Thursday, February 17, 2011

തെക്കെ അമേരിക്കന്‍ കുറിപ്പുകള്‍-2 : കാംപിനാസ് സുഖമുള്ള ഒരോര്‍മ്മ


ബ്രസീലിൽ ‍ നിന്നും തിരിച്ചു പോരുന്നതിനു മുൻപൊരു ദിവസ്സം ഞങ്ങളുടെ ബ്രസീലിയൻ ‍ സുഹൃത്ത് അഗുസ്റ്റോ(Augusto) യുടെ വീട്ടിൽ ‍ചെല്ലണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. പോകണമെന്ന് ഞങ്ങളും തീരുമാനിച്ചിരുന്നു.  പ്രത്യേക പരിപാടികളില്ലാത്ത ഒരു ഞായറാഴ്ച അതിനായി തെരഞ്ഞെടുത്തു. അഗസ്റ്റോയും അന്ന് റെഡിയായിരുന്നു. അദ്ദേഹത്തിന്റെ വീട് സോ പോളോ സിറ്റിയിൽ നിന്നും ഏകദേശം നൂറു കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കായി കാംപിനാസ് എന്ന സിറ്റിയുടെ പ്രാന്തപ്രദേശത്തിലാണ്. കാമ്പിനാസിൽ ‍ പോകുന്നത് അവിടെ സ്ഥലങ്ങൾ കാണാനല്ല. ഒരു നല്ല യാത്ര, കുറെ സമയം അദ്ദേഹത്തിന്റെ വീട്ടിൽ കഴിച്ചു കൂട്ടുക അത്ര മാത്രം. എന്നാൽ ‍ ഈ ഒരു ദിവസം മറക്കാനാവാത്ത ഒരനുഭവമായി മാറിയത് കൊണ്ടാണ്  ഇതെഴുതുന്നത്.

തീരുമാനിച്ച പ്രകാരം രാവിലെതന്നെ അഗുസ്റ്റോ കാറുമായെത്തി. ഞങ്ങൾ മൂന്നുപേരും ഹോട്ടലിൽ നിന്നും ബുഫേ ബ്രേക്‌ഫാസ്‌റ് ‌ കഴിച്ചശേഷം  കാംപിനാസ് ലക്ഷ്യമാക്കി യാത്രയായി. പ്രഭാത ഭക്ഷണത്തിൽ ‍ഇത്രയധികം ധാരാളിത്തം വടക്കേ അമേരിക്കയിലെ ഒരു വിധം നല്ല ഹോട്ടലിൽ പോലും കണ്ടിട്ടില്ല. ട്രോപിക്കൽ കാലാവസ്ഥയിൽ ലഭ്യമാവുന്ന പഴങ്ങൾ ‍. നമ്മുടെ നാട്ടിൽ കാണുന്ന എല്ലാ പഴങ്ങളും അവിടെയുണ്ട്..പപ്പായ, തണ്ണി മത്തൻ‍, മാങ്ങാ, പൈനാപ്പിൾ അങ്ങിനെ പലതും.. ഇവകൊണ്ടുള്ള പലതരം ജ്യൂസ്‌ കൂടാതെ അവ മുറിച്ചു പല തരത്തിൽ അലങ്കരിച്ചും വച്ചിട്ടുണ്ടാകും.

സോ പോളോ സിറ്റിയിലൂടെ വണ്ടിയോടിക്കുക അത്ര എളുപ്പമുള്ള  കാര്യമല്ല..പക്ഷെ ഞങ്ങളുടെ ബ്രസീലിയൻ കൂട്ടുകാരൻ ഒന്നാംതരം ഡ്രൈവർ ‍കൂടിയായിരുന്നു. സിറ്റി വിട്ടു കഴിഞ്ഞതും അഗുസ്റ്റോ വിശേഷങ്ങൾ ‍ പറഞ്ഞു തുടങ്ങി. ഒത്തിരി ആൾക്കാർ സിറ്റിക്കു പുറത്തു ഫ്ലാറ്റുകളിൽ ‍ താമസിച്ചിട്ട് ദിവസവും വണ്ടിയോടിച്ചു സിറ്റി ഓഫീസുകളിൽ ‍ ജോലിക്ക് വരുന്നു. എന്നിട്ട് വൈകുന്നേരം ഉറങ്ങാനായി മാത്രം തി- രിച്ചെത്തുന്നു. അതുകൊണ്ടുതന്നെ പ്രവർത്തി ദിവസങ്ങളിൽ ‍ സിറ്റിക്കു പുറത്തേക്കുള്ള റോഡുകളിൽ വല്ലാത്ത തിരക്കാണ്, രാവിലെയും വൈകുന്നേരവും.


