Sunday, October 24, 2021

വെള്ളം - മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം

        

മുരളി കുന്നംപുറത്തു എന്നയാളും സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ, സിനിമയിൽ മുരളിയെ അവതരിപ്പിച്ച ജയസൂര്യ എന്നിവരും ചേർന്നുള്ള യൂട്യൂബ് വീഡിയോ ആണ് 'വെള്ളം' സിനിമ കാണാൻ കാരണമായത് . സിനിമയിൽ താനവതരിപ്പിച്ച മുരളിയെക്കുറിച്ചു ജയസൂര്യ സിനിമക്കുപുറത്തുള്ള മുരളിയോടു സംവദിക്കുന്നു. മലയാളത്തിൽ മദ്യപാനത്തേക്കുറിച്ചു ഇത്രയും ആർജവുള്ള ഒരു അനുഭവസാക്ഷ്യം കേട്ടിട്ടില്ല; ഉണ്ടായിട്ടില്ലെന്നല്ല. സിനിമകാണുന്നവർ വീഡിയോ കൂടി കാണാൻ താത്പര്യപ്പെടുന്നു.

മദ്യത്തിനു അടിമയായ ഒരാളെ ഏറ്റവുമധികം മനസിലാക്കുന്നയാൾ മദ്യവിമുക്തനായ ഒരാൾ തന്നെയാണ്. അയാൾക്കാണ് കൂടുതലായി അത്തരം ഒരാളെ രക്ഷപ്പെടുത്താനുമാവുക. രണ്ടു മദ്യപന്മാർ തമ്മിലുള്ള ബന്ധം കൂടുതലും കുടി എന്ന ശീലത്തിലുള്ള സാമാന്യതയും താല്പര്യവും കൊണ്ടു മാത്രമാണ്. അതുകൊണ്ടുതന്നെ അവരുടെ സൗഹൃദം കുടി തുടരാനേ സഹായകമാവൂ. വെള്ളം സിനിമയുടെ അവസാനം മദ്യത്തിൽ നിന്നും കരകയറിയ മുരളി എന്ന കേന്ദ്ര കഥാപാത്രം അതിനടിമയായ മറ്റൊരാളെ, തന്നെ രക്ഷപെടുത്താൻ സഹായിച്ച ഡീ-അഡിൿഷൻ സെന്ററിൽ എത്തിക്കുന്നു. മദ്യമുക്തനായ ഒരാൾ രോഗത്തിന് അടിമയായ മറ്റുള്ളവരെ കഴിയുമെങ്കിൽ സഹായിക്കൂ എന്ന സന്ദേശമായാണ് ഇത് കണ്ടപ്പോൾ തോന്നിയത് .

സാമൂഹികമായ ബോധവൽക്കരണം എന്നപോലെ മദ്യത്തിൽ മുങ്ങി നശിക്കുന്നവർക്കു ഇനിയും പ്രതീക്ഷക്കു സാധ്യതയുണ്ട് എന്ന തലത്തിൽ പ്രചോദനാത്മകവുമാണ് ഈ സിനിമ. അതുകൊണ്ടുതന്നെ മുരളി എങ്ങിനെ കുടിയനായി എന്നത് സിനിമക്ക് വിഷയമല്ല. അയാളുടെ വർത്തമാനകാലത്തു കഥ തുടങ്ങുമ്പോൾ തന്നെ അയാൾ മുഴുക്കുടിയനാണ്. അയാളുടെ ഭാര്യ അയാളെ നിസ്സംഗ മനോഭാവത്തോടെ അവഗണിക്കുകയും നിശ്ശബ്ദയാവുകായും ചെയ്യുന്നു. അവൾ അപ്പോൾ തന്നെ പല യാഥാർഥ്യങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. വളർന്നു വരുന്ന പെണ്കുട്ടിയെക്കുറിച്ചും ജീവിതത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ചും അവൾ ബോധവതിയാണ്. ഉത്തരവാദിത്തമില്ലാത്ത ഭർത്താവിനെ പ്രതിരോധിക്കേണ്ടതിന്റെയും സ്വന്തം ജീവിതം സുരക്ഷിതമാക്കേണ്ടതിന്റെ അനിവാര്യതയും അവൾ തിരിച്ചറിഞ്ഞിട്ടുണ്ട് .

ഉറക്കത്തിൽ മകളുടെ മാലയെടുത്തു പുറത്തേക്കോടുന്ന മുരളിയെ അവൾ തടഞ്ഞു നിറുത്തുക തന്നെ ചെയ്യുന്നു. ബിരിയാണി കൊണ്ടുവന്നു ബലമായി തീറ്റിക്കാൻ ശ്രമിക്കുമ്പോൾ ഉൾപ്പെടെ ശാരീരികമായി സ്വയം പ്രതിരോധിക്കേണ്ടിടത്തു അവൾ അത് ചെയ്യുന്നു. വീടുവിട്ടിറങ്ങിയാലേ തനിക്കും മകൾക്കും രക്ഷയുള്ളൂ എന്ന് തിരിച്ചറിയുന്ന അവൾ ചങ്കൂറ്റത്തോടെ മകളെയും കൂട്ടി ഇറങ്ങിപോവുമ്പോൾ ഒരുത്തന്റെയും തോന്ന്യാസ്യങ്ങൾക്കു തുലാക്കാനുള്ളതല്ല പെണ്ണിന്റെ ജീവിതം എന്ന ഉറച്ച പ്രഖ്യാപനമായി തോന്നി. തന്മയത്വത്തോടെ പക്വതയോടെ ഒതുക്കത്തോടെ ആ കഥാപാത്രത്തെ സംയുക്തമേനോൻ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.

മദ്യപാനം ഒരു രോഗമാണ്. തൊണ്ണൂറു ശതമാനവും ജനിതകവും. സ്വയം മാറണമെന്ന് തോന്നാത്തൊരാളിനു ഒരിക്കലും മദ്യപാനം നിർത്താൻ സാധ്യമല്ല. അങ്ങനെയൊരാളെ എവിടെ കൊണ്ടുചെന്നിട്ടാലും തിരികെ അയാൾ അതിലേക്കു തന്നെ എത്തിച്ചേരും. എല്ലാ അർത്ഥത്തിലും നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന രോഗാവസ്ഥയാണത്. മദ്യത്തിന്റെ ലഹരിയടങ്ങുന്ന അവസ്ഥയിൽ അയാൾ വല്ലാത്ത കുറ്റബോധത്തിലൂടെയും ആത്മനിന്ദയിലൂടെയും നിരന്തരമായി കടന്നു പോവുന്നു. ഇത് ചാക്രികമാണ്. ഓരോ സൈക്കിൾ കഴിയുമ്പോഴും കുറ്റബോധത്തിന്റെയും ആത്മനിന്ദയുടെയും തോത് കൂടിക്കൂടി ഒടുവിൽ ആത്മഹത്യയിലേക്കോ മറ്റൊരാളെ ദേഹോപദ്രവം ഏൽപ്പിക്കുന്ന അവസ്ഥയിലേക്കോ കൊണ്ടെത്തിക്കുന്നു. നിസ്സഹായനായി അയാൾ ഒരവസരത്തിൽ പറയുന്നുണ്ട് :"എല്ലാം എനിക്കറിയാം.കുടി നിറുത്തണം നീ കുടി നിറുത്തണം എന്ന് പറയുന്നവരാരും അതെങ്ങിനെ എന്ന് പറയുന്നില്ല."

മദ്യപിക്കുന്നയാളിന് മദ്യത്തോടു മാത്രമേ പ്രതിപത്തിയുള്ളു; ലോകത്തു മറ്റൊന്നിനോടും അയാൾക്ക്‌ അടുപ്പമുണ്ടാകില്ല. അതിനു വേണ്ടി അയാൾ എന്തും ചെയ്യും; കള്ളം പറയും (വളരെ നൈസർഗികമായ ഭാവനശക്തിയുള്ളവരും കാര്യസാധ്യത്തിനു അപ്പോൾ തന്നെ ഒരു പുളു മെനഞ്ഞെടുക്കാൻ മിടുക്കന്മാരുമണിവർ). ആർക്കോ ഡങ്കിപ്പനിയാണ് എന്ന് കള്ളം പറഞ്ഞു ആയിരത്തി അറുനൂറു രൂപ ചോദിച്ചു വാങ്ങി പോയി മദ്യപിക്കാൻ അയാൾക്ക്‌ ഒരു ഉളുപ്പുമില്ല. അയാളുടെ ഓരോ ദിവസവും മദ്യപാനത്തിന് വേണ്ട സമയവും സന്ദർഭവും തിരയലാണ് . മോളുടെ സ്കൂളിൽ PTA മീറ്റിംഗ് എന്ന് രാവിലെ കേൾക്കുമ്പോൾ തന്നെ വെള്ളയും വെള്ളയുമിട്ടു അയാൾ റെഡിയാണ്; കൊണ്ടുപോകാൻ. കാരണം വീണു കിട്ടിയ ഒരവസരം ഒരിക്കലും അയാൾ നഷ്ട്ടപ്പെടുത്തില്ല. സ്‌കൂളിൽ വിട്ടശേഷം ഉടനെത്തന്നെ 'അച്ഛൻ കൃഷിഭവനിൽ പോയിവരാം' എന്ന് പറഞ്ഞു ധൃതിയിൽ സ്ഥലം വിടുകയാണ്. വളരെ സൂക്ഷമായ നിരീക്ഷണം തിരക്കഥയിൽ എടുത്തുപറയേണ്ടതാണ്.

ഷാപ്പിലെ മെലഡിയും ചായക്കടയിൽ നിന്നും 'നയാപൈസയില്ല കൈയ്യിലൊരു നയാപൈസയില്ല' എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ മുരളി മരത്തിനുകീഴെ ലക്ക് കേട്ട് കിടന്നുറങ്ങുന്നതും വേണമായിരുന്നോ? അതെ സമയം സിനിമ കാണാനിരിക്കുമ്പോൾ ഉണ്ടാകുന്ന കശപിശയും അതേത്തുടർന്ന് ആ യുവതിയോട് കോടതി 'പറയുന്നതെല്ലാം സത്യമാവും' എന്ന് മതഗ്രന്ഥത്തെ തൊട്ടു പറയാനാവശ്യപ്പെടുമ്പോൾ 'എനിക്ക് ഭരണഘടനയിലാണ് വിശ്വാസം' എന്നു പറയുന്നതും സിനിമയുടെ ആകെത്തുകയുമായി വലിയ ബന്ധമില്ലെങ്കിലും കാലികപ്രസക്തി കാരണം ഇഷ്ടമായി.

മദ്യാസക്തികൊണ്ടു അയാൾ ചെന്നുപെടുന്ന കുരുക്കുകൾ നിരവധി. അത്രയേറെ ഒരു സിനിമക്ക് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ സാമൂഹികമായ ബോധ്യം ഉണ്ടാക്കൽ കൂടി ദൗത്യമായുള്ളതിനാൽ കൂടുതൽ സംഭവങ്ങൾ ഉദാഹരണങ്ങളായി കാട്ടിത്തരുന്നു എന്നതിൽ അപാകത തോന്നിയുമില്ല.

