Thursday, November 22, 2018

ശരണമന്ത്രം മുദ്രാവാക്യമാവുമ്പോൾ ....

ശരണ മന്ത്രങ്ങളാൽ  മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തരുടെ നെയ്ത്തേങ്ങ വീണു ആളിക്കത്തിയിരുന്ന ആഴി മാറി  മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ രാഷ്ട്രീയ വിഷത്തേങ്ങ വീണു കപട വിശ്വാസതീ  ആളിക്കത്തുന്നിടമായിരിക്കുന്നു സന്നിധാനം. യഥാർഥ ഭക്തന്മാർ ഭയന്ന് മാറി നിൽക്കുന്നു. ശബരിമലയും പരിസര പ്രദേശങ്ങളും ക്രിമിനലുകളും സാമൂഹ്യ വിരുദ്ധരും കൈയടിക്കിയിരിക്കുന്നു. അമ്പത്തിരണ്ട് വയസ്സായ തീർഥാടക സ്ത്രീയുടെ നെഞ്ചിലേക്ക് തേങ്ങയെറിയുന്നവൻ അയ്യപ്പ ഭക്തനാണെന്നു വിശ്വസിക്കാൻ പ്രയാസം. ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ള സുപ്രീം കോടതി വിധിയും ശബരിമലയും  ഒരു സുവർണാവസരമാണെന്ന് യുവ അണികളെ ഓർമപ്പെടുത്തുന്നു. കരുതൽ നടപടിയെന്നോണം നടന്ന കെ .സുരേന്ദ്രന്റെ   അറസ്റ്റിൽ പ്രതിഷേധിച്ചു നടന്ന ഹർത്താലിൽ പത്തനം തിട്ടയെങ്കിലും ഒഴിവാക്കാത്തതിൽ നരകിച്ചതു അയ്യപ്പ ഭക്തർ തന്നെ. യഥാർത്ഥ  ഭക്തർക്കെങ്കിലും പാവനമായ  ഇരുമുടിക്കെട്ടിനെ പോലീസ് സ്റ്റേഷനിൽ താഴെയെറിഞ്ഞു അദ്ദേഹം അവഹേളിക്കുന്ന കാഴ്ചയാണ് ടി വി ദൃശ്യങ്ങളിൽ കണ്ടത്. ശബരിമലയിൽ ചോരയൊഴുക്കിയും  മലിനപ്പെടുത്തി നടയടപ്പിച്ചു സ്ത്രീകൾ പ്രവേശിക്കുന്നത് തടയുമെന്നു ശഠിക്കുന്നവർ ഏതു ഭക്തന്റെ താൽപ്പര്യമാണ് സംരക്ഷിക്കുന്നത്.

സ്ത്രീയും ആർത്തവവും അത്രയ്ക്ക് മലിനമാണോ? അല്ലെങ്കിൽ അതാണോ ഇവിടെ യഥാർത്ഥ പ്രശ്നം? ഒരിക്കലുമല്ല എന്നതു പകൽ പോലെ സത്യം. ഇന്റർനാഷണൽ സ്റ്റുഡൻറ് ആയി കേരളത്തിൽ നിന്നുമെത്തിയ ഒരു കുട്ടിയോട് ഈ വിഷയത്തിൽ യൂണിവേഴ്‌സിറ്റിയിലെ കൂട്ടുകാർ ചോദിച്ച ചോദ്യങ്ങൾ കേട്ടാൽ  സാക്ഷരകേരളം തല താഴ്ത്തും.  കൂട്ടുകാരോട് പ്രതികരിക്കാനാവാതെ  തിരികെയെത്തി അച്ഛനമ്മമാരോട് ഇങ്ങിനെ ചോദിച്ചാണവൻ പ്രതിഷേധിച്ചത് - "വാട്ട് ഈസ് ദിസ് ക്രാപ്പ്?" എന്ത് ചവറാണ് ഈ കാട്ടിക്കൂട്ടുന്നതെന്ന്..

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ  തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ  കേരളം സംഭവ ബഹുലവും അതെ സമയം അപഹാസ്യവുമായ പല നാടകങ്ങൾക്കും സാക്ഷ്യം വഹിച്ചു..അതിൽ ചിലതു ചൂണ്ടി കാണിച്ചുവെന്നു മാത്രം. അത് തുടർന്നുകൊണ്ടേയിരിക്കുന്നു. റിവ്യൂ പെറ്റീഷൻ പരിഗണിക്കുന്നത് ജനുവരിയിലേക്ക് നീട്ടി വച്ച സാഹചര്യത്തിൽ കാര്യങ്ങളെ ഒന്ന് വിലയിരുത്താം എന്ന് കരുതുന്നു. ഏതായാലും പ്രകടമായ മാറ്റം ശബരിമല തീർഥാടകരുടെ എണ്ണത്തിൽ പ്രത്യേകിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരുടെ എണ്ണത്തിൽ  ഗണ്യമായ കുറവ് ഉണ്ടായിരിക്കുന്നു എന്നതാണ്.

കേരളത്തിൽ ഇക്കാലയളവിലുണ്ടായ  രാഷ്ട്രീയവും സാമുദായികവുമായ ധ്രുവീകരണം വളരെ പ്രകടവും എന്നാൽ ചരിത്രപരമായി വിശകലനം ചെയ്യുമ്പോൾ ന്യായീകരിക്കാവുന്ന ഒന്നുമാണ്. സംഭവിക്കേണ്ടതു തന്നെയാണ് സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും. ഫാഷിസ്റ് സ്വഭാവമുള്ള സവർണ ജാതി ശക്തികൾ  ആർ എസ്  എസ്, ബി ജെ പി, കോൺഗ്രസ് തുടങ്ങിയ അവരുടെ രാഷ്ട്രീയ രഥങ്ങളിലേറി വിശ്വാസ സംരക്ഷണ മുദ്രാവാക്യങ്ങളുമായി മുന്നേറുമ്പോൾ കേരളാ ഗവർമെന്റിന്റെ അസ്ഥിരപ്പെടുത്തുക എന്ന പ്രകടമായ രാഷ്ട്രീയ ലക്ഷ്യത്തെക്കാൾ പതിറ്റാണ്ടുകൾ പഴക്കമുള്ള ഗൂഢമായ അജണ്ടയിനമായ ബ്രാഹ്മണ മേധാവിത്തം  പുനഃസ്ഥാപിക്കുക എന്ന ലക്‌ഷ്യമാണ് ഏറ്റവും പ്രധാനമായി തിരിച്ചറിയേണ്ടത്.

കേരളത്തിൽ ഈ തിരിച്ചറിവ് വളരെ ശക്തമായി തന്നെ  ഉണ്ടായിട്ടുണ്ട് എന്നത് അവിടെ നടക്കുന്ന തുറന്ന സംവാദങ്ങളും പ്രഭാഷണങ്ങളും ദൃശ്യ മാധ്യമ ചർച്ചകളും കേൾക്കുമ്പോൾ വ്യക്തമാണ്. ഭൂരിപക്ഷ പിന്നോക്ക സമുദായ സംഘടനയായ SNDP, ദളിത് വിഭാഗങ്ങൾ ഒക്കെ തന്നെ ശബരിമല വിഷയത്തിൽ മറ്റൊരു നിലപാടിൽ മാറിനിൽക്കുന്നത് വൈകിയാണെങ്കിലും അവരിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ പുത്തനുണർവുകൾക്കു ഉദാഹരണമാണ്.

മുകളിൽ സവർണർ എന്നുപയോഗിച്ചത്‌ അമേരിക്കൻ സാഹചര്യത്തിൽ ഒന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. കാരണം ഇവിടെ  വന്ന ശേഷം പലയിടത്തും  പറഞ്ഞു കേൾക്കാറുണ്ട്. 'ഏയ് ഹിന്ദുമതത്തിൽ ജാതിയില്ല, സവർണനും അവർണനുമില്ല ആര്യനും ദ്രാവിഡനുമില്ല'. ദ്രവീഡിയൻ സംസ്കാരത്തെയും ആര്യ അധിനിവേശത്തെ പറ്റിയുമൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ  'അയ്യോ പാവം ഇയാളെ ആരൊക്കെയോ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു' എന്ന അർഥത്തിൽ തലയാട്ടി പുഞ്ചിരിക്കും. സമകാലിക അമേരിക്കൻ മാധ്യമ ഭാഷയിൽ പറഞ്ഞാൽ ഇവർക്ക് ഇതൊക്കെ 'FAKE' വാർത്തകളാണ്. എപ്പോഴാണ് ഒരു വാർത്ത FAKE ആവുന്നത്.  ചിന്തിച്ചിട്ടുണ്ട്. നമ്മുടെ അവബോധങ്ങളെയും വിശ്വാസങ്ങളെയും ഉറപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ മാത്രമേ നമുക്ക് കേൾക്കാനുള്ള സഹിഷ്ണുതയുള്ളു. അല്ലാത്തവ, കേൾക്കാൻ വേണ്ടി കേൾക്കാൻ പോലുമുള്ള ക്ഷമയോ സമയമോ നമ്മളിലില്ല. ലിബറൽ ആയ ഒരാൾ CNN മാത്രം കേൾക്കുന്നതോ  കൺസർവേറ്റീവ് ആയ ഒരാൾ FOX ന്യൂസ് മാത്രം കേൾക്കുന്നതോ  ഇത് കൊണ്ടാണ്. ബാക്കിയെല്ലാം നമുക്ക് FAKE ന്യൂസ് ആവുന്നു. ഇത് തന്നെയാണ് മേൽപ്പറഞ്ഞ നിഷേധാർഥമുള്ള പുഞ്ചിരിക്ക് പിന്നിലും.

