Saturday, October 26, 2019

താങ്ക്സ് ഗിവിങ്

(2019 ഒക്ടോബർ ലക്കം 'എഴുത്തു' മാസികയിൽ പ്രസിദ്ധീകരിച്ചത്)

തലച്ചോറിന്റെ ഗാനമേള കേട്ട് പാലച്ചോട്ടിൽ ഇട്ടി കട്ടിലിൽ രസിച്ചു കിടന്നു.
'ഒത്തു തിരിച്ചവർ കപ്പൽ കേറി
മലനാട് നോക്കി പുറപ്പെട്ടാറെ
കൊടുങ്ങല്ലൂരങ്ങിതെ വന്നിറങ്ങി
കൊച്ചി ലഴിമുഖം കണ്ടവാറെ'

പുറത്തെ ശബ്ദങ്ങൾ കേൾപ്പിച്ചു തരുന്ന സാധനം മാത്രമല്ല ചെവികൾ. മനുഷ്യന് ഇങ്ങിനെ വയ്യാണ്ട് കെടക്കുമ്പോ ഇഷ്ട്ടപ്പെട്ടിരുന്നതും പാടിയിരുന്നതുമായ പാട്ടുകൾ ഒരു പാട്ടു പെട്ടീടേം സഹായമില്ലാതെ സ്വന്തം തലമണ്ട തെരഞ്ഞെടുത്തു ചെവിക്കോളാമ്പികളിലൂടെ കേപ്പിക്കുന്നത് ഒരു സുഖാല്ലേ? ആണ്, ഇട്ടി സ്വയം സമ്മതിച്ചു. പക്ഷേങ്കി അത്ര സുഖമല്ലാത്ത കേൾപ്പിക്കലുകളും ഉണ്ട്. അപ്പച്ചനോട് കള്ളിന്റെ ലഹരിയിൽ മൊതലിനായി വഴക്കൊണ്ടാക്കീതും അമ്മച്ചിയെ കരയിപ്പിച്ച ചെല അവസരങ്ങളും എല്ലാം ചെലപ്പോ കേക്കേണ്ടിവരും.എന്തിന് പണ്ടെപ്പോഴോ പാടിയ ഭരണിപ്പാട്ടുകള് പോലും. അതില് നിന്നും ഒരു രക്ഷേമില്ല.

ഒച്ചയും ബഹളോം കൂടുമ്പം ചെലപ്പോ അറിയാതെ രണ്ടു ചെവിയും പൊത്തിപ്പോവും. സഹിക്കാൻ മേലാതെ വരുമ്പം മാത്രം ഉറക്കെ വിളിക്കും.

“തെയ്യാമ്മേ.. എടീ തെയ്യാമ്മേ..”

അത് കേക്കുമ്പളേ തെയ്യാമ്മ കട്ടിലിനരികെ നിറയും.

“ഞാനടുത്തുണ്ടെന്ന. നിങ്ങള് അറിയാവുന്ന നമസ്ക്കാരോം എത്തിച്ചു കെടക്കാനേ ഒറക്കം വന്നോളും.”

“നീയവിടിരിക്കെടി. ആകെ പരവേശാ. മൊത്തത്തി ഒരു തണുപ്പാ ഇപ്പൊ”

“ഞാനിവിടുണ്ടെന്നേ. നിങ്ങള് ദേ അങ്ങോട്ട് തിരിഞ്ഞു കെട. ആ പൊതപ്പെടുത്തങ്ങോട്ടു മൂട്. തണുപ്പൊക്കെ പൊക്കോളും”

അവള് പറേന്നപോലൊക്കെ ചെയ്താലും മറ്റേടത്തെ തെറിപ്പാട്ട് പിന്നേം വന്നോണ്ടിരിക്കും. വട്ടാവും ചെലപ്പോ. അപ്പൊ ഉച്ചത്തിൽ പിന്നേം ഒച്ചവെക്കും. അതുകേട്ടു മുറിയിൽ വരുന്നതു ജോസൂട്ടിയാവും.

“അച്ചാച്ചാ! എന്നായിതു. ആരോടാ ഇങ്ങിനെയൊക്കെ പറയുന്നേ?”

“ങാ ജോസൂട്ടി, അച്ചാച്ചനേ സ്വപ്പനം കണ്ടതാ മോനെ.”

“അടങ്ങികിടക്കെന്റപ്പച്ചാ. അവക്ക് വെളുപ്പിനെ ജോലിക്കു പോവേണ്ടതാ”

ഒന്നും മിണ്ടാതെ പ്രാകി കൊണ്ടു കെടക്കും. വിലക്കുകൾ പാടില്ലാത്ത

തെറിയും കേട്ട്. വെളുക്കപ്പൊറാവുമ്പം ഒരു മയക്കം കിട്ടും. രാവിലെ

വൈകിയാവും എണീക്കുക. എപ്പോ എണീറ്റാലെന്നാ. കാത്തിരിക്കാൻ പതിവുപോലെ ഒരു വലിയ കിണ്ണം നിറയെ ഓട്സും കൂടെ കുറെ പഴങ്ങളും. അതു വേണ്ടിടത്തു തന്നെ ഉണ്ടാവും.

എണീക്കുമ്പം എല്ലാപേരും ജോലിക്കു പോയിരിക്കും.

അന്നും പതിവുപോലെ, ഇട്ടിക്കുഞ്ഞെണീറ്റു ടി വി ക്കു മുന്നിലെ സോഫയിൽ പോയിരുന്നു. വീണ്ടും ഓരോന്നോർത്തു.

