Monday, March 7, 2011

തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - 5, എങ്ങിനെ ഞാൻ മറക്കും - മെക്സിക്കോ സിറ്റി








മെക്സിക്കോ സിറ്റിയിലെ അമേരിക്ക മോവിൽ (America Movil) കമ്പനി ആസ്ഥാനത്ത് ഒരു ദിവസം രാത്രി. ഏറ്റവും പുതിയ സെൽ ഫോൺ  സങ്കേതമായ 4G നെറ്റ്‌വർക്ക് ട്രയൽ നടത്തുവാനുള്ള ശ്രമമാണ്. അന്ന്  പതിവില്ലാതെ പുലർ‍ച്ചെ ഒരു മണിവരെ ജോലി ചെയ്യേണ്ടി വന്നു.
തിരിച്ചു ഞങ്ങൾക്ക് ഹോട്ടലിൽ എത്തണം. ഓഫീസിൽ നിന്ന് തന്നെ
ഒരു ടാക്സി തരപ്പെടുത്തി തന്നു. ഞാൻ വളരെ ലാഘവത്തോടെ ഗേറ്റിനടുത്തേക്ക് നടക്കാൻ ‍ തുടങ്ങിയപ്പോൾ ‍ സെക്യൂരിറ്റി ഗാർ‍ഡ് എന്നെ തടഞ്ഞു. അയാൾ തന്റെ ഹാൻഡ് ഗൺ എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് ഗേറ്റിനടുത്തേക്ക് ചെന്നു.  കൂറ്റൻ മതിലും ഗേറ്റും. ഞങ്ങൾ ‍ നോക്കി നില്‍ക്കെ ഗേറ്റിൽ ‍ തന്നെയുള്ള ഒരു ചെറിയ കിളിവാതിൽ അയാള്‍ മെല്ലെ തുറന്നു. അതിലുടെ നോക്കി പരിസരവും മറ്റും സുരക്ഷിതമെന്നുറപ്പിച്ചശേഷം ഗേറ്റു തുറന്നു ഞങ്ങളെ കാറിനുള്ളിൽ കയറ്റി. അന്ന് രാത്രിയിലെ ഇരുപതു മിനിറ്റ് കാർ യാത്ര , ഏറ്റവും പേടിച്ച ഒരു ദിവസ്സമായിരുന്നു. ചില ചുവന്ന ട്രാഫിക് ലൈറ്റ്കളിൽ ‍ നിറുത്താതെ ഡ്രൈവർ വണ്ടിയോടിച്ചു, വളരെ വേഗത്തിൽ‍. അസമയങ്ങളിൽ ചില പ്രദേശങ്ങളിലെ റെഡ് ലൈറ്റിൽ നിറുത്താതെ പോകാം എന്നത് അവിടെ നിയമപരമായി അനുവദിച്ചിട്ടുള്ളതാണത്രേ. ബ്രസീലിലും ഇങ്ങനെയുണ്ടെന്നു കേട്ടിട്ടുണ്ട്.

ഞാനിത്രയും എഴുതാൻ ‍ കാരണം പോകുന്നത് മെക്സിക്കോ  സിറ്റിയിലെക്കാണെങ്കിൽ പ്രത്യേകം സൂക്ഷിക്കണം എന്ന് സൂചിപ്പിക്കാനാണ്. ആയിരക്കണക്കിനാളുകളാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടു ഒരു വർഷം കൊല്ലപ്പെടുന്നത്. 2008 -ൽ മെക്സിക്കോ സിറ്റിയിൽ ‍ മാത്രം ഏകദേശം അയ്യായിരം പേർ‍. ഇപ്രാവശ്യം എനിക്ക് കൂട്ട് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ജുതനാണ്. മെക്സിക്കോ സിറ്റി വിമാനത്താവളത്തിൽ ‍ തമ്മിൽ കണ്ട ശേഷം ഞങ്ങളുടെ ലോക്കൽ ‍ ഓഫീസ് തരപ്പെടുത്തിയ ടാക്സിയിൽ ഹോട്ടലിൽ ‍ എത്താം എന്നതായിരുന്നു പ്ലാൻ‍. ചിക്കാഗോയിൽ ‍ നിന്നും ഒരു നാല് മണിക്കൂർ മാത്രം. ഞങ്ങൾ എയര്‍ പോർ‍ട്ടിനു പുറത്തു വന്നതും  ഒരാൾ ‍ ഞങ്ങളുടെ പേരുകൾ എഴുതിയ ഒരു കടലാസ്സുമായി കാത്തു നില്‍പ്പുണ്ടായിരുന്നു. ഞങ്ങൾ കാറിൽ ‍ കയറി. അയാൾ വണ്ടിയോടിച്ചു തുടങ്ങി.

