം മുട്ടുവരെയുയർത്തി, പതിയെ കാലുകളകത്തി, കുപ്പി കാലിനിടയിലേക്കടുപ്പിച്ചു. വിസർജ്ജനസുഖത്തിന്റെ തിരയിളക്കത്തോടെ അത് കുപ്പിയിൽ പാഞ്ഞൊഴുകി നിറയുമ്പോൾ അയാൾ അറിയാതെ പറഞ്ഞു.

ആശ്വാസം.

രോഗാണുക്കൾ നിറഞ്ഞ ദുർഗന്ധമുള്ള മൂത്രം കുടിക്കാൻ വിധിക്കപ്പെട്ടവൻ
നിയോഗം നിറവേറ്റി വീണ്ടും മേശയുടെ മുകളിൽ കുപ്പികളിലെ അരികു ജീവിതമായി ഒതുങ്ങിക്കൂടി.


ഇത്രയൊക്കെ മതി ആതുര സേവനസമ്പാദ്യം എന്ന് സ്വയം തോന്നിയിട്ടോ
ഡോക്ടർ മാറാരോഗിയായാൽ മറ്റുരോഗികളെ ചികിൽസിക്കാൻ
അയോഗ്യനാണ് എന്ന അബോധമനസ്സിന്റെ വിളംബരമോ എന്നറിയില്ല
പ്രാക്ടീസ് നിറുത്തിയിട്ടു വര്ഷം പത്തിലേറെ കഴിഞ്ഞിരിക്കുന്നു.

തലചുറ്റിവീണു മയങ്ങിയുണർന്നപ്പോൾ ഇവിടെയാണ്. രണ്ടുദിവസമായി ഹോം നേഴ്സ് കൂടെത്തന്നെയുണ്ടായിരുന്നു - അവളായിരിക്കും ഇവിടെത്തിച്ചത്. വേറാരുമില്ലല്ലോ. ഫ്‌ളാറ്റ്‌ വിട്ടു വൃദ്ധസദനത്തിലേക്ക് കൂടുമാറാൻ മകൻ ഇനി കൂടുതൽ നിർബന്ധിക്കും.

ചിന്തകളെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിനിടെയാണ് മുന്നിൽ ഭിത്തിയിലൊട്ടിച്ച ടി വിയിൽ കണ്ണ് തടഞ്ഞത്. പോട്ടസിന്റെ (പ്രസിഡന്റിന്റെ പാപ്പരാസി പേര് ) ചൊറിച്ചിൽ സന്ദേശങ്ങളിലൊന്നിന്റെ വിശകലനം. ഗവൺമെന്റ് ഷട്ട് ടൗൺ ആണ് വിഷയം. ഭരണരഥചക്രങ്ങൾ ഇടയ്ക്കു വിശ്രമിക്കട്ടെ; അത് നല്ലതാണെന്ന്.. ദേഷ്യം വരുന്നുണ്ട്. വാർദ്ധക്യം മുറ്റിയ കയ്യിൽ പിടിപ്പിച്ച റിമോട്ട് ഒന്നു ഞെങ്ങിപ്പോയതും അറിയാതെ തന്നെ. ചാനൽ മാറി. "ടോം ആൻഡ് ജെറി" 
 കൊള്ളാം...കണ്ടുകിടന്നുറങ്ങിപ്പോയി.

അതിരാവിലെ....പരിശോധനക്ക് രക്തം എടുക്കാൻ നേഴ്സ് വന്നപ്പോഴാണ് കണ്ണ് തുറന്നതു. വലത്തേ കണംകൈയ്യിൽ ശുഷ്കിച്ചു ചിതറിക്കിടന്ന ഞരമ്പുകളിലൊന്നിൽ സിറിഞ്ചു കൊമ്പുകുത്തിയിറങ്ങി. ആർത്തിമൂത്ത കൊതുകിനെപ്പോലെ. പ്രയാസപ്പെട്ടു ചുരുട്ടിവച്ച മുഷ്ടി അയഞ്ഞപ്പോൾ കിട്ടിയ ചോര വലിച്ചെടുത്തു വയറു നിറഞ്ഞപ്പോൾ നഴ്സിന്റെ കൈയ്യിലേക്കതു പിൻവാങ്ങി. രോഗിയുടെ പേരെഴുതിയ ലേബലുടുപ്പിച്ചു സിറിഞ്ചിനെ ഒരു കാരൃറിൽ സുരക്ഷിതമായി കിടത്തുമ്പോൾ തൊട്ടടുത്ത് കാരൃറിൽ കിടന്നിരുന്ന, വൈറ്റ് സുപ്രീമസി അവകാശപ്പെട്ട രണ്ടു സവർണ സിറിഞ്ചുകൾ ചെറുതായി പ്രതിഷേധിച്ചു. നേഴ്സ് അവരെ ചെറുതായി ബലം പ്രയോഗിച്ചു തള്ളിമാറ്റി വേലുക്കുട്ടി സിറിഞ്ചിനെ ഇടയിൽ കിടത്തിയശേഷം നാരായണ ഗുരു മന്ത്രം ഇംഗ്ലീഷിൽ പറഞ്ഞു 'ഓൾ ലൈവ്സ് മാറ്റർ' . എല്ലാ ജീവനും ഒരേ വില തന്നെ.

