Tuesday, July 13, 2021

ഫിത്ർ സക്കാത്ത്

ഓസ്ബോൺ പാർക്കിനുള്ളിലേക്കു കടക്കുന്നിടത്താണ് ചുവന്ന മേൽക്കൂരയുള്ള ഷെൽട്ടർ. പാർക്കിലെ തടാകത്തെ ചുറ്റിയുള്ള നടപ്പാത തുടങ്ങുന്നത് അവിടെ നിന്നാണ്. ഷെൽട്ടറിനു ചുമരുകളില്ല, നീളൻ കൽത്തൂണുകൾ മാത്രം. സന്ദർശകർ അത്യാവശ്യം വിശ്രമിക്കുന്നത് ഇവിടെയാണ്. സന്ധ്യാനേരത്ത് അതിനു മുന്നിലൂടെ നടക്കുമ്പോൾ തിക്കാ മസാലയുടെയും കുർമകളുടെയും കൊതിപ്പിക്കുന്ന രുചികൾ കാറ്റിലൂടെ ഒഴുകിയെത്താറുണ്ട്. ഈയിടെയായി തമ്മിലധികം മിണ്ടാറില്ലെങ്കിലും ആ ഗന്ധങ്ങൾ അമൻ എന്ന് വിളിപ്പേരുള്ള മുഹമ്മദ്ഖാന്റെ സാന്നിധ്യമറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതില്ലാതെ വന്നപ്പോഴാണ് എന്തുപറ്റിയെന്നറിയാൻ അങ്ങോട്ട് നോക്കിയത്.

അമൻ അവിടില്ല. പകരം ഷെൽട്ടറിനുള്ളിൽ, ഒരു തൂണോട് ചേർന്ന് നരച്ച മഞ്ഞ നിറത്തിൽ കമ്പിളിപ്പുതപ്പു വലിച്ചു കെട്ടി ചെറിയൊരു കൂടാരം; നാലടിയോളം മാത്രം ഉയരം കാണും. മുമ്പ് അതവിടെ ഇല്ലായിരുന്നു. മസാലമണങ്ങൾക്കു പകരം ഇപ്പോഴവിടെ മരിജ്വാനയുടെ മണമാണെന്നറിയാൻ മൂക്കൊന്നു വിടർത്തിയാൽ മാത്രം മതി. തൂണിൽ നിന്നും തടിച്ചു ചുവന്നൊരു വയർ ഊർന്നിറങ്ങി ടെന്റിനുള്ളിലേക്കു പോയിട്ടുണ്ട്; ഹീറ്ററോ സ്റ്റൗവോ അങ്ങനെയെന്തെങ്കിലും ഉള്ളിലുണ്ടാവണം.

അൽപ്പം മാറിയുള്ള കാർ പാർക്കിലേക്കു നോക്കി. അയാളുടെ കാറുണ്ടവിടെ. ഷെൽട്ടറിലില്ലെങ്കിൽ മിക്കവാറും കാറിലായിരിക്കും. അതിലാണ് ഉറക്കം. അങ്ങോട്ടു നടന്നു. കാറിന്റെ പിൻവാതിലുകൾ തുറന്നിട്ടിരിക്കുന്നു. കാലുകൾ പുറത്തേക്കു കാണാം. അമൻ പിൻസീറ്റിൽ കിടന്ന് പുസ്തകം വായിക്കുകയാണ്, ‘ഞാൻ മലാല’. എന്നെ കണ്ടതും പുസ്തകം മടക്കി സീറ്റിലിട്ട് പുറത്തിറങ്ങി.

“എവിടെന്നോ വന്നു കയറിയതാണ്. രാവിലെയെണീറ്റു പോവും, ഉച്ചകഴിയുമ്പം തിരിച്ചെത്തും. കഞ്ചാവുകേസു തന്നെ. ഒരു ദിവസം ഉച്ചക്ക് കാറിനടുത്തു വന്നു. ഞാൻ ഉറക്കമായിരുന്നു. ഹലോ ഹലോ വിളി കേട്ട് നോക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. സാൻവിച്ചും സോഡയുമായി നിൽക്കുന്നു; വേണോന്നും ചോദിച്ച്. ഓടിച്ചു വിട്ടു. പിന്നെയും ഒന്നു രണ്ടു തവണ എന്തോ വാങ്ങിക്കൊണ്ടു വന്നു വിളിച്ചിട്ടുണ്ട്. ഞാനങ്ങോട്ട് പോവാറില്ല. ഇതൊക്കെ എന്ത് ടൈപ്പ് ആണെന്നറിയില്ലല്ലോ. അങ്ങോട്ട് പോകേണ്ട കാര്യവുമില്ല. റംസാനായതുകൊണ്ടു നൊയമ്പിലാണ്. പാചകം കമ്മിയും. പള്ളീ പോവും നിസ്കരിക്കാൻ, അത്രതന്നെ.”

‘കാണാനില്ലല്ലോ’ എന്ന പരിഭവത്തിനു മറുപടിയായാണ് ഷെൽട്ടറിലെ പുതിയ താമസക്കാരിയെപ്പറ്റി അയാൾ പറയാൻ തുടങ്ങിയത്.

