Friday, October 15, 2021

വിചിത്രവീര്യൻ

ഉച്ചതിരിഞ്ഞ് ഷോപ്പിംഗ് മാളിൽ ക്ലാസ്സിലെ കുട്ടികളെയും കൂടെക്കൂട്ടി നടക്കുകയായിരുന്നു. പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളായ കാരണം ഇടയ്ക്ക് ഇങ്ങനെ ചില ഔട്ടിങ് ഒക്കെ അവർക്ക് ആവശ്യമാണ്. അന്നേരമാണ് പൂനം എവിടുന്നോ പ്രത്യക്ഷപ്പെട്ട് ഒപ്പം കൂടിയത്.

“ഹി ഈസ് മിസ്സിംഗ്. കുറച്ചുദിവസമായി കാണാനില്ല,” അടുത്തു ചേർന്നു നടന്ന്, അങ്ങനെ പറഞ്ഞപ്പോൾ മാത്രമാണ് സവിത അവരെ സൂക്ഷിച്ചു നോക്കിയത്, ആദ്യമായി. നെറ്റിക്കുമേലെ ഇരുവശങ്ങളിലും അകാലത്തിലെ നര വെള്ളിയിട്ടിക്കുന്നു. ഗാന്ധി കണ്ണട. നെറ്റിയിൽ നിറയെ ചുളിവുകൾ. ചോരച്ചുവപ്പു ലിപ്സ്റ്റിക്ക് ചുണ്ടുകൾക്കു പിന്നിൽ കൃത്രിമമായി വെളുപ്പിച്ച പല്ലുകൾ ചിരിക്കാൻ മാത്രം ഒരുങ്ങി നിന്നു. കുറെനേരം ഒന്നും മിണ്ടാതെ കൂടെ നടന്നശേഷം പെട്ടെന്നടുത്തുവന്ന് എന്തോ രഹസ്യം പറയും പോലെയാണതു പറഞ്ഞത്:

“സമീറിന്റെ കാര്യമാണ്,” ആളാരാണെന്നു ചോദിക്കാൻ നാവെടുത്തതാണ്. വേണ്ടിവന്നില്ല.

സ്കൂളിലെ പുതിയ സ്റ്റാഫ് ആണ് പൂനവും ഭർത്താവു സമീറും. മൂന്നാഴ്ച മുമ്പ് മാത്രമാണ് തൻ്റെ സഹ അധ്യാപകരായി സ്‌കൂളിൽ ജോലി തുടങ്ങിയത്. എന്നാൽ ഒരാഴ്ചയായി അയാൾ സ്കൂളിൽ വരുന്നുണ്ടായിരുന്നില്ല. ‘സമീറിന് എന്തു പറ്റി?’ എന്ന രണ്ടു ദിവസം മുൻപുള്ള ചോദ്യത്തിനുള്ള മറുപടിയുടെ തുടക്കമായിരുന്നു പൂനത്തിന്റെ വാക്കുകൾ.

അവർ മൂന്നു പേരായിരുന്നു ഇന്ത്യാക്കാരായി ആ സ്‌കൂളിൽ ഉണ്ടായിരുന്നത്. പുതിയതായി ചേർന്ന ജോഡി, വിചിത്രമായ രീതികൾ കൊണ്ട് വളരെ വേഗം തന്നെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വേഷത്തിലും പെരുമാറ്റത്തിലുമെല്ലാം വല്ലാതെ വ്യത്യാസപ്പെട്ടവരായിരുന്നു രണ്ടുപേരും. മുട്ടുവരെ നിൽക്കുന്ന ഫ്രോക്കിലാണ് പൂനം സ്‌കൂളിലെത്തിയിരുന്നത്. ഓരോ ദിവസവും ഫ്രോക്കിലെ പൂക്കൾക്ക് മാത്രം നിറവും വലിപ്പവും മാറിയിരുന്നു. സമീറിനാവട്ടെ വസ്ത്രധാരണത്തിൽ ഒട്ടുമേ താല്പര്യം ഉണ്ടായിരുന്നില്ല. പഴഞ്ചൻ ജീൻസും നരച്ച ഓവർ കോട്ടുമായിരുന്നു വേഷം. പിന്നെ ഒരു ബീനി തൊപ്പിയും കണ്ണടയും. എന്നാൽ എല്ലാ ദിവസവും ക്ലീൻ ഷേവ് ആയി മാത്രമെ അയാൾ സ്കൂളിൽ എത്തുമായിരുന്നുള്ളു.

ഉച്ചക്കു കഴിക്കാന്നേരം, ബ്രേക്ക് റൂമിൽ മറ്റുള്ളവരുടെ കൂടെയിരിക്കാതെ, സമീറും പൂനവും ദൂരെ മാറി ഒരൊഴിഞ്ഞ കോണിലാണ് ഇരിക്കുക. എല്ലാവരും കാണെ വല്ലാത്ത പ്രേമപരവശ്യം അവരോടു തുറന്നു കാട്ടാൻ അയാൾ മനഃപൂർവം ശ്രമിച്ചിരുന്നു. മധ്യവയസ്സുകഴിഞ്ഞവർക്കിടയിലെ പരസ്യമായ പ്രണയപ്രകടനങ്ങൾ മറ്റു സ്റ്റാഫുകൾക്കിടയിൽ അവരെ നോട്ടപ്പുള്ളികളാക്കി. അതും ഒരു സ്കൂൾ അന്തരീക്ഷത്തിലാണെന്നോർക്കണം.

