Friday, February 11, 2022

സോഫി

(2022 ഭാഷാപോഷിണി പുതുവത്സരപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കഥ, ജനുവരി ലക്കം)

എട്ടുമണിക്കൂറായുള്ള ഇരിപ്പാണ്. ഐ. സി. യുവിനു‌മുന്നിൽ.

‘മമ്മ, പോയ് മുറിയിൽ കിടക്കൂ. ഞാനിവിടെയുണ്ടല്ലോ’ എന്ന് നാലഞ്ചുവട്ടമെങ്കിലും ഇതിനകം തരുൺ പറഞ്ഞു കാണും. ഞാൻ കേട്ടതായേ ഭാവിച്ചില്ല. അസഹ്യമായ തണുത്ത കാറ്റ്, ഐ സി യുവിന്റെ വാതിൽ തുറക്കുമ്പോൾ! ഇടയ്ക്ക് നേഴ്സുമാർ പുറത്തേക്കും ഡോക്ടർ അകത്തേക്കും പായുന്നതുപോലും ഞാൻ ശ്രദ്ധിക്കുന്നില്ല. എനിക്കറിയാം പ്രതീക്ഷയ്ക്ക് വകയില്ലെന്ന്. ഏതു നിമിഷവും പുറത്തേക്കു വരാവുന്ന ഒരു ഡോക്ടർ 'ഇട്ടൂപ്പിന്റെ ആരാ ഉള്ളത്' എന്ന് ചോദിക്കുമെന്ന്. പിന്നെ, 'വൈഫ് ആണല്ലേ? സോറി വി ട്രൈഡ് ഔർ ബെസ്റ്റ്.. ബട്ട്…' എന്നാവും. ഞാനത് യാഥാർഥ്യമായെടുത്തേ മതിയാവൂ.

വെറുതെ മൊബൈലിൽ തോണ്ടിയിരുന്നു. സെൽഫി മോഡിൽ കാമറ ഓൺ ചെയ്തു. ഹോ! ഞെട്ടിപ്പോയി. ഇത്രവർഷം കഴിഞ്ഞിട്ടും പാതി ചതഞ്ഞരഞ്ഞ സ്വന്തം മുഖം എന്നെ ഞെട്ടിക്കുന്നു. ഈ മുഖത്തെയാണല്ലോ ഇട്ടൂപ്പ് സ്നേഹിച്ചത്. തരുൺ പോലും ഇങ്ങിനെ ആയതിൽപ്പിന്നെ എന്നെ ഹഗ് ചെയ്തിട്ടില്ല. ഞാൻ തള്ളവിരൽ കൊണ്ട് സ്ക്രീൻ പാതി മറച്ചു. പെട്ടെന്ന് ഓർമ്മവന്നത് ഇങ്ങോട്ടു വരുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇട്ടൂപ്പ് പറഞ്ഞ വാക്കുകളാണ്, ‘സോഫീ നീ അമ്പതിലും സുന്ദരിയാണ്!’. ഒരു നിമിഷം സന്തോഷിച്ചെങ്കിലും അടുത്ത നിമിഷം ഇരട്ടി സങ്കടമായി. പിന്നെ രണ്ടുമല്ലാത്ത അവസ്ഥ. ഞാൻ കാമറ ഓഫാക്കി.

എന്നായിരുന്നു ഇട്ടൂപ്പിനെ ആദ്യം കണ്ടത്?

ഹാ! ഒരിക്കലും മറക്കില്ല അത്! എങ്ങനെ മറക്കാൻ കഴിയും? എന്റെ മുഖം എന്നുമൊരു ഷാൾ മൂടലിനിപ്പുറമല്ലാതെ അധികം പരസ്യപ്പെട്ടില്ലല്ലോ. എങ്ങാനും അനാവ്രതമാകുന്ന വേളയിൽ അത് കാണുന്നവരുടെ മുഖത്തെ - ഹൊ എത്ര അടുപ്പമുള്ളവരായാലും എത്രമറച്ചുപിടിക്കാൻ ശ്രമിച്ചാലും അവരുടെ നെഞ്ചിൽ നിന്ന് കണ്ണുകളിലേക്കെത്തുന്ന - ഒരു നടുക്കം കാണാം! ജീസസ്! അടുത്ത സെക്കന്റിൽ അത് സഹതാപമാകും. ശ്ശൊ! അതാണ് ഒട്ടും സഹിക്കാൻ വയ്യാത്തത്!

