Monday, April 4, 2022
കുടിയിറക്കപ്പെട്ടവൾ
ആളൊഴിഞ്ഞ പട്ടാള പോസ്റ്റുകൾക്കു മുന്നിലൂടെ നിലാവെളിച്ചത്തിൽ ഞങ്ങൾ നടന്നു. വഴിവിളക്കുകൾ പലതും കെട്ടുപോയിരുന്നു. ചിലയിടങ്ങളിൽ കുഴിബോംബുകളില്ലാ എന്ന് മുന്നിൽ നടന്നിരുന്നവർ ഉറപ്പിക്കേണ്ടിയിരുന്നു. തോക്കേന്തിയവരുടെ മുന്നിൽ മുമ്പും നടന്നിട്ടുണ്ട്; ഭീതിയോടെ. ഓരോരുത്തർക്കും രണ്ടു തോക്കുകൾ; ഒന്നിലെ വെടികൊണ്ടാൽ ജീവൻ പോവും മറ്റേതു കൊണ്ടാൽ മാനം പോവും. അന്നങ്ങനെ തോന്നിയില്ല. അവരുടെ കാവലിൽ കനാലിനു കുറുകെ മരംകൊണ്ടുള്ള നീണ്ട നടപ്പാലത്തിലൂടെ നടന്ന് അക്കരെയെത്തി. ബുർക്കയിട്ടാൽ നടക്കാവുന്നതിന്റെ പരമാവധി വേഗത്തിലാണ് ഞങ്ങൾ, സ്ത്രീകൾ നടന്നത്.
ബീൻസ് പാടങ്ങൾക്കും ഉള്ളിത്തോട്ടങ്ങൾക്കും ഇടയിലൂടെ പടർപ്പുകൾ വകഞ്ഞു വഴിയുണ്ടാക്കി. ചീവീടുകളുടെ നിരന്തരമായ ഒച്ചയെ മുറിച്ചെത്തിയ പട്ടാളക്കാരുടെ നിർദേശങ്ങൾ. വല്ലപ്പോഴും ഞങ്ങളെ കടന്നുപോയിരുന്ന കാറ്റായിരുന്നു രാത്രിച്ചൂടിന്റെ ആക്കം കുറച്ചത്. ഇടയ്ക്കിടെ പീരങ്കിയുടെ മുഴക്കവും വെടിയൊച്ചകളും കേൾക്കാമായിരുന്നു. തീഗോളങ്ങൾ ആകാശത്തേക്കുയർന്നു കറുത്ത കട്ടപ്പുകയാവുന്നത് നേർത്ത ഇരുട്ടിൽ ഞങ്ങൾ കണ്ടു. എവിടെയോ താലിബാനും ബാക്കിയായ ഗവൺമെന്റ് സേനയും തമ്മിലുള്ള പോരാട്ടമാണ്. വീടിനു പുറത്തിറങ്ങിയാലും പലപ്പോഴും ഇതേ കാഴ്ചകളായിരുന്നതിനാൽ അങ്ങോട്ട് ആരും അധികം ശ്രദ്ധ കൊടുത്തില്ല. മുനാവിറയെ ഒക്കത്തിരുത്തി മണിക്കൂറുകൾ നീണ്ട നടത്തം! അന്ന് എനിക്കതെങ്ങനെ കഴിഞ്ഞു എന്നോർക്കുമ്പോൾ അത്ഭുതമാണ്.
അർധരാത്രിയോടെ യുദ്ധത്തിൽ തകർന്ന മാർക്കറ്റിന്റെ പൊളിഞ്ഞമുറികളിലൊന്നിൽ ഞങ്ങളുടെ സംഘം എത്തിപ്പെട്ടു. മേൽക്കൂരകൾ തകർന്നു തെറിച്ചുപോയിരുന്നു. തൂണുകളിൽ വെടിയുണ്ടകളേറ്റ പാടുകൾ. ശവഗന്ധങ്ങൾ. ആരോ മാർക്കറ്റിന്റെ പേരുപറഞ്ഞപ്പോൾ, ഇതേ മാർക്കറ്റിലാണ് കൊല്ലപ്പെടും മുമ്പ് അർമാൻ കറുപ്പ് എത്തിച്ചിരുന്നതെന്ന് ഞാനോർത്തു.
പിറ്റേന്നുച്ചയോടെ ഒരു ട്രക്ക് എത്തി. ഞങ്ങളെ എയർപോർട്ടിൽ എത്തിക്കുകയായിരുന്നു ഉദ്ദേശം. രാജ്യം വിടാനുള്ള പേപ്പറുകൾ റെഡി ആണെന്നവർ അറിയിച്ചു. കഴിക്കാതെയും കുടിക്കാതെയുമുള്ള തലേന്നത്തെ യാത്ര കാരണം എല്ലാവരും അവശരായിരുന്നു. ഇനിയും ഒരടി മുന്നോട്ടുവക്കാൻ കഴിയാതെ കാലുകൾ പൊള്ളിയടർന്നു. എങ്കിലും മുന്നോട്ടു നടക്കാതെ നിവർത്തിയില്ല.
വിമാനത്താവളത്തിൽ താലിബാൻ നിയന്ത്രണങ്ങൾ മറികടന്ന്, അവിചാരിതമായുണ്ടായ സ്‌ഫോടനങ്ങൾക്കും വെടിയൊച്ചകൾക്കും ഇടയിലൂടെ, നഗരം വിടാൻ പരക്കം പായുന്നവർക്കൊപ്പം ഞങ്ങൾ വിമാനത്തിന് നേർക്ക് നടന്നു. പട്ടാളക്കാർ ആൾക്കൂട്ടം വകഞ്ഞു മാറ്റിയുണ്ടാക്കിയ വഴിയിലൂടെ പടികൾ കയറി ഉള്ളിൽ കടന്നു.
