Saturday, February 20, 2021

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ - ചില മണ്ടൻ ചിന്തകൾ

      
സിനിമ കണ്ടു. സിനിമ എങ്ങിനെ ആയിരിക്കണം എന്നത് സംവിധായകന്റെ സ്വാതന്ത്യ്രം തന്നെയാണ്. പക്ഷെ കാണുയാളിന് അതേക്കുറിച്ചു അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമാണ് ഈകുറിപ്പിനാധാരം.

സ്ത്രീപക്ഷസിനിമയാണോ എന്ന്ചോദിച്ചാൽ പ്രമേയപരമായി ആണ്. കാലാകാലങ്ങളായി ആണധികാരത്താൽ നിയന്ത്രിതമായ ഒരു കുടുംബ വ്യവസ്ഥയുടെ അന്തരീക്ഷത്തിൽ എത്തുന്ന അഭ്യസ്തവിദ്യയായപെൺകുട്ടി. അവൾ നേരിടേണ്ടിവരുന്ന വിഷമങ്ങൾ ദുരിതങ്ങൾ സഹനങ്ങൾ കഷ്ടപ്പാടുകൾ. സഹിച്ചിച്ചു സഹിച്ചോടുവിൽ ചിലതീരുമാനങ്ങളെടുത്തു വീടുവിടുന്നു. അവൾ മറ്റൊരു ജീവിതം തുടങ്ങുന്നു. സ്ത്രീയുടെ സഹനവും കഷ്ടപ്പാടും ദുരിതവും ഒക്കെ വിഷയമാവുന്നതു കൊണ്ടു മാത്രമാണ് ഇത് സ്ത്രീപക്ഷ സിനിമയാവുന്നത്. ഇത്തരം സിനിമകൾ മലയാളത്തിൽ വേണ്ടുവോളം ഉണ്ടായിട്ടുണ്ട്. സ്ത്രീ ഹൃദയങ്ങളെ കണ്ണീരിലാഴ്ത്തിയ സിനിമയെന്നൊക്കെയായിരുന്നല്ലോ പരസ്യങ്ങൾ. നന്നായി കരയാൻ കഴിയുന്നവരാണ് കൂടുതലും നല്ല നടികളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്. സിനിമ കാണുന്നയാൾ പ്രത്യേകിച്ചു സ്ത്രീയാണെങ്കിൽ, സിനിമയിൽ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ സ്വന്തം അനുഭവങ്ങളുമായോ അറിയുന്ന മറ്റേതെങ്കിലും ജീവിതവുമായോ തട്ടിച്ചുനോക്കുക സ്വാഭാവികം. അവിടെ സ്ക്രീനിലെ കഥാപാത്രത്തോട് അനുകകമ്പയോ സഹാനുഭൂതിയോ ഉണ്ടാവുകയും സ്വാഭാവികം. എന്നാൽ അതിനപ്പുറം ഏതെങ്കിലും സാധ്യമാവുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. അതുമാത്രമാണ് സംവിധായകന്റെ ഉദ്ദേശമെങ്കിൽ സമ്മതിക്കുന്നു. സ്ക്രീനിലെ അനുഭവത്തിനപ്പുറം (show and tell) ചിന്തിപ്പിക്കാനോ സ്ത്രീ സ്വയം ശാക്തീകരിക്കപ്പെടുന്നതിലൂടെ മാറ്റത്തിനു പ്രേരകമാവുന്ന തരത്തിൽ എന്തെങ്കിലും സംഭാവന ചെയ്യാനോ സിനിമക്ക് കഴിഞ്ഞിട്ടില്ല.


ഇവിടെ സിനിമയുടെ സർറിയൽ എന്ന് പറയാവുന്ന ക്ലൈമാക്സു ഭർത്താവിനെയും അയാളുടെ അച്ഛന്റെയും മുഖത്ത് അടുക്കള സിങ്കിലെ വെള്ളം ഒഴിച്ച ശേഷം വീട് വിട്ടിറങ്ങുന്നതാണ്. സർറിയൽ എന്ന് പറയാൻ കാരണം സിങ്കിലെ വെള്ളം ഭർത്താവിന്റെയും അയാളുടെ അച്ഛന്റെയും മുഖത്തൊഴിച്ച ശേഷം കടൽത്തീരത്തൂടെ, ആചാരസംരക്ഷക സമിതിയുടെ സമരപ്പന്തലിനു മുന്നിലൂടെ ദീഘദൂരം നടന്നുപോവുകയെന്നതു യാഥാർഥ്യമായി കാണാൻ സമകാലിക സാഹചര്യം സമ്മതിക്കുന്നില്ല എന്നത് തന്നെയാണ്. അവർ പുതിയൊരു ജീവിതം തുടങ്ങുന്നു എന്നത് സന്തോഷം തന്നെ.