“സ്വീറ്റി...മൈ ലവ്..” എന്നൊക്കെ ഉറക്കെ പറയുന്നതും അവരുടെ കണ്ണുകളിൽ പ്രേമാർദ്രമായി നോട്ടമെറിയുന്നതും സവിതയുൾപ്പെടെയുള്ളവർ കൗതുകത്തോടെയാണ് കണ്ടിരുന്നത്. അസഹ്യമായ പ്രകടനപരത. പി. ഡി. എ (പബ്ലിക് ഡിസ്പ്ലേ ഓഫ് അഫക്ഷൻ), അതായിരുന്നു അത്തരക്കാർക്ക് അവർക്കിടയിലെ കോഡ് വാക്ക്. ചാപല്യങ്ങൾ കണ്ടുമടുത്ത കണ്ണുകൾക്ക് ഇതെല്ലം തികച്ചും അരോചകമായിരുന്നെങ്കിലും, പ്രണയം വിരസവും എന്തിന് സെക്സ് പോലും വെറും ചടങ്ങുമാവുന്ന പ്രായത്തിൽ ഇത്രയും ചേർച്ചയോടെ ഒത്തുപോകാൻ അവർക്കു കഴിയുന്നല്ലോ എന്ന് പലരും അത്ഭുതപ്പെട്ടു. ചിലർ അസൂയപ്പെട്ടു.

അതിലൊരാൾ മറ്റെയാളെപ്പറ്റി അപ്രതീക്ഷിതമായി ഇങ്ങിനെ പറഞ്ഞതാണ് സവിതയെ അമ്പരപ്പിച്ചത്.

അവൾ മുന്നിൽ നടക്കുന്ന കുട്ടികളെനോക്കി. മാളിൽ തിരക്കൊഴിഞ്ഞ സമയമാണ്. അവരങ്ങു നടന്നോളും; ഇടക്കൊരു കണ്ണുണ്ടായാൽ മതി. അതുകൊണ്ട്‌ ‘പറഞ്ഞോളൂ’ എന്നുപറയാനാണു തോന്നിയത്. എന്നാൽ അതിനുമുമ്പേ, മുഖംപോലും നോക്കാതെ അവർ സംസാരിക്കാൻ തുടങ്ങിയിരുന്നു; അടക്കിയ സ്വരത്തിൽ.

“വെർജീനിയ വിട്ടിവിടെവന്നതും രണ്ടുപേരും പുതിയ ജോലിയിൽ കേറിയതുമെല്ലാം സമീർ ഏതെങ്കിലും മട്ടിൽ നന്നാവട്ടെ എന്ന് കരുതീട്ടായിരുന്നു. ഒപ്പം, എന്റെയുള്ളിലെ പേടി കുറയുമെന്നും കരുതി. അവിടെവച്ച്‌ ഇടയ്ക്കൊക്കെ ആരോടും പറയാതെ വീട് വിട്ടുപോകും. തുടക്കത്തിൽ നല്ല ടെൻഷനായിരുന്നു. വിട്ടുപോക്കും തിരിച്ചു വരലും സ്ഥിരം പരിപാടിയാണെന്നു മനസ്സിലായശേഷം ഞാനതൊന്നും മൈൻഡ് ചെയ്യാറില്ലായിരുന്നു. ഏറിയാൽ നാലഞ്ചു ദിവസം, അപ്പോഴേക്കും പോയപോലെ തിരിച്ചെത്തും. പക്ഷേ ഇവിടെ വന്നശേഷം ആദ്യമായാണ്. പോയിട്ട് ഒരാഴ്ച്ച കഴിയുന്നു.”

അപ്പോഴാണ് അവരുടെ കണ്ണുകളിലും വാക്കുകളിലും ഭയവും നിരാശയും ഉൽക്കണ്ഠയും നിറഞ്ഞു നിന്നിരുന്നത് സവിത ശ്രദ്ധിച്ചത്. ആകെ ആശയക്കുഴപ്പത്തിലായെങ്കിലും ആ സമയത്ത് അവരാണ് സംസാരിക്കേണ്ടത് എന്ന് അവൾക്കു തോന്നി. ഒത്തിരി സംശയങ്ങളും ചോദ്യങ്ങളും മനസ്സിലുയർന്നെങ്കിലും ‘ഇപ്പോഴെന്താണുണ്ടായത്?’എന്നു മാത്രമാണു ചോദിച്ചത്.

“സവിത അവനെ കണ്ടിട്ടുണ്ടോ?”, മറുചോദ്യത്തിലൂടെ അതാ വരുന്നു മറ്റൊരു സസ്പെൻസ്. അത് ചോദിക്കുമ്പോൾ അവരുടെ ഭാവപ്പകർച്ച സവിത ശ്രദ്ധിക്കാതിരുന്നില്ല.

