Monday, February 21, 2011

തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - 3 റിയോ ഡി ജനീറോയിൽ ഒരു ഒഴിവുകാലത്ത് - 1


മുൻപ് പറഞ്ഞപോലെ, ബ്രസീൽ ‍ സന്ദർ‍ശിക്കുമ്പോൾ കാണാൻ ‍ പ്ലാൻ  ചെയ്തിരുന്ന ഒരേയൊരു സ്ഥലം റിയോ ആയിരുന്നു. അതിനു കാരണമുണ്ട്.  ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരം, ഏകദേശം രണ്ടു നൂറ്റാണ്ടുകളോളം, പോർച്ചുഗീസ് കോളനിയായിരുന്ന കാലത്ത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരം. 2014 -ലെ വേൾഡ് കപ്പ്‌ ഫുട്ബോൾ നടക്കാൻ പോകുന്ന ‍ സ്ഥലം, 2016 -ലെ സമ്മർ ഒളിമ്പിക്സ് അരങ്ങേറുവാൻ ‍ പോവുന്ന സ്ഥലം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട നഗരം. ഇതെക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോ കൊയ്‌ലെയുടെ നാട്. ഒരുപക്ഷെ ഞങ്ങള്‍ ബീച്ചിലൂടെ നടക്കുമ്പോൾ ‍ എതിരെ അദ്ദേഹം നടക്കുന്നുണ്ടാവും എന്നും സാഹിത്യ പ്രേമിയായ എന്റെ ബ്രസീലിയൻ കൂട്ടുകാരൻ പറഞ്ഞു.



സോ പോളോയിൽ ‍ നിന്നും ഏകദേശം 260 മൈലുകൾ ‍ മാറി വടക്ക് കിഴക്കായാണ് റിയോ. എയർ ടിക്കറ്റ്‌ ഇൻറർനെറ്റിൽ നോക്കി ബുക്ക്‌ ചെയ്യാം എന്ന് വിചാരിച്ചാൽ കുഴഞ്ഞു. എല്ലാ വെബ് സൈറ്റുകളും പോർച്ചുഗീസിലാണ്. ഞങ്ങളുടെ സഹപ്രവർത്തകരുടെ സഹകരണം കൊണ്ട് രണ്ടു ടിക്കറ്റ്‌ ലാഭത്തിൽ ഒപ്പിച്ചെടുത്തു. അങ്ങോട്ട്‌ പ്ലയിനിൽ‍, തിരിച്ചു നാട്ടിൻ പുറങ്ങളിലൂടെ ബസ്സിൽ, അതായിരുന്നു പ്ലാൻ‍. സോ പോളോയെക്കാൾ  കുറ്റകൃത്യങ്ങൾ ‍ കൂടുതലുള്ള സ്ഥലമായതിനാൽ ‍ എടുക്കേണ്ടിയിരുന്ന മുൻകരുതലുകൾ ‍ പ്രത്യേകം ഓർത്തിരുന്നു. ടൂറിസ്റ്റുകളായി ചമയാതെ വളരെ സാധാരണ രീതിയിൽ ‍ സഞ്ചരിക്കുക പെരുമാറുക... നമ്മുടെ ഭാഷയില്‍ പറഞ്ഞാൽ "ഷോ ഓഫ്‌ " തീരെ വേണ്ട. അങ്ങനെയെങ്കിൽ ഒരുപക്ഷെ കൂട്ട ആക്രമണത്തിനിരയായേക്കാം. രാവിലെ ഓരോമ്പതു മണിയോടെ ഞങ്ങൾ റിയോയിൽ വിമാനമിറങ്ങി. ഹോട്ടൽ ‍ വഴിയുള്ള ടാക്സി ഡ്രൈവർ കാത്ത്നില്‍പ്പുണ്ടായിരുന്നു. ഞങ്ങൾ റിയോയിലെ ഒരു പ്രധാന ബീച്ചായ കൊപകബാന ബീച്ചിലെ ഹോട്ടലിലേക്ക് യാത്രയായി.



സമുദ്രതീരത്തുള്ള നഗരമാണ് റിയോ. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ, കോളനിവാഴ്ചയുടെ കഥകൾ ഈ നഗരം ഓർ‍ത്തു വക്കുന്നു. വരുന്ന സഞ്ചാരികളെ അതിന്റെ ശേഷിപ്പുകൾ കാട്ടി ചരിത്രം വീണ്ടും ഓർമിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നു. റിയോ-ക്ക് വടക്ക് കിഴക്കായുള്ള ബഹിയ, സാൽ‍വഡോർ എന്നീ സ്ഥലങ്ങളിലേക്ക് ആഫ്രിക്കൻ അടിമകളെ കൊണ്ടുവന്നിരുന്നതും, സ്വർണവും വിലപിടിപ്പുള്ള കല്ലുകളും മറ്റും അവിടുന്ന് യൂറോപ്പിലേക്കു കൊണ്ടുപോയിരുന്നതും റിയോ തുറമുഖം വഴിയായിരുന്നു. പിൽ‍ക്കാലത്തു എല്ലാ വ്യാപാരവും റിയോ കേന്ദ്ര മായി നടക്കാൻ തുടങ്ങുകയും അത് തലസ്ഥാന നഗരിയാവുകയും ചെയ്തു. അതോടൊപ്പം ആഫ്രിക്കൻ അടിമകളും റിയോയിലേക്ക് പ്രവഹിച്ചു തുടങ്ങി. അങ്ങനെ ആഫ്രിക്കൻ സംസ്കാരം, ആദി അമരിക്കൻ‍, യൂറോപ്പ്യൻ സംസ്കാരങ്ങളുമായി സമന്വയിച്ചാണ് പുതിയ ബ്രസീലിയൻ ‍ സംസ്കാരമായി രൂപപ്പെടുന്നതും, റിയോ ഡി ജെനെറോ  സാംസ്കാരിക തലസ്ഥാനമാവുന്നതും.

ഈ സംസ്കാര  സമന്വയത്തിന്റെ പ്രതീകമായി നിൽക്കുന്ന, രാജ്യം മുഴുവൻ കൊണ്ടാടപ്പെടുന്ന ഉത്സവമായ കാർണിവലിന്റെ തലസ്ഥാനമായി അറിയുന്നതും റിയോ ആണ്. കാർണിവലിന്റെ ഏറ്റവും പ്രധാന ആകർഷണമായ സാംബ മ്യുസിക്കിനും  ഡാൻ‍സിനും ആഫ്രിക്കന്‍ പാരമ്പര്യം തന്നെയാണുള്ളത്. ആദ്യ ദിവസത്തെ ടൂർ ‍ തുടങ്ങുന്നു. ഒരു ചെറിയ മിനി വാൻ ‍ ഹോട്ടലിൽ എത്തി. ഞങ്ങളെ കൂടികൊണ്ടുപോകാൻ വന്ന ടൂര്‍ ഗൈഡ് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. പിന്നെ വാനിൽ‍ കയറിയപ്പോൾ ‍ മനസ്സിലായി കൂടയൂള്ളല്ലവരെല്ലാം വിദേശികൾ തന്നെയെന്ന്‍. ഇത് വിദേശികൾ‍ക്കായുള്ള ടൂറാണ്‌.





ഹാവൂ..സമാധാനമായി. ഞങ്ങൾ ‍ ആദ്യം പോയത് Estádio do Maracanã എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഫുട് ബോൾ സ്റ്റേഡിയം കാണുവാനാണ്. റിയോ- യിലെ മരാകാന പ്രദേശവുമായി ബന്ധപ്പെട്ടാണ് സ്റ്റേഡിയത്തിന്റെ പേര്. 1950 -ലെ FIFA വേൾഡ് കപ്പിന് വേണ്ടി 1948 -ൽ ‍ ഈ സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ ഫുട്ബോൾ ‍ പ്രേമികളായ  ബ്രസീൽ ‍ 1950 -ലെ FIFA വേൾഡ് കപ്പിൽ ‍ 2 - 1 നു ഉറുഗ്വയുമായി പരാജയപ്പെട്ടതും  പറയാതെ വയ്യ. അന്ന് ഏകദേശം
200 ,000 -ഓളം ഫുട്ബോൾ ‍ പ്രേമികൾ ഈ സ്റ്റേഡിയത്തിൽ ‍ കാണികാളായി ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിന്റെ കപ്പാസിറ്റി 80 ,000 ആയി കുറക്കപ്പെട്ടു. അവിടെ ചെന്നശേഷമാണ് സ്റ്റേഡിയത്തിനുള്ളിൽ ‍ ഇപ്പോൾ ‍ പ്രവേശനം ഇല്ലാ എന്നത് അറിയുന്നത്. ഞങ്ങൾ ‍ പുറത്തു നിന്ന് കുറച്ചു ഫോട്ടോകൾ ‍ എടുത്തു. സ്റ്റേഡിയം ഇപ്പോൾ ‍ പുനർ നിർമാണത്തിലാണ് ,
2014 -ലെ FIFA വേൾ ഡ് കപ്പിനായും 2016 -ലെ സമ്മർ ‍ ഒളിമ്പിക്‌സിനായും.  നിർമാണ പ്രവർത്തനങ്ങൾക്കു ശേഷം ഏകദേശം 85 ,000 കാണികൾക്ക് ഇരിക്കാൻ സൗകര്യം ഉണ്ടാവും.







