Sunday, October 24, 2021

വെള്ളം - മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം

        

മുരളി കുന്നംപുറത്തു എന്നയാളും സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ, സിനിമയിൽ മുരളിയെ അവതരിപ്പിച്ച ജയസൂര്യ എന്നിവരും ചേർന്നുള്ള യൂട്യൂബ് വീഡിയോ ആണ് 'വെള്ളം' സിനിമ കാണാൻ കാരണമായത് . സിനിമയിൽ താനവതരിപ്പിച്ച മുരളിയെക്കുറിച്ചു ജയസൂര്യ സിനിമക്കുപുറത്തുള്ള മുരളിയോടു സംവദിക്കുന്നു. മലയാളത്തിൽ മദ്യപാനത്തേക്കുറിച്ചു ഇത്രയും ആർജവുള്ള ഒരു അനുഭവസാക്ഷ്യം കേട്ടിട്ടില്ല; ഉണ്ടായിട്ടില്ലെന്നല്ല. സിനിമകാണുന്നവർ വീഡിയോ കൂടി കാണാൻ താത്പര്യപ്പെടുന്നു.

മദ്യത്തിനു അടിമയായ ഒരാളെ ഏറ്റവുമധികം മനസിലാക്കുന്നയാൾ മദ്യവിമുക്തനായ ഒരാൾ തന്നെയാണ്. അയാൾക്കാണ് കൂടുതലായി അത്തരം ഒരാളെ രക്ഷപ്പെടുത്താനുമാവുക. രണ്ടു മദ്യപന്മാർ തമ്മിലുള്ള ബന്ധം കൂടുതലും കുടി എന്ന ശീലത്തിലുള്ള സാമാന്യതയും താല്പര്യവും കൊണ്ടു മാത്രമാണ്. അതുകൊണ്ടുതന്നെ അവരുടെ സൗഹൃദം കുടി തുടരാനേ സഹായകമാവൂ. വെള്ളം സിനിമയുടെ അവസാനം മദ്യത്തിൽ നിന്നും കരകയറിയ മുരളി എന്ന കേന്ദ്ര കഥാപാത്രം അതിനടിമയായ മറ്റൊരാളെ, തന്നെ രക്ഷപെടുത്താൻ സഹായിച്ച ഡീ-അഡിൿഷൻ സെന്ററിൽ എത്തിക്കുന്നു. മദ്യമുക്തനായ ഒരാൾ രോഗത്തിന് അടിമയായ മറ്റുള്ളവരെ കഴിയുമെങ്കിൽ സഹായിക്കൂ എന്ന സന്ദേശമായാണ് ഇത് കണ്ടപ്പോൾ തോന്നിയത് .

സാമൂഹികമായ ബോധവൽക്കരണം എന്നപോലെ മദ്യത്തിൽ മുങ്ങി നശിക്കുന്നവർക്കു ഇനിയും പ്രതീക്ഷക്കു സാധ്യതയുണ്ട് എന്ന തലത്തിൽ പ്രചോദനാത്മകവുമാണ് ഈ സിനിമ. അതുകൊണ്ടുതന്നെ മുരളി എങ്ങിനെ കുടിയനായി എന്നത് സിനിമക്ക് വിഷയമല്ല. അയാളുടെ വർത്തമാനകാലത്തു കഥ തുടങ്ങുമ്പോൾ തന്നെ അയാൾ മുഴുക്കുടിയനാണ്. അയാളുടെ ഭാര്യ അയാളെ നിസ്സംഗ മനോഭാവത്തോടെ അവഗണിക്കുകയും നിശ്ശബ്ദയാവുകായും ചെയ്യുന്നു. അവൾ അപ്പോൾ തന്നെ പല യാഥാർഥ്യങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞു. വളർന്നു വരുന്ന പെണ്കുട്ടിയെക്കുറിച്ചും ജീവിതത്തിലെ അരക്ഷിതാവസ്ഥയെക്കുറിച്ചും അവൾ ബോധവതിയാണ്. ഉത്തരവാദിത്തമില്ലാത്ത ഭർത്താവിനെ പ്രതിരോധിക്കേണ്ടതിന്റെയും സ്വന്തം ജീവിതം സുരക്ഷിതമാക്കേണ്ടതിന്റെ അനിവാര്യതയും അവൾ തിരിച്ചറിഞ്ഞിട്ടുണ്ട് .

