Thursday, June 3, 2021

കിംഗ് സോളമൻ

         ജ്ഞാനദാസ്  സോളമൻ  എന്ന സോളമന്, സ്‌കൂളിലെ ഇരട്ടപ്പേര് 'കിംഗ് സോളമൻ'  എന്നായിരുന്നു. അടുത്തറിയാമായിരുന്ന  സോളമനെക്കുറിച്ചാണ് രണ്ടരമണിക്കൂർ വിമാന യാത്രക്കിടയിൽ പലപ്പോഴായി അജയൻ ഓർത്തത്. ചിക്കാഗോയിൽ നിന്നും ഡാളസിലേ ക്കുള്ള യാത്രക്കു കാരണം അയാൾ അവിടെയാണെന്നതും യാത്രയിൽ സ്‌കൂൾ തൊട്ടിങ്ങോട്ടുള്ള കാര്യങ്ങളോർക്കാൻ കാരണം കുറെ നാളുകൾക്കു ശേഷം അവനയച്ച വാട്ട്സ്ആപ്പ് സന്ദേശവും.തന്നെ. 

            കോളേജ്  കഴിഞ്ഞു  സോളമനെ അജയൻ കണ്ടിട്ടേയില്ലായിരുന്നു. കാൽ നൂറ്റാണ്ടിലേറെപരസ്പരം അറിയാൻ കഴിയാത്ത വഴികളിലൂടെ   ജീവിതം അവരെ നടത്തുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരുന്ന  അജയന്റെ മുന്നിൽ സോളമൻ പ്രത്യക്ഷനായത്.

            ഒരോണാഘോഷവേളയിൽ സോളമൻ അങ്ങോട്ട് ചെന്നു പരിചയം പുതുക്കിയതാണ്. സ്കൂളിൽ ഒരുമിച്ചു പഠിച്ചപ്പോൾക്കണ്ട  മെല്ലിച്ചു നീണ്ട ചെക്കൻ. കോളേജ് കാലത്തു ബെൽ ബോട്ടം പാൻറ്സും അറ്റം നീണ്ടുരുണ്ട കോളർ പിടിപ്പിച്ച ഷർട്ടും  നീളൻ മുടിയും  പെൻസിൽ വര മീശയുമായി മാത്രം കണ്ടു പരിചയമുള്ള  സോളമൻ. അവൻ സുമുഖനായൊരു മധ്യവയസ്കനായി അജയന് മുന്നിൽ! ആദ്യം മനസ്സിലായതേയില്ല

             'എന്നെ മനസ്സിലാവില്ല! അറിയാം. ഇവിടെ തീരെ പ്രതീക്ഷിച്ചുമില്ല അല്ലെ', സോളമൻ സ്വയം പരിചയപ്പെടുത്തി സംസാരിച്ചു തുടങ്ങി.

           ജീൻസും സ്റ്റൈലൻ പ്രിന്റുകളുള്ള ഷർട്ടുമിട്ട്,  സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അയാൾ  സംസാരിച്ചു തുടങ്ങി. ഒരാൾക്കെങ്ങിനെ ഇങ്ങനെ മാറാനൊക്കും! വാക്കിലും നോക്കിലും പുതിയൊരവതാരം. മേൽവരിയിലെ പല്ലിട കാട്ടിയുള്ള ചിരിയോടെ   സമൃദ്ധമായ സംസാരം. ചിലപ്പോൾ വർത്തമാനം കഴിഞ്ഞും മുഖത്ത് ആ ചിരി മായാതെ  കിടന്നു. പ്രത്യേക ശരീരഭാഷ. താടിരോമങ്ങളെ അവയുടെ സ്വാതന്ത്ര്യത്തിനു വളരാൻ വിട്ടുകൊടുത്തിരിക്കുന്നു.  ഇടയ്ക്കിടെ വലതു കൈകൊണ്ടു താടി തടവുന്നത് ഒരു ശീലമായിട്ടുണ്ടെന്ന് അജയന് തോന്നി. കഴുത്തിലൊരു തടിച്ച വെള്ളിമാല. ഇടതുകൈയിലൊരു  ബ്രേസ്‌ലെറ്റ് .  

            'പറയ്, നീ കോളേജ് കഴിഞ്ഞു  എന്ത്  ചെയ്തു?', അജയൻ ചോദിച്ചു.

            അമ്മച്ചിയുടെ  മടിയിൽ കിടന്നു, അവർ വായിച്ചു  കൊടുക്കുന്നത് മാത്രം കേട്ടു  പരീക്ഷയെഴുതിയാണ്, എസ്. എസ്. എൽ. സി  തോറ്റവൻ എന്ന നാണക്കേട് ഉണ്ടാക്കാതെ കുടുംബത്തെ രക്ഷപ്പെടുത്തിയത്. അമ്മച്ചിയുടെ കരച്ചിലും പിഴിച്ചിലും കണ്ടു സഹികെട്ടാണ് പള്ളിയിൽ നിന്നു  ശുപാർശ ചെന്ന്   കോളേജിൽ സീറ്റു തരപ്പെട്ടതും. ആ കഥകളൊ ക്കെ   കൂട്ടുകാർക്കെല്ലാം  അറിയാവുന്നതാണ്. അതുകൊണ്ടാണ്  അങ്ങിനെ ചോദിച്ചത്. 

