Monday, February 21, 2011

തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - 3 റിയോ ഡി ജനീറോയിൽ ഒരു ഒഴിവുകാലത്ത് - 1


മുൻപ് പറഞ്ഞപോലെ, ബ്രസീൽ ‍ സന്ദർ‍ശിക്കുമ്പോൾ കാണാൻ ‍ പ്ലാൻ  ചെയ്തിരുന്ന ഒരേയൊരു സ്ഥലം റിയോ ആയിരുന്നു. അതിനു കാരണമുണ്ട്.  ബ്രസീലിലെ രണ്ടാമത്തെ വലിയ നഗരം, ഏകദേശം രണ്ടു നൂറ്റാണ്ടുകളോളം, പോർച്ചുഗീസ് കോളനിയായിരുന്ന കാലത്ത് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരം. 2014 -ലെ വേൾഡ് കപ്പ്‌ ഫുട്ബോൾ നടക്കാൻ പോകുന്ന ‍ സ്ഥലം, 2016 -ലെ സമ്മർ ഒളിമ്പിക്സ് അരങ്ങേറുവാൻ ‍ പോവുന്ന സ്ഥലം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട നഗരം. ഇതെക്കാളേറെ എന്റെ പ്രിയപ്പെട്ട കഥാകാരൻ പൌലോ കൊയ്‌ലെയുടെ നാട്. ഒരുപക്ഷെ ഞങ്ങള്‍ ബീച്ചിലൂടെ നടക്കുമ്പോൾ ‍ എതിരെ അദ്ദേഹം നടക്കുന്നുണ്ടാവും എന്നും സാഹിത്യ പ്രേമിയായ എന്റെ ബ്രസീലിയൻ കൂട്ടുകാരൻ പറഞ്ഞു.



സോ പോളോയിൽ ‍ നിന്നും ഏകദേശം 260 മൈലുകൾ ‍ മാറി വടക്ക് കിഴക്കായാണ് റിയോ. എയർ ടിക്കറ്റ്‌ ഇൻറർനെറ്റിൽ നോക്കി ബുക്ക്‌ ചെയ്യാം എന്ന് വിചാരിച്ചാൽ കുഴഞ്ഞു. എല്ലാ വെബ് സൈറ്റുകളും പോർച്ചുഗീസിലാണ്. ഞങ്ങളുടെ സഹപ്രവർത്തകരുടെ സഹകരണം കൊണ്ട് രണ്ടു ടിക്കറ്റ്‌ ലാഭത്തിൽ ഒപ്പിച്ചെടുത്തു. അങ്ങോട്ട്‌ പ്ലയിനിൽ‍, തിരിച്ചു നാട്ടിൻ പുറങ്ങളിലൂടെ ബസ്സിൽ, അതായിരുന്നു പ്ലാൻ‍. സോ പോളോയെക്കാൾ  കുറ്റകൃത്യങ്ങൾ ‍ കൂടുതലുള്ള സ്ഥലമായതിനാൽ ‍ എടുക്കേണ്ടിയിരുന്ന മുൻകരുതലുകൾ ‍ പ്രത്യേകം ഓർത്തിരുന്നു. ടൂറിസ്റ്റുകളായി ചമയാതെ വളരെ സാധാരണ രീതിയിൽ ‍ സഞ്ചരിക്കുക പെരുമാറുക... നമ്മുടെ ഭാഷയില്‍ പറഞ്ഞാൽ "ഷോ ഓഫ്‌ " തീരെ വേണ്ട. അങ്ങനെയെങ്കിൽ ഒരുപക്ഷെ കൂട്ട ആക്രമണത്തിനിരയായേക്കാം. രാവിലെ ഓരോമ്പതു മണിയോടെ ഞങ്ങൾ റിയോയിൽ വിമാനമിറങ്ങി. ഹോട്ടൽ ‍ വഴിയുള്ള ടാക്സി ഡ്രൈവർ കാത്ത്നില്‍പ്പുണ്ടായിരുന്നു. ഞങ്ങൾ റിയോയിലെ ഒരു പ്രധാന ബീച്ചായ കൊപകബാന ബീച്ചിലെ ഹോട്ടലിലേക്ക് യാത്രയായി.



