Saturday, September 29, 2018

വേറെയെത്ര അമ്പലങ്ങളുണ്ട് സ്ത്രീകൾക്ക് പോകാൻ...?


വേറെയെത്ര അമ്പലങ്ങളുണ്ട് സ്ത്രീകൾക്ക് പോകാൻ...? അവിടെയൊക്കെ പോയാൽ പോരെ? ശബരിമലയിൽ തന്നെ പോകണമെന്നില്ലല്ലോ? മുൻപൊരിക്കൽ ശബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം വേണമോ എന്ന വിഷയത്തിൽ വിശ്വാസിയായ ഒരു സ്ത്രീ പ്രതികരിച്ചതിങ്ങിനെ.

ഏതായാലും ഈ വിഷയത്തിൽ സുപ്രീം കോടതി വിധി വന്നു. ഏതു പ്രായത്തിലുള്ള സ്ത്രീക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെടെ അഞ്ചു പേരടങ്ങുന്ന ഭരണ ഘടനാ ബഞ്ചിൽ, നാലുപേർ അനുകൂലമായപ്പോൾ എതിർത്തത് ബഞ്ചിലെ ഏക വനിതാ പ്രതിനിധി ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രം. ഈ വിധിക്കു ശേഷം നേരത്തെ അഭിപ്രായം പറഞ്ഞ വിശ്വാസിയിൽ എന്തെങ്കിലും മാറ്റം വരുമോ? അവരെ നിർബന്ധിച്ചു ആരെങ്കിലും ശബരിമലയിൽ പറഞ്ഞയക്കുമോ? ഇല്ല. അതുപോലെ തന്നെ ലക്ഷക്കണക്കിനുള്ള അയ്യപ്പ ഭക്തന്മാരുടെ കാര്യവും. സ്ത്രീയായാലും പുരുഷനായാലും അവരുടെ ഭക്തിയിലോ, ഇത് വരെ തുടർന്ന് വന്ന രീതികളിലോ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല.

പിന്നെ എന്തിനാണീ കോലാഹലം.

അതിനു മുൻപ് വിധിയുടെ സാംഗത്യം പരിശോധിക്കാം. അതിനു ഏറ്റവും നല്ല ആമുഖം ഈ വിധിയെ എതിർത്ത ഇന്ദു മൽഹോത്രയുടെ ന്യായീകരണമാണ്. രാജ്യത്തെ ജനങ്ങളുടെ മതപരമായ വിശ്വാസത്തിൽ കോടതി ഇടപെടുന്നതിൽ പരിധിവേണം എന്നതാണ് അവർ പറഞ്ഞ ന്യായം. വ്യംഗ്യം, ഈ കോടതി വിധി ഇത്തരം പരിധി ലംഘനമാണെന്നും അതിനാൽ താൻ എതിർക്കുന്നുവെന്നുമാണ്. ആദ്യം പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു, എന്നാൽ വ്യംഗ്യമായതോടു യോജിക്കാൻ കഴിയില്ല. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് - മതേതരം എന്നാൽ മതങ്ങളിൽ നിന്നും അകന്നുള്ളത് എന്ന്. അതെ സമയം ഇന്ത്യൻ പൗരന് ഭരണ ഘടന, ആർട്ടിക്കിൾ 25-ഉം 26-ഉം ഉറപ്പാക്കുന്ന മത സ്വാതന്ത്ര്യമുണ്ട്.

Article 25(1) in The Constitution Of India 1949. (1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion.

Article 26: gives every religious group a right to establish and maintain institutions for religious and charitable purposes, manage its affairs, properties as per the law. This guarantee is available to only Citizens of India and not to aliens.

ചുരുക്കത്തിൽ ഇഷ്ട്ടമുള്ള മതം സ്വീകരിക്കാനും, പ്രചരിപ്പിക്കാനുമുള്ള അവകാശം. ഈ വിധി ഈ രണ്ടു ഭരണഘടനാ വിച്ഛേദങ്ങളെ പൂർണമായും ഉൾക്കൊള്ളുണ്ടുകൊണ്ടുള്ളതാണ്. ഇവിടെ പ്രശ്നമാവുന്നത് ആർട്ടിക്കിൾ 14 ആണ്.