ഹിന്ദു സംസ്കാരം  ബ്രാഹ്മണ മതമായപ്പോൾ ജാതി അനിവാര്യമായി. ജാതി നിയമയായി. രാജാവ് ജാതി നിയമ പാലകനായി.  അത്തരം ഒരു സാമൂഹ്യ വ്യവസ്ഥയിൽ സവർണനും അവർണനും എന്നത് രണ്ടു ജാതി വിഭാഗങ്ങളെയാണ് അടയാളപ്പെടുത്തിയിരുന്നത്. ആര്യ സംസ്കാരവും ദ്രാവിഡ സംസ്കാരവും ചരിത്രമാണ്. കവി ഭാവനയല്ല. ശരി, അതൊക്കെ അന്നുണ്ടായിരുന്നു..ഇന്നതൊക്കെ മാറിയില്ലേ എന്ന ചോദ്യത്തിന് അതിന്റെയൊക്കെ തുടർച്ച ശക്തമായി ഇന്നും നിലനിൽക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അയ്യപ്പനെ  ഉപകരണമാക്കി ഇന്ന് നടന്നു കാണുന്ന നവ ബ്രാഹ്മണ്യത്തിന്റെ പുനഃസ്ഥാപന ശ്രമങ്ങൾ.

കേരളത്തിന്റെ ഗോത്രസംസ്കാരത്തിൽ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. കാവുകളും അവയോടു ചേർന്ന് നിന്നിരുന്ന ആരാധനാലയങ്ങളുമായിരുന്നു അന്നുണ്ടായിരുന്നത്. അവരുടെ ദേവതാസങ്കല്പത്തിൽ ആചാരങ്ങൾ  അവരുടെ ജീവിത രീതികളുമായി അടുത്തുനിന്നിരുന്നു. അവിടെ  സമർപ്പണമായി  മദ്യവും ബലിയുമൊക്കെയുണ്ടായിരുന്നു. ചാത്തൻ (ശാസ്താവ്) എന്നത് അവരുടെയിടയിലെ  സുപരിചിത മൂർത്തിയായിരുന്നു. അത്തരമൊരു ശാസ്താ ക്ഷേത്രം ഇന്ന് കാണുന്ന അയ്യപ്പ ക്ഷേത്രമായത് പല കാലങ്ങളിൽ പല സ്വാധീനങ്ങളെ സ്വീകരിച്ചും  പല വിശ്വാസങ്ങളെ ഉള്ളിയുടെ ഇതളുകൾ പോലെ  ഒന്നിനു  മീതെ മറ്റൊന്നായി ഉൾക്കൊണ്ടുകൊണ്ടുമാണ്. അവിടെ പന്തളം രാജകുടുംബവും താഴ് മൺ കുടുംബവുമൊക്കെ ഏറ്റവും പുറത്തെ അടരുകളും ഏറ്റവും  ആദ്യം എടുത്തു ദൂരെ കളയാവുന്നതുമാണ്. ഇതളുകൾ ഓരോന്നായി മാറ്റി ഉള്ളിലേക്ക് ചെല്ലുമ്പോൾ  നാൽപ്പത്തൊന്നു, പതിനെട്ടു എന്ന അക്കങ്ങൾക്കു പോലും നഷ്ട്ടപ്പെട്ട പഴയ  അർത്ഥം   മനസിലാക്കാം. 

നൈഷ്ഠിക ബ്രഹ്മചര്യം കൽപ്പിച്ചു നൽകി  അയ്യപ്പ പ്രതിഷ്‌ഠ നടത്തി ക്ഷേത്രം ബ്രാഹ്മണവൽക്കരിച്ചത് ചരിത്രത്തിൽ പുത്തൻ സംഭവമല്ല.  അടിസ്ഥാനപരമായും കീഴാള സംസ്കാരത്തിൽപ്പെടുന്ന പല ആരാധനാലയങ്ങൾക്കും ഇത്തരം ബ്രാഹ്മണിക്കൽ ലിഫ്റ്റ് കിട്ടിയിട്ടുണ്ട്.

കുറച്ചു ചരിത്രം പറഞ്ഞെങ്കിലും ഇന്ന്  ശബരിമലയിൽ എത്തുന്ന കോടിക്കണക്കിനു ഭക്തരോട്, അവരുടെ വിശ്വാസത്തെ ബഹുമാനിച്ചു കൊണ്ട് തന്നെ അവർക്കു ബോധ്യമുള്ളതു വീണ്ടും പറഞ്ഞു പോകുന്നു. ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക് ആണ് അല്ലാതെ വെറും ഒരു ബനാന റിപ്പബ്ലിക്ക് അല്ല. എല്ലാ മത വിശ്വാസങ്ങളെയും പൂർണമായും അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇന്ത്യൻ ഭരണ ഘടന നിലനിൽക്കുന്നത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്നിലെ  ഹൈക്കോടതി വിധിക്കുശേഷമാണ് പത്തിനും അൻപതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകളെ പൂർണമായും ശബരിമല തീർത്ഥാടനത്തിൽ നിന്നും മാറ്റി നിറുത്തിയത്. അതിനു ശേഷം ഒരു പരാതി സുപ്രീം കോടതിയിൽ ചെല്ലുമ്പോൾ മാത്രമാണ് കോടതി, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയം നോക്കിക്കാണുന്നത്. അല്ലാതെ ഏതെങ്കിലുമൊരു  മതത്തിൽ നിരോധിക്കാൻ പറ്റിയ ആചാരങ്ങളോ അനുഷ്ട്ടാനങ്ങളോ തെരഞ്ഞു നടക്കുകയായിരുന്നില്ല കോടതി. കിട്ടിയ പരാതി ഭരണഘടനയുടെ വകുപ്പുകളിന്മേൽ വിശകലനം ചെയ്താണ് വിധി വന്നിട്ടുള്ളത്. ലിംഗ സമത്വം (ആർട്ടിക്കിൾ 15) മതസ്വാതന്ത്ര്യത്തിന്റെ  ( ആർട്ടിക്കിൾ 25) പരിധിയിൽ കൊണ്ടു  വന്നു എന്നതാണ് ഈ വിധിയെ ചരിത്രപരവും നവോത്ഥനപരവുമാക്കുന്നത്‌.

ഒരു വിശ്വാസിക്ക്  ഈ വിധി ഒരു തരത്തിലും വെല്ലുവിളിയാവുന്നില്ല. ആർ എസ് എസ് പോലും ആരാധനാലയങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യ സ്വാത്രന്ത്ര്യമുണ്ട് എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

സംസ്ഥാന തലത്തിൽ  ഈ വിധി നടപ്പാക്കാൻ സംസ്ഥാന ഗവണ്മെന്റ് ബാധ്യസ്ഥമാണ്. ബി ജെ പി ഗവണ്മെന്റ്  ആയാലും കോൺഗ്രസ്സ് ഗവണ്മെന്റ് ആയാലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ സംഭവിക്കുന്നതെന്താണ്. സി പി എം കേരളത്തിലെ ആർത്തവമുള്ള ഹിന്ദു സ്ത്രീകളെ മുഴുവൻ ശബരിമലയിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നു എന്ന തരത്തിലാണ് പ്രതിരോധ ശക്തികളുടെ പ്രതികരണങ്ങളും പ്രവർത്തനങ്ങളും.

രാഹുൽ ഈശ്വർ ചില ചർച്ചകളിൽ എത്തുമ്പോൾ പലരും 'നിങ്ങൾ വളരെ വിദ്യാഭ്യാസം ഉള്ള ആളല്ലേ' എന്ന് പറഞ്ഞിട്ടാണ് എതിരഭിപ്രായമാണെങ്കിലും പറയാൻ ശ്രമിക്കുക. അത് കാണുമ്പൊൾ സ്വാമി വിവേകാനന്ദൻ നമ്മെ പഠിപ്പിച്ച ഒരു കാര്യം ഓർമ  വരും. 'Education is training of character'. സ്വഭാവരൂപീകരണത്തിനു ഉപകരിക്കാത്ത വിദ്യാഭ്യാസം അതെവിടെന്നു നേടിയിട്ടെന്തു കാര്യം?

കഴിഞ്ഞ ദിവസ്സങ്ങളിൽ ഈ വിഷയത്തിൽ അമേരിക്കയിലെ ചില സംഘടനകൾ എടുത്ത നിലപാടുകളും ചില വ്യക്തികൾ സോഷ്യൽ മീഡിയയിലും ടി വി മാധ്യമങ്ങളിലും നടത്തിയ പ്രതികരണങ്ങ ളും  നിരാശാജനകമായിരുന്നു. ഇവിടുത്തെ സംഘടനകൾക്ക് പ്രത്യകിച്ചും ഹിന്ദു സംഘടനകൾക്ക് കുറച്ചു കൂടി ധീരവും സ്വതന്ത്രവുമായ  നിലപാടെടുക്കാവുന്നതാണ്. പുരോഗമന പരമായ കാര്യങ്ങളെ പിന്തുണക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്നിടത്തു മാത്രമേ ഒരു സംഘടനക്ക് ഭാവിയുള്ളു. കാരണം ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും ഇന്നല്ലെങ്കിൽ നാളെ അത് പ്രവർത്തികമാവുമെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു. കേരളത്തിലെ മത രാഷ്ട്രീയ നേതാക്കൾ  അവരുടെ നിക്ഷിപ്ത താല്പര്യത്തിനു വിളമ്പുന്ന ഛർദിൽ  വിഴുങ്ങാതെ അവർക്കു പുരോഗമനപരമായ നിർദേശങ്ങൾ കൊടുക്കാൻ ഇവിടുത്തെ സംഘടനകൾക്ക് കഴിയണം. കഴിയും.

