Saturday, October 26, 2019

താങ്ക്സ് ഗിവിങ്

(2019 ഒക്ടോബർ ലക്കം 'എഴുത്തു' മാസികയിൽ പ്രസിദ്ധീകരിച്ചത്)

                                                         താങ്ക്സ് ഗിവിങ് 

      തലച്ചോറിന്റെ ഗാനമേള കേട്ട് പാലച്ചോട്ടിൽ ഇട്ടി കട്ടിലിൽ രസിച്ചു കിടന്നു.

      'ഒത്തു തിരിച്ചവർ കപ്പൽ കേറി

       മലനാട് നോക്കി പുറപ്പെട്ടാറെ

       കൊടുങ്ങല്ലൂരങ്ങിതെ വന്നിറങ്ങി

       കൊച്ചി ലഴിമുഖം കണ്ടവാറെ'

       പുറത്തെ ശബ്ദങ്ങൾ കേൾപ്പിച്ചു തരുന്ന സാധനം മാത്രമല്ല ചെവികൾ.  മനുഷ്യന് ഇങ്ങിനെ വയ്യാണ്ട് കിടക്കുമ്പോ ഇഷ്ട്ടപ്പെട്ടിരുന്നതും പാടിയിരുന്നതുമായ പാട്ടുകൾ ഒരു പാട്ടു പെട്ടീടേം സഹായമില്ലാതെ സ്വന്തം തലമണ്ട തെരഞ്ഞെടുത്തു ചെവിക്കോളാമ്പികളിലൂടെ കേപ്പിക്കുന്നത് ഒരു സുഖാല്ലേ? ആണ്, ഇട്ടി സ്വയം സമ്മതിച്ചു. പക്ഷേങ്കി അത്ര സുഖമല്ലാത്ത കേൾപ്പിക്കലുകളും ഉണ്ട്. അപ്പച്ചനോട് കള്ളിന്റെ ലഹരിയിൽ മൊതലിനായി വഴക്കൊണ്ടാക്കീതും അമ്മച്ചിയെ കരയിപ്പിച്ച ചെല അവസരങ്ങളും എല്ലാം ചെലപ്പോ കേക്കേണ്ടിവരും.എന്തിന് പണ്ടെപ്പോഴോ പാടിയ ഭരണിപ്പാട്ടുകള് പോലും. അതില് നിന്നും ഒരു രക്ഷേമില്ല.

       ഒച്ചയും ബഹളോം കൂടുമ്പം ചെലപ്പോ അറിയാതെ രണ്ടു ചെവിയും പൊത്തിപ്പോവും. സഹിക്കാൻ മേലാതെ വരുമ്പം മാത്രം ഉറക്കെ വിളിക്കും.

       “തെയ്യാമ്മേ.. എടീ തെയ്യാമ്മേ..”

       അത് കേക്കുമ്പളേ തെയ്യാമ്മ കട്ടിലിനരുകിൽ നിറയും. 

       “ഞാനടുത്തുണ്ടെന്ന. നിങ്ങള് അറിയാവുന്ന നമസ്ക്കാരോം എത്തിച്ചു കെടക്കാനേ ഒറക്കം വന്നോളും.”

       “നീയവിടിരിക്കെടി. ആകെ പരവേശാ. മൊത്തത്തി ഒരു തണുപ്പാ ഇപ്പൊ”

       “ഞാനിവിടുണ്ടെന്നേ. നിങ്ങള് ദേ അങ്ങോട്ട് തിരിഞ്ഞു കെട.  ആ പൊതപ്പെടുത്തങ്ങോട്ടു മൂട്. തണുപ്പൊക്കെ പൊക്കോളും”

       അവള് പറേന്നപോലൊക്കെ ചെയ്താലും മറ്റേടത്തെ  തെറിപ്പാട്ട് പിന്നേം വന്നോണ്ടിരിക്കും. വട്ടാവും ചെലപ്പോ. അപ്പൊ ഉച്ചത്തിൽ പിന്നേം ഒച്ചവെക്കും. അതുകേട്ടു മുറിയിൽ വരുന്നതു ജോസൂട്ടിയാവും.

       “അച്ചാച്ചാ! എന്നായിതു. ആരോടാ ഇങ്ങിനെയൊക്കെ പറയുന്നേ?”

       “ങാ ജോസൂട്ടി, അച്ചാച്ചനേ സ്വപ്പനം കണ്ടതാ മോനെ.”

       “അടങ്ങികിടക്കെന്റപ്പച്ചാ. അവക്ക് വെളുപ്പിനെ ജോലിക്കു പോവേണ്ടതാ”

       ഒന്നും മിണ്ടാതെ പിരാകി കൊണ്ടു കിടക്കും. വിലക്കുകൾ പാടില്ലാത്ത

തെറിയും കേട്ട്. വെളുക്കപ്പൊറാവുമ്പം ഒരു മയക്കം കിട്ടും. രാവിലെ

വൈകിയാവും എണീക്കുക. എപ്പോ എണീറ്റാലെന്നാ. കാത്തിരിക്കാൻ പതിവുപോലെ ഒരു വലിയ കിണ്ണം നിറയെ ഓട്സും കൂടെ കുറെ പഴങ്ങളും. അതു വേണ്ടിടത്തു തന്നെ ഉണ്ടാവും.

       എണീക്കുമ്പം എല്ലാപേരും ജോലിക്കു പോയിരിക്കും. 

       അന്നും പതിവുപോലെ,  ഇട്ടിക്കുഞ്ഞെണീറ്റു ടി വി ക്കു മുന്നിലെ സോഫയിൽ പോയിരുന്നു. വീണ്ടും ഓരോന്നോർത്തു.

       ജോസൂട്ടിക്ക് പിള്ളേരില്ല. ഒണ്ടാരുന്നേൽ അതുങ്ങളെ കണ്ടും കളിപ്പിച്ചുമിരിക്കാമായിരുന്നു. വലിയൊരു ടി വി ഉണ്ട്. സ്വിച്ചിട്ടു ഓണാക്കിയാ അതേക്കാളും വേഗത്തില് ഓഫാക്കാൻ തോന്നും. ഒടുക്കത്തെ ഇംഗ്ലീഷ്. മലയാളം വല്ലോം കാണണോങ്കി വൈകുന്നേരം ഏലിയോ ജോസൂട്ടിയോ വരണം. രണ്ടു റിമോട്ടുണ്ട്. അതിലൊന്നില് എന്തോ ചെയ്താലേ മലയാളം പരിപാടി കിട്ടൂ. ഏഷ്യാനെറ്റ് കൈരളി എല്ലാം കിട്ടും. ആദ്യം പഠിപ്പിച്ചു തന്നാരുന്നു. ഒരു പ്രാവശ്യം ഒരബദ്ധം പറ്റി. മലയാളത്തിനുവേണ്ടി ഞെക്കിയത് മാറിപ്പോയി.

       ടി. വി.ക്കതു പിടിച്ചില്ല. വല്ലാത്തൊരൊച്ചയോടെ അത് കറുപ്പും വെളുപ്പും കുത്തുകളിട്ടു ദേഷ്യപ്പെട്ടു. എന്തുചെയ്‌തിട്ടും മാറുന്നില്ല. അവസാനം ടി. വി. തന്നെ ഓഫു ചെയ്തു. വൈകുന്നേരം ഏലിക്കു 'തട്ടീം മുട്ടീം' സീരിയലു കാണാൻ മേലാതെ എന്നാ പുകിലാരുന്നു. അതോടെ ടീ വിടെ കാര്യത്തിലൊരു തീരുമാനമായി.

      നെടുവീർപ്പോടെ ഇട്ടി സോഫായിൽ ഒന്നിളകിയിരുന്നു. അലസമായ നോട്ടം ചെന്നു തറച്ചത് ഫയർ പ്ലേസിനു (മുറിയിൽ ചൂടിനായി തീയുണ്ടാക്കാനുള്ള സ്ഥലം) മുകളിൽ ഭിത്തിയിലെ കർത്താവിന്റെ വല്യ പടത്തേലായിരുന്നു. ആ കണ്ണുകൾ തന്നോടു സഹതപിക്കുന്നതായി അയാൾക്ക് തോന്നി.

       കുറെ നേരം അങ്ങിനെയിരുന്നു.

       ഏകാന്തതയുടെ മടുപ്പ് സഹിക്കാൻ മേലാഞ്ഞിട്ടാണ് പുറത്തേക്കിറങ്ങിയത്. വീട്ടിലാരുമില്ലാത്തപ്പോൾ പുറത്തിറങ്ങരുതെന്നാ ജോസൂട്ടിടെ എണ്ണമറ്റ കല്പനകളിലൊന്ന്.         വീടിനു പിന്നിലെ യാഡിൽ (പറമ്പ്) എലീനയുടെ പൂന്തോട്ടമാണ്. അങ്ങോട്ടു  നടന്നു. 

        പല തരം ചെടികൾ. ചെടികളുടെ പേരുകൾ നാട്ടിലേതു പോലൊന്നുമല്ല. ആദ്യമൊക്കെ പേരുകൾ തന്നെ ഇട്ടിക്കുഞ്ഞിന്  വെല്ലുവിളികളായിരുന്നു . ഒടുവിൽ 'ഒരു പേരിലെന്തിരിക്കുന്നു' എന്ന് സമാധാനിച്ചാണ് അവക്കിടയിലൂടെ നടക്കാൻ തുടങ്ങിയത്. തലങ്ങും വിലങ്ങും. ചെരുപ്പിടാതെ  പാദങ്ങൾ മണ്ണിലൂന്നി. പാലച്ചോട്ടിൽ വീട്ടുപറമ്പിന്റെ സുഖം ചിലപ്പോഴെങ്കിലും കിട്ടിയിരുന്നത് അങ്ങനെയൊക്കെയാണ്.

        നടത്തിനിടെ, നിലത്തു വാടിവീണുകിടന്ന പൂക്കൾ കണ്ടപ്പോൾ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയപ്പെട്ട  തന്റെ ജീവിതം ഓർത്തു.        

       തെയ്യാമ്മയുടെ അകാല മരണം ഇട്ടിക്കൊരിടിവെട്ടായിരുന്നു. അല്ലെങ്കിൽ ഒരിക്കലും നാടുവിടാൻ ഒരുങ്ങുമായിരുന്നില്ല. നിരന്തരമായി ജോസൂട്ടിടെ ഫോൺ വിളികൾ. പിന്നെ, എ ങ്ങാനും തലേലാവുമന്നു കരുതി ബന്ധുക്കളുടെ  സ്നേഹം നടിച്ചുള്ള ഉപദേശങ്ങളും.

       “അതേയ്!  അവിടെ ഒറ്റക്കുകിടന്നു എന്തേലും സംഭവിച്ചാ പിന്നെ നാട്ടുകാരുടേം സ്വന്തക്കാരുടേം വക കുറ്റപ്പെടുത്തലുകളു മുഴുവൻ ഞങ്ങള് കേക്കണം. മേലാത്ത അപ്പനെ നാട്ടീ ഇട്ടിട്ടു  ഒറ്റമോൻ അമേരിക്കയിപ്പോയി സുഖിക്കുവാന്നു.”, ജോസൂട്ടിടെ വാക്കുകൾ. പലതവണ കേട്ടതാണ്. ഒന്നും പറയാറില്ല. ഒരിക്കൽ ശാസന പോലെ പറഞ്ഞു:

       “അച്ചച്ചാ, ഞങ്ങള് ടിക്കറ്റു ബുക്കു ചെയ്യുവാ.ഏലിയും ഇരുത്തി പൊറുപ്പിക്കുന്നില്ല. ഇവിടെ ഞങ്ങൾ മാത്രമല്ലേയുള്ളു. പിന്നെന്താ ഇങ്ങു പോരാനെ”

       അന്ന് രാത്രി കിടന്നിട്ടുറക്കം വന്നില്ല. തെയ്യാമ്മയോടു കുറെ പരിതപിച്ചു. ജോസൂട്ടിയെ തെറി പറഞ്ഞു. ആദ്യം ഒന്നും മിണ്ടിയില്ല. ഒടുവിലവർ പറഞ്ഞു:

       “ന്റെ മനുഷ്യാ. ഞാനും അതാന്നാ പറേണെ. നാശങ്ങള്  നാട്ടിലൊരെണ്ണത്തിനെ വിശ്വസിക്കാമ്മേലാ. ഇതിയാനങ്ങു പോ. ഞാനില്ലേ കൂടെ? ഒന്നൂല്ലേലും നമ്മുടെ ജോസൂട്ടിടെ കൂടല്ലേ. ഒന്നും ആലോചിക്കെണ്ടാന്നേ. കിടന്നുറങ്ങാൻ നോക്ക്  നാളെ ആശൂത്രീ പോവേണ്ടതല്ലേ?”

       പിറ്റേന്ന് രാവിലെ ഡ്രൈവർ എത്തി. ആശുപത്രിയിൽ കൊണ്ടുപോകാൻ. ആഴ്ചയിൽ മൂന്നു ദിവസ്സം ഡയാലിസിസ്. ഡ്രൈവർ നല്ല പയ്യനാണ്. എല്ലാം വേണ്ടപോലെ ചെയ്തോളും. ‘അവൻ പിന്നെ ചെയ്യേണ്ടതല്ലേ. അതിനല്ലേ മാസാമാസം ജോസൂട്ടി എണ്ണി കൊടുക്കുന്നെ’, ഇട്ടിക്കുഞ്ഞു സ്വയം ന്യായീകരിച്ചു.

      നന്നായി ഡ്രസ്സ് ചെയ്തോ എന്നൊക്കെ ഡ്രൈവർ പയ്യൻ ഉറപ്പുവരുത്തി. പതിവുപോലെ ഹാൻഡ്ബാഗിൽ എന്തൊക്കെയോ നിറച്ച ശേഷം മെല്ലെ പിടിച്ചു വണ്ടിയിൽ കയറ്റി. ആശുപത്രിയിൽ എത്താൻ ഇത്തിരി വൈകി. പക്ഷെ അമേരിക്കേലുള്ള ജോസൂട്ടിടപ്പൻ ഇച്ചിരി വൈകിയാലും അത് എല്ലാർക്കും ഓക്കേയാണ്.

       ഒരുപക്ഷെ അസുഖം പോലും തനിക്കു സ്വകാര്യമായ ആഘോഷങ്ങളായിരുന്നു- അയാളോർത്തു.

       സ്ഥിരം കാണാറുള്ളവർ തന്നെയാണ് കൂടെയുള്ള രോഗികൾ. അതുകൊണ്ടു തന്നെ അവർക്കിടയിൽ വല്ലാത്ത പാരസ്പര്യം ഉണ്ടായിരുന്നു. ചിലര് മരിച്ചുപോയി. മറ്റു ചിലർ വളരെ മോശമായ അവസ്ഥകളിലാണ്. എന്നാലും ശേഷിക്കുന്നവരിൽ ഒരാൾ വന്നില്ലെങ്കിലോ താമസിച്ചുപോയാലോ ഒക്കെ മറ്റുള്ളവർ വല്ലാതെ ഉൽക്കണ്ഠാകുലരാകാറുണ്ട്. ചിലർക്ക് ഇക്കാരണത്താൽ ബി പി കൂടി ഡയാലിസിസ് തുടങ്ങാൻ താമസിച്ചു പോയ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഈ അന്വേഷണങ്ങൾ, ശ്രദ്ധ ഒക്കെ ഒരു സുഖമാണ്. കൂട്ടുകാരുടെ വഴിയേ പോയി തെയ്യാമ്മക്കൊപ്പം ചേരാൻ ഇട്ടിക്കു സന്തോഷമാണ്; അത് തന്നെയാണ് മോഹവും.

       കുശലാന്വേഷങ്ങൾക്കു ശേഷം പതിവുപോലെ കക്കൂസിൽ പോയി. ബാഗുമായേ കക്കൂസിൽ പോകാറുള്ളൂ. ഉള്ളിലെത്തി കതകടച്ചു കുറ്റിയിട്ടു. ബാഗ് തുറന്നു. ഡ്രൈവർ മിക്സ് ചെയ്തു വച്ചിരുന്ന പൈന്റ് കുപ്പിയിലെ ബ്രാണ്ടി മുക്കാലും അകത്താക്കി. കുപ്പി തിരികെ ബാഗിൽ വച്ചു. രണ്ടു മിനിറ്റു നേരം വെറുതെ ഒന്നും ചെയ്യാതെ നിന്നു. പിന്നെ വിസ്തരിച്ചൊന്നു മൂത്രമൊഴിച്ച ശേഷം ഫ്ലഷ് ചെയ്തു. അത് പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇട്ടിക്കുഞ്ഞിന്റെ നമ്പരാണ്‌. പക്ഷെ അതൊക്കെ അറിയുന്നവർക്കറിയാം എന്ന് ഇട്ടിക്കുഞ്ഞിന് മാത്രം അറിയില്ല.

       പിന്നെ വന്നൊരു കിടപ്പാണ്, മുന്നിലെ ടി വിയും നോക്കി. എല്ലാം കഴിഞ്ഞു കൂട്ടുകാരോട് യാത്ര പറഞ്ഞു പിരിയുന്നത് പുതിയ ആകാശവും പുതിയ ഭൂമിയും നേടിയ പുതു രക്തമുള്ള ഇട്ടിയാണ്. ഡ്രൈവറോടൊപ്പം തിരികെയാത്ര ശുഭമായി അവസാനിക്കണമെങ്കിൽ കവലയിൽ കാറ് നിറുത്തി പനയത്തിലെ കുര്യന്റെ ചായക്കടയില് നിന്നും രണ്ടു പരിപ്പുവടയും ചായയും കിട്ടണം. അതും ഡ്രൈവർ പയ്യൻ തന്നെ വാങ്ങി കാറിൽ കൊണ്ടു കൊടുക്കും.

       ഇങ്ങിനെയൊക്കെ കഴിഞ്ഞ താനിപ്പോൾ  നരകത്തിലാണ്. ഇട്ടിക്കുഞ്ഞു ചിന്തിച്ചു. അന്നുണ്ടായിരുന്നവരിൽ എത്രപേർ ഇപ്പൊ ബാക്കി കാണും. പോയവർ ഭാഗ്യം ചെയ്തവർ. സ്വന്തം മണ്ണിൽ മരണം സ്വന്തമാക്കിയവർ. 