പൂനം പേഴ്സ് തുറന്ന് ഒരു ഫോട്ടോ പുറത്തെടുത്തു. മെലിഞ്ഞു നീണ്ടൊരു പയ്യൻ. അയഞ്ഞൊരു ടീ ഷർട്ടും ബർമുഡയുമാണു വേഷം. മെലിഞ്ഞ കൈകാലുകൾ. ഊശാൻ താടിയും കണ്ണടയും. നെറ്റിയിൽ തെറിച്ചുവീണ അനുസരണയില്ലാത്ത നീണ്ട തലമുടി. ഒരു വെളുത്ത പോമറേനിയനെയും നെഞ്ചോടു ചേർത്ത് വെളുക്കെ ചിരിച്ചു നിൽക്കുന്നു.

“പതിനെട്ടു വയസാണ്. ഇല്ലാത്ത അസുഖങ്ങളില്ല - ആസ്മയും അലർജിയും ഉൾപ്പെടെ പലതും. ഈ വർഷം അവനു കോളേജിൽ പോണം. അതും പറഞ്ഞു സമീറുമായി വഴക്കുണ്ടായി. അതാണ് എല്ലാത്തിനും കാരണം”

“കോളേജിൽ പോവുന്നതിനു വഴക്കെന്തിന്? അതിനെച്ചൊല്ലി വീടുവിട്ടു പോകേണ്ട കാര്യം?”

“വാക്‌സിനേഷനായിരുന്നു വിഷയം. ഇത് മാത്രമല്ല, മുടങ്ങിപ്പോയ എല്ലാ വാക്സിനും എടുക്കും എന്നവൻ സമീറിന്റെ മുഖത്തുനോക്കി പറഞ്ഞു.”

വാക്‌സിനെച്ചൊല്ലി വാക്കുതർക്കമോ? സവിത അന്ധാളിച്ചു.

“കുട്ടിക്ക് ഒരു വാക്‌സിനും എടുക്കാൻ അയാൾ സമ്മതിച്ചിരുന്നില്ല. ചെറുപ്പത്തിൽ അയാളുടെ വാക്കുകളിൽപ്പെട്ടു ഞാനും ആന്റി വാക്സിൻ ക്യാമ്പിൽ ചെന്നുപെട്ടിരുന്നു. ഒരു ശാസ്ത്രഞ്ജനോട് അയാളുടെ വിഷയത്തിൽ തർക്കിച്ചു ജയിക്കാനാവുമോ?”

വാക്സിൻ എടുക്കുന്ന കുഞ്ഞുങ്ങൾക്ക് സിഡ്‌സ് (SIDS) എന്ന അസുഖം വന്നു മരണപ്പെടുന്നതിനെക്കുറിച്ചു തെളിവുകൾ നിരത്തി വാക്‌സിനുകൾ എടുക്കുന്നതിനെ അയാൾ നിരുത്സാഹപ്പെടുത്തിയിരുന്നു. അങ്ങനെ പ്രധാനപ്പെട്ട വാക്‌സിനുകളെല്ലാം മുടങ്ങി. അക്കാലത്ത് സമീർ, പേരുള്ള സയൻന്റിസ്‌റ്റ് തന്നെയായിരുന്നു. തൊണ്ണൂറ്റിഎട്ടിൽ ലാൻസെറ്റ് (Lancet) മാസികയിൽ എം എം ആർ വാക്‌സിനും ബുദ്ധിമാന്ദ്യവും ബന്ധപ്പെടുത്തിവന്ന പരമ്പരയിൽ അയാളുടെ സംഭാവനയുണ്ടായിരുന്നു. പക്ഷെ ഇങ്ങനെയുള്ള വിചിത്ര രീതികളുമുണ്ടായിരുന്നു. ചില ആന്റി വാക്‌സിനേഷൻ ഗ്രൂപ്പുകളിലും സജീവമായിരുന്നു എന്ന് വൈകിയാണറിയുന്നത്.

ജൈവരസതന്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ളയാളാണ്. അമേരിക്കയിൽ സ്കോളർഷിപ്പോടെയെത്തി പഠിച്ചു. ഒരുമിച്ചു ജോലിചെയ്ത കമ്പനിയിൽ വച്ചാണ് തമ്മിൽ പരിചയത്തിലാവുന്നത്. തമിഴ് നാട്ടിൽ നിന്നുള്ള മധുമതി അങ്ങിനെയാണ് മഹാരാഷ്ട്രക്കാരൻ സമീർ മഹ്‌റിന്റെ ഭാര്യ പൂനം മഹർ ആവുന്നത്. സാഹസികത ഒട്ടും കുറവില്ലാത്ത പ്രണയവിവാഹം.