Article-14: The state not deny to any person equality before the law or the equal protection of the laws within The territory of India. protection prohibition of discrimination on grounds of religion, race, Caste, sex, or place of birth.

ലിംഗസമത്വം മുമ്പുപറഞ്ഞ മതസ്വാത്രന്ത്ര്യത്തിന്റെ മേഖലയിലേക്കുയർത്തിയതാണ് ഈ വിധിയെ ചരിത്ര പ്രധാനമാക്കുന്നത്.

ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾക്ക് വിധി വരുന്നതുവരെ പ്രവേശനം നിരോധിച്ചിരുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പൻറെ മുന്നിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പോകാൻ പാടില്ല എന്നതാണ് കാരണം. സ്ത്രീയുടെ ആർത്തവകാല അശുദ്ധിയാണ് കാര്യം. രണ്ടാമത് നാല്പത്തൊന്നു ദിവസത്തെ കഠിന വൃതം ഈ പ്രായത്തിലുള്ള സ്ത്രീകൾക്ക് ശാരീരിക കാരണങ്ങളാൽ എടുക്കാൻ സാധ്യമല്ല എന്നതാണ്. ഇത് നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ആചാരമാണ്. എന്തുകൊണ്ട് ഒരു കോടതിയും ഇതുവരെ ഇത്തരം ഒരു വിധി പ്രഖ്യാപിച്ചില്ല. ഇത് വരെ കോടതിയുടെ മുന്നിൽ പരാതി എത്തിയിരുന്നില്ല എന്നതാണ് കാരണം. രാജ്യത്തെ ഒരു പൗരന്റെ പരാതിയിന്മേൽ ഭരണ ഘടന അനുശാസിക്കുന്ന അവകാശവും സ്വാതന്ത്ര്യവും ഉറപ്പു വരുത്തുക എന്നത് സുപ്രീം കോടതിയുടെ അധികാരവും ചുമതലയുമാണ്. അങ്ങിനെയുള്ള പരാതിയിന്മേൽ ഈ വിധിക്കു മുൻപും ഇത്തരം വിധികൾ വന്നിട്ടുണ്ട്. നാസിക്കിലെ മഹാലക്ഷ്മി ക്ഷേത്രം ഉദാഹരണമായി പറയാം. ഇതേ തലത്തിലല്ലെങ്കിലും തമിഴ് നാട്ടിൽ പൊങ്കലിനോടനുബന്ധിച്ചു നടത്തിയിരുന്ന ജെല്ലിക്കെട്ട് എന്ന ആചാരം, മൃഗങ്ങളോടുള്ള ക്രൂരത കണക്കിലെടുത്തു സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്. ശബരിമല കാര്യത്തിൽ ഇത്തരം ഒരു വിധി വന്നത് കൊണ്ട് ഒരു വിശ്വാസിയുടെയും വിശ്വാസ്സം തകരാൻ പോകുന്നില്ല. ഭാവിയിൽ സ്ത്രീകൾക്ക് മാത്രം പങ്കാളിത്തമുള്ള ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കണമെന്ന് പറഞ്ഞു ഒരു പരുഷൻ കോടതിയെ സമീപിച്ചാൽ കോടതി അനുകൂലമായ വിധി പുറപ്പെടുവിക്കും എന്നാണെന്റെ വിശ്വാസ്സം, അവിടെയും ലിംഗ സമത്വം തന്നെ വിഷയമായി വരും.

