Monday, August 29, 2022

ദുഷ്ടവ്രണം

“Whatever we might wish to believe about ourselves, we are only the result of how others have treated us."   

                                                                                                                              --Rachel Cusk, Transit

എല്ലാ കർക്കിടകത്തിലേം പോലെ വലതു കണങ്കാലിലും പാദത്തിലും കുമിളകൾ പൊങ്ങി ചൊറിച്ചില് തൊടങ്ങുമ്പൊ, വെടലച്ചിരിയോടെ ഒരു കറുത്തമുഖം മനസ്സിൽ തെളിയും. അപ്പോൾ നാപ്പതു വർഷത്തോളം കൊണ്ടുനടന്ന പക ആക്രാന്തം പിടിച്ച ചൊറിച്ചിലായി അതിന്റെ മൂർദ്ധ്യന്യത്തിലേക്കു പോവും. ചൊറിച്ചിലിന്റെ ആക്കത്തില് കാലിന്റെ പെരുവിരൽ വരെ വിറക്കും. അടുത്ത രണ്ടാഴ്ചക്കാലം വൃത്തികെട്ട പഴയകാലം ഓക്കാനിക്കും . ഒടുവിലവ പഴുത്തുപൊട്ടുമ്പോ ആ മുഖം തൽക്കാലത്തേക്ക് മാഞ്ഞുപോയി പകരം കഴിവുകെട്ടവനെന്ന ചിന്ത ഉള്ളിൽ കറുത്തനിഴൽ പരത്തും. എന്നാലും ആ നാളുകളിൽ ഉള്ളിലേക്ക് തുളഞ്ഞുകേറിയ- ചലവും മരുന്നും കൂടിക്കലർന്ന-ദുർഗന്ധം പിന്നെയും കുറേക്കാലം ഓർമ കൂടെ കൊണ്ട് നടത്തും.

അയാളെയാ ഇന്നിപ്പോ നേരിൽ കാണാൻപോകുന്നെ. ഉറപ്പില്ല എന്നാലും കണ്ടേക്കും. എന്താണ് ഇത്രേം വൈകിയതെന്ന് എന്നോട് തന്നെ ചോദിക്കുവാ. ത്രാസിന്റെ ഒരുതട്ടു വെറുപ്പിന്റേം പകേടെയും കനം കൊണ്ടുതാഴുമ്പൊ ഒന്നിനും കൊള്ളാത്തവനെന്ന ചിന്ത മറ്റേത്തട്ടിനെ താഴേക്കു വലിച്ചു സമം പിടിക്കുന്നതുകൊണ്ടാകും.

അന്നെങ്ങനാരുന്നു എന്നല്ലാതെ ഇന്നെങ്ങനാന്നോ എന്തെടുക്കുവാന്നോ അറിയില്ല. അയാൾടെ കറുത്തനിറമോ സുഗ്രീവന്റെതു പോലെ രോമമുള്ള ദേഹമോ തുറിച്ച കണ്ണുകളോ നേർത്തു ചെറുതായിട്ട് നരകേറിയ മീശയോ അനുസരണയിലാണ്ടു നിരവിട്ടു നിന്ന പല്ലുകളോ ചിരിയോ ഒക്കെ, ആ സമയത്തുകണ്ട ഭാർഗവി നിലയം സിനിമയില് പി ജെ ആന്റണി ചെയ്ത വേഷത്തിലാണ് ഇന്നും മനസ്സിൽ. കടുംചായത്തി ലുള്ള അരക്കൈയ്യൻ ഷർട്ടും വെള്ളമുണ്ടുമിട്ടൊരു രൂപം.

അയാൾടെ വീട്ടിലേക്കു പോകാൻ ഡ്രൈവർ ഉച്ചതിരിഞ്ഞെത്തുമെന്നു വിളിച്ചു പറഞ്ഞിട്ടുണ്ട്. എപ്പോ എത്തിയാലും ഉടനെയെറങ്ങാൻ പാന്റും ഷിർട്ടുമിട്ടു ഞാനെപ്പൊഴേ റെഡിയാണ്. കട്ടിക്കു കറുപ്പിച്ച തലമുടിയും മീശയും ചീർത്തുതടിച്ചുകറുത്ത ശരീരവും നെറ്റിക്കു നെടുകെ നീണ്ട ചുളിവുകമൊക്കെയായി നാട്ടുകാരുടെ പഴയകുഞ്ഞനെ കണ്ണാടീടെ മുന്നിൽ നിന്ന് ഞാൻ ഒന്ന് രണ്ടു തവണ ഇതിനകം കണ്ടു കഴിഞ്ഞു.

മടങ്ങിപ്പോണതിനു മുന്നെ അയാളെക്കണ്ടു ചെലത് ഒന്നോർമപ്പെടുത്തണം, അത്രേയുള്ളു.