പിന്നെ ഞങ്ങൾ പോയത് തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായ ഷുഗർലോഫ് പർവതത്തിലെക്കാണ്.  അ തിന്റെ മനോഹാരിതയെപ്പറ്റിയും അവിടുത്തെ കേബിൾ ‍ കാർ ‍ സംവിധാനത്തെയും പറ്റി നേരത്തെ കേട്ടിരുന്നു. ഇന്ന് റിയോയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലം. ഷുഗർ‍ലോഫ് പർ‍വതം, അതലാന്റിക് സമുദ്രത്തിൽ ‍നിന്നു ഉയർന്നു വന്നപോലെ, ഒരു ബ്രഡ്ലോഫിന്റെ ആ- കൃതിയിൽ ‍ നില കൊള്ളുന്നു. ബ്രെഡ്‌ലോഫിന്റെ രൂപമാണെങ്കിലും ഷുഗർ‍ലോഫ് എന്ന് പേര് വരാൻ കാരണം ഉണ്ട്. അന്ന്  സ്വർണ 
ഖനനത്തെക്കാൾ റിയോ - പേര് കേട്ടിരുന്നത് പഞ്ചസാര ഉൽപ്പാദനത്തിനാണ്. പഞ്ചസാര കയറ്റി അയച്ചിരുന്നതാകട്ടെ റൊട്ടിയുടെ ആകൃതിയിലുള്ള കഷണങ്ങളായും. അങ്ങിനെയാണ്  ഈ പേര് വീണത്‌. ചരിത്രം പരിശോധിച്ചാൽ ‍ ഈ പർവതത്തിനു പല പല പേരുകൾ മാറി മാറി വന്നു ചേർ‍ന്നിട്ടുണ്ടെന്നു കാണാം. എന്നാൽ ‍ പതിനേഴാം നൂറ്റാണ്ടോടുകൂടി ആധിപത്യമുറപ്പിച്ച പോർ‍ച്ചുഗീസുകാർ ‍ ഇട്ട പേരാണ് ഇന്നറിയപ്പെടുന്ന ഷുഗര്‍ലോഫ് എന്നത്. കപ്പൽ ‍ യാത്രക്കാരുടെ വഴികാട്ടി കൂടിയായിരുന്നു ഈപർവതം.







1912 -ഓടു കൂടിയാണ് ഷുഗർ‍ലോഫ് പർവതത്തിലേക്ക് ഒരു കേബിൾ ‍ കാർ
സർ‍വീസ് തുടങ്ങുന്നത്. ഇറ്റാലിയൻ കമ്പനി ആണ് ഈ കേബിൾ കാർ  സംവിധാനം ഇവിടെ നടപ്പാക്കിയത്. ഏകദേശം നാല് മണിക്കൂർ ‍ യാത്രക്കും മറ്റു കാഴ്ചകൾ‍ക്കുമായി കരുതണം. എൺപതോളം ആളുകൾ‍ക്ക് കയറാവുന്ന തരത്തിൽ ഗ്ലാസ്സ് കൊണ്ട് നിർമിച്ചതാണ് കേബിൾ കാർ‍. ഈ പർ‍വതത്തിലേക്ക് കയറാനായി ഒരു കേബിളും ഇറങ്ങാനായി അതിനു സമാന്തരമായി മറ്റൊരു കേബിളും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര രണ്ടു ഘട്ടങ്ങളിലായാണ്. താഴെ നിന്നും മുകളിലേക്ക് പോകുന്ന കാർ കണ്ട് എനിക്ക് ചെറിയ പേടിയായി. കാരണം ഉയരത്തിലുള്ള സ്ഥലങ്ങൾ എനിക്കൊരു പ്രശ്നമാണ്. എന്റെ കൂട്ടുകാരനോടും ഗൈഡിനോടും പറഞ്ഞത് ചിലപ്പോൾ ‍ ഞാൻ കാർ സവാരി ഒഴിവാക്കിയേക്കും എന്നാണ്. കയറിയാൽ ഗ്ലാസ്‌ ജനലിനടുത്തു നിൽ‍ക്കണ്ട, മധ്യ ഭാഗത്ത് ആളുകൾ‍ക്കിടയിലായി നിന്നാൽ മതി എന്നു പറഞ്ഞവർ ധൈര്യം തന്നു.  ഇനിയും പ്രയാസ്സമെങ്കിൽ ‍ പുറത്തേക്കു നോക്കേണ്ടെന്നും കുനിഞ്ഞു നിന്നാൽ മതിയെന്നും കൂടി അവർ പറഞ്ഞു. പുറത്തെ കാഴ്ചകൾ കാണാനല്ലാതെ, കുനിഞ്ഞു നിൽക്കാൻ മാത്രം കേബിൾ കാറിൽ ‍ കയറേണ്ടതുണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.. 



ഏതായാലും ഞാനുള്ളിൽ കയറി. കാർ മുകളിലേക്ക് നീങ്ങാൻ തുടങ്ങി.  അതോടൊപ്പം ഒറ്റ കേബിൾ ആയതിനാലാവണം കാർ ഒന്നുലയുന്നുമുണ്ട്. എന്റെ കാലുകൾ ഇളകാൻ തുടങ്ങി. കുറച്ചു സമയം പരിസരം ശ്രദ്ധിക്കാതെ കാറിനുള്ളിൽ ‍ താഴെക്കു നോക്കി നിന്നു. എന്നാൽ അല്‍പ സമയം കഴിഞ്ഞതോടെ, കാർ വലിയ പ്രശ്നമില്ലാതെ മുകളിലേക്ക് പോകാൻ തുടങ്ങി. ഞാൻ പുറത്തേക്കു നോക്കി കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങി. ആദ്യം കയറി എത്തുന്നത്‌ 700 അടി ഉയരത്തിലുള്ള ഉർക ( urca ) കുന്നിനു മുകളിലാണ്. കാഴ്ചകൾ കാണാൻ നാൽപ്പത്തിയഞ്ച്  മിനിട്ടെടുത്തോളാൻ അവിടെയിറങ്ങിയതും ഞങ്ങളുടെ ഗ്രൂപ്പിനോട് ഗൈഡ് പറഞ്ഞു. കുന്നിനു മുകളിൽ കാണേണ്ട കാര്യങ്ങളും. പിന്നെ എവിടെയാണ് തമ്മിൽ കാണേണ്ടത് എന്നും വ്യക്തമായി പറഞ്ഞു തന്നു. 

അവിടെ നിന്ന് നോക്കിയാൽ Corcovado Mountain , Niteroi Bridge, Guanabara ഉൾക്കടൽ എന്നിവയാണ് പ്രധാന കാഴ്ചകൾ‍. ഇതിൽ കോർകോവാടോ പർവ്വതത്തെപ്പറ്റിയും അവിടുത്തെ ‍ ജീസസിന്റെ പ്രതിമയെയും പറ്റി അടുത്തയാഴ്ച വിശദമായി പറയാം. കേബിൾ ‍ കാറിൽ നിന്നുള്ള ദൃശ്യങ്ങളും
ഉർക്ക കുന്നിനു മുകളിൽ ‍ നിന്നും പല ആംഗിളുകളിൽ ഉള്ള ദൃശ്യങ്ങളും
വർണനാതീതമാണ്. കാണാവുന്നതിൽ വച്ചേറ്റവും മനോഹരമായ കാഴ്ചകളാണവയെന്ന് ഞങ്ങൾ‍ക്ക് തോന്നി. കുറെ കറങ്ങി നടന്നു. ഫോട്ടോകൾ ‍ എടുത്തു.






