Tuesday, March 15, 2011

തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം ആറ്‌,Basilica De Guadalupe /Virgin of Guadalupe


മെക്സികോ സിറ്റിയിൽ ‍ പ്രധാനമായി കണ്ടിരിക്കേണ്ടത് ടിയോടോഹുയകാൻ‍ (Teotohuacan ) തന്നെ.സിറ്റിയിൽ നിന്നും 30 മൈലുകൽ വടക്ക് മാറിയുള്ള ആസ്ടെക് സാമ്പ്രാജ്യത്തിന്റെ കേന്ദ്രസ്ഥാനം. ഇവിടെയാണ്‌ പേരുകേട്ട സൺ പിരമിഡും മൂൺ പിരമിഡും. അടുത്തത് ചപുൽ‍ടെപെക് (Chapultepec ) പാർ‍ക്കിലുള്ള നാഷണൽ ആന്ത്രോപ്പോളജി മ്യുസിയം ( National Anthropology Museum) ആണ്. 100,000 ചതുരശ്ര അടി വിസ്തീർണമുള്ള മ്യുസിയം . മെക്സിക്കോയിലെ പുരാതന സംസ്കാരങ്ങളെ ( ആസ്ടെക് , മായന്‍, അല്മെക് എന്നിവ പ്രധാനം ) അടുത്തറിയാൻ ഈ മ്യുസിയം വളരെയധികം സഹായിക്കും. ഓരോ സംസ്കാരത്തിനും പ്രത്യേക വിഭാഗം, അതിനുള്ളിൽ കാലഘട്ടം അനുസരിച്ച് വീണ്ടും തരം തിരിച്ചിരിക്കുന്നു. ഇനിയൊന്നു ചരിത്രമുറങ്ങുന്ന ദി സോക്കൊലോ (The Zocalo ), അഥവാ Plaza De La Constitution, ചുരുക്കിപ്പറഞ്ഞാൽ മെക്സിക്കോയുടെ എല്ലാക്കാലത്തെയും ഏറ്റവും വലിയ 'മെയിൻ സ്‌ക്വയർ‍'. ഇതിന്റെ വടക്കുഭാഗത്താണ് കത്തീഡ്രൽ. ഇതിനൊക്കെ പുറമേ വേറെയും സ്ഥലങ്ങൾ സോക്കൊലോയിൽ ഉണ്ട്, പക്ഷെ കുറെ സമയം അവിടെ ചെലവിടണം. ബാസലിക്ക ഡി ഗ്വടലുപ് ( Basilica De Guadalupe ) മറ്റൊരു ആകർഷണമാണ് . "Our Lady of Guadalupe " എന്നും " Virgin of Guadalupe എന്നും അറിയപ്പെടുന്ന കന്യാമറിയത്തെയാണ്‌ മെക്സിക്കൻ കത്തോലിക്കർ ഏറ്റവും കൂടുതലായി ആരാധിക്കുന്നത്.





ഹോട്ടലിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലും പിന്നെ ഞങ്ങളുടെ താല്‍പ്പര്യവും സമയവും കണക്കിലെടുത്തും മുഖ്യമായും ബാസലിക്ക ഡി ഗ്വടലുപും പിരമിഡുകളും കാണാന്‍ തീരുമാനിച്ചു. സ്ഥലങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ എനിക്ക് ഏറ്റവും കൌതുകമുണ്ടാക്കിയ സ്ഥലമാണ് ഈ ബാസലിക്ക, കാരണം ഇതിന്റെ നിർ‍മാണവുമായി ബന്ധപ്പെട്ടു വായിച്ച രസകരമായ കഥ തന്നെ. കുറെ വർഷങ്ങൾ ഇസ്രായേലിലും ബ്രസീലിലും ചിലവഴിച്ച എന്റെ ജൂത സുഹൃത്തിനു പള്ളികള്‍ എത്ര വലുതായാലും കാണുവാന്‍ വലിയ താല്‍പ്പര്യമില്ലായിരുന്നു. വിവിധ മത സംസ്കാരങ്ങളെക്കുറിച്ച് അവഗാഹമുണ്ടായിരുന്നതിനാലും ഒന്നാന്തരം ഒരു രസികനായിരുന്നതിനാലും കൂടെ കൊണ്ടുപോകാൻ എനിക്ക് താല്പര്യമായിരുന്നു. അവസാനം എന്നോടൊപ്പം കൂടാം എന്ന് സമ്മതിച്ചു.