സ്വതവേ മദ്യപാനികൾ സ്നേഹമുള്ളവരും നർമബോധമുള്ളവരുമായാണ് അനുഭവം. സിനിമയിലുടനീളം മുരളിയുടെ വാക്കുകളിലെ (അതും കണ്ണൂർ സ്ലാങ്ങിൽ) പരിഹാസവും (മനഃപൂർവം ആരെങ്കിലും കുടിക്കുമോ? എന്നൊക്കെ അയാൾ നമ്മോടു ചോദിക്കുന്നതും സ്വയം ന്യായീകരിക്കുന്നതും) നർമരസവും മാത്രം മതിയായിരുന്നു എന്ന് തോന്നി. ഒരു ഗാന്ധിയനെ വേഷം കെട്ടിച്ചു കല്യാണസദ്യക്കു കൊണ്ടുവന്നു അയാൾക്ക്‌ അയാളറിയാതെ മദ്യം കൊടുത്തു കാണികളെ ചിരിപ്പിക്കേണ്ടതില്ലായിരുന്നു. പിന്നെ വംശനാശം സംഭവിച്ചിച്ചു കൊണ്ടിരിക്കുന്ന വിഭാഗത്തിൽ നിന്നൊരാളെ സ്‌ക്രീനിലെങ്കിലും കണ്ടതിന്റെ സന്തോഷം മറച്ചുവക്കുന്നില്ല.

സിനിമയിലൂടെ ചിലതു സമൂഹത്തോടും മദ്യപാനികളോടും അവർക്കു ചുറ്റുമുള്ളവരോടും കൃത്യമായി സംവദിക്കുന്നുണ്ട്. സന്ദേശം തന്നെയായി പറയേണ്ടിടത്തു ഡോക്ടറുടെ വാക്കുകളിലൂടെ അവക്ക് ആധികാരികതയുണ്ടാക്കിയിട്ടുണ്ട്. 'അയാൾക്ക്‌ നിങ്ങളുടെ സഹായം ആവശ്യമുണ്ട് അതിനാൽ വരണം' എന്നുപറയുമ്പോൾ ആദ്യം നിരസിക്കുകയും പിന്നെ പോവാൻ ഭാര്യ സന്നദ്ധയാവുന്നതും സ്ത്രീയിലെ നന്മ കാണിക്കുന്നു. ഭാര്യയെ കൂടെ നിറുത്തി മുരളിക്ക്‌ നല്ലൊരു ഡോസ് ഡോക്ടർ കൊടുക്കുന്നു: "ഇപ്പൊ അവർക്കു നിന്നെ വേണ്ട നിനക്കാണ് അവരെ ഇപ്പോൾ ആവശ്യം' . രോഗികൾ അറിഞ്ഞാവണം ചികിത്സയെന്നതും പൊതു സന്ദേശമാണ്.

സമൂഹം വളരെ വേഗം തീർപ്പുകളിൽ എത്തുമെന്നതാണ് യാഥാർഥ്യം . അതുകൊണ്ടു തന്നെ സമൂഹത്തിനു മദ്യപാനിക്കു മേലുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ അധികം സമയമൊന്നും വേണ്ട. കണ്ടവരോടൊക്കെ കടം ചോദിക്കുകയും കള്ളം പറയുകയും ചെയ്യുന്നയാൾ ഏറ്റവും ദുർബലനാണ്. പെട്ടെന്ന് തന്നെ അരക്ഷിതാവസ്ഥയിലേക്കും ഭയത്തിലേക്കും അയാൾ വഴുതിവീഴുന്നു. ഇത്തരം അവസ്ഥകൾ അമിതാഭിനയത്തിലോട്ടു വഴുതിവീഴാതെ ചെയ്തു ഫലിപ്പിക്കുക അത്ര എളുപ്പമല്ല. മികവുറ്റ അഭിനയം കൊണ്ട് ജയസൂര്യ തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുന്നു. എക്കാലവും അഭിമാനിക്കാവുന്ന കഥാപാത്രാവിഷ്കാരം.

കല്യാണവീട്ടിൽ മദ്യപിക്കാൻ ഒരു ബോട്ടിൽ പെപ്സി കൊടുക്കുന്ന പെൺകുട്ടിക്ക് നന്ദിസൂചകമായി ചുമ്മാ ഒരു ഷേക്ക് ഹാൻഡ്‌ കൊടുത്തതാണ്. അയാളുടെ കഷ്ടകാലത്തിനു അവളുടെ മോതിരം കാണാതെപോവുന്നു . അവിടെ മുരളിയാണത്‌ അടിച്ചുമാറ്റിയതു എന്ന് സ്ഥിരീകരിക്കാൻ വളരെ എളുപ്പമായിരുന്നു. അയാൾ പറയുന്നത് അവിടെ ആർക്കും കേൾക്കേണ്ട കാരണം അയാളുടെ നാളിതുവരെയുള്ള സ്വഭാവം അയാളെ വിശ്വസിക്കാൻ കൊള്ളാത്തവനാക്കിയിരുന്നു. ലഹരിയിൽ കൂട്ടുകാരൻ പറഞ്ഞത് ശരിക്കും മനസിലാക്കാതെ മരണവീട്ടിൽ കയറി അലമ്പുണ്ടാക്കുന്ന മുരളി മുപ്പത്തിരണ്ട് ദിവസം ജയിലിൽ കിടക്കേണ്ടി വരുന്നു.

അയാളുടെ തിരിച്ചു വരവും ഉയർച്ചയും മറ്റുള്ളവർക്കും പ്രചോദനമാവും വിധം പോസറ്റീവ് എനർജിയോടെ കാണികളിലെത്തിച്ചുണ്ട്. ഇവിടെയൊക്കെ പശ്ചാത്തല സംഗീതം കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട്.മദ്യപാനം നിറുത്തി തിരിച്ചെത്തുന്ന അയാൾക്ക്‌ ജോലി നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ഡീഅഡിൿഷൻ സെന്റരലിലെ ഡോക്ടറുടെ വാക്കുകകൾ സമൂഹ മനോഭാവത്തിനു നേരെ ശക്തമായി വിരൽ ചൂണ്ടുന്നു. വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചു സൂചനയുണ്ട്. സ്വന്തമായി എന്തെങ്കിലും തുടങ്ങു എന്ന് സമാധാനിപ്പിക്കുമ്പോൾ എനിക്കെന്തറിയാം ഇൻവെസ്റ്റ്മെന്റ് ഒന്നുമില്ല എന്ന് പറയുമ്പോൾ നിങ്ങൾക്ക് വേണ്ടതെല്ലാം ചുറ്റിനുമുണ്ട്, "Insult is the biggest investment" എന്ന് പറഞ്ഞു നേരിട്ട അപമാനങ്ങളെ മൂലധനമാക്കാൻ ഉപദേശിക്കുന്ന ഡോക്ടർ മുരളിയെ മദ്യവിമുക്തനാക്കുക എന്നിടത്തു മാത്രം തന്റെ ദൗത്യം അവസാനിപ്പിക്കുന്നില്ല. അയാൾക്ക്‌ പുതിയ ദിശാബോധവും ഊർജവും നൽകുന്നു. അയാളുടെ സംരംഭത്തെ ബിസിനസ് ഓർഡർ കൊടുത്തു സഹായിക്കുന്ന വീഗാലാൻഡ് ഹോംസ് CEO കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഒന്നോ രണ്ടോ സീനുകളിൽ മാത്രമേയുള്ളുവെങ്കിലും ശബ്ദവും സംഭാഷണ രീതിയും കൊണ്ട് പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്നു.

പാട്ടുകളും സംഗീതവും തീർച്ചയായും നിലവാരം പുലർത്തുന്നുവെങ്കിലും എങ്കിലും ഈ സിനിമയിൽ ഗാനങ്ങൾ വേണ്ടായിരുന്നു എന്ന അഭിപ്രായമാണ്; പ്രത്യേകിച്ചും ഹിന്ദി പാട്ട്.

സിനിമയുടെ ശില്പികൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കാണേണ്ട സിനിമ തന്നെ.

Friday, October 15, 2021

വംശാവലി

വീടിനുള്ളിലേക്കു കയറുന്ന ആർക്കും കാണാവുന്നവിധം ചുമരിൽ ‘വട്ടമറ്റം കുരിശും കുന്നേൽ’ എന്നെഴുതിയ ബോർഡ്. മുൻവാതിലിനഭിമുഖമായി ഭിത്തിയോടു ചേർന്ന് ആൾപ്പൊക്കമുള്ള നിലവിളക്ക് കുരിശും ചുമന്നു നിൽക്കുന്നു. ഫോയറിൽ തൂങ്ങിക്കിടന്ന മരിയാ തെരേസ ഷാൻഡ് ലിയർ ക്രിസ്റ്റൽ വിളക്കിലെ വെളിച്ചം ചില്ലുകളിൽ വെട്ടി മിന്നുമ്പോൾ അതൊരു സുവർണ ശിൽപ്പം പോലെ തോന്നിച്ചു.

ചുമരിൽ ഇത്തിരിമാറി പിടിപ്പിച്ച കർത്താവിന്റെയും തൊട്ടടുത്തായുള്ള ഫാത്തിമ മാതാവിന്റെയും രൂപങ്ങൾക്കു മുന്നിൽ മിക്കവാറും രാത്രികളിൽ അടക്കിയ ശബ്ദത്തിലും ചിലപ്പോൾ മാത്രം അറിയാതെ ഉറക്കെയായിപ്പോവുന്നതുമായ രീതിയിൽ അവറാച്ചനും അന്നമ്മയും തകർത്ത് തമ്മിൽ പോരാണ്.

വേറെ എവിടെയാണെങ്കിലും അവറാച്ചന്റപ്പൻ പാപ്പുക്കുഞ്ഞു കേൾക്കും. പ്രായമായതിന്റെ ചില്ലറ അസുഖങ്ങളുമായി കിടപ്പാണേലും ഈ പ്രായത്തിലും ഫുൾ കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നത് മുഴുത്ത ആ രണ്ടു ചെവികൾ മാത്രമാണ്. ഈ വഴക്കുകൾ അപ്പൻ കേക്കരുതെന്ന് അവറാച്ചന് നിർബന്ധമാണ്.

“അല്ലെ, മിൽവാക്കീല് നിങ്ങടെ പെങ്ങടെ മോൻ വെളുമ്പിയേം കൊണ്ടു കുടുംബത്തേ കേറിയപ്പം ഒരു ദെണ്ണവുമില്ലാരുന്നല്ലോ? ഇവിടെ ഐറിന്റെ കാര്യം വന്നപ്പോ കെടന്നു തുള്ളുവാ,” പടക്കപ്പുരയിലേക്ക് അന്നമ്മ ആദ്യത്തെ കൊള്ളി തെറിപ്പിച്ചു.

