Thursday, June 3, 2021

വിക്ടോറിയ മിസ്സിംഗ്

തോളിൽ തൂക്കി മടിയിൽ കിടത്തിയിരുന്ന തോൽ സഞ്ചിയുടെ വാറ് ശരിക്കു പിടിച്ചിട്ട്, കണ്ണട ഒന്നിളക്കി നേരെയാക്കി, താടിയും തടവിയൊതുക്കി അജയൻ സീറ്റിൽ നിന്നും എണീറ്റു. മുന്നിലുള്ളവരെ ചെറുതായൊന്നു തള്ളി യാത്രക്കാർ വാതിലിനരികിലേക്കു നീങ്ങുന്നു. തൊട്ടുമുന്നിലെയാളിന്റെ തലമുടിയിലെ എണ്ണമയം മുഖത്തൊട്ടാതിരിക്കാൻ തല ഒരുവശത്തേക്കു ചരിച്ചു പിടിച്ചു. ഇറങ്ങാനുള്ള തിരക്കിലും ഞെരുക്കത്തിലും പെട്ട് വഴുതി മെല്ലെ പ്ലാറ്റ് ഫോമിലിറങ്ങി ആൾക്കൂട്ടത്തിനൊപ്പം നടന്നു.

ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ. ഓരോ തീവണ്ടിയും എത്തിക്കഴിഞ്ഞാൽ പ്ലാറ്റ് ഫോമുകളിൽ യാത്രക്കാരുടെ തിരയിളക്കമാണ്, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും. കൂറ്റൻ മേൽക്കൂരയ്ക്കു താഴെ മഞ്ഞയിലും ചുവപ്പിലും കത്തുന്ന ഡിജിറ്റൽ ഡിസ്‌പ്ലേകളിലും ഉയരമുള്ള തൂണുകളിലെ പരസ്യങ്ങളിലും അലസമായി നോട്ടമെറിഞ്ഞ് അയാൾ ധൃതിയിൽ നടന്നു. മുഖ്യപ്ലാറ്റ് ഫോമിലെ ടീ സ്റ്റാളിൽ നിന്ന് ആ നേരത്തു കേൾക്കാറുള്ള ‘വൈഷ്ണവ് ജന് തോ’ കേട്ട്, രാവിലെ പതിവുള്ളപോലെ ചൂടുള്ള ‘പാനി കം കട്ടിങ്’ ചായ ഊതിക്കുടിക്കുമ്പോൾ അന്നും അയാൾ അവരെ കണ്ടു.

കുറച്ചു ദൂരെ മാറി ഒരൊഴിഞ്ഞ ഭാഗത്തുള്ള തൂണിനരികിലേക്ക് അവരിലെ ആ ചെറുപ്പക്കാരൻ ചെറിയ ചക്രങ്ങൾ പിടിപ്പിച്ച പലകയിൽ രണ്ടു കൈയും പങ്കായങ്ങൾ പോലെ തറയിലൂന്നി തുഴഞ്ഞെത്തുന്നു. അപ്പോഴേക്കും വെളുത്ത് മെലിഞ്ഞ് ചെമ്പൻ മുടിയും നീലക്കണ്ണുകളുമുള്ള ആ പെൺകുട്ടി മുഷിഞ്ഞു പിഞ്ഞിയ മുഴുപ്പാവാടയും ബ്ലൗസുമിട്ട് രണ്ടു ഗ്ളാസ്സുകളിൽ ചായയുമായി അയാൾക്കരികിലേക്കു നടക്കുന്നു. പതിനേഴു പതിനെട്ടു വയസ്സുകാണും. അയാൾ കൈയ്യെത്തി ഗ്ലാസ്സുകൾ വാങ്ങി. അവൾ അയാളോടു ചേർന്ന് നിലത്തിരുന്നു.

ചായ അവൾക്കു നേരെനീട്ടുമ്പോൾ അയാളെന്തോ പറയുന്നു.

രണ്ടു കാലുകളും മുട്ടിനു താഴെവച്ചു മുറിച്ചു മാറ്റപ്പെട്ടതാണ്. തറയിലൂന്നി നീങ്ങാൻ സഹായത്തിന് മെലിഞ്ഞ കൈപ്പത്തികളിളിൽ പഴഞ്ചൻ തോലുറ. അനുസരണയില്ലാതെ വളർന്ന താടിയും പാറിച്ചിതറിയ നീണ്ട മുടിയും. അയഞ്ഞ ഷർട്ടിനുള്ളിൽ ശരീരം ഉണ്ടോയെന്നു പോലും സംശയം തോന്നും വിധം അയാൾ മെലിഞ്ഞിരുന്നു. അവളുടെ മുഖമാവട്ടെ ആകെ കരിയും പൊടിയും പിടിച്ച് മങ്ങിയിരുന്നു. അവൾ അയാളെ നോക്കിച്ചിരിച്ചു. വെറുതെ അയാളുടെ കൈത്തണ്ടയിൽ ഒന്നു നുള്ളി സ്നേഹം മടക്കിക്കൊടുത്തു. സുന്ദരിയായിരിക്കുന്നു എന്നോ മറ്റോ ആവും അയാൾ അവളോട് പറഞ്ഞിട്ടുണ്ടാവുക.