            കോളേജ് കഴിഞ്ഞപ്പോഴേക്കും   ജീവിതത്തെ കുറിച്ച് പല പരുക്കൻ സത്യങ്ങളും സോളമൻ മനസ്സിലാക്കിയിരുന്നു. പഠിച്ചിട്ടു  കാര്യമില്ല; പണമാണ് കാര്യം. ചെറുപ്പത്തിലേ അതുണ്ടാക്കുള്ള വഴികൾ കണ്ടെത്തുക; സമയം പാഴാക്കരുത്. പ്രേമിച്ചിട്ടു കാര്യമില്ല; പെണ്ണിന് പ്രണയം എന്നത് സമയം കളയാനുള്ള നേരമ്പോണ്. കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ, കാമുകനെ കൂട്ടുകാരനോ കൂടെപ്പിറപ്പോ  ആക്കി മാറ്റാനുള്ള വിദ്യ അവരുടെ കൈയ്യിലുണ്ട്. കോളേജ് വീടുമ്പോൾത്തന്നെ അങ്ങിനെയൊരുത്തിയുടെ  സഹോദരനും മറ്റു രണ്ടുപേരുടെ കൂട്ടുകാരനുമായിരുന്നു സോളമൻ. പണമുള്ള പെണ്ണിനെ ഏതു വിധേനെയും കല്യാണം കഴിക്കുക; അങ്ങിനെ ഭാവി ഭാസുരമാക്കാനുള്ള വഴി നോക്കുക. 

            ഒരു ബ്ലേഡ് കമ്പനിയുടെ സെയിൽസ് വിഭാഗത്തിൽ കയറിപ്പറ്റിയതാണു  വഴിത്തിരിവായത്. അങ്ങിനെയാണ് ആളുകളെ പരിചയപ്പെടുന്നതും സംസാരിക്കാനും ഇടപെടാനുമൊക്കെ പഠിക്കുന്നതും. ചുരുക്കത്തിൽജീവിക്കാൻ പഠിച്ചത് അവിടെ വച്ചാണ് എന്നാണ് സോളമൻ  പറഞ്ഞത്. പ്രത്യക്ഷത്തിൽ ഒരു കസ്റ്റമറെയും പറ്റിച്ചിട്ടില്ല. മാനേജ്മെന്റിന്റെ വിശ്വസ്തനായും കാര്യപ്രാപ്തിയുള്ളവനായും വിധേയത്വമുള്ളവനായും പ്രവർത്തിച്ചു എന്നതായിരുന്നു വിജയരഹസ്യം. അങ്ങിനെ കമ്പനിയുടെ അമേരിക്കയിലുള്ള മുതലാളിയുമായി വ്യക്തിബന്ധം സ്ഥാപിച്ചു. പ്രാരാബ്ധങ്ങൾ പറയേണ്ട വിധം പറഞ്ഞു അയാളുടെ അനുകമ്പ നേടി. അതിന്, മുൻപ് കണ്ട സിനിമകളിലെ ഡയലോഗുകൾ പോലും  സഹായിച്ചിട്ടുണ്ട്; രോഗിയായ അച്ഛൻ, വിവാഹപ്രായമെത്തിയ പെങ്ങൾ, തുടങ്ങി ഏശുന്നതെല്ലാം. 

            ഷോ ട്രൂപ്പിൽ ചെണ്ടക്കാരനായാണ് സോളമൻ അമേരിക്കൻ മണ്ണിലെത്തുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടം അവിടെയാരംഭിച്ചു. ഇവിടെയെത്തി  മുങ്ങി. പിന്നെ  മുതലാളിയുടെ ഗ്യാസ് സ്റ്റേഷനിൽ, അതായതു പെട്രോൾ പമ്പിൽ ജോലി തുടങ്ങി. ഫ്ലാറ്റിലായിരുന്നു താമസം. ഒരു കീബോര്ഡ് പ്ലയെർ, ദുബായിൽ നിന്നെത്തിയ രണ്ടു പേർ, പിന്നെ സോളമനും. അങ്ങിനെ നാലുപേർ. എല്ലാവർക്കും ജോലി ഏതെങ്കിലും ഗ്യാസ് സ്റ്റേഷനിൽ തന്നെ. ഒന്നുരണ്ടുപേർ, ഒന്നാന്തരമായി പാചകം ചെയ്യുമായിരുന്ന കാരണം ഭക്ഷണം സുഭിക്ഷം. ഇടയ്ക്കു ചെറിയ തോതിൽ മദ്യപാനം. ഒന്നിടവിട്ടുള്ള ആഴ്ചകളിൽ കറുത്തതും ഇരുനിരക്കാരുമായ രതിദേവതാ ശിൽപ്പങ്ങൾ ഫ്ലാറ്റിൽ വന്നു പോവുമായിരുന്നു. അത് മാത്രം ദുബായിൽ നിന്നു  വന്നവർക്കു നിർബന്ധമായിരുന്നു.

            ബെഞ്ചമിൻ ഫ്രാങ്കിളിന്റെ പടം പതിഞ്ഞ നൂറിന്റെ ഡോളർ ബില്ലു  പോട്ടെ, തോമസ് ജെഫേഴ്സന്റെ പടമുള്ള  ഒരു ഡോളറിനു പോലും രൂപ കണക്കിൽ എന്ത് വിലയാണ്! ചുമ്മാതല്ല; ഗാന്ധിജിക്കു കമ്പോളത്തിൽ വിലയില്ല! ഇത്രയേറെ കാഷ്, അടുത്ത രണ്ടു ജൻമം കഴിഞ്ഞാലും ഇങ്ങനെയല്ലാതെ സോളമന്റെ കൈയ്യിലെത്തുമായിരുന്നില്ല.  കടയടക്കാൻ നേരം ഡോളർ ബില്ലുകൾ  തരം  തിരിച്ചു കെട്ടുകളാക്കുമ്പോൾ, ആദ്യമൊക്കെ സോളമന്റെ  കൈ  വിറക്കുമായിരുന്നു; നെഞ്ചിടിപ്പു  കൂടുമായിരുന്നു. എങ്കിലും, എല്ലാം കൊണ്ടൊരു രാത്രി മുങ്ങണം എന്നൊന്നും അയാൾക്ക്‌ ‌ തോന്നിയില്ല. ആകെ ചെയ്തത്, കടയിലെ ലോട്ടറി യന്ത്രത്തിൽ നടത്തിയിരുന്ന  ഭാഗ്യപരീക്ഷണം മാത്രമായിരുന്നു. ധനനഷ്ടത്തിന്റെ വ്യാപ്തിയും ഭാഗ്യദേവതക്കു തന്നോടുള്ള കരുണയില്ലായ്മയും മനസ്സിലാക്കിയ സോളമൻ,  മൂന്നുനാലു മാസത്തിനകംബുദ്ധിപൂർവം അത്തരം ഭാഗ്യാന്വേഷണ പരീക്ഷണങ്ങളിൽ  നിന്നും സ്വയം പിന്മാറി.