ജോസൂട്ടിക്ക് പിള്ളേരില്ല. ഒണ്ടാരുന്നേൽ അതുങ്ങളെ കണ്ടും കളിപ്പിച്ചുമിരിക്കാമായിരുന്നു. വലിയൊരു ടി വി ഉണ്ട്. സ്വിച്ചിട്ടു ഓണാക്കിയാ അതേക്കാളും വേഗത്തില് ഓഫാക്കാൻ തോന്നും. ഒടുക്കത്തെ ഇംഗ്ലീഷ്. മലയാളം വല്ലോം കാണണോങ്കി വൈകുന്നേരം ഏലിയോ ജോസൂട്ടിയോ വരണം. രണ്ടു റിമോട്ടുണ്ട്. അതിലൊന്നില് എന്തോ ചെയ്താലേ മലയാളം പരിപാടി കിട്ടൂ. ഏഷ്യാനെറ്റ് കൈരളി എല്ലാം കിട്ടും. ആദ്യം പഠിപ്പിച്ചു തന്നാരുന്നു. ഒരു പ്രാവശ്യം ഒരബദ്ധം പറ്റി. മലയാളത്തിനുവേണ്ടി ഞെക്കിയത് മാറിപ്പോയി.

ടി. വി.ക്കതു പിടിച്ചില്ല. വല്ലാത്തൊരൊച്ചയോടെ അത് കറുപ്പും വെളുപ്പും കുത്തുകളിട്ടു കെറുവിച്ചു. എന്തുചെയ്‌തിട്ടും മാറുന്നില്ല. അവസാനം ടി. വി. തന്നെ ഓഫു ചെയ്തു. വൈകുന്നേരം ഏലിക്കു 'തട്ടീം മുട്ടീം' സീരിയലു കാണാൻ മേലാതെ എന്നാ പുകിലാരുന്നു. അതോടെ ടീ വിടെ കാര്യത്തിലൊരു തീരുമാനമായി.

നെടുവീർപ്പോടെ ഇട്ടി സോഫായിൽ ഒന്നിളകിയിരുന്നു. അലസമായ നോട്ടം ചെന്നു തറച്ചത് ഫയർ പ്ലേസിനു (മുറിയിൽ ചൂടിനായി തീയുണ്ടാക്കാനുള്ള സ്ഥലം) മുകളിൽ ഭിത്തിയിലെ കർത്താവിന്റെ വല്യ പടത്തേലായിരുന്നു. ആ കണ്ണുകൾ തന്നോടു സഹതപിക്കുന്നതായി അയാൾക്ക് തോന്നി.

കുറെ നേരം അങ്ങിനെയിരുന്നു.

ഏകാന്തതയുടെ മടുപ്പ് സഹിക്കാൻ മേലാഞ്ഞിട്ടാണ് പുറത്തേക്കിറങ്ങിയത്. വീട്ടിലാരുമില്ലാത്തപ്പോൾ പുറത്തിറങ്ങരുതെന്നാ ജോസൂട്ടിടെ എണ്ണമറ്റ കല്പനകളിലൊന്ന്. വീടിനു പിന്നിലെ യാഡിൽ (പറമ്പ്) എലീനയുടെ പൂന്തോട്ടമാണ്. അങ്ങോട്ടു നടന്നു.

പല തരം ചെടികൾ. ചെടികളുടെ പേരുകൾ നാട്ടിലേതു പോലൊന്നുമല്ല. ആദ്യമൊക്കെ പേരുകൾ തന്നെ ഇട്ടിക്കുഞ്ഞിന് വെല്ലുവിളികളായിരുന്നു . ഒടുവിൽ 'ഒരു പേരിലെന്തിരിക്കുന്നു' എന്ന് സമാധാനിച്ചാണ് അവക്കിടയിലൂടെ നടക്കാൻ തുടങ്ങിയത്. തലങ്ങും വിലങ്ങും. ചെരുപ്പിടാതെ പാദങ്ങൾ മണ്ണിലൂന്നി. പാലച്ചോട്ടിൽ വീട്ടുപറമ്പിന്റെ സുഖം ചിലപ്പോഴെങ്കിലും കിട്ടിയിരുന്നത് അങ്ങനെയൊക്കെയാണ്.

നടത്തിനിടെ, നിലത്തു വാടിവീണുകിടന്ന പൂക്കൾ കണ്ടപ്പോൾ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയപ്പെട്ട തന്റെ ജീവിതം ഓർത്തു.

തെയ്യാമ്മയുടെ അകാല മരണം ഇട്ടിക്കൊരിടിവെട്ടായിരുന്നു. അല്ലെങ്കിൽ ഒരിക്കലും നാടുവിടാൻ ഒരുങ്ങുമായിരുന്നില്ല. നിരന്തരമായി ജോസൂട്ടിടെ ഫോൺ വിളികൾ. പിന്നെ, എ ങ്ങാനും തലേലാവുമന്നു കരുതി ബന്ധുക്കളുടെ സ്നേഹം നടിച്ചുള്ള ഉപദേശങ്ങളും.