       അയാളുടെ ആരോഗ്യം നന്നേ താഴെപ്പോയിരുന്നു. ഡയാലിസിസിനു ജോസൂട്ടി കൊണ്ടുപോയ്ക്കോളും. പക്ഷെ നാട്ടിലെ..മറ്റേ.. ആഡംബരം ഇല്ലെന്നു മാത്രം.

       ഇട്ടിക്കു ചെറുതായി പരവേശമനുഭവപ്പെട്ടു. ചെറുതായി ദേഹം തളരുന്നു. തറയിൽ തന്നെയിരുന്നു. കൈയ്യിലെ കുപ്പി തുറന്നു വെള്ളം കുടിച്ചു. കുറേനേരം കുനിഞ്ഞങ്ങിനെയിരുന്നു. നടക്കാമെന്നായപ്പോൾ എണീറ്റു. ബദ്ധപ്പെട്ടു നടന്നു വീടിനുള്ളിൽ കയറി സോഫയിൽ കിടന്നു, എപ്പോഴെങ്കിലും കിട്ടിയേക്കാവുന്ന  ഉറക്കവും കാത്ത് .

       ഈയിടെയായി മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഇട്ടിക്കുഞ്ഞിനെ  അലട്ടാൻ തുടങ്ങിയിരുന്നു. മരണഭയം മുമ്പൊന്നും തോന്നിയിട്ടില്ല. ചെയ്യേണ്ടതെല്ലാം ചെയ്തുതീർത്തുവെന്ന സംതൃപ്തിയാണോ അതിനു പിന്നിൽ? ഒരിക്കലുമല്ല. എന്തേലും കാര്യമായി ചെയ്തു എന്നൊന്നും വിചാരിക്കുന്നുമില്ല. ഇനിയെന്തേലും ആഗ്രഹം ബാക്കിയുണ്ടോ? ഒന്നുണ്ട് - ‘ശവാടക്ക് നാട്ടില് പള്ളി പറമ്പി വേണം. കുടുംബക്കാരുടെ കൂട്ടത്തി തെയ്യാമ്മക്കടുത്തു. നാട്ടിലാണെങ്കി ആരെങ്കിലുമൊക്കെ ഇടയ്ക്കു കാണാൻ വന്നെന്നിരിക്കും. ചെലരുടേങ്കിലും കൈയ്യിൽ പൂക്കളും കാണും.

       തെയ്യാമ്മേടേം എന്റേം കല്ലറകൾക്കു മേൽ പൂക്കൾ വച്ചിട്ടവര് വായിക്കും.

       പാലച്ചോട്ടിൽ ഇട്ടിക്കുഞ്ഞു

       ജനനം : 1934 ഡിസമ്പർ 4

       മരണം : .....................

       അതുമതി. അവിടെ അങ്ങിനെ കുടുംബത്തിൽ മരിച്ചവനാവണം.’            

       സന്തോഷത്തോടെ ഉറങ്ങിയ അന്ന് രാത്രി, മെഴുകുതിരികളുടെ വെളിച്ചത്തിൽ അവയുടെ കാവലിൽ വെള്ള വസ്ത്രമിട്ടു കുരിശും കൈയ്യിൽ പിടിച്ചു കിടക്കുന്ന ഇട്ടിക്കുഞ്ഞു. ചുറ്റിനും പരിചിത മുഖങ്ങൾ. അവർ സംഘമായി പാടുന്നു.

       'മങ്ങിയോരന്തിവെളിച്ചത്തിൽ

       ചെന്തീ പോലൊരു മാലാഖ

       വിണ്ണിൽനിന്നും മരണത്തിൻ

       സന്ദേശവുമായ് വന്നരുകിൽ'

       സ്വപ്നത്തിലെ ഇട്ടിക്കുഞ്ഞിനെ കണ്ടു ഉറങ്ങുന്ന ഇട്ടിയുടെ ചുണ്ടത്തു  പുഞ്ചിരി വിടർന്നു.

       നാട്ടിൽ മരിച്ചില്ലേലും അമേരിക്കയില് മരിക്കേണ്ടാത്തതിനു  മറ്റൊരു കാരണം കൂടിയുണ്ട്. ഇവിടുത്തെ വേക്ക് എന്ന ചടങ്ങു്. അതിനു ശവത്തെ ഒരുക്കുന്ന രീതി. എംബാം എന്ന് പറയുമത്രെ. വന്നയിടെ ആദ്യമായി പോയ ഒരു വേക്കിനാണ് ഈ വാക്ക്  പിടിച്ചെടുത്തത്. അടുത്തിരുന്നവരുടെ വർത്തമാനത്തിൽ നിന്ന്.

       വീട്ടിലെത്തി ജോസുട്ടിയോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.

       “അച്ചച്ചാ എംബ്ലം അല്ലാ എംബാം”, എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞ കാര്യങ്ങൾ കേട്ട് ഇട്ടിക്കുഞ്ഞു ഞെട്ടി.

       പിന്നീട് ഒരു വേക്കിനു കൂടി മാത്രമേ പോയുള്ളു. പറമ്പിലെ വർക്കീനെ കാണാൻ. കണ്ണാടിയും വച്ച് കുരിശും പിടിച്ചു കിടക്കുന്ന വർക്കിക്ക് മരണം വരെ അവശ്യസാധനങ്ങളായി കൊണ്ടുനടന്നിരുന്ന കരളും കുടലുമൊക്കെ അപ്പോൾ നഷ്ടമായിരുന്നു എന്ന് ഞെട്ടലോടെ ഓർത്തു. വർക്കിക്ക് പകരം ശവപ്പെട്ടിയിൽ ഇട്ടിയെ സ്വയം സങ്കൽപ്പിച്ചു. ശവമായാൽപ്പോലും സ്വന്തം ശരീരം ഇങ്ങിനെ കീറിമുറിക്കുന്നത് ഇട്ടിക്കു സ്വീകാര്യമായിരുന്നില്ല. അത്രമേൽ അയാൾ അയാളെ ഇഷ്ടപ്പെട്ടിരുന്നു.

       പക്ഷെ പിറ്റേന്നു കാര്യം ജോസൂട്ടിയോടു നയത്തിൽ അവതരിപ്പിച്ചെങ്കിലും മറുപടി കേട്ടപ്പോ കരച്ചിലാണു  വന്നത്.

       “അപ്പച്ചന് എന്തേലുമൊക്കെ പറഞ്ഞു വെച്ചിട്ടു പോയാ മതി. അതിനൊക്കെ എന്നാ ഫോർമാലിറ്റീസ് എന്നറിയാമോ? കാശിന്റെ കാര്യം  പോട്ടെ. ഒന്നോർത്തുനോക്ക്. പാലച്ചോട്ടിൽ ഇട്ടിക്കുഞ്ഞു അമേരിക്കയിൽ നിര്യാതനായി എന്ന വാർത്തയും പാലച്ചോട്ടിൽ ഇട്ടിക്കുഞ്ഞു നിര്യാതനായി എന്നതും തമ്മിലുള്ള വ്യത്യാസം! ഒന്നുമാലോചിക്കാത്തങ്ങു പറഞ്ഞൊള്ളുവാ!”

       കൂടുതലൊന്നും പറഞ്ഞില്ല. പ്രതിഷേധം രണ്ടു ദിവസത്തെ നിരാഹാരം കൊണ്ടു രേഖപ്പെടുത്തിയെങ്കിലും സംഗതി  ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൊണ്ടെത്തിച്ചു. പിറ്റേന്ന് തന്നെ ജോസൂട്ടി  അപ്പച്ചനെ സമാധാനിപ്പിച്ചു.

       “അപ്പച്ചനിപ്പം ഒന്നുമാലോചിക്കേണ്ട. എല്ലാം അപ്പച്ചന്റെ  ഇഷ്ട്ടം പോലെയേ ചെയ്യൂ. ഇപ്പൊ ശരിക്കു മരുന്നും ഫുഡും കഴിക്ക് കേട്ടോ.”

       ജോസൂട്ടിയുടെ മനം മാറ്റം ഇട്ടിക്കുഞ്ഞിനെ സന്തോഷിപ്പിച്ചെങ്കിലും അതിനു കാരണം എലീനയുടെ തലയിണ മന്ത്രമായിരുന്നു  എന്നയാൾ അറിഞ്ഞില്ല.

       “നിങ്ങള് ചുമ്മാ തർക്കിക്കാനൊന്നും നിക്കണ്ട. അങ്ങ് സമ്മതിച്ചു കൊടുത്തേക്കണം. നമ്മള് എന്തേലും പറഞ്ഞു  അപ്പച്ചനെന്തെങ്കിലും പറ്റിപ്പോയാൽ അറിയാല്ലോ. മരിച്ചു കഴിഞ്ഞാൽ പിന്നെ ചോദ്യം ഉണ്ടാവില്ലല്ലോ.”

       ഇവിടെയൊക്കെയാണ് ജോസൂട്ടി എലീനയെ സമ്മതിച്ചു കൊടുക്കുന്നത്.

       മൂന്നു മാസം കഴിഞ്ഞിരിക്കണം. ഇട്ടിയുടെ ആരോഗ്യവും ബോധവും നന്നേ ക്ഷയിച്ചു. പലപ്പോഴും ഡയാലിസിസ് ഇടക്കുവച്ചു നിറുത്തി മണിക്കൂറുകൾക്കു ശേഷം വീണ്ടും തുടരേണ്ടി വന്നു. തളർച്ചയോ ബോധക്കേടോ ഒക്കെ പതിവായി. ചിലപ്പോൾ ഉള്ളിൽ കയറിയ രക്തം തിരിച്ചിറങ്ങി. അകാരണമായുണ്ടായ ഭയം അയാളുടെ ഉറക്കത്തിന്റെ ക്രമം തെറ്റിച്ചു. ചിലപ്പോൾ രാത്രി മുഴുവൻ ജോസൂട്ടി അടുത്തിരിക്കണം. ബോധത്തിന്റെ ഇടവേളകളിൽ അയാൾ സ്വയം ശപിക്കാനും  വെറുക്കാനും തുടങ്ങി.

       അങ്ങിനെ ‘താങ്ക്‌സ് ഗിവിങ് ഡേ’ വന്നെത്തി. അമേരിക്കയിൽ ക്രിസ്മസ് പോലെ തന്നെ പ്രാധാന്യമുള്ള ദിവസ്സം. വൈകിട്ട് ജോസൂട്ടിയുടെ കൂട്ടുകാർ, എലീനയുടെ കൂടെ ജോലി ചെയ്യുന്ന മലയാളികൾ, കൂടാരയോഗക്കാർ അങ്ങിനെ ഒരു വലിയ സംഘത്തെ തന്നെ വിളിച്ചിട്ടുണ്ടെന്ന് അവരുടെ ഒരുക്കങ്ങൾ കണ്ട് മനസ്സിലായി. ഇവിടെ വന്ന ശേഷം ആദ്യകാലത്തു ഇത്തരം പാർട്ടികൾ മാത്രമാണ് സന്തോഷം നൽകിയിരുന്നത്. എന്തൊക്കെയാണേലും കുറച്ചു ഹെന്നസ്സി രഹസ്യമായോ പരസ്യമായോ അടിച്ചിട്ട് കുറെ വർത്തമാനം പറയുക. ആളുകളെ രസിപ്പിക്കാൻ പ്രത്യേക കഴിവുണ്ട് ഇട്ടിക്ക്. രണ്ടെണ്ണം ചെന്നാൽ പിന്നെ പറയുകേം വേണ്ട.

       ജോസൂട്ടി നേരത്തേ  താക്കീതു നൽകിയിരുന്നു. അധികം കുടിക്കരുതെന്ന്. എന്നാലും പരസ്യമായി രണ്ടെണ്ണവും രഹസ്യമായി കുറെ കൂടുതലും അടിച്ചു ഉഷാറായി.

       “ഈ ടർക്കിയിറച്ചി കഴിക്കണേലും ഭേദം വെറകുകൊള്ളിയെടുത്തു ചവക്കുന്നതാ”, പതിവ് ശൈലിയിൽ ഇട്ടിക്കുഞ്ഞു തുടങ്ങി. ചുറ്റുമിരുന്നവർ ഇറച്ചി കഴിച്ചുകൊണ്ട് തന്നെ ഇട്ടിയെ പ്രോത്സാഹിപ്പിച്ചു.

       “അന്നത്തെ ഇംഗ്ലീഷുകാർക്കു..”

       “അതായതു പിൽഗ്രിംസ്,” കൂടെയിരുന്നവരിൽ ഒരാൾ പൊതുവിജ്ഞാനം പങ്കുവെച്ചു.

       “ആ അതാന്നെ,” ഇട്ടി തുടർന്നു, “അപ്പൊ ആദിമ ഇന്ത്യക്കാര്,  വന്നുകേറിയ ഇംഗ്ലീഷുകാർക്കു ചെയ്തു കൊടുത്ത നല്ല കാര്യങ്ങൾക്കുള്ള ഉപകാര സ്മരണയാണല്ലോ ഈ താങ്ക്സ് ഗിവിങ്. പക്ഷെ ആദ്യത്തെ താങ്ക്സ് ഗിവിങ് അത്താഴവിരുന്നിനു ഒന്നാന്തരം ബീഫ് ഒണ്ടായിരുന്നെന്നാ ഞാൻ കേട്ടക്കണേ. അതങ്ങു തുടർന്നു പോയാ പോരാരുന്നോ?”

       “അപ്പൊ ടർക്കി കോഴിക്ക് ഈ ഗതി വന്നതെങ്ങിനാ? അതിന്റെ ഇറച്ചി തിന്നേണ്ടി വരുന്ന നമുക്കും?” ജോസുട്ടിടെ ഫ്രണ്ട് ആന്റണി വകയായിരുന്നു ചോദ്യം.

       ഇട്ടിക്കു രസം കേറി. വന്ന കാലത്തു വായിച്ച ചിലതു തന്മയത്വത്തോടെ തട്ടി വിട്ടു:

       “സ്പെയിന്കാരും ഇംഗ്ലീഷുകാരും തമ്മിൽ ശത്രുതയിലായിരുന്ന കാലം. നമ്മുടെ എലിസബത്തു രാജ്ഞി ഇതുപോലൊരു വല്യ അത്താഴത്തിനിരിക്കുമ്പോഴാണ് ന്യൂസ് വരുന്നത്. സ്പെയിൻകാരുടെ യുദ്ധക്കപ്പലുകൾ മുങ്ങിപ്പോയെന്നു. സന്തോഷം സഹിക്കാൻ മേലാഞ്ഞിട്ടവരു തുള്ളിച്ചാടി.”

       “അല്ലെ അതും താങ്ക്സ് ഗിവിങ്ങുമായിട്ടെന്തു  ബന്ധം?” നാട്ടീന്നു വന്നിട്ടധിക നാളായിട്ടില്ലാത്ത ചെറുപ്പക്കാരൻ ചോദിച്ചു.

       അപ്പോഴാണ് ജോസൂട്ടി ഇടയ്ക്കു വന്നു കൂടെയിരിക്കുന്നവരോടായി പറഞ്ഞിട്ടു പോയത്:

       “അപ്പച്ചനധികം കൊടുക്കണ്ട കേട്ടോ. ഡയബറ്റിക് ആണ്.”

       ഇട്ടി അത് കേട്ടതായി നടിച്ചില്ല. മറ്റുള്ളവർ ആ മൂഡിൽ അതത്ര കാര്യമായെടുത്തില്ല. ഗ്ലാസ് കാലിയാവുമ്പോൾ വീണ്ടും നിറഞ്ഞുകൊണ്ടേയിരുന്നു.

       “ങാ രാജ്ഞി അപ്പൊത്തന്നെ ഒരു റൗണ്ട് ഗൂസിറച്ചി (ഗൂസ് - ടർക്കിയെ പോലെത്തന്നെ തടിച്ചു വലുതായൊരു പക്ഷി) എല്ലാർക്കുമായി കൊണ്ട് വരാൻ പറഞ്ഞു, ആഘോഷം കേമമാക്കാൻ. ഇവിടെ അമേരിക്കയില് അന്നുണ്ടായിരുന്ന ഇംഗ്ലീഷുകാര്  ആദിമ ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്കു ടർക്കിക്കോഴി വെളമ്പാൻ തുടങ്ങി. ആ സമയത്തു ഗൂസിനെ കിട്ടാത്തതു കൊണ്ടാവും. പിന്നെയതങ്ങു  തുടർന്നു, എല്ലാ വർഷോം. എന്നതായാലും  ടർക്കിക്കു  കിട്ടിയ ശാപം ഗൂസിനു രക്ഷയായി,” തത്വചിന്തയിൽ ഇട്ടി കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചു.

       പാർട്ടി കഴിഞ്ഞു കിടന്നെങ്കിലും ഉറക്കം വന്നില്ല. കുറേനേരം കഴിഞ്ഞു ഉറങ്ങാൻ മരുന്നെടുത്തു.

       സ്വപ്നം കാണാൻ മരുന്നെടുത്തു എന്നാണ് പറയേണ്ടത്. പ്രത്യേക നിറക്കൂട്ടുകളുടെ ധാരാളിത്തം നിറഞ്ഞ സ്വപ്നം. 

       അയാൾ കണ്ടിട്ടില്ലാത്ത തെയ്യാമ്മയുടെ മയിലാഞ്ചിയിടൽ മുഴുവൻ അവളുടെ തറവാട്ടു മുറ്റത്തെ വല്യ പന്തലിൽ അന്നു രാത്രി കണ്ടു. വല്യമ്മച്ചി മയിലാഞ്ചിയണിയിക്കുന്നതും അപ്പാപ്പന്മാർ ഇച്ഛപ്പാട് കൊടുക്കുന്നതും ഒക്കെ. മാർഗം കളിപ്പാട്ടിന്റെ ഓളം ഇട്ടിക്കുഞ്ഞിനെ ഉന്മാദം കൊള്ളിച്ചു.

      ‘കാലാൽ നടന്നു കനി  തിന്ന കാരണം

       കാൽപ്പുടം തന്നിൽ പൊതിയുന്നു മൈലാഞ്ചി’

       ചട്ടയും മുണ്ടുമിട്ട അവളുടെ സൗന്ദര്യം ഒരു കാഴ്ച്ചക്കാരനെപ്പോലെ  അയാൾ നോക്കിക്കണ്ടു. കാതുകളിലെ സ്വർണകുണുക്കിൽ തെയ്യാമ്മ തിളങ്ങി.