ഞാൻ ഒരു മത വിശ്വാസിയല്ല, ആചാര ബദ്ധമായി ജീവിക്കുന്നില്ല. എങ്കിലും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. പക്ഷെ വിശ്വാസത്തിൽ ശാസ്ത്രത്തിനോ യുക്തിക്കോ ഒരു സ്ഥാനവുമില്ല എന്നും കരുതുന്നു. അതാണല്ലോ "first believe then ask question" ആദ്യം വിശ്വസിക്കു പിന്നെ ചോദ്യം ചെയ്യൂ  എന്നു മത സംരക്ഷകരും പ്രചാരകരും പറയുന്നത്. പൂർണമായി വിശ്വസിച്ചു കഴിഞ്ഞാൽ പിന്നെന്തു ചോദ്യം? അപ്പോൾ വിശ്വാസത്തെ ശാസ്ത്രത്തെയോ യുക്തിയേയോ അടിസ്ഥാനമാക്കി ന്യായീകരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. അങ്ങിനെ ചെയ്യുമ്പോൾ ഒരു പക്ഷെ അറിഞ്ഞുകൊണ്ട് തന്നെ അബദ്ധങ്ങൾ പറയേണ്ടി വരും.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു നവോത്ഥനത്തിൻറെ തുടക്കമാണ്. സ്ത്രീയുടെ  ശബരിമല ക്ഷേത്ര പ്രവേശനം ഒരു നിമിത്തം മാത്രമാണ്.  ഇത് ചരിത്രത്തെ പുനർ വിചിന്തനം നടത്താനും  പുതു തലമുറയിൽ പുത്തൻ ദിശാ  ബോധം ഉണ്ടാക്കിയെടുക്കാനും സഹായകമാവട്ടെ. സർവോപരി ഏതു  സമൂഹത്തിന്റെയും ആരോഗ്യകരമായ വളർച്ചയും തലമുറകളുടെ തുടർച്ചയും എക്കാലത്തും സ്ത്രീ സ്വാതന്ത്ര്യവും വിമോചനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ നമുക്കോരോരുത്തർക്കും പങ്കുണ്ട്, നിലപാടുകളിലൂടെയെങ്കിലും അത് വ്യക്തമാക്കേണ്ടതുമുണ്ട്. ഒന്നുകിൽ പുതു ചിന്തയുടെയും നവോഥാനത്തിന്റെയും പക്ഷത്തു നിൽക്കുക. അല്ലെങ്കിൽ മറുപക്ഷത്തു.

കേരളം നവോഥാനങ്ങളെ എന്നും ഉൾക്കൊണ്ടിട്ടു മാത്രമേയുള്ളു. ക്ഷേത്ര പ്രവേശന സത്യാഗ്രഹം നടക്കുമ്പോൾ സവർണ ജാഥ നയിച്ച് അതിനെ പിന്തുണക്കാൻ എൻ എസ് എസ് സ്ഥാപകനും സമുദായ ആചാര്യനുമായ മന്നത്തു പദ്‌മനാഭന് കഴിഞ്ഞത് അദ്ദേഹം ക്രാന്ത ദർശിയായിരുന്നു എന്നത് കൊണ്ടാണ്. മാറ്റം  അനിവാര്യമാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ്. ഇന്ന് നടക്കുന്നതും ക്ഷേത്ര പ്രവേശന സംബന്ധിയായ സമരമാണ്. അന്ന് ക്ഷേത്ര പ്രവേശനത്തിനായിരുന്നെങ്കിൽ ഇന്ന് ക്ഷേത്ര പ്രവേശനം  തടയുന്നതിനാണെന്നു മാത്രം. ഡോ  സുനിൽ പി ഇളയിടം, സ്വാമി സന്ദീപാനന്ദഗിരി, സണ്ണി കപിക്കാട്, ശ്രീ ചിത്രൻ തുടങ്ങിയവരൊക്കെ നടത്തുന്ന ബോധവൽക്കരണ ശ്രമങ്ങളെ പ്രതിരോധിച്ചുകൊണ്ടോ അവരെ ഭീഷണിപ്പെടുത്തിക്കൊണ്ടോ ഇത്തരം സാമൂഹിക മാറ്റങ്ങളെ മാറ്റി നിറുത്താനാവില്ല. അനിവാര്യമായതു സംഭവിക്കുക തന്നെ ചെയ്യും.

Saturday, October 13, 2018

സോദ്ദേശ സാഹിത്യത്തിന്റെ ആനുകാലിക പ്രസക്തി - പ്രതികരണം

(ഈ വിഷയത്തിന്മേൽ  2018-ൽ ഒക്ടോബർ മാസത്തിൽ ഫിലാഡൽഫിയയിൽ നടന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) റീജിയണൽ കൺവെൻഷനിൽ സംഘടിക്കപ്പെട്ട  ചർച്ചയിൽ  പ്രതികരിച്ചത്)

ഒരു നട്ട പാതിരക്കു പിള്ളേച്ചന്റെ വീട്ടിൽ കയറിച്ചെന്നു തന്റെ ഒരാഗ്രഹം പറയുന്ന കുട്ടിയപ്പൻ. ഒരു കൊമ്പനാനയുടെ തുമ്പികൈയ്യിൽ ഒരു പെണ്ണിനെ തുണിയില്ലാതെ ചേർത്തുനിറുത്തി ഭോഗിക്കണം - അതിനു ഏർപ്പാടുണ്ടാക്കണം. അപ്പോൾ  കൊമ്പനാന വേണം, പറ്റിയ പെണ്ണ് വേണം ഇത് രണ്ടും അന്വേഷിച്ചിറങ്ങുന്ന പിള്ളേച്ചനും കുട്ടിയപ്പനും. അവരുടെ യാത്രയിൽ നമ്മൾ കാണുന്നത് സദാചാര ബോധത്തോടെ ജീവിക്കുന്നവർ കാണാനിടയില്ലാത്ത കാഴ്ചകളാണ്. ലീലയെന്ന പെണ്ണിനെ വിൽക്കാൻ ശ്രമിക്കുന്നത് സ്വന്തം തന്ത തന്നെയാണ് - അയാൾക്ക്‌ ഒരു വിശേഷണം കൂടിയുണ്ട്. സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന വിശേഷണം. ഉണ്ണി ആറിന്റെ ഈ കഥയെക്കുറിച്ചു എന്നോട് ഒരു പെൺ സുഹൃത്ത് പറഞ്ഞതിങ്ങനെ.."ഹോ ആ സാധനം വായിച്ചു തൊടങ്ങി ഒരു പേജ് കഴിഞ്ഞപ്പോ അടച്ചുവച്ചു..പിന്നെ അടുത്തൂടെ പോയിട്ടില്ല..ശേ എന്തൊക്കെ വൃത്തികേടാ എഴുതി വച്ചേക്കുന്നേ..എന്തിനാ ഇങ്ങിനെ കഥയെഴുതുന്നേ "

ഈ  സുഹൃത്ത് കഥ നല്ലതാണെന്നോ നല്ലതല്ലായെന്നോ പറയുകയല്ല മറിച്ച് രചനയുടെ ഉദ്ദേശം  ചോദ്യം ചെയ്യുകയാണിവിടെ. അതുപോലെ ബെന്യാമിന്റെ 'ആട് ജീവിതം'  ഉൾപ്പെടെ ഈയിടെ  പുറത്തുവന്ന പല സാഹിത്യ കൃതികളെ ക്കുറിച്ചും ഇത്തരം അഭിപ്രായങ്ങൾ ചിലരിൽ നിന്നും ഉണ്ടായിട്ടുണ്ട്. അതെ സമയം നമ്മളിൽ ചിലരെങ്കിലും ഈ രചനകൾ  വായിക്കുകയും ഇഷ്ട്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോൾ രചനകളെ വിലയിരുത്തുകയും അതിന്റെ ഉദ്ദേശത്തെ അല്ലെങ്കിൽ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതുമെല്ലാം പ്രധാനമായും വായനക്കാരാണ്.അതിന്റെ മാനദണ്ഡം ഓരോരുത്തരിലും ഓരോ തരത്തിലാണ്. കാരണം വായനക്കാരന്റെ വിശ്വാസ പ്രമാണങ്ങളും ഉൾക്കാഴ്ചയും സാമൂഹിക ബോധവുമൊക്കെയാണ്  ഈ മാനദണ്ഡം നിശ്ചയിക്കുന്നത്.  രചനയുടെ ഫോമിനും കണ്ടന്റിനും ടെക്‌നിക്കിനും ഒക്കെ അപ്പുറത്തുള്ള ഒന്നാണിത്.

സോദ്ദേശ സാഹിത്യത്തിന്റെ ആനുകാലിക പ്രസക്തി  വായനക്കാരൻ, രചിയിതാവ്, രചനകൾ  എന്നിവയെ രചനകൾ   ഏതു സാഹിത്യവിഭാഗത്തിൽ പെടുന്നു (genre) എന്നതിനെ കണക്കിലെടുത്തു ആനുകാലിക പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതുണ്ട്.

സാഹിത്യത്തിന് എന്തെങ്കിലും ഉദ്ദേശം ഉണ്ടോ ലക്‌ഷ്യം ഉണ്ടോ?  ഉദ്ദേശമേയില്ലയെങ്കിൽ പിന്നെ സദുദ്ദേശമോ ദുരുദ്ദേശമോ എന്ന് ചിന്തിക്കേണ്ടല്ലോ. എന്റെ അഭിപ്രായത്തിൽ പൊതുവെ ആനുകാലിക സാഹിത്യത്തിന് ഒരു ഉദ്ദേശവും ആരും പറഞ്ഞുവെച്ചിട്ടില്ല.