“അതേയ്! അവിടെ ഒറ്റക്കുകിടന്നു എന്തേലും സംഭവിച്ചാ പിന്നെ നാട്ടുകാരുടേം സ്വന്തക്കാരുടേം വക കുറ്റപ്പെടുത്തലുകളു മുഴുവൻ ഞങ്ങള് കേക്കണം. മേലാത്ത അപ്പനെ നാട്ടീ ഇട്ടിട്ടു ഒറ്റമോൻ അമേരിക്കയിപ്പോയി സുഖിക്കുവാന്നു.”, ജോസൂട്ടിടെ വാക്കുകൾ. പലതവണ കേട്ടതാണ്. ഒന്നും പറയാറില്ല. ഒരിക്കൽ ശാസന പോലെ പറഞ്ഞു:

“അച്ചച്ചാ, ഞങ്ങള് ടിക്കറ്റു ബുക്കു ചെയ്യുവാ.ഏലിയും ഇരുത്തി പൊറുപ്പിക്കുന്നില്ല. ഇവിടെ ഞങ്ങളു മാത്രമല്ലേയുള്ളു. പിന്നെന്താ ഇങ്ങു പോരാനെ”

അന്ന് രാത്രി കിടന്നിട്ടുറക്കം വന്നില്ല. തെയ്യാമ്മയോടു കുറെ പരിതപിച്ചു. ജോസൂട്ടിയെ തെറി പറഞ്ഞു. ആദ്യം ഒന്നും മിണ്ടിയില്ല. ഒടുവിലവൾ പറഞ്ഞു:

“ന്റെ മനുഷ്യാ. ഞാനും അതാന്നാ പറേണെ. നാശങ്ങള് നാട്ടിലൊരെണ്ണത്തിനെ വിശ്വസിക്കാമ്മേലാ. ഇതിയാനങ്ങു പോ. ഞാനില്ലേ കൂടെ? ഒന്നൂല്ലേലും നമ്മുടെ ജോസൂട്ടിടെ കൂടല്ലേ. ഒന്നും ആലോചിക്കെണ്ടാന്നേ. കിടന്നുറങ്ങാൻ നോക്ക് നാളെ ആശൂത്രീ പോവേണ്ടതല്ലേ?”

പിറ്റേന്ന് രാവിലെ ഡ്രൈവർ എത്തി. ആശുപത്രിയിൽ കൊണ്ടുപോകാൻ. ആഴ്ചയിൽ മൂന്നു ദിവസ്സം ഡയാലിസിസ്. ഡ്രൈവർ നല്ല പയ്യനാണ്. എല്ലാം വേണ്ടപോലെ ചെയ്തോളും. ‘അവൻ പിന്നെ ചെയ്യേണ്ടതല്ലേ. അതിനല്ലേ മാസാമാസം ജോസൂട്ടി എണ്ണി കൊടുക്കുന്നെ’, ഇട്ടിക്കുഞ്ഞു സ്വയം ന്യായീകരിച്ചു.

നന്നായി ഡ്രസ്സ് ചെയ്തോ എന്നൊക്കെ ഡ്രൈവറു പയ്യൻ ഉറപ്പുവരുത്തി. പതിവുപോലെ ഹാൻഡ്ബാഗിൽ എന്തൊക്കെയോ നിറച്ച ശേഷം മെല്ലെ പിടിച്ചു വണ്ടിയിൽ കയറ്റി. ആശുപത്രിയിൽ എത്താൻ ഇത്തിരി വൈകി. പക്ഷെ അമേരിക്കേലുള്ള ജോസൂട്ടിടപ്പൻ ഇച്ചിരി വൈകിയാലും അത് എല്ലാർക്കും ഓക്കേയാണ്.

ഒരുപക്ഷെ അസുഖങ്ങൾ പോലും തനിക്കു സ്വകാര്യമായ ആഘോഷങ്ങളായിരുന്നു- അയാളോർത്തു.

സ്ഥിരം കാണാറുള്ളവർ തന്നെയാണ് കൂടെയുള്ള രോഗികൾ. അതുകൊണ്ടു തന്നെ അവർക്കിടയിൽ വല്ലാത്തൊരടുപ്പമുണ്ടായിരുന്നു. ചിലര് മരിച്ചുപോയി. മറ്റു ചിലർ വളരെ മോശമായ അവസ്ഥകളിലാണ്. എന്നാലും ശേഷിക്കുന്നവരിൽ ഒരാൾ വന്നില്ലെങ്കിലോ താമസിച്ചുപോയാലോ ഒക്കെ മറ്റുള്ളവർ വല്ലാതെ ഉൽക്കണ്ഠാകുലരാകാറുണ്ട്. ചിലർക്ക് ഇക്കാരണത്താൽ ബി പി കൂടി ഡയാലിസിസു തുടങ്ങാൻ താമസിച്ചുപോയ സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ഈ അന്വേഷണങ്ങൾ, ശ്രദ്ധ ഒക്കെ ഒരു സുഖമാണ്. കൂട്ടുകാരുടെ വഴിയേ പോയി തെയ്യാമ്മക്കൊപ്പം ചേരാൻ ഇട്ടിക്കു സന്തോഷമാണ്; അത് തന്നെയാണ് മോഹവും.

കുശലാന്വേഷങ്ങൾക്കു ശേഷം പതിവുപോലെ കക്കൂസിൽ പോയി. ബാഗുമായേ കക്കൂസിൽ പോകാറുള്ളൂ. ഉള്ളിലെത്തി കതകടച്ചു കുറ്റിയിട്ടു. ബാഗ് തുറന്നു. ഡ്രൈവർ മിക്സ് ചെയ്തു വച്ചിരുന്ന പൈന്റ് കുപ്പിയിലെ ബ്രാണ്ടി മുക്കാലും അകത്താക്കി. കുപ്പി തിരികെ ബാഗിൽ വച്ചു. രണ്ടു മിനിറ്റുനേരം വെറുതെ ഒന്നുംചെയ്യാതെ നിന്നു. പിന്നെ വിസ്തരിച്ചൊന്നു മൂത്രമൊഴിച്ച ശേഷം ഫ്ലഷ് ചെയ്തു. അത് പുറത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇട്ടിക്കുഞ്ഞിന്റെ നമ്പരാണ്‌. പക്ഷെ അതൊക്കെ അറിയുന്നവർക്കറിയാം എന്ന് ഇട്ടിക്കുഞ്ഞിന് മാത്രം അറിയില്ല.