“പെങ്ങടെ വീട്ടുകാര്യം നോക്കാൻ അവള കെട്ട്യോനോണ്ട്. ഞാനെതിര്‌ പറയാഞ്ഞിട്ടാന്നോ?”

ഒരേയൊരു കാര്യത്തെ ചൊല്ലിയാണ് രണ്ടുമാസത്തിലേറെയായി നടക്കുന്ന ഈ കണകൊണ പോര്. പറയുന്ന ഡയലോഗുകളും ഏകദേശം ഒരുപോലിരിക്കും. അതുകൊണ്ട് നാടക റിഹേഴ്സലിന്റെ സ്വഭാവമാണ് അവരുടെ വഴക്കിന്. അവറാച്ചൻ ജുബ്ബയും മുണ്ടുമുടുത്ത്, നിന്നേടത്തു നിന്നു കൂടുതൽ മാറാതെയാണ് ഡയലോഗ് ഡെലിവറി. അന്നമ്മയാവട്ടെ ദേഷ്യം വരുമ്പോ അകന്നു മാറിയും അടക്കം പറയേണ്ടുന്നേരം അടുത്തു വന്നും കാര്യം പറയും. താൻ അടിക്കാൻ പോവുന്നത് കുറിക്കു കൊണ്ടേക്കും എന്ന് തോന്നിയാൽ ഡയലോഗ് പറഞ്ഞിട്ട് വേഗത്തിൽ മുറിവിട്ടു പോവുന്നപോലെ കാണിക്കും. അവറാച്ചനപ്പോൾ തിരിച്ചൊന്നും പറയാനില്ലേലും പിന്നാലെ ചെന്ന് ‘നിക്ക് നിക്ക് ഇതൂടെ കേട്ടിട്ടു പോ’ എന്നു പറഞ്ഞു പുള്ളിക്കാരിയെ വലിച്ചു തിരികെ കൊണ്ടുവരും.

“നല്ല പുള്ളി. കൂടുതലൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുതേ. ഞാനൊന്നും മറന്നിട്ടില്ല കേട്ടാ. അവൾടെ കല്യാണത്തിന് അവിടെ മലയാളി കുർബാന നടത്താൻ അച്ചനില്ലാന്നു പറഞ്ഞപ്പം ഇവിടുന്നല്ലായോ പോളച്ചനേം കൊണ്ട് രായ്ക്കു രാമാനം അങ്ങോട്ട് വണ്ടി വിട്ടത്.”

“എടി അപ്പൻ പെങ്ങടടുത്തല്ല ഇവിടെയാ താമസം. അവിടെ എന്നാ നടന്നാലെന്നാ? അപ്പൻ ഇവിടുള്ളപ്പോ എന്നെക്കൊണ്ട് പറ്റത്തില്ല. കുടുംബോം പാരമ്പര്യോം ഒക്കെ വല്യ കാര്യാ അപ്പച്ചന്, അറിയാല്ലോ നെനക്ക്?”

കുരിശും കുന്നേല് തറവാടിന്റെ മതിലേല് പലകയിൽ പതിച്ചിരുന്ന വീട്ടു പേര് അതെ പോലെ പറിച്ചു ഭദ്രമായി ബാഗിൽ വച്ചോണ്ടാണ് പാപ്പുക്കുഞ്ഞു വിമാനം കേറിയത്. സ്പോൺസർ ചെയ്തു കൊണ്ടുവരാന്നേരം പാപ്പുക്കുഞ്ഞു വച്ച ഡിമാൻഡ് അത് മാത്രമായിരുന്നു. അതു കൊണ്ടാണ് കാശുള്ളോരു താമസിക്കുന്ന ബാരിങ്ങ്ടണിൽ കുന്നുകളും താഴ്‌വരകളും കൃത്രിമ തടാകങ്ങളും പൂന്തോട്ടങ്ങളും വാട്ടർ ഫൗണ്ടനും ഒക്കെയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയിലെ കത്തീഡ്രൽ മാതൃകയിലുള്ള മാളികയുടെ മുൻവാതിൽ തുറന്നു കേറുമ്പൊത്തന്നെ കാണും വിധം തറവാട്ട് പേരുറപ്പിച്ചത്. പാപ്പുക്കുഞ്ഞു വീട്ടിൽ കേറിയതിന്റെ പിറ്റേന്ന്!

“ഹും, കല്യാണത്തിനു മുന്നേ ചെറുക്കനും പെണ്ണും നാട്ടിപ്പോയതോർക്കുന്നോ? നിങ്ങടെ തറവാട്ടിലല്ലിയോ അവരു താമസിച്ചേ. അവള് ചട്ടയും മുണ്ടുമിടുന്നത് കാണണം…സാരിയുടുത്തു നിക്കണ കാണണം..ഇപ്പഴത്തെ മലയാളി പെമ്പിള്ളേര് ഇതുപോലെ സാരിയുടുക്കുവോ... അവളു നമുക്ക് ചേരുമെടീ. ദേ ഇതെല്ലാം ആ വായീന്നു മൊഴിഞ്ഞതാ..എന്നെക്കൊണ്ട് കൂടുതല് പറയിക്കണ്ട..ദേ മനുഷ്യാ ബ്യൂട്ടീഷ്യൻ ഒരുക്കിയെറക്കിയതാരുന്നു കൊച്ചിനെയന്ന് അറിയാവോ,” അന്നമ്മ മുറി വിടാനൊരുങ്ങി.

“ഒള്ളതു തന്നെയാടീ ഞാൻ പറഞ്ഞേ. ഞാൻ വിചാരിച്ചോ ഇവിടൊരുത്തി കയറു പൊട്ടിക്കാൻ ഒരുമ്പെട്ടു നിക്കുവാന്ന്? ഇതെന്നാ ചക്കയാണോടി തുന്നിച്ചു നോക്കാൻ, അതും മക്കളെ. അതുങ്ങളില് ഒരു വിശ്വാസം കാണിച്ചില്ലേ പിന്നെ എന്നാത്തിനാടി ഇക്കണ്ടതെല്ലാം?”

അവറാച്ചന്റെ വികാരപ്രകടനം ഏറ്റുവെന്നു വേണം പറയാൻ. അന്നമ്മ പെട്ടെന്ന് നിശബ്ദയായി. കുറെ നേരം ഒന്നും മിണ്ടിയില്ല. തക്കം നോക്കി അയാൾ ഒന്നുകൂടി സ്കോറ് ചെയ്യാൻ നോക്കി.

“എല്ലാം പൊളിച്ചടുക്കാൻ നീയാ കൂട്ടു നിന്നെ.”

അതുകേട്ടപാടെ അന്നമ്മ ചാർജ് ആയി.

“ഞാനാരുടേം കൂടെ നിന്നിട്ടില്ല. പക്ഷെങ്കി പിള്ളേരെ മനസ്സിലാക്കണം. അതുങ്ങള് ഇവിടെ പടിച്ചു വളർന്നതാ. വന്നിട്ട് പത്തിരുപത്തെട്ടു വർഷമായില്ലേ...ഇനീം കുരിശും കുന്നേന്നു താഴോട്ടേറങ്ങാറായില്ലേ..?”

“അത് വിട്. ചുമ്മാ തറവാടിനെ പറയാതെ.”

“എങ്ങിനെ പറയാതിരിക്കും. ആ മഹത്വം ഞാൻ കൊറേ കണ്ടതാണേ? മനോരമയില് പരസ്യം കൊടുത്തിട്ട് അവധിക്കു നാട്ടീ വന്നപ്പൊ ആലോചിച്ചു പെണ്ണുകാണാൻ വന്നത്...ഓർക്കുന്നോ? അന്നേ മഹത്വം പിടികിട്ടിയാരുന്ന്. തോമാശ്ലീഹ തൊട്ടൊള്ള പുരാണം..നമ്പൂരി മഠത്തിന്റെ വലിപ്പം. ബാക്കിയുള്ളൊരു കേട്ടു കണ്ണു തള്ളിയിരിക്കുമ്പഴാ അമ്മാച്ചൻ വേറെ രണ്ടെണ്ണത്തിനേം കൂട്ടി ശൂന്ന് വെളിയിലേക്കിറങ്ങി പോയത്. ”

“അതിനെന്നാ പറ്റി?”

“അതിയാൻ പൊറത്തെറങ്ങി പോയത് പറമ്പ് കാണാൻ അല്ലാരുന്നോ...അവിടെ കെണറൊണ്ടോ കച്ചിത്തുറുവൊണ്ടോ കോഴിക്കൂടൊണ്ടോ ന്നൊക്കെ നോക്കാനല്ലാരുന്നോ?”

“പിന്നേ നിന്റെ കോഴിക്കൂട് വിറ്റാരുന്നല്ലോ ഇങ്ങോട്ടു വരാൻ എനിക്ക് ടിക്കറ്റ് എടുത്തത്,” അവറാച്ചൻ ചുവടൊന്നു മാറ്റി ചവുട്ടി. “അവള് ഇവിടെന്നെറങ്ങി പോയിട്ടു മൂന്നു മാസമാവുന്നു..അറിയോ..പള്ളീലോട്ടു ചെന്ന് കേറാൻ മേലാ..എടീ നാണക്കേടാന്ന്”

“നിങ്ങളോടു പിണങ്ങീട്ടല്ലേ ഇറങ്ങിപ്പോയത്..അതിനു ഞാനെന്നാ എടുത്തെന്നാ?”

