Saturday, March 26, 2011

തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം ഏഴ്‌, pyramids of mexico city

പരേതരുടെ പാതയും പിരമിഡുകളും

ബാസിലിക്ക സന്ദർശനം കഴിഞ്ഞു തിരിച്ചു ബസ്സിൽ ‍ കയറി ഒരു റെസ്റ്റാറെന്റിലെത്തി. അവിടെ നിന്നും ബുഫേ ലഞ്ച് കഴിച്ചു. ഉച്ചക്കുശേഷം ഞങ്ങളുടെ യാത്ര വളരെ കാത്തിരുന്ന കാഴ്ചകൾ ‍ നിറഞ്ഞ  സ്ഥലത്തേക്കാണ്‌...പിരമിഡുകൾ‍. കാണാൻ കൂടുതൽ ആഗ്രഹിച്ചിരുന്നത്  ഈജിപ്ഷ്യൻ പിരമിഡുകളാണ്. ഈജിപ്ഷ്യൻ പിരമിഡുകൾ ശവകുടീരങ്ങളാണെങ്കിൽ മെക്സിക്കൻ ‍ പിരമിഡുകൾ ക്ഷേത്രങ്ങളാണ്. എന്നാൽ ‍ ഈ ക്ഷേത്രങ്ങളില്‍ ആരാധനക്കൊപ്പം പൈശാചികമായ രീതിയിൽ ‍ മനുഷ്യകുരുതികൾ നടന്നിരുന്നു എന്നതാണ് സത്യം. കുരുതിക്കിരയായവർ  കൂടുതലും യുദ്ധങ്ങളിൽ ‍ പിടിക്കപ്പെട്ട ശത്രുക്കളാ ണെങ്കിലും അതിന്റെ രീതികൾ തികച്ചും പൈശാചികമായിരുന്നു . ജീവനോടെ ബന്ധിച്ചു കിടത്തി തലയിൽ കല്ലുകൊണ്ട് പല പ്രാവശ്യം അടിച്ചു കൊലപ്പെടുത്തുന്ന ഒരു രീതിയും അവർ‍ക്കുണ്ടായിരുന്നത്രേ.

ടിയോടിഹുവകാൻ‍ (Teotihuacan) , മെക്സിക്കോ സിറ്റിയിൽ ‍ നിന്നും ഏകദേശം 30 മൈൽ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. ഒരു കാലത്ത് സർവ പ്രാതാപങ്ങളോടും കൂടി നിലനിന്ന ആസ്ടെക് സാമ്പ്രജ്യത്തിന്റെ തലസ്ഥാനം. ഏകദേശം റോമാ സാമ്പ്രാജ്യത്തിനു സമകാലികമായിട്ടാണ് ടിയോടിഹുവകാൻ ‍ നിലനിന്നിരുന്നത്. BC 500 -ഓടു കൂടി വളരാൻ ‍ തുടങ്ങിയ ഈ സാമ്പ്രജ്യം AD 650 -ഓടെ നിലംപതിച്ചു . ഈ നഗരം അതിന്റെ ഏറ്റവും പ്രൗഠിയിൽ ശോഭിച്ചിരുന്നത് എ ഡി ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയിലാണ്, ഇക്കാലത്ത് അതിന്റെ അതിരുകൾ വടക്ക് ടെക്സാസ് വരെയും തെക്ക് ഗ്വാട്ടിമാലവരെയും എത്തിയിരുന്നു. അക്കാലത്ത് ഏകദേശം ഇരുനൂറായിരം പേര്‍ അവിടെ താമസിച്ചിരുന്നതായി പറയപ്പെടുന്നു. ഈ നഗരം അതിന്റെ അവസാനത്തിൽ ‍ കൈയ്യേറപ്പെടുകയും തീവച്ചു നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതേ കുറിച്ചും പല അഭിപ്രായങ്ങളുണ്ട് - തീവച്ചത് ആഭ്യന്തര കലാപം മൂലമാണെന്നും അതല്ല അവരുടെ ശക്തി ക്ഷയിച്ച സമയത്ത് പുറത്തു നിന്നും ആക്രമണമുണ്ടായതാണെന്നുമൊക്കെ. ഏതായാലും അടുത്ത കാലത്ത് ഇവിടെനിന്നും കണ്ടെടുത്ത കുട്ടികളുടെ അസ്ഥികൂടങ്ങളിൽ നിന്നും ഈ ജനത ഒരു സമയത്ത് വല്ലാത്ത വരൾ‍ച്ചയും ക്ഷാമവും അനുഭവിച്ചിരുന്നു എന്ന് കാണാം. ഒരു പക്ഷെ അതായിരിക്കാം ശക്തി ക്ഷയിക്കാനും ആഭ്യന്തരകലാപമുണ്ടാവനും കാരണം. കാണാൻ ‍ പോകുന്ന സ്ഥലത്തെ കുറിച്ചു ഒരു ചെറിയ വിവരണം തരുക എന്നതിൽ ‍ കവിഞ്ഞു ഈ അറിവുകളുടെ കൃത്യത എനിക്കവകാശപ്പെടാനാവില്ല. പലതും വായിച്ചതിൽ ‍ നിന്നും കണ്ടറിഞ്ഞതിൽ ‍ നിന്നും പിന്നെ എന്റെ അനുമാനങ്ങളിൽ ‍ നിന്നുമാണ് വിവരങ്ങൾ‍.