       പിന്നെ അന്തം ചാർത്തൽ. അളിയന്റെ കൈപിടിച്ച് പന്തലിൽ വന്നത്. കൊരണ്ടിയിലിരുന്നപ്പോൾ ക്ഷുരകന്റെ ചോദ്യം:

       “പതിനേഴു പരിഷക്കു നേരുള്ള മാളോരോട് ചോദിക്കുന്നു, മണവാള ചെറുക്കനെ അന്തം ചാർത്തട്ടെ?”

       മൂന്നാം തവണത്തെയും ചോദ്യത്തിനുത്തരം അതേയെന്നായപ്പോൾ അയാൾ ചെറുക്കനെ ക്ഷൗരം ചെയ്തു. എണ്ണ തേച്ചു കുളിച്ചുവന്നു അപ്പാപ്പന്മാരുടെ ഇച്ഛപ്പാട് വാങ്ങി.         

       ചടങ്ങുകൾക്കവസാനം അമ്മാച്ചന്മാരും അപ്പാപ്പന്മാരും പേരപ്പന്മാരും അന്തിക്കള്ളു മോന്തി വെളുക്കുവോളം  പുരാതനപ്പാട്ടുകളുച്ചത്തിൽ പാടിയതു കണ്ടു ഇട്ടിക്കുഞ്ഞിനു ചിരി വന്നു.

       പള്ളീലെ കല്യാണ ചടങ്ങുകൾക്കു ശേഷം മണവാളനും മണവാട്ടിയും മണ്ഡപത്തിലേക്ക് നടന്നു. ഇടക്കുവച്ചു അമ്മാച്ചന്മാർ ഇട്ടിക്കുഞ്ഞിനെ പൊക്കിയെടുത്തു തോളത്തിരുത്തി. കാറ്റത്തു വള്ളത്തേലിരിക്കുന്ന പോലായിരുന്നു ആദ്യം. മണ്ഡപത്തിൽ അമ്മച്ചി നെല്ലും നീരും വച്ച് തെയ്യാമ്മയെയും ഇട്ടിയെയും സ്വീകരിച്ചു.

       പാച്ചോറിൽ ചക്കരയലിയിച്ചു കഴിക്കാനിരുന്നപ്പോഴാണ് തെയ്യായെ അത്രേം അടുത്ത് കാണുന്നത്. പുത്തൻ ഉടുപ്പിന്റെ മണം. അവളുടെ സാമീപ്യം, അതിന്റെ ചൂട് ഇട്ടിയിൽ ഉന്മാദമുണർത്തിയെങ്കിലും മുഖത്ത് നോക്കിയില്ല. പെട്ടെന്നാണത് കണ്ടത്. ചക്കര പൊട്ടിച്ചു പാച്ചോറിലലിയിക്കാൻ അവൾ പാട് പെടുന്നു.  ഒരുൾപ്രേരണയാലെന്നോണം ഇട്ടിയുടെ കൈകൾ സഹായത്തിനെത്തി. അപ്പോഴാണ് ആദ്യമായി തെയ്യാമ്മ ഇട്ടിയെ ഒന്ന് നോക്കിയത്, നിറഞ്ഞ പ്രേമത്തോടെ.

       ഇട്ടിയുടെ ഹൃദയമിടിപ്പ് കൂടി. ആ നോട്ടത്തിലൂടെ, ചക്കര പാച്ചോറിൽ ലയിച്ചപോലെ രണ്ടു ജീവന്റെ ലയനം സ്വപ്നത്തിലാണെങ്കിലും അയാൾ ഒന്നുകൂടി അറിഞ്ഞു. അമ്പതു വര്ഷങ്ങളല്ല ജന്മാന്തരങ്ങൾക്കപ്പുറം പോലുമറിയുന്ന സ്നേഹം.

       പെട്ടെന്ന് ആ ദൃശ്യം അവിടെ മരവിച്ചപോലെ. ഹൃദയമിടിപ്പ് വീണ്ടും കൂടുന്നു. വല്ലാത്ത പരവേശം. നെഞ്ചും കൈകളും തോൾ ഭാഗവും കഴുത്തുമൊക്കെ വല്ലാതെ കഴക്കുന്നു. അത്  വേദനയാവുന്നു. സഹിക്കാനാവാത്ത വേദന. ഓർക്കാപ്പുറത്തായിരുന്നു അത്. 

       നെഞ്ചിലാരോ തീയിട്ടപോലെ. 

       ഇട്ടിക്കുഞ്ഞു നിലവിളിച്ചില്ല. രണ്ടു കൈകളും കൊണ്ട് നെഞ്ചമർത്തിപ്പിടിച്ചു. ആ തീ കുറെ നേരം ആളിക്കത്തി. ഒഴുകിയിറങ്ങിയ വിയർപ്പിൽ തീയണയുമ്പോഴേക്കും ശ്വാസവും നിലക്കുകയായിരുന്നു. ബോധത്തിന്റെ അവസാന നിമിഷം വരെ ആ സ്വപ്‍ന ദൃശ്യം ഇട്ടിയുടെ മനസ്സിൽ വർണപ്പൊലിമയോടെ നിറഞ്ഞു നിന്നു.

       ഇ.എസ്. ആർ. ടി എന്നോ എസ്.സി.ഡി എന്നോ ഒക്കെ പറഞ്ഞു മരണം സ്ഥിരീകരിക്കപ്പെട്ടു.

       പക്ഷെ ജോസൂട്ടിക്കും എലീനക്കും ഒന്നും അപ്രതീക്ഷിതമായിരുന്നില്ല.

       ഇട്ടിക്കുഞ്ഞിന്റെ വേക്കും സംസ്കാരവും കഴിഞ്ഞിട്ടൊരാഴ്ചയായിക്കാണും. ഒരുച്ചനേരത്തു എലീനയും ജോസൂട്ടിയും ഫാമിലി മുറിയിൽ ഒത്തുകൂടി. അച്ചാച്ചൻ ഇരുന്നിരുന്ന സോഫാക്കെതിർവശം ഫയർ പ്ലേസിനു മുകളിൽ കർത്താവിന്റെ പടത്തിനരികെ ഇട്ടിക്കുഞ്ഞിന്റെ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു.

       ജോസൂട്ടി അതിൽ നോക്കിയിരുന്നു.

       അത് ശ്രദ്ധിച്ച എലീന:

       “എന്നായിതു ഓരോന്നാലോചിക്കിരിക്കുന്നെ?”

       “അതെടി ഒറക്കം അങ്ങോട്ട് ശരിയാവുന്നില്ല. രാത്രി അപ്പച്ചനും അമ്മച്ചീം വന്നോരോന്നു പറയുന്നു. അമ്മച്ചി ദേഷ്യപ്പെടുന്നു. എനിക്ക് ശരിക്കും കേൾക്കാം.”

       എലീന സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു:

       “ഇതാ കുറ്റബോധംന്നു പറേണത്. എന്തിനാ ഓരോന്ന് ആലോചിക്കാൻ പോവുന്നേ!” ഒന്ന് നിറുത്തിയിട്ട് വീണ്ടും തുടർന്നു:

       “ഇവിടെ നമുക്ക് ഇങ്ങിനെയൊക്കെയേ ചെയ്യാൻ പറ്റൂ.”

       “ശരിയാ ഏലി, ന്നാലും നമ്മള് അപ്പച്ചന് വാക്കു കൊടുത്തില്ലാരുന്നോ?”

       “അങ്ങിനെ വാക്കു കൊടുത്തോണ്ട് ഇത്രേം കാലം ജീവിച്ചു. അല്ലെങ്കി ആധികൊണ്ട് നേരത്തെ പോയേനെ. നമ്മൾ മാന്യമായല്ലേ ഫ്യൂണറൽ നടത്തിയേ അന്തസ്സായി.. ല്ലേ?”

       “ശരിയാ”

        ഏലി തുടർന്നു:

       “ഫ്ലൈറ്റിൽ ഒരു ബോഡി നാട്ടിലെത്തിക്കാൻ എന്നാ ചെലവാന്നാ? നമ്മളു നോക്കിയതല്ലേ. അതും ചുമ്മാതങ്ങു കേറ്റി വിടാനൊക്കുമോ? ജോസൂട്ടിയെങ്കിലും കൂടെപ്പോവണ്ടേ? ഇത് അന്തസ്സായി കാര്യങ്ങൾ നടന്നു. ഒരയ്യായിരം സേവ് ചെയ്യാനും പറ്റി. പിന്നേ നമ്മുടെ ഡെക്ക് (വീടിനു പിന്നിൽ ഇറച്ചി ഗ്രിൽ ചെയ്യാനും പാർട്ടിക്കുമൊക്കെയായി മേൽക്കൂരയില്ലാതെ തടികൊണ്ട് നിർമിക്കുന്ന ഒരു പ്ലാറ്റ് ഫോറം, തടി കൊണ്ടു തന്നെയുള്ള അര മതിലോടുകൂടി) സമ്മറിന് മുന്നേ റെഡി ആക്കണം. അത് നാശമായി കെടക്കുവാ. അതുകൊണ്ട് ഈ കാശ് വേറൊന്നിനും എടുത്തേക്കല്ല്”

       ‘അവള് പറേണത്തിലും കാര്യമുണ്ട്  ന്നാലും,’ ജോസൂട്ടി ചിന്തിച്ചു, ‘രാത്രി അമ്മച്ചിയോടെന്തു സമാധാനം പറയും.’

       ജോസൂട്ടി ഒന്നും മിണ്ടാതിരുന്നത് കണ്ട് എലീന തോളിൽ പിടിച്ചു

കുലുക്കി ചോദിച്ചു: 

       “സമ്മതിച്ചോ?”

       “സമ്മതിച്ചു”

       തെയ്യാമ്മയുടെ അരികിലുറങ്ങാനുള്ള ഇട്ടിക്കുഞ്ഞിന്റെ മോഹം കത്തിച്ചു മിച്ചം പിടിച്ച പണം, വീടിനു പിന്നിലെ പുതിയ ഡെക്കായി ഉയരാൻ മാസങ്ങൾ മാത്രമേയുള്ളെങ്കിലും അമ്മച്ചീടെ ശകാരം കാരണം രാത്രി നേരെചൊവ്വെ  ഉറങ്ങാൻ കഴിയുന്നില്ല  എന്ന കാര്യം  ജോസൂട്ടി ഏലിക്കുട്ടിയോടും പറയാതെയായി.  


------

താങ്ക്‌സ് ഗിവിങ് ഡേ - അമേരിക്കക്കാരുടെ പ്രിയപ്പെട്ട അവധി ദിവസ്സങ്ങളിലൊന്ന്. ഈ ദിവസ്സം അവർ ബന്ധുമിത്രാദികളോടൊപ്പം തിന്നാനും കുടിക്കാനുമായി ഒത്തുകൂടുന്നു. 

Thursday, July 25, 2019

രാമായണം

                                                                                                    രാമായണം 
( ഈ കഥ newspages.in (https://www.newspages.in/ramayanam/) പ്രസിദ്ധീകരിച്ചു.)

കോടതി വളപ്പിലെ മരത്തണലിൽ വിശ്രമത്തിലായിരുന്ന  കാറിൽ കയറാൻ ഡോർ തുറക്കുമ്പോഴാണ് 'ടപ്പ്' എന്നൊരൊച്ച  കേട്ടത്. ബോണറ്റിൽ എന്തോ വന്നു വീണതാണ്. ചെറിയ  കോഴിമുട്ടേടെ  വലിപ്പത്തിൽ ചാരനിരത്തിലെന്തോ..പാതി തുറന്ന ഡോർ വിട്ടു  അതിനടുത്തേക്കു നടന്നു. പെട്ടെന്നു  പിടികിട്ടിയില്ല. എന്തോ ഒരു ജന്തു.  കാക്കയുടെയോ മറ്റോ കിഡ്‌നാപ്പിംഗ് ആവാൻ വഴിയുണ്ട്. അഡ്വക്കേറ്റ് സേതുലക്ഷ്മി തെളിവിനായി മുകളിൽ മരച്ചില്ലയിലേക്കു കണ്ണയച്ചു. പ്രതി മുങ്ങിയതാവാം. പത്തുപതേയുള്ള കുഞ്ഞി കൈകളിൽ ശരീരത്തിന്റെ പകുതിയോളം വലിപ്പമുള്ള മുഖം ചേർത്ത് കണ്ണുകളടച്ചു ചെവികൾ കൂർപ്പിച്ചു സമാധിയിലെന്നപോലെ. പേടിച്ചിട്ടാവും. ശരീരത്തിന് ചേരാത്ത വണ്ണം വലിപ്പമുള്ള രോമവാല് വളച്ചു മുന്നോട്ടാക്കി ദേഹത്തോട് ചേർത്ത് വച്ചു കിടക്കുകയാണ്.  വിനീതനായി..എന്നെ ഒന്നും ചെയ്യല്ലേ എന്ന മട്ടിൽ. വലത്തേ കൈയ്യിലെ ചൂണ്ടുവിരൽ കൊണ്ട് പതിയെ നെറ്റിയിൽ തൊട്ടു..ഹോ പഞ്ഞിക്കെട്ടു  പോലെ...ചെറിയ ചൂടുണ്ട്..കണ്ണ് തുറക്കാതെ തന്നെ അവൻ ഒന്നുകൂടി ഒതുങ്ങിചുരുങ്ങി. ലോകാവസാനമായെന്ന  മട്ടിൽ.

സുരക്ഷിതമായി മരച്ചുവട്ടിൽ കൊണ്ട് വച്ചിട്ട് പോകാമെന്നോർത്തപ്പോഴാണ് പ്രതീക്ഷിക്കാതെ അത് കണ്ടത്. അൽപ്പം ഇരുണ്ട മുതുകിനെ മുറിച്ചൊരു വെള്ളവര . അണ്ണാൻ കുഞ്ഞാണ്. 'ഭഗവാനെ..' അറിയാതെ പറഞ്ഞുപോയി. കടുത്ത ശ്രീരാമ ഭക്തയായ സേതുലക്ഷ്മിക്കു ദേവാനുഗ്രഹം നേരിട്ടു വാങ്ങിയ അണ്ണാറക്കണ്ണനെ മരച്ചുവട്ടിലുപേക്ഷിച്ചു പോകാൻ മനസ്സുവന്നില്ല...എന്തുചെയ്യും. നിമിഷങ്ങൾക്കകം പോംവഴി തെളിഞ്ഞു. വീട്ടിൽ കൊണ്ടുപോകാം. ഇത്തിരി  പാലൊക്കെ കൊടുത്തു ഉഷാറാക്കി ഒന്ന് രണ്ടു ദിവസത്തിൽ എവിടെയെങ്കിലും കൊണ്ടുപോയി വിടാം. കുട്ടികൾക്കും കൂടി സന്തോഷമായിക്കോട്ടെ.

വലത്തേ കൈവെള്ളയിലേക്കു നീക്കി കയറ്റാൻ ഇടതു കൈ സഹായിച്ചു.  അവനപ്പോഴും കണ്ണ് തുറന്നില്ല. എല്ലാം കഴിഞ്ഞില്ലേ ഇനി കണ്ണുതുറന്നിട്ടെന്തിനാ എന്ന മട്ടിൽ പമ്മി കിടന്നു. കാറിൽ പാസ്സഞ്ചർ  സീറ്റിൽ പതിയെ ഇറക്കിവച്ചു. കുറച്ചു ദൂരം ഓടികഴിഞ്ഞു നോക്കുമ്പോഴാണ് അവൻ വിറക്കുന്നപോലെ തോന്നിയത്. ചെറുതായി മുരളുന്നുമുണ്ട്..പെട്ടെന്നോർത്തു എ സി ഓൺ ആണ്. അതുമാറ്റി ചൂടിട്ടു. എപ്പോഴോ ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു; ഇരുത്തിയ അതെ ഇരുപ്പിലിരുന്നുറങ്ങുന്നു. ഇപ്പോൾ വിറയലില്ല.

കാറോടിക്കുമ്പോൾ കോടതിക്ക് പുറത്തു നടന്ന കാര്യങ്ങൾ അറിയാതെ മനസ്സിൽ തികട്ടി. വാദിച്ച പീഡനക്കേസിലെ പ്രതിയെ വെറുതെ വിട്ടത് അപ്രതീക്ഷിതമായിരുന്നില്ല. അതറിയാവുന്നതുകൊണ്ടുതന്നെ നല്ല മൂഡോഫ് ആയിരുന്നു. വിഷാദരോഗം പോലെയെന്തോ സേതു ലക്ഷ്മിയെ പിടികൂടിയിരുന്നു. എന്നാലിന്ന് കോടതികഴിഞ്ഞു കാറിനടുത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ സംഭവിച്ചത്  ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. പുറത്തിറങ്ങി അധികം നടന്നില്ല. നെറ്റിയിലും കഴുത്തിലും അവിടവിടെ സംഘം ചേർന്ന വിയർപ്പു മണികൾ കുഞ്ഞു ചാലുകളായി ഒഴുകാൻ തുടങ്ങിയിരുന്നു. കോടതിമുറിക്കു  പുറത്തെപ്പോഴും അധിക പറ്റായി തോന്നിയിരുന്ന കറുത്ത വവ്വാൽ കോട്ടൂരി വലത്ത്  കൈയ്യിൽ തൂക്കി കാറിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു അത്.