ചാരനിറമുള്ള ഗൂസ് പക്ഷികളുടെ ഒരു ബറ്റാലിയൻ, ഭാരമുള്ള ശരീരങ്ങളും വലിച്ച് ആരവങ്ങളോടെ തലക്കു മേളിലൂടെ പറന്നുപോയി. ഇരുട്ടു വീഴാൻ തുടങ്ങുന്നു. അധികം സംസാരിച്ചു നിന്നില്ല. കുറേക്കൂടെ കഴിഞ്ഞാൽ ആളനക്കമോ ചെറിയ കാറ്റനക്കമോ പോലുമില്ലാതെ ഇവിടം വിജനവും മൂകവുമാവും.

കാറിൽ വീട്ടിലേക്കുമടങ്ങുമ്പോളോർത്തു. അമനെ ആദ്യം കാണുമ്പോൾ എനിക്കും ഇങ്ങനെ തന്നെയായിരുന്നു. അകാരണമായ ഒരകൽച്ച. ചിലരെ കണ്ടാലങ്ങോട്ട് മിണ്ടാൻ തോന്നില്ലല്ലോ. ദിവസവും കണ്ടാലും മിണ്ടണമെന്നു തോന്നില്ല. കഴിഞ്ഞവർഷം ഇലപൊഴിയാൻ തുടങ്ങുമ്പോഴാണ് അയാളെ പാർക്കിൽ ആദ്യം കാണുന്നത്. ഇപ്പോൾ തണുപ്പു മാറി വസന്തമായിരിക്കുന്നു.

അമനോട് എനിക്ക് അങ്ങിനെയായിരുന്നെങ്കിൽ അയാൾക്ക്‌ ആ സ്ത്രീയോട് അടുക്കാൻ തോന്നാത്തതിൽ അതിശയിക്കേണ്ട കാര്യമില്ല.

കണ്ണാടി പതിച്ച പച്ചത്തുണിയിൽ സിൽക്‌ നൂലുകൾ കോർത്ത് കൈവേല ചെയ്ത സിന്ധിത്തൊപ്പിയിലാണ് കൂടുതലായി അയാളെ കണ്ടിരുന്നത്. അല്ലെങ്കിൽ തലയിൽ ഒട്ടിച്ചുവച്ചപോലുള്ള നീല തൊപ്പി. ഇറുക്കമുള്ള ജീൻസും തോളിൽ സ്ട്രാപ്പുകളുള്ള നീളം കൂടിയ ഉടുപ്പുമിട്ടായിരുന്നു വൈകുന്നേരങ്ങളിൽ മാത്രം സന്ദർശകരെത്തിയിരുന്ന പാർക്കിൽ അയാൾ എത്തിയിരുന്നത്. ആറടിയിലധികം ഉയരം. ഇരുണ്ട് ഉറപ്പുള്ള ശരീരം. കട്ടിയുള്ള പുരികങ്ങൾ. നെടിയ കണ്ണുകൾ. പാതിയിലേറെ നരച്ചു നീണ്ട താടി. പലപ്പോഴും നേർത്ത വരയൻ ചുണ്ടുകൾക്കിടയിൽ പുകയുന്ന സിഗരറ്റുണ്ടാവും.

തലയുയർത്തി ഞെളിഞ്ഞു നടന്നിരുന്ന അയാളുടെ കണ്ണിൽപ്പെടാൻ പോലും സാധ്യത കുറവാണ്. പരിസരത്തെങ്ങാനും അയാളുണ്ടെങ്കിൽ ദൂരെ നിന്നേ നോക്കി കാര്യങ്ങളുറപ്പു വരുത്തി, അടുത്തെത്തുമ്പോൾ കാണാത്തപോലെയങ്ങ് നടന്നു പോകും.

മാസങ്ങൾക്കു മുമ്പ്, പാർക്കും പരിസരവും മഞ്ഞു മൂടും മുമ്പാണ്. പതിവു റൗണ്ട്സ് കഴിഞ്ഞു വൈകുന്നേരം തിരികെ വരുമ്പോൾ ഷെൽട്ടറിനുള്ളിൽ വീണ്ടും അയാളെ കണ്ടു. രാത്രി കഴിക്കാനുള്ള വക റെഡിയാക്കുകയാണ്. ഉറക്കെ കേട്ട പഞ്ചാബി നാടോടി ഗാനം പരിസരമാകെ ഉന്മേഷിതമാക്കുന്നു. ഏതോ ഉൾത്തള്ളലിൽ ഞാൻ അങ്ങോട്ടു നടന്നു.

പിന്നിലെ വെള്ളത്തിൽ തട്ടി തെറിച്ച വെയിലിൽ അമൻ ഇരുണ്ട നിഴൽച്ചിത്രം പോലെ തോന്നിച്ചു.

"ഇന്നെന്താണ് സ്പെഷ്യൽ?", ഞാൻ അകത്തേക്കു കയറി.

അയാൾ മുഖമുയർത്തി. കറുത്ത ചുണ്ടുകൾക്കിടയിൽ തെളിഞ്ഞ പുകക്കറ പിടിച്ച പല്ലുകൾ കണ്ടപ്പോഴാണ് അയാൾക്ക്‌ ചിരിക്കാനറിയാമെന്ന് മനസ്സിലായത്. മേശപ്പുറത്തു കിടന്ന സെൽ ഫോണിലേക്കു കൈയ്യെത്തി പാട്ടിന്റെ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു:

"ശ്ചാൽ ചാക്കിയൻ, ഒരു ദാൽ കറി. സർഗോഥാ സ്പെഷ്യൽ ആണ്. ഇരിക്കൂ"