ഒരു ഒഴിഞ്ഞ സ്ഥലത്തെ പെട്രോൾ പമ്പിൽ കൊണ്ട് നിറുത്തി, കാറിൽ
പെട്രോള്‍ ഒഴിച്ചു. രാത്രി എട്ടു മണിയായിക്കാണും, എന്നാലും കാറിനു ചുറ്റും
ഭിക്ഷ ചോദിച്ചു നില്‍ക്കുന്ന പാവപ്പെട്ട കുട്ടികൾ . ഒരു നിമിഷം മുംബൈ ജീവിതം മനസ്സിലോടിയെത്തി. അവിടെയും ഇതുപോലെ കാഴ്ചകൾ  ധാരാളമാണല്ലോ. ഞാനോർ‍ത്തു ഒരു തയ്യാറെടുപ്പും കൂടാതെയാണല്ലോ ഇയാൾ ടാക്സിയുമായി ഇറങ്ങിയിരിക്കുന്നത്. കാറിൽ ‍ പെട്രോൾ ഒഴിച്ച ശേഷം ഒരു കാനിൽ ‍ പെട്രോൾ റിസ്സർവു ആയി പുറകിലെ ട്രങ്കില്‍ വച്ചു. ആവു - ആശ്വാസം വഴിയിൽ പെട്രോളില്ലാതെ നിന്ന് പോവില്ലല്ലോ. എന്നാൽ ‍ പിന്നെയാണ് പെട്രോള്‍ വാങ്ങി വച്ചതിന്റെ പൊരുൾ മനസ്സിലായത്‌. അവിടെ നിന്നും ഹൈവേ എടുത്തിട്ടാണ് ഞങ്ങൾ‍ക്ക് ഹോട്ടലിൽ ‍ എത്തേണ്ടത് എന്നറിയാമായിരുന്നു.  എന്നാൽ അയാൾ ഹൈ വേയിൽ ‍ കയറാതെ വണ്ടി മറ്റേതൊക്കെയോ  വഴികളിലുടെ ഓടിക്കാൻ ‍ തുടങ്ങി. ഞങ്ങൾ‍ക്ക് സംശയമായി. എന്റെ സുഹൃത്ത് അറിയാവുന്ന സ്പാനിഷിൽ ‍ എന്തോ ചോദിച്ചു. അയാൾ ‍ ഒന്ന് തിരിഞ്ഞു  നോക്കയതല്ലാതെ ഒന്നും മിണ്ടിയില്ല. പിന്നെ ഞങ്ങളും ഒന്നും മിണ്ടിയില്ല.

പെട്ടെന്നൊരിടത്തു കാറ് നിറുത്തി. അവിടെ മറ്റൊരു കാർ ‍ കി ടപ്പുണ്ടായിരുന്നു. ഞങ്ങളുടെ ഡ്രൈവർ ‍ പുറത്തിറങ്ങി ട്രങ്ക് തുറന്നു കാനിലെ പെട്രോൾ എടുത്തു ചത്തു കിടന്ന വണ്ടിയുടെ ഡ്രൈവർ ‍ക്ക് കൊടുത്തു. അവർ പരസ്പരം സംസാരിച്ചതെയില്ല. ഞങ്ങളുടെ ഡ്രൈവര്‍ തിരച്ചു വന്നു കാറിൽ  കയറി വണ്ടി ഓടിക്കാൻ തുടങ്ങി.