ദുബായീന്നു നാട്ടിലെത്തീട്ട് മാസം മൂന്ന്‌ കഴിഞ്ഞു. പൂങ്കുട്ടി വേലായുധൻ വൈദ്യരടുത്തു ചികിത്സക്ക് വന്നതാ. കുറച്ചു നാളായി പലരും ഉപദേശിക്കുന്നു, നാട്ടിലൊന്നുപോയി നല്ലൊരു വൈദ്യനെ കാണാൻ. ഫോണിൽ സംസാരിച്ചപ്പൊ കുറഞ്ഞത് മൂന്നു മാസത്തെയെങ്കിലും അവധിയെടുത്തു ചെന്നാൽ ഒരു കൈ നോക്കാം എന്നാണ് പറഞ്ഞത്. ഇതുവരെ അങ്ങനെ വീട്ടീന്നു മാറിനിക്കാൻ പറ്റുമായിരുന്നില്ല. ഉത്തരവാദിത്തങ്ങളൊക്കെ ഒന്നൊഴിഞ്ഞു കിട്ടണ്ടേ? ഒരുദിവസം കാലിലെ നീരിൽ ചൊറിഞ്ഞു ചോരയും നീരും കൂടിക്കൊഴഞ്ഞൊലിക്കാൻ തൊടങ്ങിയപ്പൊ ഭാര്യ കട്ടായം പറഞ്ഞു - പിള്ളേര് അവരുടെ കാര്യം നോക്കിക്കോളും നിങ്ങള് പോയിട്ടുവാ. ഇതും വച്ചോണ്ട് എങ്ങോട്ടും എറങ്ങാൻ വയ്യെന്നായിട്ടൊണ്ട്.

ഏതെങ്കിലും ഹോട്ടലിൽ താമസിച്ച് ചികിത്സ നടത്താം എന്ന് തീരുമാനിക്കാൻ കാരണം അവിടെ താമസിച്ചുകൊണ്ട് അയാളെക്കുറിച്ചു കൂടി അന്വേഷിക്കാമല്ലോ എന്ന ചിന്തയാണ്.

രണ്ടുദിവസം മുമ്പാണ് പോസ്റ്റ് ഓഫീസീന്നു പെൻഷൻ പറ്റി ടൗണിൽ സെറ്റിൽ ചെയ്ത പഴയ ചങ്ങാതി പ്രഭാകരന്റെ വീട്ടിപ്പോകുന്നത്. പതിനെട്ടു വർഷങ്ങൾക്കുശേഷമാണ് ഞങ്ങൾ ആ രാത്രി ഒത്തുകൂടിയത്. വീടിനു മുന്നിലെ പേരമരത്തിനു താഴെ രണ്ടു കസേരയും ടീപ്പോയും ഇട്ടിരുന്ന് ഏറെ നേരം വർത്തമാനം പറഞ്ഞു. മരക്കൊമ്പിൽ ഞാന്നുകെടന്ന ബൾബിൽ നിന്നും വെളിച്ചം ചുറ്റിലും മഞ്ഞിച്ചു കിടന്നു. റാന്തലിന്റെ വെട്ടത്തിൽ നിലവിളിയും ശകാരവുമൊക്കെയായി ഒരു പാതിരാത്രി വീട്ടിൽ നിന്നിറങ്ങിപ്പോയ അച്ഛന്റെ രൂപം ഓർമയിൽ തികട്ടിവരുന്നുണ്ടായിരുന്നു അപ്പോൾ.

ഞാൻ കാര്യം പറഞ്ഞു. പോസ്റ്റ് ഓഫീസിൽ ജോലിയായിരുന്നയാളിന് അതെളുപ്പമാവും എന്ന് കരുതി. ഇത്രേം വർഷങ്ങൾക്കുശേഷം അയാളെ പോയി കാണുന്നതിൽ നിന്നും ആദ്യം പിന്തിരിപ്പിച്ചെങ്കിലും അവസാനം പ്രഭ തന്നെ ഫോൺ നമ്പര് സംഘടിപ്പിച്ചു തന്നു. നമ്പർ മാത്രമല്ല വിലാസവും അത്യാവശ്യം വിവരങ്ങളും കൂടെക്കിട്ടി. അയാൾ സ്വന്തം മോളോടൊപ്പം കോഴിക്കോട്ടായിരുന്നു താമസം. മകളുടെ ഭർത്താവിന്റെ നമ്പറാണ്. ഏറെ നാളായി ചികിത്സയിലായിരുന്നു. അടുത്തിടെയാണു മരിച്ചതുപോലും.

അവസാനം പറഞ്ഞത് എനിക്കങ്ങു വിശ്വസിക്കാമ്മേലായിരുന്നു. ചത്തെങ്കിൽ പ്പിന്നെ നമ്പര് തന്നതെന്തിനാ? എന്നും എനിക്കു നല്ലതുമാത്രം വന്നുകാണാനാഗ്രഹിച്ച പ്രഭ പഴയതൊന്നും ചിക്കി പുറത്തെടുത്തു ബേജാറാവണ്ട എന്നു കരുതിപ്പറഞ്ഞതാവാനേ വഴിയുള്ളു. ഒന്നൂടെ തമ്മിൽ കാണാതെ അയാൾ ചാകില്ല എന്നു മനസ് പറയുന്നു.

എന്താണേലും അവിടം വരെ പോയി വരാം. ശരിക്കും ചത്തതാണെങ്കിൽ യാത്ര വെറുതെയാവും, അത്രേല്ലേയുള്ളു. അതല്ലാ ജീവനോടെയുണ്ടെങ്കിലോ? എല്ലാം ഒന്നോർമിപ്പിച്ച ശേഷം കിഴവനു കൊടുക്കാവുന്ന നല്ലൊരു ശിക്ഷയുണ്ട്. അതു കൊടുത്തു മടങ്ങുമ്പോൾ ഇതുവരെയുണ്ടായിരുന്ന എല്ലാ അസ്‌കിതകളും എന്നെന്നേക്കുമായി തീരും.

നാലുമണിക്കൂർ യാത്രയിൽ കാറ് അയാൾടെ വീടോടടുക്കുന്തോറും ഓർമകൾക്കു കൂടുതൽ തെളിച്ചമുണ്ടാവുന്നു.