ഇനി പോകേണ്ടത് ഉർക്ക കുന്നിനു മുകളിൽ നിന്നും ഷുഗർ‍ലോഫ് പർ‍വത
മുകളിലേക്കാണ്. പറഞ്ഞപോലെ അങ്ങോട്ടേക്കുള്ള അടുത്ത കേബിൾ
കാറിനായി ഞങ്ങൾ കാത്തു നിന്നു. ഓരോ ഘട്ടവും ഏകദേശം നാല് മിനിട്ട്
കൊണ്ട് കഴിഞ്ഞു കിട്ടും. അൽപ്പസമയം കഴിഞ്ഞപ്പോൾ ‍ കാർ ‍ എത്തി.
ഞങ്ങൾ അതിൽ കയറി. 1300 -ഓളം അടി ഉയരത്തിലേക്ക് ഞങ്ങളുടെ കാർ
കേബിളിൽ കൂടി മുകളിലേക്ക് കയറാൻ തുടങ്ങി. മനോഹരം എന്ന്  ഒന്ന് കൂടി പറയട്ടെ. ഇപ്പ്രാവശ്യം കൂടുതൽ ധൈര്യം തോന്നി. ഗ്ലാസ്സിനോടടുത്തു
തന്നെ നിന്ന് പുറത്തെ കാഴ്ച്ചകൾ കണ്ടു. മുകളിൽ ‍ വീണ്ടും ഒരു മണിക്കൂർ
ചെലവഴിച്ചു.. ഷുഗർ‍ലോഫ് പർ‍വതത്തിന്റെ മുകളിൽ ‍ നിന്നാൽ കാണുന്നത്
ഞങ്ങൾ താമസിച്ചിരുന്ന കോപകബാന ബീച്ച് ഉൾ‍പ്പെടെയുള്ള
ബീ ച്ചുകളാണ്.

തിരിച്ചു താഴെ വന്നശേഷം എന്റെ ഗുജറാത്തി സുഹൃത്ത്‌ പറഞ്ഞു
" സീനറി ദേഘേ ദേഘേ ഫോട്ടോ ലേനാ ഭൂൽ ഗയാ...ഭയ്യാ"

കാഴ്ചകളിൽ ‍ മുഴുകിപ്പോയ കാരണം ഫോട്ടോ എടുക്കാൻ ‍ മറന്നു പോയെന്ന്.







മടക്കയാത്രക്കിടയിൽ ഞങ്ങൾ ‍ കത്തീഡ്രൽ ഓഫ് റിയോ -ഡി-ജനീറോ സന്ദർശിച്ചു. 20,000 ത്തോളം പേർക്ക് ഇരുന്നു പ്രാർഥിക്കാൻ സൗകര്യത്തിൽ ‍ പണിഞ്ഞിട്ടുള്ള ഈ കത്തീഡ്രൽ‍ ഒരു കോണിന്റെ ആകൃതിയിലാണ്.
1980 -ഓടെയാണ് ഇതിന്റെ പണി തീർന്നത്. ഇതിനകത്ത് കയറുന്നവർക്ക് വ്യത്യസ്ത മായൊരനുഭവമായിരിക്കും. ഉൾ‍ഭാഗം അതി വിശാലം, 100 മീറ്റർ വ്യാസം 75 മീറ്റർ ഉയരം - ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. ഇതിന്റെ ഉള്ളിൽ വശങ്ങളിലായി ദീർഘ ചതുരാകൃതിയിൽ ‍ പലവർ‍ണങ്ങളിലുള്ള നാല് കൂറ്റൻ കണ്ണാടികളുണ്ട്- അവ തന്നെ നമ്മെ വീണ്ടും അതിശയിപ്പിക്കും.
ഒരെണ്ണത്തിനു ഏകദേശം 65 മീറ്റർ നീളം വരും. ഒരു ഫ്രഞ്ച് ശില്‍പ്പിയുടെ മേൽ‍നോട്ടത്തിലാണ് കത്തീഡ്രൽ പണികഴിക്കപ്പെട്ടത്‌. മധ്യ തെക്കേ അമേരിക്കയിൽ ‍ പള്ളികൾ‍ക്കും കത്തീഡ്രലുകൾക്കും ഒരു കുറവുമില്ല. കോളനിവൽ ക്കരണത്തിന്റെയും കൂടി പ്രതീകങ്ങളായി അവ വിലസി നില്‍ക്കുന്നു.


ഉച്ചഭക്ഷണത്തിന് ശേഷം ഒരു മൂന്നു മണിയോടെ ഞങ്ങള്‍ പോയത് corcovado പർ‍വത മുകളിലേക്കുള്ള ട്രെയിൻ സ്റ്റേഷ നിലേക്ക് ആയിരുന്നു.അവിടുത്തെ പ്രധാന കാഴ്ച യേശു ക്രിസ്തുവിന്റെ കൂറ്റൻ പ്രതിമയാണ് . അതെപ്പറ്റിയും മനോഹരങ്ങളായ ബീച്ചുകളെപ്പറ്റിയും അടുത്തയാഴ്ച.

Mathrubhumi Yathra || തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ -ഭാഗം മൂന്ന്‌, Anilal

Thursday, February 17, 2011

തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍-2 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ


ബ്രസീലിൽ ‍ നിന്നും തിരിച്ചു പോരുന്നതിനു മുൻപൊരു ദിവസ്സം ഞങ്ങളുടെ ബ്രസീലിയൻ ‍ സുഹൃത്ത് അഗുസ്റ്റോ(Augusto) യുടെ വീട്ടിൽ ‍ചെല്ലണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പോകണമെന്ന് ഞങ്ങളും തീരുമാനിച്ചിരുന്നു.  പ്രത്യേക പരിപാടികളില്ലാത്ത ഒരു ഞായറാഴ്ച അതിനായി തെരഞ്ഞെടുത്തു. അഗസ്റ്റോയും അന്ന് റെഡിയായിരുന്നു. അദ്ദേഹത്തിന്റെ വീട് സോ പോളോ സിറ്റിയിൽ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കായി കാംപിനാസ് എന്ന സിറ്റിയുടെ പ്രാന്തപ്രദേശത്തിലാണ്. കാമ്പിനാസിൽ ‍ പോകുന്നത് അവിടെ സ്ഥലങ്ങൾ കാണാനല്ല. ഒരു നല്ല യാത്ര, കുറെ സമയം അദ്ദേഹത്തിന്റെ വീട്ടിൽ കഴിച്ചു കൂട്ടുക അത്ര മാത്രം. എന്നാൽ ‍ ഈ ഒരു ദിവസം മറക്കാനാവാത്ത ഒരനുഭവമായി മാറിയത് കൊണ്ടാണ്  ഇതെഴുതുന്നത്.

തീരുമാനിച്ച പ്രകാരം രാവിലെതന്നെ അഗുസ്റ്റോ കാറുമായെത്തി. ഞങ്ങൾ മൂന്നുപേരും ഹോട്ടലിൽ നിന്നും ബുഫേ ബ്രേക്‌ഫാസ്‌റ് ‌ കഴിച്ചശേഷം  കാംപിനാസ് ലക്ഷ്യമാക്കി യാത്രയായി. പ്രഭാത ഭക്ഷണത്തിൽ ‍ഇത്രയധികം ധാരാളിത്തം വടക്കേ അമേരിക്കയിലെ ഒരു വിധം നല്ല ഹോട്ടലിൽ പോലും കണ്ടിട്ടില്ല. ട്രോപിക്കൽ കാലാവസ്ഥയിൽ ലഭ്യമാവുന്ന പഴങ്ങൾ ‍. നമ്മുടെ നാട്ടിൽ കാണുന്ന എല്ലാ പഴങ്ങളും അവിടെയുണ്ട്..പപ്പായ, തണ്ണി മത്തൻ‍, മാങ്ങാ, പൈനാപ്പിൾ അങ്ങിനെ പലതും.. ഇവകൊണ്ടുള്ള പലതരം ജ്യൂസ്‌ കൂടാതെ അവ മുറിച്ചു പല തരത്തിൽ അലങ്കരിച്ചും വച്ചിട്ടുണ്ടാകും.

സോ പോളോ സിറ്റിയിലൂടെ വണ്ടിയോടിക്കുക അത്ര എളുപ്പമുള്ള  കാര്യമല്ല..പക്ഷെ ഞങ്ങളുടെ ബ്രസീലിയൻ കൂട്ടുകാരൻ ഒന്നാംതരം ഡ്രൈവർ ‍കൂടിയായിരുന്നു. സിറ്റി വിട്ടു കഴിഞ്ഞതും അഗുസ്റ്റോ വിശേഷങ്ങൾ ‍ പറഞ്ഞു തുടങ്ങി. ഒത്തിരി ആൾക്കാർ സിറ്റിക്കു പുറത്തു ഫ്ലാറ്റുകളിൽ ‍ താമസിച്ചിട്ട് ദിവസവും വണ്ടിയോടിച്ചു സിറ്റി ഓഫീസുകളിൽ ‍ ജോലിക്ക് വരുന്നു. എന്നിട്ട് വൈകുന്നേരം ഉറങ്ങാനായി മാത്രം തി- രിച്ചെത്തുന്നു. അതുകൊണ്ടുതന്നെ പ്രവർത്തി ദിവസങ്ങളിൽ ‍ സിറ്റിക്കു പുറത്തേക്കുള്ള റോഡുകളിൽ വല്ലാത്ത തിരക്കാണ്, രാവിലെയും വൈകുന്നേരവും.