Basilica De Guadalupe



ബാസിലിക്ക കാണുവാനായിരുന്നു ആദ്യയാത്ര. പറഞ്ഞ സമയത്ത് തന്നെ ബസ് ഹോട്ടലിൽ എത്തി. ഞങ്ങളുടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡ് ഉള്ളിൽ ‍ വന്നു പരിചയപ്പെട്ട ശേഷം കൂട്ടികൊണ്ട് പോയി. ഞങ്ങള്‍ പതിനൊന്നു പേരുണ്ടായിരുന്നു. ചിലര്‍ വടക്കേ അമേരിക്കയിൽ നിന്നും മറ്റു ചിലര്‍ യൂറോപ്പിൽ ‍ നിന്നും - എല്ലാപേരും ഇംഗ്ലീഷ് സംസാരിക്കുന്നവർ ‍. ഞങ്ങളെല്ലാം വളരെ പെട്ടെന്ന് കൂട്ടുകാരായി. രണ്ടോ മൂന്നോ ജോടികളെങ്കിലും റിട്ടയർ ‍ ചെയ്തശേഷം ലോകം കാണാന്‍ പുറപ്പെട്ടവരായിരുന്നു. മറ്റു ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലായിപ്പോൾ ‍ഇനിയുള്ള സമയം കാണാവുന്നത്ര സ്ഥലങ്ങൾ ‍ കാണണം - അവരിലൊരാൾ പറഞ്ഞു.

തെക്കേ അമേരിക്കയാകട്ടെ മെക്സിക്കൊയാകട്ടെ പ്രധാന ടൂറുകളെല്ലാം വളരെ പ്ലാൻ ‍ ചെയ്ത തരത്തിലാണ്.ഒന്നിനും ഒരു കൺഫ്യൂഷൻ ഇല്ല, ടിക്കറ്റുകൾ ‍ മുൻ‍കൂട്ടി എടുക്കുന്നതിനാൽ ഒരിടത്തും ക്യൂവിൽ നില്‍ക്കേണ്ടി വരില്ല, പിന്നെ നല്ല സ്ഥലത്ത് ഭക്ഷണം. ഇത്രയൊക്കെ തരപ്പെടുത്താൻ ‍ ബുക്കിംഗ് സമയത്ത് അവർ ‍ ആകെ നമ്മളോട് ആവശ്യപ്പെടുന്നത് ക്രെഡിറ്റ്‌ കാർ ‍ഡ്‌ നമ്പർ മാത്രം !

പേരുകേട്ട ബാസലിക്ക ഡി ഗ്വടലുപേ, മെക്സിക്കോ എന്ന രാജ്യത്തിന്റെ തന്നെ ആരാധനാകേന്ദ്ര മാണ്. പ്രീ-ഹിസ്പാനിക് ഇന്ത്യൻ ദൈവശാസ്ത്രത്തെ കത്തോലിക്കാ വിശ്വാസവുമായി കൂട്ടിചേർ‍ക്കാൻ ഉപയോഗിച്ച ഒരു ബിംബമായി ഇവിടുത്തെ 'വെർജിൻ മേരി' യെ കാണാവുന്നതാണ്. മെക്സിക്കോയുടെ മതചരിത്രവും സാംസ്കാരവും മനസ്സിലാക്കാൻ ‍ ആദ്യം ചെയ്യേണ്ടത്, ചിത്രങ്ങളിൽ ‍ നീല വെളിച്ചവുമായി നില്‍ക്കുന്ന "Our Lady Of Guadalupe " എന്ന കന്യാ മറിയത്തോട് രാജ്യവ്യാപകമായുള്ള ആരാധനയും വിശ്വാസവും മനസ്സിലാക്കുകയാണ്. ഹോട്ടലിൽ ‍ നിന്നും അവിടെയെത്തുന്നത് വരെ ഞങ്ങളുടെ ഗൈഡ് വളരെ ആലങ്കാരികമായും വലിച്ചു നീട്ടിയും മനോധർമ്മത്തോടെയും പറഞ്ഞത് ഞാൻ നേരത്തെ സൂചിപ്പിച്ച കഥയാണ്‌.