ഒന്നാം ക്ലാസ്സുതൊട്ടേ പ്രഭയും ഞാനും ഒരുമിച്ചായിരുന്നു. ഞാൻ തോക്കാൻ തൊ ടങ്ങിയപ്പോൾ അവൻ എന്നെക്കടന്നുപോയെന്നു മാത്രം. നാടുവിടും വരെ അടുത്ത് തന്നെയായിരുന്നു താമസവും. വീട്ടിലെക്കുള്ള മൺപാത തിരിയുന്നിടത്തു മെയിൻ റോഡരികിലായിരുന്നു അവന്റെ വീട്. എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരേയൊരാൾ. ജാതിയില് മേലേയാരുന്നെങ്കിലും എന്നെപ്പോലുള്ളവരോട് പ്രഭാകരന് സിമ്പതിയായി രുന്നു. അവന്റെ കുടുംബക്കാരെല്ലാം അന്നേ വാലുമുറിച്ചു പ്രസ്ഥാനത്തിലേക്കിറങ്ങിയവരായിരുന്നു.

എക്സയിസിലോ മറ്റോ ജോലിയുണ്ടായിരുന്ന അയാൾ വീടിനടുത്തു വാടകക്കായിരുന്നു താമസം. തെക്കെങ്ങോ ഉള്ളതാണെന്നും ജോലിയിൽ സ്ഥലമാറ്റം കിട്ടിവന്നു ഒറ്റക്കാണെന്നുമൊക്കെയേ ഞങ്ങൾക്കറിയുമായിരുന്നുള്ളൂ. മിക്കവാറും രാത്രികളിൽ അയാൾ പിന്നിലെ കാട്ടിൽ നിന്നും ഊർന്നിറങ്ങും, വീടിനു പിറകിലേക്ക്. ഓർമകൾ തുടങ്ങുന്നതവിടെയാണ്. കാട്ടുപൂച്ചയെപ്പോലെ പമ്മിയാണു നടപ്പ്; കയ്യേല് ഒരിക്കലും കത്തിക്കണ്ടിട്ടില്ലാത്തൊരു ടോർച്ചും കാണും. സാക്ഷയിടാത്ത അടുക്കളവാതിലിലൂടെ അകത്തുകേറും. ഞാനപ്പോൾ വീടിനു മുൻവശത്തെ ചായ്പ്പിൽ കിടക്കുകയാവും. ‘മാമൻ കഞ്ഞി കുടിക്കാൻ വരുന്നുണ്ട്, ഒരെണ്ണത്തിനെ പരിസരത്തു കണ്ടേക്കരുത്’ എന്നുംപറഞ്ഞു ബാക്കി പിള്ളേരെയെല്ലാം കൂട്ടിലേക്ക്‌ കോഴികളെ കേറ്റിയടക്കുന്നപോലെ മുറിയിലാക്കി സാക്ഷയിടും അമ്മ. ആകെ രണ്ടു മുറിയും അടുക്കളയുമേയുള്ളൂ. പിള്ളേരായി ഞങ്ങൾ ഏഴുപേരാണ്. ബാക്കി ആറെണ്ണവും അടുത്തമുറിയിൽ നിരന്നു കിടക്കുവായിരിക്കും. കട്ടിലും കിട്ടിലുമൊന്നുമില്ല, നിലത്തു പായവിരിച്ച്. അതിനിടക്കിട്ടാണ് ഇയാള് ഇപ്പൊറത്തെ മുറീല് പരിപാടി നടത്തുന്നേ. തള്ളയോട് വല്ലോം പറയാനൊക്കുമോ? അവര് തെറി പറയും. ‘എന്റെ സൗകര്യാ’ എന്ന് പറയും. കരക്കാർക്കറിയാം നാട്ടുകാർക്കൊക്കെ അറിയാം തള്ള ഇങ്ങിനെയാണെന്ന്!

ഹൈസ്‌കൂളിൽ പഠിക്കുമ്പളാണ് കാര്യങ്ങൾ കൂടുതൽ മനസ്സിലാവാൻ തുടങ്ങിയത്. ഒരിടത്തും കാണാൻ കഴിയാത്ത സ്ത്രീയായിരുന്നു അമ്മ. ചിരിക്കുകേല. ചിരിച്ചു ഞാൻ കണ്ടിട്ടില്ല. എപ്പോഴും ദേഷ്യമാ. ബാക്കിപിള്ളാരോടും അവരോടും ഇവരോടും എല്ലാം ദേഷ്യമാ. എന്ത് പറഞ്ഞാലും തെറി പറയും. തെറി എന്ന് പറഞ്ഞാ മരണത്തെറി പറയും. അതുകൊണ്ടു എല്ലാർക്കും അവരെ പേടിയായിരുന്നു-എനിക്കാണെങ്കിൽ ഭയങ്കര പേടി.