കാരൃർ ഭദ്രമായി വച്ചശേഷം വലതു ഭാഗത്തു സ്റ്റാൻഡിൽ തൂങ്ങുന്ന പ്ലാസ്റ്റിക്
സഞ്ചിയിലേക്കവൾ കണ്ണോടിച്ചു. മരുന്നുമിശ്രിത ലായനി തുള്ളികൾ
ക്രമം തെറ്റാതെ പുറത്തേക്കിറങ്ങി വാട്ടർ പാർക്ക് റൈഡിലെന്നപോലെ ഒഴുകിയിറങ്ങി ക്ഷീണിച്ച കോശങ്ങൾക്ക് ഊർജവും ആശ്വാസവുമായി. എല്ലാം ശെരിയെന്നുറപ്പുവരുത്തി പോകാൻ തുടങ്ങവേ എങ്ങിനെയുണ്ടെന്ന അർത്ഥത്തിൽ ചോദിച്ചു.

'ഹൌ ടു യൂ ഫീൽ നൗ?'

'ഓക്കേ ..' എന്ന് പറയാൻ പ്രയാസപ്പെട്ടു തിരിഞ്ഞു മുഖത്ത് നോക്കിയപ്പോഴാണ് ...

അതേ ഓർമ്മകളുടെ കടന്നൽ ശേഖരം വീണ്ടും മനസ്സിൽ പൊട്ടി ചിതറി വീണത്‌ . ഇവൾക്ക് ഒരു മെക്സിക്കൻ ഛായയാണ്..എന്നാൽ എന്തോ ... ആ ശബ്ദമാണോ സ്പർശമാണോ? ഒന്നുമല്ല. അതൊക്കെ വെറും തോന്നലുകളാണ്.

ഒരു കാരണവുമില്ലാതെയല്ലേ വര്ഷങ്ങളായി ഈ ഓർമ്മകൾ
പലപ്പോഴും തികട്ടിയെത്തി പാപബോധത്തിന്റെ വെള്ളിപ്പുഴുക്കൾ തലയരിക്കാൻ വിട്ടിട്ടു കടന്നു കളയുന്നത്. ശ്രദ്ധതിരിക്കാനെന്നോണം ടി വി ഓൺ ചെയ്തു. ഏതോ ചാനൽ വിളമ്പിയ കലപില ചന്തങ്ങളിൽ നോക്കി വെറുതെ കിടന്നു


രണ്ടാം ദിവസ്സം. പകൽ.

ഒരു എഗ്ഗ് ഓംലെറ്റും കുറച്ചു ഗ്രനോളയും യോഗർട്ടും മാത്രം ഓർഡർ ചെയ്തു.
ഒന്നിനും ഒരു രുചി തോന്നിയില്ല. കഴിച്ചെന്നു   വരുത്തി...ഒന്നെണീക്കണമെന്നുണ്ട് ...ആരുടെയെങ്കിലും സഹായമില്ലാതെ കഴിയുന്നില്ല - ആരോഗ്യം നന്നേ ക്ഷയിച്ചിരിക്കുന്നു, ഇടത്തെ കൈയ്യിൽ വന്നപ്പോൾ തന്നെ ഘടിപ്പിച്ച പിക്ക് - അതിലൂടെ ഐവി നിരന്തരമായി തന്നു കൊണ്ടിരിക്കുന്നു. നെഞ്ചിലും വയറിന്റെ ഭാഗത്തും ഇസിജി പ്രോബുകൾ.. മാത്രവുമല്ല കാലിന്റെ ഭാഗത്തു ബെഡ് ഫ്രെമിലായി ഒരു സാധനം ഘടിപ്പിച്ചിച്ചിട്ടുണ്ട്. അതിൽ നിന്നും രണ്ടു ട്യൂബുകൾ രണ്ട് കണങ്കാലുകളിലും ചുറ്റിയിട്ടുള്ള പാഡുകൾ ക്കുള്ളിലേക്ക് . ഇടയ്ക്കിടെ ട്യൂബിലൂടെ കാറ്റുവന്നു പാഡുകൾ നിറഞ്ഞു കാലുകൾക്കൊരു മസ്സാജ് തരുന്നു. ഏതായാലും അത് മാറ്റാതെ എണീക്കാനാവില്ല.