“ഉം അത് പറയാൻ തൊടങ്ങിയാ ഇവിടൊന്നും തീരൂല്ല. പെമ്പിള്ളേരെ വളർത്തുന്നത് തള്ളമാരാ..അല്ലാതെ അപ്പന്മാരല്ല..കോണദോഷിച്ചും കുടുംബത്തിനെപ്പറ്റി പറഞ്ഞും വളത്തേണ്ടത് തള്ളമാരാ..അതെങ്ങനാ ഹൈ സ്കൂളിൽ കേറിയപ്പോ നിറുത്തീല്ലേ നാട്ടീ പ്പോക്ക്. അല്ലെങ്കി അങ്ങനേങ്കിലും കുടുംബത്തെ അറിയാനും ആളുകളെ അറിയാനും കഴിഞ്ഞേനെ. ‘അഡ്ജസ്റ്റ് ചെയ്യാമ്മേലാ പോലും’ അതിനൊക്കെ നീ കൂട്ട് നിന്നിട്ടാ...അവള് ഫക്കും ഷിറ്റും പറഞ്ഞു സ്ഥലം വിട്ടത്”

“അതു തന്നെ, ഈ ഞാന് നേരാമ്മണ്ണം വളത്തിയതിനെക്കൊണ്ടാ മൂന്നു മാസം മുന്നെവരെ അവളു ഇവിടുണ്ടായിരുന്നെ..അല്ലെങ്കി ഈ പറഞ്ഞതെല്ലാം എന്നെ കേപ്പിച്ചിട്ടു നേരത്തെ പോയേനെ. പിള്ളേരെ അവര്ടെ മനസറിഞ്ഞു വളർത്തണം. ഇവിടെ വളന്ന പിള്ളാര് ആണാണേലും പെണ്ണാണെലും അവരോർക്കിഷ്ടമൊള്ളതേ ചെയ്യൂ”

തർക്കം ഒരിടത്തും എത്തുന്നില്ലാന്നു കണ്ട് അന്നമ്മ അടുത്തെത്തി സമവായത്തിൽ പറഞ്ഞു:

“നിങ്ങള് സമ്മതിച്ചൂന്നു പറഞ്ഞു വിളിച്ചാ അവള് വരും. നമ്മടെ മോളല്ലേ? നോക്ക് അവൻ ക്രിസ്ത്യാനിയാണെ...എല്ലാം പോട്ട് ആണാണെ..?രണ്ടാൾക്കും നല്ല ജോലീമൊണ്ട്… എന്നതാണെലും നിങ്ങടെ വട്ടമറ്റം കുരിശും കുന്നേലിനും ഒരു പടി മേളി നിക്കും ഐറിഷ് മർഫി”

“എന്നാ മർഫിയാടി അവൻ. ഇതു കേട്ടപ്പം അപ്പൻ ചോദിച്ചതാ ആദ്യം. ന്നിട്ട് ‘അവറാച്ചാ അവൾടെ പേരിന്റെ കൂടെ മർഫിന്നു ചേരത്തില്ല അത് മോരും മുതിരേം പോലെ കിടക്കും’ ന്നു. അവനെന്നാ വംശാവലിയിരിക്കുന്നെന്നാ അപ്പന്റെ ചോദ്യം”

“വംശാവലീം തെങ്ങേമൊന്നും എനിക്കറിയത്തില്ല. അത് അവർക്കു വേണോങ്കി മതിയല്ലാ?പിന്നെ, പേര് ചേരുവോ ഇല്ലയോ എന്നത് അവരാലോചിച്ചോളും..എന്നതാണേലും മൂന്നു മാസമായില്ലേ പോയിട്ട്. ഒരുമിച്ചാണെ താമസം. അവര് ചേരേണ്ടപോലെ ഇതിനകം ചേർന്നുകാണും”

“ഹും ലിവിങ് ടുഗെതർ..,അല്ലേ ഞാനാലോചിക്കുവാ എന്നാ മൈരിനാ ഒള്ള കാശു കൊണ്ട് വർഷം തോറും മലയാളി കൂട്ടായ്‌മാന്നും കമ്മറ്റിന്നും പറഞ്ഞു കളഞ്ഞത്..ഇതുങ്ങള് സമുദായത്തീ പെട്ട ആരേങ്കിലും കണ്ടു ഇഷ്ട്ടപ്പെട്ടങ്ങനെ പൊക്കോളും ന്നു കരുതി. അല്ലെങ്കി പിന്നെ ഇതിനൊക്കെ ആരേലും കാശു കളയുവോ? എല്ലാത്തിനും കെട്ടിയൊരുങ്ങി വരാനുള്ള പൂതി കണ്ടപ്പൊ ചെലവാക്കുന്ന കാശു വെറുതെ ആവണില്ലല്ലോ എന്നാരുന്നു. പിന്നല്ലേ ഇതുങ്ങള തനിനെറം അറീന്നേ..”

പതിവുപോലെ എങ്ങനെങ്കിലും ഊരേണ്ട സമയമായി എന്ന് വിചാരിക്കാൻ തുടങ്ങുമ്പോളാണ് അകത്തെ മുറീന്നൊരു മണിയൊച്ച കേട്ടത്.

“ദേ അപ്പനാ. അങ്ങോട്ട് ചെല്ലട്ട്, അവിടെ ഇനി എന്നാ ഒപ്പിച്ചു വെച്ചക്കുന്നെന്നു കാണട്ട്!”, മറുപടിക്കു കാത്തു നിൽക്കാതെ അന്നമ്മ അകത്തേക്ക് പോയി.

രണ്ടു ദിവസം കഴിഞ്ഞു.

ഒരു വെള്ളിയാഴ്ച.

‘യൂദൻമാരുടെ രാജാവായ നസ്രായക്കാരൻ ഈശോയെ, പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിലും അസുഖങ്ങളിലും നിന്നും ഭയത്തിലും പൈശാചിക ബാധയിൽ നിന്നും ദുഷ്ചിന്തകളിലും ദുഷ്ചര്യകളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും കാത്ത് രക്ഷിക്കണമേ’

രാത്രി പ്രാർഥന കഴിഞ്ഞു നെറ്റിയിൽ കുരിശും വരച്ചെഴുന്നേൽക്കുമ്പോളാണ് സൈറൻ പോലെ എന്തോ ഒച്ച കേട്ടത്. ഇത്രേം ഉറക്കെ കേട്ടപ്പൊ വല്ല കൊടുങ്കാറ്റോ ഭൂമികുലുക്കമോ മറ്റോ ആയിരിക്കും എന്നാണ് അന്നമ്മ കരുതിയത്. വർഷങ്ങൾക്കു മുമ്പ്, ഇവിടെ വന്ന കാലത്ത് ഒരു കൊടുങ്കാറ്റുണ്ടായപ്പോഴാ സിറ്റി ഇങ്ങനെ സൈറൺ മുഴക്കിയത്. അത് കേട്ടാ എല്ലാരും ഓടി ഏറ്റവും താഴെ ബേസ്‌മെന്റിൽ പോയിരുന്നോണം. മേൽക്കൂര പറന്നുപോയാലും മേളിലത്തെ നില പൊളിഞ്ഞു വീണാലും ബേസ്‌മെന്റിൽ കുഴപ്പമുണ്ടാവൂല്ല. അങ്ങിനെ അതിനു തയ്യാറെടുത്തു നിൽക്കുമ്പോഴാണ് കാളിംഗ് ബെല്ലടിച്ചത്‌.

അവറാച്ചൻ മെല്ലെ മുൻവശത്തെ മുറിയിൽ എത്തി മുറ്റത്തേക്കുള്ള ജനാലയിലെ ബ്ലൈൻഡ്‌സ് മെല്ലെയകത്തി പുറത്തേക്ക് ഒളിഞ്ഞു നോക്കി.

“എടി പോലീസാ.”

“കർത്താവെ?, എന്നാ പറ്റി? നിങ്ങളെന്തെലും കുരുത്തക്കേട് ഒപ്പിച്ചാ?”

“ഇങ്ങോട്ടൊന്നു വാ, തമാശിക്കാൻ കണ്ട നേരം”

ഒന്നൂടെ രൂപത്തെ മുത്തി കൊന്തയും ഉരുട്ടി കെട്ട്യോന്റെ കൈയും പിടിച്ച് അന്നമ്മ മുൻവാതിക്കലേക്കു നടന്നു.

ആജാനബാഹുവായ ഒരു വെള്ളക്കാരൻ പോലീസ് തൊട്ടുമുന്നിൽ. കടുംനീല യൂണിഫോമിൽ തിളങ്ങുന്ന വെള്ളിനക്ഷത്രങ്ങൾ. വാതിൽ തുറന്നതും അതുവരെ രണ്ടു കൈകളും ബെൽറ്റിൽ താങ്ങിനിന്ന അയാളുടെ വലതു കയ്യ് അറിഞ്ഞോ അറിയാതെയോ വലതു ഭാഗത്തു തൂങ്ങുന്ന റിവോൾവറിലേക്കു നീങ്ങി. അയാളുടെ വമ്പൻ ദേഹം മറഞ്ഞ് ഐറിൻ. അടുത്ത് ധൈര്യം കൊടുക്കാനെന്നോണം അവളുടെ ഒരു കൈയ്യും പിടിച്ചു കഥാനായകൻ ജാക്ക് മർഫി. ചെമ്പൻ മുടിയും താടിയും ഇടുങ്ങിയ കണ്ണുകളും ഇത്തിരി മേളിലേക്കു തുറന്ന മൂക്കുമുള്ള ഒരു ചുള്ളൻ.

മുറ്റത്തു രണ്ടു കാറുകൾ. പോലീസു കാറിന്റെ മേളിൽ നിന്നും ചുവപ്പും നീലയും അപ്പോഴും ഫ്ളാഷ് ചെയ്യുന്നുണ്ടായിരുന്നു.

അന്നമ്മ അവറാച്ചന്റെ ഇടത്തേക്കയ്യേലൊന്ന് ഒന്ന് അമർത്തിപ്പിടിച്ചത് കൈവെള്ളയിലെ വിയർപ്പുകാരണം വഴുതിപ്പോയി.

അവറാച്ചനെ ഒരു വെള്ളക്കാരൻ ‘സർ’ എന്ന് വിളിക്കുന്നത് ആദ്യമായാണ്. സ്വയം ഓഫീസർ എന്നു പരിചയപ്പെടുത്തിയ അയാൾ തിരിച്ചറിയൽ കാർഡ് കാണിച്ചു. അപ്പനും മോളും, അമ്മയും മോളും, അന്നമ്മയും അവറാച്ചനും ഒക്കെ തമ്മിലുള്ള ബന്ധം ചോദിച്ചുറപ്പിച്ചശേഷം വിനയത്തോടെ സംഗതി അവതരിപ്പിച്ചു.

ഐറിന്റെ പാസ്സ്പോർട്ടും മറ്റു വകകളും അപ്പനും അമ്മയും ഹോൾഡ് ചെയ്യുന്നത്രെ. അവൾക്കത് കിട്ടണം. എടുക്കാൻ അനുവാദമുണ്ടോ?

‘നിങ്ങള് എന്നായീ ചോദിക്കുന്നെ? അവള എന്നാ തടഞ്ഞു വച്ചേക്കുന്നെന്നാ? ഇവിടങ്ങനൊരു സംസാരം പോലുമുണ്ടായിട്ടില്ല.. പിന്നെന്നാത്തിനാ ഈ പെറുക്കിയെയും കൊണ്ട് ഇങ്ങോട്ടു ലൈറ്റും അടിച്ചു ഒള്ള ബഹളമെല്ലാം ഒണ്ടാക്കി വന്നത്?”, മലയാളിപ്പോലീസാണേൽ ഇങ്ങിനെ പറയാമായിരുന്നു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പറഞ്ഞാൽ ചെലപ്പം അയാൾടെ കൂടെ താനും സ്റ്റേഷനിലേക്ക് പോവേണ്ടി വരും എന്നോർത്താവണം മറുപടി ഇങ്ങനെയായി.