നീളമുള്ള മേശയുടെ ഇരുവശത്തും പിടിപ്പിച്ച ബഞ്ചുകളിലൊന്നിൽ അയാൾക്കഭിമുഖമായിരുന്നു. രണ്ടടുപ്പുകളുള്ള ഇലക്ട്രിക്ക് സ്റ്റവ്. ഒരു മൺചട്ടിയിൽ ഇളം പച്ചനിറത്തിൽ 'ശ്ചാൽ ചാക്കിയൻ' തിളച്ചു മറിയുന്നു. തൊട്ടടുത്തൊരു ചപ്പാത്തി പലക. മൂടിയുള്ള വലിയൊരു അലൂമിനിയം പാത്രം. ചെറിയൊരു ബ്രീഫ് കേസിനോളം വലിപ്പമുള്ള ഗാംബ്ലർ സിഗരറ്റിന്റെ പെട്ടി തുറന്ന് ഒരു സിഗരെറ്റെടുത്തു കത്തിച്ച്, ആദ്യപുക പുറത്തേക്കൂതിക്കളഞ്ഞ് അയാൾ സംസാരിച്ചു തുടങ്ങി, ഒഴുക്കുള്ള ഇംഗ്ലീഷിലും അതു പോലെ ഹിന്ദിയിലും. ട്രക്ക് ഡ്രൈവറാണെന്നതൊഴിച്ച്‌ കൂടുതലൊന്നും അയാളെക്കുറിച്ച് ആ അഭിമുഖത്തിൽ എനിക്കു കിട്ടിയില്ല.

അടുത്ത ദിവസങ്ങളിൽ വീണ്ടും കണ്ടു. അപ്പോഴേക്കും നല്ലൊരു സുഹൃത്തിനോടെന്നപോലെ അയാൾ കാര്യങ്ങൾ പറയാൻ തുടങ്ങിയിരുന്നു.

സർഗോഥാ സിറ്റിക്കടൂത്ത ഒരു ചെറു പട്ടണമാണ് അയാളുടെ നാട്. ഇരുപത്തിയാറാമത്തെ വയസ്സിലാണ് സ്വിട്സ്സർലണ്ടിലേക്കു നാട് വിട്ടത്. അവിടുന്ന്, കുടിയേറാൻ കൂടുതലെളുപ്പമുള്ള സ്പെയിനിലേക്ക്. പിന്നെ അമേരിക്കയിലേക്ക്.

സർഗോഥയെക്കുറിച്ചു പറയുമ്പോൾ അയാൾ വാചാലനായി. ചെമ്പൻ നിറമുള്ള കുന്നുകളെക്കുറിച്ചും മലകളെക്കുറിച്ചും പച്ചപടർന്ന ഓറഞ്ചു തോട്ടങ്ങളെക്കുറിച്ചും കരിമ്പിൻതോട്ടങ്ങളെക്കുറിച്ചും തുണി മില്ലുകളെക്കുറിച്ചുമായിരുന്നു കൂടുതലും പറഞ്ഞത്. വാപ്പ തോട്ടം തൊഴിലാളിയും ഉമ്മ തുണിമില്ലു തൊഴിലാളിയും. മൂത്ത രണ്ടു സഹോദരങ്ങൾ.

"നാട് അത്ര ഇഷ്ടമായിരുന്നെങ്കിൽ പിന്നെ അവിടം വിട്ടതെന്തിനായിരുന്നു?"

"അന്ന് അതിലും ഇഷ്‌ടം ഭീമൻ ട്രക്കുകളോടായിപ്പോയി", അയാൾ ഉറക്കെ ചിരിച്ചു. ആ ചിരി എനിക്കത്ഭുതമായിരുന്നു. പെട്ടെന്നങ്ങനെ പറഞ്ഞെങ്കിലും അതുമാത്രമായിരുന്നില്ല കാരണമെന്നു സാവധാനം എനിക്ക് മനസ്സിലായി.

അന്നത്തെ രാഷ്ട്രീയമായ അസ്ഥിരത അധികാരത്തോടൊട്ടിനിന്ന ഭൂമിയുടെ ഉടമസ്ഥരെയാണു കൂടുതലും ബാധിച്ചത്. എങ്കിലും ചെറുപ്പക്കാർ അസ്വസ്ഥരായിരുന്നു. അവസരം കിട്ടിയവർ പുറം രാജ്യങ്ങളിലേക്ക് പോകാൻ തുടങ്ങി. ആ ഒഴുക്കിൽപ്പെട്ട് അമനും നാടുവിട്ട വർഷമാണ് ബേനസീർ വീണ്ടും അധികാരത്തിൽ വന്നത്. പിന്നെ അവർ കൊലചെയ്യപ്പെടുന്ന വർഷമാണ് അമേരിക്കയിലെത്തുന്നത്. ഒട്ടും സംഭവബഹുലമല്ലാത്ത ജീവിത സന്ദർഭങ്ങളെ തികച്ചും സംഭവബഹുലമായ രാഷ്ട്രീയ കാലാവസ്ഥയിലുണ്ടായ നിർണായക സംഭവങ്ങളോട് യാദൃശ്ചികതയുടെ പേരിലെങ്കിലും ചേർത്തുവെക്കുന്നത് എന്തിനാണ്? ഒരുപക്ഷെ ഓർത്തെടുക്കാൻ എളുപ്പത്തിനായിരിക്കണം.