മുനാവിറ അത്രയും ആളുകളെ ഒരുമിച്ചു കാണുന്നതാദ്യമായിരുന്നു. സീറ്റിൽ ഇരിക്കാതെ യാത്രയിൽ മുഴുവൻ സമയവും അവൾ എന്റെ മടിയിൽ, നെഞ്ചിൽ മുഖം പൂഴ്ത്തിയിരുന്നു. അവളാണ് ഇപ്പോഴിതാ ഈ വേദിയിൽ!
“പ്ളീസ് വെൽക്കം മുനാവറാ ഫ്രം കണക്റ്റികട്ട്!”
അവതാരക അടുത്തയാളെ സ്റ്റേജിലേക്ക് ക്ഷണിക്കുകയാണ്. ഹാൾ ഒന്നിളകി. ശ്രദ്ധിക്കുമ്പോൾ ചിതറിയ നോട്ടങ്ങൾ ഞങ്ങളിരിക്കുന്ന മേശയിലേക്ക് വട്ടം പിടിക്കുന്നു. എനിക്കും ഷാസ്മിനക്കും ഇടയിലിരുന്ന മുനാവിറ പാതിയെണീറ്റു. ആദ്യം ഇടത്തേക്ക് തിരിഞ്ഞ് എന്നെയും പിന്നെ വലതുഭാഗത്തിരുന്ന ഷാസ്മിനയെയും കെട്ടിപ്പിടിച്ചുമ്മ വച്ചു; ഒരേ വാത്സല്യത്തോടെ. ആൾക്കാരുടെ മുന്നിൽ വച്ചല്ലേ, പെട്ടെന്ന് എന്തുചെയ്യണമെന്നെനിക്കറിയില്ലായിരുന്നു! ഷാസ്മിനയാവട്ടെ അവളുടെ ചുമലിൽ തട്ടി അഭിമാനത്തോടെ കണ്ണുകളിൽ നോക്കി.
മുനാവിറ മേശപ്പുറത്തിരുന്ന കറുത്ത ഫ്രെയമുള്ള കണ്ണടയെടുത്തുവച്ചു നിവർന്നു.
ഇങ്ങിനെ ഒരുങ്ങി അവളെ കാണുന്നത് ആദ്യമാണ്. ചാരനിറമുള്ള സൂട്ടിൽ കൂടുതൽ പൊക്കം വച്ചപോലെ. തോൾവരെ നീണ്ട ചെമ്പൻ നിറമുള്ള ചുരുണ്ട തലമുടി നടുവേ പകുത്ത് രണ്ടു വശത്തേക്ക് ചീകിയൊതുക്കിയിരിക്കുന്നു. പുരികങ്ങൾ മറയ്ക്കാത്ത നേർത്ത കണ്ണട. പ്രകാശമുള്ള കണ്ണുകളോടെയും ഉറച്ച കാൽവയ്പ്പുകളോടെയും സദസിനു നേരെ കൈവീശിച്ചിരിച്ചുകൊണ്ട് അവൾ സ്റ്റേജിലേക്ക് നടക്കുന്നു.
ഇത് കാണുമ്പോൾ കുറ്റബോധത്തിന്റെയും നാണക്കേടിന്റെയും കനലുകളാറിത്തുടങ്ങുന്നപോലെ!
നാടിനെ ഒറ്റിക്കൊടുത്തവൾ! രാജ്യദ്രോഹി! കഴിഞ്ഞ കാൽ നൂറ്റാണ്ടോളം ഞാനെന്നെ വിളിച്ചിരുന്നത് ഇങ്ങിനെയായിരുന്നല്ലോ!
പതിനെട്ടു വർഷങ്ങളായുള്ള അഭയാർഥി ജീവിതം! വർഷം 2039 ആയിരിക്കുന്നു.
ഇത്രേം കാലത്തിനിടയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് ആദ്യമാണ്. ഇവിടെ വരാതിരിക്കുന്നതെങ്ങിനെ? അവളെ ആദരിക്കുന്നിടത്തു ഞാനുണ്ടായില്ലെങ്കിൽ പിന്നെ ആരാണുണ്ടാവുക? ഉമ്മയില്ലാത്തിടത്തു വല്യുമ്മ ഉണ്ടാവണ്ടേ? എത്ര ചീത്തപ്പേരുകേട്ടിട്ടും അവളെയും വാരിയെടുത്ത് നാടുവിട്ടത് മറ്റാർക്കും വേണ്ടിയായിരുന്നില്ലല്ലോ!
പത്തൻപതു വട്ടമേശകൾ കാണും. അവയ്ക്ക് ചുറ്റുമായി കാണികൾ. പലനിറത്തിൽ ലേസർ ബീമുകൾ സ്റ്റേജിൽ അവിടവിടെ മിന്നിമറയുന്നു. വേദിയിലെ ബിഗ് സ്ക്രീൻ ടി വി ക്കു മുന്നിൽ അവതാരകക്കൊപ്പം ഒറ്റനിരയായി അവാർഡ് ജേതാക്കൾ. അവാർഡുകൾ സദസ്സിനു നേരെ പിടിച്ച് പല പ്രായത്തിലും വേഷത്തിലും നിറത്തിലുമുള്ളവർ. എട്ടുപേരുണ്ടിപ്പോൾ. ആകെ പത്തുപേരാണെന്നറിയാം. ഇനി രണ്ടുപേർ കൂടി അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞാൽ അവരിലൊരാൾ ‘വിഷൻസ് ഹീറോ ഓഫ് ദി ഇയർ’ ആയി തെരെഞ്ഞെടുക്കപ്പെടും.
ആർക്കും വേണ്ടാതെ അരികുചേർക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്ന കുറേപ്പേർ. അവരിൽ ഏറ്റവും അർഹരായ പത്തുപേരെ ഒരു വർഷം നീണ്ടുനിൽക്കുന്ന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നു. അവരുടെ പ്രവർത്തനങ്ങളെ ആദരിക്കാനും അവരിലൊരാളെ ‘ഹീറോ ഓഫ് ദി ഇയർ’ ആയി പ്രഖ്യാപിക്കാനുമാണ് വിഷൻസ് ചാനൽ ഈ ചടങ്ങു് സംഘടിപ്പിച്ചിരിക്കുന്നത്.