ദൂരെ മലകളിൽ ‍ കണ്ട ചെറിയ വീടുകൾ ചൂണ്ടിക്കാട്ടി അഗുസ്റ്റോ
പറഞ്ഞു " അവിടെയാണ് ബാഡ്‌ ഗയ്‌സ്" അതായത് മലമുകളിലെ 
ചെറിയ കൂരകൾക്കുള്ളിലാണ് കുഴപ്പക്കാരായ ദരിദ്ര നാരായണന്മാർ ‍
താമസിക്കുന്നത്. നഗരത്തിലെ സംഘടിതമായ കുറ്റകൃത്യങ്ങളുടെയും
മാഫിയകളുടെയും കേന്ദ്രം. അഴിമതിയുടെ കാര്യത്തിലും
കുറ്റകൃത്യങ്ങളുടെ കാര്യത്തിലും അവർ ‍ നമ്മളോടൊപ്പമുണ്ട് . കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണം ദാരിദ്ര്യം തന്നെ. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വീടുകൾ ‍ പുറം പൂശി പൂർണമാക്കാറില്ല.
വീട് പൂര്‍ത്തിയായിട്ടില്ല എന്ന കാരണം പറഞ്ഞു ടാക്സ് വെട്ടിക്കനാ-
ണിതത്രേ.











കുറച്ചു കഴിഞ്ഞപ്പോൾ ‍ ചെറിയ പട്ടണങ്ങളിലൂടെയും  ഗ്രാ മങ്ങളിലൂടെയുമായി യാത്ര. ബ്രസീലിന്റെ നാട്ടിൻ ‍പുറം ഒന്നുകൂടി മനോഹരമാണ്. കുന്നുകളും മരങ്ങളും നിറഞ്ഞ നാട്. ഇടയ്ക്കു ഞങ്ങൾ ‍ ഒരു പെട്രോൾ പമ്പിൽ ‍ നിറുത്തി. കാറിനു പെട്രോൾ അടിക്കാനും ഒരല്‍പം റിലാക്സ് ചെയ്യാനും ആയിരുന്നു അത്. അഗുസ്റ്റോ ഞങ്ങളെ പമ്പ് പ്രവർ‍ത്തിപ്പിക്കാൻ നിന്ന പയ്യന് പരിചയപ്പെടുത്തി. പിന്നെ അയാൾക്കും ഒരുപാട് കാര്യങ്ങൾ   അറിയാനും പറയാനും താല്പര്യമായി. വളരെ വേഗം  
കൂട്ടുകാരാകുന്നവരാണ് ബ്രസീലുകാർ‍. കുറച്ചു സമയം കഴിഞ്ഞു
ഞങ്ങൾ ‍ വീണ്ടും യാത്രയായി.









കാംപിനാസ് സിറ്റിയിലൂടെ വേണം ഞങ്ങൾക്ക് കടന്നു പോവാൻ.
സിറ്റിക്കുള്ളിൽ ‍ ഒരു പാർക്കിൽ ഒരു വലിയ മേള നടക്കുന്നുണ്ടായിരുന്നു. ഒന്ന് കയറാമെന്ന് കരുതി കാറ് നിറുത്തി. പല തരത്തിലുള്ള കരകൗശല വസ്തുക്കൾ‍, ബ്രസീലിയൻ ‍ പെയിന്റിങ്ങുകൾ, നാടോടി സംഗീത ഉപകരണങ്ങൾ ‍ തുടങ്ങിയവയുടെ പ്രദർശനവും വില്പ്പനയുമാണ് അവിടെ നടക്കുന്നത്. ചുമരിൽ ‍ ചാരിവച്ചിരുന്ന വില്ലുകൾ പോലുള്ള സാധനങ്ങൾ ‍ എന്നിൽ ‍ കൗതുകമുണ്ടാക്കി. ആ വില്ലുകൾ‍ക്ക് മുന്നിലായി ആണുങ്ങളും പെണ്ണുങ്ങളും അടങ്ങുന്ന ഒരു സംഘം എന്തോ കലാപരിപാടിയും നടത്തുന്നുണ്ട്.. ഞങ്ങൾ അങ്ങോട്ടുപോയി.











ചുമരിൽ ചാരി വച്ചിരുന്നതു "ബെരിമ്ബു" (Berimbau) എന്ന ഒരു താളവാദ്യമായിരുന്നു. അഗുസ്റ്റോ അതെക്കുറിച്ച് പറഞ്ഞു തന്നു. ആഫ്രിക്കൻ അടിമകളിലൂടെ ബ്രസീലിൽ ‍എത്തപ്പെട്ടതാണ് ഈ ഉപകരണം. നാലോ അഞ്ചോ അടി നീളത്തിൽ ബിരിബ (biriba ) എന്ന മരത്തടി മുറിച്ചെടുത്തു അതിന്റെ ഒരറ്റത്ത് നിന്ന് മറ്റെയറ്റത്തെക്ക് സ്റ്റീൽ കമ്പി വളച്ചു കെട്ടിയാണ് ഇതുണ്ടാക്കുന്നത്. അനുനാദത്തിനായി ഒരു മരക്കായ അകം പൊള്ള ആക്കിയശേഷം ഉണക്കി വില്ലിന്റെ ഒരറ്റത്ത് പിടിപ്പിച്ചിരിക്കുന്നു. ഒരു കമ്പിന്റെയും നാണയത്തിന്റെയും സഹായത്തോടെയാണ് ഇത് വായിക്കുന്നത്.
ആഫ്രോ- ബ്രസീലിയൻ ‍ ആയോധനകലയായ കാപോയിര( capoeira ) യിൽ പങ്കെടുക്കുന്നവരുടെ ചലനങ്ങളെ നിയന്ത്രിക്കാൻ ഈ സംഗീത ഉപകരണം   ഉപയോഗിക്കുന്നുണ്ട്. അത്തരമൊരു പ്രകടനമാണ് അവിടെ കണ്ടത്.












ലോക്കൽ ആര്ട്ടിസ്റ്റുകളുടെ പെയിന്റിങ്ങ് ആസ്വദിക്കുന്നതിനിടയിലാണ് അഗുസ്ടോക്ക് ഒരു സെൽ ഫോൺ കാൾ വന്നത്. ഭാര്യയാണ്. ഞങ്ങളെവിടെയെത്തി എന്ന് ചോദിക്കുകയാണ്. അവരെ ഒരു റെസ്റ്ററെന്റിൽ കണ്ടു ഭക്ഷണം കഴിച്ച ശേഷം എല്ലാപേരും ഒന്നിച്ചു വീട്ടിലേക്കു പോവുക എന്നതായിരുന്നു പ്ലാൻ. ഞങ്ങൾ ‍ അവിടെ നിന്നും കാറിൽ ‍ കയറി റെസ്റ്റാറന്റിലെത്തി. വിശാലമായ ഒരു സ്ഥലത്ത്, ഒരു നദിയിലെക്കിറങ്ങി നില്‍ക്കുന്ന ബാൽക്കണിയുമായി മനോഹരമായ ഒന്നായിരുന്നു അത്. ഉൾഭാഗം വളരെ തുറന്ന രീതിയിലായിരുന്നു. അഗുസ്റ്റോയുടെ ഭാര്യയോടൊപ്പം രണ്ടാൺകുട്ടികളും അവരുടെ രണ്ടു കസിൻസും ഉണ്ടായിരുന്നു. പരസ്പരം പരിചയപ്പെട്ട ശേഷം രണ്ടു വലിയ ബോട്ടിൽ ബിയറിൽ ‍ ഞങ്ങളുടെ ലഞ്ച് ആരംഭിച്ചു. എല്ലാവരും വളരെ സൗഹൃദത്തോടെ ഇടപഴകി. വളരെ സരസയായ ഒരാളായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവർ ‍ കഴിച്ചു കഴിയുന്ന വരെ തമാശകൾ ‍ പറഞ്ഞുകൊണ്ടേയിരുന്നു. അഗസ്റൊയുടെ വീട്ടിലെല്ലാരും തന്നെ ഒന്നാന്തരം ഇംഗ്ലീഷ് പറയുന്നവരായിരുന്നു. ജോലിക്കായി നാലഞ്ചു വർഷം അവരെല്ലാം 
അമേരിക്കയിലായിരുന്നതുകൊണ്ട് ഭാഷ ഒരു പ്രശ്നമേ അല്ലായിരുന്നു.