ഓഹ്! ഇട്ടൂപ്പിനെ ആദ്യം കണ്ടകാര്യം ഓർക്കുമ്പോഴേ ചിന്തകൾ വഴിമാറിപോകുന്നതു കണ്ടോ? അല്ലെങ്കിലും അതിങ്ങനെയാണ്. വണ്ടിക്കടിയിൽ, ശരീരം പാതി ടാറിട്ട റോഡിലുരസി നീങ്ങിയപ്പോൾ ഏതൊക്കെയോ ഞരമ്പുകളും വഴിമാറി കൂട്ടിപ്പിടിച്ചിരിക്കണം. അല്ലെങ്കിൽ ഇതുപോലെ ഓർമ്മകളുടെ സിഗ്നലുകൾ വഴിതെറ്റിക്കുമോ?

ദേ പിന്നെയും. ഓഹ് മൈ ബ്രെയിൻ. കം ടു ദ സ്പോട്ട്. സ്റ്റേ ദെയർ!

അന്ന് ഡേ കെയറിലെ ഒരു കുട്ടിയുടെ ജന്മദിനാഘോഷമായിരുന്നു. സാധാരണ ആൾക്കൂട്ടവും ആഘോഷങ്ങളുമൊക്കെ ഒഴിവാക്കാറാണ് പതിവ്. പക്ഷേ എന്തോ ആ ക്ഷണം നിരസിക്കാനായില്ല! അവർ സ്നേഹമുള്ളവരായിരുന്നു. പോകേണ്ടി വന്നു എന്ന് പറയുന്നതാവും ശരി!.

ഒരു ഭാഗത്ത് ഒതുങ്ങിയിരുന്ന് മുഖാവരണം മാറ്റിപ്പിടിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഓർമ്മയുണ്ട് ചെവിക്കടുത്ത് ഒരു ശബ്ദം മുഴങ്ങിയത്.

"നല്ല ശ്വാസതടസ്സം ഉണ്ടാകും അല്ലേ?"

ശബ്ദത്തിന്റെ അല മാറിയപ്പോഴാണ് രൂപം തെളിഞ്ഞത്. ഒരു മനുഷ്യൻ! പ്ലേറ്റിൽ ഭക്ഷണവുമായി തന്റെ മുന്നിൽ ഇരിക്കാൻ തുടങ്ങുന്നു!

എത്ര മേശ കസേര ചുറ്റിലും ഒഴിവുണ്ട്.... ഒരു മൂലയ്ക്ക് ഒതുങ്ങിയിരുന്ന് കഴിക്കുന്ന തന്റെ മുന്നിൽ തന്നെ വന്നിരുന്ന് കുശലം ചോദിക്കാൻ കണ്ട കാര്യം!!

"ഇല്ല! ഒരു കുഴപ്പവുമില്ല! പക്ഷെ ഇമ്മാതിരിയുള്ള ചോദ്യങ്ങൾ നെഞ്ചിനെ വിലക്കുന്നു. ശ്വാസം തടസപ്പെടുത്തുന്നു."

"സോറി! നോക്കൂ സിസ്റ്ററെ..നിങ്ങളുടെ ഈ മാറിയിരിപ്പുണ്ടല്ലോ… അത്…,” ഒന്ന് നിറുത്തി, മനഃപൂർവം മയപ്പെടുത്തിയതെങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു, “നോക്കൂ നിങ്ങളാണ് നിങ്ങളെത്തന്നെ സഹതപിച്ച് ഇല്ലാതാക്കുന്നത്. ഒരു സിമ്പിൾ കാര്യം പറയട്ടെ. നിങ്ങളുടെ ശരീരം അല്ല നിങ്ങൾ. അതാണു കാര്യം.”

ഞാനൊന്നും മിണ്ടിയില്ല. എന്ത് പറയാൻ!

“ഓക്കേ, ഞാൻ എണീറ്റുപൊക്കോളാം. സോറി ഫോർ ദി ട്രബിൾ"

"ഒഹ്! വേണ്ട. പോകണ്ട. കഴിച്ചോളൂ. എനിക്കിത് ശീലമില്ല. അതാണ്"

"എന്ത്?"

"ഇത് തന്നെ. നിങ്ങളിപ്പോൾ ചെയ്യുന്നത്. ഈവിധമായതിൽപ്പിന്നെ എന്റെ മുഖത്തേക്ക് നോക്കിയവരാരും നിങ്ങളെപ്പോലെ രണ്ടാമത് നോക്കാറില്ല."

"ഓ! അത്! പട്ടാളക്കാർക്ക് ഇതൊന്നും പുത്തരിയല്ല സിസ്റ്റർ."

"ഞാൻ സിസ്റ്ററല്ല! സോഫി"

“ആ സോഫി! ഞങ്ങൾ പട്ടാളക്കാർ ഇതുകണ്ടൊന്നും ഞെട്ടില്ല മാഡം. ഹ ഹ! കഴിക്കൂ എന്താണ് കഴിപ്പ് നിർത്തുന്നത്..? അതെ ഞാൻ കുടിച്ചിട്ടുണ്ട്. സോഫി മദ്യപിക്കുമോ? ഒരു ലാർജ് കൊണ്ടുവരട്ടെ?"