ഒൻപതാമത്തെ വിജയിയായി മുനാവിറ നടന്ന് വേദിക്കരുകിലെത്തിയപ്പോഴാണ്, കൈയ്യിലുണ്ടായിരുന്ന വർണക്കടലാസുപൊതി ഞാൻ പോലും ശ്രദ്ധിച്ചത്. അതെന്താണാവോ?
ഇത്രേം ആൾക്കാരുടെയിടയിൽ ഇങ്ങനെ ഇരിക്കുമ്പോൾ, എത്രശ്രമിച്ചിട്ടും മനസ്സിനെ പിടിച്ചുനിറുത്താനാവുന്നില്ല. ഓർമ്മകളിലൂടെ വഴുതി അത് പലായനത്തിന്റെ നാളുകളിലേക്ക് വീഴുന്നു.
പതിനെട്ടുവർഷങ്ങൾക്കു മുൻപൊരു ദിവസമാണ് അങ്ങനൊരു സംഘം ഗ്രാമത്തിൽ എത്തുന്നത്. കാബൂൾ പിടിച്ചെടുത്തു താലിബാൻ വീണ്ടും അധികാരത്തിലേറിയതിനും അമേരിക്ക അഫ്ഗാനിസ്ഥാൻ വിട്ടുപോയതിനും ശേഷം.
അമേരിക്കൻ സൈന്യത്തെ സഹായിച്ചവരെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമായി രാജ്യം കടത്തുകയായിരുന്നു ഉദ്ദേശം. പറഞ്ഞപോലെ രാത്രി അവരെത്തി. കൂട്ടത്തിൽ പട്ടാളക്കാരുമുണ്ടായിരുന്നു. അധികം ആലോചിച്ചില്ല. നാടെന്ന അപകടത്തിൽ നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടുക. താലിബാൻറെ നോട്ടപ്പുള്ളിയായി ഇനിയും അവിടെ നിൽക്കാനാവില്ല.
അതായിരുന്നല്ലോ എന്റെ അവസ്ഥ.
കൊലക്കു കൊടുക്കാൻ ഇനി ആരും ബാക്കിയില്ലായിരുന്നു വീട്ടിൽ. പോകുന്ന പോക്കിൽ എനിക്കെന്തെങ്കിലും പറ്റിയാലും മുനാവറ രക്ഷപ്പെടണം, ജീവിക്കണം. അല്ലെങ്കിൽ താമസിയാതെ അവളും പിച്ചിച്ചീന്തപ്പെടും,അല്ലെങ്കിൽ വിൽക്കപ്പെടും! പടച്ച തമ്പുരാൻ ഞങ്ങളെ തിരിഞ്ഞുനോക്കാതായിട്ടു നാളുകളേറെയായി. കൈയ്യിൽ കിട്ടിയ ഉടുതുണികൾ, നഷ്ട്ടമായ മക്കളെയോർക്കാൻ സൂക്ഷിച്ച കുട്ടിയുടുപ്പുകൾ, ചോരക്കറപിടിച്ച ഒരു പത്താൻ കോട്ട്, പഴകി നരച്ചൊരു ഫോട്ടോ! ഇത്രയും മാത്രം തോൾബാഗിലാക്കി നാലുവയസുകാരി മുനാവിറയെയും കൂട്ടി ആ രാത്രി വീടുവിട്ടിറങ്ങി; അവർക്കൊപ്പം. ഭർത്താവും രണ്ടാൺകുട്ടികളും മകളും ഉണ്ടായിരുന്ന വീട്ടിൽ നിന്നിറങ്ങുമ്പോൾ കൂടെക്കൂട്ടാൻ ബാക്കി നിന്ന ഒരേയൊരോർമയായിരുന്നു ആ ഫോട്ടോ. വല്ലപ്പോഴും എല്ലാരെയും ഒന്ന് കാണണംന്നു തോന്നിയാലോ?
മുനാവിറ ഒപ്പമെടുക്കാൻ ശ്രദ്ധിച്ചത് അവളുടെ പാവക്കുട്ടിയെ മാത്രമായിരുന്നു. പാവേം കളിപ്പിച്ചു നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയകുട്ടി! അതേ അവൾ തന്നെയായിരുന്നു ഒരിക്കൽ ഞാനും! പക്ഷെ തയ്യലും തന്തൂരിയുണ്ടാക്കലുമായി ജീവിതം കളയാൻ അവളെ ഞാൻ വിടില്ല.
ഞാൻ തലയുയർത്തി സ്റ്റേജിലേക്ക് നോക്കി. ആഹാ! മുനാവിറയെ സദസിനു പരിചയപ്പെടുത്തുന്നത് ഏതോ വല്യ ആളാണ്. ഇയാളെ ടി വിയിലൊക്കെ ഇടയ്ക്കു കാണാറുണ്ട്. പരിചയപ്പെടുത്തലിനു ശേഷം അവളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വീഡിയോ ബിഗ് സ്‌ക്രീനിൽ തെളിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷങ്ങളായി അവളുടെ നേതൃത്വത്തിലുള്ള സംഘടന അഫ്ഗാൻ ഗ്രാമങ്ങളിൽ പെൺകുട്ടികൾക്കായി നടത്തുന്ന സ്കൂളുകൾ, ആപ്പും ടാബ് ലെറ്റും മറ്റു സങ്കേതങ്ങളും വഴി നടത്തുന്ന വിദ്യാഭ്യാസപരിപാടികൾ, ഒക്കെ അതിൽ കാണുന്നുണ്ട് .
ഒരിടത്തു ഞാൻ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൗതുകത്തോടെ അതു നോക്കിയിരിക്കുമ്പോഴായിരുന്നു ആ ചോദ്യം.
“ഇംഗ്ലീഷിൽ കസറുന്നുണ്ടല്ലോ?”