സിനിമയുടെ അവസാനം ഭർത്താവു പുതിയൊരു വിവാഹം കഴിക്കുന്നു. അവരെ ആദ്യം കാണിക്കുന്നത് അടുക്കളയിൽ ചായ ഉണ്ടാക്കുന്നതായാണ്. അത് ഒരു തുടർച്ചയെ കാണിക്കുന്നു, പഴയതു തന്നെ തുടരും എന്നത്. അവളുടെ അടുത്തുവന്ന് അയാൾ പറയുന്നു - കഴിഞ്ഞത് ഒരു റിഹേഴ്‌സൽ ആയിരുന്നു. റിഹേഴ്സലുകൾക്ക് ആവർത്തനസ്വഭാവമുണ്ട്. പ്രകടനം ശരിയാവുന്നവരെ അതു വീണ്ടും ആവർത്തിക്കാവുന്നതാണ്. എന്നുവച്ചാൽ പുതിയ ഭാര്യയുടെയും സ്ഥിതി മറിച്ചാവില്ല എന്ന ധ്വനി. ഇവിടെ കുടുംബത്തിന് മേൽ ആണധികാരം വീണ്ടും ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവിടെ ഒരു മാറ്റവും ഉണ്ടാവുന്നില്ല. പഴയ ഭാര്യ പരാജിതയായി പുറത്തിറങ്ങി പോവുകയും വ്യവസ്ഥ കൂടുതൽ ശക്തിയോടെ ഉറപ്പിക്കപ്പെടുകയുമാണ്.


ഒരു സിനിമ കാണുമ്പൊൾ അതിലെ കഥയോ ചർച്ചചെയ്യപ്പെടുന്ന വിഷയമോ സ്വന്തം ജീവിതവുമായി എവിടെയെങ്കിലും സാമ്യമുണ്ടെകിൽ ഒന്നു തിരിഞ്ഞു നോക്കുക സ്വാഭാവികമാണ്. അങ്ങിനെയൊന്നും നോക്കട്ടെ ആദ്യം.വീട്ടിൽ അമ്മ അതിരാവിലെ ആരെ മുക്കാലിന് ജോലിക്കുപോയിരുന്നയാളാണ്. രണ്ടോ മൂന്നോ ബസുകയറിയാണ് നെടുമങ്ങാടുള്ള സ്കൂളിൽ പോയി വന്നിരുന്നത് വൈകുന്നേരം ആറര കഴിയും തിരിച്ചുവരാൻ. ഞങ്ങൾ മൂന്നുപേർ സ്കൂളിൽ പഠിക്കുന്നു. വീട്ടിൽ സഹായത്തിനു ആളുണ്ടായിരുന്നെങ്കിലും അമ്മ കൂടെയുണ്ടാവും. അങ്ങിനെ രാവിലെ നാലര മുതൽ രാത്രി പത്തര വരെ. ഒരിക്കലും വീട്ടിലെ ആണുങ്ങളാരും സഹായിച്ചിട്ടില്ല. ആവശ്യപ്പെട്ടതായി ഓർമയുമില്ല. അങ്ങിനെ വീട്ടിൽ വീട്ടുകാര്യങ്ങളെച്ചൊല്ലി കലഹം ഉണ്ടായതായും ഓർമയില്ല. ഒരു സംതുലനാവസ്ഥയിൽ (equilibrium). കാര്യങ്ങൾ മുന്നോട്ടുപോയി. ഞങ്ങളുടെ പണി പഠനമാണെന്നും അമ്മ അമ്മയുടെ പണി നോക്കുന്നുവെന്നും അച്ഛൻ അച്ഛന്റെ പണി നോക്കുന്നുവെന്നും ഉള്ള ധാരണയിലെ സംതുലനാവസ്ഥ. അത്തരം ഒരവസ്ഥ സ്വയം മാറുന്നതേയില്ല. മാറേണ്ട കാര്യമില്ല.ശാസ്ത്രവും പറയുന്നതു അതുതന്നെ.