           കിട്ടുന്ന ശമ്പളം കാഷ് ആയതു  കാരണം നികുതി കൊടുക്കണ്ട. സത്യത്തിൽ അത്യാവശ്യം ആഡംബരത്തിനും   കുറെ നാട്ടിലേക്കു അയക്കാനും  ബാക്കി മിച്ചം വെക്കാനും ഒരു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അപ്പന്റെ  മരിപ്പിനോ മോളീടെ കല്യാണത്തിനോ ചെല്ലാൻ കഴിഞ്ഞില്ല. പക്ഷെ കുറെ കാശു അയക്കാൻ പറ്റി. പോയാൽ പിന്നെ തിരിച്ചു വരവുണ്ടാവില്ല. 

         ഒക്കെ പ്പറഞ്ഞു, ഓണസദ്യയും ഒരുമിച്ചുണ്ടാണ് അവർ പിരിഞ്ഞത്. അന്ന് കണ്ടതിൽ പ്പിന്നെ കുറച്ചു കാലം ബന്ധമുണ്ടായിരുന്നു. പിന്നെയെപ്പോഴോ  വിളിക്കാതെയും കാണാതെയുമായി. 

           അഞ്ചു വർഷങ്ങൾക്കു  ശേഷമാണ്അജയന്റെ  വാട്ടസ്ആപ്പിൽ ഒരു പത്രറിപ്പോർട്ടിന്റെ ലിങ്കും അതിനു താഴെ എങ്ങിനെയെങ്കിലും സഹായിക്കാമോ എന്ന ചോദ്യവുമായി ഒരു മെസ്സേജ് വന്നത്. റിപ്പോർട്ട്  വായിച്ചു അജയൻ   ഞെട്ടി. ടെക്സാസ് സംസ്ഥാനത്തൊരിടത്തു  വച്ച്, സോളമൻ ദേശാന്തരാധിവാസപ്പോലീസിന്റെ പിടിയിലായിരിക്കുന്നു, വിവാഹ തട്ടിപ്പിൽ പെട്ട്!

          'ശ്ശെടാ ഇവൻ ഇതിനകം കല്യാണം കഴിച്ചോ? പോരാത്തതിന് അതിന്റെ പേരില്  തട്ടിപ്പും ?' അജയന് വിശ്വസിക്കാനായില്ല. 

           വിളിച്ചു സംസാരിക്കുമ്പോഴേക്കും സോളമൻ  രക്ഷപ്പെടാനാവാത്തവിധം കുടുങ്ങിയിരുന്നു. അതുകൊണ്ടാണ്  വിവാഹത്തെ പറ്റിയൊക്കെ പിന്നീട് പറയാമെന്നും എത്രയും വേഗം പെട്ടുപോയ  കുഴിയിൽ നിന്നു കരകേറാൻ  കഴിയാവുന്ന സഹായം ചെയ്യണമെന്നും അയാൾ ആവശ്യപ്പെട്ടത്. സംഗതികൾ 'രാജ്യത്തു നിന്നും പുറത്താക്കൽ' ഘട്ടത്തിലേക്ക് കടന്നിരുന്നു. ആകെ ചെയ്യാനൊത്തത് ജാമ്യമൊപ്പിക്കുക എന്നതായിരുന്നു.  ഉണ്ടായിരുന്ന ചെറിയ രാഷ്ട്രീയബന്ധങ്ങൾ നല്ല കാര്യത്തിന് വേണ്ടിയല്ലെങ്കിലും ഉപയോഗപ്പെടുത്തി. എന്തോ അങ്ങിനെ ചെയ്യണം എന്ന് അപ്പോൾ അജയനന്നു തോന്നി. വിചാരണക്കെത്തുമ്പോൾ ഒരു ജാമ്യമുണ്ടായത് കാരണം മാത്രമാണ് ജയിലിൽ പോകാതെ 'ബാഗ് ആൻഡ് ബാഗേജ് ' കത്ത് വരുന്നതുവരെ ഫ്ലാറ്റിൽ കഴിയാൻ സാധിച്ചത്. ഇമ്മിഗ്രേഷനിൽ നിന്ന്   കത്ത് വരുമ്പോഴറിയാം, ഏതു എയർ പോർട്ടിൽ നിന്നാവും പോവുകയെന്നും  ബാഗിൽ എന്തൊക്കെയുണ്ടാവാമെന്നും.

          സോളമൻ ഇതുവരെ കാണിച്ച കൗശല ബുദ്ധിയൊക്കെ എവിടെപ്പോയി? അജയൻ ചിന്തിച്ചു. എല്ലാം രഹസ്യമായി വച്ച കാരണമാണ് ഈയൊരവസ്ഥ വന്നു പെട്ടത്. ഇനിയും സ്റ്റേ നീട്ടാൻ പലതും ചെയ്യാൻ കഴിഞ്ഞേക്കും. പക്ഷെ ഫോണിലൂടെ അതു പറയുമ്പോൾ അയാൾ തീരുമാനിച്ചുറച്ചിരുന്നു. ഒന്നും വേണ്ട, പരിക്കുകളില്ലാതെ തിരിച്ചു പോണം. പറ്റിയാൽ അജയൻ ഒന്നവിടം വരെ ചെല്ലണം. കുറച്ചു കാശു കിട്ടിയാൽ നല്ലതു. ഇപ്പോൾ ജോലിയില്ല.