എന്നാൽ ഉദ്ദേശത്തോടെ സാഹിത്യം ഉണ്ടാകുന്നില്ലേ? ഉണ്ടായിട്ടില്ലേ? തീർച്ചയായും ഉണ്ട്. ഏറ്റവും നല്ല ഉദാഹരണം  - പ്രൊപോഗാണ്ടാ ലിറ്ററേച്ചർ തന്നെ.   മത സാഹിത്യവും രാഷ്ട്രീയ സാഹിത്യവും നോക്കുക. സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള ക്രിസ്തുമതത്തെക്കുറിച്ചെഴുതുന്നയാളുടെ  അല്ലെങ്കിൽ സാഹോദര്യം അടിസ്ഥാനമായ  ഇസ്ലാം മതത്തെ കുറിച്ചെഴുതുന്നൊരാളുടെ ഉദ്ദേശം അയാളെ സംബന്ധിച്ച് നല്ലതായിരിക്കാം. പക്ഷെ ആര് വായിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ആ എഴുത്തിനെക്കുറിച്ചു ഭിന്നാഭിപ്രായം ഉണ്ടാകാം. അതുപോലെ തന്നെ രാഷ്ട്രീയ എഴുത്തുകളും.

സ്ഥാപിതമായ വിശ്വാസങ്ങളെയും മൂല്യങ്ങളെയും ഉറപ്പിക്കുന്ന തരത്തിലുള്ള കൃതികളെയാണ് പൊതുവെ സോദ്ദേശപരം എന്ന് പറയാറുള്ളത്. അത് ഒരു ഫാഷിസ്റ് ക്രമമാണ്. ഈ ക്രമം ആവശ്യപ്പെടുന്ന ലക്‌ഷ്യം സാഹിത്യത്തിലും സംഗീതത്തിലും കലയിലും ഉണ്ടാക്കിയ സ്വാധീനമാണ് ക്ലാസ്സിസിസം എന്ന പ്രസ്ഥാനം. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉണ്ടായതാണിത്. ഇതിനു പ്രധാനമായും മൂന്നു സ്വഭാവ വിശേഷങ്ങളുണ്ട്.
1. പാരമ്പര്യാധിഷ്ടിതം,
2 . മാറ്റങ്ങളെ ഉൾക്കൊള്ളാതിരിക്കൽ, അംഗീകരിക്കാതിരിക്കൽ.
3 . പ്രകൃതിയുടെയും മനുഷ്യാവസ്ഥയുടെയും സ്ഥിരതയും പരിമിതിയും അനുസരിക്കൽ.

ഒരു ചിത്രകാരൻ തന്റെ സൃഷ്ടി ചെയ്യുന്നത് പഴയതിനെ അതെപടി പകർത്തുക എന്ന ധർമം അനുസരിച്ചായിരുന്നു. അവിടെ ആസ്വാദകന്റെ ധർമം വരച്ചത് തനിക്കു പരിചയമുള്ള രൂപത്തോട് ചിത്രകാരൻ എത്ര മാത്രം നീതി പുലർത്തി എന്നതിനെ അടിസ്ഥാനമാക്കി ആസ്വദിക്കുക എന്നതായിരുന്നു. ആ പ്രവണതകളോടുള്ള പ്രതികരണമായിട്ടാണ് പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിൽ തന്നെയുണ്ടായ റൊമാന്റിസിസം അഥവാ കാൽപ്പനിക പ്രസ്ഥാനം. അവിടേക്കെത്തുമ്പോൾ രചനകളിൽ ഭാവനയും വ്യക്തിയും കേന്ദ്രമാവുകയാണ്. നേച്ചർ വിട്ടു  സൂപ്പർ നേച്ചറലും, എന്തിനു ഭാവനക്കു കടന്നു ചെല്ലാവുന്ന ഏതു മേഖലയും സൃഷ്ടിക്കു വിഷയമാവുകയുണ്ടായി. ചുരുക്കത്തിൽ ക്ലാസ്സിസിസം ഭൂത കാലത്തേ അടിസ്ഥാനമാക്കിയാവുമ്പോൾ റൊമാന്റിസിസം ഭാവിയെ നോക്കിക്കാണാൻ ശ്രമിക്കുന്നു.

ഇതുവരെ പറഞ്ഞു വന്നത്, സൃഷ്ടിപരമായി കല്പ്പനയുടെ ലോകത്തു വ്യാപരിക്കുന്ന ആനുകാലിക സാഹചര്യത്തിൽ സാഹിത്യത്തിന് ഒരു ഉദ്ദേശം വേണമെന്നില്ല. അത് കൊണ്ടു തന്നെ സദുദ്ദേശവും ദുരുദ്ദേശവും അപ്രസക്തം.  അടിസ്ഥാനപരമായും മാനുഷികതയാണ് സാഹിത്യ രചനക്ക് പ്രേരണയാവുന്നത് എന്ന് വിശ്വസിക്കുന്നു. മാനുഷികതക്കു ഊന്നൽ നൽകുന്ന ഏതു കൃതിയും സോദ്ദേശ സാഹിത്യമാണ്  എന്ന് മാത്രം പറഞ്ഞുകൊള്ളട്ടെ.

Saturday, September 29, 2018

വേറെയെത്ര അമ്പലങ്ങളുണ്ട് സ്ത്രീകൾക്ക് പോകാൻ...?


വേറെയെത്ര അമ്പലങ്ങളുണ്ട് സ്ത്രീകൾക്ക് പോകാൻ...? അവിടെയൊക്കെ പോയാൽ പോരെ? ശബരിമലയിൽ തന്നെ പോകണമെന്നില്ലല്ലോ? മുൻപൊരിക്കൽ ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം വേണമോ എന്ന വിഷയത്തിൽ വിശ്വാസിയായ ഒരു സ്ത്രീ പ്രതികരിച്ചതിങ്ങിനെ.

ഏതായാലും ഈ വിഷയത്തിൽ സുപ്രീം കോടതി വിധി വന്നു. ഏതു പ്രായത്തിലുള്ള സ്ത്രീക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെടെ അഞ്ചു പേരടങ്ങുന്ന ഭരണ ഘടനാ ബഞ്ചിൽ, നാലുപേർ അനുകൂലമായപ്പോൾ എതിർത്തത് ബഞ്ചിലെ ഏക വനിതാ പ്രതിനിധി ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രം. ഈ വിധിക്കു ശേഷം നേരത്തെ അഭിപ്രായം പറഞ്ഞ വിശ്വാസിയിൽ എന്തെങ്കിലും മാറ്റം വരുമോ? അവരെ നിർബന്ധിച്ചു ആരെങ്കിലും ശബരിമലയിൽ പറഞ്ഞയക്കുമോ? ഇല്ല. അതുപോലെ തന്നെ ലക്ഷക്കണക്കിനുള്ള അയ്യപ്പ ഭക്തന്മാരുടെ കാര്യവും. സ്ത്രീയായാലും പുരുഷനായാലും അവരുടെ ഭക്തിയിലോ, ഇത് വരെ തുടർന്ന് വന്ന രീതികളിലോ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല.

പിന്നെ എന്തിനാണീ കോലാഹലം.

അതിനു മുൻപ് വിധിയുടെ സാംഗത്യം പരിശോധിക്കാം. അതിനു ഏറ്റവും നല്ല ആമുഖം ഈ വിധിയെ എതിർത്ത ഇന്ദു മൽഹോത്രയുടെ ന്യായീകരണമാണ്. രാജ്യത്തെ ജനങ്ങളുടെ മതപരമായ വിശ്വാസത്തിൽ കോടതി ഇടപെടുന്നതിൽ പരിധിവേണം എന്നതാണ് അവർ പറഞ്ഞ ന്യായം. വ്യംഗ്യം, ഈ കോടതി വിധി ഇത്തരം പരിധി ലംഘനമാണെന്നും അതിനാൽ താൻ എതിർക്കുന്നുവെന്നുമാണ്. ആദ്യം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു, എന്നാൽ വ്യംഗ്യമായതോടു യോജിക്കാൻ കഴിയില്ല. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് - മതേതരം എന്നാൽ മതങ്ങളിൽ നിന്നും അകന്നുള്ളത് എന്ന്. അതെ സമയം ഇന്ത്യൻ പൗരന് ഭരണ ഘടന, ആർട്ടിക്കിൾ 25-ഉം 26-ഉം ഉറപ്പാക്കുന്ന മത സ്വാതന്ത്ര്യമുണ്ട്.

Article 25(1) in The Constitution Of India 1949. (1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.

Article 26: gives every religious group a right to establish and maintain institutions for religious and charitable purposes, manage its affairs, properties as per the law. This guarantee is available to only Citizens of India and not to aliens.

ചുരുക്കത്തിൽ ഇഷ്ട്ടമുള്ള മതം സ്വീകരിക്കാനും, പ്രചരിപ്പിക്കാനുമുള്ള അവകാശം. ഈ വിധി ഈ രണ്ടു ഭരണഘടനാ വിച്ഛേദങ്ങളെ പൂർണമായും ഉൾക്കൊള്ളുണ്ടുകൊണ്ടുള്ളതാണ്. ഇവിടെ പ്രശ്നമാവുന്നത് ആർട്ടിക്കിൾ 14 ആണ്.

Article-14: The state not deny to any person equality before the law or the equal protection of the laws within The territory of India. protection prohibition of discrimination on grounds of religion, race, Caste, sex, or place of birth.

ലിംഗസമത്വം മുമ്പുപറഞ്ഞ മതസ്വാത്രന്ത്ര്യത്തിന്റെ മേഖലയിലേക്കുയർത്തിയതാണ് ഈ വിധിയെ ചരിത്ര പ്രധാനമാക്കുന്നത്.

ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾക്ക് വിധി വരുന്നതുവരെ പ്രവേശനം നിരോധിച്ചിരുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻറെ മുന്നിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പോകാൻ പാടില്ല എന്നതാണ് കാരണം. സ്ത്രീയുടെ ആർത്തവകാല അശുദ്ധിയാണ് കാര്യം. രണ്ടാമത് നാല്പത്തൊന്നു ദിവസത്തെ കഠിന വൃതം ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് ശാരീരിക കാരണങ്ങളാൽ എടുക്കാൻ സാധ്യമല്ല എന്നതാണ്. ഇത് നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ആചാരമാണ്. എന്തുകൊണ്ട് ഒരു കോടതിയും ഇതുവരെ ഇത്തരം ഒരു വിധി പ്രഖ്യാപിച്ചില്ല. ഇത് വരെ കോടതിയുടെ മുന്നിൽ പരാതി എത്തിയിരുന്നില്ല എന്നതാണ് കാരണം. രാജ്യത്തെ ഒരു പൗരന്റെ പരാതിയിന്മേൽ ഭരണ ഘടന അനുശാസിക്കുന്ന അവകാശവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുക എന്നത് സുപ്രീം കോടതിയുടെ അധികാരവും ചുമതലയുമാണ്. അങ്ങിനെയുള്ള പരാതിയിന്മേൽ ഈ വിധിക്കു മുൻപും ഇത്തരം വിധികൾ വന്നിട്ടുണ്ട്. നാസിക്കിലെ മഹാലക്ഷ്മി ക്ഷേത്രം ഉദാഹരണമായി പറയാം. ഇതേ തലത്തിലല്ലെങ്കിലും തമിഴ് നാട്ടിൽ പൊങ്കലിനോടനുബന്ധിച്ചു നടത്തിയിരുന്ന ജെല്ലിക്കെട്ട് എന്ന ആചാരം, മൃഗങ്ങളോടുള്ള ക്രൂരത കണക്കിലെടുത്തു സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്. ശബരിമല കാര്യത്തിൽ ഇത്തരം ഒരു വിധി വന്നത് കൊണ്ട് ഒരു വിശ്വാസിയുടെയും വിശ്വാസ്സം തകരാൻ പോകുന്നില്ല. ഭാവിയിൽ സ്ത്രീകൾക്ക് മാത്രം പങ്കാളിത്തമുള്ള ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കണമെന്ന് പറഞ്ഞു ഒരു പരുഷൻ കോടതിയെ സമീപിച്ചാൽ കോടതി അനുകൂലമായ വിധി പുറപ്പെടുവിക്കും എന്നാണെന്റെ വിശ്വാസ്സം, അവിടെയും ലിംഗ സമത്വം തന്നെ വിഷയമായി വരും.

സ്ത്രീയെ ദൈവമായിക്കാണുന്ന നമ്മുടെ സംസ്കാരം ആരാധനയിൽ സ്ത്രീയെ ജൈവിക കാരണങ്ങൾ പറഞ്ഞു മാറ്റിനിറുത്തുന്നതിലെ വൈരുദ്ധ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായത്തിൽ ആമുഖമായി ചൂണ്ടിക്കാണിക്കുന്നു. വിശ്വാസിക്ക് ചെല്ലാനുള്ളതാണ് ആരാധനാലയം. അവിടെ ആർത്തവ അശുദ്ധി പറഞ്ഞു സ്ത്രീ വിശ്വാസിയെ മാറ്റിനിരുത്തുന്നത് ലിംഗ പരമായ അസമത്വമാണ്. അതാണ് ഈ വിധി മൂലം ഇല്ലാതായത്. ഏറ്റവും ശക്തമായ വിധിയായി മാത്രമേ ഇതിനെ കാണാനാവൂ. ദൈവത്തെ സമീപിക്കുന്നതിൽ ആർത്തവം തടസ്സമാണെങ്കിൽ സൃഷ്ട്ടാവായ ദൈവം അത് സ്ത്രീക്ക് നല്കില്ലല്ലോ. ദൈവം അത് സ്ത്രീക്ക് നൽകിയത് തലമുറകളെ സൃഷ്ടിക്കാനും വളർത്തിയെടുക്കാനും അവൾക്കു മാത്രമുള്ള ശക്തിയായാണ്. സ്ത്രീയെ അംഗീകരിക്കാത്ത ഒരു സംസ്കാരവും പുരോഗമിക്കില്ല കാരണം അടുത്ത തലമുറയെ സൃഷ്ടിക്കുന്നതിലും വാർത്തെടുക്കുന്നതിലും അവർക്കാണ് മുഖ്യപങ്ക്. നാല്പത്തൊന്നു ദിവസത്തെ വൃതമെടുക്കാൻ സ്ത്രീക്ക് കഴിയില്ലെന്നു വിധിക്കുന്നതും പുരുഷൻ തന്നെ. അതവർക്ക് വിട്ടുകൊടുക്കു. അതുപോലെ 'female hygene' എന്നതിനെ കുറിച്ച് ഇന്ന് താഴെത്തട്ടിലെ സ്ത്രീകൾ വരെ ബോധവതികളാണ്. കൂടാതെ ഗവൺമെന്റിനെ ഭാഗത്തുനിന്ന് ബോധവൽക്കരണ പരിപാടികളും ഫലവത്തായി തന്നെ മുന്നോട്ടു പോകുന്നു. ആർത്തവകാലത്തെ നേരിടാൻ ഇന്ന് പുതിയ സങ്കേതങ്ങളുണ്ട്. മൂന്നാം മുണ്ടുമുടുത്തു മൂലയിൽ കുത്തിയിരിക്കേണ്ട കാര്യം ഇന്നില്ല.

വിശ്വാസ്സം നിലനിറുത്തിക്കൊണ്ടു തന്നെ ലിംഗ സമത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഈ വിധിയെ വീണ്ടും വീണ്ടും സ്വാഗതം ചെയ്യുന്നു.

ഇനി ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയെ എതിർത്ത് ചൂണ്ടിക്കാട്ടിയ കാര്യത്തിലേക്ക്. ശെരിയാണ് വിശ്വാസ്സങ്ങളിൽ കോടതി കൈകടത്തുന്നതിൽ പരിധി വേണം. വിശ്വാസിക്ക് അവന്റെ ആചാരങ്ങളും വിശ്വാസങ്ങളും നടത്തിക്കൊണ്ടു പോവാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാക്കാലത്തും ഉറപ്പുവരുത്തണം. എവിടെയാണ് ഈ പരിധി ലംഘിക്കപ്പെടുക? ഒരു ഉദാഹരണം പറയാം. ഈ വിധിയുടെ ആനുകൂല്യത്തിൽ ഒരു സ്ത്രീ, അവൾക്കൊരു മുപ്പത്തഞ്ചു വയസ്സുകൊടുക്കാം, ശബരിമലയിൽ പോകുന്നു എന്ന് കരുതുക. അവിടെയെത്തി ഒരു 'ബീഫ് പാക്കറ്റ്' നൈവേദ്യമായി കൊടുക്കണം എന്ന് പറഞ്ഞു മുന്നോട്ടുവന്നാൽ അത് വിശ്വാസത്തെ ഹനിക്കുന്നതാണ്. അവിടെ കോടതി ഇടപെട്ടാൽ കാര്യം വേറെ. ഒരിക്കലും അങ്ങിനെയൊരു കാര്യത്തിൽ കോടതി ഇടപെടില്ല, അതിനു ഭരണ ഘടനയിൽ വകുപ്പില്ല. അതെ സമയം, വെള്ളപ്പൊക്ക കാരണം അയ്യപ്പന്റെ ശാപമാണെന്നു വിശ്വസിച്ചു അമേരിക്കയിൽപ്പോലും പൂജ നടത്താനുള്ള വിശ്വാസിയുടെ അവകാശം ഒരു കോടതിയും ചോദ്യം ചെയ്യില്ല.

ശബരിമല വിധിയുടെ വെളിച്ചത്തിൽ നാളെ സ്ത്രീകൾ കൂടുതലായി തീർഥാടനം നടത്താൻ തുടങ്ങിയാൽ, പ്രായോഗിക തലത്തിൽ ചില കരുതലുകൾ അധികമായി വരും, പ്രധാനമായും സുരക്ഷയുടെതു തന്നെ. അത് ഗവൺമെന്റിന്റെയും പോലീസിന്റെയും പിന്നെ പോകുന്ന സ്ത്രീകളുടെയും കാര്യമാണ്. അത് കാലക്രമേണ ശെരിയായിക്കോളും എന്ന് കരുതുന്നു.

ഇത്തരം നിസ്സാര കാര്യങ്ങൾ വലുതാക്കി സമൂഹത്തിൽ 'law and order' പ്രശ്നങ്ങൾ സൃഷിക്കുന്നതു ആരാണെന്നും എന്തിനാണെന്നും ചൂണ്ടിക്കാട്ടി ഇതവസാനിപ്പിക്കാം. നൈഷ്ഠിക ബ്രഹ്മചര്യം പോലുള്ള പല ഹിന്ദുമത നിഷ്‌ഠ കളും ആചാരങ്ങളും ബ്രാഹ്മണ്യത്തിന്റെ സൃഷ്ടിയാണ്. സവർണ ഫാഷിസം സാധാരണക്കാരന്റെ മേൽ അടിച്ചേൽപ്പിച്ച ഇത്തരം ആചാരങ്ങളിൽ തൂങ്ങി, പാരമ്പര്യത്തിന്റെ തുടർച്ചയിൽ അവനെ ബന്ധിച്ചു നിറുത്തേണ്ടത് പുതിയ സവർണ ഫാഷിസ്റ് ശക്തികളായ 'ഹിന്ദുത്വ' പോലുള്ള സംഘടനകളുടെ ഗൂഢതന്ത്രമാണ്. അതിൽ വിവേകമുള്ള മലയാളി വിശ്വാസ്സത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും വീഴാതിരിക്കട്ടെ. പിന്നോട്ട് നോക്കിയാൽ മൃഗബലിയും ചാരായവും ആരാധനയുടെയും ആചാരത്തിന്റെയും ഭാഗമായിരുന്ന ഹിന്ദു സമൂഹം വളർച്ചയുടെയും ബോധോദയത്തിന്റെയും പല ഘട്ടങ്ങളിൽ അവയൊക്കെ ദുരാചാരങ്ങളാണെന്നു തിരിച്ചറിയുകയും വേണ്ടെന്നു വക്കുകയും ചെയ്തിട്ടുണ്ട്. ആ വഴി തുടരുന്നതാവും ബുദ്ധി.