സത്യം പറഞ്ഞാൽ അവിടെ, ആ പാർട്ടിയിൽ വിവേചനം ഉണ്ടായിരുന്നു. ഒരു ഭാഗത്ത് ബാർ കൗണ്ടർ പോലെ. അവിടെ എല്ലാത്തരം മദ്യങ്ങളും ഒഴിച്ച് കൊടുക്കാൻ രണ്ട് അറ്റൻഡർമാരും. സ്ത്രീകൾക്ക് പ്രവേശനമില്ല എന്ന് അന്തരീക്ഷത്തിൽ അലിഖിതമായി എഴുതിവെച്ച പോലെ. എനിക്ക് സത്യം പറഞ്ഞാൽ ഒരു ഡ്രിങ്ക് വേണമെന്നുണ്ടായിരുന്നു. അതിനാൽ തന്നെ സ്ത്രീകളുടെ വായിൽ സാധാരണ വരുന്ന ‘ഒഹ് നൊ! താങ്ക്സ്’ ഞാൻ പറഞ്ഞില്ല. ഈ മനുഷ്യൻ ഒരു മൈൻഡ് റീഡറാണെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. അയാൾ എന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ, കളറില്ലാത്ത ഒരു ഡ്രിങ്ക് എടുത്ത് കൊണ്ടുവന്നു. ലജ്ജയേതുമില്ലാതെ ഞാനോർക്കുന്നു, ഇട്ടൂപ്പ് അതെടുത്ത് കൊണ്ടുവന്നപ്പോൾ എന്റെ ചുണ്ടും തൊണ്ടയും ആമാശയവും ആ തീ വിഴു ങ്ങാൻ നിശബ്ദം തയാറായി. പക്ഷേ അയാൾ കൊണ്ടുവന്ന ഗ്ലാസ് സ്വന്തം പ്ലേറ്റിനടുത്താണ് വച്ചത്. എന്റെ മനസ്സിടിഞ്ഞു.

സ്വാർത്ഥൻ. വെറുതെ മോഹിപ്പിച്ചു. ഞാൻ പിന്നെ അയാളെ നോക്കിയില്ല. ഷാൾ കൊണ്ട് മറയ്ക്കാതെ എന്റെ ഭക്ഷണം കഴിക്കാൻ തുടങ്ങി. പെട്ടന്ന് എന്റെ പ്ലേറ്റിനരികിലേക്ക് ഗ്ലാസ് നീങ്ങിവന്നപോലെ; ശബ്ദവും. "വോഡ്കയാണ്. നാരങ്ങാനീരും. ലാർജ്ജ് ആണ്. ഒറ്റ വലിക്ക് കുടിക്കൂ. ആരും കാണണ്ട."

ഞാൻ തല ഉയർത്തുകയോ പ്രതികരിക്കുകയോ ചെയ്തില്ല. കണ്ണടച്ച് പാലുകുടിക്കുന്ന പോലെ ഒറ്റവലിക്കത് കാലിയാക്കി. ഒരു തീക്കുണ്ഡം തൊണ്ടവഴി വയറ്റിലേക്കിറങ്ങി. ആ സ്ഫോടനം ശരിക്കറിഞ്ഞു. പൊട്ടിയ അഗ്നിപർവ്വതത്തിൽ നിന്ന് ഉയരുന്ന ലാവ കണക്കെ എന്തോ ഒന്ന് പൊന്തി ഉയർന്നു. അതെന്റെ തലച്ചോറിൽ ഒരു വിരിയമിട്ട് പോലെ വട്ടത്തിൽ വിരിഞ്ഞു. യെസ്, ഞാൻ തല ഉയർത്തിനോക്കിയപ്പോൾ അയാൾ അതിസുന്ദരനായി മാറിയ പോലെ!