അരഗ്ലാസ്സ് ചായ കുടിച്ചു തീരും വരെയുള്ള നേരമ്പോക്കു നിറുത്തി അജയൻ സ്റ്റേഷനു പുറത്തേക്കു നടന്നു. വെയിലായി തുടങ്ങുന്നു. കറുത്ത സൽവാറും മഞ്ഞ കമ്മീസുമിട്ട് തലങ്ങും വിലങ്ങുമോടുന്ന ‘പദ്മിനിമാർ’ നഗരത്തിന്റെ പ്രത്യേകതയാണ്. സ്‌കൂട്ടറുകൾ, ബൈക്കുകൾ, ‘ബെസ്റ്റ് ബസ്സുകൾ’, അവക്കിടയിലൂടെ റോഡുമുറിച്ചു കടക്കുന്ന യാത്രക്കാർ. അടുക്കിയ തട്ടുകളുള്ള ചോറ്റുപാത്രങ്ങൾ ഒറ്റനിരയായി തലയിൽ ചുമന്ന് ധൃതിയിൽ നടന്നു പോവുന്ന ഡബ്ബാവാലകളെ കണ്ടപ്പോൾ, ഉത്സവത്തിനു കൊണ്ടുവരുന്ന കോലങ്ങളിലെ രാവണന്റെ തലയാണ് ഓർമ്മ വന്നത്.

വാഹനങ്ങളുടെ ഇരമ്പത്തിനും നിരന്തരമായ ഹോൺ ശബ്ദത്തിനുമൊപ്പം അടക്കം പറഞ്ഞും ഒച്ചയുണ്ടാക്കിയും നീങ്ങുന്ന ആൾക്കൂട്ടത്തിന്റെ കലപില കൂടിക്കലർന്നു. ഓരോ നഗരത്തിനും അതിൻറേതായ പരിസരശബ്ദങ്ങളുടെ ആവരണമുണ്ട്.

മ്യൂസിയത്തിലെത്തണം. പത്തര മണിക്കാണ് ക്യൂറേറ്ററുമായി അഭിമുഖം.

അജയൻ തിരിഞ്ഞു നോക്കി.

പഴയ വിക്‌ടോറിയ ടെർമിനസ് എന്ന വി ടി സ്റ്റേഷൻ. സാൻഡ് സ്റ്റോണും ലൈം സ്റ്റോണും കൂടിച്ചേർന്ന കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ശിൽപ്പ സമന്വയം. ഏകദേശം ദീർഘചതുരത്തിന്റെ മൂന്നു വശങ്ങൾ പോലെയാണത്. നീളം കൂടിയ നടുഭാഗത്തെ മുഖ്യ കെട്ടിടത്തിന്റെ ഭിത്തിയിൽ ഏറ്റവും മുകളിലായി വെള്ള വട്ടത്തിൽ കറുത്ത സൂചികളുള്ള ഘടികാരം.

ഘടികാരത്തിനു തൊട്ടു താഴെയുള്ള മേലാപ്പിനു കീഴെ വിക്ടോറിയ രാജ്ഞിയുടെ പ്രതിമ നിന്നിരുന്നിടം ഒഴിഞ്ഞു കിടക്കുന്നു. ന്യൂ ഇന്ത്യ ടൈംസിൽ കൗതുക വാർത്തയായാണ് അത് ശ്രദ്ധയിൽ പെട്ടത് . പക്ഷെ ജേർണലിസ്റ്റ് ആയ തനിക്ക് അതിൽ ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിക്കുള്ള സാധ്യതയാണ് പെട്ടെന്ന് തോന്നിയത്. അന്വേഷണകഥ വിജയമെങ്കിൽ കരിയറിൽ അതാവശ്യം വേണ്ടിയിരുന്ന ബ്രേക്ക് ആയേക്കും. അതുകൊണ്ട് ആരോടും പറയാതെയാണ് അവധിയെടുത്ത് അനന്തപുരിയിൽ നിന്നും മുംബൈയ്ക്ക് തിരിച്ചത്.

വെള്ള അരക്കൈയ്യൻ ഷർട്ടും കാക്കി പാന്റും നെറ്റിയിൽ ചുവന്ന വലിയ സിന്ദൂരപ്പൊട്ടും ഗാന്ധിത്തൊപ്പിയുമുള്ള ഡ്രൈവർ അന്നത്തെ ആദ്യയാത്രക്കാരനായ മദ്രാസിക്ക് ടാക്സിയുടെ പിൻവാതിൽ തുറന്നു കൊടുത്തു. ഹൂലസുന്ദരികളും പിങ്ക് നിറമുള്ള ഹൈബിസ്‌ക്കസ് പുഷ്പങ്ങളും നിറഞ്ഞ ഹവായിയൻ ദൃശ്യങ്ങളായിരുന്നു കാറിനുള്ളിൽ. മുന്നിലെ ഡാഷ്ബോഡിനു നടുവിലായി ചെറിയൊരു ഫോട്ടോ. നീണ്ട കാവിക്കുപ്പായത്തിൽ കാട്ടുവഴിയരുകിൽ പാറപ്പുറത്ത് ഷിർദിസായിബാബ വലതുകൈയുയർത്തി കാറിലെ യാത്രക്കാരെ അനുഗ്രഹിക്കുന്നു. പിൻസീറ്റിൽ സവാരിക്കാർക്കു വായിക്കാൻ ‘സാമ്‌ന’ പത്രവും.