ഞങ്ങൾ ഏഴു പേർക്കിടയിൽ പോലും അടക്കം പറച്ചിലുകളും രഹസ്യച്ചിരികളും മാത്രമേ ഉണ്ടായിരുന്നുള്ളു. രാത്രി വീടിനുള്ളിക്കേറാൻ പോലും പേടി. അങ്ങനെയാണ് ചായ്പ്പിലൊറങ്ങിത്തൊടങ്ങിയത് . വീട്ടീന്നിറങ്ങി മൺപാതയിലൂടെ നടന്നു മെയിൻ റോഡ് കവലയിലെത്തുന്നവരെയായിരുന്നു ഒന്നു നിവർന്നു നടക്കാൻ ധൈര്യമുണ്ടായിരുന്നത്. പിന്നെ താനേ തലകുനിയും-ശങ്കരമ്മാമന്റെ ചായക്കടേൽ നിന്നും തൊട്ടടുത്ത മുറുക്കാൻ കടേന്നുമുള്ള പുച്ഛം കലർന്ന നോട്ടങ്ങൾ മാത്രം മതിയായിരുന്നു അതിന്. പരിഹാസച്ചിരികളിലും മുറുമുറുപ്പുകളിലും നിന്നൊഴിഞ്ഞു നടന്ന് ഹൈസ്കൂളിലെത്തുമ്പോഴേക്കും ഞാൻ തീർത്തും ഒറ്റയാനായിരുന്നു. ആരുമില്ലാത്തിടത്തൊക്കെ കറങ്ങിനടന്നു. തോട്ടിങ്കരയിലും ഒഴിഞ്ഞ പറമ്പുകളിലുമിരുന്നു സമയം പോക്കി.

അച്ഛനുമമ്മയും പരസ്പരം മിണ്ടുകേല, മിണ്ടിയാ തമ്മിലടിയാ.

അവർ അച്ഛനോട് കയർക്കുന്നതു കേട്ടിട്ടുണ്ട്.

“എനിക്കു തോന്നിയപോലെ ജീവിക്കും. ഒരുത്തനും എന്നോടു ചോദിക്കാനില്ല“

തിരിച്ചൊന്നും അച്ഛനായിട്ടു പറഞ്ഞു കേട്ടിട്ടില്ല. മറുത്തൊന്നും പറയാൻ കഴിവില്ലാത്ത പാവമായിരുന്നു അച്ഛൻ. ‘ചെല്ലുമ്പം ചെല്ലട്ടെ’ എന്ന മട്ട്. പുള്ളിക്ക് എന്നും പണിയൊന്നും കിട്ടുകേല. ആരെങ്കിലും പണിക്കു വിളിച്ചാ പോവും, ദൂരെയാണെങ്കിലും പോവും. ചില ദിവസങ്ങളിൽ മടക്കവുമുണ്ടാവില്ല. വീട്ടിൽ പട്ടിണിയായിരുന്നു. കർക്കടകമാസത്തിലൊക്കെ മാപ്പിളമാരുടെ വീട്ടിൽ പണിക്കു പോയിട്ട്, അവിടുന്ന് ചക്ക കൊണ്ട് വരും. നാല് ചക്കയൊക്കെ ഒന്നിച്ചു കമ്പൊക്കെ കുത്തിക്കേറ്റി കൊണ്ടുവരും. കൂലിയായിട്ടു കിട്ടുന്നതല്ല. പട്ടിണിയായതുകൊണ്ടു അറിയാവുന്നവർ കൊടുത്തു വിടുന്നതാ. അയാള് വന്നുപോണതിനടുത്ത ദിവസമാണ് കപ്പയോ മീങ്കറിയോ ഒക്കെ ബാക്കിവരുന്നത് ഞങ്ങക്കു കിട്ടുക.

മിക്കവാറും രാവിലെയെണിക്കുമ്പോൾ ചായ്പ്പിന്റെ മറ്റേ മൂലയിൽ പൂച്ചയെപ്പോലെ ചുരുണ്ടുകൂടി ഉറക്കമായിരിക്കും മൂപ്പര്. അച്ഛൻ ഇങ്ങനൊരുത്തനായത് കൊണ്ടാവും അമ്മ അങ്ങനെയായിപ്പോയതെന്ന് അന്നെനിക്കു ചിന്തിക്കാൻ മേലായിരുന്നു.

ഒരുദിവസം രാത്രി ചായ്പ്പിൽ കെടന്നു ഞാനൊരു പദ്ധതിയിട്ടു. പിറ്റേന്നു സ്കൂളീന്നു വരുമ്പോ, റോഡുപണിക്കായി ഇറക്കിയ ചരലേന്ന് കാര്യത്തിന് കൊള്ളാവുന്ന കുറെ, നിക്കറിന്റെ രണ്ടു പോക്കറ്റിലും വാരിനെറച്ച് ചായ്പ്പിന്റെ മൂലക്കൊരിടത്തു പാത്തു വച്ചു. രാത്രി കഞ്ഞികുടിയൊക്കെ കഴിഞ്ഞു വൈകി അയാൾ പിന്നാമ്പൊറത്തൂടെ യിറങ്ങുമ്പോൾ കുറ്റാക്കൂരിരുട്ടായിരിക്കും. കാടിനുള്ളിലൂടെ കുറേ നടക്കണമല്ലോ. ഇത്തിരി ദൂരം പോകട്ടെ. അന്നേരം പിന്നിലൂടെ ചെന്ന് തുരുതുരാ തലക്കിട്ടു ഏറു കൊടുക്കണം. തലയോട്ടി പൊട്ടി അവിടെ വീഴണം. അത് കണ്ടിട്ടു നാടുവിടണം. അതിനു വേണ്ടതെല്ലാം രഹസ്യമായി ഒരുക്കുന്നതിനിടയിലാണ് ഒരുദിവസം വൈകിട്ട് ചായ്പ്പിലോട്ടിറങ്ങി വന്നു തള്ള അലറിയത്.

“ഏതു കഴുവേറിയാടാ ഒള്ള കല്ലും മണ്ണുമൊക്കെ വീട്ടി കേറ്റിയിട്ടേക്കുന്നെ? നിനക്ക തു കണ്ടാ എടുത്തു കളയാന്മേലെ?”