          സ്‌കൂൾ തൊട്ടിതുവരെയുള്ള കാര്യങ്ങളാലോചിച്ചപ്പോൾ  കുറച്ചൊക്കെ സാഹസികനാവാനും  വഴിവിട്ടു കാര്യങ്ങൾ ചെയ്യാനും സോളമന് പ്രത്യേക  താല്പര്യമായിരുന്നു എന്നു  അജയന് തോന്നി. പെട്ടെന്നു ഓർമയിൽ വന്നതു  ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോഴുള്ള ഒരു സംഭവമാണ്.

          ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു. അജയനും സോളമനും ഉച്ചക്ക് ശേഷമുള്ള ഡ്രിൽ പീരീഡിൽ വച്ച്  ഒരു സിനിമ കാണാൻ പദ്ധതിയിട്ടു. ടിക്കറ്റിന് എത്ര  കൊടുക്കണമെന്നോ ബാക്കി ചെലവും ചേർത്ത് എത്ര സംഘടിപ്പിക്കണമെന്നോ രണ്ടുപേർക്കും വല്യ പിടുത്തമുണ്ടായിരുന്നില്ല. സിനിമയ്ക്കു പോകാനുള്ളതൊത്തില്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യാം എന്നായിരുന്നു പരിപാടി.

          വീട്ടിൽ ചോദിച്ചാൽ തല്ലുറപ്പാണ്.  സിനിമയെന്നെങ്ങാനും മിണ്ടിപ്പോയാൽപ്പിന്നെ പറയുകയും വേണ്ട. എന്തായാലും സോളമൻ അതിനൊന്നും പോയില്ല. ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാവാതെ കാര്യങ്ങൾ നടക്കണം. അറിയാം, അപ്പൻ സാധാരണ വീട്ടിൽ വന്നാൽ ഉടുപ്പൂരുംമുമ്പ്  പോക്കറ്റിലുള്ള നോട്ടും ചില്ലറയും മേശപ്പുറത്തു വക്കും. എന്നിട്ടു ഷർട്ടൂരി, ചുമരിൽ അധികം ഉയരെയല്ലാതെ പിടിപ്പിച്ചിട്ടുള്ള തടികൊണ്ടുള്ള കൊളുത്തുകളിലൊന്നിൽ തൂക്കിയിടും. രണ്ടെണ്ണം വീശിവരുന്ന ദിവസം മാത്രം നോട്ടും ചില്ലറയും പോക്കറ്റിൽ നിന്നു പുറത്തെടുക്കാൻ മറന്നു പോവും. 

          ഒരു  ദിവസം രാത്രി എല്ലാവരും ഉറങ്ങിയ ശേഷം, പതിയെ മൂത്രമൊഴിക്കാനെന്ന മട്ടിലെഴു ന്നേറ്റു. പൂച്ചനടത്തം നടന്ന്, ഷർട്ടിലുണ്ടായിരുന്ന നോട്ടുകളും ചില്ലറയും കൈക്കലാക്കി സ്കൂളിൽ കൊണ്ടുപോകുന്ന അലുമിനിയപ്പെട്ടിയിൽ വച്ചു. 

          പിറ്റേന്നു രാത്രി കഴിക്കാൻനേരം അപ്പൻ അമ്മച്ചിയോടു ചോദിച്ചു:

          'എടീ..എന്റെ പോക്കറ്റി കിടന്ന പൈസ കാണാനില്ലല്ലാ!'

          'ഓ..ഞാനെങ്ങും കണ്ടില്ലപ്പാ', വലിയ  കാര്യമാക്കാതെ അവർ കുറച്ചുകൂടി മെഴുക്കു പെരട്ടി പിഞ്ഞാണത്തിലേക്കുമ്പോൾ ചുമ്മാ ചോദിച്ചു:

          'എത്രണ്ടാർന്നു?' 

         'അത് വല്ലോ രണ്ടോ മൂന്നോ  കാണും.', അപ്പന്റെ മറുപടി.

          'ഓ രണ്ടുലവയ്ക്കാണാ..

          അമ്മച്ചി കാര്യം നിസ്സാരമാക്കി തള്ളി.

          സോളമൻ കഞ്ഞിയിലും പപ്പടത്തിലും മെഴുക്കുപുരട്ടിയിലും  പതിവിൽ കവിഞ്ഞ ശ്രദ്ധ കൊടുത്തു. അനിയത്തിക്ക് രൂപയുടെയെന്നല്ല, ഒന്നിന്റെയും വില മനസ്സിലാവാറായിട്ടില്ല. അവൾ അതൊന്നും ശ്രദ്ധിക്കാതെരണ്ടു കൈകൊണ്ടും പിഞ്ഞാണത്തിന്റെ വക്കിൽ പിടിച്ചുയർത്തി കഞ്ഞിവെള്ളവും ബാക്കി വറ്റും കൂടി ചുണ്ടുകൾ വക്കിലമർത്തി ഒരു സീല്കാര ശബ്ദത്തോടെ അകത്താക്കി, എഴുനേറ്റു  നേരേ വാഷ്ബേസിനടുത്തേക്കു നടന്നു.

          'എടി,  എത്രയുണ്ടായിരുന്നു എന്നല്ല..അത് നമ്മളറിയാതെ എവിടെ പോയെന്നാണ്.'

          അപ്പൻ സത്യസന്ധനായിരുന്നു. അപ്പന്റപ്പൻ കേസുകൾക്ക് കള്ള സാക്ഷിപറഞ്ഞാണ് ഇക്കണ്ട  സ്വത്തൊക്കെ ഉണ്ടാക്കിയതെന്ന  നാട്ടുവർത്തമാനം കേട്ടാണ് അപ്പൻ വളർന്നത്.  'സൂക്ഷിക്കാനറിയാത്തവനു സ്വത്തുണ്ടായിട്ടെന്തു കാര്യംഎന്നായിരുന്നു അപ്പാപ്പന്റെ നീതിശാസ്ത്രം. അക്കാരണം കൊണ്ടു  തന്നെ, സ്വത്തു കൈവിട്ടുപോയ,കുറെ കുടുംബങ്ങൾ ശത്രുതയിലുമാണ്. അതിനാൽത്തന്നെ  തന്റെ മക്കൾ സത്യവാന്മാരായിരിക്കണം  എന്നപ്പനു  നിർബന്ധമായിരുന്നു.