ഉറക്കത്തിൽ മകളുടെ മാലയെടുത്തു പുറത്തേക്കോടുന്ന മുരളിയെ അവൾ തടഞ്ഞു നിറുത്തുക തന്നെ ചെയ്യുന്നു. ബിരിയാണി കൊണ്ടുവന്നു ബലമായി തീറ്റിക്കാൻ ശ്രമിക്കുമ്പോൾ ഉൾപ്പെടെ ശാരീരികമായി സ്വയം പ്രതിരോധിക്കേണ്ടിടത്തു അവൾ അത് ചെയ്യുന്നു. വീടുവിട്ടിറങ്ങിയാലേ തനിക്കും മകൾക്കും രക്ഷയുള്ളൂ എന്ന് തിരിച്ചറിയുന്ന അവൾ ചങ്കൂറ്റത്തോടെ മകളെയും കൂട്ടി ഇറങ്ങിപോവുമ്പോൾ ഒരുത്തന്റെയും തോന്ന്യാസ്യങ്ങൾക്കു തുലാക്കാനുള്ളതല്ല പെണ്ണിന്റെ ജീവിതം എന്ന ഉറച്ച പ്രഖ്യാപനമായി തോന്നി. തന്മയത്വത്തോടെ പക്വതയോടെ ഒതുക്കത്തോടെ ആ കഥാപാത്രത്തെ സംയുക്തമേനോൻ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.

മദ്യപാനം ഒരു രോഗമാണ്. തൊണ്ണൂറു ശതമാനവും ജനിതകവും. സ്വയം മാറണമെന്ന് തോന്നാത്തൊരാളിനു ഒരിക്കലും മദ്യപാനം നിർത്താൻ സാധ്യമല്ല. അങ്ങനെയൊരാളെ എവിടെ കൊണ്ടുചെന്നിട്ടാലും തിരികെ അയാൾ അതിലേക്കു തന്നെ എത്തിച്ചേരും. എല്ലാ അർത്ഥത്തിലും നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന രോഗാവസ്ഥയാണത്. മദ്യത്തിന്റെ ലഹരിയടങ്ങുന്ന അവസ്ഥയിൽ അയാൾ വല്ലാത്ത കുറ്റബോധത്തിലൂടെയും ആത്മനിന്ദയിലൂടെയും നിരന്തരമായി കടന്നു പോവുന്നു. ഇത് ചാക്രികമാണ്. ഓരോ സൈക്കിൾ കഴിയുമ്പോഴും കുറ്റബോധത്തിന്റെയും ആത്മനിന്ദയുടെയും തോത് കൂടിക്കൂടി ഒടുവിൽ ആത്മഹത്യയിലേക്കോ മറ്റൊരാളെ ദേഹോപദ്രവം ഏൽപ്പിക്കുന്ന അവസ്ഥയിലേക്കോ കൊണ്ടെത്തിക്കുന്നു. നിസ്സഹായനായി അയാൾ ഒരവസരത്തിൽ പറയുന്നുണ്ട് :"എല്ലാം എനിക്കറിയാം.കുടി നിറുത്തണം നീ കുടി നിറുത്തണം എന്ന് പറയുന്നവരാരും അതെങ്ങിനെ എന്ന് പറയുന്നില്ല."