വീർത്ത ബലൂണിനിട്ടു മുള്ളുകൊണ്ടു കുത്തുകിട്ടിയപോലെയായി ഞാൻ. അവരുടെ തുറിച്ച നോട്ടത്തിനു മുമ്പിൽ ഞാനൊന്നുമല്ലായിരുന്നു. തള്ളേടെ മുഖത്തുന്നു കണ്ണെടുക്കാതെ തന്നെ ആ കല്ലുകളെല്ലാം തൂത്തുവാരി ദൂരെയെറിഞ്ഞു. മത്തൻ കുത്തിയാ കുമ്പളം മൊളക്കില്ലാ എന്നും അച്ഛനെപ്പോലെ ഞാനും ഒരു പോങ്ങനാന്നും അന്നാണെനിക്ക് ഒറപ്പായത്.

ജൂനിയർ ടെക്നിക്കൽ സ്‌കൂളിൽ പഠിക്കുമ്പളാ. പത്തിരുപതു വയസുകാണും. താഴെ ക്ലാസ്സുകളില് തോറ്റുകിടന്ന വർഷങ്ങൾ കൂട്ടുമ്പോ പ്രായം കണക്കാ. വലത്തേ കണങ്കാലിലും പാദത്തിലും ഒരുകാര്യവുമില്ലാതെ നീരിറങ്ങിത്തൊടങ്ങി- പിന്നെ അവിടം ചൊറിഞ്ഞു പൊട്ടാനും. പൊട്ടിയേടം ഒന്നുണങ്ങി രണ്ടാഴ്ച കഴിയുമ്പോൾ ആ പാടുകളിൽ വീണ്ടും ചൊറിച്ചില് തുടങ്ങും . അങ്ങനെ ഉണങ്ങിയും പൊട്ടിയൊലിച്ചും പാദത്തിൽ നെറച്ചും തടിച്ചിരുണ്ട പാടുകളായി.

അതും ഒരു കർക്കിടകമായിരുന്നു. അന്നൊരുദിവസം തള്ളേടെ കൂടെ വണ്ടികേറി തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലേക്ക് പോവുമ്പൊ കൂടെ അയാളുമുണ്ടായി രുന്നു. വീടിനു പുറകു വശത്തുനിന്ന ഒരാഞ്ഞിലിവെട്ടി അതിന്റെ പൈസയും കൊണ്ടാണ് പോവുന്നത്. എല്ലാം അയാളുടെ പ്ളാനായിരുന്നു. രണ്ടുപേർക്കൊള്ള സീറ്റിൽ അവരും പിന്നിലത്തെ സീറ്റിൽ ഞാനും. അന്നാണ് അത്രേം ഒരുങ്ങി അമ്മയെ കാണുന്നത്. അതുവരെ, ചുരുണ്ടമുടി പുറകിലുയർത്തി ഉണ്ടയാക്കി കെട്ടിവച്ചു കണങ്കാലുവരെയെത്തുന്ന മുഷിഞ്ഞ മുണ്ടുമുടുത്തു ബ്ലൗസിനുമേലെ തോർത്തുപോലുമിട്ടുമറക്കാത്ത മുലകളും കാണിച്ചു നിന്നിരുന്ന ഒരു മൂശാട്ട യായിരുന്നു അവർ. അന്നാവട്ടെ, എണ്ണതേച്ച ചുരുണ്ടമുഴിയഴിച്ചിട്ടു മുല്ലപ്പൂചൂടി നീലസിൽക്ക് സാരിയുമുടുത്ത് മുന്നിലിരിക്കുന്നു! കണ്ണെഴുതിയപ്പോളാണ് അവരുടെ കണ്ണുകൾക്കത്ര വലിപ്പവും ചന്തവുമുണ്ടെന്നു തോന്നിയത്. തെറിമാത്രമല്ല തമാശപറയാനും പൊട്ടിച്ചിരിക്കാനുമൊക്കെ അറിയാം എന്നും തിരിച്ചറിയുന്നത് അന്നാണ്.

എല്ലാം കഴിഞ്ഞു രാത്രി ഒരു ലോഡ്ജിൽ താമസിച്ചു. കുടുസ്സു മുറിയാ. കട്ടിലേല് അവരും തറയില് ഞാനും. ഇന്നും ഓർമയുണ്ട്, അയാളെന്നോട് ഓപ്പണായി പറഞ്ഞത്: “ലൈറ്റ് ഇട്ടേക്കരുത്”. കാരണം എനിക്കറിയരുതോ? എന്റെ ബിരിയാണിയേൽ വല്ലോം ചേർത്തിട്ടാണോ എന്തോ രാത്രി കിടന്നതു മാത്രമറിയാം.

ആ യാത്രയിൽ അയാൾ അവർക്കൊരു കൊച്ചൊണ്ടാക്കി കൊടുത്തു. ഒരുവർഷമായില്ല, എട്ടാമത്തെ ഏറ്റവും എളേ അനിയനെത്തി! ഭയങ്കര തലയുമായിട്ടൊരു കൊച്ച്. സാത്താന്റെ സന്തതി! ആ എരണം കെട്ടതിനെ ഞങ്ങൾക്കാർക്കും കണ്ണെടുത്തു കണ്ടുകൂടായിരുന്നു. ജനിച്ചപ്പം തൊട്ട് അതിനു പ്രശ്നങ്ങളായിരുന്നു. രണ്ടു വയസായപ്പോ അതങ്ങു ചത്തു.