കുടുംബപരമായി അവരെ അറിയുന്ന ബോസ് അയാളെ കല്യാണം കഴിച്ചതിന്റെ പേരിൽ മാത്രം ഉപദ്രവിക്കുകയായിരുന്നു. അയാളുടെ സൗഹൃദവലയങ്ങളിലെല്ലാം, സമീർ സർക്കാർ ആനുകൂല്യം കൊണ്ട് മാത്രം അമേരിക്കയിൽ വിദ്യാഭ്യാസം നേടി ഉയരത്തിലെത്തിയതെന്നായിരുന്നു പറഞ്ഞു പരത്തിയത്. പല കാരണങ്ങൾ പറഞ്ഞ് അയാളുടെ ഉദ്യോഗക്കയറ്റം അവർ തടഞ്ഞുവച്ചു. ഒട്ടും താൽപ്പര്യമില്ലാത്ത പ്രോജെക്ടുകളിൽ കൊണ്ടിട്ടു. ശമ്പള വർദ്ധന തടസപ്പെടുത്തി. കൂടെ ജോലി ചെയ്യുന്നവർക്കിടയിൽ ഒരു നെഗറ്റീവ് ഇമേജു നല്കി ദുർബലപ്പെടുത്തി. തുടർന്ന് ഒരിടത്തുമെത്താതെപോയ കേസുകൾ. അവ മൂലമുണ്ടായ ഒറ്റപ്പെടലുകൾ. എന്നാൽ അതൊന്നും തന്നെ പൂനത്തിനു വിഷയമായിരുന്നില്ല, അയാളുടെ രീതികൾ സ്വന്തം കുഞ്ഞിന്റെ ജീവിതം തൊട്ടു കളിയ്ക്കാൻ തുടങ്ങും വരെ.

കേൾക്കുകയല്ലാതെ എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉള്ള മനസായിരുന്നില്ല സവിതക്കപ്പോൾ.

“ഞാനെന്തുതരം സ്ത്രീയെന്നാവും ചിന്തിക്കുന്നത്..അല്ലെ? ഏതൊരമ്മയും കുട്ടി ജീവിച്ചിരിക്കാനും ആരോഗ്യത്തോടെ വളരാനുമല്ലേ പ്രസവിക്കുന്നത്? ഇണയെ തെരഞ്ഞെടുക്കുന്നതു പോലും സ്വന്തം കുഞ്ഞുങ്ങളെ കാത്തുസൂക്ഷിക്കാനാവുമോ എന്ന് ഉള്ളാലെയെങ്കിലും അളന്നാണ്. പക്ഷെ എന്റെ അന്നത്തെ മാനസികാവസ്ഥ വേറൊന്നായിരുന്നു. വിശ്വസിച്ചയാളെ അങ്ങേയറ്റംവരെ വിശ്വസിക്കുക എന്നിടത്ത്. മാത്രവുമല്ല ഓഫീസിൽ സമീറിനു പ്രശ്നങ്ങൾ ഉണ്ടായ സമയവുമായിരുന്നു, അങ്ങു നിന്നുകൊടുത്തു. കുട്ടീടെ ഈ അവസ്ഥക്കുകാരണം ഞാൻ തന്നെ.. എന്നെപ്പറഞ്ഞാൽ മതി..,”

“വാക്‌സിൻ എടുക്കുമെന്ന് അവൻ പറഞ്ഞതും സമീർ ദേഷ്യപ്പെട്ട് അകത്തുപോയി. അയാൾ തിരികെ വന്നത് ഒരു പാമ്പുമായായിരുന്നു. സമീറിന്റെ പെറ്റ്. വിഷമില്ലാത്തത് എന്നാണ് പറഞ്ഞിട്ടുള്ളത്..ആർക്കറിയാം! കിടപ്പുമുറിയിൽ കണ്ണാടിക്കൂട്ടിലാണതിന്റെ വാസം. എപ്പോൾ നോക്കിയാലും പന്തുപോലെ ചുരുണ്ടിരിക്കും. ചെറിയതല. മെലിഞ്ഞ വാൽഭാഗം. ബാക്കിയൊക്കെ ഒട്ടും സ്വാഭാവികമല്ലാത്ത വിധം തടിച്ചിട്ടാണ്. വാലിന്മേൽ ശരീരം ചുരുട്ടിച്ചുരുട്ടി തല ഏറ്റവും മേളിൽ വച്ചാണിരിപ്പ്. തപസ്സിലെന്ന പോലെ. തവിട്ടുനിറം. എണ്ണയുഴിഞ്ഞപോലുള്ള ഉടൽ. ഇടയ്ക്കു നീട്ടുന്ന നാവും ഇളം മഞ്ഞക്കരയുള്ള ചത്തകണ്ണുകളും,”

“പിന്നിൽ നിന്നൊരു ശബ്ദം കേട്ടാണ് ഗണേഷ് തിരിഞ്ഞു നോക്കിയത്. വലത്തേ കൈയിൽ തലയും ഇടത്തേകൈയ്യിൽ വാലും പിടിച്ചു പാമ്പിനെ നെഞ്ചോട് ചേർത്ത് വലിച്ചുനീട്ടി അയാൾ തൊട്ടുമുന്നിൽ.

അങ്ങനെ ചെയ്താൽ..കൊല്ലും ഞാൻ - പറഞ്ഞു തീർന്നതും പാമ്പിനെ അവന്റെ ദേഹത്തേക്കെറിഞ്ഞു.”

അറിയാതെ സവിത ശരീരം ഒന്നു പെരുത്തു കുടഞ്ഞു. ചെറുതായിരിക്കുമ്പോൾ, ചുമരിലിരുന്ന പല്ലിയെ ഈർക്കിലിനടിച്ചപ്പോൾ അത് പിടഞ്ഞു ദേഹത്തു വീണപ്പോൾ ചെയ്തപോലെ.