സമുദ്രതീരത്തുള്ള നഗരമാണ് റിയോ. അതുകൊണ്ട് തന്നെ നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ, കോളനിവാഴ്ചയുടെ കഥകൾ ഈ നഗരം ഓർ‍ത്തു വക്കുന്നു. വരുന്ന സഞ്ചാരികളെ അതിന്റെ ശേഷിപ്പുകൾ കാട്ടി ചരിത്രം വീണ്ടും ഓർമിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നു. റിയോ-ക്ക് വടക്ക് കിഴക്കായുള്ള ബഹിയ, സാൽ‍വഡോർ എന്നീ സ്ഥലങ്ങളിലേക്ക് ആഫ്രിക്കൻ അടിമകളെ കൊണ്ടുവന്നിരുന്നതും, സ്വർണവും വിലപിടിപ്പുള്ള കല്ലുകളും മറ്റും അവിടുന്ന് യൂറോപ്പിലേക്കു കൊണ്ടുപോയിരുന്നതും റിയോ തുറമുഖം വഴിയായിരുന്നു. പിൽ‍ക്കാലത്തു എല്ലാ വ്യാപാരവും റിയോ കേന്ദ്ര മായി നടക്കാൻ തുടങ്ങുകയും അത് തലസ്ഥാന നഗരിയാവുകയും ചെയ്തു. അതോടൊപ്പം ആഫ്രിക്കൻ അടിമകളും റിയോയിലേക്ക് പ്രവഹിച്ചു തുടങ്ങി. അങ്ങനെ ആഫ്രിക്കൻ സംസ്കാരം, ആദി അമരിക്കൻ‍, യൂറോപ്പ്യൻ സംസ്കാരങ്ങളുമായി സമന്വയിച്ചാണ് പുതിയ ബ്രസീലിയൻ ‍ സംസ്കാരമായി രൂപപ്പെടുന്നതും, റിയോ ഡി ജെനെറോ  സാംസ്കാരിക തലസ്ഥാനമാവുന്നതും.

ഈ സംസ്കാര  സമന്വയത്തിന്റെ പ്രതീകമായി നിൽക്കുന്ന, രാജ്യം മുഴുവൻ കൊണ്ടാടപ്പെടുന്ന ഉത്സവമായ കാർണിവലിന്റെ തലസ്ഥാനമായി അറിയുന്നതും റിയോ ആണ്. കാർണിവലിന്റെ ഏറ്റവും പ്രധാന ആകർഷണമായ സാംബ മ്യുസിക്കിനും  ഡാൻ‍സിനും ആഫ്രിക്കന്‍ പാരമ്പര്യം തന്നെയാണുള്ളത്. ആദ്യ ദിവസത്തെ ടൂർ ‍ തുടങ്ങുന്നു. ഒരു ചെറിയ മിനി വാൻ ‍ ഹോട്ടലിൽ എത്തി. ഞങ്ങളെ കൂടികൊണ്ടുപോകാൻ വന്ന ടൂര്‍ ഗൈഡ് നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. പിന്നെ വാനിൽ‍ കയറിയപ്പോൾ ‍ മനസ്സിലായി കൂടയൂള്ളല്ലവരെല്ലാം വിദേശികൾ തന്നെയെന്ന്‍. ഇത് വിദേശികൾ‍ക്കായുള്ള ടൂറാണ്‌.





ഹാവൂ..സമാധാനമായി. ഞങ്ങൾ ‍ ആദ്യം പോയത് Estádio do Maracanã എന്നറിയപ്പെടുന്ന തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഫുട് ബോൾ സ്റ്റേഡിയം കാണുവാനാണ്. റിയോ- യിലെ മരാകാന പ്രദേശവുമായി ബന്ധപ്പെട്ടാണ് സ്റ്റേഡിയത്തിന്റെ പേര്. 1950 -ലെ FIFA വേൾഡ് കപ്പിന് വേണ്ടി 1948 -ൽ ‍ ഈ സ്റ്റേഡിയത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ ഫുട്ബോൾ ‍ പ്രേമികളായ  ബ്രസീൽ ‍ 1950 -ലെ FIFA വേൾഡ് കപ്പിൽ ‍ 2 - 1 നു ഉറുഗ്വയുമായി പരാജയപ്പെട്ടതും  പറയാതെ വയ്യ. അന്ന് ഏകദേശം
200 ,000 -ഓളം ഫുട്ബോൾ ‍ പ്രേമികൾ ഈ സ്റ്റേഡിയത്തിൽ ‍ കാണികാളായി ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിന്റെ കപ്പാസിറ്റി 80 ,000 ആയി കുറക്കപ്പെട്ടു. അവിടെ ചെന്നശേഷമാണ് സ്റ്റേഡിയത്തിനുള്ളിൽ ‍ ഇപ്പോൾ ‍ പ്രവേശനം ഇല്ലാ എന്നത് അറിയുന്നത്. ഞങ്ങൾ ‍ പുറത്തു നിന്ന് കുറച്ചു ഫോട്ടോകൾ ‍ എടുത്തു. സ്റ്റേഡിയം ഇപ്പോൾ ‍ പുനർ നിർമാണത്തിലാണ് ,
2014 -ലെ FIFA വേൾ ഡ് കപ്പിനായും 2016 -ലെ സമ്മർ ‍ ഒളിമ്പിക്‌സിനായും.  നിർമാണ പ്രവർത്തനങ്ങൾക്കു ശേഷം ഏകദേശം 85 ,000 കാണികൾക്ക് ഇരിക്കാൻ സൗകര്യം ഉണ്ടാവും.