"സോഫീ, എന്റെ ആദ്യ മിഷൻ ശ്രീലങ്കയിലേക്കായിരുന്നു. സഹായിക്കാൻ ചെന്ന ഞങ്ങൾക്ക് രണ്ട് സൈഡീന്നും അടി കിട്ടി. ഞാനന്ന് പയ്യൻ. യുദ്ധത്തിൽ കൊല്ലുന്നത് മനസ്സിലാക്കാം. പട്ടാളക്കാർ കരുക്കളാണ്. കാലാൾ! എന്നാൽ എതിരാളികൾക്കത് യുദ്ധമല്ല. ജീവിതമായിരുന്നു. അവിടെ കണ്ടു. കാണരുതാത്തത് പലതും. സോഫിക്കിത് ഒരു ആക്സിഡന്റ്. എനിക്കറിയാം. നിങ്ങളെ ഈ മൂന്നാറിൽ എല്ലാവർക്കും അറിയാം. അന്ന് ജീപ്പിനടിയിൽപെട്ട് മുഖമുരസി നിങ്ങൾ പിടഞ്ഞ് പോകുന്നത് കണ്ടുനിന്ന പലരും പറഞ്ഞറിയാം. അതുപോലെയല്ലായിരുന്നു ശ്രീലങ്കയിൽ. ശവത്തിന്റെ മുഖം വരെ വികൃതമാക്കും തരം ഉന്മാദികളാണ് തീവ്രവാദികൾ. പറഞ്ഞല്ലോ പട്ടാളക്കാർ മുകളിലുള്ള ചിലരുടെ കരുക്കൾ. എന്നാൽ പുലികൾക്ക് ഞങ്ങൾ ഇരകളും. അവർക്കത് സ്വാതന്ത്ര്യസമരം! സോറി സോഫീ, ഞാൻ അഞ്ചോ ആറോ ലാർജ് കഴിച്ചിട്ടുണ്ട്. ഇത്ര പതിവില്ല."

"പക്ഷേ നിങ്ങൾ ഭംഗിയായി സംസാരിക്കുന്നു."

"അതെ! ഭംഗിയായി സംസാരിക്കാനല്ല ഭയമില്ലാതെ സംസാരിക്കാൻ. നിന്നോട്. സഹതാപം കൊണ്ടാണെന്ന് നീ കരുതും എന്ന ഭയത്തെ എനിക്ക് ഒതുക്കേണ്ടതുണ്ട്. അതുകൊണ്ട്.."

"യു മീൻ?"

"സോഫീ.. എനിക്ക് നിങ്ങളെപ്പറ്റി എല്ലാമറിയാം. എല്ലാം. അതിസുന്ദരി. അസൂയപ്പെടുത്തുന്ന കുടുബജീവിതം. ഒരു കുഞ്ഞുമോൻ. മുഖം ഇതുപോലെ ആയതിന്റെ പേരിൽ, ആ ഒറ്റ കാരണം കൊണ്ട് പിന്നിട് നിന്നെ ഒറ്റയ്ക്കാക്കി പോയ ഭർത്താവ്.. എല്ലാമറിയാം.."

ഞാൻ സ്തബ്ധയായിപ്പോയി. ഏറെ… ഏറെ നാളുകൾക്ക് ശേഷം ഞാൻ ഒരാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. ഏറെ നാളുകൾക്ക് ശേഷം മറ്റൊരാളുടെ കണ്ണുകൾ എന്റെ ഈ മുഖത്തേക്ക് ഇത്ര ഉറപ്പോടെയും നോക്കി. എന്താണ്? എന്താണ് ഇയാൾ ഉദ്ദേശിക്കുന്നത്?

"പട്ടാളക്കാർക്ക് സംസാരിക്കാൻ അറിയില്ല സോഫീ. പ്രവൃത്തിച്ചേ പരിചയമുള്ളൂ.. പ്രവൃത്തിച്ചില്ലെങ്കിൽ എതിരാളി പ്രവർത്തിക്കും. നമ്മൾ ഇല്ലാതാകും"

"പക്ഷേ.. നിങ്ങൾ മനോഹരമായി സംസാരിക്കുന്നു."

"ഒഹ്! ഇതോ. ഇല്ല! പക്ഷേ കേൾക്കൂ. ഞാൻ ഒറ്റയാണ്. ആരുമില്ല. ക്ഷണിക്കട്ടെ? നിന്നെയും മോനേയും? രക്ഷകനായല്ല! കൂട്ടായി. വെറും കൂട്ടായി. വരട്ടെ ഞാൻ? ഇല്ല എന്നാണുത്തരമെങ്കിൽ പറയണ്ട. ഈ ചോദ്യം കഴിഞ്ഞ കുറെ നാളായി നിന്റെ പിറകിലുണ്ടായിരുന്നു എന്ന് മാത്രം മനസ്സിലാക്കുക"

എനിക്കാ നിമിഷം ഓർക്കാൻ വയ്യ. ഒരൊറ്റദ്വീപായിരുന്നു ഞാൻ. ഇതാ അവിടേക്ക് അടുക്കുന്നൊരു കപ്പൽ!

ഹൊ! ആർക്കും ഊഹിക്കാൻ കഴിയില്ല! ആ സമയം എന്റെ മുഖം എന്ത് ദീപ്തമായിരുന്നു എന്ന് പിന്നീട് ഇട്ടൂപ്പ് ഇടയ്ക്കിടയ്ക്ക് പറയും.