“തീർച്ച. ഒരു പ്രശ്നവുമില്ല”

അവറാച്ചൻ ഐറീനെ ഒന്ന് സൂക്ഷിച്ചു നോക്കി ഒരു ഭാഗത്തേക്കു മാറിനിന്നു. ഓഫീസർ പറഞ്ഞതനുസരിച്ച് ഐറിൻ വീടിനകത്തേക്കു നടക്കാൻ തുടങ്ങുമ്പോൾ ജാക്ക് മർഫി ‘ഹണീ’ എന്നു വിളിച്ച് അവളുടെ തോളിൽ കൈവച്ചു. ഒരു ധൈര്യത്തിന് താനും വരാം എന്നാണ് പറയുന്നതെന്ന് മനസ്സിലാക്കിയ അവൾ ‘ഇറ്റ്സ് ഓക്കേ’ എന്നും പറഞ്ഞു ഇലക്ട്രിക്ക് ബോട്ട് കുതിക്കുന്നപോലെ ഉള്ളിലേക്കൊരു പോക്ക് പോയി. അവളുടെ പുറകെ ‘എന്നാ മോളെയിത്? ഇതിന്റെയൊക്കെ വല്ല കാര്യോം ഉണ്ടാർന്നോ’ എന്നു ചോദിച്ചോണ്ടു പോവാൻ തുടങ്ങിയ അന്നമ്മയെ അവറാച്ചൻ ഒറ്റ നോട്ടത്തിൽ തളച്ചു.

എടുക്കേണ്ട രേഖകളും അത്യാവശ്യ സാമാനങ്ങൾ പാക്ക് ചെയ്ത രണ്ടു പെട്ടികളും വലിച്ച് ഐറീൻ, അപ്പന്റെയും അമ്മേടെയും മുന്നിലൂടെ കൂളായി നടന്നു. പുറത്തെ വാതിൽ കടന്നതും ജാക്ക് രണ്ടു കൈയ്യിലേയും പെട്ടികൾ തട്ടിപ്പറിച്ചെടുത്ത് അവരുടെ കാറിനടുത്തേക്ക് നടന്നു.

സഹകരണത്തിന് നന്ദി പറഞ്ഞ് ഓഫീസറും അയാളുടെ കാറിനടുത്തേക്കു പോകാൻ തുടങ്ങി.

അകത്തേക്ക് കയറിയപ്പോഴോ പുറത്തേക്കു ഇറങ്ങിയപ്പോഴോ ഒരു തവണ പോലും അമ്മച്ചീടെ മുഖത്തുനോക്കാതെ ഇറങ്ങിപ്പോയ മോളെയോർത്തു നെഞ്ച് കലങ്ങി അന്നമ്മ വാതിൽപ്പടിയിൽ നിൽപ്പുണ്ടായിരുന്നു. കാറിൽ കേറുന്നതിനു മുൻപെങ്കിലും അവൾ ഒന്ന് തിരിഞ്ഞു നോക്കുമെന്നു കരുതി. പക്ഷെ അതുണ്ടായില്ല.

രണ്ടും കാറുകളും സ്റ്റാർട്ട് ചെയ്യുമ്പോൾ അവറാച്ചൻ അന്നമ്മയെ വലിച്ചു വീടിനുള്ളിലേക്ക് കയറ്റി.

പുറത്തെ വാതിൽ ശക്തിയായി വലിച്ചടച്ചു.

വിചിത്രവീര്യൻ

ഉച്ചതിരിഞ്ഞ് ഷോപ്പിംഗ് മാളിൽ ക്ലാസ്സിലെ കുട്ടികളെയും കൂടെക്കൂട്ടി നടക്കുകയായിരുന്നു. പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളായ കാരണം ഇടയ്ക്ക് ഇങ്ങനെ ചില ഔട്ടിങ് ഒക്കെ അവർക്ക് ആവശ്യമാണ്. അന്നേരമാണ് പൂനം എവിടുന്നോ പ്രത്യക്ഷപ്പെട്ട് ഒപ്പം കൂടിയത്.

“ഹി ഈസ് മിസ്സിംഗ്. കുറച്ചുദിവസമായി കാണാനില്ല,” അടുത്തു ചേർന്നു നടന്ന്, അങ്ങനെ പറഞ്ഞപ്പോൾ മാത്രമാണ് സവിത അവരെ സൂക്ഷിച്ചു നോക്കിയത്, ആദ്യമായി. നെറ്റിക്കുമേലെ ഇരുവശങ്ങളിലും അകാലത്തിലെ നര വെള്ളിയിട്ടിക്കുന്നു. ഗാന്ധി കണ്ണട. നെറ്റിയിൽ നിറയെ ചുളിവുകൾ. ചോരച്ചുവപ്പു ലിപ്സ്റ്റിക്ക് ചുണ്ടുകൾക്കു പിന്നിൽ കൃത്രിമമായി വെളുപ്പിച്ച പല്ലുകൾ ചിരിക്കാൻ മാത്രം ഒരുങ്ങി നിന്നു. കുറെനേരം ഒന്നും മിണ്ടാതെ കൂടെ നടന്നശേഷം പെട്ടെന്നടുത്തുവന്ന് എന്തോ രഹസ്യം പറയും പോലെയാണതു പറഞ്ഞത്:

“സമീറിന്റെ കാര്യമാണ്,” ആളാരാണെന്നു ചോദിക്കാൻ നാവെടുത്തതാണ്. വേണ്ടിവന്നില്ല.

സ്കൂളിലെ പുതിയ സ്റ്റാഫ് ആണ് പൂനവും ഭർത്താവു സമീറും. മൂന്നാഴ്ച മുമ്പ് മാത്രമാണ് തൻ്റെ സഹ അധ്യാപകരായി സ്‌കൂളിൽ ജോലി തുടങ്ങിയത്. എന്നാൽ ഒരാഴ്ചയായി അയാൾ സ്കൂളിൽ വരുന്നുണ്ടായിരുന്നില്ല. ‘സമീറിന് എന്തു പറ്റി?’ എന്ന രണ്ടു ദിവസം മുൻപുള്ള ചോദ്യത്തിനുള്ള മറുപടിയുടെ തുടക്കമായിരുന്നു പൂനത്തിന്റെ വാക്കുകൾ.

അവർ മൂന്നു പേരായിരുന്നു ഇന്ത്യാക്കാരായി ആ സ്‌കൂളിൽ ഉണ്ടായിരുന്നത്. പുതിയതായി ചേർന്ന ജോഡി, വിചിത്രമായ രീതികൾ കൊണ്ട് വളരെ വേഗം തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വേഷത്തിലും പെരുമാറ്റത്തിലുമെല്ലാം വല്ലാതെ വ്യത്യാസപ്പെട്ടവരായിരുന്നു രണ്ടുപേരും. മുട്ടുവരെ നിൽക്കുന്ന ഫ്രോക്കിലാണ് പൂനം സ്‌കൂളിലെത്തിയിരുന്നത്. ഓരോ ദിവസവും ഫ്രോക്കിലെ പൂക്കൾക്ക് മാത്രം നിറവും വലിപ്പവും മാറിയിരുന്നു. സമീറിനാവട്ടെ വസ്ത്രധാരണത്തിൽ ഒട്ടുമേ താല്പര്യം ഉണ്ടായിരുന്നില്ല. പഴഞ്ചൻ ജീൻസും നരച്ച ഓവർ കോട്ടുമായിരുന്നു വേഷം. പിന്നെ ഒരു ബീനി തൊപ്പിയും കണ്ണടയും. എന്നാൽ എല്ലാ ദിവസവും ക്ലീൻ ഷേവ് ആയി മാത്രമെ അയാൾ സ്കൂളിൽ എത്തുമായിരുന്നുള്ളു.

ഉച്ചക്കു കഴിക്കാന്നേരം, ബ്രേക്ക് റൂമിൽ മറ്റുള്ളവരുടെ കൂടെയിരിക്കാതെ, സമീറും പൂനവും ദൂരെ മാറി ഒരൊഴിഞ്ഞ കോണിലാണ് ഇരിക്കുക. എല്ലാവരും കാണെ വല്ലാത്ത പ്രേമപരവശ്യം അവരോടു തുറന്നു കാട്ടാൻ അയാൾ മനഃപൂർവം ശ്രമിച്ചിരുന്നു. മധ്യവയസ്സുകഴിഞ്ഞവർക്കിടയിലെ പരസ്യമായ പ്രണയപ്രകടനങ്ങൾ മറ്റു സ്റ്റാഫുകൾക്കിടയിൽ അവരെ നോട്ടപ്പുള്ളികളാക്കി. അതും ഒരു സ്കൂൾ അന്തരീക്ഷത്തിലാണെന്നോർക്കണം.

“സ്വീറ്റി...മൈ ലവ്..” എന്നൊക്കെ ഉറക്കെ പറയുന്നതും അവരുടെ കണ്ണുകളിൽ പ്രേമാർദ്രമായി നോട്ടമെറിയുന്നതും സവിതയുൾപ്പെടെയുള്ളവർ കൗതുകത്തോടെയാണ് കണ്ടിരുന്നത്. അസഹ്യമായ പ്രകടനപരത. പി. ഡി. എ (പബ്ലിക് ഡിസ്പ്ലേ ഓഫ് അഫക്ഷൻ), അതായിരുന്നു അത്തരക്കാർക്ക് അവർക്കിടയിലെ കോഡ് വാക്ക്. ചാപല്യങ്ങൾ കണ്ടുമടുത്ത കണ്ണുകൾക്ക് ഇതെല്ലം തികച്ചും അരോചകമായിരുന്നെങ്കിലും, പ്രണയം വിരസവും എന്തിന് സെക്സ് പോലും വെറും ചടങ്ങുമാവുന്ന പ്രായത്തിൽ ഇത്രയും ചേർച്ചയോടെ ഒത്തുപോകാൻ അവർക്കു കഴിയുന്നല്ലോ എന്ന് പലരും അത്ഭുതപ്പെട്ടു. ചിലർ അസൂയപ്പെട്ടു.

അതിലൊരാൾ മറ്റെയാളെപ്പറ്റി അപ്രതീക്ഷിതമായി ഇങ്ങിനെ പറഞ്ഞതാണ് സവിതയെ അമ്പരപ്പിച്ചത്.

അവൾ മുന്നിൽ നടക്കുന്ന കുട്ടികളെനോക്കി. മാളിൽ തിരക്കൊഴിഞ്ഞ സമയമാണ്. അവരങ്ങു നടന്നോളും; ഇടക്കൊരു കണ്ണുണ്ടായാൽ മതി. അതുകൊണ്ട്‌ ‘പറഞ്ഞോളൂ’ എന്നുപറയാനാണു തോന്നിയത്. എന്നാൽ അതിനുമുമ്പേ, മുഖംപോലും നോക്കാതെ അവർ സംസാരിക്കാൻ തുടങ്ങിയിരുന്നു; അടക്കിയ സ്വരത്തിൽ.

