പിന്നീടെപ്പോഴോ ഉണ്ടായ കോവിഡ് ചിന്തകളിലാണ്, സയൻസ് മാഗസിനിൽ (/2020/07) വായിച്ചൊരു ലേഖനം വീണ്ടും തെളിഞ്ഞത്. പ്രസിദ്ധ ആരോഗ്യ പ്രവർത്തകയായ എലൻ ടി ഹോൻ (Ellen F. M. 't Hoen) പറയുന്നു: സമ്പന്ന രാജ്യങ്ങളിലെ അപകട സാധ്യത കുറഞ്ഞവർക്ക് വേഗത്തിലും എളുപ്പത്തിലും വാക്‌സിൻ ലഭിക്കുകയും എന്നാൽ സൗത്ത് ആഫ്രിക്കയിലെ ആരോഗ്യപ്രവർത്തകന് ആവശ്യമുണ്ടെങ്കിലും അതു ലഭ്യമാവാതെയും വരുന്നത് അപഹാസ്യമാണ്. അതുകൊണ്ടാണ് ആദ്യ ഡോസുകൾ ലഭിക്കേണ്ടത് ആരോഗ്യ പ്രവർത്തകർക്കും, മറ്റു രോഗങ്ങളാൽ അപകട സാധ്യത കൂടിയവർക്കും , ശേഷം രോഗ വ്യാപന സാധ്യതയേറിയ സ്ഥലങ്ങളിൽ വസിക്കുന്നവർക്കും ഏറ്റവുമൊടുവിൽ മറ്റുള്ളവർക്കും എന്ന ക്രമം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതാണ് ഫലപ്രദവും നീതിപൂർവവുമായ രീതി.
COVID-19 വാക്‌സിൻ ആദ്യ ഡോസുകൾ ആദ്യം ലഭിക്കേണ്ടത് ദേശഭേദമില്ലാതെ ഏറ്റവും അത്യാവശ്യക്കാർക്കാണെങ്കിലും അങ്ങിനെയല്ല സംഭവിക്കാൻ പോകുന്നത് എന്ന ആശങ്കയാണ് ഈ കുറിപ്പിനു പ്രേരകമായിട്ടുള്ളത്.
ഡിസംബർ 7, 2020 കണക്കനുസരിച്ചു ലോകത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 60.7 മില്യൺ കടന്നിരിക്കുന്നു; 1.4 മില്യൺ മരണങ്ങൾ. അമേരിക്കയിൽ മാത്രം 14.9 മില്യൺ രോഗബാധിതർ; മരണം 2.83 മില്യൺ. വാക്‌സിൻ തയ്യാറാവുന്നത് ആശ്വാസമെങ്കിലും, ലോകത്താകമാനം വ്യാപനം നിയന്ത്രണത്തിലാവുകയും (വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന ഒരു സമൂഹത്തിൽ വാക്‌സിനേഷൻ വേണ്ടത്ര പ്രയോജനം ചെയ്യില്ല എന്ന് വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നു) വാക്‌സിനേഷൻ എന്ന പ്രക്രിയ ഫലപ്രദമായി നടപ്പിലാവുകായും ചെയ്യുമ്പോൾ മാത്രമേ ലോക സാമ്പത്തിക വ്യവസ്ഥക്കുമേൽ ഈ മഹാമാരിയേൽപ്പിച്ച ആഘാതത്തിൽ നിന്നും ലോകസമൂഹം രക്ഷപെടാൻ തുടങ്ങി എന്ന് പറയാനാവൂ.