പിന്നെ വന്നൊരു കിടപ്പാണ്, മുന്നിലെ ടി വിയും നോക്കി. എല്ലാം കഴിഞ്ഞു കൂട്ടുകാരോട് യാത്ര പറഞ്ഞു പിരിയുന്നത് പുതിയ ആകാശവും പുതിയ ഭൂമിയും നേടിയ പുതു രക്തമുള്ള ഇട്ടിയാണ്. ഡ്രൈവറോടൊപ്പം തിരികെയാത്ര ശുഭമായി അവസാനിക്കണമെങ്കിൽ കവലയിൽ കാറ് നിറുത്തി പനയത്തിലെ കുര്യന്റെ ചായക്കടയില് നിന്നും രണ്ടു പരിപ്പുവടയും ചായയും കിട്ടണം. അതും ഡ്രൈവറു പയ്യൻ തന്നെ വാങ്ങി കാറിൽ കൊണ്ടു കൊടുക്കും.

ഇങ്ങിനെയൊക്കെ കഴിഞ്ഞ താനിപ്പോൾ നരകത്തിലാണ്. ഇട്ടിക്കുഞ്ഞു ചിന്തിച്ചു. അന്നുണ്ടായിരുന്നവരിൽ എത്രപേർ ഇപ്പൊ ബാക്കി കാണും. പോയവർ ഭാഗ്യം ചെയ്തവർ. സ്വന്തം മണ്ണിൽ മരണം സ്വന്തമാക്കിയവർ.

അയാളുടെ ആരോഗ്യം നന്നേ താഴെപ്പോയിരുന്നു. ഡയാലിസിസിനു ജോസൂട്ടി കൊണ്ടുപോയ്ക്കോളും. പക്ഷെ നാട്ടിലെ..മറ്റേ.. ആഡംബരം ഇല്ലെന്നു മാത്രം.

ഇട്ടിക്കു ചെറുതായി പരവേശമനുഭവപ്പെട്ടു. ചെറുതായി ദേഹം തളരുന്നു. തറയിൽ തന്നെയിരുന്നു. കൈയ്യിലെ കുപ്പി തുറന്നു വെള്ളം കുടിച്ചു. കുറേനേരം കുനിഞ്ഞങ്ങിനെയിരുന്നു. നടക്കാമെന്നായപ്പോൾ എണീറ്റു. ബദ്ധപ്പെട്ടു നടന്നു വീടിനുള്ളിൽ കയറി സോഫയിൽ കിടന്നു, എപ്പോഴെങ്കിലും കിട്ടിയേക്കാവുന്ന ഉറക്കവും കാത്ത് .

ഈയിടെയായി മരണത്തെക്കുറിച്ചുള്ള ചിന്തകൾ ഇട്ടിക്കുഞ്ഞിനെ അലട്ടാൻ തുടങ്ങിയിരുന്നു. മരണഭയം മുമ്പൊന്നും തോന്നിയിട്ടില്ല. ചെയ്യേണ്ടതെല്ലാം ചെയ്തുതീർത്തുവെന്ന സംതൃപ്തിയാണോ അതിനു പിന്നിൽ? ഒരിക്കലുമല്ല. എന്തേലും കാര്യമായി ചെയ്തു എന്നൊന്നും വിചാരിക്കുന്നുമില്ല. ഇനിയെന്തേലും ആഗ്രഹം ബാക്കിയുണ്ടോ? ഒന്നുണ്ട് - ‘ശവാടക്ക് നാട്ടില് പള്ളി പറമ്പ വേണം. കുടുംബക്കാരുടെ കൂട്ടത്തി തെയ്യാമ്മക്കടുത്ത്. നാട്ടിലാണെങ്കി ആരെങ്കിലുമൊക്കെ ഇടയ്ക്കു കാണാൻ വന്നെന്നിരിക്കും. ചെലരുടേങ്കിലും കൈയ്യില് പൂക്കളും കാണും.

തെയ്യാമ്മേടേം തന്റെയും കല്ലറകൾക്കു മേൽ പൂക്കൾ വച്ചിട്ടവര് വായിക്കും.

പാലച്ചോട്ടിൽ ഇട്ടിക്കുഞ്ഞ്

ജനനം : 1934 ഡിസമ്പർ 4

മരണം : .....................

അതുമതി. അവിടെ അങ്ങിനെ കുടുംബത്തിൽ മരിച്ചവനാവണം.’

സന്തോഷത്തോടെ ഉറങ്ങിയ അന്ന് രാത്രി, മെഴുകുതിരികളുടെ വെളിച്ചത്തിൽ അവയുടെ കാവലിൽ വെള്ള വസ്ത്രമിട്ടു കുരിശും കൈയ്യിൽ പിടിച്ചു കിടക്കുന്ന ഇട്ടിക്കുഞ്ഞ്. ചുറ്റിനും പരിചിത മുഖങ്ങൾ. അവർ സംഘമായി പാടുന്നു.