ബ്രസീലിലെ ഭക്ഷണത്തെപറ്റി ഇവിടെ പറയുന്നത് ഉചിതമെന്ന് തോന്നുന്നു. അവർക്ക് ഏറ്റവും പ്രധാനം മാംസാഹാരമാണ്. ഏറ്റവും കൂടുതൽ ‍ മാംസം ഉപയോഗിക്കപ്പെടുന്ന ഒരു രാജ്യമാണ് ബ്രസീൽ. ഞങ്ങൾ ‍ പോയ സ്ഥലം സീ ഫുഡിനു പേരുകേട്ട സ്ഥലമായത് കൊണ്ട് അത്തരം ഒന്ന് ഓർ‍ഡർ ‍ ചെയ്തു.
ഞാനും സുഹൃത്ത്‌ അരവിന്ദും ചിക്കനാണു ഓർഡർ ചെയ്തത്. പുറത്തു പോയാൽ കൂടുതലും വെജിറ്റേറിയൻ ആണ്. അത് കാരണം  ബ്രസീലിലെ മത്സ്യ മാംസാദി ഭക്ഷണത്തെ പറ്റി അധികം എഴുതാൻ ‍  കഴിയില്ല.  ഏതായാലും ഒന്നുണ്ട്, നിങ്ങൾ ‍ സസ്യഹാരപ്രിയനായാലും മൽസ്യമാംസ പ്രിയനായാലും ബ്രസീലിൽ ‍ നിങ്ങൾ ‍ വളരെ വളരെ
ഹാപ്പി ആയിരിക്കും.

ഞാൻ ‍ ജോലി ചെയ്ത സ്ഥലത്ത് ഉച്ചക്ക് കഴിക്കാൻ ‍ പോയിരുന്നത് അടുത്തുള്ള ഒരു ബുഫെ റെസ്റ്റാറന്റിലാണ് ‍. അവിടെയുണ്ടായിരുന്ന മൂന്നാഴ്ച്ചകളിൽ കൂടുതലു ‍ ദിവസവും ഈയൊരു ഹോട്ടലിലെ ബുഫെ തന്നെയായിരുന്നു ഞങ്ങൾ ഒരു മടുപ്പും കൂടാതെ കഴിച്ചിരുന്നത്. കാരണം അത്രയ്ക്ക് ഐറ്റംസ് അവിടെയുണ്ടായിരുന്നു...മാത്രമല്ല എല്ലാ ആഴചയും പുതിയ കുറെ ഐറ്റംസ് ഉണ്ടാകുമായിരുന്നു. ഏറ്റവും കൂടുതൽ ‍ കോഫി ഉണ്ടാക്കുന്ന  രാജ്യമായതിനാലാവനം ആളുകൾ ‍ കോഫി പ്രിയരാണ്. ഉച്ചഭക്ഷണത്തിന് ശേഷം ഒരു സ്ട്രോങ്ങ്‌ കോഫി പതിവാണ്. വളരെ ആയാസരഹിതമായ ജീവിതരീതിയാണവിടെ. അങ്ങനെ ആ റെസ്റ്റാറന്റിൽ ഒരു രണ്ടു മണിക്കൂര്‍ ചിലവക്കിയിട്ടു, കോഫിയും കുടിച്ചു ഞങ്ങൾ ‍ രണ്ടു കാറുകളിലായി അവരുടെ വീട്ടിലേക്കു പോയി.










ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ വീട്ടിലെത്തി. പച്ച മരങ്ങൾ നിറഞ്ഞ കുന്നുകളിലാണ്‌ വീടുകൾ‍. അവരുടെ വീടിനു മുന്നിൽ ‍ കാർ പാർ‍ക്ക്‌ ചെയ്തപ്പോൾ‍, ഭൂമിയോട് ചേർ‍ന്ന് ഒരു താഴ്വാരത്തിലായാണ് വീട് കണ്ടത്. അവിടെ നിന്ന് നോക്കുമ്പോൾ വീടിന്റെ മേൽഭാഗം ഭൂനിരപ്പിൽ നിന്നും അധികം ഉയരത്തിലായി തോന്നിയില്ല. എന്നാൽ ‍ വീടിനകത്ത് കയറിയപ്പോൾ‍, അതൊരു സ്വപ്ന ഭവനമായി  എനിക്ക് തോന്നി..അത്ര വലുതല്ലാത്ത വീട്. എന്നാൽ വളരെ മനോഹരമായി ഇന്റീരിയർ ‍ ചെയ്തിരിക്കുന്നു. അതെല്ലാം ഭാര്യയുടെ കൈവിരുതെന്നു ആദ്യമേ അഗുസ്റ്റോ സമ്മതിച്ചു. കൂടുതൽ ‍ അറിഞ്ഞപ്പോൾ ‍ അവർ ‍ ഒരു നല്ല കലകാരിയാണെന്നും വീടിനകവും പുറവും തന്റെ കഴിവും ഭാവനയും കൊണ്ട് ഒരു സ്വപനലോകമാക്കി മാറ്റിയിരിക്കുകയാണെന്നും മനസ്സിലായി.








കുറച്ചുകഴിഞ്ഞു ഞങ്ങൾ ‍ വീടിനു പുറത്തിറങ്ങി, പിന്നിലെത്തി. ഒരു കൊച്ചു സ്വിമ്മിംഗ് പൂൾ. തുറസ്സായ സ്ഥലത്തൊരു ഷവർ.  അവിടില്ലാത്ത മരങ്ങളും ചെടികളുമില്ല..കുലച്ചു നില്‍ക്കുന്ന വാഴകൾ. അതിമനോഹരം. കൂടുതൽ ‍ എഴുതുന്നതിനെക്കാൾ കുറച്ചു ചിത്രങ്ങൾ ചേർ‍ക്കുന്നു, കണ്ടു തന്നെ അറിയൂ. ഒരഞ്ചു മണിയായപ്പോൾ‍, പെട്ടെന്ന് മാനമിരുണ്ടു. വന്നാൽ ‍ മഴവരുന്നത്  കാട്ടിത്തരാം എന്ന് പറഞ്ഞു ഞങ്ങളെ വീടിനു പിറകിലെ ബാൽക്കണിയിൽ  കൊണ്ടുപോയി. അവിടെ നിന്നും അക്ഷരാർത്ഥത്തിൽ ശക്തമായ  മഴവരുന്നത്  ഞങ്ങള്‍ കണ്ടു. ദൂരെ മലകളിൽ ‍ നിന്നും ആരവത്തോടെ  മഴയെത്തി. വല്ലാത്തൊരനുഭവം. ഞങ്ങളതു കണ്ടു നിന്നു.






അര മണിക്കുറിൽ ‍ മഴ തോർ‍ന്നു. ഞങ്ങൾ തിരിച്ചു പോരാൻ  തീരുമാനിച്ചു. വരുന്ന വഴിക്ക് ഹൗസിംഗ് കൊളനിയുടെ പല ഭാഗങ്ങളും ഞങ്ങൾക്ക് കാട്ടിത്തന്നു. എല്ലാം കോൺക്രീറ്റിൽ ‍ തീർ‍ത്ത വീടുകളാണ്. നാട്ടിലെ വീടുകളുമായി വല്ലാത്ത സമാനത തോന്നി. അഗുസ്റ്റോ ഞങ്ങളെ ബസ്‌ സ്റ്റേഷനിൽ എത്തിച്ചു ടിക്കറ്റ്‌ എടുത്തു തന്നു. ഞങ്ങൽ ‍ ബസ്സിൽ കയറി ഇരുന്നശേഷമാണ് അദ്ദേഹം തിരിച്ചു പോയത്. ഞങ്ങൾ ‍ ആ ദിവസ്സത്തിന്റെ സുഖകരങ്ങളായ അനുഭവങ്ങൾ‍ ഒന്നുകൂടി ഓർ‍ത്തു പങ്കിട്ടുകൊണ്ട് ബസ് പോകാനായി കാത്തിരുന്നു.




























Friday, February 11, 2011

തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍ -1 ബ്രസീൽ

തെക്കേ അമേരിക്കയെക്കുറിച്ചു സ്കൂളിൽ പഠിച്ച ചില കാര്യങ്ങൾ  മാത്രമേ ഓർമയിലുണ്ടായിരുന്നുള്ളൂ. ആമസോൺ  വനങ്ങൾ, ഫുട് ബോൾ പ്രേമികളായ നാട്ടുകാർഏറ്റവും കൂടുതൽ  കാപ്പി കയറ്റുമതി ചെയ്യുന്ന നാട്..ഇങ്ങിനെ ചിലത്
              
 ഞാൻ ആദ്യം പോയത് ബ്രസീലിലേക്കാണ്.  നല്ല സുഹൃത്തും സഹപ്രവർത്തകനുമായ ബ്രസീല്കാരൻ  ഒഗുസ്ടോ (Augusto) വളരെ നല്ല ഒരു ക്ലാസ്സ് തന്നെ തന്നു. ലോകത്തിലെ എട്ടാമത്തെ സമ്പന്ന രാഷ്ട്രം. പ്രകൃതി സമ്പത്ത് കൊണ്ട് അനുഗൃഹീതമാണവിടം. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ എയർ പ്‌ളെയിൻ  നിർമാതാക്കളാണ് ബ്രസീൽ. വിശാലമായ  രാജ്യത്തെ ഉൾനാടൻ റോഡുകൾ  അത്ര  നല്ലതല്ലാത്തതിനാലാവണം  എയര് പ്ലെയിനുകളെ ആശ്രയിക്കാൻ  തുടങ്ങിയത്..എന്നാൽ ഇന്ന് വടക്കേ അമേരിക്കയിലേക്ക് വരെ പ്ലയിനുകൾ  നിർമിച്ചു കയറ്റി അയക്കുന്നുണ്ട്. കോണ്ടിനെന്റൽ എയർ ലൈൻസിന്റെ  (continental airlines)  ചെറിയ പ്ലെയിനുകളെല്ലാം തന്നെ ബ്രസീല് നിര്മിച്ചു നല്കുന്നതാണ് .