രാജ്യങ്ങളെ പ്രത്യേകമായെടുക്കുമ്പോൾ, മേൽപ്പറഞ്ഞ തരത്തിലുള്ള വിതരണം ഏറെക്കുറെ സാധ്യമാവുമെങ്കിലും ലോകസമൂഹത്തെ ഒന്നായി കാണുമ്പോഴാണ് വൈറസ് ദേശീയത ഒരു പ്രശ്നമാവുന്നത്. അതിരുകൾക്കുള്ളിൽ പൊതുവായി പങ്കുവെക്കപ്പെടുന്ന പ്രത്യേകതകളിലൂന്നിയാണ് ദേശീയതാബോധം നിർമ്മിക്കപ്പെടുന്നത്. സംസ്കാരം, ഭൂപ്രദേശത്തിന്റെ സവിശേഷതകൾ, മതം, ഭാഷ എന്നിവയൊക്കെ ദേശീയതാ ബോധത്തിനാധാരാമാവാമെന്നു നമുക്കറിയാം. ഇന്ന് കൊറോണ വൈറസ് എന്ന രോഗാണുവാണ് ദേശീയ താല്പര്യങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന ചാലക ശക്തി. ഇതുമൂലം പ്രശ്നത്തിലായേക്കാ വുന്നതു സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളും പ്രശ്‌നമുണ്ടാക്കിയേക്കാവുന്നത് സാമ്പത്തികമായും സാങ്കേതികമായും മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രങ്ങളുടെ അന്ധമായ വൈറസ് ദേശീയതാ താല്പര്യങ്ങളുമാണ്.
വൈറസ് ദേശീയതയുടെ ഉദാഹരണങ്ങൾ
ആസ്‌ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടൻ , ജപ്പാൻ , യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാഷ്ട്രങ്ങൾ അവരുടെ പൗരന്മാർക്ക് വേണ്ട വാക്‌സിൻ ഡോസുകൾക്കായി ഉത്പാദകരായ കമ്പനികളുമായി നേരിട്ടു കരാറിൽ ഏർപ്പെട്ടുണ്ട്. ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക ചുമതല അവിടുത്തെ പൗരന്മാർക്ക് സുരക്ഷാ ഉറപ്പു വരുത്തുക എന്നിരിക്കെ ഇത് ഒരു പരിധിവരെ ന്യായീകരിക്കപ്പെടാവുന്നതാണ്. എന്നാൽ ഇവിടെ ഉയരുന്ന നൈതിക പ്രശ്നം ഇത്തരം മുൻകൂർ ഓർഡറുകൾ കാരണം ഒരു ദരിദ്ര രാഷ്ട്രത്തിലെ ആരോഗ്യപ്രവർത്തകനു വാക്‌സിൻ ലഭ്യമല്ലാതെ വന്നേക്കാം എന്നതാണ്.സനോഫി S.A എന്ന ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി, തുടക്കത്തിൽ U.S. Biomedical Advanced Research and Development Authority (BARDA) യുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ അവർ വികസിപ്പിച്ചെടുക്കുന്ന വാക്‌സിൻ ആവശ്യത്തിന് മുൻകൂർ ഓർഡർ ചെയ്യാനുള്ള അവകാശം അമേരിക്കക്കു ലഭിക്കുകയും പിന്നീട് യൂറോപ്യൻ യൂണിയന്റെ പ്രതിഷേധം കാരണം കമ്പനി ആ കരാർ പിന് വലിക്കുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ സംരംഭങ്ങളിൽനിന്നു വിട്ടുനിന്ന അമേരിക്ക, രാജ്യത്തിനാവശ്യമായ 300 മില്യൺ ഡോസുകൾ 2021 ജനുവരിയോടെ ഫലപ്രദവും സുരക്ഷിതമായും ലഭ്യമാക്കാനായി ഓപ്പറേഷൻ വാർപ് സ്പീഡ് (OWS) എന്ന പ്രോഗ്രാം 2020 ഫെബ്രുവരിയിൽ തന്നെ ആസൂത്രണം ചെയ്തു പ്രവർത്തനം തുടങ്ങിയിരുന്നു. പ്രതിരോധ വകുപ്പും HHS (Department of health and human services) ന്റെ വിവിധ ഘടകങ്ങളായ CDC (Center for Decease Control and Prevention), NIH (National Institute of Health) BARDA (Biomedical Advanced Research and Development Authority) എന്നിവയും ചേർന്നുള്ള സംയുക്ത സംരംഭമാണിത്.