ഞാൻ ചെയ്തതെന്താണെന്നോ?

അയാളെ നോക്കി.

എന്റെ പ്ലേറ്റിൽ ഒരു പൈനാപ്പിൾ പീസ് ഇരിപ്പുണ്ടായിരുന്നു. ഫോർക്ക് കൊണ്ട് ഞാനത് കുത്തിയെടുത്തു. എനിക്കറിയില്ല! ഞാനത് എടുത്ത് നീട്ടിയത് അയാളുടെ വായിലേക്കായിരുന്നു!!

ആ സമയമാണ് കുട്ടികളോടൊത്ത് മുറ്റത്ത് കളിക്കുകയോ മറ്റോ ആയിരുന്ന തരുൺ ഓടി വന്നത്.

മറക്കാൻ പറ്റില്ല ആ കാഴ്ച. ഇട്ടൂപ്പ് തരുണിനെ ചേർത്ത് പിടിച്ച് എന്നെ നോക്കിയ ആ നിമിഷം.

ആ നിമിഷം തൊട്ട് അയാൾക്കിപ്പുറം ഞാനും അപ്പുറം എന്റെ മകൻ തരുണും ഉണ്ടായിരുന്നു. ഈ ആശുപത്രിയിലും.

മൂന്നാറിലെ തണുപ്പ് എനിക്കൊരു തണുപ്പായിരുന്നോ? മത്സ്യത്തോട് കടലിന്റെ ഉപ്പ് രസം സഹിക്കാൻ പറ്റാത്തതാണോ എന്ന് ചോദിക്കും പോലെ ആണത്. അമ്മയില്ലായ്മയും തണുപ്പും എനിക്കൊരേപോലെയായിരുന്നു. എന്നാൽ മുഖം ഈ പരുവത്തിലായപ്പോ മുതൽ തണുപ്പ് എന്റെ ശത്രുവായി. ഏതൊക്കെയോ ഞരമ്പുകളെ കൂട്ടിയോജിപ്പിച്ചും മുറിച്ചുമാറ്റിയുമൊക്കെയാണ് ഡോക്ടർമാർ എന്റെ ഉരഞ്ഞുപോയ മുഖം പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്. ഇടയ്ക്കിടെ ഉണ്ടാവുന്ന വേദന എന്നെ വല്ലാതെ തളർത്തിയിരുന്നു. തണുപ്പ് ഈ ഞരമ്പുകളെ വലിയിപ്പിക്കുന്നത് കൊണ്ടാണെനിക്കിടയ്ക്കീ അസഹ്യവേദന എന്ന് ഇട്ടൂപ്പാണ് കണ്ടുപിടിച്ചത്. അങ്ങനെയാണ് ഞാൻ ഇട്ടൂപ്പിന്റെ നാട്ടുകാരിയായത്!

മൂന്നാറിൽ ഉപേക്ഷിച്ച് പോന്നത് എന്തൊക്കെയായിരുന്നു?

ഫിലിപ്പ്! തരുണിന്റെ അപ്പൻ. ഒഹ്! അയാളെ അല്ല. അയാൾ അതിനുമുമ്പേ ഞങ്ങളെ ഉപേക്ഷിച്ച് കടന്നല്ലോ. ചായയ്ക്ക് സ്വന്തം നിറവും ഗുണവും മണവും ഊറ്റിക്കൊടുത്തുകഴിഞ്ഞ തേയിലച്ചണ്ടിയെ പിന്നെയാരാണ് ഉപേക്ഷിക്കാതെ കൊണ്ട് നടക്കുക?

ഹോസ്പിറ്റലിൽ വച്ച് ഡോക്ടർ ഇക്ബാൽ കണ്ണാടിയിൽ നോക്കാൻ പറഞ്ഞ ആ നിമിഷം!!! എത്രയൊക്കെ സ്വയം പറഞ്ഞ് പരിശീലിച്ചിട്ടും കണ്ണാടിയിലെ ആ യക്ഷിയെ കണ്ട് ഞാൻ അലറി വിളിച്ചത്!! എന്റെ മുഖം കണ്ട ഫിലിപ്പിന്റെ കണ്ണുകളിലൂറിക്കൂടിയ വികാരങ്ങൾ. പുഴുത്ത പട്ടിയെ എന്നവണ്ണം അയാൾ പിറകോട്ട് നടന്നത്. ആ നടപ്പങ്ങനെ എന്റെയും തരുണിന്റെയും ജീവിതത്തിൽ നിന്ന് പിറകോട്ടേക്കാണെന്ന് ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞത്!!!

ഹൊ!! എന്തൊക്കെയാണ്! ജീവിതമേ നീയൊരു ഞെട്ടിക്കൽ റാണി തന്നെ.