“അവൻ നിലവിളിച്ചു പുറത്തേക്കോടി. പിറകെ ഞാനും. ഞങ്ങൾ തിരിച്ചെത്തുമ്പോഴേക്കും അയാൾ വീടുവിട്ടു പോയിരുന്നു.”

“എന്തിനാണ് ഈ ഭാരം ചുമക്കുന്നത്?,” ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

“എത്രയോ തവണ സ്വയം ചോദിച്ച ചോദ്യം. സമൂഹത്തിനെതിരെ നീങ്ങി പരാജയപ്പെട്ടു എന്നു തോന്നാതിരിക്കാൻ. അങ്ങനെ മറ്റുള്ളവരെക്കൊണ്ടു പറയിക്കാതിരിക്കാൻ. അവിടം വിട്ടു മറ്റൊരിടത്ത് വേറേതെങ്കിലും ജോലിയെടുത്താൽ മാറിക്കോളും എന്ന വ്യാമോഹം.”

അവർ പെട്ടെന്ന് നിറുത്തി. രണ്ടുപേരും ഒന്നുനിന്നു, അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ചെറിയ കിതപ്പോടെ, കൈകൾ കൂട്ടി തിരുമ്മി. കടൽക്ഷോഭത്തിലുലഞ്ഞു മറിയാൻ തുടങ്ങുന്ന ചെറു തോണിയെപ്പോലെ തന്റെ മുന്നിൽ നിന്ന ആ സ്ത്രീയെ അവൾ ചേർത്തുപിടിച്ചു. ചുമലിൽ കൈവച്ചു പറഞ്ഞു, “എല്ലാം ശരിയാവും, വിഷമിക്കണ്ട.”

ഒന്നുമറിയാതെ, കുട്ടികൾ മുമ്പേ നടന്നുപോവുന്നതു കണ്ട് അവർക്കൊപ്പമെത്താനെന്നോണം രണ്ടുപേരും വേഗം കൂട്ടി. കുറെനേരം അവർ ഒന്നും സംസാരിച്ചില്ല. “കൗണ്സിലിംഗോ...അതുപോലെ മറ്റെന്തെങ്കിലും കൂടെ നോക്കാമായിരുന്നില്ലേ?,” പൂനം ഒന്ന് തണുത്തു എന്ന് തോന്നിയപ്പോഴാണ് സവിത ചോദിച്ചത്.

“കൗൺസിലിംഗിന് പോയി ഡോക്ടർക്കു കൗൺസിലിംഗ് കൊടുത്തു തിരികെ വരും. സൈക്യാട്രിസ്റ്റ് എന്നുകേട്ടാൽ കലിയാണ്!” പൂനം പരിഹാസത്തോടെ ചിരിച്ചു. “ഞാനതൊക്കെ എന്നേ മറന്നു.”

അയാളോടൊപ്പം കൂടി തനിക്കും വട്ടായെന്നു പൂനം നിരാശപ്പെട്ടു. അകമേ അയാൾ വേറൊരാളാണ്. ബോധത്തിനും ബുദ്ധിക്കും മേലെ കനത്ത പാട പടർന്ന ഒരാൾ. ഒരു കാര്യത്തിലും താല്പര്യമില്ല. മറ്റേതോ ലോകത്തിൽ ജീവിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തൊട്ടതിനും പിടിച്ചതിനുമൊക്ക കലപിലയാണ്.

പുറംലോകം സമീറിന് അഭിനയിക്കാനുള്ള അരങ്ങു മാത്രമാണ്. അതിന്റെ ഭാഗമാണ് സ്കൂളിലെ റൊമാൻസ്.

“ആൽക്കഹോൾ?..ഡ്രഗ്സ്..?”

“അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ മതിയെന്നാണ്! ശല്യം ഒതുങ്ങുമല്ലോ! ഫോട്ടോയിൽ കണ്ട പട്ടിക്കുഞ്ഞില്ലേ? കിം. മോനുവേണ്ടി സമീർ വാങ്ങിയതാണ്. മുഴുവൻ പേര് കിം ജോംങ് യുൻ. കൊറിയൻ ഏകാധിപതിയുടെ പേര് പട്ടിക്കിട്ടതിന് പിന്നിലെ രഹസ്യം ഇനിയും പിടികിട്ടിയിട്ടില്ല. സ്കൂൾ കഴിഞ്ഞു വന്നാൽ അതിനെയും കളിപ്പിച്ചിരിപ്പായിരുന്നു. അതിനു വേണ്ടിപ്പോലും മോനോട് തല്ലുകൂടാറുണ്ട്... ഹി ഈസ് ആൻ ആസ് ഹോൾ.”

