Saturday, March 26, 2011

തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം ഏഴ്‌, pyramids of mexico city

പരേതരുടെ പാതയും പിരമിഡുകളും

ബാസിലിക്ക സന്ദർശനം കഴിഞ്ഞു തിരിച്ചു ബസ്സിൽ ‍ കയറി ഒരു റെസ്റ്റാറെന്റിലെത്തി. അവിടെ നിന്നും ബുഫേ ലഞ്ച് കഴിച്ചു. ഉച്ചക്കുശേഷം ഞങ്ങളുടെ യാത്ര വളരെ കാത്തിരുന്ന കാഴ്ചകൾ ‍ നിറഞ്ഞ  സ്ഥലത്തേക്കാണ്‌...പിരമിഡുകൾ‍. കാണാൻ കൂടുതൽ ആഗ്രഹിച്ചിരുന്നത്  ഈജിപ്ഷ്യൻ പിരമിഡുകളാണ്. ഈജിപ്ഷ്യൻ പിരമിഡുകൾ ശവകുടീരങ്ങളാണെങ്കിൽ മെക്സിക്കൻ ‍ പിരമിഡുകൾ ക്ഷേത്രങ്ങളാണ്. എന്നാൽ ‍ ഈ ക്ഷേത്രങ്ങളില്‍ ആരാധനക്കൊപ്പം പൈശാചികമായ രീതിയിൽ ‍ മനുഷ്യകുരുതികൾ നടന്നിരുന്നു എന്നതാണ് സത്യം. കുരുതിക്കിരയായവർ  കൂടുതലും യുദ്ധങ്ങളിൽ ‍ പിടിക്കപ്പെട്ട ശത്രുക്കളാ ണെങ്കിലും അതിന്റെ രീതികൾ തികച്ചും പൈശാചികമായിരുന്നു . ജീവനോടെ ബന്ധിച്ചു കിടത്തി തലയിൽ കല്ലുകൊണ്ട് പല പ്രാവശ്യം അടിച്ചു കൊലപ്പെടുത്തുന്ന ഒരു രീതിയും അവർ‍ക്കുണ്ടായിരുന്നത്രേ.

ടിയോടിഹുവകാൻ‍ (Teotihuacan) , മെക്സിക്കോ സിറ്റിയിൽ ‍ നിന്നും ഏകദേശം 30 മൈൽ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. ഒരു കാലത്ത് സർവ പ്രാതാപങ്ങളോടും കൂടി നിലനിന്ന ആസ്ടെക് സാമ്പ്രജ്യത്തിന്റെ തലസ്ഥാനം. ഏകദേശം റോമാ സാമ്പ്രാജ്യത്തിനു സമകാലികമായിട്ടാണ് ടിയോടിഹുവകാൻ ‍ നിലനിന്നിരുന്നത്. BC 500 -ഓടു കൂടി വളരാൻ ‍ തുടങ്ങിയ ഈ സാമ്പ്രജ്യം AD 650 -ഓടെ നിലംപതിച്ചു . ഈ നഗരം അതിന്റെ ഏറ്റവും പ്രൗഠിയിൽ ശോഭിച്ചിരുന്നത് എ ഡി ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിലാണ്, ഇക്കാലത്ത് അതിന്റെ അതിരുകൾ വടക്ക് ടെക്സാസ് വരെയും തെക്ക് ഗ്വാട്ടിമാലവരെയും എത്തിയിരുന്നു. അക്കാലത്ത് ഏകദേശം ഇരുനൂറായിരം പേര്‍ അവിടെ താമസിച്ചിരുന്നതായി പറയപ്പെടുന്നു. ഈ നഗരം അതിന്റെ അവസാനത്തിൽ ‍ കൈയ്യേറപ്പെടുകയും തീവച്ചു നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതേ കുറിച്ചും പല അഭിപ്രായങ്ങളുണ്ട് - തീവച്ചത് ആഭ്യന്തര കലാപം മൂലമാണെന്നും അതല്ല അവരുടെ ശക്തി ക്ഷയിച്ച സമയത്ത് പുറത്തു നിന്നും ആക്രമണമുണ്ടായതാണെന്നുമൊക്കെ. ഏതായാലും അടുത്ത കാലത്ത് ഇവിടെനിന്നും കണ്ടെടുത്ത കുട്ടികളുടെ അസ്ഥികൂടങ്ങളിൽ നിന്നും ഈ ജനത ഒരു സമയത്ത് വല്ലാത്ത വരൾ‍ച്ചയും ക്ഷാമവും അനുഭവിച്ചിരുന്നു എന്ന് കാണാം. ഒരു പക്ഷെ അതായിരിക്കാം ശക്തി ക്ഷയിക്കാനും ആഭ്യന്തരകലാപമുണ്ടാവനും കാരണം. കാണാൻ ‍ പോകുന്ന സ്ഥലത്തെ കുറിച്ചു ഒരു ചെറിയ വിവരണം തരുക എന്നതിൽ ‍ കവിഞ്ഞു ഈ അറിവുകളുടെ കൃത്യത എനിക്കവകാശപ്പെടാനാവില്ല. പലതും വായിച്ചതിൽ ‍ നിന്നും കണ്ടറിഞ്ഞതിൽ ‍ നിന്നും പിന്നെ എന്റെ അനുമാനങ്ങളിൽ ‍ നിന്നുമാണ് വിവരങ്ങൾ‍.

ഏകദേശം ഒരു മണിക്കൂർ ‍ യാത്ര ചെയ്താണ് ഞങ്ങൽ ‍ ടിയോടിഹുവകാനില്‍ എത്തിയത്. നഗരത്തോട് അടുക്കുമ്പോൾ ‍ പരുപരുത്ത കല്ലുകൾ ‍ കൊണ്ടുള്ള റോഡ്‌ ആയതിനാൽ ‍ ബസിനു വേഗത കുറവായിരുന്നു.





ഈ നഗരത്തിന്റെ വിവരണം തുടങ്ങേണ്ടത് ഇതിന്റെ അച്ചുതണ്ട് എന്ന് പറയാവുന്ന 'Avenue of the dead' അഥവാ പരേതരുടെ പാതയിലാണ് എന്ന് തോന്നുന്നു. ഈ റോഡ്‌ ശരിക്കും വടക്ക് കിഴക്കായല്ല, പതിനാറു  ഡിഗ്രിയോളം കിഴക്കോട്ടു മാറിയാണ് അത്. ഗ്രിഡ് ( Grid ) സ്റ്റൈലിൽ പണികഴിപ്പിച്ചിട്ടുള്ള ഈ നഗരവും ഈ റോഡുമായി എല്ലാ അർ‍ത്ഥത്തിലും സമരസപ്പെട്ടു നില്‍ക്കുന്നു. എല്ലാ വർഷവും വേനൽക്കാലത്തൊരു പ്രത്യക ദിവസം സുര്യൻ ‍ ഇതേ കോണിൽ ‍ ഉദിക്കുന്നു. ഈ ദിവസം അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരുന്നു - കൃഷിപരമായും മതപരമായും. റോഡിന്‍റെ ഒരു വശത്താണ് Temple of Quetzalcoatl . അല്‍പ്പം വടക്ക് മാറി പിരമിഡ് ഓഫ് ദി സൺ‍ . റോഡിന്‍റെ ഏറ്റവും വടക്കേ അറ്റത്താണ് പിരമിഡ് ഓഫ് ദി മൂൺ സ്ഥിതിചെയ്യുന്നത്. സാധാരണ പിരമിഡുകളുടെ അടിസ്ഥാനം ചതുരവും വശങ്ങൾ ‍ ത്രികോണവുമാണ് . എന്നാൽ ‍ ഇവിടുത്തെ പിരമിഡുകൾ വർത്തുളാകൃതിയിൽ ‍ നിർമിക്കപ്പെട്ടവയാണ് എന്നതാണ് സവിശേഷത. ഏറ്റവും മുകളിലാണ് ക്ഷേത്രം.




ബസ്‌ നിറുത്തിയ ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. തെക്ക് ഭാഗത്തുള്ള പ്രവേശന കവാടത്തിനു സമീപമാണ് വണ്ടി നിറുത്തിയത്. ആദ്യം പോയത്, പ്രവേശന കവാടത്തിനു അടുത്തുള്ള Temple of Quetzalcoatl -ലേക്കാണ്. ഇത് കുറെയൊക്കെ തകര്‍ന്ന നിലയിലാണ്. നഗരത്തിന്റെ പ്രധാന മത-രാഷ്ട്രീയ സിരാകേന്ദ്രമായിരുന്നു ഈ സ്ഥലം. Quetzalcoatl എന്നത് feathered serpent എന്ന സര്‍പ്പ ദേവനാണ്. ഈ ദേവന്‍ ആസ്ടെക് സംസ്കാരത്തിൽ മാത്രമല്ല മായൻ പോലെ മറ്റു സംസ്കാരങ്ങളിലും ഉണ്ടായിരുന്നു..പല പേരുകളിൽ. അക്കാലത്ത് മതവും രാഷ്ട്രീയും വേർ‍തിരിക്കാനാവാത്ത വിധം കൂടിച്ചേർന്നിരുന്നു. എന്നെ അതിശയിപ്പിച്ചത് തകർ‍ന്നു പോയെങ്കിലും ഭിത്തികളിൽ ‍ മായാതെയും മങ്ങാതെയും നിന്ന മ്യുറൽ പെയിന്റിങ്ങുകളാണ്. പ്രകൃതി, വിവിധ ആചാരങ്ങൾ, ഘോഷയാത്രകൾ‍, ആൾ രൂപങ്ങൾ ‍ എന്നിവയെല്ലാം തന്നെ പെയിന്റിങ്ങുകൾക്ക് വിഷയമായിട്ടുണ്ട്. റിയലിസ്റ്റിക് പെയിന്റിംഗുകൾ ‍ തൊട്ടു അബ്സ്ട്രാക്റ്റ് പെയിന്റിംഗുകൾ വരെ അവിടെ കാണാം. ഇവ  ശ്രദ്ധയോടെ പഠിക്കുന്ന ഒരാൾ‍ക്ക് വരകൾ‍ക്കും വർ‍ണങ്ങൾക്കുമപ്പുറത്തു ഒരു ജനതയുടെ ജീവിതവും സംസ്കാരവും കുടുതൽ ‍ മനസ്സിലാവും. എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പറയേണ്ടതുണ്ട്. ചില ചിത്രങ്ങൾ ‍ വളരെ ലളിതമായ ശൈലിയിൽ ‍ വരക്കപ്പെട്ടവയാണെങ്കിലും മറ്റു ചിലത് പ്രതീകങ്ങളാലും അടയാളങ്ങളാലും ദുരൂഹങ്ങളാണ്.

ചുറ്റും മതിലുകളുള്ള വിശാലമായ ഒരു സ്ഥലത്തെത്തിയപ്പോൾ ‍,അവിടെ ഗാലറി പോലെ കെട്ടിയ കല്പടവുകളിൽ ഇരിക്കാൻ‍, ഗൈഡ് ഞങ്ങളോട് പറഞ്ഞു. എന്നിട്ട് ആ സ്ഥലത്തെപ്പറ്റി പറയാൻ തുടങ്ങി. പരേതരുടെ പാത ഈ നഗരത്തിന്റെ പ്രധാന കേന്ദ്രമായതിനാൽ ‍ ആ ഭാഗത്ത്‌ താമസിച്ചിരുന്നവർ പുരോഹിതന്മാരും പ്രഭുക്കളും അടങ്ങുന്ന സ്ഥലത്തെ പ്രധാന ദിവ്യന്‍മാരായിരുന്നു. സാധാരണക്കാർ ‍ കുറെ മാറിയാണ് താമസിച്ചിരുന്നത്. പ്രധാന തീരുമാനങ്ങൾ എടുക്കാനും മറ്റു സമ്മേളനങ്ങൾക്കായും ക്ഷേത്രത്തിന്റെ ഈ ഭാഗം ഉപയോഗിച്ചിരുന്നു എന്ന് അയാൾ പറഞ്ഞു.

Pyramid Of the Sun

അവിടുന്ന് ഞങ്ങള്‍ പോയത് സണ്‍ പിരമിഡിലെക്കാണ്. അവിടെ എത്തിയപ്പോള്‍ ഞങ്ങളുടെ ഗൈഡ് ചില അടിസ്ഥാന വിവരങ്ങള്‍ തന്നശേഷം ഒരു മൂന്ന് മണിക്കൂര്‍ ഞങ്ങള്‍ക്ക് നല്‍കി, ഒപ്പം ഒരു പ്ലാനും. ആദ്യം സണ്‍ പിരമിഡിന്റെ മുകളില്‍ കയറാം. അത് കഴിഞ്ഞു പരേതരുടെ പാതയിലുടെ വടക്കോട്ട്‌ നടന്നു മൂണ്‍ പിരമിഡിലെത്താം. വേണമെങ്കില്‍ അതിന്റെ മുകളിലും കയറാം. അത് കഴിഞ്ഞു മൂണ്‍ പിരമിഡിനടുത്തുകൂടിയുള്ള വഴിയിലുടെ ഏകദേശം പതിനഞ്ചു മിനുറ്റ് നടന്നാല്‍ മറ്റൊരു പാര്‍ക്കിംഗ് സ്ഥലമുണ്ട്. അവിടെ ഞങ്ങളുടെ ബസ്‌ കാത്തു കിടപ്പുണ്ടാവും.




ആസ്ടെക് സാമ്പ്രാജ്യത്തിന്റെ  പ്രതാപം ഏറ്റവും ഉന്നതിയിലായിരുന്ന ഏ ഡി  ഒന്നാം നൂറ്റാണ്ടോടെയാണ്‌ ഈ പിരമിഡ് നിര്‍മ്മിച്ചത്‌ എന്ന് കരുതപ്പെടുന്നു. അന്നത്തെ നിര്‍മാണ രീതി കല്ലുകള്‍ ഉപയോഗിച്ചായിരുന്നു. ഏകദേശം രണ്ടര  മില്യണ്‍ ടണ്‍ കല്ലുകളാണ് ഇത് നിര്‍മിക്കാന്‍ ഉപയോഗിച്ചത്. ഇത്തരം പിരമിഡുകളെല്ലാം തന്നെ തങ്ങളുടെ വാനശാസ്ത്രപരമായ പഠനങ്ങള്‍ക്ക് ഉതകുന്ന തരത്തിലും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ( ഇന്നത്തെ മെയ്‌ 19 നും ജൂലൈ 25 നും ) സുര്യന്‍ പിരമിഡിന്റെ ഉച്ചിയില്‍ എത്തുന്നു. ചതുരാകൃതിയിലുള്ള പിരമിഡിന്റെ വശങ്ങളില്‍ മുകളിലേക്ക് കയറുവാനുള്ള പടികളുണ്ട്. കിഴക്ക് ഭാഗത്തെ പടികള്‍ ഉദയ സുര്യനും പടിഞ്ഞാറ് ഭാഗത്തെ പടികള്‍ അസ്തമയ സുര്യനും അഭിമുഖമാണ്. അടുത്ത കാലത്ത് ഈ പിരമിഡിന്റെ ഒരു ഭാഗത്തായി ഒരു ഗുഹ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ അവിടെ ടൂറിസ്റ്റ്കള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.