ഇന്ന്, തലസ്ഥാനമായ മെക്സിക്കോ സിറ്റി ഒൻപതു മില്യൺ ‍ ജനസംഖ്യയുള്ള നഗരമാണ്. അമരിക്ക ഭൂഖണ്ഡത്തിൽ ഏറ്റവും  ജനബാഹുല്യമുള്ള നഗരം. അതുപോലെ തന്നെ സാധാരണക്കാരന് ഒട്ടും സുരക്ഷിതത്വം ഇല്ലാത്ത സ്ഥലം. രാജ്യത്തിന്റെ സാംസ്കാരികവും, സാമ്പത്തികവും, രാഷ്ട്രീയപരവുമായ കേന്ദ്ര സ്ഥാനമാണ് മെക്സിക്കോ സിറ്റി.

സമുദ്ര നിരപ്പിൽ ‍ നിന്നും 2250 മീറ്റർ ഉയരത്തിൽ ‍ വാലി ഓഫ് മെക്സിക്കോ
(Vally of Mexico) യിലാണ് നഗരം സ്ഥിതി ചെയ്യുന്നത് . മെക്സിക്കോ സിറ്റി 1325 -ൽ ‍ ആസ്ടെക് സാമ്പ്രാജ്യത്തിന്റെ തലസ്ഥാനമായി ലേക്ക് ടെക്സ്കൊക്കോ (Lake Texcoco ) എന്ന തടാകത്തിലെ ഒരു ദ്വീപിൽ ആണ് നിർ‍മിക്കപ്പെട്ടത്. അന്ന് അതിന്റെ പേര് ടെനോചിറ്റ്ലാൻ (Tenochtitlan) എന്നായിരുന്നു. സ്പാനിഷ്‌ അധിനിവേശ കാലത്ത് നഗരം പൂര്‍ണമായി നശിപ്പിക്കപ്പെടുകയും പിന്നീട് സ്പാനിഷ്‌ രീതിയിൽ ‍ വീണ്ടും പുനർനിർമിക്കപ്പെടുകയും ചെയ്തു. 1524 -ൽ ‍ മുനിസിപ്പാലിറ്റി ഓഫ് മെക്സിക്കോ (Municipality of Mexico) സ്ഥാപിതമാവുകയും അത് സ്പാനിഷ്‌ കോളനിയുടെ സാമ്പത്തിക, ഭരണ സിരാകേന്ദ്രമാവുകയും ചെയ്തു. ഈ സിറ്റിയുടെ പ്രത്യേകത ചരിത്രത്തിന്റെ ഭാഗമായതൊന്നും നശിപ്പിച്ചു കളയാതെയാണ് പുതിയ നിർ‍മാണ പ്രവര്‍ത്തങ്ങള്‍ നടത്തിയത് എന്നതാണ്.

ഏകദേശം 45 മിനിട്ടുകൾ‍ക്ക് ശേഷം കാർ ‍ ഹോട്ടലിൽ എത്തി. ഇവിടെയാണ്‌
ഞങ്ങളുടെ ടീമിലെ മറ്റു മെക്സിക്കോക്കാർ ‍ താമസിക്കുന്നത്. ഞങ്ങൾ‍ക്ക്
ഹോട്ടൽ ‍ ഇഷ്ട്ടപ്പെട്ടതേയില്ല. എന്നാൽ ‍ ഭാഷയുടെ പ്രശ്നങ്ങൾ ‍ കാരണം  അവിടെ അവരോടൊപ്പം കഴിയാൻ ‍ തീരുമാനിച്ചു. അവർ‍ക്ക് പരിചയത്തിലുള്ള ഹോട്ടലാണത്രേ. ഈ ഹോട്ടലും എനിക്ക്  മറക്കാനാവാത്തതാണ്; ഇനി പറയാൻ പോകുന്ന കാരണം കൊണ്ട്.

