Sunday, February 6, 2011
നിദ്ര
ഇപ്പാൾ ആയിഷ ഒറ്റക്കാണു താമസം.
സിറ്റിയിൽ നിന്നുമകലെ, ഒറ്റപ്പെറ്റൊരിടത്തെ പുതിയതല്ലാത്ത ഒരു ടൌൺ ഹോമിൽ . രണ്ടു കിടപ്പുമുറികൾ. ലിവിംഗ് റൂം. അടുക്കള. പിന്നെ വീടിനോട് ചേർന്നുള്ള കാർ ഗരാജ് . ഒരു സുഹൃത്തിന്റെ ഇടപാടിൽ വളരെ കുറഞ്ഞ വാടകക്കു കിട്ടിയതാണ് കുറച്ചുകാലത്തേക്ക്. കിടപ്പുമുറികളിലൊന്ന് ഉപ യോഗിച്ചിട്ടേയില്ല . രണ്ടാമത്തെ കിടപ്പുമുറിയാണ് ആയിഷയുടെ ലോകം. ഒരു ബെഡ്. മുറിയുടെ ഒരു കോണിൽ മേശയും കസേരയും. മേശപ്പുറത്തും അരികിലെ വലിയ ഷെൽഫിലും വായിച്ചു തീർത്തതും അല്ലാത്തതുമായ പുസ്തകങ്ങൾ, മാഗസിനുകൾ. മേശപ്പുറത്താരു ടേബിൾ ലാമ്പും പിന്നെ കുറെ എഴുത്ത് സാമഗ്രികളും. ലിവിംഗ് റൂമിലൊരു സോഫായും പിന്നൊരു ടി.വി.യും.
ഈയിടെയായി ഏറ്റവും അധികം സമയം കഴിച്ചു കൂട്ടുന്നത് കിടപ്പുമുറിയിൽ തന്നെയാണ് . ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കാറെടുത്ത് പുറത്തുപോകും. മിക്കവാറും എന്തെങ്കിലും വീട്ടുസാധനങ്ങൾ വാങ്ങാനാണ് പോവുക. ബാക്കി സമയമെല്ലാം മുറിയിൽ തന്നെ.
അന്നും പതിവുപോലെ താമസിച്ചുണർന്നു. ഒരുന്മേഷവും തോന്നിയില്ല. വെറുതെ കണ്ണും തുറന്നു കിടന്നു, കുറേനേരം. മുമ്പൊക്കെ, ഈ സമയമാവുമ്പോൾ ഓഫീസിലെത്തി ജോലി തുടങ്ങിക്കഴിത്തിരിക്കും. ഓഫീസിനടുത്ത അപ്പാർട്ടുമെന്റിലേക്ക് ഒരു പതിനഞ്ചു മിനിട്ട് നടക്കാനേയുള്ളു. കൂടെ ജോലി ചെയ്തിരുന്ന ബംഗാളിയായ ഒരു പ്രത്രപ്രവർത്തകയുമായിട്ടായിരുന്നു താമസം. പ്രതമാഫീസിലെ ജോലിയും, സ്വന്തമായുള്ള എഴുത്തും വായനയും. എല്ലാംകൊണ്ട് തിരക്കിട്ട ജീവിതം. നിറയെ സുഹൃത്തുക്കൾ. ഈയൊരു രീതി ഇഷ്ടപ്പെട്ടിരുന്നതുമാണ്. ചെറുപ്പം മുതലെ ഉള്ളിലുണ്ടായിരുന്ന താല്പര്യമനുസരിച്ചൊരു പ്രത്രപ്രവർത്തകയും എഴുത്തുകാരിയുമാവാനൊത്തതിൽ ഏറെ സന്തോഷിച്ചിരുന്നു.
ഇങ്ങിനെയൊന്നുമായില്ലായിരുന്നുവെങ്കിൽ സ്ഥിതി എന്താവുമായിരുന്നു? അവരോർത്തു.