കബഡിയും ക്രിക്കറ്റും നിറഞ്ഞു നിന്ന ചെറുപ്പം. പക്കോഡയിലും സമോസയിലും തുടങ്ങി മസാലയുടെ ധാരാളിത്തം ആഘോഷിച്ചിരുന്ന നാട്ടുകാരുടെ തീറ്റവിശേഷങ്ങൾ. പ്രധാന തെരുവുകൾക്കരുകിൽ ട്രക്ക് ഓടിക്കുന്നവർക്കായുള്ള ധാബകൾ. അടിപൊളി ഭക്ഷണമാണവിടെ. മറ്റു പല കുടുംബങ്ങളെയും പോലെ അവരും പതിവായി ധാബയിൽ പോകുമായിരുന്നു. അങ്ങിനെ ചെറുതിലേ ട്രക്കുകളോടും അതോടിക്കുന്നവരോടും ഇഷ്‌ടം തോന്നി. ചെറുപ്പമായപ്പോൾ വാപ്പയെ സോപ്പിട്ടു ലൈസൻസ് എടുത്തു. തോട്ടത്തിൽ നിന്നും യൂറോപ്പിലേക്ക് കയറ്റിവിടാൻ ഓറഞ്ചു ശേഖരിക്കാനെത്തുന്ന ട്രക്കുകളിലൊന്നിന്റെ ഡ്രൈവറുമായുള്ള വാപ്പയുടെ ചങ്ങാത്തമാണ് സ്വിറ്റ്‌സ് സർലണ്ടിൽ എത്തിച്ചത്. നിറയെ സാമാനങ്ങൾ കയറ്റിയ കൂറ്റൻ വണ്ടിയോടിക്കുക എന്ന വട്ടാണ് ചുരുക്കിപ്പറഞ്ഞാൽ ഇവിടം വരെ കൊണ്ടെത്തിച്ചത്.

വലിയ വാവട്ടമുള്ള പാത്രത്തിലെ വെള്ളത്തിൽ, കത്തിച്ചു വിട്ടാൽ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു വക്കിലിടിച്ചു നിൽക്കുന്ന കളിബോട്ടുകൾ കണ്ടിട്ടുണ്ട്; ഉത്സവപ്പറമ്പുകളിൽ. അപ്പോൾ കൈ ചെന്നു ദിശയൊന്നു മാറ്റി കൊടുക്കണം. വീണ്ടും എങ്ങോട്ടെന്നില്ലാതെ ഓടി പിന്നെയും എവിടെയെങ്കിലും ഇടിച്ചു നിൽക്കും. അയാളുടെ കഥ കേട്ടപ്പോൾ എങ്ങാണ്ടുന്നൊരു കളിബോട്ട് മനസ്സിന്റെയേതോ വക്കിലിടിച്ചു നിന്നു.

പെട്ടെന്നു തെളിവ് സമർപ്പിക്കും പോലെ പേഴ്സ് തുറന്ന് ലൈസൻസും ഒപ്പം ഗ്രീൻ കാർഡും പുറത്തെടുത്തു.

‘പിന്നെന്താണ് ജോലിക്കു പോകാത്തത്?’ എന്ന ചോദ്യത്തിന് ‘ശ്രമിക്കുന്നു!! ഇൻഷാ അള്ളാ’ എന്ന് മാത്രം പറഞ്ഞു. കുറെ ദിവസങ്ങൾ കഴിഞ്ഞാണ് ‘ഇൻഷാ അള്ളാ’ എന്ന പ്രയോഗത്തിലെ രാഷ്ട്രീയം പിടികിട്ടിയത്. ചില കാര്യങ്ങൾ സംസാരിക്കാൻ താല്പര്യമില്ലാത്തപ്പോഴോ മറ്റു ചിലതിന് ഉത്തരമില്ലാതെ വരുമ്പോഴോ ആണ് കൂടുതലായി ആ വാക്കുപയോഗിച്ചിരുന്നത്. അന്നേരം വിഷയം വഴിതിരിക്കുകയോ പിന്നെ കാണാമെന്നു പറഞ്ഞു പിരിയുകയോ ആണ് പതിവ്.

അങ്ങനെ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചങ്ങാത്തം ഒന്ന് തണുത്തു. കാണുമ്പോളൊന്നു ചിരിക്കും. ചിലപ്പോൾ ദൂരെനിന്നും കൈ കാണിച്ചു അടുത്തെത്തുമ്പോൾ ഒന്നും മിണ്ടാതെ കടന്നു പോവും. ദൂരെ നിന്നു കണ്ടാലും മിണ്ടാതെയും നോക്കാതെയും അപരിചിതരെപ്പോലെ കടന്നു പോയിട്ടുമുണ്ട്. പുതിയതായി ഒന്നും പറയാനില്ല എന്നത് മാത്രമായിരുന്നു അതിനൊക്കെ കാരണം.

അവിചാരിതമായാണ് അമൻ പറഞ്ഞ സ്ത്രീയെ കാണാനിടയായത്. റോഡരികിലെ നടപ്പാതയിൽ നിന്നും പാർക്കിനുള്ളിലേക്കു നടക്കുകയായിരുന്നു അവർ. വെളുത്തു മെലിഞ്ഞൊരു സ്ത്രീ. അയഞ്ഞ ജീൻസും പഴയൊരു ബൂട്സും തലമൂടിയുള്ളൊരു ജാക്കറ്റും. കൈയ്യിൽ മക് ഡൊണാൾസിന്റെ പൊതി. മുൻപരിചയമുള്ളപോലെ അവർ ദൂരെ നിന്നേ ചിരിച്ചു. ആടിയാടി വളരെ പതുക്കെയാണ് നടപ്പ്. അടുത്തുവരട്ടെയെന്നു കരുതി ഞാൻ നിന്നിടത്തു തന്നെ നിന്നു.