നടവഴിയിൽ ചിതറി നീങ്ങുന്ന ചിലരുടെ നോട്ടം മാത്രം മതി...ചെരുപ്പ് കൈയ്യിലെടുത്തുപോവും. സ്ത്രീപക്ഷ വാദിയായി ചാനൽ ചർച്ചകളിൽ ഞെളിഞ്ഞിരുന്നഭിപ്രായം പറയാൻ തുടങ്ങിയാൽ ഈ നോട്ടമൊക്കെ നേരിടേണ്ടിവരുമായിരിക്കും. പെട്ടെന്ന് എവിടുന്നെന്നറിയില്ല ...എട്ടു പത്തു പേർ തൊട്ടു മുന്നിലായി പാത മുറിച്ചു കടക്കാനെന്നപോലെ  വരുന്നു. മുന്നിലെത്തി മനപ്പൂർവം അവർ ഒന്നു നിന്നു ..പിന്നെ ഉച്ചത്തിൽ കൂവിവിളിച്ചു. എന്തൊക്കെയോ അസഭ്യങ്ങളും പറഞ്ഞു കടന്നു പോയി. ഓർക്കാപ്പുറത്തായതിനാലോ എന്തോ, മനസ്സൊന്നു പിടഞ്ഞു...നിയന്ത്രണം വിട്ടു കണ്ണ് നിറഞ്ഞു...ഹൃദയമിടിപ്പ് കൂടി. ഈയിടെ പ്രെഷറിന്റെ പ്രശ്നവുമുണ്ട്.ഡോക്ടർ പറഞ്ഞതോർത്തു. ഒന്ന് രണ്ടു ദീർഘ നിശ്വാസമെടുത്ത  ശേഷം പരിസരം ശ്രദ്ധിക്കാതെ  തലതാഴ്ത്തി കാർ ലക്ഷ്യമാക്കി  നടന്നു. കൂട്ടുകാർ പറഞ്ഞതിൽ സത്യമുണ്ടെന്ന് തോന്നി - വേണ്ടാത്തതിലൊക്കെ കൊണ്ട് തലവെക്കുമെന്ന്. ശെരിയാണ്. പക്ഷെ സേതുലക്ഷ്മിക്കു ചിലതിൽ ഇടപെടാതിരിക്കാനാവില്ല.

വീടിന്റെ പൂമുഖത്ത്,  നിലത്തൊരന്യഗൃഹജീവിയായി അൽപ്പസമയം   കിടക്കേണ്ടി വന്നു. പാലും വെള്ളവുമൊലിച്ചിറങ്ങി ഇത്തിരിപ്പോന്ന ദേഹം തണുത്തപ്പോഴാണ് അവൻ കണ്ണ് തുറന്നതു. പിന്നെ ആർത്തിയോടെ കുഞ്ഞു നാവു നീട്ടി അത് നുണഞ്ഞിറക്കാൻ തുടങ്ങി. സേതുലക്ഷ്മി കണ്ണുകളിൽ കൗതുകം നിറച്ചവനെ നോക്കിയിരുന്നു..കുറച്ചു കഴിഞ്ഞു വീണ്ടും കണ്ണുകളടയാനായപ്പോൾ ഒരു പ്ലാസ്റ്റിക് കൂടു കൊണ്ട് വന്നു അതിനുള്ളിലേക്ക് തിരുകി കയറ്റി. കൂടെടുത്ത് സ്വന്തം കിടപ്പുമുറിയിൽ നിലത്തു വച്ചശേഷം കട്ടിലിൽ കിടന്നൊന്നു മയങ്ങി.

"അയ്യോടാ ..എന്ത് രസാ .."

സ്കൂൾ വിട്ടു വന്ന ജാനുവും  മനുവും വിവരമറിഞ്ഞു സംഭവസ്ഥലത്തേക്കു  പാഞ്ഞു. അവർക്കു ആകെ രസമായി.  ആദ്യം മനുവാണ് കൂടിനുള്ളിലേക്കു കൈയിട്ടു അവനെ തൊടാൻ ധൈര്യം കാണിച്ചത്. പിന്നാലെ ജാനുവും
അവൾ കൂടോടെയതിനെ മടിയിലെടുത്തുവച്ചു. അതിനോട് കിന്നരിച്ചു.

അപ്പോഴേക്കും സേതുലക്ഷ്മിഎത്തി ഒരു പ്രഖ്യാപനം നടത്തി.

"ങും ...വേണ്ടപോലെ കൊഞ്ചിച്ചോ...വേണോങ്കി ഒറങ്ങാതിരുന്നു കൊഞ്ചിച്ചോ..നാളെ ഞാനിതിനെ എവിടെങ്കിലും കൊണ്ട് വിടും..."

കുട്ടികള് ഞെട്ടിപ്പോയി..ഓമനിച്ചു കൊതിതീർന്നില്ല..

"അമ്മെ നമുക്കിതിനെ വളർത്താം - കളയണ്ടമ്മാ " ജാനു കെഞ്ചി.

"പോ പെണ്ണെ എനിക്കതിനു നേരമൊന്നുമില്ല"

"അമ്മാ ..വേണ്ടമ്മാ കളയണ്ടമ്മാ .."

അങ്ങിനെ വിട്ടുകൊടുക്കാൻ അവർ തയാറായിരുന്നില്ല.
തീരുമാനം അനുകൂലമാക്കിയെടുക്കാൻ മനുവിന്റെ സഹായം
തേടി. സേതുലക്ഷ്മി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

ജാനു തന്നെ രാത്രി ഒരു കിണ്ണത്തിൽ പാല് കൊണ്ടുവന്നു തുറന്നുവച്ച പ്ലാസ്റ്റിക് കൂടിനു മുന്നിലൊഴിച്ചു..പതിയെ അവൻ ഊർന്നിറങ്ങി പാൽ നുണയാണ് തുടങ്ങി. അതു കാണാൻ മനുവിനെ വിളിച്ചു. കുറേനേരം നോക്കിയിരുന്നശേഷം അവർ  കട്ടിലിൽ കയറിക്കിടന്നുറക്കമായി. അൽപ്പ സമയം കഴിഞ്ഞു സേതുലക്ഷ്മിയും ലൈറ്റ് അണച്ചു കുട്ടികൾക്കരികിലായി കിടന്നു. ലൈറ്റ് അണക്കുന്നതിനു മുമ്പായി ഒരു കരുതലെന്നോണം അണ്ണാൻ കുഞ്ഞിനെയൊന്നു  നോക്കിയിരുന്നു...അവൻ മുറിയുടെ ഒരു മൂലയിൽ ചുമര് ചേർന്നിരിക്കുകയായിരുന്നു  കണ്ണും പൂട്ടി. 

പല രാത്രികളെപ്പോലെ അന്നും അവർക്കുറങ്ങാൻ കഴിഞ്ഞില്ല.  കോടതിവളപ്പിൽ നേരിടേണ്ടി വന്ന അപമാനത്തിൽ തുടങ്ങിയ ചിന്തകൾ   പരസ്പരപരിചയമില്ലാത്തവരായി മനസ്സിൽ തലങ്ങും വിലങ്ങുംഓടി നടന്നു. അവർ തന്നിൽ കാണുന്ന തെറ്റെന്താണ്...?ചാനൽ  ചർച്ചകളിൽ ഇരയെ അനുകൂലിച്ചു സംസാരിച്ചതോ ? അന്വേഷണം വച്ചു താമസിപ്പിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തതോ ? പ്രസംഗിച്ചതോ? ആർക്കൊക്കെയോ ഉറക്കം കെടുന്നുണ്ട്. ചിലരെ  രക്ഷപ്പെടാൻ സഹായിച്ചാൽ കിട്ടിയേക്കാവുന്ന നേട്ടങ്ങൾ - പണമായും സ്ഥാനമായും. ഒന്നും ഏൽക്കാതെ വന്നപ്പോൾ പിന്നെ ഭീഷണിയായി. കോടതിയിലും പുറത്തും പരസ്യമായ അവഹേളനങ്ങൾ വെല്ലുവിളികൾ. താനും  കുട്ടികളും ബാക്കിയുണ്ടാവില്ലത്രേ.

പിറ്റേന്ന് വൈകുന്നേരം സേതുലക്ഷ്മി വീട്ടിലെത്തിയത് കുട്ടികൾക്കൊരത്ഭുതവും കൈയ്യിൽ തൂക്കിപ്പിടിച്ചായിരുന്നു. ചൂരലിൽ തീർത്ത ഒരു കൂട്. കണ്ടതും ജാനു അമ്മയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു. അമ്മേടെ മനസ്സ് മാറിയിരിക്കുന്നു. കണ്ടാൽ കൗതുകം തോന്നുന്ന ഒരെണ്ണം. ചെണ്ടപോലിരിക്കും. രണ്ടറ്റത്തും ചൂരൽ വളയങ്ങൾ. ഒരറ്റം മുഴുവൻ അടച്ചതും മറ്റേയറ്റം ഒരു കുഞ്ഞുവാതിൽ പിടിപ്പിച്ചതും. വളയങ്ങൾക്കു  കുറുകെ കനം  കുറഞ്ഞ ചൂരൽ വടികൾ പരസ്പരം അധികം അകലമില്ലാത്ത രീതിയിൽ പിടിപ്പിച്ചിരുന്നു. ചൂരൽ വടികളിൽ  പിടിച്ചു നടക്കുമ്പോൾ ഉരുളുന്ന കൂട്. പക്ഷെ കുറെ കഴിഞ്ഞേ അവനതിനൊക്കെ  പറ്റൂ. ജാനു ഭാവനയിൽ കണ്ടു എല്ലാം. മൂവരും  ചേർന്ന് കൂടൊരുക്കി അവനെ അതിനുള്ളിലാക്കി പൂജ മുറിയിൽ കൊണ്ടുപോയി ശ്രീരാമ ഭഗവാന്റെ ചിത്രത്തിനടുത്തായി വച്ചു. എല്ലാം അവിടുന്ന് തന്നെ തുടങ്ങട്ടെ.

"അർക്കജൻ തുലാത്തിലും ഭാർഗവൻ മീനത്തിലും
വക്രനുമുച്ചസ്ഥനായ് മകരം രാശി തന്നിൽ
നിൽക്കുമ്പോളവതരിച്ചീടിനാൽ ജഗന്നാഥൻ"

രാമായണം വായനക്കിടയിൽ ജാനു പൊട്ടിച്ചു.

" ഞാനിവനെ രാമൻ എന്ന് വിളിക്കാൻ പോവ്വാ" ന്നിട്ട് മനുവിനെ നോക്കി ഒന്നു  കണ്ണിറുക്കി. അമ്മയെന്തു പറയും എന്നറിയാൻ കാത്തിരുന്നു.

സേതുലക്ഷ്മി സമ്മതഭാവത്തിൽ മോളെ ഒന്ന് തിരിഞ്ഞു നോക്കി വായന തുടർന്നു.

വിരലെണ്ണത്തിലൊതുങ്ങുന്ന കൂട്ടുകാരൊഴിച്ചാൽ താനെന്നും ഒറ്റക്കാണ്..ന്യൂസും വച്ച് വെറുതെ ടീവിക്കു മുന്നിലിരുന്നപ്പോൾ ചിന്തകൾ നിയന്ത്രണം വിട്ടു സ്വന്തം ഭൂതകാലത്തിലേക്ക്  വീണു . ബന്ധുക്കളെന്നേ  കളഞ്ഞു.ചെറുപ്പത്തിലേ കുട്ടികളുമൊത്തു  ത റവാട്ടിലേക്കു  തിരിച്ചു വന്നപ്പോഴേ   കുടുംബത്തിലെ ധിക്കാരിയെ അവർ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

"അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലേ ഇങ്ങനെയിരിക്കും...ഇവക്കെന്താ കൊമ്പുണ്ടോ..നാലാളെപ്പോലെ ജീവിച്ചാലെന്താ..വെച്ചനത്തട്ടെ" 

അന്നതൊന്നും വിഷയമാക്കിയിരുന്നില്ല. ശെരിയെന്നു തോന്നുന്നിടത്തു  നില്ക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നിട്ടില്ല. കുടുംബത്തുന്നു മാറി കുട്ടികളുമൊത്തു തനിയെ ഒരു വീട്ടിൽ ജീവിക്കാൻ തീരുമാനിക്കുമ്പോഴും  ആത്മവിശ്വാസവും ധൈര്യവും കൂട്ടുണ്ടായിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും വിലക്കുകളും അത് കേൾക്കാതെ വന്നപ്പോൾ നേരിട്ട പീഡനങ്ങളും ഒറ്റപ്പെടുത്തലുകളുമൊന്നും തന്നെ അത്രയ്ക്ക് ബാധിച്ചിരുന്നില്ല. 

പക്ഷെ ഈയിടെയായി വല്ലാതെ ദുർബലയാവുന്നപോലെ. ഒന്നും പഴയപോലെ താങ്ങാനാവുന്നില്ല. ഉറക്കം നഷ്ട്ടപ്പെടുന്ന രാത്രികളിൽ 
വെറുതെ എണീറ്റ് നടക്കും -"സ്ട്രെസ് ഫുൾ" എന്ന് ഇടയ്ക്കിടെ ആരോടെന്നില്ലാതെ പറയുന്നുണ്ടാവും. പെട്ടെന്ന് ദേഷ്യവും സങ്കടവും ഒക്കെ വന്നു കേറും. ഡോക്ടറു തരുന്ന മരുന്ന്  പിടിച്ചുനിക്കാൻ കുറെയൊക്കെ സഹായിക്കുന്നുണ്ട്.

പിന്നീടുള്ള ദിവസ്സങ്ങളിൽ രാമനും കൂടും കുട്ടികൾക്കൊപ്പം വീടിനകത്തും  പറമ്പിലും പലയിടങ്ങളിലുമായി അലഞ്ഞു നടന്നു, രാത്രി കിടപ്പു മുറിയിൽ എത്തുന്നത് വരെ.

ബാലലീലകൾക്ക് പകരം ബാലാരിഷ്ടതകളായിരുന്നു രാമന് ആദ്യ ദിവസ്സങ്ങൾ. കൂടുതൽ സമയവും ചുമ്മാതങ്ങിനെ കിടക്കും. കൂടു തുറന്നു വച്ചാലും പുറത്തിറങ്ങില്ല..ഇടക്കൊന്ന് ഞരങ്ങും. ചിലപ്പോൾ വിറയൽ.
തൊട്ടാൽ ഉണ്ട കണ്ണുകൾ ഒന്നുകൂടി ഉരുട്ടും.

വീട്ടു ജോലിക്കു വരുന്ന വല്യമ്മയുടെ ഉപദേശപ്രകാരമായിരുന്നു പാലിൽ അൽപ്പം ബോൺവിറ്റകൂടി ചേർക്കാൻ തുടങ്ങിയത്.പിന്നെ റാണി വക്കീലിന്റെ  ബുദ്ധിയായിരുന്നു അയൺ ഡ്രോപ്‌സും കാൽസ്യം ഡ്രോപ്‌സും. അത്ഭുതമെന്നു പറയട്ടെ ഏതാനും ആഴ്ചകൾ കഴിഞ്ഞതും, അവന്റെ കുഞ്ഞി ദേഹവും  കൈകാലുകളും  ഒക്കെ രോമാവൃതമാവാൻ  തുടങ്ങി. തലയിൽ രോമത്തൊപ്പി വച്ചപോലെ..വെള്ളിനൂൽ മീശയും  വാശിയിൽ വളരാൻ തുടങ്ങി.ആദ്യം കണ്ട മുതുകത്തെ വെള്ളവരക്കിരുവശത്തുമായി  അത്ര കനമില്ലാതെ വേറെ രണ്ടു വരകൾ കൂടി തെളിയാൻ  തുടങ്ങി. അവന്റെ നോട്ടത്തിൽ വല്ലാത്ത സൂക്ഷ്മത സേതുലക്ഷ്മി ശ്രദ്ധിച്ചു. കൂടിനു പുറത്തു വിട്ടാൽ   മുറിയിൽ അളന്നു ചിട്ടപ്പെടുത്തിയ പോലെ കൃത്യമായ ചെറു ചാട്ടങ്ങളിലൂടെ, മുറിയുടെ അതിരുകൾ ഭേദിക്കാതെ അവൻ ഓടി നടന്നു . ചാട്ടങ്ങൾക്കിടക്കു ഇരുകാലുകളിലുയർന്നു കൈകൾ നെഞ്ചോട് ചേർത്ത് ചെവികൾ കൂർപ്പിച്ചവൻ   ധ്യാനത്തിലെന്നപോലെ നിന്നിരുന്നു. ഇടയ്ക്കു മനു ഇടത്തെ കൈകൊണ്ടു കോരിയെടുത്തു വിരലുകൾ ചൂരൽ കൂടാക്കി വലതു കൈവിരലുകൾ കൊണ്ടവനെ തലോടി. ചിലപ്പോഴൊക്കെ ചുമലിൽ വച്ച് മുറിയിൽ നടന്നു . 

വൈകുന്നേരത്തെ പ്രാർഥനാസമയത്തു രാമൻ അവരോടൊപ്പം ഉണ്ടാവും. ആദ്യമൊക്കെ നിശബ്ദനായിരുന്ന രാമൻ ആഴ്ചകൾ കഴിഞ്ഞപ്പോൾ  ചിലു  ചിലെ  ചിലച്ചു  തുടങ്ങി, പ്രാർഥനാ സമയത്തു പോലും.

പ്രാർത്ഥന ഇടയ്ക്കു നിറുത്തി ജാനു പറയും -

"എടാ മിണ്ടാതിരിയെടാ ..ചെലക്കാതെ .."

കുഞ്ഞിചെവികൾ കൂർപ്പിച്ചു തലവെട്ടിച്ചു നോക്കും ജാനുവിനെ..
ഒന്നമർത്തി മുരണ്ടശേഷം കുറച്ചുനേരം മിണ്ടാതിരിക്കും..പിന്നേം ചിലച്ചുതുടങ്ങും ചിലപ്പോ നിവൃത്തിയില്ലാതെ വരുമ്പോ അഡ്വക്കേറ്റ് ഇടപെടും .ദേഷ്യത്തിൽ എല്ലാപേരോടുമായി പറയും..

"ഇതിനെ എവിടെങ്കിലും കൊണ്ട് കളയും ഞാൻ  ...മനുഷ്യന് 
ചെവി തല കേക്കണ്ട..."

പെട്ടെന്ന് ജാനു തിരിഞ്ഞു രാമനെ നോക്കി ചൂണ്ടുവിരൽ 
ചുണ്ടിനു മേൽ വച്ച് "ശ് ശ് ..." എന്നൊരു ശബ്ദമുണ്ടാക്കി 
മൂകമായി ശാസിക്കും. രാമൻ തലവെട്ടിച്ചു മുന്നിലൊരു ത്രികോണം സൃഷ്ട്ടിച്ചു തൽക്കാലത്തേക്ക് നിശ്ശബനാവും.