ദൂരെ മലകളിൽ ‍ കണ്ട ചെറിയ വീടുകൾ ചൂണ്ടിക്കാട്ടി അഗുസ്റ്റോ
പറഞ്ഞു " അവിടെയാണ് ബാഡ്‌ ഗയ്‌സ്" അതായത് മലമുകളിലെ 
ചെറിയ കൂരകൾക്കുള്ളിലാണ് കുഴപ്പക്കാരായ ദരിദ്ര നാരായണന്മാർ ‍
താമസിക്കുന്നത്. നഗരത്തിലെ സംഘടിതമായ കുറ്റകൃത്യങ്ങളുടെയും
മാഫിയകളുടെയും കേന്ദ്രം. അഴിമതിയുടെ കാര്യത്തിലും
കുറ്റകൃത്യങ്ങളുടെ കാര്യത്തിലും അവർ ‍ നമ്മളോടൊപ്പമുണ്ട് . കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണം ദാരിദ്ര്യം തന്നെ. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വീടുകൾ ‍ പുറം പൂശി പൂർണമാക്കാറില്ല.
വീട് പൂര്‍ത്തിയായിട്ടില്ല എന്ന കാരണം പറഞ്ഞു ടാക്സ് വെട്ടിക്കനാ-
ണിതത്രേ.











കുറച്ചു കഴിഞ്ഞപ്പോൾ ‍ ചെറിയ പട്ടണങ്ങളിലൂടെയും  ഗ്രാ മങ്ങളിലൂടെയുമായി യാത്ര. ബ്രസീലിന്റെ നാട്ടിൻ ‍പുറം ഒന്നുകൂടി മനോഹരമാണ്. കുന്നുകളും മരങ്ങളും നിറഞ്ഞ നാട്. ഇടയ്ക്കു ഞങ്ങൾ ‍ ഒരു പെട്രോൾ പമ്പിൽ ‍ നിറുത്തി. കാറിനു പെട്രോൾ അടിക്കാനും ഒരല്‍പം റിലാക്സ് ചെയ്യാനും ആയിരുന്നു അത്. അഗുസ്റ്റോ ഞങ്ങളെ പമ്പ് പ്രവർ‍ത്തിപ്പിക്കാൻ നിന്ന പയ്യന് പരിചയപ്പെടുത്തി. പിന്നെ അയാൾക്കും ഒരുപാട് കാര്യങ്ങൾ   അറിയാനും പറയാനും താല്പര്യമായി. വളരെ വേഗം  
കൂട്ടുകാരാകുന്നവരാണ് ബ്രസീലുകാർ‍. കുറച്ചു സമയം കഴിഞ്ഞു
ഞങ്ങൾ ‍ വീണ്ടും യാത്രയായി.









കാംപിനാസ് സിറ്റിയിലൂടെ വേണം ഞങ്ങൾക്ക് കടന്നു പോവാൻ.
സിറ്റിക്കുള്ളിൽ ‍ ഒരു പാർക്കിൽ ഒരു വലിയ മേള നടക്കുന്നുണ്ടായിരുന്നു. ഒന്ന് കയറാമെന്ന് കരുതി കാറ് നിറുത്തി. പല തരത്തിലുള്ള കരകൗശല വസ്തുക്കൾ‍, ബ്രസീലിയൻ ‍ പെയിന്റിങ്ങുകൾ, നാടോടി സംഗീത ഉപകരണങ്ങൾ ‍ തുടങ്ങിയവയുടെ പ്രദർശനവും വില്പ്പനയുമാണ് അവിടെ നടക്കുന്നത്. ചുമരിൽ ‍ ചാരിവച്ചിരുന്ന വില്ലുകൾ പോലുള്ള സാധനങ്ങൾ ‍ എന്നിൽ ‍ കൗതുകമുണ്ടാക്കി. ആ വില്ലുകൾ‍ക്ക് മുന്നിലായി ആണുങ്ങളും പെണ്ണുങ്ങളും അടങ്ങുന്ന ഒരു സംഘം എന്തോ കലാപരിപാടിയും നടത്തുന്നുണ്ട്.. ഞങ്ങൾ അങ്ങോട്ടുപോയി.