സ്ത്രീയെ ദൈവമായിക്കാണുന്ന നമ്മുടെ സംസ്കാരം ആരാധനയിൽ സ്ത്രീയെ ജൈവിക കാരണങ്ങൾ പറഞ്ഞു മാറ്റിനിറുത്തുന്നതിലെ വൈരുദ്ധ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിധിന്യായത്തിൽ ആമുഖമായി ചൂണ്ടിക്കാണിക്കുന്നു. വിശ്വാസിക്ക് ചെല്ലാനുള്ളതാണ് ആരാധനാലയം. അവിടെ ആർത്തവ അശുദ്ധി പറഞ്ഞു സ്ത്രീ വിശ്വാസിയെ മാറ്റിനിരുത്തുന്നത് ലിംഗ പരമായ അസമത്വമാണ്. അതാണ് ഈ വിധി മൂലം ഇല്ലാതായത്. ഏറ്റവും ശക്തമായ വിധിയായി മാത്രമേ ഇതിനെ കാണാനാവൂ. ദൈവത്തെ സമീപിക്കുന്നതിൽ ആർത്തവം തടസ്സമാണെങ്കിൽ സൃഷ്ട്ടാവായ ദൈവം അത് സ്ത്രീക്ക് നല്കില്ലല്ലോ. ദൈവം അത് സ്ത്രീക്ക് നൽകിയത് തലമുറകളെ സൃഷ്ടിക്കാനും വളർത്തിയെടുക്കാനും അവൾക്കു മാത്രമുള്ള ശക്തിയായാണ്. സ്ത്രീയെ അംഗീകരിക്കാത്ത ഒരു സംസ്കാരവും പുരോഗമിക്കില്ല കാരണം അടുത്ത തലമുറയെ സൃഷ്ടിക്കുന്നതിലും വാർത്തെടുക്കുന്നതിലും അവർക്കാണ് മുഖ്യപങ്ക്. നാല്പത്തൊന്നു ദിവസത്തെ വൃതമെടുക്കാൻ സ്ത്രീക്ക് കഴിയില്ലെന്നു വിധിക്കുന്നതും പുരുഷൻ തന്നെ. അതവർക്ക് വിട്ടുകൊടുക്കു. അതുപോലെ 'female hygene' എന്നതിനെ കുറിച്ച് ഇന്ന് താഴെത്തട്ടിലെ സ്ത്രീകൾ വരെ ബോധവതികളാണ്. കൂടാതെ ഗവൺമെന്റിനെ ഭാഗത്തുനിന്ന് ബോധവൽക്കരണ പരിപാടികളും ഫലവത്തായി തന്നെ മുന്നോട്ടു പോകുന്നു. ആർത്തവകാലത്തെ നേരിടാൻ ഇന്ന് പുതിയ സങ്കേതങ്ങളുണ്ട്. മൂന്നാം മുണ്ടുമുടുത്തു മൂലയിൽ കുത്തിയിരിക്കേണ്ട കാര്യം ഇന്നില്ല.

വിശ്വാസ്സം നിലനിറുത്തിക്കൊണ്ടു തന്നെ ലിംഗ സമത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഈ വിധിയെ വീണ്ടും വീണ്ടും സ്വാഗതം ചെയ്യുന്നു.

ഇനി ജസ്റ്റിസ് ഇന്ദു മൽഹോത്ര വിധിയെ എതിർത്ത് ചൂണ്ടിക്കാട്ടിയ കാര്യത്തിലേക്ക്. ശെരിയാണ് വിശ്വാസ്സങ്ങളിൽ കോടതി കൈകടത്തുന്നതിൽ പരിധി വേണം. വിശ്വാസിക്ക് അവന്റെ ആചാരങ്ങളും വിശ്വാസങ്ങളും നടത്തിക്കൊണ്ടു പോവാനുള്ള അവകാശവും സ്വാതന്ത്ര്യവും എല്ലാക്കാലത്തും ഉറപ്പുവരുത്തണം. എവിടെയാണ് ഈ പരിധി ലംഘിക്കപ്പെടുക? ഒരു ഉദാഹരണം പറയാം. ഈ വിധിയുടെ ആനുകൂല്യത്തിൽ ഒരു സ്ത്രീ, അവൾക്കൊരു മുപ്പത്തഞ്ചു വയസ്സുകൊടുക്കാം, ശബരിമലയിൽ പോകുന്നു എന്ന് കരുതുക. അവിടെയെത്തി ഒരു 'ബീഫ് പാക്കറ്റ്' നൈവേദ്യമായി കൊടുക്കണം എന്ന് പറഞ്ഞു മുന്നോട്ടുവന്നാൽ അത് വിശ്വാസത്തെ ഹനിക്കുന്നതാണ്. അവിടെ കോടതി ഇടപെട്ടാൽ കാര്യം വേറെ. ഒരിക്കലും അങ്ങിനെയൊരു കാര്യത്തിൽ കോടതി ഇടപെടില്ല, അതിനു ഭരണ ഘടനയിൽ വകുപ്പില്ല. അതെ സമയം, വെള്ളപ്പൊക്ക കാരണം അയ്യപ്പന്റെ ശാപമാണെന്നു വിശ്വസിച്ചു അമേരിക്കയിൽപ്പോലും പൂജ നടത്താനുള്ള വിശ്വാസിയുടെ അവകാശം ഒരു കോടതിയും ചോദ്യം ചെയ്യില്ല.