താനൊഴിച്ച് ബാക്കിയെല്ലാവരും, ഉമ്മയും ബാപ്പയും പിന്നെ നാലു സഹോദരങ്ങളും നാട്ടിൽ തന്നെയാണ് അവ രൊക്കെ അവിടെ തരക്കേടില്ലാതെ ജീവിക്കുന്നു. താൻ മാത്രമാണ് ഇവിടെയെത്തിയത്. അമേരിക്കയിൽ. എന്നാലിവിടെ വന്നശേഷം സന്തോഷമായിരുന്നു കുറച്ചുകാലം . ആഗ്രഹിച്ചപോലെ പത്രപ്രവർത്തകയായി തന്നെ ജോലികിട്ടി. ഒപ്പം സന്തമായുള്ള എഴുത്തും വായന യും,
എല്ലാം തകിടം മറിയാൻ താനെന്തു തെറ്റാണു ചെയ്തത്? ഉയരങ്ങൾ തേടിയുള്ള യാത്രയിൽ അറിഞ്ഞോ അറിയാതെയോ ആരേയും ദ്രോഹിച്ചിട്ടില്ല . എന്നിട്ടുമെനിക്കെന്താണിങ്ങനെ വരാൻ?.
അന്നു താമസിച്ചിരുന്ന അപ്പാർട്ടുമെന്റിൽ, അപ്രതീക്ഷിതമായാണ് ഒരവധി ദിവസം പകൽ മൂന്ന് എഫ് . ബി.ഐ. ഉദ്യോഗസ്ഥർ കടന്നുവന്നത്. തന്നെ കസ്റ്റഡിയിലെടുക്കാനാണു വന്നതെന്നു പറഞ്ഞപ്പോൾ സ്തംഭിച്ചുപോയി. എന്താണ് താൻ ചെയ്ത തെറ്റ്? എല്ലാം അന്വേഷണത്തിലാണെന്നും തല്ക്കാലം കൂടെ വന്ന് സഹകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു . അവർ അവരുടെ ജോലിചെയ്യുകയായിരുന്നു . പിന്നെ ഒരാഴ്ച അവ രുടെ കസ്റ്റഡിയിൽ. പത്രങ്ങളിൽ വാർത്തയുമുണ്ടായിരുന്നത്രേ.
'ഭീകരവാദബന്ധം. പത്രപ്രവർത്തക കസ്റ്റഡിയിൽ' എന്നിങ്ങനെ പല തലക്കെട്ടുകളിൽ .
ജീവിതം മാറ്റിമറിച്ച ഏഴുദിവസങ്ങൾ . ആദ്യമൊക്കെ മനസ്സു വിങ്ങി കരഞ്ഞിരുന്നു . പിന്നെയൊരുതരം നിസ്സംഗത. പുറം ലോകത്തെ വാർത്തകളറിയാതെ, ആരോടും സംസാരിക്കാനാവാതെ, ഏഴുദിവസങ്ങൾ. ഒറ്റക്കൊരു മുറിയിൽ. ഇസ്ലാമിക തീവ്രവാദവുമായി ആയിഷക്കുള്ള ബന്ധവും ഗൂഢാലോചനയുമാണ് ആരോപിപ്പിക്കപ്പെട്ട കുറ്റങ്ങൾ .
എന്താണതിന്റെ അർത്ഥം?