ചുമരിൽ ചാരി വച്ചിരുന്നതു "ബെരിമ്ബു" (Berimbau) എന്ന ഒരു താളവാദ്യമായിരുന്നു. അഗുസ്റ്റോ അതെക്കുറിച്ച് പറഞ്ഞു തന്നു. ആഫ്രിക്കൻ അടിമകളിലൂടെ ബ്രസീലിൽ ‍എത്തപ്പെട്ടതാണ് ഈ ഉപകരണം. നാലോ അഞ്ചോ അടി നീളത്തിൽ ബിരിബ (biriba ) എന്ന മരത്തടി മുറിച്ചെടുത്തു അതിന്റെ ഒരറ്റത്ത് നിന്ന് മറ്റെയറ്റത്തെക്ക് സ്റ്റീൽ കമ്പി വളച്ചു കെട്ടിയാണ് ഇതുണ്ടാക്കുന്നത്. അനുനാദത്തിനായി ഒരു മരക്കായ അകം പൊള്ള ആക്കിയശേഷം ഉണക്കി വില്ലിന്റെ ഒരറ്റത്ത് പിടിപ്പിച്ചിരിക്കുന്നു. ഒരു കമ്പിന്റെയും നാണയത്തിന്റെയും സഹായത്തോടെയാണ് ഇത് വായിക്കുന്നത്.
ആഫ്രോ- ബ്രസീലിയൻ ‍ ആയോധനകലയായ കാപോയിര( capoeira ) യിൽ പങ്കെടുക്കുന്നവരുടെ ചലനങ്ങളെ നിയന്ത്രിക്കാൻ ഈ സംഗീത ഉപകരണം   ഉപയോഗിക്കുന്നുണ്ട്. അത്തരമൊരു പ്രകടനമാണ് അവിടെ കണ്ടത്.












ലോക്കൽ ആര്ട്ടിസ്റ്റുകളുടെ പെയിന്റിങ്ങ് ആസ്വദിക്കുന്നതിനിടയിലാണ് അഗുസ്ടോക്ക് ഒരു സെൽ ഫോൺ കാൾ വന്നത്. ഭാര്യയാണ്. ഞങ്ങളെവിടെയെത്തി എന്ന് ചോദിക്കുകയാണ്. അവരെ ഒരു റെസ്റ്ററെന്റിൽ കണ്ടു ഭക്ഷണം കഴിച്ച ശേഷം എല്ലാപേരും ഒന്നിച്ചു വീട്ടിലേക്കു പോവുക എന്നതായിരുന്നു പ്ലാൻ. ഞങ്ങൾ ‍ അവിടെ നിന്നും കാറിൽ ‍ കയറി റെസ്റ്റാറന്റിലെത്തി. വിശാലമായ ഒരു സ്ഥലത്ത്, ഒരു നദിയിലെക്കിറങ്ങി നില്‍ക്കുന്ന ബാൽക്കണിയുമായി മനോഹരമായ ഒന്നായിരുന്നു അത്. ഉൾഭാഗം വളരെ തുറന്ന രീതിയിലായിരുന്നു. അഗുസ്റ്റോയുടെ ഭാര്യയോടൊപ്പം രണ്ടാൺകുട്ടികളും അവരുടെ രണ്ടു കസിൻസും ഉണ്ടായിരുന്നു. പരസ്പരം പരിചയപ്പെട്ട ശേഷം രണ്ടു വലിയ ബോട്ടിൽ ബിയറിൽ ‍ ഞങ്ങളുടെ ലഞ്ച് ആരംഭിച്ചു. എല്ലാവരും വളരെ സൗഹൃദത്തോടെ ഇടപഴകി. വളരെ സരസയായ ഒരാളായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവർ ‍ കഴിച്ചു കഴിയുന്ന വരെ തമാശകൾ ‍ പറഞ്ഞുകൊണ്ടേയിരുന്നു. അഗസ്റൊയുടെ വീട്ടിലെല്ലാരും തന്നെ ഒന്നാന്തരം ഇംഗ്ലീഷ് പറയുന്നവരായിരുന്നു. ജോലിക്കായി നാലഞ്ചു വർഷം അവരെല്ലാം 
അമേരിക്കയിലായിരുന്നതുകൊണ്ട് ഭാഷ ഒരു പ്രശ്നമേ അല്ലായിരുന്നു.