ഡ്രൈവറുടെ വശത്തെ തുറന്ന ജനാലയിലൂടെ പുറത്തെ പുകയും പൊടിയും ചൂടും ഉള്ളിലേക്ക് കയറുന്നു.

വേണ്ടത്ര സമയമുണ്ടായിട്ടും മ്യൂസിയം ക്യൂറേറ്ററുമായുള്ള കൂടിക്കാഴ്ച പെട്ടെന്നു തന്നെ അവസാനിച്ചു. പത്രക്കാരനുമായുള്ള അഭിമുഖം സൂക്ഷിച്ചു വേണം എന്നറിയാവുന്ന അയാൾ കരുതലോടെ മറുപടികൾ പറഞ്ഞു. അതുകൊണ്ടു തന്നെ പുതിയതായി ഒന്നും കിട്ടിയുമില്ല. പ്രതിമ മ്യൂസിയത്തിൽ എത്തിയതായി രേഖയില്ലെന്നും മറ്റൊന്നും അറിയില്ലെന്നുമാണ് അയാൾ സമർത്ഥിച്ചത്. എങ്കിലും ഇളക്കി മാറ്റിയ പ്രതിമ മ്യൂസിയം വളപ്പിലുള്ള റാണി ബാഗ് ഗാർഡൻസിലേക്കാണ് തല്ക്കാലത്തേക്ക് മാറ്റിയിരുന്നതെന്നാണ് അനൗദ്യോഗികമായി അയാൾ പറഞ്ഞുവച്ചത്. എൺപതുകൾ വരെ അതവിടെയുണ്ടായിരുന്നു പോലും.

ചൗപ്പാട്ടി ബീച്ചിലൊന്നു പോകണമെന്ന് മുംബൈ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴേ തീരുമാനിച്ചിരുന്നു. ഓരോ യാത്രയ്ക്കു പിന്നിലും മറ്റെന്തെങ്കിലും ആന്തരിക ലക്‌ഷ്യം കൂടി ഉണ്ടാവാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുൻപ് താമസിച്ചു ജോലിചെയ്തിരുന്ന നഗരത്തെ വീണ്ടുമോർക്കുമ്പോൾ ചിലയിടങ്ങൾ ആർക്കും വീണ്ടും കാണാൻ തോന്നും. അവിടെ അസ്തമയം കാണുന്നതിലും പാവ് ഭാജി കഴിക്കുന്നതിലും ഒരോർമ്മ പുതുക്കലിന്റെ പ്രത്യേക സുഖമുണ്ട്. അവധി ദിവസമല്ലാത്തതിനാൽ വലിയ തിരക്കില്ല. അസ്തമയ സൂര്യന്റെ പിൻവെളിച്ചത്തിൽ കടൽക്കാറ്റേറ്റു തിരചവുട്ടുന്നവർ ദൂരെ ഇരുണ്ട രൂപങ്ങളായി അനങ്ങുന്നു. അധികം ബുദ്ധിമുട്ടാതെ തന്നെ പഴയ ബാലാജി പാവ് ഭാജി തെരഞ്ഞു പിടിച്ചു. പഴയൊരു പ്രണയനിഴൽ ഒപ്പമുണ്ടെന്ന വിചാരത്തിൽ അങ്ങോട്ടു നടന്നു.

പൊതുവെ തിരക്കു കുറവാണെങ്കിലും സ്റ്റാളുകൾക്ക് മുന്നിൽ ആൾക്കൂട്ടങ്ങളാണ്. വലിയ വട്ടത്തിലുള്ള ലോഹത്തട്ടുകളിൽ പാവിനു വേണ്ട ഭാജി മസാല കൊതിപ്പിക്കുന്ന മണങ്ങളോടെ തുള്ളിമറിയുന്നു. തട്ടുകളിൽ നിന്നുയരുന്ന ആവിപ്പുകയ്ക്കിടയിലൂടെ പാവും ഭാജിയും ഉള്ളി നുറുക്കിയതും നാരങ്ങാമുറിയും സ്റ്റീൽ പ്ലേറ്റിലെ കള്ളികളിലാക്കി അതാ അവൾ വീണ്ടും! വൃത്തിയുള്ള ചുവന്ന പാവാടയും ബ്ലൗസുമിട്ട് കൈനിറയെ കുപ്പി വളകളിട്ട്, നെറ്റിയിൽ തിളങ്ങുന്ന പൊട്ടും ജിമിക്കി കമ്മലുകളുമിട്ട് തന്റെ നേരെ നടന്നു വരുന്നു. അജയന് അതിശയം തോന്നി. വൈകുന്നേരമായപ്പോഴേക്കും ആളുമാറിയതുപോലെ. പ്ലേറ്റ് മുന്നിലായി തട്ടിൽ വച്ച് ചെറുതായി ചിരിച്ചു. കറുത്ത ചരടിൽ കെട്ടി കഴുത്തിൽ തൂക്കിയ അസാധാരണം എന്നു തോന്നുന്ന ലോക്കറ്റിലെ ഫോട്ടോ അപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്. മന്ത്രത്തകിട് പോലെയായിരുന്നു ലോക്കറ്റ്. അതിനുള്ളിലെ ഫോട്ടോക്ക് ഒറ്റനോട്ടത്തിൽ വിക്ടോറിയ രാജ്ഞിയുടെ മുഖമാണ്. എന്നാൽ അതിലെ നീണ്ട മൂക്കും നേരീയ ചുണ്ടുകളും അവളുടേതുമായി അതിശയകരമാം വിധം സാദൃശ്യമുണ്ട്. ഒരു നിമിഷത്തേക്ക് മൂന്നു മുഖങ്ങൾ സാദൃശ്യങ്ങളുടെ സമവശ ത്രികോണത്തിലെ മൂന്നു ബിന്ദുക്കളായി അയാൾക്കു തോന്നി. എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് അവൾ അകത്തേക്കു തിരിഞ്ഞു നടന്നു.