സമൂഹത്തിലെ വിരുദ്ധങ്ങളായ ശക്തികൾ തമ്മിലുള്ള സംഘർഷത്തെക്കുറിച്ചു സിദ്ധാന്തങ്ങളുണ്ട്. അതിനെ അടിസ്ഥാനം സമ്പത്തും. അവിടെ അന്തിമമായി ഉണ്ടാകാവുന്ന വിപ്ലവാനന്തരം ഒരു പുതിയ സാമൂഹിക രാഷ്ട്രീയ വ്യവസ്ഥ ഉണ്ടാവുന്നതായി പറയുന്നു. ഇതു കുടുംബ വ്യവസ്ഥയിലും ബാധകമാണ്. പമ്പരാഗതമായി തുടർന്ന്പോരുന്ന ആണധികാരമുള്ള കുടുംബ വ്യവസ്ഥയിൽ സമവായമാണ്. വിരുദ്ധശക്തികൾ ഇല്ല. വൈരുധ്യം മൂലമുള്ള സംഘർഷത്തിനൊടുവിൽ മാത്രമേ കാല്പനികമായിപ്പോലും പുതിയ സംതുലനം സ്വപ്നംകാണാൻ പോലുമാവൂ.


സിനിമയിൽ, ഇന്നസെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ അണ്ഡകടാഹം പോലൊരു തറവാട്. ജില്ല ഉപജില്ല എന്നൊക്കെ പറയുന്നപോലെ അടുക്കളയും ഉപ അടുക്കളകളും. രണ്ടണുങ്ങൾ. അവരെ തീറ്റിപോറ്റിയിരുന്ന ഒരമ്മ. അവരുടെയിടയിലേക്കു മകന്റെ ഭാര്യയായി എത്തുന്ന കുട്ടി. അവൾ വിദ്യാസമ്പന്നയാണ്. കടുംബ പശ്ചാത്തലം കൊണ്ട് ആചാരങ്ങളോട് വല്യമമതയില്ലാത്തവളും സർവോപരി കലാകാരിയുമാണ്. ഒരു മാറ്റത്തിനു കാരണമാവാൻ വേണ്ട എല്ലാ ഗുണങ്ങളും ഈ കഥാപാത്രത്തിനുണ്ട്. പക്ഷെ സിനിമയിൽ ഈ സാധ്യതകളൊന്നും തന്നെ ഉപയോഗപ്പെടുത്തുന്നില്ല. മാറ്റത്തിന് തുടക്കമാവാവുന്ന തരത്തിൽ അവൾ കുടുബത്തിൽ വിരുദ്ധ ശക്തിയാവുകളും പോസിറ്റീവ് ആയ മാറ്റം അവൾ വഴി വീട്ടിനുള്ളിൽ ഉണ്ടാവുകയും ചെയ്യുന്നിടത്താണ് ശരിക്കും സിനിമയുടെ വിജയവും സ്ത്രീയുടെ വിജയവും എന്ന് കരുതുന്നു. അതിനുള്ള കഥാസന്ദർഭങ്ങൾ ധാരാളം ഉണ്ട് താനും.


സിനിമയുടെ ആദ്യത്തെ ഒരു മണിക്കൂറിൽ പ്രതികരിച്ചു, പ്രശ്നം ഉണ്ടാക്കി പരിഹാരം കാണാവുന്ന പല സന്ദർഭങ്ങളിലും അവർ നിശ്ശബ്ദയാവുകയാണ്. പരാതി പറയുക എന്നതു ഏറ്റവും താഴ്ന്ന നിലയിലുള്ള പ്രതികരണമാണ്. സുരാജിന്റെ കഥാപാത്രം അവരുടെ രീതിയനുസരിച്ചു അയാളുടെ ഭാര്യയെ കുറിച്ചുള്ള പ്രതീക്ഷകൾ അച്ഛൻന്മാർ വഴി കൈമാറിയിട്ടുണ്ട്. എന്നാൽ ഗൾഫിൽ ജോലിചെയ്തു കുറെയൊക്കെ പുരോഗമന മനോഭാവമുള്ള അച്ഛൻ ഇത് നമുക്ക് പറ്റിയ ബന്ധമല്ല എന്ന് തീരുമാനിക്കുകയോ കുറഞ്ഞ പക്ഷം മകളോട് പറയുകയോ ചെയ്തില്ല. അതുംപോട്ടെ വിദ്യാസമ്പന്നയായ കഥാപാത്രം ഭാവി വരനോട് ഒരു പ്രാവശ്യംപോലും ഒറ്റക്കൊറ്റക്കു സംസാരിക്കുകയോ തന്റെ വീക്ഷണമോ പ്രതീക്ഷകളോ പങ്കുവക്കുകയോ ചെയ്യുന്നില്ല. വന്നു കയറുന്ന വീടിനു സമാനമായ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരാളെങ്കിൽ ഈ ചോദ്യമുണ്ടാവില്ല.