Sunday, March 11, 2018

ഗൺ നിയമങ്ങൾ സാമാന്യബുദ്ധിക്കതീതമോ?

ഫെബ് 21, 2018 ഫ്ലോറിഡ പാർക്‌ലാൻഡ് സ്റ്റോൺമാൻ ഡഗ്ലസ് സ്കൂൾ ഷൂട്ടിംഗ്  വാർത്തയും ദൃശ്യങ്ങളും ടി വി യിൽ കാണുകയായിരുന്നു. എല്ലാം കഴിഞ്ഞു സ്കൂൾ പോലീസ് നിയന്ത്രണത്തിലായശേഷം, കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ നിന്നും ഒഴിപ്പിക്കുന്ന ദൃശ്യം - തോക്കു ചൂണ്ടിയ പോലീസ് സംരക്ഷണത്തിൽ ഒറ്റവരിയായി സ്‌കൂളിനു പുറത്തേക്കു വരുന്ന കുട്ടികൾ..അവർ രണ്ടുകൈകളും ഉയർത്തിപ്പിടിച്ചോ മുന്നിലത്തെയാളിന്റെ തോളിൽ കൈകൾ വച്ചോ ആയിരുന്നു നടന്നിരുന്നത്. അതിലെവിടെയോ കുറച്ചു നേരം പന്ത്രണ്ടാം ക്‌ളാസിൽ പഠിക്കുന്ന എന്റെ മകനെ കണ്ടു..അതാണ് ഈ കുറിപ്പിന് പ്രേരകം.

17 പേരുടെ ജീവനെടുത്ത, എത്രയോപേരെ മാനസികമായും ശാരീരികമായും
മുറിവേൽപ്പിച്ചു പീഡിപ്പിച്ച ഈ സംഭവം ഒറ്റപ്പെട്ടതല്ല. ഇതിനു മുൻപ്, 2012 -ൽ
സാൻഡി ഹൂക് സ്കൂളിൽ നടന്ന ഷൂട്ടിംഗ് ഉൾപ്പെടെ കഴിഞ്ഞ പത്തു   വർഷത്തിൽ 142 -ഓളം സ്കൂൾ ഷൂട്ടിംഗ്സ് നടന്നിട്ടുണ്ട് - ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ. ഏറ്റവുമൊടുവിൽ നടന്ന സ്കൂൾ വെടിവയ്പ്പിനെ ഉദാഹരണമായി പറഞ്ഞത് അതിന്റെ വാർത്തകളിൽ നിന്നും ഒരു നിരീക്ഷണം പങ്കുവെക്കാനും ആ നിരീക്ഷണത്തെ സാമാന്യ ബുദ്ധിയോടെ നോക്കിക്കാണാനും വെല്ലുവിളികൾക്കപ്പുറം പരിഹാരമുണ്ടോ എന്ന് അന്വേഷിക്കാനുമാണ്. അതുകൊണ്ടു തന്നെ പ്രശ്നം സ്കൂൾ ഷൂട്ടിങ്ങിൽ ഒതുങ്ങുന്നില്ല - എല്ലാ മാസ്സ് ഷൂട്ടിങ്ങ്സും ഈ നിരീക്ഷണത്തിൽ പെടുത്താം.

വാർത്തകളിലൂടെ നമ്മളറിയുന്ന സംഭവം എന്താണ് - ഫെബ് 21 ന്, നിക്കോളസ് ക്രൂസ് എന്ന 19 വയസ്സുകാരൻ, ADHD തുടങ്ങിയ മാനസിക അസുഖമുള്ള ഒരാൾ, ഒരു AR -15 തോക്കുമായി ( AR 15/AK 47 എന്നയിനം തോക്കുകൾ മിലിറ്ററി ആവശ്യത്തിനുള്ള, ശത്രുവിനെ കൂട്ടമായി കൊലപ്പെടുത്താനുപയോഗിക്കുന്ന "അസാൾട്ട് വെപ്പൺസ്" ആണ്) സ്കൂളിലെത്തുന്നു. ആരുമറിയാതെ ഒരു സ്‌നൈപ്പർ പൊസിഷനു ശ്രമിക്കുന്നു, സാങ്കേതിക കാരണങ്ങളാൽ ആ ശ്രമം ഉപേക്ഷിക്കുന്നു. പിന്നീട് ഫയർ അലാറം പ്രവർത്തിപ്പിച്ചു, കുട്ടികളെയും സ്റ്റാഫിനെയും പുറത്തേക്കു ഇറക്കുന്നു. ശേഷം ക്ലാസ്‌ മുറികളിലും ഇടനാഴികളിലും സ്കൂൾ പരിസരത്തും നടത്തിയ ഭ്രാന്തമായ വെടിവെയ്പ്പിൽ 17 ജീവൻ അപഹരിക്കപ്പെടുന്നു. ഒട്ടനവധിപേർ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളാൽ ചികിത്സയിലാവുന്നു. നിക്കോളാസ് എന്ന കൊലയാളി വെസ്റ്റും ബാക് പാക്കും കളഞ്ഞു കുട്ടികൾക്കിടയിൽ ഒരാളായി രക്ഷപ്പെടുന്നു..വഴിക്കുവച്ചു വാൾമാർട്ടിൽ കയറി ഒരു ഡ്രിങ്ക് വാങ്ങി പിന്നെ Mc Donalds -ലെത്തിയശേഷം പുറത്തിറങ്ങുമ്പോൾ പോലീസ് പിടിയിലാവുന്നു. 

 നിക്കോളാസിനെ അച്ചടക്ക നടപടിയെത്തുടർന്ന് ഇതേ  സ്കൂളിൽ നിന്നും ഒരു വര്ഷം മുൻപ് പുറത്താക്കിയിരുന്നു. ഇയാളെക്കുറിച്ചു ഇതിനകം ഇരുപതോളം ഫോൺ കോളുകൾ ഷെരിഫ് ഓഫീസിൽ കിട്ടിയിട്ടുണ്ട്. ഒപ്പം അറിയേണ്ടത് - 2018 പത്താഴ്ചകൾ പിന്നിടുമ്പോൾ ഈ രാജ്യത്തെ സ്കൂൾ കുട്ടികൾ പതിനാല്  വെടിവെയ്പുകൾ നേരിടേണ്ടിവന്നു (CNN).

രാഷ്ട്രീയക്കാരെന്ന ഇടനിലക്കാരെ കളഞ്ഞു സ്റ്റോൺ മാന് ഡഗ്ലസ് സ്കൂൾ  വിദ്യാർത്ഥികളും രക്ഷിതാക്കളും കമ്മ്യൂണിറ്റി തന്നെയും ഒറ്റക്കെട്ടായി  നിന്ന് ആക്ഷൻ കൗസിലുകൾ രൂപികരിച്ചു. പ്രസിഡന്റുമായും വൈറ്റ് ഹവുസുമായും നേരിട്ട് ബന്ധപ്പെടാൻ തുടങ്ങി.  ഇനിയിങ്ങനെയൊന്നാവർത്തിക്കാത്ത വിധം ഗൺ നിയമ മാറ്റങ്ങൾ അവർ ആവശ്യപ്പെട്ടു. ചാനലുകളിൽ ടൌൺ ഹാൾ ചർച്ചകളിൽ പങ്കെടുത്തു. ഒടുവിൽ പ്രസിഡന്റ് ട്രംപിന് "I hear you" എന്ന് പറയേണ്ടി വന്നു. അത്രയും ഒരു പ്രസിഡന്റ് കുട്ടികളോടും മാതാപിതാക്കളോടും പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ആശാവഹമായ പ്രവർത്തനം ഉണ്ടായേ മതിയാവൂ. അഭിപ്രായ സ്ഥിരതയില്ലാത്ത പ്രസിഡന്റ്, എന്തെങ്കിലും ചെയ്യും എന്ന കാര്യത്തിൽ സംശയമായിരുന്നു. എന്നാൽ വൈറ്റ് ഹവ്‌സ് നേരിടുന്ന ദൈനംദിന പ്രതിസന്ധികൾക്കിടയിലും NRA (നാഷണൽ റൈഫിൾസ് അസോസിയേഷൻ) യുടെ നിരന്തരമായ എതിർപ്പിനിടയിലും ചില നിയമ മാറ്റങ്ങളുമായി പ്രസിഡന്റ് മുന്നോട്ടു പോകുന്നുവെന്നത് തീർത്തും അഭിനന്ദനാർഹമാണ്.

നിയമങ്ങളെ സാമാന്യ ബുദ്ധിയോടെ നോക്കി കാണണം എന്ന് ആദ്യം പറഞ്ഞത് OHIO സ്റ്റേറ്റ് ഗവർണർ ജോൺ കൈസിക് ആണ്. ഈ സ്കൂൾ ഷൂട്ടിംഗിനെ സാമാന്യ ബുദ്ധിയോടെ നോക്കിക്കാണാം. അവിടെ തന്നെ സാമാന്യ ബുദ്ധിയിൽ തോന്നുന്ന പരിഹാരങ്ങളും കണ്ടേക്കാം. ഒപ്പം എന്തുകൊണ്ടാണ് ഈ പരിഹാരങ്ങൾ നടപ്പാക്കാൻ ഇത്ര വെല്ലുവിളികൾ നേരിടേണ്ടി വരുന്നത് എന്നും നോക്കാം.