ഒരു ദിവസം രാത്രി, ഭയങ്കര നെലവിളീം ഒരലേല് അരിയിടിക്കുന്നപോലത്തെ ശബ്ദവും കേട്ട് ഞാനുണർന്നു. വാതിലിന്റെ വിടവിലൂടെ റാന്തലിന്റെ മഞ്ഞിച്ച വെട്ടം ചായ്പ്പിലോട്ടു വീണിരിക്കുന്നു. അത് പതിവില്ലാത്തതാണ്. പൊതപ്പുമാറ്റി, കെടന്നിടത്തുന്നു കണ്ണുതിരുമ്മിയെണീറ്റു. ചായ്പ്പിലും മുറ്റത്തുമായിട്ട് രണ്ടു നിഴലുകൾ! ചായ്പ്പിൽ നിന്നും അയാൾ വരാന്തയിലേക്കിറങ്ങി സിഗരറ്റു കത്തിക്കുന്നു. ചുറ്റിനും റാക്കിന്റെ കുമുകുമാന്നൊള്ള മണം. അയാളെ കണ്ടിട്ടു വീടിനുള്ളിക്കേറാതെ അച്ഛൻ മുറ്റത്തു നിന്നു ഉറക്കെ എന്തൊക്കെയോ പുലമ്പുവാ. എവിടെയോ ജോലിക്കുപോയിട്ട് തിരിച്ചു വന്നതാണ്. ഏതോ വീട്ടീന്നു കൊടുത്ത രണ്ടുമൂന്നു ചക്ക കമ്പേല് കേറ്റികൊണ്ടുവന്നത് ദൂരേക്ക് വലിച്ചെറിഞ്ഞപോലെ കമ്പ് വിട്ടു ചിതറികെടക്കുന്നു.

അന്നാദ്യമായിട്ട് അച്ഛൻ നെഞ്ചത്തടിച്ചു നെലവിളിക്കുന്നത് ഞാൻ കണ്ടു. അമ്മയേയും വരുത്തനേം ചേർത്തു തെറിപറയുന്നതും.

“സാമദ്രോഹീ ചെറ്റേ നീയനുഭവിക്കും“

അതു കേൾക്കാത്തപോലെനിന്ന അയാൾക്ക്‌ നേരെ കാർക്കിച്ചു തുപ്പിയിട്ട് അച്ഛൻ എന്നെയൊന്നു നോക്കി. പിന്നെ, തിരിഞ്ഞു നടന്നെങ്ങോട്ടോ പോയി.

അച്ഛൻ പിന്നൊരിക്കലും തിരിച്ചു വന്നില്ല. എവിടെയും കണ്ടിട്ടുമില്ല. ഞാനും അച്ഛനെപ്പോലായതുകൊണ്ടോ എന്തോ മൂപ്പരെമാത്രമായിരുന്നു ഇഷ്ടം; അന്നും ഇന്നും.

എനിക്കങ്ങു പകയായി. പഠിപ്പൊക്കെ കഴിഞ്ഞു ജോലി തെണ്ടി തേരാ പാരാ നടക്കുവാ. ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല. ഞാൻ രക്ഷപെടാതെ അനിയത്തിമാരുൾപ്പെടെ ആർക്കും ഗതിപിടിക്കില്ല. അയാൾടെ കേറ്റിയിറക്കം എപ്പോവേണോ അനിയത്തിമാരുടെ നേർക്കും ഉണ്ടാവാം. അച്ഛൻ വീട്ടീന്നു പോയേപ്പിന്നെ, കുടിച്ചുണ്ട ശേഷം ഇടക്കൊക്കെ, അയാൾ വീട്ടിലുറങ്ങാനും തുടങ്ങിയിരുന്നു.

എനിക്ക് പ്രാന്ത് പിടിച്ചു. എങ്ങനെങ്കിലും അയാളെ പറഞ്ഞു വിടണം അല്ലെങ്കിലങ്ങു ഇല്ലാതാക്കണം. ആ കാട്ടാളനോട് നേരിട്ടെന്തെങ്കിലും പറയാൻ എന്നെക്കൊണ്ട് കഴിയേല. അങ്ങനെ ഒരു ദിവസം തീരുമാനിച്ചു-ജയിലിൽ പോയാലും വേണ്ടുകേല അയാളെ വകവരുത്തണം. കൊല്ലണം. മുന്നിച്ചെന്നു നേരിടാനുള്ള ചങ്കൂറ്റം ഇല്ല. പാത്തിരുന്നു പിറകീന്ന് കമ്പിപ്പാരക്കു അടിച്ചു വീഴ്ത്തണം. പിന്നെയുള്ളതു വരുന്നേടത്തുവച്ചു കാണാം.

ആലയിൽ ചെന്ന് ഒരു കമ്പിപ്പാരക്കു പറഞ്ഞു. എന്ന്? എങ്ങനെ? എവിടെ വച്ച് എന്നാലോചിച്ചു നടക്കുമ്പോഴാണ് പ്രഭ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു ആളയച്ചത്.

ബോംബേക്കു പോയതും അവിടുന്നു ഗൾഫെപ്പോയതും അതൊടെ കുടുംബം രക്ഷപ്പെട്ടതുമൊക്കെ ആ ഒരാൾ കാരണമാണ്.അനിയത്തിമാരെയെല്ലാം കൊള്ളാവുന്ന ഓരൊരുത്തരുടെ കൂടെ കെട്ടിച്ചയച്ചു. ഇടക്കെപ്പോഴോ കൂടെയുണ്ടായിരുന്ന അമ്മ മരിച്ചത് മൂത്തവൾ പറഞ്ഞിരുന്നു. കൊറേനാള് കെടന്നിട്ടാ പോയത്.