വളരെ സൗകര്യങ്ങളുള്ള ഹോട്ടലായിരുന്നിട്ടു കൂടി ഇംഗ്ലീഷ് പറയുന്നവർ  കുറവായിരുന്നു. ഒരു ദിവസം വൈകുന്നേരം ഒൻ‍പതാമത്തെ നിലയിലുള്ള ഫിറ്റ്നെസ് സെന്ററിൽ നിന്നും കുടിക്കുവാൻ വെള്ളമെടുക്കാൻ ‍ ഞാൻ ‍ പോയി. അവിടെ വെള്ളമില്ലായിരുന്നു. താഴെ വന്നു റോഡിലിറങ്ങി ബോട്ടിൽ ‍ വെള്ളം വാങ്ങാം എന്ന് കരുതി ഞാൻ ‍ ലിഫ്റ്റിൽ കയറി. എന്റെ നിർ‍ഭാഗ്യം എന്ന് പറയട്ടെ, അത് പകുതി വച്ച് നിന്ന് പോയി.ഞാൻ ഫോൺ എടുത്തിരുന്നില്ല. ചെറുതായൊന്നു അമ്പരന്നു. ലിഫ്റ്റിനുള്ളിലെ അലാറം അമർത്തി നോക്കി. ഈ അലാറം ഫ്രന്റ് ടെസ്ക്കിൽ കേൾക്കുമന്നും ആരെങ്കിലും സഹായത്തിനെത്തുമെന്നും കരുതി. എന്നാൽ ഏകദേശം അൻപത്തഞ്ചു മിനിട്ടോളം ഒന്നും സംഭവിച്ചില്ല. ഒരു ചെറിയ ലിഫ്റ്റ്‌ ആയിരുന്നു അത്, നാലുപേർക്ക് മാത്രം കയറാവുന്നത്. എനിക്ക് ഒരു തരം ഏകാന്തതയും ഭയവും തോന്നാൻ ‍ തുടങ്ങി. ഞാൻ തറയിൽ ‍ ഇരുന്നു. ഇടയ്ക്കു എണീറ്റ്‌ അലാറം അമർ‍ത്തി.

പെട്ടെന്നൊരു ശബ്ദം ലിഫ്റ്റിലുള്ള സ്പീക്കറിലുടെ, " ഐ സീ യു സർ ‍ - ഐ ആം ട്രയ്യിംഗ് ടു ഹെല്പ് യു " . ഫ്രന്റ്‌ ടെസ്ക്കില്‍ ഇരുന്നയാളിന്റെ ശബ്ദമാണ്. അയാൾക്ക് എന്നെ കാണന്നുണ്ടത്രേ. പിന്നെയെനിക്ക്‌ മനസ്സിലായി കഴിഞ്ഞ കുറെ സമയമായി  അയാളെന്നെ കാണുന്നുണ്ടായിരുന്നു. എന്നാൽ എന്റെ അലാറത്തിന് ഏതെങ്കിലും ഒന്നിനു പോലും അയാള്‍ പ്രതികരിച്ചില്ല. അയാൾ ‍ ലിഫ്റ്റ്‌ താഴെയിറക്കാൻ ശ്രമിക്കുന്നു. പക്ഷെ കഴിയുന്നില്ല. വളരെ പ്രയാസ്സപ്പെട്ടു ലിഫ്റ്റ്‌ കുറച്ചൊന്നു തുറന്നു. ഇപ്പോൾ ‍ എനിക്ക് അയാളെ കാണാം. മൂന്നാം നിലക്കും രണ്ടാം നിലക്കും ഇടയിലായാണ് ലിഫ്റ്റ്‌ നിന്നുപോയത്. അയാൾ‍ക്ക്‌ പറ്റുന്നില്ലെങ്കിൽ ‍ എമർജൻസി ഹെൽപ്പിനെ വിളിക്കാൻ അൽപ്പം മാത്രം തുറന്ന ലിഫ്റ്റ് വാതിലിൽ ചേർന്ന് നിന്ന് അയാളെനോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. വിളിച്ചു കഴിഞ്ഞെന്നു അയാൾ‍. എപ്പോ എത്തും എന്ന ചോദ്യത്തിന്, ഒരു പിടിയുമില്ല എന്ന തണുപ്പന്‍ പ്രതികരണമാണ് എനിക്ക് കിട്ടിയത്.

കുറച്ചു കഴിഞ്ഞു എന്റെ കൂടെ ജോലിചെയ്യുന്ന ഒരു മെക്സിക്കൻ സഹപ്രവർ‍ത്തകനെ റൂമിൽ ‍ നിന്നും വിളിക്കാൻ ‍ ഞാൻ ‍ പറഞ്ഞു. അയാള്‍ താഴെ വന്നു. ഞാൻ ‍ നടന്ന വിവരം പറഞ്ഞു, എന്നെ പുറത്തിറക്കാൻ
വേണ്ടത് ചെയ്യണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ ‍ അയാളിലെ തണുപ്പൻ
പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി. ഹോട്ടൽ ജീവനക്കാരൻ ‍ ൽ‍പ്പിനു ശ്രമിക്കുന്നുണ്ടെന്നും അത് വരുന്ന വരെ ഞാൻ ‍ കാത്തിരിക്കണമെന്നും പറഞ്ഞു എന്റെ സഹ പ്രവർ‍ത്തകൻ ‍ സ്വന്തം മുറിയിലേക്ക് പോയി.