അവസാനത്തെ അരമണിക്കൂറിൽ ഉണ്ടാകുന്ന ശബരിമല പ്രശ്നം. അപ്പോൾ മാത്രമാണ് അവളുടെ ആർത്തവം വലിയൊരു പ്രശ്നമാവുന്നതു. അതിനു മുൻപ് ആർത്തവം ഉണ്ടാവുന്നു. അപ്പോൾ സ്നേഹമുള്ള ഭർത്താവു പാഡു വാങ്ങി വരുന്നു. വീട്ടിൽ അയാളെ നേരിടുന്ന പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരവും കാണുന്നു. ബ്രേക്ക് ഫാസ്റ്റ് പുറത്തുന്നു വാങ്ങാം. ഉച്ചക്ക് ജോലിക്കു വേറൊരാളെ വരുത്താം. ഇതിൽ കൂടുതൽ എന്ത് വേണം. ഇവിടെ സ്ത്രീകൾ എന്നതുപോലെ പുരുഷനും വ്യവസ്ഥയുടെ ഭാഗമാണ്. ഒരു തുടർച്ചയുടെ ഭാഗമാണ് അവരും; അവരായി ഒന്നും തന്നെ പുതിയതായി അവിടെ ഉണ്ടാക്കുന്നില്ല. കാരണം തലമുറകളായി അത്തരം ഒരു സംതുലിതാ അവസ്ഥ അവിടെ നിലനിനിൽക്കുന്നുണ്ട്. അവരായി അത് മാറുന്ന പ്രശ്നമേയില്ല. കാരണം അവർ ഹാപ്പിയാണ്. പുറത്തേക്കിറങ്ങുന്നു എന്നു പറയുമ്പോൾ ഭാര്യ ചെരുപ്പ് കൊണ്ട് വന്നു കാലിനരുകിൽ വച്ചുകൊടുക്കുന്നതു അയാൾ അയാളുടെ അച്ഛനിൽ നിന്ന് കണ്ടു പഠിച്ചതാവാനേ വഴിയുള്ളു. ബ്രഷ് ഭാര്യയെടുത്തു കൊടുക്കുന്നത് അതാണവിടെ നിലനിന്നിരുന്ന രീതി എന്നത് കൊണ്ടാണ്. ഇതൊക്കെ മാറണമെങ്കിൽ ഒരാളിന്റെ ഭാഗത്തു നിന്നും എതിർപ്പുണ്ടാവണം. ഇവിടെ അതൊരിക്കലും ആണിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല കാരണം നിലവിലുള്ള രീതികളിൽ അവർ സന്തുഷ്ടരാണ്.


രാവിലെ പല്ലുതേക്കാൻ ബ്രഷ് ചോദിക്കുമ്പോൾ ‘നിനക്ക് പ്രശ്‌നമെങ്കിൽ ഞാൻ കൊടുക്കാം’ എന്ന് പറയുന്ന ഭർത്താവിനോട് വേണ്ട ഞാൻ കൊടുത്തോളം എന്ന് ഉറപ്പിച്ചു പറയുന്നു. അവൾക്കൊട്ടും പരിചയമില്ലാത്ത അവസ്ഥകളോട് ആദ്യമൊക്കെ ഒത്തുപോവുന്നതു സ്വാഭാവികം. എന്നാൽ അടുക്കളയിലെ സിങ്ക് പ്രശ്നം ആവുന്നുണ്ട്. അവൾ അത് അവതരിപ്പിക്കുന്നത് പരാതിയുടെ രൂപത്തിൽ മാത്രമാണ്. വലിയ പ്രശ്നമാണെങ്കിൽ അതിനു പരിഹാരം ഉറപ്പാക്കുന്ന വരെ അവൾ കൊണ്ടെത്തിക്കണമായിരുന്നു. മേശപ്പുറത്തു വേസ്റ്റ് കണ്ടിട്ട്