          'നീയെടുത്തോടാ?', അപ്പൻ സോളമന്റെ നേരെ തിരിഞ്ഞു ചോദിച്ചു.

         പാത്രത്തിൽ മനഃപൂർവം അനാവശ്യമായ ശ്രദ്ധ കൊടുത്തിരുന്ന സോളമൻ തലയുയർത്താതെ പറഞ്ഞു: 

          'എനിക്കെന്തിനപ്പാ?'

          ഈ സംഭവം നടന്നത്തിന്റെ മൂന്നാംനാൾ  രാത്രിയിൽ  വീട്ടിൽ ചിലതൊക്കെ നടന്നു. 

          അന്നുച്ചക്ക് അജയനും സോളമനും ഒരു സിനിമ കണ്ടു. അവർ ക്ലാസ്സു കട്ട് ചെയ്താണ് പോയത്. ഉച്ചക്ക് ചെന്നപ്പോൾ, കളി ഉച്ചപ്പടമായിരുന്നു. പോയിട്ട് രണ്ടുമണിക്ക് വരാൻ ടിക്കറ്റ് കൊടുക്കുന്നയാൾ പറഞ്ഞു. രണ്ടു മണിക്കു  ക്യൂവിൽ നിന്ന സോളമനെ, ഉച്ചപ്പടം കണ്ടിറങ്ങിയവരിൽ അപ്പന്റെ പ്രായമുള്ളൊരാൾ ശ്രദ്ധിച്ചത് സോളമൻ കണ്ടില്ല. മാറ്റിനിക്കു  ക്യൂവിൽ നിൽക്കുന്നവരുടെ നോട്ടം, വിയർപ്പൊട്ടിയ ഷർട്ടുകളുമായി പുറത്തിറങ്ങിയവരിൽ പരിചയക്കാരുണ്ടോ എന്നും പുറത്തിറങ്ങിയവരിൽ ചിലരുടെ നോട്ടം ക്യൂവിൽ നിൽക്കുന്നവർ ആരെങ്കിലും അവരെ ശ്രദ്ധിക്കുന്നുണ്ടോ എന്നുമായിരുന്നു. അജയനും സോളമനും ഇതൊന്നും ഒരു വിഷയമേയായിരുന്നില്ല. എന്തിന്ഏതു സിനിമയെന്നതുപോലും അവർക്കു കാര്യമായിരുന്നില്ല. കയറിക്കഴിഞ്ഞാണു മനസ്സിലായത്, ഏതോ പഴഞ്ചൻ പടമാണെന്ന്.

         വൈകുന്നേരം ക്ലബ്ബിൽ ചീട്ടുകളിക്കു കൂടിയപ്പോൾ അയാൾ ആ  വിവരം അപ്പനെ അറിയിച്ചു. എന്തൊക്കെയോ കണ്ടുപിടിച്ച മട്ടിലാണ് അന്ന് സോളമന്റപ്പൻ വീട്ടിലെത്തിയത്. അത്താഴം കഴിയും വരെ ഒന്നുമേ മിണ്ടിയില്ല.

          കൈ  കഴുകി അപ്പൻ നേരെ കിടപ്പു മുറിയിലെത്തി സോളമനെ വിളിച്ചു: 

         'ഇവിടെ വാടാ '

         സോളമൻ മുറിയിലെത്തി, കതകുചാരി കുനിഞ്ഞു നിന്നു. മുറിയിൽ ലൈറ്റിട്ടിട്ടില്ല.  നടുമുറിയിൽ നിന്നുള്ള വെളിച്ചത്തിന്റെ  ഇത്തിരി ബാക്കി മാത്രം. അപ്പൻ  കട്ടിലിലി രിക്കുന്നു. ഷർട്ടൂരി ചുമരിൽ തൂക്കിയിട്ടുണ്ട്. 

         'മാറ്റിനി എങ്ങിനേണ്ടാർന്നു ..?'

          ഒന്നും മിണ്ടിയില്ല.  അപ്പന്റെ നോട്ടവും ഭാവവും കണ്ടപ്പോൾ സോളമന്റെ ചങ്കിടിപ്പ് കൂടി.

          'കൂടെണ്ടാരുന്ന വായിനോക്കിയാരെടാ'

          എല്ലാം പൊളിഞ്ഞു എന്ന് തോന്നിയ സോളമൻ പറഞ്ഞു:

         'അജയനാ. എന്റെ ക്ലാസ്സിലാ'

         'അതിനു നിനക്കെവിടെന്നു കിട്ടി, ടിക്കറ്റെടുക്കാൻ പൈസ..'

         'അവൻ വിളിച്ചിതാ. അവൻ തന്നെ ടിക്കറ്റ്  എടുത്തു'

         'അവനെവിടുന്നു പൈസ..?'

          'അറിഞ്ഞൂടാ..

          'അറിഞ്ഞൂടല്ലേ?'

          അപ്പൻ എഴുനേറ്റു. ചുമരോടു  ചേർത്തു വച്ച അലമാരയുടെ പിറകിൽ നിന്ന്, വെട്ടി ത്ത യാറാക്കി വച്ചിരുന്ന പുളിങ്കമ്പെടുത്തു. പെട്ടെന്ന് മുന്നോട്ടു വന്ന്കതകു ചാരിനിന്ന സോളമനെ ഒരു കൈകൊണ്ടു പിടിച്ചു മുറിക്കുള്ളിലേക്കു  വലിച്ചു,. കതക്  അകത്തുനിന്നു ചാരി.

