ഇര
ഒന്നരമൈൽ ചുറ്റളവിൽ തീർത്ത കരിങ്കൽ ഭിത്തിക്കുള്ളിൽ ജല ജീവിതം ഏറെക്കുറെ സുരക്ഷിതമായിരുന്നു. താറാവുകളെ കൂടാതെ അവിടെ ഉണ്ടായിരുന്നത് ഗൂസ് ഇനത്തിൽ പെട്ട വല്യ പക്ഷികളാണ്. എണ്ണത്തിൽ അവർ വളരെ കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ അവർക്കിടയിൽ ഗ്രൂപ്പിസം നിലനിന്നു. ഗ്രൂപ്പുകൾ ഒന്നിച്ചു നീന്തുകയും ഒരുമിച്ചു പറന്നു കരക്കു കേറി തടാകത്തിനു ചുറ്റും ഉണ്ടായിരുന്ന നടപ്പാതയെ നിയന്തണമില്ലാതെ വിസർജിച്ചു നാശമാക്കുകയും ചെയ്തു. സ്വന്തം ജാതി കൂട്ടാക്കാത്തതു കാരണമാവും ഇണ താറാവുകൾ എല്ലാ ഗ്രൂപ്പുകളുമായും രഞ്ജിപ്പിലായിരുന്നു. അവർ സന്ധ്യക്ക് തടാകത്തിനു ചുറ്റുമുള്ള മതിലിലെ ചെറിയ കൽത്തിട്ടകളിൽ ഉറങ്ങി പ്രഭാതത്തിൽ ഉണർന്നു കൂട്ടങ്ങളായി വെള്ളത്തിലിറങ്ങി ദൈനം ദിന ജീവിതം നടത്തിപ്പോന്നു.
തടാകത്തിനും ചുറ്റുമുള്ള നടപ്പാതക്കു മിടയിലായി സിറ്റിയുടെ അച്ചടക്കത്തിൽ വളരുന്ന പച്ചപ്പുല്ലിൽ അവിടവിടെ മരങ്ങളും തടികൊണ്ടുള്ള ബഞ്ചുകളും മേൽനോട്ടത്തിനെന്നപോലെ ഉയരമുള്ള കാലുകളിൽ ഉറപ്പിച്ച വൈദ്യതി വിളക്കുകളും. എല്ലാം കൂടിച്ചേരുന്ന പാർക്കിൽ , മറ്റു സമയങ്ങളിലും ആളുകളെത്തിയിരുന്നെങ്കിലും ശരിക്കും വേനലാണ് തിരക്കുകാലം.
എന്നാൽ വേനൽക്കാലമാണ് ജലജീവിതത്തിനു ഏറ്റവും ഭീഷണി ഉയർത്തിയിരുന്നത്. അതിനു ലൈസൻസു കൊടുത്തത് സിറ്റി തന്നെ, ഫിഷിങ് ലൈസൻസ്. ചിലർ നിയമപ്രകാരമുള്ള ദിവസ കോട്ടയിൽ കവിഞ്ഞും മീൻ പിടിച്ചു കൊണ്ടുപോയി. ഇവിടെ ഇവരുടെ വർഗ ശത്രുവായ ഒരാളെ സൂചിപ്പിക്കാതിരിക്കാൻ വയ്യ. അയാൾ എല്ലാ വേനലിലും എത്തിയിരുന്നു. നിക്കറും ടി -ഷർട്ടും വേഷമിട്ട അയാൾ സൂര്യനിൽ നിന്നും തലയെ ഒളിപ്പിക്കാൻ തൊപ്പിയും വച്ചിരുന്നു. കത്തിച്ച ചുരുട്ട് ചുണ്ടത്തു വച്ചു കൃത്യമായ ലക്ഷ്യത്തിൽ ചൂണ്ടയെറിഞ്ഞു. എന്നും ഒരേ സ്ഥലത്തുനിന്നായിരുന്നു ഈ ആക്രമണം. ഇത് കാരണം ദിവസ്സങ്ങൾ കഴിഞ്ഞപ്പോൾ തദ്ദേശവാസികളായ മീനുകൾ സ്ഥലം വിട്ടു. ഇത് മനസ്സിലാക്കിയ അയാൾ പിന്നുള്ള ദിവസ്സങ്ങളിൽ തടാകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിജയകരമായി ഫിഷിങ് ആക്രമണം നടത്തി നിയമം മറികടന്നു മീനുകളെ ദിവസ്സവും കൊന്നൊടുക്കി.