കൂടെപ്പിറപ്പുകൾക്കൊപ്പം സ്നേഹം നിറഞ്ഞ അന്തരീക്ഷത്തിൽ വളർന്ന മലപ്പുറത്തുകാരി ആയിഷ എന്തിനു തീവ്രവാദിയാവണം? ഉമ്മയും ബാപ്പയും പഠിപ്പി ച്ചത് മനുഷ്യനെ സ്നേഹിക്കാനാണ്. വെറുക്കാനല്ല. എന്നാലൊന്നുണ്ട് . ചെറുതിലെതന്നെ കൂടപ്പിറപ്പുകളിൽ നിന്ന് താൻ വ്യത്യസ്തയായിരു ന്നു. ചെറിയ കാര്യങ്ങൾ മതി മനസ്സു വേദനിക്കാൻ. പല കാര്യങ്ങ ളിലും ഉമ്മയോടും ബാപ്പയോടും തർക്കിക്കുമാ യിരുന്നു . അതുകൊണ്ടാണല്ലോ ആയിഷ വളർന്നതോടൊപ്പം അവരുടെ മനസ്സിലെ ഭയവും വളർന്നത് . അന്ധമായി വിലക്കുകൾ സ്വീകരിച്ച് ജീവിക്കാൻ ഒരിക്കലും കഴിഞ്ഞിരുന്നില്ല .
ചിലപ്പോഴൊക്കെ ബാപ്പ പറയു മായിരുന്നു .
'ജ്ജ് മൂത്ത കുട്ടിയാണ് . താഴെയുള്ളവര് നിന്നെക്കണ്ട് പഠിക്കണ്ടതാ. ഇതിപ്പം തിരിച്ചാണ് . നീയ് അവരെക്കണ്ട് പഠിക്ക് എന്ന് വാപ്പാക്ക് പറേണ്ടി വരണ്'
ആയിഷ ഒരു റിബലാവാനൊന്നും ഇറങ്ങിത്തിരിച്ചില്ല. ഒരു മുസ്ലീമായിതന്നെ ജീവിച്ചു. പക്ഷെ സ്വന്തമായൊരു കാഴ്ചപ്പാട്, മാനുഷികതയിലൂന്നിയ ഒരു കാഴ്ചപ്പാട് - അതുണ്ടായിരു ന്നു . വ്യക്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു. പഠിത്തം കഴിഞ്ഞ് കുറെനാൾ ജോലിയില്ലാതെ നിൽക്കേണ്ടി വന്നപ്പോഴാണ് വീട്ടുകാർ നിക്കാഹിനെപ്പറ്റി പറയാൻ തുടങ്ങുന്നത്. പിന്നെ മൂത്തയാളുമാണല്ലോ. തല്ക്കാലം നിക്കാഹ് വേണ്ടെന്നു തറപ്പിച്ചു പറഞ്ഞു . കുറച്ചുനാൾ ജോലിചെയ്യണം. അതുകഴിഞ്ഞയുള്ളൂ നിക്കാഹ് . വെറുതെ നിര്ബന്ധിക്കേണ്ട.
അങ്ങിനെയിരിക്കുമ്പോഴാണ്, കൂട്ടുകാരി മീര ബോംബെക്ക് ചെല്ലാൻ പറഞ്ഞ് മെയിലയച്ചത് . അവരുടെ പത്രത്തിൽ കുറെ ട്രെയിനികളെ എടുക്കുന്നുണ്ട്. മറ്റൊന്നുമാലോചിച്ചില്ല. ഒന്നും പറയാത ബോംബേക്കു വണ്ടി കയറി. പിന്നെ സമാധാനമായി പറഞ്ഞു മനസ്സിലാക്കാം എന്നു വിചാരിച്ചാണ് അങ്ങിനെ ചെയ്തത്. പക്ഷെ അതിനു കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു . ആയിഷ മതംമാറി ആരുടെയോ കൂടെ ഒളിച്ചോടി ബോംബെയ്ക്ക് പോയ തായി വാർത്ത പരന്നു. അതോടെ ബാപ്പ തളർന്നു. സമൂഹത്തിനും സമുദായത്തിനും മുമ്പിൽ പരാജയപ്പെട്ടപോലെ, ഒറ്റപ്പെട്ടതുപോ ലെ . മാസങ്ങൾക്കുശേഷം പലരുംവഴി എല്ലാം നേരെയാക്കാൻ ശ്രമിച്ചെങ്കിലും വളരെ വൈകിപ്പോയിരുന്നു .
ഉമ്മ തീർത്തു പറഞ്ഞു .