പിന്നെ ഞങ്ങൾ പോയത് തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നായ ഷുഗർലോഫ് പർവതത്തിലെക്കാണ്.  അ തിന്റെ മനോഹാരിതയെപ്പറ്റിയും അവിടുത്തെ കേബിൾ ‍ കാർ ‍ സംവിധാനത്തെയും പറ്റി നേരത്തെ കേട്ടിരുന്നു. ഇന്ന് റിയോയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലം. ഷുഗർ‍ലോഫ് പർ‍വതം, അതലാന്റിക് സമുദ്രത്തിൽ ‍നിന്നു ഉയർന്നു വന്നപോലെ, ഒരു ബ്രഡ്ലോഫിന്റെ ആ- കൃതിയിൽ ‍ നില കൊള്ളുന്നു. ബ്രെഡ്‌ലോഫിന്റെ രൂപമാണെങ്കിലും ഷുഗർ‍ലോഫ് എന്ന് പേര് വരാൻ കാരണം ഉണ്ട്. അന്ന്  സ്വർണ 
ഖനനത്തെക്കാൾ റിയോ - പേര് കേട്ടിരുന്നത് പഞ്ചസാര ഉൽപ്പാദനത്തിനാണ്. പഞ്ചസാര കയറ്റി അയച്ചിരുന്നതാകട്ടെ റൊട്ടിയുടെ ആകൃതിയിലുള്ള കഷണങ്ങളായും. അങ്ങിനെയാണ്  ഈ പേര് വീണത്‌. ചരിത്രം പരിശോധിച്ചാൽ ‍ ഈ പർവതത്തിനു പല പല പേരുകൾ മാറി മാറി വന്നു ചേർ‍ന്നിട്ടുണ്ടെന്നു കാണാം. എന്നാൽ ‍ പതിനേഴാം നൂറ്റാണ്ടോടുകൂടി ആധിപത്യമുറപ്പിച്ച പോർ‍ച്ചുഗീസുകാർ ‍ ഇട്ട പേരാണ് ഇന്നറിയപ്പെടുന്ന ഷുഗര്‍ലോഫ് എന്നത്. കപ്പൽ ‍ യാത്രക്കാരുടെ വഴികാട്ടി കൂടിയായിരുന്നു ഈപർവതം.







1912 -ഓടു കൂടിയാണ് ഷുഗർ‍ലോഫ് പർവതത്തിലേക്ക് ഒരു കേബിൾ ‍ കാർ
സർ‍വീസ് തുടങ്ങുന്നത്. ഇറ്റാലിയൻ കമ്പനി ആണ് ഈ കേബിൾ കാർ  സംവിധാനം ഇവിടെ നടപ്പാക്കിയത്. ഏകദേശം നാല് മണിക്കൂർ ‍ യാത്രക്കും മറ്റു കാഴ്ചകൾ‍ക്കുമായി കരുതണം. എൺപതോളം ആളുകൾ‍ക്ക് കയറാവുന്ന തരത്തിൽ ഗ്ലാസ്സ് കൊണ്ട് നിർമിച്ചതാണ് കേബിൾ കാർ‍. ഈ പർ‍വതത്തിലേക്ക് കയറാനായി ഒരു കേബിളും ഇറങ്ങാനായി അതിനു സമാന്തരമായി മറ്റൊരു കേബിളും. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്ര രണ്ടു ഘട്ടങ്ങളിലായാണ്. താഴെ നിന്നും മുകളിലേക്ക് പോകുന്ന കാർ കണ്ട് എനിക്ക് ചെറിയ പേടിയായി. കാരണം ഉയരത്തിലുള്ള സ്ഥലങ്ങൾ എനിക്കൊരു പ്രശ്നമാണ്. എന്റെ കൂട്ടുകാരനോടും ഗൈഡിനോടും പറഞ്ഞത് ചിലപ്പോൾ ‍ ഞാൻ കാർ സവാരി ഒഴിവാക്കിയേക്കും എന്നാണ്. കയറിയാൽ ഗ്ലാസ്‌ ജനലിനടുത്തു നിൽ‍ക്കണ്ട, മധ്യ ഭാഗത്ത് ആളുകൾ‍ക്കിടയിലായി നിന്നാൽ മതി എന്നു പറഞ്ഞവർ ധൈര്യം തന്നു.  ഇനിയും പ്രയാസ്സമെങ്കിൽ ‍ പുറത്തേക്കു നോക്കേണ്ടെന്നും കുനിഞ്ഞു നിന്നാൽ മതിയെന്നും കൂടി അവർ പറഞ്ഞു. പുറത്തെ കാഴ്ചകൾ കാണാനല്ലാതെ, കുനിഞ്ഞു നിൽക്കാൻ മാത്രം കേബിൾ കാറിൽ ‍ കയറേണ്ടതുണ്ടോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.. 