ബാക്കി വരുന്ന ചൂണ്ടക്കാർ വിനോദത്തിനായി മാത്രം മീൻ പിടിക്കുന്നവരായിരുന്നു. പിന്നൊന്ന് എവിടൊന്നോ വല്ലപ്പോഴും ചിതറി പറന്നെത്തുന്ന നീണ്ട കൊക്കുകളുള്ള വെള്ള പക്ഷികളുടെ മിന്നലാക്രമണമായിരുന്നു. അവ ജലോപരിതലത്തിൽ പറന്നിറങ്ങി, കുറെ ദൂരം സ്വയം നിർമിത റൺ വെയിലുടെ ഓടി, ഒടുവിൽ പെട്ടെന്നു വെള്ളത്തിനടിയിൽ മുങ്ങി അൽപ്പ നേരത്തിൽ പൊങ്ങി എങ്ങോട്ടോ പറന്നു പോയിരുന്നു. തിരിച്ചു പറക്കുമ്പോൾ ഹതഭാഗ്യനായ ഒരു മീനെങ്കിലും കൊക്കിൽ ഇരയായിരിക്കും.
കഥ നടക്കുന്ന ഈ വേനലിൻറെ തുടക്കം താറാവുകൾക്കു നല്ല കാലമായിരുന്നു. ചിലദിവസ്സങ്ങളിൽ, നട്ടുച്ചക്ക് വെള്ളം വെള്ളിത്തേച്ചു നിൽക്കുമ്പോൾ, അവർ തലകൾ മാത്രം പുറത്തു കാട്ടി, ബാക്കി ശരീരം മുഴുവൻ വെള്ളത്തിലാഴ്ത്തി കിടന്നു രസിച്ചു. ഇഷ്ട്ടം പോലെ ആളുകൾ നടക്കാനും, വെറുതെ ബഞ്ചുകളിൽ വിശ്രമിക്കാനും, സൈക്കിൾ സവാരിക്കുമായി വന്നു. കുടുംബങ്ങളായി വന്നവർ കുട്ടികളുടെ സന്തോഷത്തിനു താറാവുകൾക്കു റൊട്ടി പൊടിയോ അതുപോലെ മറ്റെന്തെങ്കിലുമൊക്കെയൊ എറിഞ്ഞു കൊടുത്തു. ചിലർ വെള്ളത്തിലേക്കിറങ്ങാനുള്ള പടികളിൽ കുട്ടികളെയിറക്കി അടുത്ത് വരുന്ന താറാവുകളെ തൊടാൻ വിഫല ശ്രമം നടത്തി. എന്നാൽ മറ്റുചിലർ താറാവുകളെ പറ്റിക്കുകയും ചെയ്തിരുന്നു. നിർദോഷമായ പറ്റിക്കലുകളായിരുന്നെങ്കിലും താറാവുകൾക്കതു പിടിച്ചിരുന്നില്ല. കരയ്ക്കു നിന്നും ചിലർ റൊട്ടി പൊടി എറിയുന്നപോലെ കാണിക്കും. ചിലർ ചെറിയകല്ലുകൾ ഏറിയും. വെള്ളത്തിൽ അകലെ നിൽക്കുന്ന താറാവി ണകൾ പ്രതീക്ഷയേയുടെ ഓടിയടുക്കും..നിരാശരായി തിരിച്ചുപോകുമ്പോൾ അവൻ അവളോട് ഒരിക്കൽ പറഞ്ഞു "ചതിയന്മാർ".