ഏകദേശം ഒരു മണിക്കൂർ ‍ യാത്ര ചെയ്താണ് ഞങ്ങൽ ‍ ടിയോടിഹുവകാനില്‍ എത്തിയത്. നഗരത്തോട് അടുക്കുമ്പോൾ ‍ പരുപരുത്ത കല്ലുകൾ ‍ കൊണ്ടുള്ള റോഡ്‌ ആയതിനാൽ ‍ ബസിനു വേഗത കുറവായിരുന്നു.





ഈ നഗരത്തിന്റെ വിവരണം തുടങ്ങേണ്ടത് ഇതിന്റെ അച്ചുതണ്ട് എന്ന് പറയാവുന്ന 'Avenue of the dead' അഥവാ പരേതരുടെ പാതയിലാണ് എന്ന് തോന്നുന്നു. ഈ റോഡ്‌ ശരിക്കും വടക്ക് കിഴക്കായല്ല, പതിനാറു  ഡിഗ്രിയോളം കിഴക്കോട്ടു മാറിയാണ് അത്. ഗ്രിഡ് ( Grid ) സ്റ്റൈലിൽ പണികഴിപ്പിച്ചിട്ടുള്ള ഈ നഗരവും ഈ റോഡുമായി എല്ലാ അർ‍ത്ഥത്തിലും സമരസപ്പെട്ടു നില്‍ക്കുന്നു. എല്ലാ വർഷവും വേനൽക്കാലത്തൊരു പ്രത്യക ദിവസം സുര്യൻ ‍ ഇതേ കോണിൽ ‍ ഉദിക്കുന്നു. ഈ ദിവസം അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരുന്നു - കൃഷിപരമായും മതപരമായും. റോഡിന്‍റെ ഒരു വശത്താണ് Temple of Quetzalcoatl . അല്‍പ്പം വടക്ക് മാറി പിരമിഡ് ഓഫ് ദി സൺ‍ . റോഡിന്‍റെ ഏറ്റവും വടക്കേ അറ്റത്താണ് പിരമിഡ് ഓഫ് ദി മൂൺ സ്ഥിതിചെയ്യുന്നത്. സാധാരണ പിരമിഡുകളുടെ അടിസ്ഥാനം ചതുരവും വശങ്ങൾ ‍ ത്രികോണവുമാണ് . എന്നാൽ ‍ ഇവിടുത്തെ പിരമിഡുകൾ വർത്തുളാകൃതിയിൽ ‍ നിർമിക്കപ്പെട്ടവയാണ് എന്നതാണ് സവിശേഷത. ഏറ്റവും മുകളിലാണ് ക്ഷേത്രം.