'മങ്ങിയോരന്തിവെളിച്ചത്തിൽ

ചെന്തീ പോലൊരു മാലാഖ

വിണ്ണിൽനിന്നും മരണത്തിൻ

സന്ദേശവുമായ് വന്നരുകിൽ'

സ്വപ്നത്തിലെ ഇട്ടിക്കുഞ്ഞിനെ കണ്ടു ഉറങ്ങുന്ന ഇട്ടിയുടെ ചുണ്ടത്തു പുഞ്ചിരി വിടർന്നു.

നാട്ടിൽ മരിച്ചില്ലേലും അമേരിക്കയില് മരിക്കേണ്ടാത്തതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഇവിടുത്തെ വേക്ക് എന്ന ചടങ്ങു്. അതിനു ശവത്തെ ഒരുക്കുന്ന രീതി. എംബാം എന്ന് പറയുമത്രെ. വന്നയിടെ ആദ്യമായി പോയ ഒരു വേക്കിനാണ് ഈ വാക്ക് പിടിച്ചെടുത്തത്. അടുത്തിരുന്നവരുടെ വർത്തമാനത്തിൽ നിന്ന്.

വീട്ടിലെത്തി ജോസുട്ടിയോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.

“അച്ചച്ചാ എംബ്ലം അല്ലാ എംബാം”, എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞ കാര്യങ്ങൾ കേട്ട് ഇട്ടിക്കുഞ്ഞു ഞെട്ടി.

പിന്നീട് ഒരു വേക്കിനു കൂടി മാത്രമേ പോയുള്ളു. പറമ്പിലെ വർക്കീനെ കാണാൻ. കണ്ണാടിയും വച്ച് കുരിശും പിടിച്ചു കിടക്കുന്ന വർക്കിക്ക് മരണം വരെ അവശ്യസാധനങ്ങളായി കൊണ്ടുനടന്നിരുന്ന കരളും കുടലുമൊക്കെ അപ്പോൾ നഷ്ടമായിരുന്നു എന്ന് ഞെട്ടലോടെ ഓർത്തു. വർക്കിക്ക് പകരം ശവപ്പെട്ടിയിൽ ഇട്ടിയെ സ്വയം സങ്കൽപ്പിച്ചു. ശവമായാൽപ്പോലും സ്വന്തം ശരീരം ഇങ്ങിനെ കീറിമുറിക്കുന്നത് ഇട്ടിക്കു സ്വീകാര്യമായിരുന്നില്ല. അത്രമേൽ അയാൾ അയാളെ ഇഷ്ടപ്പെട്ടിരുന്നു.

പക്ഷെ പിറ്റേന്നു കാര്യം ജോസൂട്ടിയോടു നയത്തിൽ അവതരിപ്പിച്ചെങ്കിലും മറുപടി കേട്ടപ്പോ കരച്ചിലാണു വന്നത്.

“അപ്പച്ചന് എന്തേലുമൊക്കെ പറഞ്ഞു വെച്ചിട്ടു പോയാ മതി. അതിനൊക്കെ എന്നാ ഫോർമാലിറ്റീസ് എന്നറിയാമോ? കാശിന്റെ കാര്യം പോട്ടെ. ഒന്നോർത്തുനോക്ക്. പാലച്ചോട്ടിൽ ഇട്ടിക്കുഞ്ഞു അമേരിക്കയിൽ നിര്യാതനായി എന്ന വാർത്തയും പാലച്ചോട്ടിൽ ഇട്ടിക്കുഞ്ഞു നിര്യാതനായി എന്നതും തമ്മിലുള്ള വ്യത്യാസം! ഒന്നുമാലോചിക്കാത്തങ്ങു പറഞ്ഞൊള്ളുവാ!”

കൂടുതലൊന്നും പറഞ്ഞില്ല. പ്രതിഷേധം രണ്ടു ദിവസത്തെ നിരാഹാരം കൊണ്ടു രേഖപ്പെടുത്തിയെങ്കിലും സംഗതി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കൊണ്ടെത്തിച്ചു. പിറ്റേന്ന് തന്നെ ജോസൂട്ടി അപ്പച്ചനെ സമാധാനിപ്പിച്ചു.

“അപ്പച്ചനിപ്പം ഒന്നുമാലോചിക്കേണ്ട. എല്ലാം അപ്പച്ചന്റെ ഇഷ്ട്ടം പോലെയേ ചെയ്യൂ. ഇപ്പൊ ശരിക്കു മരുന്നും ഫുഡും കഴിക്ക് കേട്ടോ.”

ജോസൂട്ടിയുടെ മനം മാറ്റം ഇട്ടിക്കുഞ്ഞിനെ സന്തോഷിപ്പിച്ചെങ്കിലും അതിനു കാരണം എലീനയുടെ തലയണമന്ത്രമായിരുന്നു എന്നയാൾ അറിഞ്ഞില്ല.

“നിങ്ങള് ചുമ്മാ തർക്കിക്കാനൊന്നും നിക്കണ്ട. അങ്ങ് സമ്മതിച്ചു കൊടുത്തേക്കണം. നമ്മള് എന്തേലും പറഞ്ഞു അപ്പച്ചനെന്തെങ്കിലും പറ്റിപ്പോയാ അറിയാല്ലോ. മരിച്ചു കഴിഞ്ഞാൽ പിന്നെ ചോദ്യം ഉണ്ടാവില്ലല്ലോ.”

ഇവിടെയൊക്കെയാണ് ജോസൂട്ടി എലീനയെ സമ്മതിച്ചു കൊടുക്കുന്നത്.