'തല്ക്കാലം നീ ഇപ്പോൾ ഇങ്ങോട്ടു വരരുത്.'
കൂടെപ്പിറപ്പുകൾ ഉമ്മക്കും ബാപ്പക്കും പിറകിൽ അനുസരണയുള്ളവരായി മിണ്ടാതെ നിന്നു . ശിഥിലമായിപ്പോയ ബന്ധങ്ങൾ വേദനയായി നിന്നു മനസ്സിൽ, ഒത്തിരിക്കാലം . പിന്നെ എല്ലാം തല്ക്കാലത്തേക്കെങ്കിലും മറക്കാൻ ശ്രമിച്ചു. ജോലിയിൽ മാത്രമായി ശ്രദ്ധ . മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല.
1992 ലെ ഹിന്ദു മുസ്ലിം ലഹള റിപ്പോർട്ടു ചെയ്യാൻ തുടങ്ങിയപ്പോഴാണ് മതങ്ങൾ മനുഷ്യന്റെ നിലനില്പിനെതിരേയുള്ള മാരകായുധങ്ങളായി മാറാൻ തുടങ്ങിയിരിക്കുന്നു എന്ന് ആയിഷ തിരിച്ചറിഞ്ഞത്. ഘാട്ട്കോപ്പർ സ്റ്റേഷനു സമീപം ഒരാളെ കാറിൽ ജീവനോടെ ചുട്ടുകൊന്ന സംഭവം റിപ്പോർട്ടു ചെയ്യാൻ പോയിരുന്നു. ആദ്യമായാണ് ഇങ്ങിനെയൊരു സീനിൽ ചെല്ലുന്നത്. സംഭവസ്ഥലത്ത് ബോധം കെട്ടു വീഴാൻ തുടങ്ങിയപ്പോൾ, കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരാണ് അവിടുന്നു ആയിഷയെ മാറ്റിയത്
പിന്നെ എല്ലാം ചിന്തിച്ചുറപ്പിച്ചായിരുന്നു . ഇത് കടമയാണ്. കണ്ടതു പറയണം , പറയാനുള്ളതെല്ലാം പറയണം. ലഹള അവസാനിക്കുമ്പോൾ ആയിഷ അറിയപ്പെടുന്ന പ്രതിപ്രവർത്തകയായി ഉയർന്നെങ്കിലും മനസമാധാനം എന്നെന്നേക്കുമായി നഷ്ടപ്പെ ടുകയായിരുന്നു . രണ്ടു വിഭാഗക്കാരിൽ നിന്നും നേരിടേണ്ടിവന്ന വെല്ലുവിളികൾ, വധഭീഷണികൾ - അങ്ങനെ എന്തെല്ലാം.
അമേരിക്കയിലെത്തും എന്നു തിരെ പ്രതീക്ഷിച്ചില്ല . പക്ഷെ വന്നശേഷം തോന്നി ഇഷ്ടവിഷയം കൂടുതൽ പഠിക്കാനും സ്വതന്ത്രമായി എഴുതാനും പറ്റിയ ക്ലൈമറ്റ് ഇവിടുണ്ടെന്ന്. പിന്നെ ജോലിയും ഇഷ്ടപ്പെട്ടതുതന്നെ. പ്രൊഫഷണൽ പശ്ചാത്തലം കൊണ്ടാവണം, ആയിഷക്ക് ഇവിടെയും കിട്ടിയ അസൈൻമെന്റുകളിലധികവും ഭീകരവാദവുമായി ബന്ധപ്പെട്ടവയായി രുന്നു. അത്തരം ജോലികളേറ്റെടുക്കാൻ സ്വന്തം ഭൂതകാലത്തിന്റെ ഉൾപ്രരണകളും കാരണമായെന്നു തന്നെ പറയാം.