അപകടത്തിനുശേഷം, പ്രകാശമാനമായ ദിനങ്ങൾക്ക് മേലെ ഒരിക്കലും മാറാത്ത അമാവാസി പരന്ന‌പോലായിരുന്നു എന്റെ ജീവിതം.. രാവിലെ മൂടൽ മഞ്ഞിനുള്ളിലൂടെയെത്തുന്ന മൂന്നാറിലെ മഞ്ഞവെയിൽ പിന്നീടൊരിക്കലും എന്റെ കണ്ണുകൾക്ക് ആസ്വദിക്കാനായില്ല. പച്ചപുതച്ച താഴ്‌വരകളുടെ ചിരി എന്നെ സന്തോഷിപ്പിച്ചില്ല. വെള്ളച്ചാട്ടങ്ങളുടെ കൊച്ചുശബ്ദങ്ങളോ കിളികളുടെ കലപിലയോ കേട്ട് മുമ്പത്തെപ്പോലെ ഹൃദയം അങ്ങോട്ടൊന്നും കുതിച്ചില്ല. തോട്ടത്തിലെ റോസാപ്പൂക്കളിലേക്കു മുഖം ചേർക്കുമ്പോൾ പൂവിന്റെ എന്നല്ല ഒരു ഗന്ധവും ഇനിയൊരിക്കലും നുകരാനാവില്ല എന്നു ഞാനറിഞ്ഞു. കാഴ്ചയും കേൾവിയും രുചിയും മാറിപ്പോയിരുന്നു. സ്പർശനങ്ങളധികവും പരുക്കനായിപ്പോയി. മറ്റുള്ളവരറിയുന്ന ലോകം പതിയെ എനിക്കു മായയായി തോന്നാൻ തുടങ്ങി.

എന്നാലോ അവയെല്ലാം ഓരോന്നായി തിരികെയെത്തും പോലെ!

ഇട്ടൂപ്പിന്റെ കൊച്ചു വീട്. വലിയ തൊടി. കുഗ്രാമം. എത്ര ശാന്തം. എന്നേക്കാൾ സന്തോഷം തരുണിനായിരുന്നു

മുറ്റത്തെ കുറ്റിമുല്ലപടർപ്പിനിടയിൽ രണ്ടുമരക്കസേരകൾ. മുന്നിലൊരു ചെറിയമേശ. അതായിരുന്നു ലോകം. അവിടിരുന്നാൽ താഴ്വര പടർത്തിയ പച്ച ചെന്ന് നിൽക്കുന്ന പുഴയാണ്. അതിനുമപ്പുറം കാടുകളായിരുന്നു. അവിടിരുന്നു കണ്ട അസ്തമയങ്ങൾ. അവിടിരുന്നു കൊണ്ട വെയിലും കാറ്റും ചാറ്റൽ മഴയും. അവിടെയിരുന്നു‌ മൊത്തിയ ഇട്ടൂപ്പിന്റെ സർവീസ് കോട്ടായിലെ ഓൾഡ് മങ്കുകൾ!! ജീവിതം എത്ര വർണ്ണാഭമായി!

ഒട്ടും താല്പര്യം കാണിച്ചിട്ടില്ല ഇട്ടൂപ്പ്. പക്ഷെ എനിക്ക് പറയണമായിരുന്നു. ഫിലിപ്പിനെപ്പറ്റി. എസ്റ്റേറ്റ് ഓഫീസിലെ ജോലിക്കാരനായിരുന്ന എന്റപ്പനു പറ്റിയ തെറ്റിനെപ്പറ്റി.

കമ്പനി ‘ടാറ്റ ടീ’ ആയ കാലം. അപ്പന്റെ ഓഫീസിൽ പുതിയ സ്റ്റാഫ് ആയാണ് ഫിലിപ്പ് എത്തിയത്. ഒറ്റയ്ക്ക് താമസമായതിനാലാവാം ഇടക്കൊക്കെ അത്താഴത്തിനു അയാളുമുണ്ടായിരുന്നു. അമ്മയില്ലാത്ത എനിക്കു എത്രയും പെട്ടെന്ന് വിവാഹം ഉണ്ടാവണമെന്ന് അപ്പനും ആഗ്രഹിച്ചിരിക്കാം. മാത്രവുമല്ല അപ്പന്റെ ആത്മവിശ്വാസവും ആരോഗ്യവും ആ സമയത്ത് തകരാൻ തുടങ്ങിയിരുന്നു. എസ്റ്റേറ്റിലേക്കു മാറും മുൻപ് ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ നിന്നും ആസ്ബസ്റ്റോസ് നാരുകളിലൂടെ കിട്ടിയ കാന്‍സർ അപ്പോഴേക്കും സീരിയസ് ആയിക്കഴിഞ്ഞിരുന്നു.