അന്നത്തെ അന്വേഷണക്കുറിപ്പുകൾ എഴുതിക്കഴിഞ്ഞപ്പോഴേക്കും രാത്രി വൈകിയിരുന്നു. സ്വാതന്ത്ര്യം നേടിയ ജനത അവരെ അടക്കിവാണവരുടെ ആധിപത്യത്തിന്റെ പ്രതീകങ്ങൾ ആവുന്നത്ര എടുത്തുമാറ്റിയതിന്റെ കൂട്ടത്തിലാണ് വിക്ടോറിയ ടെർമിനസ് സ്റ്റേഷനു മുകളിലായി കനോപ്പിക്കു കീഴിൽ ഉണ്ടായിരുന്ന രാജ്ഞിയുടെ പ്രതിമയും അവിടുന്ന് മാറ്റിയത്. അത് ഭാരത സർക്കാരിന്റെ തീരുമാനമായിരുന്നു. അടുത്തുള്ള വിക്ടോറിയ മ്യൂസിയത്തിലേക്ക് മാറ്റാനായിരുന്നു പ്ളാൻ. മാറ്റപ്പെട്ട പല പ്രതിമകൾക്കുമൊപ്പം റാണിയുടെ പ്രതിമയും താൽക്കാലത്തേക്കാണ് മ്യൂസിയം വളപ്പിലുള്ള പൂന്തോട്ടത്തിലേക്കു മാറ്റിയത്.

പതിറ്റാണ്ടുകൾക്കു മുമ്പ് പൊതുഇടത്തിൽ കൊണ്ടിട്ട പ്രതിമയെക്കുറിച്ച് ആധികാരികമായ അന്വേഷണം ശ്രമകരമാണ്. നമ്മുടെ രാജ്യം ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്ഞിയുടെ കാണാതെപോയ പ്രതിമ ഇത്രയും വർഷങ്ങൾക്കു ശേഷം അന്വേഷിച്ചിറങ്ങിയതിൽ പെട്ടെന്നൊരു ജാള്യതയും തോന്നാതിരുന്നില്ല. മാത്രവുമല്ല ആ പെൺകുട്ടിയും അന്നുകണ്ട ലോക്കറ്റും പുതിയൊരു കഥാകൗതുകമായി താനറിയാതെ മനസ്സിൽ വളരാൻ തുടങ്ങിയിട്ടുമുണ്ട്. ഏതായാലും പരീക്ഷണമെന്ന നിലയിലെങ്കിലും പ്രതിമാന്വേഷണവുമായി മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചാണ് അന്ന് കിടന്നത്.

അടുത്ത ദിവസവും രാവിലെ ചായ കുടിക്കുമ്പോൾ ആ പെൺകുട്ടിയെയും ചെറുപ്പക്കാരനെയും അതേ സ്ഥലത്തു വീണ്ടും കണ്ടു. സിനിമയിലെപ്പോലെ പാട്ടുസീൻ അഭിനയിക്കുകയായിരുന്നു അവർ. ഇത്ര രാവിലെ തുടങ്ങിയോ റൊമാൻസ്? മനോഹരമായി താളം ചവുട്ടി ഏതോ പാട്ടുറക്കെ പാടി അവൾ ആ സ്ഥലം മുഴുവൻ ഓടിക്കളിക്കുന്നു. അവളെ പിടിക്കാനെന്നവണ്ണം കൈ നിലത്തൂന്നിത്തുഴഞ്ഞ് അയാൾ വണ്ടിയിൽ പിന്നാലെ വേഗത്തിലോടുന്നു. കുറേ ഓടിച്ചു വട്ടം കറക്കിയശേഷം അവൾ അവന്റെ മേലേക്ക് വീണു. രണ്ടുപേരും കെട്ടിപ്പിടിച്ചു നിലത്തേക്കുരുളുന്നു.

"തെമ്മാടിയാണ്. കാലില്ലെങ്കിലെന്ത്! കൈയ്യിലിരിപ്പ് കണ്ടോ?” അങ്ങോട്ട് തന്നെ നോക്കി നിൽക്കുമ്പോൾ കടക്കാരൻ പറഞ്ഞു.

"തമ്മിൽ തല്ലിനിടയിൽ വണ്ടിക്കടിയിൽ പോയതാണ്."

അവന്റെ കാൽ നഷ്ട്ടപ്പെട്ടതെങ്ങനെയെന്നാണ് അയാൾ പറയുന്നത്.