"അമൻ, ആ കാറിൽ കഴിയുന്നയാളില്ലേ, അയാൾ നിങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്,” അടുത്തെത്തി അവർ ചെറുതായി ചിരിച്ചുനിന്നു.

അതിശയം തോന്നി. അവർ തമ്മിൽ ഇതിനകം കൂട്ടായോ? അതെപ്പോൾ? എങ്ങനെ?

"ആദ്യമൊക്കെ ഒരുമാതിരി മുരടൻ സ്വഭാവമായിരുന്നു. വല്ലാത്ത ദേഷ്യവും. പിന്നങ്ങു നന്നായി. ഇടക്കൊക്കെ വന്നു ചില്ലറ കാശൊക്കെ തരും. ഈയിടെ ഒന്ന് രണ്ടു തവണ ഗ്രോസറി വാങ്ങാൻ കാറിൽ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു."

നല്ല കാര്യം. പക്ഷെ, ദിവസങ്ങൾക്കു മുൻപ് ഏറ്റവും മോശമായാണല്ലോ അയാൾ ഇവരെക്കുറിച്ചു പറഞ്ഞത്. കൊള്ളാം കാര്യങ്ങളുടെ പോക്ക്. ആ സ്ത്രീയാണെങ്കിൽ വീണ്ടുമെന്തൊക്കെയോ തട്ടി വിടുന്നുണ്ടായിരുന്നു. എത്രപെട്ടെന്നാണ് മറ്റുള്ളവരെപ്പറ്റി ഓരോ ധാരണകളുണ്ടാക്കുന്നത്. അടുക്കാതെയോ മിണ്ടാതെയോ ഒരാൾ അങ്ങിനെയാവും ഇങ്ങിനെയാവും എന്ന് തീർച്ചപ്പെടുത്തുക. ഒന്നടുത്തുകഴിയുമ്പോഴേക്കും മാറ്റി പറയേണ്ടി വരുക.

അമൻ കാറിനുള്ളിലേക്കു മാറിയതിനു ശേഷം, വൈകുന്നേരങ്ങളിൽ ആ സ്ത്രീയെ ഇടയ്ക്കിടെ കണ്ടുമുട്ടി. അപ്പോഴൊക്കെ എങ്ങനെയെങ്കിലും അയാൾ സംഭാഷണത്തിനിടയിൽ കടന്നുവരുമായിരുന്നു. സ്വന്തം കാര്യങ്ങൾ പറയാൻ അവർ ഇഷ്ടപ്പെടുന്നില്ല എന്ന് ആദ്യ ദിവസം തന്നെ ബോധ്യപ്പെട്ടതാണ്. എന്നാലും രണ്ടുപേർ പരിചയപ്പെടുമ്പോൾ ചോദിക്കാവുന്ന ചിലതുണ്ടല്ലോ? അങ്ങിനെയെന്തോ ചോദിച്ചപ്പോഴാണ് ‘ഫക്ഡ്‌ അപ്പ്’ എന്ന് ഇത്തിരി ഉറപ്പിച്ച് ഒരു വിലക്കുപോലെ പറഞ്ഞു നിറുത്തിയത്. പിന്നെയൊന്നും കൂടുതലങ്ങോട്ട് കേറി ചോദിയ്ക്കാൻ പോവാറില്ല. ചുമ്മാ കേട്ട് നില്ക്കും.

ട്രാഫിക് സിഗ്നൽ മാറാനായി കാറ് നിറുത്തിയിട്ടിരിക്കുമ്പോൾ ഒന്നോ രണ്ടോ തവണ കണ്ടിട്ടുണ്ട്. ‘ഹോം ലെസ്സ്, ദയവായി സഹായിക്കു’ എന്ന് നീലമഷി കൊണ്ടെഴുതിയ ബോർഡും പിടിച്ച് വാഹനങ്ങൾക്കിടയിലൂടെ ധൃതിപ്പെട്ടു നടക്കുകയായിരുന്നു അവരപ്പോൾ. ഷെൽട്ടറിനുള്ളിലെ ചെറിയ കൂടാരവും റോഡിലെ കാഴ്ചയും ആ സ്ത്രീയുടെ വർത്തമാന ചിത്രം കൃത്യമാക്കുന്നുണ്ട്. ദിവസക്കണക്കിനു ജീവിതം തള്ളുന്നവർക്ക് കഴിഞ്ഞ കഥകൾ ആവർത്തിച്ചിട്ടോ ഭാവി കഥകൾ മെനഞ്ഞിട്ടോ എന്തുകാര്യം!

ആ സ്ത്രീയും അമനും തമ്മിൽ നല്ല കൂട്ടാണെന്നും ‘ഇൻഷാ അള്ളാ’ എന്ന് എന്നോടു പറഞ്ഞവസാനിപ്പിച്ച പലതും അയാൾ അവരോടു തുറന്നു പറയുന്നുണ്ടെന്നും ഞങ്ങളുടെ സംഭാഷണങ്ങളിൽ നിന്നും എനിക്കു പിടികിട്ടി.