ബ്രസീലിലെ ഭക്ഷണത്തെപറ്റി ഇവിടെ പറയുന്നത് ഉചിതമെന്ന് തോന്നുന്നു. അവർക്ക് ഏറ്റവും പ്രധാനം മാംസാഹാരമാണ്. ഏറ്റവും കൂടുതൽ ‍ മാംസം ഉപയോഗിക്കപ്പെടുന്ന ഒരു രാജ്യമാണ് ബ്രസീൽ. ഞങ്ങൾ ‍ പോയ സ്ഥലം സീ ഫുഡിനു പേരുകേട്ട സ്ഥലമായത് കൊണ്ട് അത്തരം ഒന്ന് ഓർ‍ഡർ ‍ ചെയ്തു.
ഞാനും സുഹൃത്ത്‌ അരവിന്ദും ചിക്കനാണു ഓർഡർ ചെയ്തത്. പുറത്തു പോയാൽ കൂടുതലും വെജിറ്റേറിയൻ ആണ്. അത് കാരണം  ബ്രസീലിലെ മത്സ്യ മാംസാദി ഭക്ഷണത്തെ പറ്റി അധികം എഴുതാൻ ‍  കഴിയില്ല.  ഏതായാലും ഒന്നുണ്ട്, നിങ്ങൾ ‍ സസ്യഹാരപ്രിയനായാലും മൽസ്യമാംസ പ്രിയനായാലും ബ്രസീലിൽ ‍ നിങ്ങൾ ‍ വളരെ വളരെ
ഹാപ്പി ആയിരിക്കും.

ഞാൻ ‍ ജോലി ചെയ്ത സ്ഥലത്ത് ഉച്ചക്ക് കഴിക്കാൻ ‍ പോയിരുന്നത് അടുത്തുള്ള ഒരു ബുഫെ റെസ്റ്റാറന്റിലാണ് ‍. അവിടെയുണ്ടായിരുന്ന മൂന്നാഴ്ച്ചകളിൽ കൂടുതലു ‍ ദിവസവും ഈയൊരു ഹോട്ടലിലെ ബുഫെ തന്നെയായിരുന്നു ഞങ്ങൾ ഒരു മടുപ്പും കൂടാതെ കഴിച്ചിരുന്നത്. കാരണം അത്രയ്ക്ക് ഐറ്റംസ് അവിടെയുണ്ടായിരുന്നു...മാത്രമല്ല എല്ലാ ആഴചയും പുതിയ കുറെ ഐറ്റംസ് ഉണ്ടാകുമായിരുന്നു. ഏറ്റവും കൂടുതൽ ‍ കോഫി ഉണ്ടാക്കുന്ന  രാജ്യമായതിനാലാവനം ആളുകൾ ‍ കോഫി പ്രിയരാണ്. ഉച്ചഭക്ഷണത്തിന് ശേഷം ഒരു സ്ട്രോങ്ങ്‌ കോഫി പതിവാണ്. വളരെ ആയാസരഹിതമായ ജീവിതരീതിയാണവിടെ. അങ്ങനെ ആ റെസ്റ്റാറന്റിൽ ഒരു രണ്ടു മണിക്കൂര്‍ ചിലവക്കിയിട്ടു, കോഫിയും കുടിച്ചു ഞങ്ങൾ ‍ രണ്ടു കാറുകളിലായി അവരുടെ വീട്ടിലേക്കു പോയി.