മൂന്നു മാസം കഴിഞ്ഞിരിക്കണം. ഇട്ടിയുടെ ആരോഗ്യവും ബോധവും നന്നേ ക്ഷയിച്ചു. പലപ്പോഴും ഡയാലിസിസ് ഇടക്കുവച്ചു നിറുത്തി മണിക്കൂറുകൾക്കു ശേഷം വീണ്ടും തുടരേണ്ടി വന്നു. തളർച്ചയോ ബോധക്കേടോ ഒക്കെ പതിവായി. ചിലപ്പോൾ ഉള്ളിൽ കയറിയ രക്തം തിരിച്ചിറങ്ങി. അകാരണമായുണ്ടായ ഭയം അയാളുടെ ഉറക്കത്തിന്റെ ക്രമം തെറ്റിച്ചു. ചിലപ്പോൾ രാത്രി മുഴുവൻ ജോസൂട്ടി അടുത്തിരിക്കണം. ബോധത്തിന്റെ ഇടവേളകളിൽ അയാൾ സ്വയം ശപിക്കാനും വെറുക്കാനും തുടങ്ങി.

അങ്ങിനെ ‘താങ്ക്‌സ് ഗിവിങ് ഡേ’ വന്നെത്തി. അമേരിക്കയിൽ ക്രിസ്മസ് പോലെ തന്നെ പ്രാധാന്യമുള്ള ദിവസ്സം. വൈകിട്ട് ജോസൂട്ടിയുടെ കൂട്ടുകാർ, എലീനയുടെ കൂടെ ജോലി ചെയ്യുന്ന മലയാളികൾ, കൂടാരയോഗക്കാർ അങ്ങിനെ ഒരു വലിയ സംഘത്തെ തന്നെ വിളിച്ചിട്ടുണ്ടെന്ന് അവരുടെ ഒരുക്കങ്ങൾ കണ്ട് മനസ്സിലായി. ഇവിടെ വന്ന ശേഷം ആദ്യകാലത്തു ഇത്തരം പാർട്ടികൾ മാത്രമാണ് സന്തോഷം നൽകിയിരുന്നത്. എന്തൊക്കെയാണേലും കുറച്ചു ഹെന്നസ്സി രഹസ്യമായോ പരസ്യമായോ അടിച്ചിട്ട് കുറെ വർത്തമാനം പറയുക. ആളുകളെ രസിപ്പിക്കാൻ പ്രത്യേക കഴിവുണ്ട് ഇട്ടിക്ക്. രണ്ടെണ്ണം ചെന്നാൽ പിന്നെ പറയുകേം വേണ്ട.

ജോസൂട്ടി നേരത്തേ താക്കീതു നൽകിയിരുന്നു. അധികം കുടിക്കരുതെന്ന്. എന്നാലും പരസ്യമായി രണ്ടെണ്ണവും രഹസ്യമായി കുറെ കൂടുതലും അടിച്ചു ഉഷാറായി.

“ഈ ടർക്കിയിറച്ചി കഴിക്കണേലും ഭേദം വെറകുകൊള്ളിയെടുത്തു ചവക്കുന്നതാ”, പതിവ് ശൈലിയിൽ ഇട്ടിക്കുഞ്ഞു തുടങ്ങി. ചുറ്റുമിരുന്നവർ ഇറച്ചി കഴിച്ചുകൊണ്ട് തന്നെ ഇട്ടിയെ പ്രോത്സാഹിപ്പിച്ചു. ഇട്ടിക്കുഞ്ഞ് ഒരിക്കൽക്കൂടി വാചാലനായി. തമാശകളും പൊട്ടിച്ചിരികളുമായി പാതിരാത്രി കഴിയും വരെ അവർ ആഘോഷം തുടർന്നു.

പാർട്ടി കഴിഞ്ഞു കിടന്നെങ്കിലും ഉറക്കം വന്നില്ല. കുറേനേരം കഴിഞ്ഞു ഉറങ്ങാൻ മരുന്നെടുത്തു. സ്വപ്നം കാണാൻ മരുന്നെടുത്തു എന്നാണ് പറയേണ്ടത്. പ്രത്യേക നിറക്കൂട്ടുകളുടെ ധാരാളിത്തം നിറഞ്ഞ സ്വപ്നം.

അയാൾ കണ്ടിട്ടില്ലാത്ത തെയ്യാമ്മയുടെ മയിലാഞ്ചിയിടൽ മുഴുവൻ അവളുടെ തറവാട്ടു മുറ്റത്തെ വല്യപന്തലിൽ അന്നു രാത്രി കണ്ടു. വല്യമ്മച്ചി മയിലാഞ്ചിയണിയിക്കുന്നതും അപ്പാപ്പന്മാർ ഇച്ഛപ്പാട് കൊടുക്കുന്നതും ഒക്കെ. മാർഗം കളിപ്പാട്ടിന്റെ ഓളം ഇട്ടിക്കുഞ്ഞിനെ ഉന്മാദം കൊള്ളിച്ചു.

‘കാലാൽ നടന്നു കനി തിന്ന കാരണം

കാൽപ്പുടം തന്നിൽ പൊതിയുന്നു മൈലാഞ്ചി’

ചട്ടയും മുണ്ടുമിട്ട അവളുടെ സൗന്ദര്യം ഒരു കാഴ്ച്ചക്കാരനെപ്പോലെ അയാൾ നോക്കിക്കണ്ടു. കാതുകളിലെ സ്വർണകുണുക്കിൽ തെയ്യാമ്മ തിളങ്ങി.