1531 ഡിസംബർ ഒൻപതിന് ഇന്ന് ബസിലിക്ക സ്ഥിതിചെയ്യുന്ന സ്ഥലത്തുവച്ച് വാൻ ഡിയാഗോ ( Juan Diego ) എന്ന പാവപ്പെട്ട ഇന്ത്യന്‍ വംശജന് ഒരു ദർ‍ശനം ഉണ്ടായി. നീല വെളിച്ചത്തിൽ ‍ അവിടെ കണ്ടത് സാക്ഷാൽ ‍ കന്യാമറിയത്തെ  തന്നെയായിരുന്നു. തിരിച്ചുവന്നു തന്റെ ബിഷപ്പിനോട് കാര്യം പറഞ്ഞെങ്കിലും അദ്ദേഹത്തിന് വിശ്വാസമായില്ല, വാനോട് തെളിവ് ആവശ്യപ്പെട്ടു. മൂന്നു ദിവസങ്ങൾ‍ക്കു ശേഷം വാന് അതെ സ്ഥലത്ത് വച്ച് വീണ്ടും ദര്‍ശനം ലഭിച്ചു. അയാൾ ബിഷപ്പിനായി കന്യാമറിയതോട് തെളിവ് ആവശ്യപ്പെട്ടു. അപ്പോൾ അയാൾ ‍ നിന്നിരുന്ന പാറക്കു മുകളിൽ ‍ റോസാ പുഷ്പങ്ങൾ ‍ വിരിയുവാൻ ‍ തുടങ്ങി. അവ ശേഖരിച്ചു തെളിവായി ബിഷപ്പിന് കൊടുക്കാൻ ‍ കന്യാമറിയം വാനോട് പറഞ്ഞു. അയാൾ ‍ പാറയിൽ വിരിഞ്ഞ ആ പുഷ്പ്പങ്ങൾ ‍ തന്റെ ഉടുപ്പിൽ ‍ പൊതിഞ്ഞെടുത്ത ശേഷം ബിഷപ്പിന്റെ മുന്നിലെത്തി. അത്ഭുതമെന്നു പറയട്ടെ, ഉടുപ്പ് നിവർ‍ത്തി പുഷ്പങ്ങൾ ‍ താഴെയിട്ടപ്പോൾ, കന്യാമറിയത്തിന്റെ രൂപം ആ ഉടുപ്പിൽ പതിഞ്ഞിരിക്കുന്നത് ബിഷപ്പ്‌ കണ്ടു. ഉടനെ ‍ തന്നെ വാന് ദർശനം കിട്ടിയ സ്ഥലത്ത് ഒരു പള്ളി പണിയുവാൻ ബിഷപ്പ് ഉത്തരവിട്ടു. പള്ളി പണി പൂര്‍ത്തിയായപ്പോള്‍ കന്യാമറിയത്തിന്റെ രൂപം പതിഞ്ഞ ആ ഉടുപ്പ് എല്ലാ ബഹുമതികളോടും കൂടി സ്വര്‍ണത്തിൽ ഫ്രെയിം തീർത്തു പള്ളിയിൽ വിശ്വാസികളുടെ ദർ‍ശനത്തിനായി വച്ചു. പിന്നീടുള്ള കാലമത്രയും ലക്ഷക്കണക്കിന്‌ വിശ്വാസികളുടെ പ്രവാഹമായിരുന്നു, പള്ളിയിലേക്ക്. വർ‍ഷങ്ങൾ കഴിയുന്തോറും പള്ളി വലുതാക്കാനും സൗകര്യങ്ങൾ വിപുലീകരിക്കനുമുള്ള ശ്രമങ്ങൾ ‍ നടക്കുകയുണ്ടായി.