ഏതായാലും പുറത്തു നിന്ന് ആരും വന്നില്ല. എന്നാൽ അൽ‍പ്പ സമയത്തിന് ശേഷം  അയാൾ‍ക്ക്‌ ലിഫ്റ്റ്‌ താഴെ എത്തിക്കാൻ ‍ കഴിഞ്ഞു, ഞാൻ ‍ ലിഫ്റിനുള്ളിൽ ‍ നിന്നും പുറത്തു വന്നു. പിന്നെ അന്ന് രാത്രി ഞങ്ങൾ ‍ അത്താഴത്തിനു പോയപ്പോൾ ‍ ഞാൻ ഒന്നു കൂടി പ്രശ്നം അവതരിപ്പിച്ചെങ്കിലും എനിക്ക് മനസ്സിലായത്‌ മെക്സിക്കോയിൽ ലിഫ്റ്റ്‌ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ ‍ വല്ലപ്പോഴുമൊക്കെ നിന്നുപോകുന്ന ലിഫ്റ്റിൽ ‍ ക്ഷമയോടിരിക്കാനും ശീലിക്കണമെന്നാണ്. ഏതായാലും അടുത്ത ദിവസ്സം
തന്നെ ആ ഹോട്ടലിൽ ഒഴിഞ്ഞു. മറ്റൊരിടത്തേക്ക് ഞങ്ങൾ താമസം മാറി.

പൊതുവേ ആളുകൾ ‍'ഈസി ഗോയിംഗ്' ആണ്. അവർക്ക് കൂടുതൽ ‍ സമ്മർദ്ദം എടുക്കുന്നതിഷ്ട്ടമല്ല. ഞങ്ങളുടെ ഒരു ദിവസം എഴുതുന്നത്‌  വായനക്കാർക്ക് അവരുടെ ലൈഫ് സ്റ്റൈല്‍ മനസ്സിലാക്കാൻ സഹായകമാവും.  സമയം അത്രയ്ക്ക് അവർ ‍ കാര്യമാക്കാറില്ല. നമ്മൾ 'ഇന്ത്യൻ ‍ സ്റ്റാൻഡേർഡ് സമയം' എന്നൊക്കെ പറയുന്ന ഒരു രീതിയാണവിടെ.
രാവിലെ എട്ടര മണിക്ക് ഞങ്ങൾ പ്രഭാത ഭക്ഷണത്തിനിറങ്ങും. ബ്രേക്ക്‌ ഫാസ്റ്റ്
വളരെ പ്രധാനമാണ്. അത് കഴിഞ്ഞു ടാക്സിയിൽ ‍ ഓഫീസിൽ എത്തുമ്പോൾ ‍ മണി പത്തുകഴിഞ്ഞിരിക്കും. ആളുകൾ വന്നു തുടങ്ങുന്നതെ ഉണ്ടാവു. നേരത്തെ വന്നു ജോലി ചെയ്യാമെന്ന് വിചാരിച്ചാൽ ‍ ഒരു പക്ഷെ നമ്മൾ
ഒറ്റപ്പെടും. ഉച്ചക്ക് ഒരൊന്നര മണിയാവുമ്പോൾ ലഞ്ചിനു പോകും. സാധാരണ
ഗതിയിൽ ‍ ഒരു നാല് മണിയാവുമ്പോൾ ‍ തിരിച്ചെത്തും. ക്രെഡിറ്റ്‌ കാർ‍ഡ്‌
പ്രോസിസ്സിംഗ് പലപ്പോഴും അവർ‍ക്കൊരു ഭാരമാണെന്ന് തോന്നിയിട്ടുണ്ട്.
ലഞ്ച് കുശാലാണ്. അത് സമയമെടുത്ത്‌ തികച്ചും ആസ്വദിച്ചു തന്നെ കഴിക്കണം.