അന്ന് പ്രഭ വിളിപ്പിച്ചില്ലായിരുന്നെങ്കിൽ എല്ലാം പ്ലാൻ ചെയ്തു അയാളെ വകവരുത്തുമായിരുന്നോ? അതിൽ എനിക്കും സംശയമുണ്ട്.

ഡ്രൈവറെയും കൂട്ടിയുള്ള യാത്രയുടെ അവസാനം ലോകത്താരോടും പറയാത്ത, വേണോ വേണ്ടയോ എന്നു അതുവരെ തീരുമാനിക്കാൻ പറ്റാതിരുന്ന ആ കാര്യം അങ്ങ് ഉ റപ്പിച്ചു. കണ്ട് തിരിച്ചെറങ്ങുന്നതിനു മുമ്പ് ഒരടി. എല്ലാശക്തിയുമെടുത്തു അയാള്ടെ കരണക്കുറ്റിക്ക് ഒറ്റയടി. പഴേതൊക്കെ ഒന്നോർമിപ്പിക്കണം. എന്നിട്ടുമതി അടി. ഇതുപോലൊരവസരം ഇനി കിട്ടില്ല. അങ്ങനെ കഴിഞ്ഞ കാലം കുഴിച്ചു മൂടണം. എന്നിട്ടു ഇവിടം വിടണം. ഒരിക്കലും തിരിച്ചു വരാൻ തോന്നരുത്.

വീട്ടിൽ എത്തിയപ്പളേക്കും മണി നാല് കഴിഞ്ഞിരുന്നു. പുതിയ സൗകര്യങ്ങളോടെ യൊക്കെ പണിത രണ്ടുനില ബംഗ്ളാവ്. ബെല്ലടിക്കേണ്ടി വന്നില്ല. മുൻവശത്തെ വാതിൽ ചാരിയിട്ടേ ഉള്ളു. അകത്തേക്കു കയറിയതും വിശാലമായ ഹാളിൽ, റ്റി വി ക്കു മുന്നിലാ യിട്ട കട്ടിലിൽ അയാളിരിക്കുന്നു. കാവിനിറത്തിലുള്ള കൈലി വയറിലേക്ക് കേറ്റി ഉടുത്തിട്ടുണ്ട്.ഷർട്ടില്ല. നന്നായി മെലിഞ്ഞുണങ്ങിയിരിക്കുന്നു. ഒന്നൂടെ കറുത്തിട്ടുമു ണ്ട്. പഴയ കോലൻ തലമുടി മുക്കാലും പോയി, ബാക്കിനിന്നതിൽ നന്നായി നരവീണിരിക്കുന്നു. ചോരച്ച കണ്ണുകളിൽ മാത്രം ഇത്തിരി കാമം അപ്പോഴും ബാക്കിനിൽപ്പുണ്ടെന്ന് തോന്നി. വിശറിപിടിച്ച കൈയ്യ് വലത്തെത്തുടയിൽ തളർന്നുകിടക്കുവാ. കഴുത്തേല് സ്വർണത്തിൽ കെട്ടിയ രുദ്രാക്ഷമാല! കണ്ടിട്ടെനിക്ക് ചിരിവന്നു. ഏതു പാപിക്കും എടുത്തു കഴുത്തേലിടാവുന്ന ഒന്നായിട്ടുണ്ടത്.

എന്നെക്കണ്ട് ഒന്നു തലയുയർത്തി നോക്കി. താനേ തലതാണു നോട്ടം താഴേക്കുവീണു. ആ വലിയ മുറിയിൽ ഒറ്റതിരിഞ്ഞു കിടന്ന ഒരു കസേര അയാളുടെ മുന്നിലേക്കിട്ട് അതിലിരുന്നു. പേടിയില്ലാതെ ആദ്യമായി കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി ചോദിച്ചു:

“പഴയ കുഞ്ഞിരാമനെ ഓർമ്മയുണ്ടോ?”

കുറെ നേരം അയാൾ എന്നെത്തന്നെ നോക്കിയിരുന്നു. ഇരുട്ടത്ത് മാത്രമല്ല നല്ലനിലാവത്തുപോലും മുണ്ടും മടത്തുകെട്ടി കയ്യേലൊരു ടോർച്ചുമായി ഒച്ചയൊണ്ടാക്കാതെ പിൻവാതിലിലൂടെ നൂണു കയറിയിരുന്ന വീട് അപ്പോൾ ഓർമ്മവന്നുകാണണം. വശത്തേക്ക് കോടിയ വായ പതുക്കെ തുറന്നു. വരണ്ടു ചെലമ്പിച്ച ശബ്ദം.

“നിന്റെ കാലേലൊരു ഒരു പ്രശ്നം ഒക്കെണ്ടാരുന്നില്ലേ?”

“ഒണ്ടാരുന്നു, അതിപ്പോഴുമുണ്ട്”

കുനിഞ്ഞു വലതു കാലിലെ പാന്റ് മേളിലേക്കു വലിച്ചു കാണിച്ചു.

അതു ശ്രദ്ധിക്കാതെ അയാള് പറഞ്ഞു:

“എനിക്ക് നല്ല സുഖമില്ല.”

എന്നെ മനസ്സിലായിട്ടൊണ്ട്. ഇനി കൂടുതലൊന്നും പറയേണ്ട കാര്യമില്ല. സമയവുമില്ല. ഭാഗ്യത്തിന് വീട്ടിൽ മറ്റാരുമുണ്ടെന്നും തോന്നുന്നില്ല.