ഒരു പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ വീട്ടിലെത്തി. പച്ച മരങ്ങൾ നിറഞ്ഞ കുന്നുകളിലാണ്‌ വീടുകൾ‍. അവരുടെ വീടിനു മുന്നിൽ ‍ കാർ പാർ‍ക്ക്‌ ചെയ്തപ്പോൾ‍, ഭൂമിയോട് ചേർ‍ന്ന് ഒരു താഴ്വാരത്തിലായാണ് വീട് കണ്ടത്. അവിടെ നിന്ന് നോക്കുമ്പോൾ വീടിന്റെ മേൽഭാഗം ഭൂനിരപ്പിൽ നിന്നും അധികം ഉയരത്തിലായി തോന്നിയില്ല. എന്നാൽ ‍ വീടിനകത്ത് കയറിയപ്പോൾ‍, അതൊരു സ്വപ്ന ഭവനമായി  എനിക്ക് തോന്നി..അത്ര വലുതല്ലാത്ത വീട്. എന്നാൽ വളരെ മനോഹരമായി ഇന്റീരിയർ ‍ ചെയ്തിരിക്കുന്നു. അതെല്ലാം ഭാര്യയുടെ കൈവിരുതെന്നു ആദ്യമേ അഗുസ്റ്റോ സമ്മതിച്ചു. കൂടുതൽ ‍ അറിഞ്ഞപ്പോൾ ‍ അവർ ‍ ഒരു നല്ല കലകാരിയാണെന്നും വീടിനകവും പുറവും തന്റെ കഴിവും ഭാവനയും കൊണ്ട് ഒരു സ്വപനലോകമാക്കി മാറ്റിയിരിക്കുകയാണെന്നും മനസ്സിലായി.








കുറച്ചുകഴിഞ്ഞു ഞങ്ങൾ ‍ വീടിനു പുറത്തിറങ്ങി, പിന്നിലെത്തി. ഒരു കൊച്ചു സ്വിമ്മിംഗ് പൂൾ. തുറസ്സായ സ്ഥലത്തൊരു ഷവർ.  അവിടില്ലാത്ത മരങ്ങളും ചെടികളുമില്ല..കുലച്ചു നില്‍ക്കുന്ന വാഴകൾ. അതിമനോഹരം. കൂടുതൽ ‍ എഴുതുന്നതിനെക്കാൾ കുറച്ചു ചിത്രങ്ങൾ ചേർ‍ക്കുന്നു, കണ്ടു തന്നെ അറിയൂ. ഒരഞ്ചു മണിയായപ്പോൾ‍, പെട്ടെന്ന് മാനമിരുണ്ടു. വന്നാൽ ‍ മഴവരുന്നത്  കാട്ടിത്തരാം എന്ന് പറഞ്ഞു ഞങ്ങളെ വീടിനു പിറകിലെ ബാൽക്കണിയിൽ  കൊണ്ടുപോയി. അവിടെ നിന്നും അക്ഷരാർത്ഥത്തിൽ ശക്തമായ  മഴവരുന്നത്  ഞങ്ങള്‍ കണ്ടു. ദൂരെ മലകളിൽ ‍ നിന്നും ആരവത്തോടെ  മഴയെത്തി. വല്ലാത്തൊരനുഭവം. ഞങ്ങളതു കണ്ടു നിന്നു.






അര മണിക്കുറിൽ ‍ മഴ തോർ‍ന്നു. ഞങ്ങൾ തിരിച്ചു പോരാൻ  തീരുമാനിച്ചു. വരുന്ന വഴിക്ക് ഹൗസിംഗ് കൊളനിയുടെ പല ഭാഗങ്ങളും ഞങ്ങൾക്ക് കാട്ടിത്തന്നു. എല്ലാം കോൺക്രീറ്റിൽ ‍ തീർ‍ത്ത വീടുകളാണ്. നാട്ടിലെ വീടുകളുമായി വല്ലാത്ത സമാനത തോന്നി. അഗുസ്റ്റോ ഞങ്ങളെ ബസ്‌ സ്റ്റേഷനിൽ എത്തിച്ചു ടിക്കറ്റ്‌ എടുത്തു തന്നു. ഞങ്ങൽ ‍ ബസ്സിൽ കയറി ഇരുന്നശേഷമാണ് അദ്ദേഹം തിരിച്ചു പോയത്. ഞങ്ങൾ ‍ ആ ദിവസ്സത്തിന്റെ സുഖകരങ്ങളായ അനുഭവങ്ങൾ‍ ഒന്നുകൂടി ഓർ‍ത്തു പങ്കിട്ടുകൊണ്ട് ബസ് പോകാനായി കാത്തിരുന്നു.




























0 comments:

Post a Comment

Subscribe