സീതാകല്യാണം പാരായണം ചെയ്തന്നു രാത്രി ജാനുവിന്റെ കുഞ്ഞു മനസ്സിൽ മറ്റൊരു വിവാഹ സ്വപ്‌നം നിറഞ്ഞു. പറമ്പിലെ ചായ്പ് മിഥുലാ പുരിയാവുന്നു. മുത്തുമാലകളും പുഷ്പ്പഫലങ്ങളും കൊണ്ടലങ്കരിച്ച രത്‌നം പതിച്ച മണ്ഡപത്തിനുള്ളിലെ സ്വർണ്ണ  പീഠത്തിൽ രാമൻ. തൊട്ടടുത്ത് ഒട്ടുമേ പരിചയമില്ലാത്തൊരു സീത നമ്രമുഖിയായിയിരിക്കുന്നു . പിന്നെ കണ്ടത് ദുന്ദുഭി ഘോഷത്തിൽ ഹോമകുണ്ഡത്തിനു വലംവെക്കുന്ന രാമനും സീതയും. രാമൻ ഇരുകാലുകളിൽ ഉയർന്നു കൈകൾ നെഞ്ചോട് ചേർത്തു  നടക്കുന്നു. പിന്നാലെ അനുസരണയോടെ സീതയും.

കിടക്കാൻനേരം  ആദ്യമൊക്കെ രാമന്റെ ഒച്ച ശല്യമായി തോന്നിയിരുന്നു സേതുലക്ഷ്മിക്ക്, കുട്ടികൾക്കതൊരു പ്രശ്നമായിരുന്നില്ലെങ്കിലും. പൊതുവെ ഈയിടെയായി ഉറക്കം കുറവാണ് ..അതിന്റെ കൂടെ ഇതും കൂടിയയാലെങ്ങിനെ. 

പക്ഷെ പിന്നെയും ദിവസ്സങ്ങൾ കഴിഞ്ഞപ്പോഴേക്കും അതൊരു ശീലമായിട്ടോ എന്തോ..രാമന്റെ ഒച്ച അവർക്കൊരു പ്രശ്‌നമല്ലാതായി. മാത്രമല്ല, മുൻപൊക്കെ ചിതറിയ  ചിന്തകൾ അസ്വസ്ഥമാക്കിയിരുന്ന മനസ്സ് രാമന്റെ ശബ്ദസാന്നിധ്യത്തിൽ ഏകാഗ്രമാവുന്നു. ആ ശബ്ദത്തിൽ ശ്രദ്ധിക്കുമ്പോൾ മറ്റു ചിന്തകൾ വന്നുകേറാതെ മനസ്സ്  ശൂന്യമാവുന്നു. മനസ്സില്ലാതെയാവുന്നു..മനസ്സില്ലെങ്കിൽ ചിന്തയില്ലല്ലോ.

മിക്കവാറും രാത്രി അറിയാതെ തന്നെ ഉറക്കത്തിലേക്കു വഴുതിവീഴുന്നു. ദിവസങ്ങൾക്കു കൂടുതൽ വ്യക്തത. തീരുമാനങ്ങളിൽ ദൃഢത. ചിലപ്പോഴെങ്കിലും സേതുലക്ഷ്മി ആലോചിക്കും..എന്താണ് സംഭവിക്കുന്നത്..ഈശ്വര വിശ്വാസിയാണെങ്കിലും അന്ധവിശാസങ്ങൾ തന്നെ സ്വാധീനിച്ചിട്ടേയില്ല...ഹേയ്   ഇതെങ്ങിനെ 
അന്ധവിശ്വാസ്സമാവും. തന്റെ സ്വകാര്യ അനുഭവമാണിത്. കേവല ധ്യാനത്തിനൊക്കെ അപ്പുറമാണത്. ഇവിടെ കേൾക്കലും പറയലുമുണ്ട്..കൊടുക്കലും വാങ്ങലുമുണ്ട്..പറഞ്ഞു തുടങ്ങുമ്പോഴേ കേട്ടുകഴിഞ്ഞപോലെ  മറുപടി..എല്ലാം നേരത്ത അറിയുന്നപോലെ..ഉള്ളിലെ ആശങ്കകൾക്ക്, ചോദ്യങ്ങൾക്ക് മറുപടി അവബോധമായി നിറയുന്നു.

സീതാപരിത്യാഗം ജാനുവിനെ നോവിച്ചിരുന്നു.

"അമ്മാ  ശ്രീരാമ ഭഗവാനെന്താ ദേവിയെ കാട്ടിൽ ഉപേക്ഷിച്ചേ..? ഇഷ്ട്ടമില്ലേ അമ്മയെ അച്ഛൻ അമ്മേടെ വീട്ടിൽ കൊണ്ടുവിട്ടപോലെ ദേവീടെ വീട്ടിൽ കൊണ്ടു വിട്ടാൽ പോരായിരുന്നോ..പാവം"

അത്താഴസമയത്തായിരുന്നു ജാനുവിന്റെ കമന്റ്.

"പെണ്ണെ..കൊച്ചു വായിലെ വല്യ ചോദ്യമൊന്നും വേണ്ട. മിണ്ടാതിരിക്കവിടെ.."

അപ്പോഴങ്ങനെ പറഞ്ഞെങ്കിലും ഏതു പെൺകുട്ടിയും ചെറുതിലെ രാമകഥ കേട്ട് ചോദിക്കാവുന്ന ചോദ്യം. പലരും ചോദിച്ച ചോദ്യം. വലുതായാൽ ചോദിക്കാത്ത ചോദ്യം.

ഒരു വഴിത്തിരിവിന്റെ രാത്രിയായിരുന്നു അത്, വെളിപാടിന്റെയും.  അന്നുരാത്രിയാണ് ശ്രീരാമനെന്ന രാജാവിനെ, ഭർത്താവിനെ, പുത്രനെ, സഹോദരന, അച്ഛനെ കുറച്ചെങ്കിലും അറിഞ്ഞത്. അറിഞ്ഞതിൽ  കൂടുതൽ  അറിയണമെന്ന് തോന്നിയത്. താൻ കേട്ട വാക്കുകളിൽ ദൈവിക പരിവേഷമേ ഇല്ലായിരുന്നു. പച്ച മനുഷ്യന്റെ വാക്കുകൾ, മര്യാദ പുരുഷോത്തമനല്ലാത്തവന്റെ വാക്കുകൾ..അതൊരവബോധമായി തന്നിൽ നിറച്ചത് രാമൻ  തന്നെയെന്നവർ വിശ്വസിച്ചു. പുതിയകാലത്തു  നിന്നുകൊണ്ട് വായിച്ചറിഞ്ഞ കേട്ടറിഞ്ഞ എന്തിനെയും ചോദ്യം ചെയ്യാൻ  ആർക്കും അവകാശമുണ്ട്. പലതും പറഞ്ഞുവച്ചിട്ടവസാനിപ്പിച്ചതിങ്ങനെ..  എന്നെ മനുഷ്യനായി മനസ്സിലാക്കു..എന്നിൽ  നീ  കാണുന്ന ശരി അനുകരിക്കു . മറ്റു ചിലതു അനുകരിക്കാതിരിക്കു..എനിക്കൊരു പരിവേഷവുമില്ല. വേണ്ട..ഗർഭിണിയായ പ്രിയ സീതയെ പുരജനവാസികളുടെ പഴിയുടെ പേരിൽ മാത്രം കാട്ടിലുപേക്ഷിച്ച  ഞാനും പുതിയ കാലത്തിൽ സ്ത്രീ പീഡകനായേക്കാം. ആണെന്നുതന്നെയിരിക്കട്ടെ. നിന്റെ വഴികൾ ശരിയാണ്..ധർമമാണ്. ആട്ടിൻകുട്ടിക്കും ചെന്നായ്ക്കും ഒരേ സമയം നീതി കൊടുക്കാൻ ഏതു നീതി വ്യവസ്ഥക്ക് കഴിയും..ഏതു മനസ്സിന് കഴിയും. നീ നിന്റെ നീതിയുടെ വഴിയിൽ മുന്നോട്ടു പോവുക. അവിടെ ജയപരാജയങ്ങളില്ല. കർമം മാത്രം.

സേതുലക്ഷ്മിയുടെ ദിവസ്സങ്ങൾ സംഭവ ബഹുലമായി തന്നെ മുന്നോട്ടുപോയി. പുതിയ കർമബോധം അവർക്കു ധൈര്യം പകർന്നു. അത് മാർഗ ദീപമാവുന്നു. കേസ് പരാജയപ്പെട്ടപ്പോൾ ഇനിയൊന്നിലും തല്ക്കാലം തലയിടുന്നില്ല എന്നുറപ്പിച്ചു സേതു ലക്ഷ്മി ഇപ്പോൾ തനിക്കു ന്യായമെന്ന് തോന്നുന്ന കാര്യങ്ങളിൽ ശക്തമായി ഇടപെടുന്നു.

രാമനിപ്പോൾ വീട്ടിലും പറമ്പിലും ഇഷ്ട്ടം പോലെ സ്വാതന്ത്ര്യം കിട്ടുന്നുണ്ട്..പക്ഷെ ജാനുവിന്റെയോ മനുവിന്റെയോ മേൽനോട്ടം ഉണ്ടാവുമെന്ന് മാത്രം..അവധി ദിവസ്സങ്ങളിൽ പറമ്പിൽ  ഒത്തിരി നേരം ഓടി നടക്കാം...മരം  കേറാം ..പറമ്പിൽ  വീണ കുഞ്ഞു പഴങ്ങൾ കൈകളിലെടുത്തു ഇരുകാലിൽ  നിന്ന് ആർത്തിയോടെ കരണ്ടിറക്കാം..വേണമെങ്കിൽ വീടിന്റെ ചുറ്റുമതിലിലൂടെ ഓടിനടക്കാം. എന്നാൽ അതുമാത്രം അവൻ ചെയ്‌തിട്ടില്ല ഇതുവരെ. മതിലിനപ്പുറം ഏത ണ്ണാനെയും മോഹിപ്പിക്കുന്ന കുറ്റിക്കാടനെന്നവനറിയാഞ്ഞിട്ടാണോ?
                     
                            *                                           *                                                     *
കുറെ ദിവസങ്ങളായി രാമൻ രാത്രിയധികം    ശബ്ദമുണ്ടാക്കാറില്ല...പതുക്കെയവൻ മൗനത്തിന്റെ വാല്മീകത്തിനുള്ളിലൊതുങ്ങി. ഒരു പക്ഷെ അവർക്കിടയിൽ പറയാനും കേൾക്കാനും ഇനിയൊന്നും ബാക്കിയില്ല എന്നതാവും. അല്ലെങ്കിൽ തന്റെ വരവിന്റെ ഉദ്ദേശം സാധ്യമായി എന്ന രാമന്റെ ബോധ്യമാവാം.

ഒരു ശനിയാഴ്ച.
പകല് ട്യൂഷനൊക്കെ കഴിഞ്ഞു വന്നു.   ഊണ് കഴിച്ചു കുറെക്കിടന്നുറങ്ങി, ജാനുവും മനുവും.  ഒരു നാല് മണിയായിക്കാണും. മനു എണീറ്റു. ആരോ പറഞ്ഞിട്ടെന്നപോലെ നേരെ രാമന്റെ കൂട്ടിനു മുന്നിലെത്തി.അവനെ രണ്ടു കൈയും ചേർത്തു  കോരിയെടുത്തു പുറത്തേക്കു പോയി. സാധാരണ നിലത്തു വിട്ടാലും അധികം ദൂരെയവൻ പോകാറില്ല. അന്ന് വല്ലാത്ത ഉത്സാഹത്തോടെ പറമ്പിലൊക്കെ ഓടി നടന്നു..കണ്ട മരത്തിലെല്ലാം കേറിയിറങ്ങി. ഇടയ്ക്കു അതുവരെ ചെയ്തിട്ടില്ലാത്ത ഒരു കാര്യം ചെയ്തു..ചുറ്റുമതിലേക്കു വീണു കിടന്ന ചില്ലയിലൂടെ  അവൻ മതിലിലേക്കിറങ്ങി..കുറെ മതിലിലൂടെ നടന്നും ഓടിയും കഴിഞ്ഞു തിരിച്ചു വന്നു. അതെ ചില്ലയിലേക്കു തന്നെ തിരികെ കയറി.ഒന്നല്ല രണ്ടു പ്രാവശ്യം. രണ്ടാമത്തെ പ്രാവശ്യം ചില്ലയിൽ കയറിയതും  മനു അവനടുത്തേക്കോടി..തിരികെ എടുക്കാൻ...എന്തിനു പറയുന്നു..അടുത്തെത്തുന്നതിനു മുൻപേ അവൻ നേരെ ചില്ലയിൽ നിന്നും ഒറ്റച്ചാട്ടം..മതിലിനപ്പുറത്തെ കുറ്റിക്കാട്ടിലേക്ക്.... മനു ഓടിയെത്തി  മതിലിനു മുകളിലൂടെ അപ്പുറത്തേക്ക് എത്തിനോക്കി. അപ്പോഴേക്കും അവൻ കാടിനുള്ളിൽ മറഞ്ഞിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ  ഒരു നിമിഷം പകച്ചു നിന്നു. പിന്നെ നിലവിളിച്ചുകൊണ്ടവൻ വീട്ടിലേക്കോടി.

കുട്ടികളെ  സമാധാനിപ്പിക്കാനായി മാത്രമാണ് അയൽപക്കത്തെ  സുദേവനെ  വിളിച്ചുവരുത്തിയത്. കാടു മുഴുവൻ അരിച്ചു പെറുക്കിയിട്ടും രാമനെ കിട്ടിയില്ല. ജാനുവും മനുവും ഏങ്ങലടിച്ചു കരഞ്ഞു. ഇടയ്ക്കു മനുവിനെ അവൾ ദേഷ്യത്തിലെന്തൊക്കെയോ പറഞ്ഞു. രണ്ടുപേരും അന്ന് രാത്രി അത്താഴം പോലും കഴിക്കാതെ കിടന്നു.

സേതുലക്ഷ്മിക്കാവട്ടെ ഒരു നിസ്സംഗത മാത്രമായിരുന്നു. സംഭവിക്കേണ്ടതു ഇത് തന്നെയാണ് എന്നവർ വിശ്വസിച്ചു.  നിയോഗം നിറവേറ്റിയ രാമന്  തുടരേണ്ടതുണ്ട് എന്നവരറിഞ്ഞു. അന്നു  രാത്രി, കഴിഞ്ഞ കുറെ രാത്രികൾ കേൾക്കാതിരുന്ന രാമവാണി  അവർ വീണ്ടും കേട്ടു. നിയതമായ കർമ്മപഥത്തിലൂടെയുള്ള അയനമാണ് ജീവിതം. അത് തിരിച്ചറിയുന്നത് വരേയുള്ളൂ വെല്ലുവിളികൾ..കർമബോധം.
അതുണ്ടായിക്കഴിഞ്ഞാൽ  പിന്നെ നഷ്ടബോധമില്ല ദുഖങ്ങളില്ല. സ്നേഹം മാത്രം കാരുണ്യം മാത്രം. പതിവുപോലെ ഒടുവിൽ നിദ്രയിലേക്ക് അനായാസം വീഴുമ്പോൾ മനസ്സിൽ മുഴങ്ങുന്ന ശാന്തി മന്ത്രം.

നമസ്തേ രാമ രാമ! നമസ്തേ സീതാപതേ
നമസ്തേ രഘുപതേ രാവണാന്തക ഹരേ
നമസ്തേ നാരായണ നമസ്തേ ലക്ഷ്മീ പതേ
നമസ്തേ ഭുവനൈനായക കൃപാനിധേ



Saturday, June 8, 2019

മനം പോലെ

(ഇത് ജനനി സാംസ്‌കാരിക മാസിക  മെയ് 2019  ലക്കത്തിൽ പ്രസിദ്ധീകരിച്ചു)

കാറിൽ  നിന്നിറങ്ങി ഗേറ്റ് തുറന്നു മുറ്റത്തേക്കു നടക്കുമ്പോൾ തന്നെ  ആദ്യം മനസ്സിൽ നിറഞ്ഞതൊരു മഴയോർമയാണ്. ഞങ്ങൾ മത്സരിച്ചു പിടിച്ചു കുലുക്കി ആവോളം പെയ്യിച്ചിരുന്ന ചാമ്പക്കാ മഴ. മരം എന്നേ പട്ടു പോയി. അറിയാം.. അത് കൊണ്ട് തന്നെ അങ്ങോട്ടു നോക്കാതെ  ആ ഓർമ കൂടെ  കൊണ്ടുത്തരുന്ന  ഒത്തിരി ഓർമതുമ്പികൾക്കു പിറകെ മനസ്സയച്ചു വീട്ടിലേക്കു നടന്നു.

ഇത്തവണത്തെ വരവിനു പിന്നിൽ ഒരു ദൗത്യമുണ്ട്. ദൗത്യം നിറവേറ്റിയിട്ടു മാത്രം മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്താ മതീന്നാ ഏട്ടന്റെ താക്കീതു. ദൗത്യമെന്തന്നല്ലേ? ഏതുവിധേനയും എന്റെ പേരിലുള്ള വീട് വിൽക്കാനുള്ള  തടസ്സങ്ങൾ നീക്കുക.

വീട്  ഇപ്പൊ തന്നെ വില്ക്കാൻ  പ്രധാന കാരണമായി എന്നോട്  പറഞ്ഞിട്ടുള്ളത് പൂമുഖം തെക്കോട്ടു തിരിഞ്ഞിരിക്കുന്നു എന്നതാണ്. ആദ്യമേ പറയട്ടെ, വാസ്തുവിൽ വിശ്വാസമില്ലാത്തവളല്ല ഞാൻ. തികഞ്ഞ വിശ്വാസ്സം തന്നെയാണ് . അങ്ങിനെയുള്ള എനിക്ക് ഇങ്ങിനെയുള്ള അനുഭവമുണ്ടാകുമ്പോൾ എങ്ങിനെയാണ് പറയാതിരിക്കുക.