അങ്ങിനെയിരിക്കെ, ഒരു വൈകുന്നേരം നടപ്പാതയിൽ രണ്ടുപേർ പ്രത്യക്ഷപ്പെട്ടു. തോട്ടത്തിൽ കറിയാച്ചനും ഭാര്യ മാറിയക്കുട്ടിയും. രണ്ടുപേർക്കും ഒരറുപത്തഞ്ചു വയസ്സിനുമേൽ തോന്നിക്കും. കറിയാച്ചൻ വെള്ളയിൽ ചുവന്ന നിറത്തിൽ നൈക്കി ഡിസൈൻ ഉള്ള ഷൂസ് ഇട്ടിരിക്കുന്നു; മകന്റെയാണ്. കുറച്ചു ടൈറ്റ് ആയതിനാൽ നടക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്. ഷർട്ടും പാന്റും വേഷം. മുക്കാൽ ഭാഗവും കഷണ്ടി ആക്രമണം നടത്തിയിരിക്കുന്നു. ആളിത്തിരി കറുത്തിട്ടാണ്. പൊതുവെ നരച്ച മീശയുള്ള കറിയാച്ചൻ അമേരിക്ക ട്രിപ്പ് കാരണം ക്ലീൻ ഷേവ് ആണ്. മാറിയക്കുട്ടിക്ക് ആവട്ടെ തടി ഇത്തിരി കൂടുതലാണ്. അത് കാരണമാവാം പുറകിൽ നിന്ന് നോക്കുന്നയാളിന്, ആണി രോഗമുള്ളയാളാണോ മുന്നിൽ നടക്കുന്നത് എന്ന് തോന്നിക്കും വിധം നടത്തത്തിൽ കുറച്ചു ആട്ടമുണ്ട്.
നാട്ടിൽ നിന്നും തിരിക്കുന്നതിനൊരു ദിവസ്സം മുൻപ്, കിടക്കുമ്പോൾ, കറിയാച്ചൻറെ മോൻ കുര്യാക്കോസ് ഭാര്യ ഷാനിയോടു ശബ്ദം താഴ്ത്തി പറഞ്ഞു.
"എടി ആറു മാസം കഴിഞ്ഞു തിരികെയുള്ള ടിക്കറ്റ് എടുത്താ മതി. എങ്ങിനെ നോക്കിയാലും ഇവിടെ ഡേ കെയറിൽ (ബേബി സിറ്റിംഗ്)
എണ്ണി കൊടുക്കുന്ന വച്ച് നോക്കുമ്പോ ലാഭം തന്നെയാന്നേ. അവരാവുമ്പോ പിള്ളേരെ നന്നായി നോക്കുവേം ചെയ്യും" - ഷാനി ഒന്ന് മൂളുകമാത്രം ചെയ്തു.
എന്തായാലും, അമേരിക്ക കാണാനെന്ന വിശ്വാസത്തിലാണ് രണ്ടുപേരും അവിടുന്ന് പ്ലെയിൻ കേറിയത്.
അവർ കാഴ്ചകൾ കണ്ടു നടന്നു. നടപ്പാതയിലൊരിടത്തു, സാമുവൽ ആഡംസിന്റെ വയറൊഴിഞ്ഞൊരു കുപ്പി കണ്ട്, കറിയാച്ചൻ ഭാര്യയോടു പറഞ്ഞു "നീ കണ്ടോ - ഇവിടെ ഇതൊക്കെ നടക്കുമെന്നേ".
താറാവിന് തീറ്റ കൊടുക്കുന്ന സ്ഥലത്തിയപ്പോൾ ഒന്ന് നിന്നു - എന്താണവിടെ എന്നു കാണാനാവണം. ഇണ താറാവുകളെ കണ്ടപ്പോൾ കറിയാച്ചൻറെ മനസ്സിൽ ലഡ്ഡുപൊട്ടി എന്ന് പറയുന്നതാവും കൂടുതൽ ശരി. കുറച്ചുനേരം നോക്കി നിന്ന ശേഷം അവർ നടത്തം തുടർന്നു.