ഡിസംബർ പകുതിയോടെ അമേരിക്കയിൽ കൊറോണ വാക്‌സിൻ വിതരണം ആരംഭിച്ചേക്കും. ഫൈസർ (Pfizer). മോഡേന (Moderna) എന്നീ കമ്പനികൾ അവരുടെ വാക്‌സിനുകൾക്കു വേണ്ട അംഗീകാരം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (FDA) നിന്നും ലഭിക്കുവാനായി കാത്തിരിക്കുന്നു. ഈ വാക്‌സിനുകൾ പാർശ്വഫലങ്ങളില്ലാതെ 95 ശതമാനത്തോളം ഫലപ്രദമാണെന്ന് ഇതുവരെ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അവർ അവകാശപ്പെടുന്നു. ആസ്ട്രാ സെനെക്ക ( AstraZeneca) എന്ന കമ്പനിയും വാക്‌സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ ഇത് അമേരിക്കയുടെ മാത്രം പരിഹാരമാണ്; ഒരു ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും രോഗത്തോടും ജനത്തോ ടുമുള്ള അവഗണനയും മൂലം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശക്തിക്കു നേരിട്ട ദുര്യോഗമെങ്കിലും അമേരിക്കയിലെ സാധാരണ ജനത ഇത് ഏറ്റവും കൂടുതലായി അർഹിക്കുന്നുമുണ്ട്.
79 മില്യൺ ഡോളർ കരാർ പ്രകാരം 30 മില്യൺ ഡോസുകൾ ബ്രിട്ടനും അമേരിക്കയുടെ 1.2 ബില്യൺ ഡോളർ OWS പങ്കാളിത്തം കാരണം 300 മില്യൺ ഡോസുകൾ ആ രാജ്യത്തിനും നല്കാമെന്നു AstraZeneca നേരത്തെ തന്നെ സമ്മതിച്ചിരുന്നു.
ലോകത്തിലേക്കും വച്ചേറ്റവും വലിയ വാക്‌സിൻ ഉൽപ്പാദകരായ SI I (Serum Institute of India) യുടെ തലവൻ സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് കൊടുത്ത ശേഷം മാത്രമേ പുറത്തേക്കു നൽകൂ എന്നും പ്രസ്താവിച്ചിട്ടുണ്ട്.
അമേരിക്ക, ഇന്ത്യ, UK തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് തീർച്ചയായും ആശ്വാസാം പകരുന്നതാണ് അവരുടെ രാജ്യങ്ങളുടെ സമീപനങ്ങൾ. മഹാമാരികളെന്നല്ല ഏതു ദുരിതത്തിലും രാജ്യത്തെ ജനങ്ങൾ സുരക്ഷക്കും സംരക്ഷണത്തിനും ആശ്രയിക്കുന്നത് അവരുടെ ഗവണ്മെന്റുകളെയാണ്. പുറത്തു നിന്നും പരിഹാരം ഉണ്ടാകുന്ന വരെ കാത്തിരുന്നാൽ ജനം അക്ഷമരാവുന്നതും ഗവണ്മെന്റിനെതിരെ പ്രതിഷേധമുണ്ടാവുന്നതും സാധാരണയാണ്.