വെറും പത്തൊൻപതുകാരനായ ഒരാളുടെ കൈയ്യിൽ AR -15 എന്ന "അസാൾട്ട് വെപ്പൺ" എത്തപ്പെട്ടതെങ്ങിനെ? മാത്രമല്ല, AAHD പോലുള്ള സങ്കീർണമായ മാനസിക രോഗമുള്ള ഒരാളുടെ കൈയ്യിൽ.

ഒരു വര്ഷം മുൻപ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട അയാൾക്ക്‌ സ്‌കൂളിൽ ഇത്ര വേഗം  പ്രവേശിക്കാനും വേണ്ടുന്നത്ര സമയം അവിടെ ആരുമറിയാതെ ഓപ്പറേഷൻ  പ്ലാൻ ചെയ്യാനും ട്രൈ ഔട്ട് ചെയ്യാനും സൗ കര്യമുണ്ടായതെങ്ങിനെ?

ഇത്രയും മാനസിക പ്രശ്നമുള്ളയാളെ തിരിച്ചറിഞ്ഞു വേണ്ടുന്നത്ര പരിചരണത്തിനായി മുഖ്യധാരയിൽ നിന്നും മാറ്റി  നിറുത്തേണ്ടതായിരുന്നില്ലേ? മാനസിക പ്രശ്നപരിഹാരത്തിനായുള്ള സൗകര്യങ്ങൾ അമേരിക്കയിൽ ഉള്ളപോലുള്ള രാജ്യങ്ങൾ തന്നെ വിരളമാണ്.

നിക്കോളാസിനെക്കുറിച്ചു താക്കീതു നൽകുന്ന ഫോൺ കാളുകൾക്ക് ലോ എൻഫോഴ്‌സ്‌മെന്റ്, പ്രാഥമിക അന്വേഷണങ്ങൾ നടത്തിയെങ്കിലും വേണ്ടത്ര പരിഗണന നല്കാത്തതെന്ത്?

ക്വിന്നിപ്പിയാക് യൂണിവേഴ്സിറ്റി തുടങ്ങിയ സർവ്വകലാ ശാലകൾ നടത്തിയ സർവേകളിൽ 99 % ഡെമോക്രാറ്റുകളും 97 % റിപ്പബ്ലിക്കുകാരും അതുപോലെതന്നെ എല്ലാ പ്രായത്തിലുള്ളവരും സ്ത്രീകളും കുട്ടികളും background ചെക്ക് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ തന്നെ 2012 -ലെ സാൻഡി ഹൂക് എലിമെന്ററി സ്‌കൂളിലെ വെടിവെയ്പ്പിനുശേഷം സെനറ്റിൽ വന്ന background check ബില്ല് 60 വോട്ടിന്റെ ഭൂരിപക്ഷമില്ലാതെ പാസ്സാകാതെ പോയി. പിന്നീടുവന്ന ഉഭയകക്ഷി ബില്ലും ഒരിടത്തും എത്തിയില്ല. ഫെഡറൽ  തലത്തിൽ ഒരു ബില്ല് നിയമമാകണമെങ്കിൽ ഇരു സഭകളും പാസ്സാക്കേണ്ടതുണ്ട് എന്നറിയാമല്ലോ. മറ്റൊന്ന് 2017 ലെ സതർ ലാൻഡ് സ്പ്രിങ്സ് (ടെക്സാസ്) വെടിവെയ്പ്പിനു  ശേഷവും സമാനസ്വഭാവമുള്ള ഒരു ബില്ല് എങ്ങുമെത്താതെ പോയി. കാലാകാലം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന എല്ലാ നേതാക്കൾക്കും ഇത്രയേറെ വോട്ടാക്കി മാറ്റാൻ പറ്റിയ മറ്റൊരു പൊതു ആവശ്യം ( അതായതു കക്ഷി ഭേദമന്യേ  എല്ലാപേരും ആഗ്രഹിക്കുന്ന) കണ്ടെത്തുക ദുഷ്കരമാണ് ഈ രാഷ്ട്രീയ കാലാവസ്ഥയിൽ.. സത്യത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയല്ലേ അതിനു വേണ്ടി പോരാടുകയല്ലേ തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുടെ ധർമം. ഏതൊരു ഗവൺമെന്റിന്റെയും ധർമവും, പൗരന്റെ സുരിക്ഷിതത്വവും പുരോഗതിയും ഉറപ്പുവരുത്തുക എന്നതല്ലേ? എന്ത് കൊണ്ടാണത് സാധിക്കാത്തതു?

നാഷണൽ റൈഫിൾസ് അസോസിയേഷനെ (N R A ) പഴിചാരിയിട്ടു മാത്രം കാര്യമില്ല. അവകാശസംരക്ഷണത്തിന് എല്ലാ ജനാധിപത്യ രാഷ്രങ്ങളിലും സംഘടനകൾ ഉണ്ടായിട്ടുണ്ട്; ഉണ്ടാവുകയും ചെയ്യും..തത്വത്തിൽ
N R A അതിൽ പെടുന്ന ഒന്നാണ് - ബില്ല് ഓഫ് റൈട്സിൽ ഉൾപ്പെടുന്ന രണ്ടാം  ഭേദഗതി (2nd amendment) അമേരിക്കൻ പൗരന് ഉറപ്പു നൽകിയ അവകാശം സംരക്ഷിക്കാൻ ഉണ്ടായതാണ് N R A. പ്രവർത്തിക തലത്തിൽ വേണ്ടുന്ന നിയമ മാറ്റങ്ങൾ നടപ്പിലാക്കാൻ ഇത്രയേറെ തടസ്സം  എന്തെന്നറിയണമെങ്കിൽ കുറച്ചു രാഷ്ത്രീയ സാമൂഹ്യ ചരിത്രം അറിയേണ്ടതുണ്ട്.

വളരെ ചുരുക്കി പറയാം.
ആദ്യ കാല അമേരിക്കൻ സെറ്റൽമെൻറ് തുടങ്ങിയ കാലം മുതൽ ആയുധങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു - അതിജീവനത്തിൽ തുടങ്ങി ആക്രമണങ്ങൾക്കു വരെ..ഇതോടൊപ്പം സമാന്തരമായി വികസിച്ചുവന്നതാണു അടിമത്തം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തുടങ്ങിയ അടിമത്ത വ്യവസ്ഥ നിയമപരമായി ഇല്ലാതാവുന്നത് 1863 -ൽ റിപ്ലബ്ലിക്കൻ പ്രസിഡന്റ് ആയിരുന്ന എബ്രഹാം ലിങ്കൺ കൊണ്ടുവന്ന Emancipation Declaration മൂലമാണ്. അതിനു ശേഷം 1868 -ൽ നിലവിൽ വന്ന പതിനാലാം ഭരണ ഘടനാ ഭേദഗതിയാണ് (14 th amendment ) ആണ് കറുത്ത വർഗക്കാരന് പൗരത്വം ഉറപ്പാക്കുന്നത്..അത് വരെ അവർക്കു (സ്വതന്ത്രനായ അടിമയാണെങ്കിലും) യാതൊരു തരത്തിലുള്ള ആയുധങ്ങളും, ആത്മരക്ഷക്കാണെങ്കിൽ പോലും പാടില്ലായിരുന്നു. ( ഈ വർ ഷം  തന്നെയാണ് KKK (ക്ലൂ ക്ലക്സ് ക്ലാൻ ) ഒരു ഭീകര സംഘടനയായി വളർച്ച തുടങ്ങിയതും)

1789 -ൽ ഫെഡറൽ സ്വഭാവമുള്ള ആദ്യ ഗവണ്മെന്റ് രൂപം കൊള്ളുമ്പോൾ രാഷ്ട നിർമാണ ശില്പികൾക്കു ഒരു മുഴുവൻ സമയ മിലിറ്ററി ആവശ്യമായി തോന്നിയിരുന്നില്ല. അതിനു പിന്നിൽ അതുവരെ യുദ്ധ ചരിത്രം രചിച്ചുപോന്ന ബ്രിട്ടീഷുകാർ അവലംബിച്ച നയം തന്നെ അമേരിക്കയും പിന്തുടരാൻ തീരുമാനിച്ചു എന്നതാണ്. "സിവിലിയൻ മിലിഷ്യ" എന്ന ആശയമായിരുന്നു ത്തിനു പിന്നിൽ. മിലിറ്ററി ആവശ്യമായിമായി വരുന്നത് വൈദേശിക ആക്രമണങ്ങൾക്കു മാത്രമാണെന്നും, മറ്റുള്ള ആന്തരിക പ്രശ്നങ്ങൾ (അതിൽ അന്നത്തെ അടിമകളായിരുന്ന കറുത്തവരുടെ ചില ഉയർത്തെഴുന്നേൽപ്പുകളും പെടും) ക്ക് ആയുധം സ്വന്തമായുള്ളവരായ സാധാരണ പൗരന്മാരെ ഉപയോഗിക്കാമെന്നും ( "സിവിൽ മിലിഷ്യ" ) ആവശ്യമെങ്കിൽ അവരെത്തന്നെ കൂടുതൽ പരിശീലനം നൽകി മിലിറ്ററി ആയി ഉപയോഗിക്കാം എന്നുമായിരുന്നു കണക്കുകൂട്ടൽ .