അതിടാൻ ആരും അറിയാതെ ഒരു ചെറിയ ഡിഷ് കൊണ്ട് വയ്ക്കുന്നുണ്ട്. അതിനു ശേഷമുള്ള സീനിലും അത് ശൂന്യമായിരിക്കുന്നതായും ചുറ്റും വേസ്റ്റ് കിടക്കുന്നതായും നാം കാണുന്നു. എപ്പോഴെങ്കിലും ഇത് ഉപയോഗിച്ചൂടെ എന്നോ അത് അവിടെ വച്ചതെന്തിനാണെന്നോ ഓര്മിപ്പിക്കപോലും ചെയ്യുന്നില്ല. തമുറകളായി മേശപ്പുറത്തു കാണുന്ന അന്യവസ്തു അടുത്ത ദിവസം മുതൽ അവർ ഉപയോഗിച്ച് കൊള്ളും എന്ന് ധരിച്ചെങ്കിൽ ശരി. പക്ഷെ ഉപയോഗിക്കുന്നില്ല എന്ന് കാണുമ്പോൾ ഒന്നോർമിപ്പിക്കാമല്ലോ. അതുണ്ടാവുന്നില്ല. ഹോട്ടലിൽ പോയി കഴിക്കുമ്പോൾ മാത്രം അത് ചൂണ്ടിക്കാണിച്ചു പറയുന്നു - അപ്പൊ പുറത്തു ഇത് ഉപയോഗിക്കാനറിയാം. കുളിമുറിയിൽ കുളിക്കുന്ന പോലെ കുളത്തിൽ കുളിക്കാൻ കഴിയില്ലാ എന്നത് ഒരാൾ മറ്റൊരാളെ പഠിപ്പിക്കേണ്ട കാര്യമില്ല.


അതേച്ചൊല്ലി രാത്രി വീട്ടിൽ വഴക്കുണ്ടാവുന്നു. അവിടെയും അവൾ സോറി പറഞ്ഞു സഹിക്കുന്നു അല്ലെങ്കിൽ കീഴടങ്ങുന്നു. അടുക്കളയിലെ ജോലി, നിലം തുടക്കൽ, ഭർത്താവിന്റെ അച്ഛന്റെ അണ്ടർ വെയർ വരെയുള്ള തുണി അലക്കൽ ഇതൊക്കെ പ്രശ്നമാക്കേണ്ടതായിരുന്നു. കാരണം ഇതിനൊക്കെ ജോലിക്കൊരാളെ വച്ച് പരിഹാരം കാണാവുന്നതല്ലേ? സിനിമ സ്ത്രീയുടെ അവസ്ഥ കാണിക്കുന്നതല്ലാതെ ഒരു ടേക്ക് എവേ തരുന്നുണ്ടോ? ഉണ്ടാവും. വിദ്യാഭ്യാസമുള്ളവരെങ്കിലും ഇങ്ങിനെ സഹിച്ചും ക്ഷമിച്ചും കരഞ്ഞും ജീവിതം കളയരുതെന്നും പ്രതികരിക്കേണ്ടപ്പോൾ പ്രതികരിച്ചു പ്രശ്നപരിഹാരവും ഉറപ്പാക്കിയില്ലെങ്കിൽ അവസാനം പ്രതിഷേക്കാനോ ഇറങ്ങിപ്പോവാനോ മാത്രമേ കഴിയു എന്നതാവും ടേക്ക് എവേ.


ഫോർ പ്ലേ ഉണ്ടെങ്കിൽ നന്നാവുമെന്നും അല്ലെങ്കിൽ പെയിൻ ഫുൾ ആണെന്നും ഒരു രാത്രി അവൾ പറയുന്നുണ്ട്. അവിടെ സുരാജിന്റെ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. രസകരവും എന്നാൽ വളരെ പ്രാധാന്യമുള്ളതുമായ ചോദ്യം. അതിനു എനിക്ക് കൂടി തോന്നണ്ടേ എന്ന്. ശരിക്കും വഴക്കിനോ അത് വഴി മാറ്റത്തിനുള്ളതോ ആയ കഥാസന്ദർഭം.അവിടെ അവൾ എന്ത് കൊണ്ടാണത് എന്ന് വ്യക്തമാക്കിയിരുന്നെങ്കിൽ വഴക്കുണ്ടായെങ്കിലും പല കാര്യങ്ങൾക്കും ഒരു പുതിയ തുടക്കമാവുമായിരുന്നു. പകരം നിശബ്ദതയാണ്. പിന്നെയവൾ കരഞ്ഞുറങ്ങുന്നു. പിന്നെയും സഹനം തന്നെ.