മദ്യപിക്കുന്നയാളിന് മദ്യത്തോടു മാത്രമേ പ്രതിപത്തിയുള്ളു; ലോകത്തു മറ്റൊന്നിനോടും അയാൾക്ക്‌ അടുപ്പമുണ്ടാകില്ല. അതിനു വേണ്ടി അയാൾ എന്തും ചെയ്യും; കള്ളം പറയും (വളരെ നൈസർഗികമായ ഭാവനശക്തിയുള്ളവരും കാര്യസാധ്യത്തിനു അപ്പോൾ തന്നെ ഒരു പുളു മെനഞ്ഞെടുക്കാൻ മിടുക്കന്മാരുമണിവർ). ആർക്കോ ഡങ്കിപ്പനിയാണ് എന്ന് കള്ളം പറഞ്ഞു ആയിരത്തി അറുനൂറു രൂപ ചോദിച്ചു വാങ്ങി പോയി മദ്യപിക്കാൻ അയാൾക്ക്‌ ഒരു ഉളുപ്പുമില്ല. അയാളുടെ ഓരോ ദിവസവും മദ്യപാനത്തിന് വേണ്ട സമയവും സന്ദർഭവും തിരയലാണ് . മോളുടെ സ്കൂളിൽ PTA മീറ്റിംഗ് എന്ന് രാവിലെ കേൾക്കുമ്പോൾ തന്നെ വെള്ളയും വെള്ളയുമിട്ടു അയാൾ റെഡിയാണ്; കൊണ്ടുപോകാൻ. കാരണം വീണു കിട്ടിയ ഒരവസരം ഒരിക്കലും അയാൾ നഷ്ട്ടപ്പെടുത്തില്ല. സ്‌കൂളിൽ വിട്ടശേഷം ഉടനെത്തന്നെ 'അച്ഛൻ കൃഷിഭവനിൽ പോയിവരാം' എന്ന് പറഞ്ഞു ധൃതിയിൽ സ്ഥലം വിടുകയാണ്. വളരെ സൂക്ഷമായ നിരീക്ഷണം തിരക്കഥയിൽ എടുത്തുപറയേണ്ടതാണ്.

ഷാപ്പിലെ മെലഡിയും ചായക്കടയിൽ നിന്നും 'നയാപൈസയില്ല കൈയ്യിലൊരു നയാപൈസയില്ല' എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ മുരളി മരത്തിനുകീഴെ ലക്ക് കേട്ട് കിടന്നുറങ്ങുന്നതും വേണമായിരുന്നോ? അതെ സമയം സിനിമ കാണാനിരിക്കുമ്പോൾ ഉണ്ടാകുന്ന കശപിശയും അതേത്തുടർന്ന് ആ യുവതിയോട് കോടതി 'പറയുന്നതെല്ലാം സത്യമാവും' എന്ന് മതഗ്രന്ഥത്തെ തൊട്ടു പറയാനാവശ്യപ്പെടുമ്പോൾ 'എനിക്ക് ഭരണഘടനയിലാണ് വിശ്വാസം' എന്നു പറയുന്നതും സിനിമയുടെ ആകെത്തുകയുമായി വലിയ ബന്ധമില്ലെങ്കിലും കാലികപ്രസക്തി കാരണം ഇഷ്ടമായി.

മദ്യാസക്തികൊണ്ടു അയാൾ ചെന്നുപെടുന്ന കുരുക്കുകൾ നിരവധി. അത്രയേറെ ഒരു സിനിമക്ക് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. എന്നാൽ സാമൂഹികമായ ബോധ്യം ഉണ്ടാക്കൽ കൂടി ദൗത്യമായുള്ളതിനാൽ കൂടുതൽ സംഭവങ്ങൾ ഉദാഹരണങ്ങളായി കാട്ടിത്തരുന്നു എന്നതിൽ അപാകത തോന്നിയുമില്ല.