കൈയ്യിലെ റിമോട്ട് അമർത്തി. നഴ്സ് വന്നു. അവരുടെ സഹായത്തോടെ കട്ടിലിൽ എണീറ്റിരുന്നു.

'ഡു യു വാണ്ട് റ്റു ഗോ ഫോർ എ വോക് ??'

വേണം ..ഒന്ന് മുറിക്കു പുറത്തിറങ്ങണം. ഇപ്പൊ തന്നെ വിയർപ്പും മൂത്രത്തിന്റെ ദുർഗന്ധവും കൂടിച്ചേർന്ന ആശുപത്രി കുപ്പായം നരകം പോലെ തന്നെ പൊതിഞ്ഞിരിക്കുന്നു. ഒരു വീൽ ചെയർ എത്തി.

ഒരു നേഴ്സ് കൂടിയെത്തി - സഹായത്തിനു. അതിലിരുന്ന്, കാൽനടപ്രചരണ ജാഥ കാറിലെന്നപോലെ, വീൽ ചെയറിൽ നടത്തം ആരംഭിച്ചു. മുറിയുടെ പുറത്തേക്ക്, പിന്നെ ഇടനാഴിയുടെ ഒരുഭാഗത്തേക്ക്

വിരസമായ യാത്ര..

വീൽ ചെയറിൽ ശരീരം മുന്നോട്ടൊഴുകുമ്പോൾ സമയനദി പിന്നോട്ടൊഴുകാൻ തുടങ്ങുന്നു..വേണ്ട ഒന്നും ചിന്തിക്കരുത്‌ , ധ്യാനത്തിന്റെ ചില ട്രിക്കുകൾ, പ്രയോഗിക്കാൻ വേലുക്കുട്ടി വിഫലമായി ശ്രമിച്ചുകൊണ്ടിരുന്നു. ഇടനാഴിയുടെ ഒരറ്റമെത്തിയപ്പോൾ വണ്ടി ഒരു U - ടേൺ തിരിഞ്ഞു. തിരികെ വരുമ്പോൾ എതിരെ തന്നോളം പ്രായമുള്ള ഒരു വെള്ളക്കാരി സ്ത്രീ. തൻ്റെ അതെ കുപ്പായം. അവരെ മകനും മകളും ചേർന്ന് നടത്തിക്കുന്നു. അവർ വാർദ്ധക്യവും രോഗവും കാരണം ബദ്ധപ്പെട്ടാണ് നടക്കുന്നതെങ്കിലും, മുഖത്ത് സംതൃപ്തിയും സന്തോഷവും...വയസ്സുകാലത്തു മക്കളുടെ കൈകളിൽ സുരക്ഷിതത്വം അറിയുന്ന മാതൃത്വം.ഭാഗ്യം ..

തിരികെ മുറിയിൽ വന്നു. ബാത്‌റൂമിൽ പോകണം. അവർ ഒരു മടിയുമില്ലാതെ, തന്നെ വളരെ ശ്രദ്ധിച്ചു. തന്നെ എണീപ്പിച്ചു പതിയെ നടത്തി ക്ലോസെറ്റിലിരുത്തി.

ഇടയ്ക്കു 'ബി കെയർ ഫുൾ ..' എന്ന് ഓർമിപ്പിച്ചു..

'ഐ ആം നോട്ട്‌ ക്ലോസിങ് ദി ഡോർ ഓക്കേ? പ്രെസ്സ് ദി ബസ്സർ വ്തെൻ യു ആർ ടൺ ..'

മുറി ചാരി അവർ പുറത്തു നിന്നു - പറഞ്ഞപോലെ. തിരികെ വീണ്ടും കിടക്കയിലെത്തിച്ചു.മാറ്റിയതെല്ലാം വീണ്ടും തിരികെ ഘടിപ്പിച്ചു. പിന്നെ മോണിറ്ററിൽ നോക്കി എല്ലാം നോർമൽ എന്നുറപ്പുവരുത്തി, എന്തേലും കാര്യമുണ്ടേൽ റിമോട്ട് ബട്ടൺ പ്രസ് ചെയ്‌താൽ മതിയെന്ന് ഓർമിപ്പിച്ചു അവർ പുറത്തേക്കു നടന്നു. സേവനത്തിന്റെ ദേവതമാർ...ആരൊക്കെയോ ആവർത്തിച്ചത് അയാളും അറിയാതെ വീണ്ടും പറഞ്ഞു. അതനുഭവിക്കുന്ന ആരും പറഞ്ഞുപോകും. അതങ്ങനെയാണ്.