അങ്ങിനെ ആ വിവാഹം നടന്നു. വല്യ സ്വപ്നങ്ങളില്ലായിരുന്നെങ്കിലും ഉണ്ടായിരുന്ന ശരാശരി മോഹങ്ങൾ മാസങ്ങൾ കൊണ്ട് കരിഞ്ഞു. ഫിലിപ്പിന് മറ്റുള്ളവർ നൽകുന്ന സുരക്ഷിതത്വവും ആർഭാടങ്ങളുമായിരുന്നു വേണ്ടിയിരുന്നത്. അങ്ങിനെയാണ് അയാൾ പഠിച്ചതും വളർന്നതും. എല്ലാം ചുറ്റുമുള്ളവരുടെ ഔദാര്യം. ബന്ധുവിന്റെ ശുപാർശയിൽ കിട്ടിയ ജോലി. നിനച്ചിരിക്കാതെ കിട്ടിയ കല്യാണഭാഗ്യം. സൗന്ദര്യവും സാമ്പത്തികവുമുള്ള ഭാര്യ.

ആ അയാൾക്ക് ബാധ്യതയായ ഒരുവൾ. ഇരിക്കുന്ന വീടൊഴികെ എല്ലാം, എന്റെ സ്വർണ്ണം, എന്റപ്പൻ എനിക്ക് വേണ്ടി സ്വരുക്കൂട്ടിയ ഫിക്സഡ് ഡെപ്പോസിറ്റുകൾ, എന്റെ സ്വപ്നങ്ങൾ എല്ലാം വലിച്ചെടുത്ത ഈ വെറും ചണ്ടി തുപ്പിക്കളയുകയല്ലാതെ വേറെന്ത് വഴി?

ഹ ഹ ഹ! സോഫീ… നീയെന്തൊക്കെ പറഞ്ഞാലും അയാളെനിക്ക് ദൈവമാണ്!!

എനിക്കപ്പൊ ദേഷ്യം വന്നു.

ഹഹ ഹ. ഡിയർ! അയാളിൽ അല്പമെങ്കിലും കരുണയോ മനുഷത്വമോ ഉണ്ടായിരുന്നെങ്കിൽ?

ഉണ്ടായിരുന്നെങ്കിൽ‌?

എനിക്ക് ഈ നിന്നെ ഇങ്ങനെ കിട്ടുമായിരുന്നോ?

എന്റെ പുരികമില്ലാത്ത കണ്ണിൽ ഉമ്മ വെച്ചു അന്നേരം ഇട്ടൂപ്പ്.‌

സത്യം പറയാം, അതുവരെ ഒരു ഉമ്മയും എന്നെ അങ്ങനെ ഉത്തേജിപ്പിച്ചിട്ടില്ല. എന്റെ ഇടതുകാലിന്റെ പെരുവിരൽ മുതൽ‌ മുടിനാരിന്റെ അറ്റം വരെ‌ ത്രസിച്ച നിമിഷം!!

ആ വീടിന്റെ, തൊടിയുടെ ഏത് ഭാഗത്തും ഇട്ടൂപ്പിന്റെ മണമാണ്.

വീടിനു പിന്നിലെ അടുക്കള വാതിൽ തുറന്നാൽ ഇട്ടൂപ്പിന്റെ തോട്ടമാണ്. തോട്ടത്തിനപ്പുറം ചെറിയ കാട്. തോട്ടം വളർന്നു കാടായപോലെ. തെങ്ങും മാവും പ്ലാവും പേരമരവുമൊക്കെ വീട് വാങ്ങുമ്പോഴേയുണ്ടായിരുന്നു. അതിനിടയിലൊക്കെയായാണ് വാഴയും ചേനയും പാവലും ഒക്കെ വാശിക്ക് വളരുന്നത്. ഇട്ടൂപ്പിന്റെയും എന്റെയും ലോകം അതുതന്നെ. അടുത്തടുത്ത് വീടുകളില്ല എന്നത് എനിക്ക് നൽകിയ സമാധാനത്തിന് അതിരില്ലായിരുന്നു. വല്ലപ്പോഴും ഇത്തിരി ദൂരെ താമസിക്കുന്ന രമണി എത്തും. അവൾക്കുമാത്രം എന്റെ മുഖത്തേക്ക് നോക്കാൻ ഞെട്ടലോ ഭീതിയോ ഇല്ലായിരുന്നു. കുറേ നേരം വർത്തമാനം പറയും. ഇട്ടൂപ്പിന്റെ ബാല്യകാലസഖിയാണ്.