“എടോ, വന്നത് തന്റെ ക്ഷേമം അന്വേഷിക്കാനല്ല. ഞാൻ മരിക്കുന്നതിന് മുമ്പ് അല്ലെ താൻ മരിക്കുന്നതിന് മുമ്പ് ഒന്നു കാണണമായിരുന്നു. ആയകാലത്തു താനെന്റെ കുടുംബത്തേ കേറി ചെയ്ത പണി ഓർക്കുന്നുണ്ടോടോ ഇപ്പൊ?”

അയാൾ ഒന്നും മിണ്ടിയില്ല. വലക്കണ്ണികൾപോലെ ചുളിഞ്ഞ മുഖം ആയാസപ്പെട്ടു എന്റെനേർക്കുയർത്തി. കസേര ഒന്നൂടെ മുന്നിലേക്ക് വലിച്ച് അയാളുമായുള്ള അകലം കുറച്ചു.

“എന്റച്ഛൻ ചങ്കിനിട്ടിടിച്ചു കരഞ്ഞോണ്ടിറങ്ങിപ്പോയത് എനിക്ക് സഹിച്ചില്ലെടോ. അറിയാവോ തനിക്ക്. ഇത്രേം വർഷം ഞാനിതു മനസ്സി കൊണ്ട് നടന്നെന്ന് താനറിയണം”

അപ്പോളും അയാളൊന്നും പറഞ്ഞില്ല, പക്ഷെ വീണ്ടും തലതാണു.

ഒരു ഫ്ലാഷ്ബാക്കിലെപ്പോലെ പഴേതെല്ലാം എന്റെ മനസിലൂടെ ഓടിപ്പോയി. നിലാവത്തു കരിയിലകൾക്കിടയിലൂടെ, തുറിച്ച കണ്ണുകളോടെ കാമത്തിന്റെ മദജലം പുരണ്ട ഈർക്കിലി നാവുനീട്ടി ഇഴഞ്ഞുപോവുന്നൊരുപാമ്പ്, ഇണചേരലിന്റെ സീൽക്കാരങ്ങൾ, അവ്യക്തമായ അശ്‌ളീലതമാശകൾ, പൊട്ടിച്ചിരി. എല്ലാത്തിനുമൊടുവിൽ നിലവിളിയോടെ ഇരുട്ടത്ത് നിഴലായി നടന്നുമറയുന്ന ഒരുരൂപം. എന്റെ കൈ തരിക്കുന്നതു ഞാനറിഞ്ഞു. നെഞ്ചിടിപ്പ് കൂടി. കിതക്കാൻ തുടങ്ങി. ഇരുന്നിടത്തുന്നു ഞാനെണീറ്റു. പല്ലിറുമ്മിക്കൊണ്ട് സർവ്വശക്തിയോടെയും വലത്തേ കൈയ്യ് അറിയാതെ ഉയർന്നു.

അയാൾടെ വയസ്സോ രോഗമോ ഒന്നും ആ നിമിഷം മനസിലുണ്ടായിരുന്നില്ല. അറിഞ്ഞോ അറിയാതെയോ ഉള്ളിലടിഞ്ഞ പകയുടെ കൊടും വിഷം പുറത്തേക്കു തള്ളാൻ തുടങ്ങുകയായിരുന്നു. എന്നാലപ്പോൾ തൊട്ടുമുന്നിൽ കണ്ട കാഴ്ച ഉയർത്തിയ കൈയ്യ് അവിടെത്തന്നെ മരവിപ്പിച്ചു.

അയാളുടെ കൺകുഴികളിൽ ചോരകലർന്ന കണ്ണീർ പരക്കുന്നു. ചുണ്ടുകൾ നിയന്ത്രണമില്ലാതെ വിറച്ചു. അടുത്ത നിമിഷം ചെരിഞ്ഞു കട്ടിലിലേക്ക് വീണു. പതിയെ കണ്ണുകളടഞ്ഞു. എന്തുചെയ്യണമെന്നറിയാമ്മേലാതെ ഞാൻ കസേരയിലിരുന്നു-കൈകൾ പിണച്ചു കണ്ണുകളടച്ചു കുനിഞ്ഞു കുറേനേരം. കണ്ണുതുറന്നുനോക്കുമ്പോൾ വെട്ടിയിട്ട വാഴപോലെ അയാൾ കട്ടിലിൽ മലച്ചു കിടക്കുന്നു. ഇരുന്നയിരുപ്പിൽ ചരിഞ്ഞകാരണം രണ്ടുകാലുകളും കട്ടിലിനു പുറത്തു നിലത്തേക്ക് തൂങ്ങി നിന്നു.

ഞാൻ എണീറ്റു. രണ്ടുകാലുകളും മെല്ലെപിടിച്ചു മെത്തയിലേക്കു വച്ച് നേരെയാക്കി. അടുത്തുകിടന്ന കമ്പിളിപ്പുതപ്പു ദേഹത്തേക്ക് വലിച്ചിട്ടു. ഒരു നിമിഷം നോട്ടം ആ മുഖത്തു തറഞ്ഞു. ഞാൻ പുറത്തേക്കു നടന്നു.

വൈകുന്നേരത്തെ മഞ്ഞവെയിൽ. നെഞ്ചിനുമേലെനിന്നും ഇക്കാലമത്രയും ചുമന്നഭാരം എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. കാലുകൾക്കും ഇത്രേം കാലമില്ലാണ്ടിരുന്ന ഭാരക്കുറവ്. കനമില്ലാത്ത പാദങ്ങൾ കാറിനടുത്തേക്കുള്ള നടപ്പിനു വേഗതകൂട്ടി.

*

                          Published :സമകാലിക മലയാളം ജൂലൈ 25, 2022