“വെർജീനിയ വിട്ടിവിടെവന്നതും രണ്ടുപേരും പുതിയ ജോലിയിൽ കേറിയതുമെല്ലാം സമീർ ഏതെങ്കിലും മട്ടിൽ നന്നാവട്ടെ എന്ന് കരുതീട്ടായിരുന്നു. ഒപ്പം, എന്റെയുള്ളിലെ പേടി കുറയുമെന്നും കരുതി. അവിടെവച്ച്‌ ഇടയ്ക്കൊക്കെ ആരോടും പറയാതെ വീട് വിട്ടുപോകും. തുടക്കത്തിൽ നല്ല ടെൻഷനായിരുന്നു. വിട്ടുപോക്കും തിരിച്ചു വരലും സ്ഥിരം പരിപാടിയാണെന്നു മനസ്സിലായശേഷം ഞാനതൊന്നും മൈൻഡ് ചെയ്യാറില്ലായിരുന്നു. ഏറിയാൽ നാലഞ്ചു ദിവസം, അപ്പോഴേക്കും പോയപോലെ തിരിച്ചെത്തും. പക്ഷേ ഇവിടെ വന്നശേഷം ആദ്യമായാണ്. പോയിട്ട് ഒരാഴ്ച്ച കഴിയുന്നു.”

അപ്പോഴാണ് അവരുടെ കണ്ണുകളിലും വാക്കുകളിലും ഭയവും നിരാശയും ഉൽക്കണ്ഠയും നിറഞ്ഞു നിന്നിരുന്നത് സവിത ശ്രദ്ധിച്ചത്. ആകെ ആശയക്കുഴപ്പത്തിലായെങ്കിലും ആ സമയത്ത് അവരാണ് സംസാരിക്കേണ്ടത് എന്ന് അവൾക്കു തോന്നി. ഒത്തിരി സംശയങ്ങളും ചോദ്യങ്ങളും മനസ്സിലുയർന്നെങ്കിലും ‘ഇപ്പോഴെന്താണുണ്ടായത്?’എന്നു മാത്രമാണു ചോദിച്ചത്.

“സവിത അവനെ കണ്ടിട്ടുണ്ടോ?”, മറുചോദ്യത്തിലൂടെ അതാ വരുന്നു മറ്റൊരു സസ്പെൻസ്. അത് ചോദിക്കുമ്പോൾ അവരുടെ ഭാവപ്പകർച്ച സവിത ശ്രദ്ധിക്കാതിരുന്നില്ല.

പൂനം പേഴ്സ് തുറന്ന് ഒരു ഫോട്ടോ പുറത്തെടുത്തു. മെലിഞ്ഞു നീണ്ടൊരു പയ്യൻ. അയഞ്ഞൊരു ടീ ഷർട്ടും ബർമുഡയുമാണു വേഷം. മെലിഞ്ഞ കൈകാലുകൾ. ഊശാൻ താടിയും കണ്ണടയും. നെറ്റിയിൽ തെറിച്ചുവീണ അനുസരണയില്ലാത്ത നീണ്ട തലമുടി. ഒരു വെളുത്ത പോമറേനിയനെയും നെഞ്ചോടു ചേർത്ത് വെളുക്കെ ചിരിച്ചു നിൽക്കുന്നു.

“പതിനെട്ടു വയസാണ്. ഇല്ലാത്ത അസുഖങ്ങളില്ല - ആസ്മയും അലർജിയും ഉൾപ്പെടെ പലതും. ഈ വർഷം അവനു കോളേജിൽ പോണം. അതും പറഞ്ഞു സമീറുമായി വഴക്കുണ്ടായി. അതാണ് എല്ലാത്തിനും കാരണം”

“കോളേജിൽ പോവുന്നതിനു വഴക്കെന്തിന്? അതിനെച്ചൊല്ലി വീടുവിട്ടു പോകേണ്ട കാര്യം?”

“വാക്‌സിനേഷനായിരുന്നു വിഷയം. ഇത് മാത്രമല്ല, മുടങ്ങിപ്പോയ എല്ലാ വാക്സിനും എടുക്കും എന്നവൻ സമീറിന്റെ മുഖത്തുനോക്കി പറഞ്ഞു.”

വാക്‌സിനെച്ചൊല്ലി വാക്കുതർക്കമോ? സവിത അന്ധാളിച്ചു.

“കുട്ടിക്ക് ഒരു വാക്‌സിനും എടുക്കാൻ അയാൾ സമ്മതിച്ചിരുന്നില്ല. ചെറുപ്പത്തിൽ അയാളുടെ വാക്കുകളിൽപ്പെട്ടു ഞാനും ആന്റി വാക്സിൻ ക്യാമ്പിൽ ചെന്നുപെട്ടിരുന്നു. ഒരു ശാസ്ത്രഞ്ജനോട് അയാളുടെ വിഷയത്തിൽ തർക്കിച്ചു ജയിക്കാനാവുമോ?”

വാക്സിൻ എടുക്കുന്ന കുഞ്ഞുങ്ങൾക്ക് സിഡ്‌സ് (SIDS) എന്ന അസുഖം വന്നു മരണപ്പെടുന്നതിനെക്കുറിച്ചു തെളിവുകൾ നിരത്തി വാക്‌സിനുകൾ എടുക്കുന്നതിനെ അയാൾ നിരുത്സാഹപ്പെടുത്തിയിരുന്നു. അങ്ങനെ പ്രധാനപ്പെട്ട വാക്‌സിനുകളെല്ലാം മുടങ്ങി. അക്കാലത്ത് സമീർ, പേരുള്ള സയൻന്റിസ്‌റ്റ് തന്നെയായിരുന്നു. തൊണ്ണൂറ്റിഎട്ടിൽ ലാൻസെറ്റ് (Lancet) മാസികയിൽ എം എം ആർ വാക്‌സിനും ബുദ്ധിമാന്ദ്യവും ബന്ധപ്പെടുത്തിവന്ന പരമ്പരയിൽ അയാളുടെ സംഭാവനയുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയുള്ള വിചിത്ര രീതികളുമുണ്ടായിരുന്നു. ചില ആന്റി വാക്‌സിനേഷൻ ഗ്രൂപ്പുകളിലും സജീവമായിരുന്നു എന്ന് വൈകിയാണറിയുന്നത്.

ജൈവരസതന്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ളയാളാണ്. അമേരിക്കയിൽ സ്കോളർഷിപ്പോടെയെത്തി പഠിച്ചു. ഒരുമിച്ചു ജോലിചെയ്ത കമ്പനിയിൽ വച്ചാണ് തമ്മിൽ പരിചയത്തിലാവുന്നത്. തമിഴ് നാട്ടിൽ നിന്നുള്ള മധുമതി അങ്ങിനെയാണ് മഹാരാഷ്ട്രക്കാരൻ സമീർ മഹ്‌റിന്റെ ഭാര്യ പൂനം മഹർ ആവുന്നത്. സാഹസികത ഒട്ടും കുറവില്ലാത്ത പ്രണയവിവാഹം.

കുടുംബപരമായി അവരെ അറിയുന്ന ബോസ് അയാളെ കല്യാണം കഴിച്ചതിന്റെ പേരിൽ മാത്രം ഉപദ്രവിക്കുകയായിരുന്നു. അയാളുടെ സൗഹൃദവലയങ്ങളിലെല്ലാം, സമീർ സർക്കാർ ആനുകൂല്യം കൊണ്ട് മാത്രം അമേരിക്കയിൽ വിദ്യാഭ്യാസം നേടി ഉയരത്തിലെത്തിയതെന്നായിരുന്നു പറഞ്ഞു പരത്തിയത്. പല കാരണങ്ങൾ പറഞ്ഞ് അയാളുടെ ഉദ്യോഗക്കയറ്റം അവർ തടഞ്ഞുവച്ചു. ഒട്ടും താൽപ്പര്യമില്ലാത്ത പ്രോജെക്ടുകളിൽ കൊണ്ടിട്ടു. ശമ്പള വർദ്ധന തടസപ്പെടുത്തി. കൂടെ ജോലി ചെയ്യുന്നവർക്കിടയിൽ ഒരു നെഗറ്റീവ് ഇമേജു നല്കി ദുർബലപ്പെടുത്തി. തുടർന്ന് ഒരിടത്തുമെത്താതെപോയ കേസുകൾ. അവ മൂലമുണ്ടായ ഒറ്റപ്പെടലുകൾ. എന്നാൽ അതൊന്നും തന്നെ പൂനത്തിനു വിഷയമായിരുന്നില്ല, അയാളുടെ രീതികൾ സ്വന്തം കുഞ്ഞിന്റെ ജീവിതം തൊട്ടു കളിയ്ക്കാൻ തുടങ്ങും വരെ.

കേൾക്കുകയല്ലാതെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉള്ള മനസായിരുന്നില്ല സവിതക്കപ്പോൾ.

“ഞാനെന്തുതരം സ്ത്രീയെന്നാവും ചിന്തിക്കുന്നത്..അല്ലെ? ഏതൊരമ്മയും കുട്ടി ജീവിച്ചിരിക്കാനും ആരോഗ്യത്തോടെ വളരാനുമല്ലേ പ്രസവിക്കുന്നത്? ഇണയെ തെരഞ്ഞെടുക്കുന്നതു പോലും സ്വന്തം കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കാനാവുമോ എന്ന് ഉള്ളാലെയെങ്കിലും അളന്നാണ്. പക്ഷെ എന്റെ അന്നത്തെ മാനസികാവസ്ഥ വേറൊന്നായിരുന്നു. വിശ്വസിച്ചയാളെ അങ്ങേയറ്റംവരെ വിശ്വസിക്കുക എന്നിടത്ത്. മാത്രവുമല്ല ഓഫീസിൽ സമീറിനു പ്രശ്നങ്ങൾ ഉണ്ടായ സമയവുമായിരുന്നു, അങ്ങു നിന്നുകൊടുത്തു. കുട്ടീടെ ഈ അവസ്ഥക്കുകാരണം ഞാൻ തന്നെ.. എന്നെപ്പറഞ്ഞാൽ മതി..,”

“വാക്‌സിൻ എടുക്കുമെന്ന് അവൻ പറഞ്ഞതും സമീർ ദേഷ്യപ്പെട്ട് അകത്തുപോയി. അയാൾ തിരികെ വന്നത് ഒരു പാമ്പുമായായിരുന്നു. സമീറിന്റെ പെറ്റ്. വിഷമില്ലാത്തത് എന്നാണ് പറഞ്ഞിട്ടുള്ളത്..ആർക്കറിയാം! കിടപ്പുമുറിയിൽ കണ്ണാടിക്കൂട്ടിലാണതിന്റെ വാസം. എപ്പോൾ നോക്കിയാലും പന്തുപോലെ ചുരുണ്ടിരിക്കും. ചെറിയതല. മെലിഞ്ഞ വാൽഭാഗം. ബാക്കിയൊക്കെ ഒട്ടും സ്വാഭാവികമല്ലാത്ത വിധം തടിച്ചിട്ടാണ്. വാലിന്മേൽ ശരീരം ചുരുട്ടിച്ചുരുട്ടി തല ഏറ്റവും മേളിൽ വച്ചാണിരിപ്പ്. തപസ്സിലെന്ന പോലെ. തവിട്ടുനിറം. എണ്ണയുഴിഞ്ഞപോലുള്ള ഉടൽ. ഇടയ്ക്കു നീട്ടുന്ന നാവും ഇളം മഞ്ഞക്കരയുള്ള ചത്തകണ്ണുകളും,”

“പിന്നിൽ നിന്നൊരു ശബ്ദം കേട്ടാണ് ഗണേഷ് തിരിഞ്ഞു നോക്കിയത്. വലത്തേ കൈയിൽ തലയും ഇടത്തേകൈയ്യിൽ വാലും പിടിച്ചു പാമ്പിനെ നെഞ്ചോട് ചേർത്ത് വലിച്ചുനീട്ടി അയാൾ തൊട്ടുമുന്നിൽ.