എത്രയൊക്ക ശ്രമിച്ചിട്ടും ഈയിടെയായി ഇന്നിന്റെ നിമിഷങ്ങളിൽ ജീവിക്കാനാവുന്നില്ല. ഭൂതകാലം സങ്കടങ്ങളും പശ്ചാത്താപത്തിന്റെ വിങ്ങലുകളും മനസ്സ് നിറക്കുമ്പോൾ ഭാവി ആശങ്കകളുടേതാവുന്നു.

ധ്യാനശ്രമങ്ങൾ പ്രായത്തിനു മുന്നിൽ തോൽക്കുന്നു. എന്നിലെ ചിന്തകൻ ഞാനാവുന്നു...ആകരുത് ..പക്ഷെ കഴിയുന്നില്ല.

'ഐ തിങ്ക് - ദെയ്ർ ഫോർ ഐ ആം' - അത് ഡക്കാർട്ടെ പറഞ്ഞുവച്ചതാണെന്നയാൾ പഴയ വായനയിൽ തപ്പി ഉറപ്പിച്ചു

വിദ്യാഭ്യാസം കഴിഞ്ഞു ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയിരുന്നേയുള്ളു. നാട്ടിൻപുറത്തെ, അധികം സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത ഒരു ഹോസ്പിറ്റലിൽ. സേവിയേഴ്‌സ് എന്നോ മറ്റോ ആയിരുന്നു അതിന്റെ പേര്. താൻ ജോലിക്കയെത്തുമ്പോൾ തന്നെ നിമ്മിയെന്ന നിർമല  അവിടെ ജോലി തുടങ്ങിയിരുന്നു. അധികം സംസാരിക്കാത്ത, ഒതുങ്ങിയ പ്രകൃതം . ഇരുനിറത്തിൽ സുന്ദരിയായിരുന്നു നിമ്മി.

ആദ്യമൊക്കെ ആരാ എന്താ എന്നൊക്കെ അറിയാനുള്ള കൗതുകമായിരുന്നു.
എന്നാലും എന്തേലും കാരണം പറഞ്ഞു കൺസൾട്ടിങ് മുറിയിലേക്ക് വിളിപ്പിക്കും. എന്തെക്കിലുമൊക്കെ ചെയ്യിച്ചവിടെ നിറുത്തും. കാര്യങ്ങൾ ചോദിച്ചറിയാൻ...

ആദ്യമൊക്കെ ഉത്തരങ്ങൾ വാക്കുകളിലൊതുക്കുമായിരുന്നു. എന്നാലും പതിയെ കാര്യങ്ങൾ മനസ്സിലായി. താഴെ ഇളയ രണ്ടു പേർ - ഒരനിയത്തിയും അനിയനും. മൂന്ന് കുട്ടികളെ ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ കുടുംബത്തോടുള്ള
ഉത്തരവാദിത്തം അവസാനിപ്പിച്ച് ദിവസ്സവും തലക്കുവേണ്ട  കള്ളിന്റെയും ചാരായതിന്റെയും മാത്രം ഉത്തരവാദിത്തം ഏറ്റെടുത്ത  അച്ഛൻ...രക്ഷപ്പെടാനും കുടുംബത്തെ രക്ഷപ്പെടുത്താനുമായി

ഡൽഹിയിലുള്ള അമ്മാവൻ സഹായിച്ചാണ് നഴ്സിംഗ് പഠിച്ചത്. കിട്ടുന്ന ശമ്പളത്തിൽ നിന്നും ഓഹരിയെടുത്തു പോയി മൂക്കറ്റം മോന്തി വന്നാലും അവളെ തെറി വിളിക്കുമായിരുന്നത്രെ.

നഴ്സിങ്ങിന് പോയതിന് ....കുംടുംബത്തിൽ പിറന്നവർ ഈ വൃത്തികെട്ട പണിക്ക് പോവില്ലത്രേ. അവൾ കാരണം ബന്ധുക്കളെല്ലാം തെറ്റിപോലും...

ഒരു പാവം പെണ്ണിന്റെ നിസ്സഹായാവസ്ഥയോടുള്ള സഹതാപം, എപ്പോഴാണ് കൗശലത്തോടെ കരുതലോടെ അവളെ സ്വന്തമാക്കാനുള്ള ദാഹമായി വളർന്നത്. വിവാഹം കഴിക്കില്ലായെന്നറിയാമായിരുന്നിട്ടും അവളെ മോഹിപ്പിച്ചു. നിമ്മിക്ക് താൻ ഒരാശ്വാസ തുരുത്തായിരുന്നു - അത് നന്നായറിഞ്ഞിരുന്ന താൻ അവളെ സ്നേഹിക്കുന്നതായും സഹതപിക്കുന്നതായും അഭിനയിക്കുകയായിരുന്നു.