ഷാസ്മിനയാണ്. ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അതുവരേക്കും അലസമായി സ്ക്രീൻ നോക്കിയിരുന്ന ഷാസ്മിന ഞാൻ സ്‌ക്രീനിൽ വന്നപ്പോൾ അങ്ങിനെ പറയാൻ കാരണമുണ്ട്. വർഷങ്ങൾക്കു മുൻപ്, ഞങ്ങളെ താമസിപ്പിച്ചിരുന്ന ക്യാമ്പിൽ വച്ച് ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനെ പറ്റി ഷാസ്മിന സൂചിപ്പിച്ചപ്പോൾ ഞാൻ പറഞ്ഞു.
“പഠിച്ചെടുക്കും. പാഷ്‌തോ തനിയെ വായിച്ചു മനസ്സിലാക്കാമെങ്കിൽ മറ്റൊരു ഭാഷ സഹായത്തോടെ പെട്ടെന്ന് പഠിക്കാം. ഉറപ്പാണ്”
എന്റെ ആത്മവിശ്വാസത്തിൽ അതിശയിച്ചുനിന്ന ഷാസ്മിന ഞാൻ പറഞ്ഞ കഥകേട്ട് അമ്പരന്നുപോയി.
ചെറുതിലേയാണ്. ഒരു രാത്രി വീടിനു തൊട്ടുമുകളിലൂടെ യുദ്ധവിമാനങ്ങൾ ശബ്ദമുണ്ടാക്കി പറന്നു പോയി. പേടിച്ചു വിറച്ച ഞാൻ മുറിയിലെ ചുമരോട് ചേർന്ന അലമാരക്കുള്ളിൽ കയറി ഇരുന്നു. ഇരുട്ടിൽ ഒറ്റയ്ക്കായപ്പോഴുള്ള തെരച്ചിലിലാണ് അക്ഷരമാലയുടെ പഴയൊരു പുസ്തകം കിട്ടുന്നത്. അവസാനം കുടുംബത്തിൽ നിന്നും സ്കൂളിൽ പോയ ആൾ ഉപ്പാപ്പയിരുന്നു. അദ്ദേഹത്തിന്റേതായിരുന്നു അത്. അതിനുശേഷം ഉപ്പയും ഉമ്മയും ഒരുമിച്ച് ഉച്ചയുറക്കങ്ങളിലാവുമ്പോൾ ഞാൻ ആ പുസ്തകത്തിലെ ഓരോ വാക്കും അതിന്റെ ചിത്രത്തോട് ചേർത്തുവച്ചു. അതായിരുന്നു വായനയുടെ തുടക്കം.
എന്നായിരുന്നു ഈ ഷാസ്മിന ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായത്?
എയർ പോർട്ടിൽ നിന്നും ചാർട്ടർ ചെയ്ത ബസ്സുകളിലായിരുന്നു ഞങ്ങൾ ക്യാമ്പിലെത്തിയത്. വിശാലമായ ചോളപ്പാടങ്ങൾക്കു നടുവിലുള്ള പട്ടാളക്യാമ്പിലായിരുന്നു അഭയാർത്ഥി കൾക്കായുയർത്തിയ കൂറ്റൻ ടെന്റുകൾ. നൂറുകണക്കിനാളുകൾ! ബസ്സിൽ നിന്നുമിറങ്ങി ഒറ്റവരിയായി ഞങ്ങൾ ക്യാമ്പിനുള്ളിലേക്ക് കയറി. മേൽനോട്ടത്തിനു പട്ടാളക്കാരുണ്ട്. പല പ്രായത്തിലുള്ള സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും. ചെറിയകുട്ടികളെ ഉമ്മമാർ ഒക്കത്തിരുത്തിയിരിക്കുന്നു. ദീർഘമായ യാത്രയുടെയും ദുർഘടമായ രക്ഷപ്പെടലിന്റെയും ക്ഷീണത്തിലായിരുന്നു എല്ലാവരും. പാറിപ്പറന്ന മുടിയും മുഷിഞ്ഞ വസ്ത്രങ്ങളും. ഉറക്കമില്ലായ്മയും ക്ഷീണവും കാരണം പലരും പാതിമയക്കത്തിലായിരുന്നു .
പഴയൊരു ചുരിദാർ. തോളിൽ തൂങ്ങുന്ന ബാഗ്. ഒക്കത്ത് ഒരു പാവക്കുട്ടിയെയും കയ്യിൽ തൂക്കി മുനാവിറ. ഇങ്ങനെയെന്നെ ക്യൂവിൽ കണ്ടപ്പോൾ ഒന്ന് പരിചയപ്പെട്ടാലോ എന്ന് തോന്നിയത്രേ!
അവളുടെ കുടുംബം കാബൂളിൽ നിന്നും വളരെ മുൻപേ അമേരിക്കയിലെത്തിയിരുന്നു. ജേർണലിസ്റ്റാണ്. ക്യാമ്പിൽ മൊഴിമാറ്റക്കാരിയായി ഏതോ ഏജൻസി വഴി വോളന്റിയർ ചെയ്തതാണ്. അത്യാവശ്യം കൗൺസിലിങ്ങും വശമുണ്ട്. ഈ വർഷമാദ്യം ‘ഹീറോ ഓഫ് ദി ഇയർ’ ആയി മുനാവിറയെ നോമിനേറ്റ് ചെയ്തതു ഷാസ്മിനയാണ്. അവളായിരുന്നു മുനാവിറയുടെ മെന്റർ. അവളുടെ കണ്മുന്നിലാണ് മുനാവിറയെന്ന അഭയാർഥി പെൺകുട്ടി വളർന്നതും പഠിച്ചതും പിന്നീട് മറ്റു പെൺകുട്ടികൾക്ക് തണലായതും.
അന്ന് പരിചയപ്പെട്ട ശേഷം വീണ്ടും കണ്ടു.
അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പുതിയ താമസസ്ഥലം, ജോലി ഒക്കെ ശരിപ്പെടുത്തണം. അതിനു സർക്കാരുമായി ബന്ധപ്പെട്ട കുറെയധികം പേപ്പർ ജോലികളുണ്ട്. അതൊക്കെ ചെയ്തുതീർക്കാൻ ഷാസ്മിന സഹായിക്കും എന്നൊരുറപ്പ് തന്നു. പിന്നെ ഇംഗ്ലീഷ് ക്‌ളാസും, ഡ്രൈവിംഗ് ക്ലാസും.
ഇതൊക്കെയാണെങ്കിലും, എനിക്കാരെയും അത്രപെട്ടെന്ന് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഞങ്ങൾ ഇങ്ങോട്ടു കുടിയേറുന്നതിനു മുമ്പേ ഭയം എന്റെയുള്ളിൽ കുടിയേറിയിരുന്നു. അത് എന്നെ ആരെയും വിശ്വസിക്കാത്ത ഒരുവളാക്കി മാറ്റിയിരുന്നു. രണ്ടുപേരും ഒരേ നാട്ടുകാർ എന്നത് ശരിതന്നെ. പക്ഷെ അതൊന്നും ഒരാളെ അങ്ങ് വിശ്വാസത്തിലെടുക്കാൻ മതിയായ കാരണങ്ങളായിരുന്നില്ല.
നാട്ടുകാരിയാണെങ്കിലും അവരെ സംബന്ധിച്ചിടത്തോളം ഞാൻ നാടിനെ ഒറ്റിക്കൊടുത്തവളാണല്ലോ! അതുകൊണ്ടു ഈ രാജ്യത്തും ഷാസ്സ്മിന ഒരു പാരയായേക്കും എന്ന് തന്നെയായിരുന്നു മനസ്സിൽ.
എന്തോ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കുറേശ്ശെ അടുത്തു. കാര്യങ്ങൾ പരസ്പ്പരം തുറന്നു പറയാൻ തുടങ്ങി.
മുഖം മൂടാതെ, നാലാളു കാണെ ഇരിക്കാൻ ധൈര്യം തന്നത് ഷാസ്‍മിനയായിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഒരാളെപ്പേലെയാണ് പുറം കവചമില്ലാതെ എന്നെക്കണ്ടപ്പോൾ ആദ്യം അവൾക്കു തോന്നിയത്.
മാസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ ഏറ്റവും നല്ല കൂട്ടുകാരായി. പിറന്ന മണ്ണിൽ കാലുറപ്പിക്കാനാവാതെയായതും നാടുവിടേണ്ടിവന്നതും ഒക്കെ അവളോട് പറഞ്ഞാൽ ആശ്വാസമായേക്കും എന്നു തോന്നി
കുടുംബത്തിലെ പതിനേഴു പേരോളം കൊലചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. രണ്ടു കുന്നുകളുടെ താഴ്‌വര മുഴുവൻ ശ്മാശാനമായി. അവിടെ ഗോത്രപ്പെരുമയുളള ഖബറുകളില്ലായിരുന്നു. തലയുടെയും കാലിന്റെയും അടയാളമായി ഒരാളിനു രണ്ടു കല്ലുകൾ. അതിനിടയിൽ രണ്ടായി പിളർക്കപ്പെട്ടതോ ചിതറിത്തെറിച്ചതോ ആയ ഉറ്റവർ.
ഓർക്കാൻ നല്ലൊരു കുട്ടിക്കാലം പോലുമില്ല. ഏഴോ എട്ടോ വയസു കാണും. അന്നൊരു ദിവസം രാവിലെ അറിയുന്നു ഇരുട്ടിന്റെ മറവിൽ ആരൊക്കെയോ ഗോതമ്പു പാടങ്ങൾ തീവച്ചു നശിപ്പിച്ചെന്ന്! ചാരം മൂടിയ പാടങ്ങൾക്ക് മേലെ സോവിയറ്റ് ടാങ്കുകളോടിയതിന്റെ അടയാളങ്ങൾ കണ്ട് ഗ്രാമം ഭ്രാന്തമായി നിലവിളിച്ചു. അടുത്തദിവസങ്ങളിൽ കന്നുകാലികളുടെ മേൽ മെഷീൻ തോക്കുകൾ വെടിയുതിർത്തതറിയുന്നു! ഓർക്കുമ്പോൾ ഇപ്പോഴും ഞാനറിയാതെ ജീർണിച്ച ജഡങ്ങളുടെ ദുർഗന്ധം വീണ്ടും മൂക്കിൽ നിറയുകയാണ്. വലുതായപ്പോൾ മനസ്സിലായി, മുജാഹുദിനെ ഒതുക്കാൻ ഗവൺമെന്റും റഷ്യൻ പട്ടാളവും ഗ്രാമങ്ങളെ നോട്ടമിട്ടതായിരുന്നു എന്ന്. ഗ്രാമീണരെ നഗരങ്ങളിലേക്ക് ഓടിക്കുകയായിരുന്നു ലക്‌ഷ്യമത്രെ.
എങ്ങിനെയാണ് എന്റെ ഗ്രാമത്തിലെ കർഷകർ ഒരേ സമയം കർഷകരും ഒളിപ്പോരാളികളുമായി മാറിയത്? കൃഷിയും ഒളിപ്പോരും ഒരേ സമയം ചെയ്യാൻ അവർ നിർബന്ധിതരായത്? ജീവനെ ചേർത്തുപിടിച്ചുള്ള ഓട്ടം കാരണം അന്ന് ഇതൊന്നും അന്വേഷിക്കാൻ നേരമുണ്ടായില്ല. ഇന്നും ഉത്തരമില്ല. പക്ഷെ അനുഭവത്തിൽ നിന്ന് ഒന്നറിയാം. ഒന്നും അടിച്ചേൽപ്പിക്കരുത്. ഞങ്ങളിങ്ങനെ ജീവിച്ചോളാം എന്നു പറയുമ്പോൾ പുറം നാട്ടുകാർ അതിക്രമിച്ചു കേറി നിങ്ങൾ ഇങ്ങിനെ ജീവിച്ചാൽ മതിയെന്ന് നിർബന്ധം പിടിക്കുന്നതെന്തിന്? പട്ടാളവും ഭരണവും ഒരു കാലത്തും ഞങ്ങളുടെ ജീവിതങ്ങളോട് നീതി പുലർത്തിയില്ല.