പൂമുഖം  തെക്കോട്ടായതാണ് എല്ലാ ക്ഷയങ്ങൾക്കും കാരണമത്രേ..ദുരിതങ്ങൾക്കെളുപ്പത്തിൽ ഉള്ളിൽ കേറാനാണു പോലും അങ്ങിനെ ചെയ്തുവച്ചിരിക്കുന്നെ. ആണെങ്കിൽ തന്നെ ഈ  തെക്കോട്ട് തിരിഞ്ഞിരിപ്പിനു നാല്പതിനാല് വർഷത്തെ പഴക്കമുണ്ടെന്നു  ഏട്ടന് അറിയാഞ്ഞിട്ടാണോ?  അമ്മേം  അച്ഛനും മിനിക്കുട്ടിയും ...ഞങ്ങളുടെ ചിരിയും കളിയും വഴക്കും പരിഭവങ്ങളും ഇപ്പോഴുംചൂഴ്ന്നു നിൽക്കുന്ന ഈ വീടും  പറമ്പും  ഏട്ടൻ കാണാൻ തുടങ്ങീട്ട് തന്നെ പത്തിരുപത്തഞ്ചു  വർഷമായില്ലേ.

ആരും ചോദിക്കും, ഇപ്പൊ എന്താ ഇങ്ങിനെ തോന്നാനെന്നു. എന്റെ പേരിലുള്ള വീട് വില്ക്കാൻ പണ്ടേ ആലോചനയുണ്ടായിരുന്നു. പക്ഷെ അമ്മയുള്ളതുകാരണം നടന്നില്ലെന്ന് മാത്രം. ഇപ്പൊ അമ്മയെ ഒഴിവാക്കി വീടുവിക്കാൻ വഴി തെളിഞ്ഞിരിക്കുന്നു. ഒരു ഗൂഢാലോചനയിലൂടെ.

വട്ടിയൂരാശാനെ പരിചയപ്പെട്ടു വീട്ടിലേക്കു കൂട്ടി വരുമ്പൊത്തന്നെ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു. കാഷായവും രുദ്രാക്ഷവും കൈയ്യെത്തുന്നിടത്തെല്ലാം ഭസ്മക്കുറികളുമായി വീട്ടിക്കേറി വരുമ്പോ ഇത്രേം കൈയ്യിലിരുപ്പുണ്ടാരുന്നു എന്നു  തോന്നിയില്ല. അളന്നു തൂക്കിയുള്ള നോട്ടവും സംസാരവും. ഇപ്പൊ തോന്നുന്നു അയാളുടെ വരവിനു തന്നെ പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു. പിന്നെയറിഞ്ഞു - എല്ലാവർഷവും വേണ്ടിവന്നാൽ സ്വന്തം കാശു മുടക്കിയായാലും ഗൾഫ് സന്ദർശിക്കുമത്രേ..ഏതെങ്കിലും കാശുള്ള അന്ധവിശ്വാസിയുടെ ആതിഥ്യത്തിൽ ഒരു മൂന്നാഴ്ച. ഉപദേശം കൊടുത്തു കൈനിറയെ കാശും കുറെ കസ്റ്റമേഴ്‌സുമായി സന്തോഷമായി തിരിച്ചു പോക്ക്. ആദ്യം അദ്ഭുതമായിരുന്നു. പക്ഷെ ഇപ്പൊ ഒരത്ഭുതവും ഇല്ല. എല്ലാം മനസ്സിലായി. ഇതുപോലെ എത്രപേരെ, എത്രകുടുംബങ്ങളെ വെട്ടിലാക്കിയിരിക്കും അയാൾ. നമ്മുടെ ശാസ്ത്രങ്ങളെ കള്ള  പാക്കറ്റിൽ വിറ്റുണ്ണുന്ന വിരുതൻ.

അയാളെ മാത്രം പറഞ്ഞിട്ടെന്തിനാ..ഏട്ടനെ ആർക്കും പറ്റിക്കാം. അക്കൂട്ടത്തിൽ ഒരു വട്ടിയൂരാശാനും. ഏട്ടനെ മുഴുവനായും പഠിച്ചു കുപ്പിയിലാക്കിയിരിക്കുന്നു  എന്ന് പിന്നെ പിന്നെ മനസ്സിലായി തുടങ്ങി. വളരെ കരുതലോടെയാണ് മറുപടി പറഞ്ഞിരുന്നതെങ്കിലും പഠിച്ച കള്ളന്റെ മുന്നിൽ തോറ്റുന്നു തന്നെ പറയണം. അല്ലേൽ ഇങ്ങിനെയൊക്കെ വരുമോ.

"വീട്..?" ഈ ചോദ്യം തുടക്കം മാത്രമായിരുന്നു. ഇടയ്ക്കു താടി തടവീം  തലചെരിച്ചു മേളിലേക്കു നോക്കീം  വേറിട്ട ചേഷ്ടകൾ കൊണ്ട്  ഇരയെ ആകർഷിക്കുന്ന രീതിയിലും ഒക്കെ ആയിരുന്നു. പുറമെ ഇങ്ങിനെയൊക്കെ കാട്ടിക്കൂട്ടി തെറ്റിദ്ധരിപ്പിക്കുന്നതിനപ്പുറം ഒരു ലാഭക്കച്ചവടം മനസ്സിൽ കാണുകയായിരുന്നയാൾ. അമ്മയെന്തേ വീട്ടിൽ ഒറ്റക്കിങ്ങിനെ..സിസ്റ്ററു  വന്നു നിൽക്കാറുണ്ടോ? അച്ഛനെന്തേ ചെറുപ്പത്തിൽ പോയത്..? വളരെ പോളിഷ്ഡ് ആയ ചോദ്യങ്ങൾ..ആത്മാർഥത പുരട്ടിയ വാക്കുകൾ. എല്ലാത്തിനും ആത്മാർഥതയോടെ മറുപടി കൊടുത്തിട്ടിപ്പോ..കിട്ടിയതോർത്തിട്ട് ദേഷ്യം വരുന്നു. എന്നോട് തന്നെ എല്ലാം അറിഞ്ഞുകൊണ്ട് ഒന്നൂടെ  ചോദിച്ചു തന്നോട് അടുപ്പം ഉണ്ടാക്കുകയായിരുന്നു എന്നുകൂടി ഓർക്കുമ്പോ..ഒരുതരം ജാള്യതയാണ്. വെറുപ്പും.

അവർക്കിടയിൽ ഒരു ബന്ധം ഉണ്ടായി വരുന്നു എന്ന് തോന്നിയെങ്കിലും ചോദിയ്ക്കാൻ പോയില്ല. എന്തിന് വെറുതെ, ഒരു പക്ഷെ എൻറെ  തോന്നലാവും എന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചു. തിരിച്ചു നാട്ടിൽ  പോണതിനു തൊട്ടു മുൻപ് വീട്ടിൽ വന്നിരുന്നു. അത്താഴത്തിനു. അന്നത്തെ സൽക്കാരത്തിനു ശേഷമാണ് ആശാൻ  പകുതി കാര്യമായും ബാക്കി സീരിയസ് ആയും ഏട്ടനോട് ചോദിക്കുന്നത്.

" പണി പറഞ്ഞുതന്ന  നമുക്ക് അവസാനം പണി തരല്ലേ...പറഞ്ഞു വച്ചതു ഇങ്ങു പോന്നേക്കണം" ഇത്തിരി സീരിയസ് ആയിത്തന്നെ പറഞ്ഞു വക്കാൻ റെമി  മാർട്ടിൻ അയാളെ സഹായിച്ചിട്ടുണ്ട്.

" ശ്ശെ  ശ്ശെ ..ആശാനൊരുമാതിരി സാ മട്ടില് സംസാരിക്കരുത്.. എനിക്കൊരു വാക്കേയുള്ളു..ആ വീടൊന്ന് വിറ്റു കിട്ടണം"

അന്നു രാത്രി അതെ ചൊല്ലി വഴക്കായി.. വേണമായിരുന്നോ? വേണമായിരുന്നു. ഇല്ലേൽ  ഈ പറ്റിക്കലൊരിക്കലും താനറിയില്ലായിരുന്നു.

"ചിലതിനൊന്നും അച്ചട്ടായി തെളിവ് നിരത്താനാവില്ല..ഇതുവരെ കിട്ടിയ അനുഭവം നോക്കി ഒന്നുകിൽ വിശ്വസിച്ചു കരുതലോടെ മുന്നോട്ടു പോണം..അല്ലെ പിന്നെ ..." ഒന്ന് നിറുത്തി പിന്നെ പറഞ്ഞു "എനിക്കറിയില്ല"

"ഏട്ടാ  അമ്മേടെ മനസ്സ് ആ വീടിനുള്ളിലും പരിസരത്തും തള ച്ചിട്ടിരിക്കയാ...അവിടന്ന് മാറ്റിയാ  അവരുടെ മനസ്സ് പിടയും"  - ഇതാ പറയേണ്ടിയിരുന്നെ. പക്ഷെ പറഞ്ഞില്ല. ഒരുമിച്ചിരുന്നു കഴിപ്പില്ലേലും കഴിക്കുമ്പോ ഒരുമിച്ചിരിക്കാറുണ്ട്..കഴിച്ചെണീക്കും വരെ എന്തേലും വിളമ്പിയോ ഒക്കെ. അപ്പോഴാണ് അങ്ങോട്ടുമിങ്ങോട്ടും പറയുന്നതും കേൾക്കുന്നതും.

"കഴിഞ്ഞ തവണ പോയി കണ്ടിട്ടാ പറേണത്  അല്ലാതെ ആരെങ്കിലും   പറഞ്ഞത് വിളമ്പുകല്ല..അവരൊക്കെ എത്ര ഹാപ്പി ആണ്. എവിടെ വേണോങ്കിലും കൊണ്ടുപോവും..നഴ്‌സിന്റെ
ക ണ്ണെപ്പോഴുമുണ്ട് ..രണ്ടുപേരുള്ള ഒരുമുറീം തരാമെന്നേറ്റുണ്ട്...നീയിതു അവരോടു ഒന്നവതരിപ്പിച്ചു  സമ്മതിപ്പിച്ചു തരണം...ഇത് വിറ്റെനിക്ക് തിന്നാനല്ല...എല്ലാർക്കും നല്ലതിന് വേണ്ടിയാ.. നല്ലൊരു വീട് വേറെ വാങ്ങാം നമുക്ക്ന്നിട്ട് അവരെ അങ്ങോട്ട് കൊണ്ടുപോവാം ..ഇതൊരു താൽക്കാലിക സെറ്റ് അപ്പ് അല്ലെ"

അന്ന് ശരിക്കും വഴക്കായി. പക്ഷെ അപ്പോഴാണ് എന്താ സംഭവിച്ചതെന്നും താനെന്തു ചതിക്കുഴിയിലാണു പെട്ടുപോയതെന്നും മനസ്സിലായത്. ആശാൻ നാട്ടിൽ  ചെന്നിട്ടു സ്വന്തമായി വണ്ടിക്കൂലിയും കൊടുത്തു അമ്മയെ കാണാൻ പോവുന്നു. അവിടെ ഉച്ചക്ക് സദ്യയുണ്ടു വൈകുന്നേരത്തോടെ 'ആയുരാരോഗ്യ സൗഖ്യം' നേർന്ന് തിരികെയെത്തീട്ടാണ് ഈ തിര നാടകം രൂപപ്പെടുന്നത്. അമ്മയെ പുറത്താക്കി വീട് വിക്കുക.

അമ്മേടെ സ്വാർത്ഥത കാരണമത്രേ അവിടുന്നു  പോവാൻ കൂട്ടാക്കാത്തത്. മക്കള് നന്നാകണമെന്നില്ല..അവരുടെ പേരക്കുട്ടികൾ നന്നാവണമെന്നില്ല..ഇങ്ങിനെയൊക്കെ ഒരാൾക്ക് എങ്ങിനെ മാറാൻ പറ്റും ഇങ്ങിനെയൊക്കെ പറയാൻ പറ്റും. അവരെ കാണുമ്പോ തേനിൽ ചാലിച്ച് വാക്കുകളെറിയും..അസുഖവിവരമന്വേഷിക്കും..പ്രഷറിനും പ്രമേഹത്തിനുമുള്ള മരുന്നില്ലാതെ ഒരവധിക്കും കാണാൻ ചെല്ലാറില്ല. പാവം അമ്മ. അച്ഛനില്ലാത്തിടത്തു അന്വേഷിക്കാൻ   മരുമോനെയുള്ളൂന്നു പറയുന്നത് കേട്ടിട്ടുണ്ട്... ഇങ്ങിനെയൊരു മരുമോനെ കിട്ടാൻ ഭാഗ്യം ചെയ്യണംന്നു പോലും ശുദ്ധഗതിയിൽ വിളമ്പിയത് ഡെയ്സി ചേച്ചി പറഞ്ഞറിയാം.

രണ്ടെണ്ണം ഉള്ളിലും വീടൊഴിപ്പിക്കൽ ചിന്ത തലക്കുള്ളിലുമാവുന്ന ഏതെങ്കിലുമൊരു വൈകുന്നേരമാവും തീൻ മേശ പൂരപ്പറമ്പാവുക. പറയും - നമ്മളൊക്കെ നല്ലതായി കഴിയുന്നുവെന്നാ അവരുടെ വിചാരം. പോട്ടെ എന്തെങ്കിലും ഒന്നന്വേഷിക്കണമല്ലോ ങേ ഹെ .അങ്ങിനെ ഒരു ചിന്ത പോലുമില്ല. സ്വന്തം കാര്യം സിന്ദാബാദ്. അത് തന്നെ തള്ളക്ക്.നമ്മുടെ ബുദ്ധിമുട്ടു നമുക്കല്ലേ അറിയൂ. ആരോട് പറയാൻ. ആര് കേൾക്കാൻ.

അമ്മക്ക് സ്വാർഥതപോലും..എന്ത് സ്വാർഥത..കിട്ടിയതൊക്കെ മഹാഭാഗ്യം എന്ന് കരുതീട്ടേ ഉള്ളു. അച്ഛൻ ചെറുപ്പത്തിലേ പോവേം മക്കളെല്ലാം പുറത്തു ദേശങ്ങളിലാവേം ചെയ്തപ്പോൾ അമ്മേടെ ലോകം വീടും ഈ പറമ്പുമായി എന്ന് മാത്രം.

ആകെക്കൂടെ  ഒരു മുപ്പതു സെന്റാണ്. പക്ഷെ ഇവിടില്ലാത്ത മരങ്ങളില്ല. ചെടികളില്ല..ചെന്തെങ്ങും ഗൗളി ഗാത്രയും  കവുങ്ങും മൂവാണ്ടനും വരിക്കപ്ലാവും സപ്പോട്ടയും പപ്പായയും ആത്തയും ബദാമും ഒക്കെ. ചെടികളെപ്പറ്റി പറയുന്നില്ല..എല്ലാം പറയാനറിയില്ലെന്നതാണ് നേര്..മുല്ലയും പിച്ചിയും ജെമ്മന്തീം അങ്ങിനെ ചിലതൊക്കെ അറിയാം. ഓരോ തവണ വരുമ്പോഴും പുതിയ നിറങ്ങൾ മണങ്ങൾ. ഇവക്കൊപ്പം അണ്ണാനും കാക്കയും പൂച്ചയും ഇടയ്ക്കു ഏതോ അജ്ഞാത ഗൃഹത്തിൽനിന്നും അന്വേഷിച്ചിഴഞ്ഞെത്തുന്ന മഞ്ഞ ചേരയും അങ്ങിനെ പലതും ചേരുന്നൊരു ആവാസവ്യവസ്ഥ. അമ്മക്ക് ഇതെല്ലാം  ചേർന്നതാണ് വീട്.

ഡെയ്സി ചേച്ചി പറഞ്ഞിട്ടാണ് അമ്മേടെ കാര്യങ്ങൾ പോലും അറിയുന്നത് . അമ്മ പറഞ്ഞിട്ടല്ല. രാവിലെ  പത്തു മണിയോടെ പുറത്തിറങ്ങും... പറഞ്ഞാൽ കേക്കണ്ടേ..ആരും ഇല്ലാത്തപ്പോൾ പുറത്തേക്കിറങ്ങരുത് എങ്ങാനും വീണുപോയാൽ പിന്നെ വല്യ ബുദ്ധിമുട്ടാവുംന്നൊക്കെ...ആര് കേൾക്കാൻ..
"എനിക്കൊന്നും വരില്ല.."
ഏട്ടൻ കഴിഞ്ഞ പ്രാവശ്യം ഒരു വോക്കിങ് സ്റ്റിക്  കൊണ്ടു  കൊടുത്തു...അതിൽ പിടിച്ചു നടന്നോളാൻ..ഇപ്രാവശ്യം വന്നപ്പോ കണ്ടു..വോക്കിങ് സ്റ്റിക് ഉമ്മറത്തൊരു മൂലക്കിരിക്കുന്നു..പരാതിമൂടികെട്ടി.

"എടി ഞാനാ താഴത്തെ പ്ലാവിന്ന് ചാഞ്ഞു കിടന്ന ഒരു കമ്പു ലാലപ്പനെ കൊണ്ട് വെട്ടിച്ചു ശെരിയാക്കിഎടുത്തിട്ടുണ്ട്..എനിക്കതേ  പറ്റൂ  ..മറ്റേ കുന്ത്രാണ്ടം വേണ്ട..അത് ശെരിയാവില്ല.."

അതും കൊണ്ട് പിൻവശത്തെ വാതിൽ തുറന്നു പടിയിറങ്ങി പറമ്പിലേക്കെത്തും..അവിടെ അമ്മേടെ അന്വേഷണം കാത്ത് നിക്കുന്ന എല്ലാരടുത്തും പോവും ...കാര്യങ്ങൾ ചോദിക്കും പറയും. എന്തേലും ആർകെങ്കിലും കുറവ് തോന്നിയാൽ ഡെയ്സി വരുമ്പോ പറയും...

" നീ അവനോടൊന്നിവിടം വരെ വരാൻ പറ"

അങ്ങിനെയാണ് ലാലപ്പന് പണി കൊടുക്കുന്നത്..

അച്ഛനെക്കണ്ടു തിരികെയെത്തുമ്പോൾ ഉച്ചക്ക് കഴിക്കാനുള്ള നേരമാവും...പിന്നെ ഉറങ്ങിയെണീറ്റു ...അമ്പലത്തിലോ ആശ്രമത്തിലോ  പോവും..ഈയടുത്തിടെയായി അമ്പലത്തി പോക്ക് കുറവാത്രേ...കൂടുതലും ആശ്രമത്തിൽ തന്നെ..അവുടുത്തെ രീതികളോടാണ് അമ്മക്കിപ്പോ കൂടുതൽ പ്രിയം..ചെറിയ പ്രാർഥനകൾ... പാവപ്പെട്ട വീടുകളിലെ കുറെ കുട്ടികൾ വരുന്നുണ്ട്..അവർക്കു അന്നദാനം, പിന്നെ പാട്ടു ക്ലാസ് തയ്യൽ ക്ലാസ്  അങ്ങിനെ          പലതും..അതിലൊക്കെ സഹകരിക്കുന്നതാണ് സുഖം എന്ന് വിളിക്കുമ്പോ പറയും..