അങ്ങനെ ചെയ്താൽ..കൊല്ലും ഞാൻ - പറഞ്ഞു തീർന്നതും പാമ്പിനെ അവന്റെ ദേഹത്തേക്കെറിഞ്ഞു.”

അറിയാതെ സവിത ശരീരം ഒന്നു പെരുത്തു കുടഞ്ഞു. ചെറുതായിരിക്കുമ്പോൾ, ചുമരിലിരുന്ന പല്ലിയെ ഈർക്കിലിനടിച്ചപ്പോൾ അത് പിടഞ്ഞു ദേഹത്തു വീണപ്പോൾ ചെയ്തപോലെ.

“അവൻ നിലവിളിച്ചു പുറത്തേക്കോടി. പിറകെ ഞാനും. ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും അയാൾ വീടുവിട്ടു പോയിരുന്നു.”

“എന്തിനാണ് ഈ ഭാരം ചുമക്കുന്നത്?,” ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“എത്രയോ തവണ സ്വയം ചോദിച്ച ചോദ്യം. സമൂഹത്തിനെതിരെ നീങ്ങി പരാജയപ്പെട്ടു എന്നു തോന്നാതിരിക്കാൻ. അങ്ങനെ മറ്റുള്ളവരെക്കൊണ്ടു പറയിക്കാതിരിക്കാൻ. അവിടം വിട്ടു മറ്റൊരിടത്ത് വേറേതെങ്കിലും ജോലിയെടുത്താൽ മാറിക്കോളും എന്ന വ്യാമോഹം.”

അവർ പെട്ടെന്ന് നിറുത്തി. രണ്ടുപേരും ഒന്നുനിന്നു, അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചെറിയ കിതപ്പോടെ, കൈകൾ കൂട്ടി തിരുമ്മി. കടൽക്ഷോഭത്തിലുലഞ്ഞു മറിയാൻ തുടങ്ങുന്ന ചെറു തോണിയെപ്പോലെ തന്റെ മുന്നിൽ നിന്ന ആ സ്ത്രീയെ അവൾ ചേർത്തുപിടിച്ചു. ചുമലിൽ കൈവച്ചു പറഞ്ഞു, “എല്ലാം ശരിയാവും, വിഷമിക്കണ്ട.”

ഒന്നുമറിയാതെ, കുട്ടികൾ മുമ്പേ നടന്നുപോവുന്നതു കണ്ട് അവർക്കൊപ്പമെത്താനെന്നോണം രണ്ടുപേരും വേഗം കൂട്ടി. കുറെനേരം അവർ ഒന്നും സംസാരിച്ചില്ല. “കൗണ്സിലിംഗോ...അതുപോലെ മറ്റെന്തെങ്കിലും കൂടെ നോക്കാമായിരുന്നില്ലേ?,” പൂനം ഒന്ന് തണുത്തു എന്ന് തോന്നിയപ്പോഴാണ് സവിത ചോദിച്ചത്.

“കൗൺസിലിംഗിന് പോയി ഡോക്ടർക്കു കൗൺസിലിംഗ് കൊടുത്തു തിരികെ വരും. സൈക്യാട്രിസ്റ്റ് എന്നുകേട്ടാൽ കലിയാണ്!” പൂനം പരിഹാസത്തോടെ ചിരിച്ചു. “ഞാനതൊക്കെ എന്നേ മറന്നു.”

അയാളോടൊപ്പം കൂടി തനിക്കും വട്ടായെന്നു പൂനം നിരാശപ്പെട്ടു. അകമേ അയാൾ വേറൊരാളാണ്. ബോധത്തിനും ബുദ്ധിക്കും മേലെ കനത്ത പാട പടർന്ന ഒരാൾ. ഒരു കാര്യത്തിലും താല്പര്യമില്ല. മറ്റേതോ ലോകത്തിൽ ജീവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തൊട്ടതിനും പിടിച്ചതിനുമൊക്ക കലപിലയാണ്.

പുറംലോകം സമീറിന് അഭിനയിക്കാനുള്ള അരങ്ങു മാത്രമാണ്. അതിന്റെ ഭാഗമാണ് സ്കൂളിലെ റൊമാൻസ്.

“ആൽക്കഹോൾ?..ഡ്രഗ്സ്..?”

“അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ മതിയെന്നാണ്! ശല്യം ഒതുങ്ങുമല്ലോ! ഫോട്ടോയിൽ കണ്ട പട്ടിക്കുഞ്ഞില്ലേ? കിം. മോനുവേണ്ടി സമീർ വാങ്ങിയതാണ്. മുഴുവൻ പേര് കിം ജോംങ് യുൻ. കൊറിയൻ ഏകാധിപതിയുടെ പേര് പട്ടിക്കിട്ടതിന് പിന്നിലെ രഹസ്യം ഇനിയും പിടികിട്ടിയിട്ടില്ല. സ്കൂൾ കഴിഞ്ഞു വന്നാൽ അതിനെയും കളിപ്പിച്ചിരിപ്പായിരുന്നു. അതിനു വേണ്ടിപ്പോലും മോനോട് തല്ലുകൂടാറുണ്ട്... ഹി ഈസ് ആൻ ആസ് ഹോൾ.”

സ്കൂളിനെക്കുറിച്ചു പറഞ്ഞപ്പോഴാണ് അയാളുടെ പഴഞ്ചൻ ബാക്ക്പാക്കിനെക്കുറിച്ച് സവിതയോർത്തത്. എന്തൊക്കെയോ കുത്തിനിറച്ചു പൊട്ടുന്ന പാകത്തിലായിരുന്നു അത്. ഉച്ചക്ക് രണ്ട് ആപ്പിൾ മാത്രം കഴിക്കുന്നയാളുടെ ബാക്ക്പാക്ക് ഇത്രയധികം നിറഞ്ഞിരിക്കുന്നതിൽ എന്തോ പന്തികേടു തോന്നിയിരുന്നു. അങ്ങനെ കൂട്ടുകാരി മീനാക്ഷി ടീച്ചറെക്കൊണ്ട് ചോദിപ്പിച്ചു. കേട്ടപാതി അതഴിച്ചു മേശപ്പുറത്തുവച്ചു തുറന്നു. ഒരു വലിയ ബോയ് ഡോൾ - നീല ഫ്രെയിമുള്ള കണ്ണടവച്ച്, ജീൻസും ടീഷർട്ടുമിട്ടൊരെണ്ണം. അതിനുമുണ്ടായിരുന്നൊരു കുഞ്ഞു ബാക്ക് പാക്ക്. പിന്നെ ഗണേഷിന്റെയാവണം കുട്ടിക്കാലത്തെ ലെഗോസ് കളിപ്പാട്ടങ്ങൾ. കൂടാതെ മഞ്ഞയും ചുവപ്പും ഫ്രെയിമുകളുള്ള കണ്ണടകളും.

ആയിടക്കാണ്, താല്പര്യമുള്ള അധ്യാപകർക്ക് സ്കൂൾ ബസ്സ് ഓടിക്കാം എന്ന അറിയിപ്പുവന്നത്. സമീർ ചാടിവീണു, അയാൾക്ക്‌ വണ്ടി ഓടിക്കണം. ബസ്സുനിറയെ പരിഭ്രമം നിറച്ച ആദ്യയാത്രയോടെ ആ പണി പോയിക്കിട്ടി. എങ്ങോട്ടു പോണം എന്ന് തിട്ടമില്ലാത്ത ഡ്രൈവർ. ആര് പറയുന്നതും കേൾക്കാതെ നേരെ വിട്ടത് കുറച്ചു മാറിയുള്ള ബീച്ചിലേക്കാണ്! അതും പതിനഞ്ചു മൈൽ വേഗതയിൽ…അവൾക്കു ചിരിവന്നു.

“ഒന്നു ടോയ്‌ലെറ്റിലേക്ക് വരാമോ?,” ഒരു ദിവസം വൈകുന്നേരം സ്കൂൾവിട്ടു പുറത്തേക്കിറങ്ങാൻ നേരം പൂനം ചോദിച്ചു. എപ്പോഴും അവർ അങ്ങിനെയാണ്. യാതൊരു ഉപചാരവുമില്ലാതെ പറയേണ്ടത് വെട്ടിത്തുറന്നങ്ങു പറയും, ചോദിക്കേണ്ടതു ചോദിക്കും,.

“അതിനെന്താ നമുക്കൊരുമിച്ചു നടക്കാം?”

അതുവേണ്ട താൻ പിന്നാലെ വന്നോളാം എന്ന് പറഞ്ഞപ്പോൾ സവിതക്കു സംശയമായി. എന്നാലും, പറഞ്ഞതനുസരിച്ച് ആദ്യം തന്നെ ടോയ്‌ലെറ്റിലെത്തി കാത്തുനിന്നു. അൽപ്പനേരം കഴിഞ്ഞ് പൂനം എത്തി. വാതിൽചാരി അവർ അടുത്തുവന്നു. സവിത ചിരിക്കാൻ ശ്രമിച്ചു. പൂനം ചുമലിൽ മെല്ലെ കൈവച്ചു.

“എനിക്കു നിന്നെ വിശ്വാസമാണ്.”

പെട്ടെന്നു ശ്വാസഗതി ഉയർന്നു. ഹൃദയമിടിപ്പ് കൂടി. ചെറുതായി വിയർക്കാൻ തുടങ്ങുമ്പോഴാണ് അവളെ അതിശയിപ്പിച്ചുകൊണ്ട് അവർ തോളിൽ തൂക്കിയിരുന്ന ബാഗ് കയ്യിലെടുത്തു തുറന്നത്. ആദ്യം ഫോൺ പുറത്തേക്കെടുത്തു. അതിന്റെ ബാറ്ററി ഇളക്കിമാറ്റി പ്രത്യേകം വച്ചിരുന്നു. ഫോണും ബാറ്ററിയും വാഷ് ബേസിനിൽ വച്ചു.