        'സത്യം പറെടാ'

        'സത്യം  പറെടാ  നീയല്ലേ മിനിഞ്ഞാന്നു പോക്കറ്റിന്ന് പൈസ എടുത്തത്?'

         പറഞ്ഞു തീരും മുമ്പേ  തുടയിൽ നാലഞ്ച് തവണ പുളിങ്കമ്പു പതിഞ്ഞിരുന്നു.

        'അപ്പാ  ഞാനല്ല.. ഞാനെടുത്തില്ലാ', അവൻ ഉറക്കെ കരയാൻ തുടങ്ങി

        'നീ സത്യം പറഞ്ഞോ.. അല്ലെങ്കി സത്യം പറയുന്നവരെ ഞാനടിക്കും'

        അപ്പന്റെ ശബ്ദവും മോന്റെ കരച്ചിലും കേട്ടു  സഹിയാതെ, അമ്മച്ചി കതകുതള്ളിത്തുറന്ന്  അകത്തു കയറി.

          'അവനൊന്നും എടുക്കൂല്ല ചുമ്മാതെ അവനെയിങ്ങിനെ അടിക്കാതെ ..

           അവർ സോളമനെ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ടുപോകാൻ തുടങ്ങി.

          'പൊക്കോ ഇവിടുന്നു. നീയാണവനെ വഷളാക്കിയത്. ഇവിടെ നിന്നാ നിനക്കും കിട്ടും'                     ആക്രോശിച്ചു  കൊണ്ട്  അപ്പൻ അമ്മച്ചിയേയും തല്ലാൻ തുടങ്ങി.  

          'ഇങ്ങേർക്ക് പ്രാന്താണ്' എന്നും പറഞ്ഞു കരഞ്ഞുകൊണ്ട്  അവർ പുറത്തേക്കോടിപ്പോയി.  അപ്പൻ പിറകേ  ചെന്നു  കതകടച്ചു കുറ്റിയിട്ടു.

          'നിങ്ങളവനെ കൊല്ലും - രണ്ടുലവക്കു  അവനെ നിങ്ങള് കൊല്ലും. കുടിച്ചേച്ചു വന്നേക്കണത്  അതിനാ

            ശബ്ദത്തോടെ കതകടയുമ്പോൾ  അവർ പുലമ്പുന്നുണ്ടായിരുന്നു.

            ഇടതടവില്ലാത്ത  അടിയും ചോദ്യം ചെയ്യലും രാവിലെ മൂന്നുമണിയോടെ സോളമന്റെ കുറ്റസമ്മതത്തിൽ അവസാനിച്ചു. കുറേനേരം 'അപ്പാ.. അടിക്കല്ലേ ഞാനെടുത്തില്ലാ ' എന്ന് കരഞ്ഞു പറഞ്ഞെങ്കിലും അടിക്കൊരു കുറവുമുണ്ടായില്ല. പിന്നെപിന്നെ ശബ്ദമില്ലാത്ത ഏങ്ങലുകൾ മാത്രമായി. കിട്ടിയ അടി മുഴുവൻ തുടകളിലും കണങ്കാലുകളിലും കറുത്തു  തടിച്ച വരകളായും ചുവന്ന തടിപ്പുകളായും  ചിലതു നീലിച്ചും ബാക്കി നിന്നു. 

          'ഇത് നേരത്തെ സമ്മതിച്ചൂടായിരുന്നോ മോനേഇനി കള്ളം പറയല്ല്. നിനക്കെന്തു വേണോ ചോദിച്ചാലീയപ്പൻ  തരൂല്ലേ?'

            അപ്പൻ ഒന്നു  തണുത്തു. അവനോടു വീണ്ടും പറഞ്ഞു: 

           'പോയിക്കെടന്നുറങ്ങിക്കോ'

            സോളമനതു കേട്ടില്ല. അവൻ  വാതിൽ തുറക്കുമ്പോൾ  അമ്മച്ചി  പുറത്തിരിപ്പുണ്ടായിയിരുന്നു. മോളി അമ്മച്ചിയുടെ മടിയിൽ കിടന്നുറങ്ങുന്നു.

            ഇത്തരം അനുഭവങ്ങൾ, 'അടി ചെയ്യും ഉപകാരം' എന്നപോലുള്ള പഴം ചൊല്ലലുകളുടെ  പിൻബലത്തോടെ സാധൂകരിക്കപ്പെടാറുണ്ട്. അവരൊക്കെ സത്യവാന്മാരും നീതിമാന്മാരുമായി മാറിയ കഥകളാണ് കൂടുതലും. എന്നാൽ സോളമന്റെ കാര്യത്തിൽ, അന്നത്തെ അടി വലിയ  ഫലമൊന്നുമുണ്ടാക്കിയില്ല. അയാൾ  ഏറെക്കുറെ അതേ  വഴിയാണ് പോയത്അറിഞ്ഞോ അറിയാതെയോ.

           വൈകിട്ട്ഡാളസ്സിൽ വിമാനമിറങ്ങി.  പുറത്തു വന്ന് അതേ സോളമൻ  താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോകാൻ ഊബർ ടാക്സി പിടിച്ചു.

             'വാ'

           വലിയ തിരക്കൊന്നുമില്ലാത്തൊരിടത്തെ   പഴയൊരു  ഫ്ലാറ്റ് സമുച്ചയം.  സോളമൻ   

പുറത്തുതന്നെ കാത്ത് നിന്നിരുന്നു.  അജയനെയും കൂട്ടി പിന്നിലായുള്ള  ഒരു കെട്ടിടത്തിനുള്ളിലേക്കു നടന്നു. ഒറ്റമുറിയും അടുക്കളയുമുള്ള ചെറിയൊരിടം. കുറെ പാത്രങ്ങളും പാചകത്തിനായുള്ള അത്യാവശ്യ സാധനങ്ങളും കിടക്കാനുള്ള സോഫയുമൊഴിച്ചാൽ കാര്യമായി മറ്റൊന്നും അവിടെ കണ്ടില്ല. മുറിയുടെ ഒരു മൂലയ്ക്ക് വച്ചിരുന്ന ഉയരമുള്ള മെലിഞ്ഞ വിളക്കിനു താഴെ ഒരു വലിയ പെട്ടിയും പിന്നെയൊരു ചെറിയപെട്ടിയും, ചുറ്റും പാക്ക് ചെയ്യാനായുള്ള കുറെ മുഷിഞ്ഞ തുണികളും. വലിഞ്ഞു കത്തിയിരുന്ന  ബൾബിന്റെ  വിളറിയ മഞ്ഞ വെളിച്ചം ഉള്ളിലെ ഏകാന്തതയെ കൂടുതൽ പെരുപ്പിച്ചു.