ഇങ്ങിനെ അടുക്കളയുമായി കഥ മുന്നോട്ടു പോയാൽ ഒരിടവും എത്തില്ല എന്ന ആശക്കുഴപ്പത്തിലിരുമ്പോഴാണ് ശബരിമല പ്രശ്നം കുടുംബത്തിലേക്ക് തള്ളിക്കയറ്റുന്നതും ആർത്തവം ഒരു മഹാപ്രശ്നമാക്കുന്നതും. അതോടെ കഥാഗതിക്കു പുതിയ ഊർജം കൈവരുന്നു. സംഭവം മറ്റൊരു തലത്തിലാവുന്നു. ശബരിമല പ്രശ്നം വരുന്നത് വരെ ആർത്തവം അവൾക്കോ വീട്ടുകാർക്കോ വല്യപ്രശ്നമായിരുന്നില്ല. അവൾക്കു ഒറ്റയ്ക്ക് മുറിയിലിരിക്കേണ്ടി വരുന്നത് അപ്പോൾ മാത്രമാണ്. അപ്പോഴാണ് സകല ആചാരങ്ങളും ഭാണ്ഡത്തിലാക്കി ബന്ധുവായ കുലസ്ത്രീയും അവിടെ എത്തുന്നത്.


ദൃശ്യം പോലുള്ള സിനിമകൾക്ക് പാർട്ട് -2 ഉണ്ടായല്ലോ. അവസാന സീനിൽ രണ്ടാം ഭാര്യയെ കാണിക്കുന്നത് അടുക്കള -പാർട്ട് 2 നു സ്കോപ്പ് ഇട്ടാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നതു. ആണധികാരം വീണ്ടും ശക്തമായ സ്ഥിതിക്ക് പാർട്ട് -2 ലെ അടുക്കളയിൽ തുറന്ന കക്കൂസും കൂടി കണ്ടാൽ അത്ഭുതപ്പെടേണ്ടതില്ല.


സ്ത്രീ സമത്വം എന്നത് പുതിയ ഉല്പന്നമാവുകയാണ്. ഉൽപ്പന്നങ്ങളുടെ ലക്‌ഷ്യം വിപണനവും അതുവഴിയുള്ള ചൂഷണവും. സിനിമാക്കാരും ബുദ്ധിജീവികളും അതേറ്റെടുക്കുമ്പോൾ പലപ്പോഴും മുഖ്യധാരക്ക് വഴങ്ങാത്ത ഗൂഢാർത്ഥങ്ങൾ ഉണ്ടാവാം.


അനുബന്ധം:

നിസ്സാർ അഹമ്മദിന്റെ ‘ലിംഗനീതിയുെട തിരിച്ചറിവു്’ എന്ന ലേഖനത്തിലെ

പ്രസക്ത ഭാഗം

“എങ്ങനെ ശക്തിയാർജ്ജിക്കുെമന്നുള്ളതു് വേറെ ആളുടെ ചിന്തയിൽ നിന്നു നിങ്ങൾ കണ്ടുപിടിേക്കണ്ട കാര്യമല്ല. അല്ലെങ്കിൽ സ്വീകരിേക്കണ്ട കാര്യമല്ല. എന്നുെവച്ചാൽ ഒരു സംരക്ഷകന്റെ സ്വഭാവം, അതിൽ ഒരു റോൾ മറ്റുള്ളവരിൽ നിന്നു് പ്രതീക്ഷിേക്കണ്ട കാര്യമില്ല. അങ്ങനെ പ്രതീക്ഷിക്കുന്നതു് പ്രത്യേക മനഃസ്ഥിതിെകാണ്ടാണു്.