പതിയെ അവളുടെ സ്നേഹം നേടിയെടുത്തു. അവളുടെ സ്നേഹം കൂടുംതോറും താൻ പെരും കള്ളനും ചൂഷകനുമായി മാറുകയായിരുന്നു.

ചെറിയ ഗ്രാമം..എല്ലാപേർക്കും എല്ലാപേരെയും അറിയാം...എന്ത് നടന്നാലും
എല്ലാപേരും അറിയും താമസിയാതെ തന്നെ. ആരറിഞ്ഞാലും എന്തറിഞ്ഞാലും നീയെന്റെ കൂടെയുണ്ടാവും എന്നുറപ്പു കൊടുത്ത ശേഷമല്ലേ, നിർബന്ധിച്ചിട്ടല്ലേ അവൾ കൂടെ വരാൻ തയാറായത്..ബീച്ചിൽ ..നഗരത്തിലെ മുന്തിയ ഹോട്ടലുകളിൽ.. സഹതാപത്തിനു വേണ്ടിയുള്ള കള്ളം പറച്ചിലുകൾ. എല്ലാത്തിനും മറുപടി കണ്ണീരിൽ നനഞ്ഞ വാക്കുകലും ചുംബനങ്ങളും.

'ഞാൻ കൂടെയുണ്ടാവില്ലേ'.

സ്ഥലം മാറ്റം ആയി പോവുന്നു എന്ന് പെട്ടെന്ന് കേട്ടപ്പോൾ അവൾ ഞെട്ടി. കരഞ്ഞു. എന്താ? എവിടെ? എന്ന ചോദ്യങ്ങൾക്ക് ചുരുക്കത്തിൽ മറുപടി പറഞ്ഞവസാനിപ്പിച്ചു....അപ്പോഴേക്കും ആ ബന്ധം അവളുടെ ബന്ധുക്കളും നാട്ടുകാരും മുഴുവനറിഞ്ഞിരുന്നു എന്ന് തനിക്കറിയാമായിരുന്നു. തന്റെ ഈ ഒളിച്ചോട്ടം, അവളെ കൊലക്കു കൊടുത്തേക്കും എന്ന് ചിന്തിക്കാൻ സ്വാർത്ഥ മോഹങ്ങൾ അനുവദിച്ചില്ല...ഒന്ന്, ഒരു പ്രാവശ്യത്തേക്കെങ്കിലും നേരിട്ടൊന്നു സംസാരിക്കണം എന്ന് കരഞ്ഞു പറഞ്ഞപ്പോൾ 'നോക്കട്ടെ .. തിരക്കാണ് അഥവാ കണ്ടില്ലേൽ ഇനി വരുമ്പോ കാണാം ..' എന്ന് പറഞ്ഞു തടി തപ്പി..


ശരിയാണ് തിരക്കായിരുന്നു...റാണിക്ക് തിരിച്ചു പോവണ്ടേ ഗൾഫിലേക്ക്.
രണ്ടാഴ്ചത്തെ അവധിയേയുള്ളു...പെട്ടെന്നായിരുന്നു...നിമ്മിയെ കാണാമെന്നു
പറഞ്ഞതിന് രണ്ടു ദിവസ്സം മുൻപ് തന്നെ താൻ വീട്ടിലേക്കു പോന്നു. എന്തോ ..അന്നൊരു കുറ്റബോധവും തോന്നിയില്ല..എല്ലാപേരുമറിഞ്ഞ ഈ ബന്ധം
എങ്ങുമെത്താതെ പോയാൽ അവളുടെ സ്ഥിതി എന്താവും എന്ന് ചിന്തിച്ചതേയില്ല...തന്നെ കുറിച്ചായിരുന്നു ചിന്തകളും ആശങ്കകളും. ചെറിയ തോതിലുള്ള ഒരു രജിസ്റ്റർ മാര്യേജ് മതിയെന്നു പറഞ്ഞതും പ്രശ്നങ്ങളുണ്ടാവാതെ മംഗളമായി കാര്യങ്ങൾ തീരണം എന്നുള്ളതുകൊണ്ട് തന്നെയായിരുന്നു. റാണിയുമൊത്തു നാടുവിട്ടാൽ പിന്നൊന്നുമറിയേണ്ടല്ലോ..