ആഴ്ചയില്  രണ്ടു തവണയെങ്കിലും പറമ്പിലെ പണിക്കെന്നും  പറഞ്ഞു ലാലപ്പനെ വിളിപ്പിക്കും..അച്ഛന്റെ കാലത്തേ  പണിക്കുവരുന്നയാളാ...ഇപ്പൊ അങ്ങനെ പുറത്തൊന്നും പണിക്കുപോവാറില്ല..ഒരു മോനുള്ളത് സർക്കാരുദ്യോഗസ്ഥനായപ്പം നടപ്പായ പരിഷ്ക്കരമാണ്...ശാന്തേച്ചി പറഞ്ഞിട്ടാന്ന് ഡെയ്സി ചേച്ചി പറയുമ്പോ വരും...പണിയാനൊന്നും ഉണ്ടാവില്ല..ചുമ്മാ ഒന്നും രണ്ടു പറഞ്ഞിരിക്കും..പണ്ടേ ചെവിക്കു ചില്ലറ തകരാറുണ്ടായിരുന്നു..ഇപ്പൊ അത് കൂടിയിട്ടുണ്ട് എന്ന് കഴിഞ്ഞ തവണ കണ്ടപ്പോ മനസ്സിലായി. അതുകൊണ്ടു അമ്മ പറയും; ലാലപ്പൻ കേക്കില്ല കേട്ടപോലെ ഭാവിക്കും. അമ്മേടെ മുഖത്തുന്നു ലാലപ്പൻ എല്ലാം വായിച്ചെടുക്കും മറുപടി പറയും. അമ്മക്ക് അതൊക്കെ മതി. കുറെയധികം നാട്ടു വർത്തമാനോം ലോക കാര്യങ്ങളും പറയാനുണ്ടാവും ലാലപ്പന്.

ഇടയ്ക്കു രാഷ്ട്രീയ അവലോകനങ്ങളും കേക്കേണ്ടി വരും. അത് 'അമ്മ തന്നെ പറഞ്ഞിട്ടുള്ളതാണ് - " എല്ലാം സഹിക്കാം അവന്റൊരു രാഷ്ട്രീയം കേറി വന്നാ പിന്നെ പിടിച്ചാ  കിട്ടില്ല" തല പുകഞ്ഞു  തൊടങ്ങുമ്പോ പതുക്കെ വിഷയം മാറ്റും. ഒന്നും വേറെ കിട്ടിയില്ലെങ്കി 'നീയിനി വേറെന്തെങ്കിലും പറ'...എന്നോ .. 'പിന്നെ നിന്റെ പെണ്ണുംപിള്ള എന്തോ പറയുന്നു' എന്നോ മറ്റോ പറയും.

ഒരിക്കൽ വഴക്ക്  കൊടിയിറങ്ങുന്നതിനു മുൻപ് ലാലപ്പനിട്ടും  കൊടുത്തു ഒരു കൊട്ട്.

"പെൻഷൻ  കിട്ടുന്ന കാശെല്ലാം ആ പൊട്ടൻ കൊണ്ടുപോവും.."

                                  *                                               *                                        *
അമ്മയോട് സംസാരിച്ചു സമ്മതിപ്പിച്ചിട്ടു തിരികെ പോരാനുള്ള ടിക്കറ്റ്  ഉറപ്പിച്ചാ മതീന്നാണു ചട്ടം കെട്ടിയിരിക്കുന്നെ. വന്നിട്ട് രണ്ടാഴ്ച കഴിയുന്നു..കൂടുതലും വീട്ടിൽ തന്നെയായിരുന്നു..ഇടയ്ക്കു ഡെയ്‌സി  ചേച്ചിയെ കണ്ടു..അപ്പോഴാണ് അമ്മക്ക് ഇടയ്ക്കു ദേഹം തളരുന്നപോലെയൊക്കെയാവും..ചിലപ്പോഴൊക്കെ  ചേച്ചി  വീട്ടിലുറങ്ങാറുണ്ടെന്നുമൊക്കെ അറിയുന്നത്.. ഞാനോ മിനിക്കുട്ടിയോ വിളിക്കുമ്പോ ഇതൊന്നും പറയാറില്ല..

വല്ലാത്ത വീർപ്പു മുട്ടൽ തന്നെ..പണ്ടും വിഷമങ്ങൾ അവളോടു പറയാറില്ല..തന്നെക്കാൾ ആറു  വയസ്സിനിളപ്പമില്ലേ..അത് കൊണ്ട് ഇന്നും അവൾ ഇതൊന്നും കേക്കാറായിട്ടില്ല എന്നാ  വിചാരം.

മുൻപ് അച്ഛൻ മരിച്ച സമയത്തു അമ്മ പറയുമായിരുന്നു.
"റിട്ടയർമെന്റ് കഴിഞ്ഞാപ്പിന്നെ എന്തെങ്കിലും വേണ്ടേ..? നീയും അവളും പോയാപ്പിന്നെ ഞാൻ ഇവരോട് മിൻടീം  പറഞ്ഞുമൊക്കെയിരിക്കും"

ഞാനും അവളും പിന്നൊന്നും പറയില്ല പിന്നെ. പറഞ്ഞു വരുന്നത് ഒറ്റക്കാവു ന്നകാര്യമാണ് . അച്ഛൻ അമ്മേടെ ചെറുപ്പത്തിലേ മരിച്ചു. പറമ്പിലൊരു മൂലയിൽ അച്ഛന്റെ സാമീപ്യമായ ചെന്തെങ്ങു് ഇന്നും തീരാവേദനയാണ് അമ്മക്ക്. അവസാനകാലം അമ്മേടെ മുഖോം കൈകളും മാത്രമേ അച്ഛൻ  തിരിച്ചറിഞ്ഞിരുന്നുള്ളു. എന്തിനും അമ്മ വേണം..ദൈന്യം നിറഞ്ഞ നോട്ടം അമ്മ നേരിട്ടിരുന്നത് കണ്ണീരോടെയാണ്. "ആർക്കെന്തു ദ്രോഹം ചെയ്തിട്ടാണിങ്ങിനെ കഷ്ട്ടപ്പെടുത്തുന്നത്.." അമ്മ  പിറുപിറുത്തോണ്ടു  കരേണത്  എത്ര കണ്ടിരിക്കുന്നു. അന്നെനിക്കോ തീരെ കുഞ്ഞായിരുന്ന അവക്കോ കണ്ടു നിൽക്കാനല്ലാതെ അമ്മേടെ വിഷമം ശരിക്കു മനസ്സിലാക്കാൻ കൂടി കഴിയില്ലായിരുന്നു. ഏറിയാൽ ആറു  മാസം എന്ന് ഡോക്ടര് വിധിയെഴുതിയ ശേഷം അച്ഛനെത്രയും വേഗം വേദനയില്ലാതെ പോണം നന്നായിരുന്നു അമ്മക്ക്..

"നല്ലൊരു മരണം കിട്ടിയാ മതിയായിരുന്നു..ഈശ്വരാ"

പക്ഷെ അച്ഛന്റെ മരണവും ഏട്ടന് സ്വന്തം നിലപാട് സാധൂകരിക്കാൻ ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. ചിലർക്ക്  അതിനു പ്രത്യക സാമർത്ഥ്യമുണ്ട്.

"ചുമ്മാതല്ല കാൻസറായി നേരത്തെ തട്ടിപ്പോയത്..
 ആരോടെങ്കിലുമൊക്കെ ആലോചിച്ചു  നേരെ ചൊവ്വെയൊക്കെ
വെക്കണമായിരുന്നു വീട്..ആശാൻ ഓരോന്നങ്ങോട്ടു എണ്ണിയെണ്ണി പറഞ്ഞപ്പോ ഞാൻ ഞെട്ടിപ്പോയി"

ഡെയ്സി ചേച്ചി ഉറപ്പായി പറഞ്ഞതായിരുന്നു ഞാനും കൂടി ഡോക്ടറെ പോയി കാണണംന്നു. ഒത്തിരി നിർബന്ധിച്ചപ്പോഴാണ്  കൂടെ വരാൻ തയ്യാറായത്..ഹാർട്ടിനു ചില പ്രശ്നങ്ങൾ...ഒക്കെ..ഇനി വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ഡോക്ടറുമായി ഉറപ്പിച്ച ശേഷം കാറിലേക്ക് കേറുമ്പോ പറഞ്ഞു..

"വയസ്സായില്ലേ...ഇനി അസുഖങ്ങളൊക്കെ വരും..നീയതൊന്നും കാര്യമാക്കണ്ട ...സന്തോഷമായി പോ..ഇവിടെ എന്റെ കാര്യം നോക്കാൻ ഇവരൊക്കെയില്ലേ.."

ഞാൻ വിഷമിക്കരുതെന്നൊക്കെയാണ് അമ്മ പറയുന്നത്.സത്യം പറഞ്ഞാൽ അമ്മയിൽ വല്യ മാറ്റം വന്നിട്ടുണ്ട്. ഓർക്കുന്നു. ഒടുവിൽ അവളും വിവാഹിതയായി വീട് വിട്ടു പോവുമ്പോ അമ്മയിൽ വല്ലാത്തൊരു അനാഥത്വം ഉണ്ടായിരുന്നു..ഇടയ്ക്കു താനൊറ്റക്കായി എന്നമട്ടിൽ എന്തേലും പറയുകേം വിതുമ്പുകേം  ഒക്കെ ചെയ്യുമായിരുന്നു..അന്ന് അമ്മയെ സമാധാനിപ്പിക്കാൻ ഞങ്ങൾ എത്ര പാടുപെട്ടു. പക്ഷെ ഈയിടെയായി   വല്ലാത്ത മാറ്റം.

രാത്രി ഒരുമിച്ചിരുന്നു കഴിച്ചു..അതിൽ പുതുമയില്ലെങ്കിലും പറയുവാ. എപ്പോ വന്നാലും ഒരുമിച്ചു തന്നെയാണ് കഴിക്കാറുള്ളത്. മുന്നില് ടി വി ചെറിയ ശബ്ദത്തോടെ ഓൺ ആക്കി വച്ചിട്ടുണ്ടാകും. ഞങ്ങൾ ശ്രദ്ധിക്കാറില്ല. തേങ്ങാപ്പാലൊഴിച്ച കഞ്ഞി പ്ലാവിലകൊട്ടി കഴിക്കുമ്പോലെപ്പോഴോ ആമുഖമൊന്നുമില്ലായാണത് പറഞ്ഞത്.

"നിന്നോടൊരു കാര്യം പറയാനുണ്ട്..പോണതിനു മുൻപ് ...അവളോട് പിന്നെ പറയാം.."

ചെറുതായൊന്നു ഞെട്ടി. ഒരു പക്ഷെ അമ്മക്ക് പറയാനുള്ളതിനേക്കാൾ വലിയൊരു കാര്യം തനിക്കു പറയാനുണ്ട്. അതെങ്ങിനെ അവതരിപ്പിക്കും എന്ന പ്രതിസന്ധിയിലാണ് ഞാൻ.

"എന്നാ പോണത്..ടിക്കറ്റു ഉറപ്പിച്ചോ..?"

മടക്കയാത്രക്കുള്ള ടിക്കറ്റ് ഉറപ്പാക്കുന്നതിന് മുൻപൊരു ദൗത്യം നിറവേറ്റാനുണ്ട്...അതമ്മക്കറിയില്ലല്ലോ...അത് ചെയ്യാതെ തിരിച്ചുചെല്ലാനാവില്ലെന്നു. ന്നാലും പറഞ്ഞു...

" രണ്ടുദിവസം കഴിഞ്ഞു നോക്കണം.."

"ഒരഞ്ചാറു വർഷം മുൻപ് മാലിനി ടീച്ചറു  പറഞ്ഞിട്ടാ ആശ്രമത്തി പോവാൻ തുടങ്ങിയത്..അവര് മോൻ മരിച്ച ശേഷം അവിടെയല്ലേ താമസം..എന്തോ പോയി തുടങ്ങിയപ്പം വല്ലാത്ത സമാധാനമാണ്.."

ഞാൻ ശ്രദ്ധയോടെയും കൗതുകത്തോടെയും കേട്ടിരുന്നു.

"അന്ന് എന്നോട് ചോദിച്ചിരുന്നു..ആശ്രമത്തില് കുറെ മുറികൾ കൂടി പണിയുന്നുണ്ട് ടീച്ചറിന് വേണോന്ന്...ഞാനന്ന് വെറുതെ മൂളിയതാ...ഇപ്പൊ അതിന്റെ പണി പൂർത്തിയായി.."

ഞാൻ അതിശയത്തോടെ ചോദിച്ചു -

"ന്നിട്ട്?"

"ഞാനങ്ങോട്ടു മാറുവാ മോളെ..രണ്ടു മാസത്തിനകം".

ഒരു ഭാവപ്പകർച്ചയുമില്ലാതെ അമ്മ അത് പറഞ്ഞപ്പോൾ ഒരുപക്ഷെ സന്തോഷിക്കേണ്ട താൻ പെട്ടെന്നെന്തേ ഇങ്ങിനെ  പറഞ്ഞു?

"എന്താ അമ്മേയിതു...ഞങ്ങളോടൊന്നുമാലോചിക്കാതെ മുറി പോയെടുത്തു..അങ്ങിനെയെങ്കിൽ മാറുന്ന കാര്യവും  പറയേണ്ടായിരുന്നല്ലോ."

"നീ ദേഷ്യപ്പെടാതെ..അന്ന് ഇങ്ങനെയൊന്നും ചിന്തിച്ചില്ല. ചോദിച്ചപ്പോ  വെറുതെയൊന്നിരിക്കട്ടെയെന്നു കരുതി. ഇന്ന് തോന്നുന്നു നന്നായിന്നു.."

"അമ്മയല്ലേ പറഞ്ഞെ അച്ഛനുറങ്ങുന്ന മണ്ണാണ്, ഓർമ്മകൾ മുഴുവനും വീടിനുള്ളിലും പറമ്പിലുമാണെന്നൊക്കെ..ആ അമ്മയാണോ ഇപ്പറയുന്നെ.."

"ശരിയാണ് അന്നത് പറഞ്ഞു..കാലം നമ്മളെ തിരുത്തും...ഓർമകളുണ്ട് അത് മനസ്സിലല്ലേ..ഒരാളും മണ്ണുമായും വീടുമായും അത്രക്കങ്ങോട്ടു അടുക്കരുത്..ഇതൊന്നും സ്ഥായിയല്ല"

"നോക്ക് ഞാൻ മിനിയോട് സംസാരിക്കാം. അവള് വരാറുണ്ടല്ലോ ബോംബെന്ന്. ഇനി ഇടയ്ക്കിടെ വരാൻ പറയാം. ഞാനും വർഷം  രണ്ടു  തവണയെങ്കിലും വരാം ..അമ്മ ഇവിടുന്നു മാറേണ്ട...ഒരിടത്തും പോവണ്ട. ഇപ്പൊ ഇതൊക്കെ പറയും..ഇവിടുന്നു മാറുമ്പോഴെ അറിയൂ. എനിക്ക് സമാധാനമായി പോവാൻ പോലും പറ്റുന്നില്ലല്ലോ..ഈശ്വരാ .."

"ഇല്ല മരണം വരെ ഓർമകളുണ്ടാവും എന്ന് പോലും പറയാനാവില്ല..നിനക്കച്ഛന്റെ കാര്യം അറിയില്ലേ. മരണമെത്തും  മുൻപ്  ഓർമ്മകൾ മരിച്ചേക്കും ...നമ്മൾ എത്ര പേരെ  കാണുന്നു..അങ്ങിനെയായാൽ  പിന്നെ വീടും പറമ്പുമൊക്കെ നമുക്കന്യമാവില്ലേ"

"എനിക്കൊന്നും മനസ്സിലാവുന്നില്ല...ആദ്യം ആ ആശ്രമത്തിൽ പോണത് കുറച്ചു കാലം നിറുത്തി വയ്ക്കു. എല്ലാം ശരിയാവും"

"നീയിപ്പോ അതൊന്നും ആലോചിക്കേണ്ട...വരേണ്ടത് വരും..ഇപ്പൊ ഈ പാത്രങ്ങളൊന്നു അടുക്കളയിൽ കൊണ്ടുപോയി വയ്ക്കു..എന്നിട്ടു ടി വി യോ മറ്റോ കാണു..ബാക്കി പിന്നെ സംസാരിക്കാം..പിന്നൊന്ന് ഈ വീട് നിന്റെ പേരിലാണ്. അതെന്തു ചെയ്യണമെന്നു ഗോപിയുമായി ആലോചിച്ചു വേണം ചെയ്യാൻ..അത്രേയുള്ളു "

അതും പറഞ്ഞമ്മയെണീറ്റു..അറിയാം അന്നും ഇന്നും അമ്മ ഒന്ന് തീരുമാനിച്ചാൽ പിന്നെ മാറ്റമില്ല.

രാത്രി അമ്മയുടെ അരികിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ഒന്നുകൂടി  ഓർത്തു..എങ്ങിനെ അപ്പോൾ തനിക്കങ്ങിനെ പറയാൻ തോന്നി?
അമ്മയെ വീട്ടിൽ നിന്നിറക്കാൻ പദ്ധതിയുമായി വന്ന താൻ  സന്തോഷിക്കയായിരുന്നില്ലേ വേണ്ടത്. എന്തെ എനിക്കതിനു കഴിയാതെ പോയത്? അതോ ഇത്രേം കാലത്തേ ഗോപികൃഷ്ണ സഹവാസം തന്നെ വല്ലാത്ത തന്ത്രശാലിയും ഹൃ ദയമില്ലാത്തവളുമാക്കി മാറ്റിയോ? അവസരത്തിനനുസ്സരിച്ചു മാറ്റി പറയുകയായിരുന്നില്ലേ ഞാൻ..