ഇന്നും അറിയില്ല ഇട്ടൂപ്പെങ്ങനെ ഒറ്റയ്ക്കായി എന്ന്. ഒരിക്കലും ഞാനത് അറിയാനും ആഗ്രഹിച്ചിട്ടില്ലല്ലൊ. എന്നെ സംബന്ധിച്ച് അയാൾ ഒരു മാലാഖയാണ്. മൂന്നാറിലെ കോടമഞ്ഞിനുള്ളിൽ നിന്നുരവം കൊണ്ട മാലാഖ.

തരുണിനെ പഠിപ്പിക്കാൻ ഇട്ടൂപ്പ് കാണിച്ച താല്പര്യം. ഇന്ന് ബാംഗ്ലൂരിൽ പ്രൊജക്റ്റ് മാനേജറായി ജോലി‌നോക്കുന്ന അവന്റെ ജീവിതയാത്രയിൽ എപ്പോഴും ഒരു‌നിഴലായി‌ ഇട്ടൂപ്പിന്റെ കരുതലുണ്ടായിരുന്നു.

‘മമ്മാ! ഹോപ് ഫോർ ബെസ്റ്റ്. പ്രിപ്പെയർ ഫോർ ദി വോർസ്റ്റ്.’ ഇന്നിവിടെയിരുന്ന് അവനത് പറയുമ്പോൾ എനിക്ക് അത് ഇട്ടൂപ്പിന്റെ ശബ്ദമായാണ് തോന്നിയത്.

ഇല്ല! ഇട്ടൂപ്പിനെ അങ്ങനെ‌വിട്ടുകൊടുക്കില്ല ഞാൻ.

സ്വന്തം നിഴലിനെപ്പോലും ഭയക്കാൻ തുടങ്ങിയ കാലത്തു നിന്നും ഭയമില്ലായ്മയുടെയും സുഖത്തിന്റെയും സന്തോഷത്തിന്റെയും വർത്തമാനത്തിലേക്കു സ്വപ്നത്തിലെപ്പോലെ എന്നെ കൊണ്ടുനടന്ന ചിറകില്ലാത്ത മാലാഖ!

ഡോക്ടർ പുറത്തേക്ക് വന്നു. തരുൺ എണീറ്റ് ചെല്ലുന്നു. ഡോക്ടർ അവന്റെ തോളിൽ‌ ഒരു കൈ വെച്ച് വരാന്തയിൽക്കൂടി നടന്നു.

ഞാൻ തണുത്ത കൈപ്പത്തിയിൽ മുഖമമർത്തി കുറേയിരുന്നു. ഡോക്ടറും തരുണും കുറച്ചകലെ നിന്നു കൊണ്ട് സംസാരിക്കുകയാണ്.

എനിക്ക് അറിയണ്ട. കേൾക്കണ്ട.‌ തരുൺ വന്ന് മമ്മാ… എന്ന് വിളിച്ച് ആശ്ലേഷിക്കുമായിരിക്കും. വേണ്ട. ഇല്ല ഇട്ടൂപ്പില്ലാതെ ഞാൻ ഇവിടെ‌നിന്ന് പോകില്ല.

ആ സ്നേഹം എന്റെ ജീവനെ നിലനിർത്തിയ വെന്റിലേറ്ററാണ്. അതാണ് എന്നിൽ നിന്നും എടുത്തു മാറ്റപ്പെടാൻ പോകുന്നത്.

ഡോക്ടർ എന്താണ് അവനോട് പറഞ്ഞത്? അവരെ ഇപ്പോൾ കാണുന്നില്ലല്ലോ.

തരുൺ അടുത്ത് വന്നിരിക്കുന്നത് ഞാനറിഞ്ഞു. അവൻ കൈ എന്റെ പിറകിലൂടെ ഇട്ട് എന്നെ ചേർത്തണച്ചു. ഞാൻ കണ്ണ് തുറന്നില്ല.

മമ്മ കുടിക്ക്.

കാപ്പിയുടെ‌ മാദകഗന്ധം.

ഞാൻ തല ഉയർത്തി.

മമ്മ ഇത് കുടിക്കൂ…

ഞാനവന്റെ മുഖത്തേക്ക് നോക്കി.

അവിടെയൊരു സൂര്യനുദിക്കുന്നുണ്ടായിരുന്നു.

ഞാൻ കാപ്പി വാങ്ങി. അതിന്റെ ഒരിറക്ക് എന്റെ ശരീരം മുഴുവൻ പടരുന്നു.

ശരീരം നിറയെ വീണ്ടും ലഹരി ഊറിക്കൂടുന്നു.

ഐ.സി.യു എന്നെഴുതിയതിനു മുകളിലെ ലൈറ്റിലേക്കു പാതിക്കണ്ണുകൊണ്ടു ഞാൻ നോക്കി.

0 comments:

Post a Comment

Subscribe