പോരാട്ടം മുറുകുന്ന മുറക്ക് ജീവിതം ആടിയുലയാൻ തുടങ്ങി. മൊഹമ്മദ് ഖാലീസിനെ പോലുള്ളവർ ഗ്രാമത്തിലെ സ്ഥിരം സന്ദർശകരായി. മെല്ലെ, നാട്ടിൻപുറത്തിനു വെടിമരുന്നിന്റെ മണം വന്നു. എത്ര രാവുകളാണ് വീട് വിട്ടു മലയിടുക്കിലെ ഗുഹകളിൽ ഭയന്നൊളിച്ചു കഴിച്ചുകൂട്ടിയത്. കുറെ കുടുംബങ്ങൾ ഒരുമിച്ചൊരു ഗുഹയിൽ. വിശന്നും പേടിച്ചും അലമുറയിടുന്ന കുട്ടികൾ! മറക്കാനാവാത്ത ദിവസങ്ങൾ! രാത്രികളിൽ അധികം ദൂരെയല്ലാതെ മോർട്ടാറുകൾ പായിക്കുന്ന ഷെല്ലുകൾ ആകാശത്തു വെള്ളിവരകൾ തീർക്കുന്നത് ഞങ്ങൾ കൗതുകത്തോടെയും അതിലേറെ ഭയത്തോടെയും കണ്ടു. രാത്രി ആകാശത്തുന്നുള്ള ഇരമ്പൽ അടുത്തുവരുന്ന കേട്ട് പുറത്തിറങ്ങി നിൽക്കും. അപരിചിതമായ കൂറ്റൻ പക്ഷികളെ കാണുന്ന പോലായിരുന്നു റഷ്യൻ ഹെലികോപ്റ്ററുകൾ. ചിലപ്പോൾ അവ താണു പറക്കും. അങ്ങിനെ പറക്കുമ്പോഴാവും ഭീകര ശബ്ദത്തിൽ അത് പൊട്ടിത്തെറിക്കുക. പിറ്റേന്ന് പകൽ ഞങ്ങൾ ആ സ്ഥലം അന്വേഷിച്ചു പോവും, തകർന്നു വീണയിടത്തുന്നു വിൽക്കാൻ പറ്റുന്ന എന്തെങ്കിലും തിരഞ്ഞ്.
സോവിയറ്റുകൾ പിൻവാങ്ങിയ ശേഷം കാബൂളിൽ മുജാഹുദ്ദിൻ അധികാരത്തിൽ വന്നു. അതിനൊപ്പം എന്റെ മേലും പുതിയ അധികാരമായി; കല്യാണം കഴിഞ്ഞു. ഉപ്പ മാറി അർമാൻ ഖാൻ അധികാരമേറ്റു. കൊതിച്ച സ്നേഹവും കരുതലും അസ്ഥാനത്തെന്നു മനസ്സിലാക്കിയിട്ടും ജീവിതം മുന്നോട്ടുപോയി. കുട്ടികളുണ്ടായി. സ്നേഹം നിറഞ്ഞല്ല - ഇരുട്ടിൽ മുഖം കാണാതെ, കറുപ്പിന്റെ ഗന്ധം കാരണം വിയർപ്പിന്റെ മണമറിയാതെ. താലിബാൻ അധികാരത്തിൽ വരുമ്പോഴേക്കും മൂന്നു കുട്ടികൾ; രണ്ടാണും ഒരു പെണ്ണും. അപ്പോഴേക്കും അമേരിക്ക താലിബാനെ പുറത്താക്കി കർസായിയെ വാഴിച്ചു കഴിഞ്ഞിരുന്നു.
പെരുന്നാളുദിവസം പള്ളിയിൽ പ്രാർഥിക്കുമ്പോഴുണ്ടായ പൊട്ടിത്തെറിയിലാണ് അർമാൻ കൊല്ലപ്പെട്ടത്. അപ്പോഴാണറിയുന്നത് അയാൾ അമേരിക്കൻ സേനക്ക് വേണ്ടി ‘ഇൻഫോർമർ’ ആയി ജോലി ചെയ്യുകയായിരുന്നുവെന്ന്. ആ വാക്കിന്റെ അർത്ഥം പോലും അന്നെനിക്കറിയില്ലായിരുന്നു. താലിബാനെക്കുറിച്ചുള്ള വിവരം ചോർത്തിക്കൊടുക്കുന്ന പണി തുടങ്ങാൻ അർമാനു കാരണമുണ്ട്.
അവർ അധികാരത്തിലിരിക്കുമ്പോഴാണ് കറുപ്പ് കൃഷി ഉപരോധിച്ചത്. അതായിരുന്നല്ലോ നാട്ടിൽ മിക്കപേരുടെയും തൊഴിൽ. ആ സമയം വല്ലാത്ത വരൾച്ചയുമായിരുന്നു. അതോടെ മിക്ക കുടുംബങ്ങളും പട്ടിണിയായി.