സ്കൂളിനെക്കുറിച്ചു പറഞ്ഞപ്പോഴാണ് അയാളുടെ പഴഞ്ചൻ ബാക്ക്പാക്കിനെക്കുറിച്ച് സവിതയോർത്തത്. എന്തൊക്കെയോ കുത്തിനിറച്ചു പൊട്ടുന്ന പാകത്തിലായിരുന്നു അത്. ഉച്ചക്ക് രണ്ട് ആപ്പിൾ മാത്രം കഴിക്കുന്നയാളുടെ ബാക്ക്പാക്ക് ഇത്രയധികം നിറഞ്ഞിരിക്കുന്നതിൽ എന്തോ പന്തികേടു തോന്നിയിരുന്നു. അങ്ങനെ കൂട്ടുകാരി മീനാക്ഷി ടീച്ചറെക്കൊണ്ട് ചോദിപ്പിച്ചു. കേട്ടപാതി അതഴിച്ചു മേശപ്പുറത്തുവച്ചു തുറന്നു. ഒരു വലിയ ബോയ് ഡോൾ - നീല ഫ്രെയിമുള്ള കണ്ണടവച്ച്, ജീൻസും ടീഷർട്ടുമിട്ടൊരെണ്ണം. അതിനുമുണ്ടായിരുന്നൊരു കുഞ്ഞു ബാക്ക് പാക്ക്. പിന്നെ ഗണേഷിന്റെയാവണം കുട്ടിക്കാലത്തെ ലെഗോസ് കളിപ്പാട്ടങ്ങൾ. കൂടാതെ മഞ്ഞയും ചുവപ്പും ഫ്രെയിമുകളുള്ള കണ്ണടകളും.

ആയിടക്കാണ്, താല്പര്യമുള്ള അധ്യാപകർക്ക് സ്കൂൾ ബസ്സ് ഓടിക്കാം എന്ന അറിയിപ്പുവന്നത്. സമീർ ചാടിവീണു, അയാൾക്ക്‌ വണ്ടി ഓടിക്കണം. ബസ്സുനിറയെ പരിഭ്രമം നിറച്ച ആദ്യയാത്രയോടെ ആ പണി പോയിക്കിട്ടി. എങ്ങോട്ടു പോണം എന്ന് തിട്ടമില്ലാത്ത ഡ്രൈവർ. ആര് പറയുന്നതും കേൾക്കാതെ നേരെ വിട്ടത് കുറച്ചു മാറിയുള്ള ബീച്ചിലേക്കാണ്! അതും പതിനഞ്ചു മൈൽ വേഗതയിൽ…അവൾക്കു ചിരിവന്നു.

“ഒന്നു ടോയ്‌ലെറ്റിലേക്ക് വരാമോ?,” ഒരു ദിവസം വൈകുന്നേരം സ്കൂൾവിട്ടു പുറത്തേക്കിറങ്ങാൻ നേരം പൂനം ചോദിച്ചു. എപ്പോഴും അവർ അങ്ങിനെയാണ്. യാതൊരു ഉപചാരവുമില്ലാതെ പറയേണ്ടത് വെട്ടിത്തുറന്നങ്ങു പറയും, ചോദിക്കേണ്ടതു ചോദിക്കും,.

“അതിനെന്താ നമുക്കൊരുമിച്ചു നടക്കാം?”

അതുവേണ്ട താൻ പിന്നാലെ വന്നോളാം എന്ന് പറഞ്ഞപ്പോൾ സവിതക്കു സംശയമായി. എന്നാലും, പറഞ്ഞതനുസരിച്ച് ആദ്യം തന്നെ ടോയ്‌ലെറ്റിലെത്തി കാത്തുനിന്നു. അൽപ്പനേരം കഴിഞ്ഞ് പൂനം എത്തി. വാതിൽചാരി അവർ അടുത്തുവന്നു. സവിത ചിരിക്കാൻ ശ്രമിച്ചു. പൂനം ചുമലിൽ മെല്ലെ കൈവച്ചു.

“എനിക്കു നിന്നെ വിശ്വാസമാണ്.”

പെട്ടെന്നു ശ്വാസഗതി ഉയർന്നു. ഹൃദയമിടിപ്പ് കൂടി. ചെറുതായി വിയർക്കാൻ തുടങ്ങുമ്പോഴാണ് അവളെ അതിശയിപ്പിച്ചുകൊണ്ട് അവർ തോളിൽ തൂക്കിയിരുന്ന ബാഗ് കയ്യിലെടുത്തു തുറന്നത്. ആദ്യം ഫോൺ പുറത്തേക്കെടുത്തു. അതിന്റെ ബാറ്ററി ഇളക്കിമാറ്റി പ്രത്യേകം വച്ചിരുന്നു. ഫോണും ബാറ്ററിയും വാഷ് ബേസിനിൽ വച്ചു.

ബാഗിനുള്ളിൽ നിന്നും റബ്ബർബാൻഡിട്ടു സൂക്ഷിച്ചിരുന്ന ഒരു കെട്ട് സവിതയുടെ നേരെ വച്ച്നീട്ടി. പത്രവാർത്തകളുടെ കട്ടിങ്ങുകൾ, ഫോട്ടോകൾ, ഒരു ഡയറി ഒക്കെയടങ്ങുന്നതായിരുന്നു അത്.

നോട്ടം വീണത് അവരുടെ ഭർത്താവിന്റെ പടമുള്ള ഒരു റിപ്പോർട്ടിലായിരുന്നു. വെർജീനിയ സംസ്ഥാനത്തെ റിച്ച്മണ്ട് എന്ന സ്ഥലത്തു നിന്നുള്ള വാർത്ത. ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ കൊടുത്ത കേസിനെക്കുറിച്ചായിരുന്നു അത്. അതുമാത്രം കൈയിലെടുത്ത് ഒന്നോടിച്ചു നോക്കി. മുമ്പു പറഞ്ഞതിന്റെ തെളിവുകളാണ്.