ഡോക്ടർ റാണിക്ക് അമേരിക്കയായിരുന്നു ലക്‌ഷ്യം. അതിനു വേണ്ടിയവൾ വല്ലാതെ ശ്രമിച്ചു. അവളിലെ സ്നേഹം താനറിഞ്ഞിരുന്നില്ല.. അറിഞ്ഞതു അതിമോഹങ്ങൾ മാത്രം കുട്ടികൾക്കു വേണ്ടി തിരക്കിടേണ്ടെന്നും എല്ലാം ഒന്ന് സെറ്റിൽ ആയിട്ട് മതിയെന്നുമായിരുന്നു റാണിയുടെ പക്ഷം. എന്തായാലും അവളുടെ നിരന്തര ശ്രമം കൊണ്ട് മാത്രം നാല്പതാം വയസ്സിൽ ഇവിടെയെത്തി സെറ്റിലാവുമ്പോൾ മകൻ വിവേകിനെ ചെറിയ ക്ലാസ്സിൽ ചേർക്കാറായിരുന്നു

നാട് വിട്ടശേഷം നിമ്മിയെക്കുറിച്ചു ചിന്തിച്ചിരുന്നില്ല. പിന്നെയവളെ ക്കുറിച്ചു ചിന്തിക്കുന്നത് റാണി തന്നെ വിട്ടു മറ്റൊരു വെള്ളക്കാരൻ ഡോക്ടറോടൊപ്പം പോയശേഷമാണ്. മകന്റെ കസ്റ്റഡി സ്വാഭികമായും അവൾക്കു തന്നെ. എല്ലാ വീക്ക് എന്റുകളിലും തന്നോടൊപ്പം എന്ന കോടതി ഉറപ്പിന്മേൽ.മിക്കവാറും ആഴ്ചയിൽ രണ്ടു ദിവസ്സം കൂടെയുണ്ടാവുമായിരുന്നു അവൻ. കോളേജ് കഴിഞ്ഞു ജോലിക്കു പോവും വരെ.

പിന്നെ വിവാഹം കഴിക്കാൻ ധൈര്യമുണ്ടായില്ല. സായാഹ്നങ്ങൾ ഒറ്റപ്പെടലിന്റേതായി..മെല്ലെ വിഷാദവും മദ്യവും ഒപ്പം കൂടി. എപ്പോഴാണ് പിന്നെ നിമ്മിയെക്കുറിച്ചാലോചിക്കാൻ തുടങ്ങിയത് . അവളെ അന്വേഷിക്കാൻ തോന്നിയത് . അവൾ തന്നെ അന്വേഷിച്ചിരുന്നുവോ? അറിയില്ല...
ഉറക്കം നഷ്ട്ടപ്പെട്ട നാളുകളിലൊന്നിൽ നാട്ടിലെ പഴയ ഹോസ്പിറ്റലിൽ തുടങ്ങിയ അന്വേഷണം കണ്ടെത്തിയത് അസ്വസ്ഥ വേദനകൾ മാത്രം.


കുറെ കാലം അപമാനിതയായി ഒറ്റയ്ക്ക് കഴിഞ്ഞിരുന്നുവെന്നും പിന്നെ നിർബന്ധത്തിനു വഴങ്ങി ഒരാളെ കല്യാണം കഴിച്ചെന്നും കേട്ടു. ആശ്വാസം തോന്നിയെങ്കിലും പിന്നെയറിഞ്ഞത് തന്നെ  തകർത്തുകളഞ്ഞു...എല്ലാമറിഞ്ഞു കല്യാണം കഴിച്ചയാളുടെ മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാവാതെ സ്വന്തം ജീവൻ പെത്തഡിനു എറിഞ്ഞു കൊടുത്തവൾ രണ്ടുവർഷം മുൻപ് പോയത്രേ. ആ വാർത്ത കേട്ടശേഷം അയാൾ താനറിയാതെ മറ്റൊരാളാവുകയായിരുന്നു. മരിജ്വാനയും മദ്യവും മറ്റൊരു സ്വത്വത്തിൽ കുടിയേറാൻ കൂട്ടായി...കൂട്ടുകാർ നഷ്ടപ്പെടാൻ തുടങ്ങി. പ്രാക്ടിസിൽ താൽപ്പര്യം തീരെയില്ലാതെയായി...

സ്വാർഥതയും കാമവും ചതച്ചരച്ച ആ ജീവനെയോർത്തയാൾ കരഞ്ഞു..പലപ്പോഴുമെന്ന പോലെ ഇപ്പോഴും ...

നേഴ്സ് ഫോണുമായി മുറിയിലേക്ക് വന്നു. മകനാണ്. എങ്ങിനെയുണ്ട് എന്നൊക്കെയുള്ള അന്വേഷണങ്ങൾ. നാളെ എങ്ങിനെ പോകും? വരണോ? എന്നൊക്കെ.. വേണ്ടെന്നു പറഞ്ഞു. വിളിച്ചല്ലോ അതുമതി...