ഞങ്ങള്‍ പടികള്‍ കയറാനാരംഭിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ ആവേശത്തോടെ പടികള്‍ കയറുന്നു. കുറെ കയറി കഴിഞ്ഞപ്പോള്‍ ഉയരങ്ങള്‍ എനിക്ക് പ്രശ്നമാണെന്നത് വീണ്ടും മനസ്സിലായി. ആദ്യത്തെ പ്ലാറ്റ് ഫോമാണ് ഏറ്റവും ഉയരത്തിലുള്ളത്, അവിടെയെത്തിയപ്പോഴേക്കും ഞാന്‍ കയറ്റം നിറുത്തി. തിരികെ വരുമ്പോള്‍ ഞാന്‍ അവിടെ തന്നെയുണ്ടാവും എന്ന് പറഞ്ഞു സുഹൃത്തിനെ പറഞ്ഞു വിട്ടു. വെറുതെ ദൂര കാഴ്ചകള്‍ കണ്ടു നടന്നു. എന്റെ സുഹൃത്ത്‌ ആവേശത്തോടെ മുകളിലേക്കുള്ള പടികള്‍ കയറി. നാൽപ്പതു  മിനിട്ടിനു ശേഷം അയാള്‍ തിരിച്ചെത്തി. ഞങ്ങള്‍ താഴെയിറങ്ങി, പരേതരുടെ പാതയിലുടെ മൂണ്‍ പിരമിഡിനെ ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി. റോഡിനിരുവശവും പലതട്ടുകളിലായി പണിതീര്‍ത്ത പ്ലാറ്റ്  ഫോമുകൾ  കണ്ടു. ഈ പ്ലാറ്റ് ഫോമുകൾക്ക് മുകളിലായി ചതുരാകൃതിയിലുള്ള അടിസ്ഥാനങ്ങളില്‍ ചെറിയ ബലി ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നത്രേ. റോഡിനിരുവശവും ശവകുടീരങ്ങള്‍ കണ്ടത്തില്‍ നിന്നും റോഡിനു ഈ പേര് വരാനുള്ള കാരണം മനസ്സിലായി.

Pyramid Of the Moon

റോഡിന്‍റെ വടക്കേ അറ്റത്താണ് പിരമിഡ് ഓഫ് ദി മൂണ്‍. ഞങ്ങള്‍ അതിനു മുന്നില്‍ എത്തി. ഞാന്‍ സുഹൃത്തിനോട്‌ ഇതിന്റെ മുകളിലും കയറണോ എന്ന് കളിയാക്കി ചോദിച്ചു. സണ്‍ പിരമിഡ് കയറുന്ന ഒരാള്‍ അതുകഴിഞ്ഞ് ഉടനെ മൂണ്‍ പിരമിഡിനു മുകളില്‍ കയറില്ല എന്ന് ഗൈഡ് പറഞ്ഞിരുന്നു. ശരിയാണ്. നന്നേ ക്ഷീണിച്ചത് കൊണ്ട് മൂണ്‍ പിരമിഡ് സ്കിപ് ചെയ്തു എന്നു സുഹൃത്ത് പറഞ്ഞു. ഇത് കുറച്ചു ഉയര്‍ന്ന ഭുമിയില്‍ പണി കഴിപ്പിച്ചിട്ടുള്ളതു കാരണം ഏകദേശം സണ്‍ പിരമിന്റെ തന്നെ ഉയരം തോന്നുമെങ്കിലും ശരിക്ക് ചെറുതാണ്. സണ്‍ പിരമിടിന്റെതിനെക്കാള്‍ നല്ല കാഴ്ചകള്‍ മൂണ്‍ പിരമിഡിന്റെ മുകളില്‍ നിന്നാണെന്നു പറഞ്ഞിരുന്നെങ്കിലും ക്ഷീണം കാരണം മുകളില്‍ കയറാന്‍ തുനിഞ്ഞില്ല.


കുറെ ഫോട്ടോകള്‍ എടുത്തു. കുറച്ചുനേരം വിശ്രമിച്ചു, പിന്നെ ഗൈഡ് പറഞ്ഞ വഴിയിലുടെ ഞങ്ങളുടെ ബസിനു നേര്‍ക്ക്‌ നടന്നു.






Mathrubhumi Yathra || തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം ഏഴ്‌, pyramids of mexico city

Tuesday, March 15, 2011

തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം ആറ്‌,Basilica De Guadalupe /Virgin of Guadalupe


മെക്സികോ സിറ്റിയിൽ ‍ പ്രധാനമായി കണ്ടിരിക്കേണ്ടത് ടിയോടോഹുയകാൻ‍ (Teotohuacan ) തന്നെ.സിറ്റിയിൽ നിന്നും 30 മൈലുകൽ വടക്ക് മാറിയുള്ള ആസ്ടെക് സാമ്പ്രാജ്യത്തിന്റെ കേന്ദ്രസ്ഥാനം. ഇവിടെയാണ്‌ പേരുകേട്ട സൺ പിരമിഡും മൂൺ പിരമിഡും. അടുത്തത് ചപുൽ‍ടെപെക് (Chapultepec ) പാർ‍ക്കിലുള്ള നാഷണൽ ആന്ത്രോപ്പോളജി മ്യുസിയം ( National Anthropology Museum) ആണ്. 100,000 ചതുരശ്ര അടി വിസ്തീർണമുള്ള മ്യുസിയം . മെക്സിക്കോയിലെ പുരാതന സംസ്കാരങ്ങളെ ( ആസ്ടെക് , മായന്‍, അല്മെക് എന്നിവ പ്രധാനം ) അടുത്തറിയാൻ ഈ മ്യുസിയം വളരെയധികം സഹായിക്കും. ഓരോ സംസ്കാരത്തിനും പ്രത്യേക വിഭാഗം, അതിനുള്ളിൽ കാലഘട്ടം അനുസരിച്ച് വീണ്ടും തരം തിരിച്ചിരിക്കുന്നു. ഇനിയൊന്നു ചരിത്രമുറങ്ങുന്ന ദി സോക്കൊലോ (The Zocalo ), അഥവാ Plaza De La Constitution, ചുരുക്കിപ്പറഞ്ഞാൽ മെക്സിക്കോയുടെ എല്ലാക്കാലത്തെയും ഏറ്റവും വലിയ 'മെയിൻ സ്‌ക്വയർ‍'. ഇതിന്റെ വടക്കുഭാഗത്താണ് കത്തീഡ്രൽ. ഇതിനൊക്കെ പുറമേ വേറെയും സ്ഥലങ്ങൾ സോക്കൊലോയിൽ ഉണ്ട്, പക്ഷെ കുറെ സമയം അവിടെ ചെലവിടണം. ബാസലിക്ക ഡി ഗ്വടലുപ് ( Basilica De Guadalupe ) മറ്റൊരു ആകർഷണമാണ് . "Our Lady of Guadalupe " എന്നും " Virgin of Guadalupe എന്നും അറിയപ്പെടുന്ന കന്യാമറിയത്തെയാണ്‌ മെക്സിക്കൻ കത്തോലിക്കർ ഏറ്റവും കൂടുതലായി ആരാധിക്കുന്നത്.





ഹോട്ടലിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലും പിന്നെ ഞങ്ങളുടെ താല്‍പ്പര്യവും സമയവും കണക്കിലെടുത്തും മുഖ്യമായും ബാസലിക്ക ഡി ഗ്വടലുപും പിരമിഡുകളും കാണാന്‍ തീരുമാനിച്ചു. സ്ഥലങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ എനിക്ക് ഏറ്റവും കൌതുകമുണ്ടാക്കിയ സ്ഥലമാണ് ഈ ബാസലിക്ക, കാരണം ഇതിന്റെ നിർ‍മാണവുമായി ബന്ധപ്പെട്ടു വായിച്ച രസകരമായ കഥ തന്നെ. കുറെ വർഷങ്ങൾ ഇസ്രായേലിലും ബ്രസീലിലും ചിലവഴിച്ച എന്റെ ജൂത സുഹൃത്തിനു പള്ളികള്‍ എത്ര വലുതായാലും കാണുവാന്‍ വലിയ താല്‍പ്പര്യമില്ലായിരുന്നു. വിവിധ മത സംസ്കാരങ്ങളെക്കുറിച്ച് അവഗാഹമുണ്ടായിരുന്നതിനാലും ഒന്നാന്തരം ഒരു രസികനായിരുന്നതിനാലും കൂടെ കൊണ്ടുപോകാൻ എനിക്ക് താല്പര്യമായിരുന്നു. അവസാനം എന്നോടൊപ്പം കൂടാം എന്ന് സമ്മതിച്ചു.

Basilica De Guadalupe



ബാസിലിക്ക കാണുവാനായിരുന്നു ആദ്യയാത്ര. പറഞ്ഞ സമയത്ത് തന്നെ ബസ് ഹോട്ടലിൽ എത്തി. ഞങ്ങളുടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡ് ഉള്ളിൽ ‍ വന്നു പരിചയപ്പെട്ട ശേഷം കൂട്ടികൊണ്ട് പോയി. ഞങ്ങള്‍ പതിനൊന്നു പേരുണ്ടായിരുന്നു. ചിലര്‍ വടക്കേ അമേരിക്കയിൽ നിന്നും മറ്റു ചിലര്‍ യൂറോപ്പിൽ ‍ നിന്നും - എല്ലാപേരും ഇംഗ്ലീഷ് സംസാരിക്കുന്നവർ ‍. ഞങ്ങളെല്ലാം വളരെ പെട്ടെന്ന് കൂട്ടുകാരായി. രണ്ടോ മൂന്നോ ജോടികളെങ്കിലും റിട്ടയർ ‍ ചെയ്തശേഷം ലോകം കാണാന്‍ പുറപ്പെട്ടവരായിരുന്നു. മറ്റു ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലായിപ്പോൾ ‍ഇനിയുള്ള സമയം കാണാവുന്നത്ര സ്ഥലങ്ങൾ ‍ കാണണം - അവരിലൊരാൾ പറഞ്ഞു.

തെക്കേ അമേരിക്കയാകട്ടെ മെക്സിക്കൊയാകട്ടെ പ്രധാന ടൂറുകളെല്ലാം വളരെ പ്ലാൻ ‍ ചെയ്ത തരത്തിലാണ്.ഒന്നിനും ഒരു കൺഫ്യൂഷൻ ഇല്ല, ടിക്കറ്റുകൾ ‍ മുൻ‍കൂട്ടി എടുക്കുന്നതിനാൽ ഒരിടത്തും ക്യൂവിൽ നില്‍ക്കേണ്ടി വരില്ല, പിന്നെ നല്ല സ്ഥലത്ത് ഭക്ഷണം. ഇത്രയൊക്കെ തരപ്പെടുത്താൻ ‍ ബുക്കിംഗ് സമയത്ത് അവർ ‍ ആകെ നമ്മളോട് ആവശ്യപ്പെടുന്നത് ക്രെഡിറ്റ്‌ കാർ ‍ഡ്‌ നമ്പർ മാത്രം !

പേരുകേട്ട ബാസലിക്ക ഡി ഗ്വടലുപേ, മെക്സിക്കോ എന്ന രാജ്യത്തിന്റെ തന്നെ ആരാധനാകേന്ദ്ര മാണ്. പ്രീ-ഹിസ്പാനിക് ഇന്ത്യൻ ദൈവശാസ്ത്രത്തെ കത്തോലിക്കാ വിശ്വാസവുമായി കൂട്ടിചേർ‍ക്കാൻ ഉപയോഗിച്ച ഒരു ബിംബമായി ഇവിടുത്തെ 'വെർജിൻ മേരി' യെ കാണാവുന്നതാണ്. മെക്സിക്കോയുടെ മതചരിത്രവും സാംസ്കാരവും മനസ്സിലാക്കാൻ ‍ ആദ്യം ചെയ്യേണ്ടത്, ചിത്രങ്ങളിൽ ‍ നീല വെളിച്ചവുമായി നില്‍ക്കുന്ന "Our Lady Of Guadalupe " എന്ന കന്യാ മറിയത്തോട് രാജ്യവ്യാപകമായുള്ള ആരാധനയും വിശ്വാസവും മനസ്സിലാക്കുകയാണ്. ഹോട്ടലിൽ ‍ നിന്നും അവിടെയെത്തുന്നത് വരെ ഞങ്ങളുടെ ഗൈഡ് വളരെ ആലങ്കാരികമായും വലിച്ചു നീട്ടിയും മനോധർമ്മത്തോടെയും പറഞ്ഞത് ഞാൻ നേരത്തെ സൂചിപ്പിച്ച കഥയാണ്‌.


1531 ഡിസംബർ ഒൻപതിന് ഇന്ന് ബസിലിക്ക സ്ഥിതിചെയ്യുന്ന സ്ഥലത്തുവച്ച് വാൻ ഡിയാഗോ ( Juan Diego ) എന്ന പാവപ്പെട്ട ഇന്ത്യന്‍ വംശജന് ഒരു ദർ‍ശനം ഉണ്ടായി. നീല വെളിച്ചത്തിൽ ‍ അവിടെ കണ്ടത് സാക്ഷാൽ ‍ കന്യാമറിയത്തെ  തന്നെയായിരുന്നു. തിരിച്ചുവന്നു തന്റെ ബിഷപ്പിനോട് കാര്യം പറഞ്ഞെങ്കിലും അദ്ദേഹത്തിന് വിശ്വാസമായില്ല, വാനോട് തെളിവ് ആവശ്യപ്പെട്ടു. മൂന്നു ദിവസങ്ങൾ‍ക്കു ശേഷം വാന് അതെ സ്ഥലത്ത് വച്ച് വീണ്ടും ദര്‍ശനം ലഭിച്ചു. അയാൾ ബിഷപ്പിനായി കന്യാമറിയതോട് തെളിവ് ആവശ്യപ്പെട്ടു. അപ്പോൾ അയാൾ ‍ നിന്നിരുന്ന പാറക്കു മുകളിൽ ‍ റോസാ പുഷ്പങ്ങൾ ‍ വിരിയുവാൻ ‍ തുടങ്ങി. അവ ശേഖരിച്ചു തെളിവായി ബിഷപ്പിന് കൊടുക്കാൻ ‍ കന്യാമറിയം വാനോട് പറഞ്ഞു. അയാൾ ‍ പാറയിൽ വിരിഞ്ഞ ആ പുഷ്പ്പങ്ങൾ ‍ തന്റെ ഉടുപ്പിൽ ‍ പൊതിഞ്ഞെടുത്ത ശേഷം ബിഷപ്പിന്റെ മുന്നിലെത്തി. അത്ഭുതമെന്നു പറയട്ടെ, ഉടുപ്പ് നിവർ‍ത്തി പുഷ്പങ്ങൾ ‍ താഴെയിട്ടപ്പോൾ, കന്യാമറിയത്തിന്റെ രൂപം ആ ഉടുപ്പിൽ പതിഞ്ഞിരിക്കുന്നത് ബിഷപ്പ്‌ കണ്ടു. ഉടനെ ‍ തന്നെ വാന് ദർശനം കിട്ടിയ സ്ഥലത്ത് ഒരു പള്ളി പണിയുവാൻ ബിഷപ്പ് ഉത്തരവിട്ടു. പള്ളി പണി പൂര്‍ത്തിയായപ്പോള്‍ കന്യാമറിയത്തിന്റെ രൂപം പതിഞ്ഞ ആ ഉടുപ്പ് എല്ലാ ബഹുമതികളോടും കൂടി സ്വര്‍ണത്തിൽ ഫ്രെയിം തീർത്തു പള്ളിയിൽ വിശ്വാസികളുടെ ദർ‍ശനത്തിനായി വച്ചു. പിന്നീടുള്ള കാലമത്രയും ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ പ്രവാഹമായിരുന്നു, പള്ളിയിലേക്ക്. വർ‍ഷങ്ങൾ കഴിയുന്തോറും പള്ളി വലുതാക്കാനും സൗകര്യങ്ങൾ വിപുലീകരിക്കനുമുള്ള ശ്രമങ്ങൾ ‍ നടക്കുകയുണ്ടായി.





1904 -ൽ ഇത് ഒരു ബാസിലിക്കയായി പ്രഖ്യാപിക്കപ്പെട്ടു.
ഗൈഡ്, ബാസിലിക്ക പ്രഖ്യാപനത്തിൽ കഥ അവസാനിപ്പിച്ചപ്പോഴാണ് അതുവരെയില്ലായിരുന്ന ഒരു പുതിയ സംശയം മനസ്സിൽ വന്നത്. അന്ന് വരെ പള്ളിയും കത്തീഡ്രലും ബാസിലിക്കയുമെല്ലാം എനിക്ക് ഒന്നുപോലായിരുന്നു. ഗൈഡ് ആധികാരികമായും ലളിതമായും പറഞ്ഞത് സത്യമായാലും ഇല്ലെങ്കിലും അയാളെക്കുറിച്ച് അഭിമാനം തോന്നി. ബിഷപ്പിന്റെ ആസ്ഥാനമായ പള്ളിയത്രേ കത്തീഡ്രൽ‍ .എന്നാൽ ‍ പ്രാധാന്യമുള്ള ഒരു പള്ളിയെ ബിഷപ്പിന്റെ ആസ്ഥാനമല്ലെങ്കിലും പോപ്പിന് മാത്രം അത് ബാസിലിക്കയായി പ്രഖ്യാപിക്കാം. എന്നിട്ട് അയാൾ ഒരു തെളിവ് പറഞ്ഞു. ബാസിലിക്കക്ക് ഒരു പരിശുദ്ധവാതായനമെങ്കിലും (ഹോളി ഡോർ‍) വേണമെന്നുണ്ട്. വാർത്തുളാകൃതിയിലുള്ള പുതിയ ബാസിലിക്ക ചൂണ്ടികാട്ടി അയാൾ പറഞ്ഞു "അതിനു ഏഴു പരിശുദ്ധ വാതായനങ്ങൾ ‍ ഉണ്ട്". പിന്നെ പുറത്തായി പോപ്പിന്റെ ഒരു വലിയ പ്രതിമയും.