പൊതുവെ നാരങ്ങാ പ്രിയരാണവർ. എന്തിലും നാരങ്ങ നീരോഴിക്കും. ഒരു ബിയർ ‍ വാങ്ങിയാൽ ആദ്യം കാൽ കപ്പ്‌ നാരങ്ങ നീര് ഗ്ലാസിലൊഴിക്കും. അതിനുശേഷം ബിയർ ഒഴിക്കും. ബിയറിൽ ‍ നാരങ്ങ നീരോഴിക്കുന്നതെന്തിനാണ് എന്ന് ചോദിച്ചപ്പോൾ ഒരാൾ ‍ പറഞ്ഞത് ഒരിക്കൽ ‍ ഒരു ഫുട് ബോൾ ‍(ഫുട് ബോൾ പ്രേമികളാണല്ലോ മെക്സിക്കോക്കാർ‍ ) മത്സര ത്തിനിടക്ക് കൊറോണ ബിയറിന്റെ പരസ്യത്തിൽ ‍ ഇങ്ങിനെ നരങ്ങ നീര് പിഴിഞ്ഞ് ഒഴിച്ച ശേഷം ബിയർ കുടിക്കുന്ന ഒരു രീതി കാണിച്ചു വെന്നും പിന്നെ അത് ആളുകൾ ‍ ശീലമാക്കി എന്നുമാണ്. ഒരു ഫുട്ബോൾ  മത്സരം നടക്കുമ്പോഴാണ് ഞങ്ങൾ കഴിക്കാൻ കയറുന്നതെങ്കിൽ മത്സരം തീരുന്നത്
വരെയാണ് ലഞ്ചു ബ്രേക്ക്. വലിയ ടീവികൾക്ക് മുന്നിലിരുന്നു ബിയറും കുടിച്ചു മത്സരം കാണുന്നത് അവർ‍ക്കൊരു ഹരമാണ്.






ഇനി കുറച്ചു ചരിത്രവും രാഷ്ട്രീയവും .
പിൽക്കാലത്ത് വന്ന ആസ്ടെക് സാമ്പ്രാജ്യത്തിനു മുമ്പ് മായന്‍, ഓൾ‍മേക്സ് ,
ടോൾ ടെക്സ് എന്നീ സംസ്കാരങ്ങൾ മെക്സിക്കോയിൽ ‍ നിലനിന്നിരുന്നു. ഹെർനാണ്ടോ കോർട്ടസ് (Hernando Cortes) എന്ന സ്പാനിഷ് അധിനിവേശത്തലവന്റെ (1519 -1521) കാലത്താണ് ആസ്ടെക്കുകളെ കീഴ്‌പ്പെടുത്തുന്നത്. പിന്നീടു മൂന്നു നൂറ്റാണ്ട് മെക്സിക്കോ സ്പാനിഷ്‌ ഭരണത്തിലായിരുന്നു . 1821 -ലാണ് സ്വാതന്ത്ര്യം കിട്ടുന്നത്‌. പിന്നെയൊരൻപതു  വർഷക്കാലം ഏകാധിപതിമാരുടെയും ചക്രവർത്തിമാരുടെയും ഭരണമായിരുന്നു. 1836 -ലെ യുദ്ധത്തിൽ ഇന്നത്തെ ടെക്സാസ് അമേരിക്കയുടെ ഭാഗമായി. പിന്നീടു പത്തു വർഷം കഴിഞ്ഞു നടന്ന യുദ്ധത്തിൽ കാലിഫോർണിയ, നെവാട , യൂട്ട (utah), ന്യൂ മെക്സിക്കൊയുടെയും കൊളറാഡോയുടെയും മിക്കവാറും ഭാഗങ്ങൾ എന്നിവ അമേരിക്കയുടെ അധീനതയിലായി.

പിന്നീടു ആദിമ ഇന്ത്യൻ ദേശസ്നേഹിയായ ബെനീറ്റോ ജുവരെസ് (Benito Juárez )
അധികാരത്തിൽ ‍ വരുകയും കാത്തോലിക്കാ ചർ‍ച്ചിന്റെ അധികാരത്തിൽ
നിന്നും രാജ്യത്തെ വിമോചിപ്പിക്കുവാൻ ശ്രമങ്ങൾ ‍ നടത്തുകയും ചെയ്തു.
തുടർന്നുണ്ടായ ആഭ്യന്തരകലാപത്തിൽ ‍ ഫ്രഞ്ച്കാർ അധികാരം ഏറ്റെടുത്തൂ.
1867 -ലെ സായുധ വിപ്ലവത്തിലുടെ വീണ്ടും ബെനീറ്റോ ജുവരെസ് പ്രസിഡന്റായി.