ഇതിന്റ സങ്കീർണതയിലേക്കു പോകാതെ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയിൽ എഴുതപ്പെട്ടിട്ടുള്ള ഒരു കൃതിയെക്കുറിച്ചു് പറയാം. അതു് അഞ്ചു സ്ത്രീകൾ, സാമൂ ഹികശാസ്ത്രജ്ഞർ, കൂടി എഴുതിയതാണു്. അവർ അനേകവർഷങ്ങൾ, ഒരു പതിറ്റാണ്ടിെന്റ മേലെ തന്നെ, ദരിദ്രരും, വളരെയധികം പിേന്നാക്കാവസ്ഥയിലും നിൽക്കുന്ന സ്ത്രീകളുടെ ഇടയിൽ വളരെ കഠിനമായി പ്രവർത്തിച്ചു് അവരുടെ കാര്യങ്ങൾ മനസ്സിലാക്കി ഒരുപാടു ഗവേഷണം നടത്തിയ ആളുകളാണു്. അവർ എഴുതിയ ഒരു പുസ്തകം ആണു്: ‘Women and Power.’ Janet, Emma, Martha, Pilar and Jo ഇങ്ങെന അഞ്ചു േപരാണു് ഇതു് ചെയ്തിട്ടുള്ളതു്. വളരെ ഉണർവുണ്ടാക്കുന്ന രീതിയിലുള്ള അവലോകനം അഥവാ വിശകലനമാണു് അവർ നടത്തിയിട്ടുള്ളതു്. സാധാരണ കാണാറുള്ള സൈദ്ധാന്തികമായ ഭാരം അതിനില്ല. അതിൽ ജാനറ്റ് ടോൺെസന്റ് ശക്തിയെ പറ്റി വിശകലനം നടത്തിയിട്ടുണ്ടു്. Empowerment എന്നുള്ള ആശയം എങ്ങെനെയാെക്കയാണു് എന്നു്. ഉദാഹരണത്തിനു് ശക്തിപ്രാപ്തിക്കു് ഏതാെക്കതരത്തിലുള്ള മാനങ്ങൾ ഉണ്ടു്, മാനദണ്ഡങ്ങളുണ്ടു്? ഒന്നു് ഉപരിശക്തി, എന്നുെവച്ചാൽ power over, ഒന്നിന്റെ മേലുള്ള ശക്തി. പിന്നെ ഒന്നുള്ളതു് ആധാരികശക്തിയാണു്, അതായതു് power within. ആധാരിക എന്നുവച്ചാൽ ആധാരമായിട്ടുള്ളതു്. പിന്നെ ഉള്ളതു് സംയോജികശക്തി. അതായതു് power with. പിന്നെ power to. അതു് ഉദ്ദേശക ശക്തി. ഇങ്ങനെ വ്യത്യസ്തമായ മാനങ്ങളിലൂെട സ്ത്രീക്കു്, ശക്തിപ്രാപ്തി കൈവരിക്കാവുന്നതാണു്.


ശക്തിപ്രാപ്തിയുടെ ഈ വ്യത്യസ്തമായ മാനങ്ങൾ വെച്ചു നോക്കിയാൽ,ഈ പ്രയോഗത്തിലൂടെ , ശക്തി യഥാർത്ഥത്തിൽ പ്രയോഗിക്കുന്നതിലൂടെ ഈ സാമൂഹിക ഇടത്തിൽ അവർക്കു വന്നിട്ടുള്ള മേന്മക്കുറവു് എത്ര അതിജീവിക്കാൻ കഴിയും എന്നു് ആേലാചിച്ചു നോക്കണ്ടതുണ്ടു്. അതു പറഞ്ഞു മനസ്സിലാേക്കണ്ട കാര്യമല്ല. ഇത്തരത്തിലുള്ള ശക്തിയുടെ പ്രകാശനം അല്ലെങ്കിൽ ശക്തിയുടെ പ്രയോഗം അവർ ഇപ്പോൾ നിലനിൽക്കുന്ന സാമൂഹിക ഇടത്തിെന്റ സ്വഭാവം എത്രേത്താളം മാറ്റാം എന്നതു് ആ ലോചിക്കേണ്ടതാണു്. അത്തരത്തിലുള്ള ഒന്നിെനെയാണു് self empowerment എന്നു പറയുന്നതു്, സ്വയം ശക്തമാകൽ.“


Published :emalayalee .com 02 .19 .2021