ഒന്നുമയങ്ങിപ്പോയി..രാത്രിയെപ്പോഴോ എണീറ്റു..തലേന്നത്തെ പോലെ തന്നെ മൂത്രമൊഴിക്കാൻ ശ്രമിച്ചു..ഇപ്രാവശ്യം പ്ലാസ്റ്റിക് കുപ്പിയൊന്നു പ്രതിഷേധിച്ചു. കുറെ മൂത്രം കുപ്പായത്തിലായി..ആവട്ടെ..ആരെയും വിളിച്ചില്ല. കുപ്പി സ്വീകരിച്ചത് അരികിലെ ടേബിളിൽ വച്ചു. മൂത്രത്തിന്റെയും വിയർപ്പിന്റെയും ദുർഗന്ധമുള്ള ആശുപത്രി
കുപ്പായത്തിനുള്ളിലെ ജയിലറയിൽ വേലുക്കുട്ടി നിസ്സംഗനായി കിടന്നു.


മൂന്നാം ദിവസ്സം.


അതിരാവിലെ തന്നെ നേഴ്സ് വന്നുണർത്തി. പഴയ ആൾ തന്നെ . വീണ്ടും നിമ്മിയെ ഓർമിപ്പിച്ചുകൊണ്ട്; ചോരയെടുക്കാൻ വന്നതാണ്. ഈ ടെസ്റ്റ് ഓക്കേ ആയാൽ ആശുപത്രി വിടാം..

'ഹൌ ആർ യു ഫീലിംഗ് നൗ ...? ബെറ്റർ ?'

ഒന്നും മിണ്ടിയില്ല

അവൾ തുടർന്നു - ടെസ്റ്റ് റിസൾട്ട് ശെരിയായാൽ ഇന്ന് രാവിലെ തന്നെ പോകാം. ഒന്നും തോന്നിയില്ല. ഒന്നും പറഞ്ഞില്ല..

അവൾ പോയപ്പോൾ വീണ്ടും ഓരോന്നോർത്തു കിടന്നു. ഇപ്പോൾ വർഷങ്ങൾക്കു മുൻപ് ജോലി ചെയ്ത സേവിയേഴ്‌സ് ഹോസ്പിറ്റലും പരിസരങ്ങളുമെല്ലാം ഒരു മൊണ്ടാഷിലെന്നപോലെ കൂടുതൽ വ്യക്തമായി വന്നുപോവുന്നു. ഓരോ ഫ്രെയിമും ഉള്ളിലെ നൊമ്പരങ്ങളെ വീണ്ടും വീണ്ടും പീഡിപ്പിച്ചു. പരാതിപ്പെടാനാവില്ല ..താൻ ഇതിലേറെ അർഹിക്കുന്നുണ്ട്.

ഇതിനിടക്ക് രണ്ടു ഡോക്ടർമാരും അവസാനം രാവിലെയെത്തിയ നഴ്സും വന്നു.

'യു ക്യാൻ ഗോ ഹോം, ലെറ്റ് മി ഫിനിഷ് യുവർ പേപ്പർ വർക്ക്..'

ആശുപത്രി ബില്ലു ശെരിയാക്കി കഴിഞ്ഞാൽ പോകാമത്രെ.

'എനി ബഡി പിക്കിങ് യു അപ്പ്?' ആരെങ്കിലും വരുന്നുണ്ടോ കൂട്ടി കൊണ്ടുപോകാൻ..?

ഒന്നും പറയാതെ ഫോണിൽ തപ്പി താമസിക്കുന്ന അപ്പാർട്മെന്റ് വിലാസം
അവർക്കു കൊടുത്തു.

'കാൻ യു ബുക്ക് ഊബർ (വാടക വണ്ടി) ഫോർ മീ ..'

സന്തോഷത്തോടെ അതു വാങ്ങിപ്പോയി അൽപ്പ സമയം കഴിഞ്ഞു തിരിച്ചുവന്നു. പത്തു മിനിറ്റിൽ വരുമത്രെ. എത്തിയശേഷം ഡ്രൈവർ വിളിക്കും, തന്റെ ഫോണിൽ. ആശുപത്രിക്കു പുറത്തേക്കുള്ള വാതിലിനരുകിൽ കാത്തു നിന്നാൽ മതി.