ഏതായാലും ഞാനുള്ളിൽ കയറി. കാർ മുകളിലേക്ക് നീങ്ങാൻ തുടങ്ങി.  അതോടൊപ്പം ഒറ്റ കേബിൾ ആയതിനാലാവണം കാർ ഒന്നുലയുന്നുമുണ്ട്. എന്റെ കാലുകൾ ഇളകാൻ തുടങ്ങി. കുറച്ചു സമയം പരിസരം ശ്രദ്ധിക്കാതെ കാറിനുള്ളിൽ ‍ താഴെക്കു നോക്കി നിന്നു. എന്നാൽ അല്‍പ സമയം കഴിഞ്ഞതോടെ, കാർ വലിയ പ്രശ്നമില്ലാതെ മുകളിലേക്ക് പോകാൻ തുടങ്ങി. ഞാൻ പുറത്തേക്കു നോക്കി കാഴ്ചകൾ ആസ്വദിക്കാൻ തുടങ്ങി. ആദ്യം കയറി എത്തുന്നത്‌ 700 അടി ഉയരത്തിലുള്ള ഉർക ( urca ) കുന്നിനു മുകളിലാണ്. കാഴ്ചകൾ കാണാൻ നാൽപ്പത്തിയഞ്ച്  മിനിട്ടെടുത്തോളാൻ അവിടെയിറങ്ങിയതും ഞങ്ങളുടെ ഗ്രൂപ്പിനോട് ഗൈഡ് പറഞ്ഞു. കുന്നിനു മുകളിൽ കാണേണ്ട കാര്യങ്ങളും. പിന്നെ എവിടെയാണ് തമ്മിൽ കാണേണ്ടത് എന്നും വ്യക്തമായി പറഞ്ഞു തന്നു. 

അവിടെ നിന്ന് നോക്കിയാൽ Corcovado Mountain , Niteroi Bridge, Guanabara ഉൾക്കടൽ എന്നിവയാണ് പ്രധാന കാഴ്ചകൾ‍. ഇതിൽ കോർകോവാടോ പർവ്വതത്തെപ്പറ്റിയും അവിടുത്തെ ‍ ജീസസിന്റെ പ്രതിമയെയും പറ്റി അടുത്തയാഴ്ച വിശദമായി പറയാം. കേബിൾ ‍ കാറിൽ നിന്നുള്ള ദൃശ്യങ്ങളും
ഉർക്ക കുന്നിനു മുകളിൽ ‍ നിന്നും പല ആംഗിളുകളിൽ ഉള്ള ദൃശ്യങ്ങളും
വർണനാതീതമാണ്. കാണാവുന്നതിൽ വച്ചേറ്റവും മനോഹരമായ കാഴ്ചകളാണവയെന്ന് ഞങ്ങൾ‍ക്ക് തോന്നി. കുറെ കറങ്ങി നടന്നു. ഫോട്ടോകൾ ‍ എടുത്തു.