കുഞ്ഞൻമാരായ എലികളെ കെണിയിലാക്കി, പാർക്കിൽ കൊണ്ടു വന്നു തുറന്നു വിടുന്നവരെ അയാൾ സഹായിക്കാറുണ്ടു പോലും. കുറ്റിക്കാട്ടിലേക്കോ കരിയിലകൾക്കിടയിലേക്കോ പാഞ്ഞു പോകുമ്പോൾ അവയുടെ കണ്ണുകളിലെ തിളക്കം അയാളെ സന്തോഷിപ്പിച്ചു. സ്വന്തമായ ഇടത്തിൽ എത്തിപ്പെടുമ്പോഴുള്ള ആനന്ദമാണത്; സ്വാതന്ത്ര്യത്തിന്റെ ആനന്ദം.

എന്നാൽ സ്വാതന്ത്ര്യത്തിന്റെ ഉന്മാദമാണ് അമനെ ഭീകരമായ ഒറ്റപ്പെടലിൽ കൊണ്ടെത്തിച്ചത്. ട്രക്കിന്റെ കാബിനിൽ ഒതുങ്ങിപ്പോയ അമന്റെ ജീവിതം ചക്രങ്ങളിൽ മുന്നോട്ടുരുളുകയായിരുന്നു. മഞ്ഞും മഴയും വെയിലും കാറ്റും പ്രകൃതിയുമെല്ലാം കാബിനിൽ നിന്നുമാത്രമുള്ള അനുഭവങ്ങളായിരുന്നു, അയാൾക്കതുവരെ.

ഡ്രൈവിംഗ് ഉപേക്ഷിച്ചെത്തിയ അമന് ഓസ്ബോൺ പാർക്ക് തന്റേതു മാത്രമായ ഒരു തുരുത്തു പോലെയായിരുന്നു. പുറം ലോകവുമായി അത്യാവശ്യത്തിനു മാത്രം ബന്ധം. അവിടെ അയാൾ സന്തോഷവും സ്വാതന്ത്ര്യവും അനുഭവിച്ചു. പാർക്കിലൊരിടത്ത് അധികം ഉയരമില്ലാത്ത ഒരു മരത്തൂണിനു മുകളിലായി കിളിവാതിലുകളുള്ള കുരുവിക്കൂടുണ്ട്. കൂടിനു താഴെയായി തൂണിൽ രണ്ടു പരന്ന പാത്രങ്ങൾ പിടിപ്പിച്ചിട്ടുണ്ട്. രാത്രിസമയത്ത് അവിടെയെത്തി പാത്രങ്ങളിൽ വെള്ളവും അരിമണികളും നിറയ്ക്കുകയാണ് അയാളുടെ മറ്റൊരു ഹോബി.

“കുറെ ദിവസങ്ങളായി അമനെ കാണുന്നില്ല,” തിരക്കിട്ടു നടക്കുകയായിരുന്ന എന്നെ ഒരു ദിവസം അവർ വഴിയിൽ തടഞ്ഞു. മുഖത്ത് അന്നേരം വല്ലാത്ത അസ്വസ്ഥതയും ഉത്കണ്ഠയും നിഴലിട്ടിരുന്നു.

“കടയിൽ പോയതായിരുന്നു. വാലറ്റ് (പേഴ്സ്) തന്നിട്ട്, പോയി വരാൻ പറഞ്ഞു. അമൻ കാറിലിരുന്നു. കാശു കൊടുക്കാനായി വാലറ്റു തുറന്നപ്പോൾ നോട്ടിനൊപ്പം ഒരു ഫോട്ടോ കൂടി എന്റെ കയ്യിൽ വന്നു. കടയിൽ നിന്നും കാറിലെത്തി; വാലറ്റ് തിരികെ ഏൽപ്പിച്ചു. എന്നാൽ ഫോട്ടോയെപ്പറ്റി ഒന്നും മിണ്ടിയില്ല. അത് എന്റെ കൈവശം വച്ചു.

പാർക്കിലെത്തിയ ശേഷം അതെടുത്തു കാണിച്ചു, “ഇതാരാണ്? എങ്ങിനെയറിയാം?”

യാതൊരു ഭാവഭേദവുമില്ലാതെ അയാൾ പറയുകയാണ്:

“സൂസൻ. ഭാര്യയായിരുന്നു. അഞ്ചു വർഷം ഒന്നിച്ചു ജീവിച്ചു. പിന്നെ പിരിഞ്ഞു. നിങ്ങൾക്കറിയുമോ അവളെ?”

‘ഞാനറിയും’ എന്ന മറുപടി കേട്ടതും അയാളുടെ മട്ടുമാറി. ‘ഒന്നു സഹായിക്കാമോ?’ എന്നായി. അന്വേഷിച്ചു മടുത്തെങ്കിലും എവിടെയോ ഉണ്ടെന്നൊരു തോന്നലാണു പോലും.

അവർ ഒന്നും മിണ്ടിയില്ല. പിന്നീടൊരു വൈകുന്നേരം ഒരു മണിക്കൂറിലേറെ വണ്ടിയോടിച്ചാണ് രണ്ടുപേരും നാട്ടിൻപുറം പോലൊരിടത്ത് എത്തിയത്. ചെറിയൊരു ജംഗ്ഷനിൽ ഉള്ളിലേക്ക് മാറി പഴയൊരു ഫ്ലാറ്റ് സമുച്ചയം. രണ്ടാം നിലയിൽ പൂട്ടിക്കിടന്നൊരു ഫ്ലാറ്റിനു മുന്നിൽ അവർ നിന്നു.

“ഇവിടം വരെയേ എനിക്കു കൂട്ടിക്കൊണ്ടു വരാനാകൂ. സൂസൻ അവസാനം താമസിച്ചതിവിടെയാണ്. അവൾ രണ്ടു വര്‍ഷം മുൻപ് മരിച്ചു.”