ബസ്‌ നിറുത്തിയ ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. തെക്ക് ഭാഗത്തുള്ള പ്രവേശന കവാടത്തിനു സമീപമാണ് വണ്ടി നിറുത്തിയത്. ആദ്യം പോയത്, പ്രവേശന കവാടത്തിനു അടുത്തുള്ള Temple of Quetzalcoatl -ലേക്കാണ്. ഇത് കുറെയൊക്കെ തകര്‍ന്ന നിലയിലാണ്. നഗരത്തിന്റെ പ്രധാന മത-രാഷ്ട്രീയ സിരാകേന്ദ്രമായിരുന്നു ഈ സ്ഥലം. Quetzalcoatl എന്നത് feathered serpent എന്ന സര്‍പ്പ ദേവനാണ്. ഈ ദേവന്‍ ആസ്ടെക് സംസ്കാരത്തിൽ മാത്രമല്ല മായൻ പോലെ മറ്റു സംസ്കാരങ്ങളിലും ഉണ്ടായിരുന്നു..പല പേരുകളിൽ. അക്കാലത്ത് മതവും രാഷ്ട്രീയും വേർ‍തിരിക്കാനാവാത്ത വിധം കൂടിച്ചേർന്നിരുന്നു. എന്നെ അതിശയിപ്പിച്ചത് തകർ‍ന്നു പോയെങ്കിലും ഭിത്തികളിൽ ‍ മായാതെയും മങ്ങാതെയും നിന്ന മ്യുറൽ പെയിന്റിങ്ങുകളാണ്. പ്രകൃതി, വിവിധ ആചാരങ്ങൾ, ഘോഷയാത്രകൾ‍, ആൾ രൂപങ്ങൾ ‍ എന്നിവയെല്ലാം തന്നെ പെയിന്റിങ്ങുകൾക്ക് വിഷയമായിട്ടുണ്ട്. റിയലിസ്റ്റിക് പെയിന്റിംഗുകൾ ‍ തൊട്ടു അബ്സ്ട്രാക്റ്റ് പെയിന്റിംഗുകൾ വരെ അവിടെ കാണാം. ഇവ  ശ്രദ്ധയോടെ പഠിക്കുന്ന ഒരാൾ‍ക്ക് വരകൾ‍ക്കും വർ‍ണങ്ങൾക്കുമപ്പുറത്തു ഒരു ജനതയുടെ ജീവിതവും സംസ്കാരവും കുടുതൽ ‍ മനസ്സിലാവും. എന്നാൽ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പറയേണ്ടതുണ്ട്. ചില ചിത്രങ്ങൾ ‍ വളരെ ലളിതമായ ശൈലിയിൽ ‍ വരക്കപ്പെട്ടവയാണെങ്കിലും മറ്റു ചിലത് പ്രതീകങ്ങളാലും അടയാളങ്ങളാലും ദുരൂഹങ്ങളാണ്.

ചുറ്റും മതിലുകളുള്ള വിശാലമായ ഒരു സ്ഥലത്തെത്തിയപ്പോൾ ‍,അവിടെ ഗാലറി പോലെ കെട്ടിയ കല്പടവുകളിൽ ഇരിക്കാൻ‍, ഗൈഡ് ഞങ്ങളോട് പറഞ്ഞു. എന്നിട്ട് ആ സ്ഥലത്തെപ്പറ്റി പറയാൻ തുടങ്ങി. പരേതരുടെ പാത ഈ നഗരത്തിന്റെ പ്രധാന കേന്ദ്രമായതിനാൽ ‍ ആ ഭാഗത്ത്‌ താമസിച്ചിരുന്നവർ പുരോഹിതന്മാരും പ്രഭുക്കളും അടങ്ങുന്ന സ്ഥലത്തെ പ്രധാന ദിവ്യന്‍മാരായിരുന്നു. സാധാരണക്കാർ ‍ കുറെ മാറിയാണ് താമസിച്ചിരുന്നത്. പ്രധാന തീരുമാനങ്ങൾ എടുക്കാനും മറ്റു സമ്മേളനങ്ങൾക്കായും ക്ഷേത്രത്തിന്റെ ഈ ഭാഗം ഉപയോഗിച്ചിരുന്നു എന്ന് അയാൾ പറഞ്ഞു.