സൗത്ത് അമേരിക്കൻ  ചരിത്രം മിത്തുകളുമായും  ബന്ധപ്പെട്ടു കിടക്കുന്നു. പ്രധാനമായും മൂന്നു  സംസ്കാരങ്ങളാണ് നിലവിലുണ്ടായിരുന്നത്, മായൻ , ഇന്കാ, പിന്നെ ആസ്ടെക്. മൂന്നു സംസ്കാരങ്ങൾ ഒരുകാലത്തു  മൂന്നു സാമ്പ്രാജ്യങ്ങൾ കൂടിയായിരുന്നു. മായൻ  ക്രിസ്തുവിനുമുമ്പ്  ഒരായിരം വര്ഷങ്ങള്ക്കു മുൻപുണ്ടായതാണ്. ക്രിസ്തു വർഷം എട്ട് -ഒൻപതു നൂറ്റാണ്ടുകൾ വരെ അത് നിലനില്ക്കുകയും ചെയ്തു. അവരുടെ  കണക്കിലുള്ള പരിജ്ഞാനം, അസ്ട്രോണൊമി, മായൻ  കലണ്ടർ  എന്നിവ വളരെ പ്രശസ്തമാണ്. യുദ്ധങ്ങളും ക്ഷാമങ്ങളും കൊണ്ട്  മായന് സംസ്കാരം മെല്ലെ മെല്ലെ അപ്രത്യക്ഷമാവുകയായിരുന്നു. ആന്റീസ് പർവതങ്ങളിൽ ജീവിച്ചിരുന്നവരാണ് ഇനകാ ജനത. സിമന്റ്  ഉപയോഗിക്കാതെ കൂറ്റൻ  കല്ലുകൾ കൊണ്ടുള്ള നിർമാണ രീതി ഭൂകമ്പങ്ങളെപ്പോലും ചെറുത്തു നില്ക്കുന്ന ഒന്നായിരുന്നു.   സൂര്യചന്ദ്രന്മാരെയും പർവതങ്ങളെയും മറ്റു പ്രകൃതിശക്തികളെയും ആരാധിച്ചിരുന്ന അവരുടെ മതവിശ്വാസം വളരെ കൌതുകമുളവാക്കുന്നതാണ്. യുദ്ധങ്ങളെ നേരിടേണ്ടി വന്നതുമൂലം തന്നെയാവണം, ഇൻകാ സാമ്പ്രാജ്യവും പതിനാറാം നൂറ്റാണ്ടോടുകൂടി അപ്രത്യക്ഷമായി. ഇൻകാ, മായൻ  തുടങ്ങിയ സംസ്കാരങ്ങളെ പോലെ തന്നെ ശക്തമായി നിലനിന്ന മറ്റൊരു സംസ്കാരമാണ് ആസ്ടെക് (Aztec). ഏകദേശം ഈ സമയത്തു തന്നെ  ആസ്ടെക് സാമ്പ്രാജ്യവും നശിക്കുകയുണ്ടായി, പ്രധാന കാരണം സ്പാനിഷ് അധിനിവേശം തന്നെ. തനതു സംസ്കാരങ്ങളുടെ തകർച്ചയെത്തുടർന്ന് നമ്മൾ  കാണുന്നത് സ്പാനിഷ്  കോളനിവൽക്കരണമാണ്. തെക്കേ അമേരിക്കയിൽ  ബ്രസീൽ  ഒഴികെ മറ്റെല്ലാ പ്രധാന പ്രദേശങ്ങളും സ്പാനിഷ് അധീനതയിലായിരുന്നു. ബ്രസീലാവട്ടെ  പോര്ച്ചുഗീസ് കാരുടെ കോളനിയും.അതിമനോഹരവും അതിവിശാലവുമായ നാടെന്നതിനു പുറമെ അവിടുണ്ടായിരുന്ന സ്വർണവും മറ്റു പ്രകൃതി സമ്പത്തുകളും ആയിരിക്കണം അവരെ ഏറ്റവും കൂടുതല് മോഹിപ്പിച്ചത്.


പ്രൊജക്റ്റ് പ്രമാണിച്ച് ഒരു മൂന്നാഴ്ചത്തെ താമസമാണ്, സാൻപോളോ ( Sao Paulo ) സിറ്റിയിൽ. ബ്രസീലിന്റെ തലസ്ഥാനം ബ്രസലിയ ആണെങ്കിലും കൊമേർഷ്യൽ കാപിറ്റൽ  സാൻപോളോ ആണ്, നമ്മുടെ ന്യൂഡൽഹിയും ബോംബയും പോലെ. ന്യൂ  ജെര്സിയിലെ ന്യൂയർക്ക്  അന്താരാഷ്ട്ര വിമാനത്താവളത്തിൽ  നിന്നും ടീം മെമ്പറായ  ഗുജറാത്തി സുഹൃത്തുമൊത്തു  പാതിരാത്രിയോടെ പ്ലയിൻ കയറി. സുഖകരമായ യാത്ര. രാത്രിയോ പകലോ ആയിക്കൊള്ളട്ടെ, പ്ലയിൻ  യാത്രയിൽ  എനിക്ക് ഉറങ്ങാൻ കഴിയാറില്ല. എന്റെ സുഹൃത്ത് അരവിന്ദ് ആകട്ടെ കയറിയതും സീറ്റ് പിന്നോട്ടാക്കി അതില് വിശാലമായി ചാരി കിടന്നു ഒറ്റ ഉറക്കം വച്ച് കൊടുത്തു. ഒൻപതു  മണിക്കുറോളം യാത്ര കഴിഞ്ഞു ഞായറാഴ്ച രാവിലെ‌പതിനൊന്നു  മണിയോടെ സാൻപോളോ  വിമാനത്താവളത്തിലെത്തിബ്രസീലിൽ  കഴിയണമെങ്കിൽ  പോര്ച്ചുഗീസ് ഭാഷ അറിയണം എന്ന് ഓഗുസ്ടോ താക്കീത് തന്നെങ്കിലും സംഗതി ഇത്ര ഗുരുതരമാണ് എന്ന് ഞങ്ങള് കരുതിയില്ല. അന്താരാഷ്ട്ര എയർപോർട്ട് ആയിട്ടുപോലും ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരെ കാണുവാന് കഴിഞ്ഞില്ല. ഒന്ന് പറയട്ടെ, ബ്രസീലിൽ  കഴിഞ്ഞ മൂന്നു ആഴ്ചയും, ഭാഷയുടെ കാര്യത്തിൽ  മാത്രമാണ് ഞങ്ങൾക്ക് കുറച്ചു പ്രയാസം നേരിടേണ്ടി വന്നത്. ഇമ്മിഗ്രേഷൻ ചടങ്ങുകൾ  കഴിഞ്ഞു ഞങ്ങൾ  പുറത്തു വന്നു. അഴിമതിയും കുറ്റകൃത്യങ്ങളും ബ്രസീലിൽ സാധാരണയാണെങ്കിലും  ഏറ്റവും കൂടുതൽ  മാഫിയ സംഘങ്ങൽ  പ്രവർത്തിക്കുന്നതും സംഘടിതമായ കുറ്റകൃത്യങ്ങൽ നടക്കുന്നതുമായ സ്ഥലം സാൻപോളോ  നഗരമാണ്. അതുകൊണ്ട് തന്നെ  എയർ പോർട്ടിനകത്തുള്ള  ടാക്സി കൗണ്ടറിൽ നിന്ന് മാത്രമേ ടാക്സി പിടിക്കാവു എന്ന് പ്രത്യേകം നിർദേശമുണ്ടായിരുന്നു. ഭാഷ അറിയാതെ അവിടെയും നന്നേ പ്രയാസപ്പെട്ടു