സ്വതവേ മദ്യപാനികൾ സ്നേഹമുള്ളവരും നർമബോധമുള്ളവരുമായാണ് അനുഭവം. സിനിമയിലുടനീളം മുരളിയുടെ വാക്കുകളിലെ (അതും കണ്ണൂർ സ്ലാങ്ങിൽ) പരിഹാസവും (മനഃപൂർവം ആരെങ്കിലും കുടിക്കുമോ? എന്നൊക്കെ അയാൾ നമ്മോടു ചോദിക്കുന്നതും സ്വയം ന്യായീകരിക്കുന്നതും) നർമരസവും മാത്രം മതിയായിരുന്നു എന്ന് തോന്നി. ഒരു ഗാന്ധിയനെ വേഷം കെട്ടിച്ചു കല്യാണസദ്യക്കു കൊണ്ടുവന്നു അയാൾക്ക്‌ അയാളറിയാതെ മദ്യം കൊടുത്തു കാണികളെ ചിരിപ്പിക്കേണ്ടതില്ലായിരുന്നു. പിന്നെ വംശനാശം സംഭവിച്ചിച്ചു കൊണ്ടിരിക്കുന്ന വിഭാഗത്തിൽ നിന്നൊരാളെ സ്‌ക്രീനിലെങ്കിലും കണ്ടതിന്റെ സന്തോഷം മറച്ചുവക്കുന്നില്ല.

സിനിമയിലൂടെ ചിലതു സമൂഹത്തോടും മദ്യപാനികളോടും അവർക്കു ചുറ്റുമുള്ളവരോടും കൃത്യമായി സംവദിക്കുന്നുണ്ട്. സന്ദേശം തന്നെയായി പറയേണ്ടിടത്തു ഡോക്ടറുടെ വാക്കുകളിലൂടെ അവക്ക് ആധികാരികതയുണ്ടാക്കിയിട്ടുണ്ട്. 'അയാൾക്ക്‌ നിങ്ങളുടെ സഹായം ആവശ്യമുണ്ട് അതിനാൽ വരണം' എന്നുപറയുമ്പോൾ ആദ്യം നിരസിക്കുകയും പിന്നെ പോവാൻ ഭാര്യ സന്നദ്ധയാവുന്നതും സ്ത്രീയിലെ നന്മ കാണിക്കുന്നു. ഭാര്യയെ കൂടെ നിറുത്തി മുരളിക്ക്‌ നല്ലൊരു ഡോസ് ഡോക്ടർ കൊടുക്കുന്നു: "ഇപ്പൊ അവർക്കു നിന്നെ വേണ്ട നിനക്കാണ് അവരെ ഇപ്പോൾ ആവശ്യം' . രോഗികൾ അറിഞ്ഞാവണം ചികിത്സയെന്നതും പൊതു സന്ദേശമാണ്.

സമൂഹം വളരെ വേഗം തീർപ്പുകളിൽ എത്തുമെന്നതാണ് യാഥാർഥ്യം . അതുകൊണ്ടു തന്നെ സമൂഹത്തിനു മദ്യപാനിക്കു മേലുള്ള വിശ്വാസ്യത നഷ്ടപ്പെടാൻ അധികം സമയമൊന്നും വേണ്ട. കണ്ടവരോടൊക്കെ കടം ചോദിക്കുകയും കള്ളം പറയുകയും ചെയ്യുന്നയാൾ ഏറ്റവും ദുർബലനാണ്. പെട്ടെന്ന് തന്നെ അരക്ഷിതാവസ്ഥയിലേക്കും ഭയത്തിലേക്കും അയാൾ വഴുതിവീഴുന്നു. ഇത്തരം അവസ്ഥകൾ അമിതാഭിനയത്തിലോട്ടു വഴുതിവീഴാതെ ചെയ്തു ഫലിപ്പിക്കുക അത്ര എളുപ്പമല്ല. മികവുറ്റ അഭിനയം കൊണ്ട് ജയസൂര്യ തന്റെ കഴിവ് വീണ്ടും തെളിയിച്ചിരിക്കുന്നു. എക്കാലവും അഭിമാനിക്കാവുന്ന കഥാപാത്രാവിഷ്കാരം.