1709 മുതൽ ‍ ഈ ബാസിലിക്കയുടെ ഘടന അടിത്തറയോടെ ഒരു ഭാഗത്തെക്ക് താഴാൻ തുടങ്ങി. ഒരുപക്ഷെ ഇത്രയധികം വിശ്വാസികളെ താങ്ങി നിറുത്തുവാനുള്ള തരത്തില്ലയിരിക്കില്ല അതിന്റെ ആദ്യത്തെ പ്ലാൻ‍. അകത്തുകയറിയാലും പുറത്തു നിന്നാലും ഇത് വ്യക്തമായി കാണുവാൻ കഴിയും. ഉള്ളിലെ എല്ലാ സജ്ജീകരണങ്ങളും ഒരു ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്നു. ഏതായാലും തൊട്ടടുത്ത്‌ തന്നെ വർത്തുളാകൃതിയിലുള്ള കൂറ്റൻ ബാസലിക്ക പണികഴിക്കപ്പെട്ടു. 1976 - ൽ പണികഴിക്കപ്പെട്ട ഈ പള്ളി 'പുതിയ ബാസിലിക്ക' യായി അറിയപ്പെടുന്നു. വെർജിൻ മേരിയുടെ ചിത്രം ഒരു ഭിത്തിയിൽ വളരെ ഉയരത്തിൽ ‍ സ്ഥാപിച്ചിട്ടുണ്ട്, പള്ളി ഹാളിൽ എവിടെ നിന്നാലും കാണാവുന്ന തരത്തിൽ‍. ഒരു സമയത്ത് 10 ,000 ആളുകൾ‍ക്ക് ഇരിക്കാവുന്നതാണ് ഇതിന്റെ ഹാൾ. വർ‍ഷത്തിൽ ‍ എല്ലായിപ്പോഴും വിശ്വാസികളുടെ തിരക്കാണെങ്കിലും ഹോളി ഡേ എന്നറിയുന്ന ഡിസംബർ 12 -നും ആ ദിവസം വരുന്ന ആഴ്ച്ചയുമാണ് ഏറ്റവും തിരക്ക്. വത്തിക്കാനിലെ സെന്റ്‌ പീറ്റെർഴ്‌സ് ദേവാലയം കഴിഞ്ഞാൽ ‍ ഏറ്റവും അധികം വിശ്വാസികൾ എത്തുന്നതു ഇവിടെയാണ്‌ എന്ന് പറയപ്പെടുന്നു.










 Mathrubhumi Yathra || തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം ആറ്‌, Basilica De Guadalupe /Virgin of Guadalupe of Mexico City

Monday, March 7, 2011

തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - 5, എങ്ങിനെ ഞാൻ മറക്കും - മെക്സിക്കോ സിറ്റി








മെക്സിക്കോ സിറ്റിയിലെ അമേരിക്ക മോവിൽ (America Movil) കമ്പനി ആസ്ഥാനത്ത് ഒരു ദിവസം രാത്രി. ഏറ്റവും പുതിയ സെൽ ഫോൺ  സങ്കേതമായ 4G നെറ്റ്‌വർക്ക് ട്രയൽ നടത്തുവാനുള്ള ശ്രമമാണ്. അന്ന്  പതിവില്ലാതെ പുലർ‍ച്ചെ ഒരു മണിവരെ ജോലി ചെയ്യേണ്ടി വന്നു.
തിരിച്ചു ഞങ്ങൾക്ക് ഹോട്ടലിൽ എത്തണം. ഓഫീസിൽ നിന്ന് തന്നെ
ഒരു ടാക്സി തരപ്പെടുത്തി തന്നു. ഞാൻ വളരെ ലാഘവത്തോടെ ഗേറ്റിനടുത്തേക്ക് നടക്കാൻ ‍ തുടങ്ങിയപ്പോൾ ‍ സെക്യൂരിറ്റി ഗാർ‍ഡ് എന്നെ തടഞ്ഞു. അയാൾ തന്റെ ഹാൻഡ് ഗൺ എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് ഗേറ്റിനടുത്തേക്ക് ചെന്നു.  കൂറ്റൻ മതിലും ഗേറ്റും. ഞങ്ങൾ ‍ നോക്കി നില്‍ക്കെ ഗേറ്റിൽ ‍ തന്നെയുള്ള ഒരു ചെറിയ കിളിവാതിൽ അയാള്‍ മെല്ലെ തുറന്നു. അതിലുടെ നോക്കി പരിസരവും മറ്റും സുരക്ഷിതമെന്നുറപ്പിച്ചശേഷം ഗേറ്റു തുറന്നു ഞങ്ങളെ കാറിനുള്ളിൽ കയറ്റി. അന്ന് രാത്രിയിലെ ഇരുപതു മിനിറ്റ് കാർ യാത്ര , ഏറ്റവും പേടിച്ച ഒരു ദിവസ്സമായിരുന്നു. ചില ചുവന്ന ട്രാഫിക് ലൈറ്റ്കളിൽ ‍ നിറുത്താതെ ഡ്രൈവർ വണ്ടിയോടിച്ചു, വളരെ വേഗത്തിൽ‍. അസമയങ്ങളിൽ ചില പ്രദേശങ്ങളിലെ റെഡ് ലൈറ്റിൽ നിറുത്താതെ പോകാം എന്നത് അവിടെ നിയമപരമായി അനുവദിച്ചിട്ടുള്ളതാണത്രേ. ബ്രസീലിലും ഇങ്ങനെയുണ്ടെന്നു കേട്ടിട്ടുണ്ട്.

ഞാനിത്രയും എഴുതാൻ ‍ കാരണം പോകുന്നത് മെക്സിക്കോ  സിറ്റിയിലെക്കാണെങ്കിൽ പ്രത്യേകം സൂക്ഷിക്കണം എന്ന് സൂചിപ്പിക്കാനാണ്. ആയിരക്കണക്കിനാളുകളാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടു ഒരു വർഷം കൊല്ലപ്പെടുന്നത്. 2008 -ൽ മെക്സിക്കോ സിറ്റിയിൽ ‍ മാത്രം ഏകദേശം അയ്യായിരം പേർ‍. ഇപ്രാവശ്യം എനിക്ക് കൂട്ട് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ജുതനാണ്. മെക്സിക്കോ സിറ്റി വിമാനത്താവളത്തിൽ ‍ തമ്മിൽ കണ്ട ശേഷം ഞങ്ങളുടെ ലോക്കൽ ‍ ഓഫീസ് തരപ്പെടുത്തിയ ടാക്സിയിൽ ഹോട്ടലിൽ ‍ എത്താം എന്നതായിരുന്നു പ്ലാൻ‍. ചിക്കാഗോയിൽ ‍ നിന്നും ഒരു നാല് മണിക്കൂർ മാത്രം. ഞങ്ങൾ എയര്‍ പോർ‍ട്ടിനു പുറത്തു വന്നതും  ഒരാൾ ‍ ഞങ്ങളുടെ പേരുകൾ എഴുതിയ ഒരു കടലാസ്സുമായി കാത്തു നില്‍പ്പുണ്ടായിരുന്നു. ഞങ്ങൾ കാറിൽ ‍ കയറി. അയാൾ വണ്ടിയോടിച്ചു തുടങ്ങി.

ഒരു ഒഴിഞ്ഞ സ്ഥലത്തെ പെട്രോൾ പമ്പിൽ കൊണ്ട് നിറുത്തി, കാറിൽ
പെട്രോള്‍ ഒഴിച്ചു. രാത്രി എട്ടു മണിയായിക്കാണും, എന്നാലും കാറിനു ചുറ്റും
ഭിക്ഷ ചോദിച്ചു നില്‍ക്കുന്ന പാവപ്പെട്ട കുട്ടികൾ . ഒരു നിമിഷം മുംബൈ ജീവിതം മനസ്സിലോടിയെത്തി. അവിടെയും ഇതുപോലെ കാഴ്ചകൾ  ധാരാളമാണല്ലോ. ഞാനോർ‍ത്തു ഒരു തയ്യാറെടുപ്പും കൂടാതെയാണല്ലോ ഇയാൾ ടാക്സിയുമായി ഇറങ്ങിയിരിക്കുന്നത്. കാറിൽ ‍ പെട്രോൾ ഒഴിച്ച ശേഷം ഒരു കാനിൽ ‍ പെട്രോൾ റിസ്സർവു ആയി പുറകിലെ ട്രങ്കില്‍ വച്ചു. ആവു - ആശ്വാസം വഴിയിൽ പെട്രോളില്ലാതെ നിന്ന് പോവില്ലല്ലോ. എന്നാൽ ‍ പിന്നെയാണ് പെട്രോള്‍ വാങ്ങി വച്ചതിന്റെ പൊരുൾ മനസ്സിലായത്‌. അവിടെ നിന്നും ഹൈവേ എടുത്തിട്ടാണ് ഞങ്ങൾ‍ക്ക് ഹോട്ടലിൽ ‍ എത്തേണ്ടത് എന്നറിയാമായിരുന്നു.  എന്നാൽ അയാൾ ഹൈ വേയിൽ ‍ കയറാതെ വണ്ടി മറ്റേതൊക്കെയോ  വഴികളിലുടെ ഓടിക്കാൻ ‍ തുടങ്ങി. ഞങ്ങൾ‍ക്ക് സംശയമായി. എന്റെ സുഹൃത്ത് അറിയാവുന്ന സ്പാനിഷിൽ ‍ എന്തോ ചോദിച്ചു. അയാൾ ‍ ഒന്ന് തിരിഞ്ഞു  നോക്കയതല്ലാതെ ഒന്നും മിണ്ടിയില്ല. പിന്നെ ഞങ്ങളും ഒന്നും മിണ്ടിയില്ല.

പെട്ടെന്നൊരിടത്തു കാറ് നിറുത്തി. അവിടെ മറ്റൊരു കാർ ‍ കി ടപ്പുണ്ടായിരുന്നു. ഞങ്ങളുടെ ഡ്രൈവർ ‍ പുറത്തിറങ്ങി ട്രങ്ക് തുറന്നു കാനിലെ പെട്രോൾ എടുത്തു ചത്തു കിടന്ന വണ്ടിയുടെ ഡ്രൈവർ ‍ക്ക് കൊടുത്തു. അവർ പരസ്പരം സംസാരിച്ചതെയില്ല. ഞങ്ങളുടെ ഡ്രൈവര്‍ തിരച്ചു വന്നു കാറിൽ  കയറി വണ്ടി ഓടിക്കാൻ തുടങ്ങി.

ഇന്ന്, തലസ്ഥാനമായ മെക്സിക്കോ സിറ്റി ഒൻപതു മില്യൺ ‍ ജനസംഖ്യയുള്ള നഗരമാണ്. അമരിക്ക ഭൂഖണ്ഡത്തിൽ ഏറ്റവും  ജനബാഹുല്യമുള്ള നഗരം. അതുപോലെ തന്നെ സാധാരണക്കാരന് ഒട്ടും സുരക്ഷിതത്വം ഇല്ലാത്ത സ്ഥലം. രാജ്യത്തിന്റെ സാംസ്കാരികവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ കേന്ദ്ര സ്ഥാനമാണ് മെക്സിക്കോ സിറ്റി.

സമുദ്ര നിരപ്പിൽ ‍ നിന്നും 2250 മീറ്റർ ഉയരത്തിൽ ‍ വാലി ഓഫ് മെക്സിക്കോ
(Vally of Mexico) യിലാണ് നഗരം സ്ഥിതി ചെയ്യുന്നത് . മെക്സിക്കോ സിറ്റി 1325 -ൽ ‍ ആസ്ടെക് സാമ്പ്രാജ്യത്തിന്റെ തലസ്ഥാനമായി ലേക്ക് ടെക്സ്കൊക്കോ (Lake Texcoco ) എന്ന തടാകത്തിലെ ഒരു ദ്വീപിൽ ആണ് നിർ‍മിക്കപ്പെട്ടത്. അന്ന് അതിന്റെ പേര് ടെനോചിറ്റ്ലാൻ (Tenochtitlan) എന്നായിരുന്നു. സ്പാനിഷ്‌ അധിനിവേശ കാലത്ത് നഗരം പൂര്‍ണമായി നശിപ്പിക്കപ്പെടുകയും പിന്നീട് സ്പാനിഷ്‌ രീതിയിൽ ‍ വീണ്ടും പുനർനിർമിക്കപ്പെടുകയും ചെയ്തു. 1524 -ൽ ‍ മുനിസിപ്പാലിറ്റി ഓഫ് മെക്സിക്കോ (Municipality of Mexico) സ്ഥാപിതമാവുകയും അത് സ്പാനിഷ്‌ കോളനിയുടെ സാമ്പത്തിക, ഭരണ സിരാകേന്ദ്രമാവുകയും ചെയ്തു. ഈ സിറ്റിയുടെ പ്രത്യേകത ചരിത്രത്തിന്റെ ഭാഗമായതൊന്നും നശിപ്പിച്ചു കളയാതെയാണ് പുതിയ നിർ‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയത് എന്നതാണ്.

ഏകദേശം 45 മിനിട്ടുകൾ‍ക്ക് ശേഷം കാർ ‍ ഹോട്ടലിൽ എത്തി. ഇവിടെയാണ്‌
ഞങ്ങളുടെ ടീമിലെ മറ്റു മെക്സിക്കോക്കാർ ‍ താമസിക്കുന്നത്. ഞങ്ങൾ‍ക്ക്
ഹോട്ടൽ ‍ ഇഷ്ട്ടപ്പെട്ടതേയില്ല. എന്നാൽ ‍ ഭാഷയുടെ പ്രശ്നങ്ങൾ ‍ കാരണം  അവിടെ അവരോടൊപ്പം കഴിയാൻ ‍ തീരുമാനിച്ചു. അവർ‍ക്ക് പരിചയത്തിലുള്ള ഹോട്ടലാണത്രേ. ഈ ഹോട്ടലും എനിക്ക്  മറക്കാനാവാത്തതാണ്; ഇനി പറയാൻ പോകുന്ന കാരണം കൊണ്ട്.

വളരെ സൗകര്യങ്ങളുള്ള ഹോട്ടലായിരുന്നിട്ടു കൂടി ഇംഗ്ലീഷ് പറയുന്നവർ  കുറവായിരുന്നു. ഒരു ദിവസം വൈകുന്നേരം ഒൻ‍പതാമത്തെ നിലയിലുള്ള ഫിറ്റ്നെസ് സെന്ററിൽ നിന്നും കുടിക്കുവാൻ വെള്ളമെടുക്കാൻ ‍ ഞാൻ ‍ പോയി. അവിടെ വെള്ളമില്ലായിരുന്നു. താഴെ വന്നു റോഡിലിറങ്ങി ബോട്ടിൽ ‍ വെള്ളം വാങ്ങാം എന്ന് കരുതി ഞാൻ ‍ ലിഫ്റ്റിൽ കയറി. എന്റെ നിർ‍ഭാഗ്യം എന്ന് പറയട്ടെ, അത് പകുതി വച്ച് നിന്ന് പോയി.ഞാൻ ഫോൺ എടുത്തിരുന്നില്ല. ചെറുതായൊന്നു അമ്പരന്നു. ലിഫ്റ്റിനുള്ളിലെ അലാറം അമർത്തി നോക്കി. ഈ അലാറം ഫ്രന്റ് ടെസ്ക്കിൽ കേൾക്കുമന്നും ആരെങ്കിലും സഹായത്തിനെത്തുമെന്നും കരുതി. എന്നാൽ ഏകദേശം അൻപത്തഞ്ചു മിനിട്ടോളം ഒന്നും സംഭവിച്ചില്ല. ഒരു ചെറിയ ലിഫ്റ്റ്‌ ആയിരുന്നു അത്, നാലുപേർക്ക് മാത്രം കയറാവുന്നത്. എനിക്ക് ഒരു തരം ഏകാന്തതയും ഭയവും തോന്നാൻ ‍ തുടങ്ങി. ഞാൻ തറയിൽ ‍ ഇരുന്നു. ഇടയ്ക്കു എണീറ്റ്‌ അലാറം അമർ‍ത്തി.