ഭീകരവാദത്തിനു പിന്നിലെ മനഃശാസ്ത്രം സ്വാഭാവികമായിത്തന്നെ പഠനവിഷ യമാവുകയായിരുന്നു .എന്താണു മനുഷ്യരിങ്ങനെ ? കാരുണ്യവാനായ തമ്പു രാന്റെ മക്കൾ സഹജീവികളെ കടിച്ചു കീറാൻ ഇസ്ലാമിനെ ആയുധമാ ക്കന്നെതന്താണ് ? ദൈവം മനുഷ്യന് നല്ല ബുദ്ധികൊടുക്കാതെ തെറ്റിന്റെ വഴികളിലൂടെ നടത്തി അവനെ പാപിയാക്കുന്നതെന്താണ്? ജിഹാദിന്റെ അർത്ഥവും ലക്ഷ്യവുമെന്താണ്? ഒരു ജിഹാദുകാരന്റെ ജീവിതമെന്താണ്? അയാളെന്തിനാണ് ആ പാത തെരഞ്ഞെടുക്കുന്നത്? പാല സ്തീനിലാണെന്നു കേട്ടു; ബെൽറ്റ് ബോംബ് മടിയിൽ കെട്ടി ഉമ്മമാരുടെ അനുഗ്രഹം വാങ്ങി ആൾക്കുട്ടത്തിൽ സ്വയം പൊട്ടിത്തെറിക്കാൻ ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികൾ. കഴിഞ്ഞ മൂന്നുവർഷമായി സ്വന്തം നിലയിൽ നടത്തിയ പഠനങ്ങൾക്കായി ഇന്റർനെറ്റിൽ നിന്നു വാങ്ങിയ പുസ്തകങ്ങളെക്കുറിച്ചും ഇവിടെ പലരുമായി നടത്തിയ കൂടിക്കാഴ്ച കളെ സംബന്ധിച്ചും ഫെഡറൽ ഉദ്യോഗസ്ഥർ ആയിഷയെ നിരന്തരമായി ചോദ്യം ചെയ്തു.
വെറുതെ വിട്ടശേഷം ജോലി രാജിവെച്ചു. ഒന്നും ചെയ്യാൻ തല്ക്കാലം താല്പര്യമില്ലായിരുന്നു . അകാരണമായ ഒരു ഭയം തന്നെ ചൂഴ്ന്നുനില്ക്കുന്നപോലെ. പകൽപോലും നഗരത്തിലെ തെരുവുക ളിലൂടെ നടക്കാൻ ഭയന്നു. ആരൊക്കെയോ ശ്രദ്ധിക്കുന്നപോ ലെ. ഒരു കടയിൽ കയറിയാൽക്കുടി ഭയം എല്ലാ കണ്ണുകളും തന്നെ തിരിച്ചറിയുന്നപോലെ. സ്വകാര്യത മുഴുവൻ നഷ്ടപ്പെട്ടപോലെ. തന്റെ ഓരോ ചെയ്തികളും ആരൊക്കെയോ രഹസ്യമായി നിരീക്ഷിക്കുന്ന പോലെ, അന്വേഷിക്കുന്നപോലെ.
ഉച്ചയോടെ എണീറ്റ് ഒരു ചായയുണ്ടാക്കി കുടിച്ചു. പിന്നീട് സോഫ യിൽ വന്നിരുന്ന് ടി.വി. ഓൺ ചെയ്തു. ഈയിടെയായി ഒരിടത്തും പോകാറില്ല . ആരെയും കാണാനില്ല. തിരിച്ചു വന്നശേഷം ആദ്യമൊക്കെ പഴയ സുഹൃത്തുക്കളിൽ ചിലർ വിളിക്കുമായിരുന്നു. ആയിഷ തന്നെ അധികം താല്പര്യം കാണിക്കാതെ അവരെ ഒഴിവാക്കി ഇപ്പോൾ ആരും വിളിക്കാറില്ല. അല്ലെങ്കിൽ തന്നെ ഫോൺ കണക്ഷൻ കട്ട് ചെയ്തിട്ട് ഒരു മാസത്തോളമായില്ലേ . അവർ പെട്ടെന്നോർത്തു.