ദേശീയതയിലൂന്നിയ ഇത്തരം സമീപനങ്ങൾ മുന്പും ഉണ്ടായിട്ടുണ്ട് . 2009 ൽ 284,000 പേരുടെ മരണത്തിടയാക്കിയ പന്നിപ്പനി (Swine Flu) വാക്‌സിൻ, ഏഴു മാസങ്ങൾ കൊണ്ട് തയാറായെങ്കിലും സമ്പന്ന രാഷ്ട്രങ്ങൾ അവരുടെ സാമ്പത്തിക ശേഷി ഉപയോഗപ്പെടുത്തി കമ്പനികളിൽ നിന്നും ആവശ്യത്തിലേറെ ഡോസുകൾ നേരിട്ടു വാങ്ങിക്കൂട്ടുകയുണ്ടായി. പിന്നീട് രാജ്യത്തെ ജനം ഉപയോഗിച്ചു ബാക്കി വന്നപ്പോൾ മാത്രമാണ് മറ്റു രാഷ്ട്രങ്ങൾക്ക് വിൽക്കാൻ അവർ തയാറായത്. അമേരിക്ക പോലെയുള്ള രാജ്യങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്കു വാക്‌സിൻ ഡോസുകൾ സംഭാവന ചെയ്‌തെങ്കിലും ഉപയോഗം കഴിഞ്ഞു മിച്ചം വന്ന ഡോസുകളാണ് അങ്ങിനെ നൽകിയത്. രോഗവ്യാപന സാധ്യത കണക്കിലെടുക്കാതെ രാഷ്ട്രങ്ങളുടെ പണക്കൊഴുപ്പിനു വഴങ്ങിയാണ് H 1 N 1 വാക്‌സിൻ അന്നു വിതരണം ചെയ്യപ്പെട്ടത്.
ലാഭേച്ഛ മാത്രം നോക്കി, ഏറ്റവും കൂടുതൽ പണം നൽകുന്ന രാജ്യത്തിന് ആവശ്യം നോക്കാതെ വിൽക്കുന്ന ഒന്നാവരുത് വാക്‌സിനുകൾ. രോഗവ്യാപനം കുറക്കുവാനുതകുന്നതും ആഗോളതലത്തിൽ ഏറ്റവും ആവശ്യക്കാർക്കു ലഭ്യമാവുന്ന തരത്തിലുമായിരിക്കണം വാക്‌സിനുകളുടെ വിതരണം. അതായത്, സമീപനങ്ങളിൽ ഒരു സംതുലനം ആവശ്യമായിവരുന്നു. ഈ സംതുലനം പ്രവർത്തികമാകണമെങ്കിൽ വാക്‌സിൻ ഉൽപ്പാദകരായ കമ്പനികൾ മാനുഷികതയിലൂന്നിയ നീതിബോധം (Ethics ) പ്രാവർത്തികമാക്കേണ്ടതുണ്ട്. അതുപോലെ, ഇത്തരം ഘട്ടങ്ങളിൽ കേവല ദേശീയതക്കപ്പുറം ആഗോളതാല്പര്യങ്ങൾക്കു കൂടി പരിഗണന കൊടുക്കുന്നവരാവണം രാഷ്ട്ര തലവന്മാർ.
മഹാമാരികളുടെ സ്വഭാവവും ആഗോള സംഘടനകളുടെ ഇടപെടലും
ഒരു രോഗം പകരാത്തിടത്തോളം അത് പകർച്ചവ്യാധിയല്ല. ഒരു പകർച്ചവ്യാധി ഭൂമിപരമായ അതിരുകളെയും ദേശീയതയെയും അവഗണിച്ചു ഭൂഖണ്ഡങ്ങളിലേക്കു വ്യാപിക്കുമ്പോഴാണ് അത് മഹാമാരിയാവുക. ലോകസമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും ഏറ്റവും ചുരുങ്ങിയ സമയംകൊണ്ടു പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് മനുഷ്യൻ മഹാമാരികൾക്കു നേരെ തിരിയാനും അതിന്റെ വ്യാപനത്തിനു തടയിടാനും വിവിധ സംവിധാനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാനും ശ്രമിക്കുന്നതിനു പിന്നിലെ കാരണം . ലോകയുദ്ധങ്ങളിൽ രാജ്യങ്ങൾ പക്ഷം പിടിച്ചു പരസ്പരം പോരാടുമ്പോഴും ലോകസമാധാനവും സുരക്ഷയും നഷ്ടമാവുന്ന ഘട്ടത്തിലും ഇത്തരം ആഗോള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ യുദ്ധം മനുഷ്യനും അദൃശ്യമായ വൈറസും തമ്മിലാണെന്ന് മാത്രം; നഷ്ടമാവുന്നത് ആരോഗ്യവും സമ്പത്തും.COVID-19 ഉൾപ്പെടെ ഏറ്റവും അവസാനമുണ്ടായ മഹാമാരികൾ പരിശോധിച്ചാൽ (COVID-19 (2019), Swine Flu (2009), SARS (2002), HIV/AIDS (1981))വൈറസ് ആക്രമണത്തിന്റെ ഇടവേള ചുരുങ്ങിവരുന്നത് കാണാം. പത്തുവര്ഷത്തിലൊരിക്കൽ ഒരാക്രണമം പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഈ ആക്രമണങ്ങൾ അതിരുകളെയോ ദേശീയതകളെയോ വകവെക്കുന്നില്ല. അക്കാരണം കൊണ്ട് തന്നെ ഇത്തരം മഹാമാരികൾ നേരിടാനും ഒഴിവാക്കാനും സാർവ്വ ദേശീയമായ സംവിധാനങ്ങളെ പ്രോ ത്സാഹിപ്പിക്കുകയും നിലനിറുത്തേണ്ടതിന്റെയും ആവശ്യകത വ്യക്തമാണ്.