പെട്ടെന്നൊരു ശബ്ദം ലിഫ്റ്റിലുള്ള സ്പീക്കറിലുടെ, " ഐ സീ യു സർ ‍ - ഐ ആം ട്രയ്യിംഗ് ടു ഹെല്പ് യു " . ഫ്രന്റ്‌ ടെസ്ക്കില്‍ ഇരുന്നയാളിന്റെ ശബ്ദമാണ്. അയാൾക്ക് എന്നെ കാണന്നുണ്ടത്രേ. പിന്നെയെനിക്ക്‌ മനസ്സിലായി കഴിഞ്ഞ കുറെ സമയമായി  അയാളെന്നെ കാണുന്നുണ്ടായിരുന്നു. എന്നാൽ എന്റെ അലാറത്തിന് ഏതെങ്കിലും ഒന്നിനു പോലും അയാള്‍ പ്രതികരിച്ചില്ല. അയാൾ ‍ ലിഫ്റ്റ്‌ താഴെയിറക്കാൻ ശ്രമിക്കുന്നു. പക്ഷെ കഴിയുന്നില്ല. വളരെ പ്രയാസ്സപ്പെട്ടു ലിഫ്റ്റ്‌ കുറച്ചൊന്നു തുറന്നു. ഇപ്പോൾ ‍ എനിക്ക് അയാളെ കാണാം. മൂന്നാം നിലക്കും രണ്ടാം നിലക്കും ഇടയിലായാണ് ലിഫ്റ്റ്‌ നിന്നുപോയത്. അയാൾ‍ക്ക്‌ പറ്റുന്നില്ലെങ്കിൽ ‍ എമർജൻസി ഹെൽപ്പിനെ വിളിക്കാൻ അൽപ്പം മാത്രം തുറന്ന ലിഫ്റ്റ് വാതിലിൽ ചേർന്ന് നിന്ന് അയാളെനോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. വിളിച്ചു കഴിഞ്ഞെന്നു അയാൾ‍. എപ്പോ എത്തും എന്ന ചോദ്യത്തിന്, ഒരു പിടിയുമില്ല എന്ന തണുപ്പന്‍ പ്രതികരണമാണ് എനിക്ക് കിട്ടിയത്.

കുറച്ചു കഴിഞ്ഞു എന്റെ കൂടെ ജോലിചെയ്യുന്ന ഒരു മെക്സിക്കൻ സഹപ്രവർ‍ത്തകനെ റൂമിൽ ‍ നിന്നും വിളിക്കാൻ ‍ ഞാൻ ‍ പറഞ്ഞു. അയാള്‍ താഴെ വന്നു. ഞാൻ ‍ നടന്ന വിവരം പറഞ്ഞു, എന്നെ പുറത്തിറക്കാൻ
വേണ്ടത് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ ‍ അയാളിലെ തണുപ്പൻ
പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. ഹോട്ടൽ ജീവനക്കാരൻ ‍ ൽ‍പ്പിനു ശ്രമിക്കുന്നുണ്ടെന്നും അത് വരുന്ന വരെ ഞാൻ ‍ കാത്തിരിക്കണമെന്നും പറഞ്ഞു എന്റെ സഹ പ്രവർ‍ത്തകൻ ‍ സ്വന്തം മുറിയിലേക്ക് പോയി.

ഏതായാലും പുറത്തു നിന്ന് ആരും വന്നില്ല. എന്നാൽ അൽ‍പ്പ സമയത്തിന് ശേഷം  അയാൾ‍ക്ക്‌ ലിഫ്റ്റ്‌ താഴെ എത്തിക്കാൻ ‍ കഴിഞ്ഞു, ഞാൻ ‍ ലിഫ്റിനുള്ളിൽ ‍ നിന്നും പുറത്തു വന്നു. പിന്നെ അന്ന് രാത്രി ഞങ്ങൾ ‍ അത്താഴത്തിനു പോയപ്പോൾ ‍ ഞാൻ ഒന്നു കൂടി പ്രശ്നം അവതരിപ്പിച്ചെങ്കിലും എനിക്ക് മനസ്സിലായത്‌ മെക്സിക്കോയിൽ ലിഫ്റ്റ്‌ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ ‍ വല്ലപ്പോഴുമൊക്കെ നിന്നുപോകുന്ന ലിഫ്റ്റിൽ ‍ ക്ഷമയോടിരിക്കാനും ശീലിക്കണമെന്നാണ്. ഏതായാലും അടുത്ത ദിവസ്സം
തന്നെ ആ ഹോട്ടലിൽ ഒഴിഞ്ഞു. മറ്റൊരിടത്തേക്ക് ഞങ്ങൾ താമസം മാറി.

പൊതുവേ ആളുകൾ ‍'ഈസി ഗോയിംഗ്' ആണ്. അവർക്ക് കൂടുതൽ ‍ സമ്മർദ്ദം എടുക്കുന്നതിഷ്ട്ടമല്ല. ഞങ്ങളുടെ ഒരു ദിവസം എഴുതുന്നത്‌  വായനക്കാർക്ക് അവരുടെ ലൈഫ് സ്റ്റൈല്‍ മനസ്സിലാക്കാൻ സഹായകമാവും.  സമയം അത്രയ്ക്ക് അവർ ‍ കാര്യമാക്കാറില്ല. നമ്മൾ 'ഇന്ത്യൻ ‍ സ്റ്റാൻഡേർഡ് സമയം' എന്നൊക്കെ പറയുന്ന ഒരു രീതിയാണവിടെ.
രാവിലെ എട്ടര മണിക്ക് ഞങ്ങൾ പ്രഭാത ഭക്ഷണത്തിനിറങ്ങും. ബ്രേക്ക്‌ ഫാസ്റ്റ്
വളരെ പ്രധാനമാണ്. അത് കഴിഞ്ഞു ടാക്സിയിൽ ‍ ഓഫീസിൽ എത്തുമ്പോൾ ‍ മണി പത്തുകഴിഞ്ഞിരിക്കും. ആളുകൾ വന്നു തുടങ്ങുന്നതെ ഉണ്ടാവു. നേരത്തെ വന്നു ജോലി ചെയ്യാമെന്ന് വിചാരിച്ചാൽ ‍ ഒരു പക്ഷെ നമ്മൾ
ഒറ്റപ്പെടും. ഉച്ചക്ക് ഒരൊന്നര മണിയാവുമ്പോൾ ലഞ്ചിനു പോകും. സാധാരണ
ഗതിയിൽ ‍ ഒരു നാല് മണിയാവുമ്പോൾ ‍ തിരിച്ചെത്തും. ക്രെഡിറ്റ്‌ കാർ‍ഡ്‌
പ്രോസിസ്സിംഗ് പലപ്പോഴും അവർ‍ക്കൊരു ഭാരമാണെന്ന് തോന്നിയിട്ടുണ്ട്.
ലഞ്ച് കുശാലാണ്. അത് സമയമെടുത്ത്‌ തികച്ചും ആസ്വദിച്ചു തന്നെ കഴിക്കണം.

പൊതുവെ നാരങ്ങാ പ്രിയരാണവർ. എന്തിലും നാരങ്ങ നീരോഴിക്കും. ഒരു ബിയർ ‍ വാങ്ങിയാൽ ആദ്യം കാൽ കപ്പ്‌ നാരങ്ങ നീര് ഗ്ലാസിലൊഴിക്കും. അതിനുശേഷം ബിയർ ഒഴിക്കും. ബിയറിൽ ‍ നാരങ്ങ നീരോഴിക്കുന്നതെന്തിനാണ് എന്ന് ചോദിച്ചപ്പോൾ ഒരാൾ ‍ പറഞ്ഞത് ഒരിക്കൽ ‍ ഒരു ഫുട് ബോൾ ‍(ഫുട് ബോൾ പ്രേമികളാണല്ലോ മെക്സിക്കോക്കാർ‍ ) മത്സര ത്തിനിടക്ക് കൊറോണ ബിയറിന്റെ പരസ്യത്തിൽ ‍ ഇങ്ങിനെ നരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച ശേഷം ബിയർ കുടിക്കുന്ന ഒരു രീതി കാണിച്ചു വെന്നും പിന്നെ അത് ആളുകൾ ‍ ശീലമാക്കി എന്നുമാണ്. ഒരു ഫുട്ബോൾ  മത്സരം നടക്കുമ്പോഴാണ് ഞങ്ങൾ കഴിക്കാൻ കയറുന്നതെങ്കിൽ മത്സരം തീരുന്നത്
വരെയാണ് ലഞ്ചു ബ്രേക്ക്. വലിയ ടീവികൾക്ക് മുന്നിലിരുന്നു ബിയറും കുടിച്ചു മത്സരം കാണുന്നത് അവർ‍ക്കൊരു ഹരമാണ്.






ഇനി കുറച്ചു ചരിത്രവും രാഷ്ട്രീയവും .
പിൽക്കാലത്ത് വന്ന ആസ്ടെക് സാമ്പ്രാജ്യത്തിനു മുമ്പ് മായന്‍, ഓൾ‍മേക്സ് ,
ടോൾ ടെക്സ് എന്നീ സംസ്കാരങ്ങൾ മെക്സിക്കോയിൽ ‍ നിലനിന്നിരുന്നു. ഹെർനാണ്ടോ കോർട്ടസ് (Hernando Cortes) എന്ന സ്പാനിഷ് അധിനിവേശത്തലവന്റെ (1519 -1521) കാലത്താണ് ആസ്ടെക്കുകളെ കീഴ്‌പ്പെടുത്തുന്നത്. പിന്നീടു മൂന്നു നൂറ്റാണ്ട് മെക്സിക്കോ സ്പാനിഷ്‌ ഭരണത്തിലായിരുന്നു . 1821 -ലാണ് സ്വാതന്ത്ര്യം കിട്ടുന്നത്‌. പിന്നെയൊരൻപതു  വർഷക്കാലം ഏകാധിപതിമാരുടെയും ചക്രവർത്തിമാരുടെയും ഭരണമായിരുന്നു. 1836 -ലെ യുദ്ധത്തിൽ ഇന്നത്തെ ടെക്സാസ് അമേരിക്കയുടെ ഭാഗമായി. പിന്നീടു പത്തു വർഷം കഴിഞ്ഞു നടന്ന യുദ്ധത്തിൽ കാലിഫോർണിയ, നെവാട , യൂട്ട (utah), ന്യൂ മെക്സിക്കൊയുടെയും കൊളറാഡോയുടെയും മിക്കവാറും ഭാഗങ്ങൾ എന്നിവ അമേരിക്കയുടെ അധീനതയിലായി.

പിന്നീടു ആദിമ ഇന്ത്യൻ ദേശസ്നേഹിയായ ബെനീറ്റോ ജുവരെസ് (Benito Juárez )
അധികാരത്തിൽ ‍ വരുകയും കാത്തോലിക്കാ ചർ‍ച്ചിന്റെ അധികാരത്തിൽ
നിന്നും രാജ്യത്തെ വിമോചിപ്പിക്കുവാൻ ശ്രമങ്ങൾ ‍ നടത്തുകയും ചെയ്തു.
തുടർന്നുണ്ടായ ആഭ്യന്തരകലാപത്തിൽ ‍ ഫ്രഞ്ച്കാർ അധികാരം ഏറ്റെടുത്തൂ.
1867 -ലെ സായുധ വിപ്ലവത്തിലുടെ വീണ്ടും ബെനീറ്റോ ജുവരെസ് പ്രസിഡന്റായി.

പിന്നീടുള്ള കുറെക്കാ ലം രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ കാലമായിരുന്നെങ്കിലും 1920 മുതൽ ‍ രാഷ്ട്രീയപരമായും സാമുഹ്യപരമായും കാർഷികമായും  മെക്സിക്കോ മുന്നേറുവാൻ തുടങ്ങി. പിന്നീടു ചുരുക്കിപ്പറഞ്ഞാൽ ‍ ഇരുപതാം നൂറ്റാണ്ടു മുഴുവൻ ‍ മെക്സിക്കോയെ നിയന്ത്രിച്ചത് പില്‍ക്കാലത്ത് ഇന്സ്ടിട്യൂഷണൽ ‍ റവല്യൂഷണറി പാർട്ടി ( IRP )
എന്നറിയപ്പെട്ട രാഷ്ട്രീയ നേതൃത്വം ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തെ തുടർ‍ന്ന് മെക്സിക്കോ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമാക്കുകയും 70-കളുടെ മധ്യത്തിൽ ‍ മെക്സിക്കോ പ്രധാന പെട്രോളിയം ഉല്പാദകരായി മാറു കയും ചെയ്തു . 1994 -ൽ ‍ അമേരിക്കക്കും കാനഡക്കുമൊപ്പം മെക്സിക്കോ നോർ‍ത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രിമെന്റിൽ (NAFTA ) അംഗമായി. (പുതിയ അമേരിക്കൻ പ്രസഡന്റ് ട്രംപിന് മെക്സിക്കോയും കാനഡയുമായുള്ള വ്യാപാരത്തിന് NAFTA യല്ലാതെ പുതിയ കരാർ വേണമെന്നാണ് എന്നറിയാവുന്നതാണല്ലോ ). പിന്നീട് 1996-ൽ ‍ വേൾഡ് ട്രേഡ്  ഓർഗനൈസഷനിൽ (WTO ) സ്ഥാപക അംഗമായി. രണ്ടായിരത്തിലെ
പ്രസിഡൻഷ്യൽ ‍ ഇലക്ഷനിൽ ‍ IRP പരാജയപ്പെട്ടു, ആദ്യമായി,
71 വർഷങ്ങൾക്കു ശേഷം. കഴിഞ്ഞ പത്തുവർ‍ഷമായി രാജ്യം നേരിടുന്ന ഏറ്റവും വല്യ ആഭ്യന്തര പ്രശ്നം മയക്കുമരുന്ന് കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട അക്രമങ്ങളുമാണ്.

മെക്സിക്കോക്ക് വടക്ക് യു, എസ്. എ അതിരിട്ടു കിടക്കുന്നു, തെക്കുകിഴക്കായി
ബെലീസും ( belize ) ഗ്വാട്ടിമാലയും ( guatemala ).

മെക്സിക്കോ സിറ്റിയിൽ ‍ കാണേണ്ടത് എന്തൊക്കെയാണ് എന്നൊരു
ധാരണയുണ്ടാക്കിയ ശേഷം ഒരു വാരാന്ത്യത്തിൽ ‍ ടൂർ ‍ പോകാൻ ഞങ്ങൾ ‍ തീരുമാനിച്ചു.ഏറ്റവും പ്രധാനം സിറ്റിയിൽ ‍ നിന്നും കുറച്ചു അകലെയായുള്ള
ആസ്ടെക് പിരമിഡുകൾ ‍ തന്നെ, കൂടാതെ മറ്റു ചിലതും. അതിന്റെ വിശേഷങ്ങൾ ‍ അടുത്തയാഴ്ച..