ഞങ്ങൾ  കൊടുത്ത അഡ്രസ് ലക്ഷ്യമാക്കി ഡ്രൈവർ  വണ്ടിയോടിച്ചു . കുറച്ചു നേരം കഴിഞ്ഞു കാർ  ഹൈവേയിൽ  കയറി വേഗത്തിൽ  പോകാൻ തുടങ്ങി. ഞങ്ങൾ കൌതുകത്തോടെ പുറത്തെ കാഴ്ചകൾ  നോക്കിയിരുന്നു. ചാറ്റൽ  മഴയുമുണ്ട്. നമ്മുടെ  നാട്ടിലെ കാലാവസ്ഥ തന്നെ. റോഡിനിരുവശവും കോൺക്രീറ്റിൽ  തീർത്ത കൂറ്റൻ  സൗധങ്ങൾമതിലുകളിൽ  പല വർണ്ണങ്ങളിലുള്ള ഗ്രാഫിറ്റി എഴുത്തുകളും ചിത്രങ്ങളും. വടക്കേ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ റോഡിലെ ലയിനുകൾ  വീതി കുറഞ്ഞതാണ്അതുപോലെ തന്നെ ചെറിയ കാറുകളും. ഏകദേശം ഒരു  മണിക്കൂർ  കഴിഞ്ഞു ഹൈവെയിൽ നിന്നും പുറത്തിറങ്ങി വണ്ടി  സിറ്റിയിലൂടെ പോകാൻ  തുടങ്ങി. കുന്നുകളും താഴ്വരകളും, അവയിലൂടെ വളഞ്ഞും തിരിഞ്ഞും കയറ്റവും ഇറക്കവുമായി കിടക്കുന്ന റോഡുകളുംസിറ്റി വല്ലാത്ത തിരക്കുള്ള സ്ഥലമാണ്. കുത്തനെയുള്ള ഒരു കയറ്റത്തിലെ ട്രാഫിക് സിഗ്നലിൽ  വണ്ടി നിറുത്തിയിട്ടു സിഗ്നല് മാറി മുന്നോട്ടു എടുത്തപ്പോൾ  ചെറുതായൊന്നു പേടിച്ചു


കുറച്ചു സമയത്തിനു ശേഷം വണ്ടി ഞങ്ങളുടെ ഹോട്ടലിനു മുന്നിലെത്തി. അന്താരാഷ്ട്ര ശൃംഖലയിൽ പെട്ട ഹോട്ടൽ  ആയിരുന്നിട്ടു കൂടി ഇംഗ്ലീഷ് അറിയുന്നവർ  അപ്പോൾ  അവിടെ ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ബുദ്ധിമുട്ട് കണ്ടിട്ടാവണം റിസപ്ഷനിൽ  ഉണ്ടായിരുന്ന ഒരാളു പോയി മാനജരെ കൂട്ടി വന്നു. അവര് ഒരു വിധം ഇംഗ്ലീഷ് പറയുന്നുണ്ട്,  ഞങ്ങൾക്ക് സന്തോഷമായി.  വിശദമായി പ രിചയപ്പെട്ടു..ഫാബിയോള..ഞങ്ങൾ നല്ല ചങ്ങാത്തത്തിലായി, ഇനിയും സഹായം വേണ്ടതല്ലേ..


ഓഫീസു മുഖേന ഹോട്ടൽ  ബുക്ക് ചെയ്തതിനാൽ  സുരക്ഷിതത്വത്തെകുറിച്ച് ഞങ്ങൾക്ക് ആശങ്കകളില്ലായിരുന്നു. പ്രദേശം അധികം പ്രശ്നമില്ലാത്ത സ്ഥലം തന്നെയായിരുന്നു..എങ്കിലും രാത്രി അധികം താമസിച്ചു റോഡിലുടെ നടക്കരുതെന്നും മറ്റും കൂടെ ജോലി ചെയ്യുന്ന ബ്രസീലിയൻ  സുഹൃത്തുക്കൾ  ഉപദേശിച്ചിരുന്നു. എങ്കിലും എത്തിയ ദിവസം വൈകുന്നേരം തന്നെ ഒന്ന് പുറത്തിറങ്ങി നടക്കാൻ  തീരുമാനിച്ചു. തിരിച്ചു വരുന്ന വഴി ഹോട്ടലിനെതിരെയുള്ള ഒരു ചെറിയ റസ്റ്റാറന്റിൽ  ഒന്ന് കയറി...വെറുതെ....ഒരു പത്തിരുപതു പേർ , ആണുങ്ങളും പെണ്ണുങ്ങളുംഉള്ളിലിരുന്നു ചെറിയ സ്നാക്കും മറ്റും കഴിക്കുന്നുണ്ട്. കടയുടെ മുൻവശത്ത്. കുറേപ്പേര് നിന്ന് വർത്തമാനം പറയുന്നു, സിഗരട്ട് വലിക്കുന്നു, ബിയർ  കുടിക്കുന്നു. കാഴ്ച എടുത്തുപറയാൻ  കാരണമുണ്ട്. സാൻപോളോ തെരുവുകളിൽ  പ്രവർത്തി ദിവസ്സമെന്നോ അവധി ദിവസ്സമെന്നോ വ്യ ത്യാസ്സമില്ലാതെ ആളുകൾ ഒത്തു ചേരുന്ന സ്ഥലങ്ങളിലോന്നയിരുന്നു അത്. എല്ലാ ദിവസ്സവും വൈകുന്നേരം ഏഴു മണിയോടെ ആൺ പെൺ ഭേദമില്ലാതെ 
പ്രായ ഭേദമില്ലാതെ ആളുകൾ  പുറത്തിറങ്ങുന്നുഇത് പോലുള്ള സ്ഥലങ്ങളിൽ  പോയിരുന്നു സൗഹൃദം പങ്കുവെക്കുന്നു. രാത്രി പത്തു മണിയോടെ പിരിഞ്ഞു പോകുന്നു.

ആദ്യം തികച്ചും അപരിചിതരെ പ്പോലെയാണ് അവർ ഞങ്ങളെ കണ്ടതെങ്കിലും അൽപ്പസമയം കഴിഞ്ഞു ഒരാൾ  രണ്ടു ചെറിയ ഗ്ലാസുകളിൽ  ബിയർ നിറച്ചു ഞങ്ങൾക്ക് നേരെ നീട്ടി. സംസാരിക്കാൻ  കഴിഞ്ഞിലെങ്കിലും ബിയറിലൂടെ സൗഹൃദം പങ്കിട്ടു ഞങ്ങൾ അവരോടൊപ്പം കൂടി. കുറച്ചു കഴിഞ്ഞു  വയസ്സായ ഒരാൾ  അവിടേക്ക് വന്നു..അയാൾ  നല്ല ഇംഗ്ലീഷിൽ  ഞങ്ങളോട് സംസാരിക്കാൻ  തുടങ്ങിറിട്ടയർ ചെയ്ത സിറ്റി മേയർ  ആയിരുന്നു അയാൾ. ഇന്ത്യയെ കുറിച്ചുള്ള അയാളുടെ അറിവുകൾ  ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിയതൂടൊപ്പം തന്നെ ചുറ്റും കൂടിയവർക്ക് സംഭാഷണങ്ങൾ  പോര്ച്ചുഗീസിൽ തര്ജിമ  ചെയ്തു  അവരെയും ചർച്ചകളിൽ  പങ്കെടുപ്പിച്ചു. കൂട്ടത്തിലൊരാൾക്ക് ഞങ്ങളോട് എന്തെങ്കിലും ചോദിക്കണമെങ്കിൽ  പോലും മേയർ  സഹായിച്ചു. ദിവസ്സം ഒരു പ്രത്യേക അനുഭവമായിരുന്നുചെറിയ കുപ്പികളിലെ ബിയറിനെക്കാൾ  വലിയ ബോട്ടിൽ ആണ് അവിടെ സാധാരണം.ബിയർ  ആര് വാങ്ങുന്നുവെന്നതോ ആര് കുടിക്കുന്നുവേന്നതോ ആര് കാശ് കൊടുക്കുന്നുവേന്നതോ അവിടെ വിഷയമായിരുന്നില്ല. ഇഷ്ട്ടം പോലെ കുടിക്കനുണ്ടാവുക... എല്ലാവരും സന്തോഷത്തോടെ കുടിക്കുക..അതായിരുന്നു അവരുടെ രീതി. ഒരാൾ  ഒരു കുപ്പി വാങ്ങിയാൽ  അത് തുറന്നു വക്കും, കൂടെ ചെറിയ ഗ്ലാസ്സുകളും..വേണ്ടവർക്ക് വേണ്ടപോലെ കുടിക്കാം..ഒപ്പം സിഗററ്റു  വലിയുമുണ്ട്. കൂട്ടത്തില് പറയട്ടെ, ബ്രസീലിലെ ജനപ്രീതിയാർജിച്ച ഒരു ബിയറിന്റെ പേര് "ബ്രഹ്മ" എന്നാണ് .  ബ്രാൻഡ്  കണ്ടപ്പോൾ തന്നെ എന്റെ ചോര  തിളച്ചു, ഞങ്ങളുടെ ദൈവത്തിന്റെ പേരുവച്ച് കള്ളു  കച്ചവടമോ?