ആദ്യം കമ്പനിയിലെ ഹ്യൂമൻ റിസോഴ്സസിനെ സമീപിച്ചു. പിന്നെ സ്വന്തം നിലയിൽ കേസ്. എല്ലാം പരാജയപ്പെട്ടപ്പോഴേക്കും അവർ തീർത്തും ഒറ്റപ്പെട്ടിരുന്നു. ജോലിസ്ഥലത്തു മാത്രമല്ല അതുവരെ ഭാഗമായിരുന്ന ദേശി കൂട്ടായ്മകളിലും. പിന്നെ ജോലിയിടത്തെ തിരിച്ചടികൾ. പീഡനം സഹിക്കവയ്യാതെ രണ്ടുപേരും ജോലി രാജിവച്ചു. ഒരുമാസത്തിനകം അവിടം വിട്ടു പോരുകയും ചെയ്തു.

ഇത്രയും വലിയ വിദ്യാഭ്യാസം ഉള്ളവർ എന്തിനാണ് ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളുടെ അദ്ധ്യാപകരായെത്തിയത്? മറ്റെതെങ്കിലും സ്ഥലത്തു ശ്രമിക്കാമായിരുന്നല്ലോ.

മനസമാധാനത്തിനെന്നായിരുന്നു മറുപടി. പത്രങ്ങളിൽ വാർത്ത വന്നശേഷം അവരനുഭവിച്ച ഒറ്റപ്പെടൽ ഭീകരമായിരുന്നത്രെ. പുറംനാട്ടിൽ സ്വതവേയുണ്ടാവുന്ന അന്യവത്കരണത്തിനു പുറമെ സ്വന്തം ദേശക്കാരുടെ ഒഴിവാക്കൽ കൂടിയായപ്പോൾ പിടിച്ചുനിൽക്കാനായില്ല. വിളിച്ചാൽ തിരിച്ചു വിളിക്കാതെയായ സുഹൃത്തുക്കൾ, തങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒത്തുചേരലുകൾ, എവിടെയെങ്കിലും കണ്ടുപോയാലുള്ള അവഗണന, അടക്കം പറച്ചിലുകൾ.

എന്നാൽ ഇവിടെയെത്തിയിട്ടും സമീർ ഒരിക്കലും നേരെയായില്ല.

കൂടുതൽ മോശമാവുക മാത്രമാണുണ്ടായത്.

ഒരാഴ്ച കഴിഞ്ഞു കാണും. പൂനം രണ്ടാഴ്ചത്തെ അവധിയെടുത്തുപോയി. ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ഫോൺ ചെയ്തിട്ട് ഗുണമില്ലെന്നറിയാമെങ്കിലും ശ്രമിച്ചു നോക്കി. മിക്കവാറും വിളിച്ചപ്പോഴൊക്കെ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നെ വാട്‍സ്ആപ്പ് സന്ദേശങ്ങളയച്ചു. പെട്ടെന്നൊരുദിവസം മറുപടി വന്നു.

“ഗണേഷ് ആശുപത്രിയിലാണ്”

എന്തുപറ്റി എന്നതിന് ആശുപത്രിയുടെ വിലാസവും മറ്റുവിവരങ്ങളും ആയിരുന്നു മറുപടി.

എല്ലാം കൃത്യമായിരുന്നു. കണ്ടുപിടിക്കാനൊരു പ്രയാസവുമുണ്ടായില്ല.

മുറിയിൽ തലയിലും കൈകാലുകളിലും ബാൻഡ് എയിഡുകളുമായി ഗണേഷ്. സോഫയിൽ പൂനം കണ്ണുമടച്ച് ചാരിക്കിടക്കുന്നു. അരികിലെ സ്റ്റാൻഡിൽ തൂങ്ങിക്കിടന്ന ഡ്രിപ്പ് കുപ്പിയിൽനിന്നും ട്യൂബിലേക്കിറങ്ങുന്ന തുള്ളികൾ നോക്കി കിടക്കുകയാണവൻ.

“എന്താണുണ്ടായത്?”

“ഇന്നലെ ആദ്യമായി അയാൾ വൈൽഡ് ആയി. ഞങ്ങളെ രണ്ടുപേരെയും ഉപദ്രവിച്ചു. മോൻ 911 (പോലീസ് എമർജൻസി നമ്പർ) വിളിക്കാൻ ഫോണെടുത്തതും അയാൾ അതും തട്ടിപ്പറിച്ചു വീടിവിട്ടോടി.…പക്ഷെ ഞാൻ വിളിച്ചു. പോലീസ് എത്തി,” ദീർഘശ്വാസത്തിനൊടുവിൽ പൂനം പറഞ്ഞു.

“സമീർ!?”, സത്യത്തിൽ, എന്താണ് അവർ പറയുന്നതെന്ന് സവിതക്ക് ഒരെത്തുംപിടിയും കിട്ടിയില്ല.