Mathrubhumi Yathra || തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം അഞ്ച്‌, mexico city

Tuesday, March 1, 2011

തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ - 4, റിയോ ഡി ജെനീറോയിൽ ‍ ഒരു ഒഴിവുകാലത്ത് - 2


ഞങ്ങൾ ‍ ഉച്ചഭക്ഷണം കഴിച്ചശേഷം നേരെ പോയത് കോർകൊവാടോ (corcovado) പർ‍വതത്തിനു മുകളിലേക്കുള്ള ട്രെയിൻ സ്റ്റേഷനീലേക്കാണ്. ലക്‌ഷ്യം കോർകൊവാടോ മലമുകളിലെ ദൈവത്തെ കാണുക എന്നതു തന്നെ.  ടിജുകാ (Tijuca) മഴക്കാടുകളിലുടെ ട്രെയിനിൽ ‍ സഞ്ചരിച്ച ശേഷമാണു അവിടെയെത്തുക. ഏകദേശം 2250 അടി ഉയരത്തിലാണ്, 130 അടിയോളം ഉയരവും 700 -ഓളം ടൺ ഭാരവുമുള്ള Christ The Redeemer എന്ന് പേരുള്ള ക്രിസ്തുവിന്റെ പ്രതിമ.  ഒൻപതു വർഷമെടുത്ത് ഒരു ഫ്രഞ്ച് ശിൽപ്പിയാണ് ഈ പ്രതിമ നിര്‍മ്മിച്ചത്. 1931 -ൽ പണി പൂർ‍ത്തിയായി. കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള ബ്രസീലിൽ  അവരുടെ പണം ശേഖരിച്ചാണ് ഇത് പണിഞ്ഞിട്ടുള്ളത്.



ഞങ്ങൾ ട്രെയിന്‍ സ്റ്റേഷനിൽ ‍ എത്തി, നല്ല തിരക്കാണ്. പുതിയ ഏഴു അത്ഭുതങ്ങളിൽ ഒന്നാണെന്ന് വായിച്ചിട്ടുണ്ട്. എന്തായാലും റിയോയിൽ എത്തുന്ന സഞ്ചാരികൾ  ഇവിടം കാണാതെ പോവില്ല. ഒന്നുകിൽ ‍ മലയടി വാരത്ത് നിന്നും ഒരഞ്ച്‌ മൈൽ  ‍ മുകളിലേക്ക് നടക്കുക.അല്ലെങ്കില്‍ ട്രെയിനിൽ ‍ പോവുക. ട്രെയിനിൽ ‍ 15 മിനിറ്റ്,  രണ്ടു മൈലോളം  ദൂരമുണ്ടാവും. കാടിനുള്ളിലൂടെ രസകരമായ യാത്ര.

ഞങ്ങൾ ട്രെയിനിൽ ‍ നിന്നും പുറത്തിറങ്ങി പ്രതിമയുടെ ചുവട്ടിലെക്കുള്ള
പടികൾ ‍ കയറി. ഇരുനൂറു പടികളുണ്ടെന്നാണ് ഗൈഡ് പറഞ്ഞത്. വേണമെങ്കിൽ ‍ പടികൾ ‍ ചവുട്ടി കയറാതെ ലിഫ്റ്റ്‌ കയറിയും മുകളിൽ ‍ എത്താം. ഇത്രയും ഉയരത്തിൽ നിന്ന് ആ കൂറ്റൻ ‍ പ്രതിമ  കാ ണുമ്പോൾ  അതിന്റെ സാന്നിധ്യം ഒരിക്കലും മറക്കാനാവാത്ത അനുഭവമാവുന്നു.





അനന്തമായ ആകാശത്തിലേക്ക് ഉയർന്നു ഇരുവശങ്ങളിലേക്കും കൈകൾ ‍ നീട്ടി നിൽക്കുന്ന ക്രിസ്‌തു ഈ മഹാ നഗരത്തിന്റെ കാവൽക്കാരനും രക്ഷകനും ആയാണ് എനിക്കു തോന്നിയത്. ഒരു പക്ഷെ വിശ്വാസികൾക്ക് മറ്റേതെങ്കിലും തരത്തിലുള്ള അനുഭവമാവാം അവിടെ നില്‍ക്കുമ്പോൾ ‍ ഉണ്ടാവുക.  ഒരു ഭാഗത്ത്‌ നിന്നാൽ ‍ റിയോയിലെ പ്രസിദ്ധങ്ങളായ ബീച്ചുകൾ കാണാം; ഞങ്ങൾ‍ താമസിച്ച ഹോട്ടൽ സ്ഥിതി ചെയ്യുന്ന കോപകബാന ബീച്ചുൾപ്പെടെ. മറ്റൊരു കാഴ്ച രാവിലെ ഞങ്ങൾ പോയ ഷുഗർലോഫ് (sugarloaf)പർവതവും പരിസരങ്ങളുമാണ്. ഭൂമിപരമായ അതിരുകൾക്കപ്പുറം യാത്രകൾ ‍ ചെയ്യാനും പ്രകൃതി മനോഹാരിത ആവോളം നുകരാനും മനുഷ്യജന്മത്തിനേ  സാധിക്കൂ എന്ന സത്യം വീണ്ടുമോർത്തു.



അകലേക്കു ചൂണ്ടി ഗൈഡ് പറഞ്ഞു 'അതാണ്‌ 'മരക്കാന' (maracana) സ്റ്റേഡിയം. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞപ്പോൾ ‍ തന്നെ വെളുത്ത പഞ്ഞി മേഘങ്ങൾ ‍ വന്നു മൂടി പ്രതിമയുടെ മുകള്‍ ഭാഗം കാണാന്‍ വയ്യാതെയായി. പക്ഷെ മുകളിലേക്ക് നോക്കുമ്പോൾ, ആകാശങ്ങളിലലിഞ്ഞു നില്‍ക്കുന്ന ക്രിസ്തുവിന്റെ  പ്രതിമ ഭുമിയെ മുകളിൽ ‍ ദൈവരാജ്യവുമായി ബന്ധിപ്പിക്കുന്ന പോലെ തോന്നാം. ഞങ്ങൾ ‍വെറുതെ കറങ്ങി നടന്നു. കണ്ട കാഴ്ചകൾ ‍ തന്നെ വീണ്ടും കണ്ടു. താഴെ പുല്‍ത്തകിടിയിൽ വെറുതെ മലർ‍ന്നു കിടന്നു. 

ഇരുട്ടുന്നതിനു മുന്‍പ് ഹോട്ടലിൽ ‍ തിരിച്ചെത്തി. തൊട്ടടുത്തുള്ള റെസ്റ്റാറെന്റിൽ ‍ കയറി കഴിക്കാൻ തീരുമാനിച്ചു.  വെള്ള മത്സ്യങ്ങൾക്ക് പേര് കേട്ട സ്ഥലമായ കാരണം അത് തന്നെയായിരുന്നു ഞങ്ങൾ കഴിച്ചത്.

രണ്ടാം ദിവസ്സം 




അന്ന് ഞായറാഴ്ച ആയിരുന്നു. അന്നേ ദിവസം ബീച്ച് സ്‌പെഷ്യലായി തീരുമാനിച്ചതായിരുന്നു. ഒന്ന് റിലാക്‌സ് ചെയ്യണം. രാവിലെ എട്ടു മണിയോടെ പ്രഭാതഭക്ഷണം കഴിച്ച്‌ പുറത്തിറങ്ങി.  ആദ്യമായി രണ്ടിന്ത്യക്കാരെ ഭക്ഷനസമയത്ത് കണ്ടു. തമിഴ്  നാട്ടുകാരാണ്‌.  ഞങ്ങളെപ്പോലെ തന്നെ ബീച്ച് പ്രോഗ്രാം ഇട്ടു വന്നവരാണെന്നു തോന്നുന്നു.  താഴെ വന്നു റിസപ്ഷനിൽ ‍ ചോദിച്ചു കാര്യങ്ങൾ ‍മനസ്സിലാക്കി,  കാരണം അധികം ഹോം വർക്ക്‌ ചെയ്യാൻ സമയമുണ്ടായിരുന്നില്ല. മൂന്ന് ലോകപ്രസ്തമായ ബീച്ചുകൾ ‍ കോപകബാന, പനാമ പിന്നെ ലെബ്ലോൻ. ഞങ്ങൾക്ക് കാണേണ്ടത്, പണ്ട് സ്കൂളിൽ ‍ പഠിച്ചതോ, എവിടെയോ വായിച്ചതോ ആയ പ്രശസ്തമായ പനാമ ബീച്ച്. അതിന് ഞങ്ങൾ ‍ താമസിക്കുന്ന കോപകബാനയിൽ ‍ നിന്നും കടലോരത്തുകൂടെ അഞ്ചു മൈൽ ‍ നടക്കണം .അല്ലെങ്കിൽ ‍ ടാക്സി പിടിക്കണം. കൂട്ടുകാർ ‍ പറഞ്ഞിരുന്നതോർമവന്നു. ടാക്സി പിടിക്കാൻ ‍ പണമുണ്ടെങ്കിലും ധൈര്യം പോരാഞ്ഞിട്ട് നടക്കാൻ ‍ തീരുമാനിച്ചു. വളരെ സിമ്പിളായി ഒരു ഷോർട്സും ടി-ഷർട്ടും. പിന്നെ ടൗവൽ ‍ തുടങ്ങിയവ ഒരു ചെറിയ ബാക്ക്പാക്കില്‍ ‍.. വാച്ച് പോലും പോക്കറ്റിലിട്ടു. ഒരു ചെറിയ ക്യാമറയും കരുതി; അത്യാവശ്യത്തിനു ഫോട്ടോ എടുക്കാൻ.

ഞങ്ങൾ ‍ പനാമ ബീച്ച് ലക്ഷ്യമാക്കി നടന്നു തുടങ്ങി. ബീച്ചിൽ റോഡുകൾ ‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച പ്രമാണിച്ച്. ഇപ്പോൾ ‍
തിരക്കായിട്ടില്ല. രാവിലെ ജോഗ്ഗിങ്ങിനു  എത്തുന്നവരാണധികവും. ഓടാനായി പ്രത്യേക വഴിയുണ്ടായിട്ടും, അവർ വഴി തെറ്റിച്ചു റോഡിലൂടെ ഓടുകയാണ്..ചിലർ ‍ നടക്കുന്നു. മറ്റുചിലരാകട്ടെ  കുടുംബത്തോടെയാണ്...കൊച്ചുകുട്ടികൾ ‍ വരെയുണ്ട്.





 

എയർ കണ്ടീഷൻ ചെയ്തു വച്ചപോലത്തെ കാലാവസ്ഥ. ഒരു വശത്ത്  ബീച്ചും എതിർ ‍ വശത്ത് മലകളും. അവയുടെ താഴ്വാരത്തിൽ ‍ സഞ്ചരിക്കൾക്കായി ഹോട്ടലുകളും ഫ്ലാറ്റുകളും. ബീച്ചിലെ ചില ഭാഗങ്ങൾ കണ്ടാൽ ‍ കേരളമെന്നെ തോന്നു..തെങ്ങുകൾ ‍...ബദാം മരങ്ങൾ ‍..ഞങ്ങൾ ഒരു കടയിൽ ‍ കയറി ഇളനീര്‍ കുടിച്ചു. നാടിന്റെ ഓർമ്മ പുതുക്കാൻ കൂടി തന്നെ. കുറച്ചു നേരം ബീച്ചിൽ ‍ ഒരു തെങ്ങിനു ‍ ചുവട്ടിൽ ‍ കിടന്നു വിശ്രമിച്ച ശേഷം വീണ്ടും നടന്നു തുടങ്ങി..



പനാമ ബീച്ചിലെത്തിയപ്പോൾ ‍ ഏകദേശം പത്തര ആയിക്കാണും.  ബീച്ച് സജീവമാകാൻ ‍ തുടങ്ങിയിരിക്കുന്നു. ആൾക്കാർ ‍ ഒറ്റയായും, ഇണയോടോപ്പവും, കുടുംബത്തോടൊപ്പവും, പിന്നെ ആണും പെണ്ണും ചേർന്ന  ഗ്രൂപ്പുകളായും എത്തികൊണ്ടിരിക്കുന്നു. ചിലർ കൂട്ടത്തോടെ ബീച്ചിലെ ഓപ്പൺ ഷവറുകളിൽ ‍ കുളിക്കുന്നു. ചിലർ വർണ്ണക്കുടകൾക്കു താഴെ ഭക്ഷണം കഴിക്കുന്നു. മറ്റു ചിലർ ‍ അവരുടെ മ്യൂസിക്‌ ഉപകരണങ്ങൾ വച്ച് പാടുന്നു. ഡാൻസ് ചെയ്യുന്നു. കൂട്ടത്തിൽ ‍ ബ്രസീല്കാരും വിദേശികളുമുണ്ട്. ഞങ്ങളും  അത്ര വ്യക്തവും കർശനവുമല്ലാത്തതുമായ ഞങ്ങളുടെ  അജണ്ടയുമായി അവിടെ അലഞ്ഞു തിരിഞ്ഞു.




വൈകുന്നേരം മണിയോടെ തിരിച്ചു നടക്കാൻ ‍ തുടങ്ങി. നടക്കുന്നതിനിരു
ഭാഗത്തും കച്ചവടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പലയിടത്തും ‍ കണ്ട, പുഴിമണലിൽ ‍തീർ‍ത്ത ശിൽ‍പ്പങ്ങൾ ‍ ഞങ്ങളിൽ ‍കൗതുകമുണർത്തി.  ഒരിടത്തു  അറിയപ്പെടുന്ന ദൈവങ്ങളായിരുന്നു ശിൽപ്പങ്ങൾ‍ക്ക് വിഷയമെങ്കിൽ മറ്റൊരിടത്ത് കെട്ടിപ്പുണർന്നു കിടക്കുന്ന യുവമിഥുനങ്ങളായിരുന്നു.  ചില സന്ദർശകർ ഈ മണൽ ‍ ശില്പങ്ങൾക്കടുത്തു പല പോസുകളിൽ  ഫോട്ടോകൾ ‍ എടുക്കുന്നു.

ഈ ദൃശ്യങ്ങൾ മനസ്സിൽ ഒരു കഥയ്ക്ക് ബീജാവാപം ചെയ്യുകയും പിന്നീടത്‌ "റിയോ" എന്നാ പേരിൽ ‍ പുറത്തു വരികയും ചെയ്തു.











വൈകുന്നേരമായാൽ ‍ ബീച്ചിന്റെ പരിസരത്ത് ഉള്ള ഓപ്പൺ റെസ്ടാറന്റുകൾ ‍ പാട്ടും ഡാൻസും കൊണ്ട് സജീവമാവുന്നു. നല്ല കാറ്റുമുണ്ട്. ഇഷ്ടം പോലെ കുടിക്കുക...പാടുകയോ പാട്ട് കേൾ‍ക്കുകയോ ചെയ്യുക. നൃത്തം ആടുകയോ
കാണുകയോ ചെയ്യുക. എല്ലാത്തിലും കുറച്ചൊക്കെ പങ്കെടുത്ത ശേഷം രാത്രി പത്തുമണിയോടെ ഒരു നല്ല റെസ്റ്ററന്റ് തേടി നടക്കാൻ തുടങ്ങി.

ബ്രസീലിനെ കുറുച്ചുള്ള വിവരണം അവസാനിക്കുമ്പോൾ വായനക്കാരുടെ
അറിവിലേക്കായി ചില കാര്യങ്ങൾ ‍ കൂടി ചേർ‍ക്കട്ടെ. സ്കൂളിൽ ‍ മാത്രം
കേട്ട ചരിത്ര പാഠങ്ങൾക്ക് കണ്ടറിയലിന്റെയും വായിച്ചറിയലിന്റെതുമായ
ഒരനുബന്ധം. 