പിന്നീടുള്ള കുറെക്കാ ലം രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ കാലമായിരുന്നെങ്കിലും 1920 മുതൽ ‍ രാഷ്ട്രീയപരമായും സാമുഹ്യപരമായും കാർഷികമായും  മെക്സിക്കോ മുന്നേറുവാൻ തുടങ്ങി. പിന്നീടു ചുരുക്കിപ്പറഞ്ഞാൽ ‍ ഇരുപതാം നൂറ്റാണ്ടു മുഴുവൻ ‍ മെക്സിക്കോയെ നിയന്ത്രിച്ചത് പില്‍ക്കാലത്ത് ഇന്സ്ടിട്യൂഷണൽ ‍ റവല്യൂഷണറി പാർട്ടി ( IRP )
എന്നറിയപ്പെട്ട രാഷ്ട്രീയ നേതൃത്വം ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തെ തുടർ‍ന്ന് മെക്സിക്കോ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമാക്കുകയും 70-കളുടെ മധ്യത്തിൽ ‍ മെക്സിക്കോ പ്രധാന പെട്രോളിയം ഉല്പാദകരായി മാറു കയും ചെയ്തു . 1994 -ൽ ‍ അമേരിക്കക്കും കാനഡക്കുമൊപ്പം മെക്സിക്കോ നോർ‍ത്ത് അമേരിക്കൻ ഫ്രീ ട്രേഡ് എഗ്രിമെന്റിൽ (NAFTA ) അംഗമായി. (പുതിയ അമേരിക്കൻ പ്രസഡന്റ് ട്രംപിന് മെക്സിക്കോയും കാനഡയുമായുള്ള വ്യാപാരത്തിന് NAFTA യല്ലാതെ പുതിയ കരാർ വേണമെന്നാണ് എന്നറിയാവുന്നതാണല്ലോ ). പിന്നീട് 1996-ൽ ‍ വേൾഡ് ട്രേഡ്  ഓർഗനൈസഷനിൽ (WTO ) സ്ഥാപക അംഗമായി. രണ്ടായിരത്തിലെ
പ്രസിഡൻഷ്യൽ ‍ ഇലക്ഷനിൽ ‍ IRP പരാജയപ്പെട്ടു, ആദ്യമായി,
71 വർഷങ്ങൾക്കു ശേഷം. കഴിഞ്ഞ പത്തുവർ‍ഷമായി രാജ്യം നേരിടുന്ന ഏറ്റവും വല്യ ആഭ്യന്തര പ്രശ്നം മയക്കുമരുന്ന് കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട അക്രമങ്ങളുമാണ്.

മെക്സിക്കോക്ക് വടക്ക് യു, എസ്. എ അതിരിട്ടു കിടക്കുന്നു, തെക്കുകിഴക്കായി
ബെലീസും ( belize ) ഗ്വാട്ടിമാലയും ( guatemala ).

മെക്സിക്കോ സിറ്റിയിൽ ‍ കാണേണ്ടത് എന്തൊക്കെയാണ് എന്നൊരു
ധാരണയുണ്ടാക്കിയ ശേഷം ഒരു വാരാന്ത്യത്തിൽ ‍ ടൂർ ‍ പോകാൻ ഞങ്ങൾ ‍ തീരുമാനിച്ചു.ഏറ്റവും പ്രധാനം സിറ്റിയിൽ ‍ നിന്നും കുറച്ചു അകലെയായുള്ള
ആസ്ടെക് പിരമിഡുകൾ ‍ തന്നെ, കൂടാതെ മറ്റു ചിലതും. അതിന്റെ വിശേഷങ്ങൾ ‍ അടുത്തയാഴ്ച..



Mathrubhumi Yathra || തെക്കേ അമേരിക്കന്‍ കുറിപ്പുകള്‍ - ഭാഗം അഞ്ച്‌, mexico city

0 comments:

Post a Comment

Subscribe