പിറ്റേ ദിവസ്സം മുതൽ അവർ നടക്കാനിറങ്ങുമ്പോൾ മറിയക്കുട്ടിയുടെ കൈയ്യിൽ 'വാൾ മാർട്ട്' എന്നെഴുതിയ ഒരു പ്ലാസ്റ്റിക് കൂടുമുണ്ടായിരുന്നു. കൂടിനുള്ളിൽ താറാവിനു കൊടുക്കാനായി റൊട്ടി പൊടി കൂടാതെ നാട്ടിൽ താറാവിനു കൊടുക്കുന്ന ചില ധാന്യങ്ങളുമുണ്ടായിരുന്നു. ഒന്ന് രണ്ടു ദിവസങ്ങൾക്കകം, ഇണതാറാവുകൾക്കു കറിയാച്ചനെ കാണുമ്പോൾ ലഡ്ഡു പൊട്ടാൻ തുടങ്ങി. റൊട്ടി പൊടി മാത്രം തിന്നുശീലിച്ചവക്ക് ഇപ്പൊ ഓണക്കാലം പോലെയാണ്. പല കൊതിയൂറുന്ന സാധനങ്ങളും കിട്ടിത്തുടങ്ങിയിരിക്കുന്നു. കറിയാച്ചൻ വെള്ളത്തിൽ കാലുകളും വച്ചിരിക്കുമ്പോൾ അവ കാലിൽ വന്നുരസി സ്നേഹം അറിയിച്ചു..മെല്ലെ കുറുകി. കറിയാച്ചൻ അവയെ മെല്ലെ തലോടി.മറ്റു താറാവുകളെ കറിയാച്ചൻ അടുപ്പിച്ചിരുന്നില്ല.
ഒന്ന് രണ്ടു ദിവസ്സങ്ങൾ കഴിഞ്ഞു. ഇത്തിരി വൈകിയ ഒരു സന്ധ്യ. ആൾക്കാരധികമില്ല. താറാവിന് തീറ്റ കൊടുക്കുന്ന ഭാഗം ഒഴിഞ്ഞു കിടക്കുന്നു..പതിവില്ലാതെ അന്ന് തീറ്റപ്പൊടി നിറച്ച ബാഗിനൊപ്പം മാറിയക്കുട്ടീടെ സാമാന്യം വലിപ്പമുള്ള ഹാൻഡ് ബാഗും കാണാനുണ്ടായിരുന്നു. ഇത്തവണ പ്ലാസ്റ്റിക് ബാഗ് കറിയാച്ചൻ പിടിച്ചിരുന്നു കാരണം മാറിയക്കുട്ടിയുടെ കൈയ്യിൽ ഹാൻഡ്ബാഗുണ്ടല്ലോ.
തീറ്റ കൊടുക്കുന്ന സ്ഥലത്തെത്തിയപ്പോൾ, മറിയക്കുട്ടി ഹാൻഡ്ബാഗ് കറിയാച്ചന്റെ കൈയ്യിൽ കൊടുത്തിട്ടു, വെള്ളത്തിലേക്കുള്ള പടിയിറങ്ങാതെ അവിടെ തന്നെ നിന്നു. കാവലിനെന്നോണം. കറിയാച്ചൻ കൽപ്പടവുകളിറങ്ങിയതും ഇണ താറാവുകൾ ഓടിയടുത്തേക്കുവന്നു. ഇത്തവണ കറിയാച്ചൻ കാലുകൾ വെള്ളത്തിലിട്ടല്ലായിരുന്നത്. കല്പടവിൽ കുത്തിയിരുന്നാണ് തീറ്റ കൊടുത്തത് . അരികിൽ ഹാൻഡ് ബാഗ് തുറന്നു വച്ചിരുന്നു. ഒന്ന് തിരിഞ്ഞു മാറിയക്കുട്ടിയെ നോക്കി സുരക്ഷ ഉറപ്പു വരുത്തി. കുത്തിയിരിപ്പിൽ ഒന്ന് ബലമായി മുന്നോട്ടൊന്നാഞ്ഞു ഇണ താറാവുകളിലൊന്നിനെ കയ്യിലാക്കി ഹാൻഡ് ബാഗിലിട്ടു ബാഗിന്റെ സിപ്പിട്ടു. ബലമായ മുന്നോട്ടു ആയലിൽ, ഒരധോവായു ശബ്ദമുണ്ടാക്കി പറന്നുപോയി. ആ ശബ്ദം മുകളിൽ നിന്നു കേട്ട മറിയക്കുട്ടി അതിനെ മറ്റൊരു പരിസരശബ്ദമായി അവഗണിച്ചു. ഈ ബഹളത്തിൽ, ഇണകളിൽ മറ്റേതു ശബ്ദമുണ്ടാക്കി മുന്നോട്ടു നീന്തിപ്പോയിരുന്നു.