പിന്നെ അന്തം ചാർത്തൽ. അളിയന്റെ കൈപിടിച്ച് പന്തലിൽ വന്നത്. കൊരണ്ടിയിലിരുന്നപ്പോൾ ക്ഷുരകന്റെ ചോദ്യം:

“പതിനേഴു പരിഷക്കു നേരുള്ള മാളോരോട് ചോദിക്കുന്നു, മണവാള ചെറുക്കനെ അന്തം ചാർത്തട്ടെ?”

മൂന്നാം തവണത്തെയും ചോദ്യത്തിനുത്തരം അതേയെന്നായപ്പോൾ അയാൾ ചെറുക്കനെ ക്ഷൗരം ചെയ്തു. എണ്ണ തേച്ചു കുളിച്ചുവന്നു അപ്പാപ്പന്മാരുടെ ഇച്ഛപ്പാട് വാങ്ങി.

ചടങ്ങുകൾക്കവസാനം അമ്മാച്ചന്മാരും അപ്പാപ്പന്മാരും പേരപ്പന്മാരും അന്തിക്കള്ളു മോന്തി വെളുക്കുവോളം പുരാതനപ്പാട്ടുകളുച്ചത്തിൽ പാടിയതു കണ്ടു ഇട്ടിക്കുഞ്ഞിനു ചിരി വന്നു.

പള്ളീലെ കല്യാണ ചടങ്ങുകൾക്കു ശേഷം മണവാളനും മണവാട്ടിയും മണ്ഡപത്തിലേക്ക് നടന്നു. ഇടക്കുവച്ചു അമ്മാച്ചന്മാർ ഇട്ടിക്കുഞ്ഞിനെ പൊക്കിയെടുത്തു തോളത്തിരുത്തി. കാറ്റത്തു വള്ളത്തേലിരിക്കുന്ന പോലായിരുന്നു ആദ്യം. മണ്ഡപത്തിൽ അമ്മച്ചി നെല്ലും നീരും വച്ച് തെയ്യാമ്മയെയും ഇട്ടിയെയും സ്വീകരിച്ചു.

പാച്ചോറിൽ ചക്കരയലിയിച്ചു കഴിക്കാനിരുന്നപ്പോഴാണ് തെയ്യായെ അത്രേം അടുത്ത് കാണുന്നത്. പുത്തൻ ഉടുപ്പിന്റെ മണം. അവളുടെ സാമീപ്യം, അതിന്റെ ചൂട് ഇട്ടിയിൽ ഉന്മാദമുണർത്തിയെങ്കിലും മുഖത്ത് നോക്കിയില്ല. പെട്ടെന്നാണത് കണ്ടത്. ചക്കര പൊട്ടിച്ചു പാച്ചോറിലലിയിക്കാൻ അവൾ പാട് പെടുന്നു. ഒരുൾപ്രേരണയാലെന്നോണം ഇട്ടിയുടെ കൈകൾ സഹായത്തിനെത്തി. അപ്പോഴാണ് ആദ്യമായി തെയ്യാമ്മ ഇട്ടിയെ ഒന്ന് നോക്കിയത്, നിറഞ്ഞ പ്രേമത്തോടെ.

ഇട്ടിയുടെ ഹൃദയമിടിപ്പ് കൂടി. ആ നോട്ടത്തിലൂടെ, ചക്കര പാച്ചോറിൽ ലയിച്ചപോലെ രണ്ടു ജീവന്റെ ലയനം സ്വപ്നത്തിലാണെങ്കിലും അയാൾ ഒന്നുകൂടി അറിഞ്ഞു. അമ്പതു വര്ഷങ്ങളല്ല ജന്മാന്തരങ്ങൾക്കപ്പുറം പോലുമറിയുന്ന സ്നേഹം.

പെട്ടെന്ന് ആ ദൃശ്യം അവിടെ മരവിച്ചപോലെ. ഹൃദയമിടിപ്പ് വീണ്ടും കൂടുന്നു. വല്ലാത്ത പരവേശം. നെഞ്ചും കൈകളും തോളും കഴുത്തുമൊക്കെ വല്ലാതെ കഴക്കുന്നു. അത് വേദനയാവുന്നു. സഹിക്കാനാവാത്ത വേദന. ഓർക്കാപ്പുറത്തായിരുന്നു അത്.

നെഞ്ചിലാരോ തീയിട്ടപോലെ.

ഇട്ടിക്കുഞ്ഞു നിലവിളിച്ചില്ല. രണ്ടു കൈകളും കൊണ്ട് നെഞ്ചമർത്തിപ്പിടിച്ചു. തീ കുറെ നേരം ആളിക്കത്തി. ഒഴുകിയിറങ്ങിയ വിയർപ്പിൽ തീയണയുമ്പോഴേക്കും ശ്വാസവും നിലക്കുകയായിരുന്നു. ബോധത്തിന്റെ അവസാന നിമിഷം വരെ ആ സ്വപ്‍ന ദൃശ്യം ഇട്ടിയുടെ മനസ്സിൽ വർണപ്പൊലിമയോടെ നിറഞ്ഞു നിന്നു.

ഇ.എസ്. ആർ. ടി എന്നോ എസ്.സി.ഡി എന്നോ ഒക്കെ പറഞ്ഞു മരണം സ്ഥിരീകരിക്കപ്പെട്ടു.

പക്ഷെ ജോസൂട്ടിക്കും എലീനക്കും ഒന്നും അപ്രതീക്ഷിതമായിരുന്നില്ല.