മനസ്സിൽ ആ പെൺകുട്ടിയായിരുന്നു. എങ്ങിനെയാണ് അവളവിടെ എത്തിപ്പെട്ടത്? എന്ത് ധൈര്യത്തിലാണ് അവൾ ഈ സ്റ്റേഷനിൽ കഴിയുന്നത്?

“പൂജയെന്നാണ് പേര്. രണ്ടു വർഷം മുന്‍പാണ് അതിരാവിലത്തെ ട്രെയിനിൽ അമ്മാവനെന്നു പറഞ്ഞൊരു കെളവൻ അവളെയും കൂട്ടി വണ്ടിയിറങ്ങിയത്. കല്യാൺ ഭാഗത്തൂന്നാണ്. ഇറങ്ങിയതും അവൾ നിലവിളിച്ചോണ്ടൊരോട്ടം. കെളവൻ അന്തം വിട്ടു പിറകെ. ഇപ്പൊ കാലില്ലാത്ത ഈ ഛോട്ടാ ദാദയാണ് അന്ന് അയാളെ അടിച്ചു നിരപ്പാക്കിയത്. അങ്ങനെ, ഉറപ്പിച്ച രഹസ്യക്കച്ചവടം അന്നു നടന്നില്ല. ഞങ്ങൾക്ക് ഇതൊന്നും പുതിയ കാഴ്ചകളല്ല.എന്തായാലും, അന്നു കുനിഞ്ഞുതൂങ്ങി നിന്ന പൂജയല്ല ആളിപ്പോ,” കടക്കാരൻ ചിരിച്ചു, “പിന്നെ അവൾ ഇവിടെത്തന്നെ. സ്വന്തം വീടുപോലെയാണ് ഇവിടമെന്ന് പറയാറുണ്ട്. അതിന് അവൾക്കു ന്യായവുമുണ്ടു കേട്ടോ! അവളുടെ ഏതോ മുതുമുത്തച്ഛനും കൂടി ചേർന്നുണ്ടാക്കിയതാണത്രേ ഈ സ്റ്റേഷൻ. അതെക്കുറിച്ച് കുറെ ചരിത്രവും പുരാണവുമൊക്കെ പറയും. ഞങ്ങളത് വെറുതെ കേട്ട് കളയും. എന്തായാലും ഞങ്ങൾക്ക് സഹായമാണ്. ചില്ലറപ്പണിയൊക്കെ ചെയ്യും… പിന്നെ.. എല്ലാർക്കും അവളെ വല്യ കാര്യവുമാണ്.”

തന്റെ താല്പര്യം കണ്ടാവണം പിന്നൊരു ദിവസം, സ്റ്റേഷനിലെ കടക്കാരൻ തനി തപോരി സ്ലാങ്ങിൽ അവളെക്കുറിച്ചു പറഞ്ഞത്.

കാണാതായ പ്രതിമയെക്കാൾ ദൂരുഹമാണ് കൺമുന്നിലുള്ള പെൺകുട്ടി എന്നു തോന്നി. തലമുറകൾക്കപ്പുറം നടന്നതും എന്നാൽ എഴുതപ്പെടാതെ പോയതുമായ സംഭവങ്ങൾ കേട്ടുകേൾവിയായെങ്കിലും അവളിലുണ്ടാവാം. ചിലപ്പോൾ പറയുന്നതെല്ലാം വിധേയത്വം ഊതിവീർപ്പിച്ച വെറും കഥകളുമാവാം. എന്നെങ്കിലും ഒരവസമുണ്ടാക്കി അവളെ കേൾക്കണം. ഒരുപക്ഷെ താൻ അന്വേഷിക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ തെളിച്ചം ഉണ്ടായേക്കും. ഒരു വഴിത്തിരിവ് തന്നെ യായിക്കൂടെന്നുമില്ല. എന്തായാലും അവളുടെ നിറവും മുടിയും മുഖവും ഒരു കലർപ്പിന്റെ കഥ പിൻപറ്റുന്നുണ്ട്.

“പിന്നെയാരും അന്വേഷിച്ചു വന്നില്ലേ?”

“വന്നു. അന്നു വന്നയാൾതന്നെ പിന്നീടൊരിക്കൽ കുറച്ചുപേരുമായി വീണ്ടും വന്നു. അവളെ കാണാൻ പോലും കരിം ഭായി വിട്ടുകൊടുത്തില്ല. അന്നവൻ ചില്ലറക്കാരനായിരുന്നില്ല. ഛോട്ടാ ദാദാ കാലുകൾ നഷ്ട്ടപ്പെട്ട ശേഷമാണ് കരിം ഭായി ആയത്.”

ഒന്നു നിറുത്തി, രഹസ്യം പറയും പോലെ അയാൾ മുന്നോട്ടാഞ്ഞ് ശബ്ദം താഴ്ത്തിപ്പറഞ്ഞു:

“കേക്കണോ! അവളവനെ കെട്ടാൻ പോകുവാ!”

പരസ്യമായ പ്രേമപ്രകടനങ്ങളിൽ നിന്ന് ചിലതൊക്കെ മനസ്സില്ലായിരുന്നെങ്കിലും അത്രയും പ്രതീക്ഷിച്ചില്ല.