ഇന്ത്യക്ക് പ്രത്യേകിച്ച് കേരളത്തിനു ‌ കോളനി ഭരണത്തിന്റെ നാളുകൾ തൊട്ടേ ബ്രസീലുമായി ബന്ധമുണ്ട്. 1497 ജൂലൈ എട്ടിനാണ്  പോർ‍ച്ചുഗീസ് സഞ്ചാരിയായ വാസ്കോഡഗാമ എന്ന നാവികന്റെ നേത്രുത്വത്തിൽ ‍ ഒരു സംഘം പോർ‍ച്ചുഗീസുകാർ സുഗന്ധദ്രവ്യങ്ങളുടെ നാടായ ഭാരതത്തിലേക്ക് നാലു കപ്പലുകളിലായി പോർ ച്ചുഗലിന്റെ  തലസ്ഥാനമായ ലിസ്ബൺ നഗരത്തിൽ നിന്നും പുറപ്പെടുന്നത്.  അവർ ‍ ആഫ്രിക്കയുടെ തെക്കേ മുനമ്പായ Cape of Good Hope ചുറ്റി 1498 മെയ്‌ 20 നു കോഴിക്കൊട്ടെത്തുന്നു.
അപരിചിതരെപ്പോലും അവരുടെ ലക്ഷ്യങ്ങൾ ‍ മനസ്സിലാക്കാതെ
സ്വീകരിച്ചിരുത്തുന്ന പതിവ് അവിടെയും തെറ്റിയില്ല. കോഴിക്കോട് സാമൂതിരി വാസ്കോഡഗാമയെയും സംഘത്തെയും സ്വീകരിച്ചു. കൊണ്ടുപോകാൻ ‍ പറ്റുന്നത്ര സുഗന്ധദ്രവ്യങ്ങളുമായി കുറച്ചുകാലം കഴിഞ്ഞവർ തിരിച്ചു പോയി. 1499 സെപ്റ്റംബറിൽ ‍ പോര്‍ച്ചുഗലിൽ ‍ എത്തി. 

അതിനു പിറകെയാണ് പെഡ്രോ അൽവാരെസ് കബ്രാൽ (Pedro Alvares Cabral)എന്നയാളെ വീണ്ടും ഇന്ത്യയിലേക്ക്‌ വിടുന്നത്. എന്നാൽ അദ്ദേഹത്തിന് വഴിതെറ്റി. എത്തിയതോ ബ്രസീലിൽ‍. 1500 -ൽ ആയിരുന്നു ഇത്. പിൽക്കാലത്ത്‌ ബ്രസീലും ഇന്ത്യയും കോളനികളായി. പോർച്ചുഗീസ് ആസ്ഥാനമായ ഗോവയിലേക്കുള്ള യാത്രക്കിടയിലെ ഇടത്താവളമായി ബ്രസീൽ‍.  ഒത്തിരി കാർ‍ഷിക വിഭവങ്ങൾ ‍ നമ്മുടെ സുഗന്ധദ്രവ്യങ്ങൾക്ക് പകരം കിട്ടിയിട്ടുണ്ട്. മറ്റൊന്ന്, ഇന്ന് ബ്രസ്സീലിൽ ‍ കാണുന്ന കന്നുകാലികൾ ‍ മിക്കതും ഇന്ത്യൻ ഒറിജിൻ ആണത്രേ.

സ്വാതന്ത്ര്യം കിട്ടിയ ശേഷം ഗോവയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ
( നെഹ്രുവിന്റെ കാലത്ത് ) ബ്രസീൽ പോർച്ചുഗലിനെ അനുകൂലിച്ചു. ഇന്ത്യ അന്തർദേശീയ നിയമങ്ങൾ ലംഘിക്കുന്നു എന്നതായിരുന്നു അവരുടെ
പരാതി. ഒന്നെനിക്ക് മനസ്സിലായത്‌ ബ്രസീൽ ‍ അതിന്റെ കോളനി പാരമ്പര്യത്തിൽ ‍അത്യധികം അഭിമാനം കൊള്ളുന്നു എന്നതാണ്. ഏതായാലും പിന്നീട് ബ്രസിലുമായുള്ള ബന്ധങ്ങൾ മെച്ചപ്പെട്ടു. പ്രസിഡന്റ്‌ കെ. ആർ‍. നാരായണന്റെ കാലത്ത് അവിടെ ഒരു ഇന്ത്യൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. അവർക്ക് ഏറ്റവും അറിയാവുന്ന ഇന്ത്യന്‍ നേതാവ് മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തിന്റെ ഒരു പ്രതിമ റിയോ ഡി ജെനെറോയിൽ ‍ ഉണ്ടത്രേ. Filhos de Gandhi (Sons of Gandhi) എന്ന ഒരു ഗ്രൂപ്പും അവിടെയുണ്ട്, അവർ കാര്‍ണിവലിൽ സ്ഥിരമായി പങ്കെടുക്കും എന്നും വായിച്ചു.

ഇന്ത്യക്കാർ ‍ അധികം ഇവിടെയില്ല, ഞാൻ ‍ കേട്ടത് രണ്ടായിരത്തിൽ ‍
താഴെയേ വരൂ എന്നാണ്. എന്തായാലും ഇസ്കോൺ ( ISKON), സത്യസായി ബാബ, മഹാറിഷി മഹേഷ്‌ യോഗി, രാമകൃഷ്ണ മിഷൻ ‍ തുടങ്ങിയ ഹിന്ദു ആത്മീയ പ്രസ്ഥാനങ്ങൾക്ക്‌ ബ്രസീലിൽ ‍ സാന്നിധ്യമുണ്ട്. ബ്രസീലിൽ മാത്രമല്ല തെക്കേ അമേരിക്കയിൽ ‍ ഒത്തിരി രാജ്യങ്ങളിൽ ഇത്തരം ഹിന്ദു പ്രസ്ഥാനങ്ങൾ ‍ പ്രവര്‍ത്തിക്കുന്നുണ്ട്. പെറുവിലെ ആദ്യദിവസം എന്നെ ഓഫീസിൽ കൂട്ടികൊണ്ട് പോകാനായി എത്തിയ ആഫ്രിക്കൻ ‍ വംശജനായ സുഹൃത്തിന്റെ കഴുത്തിൽ പ്രകടമായി തൂങ്ങി കിടന്ന മാലയിലെ 'ഓം' -ലോക്കറ്റിന്റെ വലിപ്പം എന്നെ തെല്ലൊന്നു ഞെട്ടിപ്പിച്ചിരുന്നു. അയാളുടെ ഭാര്യ സത്യസായി ബാബയുടെ ശിഷ്യയാനെന്നും  അവർ ഇന്ത്യയിൽ ‍ വരാറുണ്ടെന്നും അവിടെ മനോഹരമായ ഒരു സ്ഥലത്ത്  വച്ച് 'ലേഡി ഗോഡ്' നെ കണ്ടിരുന്നുവെന്നും എന്നോട് പറഞ്ഞു. ആ മനോഹരമായ സ്ഥലം എന്റെ കേരളമാണെന്നും ലേഡി ഗോഡ് ഞങ്ങളിൽ ചിലരുടെ ഗോഡ് മദർ
(മാതാ അമൃതാനന്ദമയി)‍ ആണെന്നും പറഞ്ഞപ്പോൾ ‍ എനിക്ക് അഭിമാനം
തോന്നിഎന്നതു സത്യം.


തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം നാല്‌, Destination, Anilal

Monday, February 21, 2011

തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - 3 റിയോ ഡി ജനീറോയിൽ ഒരു ഒഴിവുകാലത്ത് - 1


മുൻപ് പറഞ്ഞപോലെ, ബ്രസീൽ ‍ സന്ദർ‍ശിക്കുമ്പോൾ കാണാൻ ‍ പ്ലാൻ  ചെയ്തിരുന്ന ഒരേയൊരു സ്ഥലം റിയോ ആയിരുന്നു. അതിനു കാരണമുണ്ട്.  ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരം, ഏകദേശം രണ്ടു നൂറ്റാണ്ടുകളോളം, പോർച്ചുഗീസ് കോളനിയായിരുന്ന കാലത്ത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരം. 2014 -ലെ വേൾഡ് കപ്പ്‌ ഫുട്ബോൾ നടക്കാൻ പോകുന്ന ‍ സ്ഥലം, 2016 -ലെ സമ്മർ ഒളിമ്പിക്സ് അരങ്ങേറുവാൻ ‍ പോവുന്ന സ്ഥലം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട നഗരം. ഇതെക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോ കൊയ്‌ലെയുടെ നാട്. ഒരുപക്ഷെ ഞങ്ങള്‍ ബീച്ചിലൂടെ നടക്കുമ്പോൾ ‍ എതിരെ അദ്ദേഹം നടക്കുന്നുണ്ടാവും എന്നും സാഹിത്യ പ്രേമിയായ എന്റെ ബ്രസീലിയൻ കൂട്ടുകാരൻ പറഞ്ഞു.



സോ പോളോയിൽ ‍ നിന്നും ഏകദേശം 260 മൈലുകൾ ‍ മാറി വടക്ക് കിഴക്കായാണ് റിയോ. എയർ ടിക്കറ്റ്‌ ഇൻറർനെറ്റിൽ നോക്കി ബുക്ക്‌ ചെയ്യാം എന്ന് വിചാരിച്ചാൽ കുഴഞ്ഞു. എല്ലാ വെബ് സൈറ്റുകളും പോർച്ചുഗീസിലാണ്. ഞങ്ങളുടെ സഹപ്രവർത്തകരുടെ സഹകരണം കൊണ്ട് രണ്ടു ടിക്കറ്റ്‌ ലാഭത്തിൽ ഒപ്പിച്ചെടുത്തു. അങ്ങോട്ട്‌ പ്ലയിനിൽ‍, തിരിച്ചു നാട്ടിൻ പുറങ്ങളിലൂടെ ബസ്സിൽ, അതായിരുന്നു പ്ലാൻ‍. സോ പോളോയെക്കാൾ  കുറ്റകൃത്യങ്ങൾ ‍ കൂടുതലുള്ള സ്ഥലമായതിനാൽ ‍ എടുക്കേണ്ടിയിരുന്ന മുൻകരുതലുകൾ ‍ പ്രത്യേകം ഓർത്തിരുന്നു. ടൂറിസ്റ്റുകളായി ചമയാതെ വളരെ സാധാരണ രീതിയിൽ ‍ സഞ്ചരിക്കുക പെരുമാറുക... നമ്മുടെ ഭാഷയില്‍ പറഞ്ഞാൽ "ഷോ ഓഫ്‌ " തീരെ വേണ്ട. അങ്ങനെയെങ്കിൽ ഒരുപക്ഷെ കൂട്ട ആക്രമണത്തിനിരയായേക്കാം. രാവിലെ ഓരോമ്പതു മണിയോടെ ഞങ്ങൾ റിയോയിൽ വിമാനമിറങ്ങി. ഹോട്ടൽ ‍ വഴിയുള്ള ടാക്സി ഡ്രൈവർ കാത്ത്നില്‍പ്പുണ്ടായിരുന്നു. ഞങ്ങൾ റിയോയിലെ ഒരു പ്രധാന ബീച്ചായ കൊപകബാന ബീച്ചിലെ ഹോട്ടലിലേക്ക് യാത്രയായി.



സമുദ്രതീരത്തുള്ള നഗരമാണ് റിയോ. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ, കോളനിവാഴ്ചയുടെ കഥകൾ ഈ നഗരം ഓർ‍ത്തു വക്കുന്നു. വരുന്ന സഞ്ചാരികളെ അതിന്റെ ശേഷിപ്പുകൾ കാട്ടി ചരിത്രം വീണ്ടും ഓർമിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നു. റിയോ-ക്ക് വടക്ക് കിഴക്കായുള്ള ബഹിയ, സാൽ‍വഡോർ എന്നീ സ്ഥലങ്ങളിലേക്ക് ആഫ്രിക്കൻ അടിമകളെ കൊണ്ടുവന്നിരുന്നതും, സ്വർണവും വിലപിടിപ്പുള്ള കല്ലുകളും മറ്റും അവിടുന്ന് യൂറോപ്പിലേക്കു കൊണ്ടുപോയിരുന്നതും റിയോ തുറമുഖം വഴിയായിരുന്നു. പിൽ‍ക്കാലത്തു എല്ലാ വ്യാപാരവും റിയോ കേന്ദ്ര മായി നടക്കാൻ തുടങ്ങുകയും അത് തലസ്ഥാന നഗരിയാവുകയും ചെയ്തു. അതോടൊപ്പം ആഫ്രിക്കൻ അടിമകളും റിയോയിലേക്ക് പ്രവഹിച്ചു തുടങ്ങി. അങ്ങനെ ആഫ്രിക്കൻ സംസ്കാരം, ആദി അമരിക്കൻ‍, യൂറോപ്പ്യൻ സംസ്കാരങ്ങളുമായി സമന്വയിച്ചാണ് പുതിയ ബ്രസീലിയൻ ‍ സംസ്കാരമായി രൂപപ്പെടുന്നതും, റിയോ ഡി ജെനെറോ  സാംസ്കാരിക തലസ്ഥാനമാവുന്നതും.

ഈ സംസ്കാര  സമന്വയത്തിന്റെ പ്രതീകമായി നിൽക്കുന്ന, രാജ്യം മുഴുവൻ കൊണ്ടാടപ്പെടുന്ന ഉത്സവമായ കാർണിവലിന്റെ തലസ്ഥാനമായി അറിയുന്നതും റിയോ ആണ്. കാർണിവലിന്റെ ഏറ്റവും പ്രധാന ആകർഷണമായ സാംബ മ്യുസിക്കിനും  ഡാൻ‍സിനും ആഫ്രിക്കന്‍ പാരമ്പര്യം തന്നെയാണുള്ളത്. ആദ്യ ദിവസത്തെ ടൂർ ‍ തുടങ്ങുന്നു. ഒരു ചെറിയ മിനി വാൻ ‍ ഹോട്ടലിൽ എത്തി. ഞങ്ങളെ കൂടികൊണ്ടുപോകാൻ വന്ന ടൂര്‍ ഗൈഡ് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. പിന്നെ വാനിൽ‍ കയറിയപ്പോൾ ‍ മനസ്സിലായി കൂടയൂള്ളല്ലവരെല്ലാം വിദേശികൾ തന്നെയെന്ന്‍. ഇത് വിദേശികൾ‍ക്കായുള്ള ടൂറാണ്‌.





ഹാവൂ..സമാധാനമായി. ഞങ്ങൾ ‍ ആദ്യം പോയത് Estádio do Maracanã എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഫുട് ബോൾ സ്റ്റേഡിയം കാണുവാനാണ്. റിയോ- യിലെ മരാകാന പ്രദേശവുമായി ബന്ധപ്പെട്ടാണ് സ്റ്റേഡിയത്തിന്റെ പേര്. 1950 -ലെ FIFA വേൾഡ് കപ്പിന് വേണ്ടി 1948 -ൽ ‍ ഈ സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ ഫുട്ബോൾ ‍ പ്രേമികളായ  ബ്രസീൽ ‍ 1950 -ലെ FIFA വേൾഡ് കപ്പിൽ ‍ 2 - 1 നു ഉറുഗ്വയുമായി പരാജയപ്പെട്ടതും  പറയാതെ വയ്യ. അന്ന് ഏകദേശം
200 ,000 -ഓളം ഫുട്ബോൾ ‍ പ്രേമികൾ ഈ സ്റ്റേഡിയത്തിൽ ‍ കാണികാളായി ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിന്റെ കപ്പാസിറ്റി 80 ,000 ആയി കുറക്കപ്പെട്ടു. അവിടെ ചെന്നശേഷമാണ് സ്റ്റേഡിയത്തിനുള്ളിൽ ‍ ഇപ്പോൾ ‍ പ്രവേശനം ഇല്ലാ എന്നത് അറിയുന്നത്. ഞങ്ങൾ ‍ പുറത്തു നിന്ന് കുറച്ചു ഫോട്ടോകൾ ‍ എടുത്തു. സ്റ്റേഡിയം ഇപ്പോൾ ‍ പുനർ നിർമാണത്തിലാണ് ,
2014 -ലെ FIFA വേൾ ഡ് കപ്പിനായും 2016 -ലെ സമ്മർ ‍ ഒളിമ്പിക്‌സിനായും.  നിർമാണ പ്രവർത്തനങ്ങൾക്കു ശേഷം ഏകദേശം 85 ,000 കാണികൾക്ക് ഇരിക്കാൻ സൗകര്യം ഉണ്ടാവും.