ബാഗിനുള്ളിൽ നിന്നും റബ്ബർബാൻഡിട്ടു സൂക്ഷിച്ചിരുന്ന ഒരു കെട്ട് സവിതയുടെ നേരെ വച്ച്നീട്ടി. പത്രവാർത്തകളുടെ കട്ടിങ്ങുകൾ, ഫോട്ടോകൾ, ഒരു ഡയറി ഒക്കെയടങ്ങുന്നതായിരുന്നു അത്.

നോട്ടം വീണത് അവരുടെ ഭർത്താവിന്റെ പടമുള്ള ഒരു റിപ്പോർട്ടിലായിരുന്നു. വെർജീനിയ സംസ്ഥാനത്തെ റിച്ച്മണ്ട് എന്ന സ്ഥലത്തു നിന്നുള്ള വാർത്ത. ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ കൊടുത്ത കേസിനെക്കുറിച്ചായിരുന്നു അത്. അതുമാത്രം കൈയിലെടുത്ത് ഒന്നോടിച്ചു നോക്കി. മുമ്പു പറഞ്ഞതിന്റെ തെളിവുകളാണ്.

ആദ്യം കമ്പനിയിലെ ഹ്യൂമൻ റിസോഴ്സസിനെ സമീപിച്ചു. പിന്നെ സ്വന്തം നിലയിൽ കേസ്. എല്ലാം പരാജയപ്പെട്ടപ്പോഴേക്കും അവർ തീർത്തും ഒറ്റപ്പെട്ടിരുന്നു. ജോലിസ്ഥലത്തു മാത്രമല്ല അതുവരെ ഭാഗമായിരുന്ന ദേശി കൂട്ടായ്മകളിലും. പിന്നെ ജോലിയിടത്തെ തിരിച്ചടികൾ. പീഡനം സഹിക്കവയ്യാതെ രണ്ടുപേരും ജോലി രാജിവച്ചു. ഒരുമാസത്തിനകം അവിടം വിട്ടു പോരുകയും ചെയ്തു.

ഇത്രയും വലിയ വിദ്യാഭ്യാസം ഉള്ളവർ എന്തിനാണ് ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ അദ്ധ്യാപകരായെത്തിയത്? മറ്റെതെങ്കിലും സ്ഥലത്തു ശ്രമിക്കാമായിരുന്നല്ലോ.

മനസമാധാനത്തിനെന്നായിരുന്നു മറുപടി. പത്രങ്ങളിൽ വാർത്ത വന്നശേഷം അവരനുഭവിച്ച ഒറ്റപ്പെടൽ ഭീകരമായിരുന്നത്രെ. പുറംനാട്ടിൽ സ്വതവേയുണ്ടാവുന്ന അന്യവത്കരണത്തിനു പുറമെ സ്വന്തം ദേശക്കാരുടെ ഒഴിവാക്കൽ കൂടിയായപ്പോൾ പിടിച്ചുനിൽക്കാനായില്ല. വിളിച്ചാൽ തിരിച്ചു വിളിക്കാതെയായ സുഹൃത്തുക്കൾ, തങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒത്തുചേരലുകൾ, എവിടെയെങ്കിലും കണ്ടുപോയാലുള്ള അവഗണന, അടക്കം പറച്ചിലുകൾ.

എന്നാൽ ഇവിടെയെത്തിയിട്ടും സമീർ ഒരിക്കലും നേരെയായില്ല.

കൂടുതൽ മോശമാവുക മാത്രമാണുണ്ടായത്.

ഒരാഴ്ച കഴിഞ്ഞു കാണും. പൂനം രണ്ടാഴ്ചത്തെ അവധിയെടുത്തുപോയി. ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഫോൺ ചെയ്തിട്ട് ഗുണമില്ലെന്നറിയാമെങ്കിലും ശ്രമിച്ചു നോക്കി. മിക്കവാറും വിളിച്ചപ്പോഴൊക്കെ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നെ വാട്‍സ്ആപ്പ് സന്ദേശങ്ങളയച്ചു. പെട്ടെന്നൊരുദിവസം മറുപടി വന്നു.

“ഗണേഷ് ആശുപത്രിയിലാണ്”

എന്തുപറ്റി എന്നതിന് ആശുപത്രിയുടെ വിലാസവും മറ്റുവിവരങ്ങളും ആയിരുന്നു മറുപടി.

എല്ലാം കൃത്യമായിരുന്നു. കണ്ടുപിടിക്കാനൊരു പ്രയാസവുമുണ്ടായില്ല.

മുറിയിൽ തലയിലും കൈകാലുകളിലും ബാൻഡ് എയിഡുകളുമായി ഗണേഷ്. സോഫയിൽ പൂനം കണ്ണുമടച്ച് ചാരിക്കിടക്കുന്നു. അരികിലെ സ്റ്റാൻഡിൽ തൂങ്ങിക്കിടന്ന ഡ്രിപ്പ് കുപ്പിയിൽനിന്നും ട്യൂബിലേക്കിറങ്ങുന്ന തുള്ളികൾ നോക്കി കിടക്കുകയാണവൻ.

“എന്താണുണ്ടായത്?”

“ഇന്നലെ ആദ്യമായി അയാൾ വൈൽഡ് ആയി. ഞങ്ങളെ രണ്ടുപേരെയും ഉപദ്രവിച്ചു. മോൻ 911 (പോലീസ് എമർജൻസി നമ്പർ) വിളിക്കാൻ ഫോണെടുത്തതും അയാൾ അതും തട്ടിപ്പറിച്ചു വീടിവിട്ടോടി.…പക്ഷെ ഞാൻ വിളിച്ചു. പോലീസ് എത്തി,” ദീർഘശ്വാസത്തിനൊടുവിൽ പൂനം പറഞ്ഞു.

“സമീർ!?”, സത്യത്തിൽ, എന്താണ് അവർ പറയുന്നതെന്ന് സവിതക്ക് ഒരെത്തുംപിടിയും കിട്ടിയില്ല.

വീടുവിട്ടുപോയ സമീർ തിരിച്ചെത്തിയ കാര്യം അവളറിയുന്നത് അപ്പോഴാണ്. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. അനവസരമെന്നു കരുതി വേണ്ടെന്നുവച്ചു. അവരുടെ സൗകര്യത്തിനു പറയുന്നെങ്കിൽ പറഞ്ഞോട്ടെ.

“അയാള് വേറെവിടെ പോവാൻ. എല്ലാം ഒന്ന് തണുത്തെന്നു തോന്നിയപ്പോൾ തിരിച്ചു വന്നു. അയാൾ പോയ തക്കത്തിന് അവനു കോവിഡ് വാക്‌സിൻ എടുപ്പിച്ച കാര്യം പറയണ്ടെന്നു വിചാരിച്ചതായിരുന്നു. പക്ഷെ അന്നു രാത്രി അവനു ചില അസ്വസ്ഥതകളുണ്ടായി. എന്തോ ചെയ്യാൻ പറഞ്ഞിട്ടു കൂട്ടാക്കാത്തതിന് സമീർ, അവനോടു ഫൈറ്റിനു ചെന്നു. അന്നേരം വേണമെന്നു വച്ചുതന്നെ അവൻ വിളിച്ചു പറഞ്ഞതാണ്..വാക്‌സിന്റെ കാര്യം. പട്ടിക്ക് വാക്‌സിനേഷൻ എടുത്തിട്ടില്ലേ? അതില്ലാതെ പറ്റുമായിരുന്നോ? പിന്നെ അവനെന്താ എടുത്താൽ? ഇതൊക്കെ അവന്റെ തീരുമാനങ്ങളല്ലേ? എന്നൊക്കെ. വല്യകുട്ടിയല്ലേ. ഇപ്പോൾ അവനെല്ലാം അറിയാം. പറഞ്ഞു നിറുത്തിയതും കുട്ടിയെ പിടിച്ചു ചുമരിലേക്കു തള്ളുകയായിരുന്നു. കുഞ്ഞിന്റെ തല ചുമരിലിടിച്ചു. അവൻ താഴത്തുവീണു. തലപൊട്ടി ചോര ചുറ്റും പടർന്നു. അടുത്തുകിടന്ന ബേസ് ബാൾ ബാറ്റെടുത്ത് അയാൾ അടിക്കാൻ തുടങ്ങി. അവന്റെ അലർച്ച കേട്ടാണ് ഞാൻ എത്തിയത്. അയാൾക്കു സമനിലതെറ്റിയിരുന്നു. ഇടയ്ക്കു ചെന്ന എന്നെയും തല്ലി.”

“ഇപ്പൊ നിനക്കെന്നോട് ദേഷ്യം തോന്നും. തോന്നണം. വീണ്ടും അയാളെ പിടിച്ചു വീട്ടിൽ കേറ്റിയതിന്,” ഒന്ന് നിറുത്തിയിട്ടവർ പറഞ്ഞു.

സവിത ഒന്നും മിണ്ടിയില്ല.

“നോക്കു ഇനി അയാൾ വരില്ല. വേണ്ടാന്നു വച്ചു. വീട്ടിലെ പീഡനത്തിന് പോലീസിൽ പരാതി കൊടുത്തു.”

മുറിയിലെ മൂന്നു ജോഡി കണ്ണുകൾ മിനിറ്റുകളോളം കൂട്ടിമുട്ടിയില്ല. ചുണ്ടുകളും അനങ്ങിയില്ല.

“ഐ മിസ് കിം ബാഡ്‌ലി,” കിടക്കയുടെ ഭാഗത്തു നിന്നുകേട്ട നേർത്ത ശബ്ദം ഗണേഷിന്റേതായിരുന്നു. അവൻ പട്ടിക്കുഞ്ഞിനെ മിസ് ചെയ്യുന്നുവത്രേ.

“വി വിൽ ഗെറ്റ് എ ന്യൂ കിം,” പുതിയൊരു കിം ഉടനെ എത്തും എന്നുറപ്പുകൊടുത്ത ശേഷം പൂനം സവിതക്കു നേരെ തിരിഞ്ഞു, “പോയപോക്കിൽ അതിനെയും എടുത്തിരിക്കണം. കൊണ്ടുപോട്ടെ. അതിനുപോലും വീട്ടിൽ വഴക്കായിരുന്നു.”

ഗണേഷ് ചിരിച്ചു. പൂനം കിടക്കയിൽ അവനടുത്തിരുന്നു. അവന്റെ വലതു കൈയ്യെടുത്തു മടിയിൽ വച്ചു. കുനിഞ്ഞു നെറ്റിയിൽ ചുണ്ടുകളമർത്തി.

ആ ചിരി മാത്രമാണ് മടക്കയാത്രയിൽ സവിത കൂടെക്കൂട്ടിയത്. പ്രതീക്ഷയും ആശ്വാസവുമായി വിടർന്ന ചിരിയിൽ അവർക്കു ചുറ്റിനുമുണ്ടായിരുന്ന ഭീകരത അയഞ്ഞു നേർത്തു വരുന്നത് അവൾ മനസ്സിൽ കണ്ടു.