           അജയൻ വരുന്നതു  കാരണം ഇന്ത്യൻ റസ്റ്ററന്റിൽ നിന്നും ബിരിയാണി വരുത്തിയിരുന്നു. കൂടെ ഒരു കുപ്പി മദ്യവും. 

             'മാസവാടകക്കാണ്.. ജോലിയും  പോയി.', വിളറിയ ചിരിയോടെ സോളമൻ പറഞ്ഞു.

             'എന്താണ് സോളമാ..ഇങ്ങിനെയൊക്കെ..'

              ഒത്തിരികാര്യങ്ങൾ പറഞ്ഞുനിസംഗതയോടെ. ചെറിയതോതിലെങ്കിലും ഒരു വിഷമം  മുഖത്തോ  പശ്ചാത്താപം വാക്കുകളിലോ ഉണ്ടായിരുന്നില്ലഅയാൾ വെറുതെ സംഭവങ്ങൾ  വിവരിക്കുകയായിരുന്നു, വികാരമില്ലാത്ത വാക്കുകളിൽ:

             'ആലോചിക്കുമ്പം തോന്നുന്നു, ഈ രാജ്യത്തു എന്നെപ്പോലൊരാൾ ഇങ്ങിനെ ചെയ്താൽക്കിട്ടാവുന്ന ഏറ്റവും ചുരുങ്ങിയ ശിക്ഷയേ  എനിക്ക് കിട്ടിയിട്ടുള്ളു. നിന്നോട് വല്യ  നന്ദിയുണ്ട്. വിചാരണ സമയത്തു ജാമ്യമില്ലായിരുന്നെങ്കിൽ ഞാനിപ്പോ  ഇമിഗ്രേഷൻ ജയിലിൽ അഴിക്കുള്ളിലായിരുന്നേനെ!'

            'അതൊക്കെ പോട്ടെ, മനസ്സിലാവാത്തത്..മര്യാദക്ക് ഈ വിവാഹത്തിൽ തുടരമായിരുന്നില്ലേ?',  അജയന്റെ ചോദ്യത്തിനു മറുപടി പെട്ടെന്നായിരുന്നു. 

           'ഇല്ല..കാതറിനെ ഞാൻ ഒരിക്കലും സ്നേഹിച്ചിരുന്നില്ല. അടുത്തതുതന്നെ ഇതിനൊക്കെ വേണ്ടിയായിരുന്നു. മുങ്ങുകയെന്നത് ആദ്യമേയിട്ട പദ്ധതിയായിരുന്നു.'

        ചിക്കാഗോയിൽ ജോലിചെയ്യുമ്പോഴാണ് കാതറീനെ പരിചയപ്പെടുന്നത്. മുഖപുസ്തകത്തിൽ ,സുഹൃത്തിന്റെ സുഹൃത്തായി പരിചയപ്പെതാണ്. ഒരു മഞ്ഞു കാലത്തു രാത്രി ജോലിക്കിടയിൽ. ഇവിടെ ജനിച്ചു വളർന്നവളും ഉദ്യോഗസ്ഥയും ആയിരുന്നു കാതറീൻ. ഏകദേശം ആറുമാസത്തോളം 'ഹൈ,  'ഹൌ ആർ യൂ' എന്നൊക്കെ മാത്രമായിരുന്നു.   എപ്പോഴെന്നറിയില്ല, പരസ്പരം കാര്യങ്ങൾ ചോദിക്കാനും പറയാനും തുടങ്ങിയത്. എന്നാൽസോളമൻ പറഞ്ഞെതെല്ലാം അസത്യങ്ങളും അവൾ പറഞ്ഞതെല്ലാം സത്യവുമായിരുന്നു. അവൾ  വിവാഹമോചിതയാണെന്നു പറയുമ്പോൾ സോളമന്റെ മനസ്സിൽ ഒരു ലഡ്ഡു പൊട്ടിയിരുന്നു.  അതിന്റെ പിന്നിലെ ദുരന്തം പറയാനാണ് ആദ്യമായി അവൾ സോളമനെ  വിളിച്ചത്. ഒരു പിടിവള്ളിയായേക്കും  എന്നുകണ്ടാണ്  അന്നൊരു പ്രണയ നാടകത്തിനു തുടക്കം കുറിച്ചത്. ജോലി നഷ്ട്ടപ്പെട്ടു പ്രതിസന്ധിയിലാണെന്നും എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ ഐ  ടി മേഖലയിലേക്ക് തന്നെ തിരിച്ചുവരണമെന്നുമൊക്കെ വളരെ സമയമെടുത്താണ് സോളമൻ  അവളെ ധരിപ്പിച്ചത്. എന്തിനു പറയുന്നു,. പരിചയമായി ഒരു വർഷം കഴിഞ്ഞവർ വിവാഹിതരായി. അതിനു തൊട്ടു മുൻപായിരുന്നു,  ചിക്കാഗോയിൽ നിന്നു മുങ്ങിയത്; ഒത്തിരി സഹായിച്ച  മുതലാളിയോടു  പോലും പറയാതെ!  