മസൂരി രോഗം ലോകത്തു നിന്ന് നിർമാർജനം ചെയ്യപ്പെട്ടുവെങ്കിലും പോളിയോയും മീസിൽസും വാക്‌സിൻ ലഭ്യമെങ്കിലും പൂർണമായും നിർമാർജനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ, മുഴുവൻ ലോകജനതയും വാക്‌സിനേഷൻ പൂർത്തിയാക്കിയാലും കൊറോണ വൈറസിന്റെ പുതുമയും സ്വഭാവവും കാരണം വീണ്ടും പുതിയ സ്ട്രെയിനുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ലോകജനതയുടെ ആരോഗ്യം താല്പര്യമാക്കി 1948 -ൽ ജനീവ ആസ്ഥാനമായി സ്ഥാപിതമായ വേൾഡ് ഹെൽത്ത് ഓർഗനൈസഷനിൽ (WHO) ഇന്നു 150 രാജ്യങ്ങൾ അംഗങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പ്രധാന പ്രഖ്യാപിത ലക്ഷ്യം മഹാമാരികളെ തടയുക, നേരിടുക എന്നതാണ്. മഹാമാരികളുടെ ചരിത്രം നോക്കിയാൽ ആദ്യകാലത്തു ബാക്ടീരിയ പുലർത്തിയ ആധിപത്യം അടുത്ത ദശകങ്ങളിൽ വൈറസ് പിടിച്ചെടുത്തതായി കാണാം. ആദ്യകാലത്തു രണ്ടു മഹാമാരികൾക്കിടയിലെ ഇടവേള വലുതായിരുന്നു, വർഷം രണ്ടായിരത്തോളം ജീവൻ അപഹരിച്ചിരുന്ന അന്റോണിയൻ ഫ്ലൂ AD 165 ൽ ഉണ്ടായി പതിനഞ്ചു വർഷത്തോളം അതു നിലനിന്നു. അതിനു ശേഷം AD 1347 ലാണ് യൂറോപ്പിലും ഏഷ്യയിലുമായി ഇരുപത്തിയഞ്ചു മില്യൺ ജീവൻ അപഹരിച്ച ബുബോണിക് പ്ലേഗ് (ബ്ലാക്ക് ഡെത്ത്) അരങ്ങേറ്റം നടത്തുന്നത്. ലോകമെമ്പാടുമായി 500 മില്യൺ ആൾക്കാരെ ബാധിക്കുകയും അമ്പതു മില്യനോളം ആളുകൾ മരിക്കുകയും ചെയ്ത 1918 ലെ സ്പാനിഷ് ഫ്ലൂ (influenza) വിലെക്കെത്തുമ്പോഴേക്കും മനുഷ്യനു നേരെയുള്ള യുദ്ധത്തിന്റെ പിന്നിൽ വൈറസ് എന്ന സൂക്ഷ്മാണുവായി മാറിക്കഴിഞ്ഞു. വൈറസ് സിദ്ധന്മാരാണ്. അവക്കു ഏതു തരം എതിർപ്പുകളെയും സ്വയം പരിവർത്തനം ചെയ്തു ചെറുത്തുനിൽക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് വാക്‌സിൻ ഉണ്ടായിട്ടും എല്ലാവർഷവും ആളുകൾ ഫ്ലൂ വാക്‌സിൻ എടുത്തിട്ടും ഇന്നും ഒളിച്ചും പതുങ്ങിയും പുതിയ രൂപത്തിലും ഭാവത്തിലും ഈ വൈറസ് മനുഷ്യനെ ഉപദ്രിവിച്ചുകൊണ്ടിരിക്കുന്നത് . 2019 -2020 വർഷം ഇതുവരെ ഏകദേശം ഇരുപതിനായിരത്തോളം ആളുകൾ അമേരിക്കയിൽ തന്നെ ഇതിനോടകം മരണരമടഞ്ഞു.