പിന്നെ ഞങ്ങൾ പോയത് തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായ ഷുഗർലോഫ് പർവതത്തിലെക്കാണ്.  അ തിന്റെ മനോഹാരിതയെപ്പറ്റിയും അവിടുത്തെ കേബിൾ ‍ കാർ ‍ സംവിധാനത്തെയും പറ്റി നേരത്തെ കേട്ടിരുന്നു. ഇന്ന് റിയോയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലം. ഷുഗർ‍ലോഫ് പർ‍വതം, അതലാന്റിക് സമുദ്രത്തിൽ ‍നിന്നു ഉയർന്നു വന്നപോലെ, ഒരു ബ്രഡ്ലോഫിന്റെ ആ- കൃതിയിൽ ‍ നില കൊള്ളുന്നു. ബ്രെഡ്‌ലോഫിന്റെ രൂപമാണെങ്കിലും ഷുഗർ‍ലോഫ് എന്ന് പേര് വരാൻ കാരണം ഉണ്ട്. അന്ന്  സ്വർണ 
ഖനനത്തെക്കാൾ റിയോ - പേര് കേട്ടിരുന്നത് പഞ്ചസാര ഉൽപ്പാദനത്തിനാണ്. പഞ്ചസാര കയറ്റി അയച്ചിരുന്നതാകട്ടെ റൊട്ടിയുടെ ആകൃതിയിലുള്ള കഷണങ്ങളായും. അങ്ങിനെയാണ്  ഈ പേര് വീണത്‌. ചരിത്രം പരിശോധിച്ചാൽ ‍ ഈ പർവതത്തിനു പല പല പേരുകൾ മാറി മാറി വന്നു ചേർ‍ന്നിട്ടുണ്ടെന്നു കാണാം. എന്നാൽ ‍ പതിനേഴാം നൂറ്റാണ്ടോടുകൂടി ആധിപത്യമുറപ്പിച്ച പോർ‍ച്ചുഗീസുകാർ ‍ ഇട്ട പേരാണ് ഇന്നറിയപ്പെടുന്ന ഷുഗര്‍ലോഫ് എന്നത്. കപ്പൽ ‍ യാത്രക്കാരുടെ വഴികാട്ടി കൂടിയായിരുന്നു ഈപർവതം.







1912 -ഓടു കൂടിയാണ് ഷുഗർ‍ലോഫ് പർവതത്തിലേക്ക് ഒരു കേബിൾ ‍ കാർ
സർ‍വീസ് തുടങ്ങുന്നത്. ഇറ്റാലിയൻ കമ്പനി ആണ് ഈ കേബിൾ കാർ  സംവിധാനം ഇവിടെ നടപ്പാക്കിയത്. ഏകദേശം നാല് മണിക്കൂർ ‍ യാത്രക്കും മറ്റു കാഴ്ചകൾ‍ക്കുമായി കരുതണം. എൺപതോളം ആളുകൾ‍ക്ക് കയറാവുന്ന തരത്തിൽ ഗ്ലാസ്സ് കൊണ്ട് നിർമിച്ചതാണ് കേബിൾ കാർ‍. ഈ പർ‍വതത്തിലേക്ക് കയറാനായി ഒരു കേബിളും ഇറങ്ങാനായി അതിനു സമാന്തരമായി മറ്റൊരു കേബിളും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര രണ്ടു ഘട്ടങ്ങളിലായാണ്. താഴെ നിന്നും മുകളിലേക്ക് പോകുന്ന കാർ കണ്ട് എനിക്ക് ചെറിയ പേടിയായി. കാരണം ഉയരത്തിലുള്ള സ്ഥലങ്ങൾ എനിക്കൊരു പ്രശ്നമാണ്. എന്റെ കൂട്ടുകാരനോടും ഗൈഡിനോടും പറഞ്ഞത് ചിലപ്പോൾ ‍ ഞാൻ കാർ സവാരി ഒഴിവാക്കിയേക്കും എന്നാണ്. കയറിയാൽ ഗ്ലാസ്‌ ജനലിനടുത്തു നിൽ‍ക്കണ്ട, മധ്യ ഭാഗത്ത് ആളുകൾ‍ക്കിടയിലായി നിന്നാൽ മതി എന്നു പറഞ്ഞവർ ധൈര്യം തന്നു.  ഇനിയും പ്രയാസ്സമെങ്കിൽ ‍ പുറത്തേക്കു നോക്കേണ്ടെന്നും കുനിഞ്ഞു നിന്നാൽ മതിയെന്നും കൂടി അവർ പറഞ്ഞു. പുറത്തെ കാഴ്ചകൾ കാണാനല്ലാതെ, കുനിഞ്ഞു നിൽക്കാൻ മാത്രം കേബിൾ കാറിൽ ‍ കയറേണ്ടതുണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.. 



ഏതായാലും ഞാനുള്ളിൽ കയറി. കാർ മുകളിലേക്ക് നീങ്ങാൻ തുടങ്ങി.  അതോടൊപ്പം ഒറ്റ കേബിൾ ആയതിനാലാവണം കാർ ഒന്നുലയുന്നുമുണ്ട്. എന്റെ കാലുകൾ ഇളകാൻ തുടങ്ങി. കുറച്ചു സമയം പരിസരം ശ്രദ്ധിക്കാതെ കാറിനുള്ളിൽ ‍ താഴെക്കു നോക്കി നിന്നു. എന്നാൽ അല്‍പ സമയം കഴിഞ്ഞതോടെ, കാർ വലിയ പ്രശ്നമില്ലാതെ മുകളിലേക്ക് പോകാൻ തുടങ്ങി. ഞാൻ പുറത്തേക്കു നോക്കി കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങി. ആദ്യം കയറി എത്തുന്നത്‌ 700 അടി ഉയരത്തിലുള്ള ഉർക ( urca ) കുന്നിനു മുകളിലാണ്. കാഴ്ചകൾ കാണാൻ നാൽപ്പത്തിയഞ്ച്  മിനിട്ടെടുത്തോളാൻ അവിടെയിറങ്ങിയതും ഞങ്ങളുടെ ഗ്രൂപ്പിനോട് ഗൈഡ് പറഞ്ഞു. കുന്നിനു മുകളിൽ കാണേണ്ട കാര്യങ്ങളും. പിന്നെ എവിടെയാണ് തമ്മിൽ കാണേണ്ടത് എന്നും വ്യക്തമായി പറഞ്ഞു തന്നു. 

അവിടെ നിന്ന് നോക്കിയാൽ Corcovado Mountain , Niteroi Bridge, Guanabara ഉൾക്കടൽ എന്നിവയാണ് പ്രധാന കാഴ്ചകൾ‍. ഇതിൽ കോർകോവാടോ പർവ്വതത്തെപ്പറ്റിയും അവിടുത്തെ ‍ ജീസസിന്റെ പ്രതിമയെയും പറ്റി അടുത്തയാഴ്ച വിശദമായി പറയാം. കേബിൾ ‍ കാറിൽ നിന്നുള്ള ദൃശ്യങ്ങളും
ഉർക്ക കുന്നിനു മുകളിൽ ‍ നിന്നും പല ആംഗിളുകളിൽ ഉള്ള ദൃശ്യങ്ങളും
വർണനാതീതമാണ്. കാണാവുന്നതിൽ വച്ചേറ്റവും മനോഹരമായ കാഴ്ചകളാണവയെന്ന് ഞങ്ങൾ‍ക്ക് തോന്നി. കുറെ കറങ്ങി നടന്നു. ഫോട്ടോകൾ ‍ എടുത്തു.






ഇനി പോകേണ്ടത് ഉർക്ക കുന്നിനു മുകളിൽ നിന്നും ഷുഗർ‍ലോഫ് പർ‍വത
മുകളിലേക്കാണ്. പറഞ്ഞപോലെ അങ്ങോട്ടേക്കുള്ള അടുത്ത കേബിൾ
കാറിനായി ഞങ്ങൾ കാത്തു നിന്നു. ഓരോ ഘട്ടവും ഏകദേശം നാല് മിനിട്ട്
കൊണ്ട് കഴിഞ്ഞു കിട്ടും. അൽപ്പസമയം കഴിഞ്ഞപ്പോൾ ‍ കാർ ‍ എത്തി.
ഞങ്ങൾ അതിൽ കയറി. 1300 -ഓളം അടി ഉയരത്തിലേക്ക് ഞങ്ങളുടെ കാർ
കേബിളിൽ കൂടി മുകളിലേക്ക് കയറാൻ തുടങ്ങി. മനോഹരം എന്ന്  ഒന്ന് കൂടി പറയട്ടെ. ഇപ്പ്രാവശ്യം കൂടുതൽ ധൈര്യം തോന്നി. ഗ്ലാസ്സിനോടടുത്തു
തന്നെ നിന്ന് പുറത്തെ കാഴ്ച്ചകൾ കണ്ടു. മുകളിൽ ‍ വീണ്ടും ഒരു മണിക്കൂർ
ചെലവഴിച്ചു.. ഷുഗർ‍ലോഫ് പർ‍വതത്തിന്റെ മുകളിൽ ‍ നിന്നാൽ കാണുന്നത്
ഞങ്ങൾ താമസിച്ചിരുന്ന കോപകബാന ബീച്ച് ഉൾ‍പ്പെടെയുള്ള
ബീ ച്ചുകളാണ്.

തിരിച്ചു താഴെ വന്നശേഷം എന്റെ ഗുജറാത്തി സുഹൃത്ത്‌ പറഞ്ഞു
" സീനറി ദേഘേ ദേഘേ ഫോട്ടോ ലേനാ ഭൂൽ ഗയാ...ഭയ്യാ"

കാഴ്ചകളിൽ ‍ മുഴുകിപ്പോയ കാരണം ഫോട്ടോ എടുക്കാൻ ‍ മറന്നു പോയെന്ന്.







മടക്കയാത്രക്കിടയിൽ ഞങ്ങൾ ‍ കത്തീഡ്രൽ ഓഫ് റിയോ -ഡി-ജനീറോ സന്ദർശിച്ചു. 20,000 ത്തോളം പേർക്ക് ഇരുന്നു പ്രാർഥിക്കാൻ സൗകര്യത്തിൽ ‍ പണിഞ്ഞിട്ടുള്ള ഈ കത്തീഡ്രൽ‍ ഒരു കോണിന്റെ ആകൃതിയിലാണ്.
1980 -ഓടെയാണ് ഇതിന്റെ പണി തീർന്നത്. ഇതിനകത്ത് കയറുന്നവർക്ക് വ്യത്യസ്ത മായൊരനുഭവമായിരിക്കും. ഉൾ‍ഭാഗം അതി വിശാലം, 100 മീറ്റർ വ്യാസം 75 മീറ്റർ ഉയരം - ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. ഇതിന്റെ ഉള്ളിൽ വശങ്ങളിലായി ദീർഘ ചതുരാകൃതിയിൽ ‍ പലവർ‍ണങ്ങളിലുള്ള നാല് കൂറ്റൻ കണ്ണാടികളുണ്ട്- അവ തന്നെ നമ്മെ വീണ്ടും അതിശയിപ്പിക്കും.
ഒരെണ്ണത്തിനു ഏകദേശം 65 മീറ്റർ നീളം വരും. ഒരു ഫ്രഞ്ച് ശില്‍പ്പിയുടെ മേൽ‍നോട്ടത്തിലാണ് കത്തീഡ്രൽ പണികഴിക്കപ്പെട്ടത്‌. മധ്യ തെക്കേ അമേരിക്കയിൽ ‍ പള്ളികൾ‍ക്കും കത്തീഡ്രലുകൾക്കും ഒരു കുറവുമില്ല. കോളനിവൽ ക്കരണത്തിന്റെയും കൂടി പ്രതീകങ്ങളായി അവ വിലസി നില്‍ക്കുന്നു.


ഉച്ചഭക്ഷണത്തിന് ശേഷം ഒരു മൂന്നു മണിയോടെ ഞങ്ങള്‍ പോയത് corcovado പർ‍വത മുകളിലേക്കുള്ള ട്രെയിൻ സ്റ്റേഷ നിലേക്ക് ആയിരുന്നു.അവിടുത്തെ പ്രധാന കാഴ്ച യേശു ക്രിസ്തുവിന്റെ കൂറ്റൻ പ്രതിമയാണ് . അതെപ്പറ്റിയും മനോഹരങ്ങളായ ബീച്ചുകളെപ്പറ്റിയും അടുത്തയാഴ്ച.

Mathrubhumi Yathra || തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ -ഭാഗം മൂന്ന്‌, Anilal

Thursday, February 17, 2011

തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍-2 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ


ബ്രസീലിൽ ‍ നിന്നും തിരിച്ചു പോരുന്നതിനു മുൻപൊരു ദിവസ്സം ഞങ്ങളുടെ ബ്രസീലിയൻ ‍ സുഹൃത്ത് അഗുസ്റ്റോ(Augusto) യുടെ വീട്ടിൽ ‍ചെല്ലണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പോകണമെന്ന് ഞങ്ങളും തീരുമാനിച്ചിരുന്നു.  പ്രത്യേക പരിപാടികളില്ലാത്ത ഒരു ഞായറാഴ്ച അതിനായി തെരഞ്ഞെടുത്തു. അഗസ്റ്റോയും അന്ന് റെഡിയായിരുന്നു. അദ്ദേഹത്തിന്റെ വീട് സോ പോളോ സിറ്റിയിൽ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കായി കാംപിനാസ് എന്ന സിറ്റിയുടെ പ്രാന്തപ്രദേശത്തിലാണ്. കാമ്പിനാസിൽ ‍ പോകുന്നത് അവിടെ സ്ഥലങ്ങൾ കാണാനല്ല. ഒരു നല്ല യാത്ര, കുറെ സമയം അദ്ദേഹത്തിന്റെ വീട്ടിൽ കഴിച്ചു കൂട്ടുക അത്ര മാത്രം. എന്നാൽ ‍ ഈ ഒരു ദിവസം മറക്കാനാവാത്ത ഒരനുഭവമായി മാറിയത് കൊണ്ടാണ്  ഇതെഴുതുന്നത്.

തീരുമാനിച്ച പ്രകാരം രാവിലെതന്നെ അഗുസ്റ്റോ കാറുമായെത്തി. ഞങ്ങൾ മൂന്നുപേരും ഹോട്ടലിൽ നിന്നും ബുഫേ ബ്രേക്‌ഫാസ്‌റ് ‌ കഴിച്ചശേഷം  കാംപിനാസ് ലക്ഷ്യമാക്കി യാത്രയായി. പ്രഭാത ഭക്ഷണത്തിൽ ‍ഇത്രയധികം ധാരാളിത്തം വടക്കേ അമേരിക്കയിലെ ഒരു വിധം നല്ല ഹോട്ടലിൽ പോലും കണ്ടിട്ടില്ല. ട്രോപിക്കൽ കാലാവസ്ഥയിൽ ലഭ്യമാവുന്ന പഴങ്ങൾ ‍. നമ്മുടെ നാട്ടിൽ കാണുന്ന എല്ലാ പഴങ്ങളും അവിടെയുണ്ട്..പപ്പായ, തണ്ണി മത്തൻ‍, മാങ്ങാ, പൈനാപ്പിൾ അങ്ങിനെ പലതും.. ഇവകൊണ്ടുള്ള പലതരം ജ്യൂസ്‌ കൂടാതെ അവ മുറിച്ചു പല തരത്തിൽ അലങ്കരിച്ചും വച്ചിട്ടുണ്ടാകും.

സോ പോളോ സിറ്റിയിലൂടെ വണ്ടിയോടിക്കുക അത്ര എളുപ്പമുള്ള  കാര്യമല്ല..പക്ഷെ ഞങ്ങളുടെ ബ്രസീലിയൻ കൂട്ടുകാരൻ ഒന്നാംതരം ഡ്രൈവർ ‍കൂടിയായിരുന്നു. സിറ്റി വിട്ടു കഴിഞ്ഞതും അഗുസ്റ്റോ വിശേഷങ്ങൾ ‍ പറഞ്ഞു തുടങ്ങി. ഒത്തിരി ആൾക്കാർ സിറ്റിക്കു പുറത്തു ഫ്ലാറ്റുകളിൽ ‍ താമസിച്ചിട്ട് ദിവസവും വണ്ടിയോടിച്ചു സിറ്റി ഓഫീസുകളിൽ ‍ ജോലിക്ക് വരുന്നു. എന്നിട്ട് വൈകുന്നേരം ഉറങ്ങാനായി മാത്രം തി- രിച്ചെത്തുന്നു. അതുകൊണ്ടുതന്നെ പ്രവർത്തി ദിവസങ്ങളിൽ ‍ സിറ്റിക്കു പുറത്തേക്കുള്ള റോഡുകളിൽ വല്ലാത്ത തിരക്കാണ്, രാവിലെയും വൈകുന്നേരവും.