കറുപ്പ് കൃഷി പ്രശ്നത്തിലായതോടെ അയാൾ വീട്ടിലിരുപ്പായി. പുറത്തൊരു ജോലിക്കും പോകാനാവാത്ത അവസ്ഥ. അങ്ങിനെ കറുപ്പിനു തന്നെ അടിമയായി. ആണുങ്ങൾ അങ്ങനെയൊക്കെയായാൽ ഞങ്ങളെന്ത് ചെയ്യും? എല്ലാ ചുമടും എന്റെ തലയിൽ. അയാൾ പകൽ കൂടുതൽ സമയവും ഉറങ്ങിത്തീർത്തു. രാത്രികളിൽ എവിടെയൊക്കെയോ പോയി തോന്നുമ്പോൾ തിരിച്ചുവന്നു. താലിബാൻ കാരണം പട്ടിണിയായ ദേഷ്യത്തിലാണ് അർമാൻ അമേരിക്കൻ സേനയെ സഹായിക്കാൻ തുടങ്ങിയത്. ഇതൊന്നും അയാൾ കൊല്ലപ്പെടും വരെ എനിക്ക് അറിയില്ലായിരുന്നു. അതിനിടെ താലിബാനൊപ്പമുണ്ടായിരുന്നവർ പകരം വീട്ടാനായി എന്റെ മോളെയും കൊന്നു. അതിനുശേഷം അവളുടെ ഭർത്താവും വീട്ടിൽ വരാതെയായി. പേടിച്ചിട്ടോ വീട് ഒട്ടും സുരക്ഷിതമല്ല എന്ന് കരുതീട്ടോ രണ്ട് ആൺമക്കളും വീടുവിട്ടുപോയി.
ജീവിതം തലയും കുത്തി വീണു. ഞാനും മോളും വീട്ടിൽ തനിച്ചായി. ആളുകൾ പരസ്പരം സംശയിക്കാനും പേടിക്കാനും തുടങ്ങി. ആദ്യം കിട്ടിയ ചില്ലറ പണികളെന്തും ചെയ്തു. കഴിഞ്ഞു കൂടണമല്ലോ. ഇടയ്ക്കു അടുത്തുള്ള കുട്ടികളെ എഴുതാനും പഠിപ്പിക്കാനും ശ്രമിച്ചു. പിന്നെ അതും നിറുത്തേണ്ടി വന്നു.
കാറ്റത്തും മഴയത്തും എപ്പോൾ വേണമോ കെട്ടുപോയേക്കാവുന്ന ഒരു കുഞ്ഞു തിരിനാളത്തെ കൈകൾ കൂട്ടി കാക്കേണ്ടതുണ്ടായിരുന്നു.
പിന്നെയെപ്പൊഴോ അയാൾ ചെയ്തപണി തന്നെ ചെയ്യാൻ തുടങ്ങി. പണത്തിനു വേണ്ടി. ജീവിക്കാൻ വേണ്ടി.
ഒരിക്കൽ സംസാരിച്ചിരിക്കുമ്പോൾ നെറ്റിയിലെ ചുളിവുകൾക്കു മേലെ കാറ്റത്തു വീണ ചുരിദാറിന്റെ തലപ്പ് ഷാസ്മിന വലത്തേകൈകൊണ്ടു പിടിച്ചു നേരെയാക്കിയിട്ടു. തലമുടി മുക്കാലും അകാലത്തിൽ നരച്ചുപോയ നാല്പത്തിനാലുകാരിയെ ശരിക്കു കണ്ടത് അന്നാവണം. കറുപ്പുപടർന്നു താണ കണ്ണുകൾ കണ്ട് എന്നെപ്പോലെ അവളും ഞെട്ടിയിരിക്കണം.
വീടിന്റെ, ഉറപ്പില്ലാത്ത മൺചുമരുകൾക്കുള്ളിൽ രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ അവിചാരിതമായി വന്നേക്കാവുന്ന മറ്റൊരു ദുരന്തവും പ്രതീക്ഷിച്ചാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്.
“ആൻഡ് ദി ഹീറോ ഓഫ് ദി ഇയർ ഗോസ് റ്റു…!?...മുനാവിറ ഫ്രം കണക്റ്റികട്ട്”
സദസ്സിലുയരുന്ന ആരവം. കൈയ്യടി. ഞാൻ വേദിയിലേക്ക് നോക്കി.
പത്തുപേരെയും സ്റ്റേജിൽ ആദരിച്ച ശേഷം ഈ വർഷത്തെ ഹീറോയായി മുനാവിറയെ തെരെഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു.
തനിക്കൊരു ചോദ്യമുണ്ട് എന്ന് ഹോസ്റ്റ് അവളോട് പറഞ്ഞു.
“നിങ്ങളുടെ ലോഗോ ഒരു പാഷ്ത്തൂൺ പാവക്കുട്ടിയാണല്ലോ! അതേക്കുറിച്ചു പറയാമോ?”
ആ സമയം ലോഗോയിലെ പഷ്‌തൂൺ പെൺകുട്ടി വലിയ സ്‌ക്രീനിൽ തെളിഞ്ഞു.
“പറയാം. അതുപറയുമ്പോൾ വല്യുമ്മ കൂടെ ഉണ്ടാവണം എന്നുണ്ട്.”
വേദിയിൽ എന്റെ പേര് കേട്ടിട്ടും ഹാളിൽ നിന്നുള്ള പ്രോത്സാഹനം കണ്ടിട്ടും എനിക്ക് എണീക്കാൻ മടിയായിരുന്നു. പിന്നെ ഷാസ്സ്മിന വേദിയിലേക്ക് തള്ളിവിട്ടു. ഞാൻ അങ്ങോട്ട് നടന്നു. മുനാവിറ കൂടെയെടുത്തിരുന്ന പൊതിയഴിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി. ഞാൻ സ്റ്റേജിൽ അവളോട് ചേർന്ന് നിന്നു.