തിരിഞ്ഞു നോക്കുമ്പോൾ അമൻ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിൽക്കുന്നു. ഉള്ളിൽ നിരാശയാണോ, സങ്കടമാണോ, ദേഷ്യമാണോ എന്നൊന്നും പറയാനാവുമായിരുന്നില്ല. തിരിച്ചു നടക്കുമ്പോൾ അയാളോട് ഇത്രയും കൂടി പറഞ്ഞു, “നിങ്ങളുടെ ഓസ്ബോൺ പാർക്കിലേക്ക് വരും മുമ്പ് ഞാൻ വന്നതിവിടെയാണ്.”

തിരികെ കാറോടിക്കുമ്പോൾ അയാളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഒട്ടും ശ്രദ്ധയില്ലാതെ വണ്ടിയോടിക്കുന്നു. അമന്റെ ഡ്രൈവിങ്ങിനെക്കുറിച്ചു ചിലതൊക്കെ മനസ്സിലുള്ളതുകൊണ്ട് ഹൈ വേയിലൊരിടത്തു നിറുത്തി ചെറിയൊരു ബ്രേക്ക് എടുത്തശേഷം യാത്ര തുടർന്നാൽ മതിയെന്നായി അവർ.

മേശക്കിരുപാടുമായി ഇരിക്കുമ്പോൾ അമൻ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. പക്ഷെ അവർക്കതു പറയണമായിരുന്നു.

“നിങ്ങൾ പിടിക്കപ്പെടുമ്പോൾ ഞാൻ അവളുടെ വീട്ടിലുണ്ടായിരുന്നു. അന്ന് നിങ്ങൾ ഒരുമിച്ചു താമസിച്ചിരുന്ന വീട്ടിൽ. എനിക്ക് ആകെയുണ്ടായിരുന്ന കൂട്ടുകാരി. റീഹാബിൽ നിന്നൊളിച്ചോടിയത് അങ്ങോട്ടായിരുന്നു. നിങ്ങൾ പിണങ്ങിപ്പോയെന്നും അവിടെയില്ലായെന്നുമറിഞ്ഞിരുന്നു. അവിടെ കഴിയുമ്പോഴാണ് രാവിലെ ടി വി യിൽ ആ വാർത്ത കാണുന്നത്!"

“സൂസനെ കാണുമ്പോൾ മനുഷ്യരുമായി ഞാൻ വല്ലാതെ അകന്നു പോയിരുന്നു. സർഗോഥ വിട്ടശേഷം ഒരു കൂട്ടുകാരനോ കാമുകിയോ പോട്ടെ, പേരിനൊരു ശത്രുപോലും ഉണ്ടായിട്ടില്ല. എല്ലാം നേരേയാക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഒന്നും ശരിയായില്ല. അവൾക്ക് എന്നോടുണ്ടായിരുന്ന കരുതലും സ്നേഹവും പോലും എന്നെ ചങ്ങലക്കിടുന്നപോലെ തോന്നിച്ചു. എല്ലാവരോടും എല്ലാത്തിനോടും ദേഷ്യമായിരുന്നു. എപ്പൊഴോ എനിക്ക് മനസ്സിലായി, ഒന്നും നേരേയാവില്ലെന്നും സൂസൻ വിട്ടുപോകുമെന്നും. കാലം കഴിയുന്തോറും എന്തൊക്കെയോ പിറകോട്ടു പിടിച്ചു വലിക്കുന്ന പോലെ. ഇവിടം വിട്ടു പോകും മുമ്പ് ഒരിക്കൽ കൂടി കാണണം. അല്ലാതെ മടങ്ങിപ്പോവാൻ മനസ്സു വരുന്നില്ല. അതിനുവേണ്ടി മാത്രമാണ് അവളുണ്ടെന്നറിഞ്ഞ്‍ ഇവിടേക്കു വന്നത്... ഇപ്പോൾ ട്രക്ക് ഓടിക്കാറില്ല. എല്ലാമാസവും പള്ളിയിൽ നിന്നും സകാത്ത് കിട്ടും. അത് കൊണ്ട് ജീവിച്ചുപോവുന്നു,” അമന്റെ വാക്കുകൾ കുറ്റബോധത്താൽ ദുർബലമായിരുന്നു.

“അന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തി, എന്നെ പാർക്കിൽ തിരികെ വിട്ട ശേഷം പോയതാണ്!”

എന്തോ കേൾക്കാൻ ബാക്കിയുണ്ടെന്ന തോന്നലിലാണ് ഞാൻ അന്ന് കണ്ട വർത്തയെപ്പറ്റി അവരോടു ചോദിച്ചത്.

"ആടിയുലഞ്ഞു നിയന്ത്രണമില്ലാതെ, അതിരാവിലെ മഞ്ഞു മാറ്റാനോടുന്ന ട്രക്കുകൾക്കിടയിലൂടെ അമിതവേഗത്തിലോടുന്ന കൂറ്റൻ ട്രക്ക്. പിറകെ കരുതലോടെ പിന്തുടരുന്ന പോലീസു കാറുകൾ. ട്രക്ക് പിടികൊടുക്കാതെ അതിവിദഗ്ദ്ധമായി വെട്ടിച്ചു വെട്ടിച്ചോടുകയാണ്. പിന്നെ കാണുന്നത് ഹൈവേയുടെ വശങ്ങളിൽ കൂട്ടിയിരുന്ന മഞ്ഞിൽ തെന്നി നിയന്ത്രണം നഷ്ടപ്പെട്ട് മതിലിൽ ഇടിച്ചു നിൽക്കുന്നതാണ്. തലയൊടിഞ്ഞ തിമിംഗലത്തെപോലെ കാബിൻ ഒരു വശത്തേക്കൊടിഞ്ഞു പോയിരുന്നു.