ഏതായാലും മിക്കവാറും എല്ലാ ദിവസ്സവും പോകുന്ന ഒരു ഹാങ്ങ് ഔട്ട് സ്ഥലമായി അവിടം മാറികുറെ നല്ല കൂട്ടുകാരെ അവിടെ ഞങ്ങൾ കണ്ടുപറഞ്ഞറി ഞ്ഞിട്ടാവണം  ഇംഗ്ലീഷ് അറിയാവുന്നവരും എത്താൻ  തുടങ്ങി.അതിൽ  കോളേജ് വിദ്യാർത്ഥികളും അവരുടെ കാമുകിമാരും   ഉണ്ടായിരുന്നു. പരിചയപ്പെടുമ്പോഴും പിന്നെ സുഹൃത്തുക്കളായി കാണുമ്പോഴും ആണുങ്ങള് തമ്മിൽ  കെട്ടിപ്പിടിക്കുന്ന ഒരു രീതി അവർക്കുണ്ടായിരുന്നുഎന്നാൽ  പുരുഷൻ  സ്ത്രീയെ കവിളിൽ  ചുംബിച്ചു  കൊണ്ടാണ് സൗഹൃദം പ്രകടമാക്കിയിരുന്നത്. ഒരു ദിവസം രണ്ടു വിദേശി ഇന്ത്യാക്കാരെ പരിചയപ്പെടാം എന്ന് പറഞ്ഞിട്ടാവണം  ഒരുവൻ  കാമുകിയുമായെത്തിപരിചയപ്പെടുന്നതിന്റെ ഭാഗമായി അവൾ എന്റെ കവിളിൽ  ഒരു സീല്ക്കാരശബ്ദത്തോടെ ഉമ്മ വച്ചു..അവളുടെ ചുണ്ടുകളില് സിഗരറ്റിന്റെ മണമുണ്ടായിരുന്നു എന്നതൊഴിച്ചാൽ എനിക്ക് മറ്റു പരാതികളൊന്നും തന്നെയില്ലായിരുന്നു..


ബ്രസീല് എന്ന രാജ്യത്തെ ആളുകളെയും ജീവിതരീതിയും കുറിച്ച് മനസ്സിലാക്കുവാൻ  കൂട്ടുകെട്ട് വളരെ സഹായിച്ചുഒരു നാടോടി പാട്ടുകാരൻ  കൂട്ടത്തിലുണ്ടായിരുന്നു. അയാൾ  വരുമ്പോഴൊക്കെ ബ്രസീലിയൻ  നാടോടി ഗാനങ്ങൾ പാടി ഞങ്ങളെ രസിപ്പിച്ചിരുന്നു. പാടിയശേഷം അതിന്റെ അർത്ഥം പോർച്ചുഗീസിൽ പറയുകയും ഇംഗ്ലീഷ് അറിയാവുന്നവർ  അത് ഞങ്ങൾക്കായി പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. അയാൾ സ്വന്തമായി ആൽബങ്ങൾ ഇറക്കിയിട്ടുണ്ടെന്നും ക്ലുബുകളിൽ  പാടിയിരുന്നുവെന്നും പറഞ്ഞു.


സ്ഥലവാസികളായ  സുഹൃത്തുക്കൾ  ഉണ്ടായിരുന്നത് കൊണ്ട് സ്വവർഗാനുരാഗികൾക്കായുള്ള  ഒരു ക്ലബിലും അവർക്കായുള്ള തന്നെ ഷോപ്പിംഗ് മാളിലും  പോകാൻ കഴിഞ്ഞു. ക്ലബിൽ  നിന്നും ഒന്ന് രണ്ടു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നെങ്കിലും റിസ്ക് ഭയന്ന് അതിനു മുതിർന്നില്ല. കണ്ട സ്വവർഗാനുരാഗികൾ  കൂടുതലും കോളേജ് വിദ്യാർത്ഥി കളായിരുന്നുപല നിലകളുണ്ടായിരുന്ന മാളിന്റെ ഏറ്റവും മുകളിലത്തെ നിലയില് പോയാൽ  രസമുള്ള ചില കാഴ്ചകള് കാണാം എന്നതുകൊണ്ട് സുഹൃത്തുക്കൽ ഞങ്ങളെ അങ്ങോട്ട് കൂട്ടികൊണ്ട് പോയി. അവിടെ ഒരു ഭാഗത്ത് ചെറിയ മേശകൾക്ക് ചുറ്റും പ്രണയാർദ്രരായി കെട്ടി പുണർന്നിരിക്കുന്ന ജോഡികളെ ഞങ്ങൾ  കണ്ടു..

ബ്രസീല് സന്ദർശിക്കുന്ന ഒരാൾ  കണ്ടിരിക്കേണ്ടതും എന്നാൽ  ഞങ്ങൾക്ക് കാണാൻ  സാധിക്കാതെ പോയതുമായ ഒന്നുണ്ട്, ബ്രസീലിയൻ കാർണിവൽ. രാജ്യം മുഴുവൻ  ആഘോഷിക്കപ്പെടുന്ന മഹോത്സവം. കാർണിവൽ  ഫെബ്രുവരി, മാര്ച് മാസ്സങ്ങലിലാണ് നടക്കുക, എന്നാൽ ഞങ്ങൾ  പോയത് ജനുവരിയിലും. അത് കാണുവാൻ കഴിഞ്ഞില്ലെങ്കിലും ചെന്നിടത്തെല്ലാം കാർണിവലിനായുള്ള തയ്യാറെടുപ്പുകൾ  കണ്ടതിൽ  നിന്നും അതിന്റെ പ്രാധാന്യവും ഗാംഭീര്യവും മനസ്സിലാക്കുവാൻ  കഴിഞ്ഞു ഉത്സവത്തെക്കുറിച്ചുപറയാൻ  കാരണം ഇത് ബ്രസീലിന്റെ സംസ്കാരം അറിയാൻ  ഏറെ സഹായിക്കുന്ന ഒന്നാണെന്നുള്ളതാണ്. എല്ലായിടത്തും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും "കാർണിവൽ തലസ്ഥാനം " എന്നറിയപ്പെടുന്നത് ബ്രസീലിന്റെ ആദ്യ തലസ്ഥാനമായ റിയോ ഡി ജെനീരോ  (Rio -De -Jenero) യാണ്. ചരിത്രപരമായി നോക്കുമ്പോൾ അതിനും കാരണമുണ്ട്. പുരാതന ഗ്രീസും റോമും ഉൾപ്പെടെ യൂറോപ്പിലെ ഒരു ആചാരമായിരുന്നു കാർണിവൽ. "കാര്നിവാലെ" എന്നാല് മത്സ്യ മാംസാദികളോട്  വിട എന്നർത്ഥം. കോളനിവല്ക്കരണത്തിന് ശേഷം പോര്ച്ചുഗീസുകാരാണ് ഇത് ബ്രസീലിൽ തുടങ്ങിവച്ചത്. എന്നാൽ  കാലക്രമേണ ആഫ്രിക്കയിൽ  നിന്നും അടിമകളായി ബ്രസീലിൽ  എത്തപ്പെട്ട കറുത്ത വർഗക്കാരുടെ സംഗീതവും നൃത്തവും ചേർന്ന തനതു കലയായ സാംബ മ്യൂസിക് കാർണിവലിന്റെ കാതലായി. മൂന്നു സംസ്കാരങ്ങളുടെ സമന്വയമായിരുന്നു അത് - ആഫ്രിക്കന് അടിമകള്, ആദിമ  അമേരിക്കാക്കാർ , പിന്നെ പോര്ച്ചുഗീസുകാർ. 17 , 18 , 19 നൂറ്റാണ്ടുകളിലാണ് അടിമകള് കൂടുതലായി ബ്രസീലിൽ  എത്തുന്നത്. ബാഹിയ , സാല്വഡോർ  എന്നീ സ്ഥലങ്ങളിലായിരുന്നു അവര് കൂടുതലായി എത്തിയിരുന്നതെങ്കിലും പത്തൊൻപതാം  നൂറ്റാണ്ടിന്റെ അവസാനത്തോടെ അവര് അന്നത്തെ തലസ്ഥാനമായ റിയോയിൽ  താവളമുറപ്പിച്ചു. കാര്ണിവൽ  കാണാൻ  മാത്രം ഓരോ വര്ഷവും 600 , 000 -ഓളം വിദേശികള് റിയോയിൽ  എത്തുന്നുണ്ട്.


                    അടുത്തയാഴ്ച : കമ്പിനാസ് സുഖമുള്ള ഒരോർമ