ഇവിടെയാണ് ലോകത്തു ഏറ്റവും കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ പോന്നതും (രാജ്യങ്ങളുടെ GDP ഇവിടെ ബാധകമാവരുത്)ഏറ്റവും വേഗത്തിൽ രോഗവ്യാപനം തടയുന്നതുമായ ഒരു വാക്‌സിനേഷൻ സ്ട്രാറ്റജി ഉണ്ടാകേണ്ടത്. വാക്‌സിൻ ഉണ്ടാവുകയെന്നതും ലോക ജനതയിൽ ആവശ്യം വേണ്ടവർക്ക് ആദ്യം തന്നെ വാക്‌സിനേഷൻ കിട്ടുക എന്നതും രണ്ടു പ്രക്രിയയാണ്.
GDP പരിഗണിക്കാതെ, ആവശ്യം മാത്രം മുൻനിറുത്തി ലോകജനതക്കു വേണ്ടി പ്രവർത്തിക്കാൻ, പ്രതിജ്ഞാബദ്ധമായ ഒരു ആഗോള സംഘടനക്കുമാത്രമേ മാത്രമേ കഴിയൂ. വാക്‌സിനേഷൻ പ്രക്രിയയിൽ നേരാവുന്ന ഏറ്റവും വലിയ വെല്ലിവിളി അതിലെ ആഗോള വിതരണ ശൃഖലക്കു നേരിടേണ്ടിവരുന്ന തടസങ്ങളാണ്. അവിടെയാണ് ഇത്തരം സംഘടനകളുടെ പ്രസക്തിയേറുന്നത്.
ഈ ഒരു ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടന മുൻകൈയെടുത്തു യൂറോപ്യൻ യൂണിയന്റെയും ഫ്രാൻസിന്റെയും സഹകരണത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് Access to COVID-19 Tools (ACT) Accelerator. ഫലപ്രദമായ വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതോടൊപ്പം, വേണ്ടത്ര ടെസ്റ്റുകളും ചികിത്സകളും ലഭ്യമാക്കുന്നതോടൊപ്പം, മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചു പൂർത്തിയായ വാക്‌സിൻ, ലോകത്താകമാനമുള്ളവരിൽ അർഹിക്കുന്നവർക്ക് വേണ്ട സമയത്തു എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്‌ഷ്യം.