കാബിനിൽ നിന്നും ഡ്രൈവറെ പുറത്തിറക്കി പോലീസ് നടത്തിക്കുന്നു. പിറകിൽ വരുന്ന പോലീസുകാരന്റെ കയ്യിൽ ട്രക്കിൽ നിന്നു കിട്ടിയ, ചെറിയൊരു ഭരണീടത്രയും പോന്ന ഒരു മദ്യക്കുപ്പി. എപ്പോഴോ ടിവിയിൽ അടുത്ത് കാണുമ്പോഴാണ് അത് അമൻ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായത്.

അയാളുടെ ദേഷ്യവും മദ്യപാനവും സഹിക്കാൻ കഴിയാത്ത രീതിയിലായിരിക്കുന്നുവെന്ന് ഇതൊക്കെ കാണുന്നതിന് മുമ്പേ സൂസൻ പറഞ്ഞിരുന്നു. അയാൾ തിരിച്ചെത്തി അധികനാളുകൾ വേണ്ടിവന്നില്ല; അവർ പിരിഞ്ഞു. ഞാനപ്പോഴേക്കും തിരികെ റീഹാബിലും എത്തിപ്പെട്ടു."

ഒരിക്കൽ ഞാൻ ചോദിക്കാതെ തന്നെ ഫോട്ടോ പുറത്തെടുത്ത് അമൻ സൂസനെക്കുറിച്ചു പറഞ്ഞിരുന്നു. ഹൈവേയിലൊരു ട്രക്ക് ജോയിന്റിൽ വച്ചാണ് സൂസനെ പരിചയപ്പെട്ടതെന്നും അപ്പോൾ അവർ വിവാഹമോചിതയും രണ്ടു കുട്ടികളുടെ അമ്മയായിരുന്നെന്നും.

ആ വേർപിരിയലിന് കാരണം ചോദിച്ചപ്പോഴും ‘ഇൻഷാ അള്ളാ' എന്നുമാത്രമായിരുന്നു മറുപടി.

ദിവസങ്ങൾക്കു ശേഷം, ഒരു വൈകുന്നേരം അപ്രതീക്ഷിതമായി അമനെ കണ്ടു. ഷെൽട്ടറിന് അരികിലായി രണ്ടുപേരും സംസാരിച്ചു നിൽക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് നടന്നു. അടുത്തെത്തിയതും പതിവു ചിരിയോടെ പറഞ്ഞു:

"നോമ്പ് മുറിക്കുന്ന. ദിവസമാണിന്ന്. പള്ളിയിൽ പോയി നിസ്കരിക്കണം.”

അയാൾ വളരെ ശാന്തനും സന്തോഷവാനുമായിരുന്നു. എന്തോ ഉറപ്പുവരുത്താനെന്നപോലെ കുപ്പായകീശയിൽ കൈയിട്ടു.

“പക്ഷെ അതിനു മുമ്പ് ഞങ്ങൾക്കൊരു ചടങ്ങുണ്ട്. ഫിത്ർ സകാത്ത്. അത് കഴിഞ്ഞു നിസ്കാരം ചെയ്തു നോമ്പ് അവസാനിപ്പിക്കണം. പോയ വർഷങ്ങളിൽ ഒക്കെ മറന്നു പോയിരുന്നു. ഇത്തവണ എല്ലാം ശരിയാവണം. അർഹതപ്പെട്ടവരിൽ നിന്ന് സ്വരൂപിച്ച് അർഹതയില്ലാത്തവർക്കു കൊടുക്കുന്ന ദാനമാണ്. ഇന്ന് കൊടുക്കാൻ അർഹത ഇല്ലാത്തൊരാൾ വാങ്ങാൻ അർഹതയുള്ളൊരാളിനു കൊടുക്കട്ടെ."

അമൻ സാമാന്യം വലിയൊരു നോട്ടുകെട്ട് പുറത്തെടുത്തു. നിറഞ്ഞ ചിരിയോടെ അവരുടെ കൈപിടിച്ച് അതിൽ വച്ചു. അവർ അത് നിരസിച്ചില്ല. അന്ധാളിച്ചു നോക്കി നിൽക്കുക മാത്രം ചെയ്തു.

"പണമായി കൊടുക്കരുതെന്നാണ്,” ആരോടെന്നില്ലാതെ അൽപ്പം ഉറക്കെപ്പറഞ്ഞുകൊണ്ട് അയാൾ കാറിനടുത്തേക്ക് നടന്നു.

അടുത്ത ദിവസം പതിവുപോലെ ഞാൻ നടക്കാനെത്തി. കൗതുകത്തോടെ ഷെൽട്ടറിലേക്കു നോക്കി. നരച്ച കമ്പിളിപ്പുതപ്പിന്റെ കൂടാരം അവിടില്ല. അവരും ഇവിടം വിട്ടു പോയിരിക്കുന്നു.

അല്ലെങ്കിലും പാർക്കുകൾ മനുഷ്യർക്ക് സ്ഥിരവാസത്തിനുള്ളതല്ല - ഞാൻ മുന്നോട്ടു നടന്നു.  (deshabhimani july 11, 2021)

2 comments:

Subscribe