കല്യാണവീട്ടിൽ മദ്യപിക്കാൻ ഒരു ബോട്ടിൽ പെപ്സി കൊടുക്കുന്ന പെൺകുട്ടിക്ക് നന്ദിസൂചകമായി ചുമ്മാ ഒരു ഷേക്ക് ഹാൻഡ്‌ കൊടുത്തതാണ്. അയാളുടെ കഷ്ടകാലത്തിനു അവളുടെ മോതിരം കാണാതെപോവുന്നു . അവിടെ മുരളിയാണത്‌ അടിച്ചുമാറ്റിയതു എന്ന് സ്ഥിരീകരിക്കാൻ വളരെ എളുപ്പമായിരുന്നു. അയാൾ പറയുന്നത് അവിടെ ആർക്കും കേൾക്കേണ്ട കാരണം അയാളുടെ നാളിതുവരെയുള്ള സ്വഭാവം അയാളെ വിശ്വസിക്കാൻ കൊള്ളാത്തവനാക്കിയിരുന്നു. ലഹരിയിൽ കൂട്ടുകാരൻ പറഞ്ഞത് ശരിക്കും മനസിലാക്കാതെ മരണവീട്ടിൽ കയറി അലമ്പുണ്ടാക്കുന്ന മുരളി മുപ്പത്തിരണ്ട് ദിവസം ജയിലിൽ കിടക്കേണ്ടി വരുന്നു.

അയാളുടെ തിരിച്ചു വരവും ഉയർച്ചയും മറ്റുള്ളവർക്കും പ്രചോദനമാവും വിധം പോസറ്റീവ് എനർജിയോടെ കാണികളിലെത്തിച്ചുണ്ട്. ഇവിടെയൊക്കെ പശ്ചാത്തല സംഗീതം കൃത്യമായ പങ്കു വഹിച്ചിട്ടുണ്ട്.മദ്യപാനം നിറുത്തി തിരിച്ചെത്തുന്ന അയാൾക്ക്‌ ജോലി നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ഡീഅഡിൿഷൻ സെന്റരലിലെ ഡോക്ടറുടെ വാക്കുകകൾ സമൂഹ മനോഭാവത്തിനു നേരെ ശക്തമായി വിരൽ ചൂണ്ടുന്നു. വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചു സൂചനയുണ്ട്. സ്വന്തമായി എന്തെങ്കിലും തുടങ്ങു എന്ന് സമാധാനിപ്പിക്കുമ്പോൾ എനിക്കെന്തറിയാം ഇൻവെസ്റ്റ്മെന്റ് ഒന്നുമില്ല എന്ന് പറയുമ്പോൾ നിങ്ങൾക്ക് വേണ്ടതെല്ലാം ചുറ്റിനുമുണ്ട്, "Insult is the biggest investment" എന്ന് പറഞ്ഞു നേരിട്ട അപമാനങ്ങളെ മൂലധനമാക്കാൻ ഉപദേശിക്കുന്ന ഡോക്ടർ മുരളിയെ മദ്യവിമുക്തനാക്കുക എന്നിടത്തു മാത്രം തന്റെ ദൗത്യം അവസാനിപ്പിക്കുന്നില്ല. അയാൾക്ക്‌ പുതിയ ദിശാബോധവും ഊർജവും നൽകുന്നു. അയാളുടെ സംരംഭത്തെ ബിസിനസ് ഓർഡർ കൊടുത്തു സഹായിക്കുന്ന വീഗാലാൻഡ് ഹോംസ് CEO കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഒന്നോ രണ്ടോ സീനുകളിൽ മാത്രമേയുള്ളുവെങ്കിലും ശബ്ദവും സംഭാഷണ രീതിയും കൊണ്ട് പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്നു.

പാട്ടുകളും സംഗീതവും തീർച്ചയായും നിലവാരം പുലർത്തുന്നുവെങ്കിലും എങ്കിലും ഈ സിനിമയിൽ ഗാനങ്ങൾ വേണ്ടായിരുന്നു എന്ന അഭിപ്രായമാണ്; പ്രത്യേകിച്ചും ഹിന്ദി പാട്ട്.

സിനിമയുടെ ശില്പികൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. കാണേണ്ട സിനിമ തന്നെ.

6 comments:

Subscribe