Pyramid Of the Sun

അവിടുന്ന് ഞങ്ങള്‍ പോയത് സണ്‍ പിരമിഡിലെക്കാണ്. അവിടെ എത്തിയപ്പോള്‍ ഞങ്ങളുടെ ഗൈഡ് ചില അടിസ്ഥാന വിവരങ്ങള്‍ തന്നശേഷം ഒരു മൂന്ന് മണിക്കൂര്‍ ഞങ്ങള്‍ക്ക് നല്‍കി, ഒപ്പം ഒരു പ്ലാനും. ആദ്യം സണ്‍ പിരമിഡിന്റെ മുകളില്‍ കയറാം. അത് കഴിഞ്ഞു പരേതരുടെ പാതയിലുടെ വടക്കോട്ട്‌ നടന്നു മൂണ്‍ പിരമിഡിലെത്താം. വേണമെങ്കില്‍ അതിന്റെ മുകളിലും കയറാം. അത് കഴിഞ്ഞു മൂണ്‍ പിരമിഡിനടുത്തുകൂടിയുള്ള വഴിയിലുടെ ഏകദേശം പതിനഞ്ചു മിനുറ്റ് നടന്നാല്‍ മറ്റൊരു പാര്‍ക്കിംഗ് സ്ഥലമുണ്ട്. അവിടെ ഞങ്ങളുടെ ബസ്‌ കാത്തു കിടപ്പുണ്ടാവും.




ആസ്ടെക് സാമ്പ്രാജ്യത്തിന്റെ  പ്രതാപം ഏറ്റവും ഉന്നതിയിലായിരുന്ന ഏ ഡി  ഒന്നാം നൂറ്റാണ്ടോടെയാണ്‌ ഈ പിരമിഡ് നിര്‍മ്മിച്ചത്‌ എന്ന് കരുതപ്പെടുന്നു. അന്നത്തെ നിര്‍മാണ രീതി കല്ലുകള്‍ ഉപയോഗിച്ചായിരുന്നു. ഏകദേശം രണ്ടര  മില്യണ്‍ ടണ്‍ കല്ലുകളാണ് ഇത് നിര്‍മിക്കാന്‍ ഉപയോഗിച്ചത്. ഇത്തരം പിരമിഡുകളെല്ലാം തന്നെ തങ്ങളുടെ വാനശാസ്ത്രപരമായ പഠനങ്ങള്‍ക്ക് ഉതകുന്ന തരത്തിലും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ( ഇന്നത്തെ മെയ്‌ 19 നും ജൂലൈ 25 നും ) സുര്യന്‍ പിരമിഡിന്റെ ഉച്ചിയില്‍ എത്തുന്നു. ചതുരാകൃതിയിലുള്ള പിരമിഡിന്റെ വശങ്ങളില്‍ മുകളിലേക്ക് കയറുവാനുള്ള പടികളുണ്ട്. കിഴക്ക് ഭാഗത്തെ പടികള്‍ ഉദയ സുര്യനും പടിഞ്ഞാറ് ഭാഗത്തെ പടികള്‍ അസ്തമയ സുര്യനും അഭിമുഖമാണ്. അടുത്ത കാലത്ത് ഈ പിരമിഡിന്റെ ഒരു ഭാഗത്തായി ഒരു ഗുഹ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ അവിടെ ടൂറിസ്റ്റ്കള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.