മുറിക്കു പുറത്തു വാതിലിനരുകിൽ, വീൽ ചെയറുമായി ഒരാൾ നിൽപ്പുണ്ടായിരുന്നു. നേഴ്സ് നേരത്തെ തന്നെ ഐ വി, ബ്ലഡ് പ്രഷർ മോണിറ്റർ എന്നിവയിൽ നിന്നുമൊക്കെ ശരീരത്തെ മോചിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഈ സി ജി പ്രോബുകൾ നെഞ്ചിലുറപ്പിച്ചിരുന്ന സ്റ്റിക്കറുകൾ നിർദയം വലിച്ചെടുക്കുമ്പോൾ നെഞ്ചിലെ വൃദ്ധരോമങ്ങൾ കൂടി പറിഞ്ഞു പോരുന്നുണ്ടായിരുന്നു. നിലവിളിക്കാൻ തോന്നി..ഇനി അവശേഷിക്കുന്നത് ഐ വി തരാൻ കൈയ്യിലുറപ്പിച്ചിരുന്ന പിക്ക് ആണ്. അതും മാറ്റി പതിയെ എണീപ്പിച്ചു

നടത്തി ശ്രദ്ധയോടെ വീൽ ചെയറിലിരുത്തി. ശോഷിച്ച കാലുകൾ ഫുട്ട് റെസ്റ്റിൽ വിശ്രമിക്കാൻ അവൾ തന്നെ സഹായിച്ചു..പോക്കറ്റിൽ കിടന്ന സെൽ ഫോൺ അവളെടുത്തു അയാളുടെ വലതു കൈയ്യിൽ പിടിപ്പിച്ചു. ഡ്രൈവർ എത്തി വിളിക്കുമ്പോൾ എടുക്കാൻ സൗകര്യത്തിന്.

"ടേക്ക് കെയർ " പറഞ്ഞവൾ പോകുമ്പോഴേക്കും വീൽ ചെയർ യാത്ര തുടങ്ങിയിരുന്നു...ആദ്യം ഇടനാഴിയിലൂടെ.. പിന്നെ ലിഫ്റ്റിൽ നിന്നും താഴത്തെ നിലയിലേക്ക്. വീണ്ടും നീണ്ട ഇടനാഴിയിലൂടെ, വാതിലിനരുകിലേക്ക് ..

വീൽ ചെയർ മുന്നോട്ടു പോകുമ്പോൾ പരിസരങ്ങൾ ഇളകുന്ന പോലെ..എതിരെ വന്നു തന്നെ കടന്നു പോകുന്നവർ കൂടുതൽ തടിച്ചും ചിലർ കൂടുതൽ മെലിഞ്ഞും കാണുന്നു. ചിലരുടെയെങ്കിലും മുഖം കോടിയപോലെ..മരുന്നുകളും ഉറക്കമില്ലായ്മയുമാവാം കാരണം. തലതാഴ്ത്തിയിരുന്നു.

അകാരണമായി അയാൾ വിയർക്കാൻ തുടങ്ങി...ഇടയ്ക്കു ഇടതു കൈയെടുത്തു തലയിലെ വിയർപ്പൊപ്പി വായും നാവും വരളുന്നുണ്ട്.. ആവി എൻജിനിൽ നിന്നു പുകപോലെ ശ്വാസം, ചൂടോടെ ചെറുതായി ചൂളമിട്ടു പുറത്തേക്കു താളം തെറ്റി വന്നുകൊണ്ടേയിരുന്നു. ചിലപ്പോഴെങ്കിലും തലമുതൽ പെരുവിരൽ വരെ കർമഫലത്തിന്റെ തണുത്ത സുനാമിത്തിരകൾ.

ദേഹം പാപ കടലാവുന്നു . വാതിലിനരികെ കുഷനുള്ള കസേരകളിലൊന്നിൽ ഇരുത്തി വീൽ ചെയർ മടങ്ങിപ്പോയി.

കുറച്ചുനേരത്തിനു ശേഷം തിരകളടങ്ങാൻ തുടങ്ങിയപ്പോൾ ഒരു മയക്കം ഇരുട്ടായിവന്നു കടലിനെ മൂടി. ഇതിനിടയിൽ രണ്ടു മൂന്നു പ്രാവശ്യം, കൈയ്യിൽ നിന്നും താഴെ വീണുപോയ ഫോൺ ശബ്ദിച്ചിരുന്നത് അയാൾ കേട്ടില്ല. മയക്കത്തിലെപ്പോഴോ, വന്നുപോയ പഴയ അനുഭവ ദൃശ്യങ്ങളിലൊന്നിൽ കേട്ട സാന്ത്വനം 'ഞാൻ കൂടെയുണ്ടാവില്ലേ?'. കാഴ്ചകളുടെയും കേൾവികളുടെയും ശേഷിപ്പായി ഇത്തിരി കണ്ണീരും പുഞ്ചിരിയും ജരാതുരമായ മുഖത്ത് അപ്പോഴും ബാക്കി നിന്നു.