റാണി ബാഗ് ഗാർഡൻസിൽ കറങ്ങിനടന്ന ശേഷം സന്ധ്യക്ക്‌ അവിടുന്ന് മടങ്ങുമ്പോൾ പാതിവഴിക്കുവച്ച് എടുത്തൊഴിച്ചപോലെ മഴ പെയ്യാൻ തുടങ്ങി. രാത്രി ഹോട്ടലിലെത്താനുള്ള ഇടവഴിയിലൂടെ നടക്കുമ്പോൾ റോഡിലാകെ വെള്ളപ്പൊക്കം. തെരുവിലെ വിളക്കുകളെല്ലാം കെട്ടു. മഴ മുംബൈ നഗരത്തിനു ശുദ്ധികലശമാണ്. ഉറഞ്ഞുകൂടിയ ഗന്ധങ്ങൾ ഇളകി പരക്കും. റോഡിൽ വിസർജ്യങ്ങളുടെയും മാലിന്യങ്ങളുടെയും ജലഘോഷയാത്ര. ഒരൂഹം വച്ച് കാലുകൊണ്ട് വെള്ളം വകഞ്ഞു നടന്നു.

മുറിയിലെത്തിയതും കുളിമുറിയിൽ കയറി കാലുകൾ കഴുകി. അന്നു രാത്രി എഴുതിത്തീർത്ത കുറിപ്പുകൾ വായിക്കുന്നതിനിടയിലാണ് പൊടുന്നനെ ടി. വി. യിൽ ആ വാർത്ത വന്നതും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞതും.

ഛത്രപതി ശിവജി ടെർമിനസ് സ്റ്റേഷനിൽ ഭീകരാക്രമണം. മരവിപ്പോടെയാണ് അജയൻ വാർത്തയും ദൃശ്യങ്ങളും കണ്ടിരുന്നത്.

സ്റ്റേഷനിൽ നുഴഞ്ഞു കയറിയ രണ്ടു ഭീകരർ എ കെ 47 തോക്കുകളിൽ നിന്നു വെടിയുതിർക്കുകയാണ്. നിലവിളികൾ. പുകപടലങ്ങളിക്കിടയിലൂടെ നാലു പാടും ഓടുന്ന യാത്രക്കാർ. ചിതറിത്തെറിച്ച ബാഗുകൾ. അവിടവിടെയായി ചോരക്കളങ്ങൾ, ചോരച്ചാലുകൾ. അൻപത്തെട്ടുപേർ മരിച്ചു. നൂറിലേറെ പേർ പരിക്കേറ്റ് ആശുപത്രികളിലായി.

ആ ദൃശ്യങ്ങൾ അന്നത്തെ ഉറക്കം കളഞ്ഞു.

പിറ്റേന്നെണീറ്റ് ആദ്യം ചെയ്തത് യാത്ര നീട്ടിവെയ്ക്കുകയായിരുന്നു. അടുത്ത നാലു ദിവസം ആക്രമണങ്ങളുടെ പരമ്പര തന്നെ. നഗരത്തിന്റെ മുഖം മാറി. അത് മുമ്പ് നേരിട്ടനുഭവിച്ചിട്ടുള്ളതുമാണ്. തൊണ്ണൂറ്റി രണ്ടിലെ ഡിസംബർ കലാപസമയത്തായിരുന്നു ജോലിയന്വേഷിച്ചു അജയൻ മുംബൈയിൽ എത്തിയത്.

ഒരാഴ്ച കഴിഞ്ഞു തിരികെ പോകാനായി സ്റ്റേഷനിൽ എത്തിയപ്പോൾ പുതിയ സുരക്ഷാ ചെക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നു. ആയുധധാരികളായ സൈനികരെക്കൊണ്ട് സ്റ്റേഷനും പരിസരവും യുദ്ധഭൂമിക്കു സമാനമായിരുന്നു. ഉള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സാധാരണ കാണാറുള്ള ബാഗുകൾ അപ്പോൾ കാണാനേയില്ലായിരുന്നു. സ്റ്റേഷൻ, പതിവു കാര്യങ്ങളുടെ സാധാരണത്വം വീണ്ടെടുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു.

ദീർഘദൂര തീവണ്ടികൾ പുറപ്പെടുന്ന പന്ത്രണ്ടാം നമ്പർ പ്ലാറ്റഫോമിലേക്കു നടന്നു. വെറുതെ ചുറ്റും കണ്ണോടിച്ചു നോക്കുമ്പോഴാണ് സാധാരണ കാണുന്നിടത്തല്ലാതെ ആ പെൺകുട്ടിയെ കണ്ടത്. ഒഴിഞ്ഞൊരു ഭാഗത്തു തൂണുംചാരി കാലും നീട്ടി ഒറ്റയ്ക്കിരിക്കുന്നു. കൈയ്യിലുള്ള കല്ലുകൊണ്ട് വെറുതെ നിലത്തു കുത്തിവരച്ച് അതും നോക്കിയിരിക്കുകയാണ്. അവൾക്കരികിലായി വലിയ വൃത്തങ്ങളിൽ ഉണങ്ങിയ ചോരപ്പാടുകൾ. ഫിനോളും ചോരയും കൂടിക്കലർന്ന മണം. അലസമായ ഇരുപ്പും വരയും നോട്ടവും കണ്ടാൽ പരിസരം പാടെ മറന്നുപോയതു പോലെയുണ്ട്.