ഇനി പോകേണ്ടത് ഉർക്ക കുന്നിനു മുകളിൽ നിന്നും ഷുഗർ‍ലോഫ് പർ‍വത
മുകളിലേക്കാണ്. പറഞ്ഞപോലെ അങ്ങോട്ടേക്കുള്ള അടുത്ത കേബിൾ
കാറിനായി ഞങ്ങൾ കാത്തു നിന്നു. ഓരോ ഘട്ടവും ഏകദേശം നാല് മിനിട്ട്
കൊണ്ട് കഴിഞ്ഞു കിട്ടും. അൽപ്പസമയം കഴിഞ്ഞപ്പോൾ ‍ കാർ ‍ എത്തി.
ഞങ്ങൾ അതിൽ കയറി. 1300 -ഓളം അടി ഉയരത്തിലേക്ക് ഞങ്ങളുടെ കാർ
കേബിളിൽ കൂടി മുകളിലേക്ക് കയറാൻ തുടങ്ങി. മനോഹരം എന്ന്  ഒന്ന് കൂടി പറയട്ടെ. ഇപ്പ്രാവശ്യം കൂടുതൽ ധൈര്യം തോന്നി. ഗ്ലാസ്സിനോടടുത്തു
തന്നെ നിന്ന് പുറത്തെ കാഴ്ച്ചകൾ കണ്ടു. മുകളിൽ ‍ വീണ്ടും ഒരു മണിക്കൂർ
ചെലവഴിച്ചു.. ഷുഗർ‍ലോഫ് പർ‍വതത്തിന്റെ മുകളിൽ ‍ നിന്നാൽ കാണുന്നത്
ഞങ്ങൾ താമസിച്ചിരുന്ന കോപകബാന ബീച്ച് ഉൾ‍പ്പെടെയുള്ള
ബീ ച്ചുകളാണ്.

തിരിച്ചു താഴെ വന്നശേഷം എന്റെ ഗുജറാത്തി സുഹൃത്ത്‌ പറഞ്ഞു
" സീനറി ദേഘേ ദേഘേ ഫോട്ടോ ലേനാ ഭൂൽ ഗയാ...ഭയ്യാ"

കാഴ്ചകളിൽ ‍ മുഴുകിപ്പോയ കാരണം ഫോട്ടോ എടുക്കാൻ ‍ മറന്നു പോയെന്ന്.







മടക്കയാത്രക്കിടയിൽ ഞങ്ങൾ ‍ കത്തീഡ്രൽ ഓഫ് റിയോ -ഡി-ജനീറോ സന്ദർശിച്ചു. 20,000 ത്തോളം പേർക്ക് ഇരുന്നു പ്രാർഥിക്കാൻ സൗകര്യത്തിൽ ‍ പണിഞ്ഞിട്ടുള്ള ഈ കത്തീഡ്രൽ‍ ഒരു കോണിന്റെ ആകൃതിയിലാണ്.
1980 -ഓടെയാണ് ഇതിന്റെ പണി തീർന്നത്. ഇതിനകത്ത് കയറുന്നവർക്ക് വ്യത്യസ്ത മായൊരനുഭവമായിരിക്കും. ഉൾ‍ഭാഗം അതി വിശാലം, 100 മീറ്റർ വ്യാസം 75 മീറ്റർ ഉയരം - ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. ഇതിന്റെ ഉള്ളിൽ വശങ്ങളിലായി ദീർഘ ചതുരാകൃതിയിൽ ‍ പലവർ‍ണങ്ങളിലുള്ള നാല് കൂറ്റൻ കണ്ണാടികളുണ്ട്- അവ തന്നെ നമ്മെ വീണ്ടും അതിശയിപ്പിക്കും.
ഒരെണ്ണത്തിനു ഏകദേശം 65 മീറ്റർ നീളം വരും. ഒരു ഫ്രഞ്ച് ശില്‍പ്പിയുടെ മേൽ‍നോട്ടത്തിലാണ് കത്തീഡ്രൽ പണികഴിക്കപ്പെട്ടത്‌. മധ്യ തെക്കേ അമേരിക്കയിൽ ‍ പള്ളികൾ‍ക്കും കത്തീഡ്രലുകൾക്കും ഒരു കുറവുമില്ല. കോളനിവൽ ക്കരണത്തിന്റെയും കൂടി പ്രതീകങ്ങളായി അവ വിലസി നില്‍ക്കുന്നു.


ഉച്ചഭക്ഷണത്തിന് ശേഷം ഒരു മൂന്നു മണിയോടെ ഞങ്ങള്‍ പോയത് corcovado പർ‍വത മുകളിലേക്കുള്ള ട്രെയിൻ സ്റ്റേഷ നിലേക്ക് ആയിരുന്നു.അവിടുത്തെ പ്രധാന കാഴ്ച യേശു ക്രിസ്തുവിന്റെ കൂറ്റൻ പ്രതിമയാണ് . അതെപ്പറ്റിയും മനോഹരങ്ങളായ ബീച്ചുകളെപ്പറ്റിയും അടുത്തയാഴ്ച.

Mathrubhumi Yathra || തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ -ഭാഗം മൂന്ന്‌, Anilal

0 comments:

Post a Comment

Subscribe