വാക്‌സിൻ ഗവേഷണങ്ങൾക്കു GAVI (The Vaccine Alliance), Coalition for Epidemic Preparedness Innovations (CEPI), ലോകാരോഗ്യ സംഘടന എന്നിവയാണ് ACT-Accelerator ന്റെ വാക്‌സിൻ പ്രോഗ്രാമിനു നേതൃത്വം കൊടുക്കുന്നത്. പകർച്ചവ്യാധിയെ പ്രതിരോധിക്കാനും കീഴ്പ്പെടുത്താനുമായുണ്ടായിട്ടുള്ള ശ്രമങ്ങളിൽ, ചരിത്രത്തിൽ വച്ചേറ്റവും ബ്രഹത്തായ ഒന്നാണിത്. വിവിധ രാജ്യങ്ങളിലായി ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്ന അക്കാഡെമിയ, ഗവർമെന്റുകൾ, പ്രൈവറ്റ് കമ്പനികൾ ഒക്കെ ഇതിൽ സഹകരിക്കുന്നുണ്ട്. 2 ബില്യൺ വാക്‌സിൻ ഡോസുകൾ 2021 അവസാനത്തോടെ നിർമിച്ചു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ യാണ് COVAX (Covid-19 Vaccines Global Access) എന്ന സംരംഭത്തിന് തുടക്കമായത് . ഒക്ടോബർമസ്സമാവുമ്പോഴേക്കും വിവിധ സാമ്പത്തിക നിലകളിലുള്ള 170-ൽ പരം രാജ്യങ്ങൾ ഈ സംരംഭത്തിന്റെ ഗുണഭോക്താക്കളാകാനും സഹകരിക്കാനും പ്രതിഞ്ജാ ബദ്ധരായപ്പോൾ അതിൽ നിന്നും വിട്ടുനിൽക്കുന്ന ഏറ്റവും പ്രധാന രാഷ്ട്രം അമേരിക്കയാണ്.
ലോകാരോഗ്യസംഘടന കൊറോണ വൈറസ് വിഷയത്തിൽ ചൈനാ പക്ഷം പിടിച്ചെന്നും അതു ലോകശ്രദ്ധയിൽ നിന്ന് മറച്ചുപിടിച്ചുവെന്നും ആരോപിച്ചാണ് ലോകാരോഗ്യസംഘടനക്കുള്ള ഫണ്ടിംഗ് പിൻവലിക്കുകയും അതിൽനിന്നും പുറത്തുപോരുകയും ചെയ്തത്. അതിന്റെ തുടർച്ചയായാണ് COVAX ൽ തങ്ങളുടെ സഹകരണം ഉണ്ടാവില്ല എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. സ്പെറ്റംബറിനൽ അത്തരം പ്രഖ്യാപനം ഉണ്ടായി കഴിഞ്ഞു ഒക്ടോബറായപ്പോഴേക്കും അതുവരെ COVAX ൽ നിന്ന് വിട്ടു നിന്ന ചൈന അതിനെ ഭാഗമായി. ഇന്ത്യ ഈ പ്രോഗ്രാമിൽ നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് ഇതിന്റെ ഭാഗമായി.
യൂറോപ്യൻ യൂണിയനും, ബിൽ ആൻഡ് മെലിൻഡാ ഫൗണ്ടേഷനും , വെൽക്കം ട്രസ്റ്റും (Wellcome Trust) ചേർന്ന് 8 ബില്യൺ ഡോളർ, COVID-19 നെ നേരിടാനുള്ള വിവിധ സങ്കേതങ്ങൾ വികസിപ്പിച്ചെടുക്കാൻ രൂപീകൃതമായ Access to COVID-19 Tools (ACT) നു ഫണ്ടിംഗ് നൽകിയപ്പോൾ അമേരിക്കയും റഷ്യയും ഇന്ത്യയും പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു; 2020 ഏപ്രിൽ മേയ് മാസങ്ങളിലെ റിപ്പോർട്ടുകളുടെ വെളിച്ചത്തിലാണിത്.
CEPI പിന്തുണയോടെ വിതരണത്തിനു തയാറായിട്ടുള്ള ഒമ്പതോളം വാക്‌സിനുകളും കൂടാതെ ടെസ്റ്റ് ഫലങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന മറ്റു ഒൻപതു കമ്പനികളും ചേരുമ്പോൾ COVAX പ്രൊജെക്ടുകൾ ലോകത്തിലെ ഏറ്റവും വലിയ COVID-19 വാക്‌സിൻ portfolio ആവുന്നു. രോഗകാരണമായ Severe Acute Respiratory Syndrome Coronavirus 2 (SARS-CoV-2) നെ പ്രതിരോധിക്കാനായി നാൽപ്പതിലേറെ വാക്‌സിനുകൾ വികസനത്തിന്റെയും പരീക്ഷണത്തിന്റെയും വിവിധ ഘട്ടങ്ങളിലുണ്ട്; ഒൻപതെണ്ണമെങ്കിലും മനുഷ്യരിൽ പരീക്ഷിക്കേണ്ടുന്നതിന്റെ അവസാന ഘട്ടത്തിലും. ചിലതു തയാറായി അംഗീകാരങ്ങൾക്കായി കാത്തു നിൽക്കുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്ര വേഗം ഒരു മഹാമാരിക്കെതിരെ വാക്‌സിൻ തയാറാവുന്നത്.