അജയൻ അങ്ങോട്ടു നടന്നു.

"കൂട്ടുകാരനെവിടെപ്പോയി? കാണുന്നില്ലല്ലോ!"

അവൾ മുഖമുയർത്തിനോക്കി. ആദ്യമായാണ് അവളുടെ മുഖം അത്ര അടുത്ത് കാണുന്നത്. കഴുത്തിലെ ലോക്കറ്റില്ലാത്ത കറുത്ത ചരടും കാതുകളിൽ തിരുകിയ ഈർക്കിൽ തുണ്ടുകളും ആ ഇരുപ്പും കണ്ട് അജയന് സങ്കടവും ദയയും തോന്നി. അയാൾ കുനിഞ്ഞ് കാൽമുട്ടു നിലത്തൂന്നി അവൾക്ക് അഭിമുഖമായി ഇരുന്നു. ഒന്നും മിണ്ടാതെ അവൾ കാലുകൾ മടക്കി മുട്ടിന്മേൽ മുഖം പൂഴ്ത്തിയിരുന്നു.

"രണ്ടു പേരെയും ഒരുമിച്ചു കാണുമായിരുന്നല്ലോ. അതുകൊണ്ടു ചോദിച്ചതാണ്. ദേഷ്യം വേണ്ട, ഞാൻ പൊയ്ക്കൊള്ളാം.”

അങ്ങനെ പറഞ്ഞ് എണീക്കാൻ തുടങ്ങുമ്പോഴാണ് അവൾ മുഖമുയർത്തിയത്. കവിളുകളിൽ കണ്ണീരു നനഞ്ഞു പടർന്നിരുന്നു. രണ്ടും കൈകളും മലർത്തി ആരോടെന്നില്ലാതെ പറഞ്ഞു:

"വോ മർഗയാ"

അത് പറയുമ്പോൾ അവളുടെ മുഖം കൂടുതൽ ഇരുളുകയും ചുണ്ടുകൾ വിറയ്ക്കുകയും സ്വരമിടറുകയും ചെയ്തു. പിന്നെ കാൽമുട്ടുകളിൽ മുഖം ചേർത്ത് ഏങ്ങലടിച്ചു കരയാൻ തുടങ്ങി.

മരിച്ചവരുടെ എണ്ണം അപ്പോൾ അമ്പത്തെട്ടല്ല. അമ്പത്തൊമ്പതാണ്. അതിൽ കൂടുതലുമാവാം. തിരിച്ചറിഞ്ഞ അമ്പത്തെട്ടുപേരുടെ പേരുകൾ ദിവസങ്ങൾക്കു മുൻപ് മാധ്യമങ്ങളിൽ വന്നത് കണ്ടതാണ്. ഓരോരുത്തരുടെയും പേരും അഡ്രസ്സും പറയുകയും എഴുതിക്കാണിക്കുകയും ചെയ്തിരുന്നു.

"ഒരു പക്ഷെ പരിക്കേറ്റ് ആശുപതിയിലാണെങ്കിലോ?"

ആണെങ്കിലും അല്ലെങ്കിലും അപ്പോൾ അങ്ങിനെ പറയാൻ മാത്രമേ അയാൾക്ക്‌ കഴിയുമായിരുന്നുള്ളൂ.

"ഇല്ല, എനിക്കറിയാം. ഞാൻ കണ്ടതാണ്.. നിങ്ങൾ പൊക്കോളൂ," അവൾ മുഖമുയർത്തി ഉറപ്പിച്ചു പറഞ്ഞു.

ശരിയാവും. അല്ല ശരിയാണ്. പാതിദേഹത്തിൽ അവശേഷിച്ച ജീവനും കൊണ്ട് ചക്രങ്ങൾക്കുമേലെ പലകയിൽ പരക്കം പായുന്നതിനിടയിൽ അതു ചിതറിപ്പോയിരിക്കും. ഇനിയും എന്തു പറയാനാണ്? എന്തു സഹായമാണ് ഇപ്പോൾ ചെയ്യാൻ കഴിയുക? അയാൾ വാച്ചു നോക്കി. വണ്ടി വൈകാതെ സ്റ്റേഷൻ വിടും. എന്തെങ്കിലും ചെയ്യാനുള്ള സമയവുമില്ല. ഒന്നും ചോദിക്കണ്ടായിരുന്നു എന്നു മാത്രം ചിന്തിച്ച് മനസ്സില്ലാ മനസ്സോടെ അജയൻ എണീറ്റു. നാട്ടിലേക്കുള്ള ട്രെയിൻ കിടക്കുന്ന പ്ലാറ്റഫോമിലേക്കു നടന്നു. അവൾ വീണ്ടും പഴയപടി ഇരുന്ന്, കല്ലുകൊണ്ട് നിലത്തു കുത്തിവരക്കാൻ തുടങ്ങി.

മുന്നോട്ടു നടക്കുമ്പോൾ, വർഷങ്ങൾക്കു മുൻപ് താനെ സ്റ്റേഷനിൽ അതിരാവിലെ കണ്ട ദൃശ്യം വീണ്ടും ഓർമ്മയിൽ തികട്ടി.