ശബരിമല വിധിയുടെ വെളിച്ചത്തിൽ നാളെ സ്ത്രീകൾ കൂടുതലായി തീർഥാടനം നടത്താൻ തുടങ്ങിയാൽ, പ്രായോഗിക തലത്തിൽ ചില കരുതലുകൾ അധികമായി വരും, പ്രധാനമായും സുരക്ഷയുടെതു തന്നെ. അത് ഗവൺമെന്റിന്റെയും പോലീസിന്റെയും പിന്നെ പോകുന്ന സ്ത്രീകളുടെയും കാര്യമാണ്. അത് കാലക്രമേണ ശെരിയായിക്കോളും എന്ന് കരുതുന്നു.

ഇത്തരം നിസ്സാര കാര്യങ്ങൾ വലുതാക്കി സമൂഹത്തിൽ 'law and order' പ്രശ്നങ്ങൾ സൃഷിക്കുന്നതു ആരാണെന്നും എന്തിനാണെന്നും ചൂണ്ടിക്കാട്ടി ഇതവസാനിപ്പിക്കാം. നൈഷ്ഠിക ബ്രഹ്മചര്യം പോലുള്ള പല ഹിന്ദുമത നിഷ്‌ഠ കളും ആചാരങ്ങളും ബ്രാഹ്മണ്യത്തിന്റെ സൃഷ്ടിയാണ്. സവർണ ഫാഷിസം സാധാരണക്കാരന്റെ മേൽ അടിച്ചേൽപ്പിച്ച ഇത്തരം ആചാരങ്ങളിൽ തൂങ്ങി, പാരമ്പര്യത്തിന്റെ തുടർച്ചയിൽ അവനെ ബന്ധിച്ചു നിറുത്തേണ്ടത് പുതിയ സവർണ ഫാഷിസ്റ് ശക്തികളായ 'ഹിന്ദുത്വ' പോലുള്ള സംഘടനകളുടെ ഗൂഢതന്ത്രമാണ്. അതിൽ വിവേകമുള്ള മലയാളി വിശ്വാസ്സത്തിന്റെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും വീഴാതിരിക്കട്ടെ. പിന്നോട്ട് നോക്കിയാൽ മൃഗബലിയും ചാരായവും ആരാധനയുടെയും ആചാരത്തിന്റെയും ഭാഗമായിരുന്ന ഹിന്ദു സമൂഹം വളർച്ചയുടെയും ബോധോദയത്തിന്റെയും പല ഘട്ടങ്ങളിൽ അവയൊക്കെ ദുരാചാരങ്ങളാണെന്നു തിരിച്ചറിയുകയും വേണ്ടെന്നു വക്കുകയും ചെയ്തിട്ടുണ്ട്. ആ വഴി തുടരുന്നതാവും ബുദ്ധി.





1 comment:

  1. വിശ്വാസ്സം നിലനിറുത്തിക്കൊണ്ടു തന്നെ ലിംഗ
    സമത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഈ വിധിയെ
    വീണ്ടും വീണ്ടും സ്വാഗതം ചെയ്യുന്നു.

    ReplyDelete

Subscribe