        വിവാഹശേഷമാണ് നിയമാനുസൃതം ജോലിചെയ്യാനുള്ള സർക്കാർ അനുമതി കിട്ടുന്നത്. അതോടെ സോളമന്റെ മോഹച്ചിറകുകൾ പുതിയ ആകാശങ്ങൾ തേടാൻ തുടങ്ങി. ഒരു ദിവസ്സം അയാൾ അവിടെ നിന്നു മുങ്ങി. ഒരാഴ്ച കഴിഞ്ഞു അവളെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്താൻ തുടങ്ങി. പരാതിപ്പെട്ടാൽ അവരുടെ സ്വകാര്യതകൾ ലോകത്തിനു കാട്ടിക്കൊടുക്കും എന്നുവരെ പറയാൻ തുടങ്ങി. അവളുടെ സഹോദരങ്ങൾ ഇമ്മിഗ്രേഷനിലും പോലീസിലും പരാതിപ്പെടു. ഇതിനകം മറ്റൊരു സംസ്ഥാനത്തു ചേക്കേറിയ അയാളെമൂന്നു മാസങ്ങൾക്കു ശേഷം ഒരു ദിവസം ജോലിക്കായി പുറത്തിങ്ങുമ്പോൾ പോലീസ് അറസ്റ്റ് ചെയ്തു.

             ഒരു മൂന്നെണ്ണം കഴിഞ്ഞു നാലാമത്തേത് ബിരിയാണിക്കൊപ്പമാക്കി. പിന്നെ അവർ  പുറത്തേക്കിറങ്ങി. കാർപാർക്കിനരികിലേക്കു നടക്കുമ്പോൾ സോളമൻ ഒരു സിഗരറ്റിനു തീ കൊടുത്തു.

             ചെറിയ തണുപ്പുള്ള കാറ്റ്. തെരുവ് വിളക്കുകളല്ലാതെ ഇരുട്ടിൽ  ദൂരെയായി ചില വെളിച്ച പൊട്ടുകൾ മാത്രം . പുറത്തു, റോഡിൽ വാഹനങ്ങളെയോ  അടുത്തെങ്ങും ആളുകളെയോ കാണുന്നില്ല. വീടിനുള്ളിലേക്കാൾ ഏകാന്തതയും മരവിപ്പും പുറത്തിറങ്ങിയപ്പോൾ തോന്നുന്നു.

          കുറെ നടന്നു. ഇടക്കൊരു ഫോൺ വന്നു, സോളമനാണ്.

           അങ്ങോട്ട് പറയുന്നത് മാത്രം കേൾക്കാം. 

           'ഫ്ലൈറ്റ് റെഡിയായിട്ടില്ലമ്മച്ചി.മടുത്തു..എങ്ങിനെയെങ്കിലും അങ്ങെത്തിയാ മതി..'

           ഒന്ന് നിർത്തി, അവിടുന്ന് കേട്ടതിനു മറുപടിയെന്നോണം പറഞ്ഞു.

           'ങാ..അന്നങ്ങിനെക്കെ പറഞ്ഞു. എന്നും ഒരുപോലെയാവില്ലല്ലോ. ഇത് നമുക്ക് പറ്റിയ സ്ഥലമല്ലന്നേ ..നാട്ടീ വന്നു എന്തേലും നോക്കണം. ഞാനേനാളെയോമറ്റോ വിളിക്കാം'

           ഫോൺ കഴിഞ്ഞു സോളമൻ അജയനോടായി പറഞ്ഞു:

           'അമ്മച്ചിയായിരുന്നു'

          അജയന് ഒരു കാര്യം മനസ്സിലായി അവർക്കു കാര്യങ്ങൾ ഒന്നുമറിയില്ല..

          തിരികെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ സോളമൻ സ്വകാര്യമായി പറഞ്ഞു; ആത്മഗതം പോലെ:

             'വണ്ടി അങ്ങിനെ ഓടുകയായിരുന്നു. ആരോ ചൂണ്ടിക്കാണിച്ച  വഴിയിലൂടെ.. മുന്നോട്ട് . ആക്സിലറേറ്ററിൽ ഇടയ്ക്കിടെ കാലമർത്തിയിരുന്നത്  മാത്രമേ ഓർമയുള്ളു  വശങ്ങളിലേക്ക് നോക്കിയതായോ  ഇടയ്ക്കു ബ്രേക്ക്  ചവുട്ടിയതായോ ഓർക്കുന്നില്ല

             സോളമനെ നോക്കിയൊന്നു മൂളിയതല്ലാതെ അജയൻ ഒന്നും പറഞ്ഞില്ല. 

             ബൈബിളിലെ സോളമൻ ഇസ്രയേലിന്റെ രാജാവായിരുന്നു.ജെ. സോളമനെന്ന 'കിംഗ് സോളമൻ  രാജ്യത്തുനിന്നും  പുറത്താക്കപ്പെടുകയാണ്. ദാവീദിന്റെ മകൻ സോളമൻ ബുദ്ധിക്കപ്പുറം വിവേകശാലിയായിരുന്നു. ജ്ഞാനദാസ്  സോളമന് വിവേകം എന്നോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. വെറും കൗശലങ്ങൾ മാത്രം, മുങ്ങലും പൊങ്ങലും മാത്രം. ഇപ്പോഴെങ്കിലും ഇത്രയെങ്കിലും ഓർത്തത് നന്ന്.  അങ്ങോട്ടെന്തെങ്കിലും സഹതാപത്തോടെ പറഞ്ഞാൽ അയാളൊരുപക്ഷേ നാട്ടിലെ ബ്ലേഡ് കമ്പനികളെ കുറ്റം പറഞ്ഞു തുടങ്ങിയേക്കും. 

           ചെറുചിരിയോടെ അജയൻ പിന്നാലെ നടന്നു.

          അവർ ഫ്ലാറ്റിനുള്ളിൽ കയറി. സോളമൻ  വാതിലടച്ചു.








 .   

3 comments:

  1. സോളമ ചരിതം നന്നായി ആവിഷ്കരിച്ചിരിക്കുന്നു ...!

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

Subscribe