പ്ലാറ്റ്ഫോമിന് പിന്നിൽ മതിലിനോട് ചേർത്ത് വച്ചിരുന്ന കൈവണ്ടി. അതിനുമേലെ വെളുത്ത തുണി മൂടിയ ജഡം. തുണിയിൽ ഉണങ്ങിയതും അല്ലാത്തതുമായ ചോരപ്പാടുകൾ. വണ്ടി തട്ടി മരിച്ച ഏതെങ്കിലുമൊരാളോ അല്ലെങ്കിൽ പാളത്തിനു കുറുകെ കടക്കാൻ ശ്രമിച്ച നാൽക്കാലിയോ ആയിരുന്നിരിക്കണം ആ വിരിപ്പിനുള്ളിൽ. തെറിച്ചു വീണ മനുഷ്യമാംസക്കഷണങ്ങൾ കൂട്ടിയിട്ട് കൈക്കോട്ട് കൊണ്ട് അവ വാരിയെടുക്കുന്നൊരു കാഴ്ച മിന്നായം പോലെ അയാളിലുടെ കടന്നുപോയി.

ആ കുട്ടിയുടെ ഇരുപ്പും കരച്ചിലും നിസ്സഹായതയും അയാളുടെ ഹൃദയത്തിൽ തീക്കൊള്ളികളായി കുത്തുന്നുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾ മുമ്പുവരെ എത്ര സന്തോഷവതിയായിരുന്നു അവൾ. എത്ര പെട്ടെന്നാണ് അവളുടെ ചെറിയ ലോകത്തെ സന്തോഷവും സുരക്ഷിതത്വവും പറിച്ചുമാറ്റപ്പെട്ടത്! ഇനിയെന്താവും അവൾക്കു സംഭവിക്കുക? ഏതെങ്കിലും ഒരു ചെന്നായ ഇതിനകം തന്നെ അവളെ നോട്ടമിട്ടിട്ടുണ്ടാവില്ലേ?

മനസ്സിനെ വഴി തിരിച്ചുവിടാനായി ബ്രീഫ് കേസുതുറന്ന് അതുവരെ എഴുതിക്കൂട്ടിയ കുറിപ്പുകളുടെ ഫയൽ പുറത്തെടുത്തു. വെറുതെ പേജുകൾ മറിച്ചു നോക്കി. തലങ്ങും വിലങ്ങും തിങ്ങിയോടുന്ന പലവക വിചാരങ്ങൾ കാരണം ഒന്നുമങ്ങോട്ടു തലയിൽ കേറുന്നില്ല. ഇന്നോ നാളെയോ ചരിത്രമാലിന്യമായി വിധിയെഴുതപ്പെടാവുന്ന ഒന്നിനെക്കുറിച്ചുള്ള അന്വേഷണവും അതുമൂലം കിട്ടിയേക്കാവുന്ന അംഗീകാരവും! വിലക്ഷണമായ അന്വേഷണത്തിനായി അവധിയുമെടുത്തിറങ്ങി പുറപ്പെട്ടതിൽ വല്ലാത്ത ആത്മനിന്ദ തോന്നി. അധികം താമസിയാതെ താൻ തിരിച്ചുവരും. ഈ യാത്രയിൽ കണ്ട മൂന്നു മുഖങ്ങളെ കോർത്തിണക്കിയ പുതിയ കഥയുമായി മടങ്ങണം.

വണ്ടി ശബ്ദമുണ്ടാക്കാതെ മെല്ലെ നീങ്ങിതുടങ്ങി. പുറത്തു നിന്നും നേരിയ കാറ്റ് ഉള്ളിലേക്ക് കടന്നു. മിനിറ്റുകൾക്കുള്ളിൽ വണ്ടി വേഗത കൂട്ടി.

കൈയ്യിലിരുന്ന ഫയലിൽനിന്നും കടലാസുകൾ അലസമായി പറിച്ചെടുത്ത് ജനലിലൂടെ അയാൾ പുറത്തേക്കെറിഞ്ഞു. ഇരുട്ടിൽ ചിതറി കാറ്റിൽ പാറി നടന്ന് അവ കാഴ്ചയിൽ നിന്നും മറഞ്ഞു.



ഉള്ളിലെ വെളിച്ചത്തിലേയ്ക്കു മുഖം തിരിച്ച് മുന്നിലിരിക്കുന്നവരിൽ കണ്ണ് നട്ടു. പിന്നിലേക്ക് ചാരിയിരുന്ന് ഇരുട്ടിനെ കീറിപ്പായുന്ന വണ്ടിയുടെ താളത്തിലേക്ക് അയാൾ ചെവിയോർത്തു.

2 comments:

  1. നല്ല കഥ ...
    ഇതിൽ ഫോണ്ടുകളുഡി വലിപ്പക്കുറവ് വായന ദുഷ്കരമാക്കുന്നുണ്ട് കേട്ടോ അനിൽലാൽ ..

    ReplyDelete
    Replies
    1. കോപ്പി പേസ്റ്റ് കഴിഞ്ഞു ശ്രദ്ധിച്ചില്ല..ഇപ്പൊ വലുതാക്കിയിട്ടുണ്ട്. വായനക്കും അഭിപ്രായത്തിനും നന്ദി മുരളീ..സ്നേഹം

      Delete

Subscribe