വീടുവിട്ടുപോയ സമീർ തിരിച്ചെത്തിയ കാര്യം അവളറിയുന്നത് അപ്പോഴാണ്. എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. അനവസരമെന്നു കരുതി വേണ്ടെന്നുവച്ചു. അവരുടെ സൗകര്യത്തിനു പറയുന്നെങ്കിൽ പറഞ്ഞോട്ടെ.

“അയാള് വേറെവിടെ പോവാൻ. എല്ലാം ഒന്ന് തണുത്തെന്നു തോന്നിയപ്പോൾ തിരിച്ചു വന്നു. അയാൾ പോയ തക്കത്തിന് അവനു കോവിഡ് വാക്‌സിൻ എടുപ്പിച്ച കാര്യം പറയണ്ടെന്നു വിചാരിച്ചതായിരുന്നു. പക്ഷെ അന്നു രാത്രി അവനു ചില അസ്വസ്ഥതകളുണ്ടായി. എന്തോ ചെയ്യാൻ പറഞ്ഞിട്ടു കൂട്ടാക്കാത്തതിന് സമീർ, അവനോടു ഫൈറ്റിനു ചെന്നു. അന്നേരം വേണമെന്നു വച്ചുതന്നെ അവൻ വിളിച്ചു പറഞ്ഞതാണ്..വാക്‌സിന്റെ കാര്യം. പട്ടിക്ക് വാക്‌സിനേഷൻ എടുത്തിട്ടില്ലേ? അതില്ലാതെ പറ്റുമായിരുന്നോ? പിന്നെ അവനെന്താ എടുത്താൽ? ഇതൊക്കെ അവന്റെ തീരുമാനങ്ങളല്ലേ? എന്നൊക്കെ. വല്യകുട്ടിയല്ലേ. ഇപ്പോൾ അവനെല്ലാം അറിയാം. പറഞ്ഞു നിറുത്തിയതും കുട്ടിയെ പിടിച്ചു ചുമരിലേക്കു തള്ളുകയായിരുന്നു. കുഞ്ഞിന്റെ തല ചുമരിലിടിച്ചു. അവൻ താഴത്തുവീണു. തലപൊട്ടി ചോര ചുറ്റും പടർന്നു. അടുത്തുകിടന്ന ബേസ് ബാൾ ബാറ്റെടുത്ത് അയാൾ അടിക്കാൻ തുടങ്ങി. അവന്റെ അലർച്ച കേട്ടാണ് ഞാൻ എത്തിയത്. അയാൾക്കു സമനിലതെറ്റിയിരുന്നു. ഇടയ്ക്കു ചെന്ന എന്നെയും തല്ലി.”

“ഇപ്പൊ നിനക്കെന്നോട് ദേഷ്യം തോന്നും. തോന്നണം. വീണ്ടും അയാളെ പിടിച്ചു വീട്ടിൽ കേറ്റിയതിന്,” ഒന്ന് നിറുത്തിയിട്ടവർ പറഞ്ഞു.

സവിത ഒന്നും മിണ്ടിയില്ല.

“നോക്കു ഇനി അയാൾ വരില്ല. വേണ്ടാന്നു വച്ചു. വീട്ടിലെ പീഡനത്തിന് പോലീസിൽ പരാതി കൊടുത്തു.”

മുറിയിലെ മൂന്നു ജോഡി കണ്ണുകൾ മിനിറ്റുകളോളം കൂട്ടിമുട്ടിയില്ല. ചുണ്ടുകളും അനങ്ങിയില്ല.

“ഐ മിസ് കിം ബാഡ്‌ലി,” കിടക്കയുടെ ഭാഗത്തു നിന്നുകേട്ട നേർത്ത ശബ്ദം ഗണേഷിന്റേതായിരുന്നു. അവൻ പട്ടിക്കുഞ്ഞിനെ മിസ് ചെയ്യുന്നുവത്രേ.

“വി വിൽ ഗെറ്റ് എ ന്യൂ കിം,” പുതിയൊരു കിം ഉടനെ എത്തും എന്നുറപ്പുകൊടുത്ത ശേഷം പൂനം സവിതക്കു നേരെ തിരിഞ്ഞു, “പോയപോക്കിൽ അതിനെയും എടുത്തിരിക്കണം. കൊണ്ടുപോട്ടെ. അതിനുപോലും വീട്ടിൽ വഴക്കായിരുന്നു.”

ഗണേഷ് ചിരിച്ചു. പൂനം കിടക്കയിൽ അവനടുത്തിരുന്നു. അവന്റെ വലതു കൈയ്യെടുത്തു മടിയിൽ വച്ചു. കുനിഞ്ഞു നെറ്റിയിൽ ചുണ്ടുകളമർത്തി.

ആ ചിരി മാത്രമാണ് മടക്കയാത്രയിൽ സവിത കൂടെക്കൂട്ടിയത്. പ്രതീക്ഷയും ആശ്വാസവുമായി വിടർന്ന ചിരിയിൽ അവർക്കു ചുറ്റിനുമുണ്ടായിരുന്ന ഭീകരത അയഞ്ഞു നേർത്തു വരുന്നത് അവൾ മനസ്സിൽ കണ്ടു.

1 comment:

Subscribe