ഞങ്ങള്‍ പടികള്‍ കയറാനാരംഭിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ ആവേശത്തോടെ പടികള്‍ കയറുന്നു. കുറെ കയറി കഴിഞ്ഞപ്പോള്‍ ഉയരങ്ങള്‍ എനിക്ക് പ്രശ്നമാണെന്നത് വീണ്ടും മനസ്സിലായി. ആദ്യത്തെ പ്ലാറ്റ് ഫോമാണ് ഏറ്റവും ഉയരത്തിലുള്ളത്, അവിടെയെത്തിയപ്പോഴേക്കും ഞാന്‍ കയറ്റം നിറുത്തി. തിരികെ വരുമ്പോള്‍ ഞാന്‍ അവിടെ തന്നെയുണ്ടാവും എന്ന് പറഞ്ഞു സുഹൃത്തിനെ പറഞ്ഞു വിട്ടു. വെറുതെ ദൂര കാഴ്ചകള്‍ കണ്ടു നടന്നു. എന്റെ സുഹൃത്ത്‌ ആവേശത്തോടെ മുകളിലേക്കുള്ള പടികള്‍ കയറി. നാൽപ്പതു  മിനിട്ടിനു ശേഷം അയാള്‍ തിരിച്ചെത്തി. ഞങ്ങള്‍ താഴെയിറങ്ങി, പരേതരുടെ പാതയിലുടെ മൂണ്‍ പിരമിഡിനെ ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി. റോഡിനിരുവശവും പലതട്ടുകളിലായി പണിതീര്‍ത്ത പ്ലാറ്റ്  ഫോമുകൾ  കണ്ടു. ഈ പ്ലാറ്റ് ഫോമുകൾക്ക് മുകളിലായി ചതുരാകൃതിയിലുള്ള അടിസ്ഥാനങ്ങളില്‍ ചെറിയ ബലി ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നത്രേ. റോഡിനിരുവശവും ശവകുടീരങ്ങള്‍ കണ്ടത്തില്‍ നിന്നും റോഡിനു ഈ പേര് വരാനുള്ള കാരണം മനസ്സിലായി.

Pyramid Of the Moon

റോഡിന്‍റെ വടക്കേ അറ്റത്താണ് പിരമിഡ് ഓഫ് ദി മൂണ്‍. ഞങ്ങള്‍ അതിനു മുന്നില്‍ എത്തി. ഞാന്‍ സുഹൃത്തിനോട്‌ ഇതിന്റെ മുകളിലും കയറണോ എന്ന് കളിയാക്കി ചോദിച്ചു. സണ്‍ പിരമിഡ് കയറുന്ന ഒരാള്‍ അതുകഴിഞ്ഞ് ഉടനെ മൂണ്‍ പിരമിഡിനു മുകളില്‍ കയറില്ല എന്ന് ഗൈഡ് പറഞ്ഞിരുന്നു. ശരിയാണ്. നന്നേ ക്ഷീണിച്ചത് കൊണ്ട് മൂണ്‍ പിരമിഡ് സ്കിപ് ചെയ്തു എന്നു സുഹൃത്ത് പറഞ്ഞു. ഇത് കുറച്ചു ഉയര്‍ന്ന ഭുമിയില്‍ പണി കഴിപ്പിച്ചിട്ടുള്ളതു കാരണം ഏകദേശം സണ്‍ പിരമിന്റെ തന്നെ ഉയരം തോന്നുമെങ്കിലും ശരിക്ക് ചെറുതാണ്. സണ്‍ പിരമിടിന്റെതിനെക്കാള്‍ നല്ല കാഴ്ചകള്‍ മൂണ്‍ പിരമിഡിന്റെ മുകളില്‍ നിന്നാണെന്നു പറഞ്ഞിരുന്നെങ്കിലും ക്ഷീണം കാരണം മുകളില്‍ കയറാന്‍ തുനിഞ്ഞില്ല.


കുറെ ഫോട്ടോകള്‍ എടുത്തു. കുറച്ചുനേരം വിശ്രമിച്ചു, പിന്നെ ഗൈഡ് പറഞ്ഞ വഴിയിലുടെ ഞങ്ങളുടെ ബസിനു നേര്‍ക്ക്‌ നടന്നു.






Mathrubhumi Yathra || തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം ഏഴ്‌, pyramids of mexico city

0 comments:

Post a Comment

Subscribe