അതോ ശരിക്കുള്ള രാജിയായിപ്പോയതാണോ, അമ്മേടേം അച്ഛന്റേം പുന്നാര മോള് രാജി...ഞാൻ പോലുമറിയാതെ.  അങ്ങിനെ ചിന്തിക്കാനാണിഷ്ടം..

അടുത്ത് അമ്മ ഉറങ്ങി കഴിഞ്ഞു..എവിടെയോ ഒരു നൊമ്പരം..സ്നേഹം..
എണീറ്റ് കട്ടിലിനരികിലെ ജനൽ പാളികൾ പതിയെ തുറന്നു..പുറത്തെ ഇരുട്ടിൽ നിഴൽ നൃത്തമാടുന്ന മരച്ചില്ലകൾക്കിടയിലൂടെ ദൂരെ ഒരു കുഞ്ഞു ചന്ദ്രക്കല...ഒരു ചെറു കാറ്റിനൊപ്പം  ജനലിനടുത്തു  പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലപ്പൂക്കളുടെ ഗന്ധം മുറി നിറയുന്നു. ഞാൻ ചെരിഞ്ഞു അമ്മയോടു ഒന്നുകൂടി ചേർന്നു കിടന്നു. കൈയ്യെടുത്തു കുറുകെയിട്ടു കെട്ടിപ്പിടിച്ചു. ആ ദേഹത്തെ തണുപ്പ് ആർദ്രമായ സ്നേഹമഴയായി  ഊഷരമായ മനസ്സിൽ പെയ്തിറങ്ങുമ്പോൾ ഞാൻ ശരിക്കും  ഒരു കുട്ടിയായ പോലെ.




Wednesday, May 8, 2019

തിരികെയാത്ര

(ഈ കഥ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു
https://www.manoramaonline.com/literature/your-creatives/2019/04/29/thirike-yathra-malayalam-short-story.html)


         മറ്റൊരു സിറ്റിയിൽനിന്നും സമയംതെറ്റി വരുന്നതായിരുന്നു ആ ഫ്ലൈറ്റ്. 

       ഏതോ നാടോടിപ്പക്ഷികൾ എഞ്ചിന്റെ ഉള്ളിലകപ്പെട്ടതായിരുന്നത്രെ.  അങ്ങിനെ പറ്റിപ്പോയാൽ, ഏറ്റവും അടുത്ത വിമാനത്താവളത്തിലിറക്കി കേടുപാടുകളൊന്നും ഇല്ലാന്ന് ഉറപ്പു വരുത്തിയേ യാത്ര തുടരാനാവൂ. എനിക്കു പോകേണ്ട ഫ്ലൈറ്റ്  അതുകാരണം മറ്റൊരിടത്തിറക്കേണ്ടി വന്നതാണ് സമയം വൈകാൻ കാരണം.

       സന്ദേശം ഫോണിൽ കിട്ടിയിട്ടും ശരിക്കുള്ള സമയം നോക്കി നേരത്തെ തന്നെ എയർ പോർട്ടിലെത്തി. ഹോട്ടൽ മുറിയിലെ ചുമരുകൾക്കുള്ളിൽ വീർപ്പുമുട്ടൽ അധികമായത് പോലെ. സെക്യൂരിറ്റി ചെക്കിന് കാലുകളകത്തി കൈകളുയർത്തി നിരുപാധികം കീഴടങ്ങി; ദേഹത്ത് അപകടങ്ങൾ ഒളിപ്പിച്ചിട്ടില്ലാ എന്നവരെ ബോധ്യപ്പെടുത്തി. വിമാനം വരുന്ന ഗേറ്റിലെത്തി ഒഴിഞ്ഞൊരു മൂലയിലെ കസേരയിൽ പോയിരുന്നു. 

       മുന്നിൽ, മുകളിൽ നിന്നും താഴെവരെ ഗ്ലാസ് പാളിയിട്ട വലിയ വാതായനത്തിലൂടെ പുറത്തു ചെറുതും വലുതുമായ വിമാനക്കിളികൾ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നത് അലസമായി നോക്കിയിരുന്നു.

       ഒരഞ്ചു മിനിറ്റ് കഴിഞ്ഞു കാണും; പോക്കറ്റിൽ ഫോൺ വിറച്ചു.

       "എവിടെയായി?"

       "എയർ പോർട്ടിലാ, റേഞ്ച് ഉണ്ടാവില്ല..പിന്നെ വിളിക്കാം" ഒറ്റയടിക്ക് മറുപടി കൊടുത്തു. 

       പ്രിയയായിരുന്നു. അവളോടിപ്പോ സംസാരിച്ചാൽ ശരിയാവില്ല..

       ആകെ മൂഡോഫ് ആണ്. ഫോൺ തിരികെ പോക്കറ്റിലിട്ടു.

       ഞാനോർത്തു. പലതും മായ്ച്ചു കളയാനൊക്കില്ല.നിമിത്തങ്ങളെന്നോണം ചിലതുണ്ടാവും. അത് നമ്മെ മറക്കാൻ പാടില്ലാത്തതിലേക്കു തന്നെ തിരികെ നടത്തിക്കും.പതിനെട്ടു വര്ഷങ്ങൾക്ക് ശേഷം ഒരാഴ്ചത്തെ ഒദ്യോഗിക സന്ദർശനം എന്ന പേരിൽ ഇവിടെ വീണ്ടുമെത്തിയത് പിന്നെന്തുകൊണ്ടാണ്? താല്പര്യമില്ല എന്ന് നിർബന്ധം പിടിച്ചിട്ടും കോൺട്രാക്ട് ചർച്ചകൾക്ക് ഞാൻ തന്നെ വരേണ്ടിവരിക. 

       ആദ്യ ദിവസ്സം തന്നെ, മീറ്റിങ്ങിൽ അവിചാരിതമായ കൂടിക്കാഴ്ചയുടെ ഷോക്കടിച്ചു വർഷങ്ങൾക്കപ്പുറത്തെ സ്ഥലകാലത്തിലേക്കു തെറിച്ചു വീഴുക. ഞാൻ ബാക് പാക്കിന്റെ പോക്കറ്റിൽകിടന്ന ടിക്കറ്റുകൾ വെറുതെയൊന്നെടുത്തു നോക്കി. ഒന്ന് ന്യൂ യോർക്കിൽ നിന്നും ഡൽഹിയിലേക്ക്, മറ്റേതു അവിടുന്ന് കൊച്ചിയിലേക്ക്. വർത്തമാനജീവിതത്തിലേക്കുള്ള ടിക്കറ്റുകൾ. മടക്കി വീണ്ടും ബാഗിൽ വച്ചു.

       തീവ്രമായ കാംപസ് പ്രണയം വിവാഹത്തിലെത്തിയപ്പോഴാണ് കേരളത്തിനു തെക്കും വടക്കും രണ്ടു തരം മലയാളികളാണെന്നും മുന്നോക്ക പിന്നോക്ക മനോഭാവങ്ങൾ എല്ലായിടത്തും ഒന്നാണെന്നും അനുഭവിച്ചറിയുന്നത്. പ്രണയം മധുരവും ധീരവുമാണെന്നു പരസ്പരവും പിന്നെ മറ്റുള്ളവരെയും ഓർമിപ്പിച്ചു കൊണ്ട് കല്യാണം കഴിക്കുമ്പോൾ ഒരുമിച്ചു ജീവിക്കാം എന്നല്ലാതെ മറ്റു പ്രതീക്ഷകൾ ഇല്ലായിരുന്നു. വീട്ടിൽ നിന്ന ഏതാനും നാളുകൾ അവളെ അമ്മ വല്ലാതെ നോവിച്ചിരുന്നു. അമ്മയെ മാത്രം എന്തിനു പറയണം എല്ലാരും എന്നതാവും കൂടുതൽ ശരി.

        ഇവിടം സ്വർഗ്ഗമാണെന്നവൾ പറഞ്ഞിരുന്നു. ഇഷ്ട്ടമായി ജീവിക്കാം. ഇഷ്ടമുള്ളതിടാം. ആരും ഇടപെടാനും വിലക്കാനും ഒന്നും വരില്ല. ഡ്രൈവിംഗ് പഠിച്ചതോടെ ഇഷ്ടമുള്ളിടത്തു പോകാം എന്ന് കൂടിയായി. പിന്നെ ചില ക്‌ളാസ്സുകളെടുത്തു. ചെറിയൊരു ജോലിയുമൊപ്പിച്ചു. എല്ലാം സ്വന്തമായി നേടിയത് തന്നെ. ഒക്കെ എനിക്ക് സന്തോഷമായിരുന്നു. എങ്കിലും ഇടയ്ക്കു ചില പൊട്ടിത്തെറികൾ ഉണ്ടാകുമായിരുന്നു എന്നത് നേര്. പലപ്പോഴും വിഷയം പഴയ കാര്യങ്ങൾ തന്നെയാവും. ഒരു ചെറിയ വഴിക്കിന്റെ സമയത്തു പറഞ്ഞതോർക്കുന്നു 'അമ്മേടെ ദുർമുഖം എനിക്കിനി കാണേണ്ട'.

       എന്തിനായിരുന്നു വഴക്ക്? 

       ഒറ്റക്കായി നോക്കാനാളില്ലാതെ അസുഖമായി കഴിയുന്ന അമ്മയോട് ഒറ്റ മോനായ എനിക്ക് കടപ്പാടുണ്ട്. വരുമ്പോൾ തന്നെ പറഞ്ഞിരുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞു നമുക്ക് തിരിച്ചു പോണംന്നു. പോയെ തീരു എന്ന്! അന്നവൾ സമ്മതിക്കുകയും ചെയ്തിരുന്നു. അമ്മക്ക് വീണ്ടും സുഖമില്ലായെന്നറിഞ്ഞു വിഷയം വീണ്ടുമെടുത്തിട്ടപ്പോഴാണ് അത് വഴക്കിലവസാനിച്ചത്. 

       എന്നാലും കാര്യങ്ങൾ വല്യ കുഴപ്പമില്ലാതെ തന്നെയാണ് പോയിരുന്നത്.

       എവിടെയാണ് പിഴച്ചത്?

       ഇടിവെട്ടിയന്റെ കാലിൽ പാമ്പ് കടിച്ച പോലായിരുന്നു അത്. ഔട്ട് സോഴ്സിങ് കാരണം കമ്പനിയിലെ തൊഴിലുകൾ വെട്ടിക്കുറച്ചു തുടങ്ങിയിരുന്നെങ്കിലും എനിക്കൊന്നും പറ്റില്ല എന്ന് തോന്നിയിരുന്നു. ഒരു വെള്ളിയാഴ്ച മാനേജർ മീറ്റിംഗ് ഉറപ്പിച്ചപ്പോഴും അശുഭമായി ഒന്നും തോന്നിയില്ല. ലാപ്‌ടോപ് തിരികെയേൽപ്പിച്ചു സെക്യൂരിറ്റി എസ്കോർട് ചെയ്തു പുറത്തിറങ്ങുമ്പോൾ ഒരന്യതാബോധമാണ് മനസ്സിലേക്കിരച്ചു കേറിയത്. വർഷങ്ങളുടെ അനുഭവവും അടുപ്പവും ഒറ്റ ദിവസത്തിൽ തീർത്ത്, ശത്രുവിനെപ്പോലെ ഇറക്കിവിടുമ്പോൾ മറ്റെന്താണു തോന്നുക. വീട്ടിലെത്തി അവളോട് പറയാൻ തുടങ്ങുമ്പോഴേ അവൾ അവളുടെ കാര്യം ഇങ്ങോട്ടു പറഞ്ഞു കഴിഞ്ഞിരുന്നു. 

       പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് ആണത്രേ!

       അമ്മയുടെ അസുഖവും ജോലി പോയതും കാരണമായി പറഞ്ഞു നാട്ടിലേക്കു പോവാൻ നിർബന്ധം പിടിച്ചപ്പോഴാണ് എന്ത് വന്നാലും തല്ക്കാലം നാട്ടിലേക്കില്ല എന്ന് അവളും ശാഠ്യം പിടിച്ചത്. ഞാൻ നാട്ടിലേക്കു പോയി, ഒരു പക്ഷെ കുറെ കഴിഞ്ഞു അവൾ വരും എന്ന് തന്നെ വിചാരിച്ചു. അത് സംഭവിച്ചില്ല. അമ്മയുടെ നിർബന്ധം ഒരു വശത്ത്. എന്റെ ആത്മാഭിമാനം മറ്റൊരു വശത്ത്. എന്നാൽ പിരിയാം എന്ന് പറയുമ്പോൾ ഒരിക്കലും അവൾക്കു പിരിയാനാവില്ല എന്ന് കരുതിയ എനിക്ക് തെറ്റ് പറ്റി. ബന്ധം ഒഴിയാൻ വന്നപ്പോഴാണ് അവസാനം കണ്ടത്. പിന്നെ എന്റെ ജീവിതം മറ്റൊരു വഴിക്കു പോയി. ഞാൻ തിരികെ വരുന്നത് വരെ  ഞാൻ അറിയാത്ത മറ്റു വഴികളിലൂടെ അവളുടേതും. രണ്ടു വഴികളും ശരിയായിരുന്നു എന്ന് കരുതാൻ ഇന്നെനിക്കു കഴിയും; അന്ന് കഴിഞ്ഞില്ലെങ്കിലും.

       ബോർഡിങ് ഉടൻ തുടങ്ങുന്നു എന്ന അനൗൺസ്‌മെന്റ് വന്നപ്പോഴാണ് പരിസര ബോധം തിരിച്ചു കിട്ടിയത്. വിശക്കുന്നുമുണ്ട്. എതിർവശത്തെ മക് ഡൊണാൾഡ്‌സിൽ പോയി സാൻവിച് വാങ്ങി വരുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. 

       "എപ്പോഴാണ് ഫ്ലൈറ്റ്?"

       അനുവാണ്.

       "ലേറ്റ് ആയിരുന്നു. ബോഡിങ് തുടങ്ങുന്നു"

       "മം" 

       പിന്നെ ഒന്നും മിണ്ടിയില്ല. രണ്ടു പേരും.

       കനത്ത മൗനചരട് പ്രയാസപ്പെട്ടു പൊട്ടിച്ചു ഞാൻ പറഞ്ഞു:

       "മെയിൽ അയക്കാം. അവിടെത്തീട്ട്"

       "അയക്കണം" വീണ്ടും മൗനം, പിന്നെ അവൾ പറഞ്ഞു:

       "ചിലതു പറയാനുണ്ട് സുരേഷിനോട്"

       പൊടുന്നനെ തള്ളിക്കയറിയ സങ്കടം കണ്ണ് നനയിച്ചു. പലതും കേൾക്കാനുണ്ട്, എനിക്കും. പറഞ്ഞതൊന്നും പൂർണമായിരുന്നില്ലല്ലോ..


       "പലതും വിട്ടുപോയിരുന്നു. സ്വാർത്ഥതയാവും. എന്റൊരു സമാധാനത്തിന്. ഇപ്പൊ പൊക്കൊളു ബോർഡിങ് അല്ലെ."

    "മെയിൽ അയക്കാം. ടേക്ക് കെയർ," അല്ലാതെ അവളോട് ഇപ്പോൾ മറ്റെന്തു പറയാനാണ്! 

     ബോർഡിങ് തുടങ്ങി. ടിക്കറ്റ് കയ്യിലെടുത്തു വച്ച് സൗകര്യത്തിനു. സാൻവിച്ച് കഴിക്കുമ്പോൾ ഓർത്തു. ഇവിടെയെത്തി മൂന്നാം ദിവസമാണ് പരസ്പരം മനസ്സ് തുറക്കുന്നത്. നഷ്ട്ടപ്പെട്ട, അറിയാതെ പോയ പതിനെട്ടു വർഷങ്ങൾ വാക്കുകളിലൂടെ നികത്താൻ വിഫലമായി ഞങ്ങൾ ശ്രമിച്ചു കൊണ്ടിരുന്നു. അമ്മയുടെ മരണം, വിവാഹം കുട്ടികൾ ഒക്കെ ഞാൻ പറഞ്ഞെങ്കിലും അവൾ പറഞ്ഞത് പലതും മനസ്സിലായില്ല. ഞങ്ങളുടെ കുഞ്ഞു ഞങ്ങൾ പിരിഞ്ഞേക്കുമെന്നറിഞ്ഞാവണം ലോകം കാണാൻ നിൽക്കാതെ പോയത്രേ. അത് പറയുമ്പോൾ മാത്രം അവൾ അടക്കിപ്പിടിച്ചു കരഞ്ഞു. പിന്നുള്ള വിവാഹം, വിവാഹ മോചനം ഇതൊന്നും പെട്ടെന്ന് പറഞ്ഞത് കൊണ്ടാവാം ശരിക്കു മനസ്സിലായില്ല.

      "ഓൾ ഗ്രൂപ്സ് - ഫൈനൽ കാൾ"

       യാത്രക്കാർ അകത്തേക്ക് കയറാനുള്ള അവസാനത്തെ അറിയിപ്പ്. ഫ്ലൈറ്റ് പുറപ്പെടാൻ പോകുന്നു.

       ഞാൻ സാൻ വിച്ച് ബാഗ് വേസ്റ്റ് കുട്ടയിലിടാനായി എണീറ്റു നടന്നു. സത്യം! ഇങ്ങിനെ പോകാൻ എനിക്ക് കഴിയുന്നില്ല. എന്നെ മാത്രം കരുതിയിരിക്കുന്ന പ്രിയയും കുട്ടികളും അവിടെ ഞാനെത്തുന്നതും കാത്തിരിക്കുന്നു. അറിയാം. ശരിയാണ്. പക്ഷെ തീവ്രമായ പരീക്ഷണങ്ങളിൽ ഒരുമിച്ചു നിന്ന, ഒരിക്കൽ എല്ലാമായിരുന്ന അവളെ കേൾക്കാണെങ്കിലും നിൽക്കാതെ ഞാൻ എങ്ങിനെ മടങ്ങിപ്പോകും.

        കഴിച്ചതിന്റെ ബാക്കി വേസ്റ്റ് ബാസ്ക്കെറ്റിൽ കളയുമ്പോൾ, കൂടെ വീണുപോകാതിരിക്കാൻ ഞാൻ ടിക്കറ്റ് മുറുകെ പിടിച്ചു. പിന്നെ നടന്നു ഗേറ്റിനടുത്തേക്ക്, തിരികെ വർത്തമാനത്തിലേക്കു പറക്കാൻ.