“ഇവിടെ അഭയാർഥിയായി ക്യാമ്പിലെത്തിയ നാളുകളിൽ ഞാൻ ഭയത്തിനു വല്ലാതെ അടിമപ്പെട്ടിരുന്നു. രാത്രി ഉറക്കത്തിൽ എന്തോ കണ്ടു പേടിച്ചപോലെ ഉണർന്നു അലമുറയിടുമായിരുന്നു. ‘അതാ പട്ടാളം’ എന്ന് വിളിച്ചു കിടക്കയിൽ എണീറ്റിരിക്കുമായിരുന്നു. അപ്പോഴൊക്കെ എന്നെ ആശ്വസിപ്പിക്കാനും ഉറക്കാനും വല്യുമ്മ ഉപയോഗിച്ചത് ഈ പാവയെയാണ്,”
ഞാൻ അത്ഭുതപ്പെട്ടുപോയി. എന്റെ പാവ. പിന്നീട് അവൾക്കു കൊടുത്ത തുണിപ്പാവ. സ്‌ക്രീനിൽ കണ്ട ലോഗോ ഇതിന്റെ തനിപ്പകർപ്പുതന്നെ. കൈകൊണ്ട് കട്ടിക്കറുപ്പിൽ പുരികം വരച്ചു വിടർന്ന കണ്ണുകളിൽ കണ്ണെഴുതി കറുത്ത താലമിട്ട പെൺപാവ പൂക്കളുള്ള പാഷ്തൂൺ ചുരിദാർ അണിഞ്ഞിരിക്കുന്നു.
“ഞാൻ അലറിവിളിച്ചെണീക്കുമ്പോൾ എന്റെ കൈകൾ വിടർത്തി ഇവളെ നെഞ്ചത്തേക്കു വച്ചു ചുറ്റിപ്പിടിപ്പിച്ചു എന്റെ വല്യുമ്മ. പിന്നീട് അടുത്തുകിടന്നു കെട്ടിപ്പിടിച്ചു ചേർത്തുകൊണ്ട് ഏതെങ്കിലും നാടോടിപ്പാട്ട് എന്റെ കൈകളിൽ താളമിട്ടു.”
ഇത്രയും കേട്ടപ്പോൾ എനിക്കെന്തൊക്കെയോ പറയണം എന്ന് ശക്തമായി തോന്നാൻ തുടങ്ങി. തടയാനാവാത്ത ഉൾത്തള്ളൽ. ഞാൻ അവളുടെ മൈക്ക് വാങ്ങാൻ തുടങ്ങിയപ്പോൾ അവതാരക മറ്റൊരു മൈക്ക് എനിക്ക് നീട്ടി.
“ഇതു ഞാനുണ്ടാക്കിയതാണ് ! ഞാനുണ്ടാക്കിയ അവസാനത്തെ പാവ. കുട്ടിക്കാലത്തു വെറുതെ സമയം പോകാനായിരുന്നു പാവകൾ ഉണ്ടാക്കാൻ പഠിച്ചത്. എവിടുന്നോ കിട്ടിയ സോവിയറ്റു മാസികയിലെ പ്ലാസ്റ്റിക് പെൺപാവയുടെ പടം കാണിച്ചപ്പോൾ ഉമ്മ വിലക്കി. അത് പാടില്ലത്രേ. കാരണം ചോദിച്ചില്ല. ഉമ്മ എന്നെ തുണികൊണ്ടുള്ള പാവ ഉണ്ടാക്കാൻ പഠിപ്പിച്ചു. എവിടെയായിരുന്നാലും പുറത്തെ ശബ്ദങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ അത് സഹായിച്ചു. പെൺകുട്ടികളുടെ പാവകൾ ഉണ്ടാക്കാൻ ഇഷ്‌ടമായിരുന്നു എനിക്ക്. ഇളം പച്ചയിൽ വെളുത്തപുള്ളികളുള്ള പാവക്കു ചേർന്ന തട്ടം ഇട്ടപ്പോഴും ഉമ്മ തടഞ്ഞു. കറുത്ത തട്ടം മതി. നിറങ്ങൾ ഉള്ള തട്ടമിടുന്നത് വിവാഹം കഴിയാത്ത പെൺകുട്ടികളാണുപോലും. അത് വേണ്ട. അങ്ങിനെ ഇഷ്ടമില്ലാതെയെങ്കിലും ചെറുതിലേ തന്നെ വിവാഹിതകളായ പാവപ്പെണ്ണുങ്ങളെ ഉണ്ടാക്കി. രാത്രികളിൽ ഉറക്കം വരാതെ പാവയെ കെട്ടിപ്പിടിച്ചു കിടന്നു. ദുസ്വപ്നത്തിൽ നിന്നുണർന്നു ഞാനും ‘പട്ടാളക്കാർ’ എന്ന് തന്നെ വിളിച്ചുറക്കെ കരയുമായിരുന്നു”
മുനാവിറ എന്നെ കെട്ടിപ്പിടിച്ചു. കണ്ണുകളിൽ ഇരമ്പിയെത്തിയ സന്തോഷത്തെ തടയാതെ അവൾ പറഞ്ഞു:
“ഇവിടെ സ്‌ക്രീനിൽ കണ്ട പെൺകുട്ടികളുടെ കണ്ണുകളിൽ ഞാൻ ഒരു പ്രകാശം കാണുന്നു. നിങ്ങളും അതു കണ്ടുകാണും. ആ പ്രകാശം എനിക്ക് നൽകിയത് വല്യുമ്മയാണ്. അതു വീണ്ടും പൊലിപ്പിച്ച് അവരിലേക്ക് എത്തിച്ചത് അതാ അവിടിരിക്കുന്ന ഷാസ്മിനയാണ്! ഈ പാവ ഇപ്പോൾ ഒരാശയമാണ് - പ്രതീക്ഷയും സ്വാതന്ത്ര്യവുമാണ്”
സദസ്സിൽ എന്നെ ചേർന്നുനിന്ന് ഷാസ്മിനയുടെ നേർക്കവൾ വിരൽ ചൂണ്ടിയപ്പോൾ സദസ്സ് കൈയ്യടി നിറുത്തി എഴുന്നേറ്റുനിന്നു; ഒപ്പം ഷാസ്സ്മിനയും. ഞാനപ്പോൾ മുന്നിൽ ദൂരെ വലിയ സ്‌ക്രീനിൽ തെളിഞ്ഞ ചിരിക്കുന്ന പിഞ്ചു മുഖങ്ങളുടെ നേർക്ക് നടക്കാൻ തുടങ്ങുകയായിരുന്നു.
0 comments:
Post a Comment