രാത്രി അത്താഴത്തിനു മാത്തുക്കുട്ടിയും ഭാര്യയും ഉണ്ടായിരുന്നു. അവർ പത്തു നാൽപ്പതു വർഷമായി കാണാതിരുന്ന, നാട്ടിലെ പഴയ സ്‌കൂൾ കൂട്ടുകാരനെ കാണാനെത്തിയതാണ്. റെമി മാർട്ടിൻ വിസ്‌കി ഇരുവരെയും പഴയ കാര്യങ്ങൾ ഓർമിപ്പിച്ചു; കുറെ കഥകൾ പറഞ്ഞു ചിരിച്ചു. അത്താഴത്തിനു ചപ്പാത്തിക്കൊപ്പം ചിക്കൻ കറിയും താറാവിറച്ചിയുമുണ്ടായിരുന്നു. മാത്തുക്കുട്ടി താറാവുമാത്രമേ കഴിച്ചുള്ളൂ ചിക്കൻ തൊട്ടില്ല. കഴിച്ചെണീക്കുമ്പോൾ, താറാവിറച്ചി വച്ചിരുന്ന പാത്രത്തിൽ കൈയ്യിട്ടു ചാർ വടിച്ചെടുത്തു നുണഞ്ഞുകൊണ്ടു പറഞ്ഞു.
"അല്ലേ ഇവിടെ വന്നിട്ടു പത്തു നാൽപ്പതു വർഷമായി. താറാവിറച്ചി ഇത്രേം രുചിക്ക് കൂട്ടുന്നത് ആദ്യമായാണ്; ഇനി നല്ല താറാവിറച്ചിക്കു ഇങ്ങോട്ടു പോരാം!." എന്നിട്ടു ഭാര്യയെ നോക്കി, എങ്ങിനെയുണ്ടെൻറെ ഐഡിയ എന്ന മട്ടിൽ.
മറിയക്കുട്ടി കറിയാച്ചനെ നോക്കി ഒന്നു പുഞ്ചിരിച്ചു..
"എപ്പോഴും കിട്ടില്ല കേട്ടോ സീസണിൽ വരണം" കറിയാച്ചൻ പകുതി സീരിയസ് ആയി പറഞ്ഞു, രഹസ്യത്തിൽ മാറിയക്കുട്ടിയെ കണ്ണിറുക്കി കാണിച്ചു.
ഈ നേരമത്രയും, തലയിലും മുതുകത്തും മയിൽനിറമുള്ളവൾ, തടാകത്തിൽ ഒഴിഞ്ഞൊരുകോണിലുള്ള കൽപ്പടവിൽ, ഉറങ്ങാതെ ഇരുകാലിൽ വിറങ്ങലിച്ചു നിൽപ്പുണ്ടായിരുന്നു. സംഭവിച്ചതെന്തെന്നു തിരിയാതെ. അവളുടെ പിങ്ക് നിറമുള്ള കാലുകൾ, ആ നിൽപ്പിൽ തളർന്നു മരവിച്ചു നിറം മാറി തുടങ്ങിയിരിക്കുന്നു..ചിന്തയില്ലാതെയെങ്കിലും വിരഹം അവളറിയുന്നു. ആ നിൽപ്പിലെപ്പോഴോ, ഇരുട്ടിൽ, നിലാവിൽ അവളിൽ നിന്നും കണ്ണുനീരുപോലെയെന്തോ തടാകത്തിൽ വീണു ലയിച്ചു. നിൽപ്പെത്ര നേരമെന്നറിയാത്ത കാലുകൾക്കു കനം വച്ചുകൊണ്ടേയിരുന്നു.
ചിലരുടെ ജീവിതം മറ്റുചിലർക്ക് ഇരമാത്രമാണ്.
കൊള്ളാം ...
ReplyDelete