രാതി കിടക്കുമ്പോൾ ലൈറ്റ് ഓഫ് ചെയ്യാൻ ഭയമായിരുന്നു. തന്നെ നിരീക്ഷിക്കാൻ എന്തൊക്കെയോ ഉപകരണങ്ങൾ മുറികളിൽ സ്ഥാപിച്ചിട്ടുള്ളതുപോലെ അവർക്കു തോന്നിയിരുന്നു. ഒരുദിവസം, സംശയം തോന്നിയിട്ട് കിടപ്പുമുറിയിലെ ചുവര് കുത്തിപ്പൊളിച്ചുനോക്കിയിരുന്നു
ഉറങ്ങിയതെപ്പോഴെന്നറിയില്ല. രാത്രിയിൽ അവർ വീണ്ടുമുണർന്നു . ക്ലോക്കിൽ ഒരുമണി. ഒരു സ്വപ്നാടനത്തിലെന്നപോലെ അവർ നട ക്കാൻ തുടങ്ങി. ബെഡ് റൂമിൽ നിന്നും യാന്തികമായി പടികളിറങ്ങി താഴെയെത്തി. ടി.വി. ഓഫ് ചെയ്തിട്ടില്ല. തപ്പിത്തടഞ്ഞ് കാറിന്റെ കീ കൈയിലെടുത്തു. പിന്നെ ഗാരേജിലെത്തി കാർ തുറന്നു. എല്ലായി ടത്തും ഇരുട്ട് . അവർ തികച്ചും യാന്ത്രികമായി കാർ തുറന്ന് ഡ്രൈവർ സീറ്റിൽ ഇരുന്നു. ഡോർ അടച്ച ശേഷം മുന്നിലെ ഗ്ലാസ്സിലൂടെ പുറത്തേക്കുനോക്കി .ഇരുട്ട് മാത്രം , യാന്തികമായൊരുൾപ്രേരണയിൽ കാർ സ്റ്റാർട്ടു ചെയ്തു.
വണ്ടിയോടിത്തുടങ്ങി. സ്വതന്ത്രവും വിലക്കുകളില്ലാത്തതുമായ വിശാലമായൊരു ഹൈവേയിലൂടെ. ഈ യാത ഒരു സുഖമാണ് .
ഒരു പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞു കാണും. കാറ് ഒരിടുങ്ങിയ തുരങ്കത്തിനുള്ളിൽ പ്രവേശിച്ചു. ചെറിയ പുക പോലെ തോന്നി. ഒപ്പം കാർബൺ മോണോക്സൈയിഡ് എന്ന വിഷ വാതകത്തിന്റെ നേരിയ ഗന്ധവും. പുകയുടെ കാഠിന്യവും ഗന്ധവും തുരങ്കത്തിന്റെ നീളവും കുടിക്കുടി വരികയാണ് . ഒടുവിൽ അവർ ക്ഷീണിതയായി മുന്നിലെ സ്റ്റിയറിംഗ് വീലിൽ തല ചായ്ച്ചു കിടന്നു . ആ കിടപ്പിൽ കുറെ നേരം കഴിഞ്ഞവർ ഉറങ്ങിപ്പോയി . കാർ അപ്പോഴും മുന്നോട്ട് കുതിച്ചുകൊണ്ടേയിരുന്നു.
വായിച്ചു.
ReplyDeleteഅവസാനം ഒന്നും മനസ്സിലയില്ലാ.
@കൂതറHashimܓ
ReplyDeleteവായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. അവസാനം ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കില്‍ എന്റെ പരാജയം തന്നെ ഹാഷിം. ഒന്നുകൂടെ പറ്റുമെങ്കില്‍ വായിച്ചു നോക്കു...ഹാഷിമിന് എന്തെങ്കിലും മനസ്സിലാവാതിരിക്കില്ല.