ഇട്ടിക്കുഞ്ഞിന്റെ വേക്കും സംസ്കാരവും കഴിഞ്ഞിട്ടൊരാഴ്ചയായിക്കാണും. ഒരുച്ചനേരത്തു എലീനയും ജോസൂട്ടിയും ഫാമിലി മുറിയിൽ ഒത്തുകൂടി. അച്ചാച്ചൻ ഇരുന്നിരുന്ന സോഫാക്കെതിർവശം ഫയർ പ്ലേസിനു മുകളിൽ കർത്താവിന്റെ പടത്തിനരികെ ഇട്ടിക്കുഞ്ഞിന്റെ ഫോട്ടോ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു.

ജോസൂട്ടി അതിൽ നോക്കിയിരുന്നു.

അത് ശ്രദ്ധിച്ച എലീന:

“എന്നായിതു ഓരോന്നാലോചിക്കിരിക്കുന്നെ?”

“അതെടി ഒറക്കം അങ്ങോട്ട് ശരിയാവുന്നില്ല. രാത്രി അപ്പച്ചനും അമ്മച്ചീം വന്നോരോന്നു പറയുന്നു. അമ്മച്ചി ദേഷ്യപ്പെടുന്നു. എനിക്ക് ശരിക്കും കേൾക്കാം.”

എലീന സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു:

“ഇതാ കുറ്റബോധംന്നു പറേണത്. എന്തിനാ ഓരോന്ന് ആലോചിക്കാൻ പോവുന്നേ!” ഒന്ന് നിറുത്തിയിട്ട് വീണ്ടും തുടർന്നു:

“ഇവിടെ നമുക്ക് ഇങ്ങിനെയൊക്കെയേ ചെയ്യാൻ പറ്റൂ.”

“ശരിയാ ഏലി, ന്നാലും നമ്മള് അപ്പച്ചന് വാക്കു കൊടുത്തില്ലാരുന്നോ?”

“അങ്ങിനെ വാക്കു കൊടുത്തോണ്ട് ഇത്രേം കാലം ജീവിച്ചു. അല്ലെങ്കി ആധികൊണ്ട് നേരത്തെ പോയേനെ. നമ്മൾ മാന്യമായല്ലേ ഫ്യൂണറൽ നടത്തിയേ.. അന്തസ്സായി.. ല്ലേ?”

“ശരിയാ”

ഏലി തുടർന്നു:

“ഫ്ലൈറ്റിൽ ഒരു ബോഡി നാട്ടിലെത്തിക്കാൻ എന്നാ ചെലവാന്നാ? നമ്മളു നോക്കിയതല്ലേ. അതും ചുമ്മാതങ്ങു കേറ്റി വിടാനൊക്കുമോ? ജോസൂട്ടിയെങ്കിലും കൂടെപ്പോവണ്ടേ? എത്ര അന്തസ്സായി ഇവിടെ കാര്യങ്ങൾ നടന്നു. ഒരയ്യായിരം സേവ് ചെയ്യാനും പറ്റി. പിന്നേ നമ്മുടെ ഡെക്ക് (വീടിനു പിന്നിൽ ഇറച്ചി ഗ്രിൽ ചെയ്യാനും പാർട്ടിക്കുമൊക്കെയായി മേൽക്കൂരയില്ലാതെ തടികൊണ്ട് നിർമിക്കുന്ന ഒരു പ്ലാറ്റ് ഫോറം, തടി കൊണ്ടു തന്നെയുള്ള അര മതിലോടുകൂടി) സമ്മറിന് മുന്നേ റെഡി ആക്കണം. അത് നാശമായി കെടക്കുവാ. അതുകൊണ്ട് ഈ കാശ് വേറൊന്നിനും എടുത്തേക്കല്ല്”

‘അവള് പറേണത്തിലും കാര്യമുണ്ട് ന്നാലും,’ ജോസൂട്ടി ചിന്തിച്ചു, ‘രാത്രി അമ്മച്ചിയോടെന്തു സമാധാനം പറയും.’

ജോസൂട്ടി ഒന്നും മിണ്ടാതിരുന്നത് കണ്ട് എലീന തോളിൽ പിടിച്ചു

കുലുക്കി ചോദിച്ചു:

“സമ്മതിച്ചോ?”

“സമ്മതിച്ചു”

തെയ്യാമ്മയുടെ അരികിലുറങ്ങാനുള്ള ഇട്ടിക്കുഞ്ഞിന്റെ മോഹം കത്തിച്ചു മിച്ചം പിടിച്ച പണം, വീടിനു പിന്നിലെ പുതിയ ഡെക്കായി ഉയരാൻ മാസങ്ങൾ മാത്രമേയുള്ളെങ്കിലും അമ്മച്ചീടെ ശകാരം കാരണം രാത്രി നേരെചൊവ്വെ ഉറങ്ങാൻ കഴിയുന്നില്ല എന്ന കാര്യം ജോസൂട്ടി ഏലിക്കുട്ടിയോടും പറയാതെയായി.


------

താങ്ക്‌സ് ഗിവിങ് ഡേ - അമേരിക്കക്കാരുടെ പ്രിയപ്പെട്ട അവധി ദിവസ്സങ്ങളിലൊന്ന്. ഈ ദിവസ്സം അവർ ബന്ധുമിത്രാദികളോടൊപ്പം തിന്നാനും കുടിക്കാനുമായി ഒത്തുകൂടുന്നു.