എന്നാൽ കാലക്രമേണ യുദ്ധങ്ങളുടെ സ്വഭാവം മാറിയപ്പോഴും ഫെഡറൽ - സ്റ്റേറ്റ് അധികാര വികേന്ത്രീകരണം ആവശ്യമായി വന്നപ്പോഴും ഇത്തരം ഒരു ആർമി പ്രായോഗികമല്ല എന്നും ഒരു ഫുൾ ടൈം ആർമി തന്നെ ഫെഡറൽ ഗവണ്മെന്റ് നിലവിൽ കൊണ്ടുവരുവാനും തീരുമാനിച്ചു..അപ്പോൾ ഫെഡറൽ വിരുദ്ധ നിലപാടുള്ളവരതിനെ അധികാരവും മിലിറ്ററിയും ഉപയോഗപ്പെടുത്തി, കേന്ദ്ര ഗവൺമെന്റ് ജനങ്ങളെ അമർച്ചചെയ്തേക്കുമെന്നു ഭയപ്പെട്ടു. എന്നാൽ ഫെഡറൽ ഗവൺമെന്റ് നിലപാട് അമേരിക്കൻ പൗരന്മാർ ആയുധങ്ങൾ ഉള്ളവരും ഉപയോഗിക്കാൻ കഴിവുള്ളവരും ആയതിനാൽ ഒരു തരത്തിലുള്ള അടിച്ചമർത്തലും ഭയക്കേണ്ടതില്ല എന്നായിരുന്നു. ഈ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥയിലാണ് 2-nd amendment  പ്രാവർത്തികമാവുന്നത്.

"A well regulated Militia, being necessary to the security of a free State, the right of the people to keep and bear Arms, shall not be infringed."

പൗരന്മാർക്ക് ആത്മ രക്ഷക്കും നായാട്ടിനും മറ്റു വിനോദങ്ങൾക്കും ഗൺ ഉപയോഗിക്കാമെന്നും ഫെഡറൽ ഗവണ്മെന്റ് ആ അവകാശങ്ങളിൽ ക ടത്തില്ല എന്ന് ഉറപ്പു നല്കുന്നതമായിരുന്നു 2nd Amendment . ഒപ്പം പൗരന്മാർക്കിടയിലെ ആയുധനിയന്ത്രണം  സ്റ്റേറ്റ് അധികാരപരിധിയിലാക്കുകയും ചെയ്തു. അതുമൂലമുണ്ടായ  അരക്ഷിതാബോധം 14th Amendment (1868)-ലെ ഒരു clause പരിഹരിക്കുകയും ചെയ്തു. 1871 -ൽ തന്നെ അവകാശ  സംരക്ഷണത്തിനായി NRA രൂപം കൊണ്ടു. ( NRA രൂപം കൊള്ളുന്നതും ബ്രിട്ടീഷ് മാതൃക അനുകരിച്ചാണ് - ബ്രിട്ടീഷ് റൈഫിൾസ് അസോസിയേഷൻ ഇതിനകം വൻ വിജയം നേടിയിരുന്നു. ) ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്‌കൂളുകളിൽ "ഷൂട്ടിംഗ് ക്ലബ്ബ്കളുണ്ടായിരുന്നു.ഗൺ വാങ്ങുക വളരെ എളുപ്പമുള്ള കാര്യമായി മാറി..കൗമാരപ്രായക്കാരായ കുട്ടികൾക്ക് മാതാപിതാക്കൾ ജന്മദിന സമ്മാനമായി റൈഫിളോ ഹാൻഡ് ഗണ്ണോ നൽകിയിരുന്നു.

പക്ഷെ അന്നത്തെ സാമൂഹിക അവസ്ഥ മാറിപ്പോയിരിക്കുന്നു...അന്നൊന്നും ജീവിതം ഇത്രമേൽ സങ്കീർണ്ണമായിരുന്നില്ല, ജീർണ്ണമായിരുന്നില്ല..സമൂഹത്തിന്റെ മുഖ്യധാരയിൽ പെടാത്തവരുടെ കൈകളിൽ നിയമവിരുദ്ധമായി ആയുധങ്ങൾ എത്തുക അത്ര എളുപ്പമല്ലായിരുന്നു. ഇന്ന് കാണുന്ന തരത്തിലുള്ള കൂട്ടകൊലകളും വി രളമായിരുന്നു.

കാലം മാറിപ്പോയിരിക്കുന്നു. ജീവിതം ഇന്ന്  സങ്കീർണമാണ്..അതുകൊണ്ടുതന്നെ മാനസിക ആരോഗ്യം എന്നത് ഒരു വെല്ലുവിളിയാ ണ്; വ്യക്തിക്കും സമൂഹത്തിനും .മാറുന്ന സാഹചര്യത്തിൽ സമൂഹത്തിനു ദോഷകരമാവുന്ന ദുരുപയോഗപ്പെടുന്ന നിയമങ്ങളെ വീണ്ടും നോക്കിക്കണ്ടു അവകാശങ്ങൾ ലംഘിക്കപ്പെടാത്താതെ തന്നെ മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഭരണഘടനാ ശിൽപ്പികൾ പൊതുവെ ഗൈഡ് ലൈൻസ് മാത്രമേ രേഖപ്പെടുത്താറുള്ളു. കാരണം ഭാവിതലമുറയുടെ  സുരക്ഷിതത്വത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചു അടിസ്ഥാന തത്വങ്ങളിൽനിന്നും മാറാതെ തന്നെ വേണ്ടുന്ന മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണത്.

ഇന്ന് NRA രാജ്യത്തെ ഏറ്റവും വലിയ ലോബിയും ശക്തിയുമാണ്. NRA യും ഗൺ കോർപ്പറേഷനുകളും ചേർന്നുള്ള കൂട്ടുകെട്ടും ധാരണയും നിലവിലുള്ള ഗൺ നിയമങ്ങളിൽ ഏതു മാറ്റവും ചെറുക്കൻ പോന്ന ശക്തിയാക്കി അവരെ വളർത്തിയിട്ടുണ്ട്. കക്ഷിഭേദമന്യേ ഏതു നേതാവിനെയും വിലക്ക് വാങ്ങാൻ പോന്നവർ..പ്രസിഡന്റ് ട്രംപിന് പോലും 30 മില്യൺ തെരഞ്ഞെടുപ്പിനായി നൽകിയിട്ടുണ്ട് എന്ന റിപ്പോർട്ട് കണ്ടിട്ടുണ്ട് അപ്പോൾ ഇത്തരം ആവശ്യങ്ങൾക്ക്  ഒരിക്കലും ജനത്തിന് ഒരു രാഷ്ട്രീയക്കാരനെയും ആശ്രയിക്കാനാവില്ല..അവർ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്.അതുകൊണ്ടു തന്നെയാണ് ഫ്ലോറിഡ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം കുട്ടികളും രക്ഷകർത്താക്കളും കമ്മ്യൂണിറ്റി ആക്ഷൻ കൗണ്സിലുകളും രാഷ്ട്രീയക്കാരെ മാറ്റിനിറുത്തി നേരിട്ട് പ്രസിഡന്റിനോട് സംവദിക്കാൻ ആരംഭിച്ചത്. അത് ഒരു മാറ്റത്തിന്റെ തുടക്കം തന്നെയെന്നുവേണം വിലയിരുത്താൻ.

കേന്ദ്ര, സ്റ്റേറ്റ് തലങ്ങളിൽ ചർച്ചചെയ്യപ്പെടേണ്ടതും ആവശ്യമെങ്കിൽ വേണ്ടുന്ന നിയമ മാറ്റങ്ങൾ വേണ്ടുന്നതുമായ പ്രധാന കാര്യങ്ങൾ ഒന്നുകൂടി ഗൺ സ്വന്തമാക്കാനുള്ള പ്രായപരിധി മാറിയ സാഹചര്യത്തിൽ വിലയിരുത്തുക.

AR -15 പോലുള്ള എല്ലാത്തരം "Assault Weapons" ഉം തെരുവുകളിൽ നിന്നും പൗരന്മാരിൽ നിന്നും നിരോധിക്കുക (ആത്മ രക്ഷക്ക് ഇത്തരം ആയുധങ്ങൾ ആവശ്യമില്ല. കൂടുതൽ സുരക്ഷക്ക് കൂടുതൽ ശക്തമായ ഗൺ ആവശ്യമെങ്കിൽ AR-15 നേക്കാൾ വളരെ ശക്തങ്ങളായ ആയുധങ്ങൾ ഉണ്ട് എന്നറിയുക, സാമൂഹിക ക്രമം നിലനിറുത്താൻ ഇത്തരം ആയുധങ്ങൾ ജനങ്ങളുടെ കൈകളിൽ എത്താതിരിക്കാൻ വേണ്ട നടപടികൾ
കൈക്കൊള്ളേണ്ടതുണ്ട്.

ശക്തമായ Backgorund Checking ഉറപ്പുവരുത്തുക - ഇതിൽ ക്രിമിനൽ പശ്ചാത്തലം മാത്രമല്ല മാനസിക വൈകല്യങ്ങളും തിരിച്ചറിയാനുള്ള സംവിധാനം ഉണ്ടാവണം. 

Background Checks, Systems Integration, Better data management - ദേശീയതലത്തിൽ ഇൻഫർമേഷൻ ഷെയറിങ് തുടങ്ങിയവ ഉറപ്പുവരുത്തുക.

ലോ എൻഫോഴ്‌സ്‌മെന്റ് അധികാരികളിൽ കൂടുതൽ ഉത്തരവാദിത്ത ബോധം ഉണ്ടാക്കുക.

ബംപ് സ്റ്റോക്ക് വിൽപ്പന തടയുക

ഏതു നിയമവും മനുഷ്യനുണ്ടാക്കുന്നതാണ്.
അത് അവനുവേണ്ടിയാണ്,
സമൂഹികമായ അച്ചടക്കത്തിന് വേണ്ടിയാണ്,
സുരക്ഷക്ക് വേണ്ടിയാണ്.
നിയമങ്ങൾ മേല്പറഞ്ഞതിനു വെല്ലുവിളിയാകുമ്പോൾ അവ പുനഃ പരിശോധിക്കപ്പെടണം.