ദൂരെ മലകളിൽ ‍ കണ്ട ചെറിയ വീടുകൾ ചൂണ്ടിക്കാട്ടി അഗുസ്റ്റോ
പറഞ്ഞു " അവിടെയാണ് ബാഡ്‌ ഗയ്‌സ്" അതായത് മലമുകളിലെ 
ചെറിയ കൂരകൾക്കുള്ളിലാണ് കുഴപ്പക്കാരായ ദരിദ്ര നാരായണന്മാർ ‍
താമസിക്കുന്നത്. നഗരത്തിലെ സംഘടിതമായ കുറ്റകൃത്യങ്ങളുടെയും
മാഫിയകളുടെയും കേന്ദ്രം. അഴിമതിയുടെ കാര്യത്തിലും
കുറ്റകൃത്യങ്ങളുടെ കാര്യത്തിലും അവർ ‍ നമ്മളോടൊപ്പമുണ്ട് . കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണം ദാരിദ്ര്യം തന്നെ. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വീടുകൾ ‍ പുറം പൂശി പൂർണമാക്കാറില്ല.
വീട് പൂര്‍ത്തിയായിട്ടില്ല എന്ന കാരണം പറഞ്ഞു ടാക്സ് വെട്ടിക്കനാ-
ണിതത്രേ.











കുറച്ചു കഴിഞ്ഞപ്പോൾ ‍ ചെറിയ പട്ടണങ്ങളിലൂടെയും  ഗ്രാ മങ്ങളിലൂടെയുമായി യാത്ര. ബ്രസീലിന്റെ നാട്ടിൻ ‍പുറം ഒന്നുകൂടി മനോഹരമാണ്. കുന്നുകളും മരങ്ങളും നിറഞ്ഞ നാട്. ഇടയ്ക്കു ഞങ്ങൾ ‍ ഒരു പെട്രോൾ പമ്പിൽ ‍ നിറുത്തി. കാറിനു പെട്രോൾ അടിക്കാനും ഒരല്‍പം റിലാക്സ് ചെയ്യാനും ആയിരുന്നു അത്. അഗുസ്റ്റോ ഞങ്ങളെ പമ്പ് പ്രവർ‍ത്തിപ്പിക്കാൻ നിന്ന പയ്യന് പരിചയപ്പെടുത്തി. പിന്നെ അയാൾക്കും ഒരുപാട് കാര്യങ്ങൾ   അറിയാനും പറയാനും താല്പര്യമായി. വളരെ വേഗം  
കൂട്ടുകാരാകുന്നവരാണ് ബ്രസീലുകാർ‍. കുറച്ചു സമയം കഴിഞ്ഞു
ഞങ്ങൾ ‍ വീണ്ടും യാത്രയായി.









കാംപിനാസ് സിറ്റിയിലൂടെ വേണം ഞങ്ങൾക്ക് കടന്നു പോവാൻ.
സിറ്റിക്കുള്ളിൽ ‍ ഒരു പാർക്കിൽ ഒരു വലിയ മേള നടക്കുന്നുണ്ടായിരുന്നു. ഒന്ന് കയറാമെന്ന് കരുതി കാറ് നിറുത്തി. പല തരത്തിലുള്ള കരകൗശല വസ്തുക്കൾ‍, ബ്രസീലിയൻ ‍ പെയിന്റിങ്ങുകൾ, നാടോടി സംഗീത ഉപകരണങ്ങൾ ‍ തുടങ്ങിയവയുടെ പ്രദർശനവും വില്പ്പനയുമാണ് അവിടെ നടക്കുന്നത്. ചുമരിൽ ‍ ചാരിവച്ചിരുന്ന വില്ലുകൾ പോലുള്ള സാധനങ്ങൾ ‍ എന്നിൽ ‍ കൗതുകമുണ്ടാക്കി. ആ വില്ലുകൾ‍ക്ക് മുന്നിലായി ആണുങ്ങളും പെണ്ണുങ്ങളും അടങ്ങുന്ന ഒരു സംഘം എന്തോ കലാപരിപാടിയും നടത്തുന്നുണ്ട്.. ഞങ്ങൾ അങ്ങോട്ടുപോയി.











ചുമരിൽ ചാരി വച്ചിരുന്നതു "ബെരിമ്ബു" (Berimbau) എന്ന ഒരു താളവാദ്യമായിരുന്നു. അഗുസ്റ്റോ അതെക്കുറിച്ച് പറഞ്ഞു തന്നു. ആഫ്രിക്കൻ അടിമകളിലൂടെ ബ്രസീലിൽ ‍എത്തപ്പെട്ടതാണ് ഈ ഉപകരണം. നാലോ അഞ്ചോ അടി നീളത്തിൽ ബിരിബ (biriba ) എന്ന മരത്തടി മുറിച്ചെടുത്തു അതിന്റെ ഒരറ്റത്ത് നിന്ന് മറ്റെയറ്റത്തെക്ക് സ്റ്റീൽ കമ്പി വളച്ചു കെട്ടിയാണ് ഇതുണ്ടാക്കുന്നത്. അനുനാദത്തിനായി ഒരു മരക്കായ അകം പൊള്ള ആക്കിയശേഷം ഉണക്കി വില്ലിന്റെ ഒരറ്റത്ത് പിടിപ്പിച്ചിരിക്കുന്നു. ഒരു കമ്പിന്റെയും നാണയത്തിന്റെയും സഹായത്തോടെയാണ് ഇത് വായിക്കുന്നത്.
ആഫ്രോ- ബ്രസീലിയൻ ‍ ആയോധനകലയായ കാപോയിര( capoeira ) യിൽ പങ്കെടുക്കുന്നവരുടെ ചലനങ്ങളെ നിയന്ത്രിക്കാൻ ഈ സംഗീത ഉപകരണം   ഉപയോഗിക്കുന്നുണ്ട്. അത്തരമൊരു പ്രകടനമാണ് അവിടെ കണ്ടത്.












ലോക്കൽ ആര്ട്ടിസ്റ്റുകളുടെ പെയിന്റിങ്ങ് ആസ്വദിക്കുന്നതിനിടയിലാണ് അഗുസ്ടോക്ക് ഒരു സെൽ ഫോൺ കാൾ വന്നത്. ഭാര്യയാണ്. ഞങ്ങളെവിടെയെത്തി എന്ന് ചോദിക്കുകയാണ്. അവരെ ഒരു റെസ്റ്ററെന്റിൽ കണ്ടു ഭക്ഷണം കഴിച്ച ശേഷം എല്ലാപേരും ഒന്നിച്ചു വീട്ടിലേക്കു പോവുക എന്നതായിരുന്നു പ്ലാൻ. ഞങ്ങൾ ‍ അവിടെ നിന്നും കാറിൽ ‍ കയറി റെസ്റ്റാറന്റിലെത്തി. വിശാലമായ ഒരു സ്ഥലത്ത്, ഒരു നദിയിലെക്കിറങ്ങി നില്‍ക്കുന്ന ബാൽക്കണിയുമായി മനോഹരമായ ഒന്നായിരുന്നു അത്. ഉൾഭാഗം വളരെ തുറന്ന രീതിയിലായിരുന്നു. അഗുസ്റ്റോയുടെ ഭാര്യയോടൊപ്പം രണ്ടാൺകുട്ടികളും അവരുടെ രണ്ടു കസിൻസും ഉണ്ടായിരുന്നു. പരസ്പരം പരിചയപ്പെട്ട ശേഷം രണ്ടു വലിയ ബോട്ടിൽ ബിയറിൽ ‍ ഞങ്ങളുടെ ലഞ്ച് ആരംഭിച്ചു. എല്ലാവരും വളരെ സൗഹൃദത്തോടെ ഇടപഴകി. വളരെ സരസയായ ഒരാളായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവർ ‍ കഴിച്ചു കഴിയുന്ന വരെ തമാശകൾ ‍ പറഞ്ഞുകൊണ്ടേയിരുന്നു. അഗസ്റൊയുടെ വീട്ടിലെല്ലാരും തന്നെ ഒന്നാന്തരം ഇംഗ്ലീഷ് പറയുന്നവരായിരുന്നു. ജോലിക്കായി നാലഞ്ചു വർഷം അവരെല്ലാം 
അമേരിക്കയിലായിരുന്നതുകൊണ്ട് ഭാഷ ഒരു പ്രശ്നമേ അല്ലായിരുന്നു.







ബ്രസീലിലെ ഭക്ഷണത്തെപറ്റി ഇവിടെ പറയുന്നത് ഉചിതമെന്ന് തോന്നുന്നു. അവർക്ക് ഏറ്റവും പ്രധാനം മാംസാഹാരമാണ്. ഏറ്റവും കൂടുതൽ ‍ മാംസം ഉപയോഗിക്കപ്പെടുന്ന ഒരു രാജ്യമാണ് ബ്രസീൽ. ഞങ്ങൾ ‍ പോയ സ്ഥലം സീ ഫുഡിനു പേരുകേട്ട സ്ഥലമായത് കൊണ്ട് അത്തരം ഒന്ന് ഓർ‍ഡർ ‍ ചെയ്തു.
ഞാനും സുഹൃത്ത്‌ അരവിന്ദും ചിക്കനാണു ഓർഡർ ചെയ്തത്. പുറത്തു പോയാൽ കൂടുതലും വെജിറ്റേറിയൻ ആണ്. അത് കാരണം  ബ്രസീലിലെ മത്സ്യ മാംസാദി ഭക്ഷണത്തെ പറ്റി അധികം എഴുതാൻ ‍  കഴിയില്ല.  ഏതായാലും ഒന്നുണ്ട്, നിങ്ങൾ ‍ സസ്യഹാരപ്രിയനായാലും മൽസ്യമാംസ പ്രിയനായാലും ബ്രസീലിൽ ‍ നിങ്ങൾ ‍ വളരെ വളരെ
ഹാപ്പി ആയിരിക്കും.

ഞാൻ ‍ ജോലി ചെയ്ത സ്ഥലത്ത് ഉച്ചക്ക് കഴിക്കാൻ ‍ പോയിരുന്നത് അടുത്തുള്ള ഒരു ബുഫെ റെസ്റ്റാറന്റിലാണ് ‍. അവിടെയുണ്ടായിരുന്ന മൂന്നാഴ്ച്ചകളിൽ കൂടുതലു ‍ ദിവസവും ഈയൊരു ഹോട്ടലിലെ ബുഫെ തന്നെയായിരുന്നു ഞങ്ങൾ ഒരു മടുപ്പും കൂടാതെ കഴിച്ചിരുന്നത്. കാരണം അത്രയ്ക്ക് ഐറ്റംസ് അവിടെയുണ്ടായിരുന്നു...മാത്രമല്ല എല്ലാ ആഴചയും പുതിയ കുറെ ഐറ്റംസ് ഉണ്ടാകുമായിരുന്നു. ഏറ്റവും കൂടുതൽ ‍ കോഫി ഉണ്ടാക്കുന്ന  രാജ്യമായതിനാലാവനം ആളുകൾ ‍ കോഫി പ്രിയരാണ്. ഉച്ചഭക്ഷണത്തിന് ശേഷം ഒരു സ്ട്രോങ്ങ്‌ കോഫി പതിവാണ്. വളരെ ആയാസരഹിതമായ ജീവിതരീതിയാണവിടെ. അങ്ങനെ ആ റെസ്റ്റാറന്റിൽ ഒരു രണ്ടു മണിക്കൂര്‍ ചിലവക്കിയിട്ടു, കോഫിയും കുടിച്ചു ഞങ്ങൾ ‍ രണ്ടു കാറുകളിലായി അവരുടെ വീട്ടിലേക്കു പോയി.










ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ വീട്ടിലെത്തി. പച്ച മരങ്ങൾ നിറഞ്ഞ കുന്നുകളിലാണ്‌ വീടുകൾ‍. അവരുടെ വീടിനു മുന്നിൽ ‍ കാർ പാർ‍ക്ക്‌ ചെയ്തപ്പോൾ‍, ഭൂമിയോട് ചേർ‍ന്ന് ഒരു താഴ്വാരത്തിലായാണ് വീട് കണ്ടത്. അവിടെ നിന്ന് നോക്കുമ്പോൾ വീടിന്റെ മേൽഭാഗം ഭൂനിരപ്പിൽ നിന്നും അധികം ഉയരത്തിലായി തോന്നിയില്ല. എന്നാൽ ‍ വീടിനകത്ത് കയറിയപ്പോൾ‍, അതൊരു സ്വപ്ന ഭവനമായി  എനിക്ക് തോന്നി..അത്ര വലുതല്ലാത്ത വീട്. എന്നാൽ വളരെ മനോഹരമായി ഇന്റീരിയർ ‍ ചെയ്തിരിക്കുന്നു. അതെല്ലാം ഭാര്യയുടെ കൈവിരുതെന്നു ആദ്യമേ അഗുസ്റ്റോ സമ്മതിച്ചു. കൂടുതൽ ‍ അറിഞ്ഞപ്പോൾ ‍ അവർ ‍ ഒരു നല്ല കലകാരിയാണെന്നും വീടിനകവും പുറവും തന്റെ കഴിവും ഭാവനയും കൊണ്ട് ഒരു സ്വപനലോകമാക്കി മാറ്റിയിരിക്കുകയാണെന്നും മനസ്സിലായി.








കുറച്ചുകഴിഞ്ഞു ഞങ്ങൾ ‍ വീടിനു പുറത്തിറങ്ങി, പിന്നിലെത്തി. ഒരു കൊച്ചു സ്വിമ്മിംഗ് പൂൾ. തുറസ്സായ സ്ഥലത്തൊരു ഷവർ.  അവിടില്ലാത്ത മരങ്ങളും ചെടികളുമില്ല..കുലച്ചു നില്‍ക്കുന്ന വാഴകൾ. അതിമനോഹരം. കൂടുതൽ ‍ എഴുതുന്നതിനെക്കാൾ കുറച്ചു ചിത്രങ്ങൾ ചേർ‍ക്കുന്നു, കണ്ടു തന്നെ അറിയൂ. ഒരഞ്ചു മണിയായപ്പോൾ‍, പെട്ടെന്ന് മാനമിരുണ്ടു. വന്നാൽ ‍ മഴവരുന്നത്  കാട്ടിത്തരാം എന്ന് പറഞ്ഞു ഞങ്ങളെ വീടിനു പിറകിലെ ബാൽക്കണിയിൽ  കൊണ്ടുപോയി. അവിടെ നിന്നും അക്ഷരാർത്ഥത്തിൽ ശക്തമായ  മഴവരുന്നത്  ഞങ്ങള്‍ കണ്ടു. ദൂരെ മലകളിൽ ‍ നിന്നും ആരവത്തോടെ  മഴയെത്തി. വല്ലാത്തൊരനുഭവം. ഞങ്ങളതു കണ്ടു നിന്നു.






അര മണിക്കുറിൽ ‍ മഴ തോർ‍ന്നു. ഞങ്ങൾ തിരിച്ചു പോരാൻ  തീരുമാനിച്ചു. വരുന്ന വഴിക്ക് ഹൗസിംഗ് കൊളനിയുടെ പല ഭാഗങ്ങളും ഞങ്ങൾക്ക് കാട്ടിത്തന്നു. എല്ലാം കോൺക്രീറ്റിൽ ‍ തീർ‍ത്ത വീടുകളാണ്. നാട്ടിലെ വീടുകളുമായി വല്ലാത്ത സമാനത തോന്നി. അഗുസ്റ്റോ ഞങ്ങളെ ബസ്‌ സ്റ്റേഷനിൽ എത്തിച്ചു ടിക്കറ്റ്‌ എടുത്തു തന്നു. ഞങ്ങൽ ‍ ബസ്സിൽ കയറി ഇരുന്നശേഷമാണ് അദ്ദേഹം തിരിച്ചു പോയത്. ഞങ്ങൾ ‍ ആ ദിവസ്സത്തിന്റെ സുഖകരങ്ങളായ അനുഭവങ്ങൾ‍ ഒന്നുകൂടി ഓർ‍ത്തു പങ്കിട്ടുകൊണ്ട് ബസ് പോകാനായി കാത്തിരുന്നു.