1904 -ൽ ഇത് ഒരു ബാസിലിക്കയായി പ്രഖ്യാപിക്കപ്പെട്ടു.
ഗൈഡ്, ബാസിലിക്ക പ്രഖ്യാപനത്തിൽ കഥ അവസാനിപ്പിച്ചപ്പോഴാണ് അതുവരെയില്ലായിരുന്ന ഒരു പുതിയ സംശയം മനസ്സിൽ വന്നത്. അന്ന് വരെ പള്ളിയും കത്തീഡ്രലും ബാസിലിക്കയുമെല്ലാം എനിക്ക് ഒന്നുപോലായിരുന്നു. ഗൈഡ് ആധികാരികമായും ലളിതമായും പറഞ്ഞത് സത്യമായാലും ഇല്ലെങ്കിലും അയാളെക്കുറിച്ച് അഭിമാനം തോന്നി. ബിഷപ്പിന്റെ ആസ്ഥാനമായ പള്ളിയത്രേ കത്തീഡ്രൽ‍ .എന്നാൽ ‍ പ്രാധാന്യമുള്ള ഒരു പള്ളിയെ ബിഷപ്പിന്റെ ആസ്ഥാനമല്ലെങ്കിലും പോപ്പിന് മാത്രം അത് ബാസിലിക്കയായി പ്രഖ്യാപിക്കാം. എന്നിട്ട് അയാൾ ഒരു തെളിവ് പറഞ്ഞു. ബാസിലിക്കക്ക് ഒരു പരിശുദ്ധവാതായനമെങ്കിലും (ഹോളി ഡോർ‍) വേണമെന്നുണ്ട്. വാർത്തുളാകൃതിയിലുള്ള പുതിയ ബാസിലിക്ക ചൂണ്ടികാട്ടി അയാൾ പറഞ്ഞു "അതിനു ഏഴു പരിശുദ്ധ വാതായനങ്ങൾ ‍ ഉണ്ട്". പിന്നെ പുറത്തായി പോപ്പിന്റെ ഒരു വലിയ പ്രതിമയും.



1709 മുതൽ ‍ ഈ ബാസിലിക്കയുടെ ഘടന അടിത്തറയോടെ ഒരു ഭാഗത്തെക്ക് താഴാൻ തുടങ്ങി. ഒരുപക്ഷെ ഇത്രയധികം വിശ്വാസികളെ താങ്ങി നിറുത്തുവാനുള്ള തരത്തില്ലയിരിക്കില്ല അതിന്റെ ആദ്യത്തെ പ്ലാൻ‍. അകത്തുകയറിയാലും പുറത്തു നിന്നാലും ഇത് വ്യക്തമായി കാണുവാൻ കഴിയും. ഉള്ളിലെ എല്ലാ സജ്ജീകരണങ്ങളും ഒരു ഭാഗത്തേക്ക് ചരിഞ്ഞിരിക്കുന്നു. ഏതായാലും തൊട്ടടുത്ത്‌ തന്നെ വർത്തുളാകൃതിയിലുള്ള കൂറ്റൻ ബാസലിക്ക പണികഴിക്കപ്പെട്ടു. 1976 - ൽ പണികഴിക്കപ്പെട്ട ഈ പള്ളി 'പുതിയ ബാസിലിക്ക' യായി അറിയപ്പെടുന്നു. വെർജിൻ മേരിയുടെ ചിത്രം ഒരു ഭിത്തിയിൽ വളരെ ഉയരത്തിൽ ‍ സ്ഥാപിച്ചിട്ടുണ്ട്, പള്ളി ഹാളിൽ എവിടെ നിന്നാലും കാണാവുന്ന തരത്തിൽ‍. ഒരു സമയത്ത് 10 ,000 ആളുകൾ‍ക്ക് ഇരിക്കാവുന്നതാണ് ഇതിന്റെ ഹാൾ. വർ‍ഷത്തിൽ ‍ എല്ലായിപ്പോഴും വിശ്വാസികളുടെ തിരക്കാണെങ്കിലും ഹോളി ഡേ എന്നറിയുന്ന ഡിസംബർ 12 -നും ആ ദിവസം വരുന്ന ആഴ്ച്ചയുമാണ് ഏറ്റവും തിരക്ക്. വത്തിക്കാനിലെ സെന്റ്‌ പീറ്റെർഴ്‌സ് ദേവാലയം കഴിഞ്ഞാൽ ‍ ഏറ്റവും അധികം വിശ്വാസികൾ എത്തുന്നതു ഇവിടെയാണ്‌ എന്ന് പറയപ്പെടുന്നു.










 Mathrubhumi Yathra || തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം ആറ്‌, Basilica De Guadalupe /Virgin of Guadalupe of Mexico City

0 comments:

Post a Comment

Subscribe