ആഗോള തലത്തിൽ COVAX പോലുള്ള സംരഭങ്ങൾ ഒരു തവണത്തേക്ക് മാത്രമുള്ളതവാതെ, മഹാമാരികൾ എന്ന പൊതു സ്വഭാവത്തോടെ തുടർ പദ്ധതിയായി നിലനിൽക്കേണ്ടത് ആവശ്യമാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു മഹാമാരികൾകിടയിലെ ഇടവേള കുറഞ്ഞു വരുന്നുവെന്നതും ഇത്തരം പ്രോഗ്രാമുകൾ തുടർന്ന് പോരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. അന്തർദേശീയമായി പകർച്ചവ്യാധി നിർമാർജന പ്രവർത്തനങ്ങളുടെ നടത്തിപ്പു ചുമതല ഇവർ വഹിക്കുമ്പോൾ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾ ഈ സംഘടനയുമായി ചേർന്നു പ്രവർത്തിക്കാവുന്നതാണ്. അപ്പോൾ രാജ്യ താൽപ്പര്യങ്ങളും അതേസമയം ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടും. യൂദ്ധങ്ങളിൽ ചേരിതിരിഞ്ഞു രാജ്യങ്ങൾ ഏറ്റുമുട്ടുമ്പോൾ മഹാമാരികൾ അദൃശ്യമായി പൊരുതുന്നത് മനുഷ്യ രാശിയോടാണ്. ഇവിടെ ശത്രു വൈറസ് ആണ് മനുഷ്യരല്ല.
മഹാമാരികളോട് കേവലം ദേശീയതയിലൂന്നിയ സമീപനം ആഗോള സമ്പദ്‌വ്യവസ്ഥയും ആരോഗ്യമേഖലയും നേരിടുന്ന പ്രതിസന്ധി കൂടുതൽ നീണ്ടുപോകാൻ കരണമാവുകയേ ഉള്ളു. ഇന്നു വാക്‌സിൻ വേണ്ടതു രോഗമുക്തിക്കു മാത്രമല്ല ലോക സാമ്പത്തികാവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാൻ കൂടി വേണ്ടിയാണ്. അതിനു എല്ലാ രാജ്യങ്ങളിലെയും അർഹതപ്പെട്ടവർക്ക് സമയോചിതമായി വാക്‌സിൻ ലഭ്യമാവേണ്ടതുണ്ട്. ആയതിനായി, മഹാമാരികൾക്കെതിരെ ആഗോളതലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടർച്ച ആവശ്യമാണ്. അങ്ങിനെ വിലപേശലുകൾക്കും രാജ്യങ്ങൾ തമ്മിലുള്ള വാതുവയ്പുകൾക്കുമപ്പുറത്തു മാനുഷികമായ തലത്തിൽ വാക്‌സിൻ വികസനവും വിതരണവും നടക്കുമെന്നു പ്രതീക്ഷിക്കാം.
അവലംബം: https://hbr.org/2020/05/the-danger-of-vaccine-nationalism, മറ്റു ശാസ്ത്ര സാമൂഹിക മാസികകൾ, റിപ്പോർട്ടുകൾ
ഒരു കൊല്ലത്തിനുള്ളിൽ ഫ്ലൂ വാക്സിൻ പോലെ എല്ലാരാജ്യങ്ങളിലും ഇത് കിട്ടും
ReplyDeleteThis comment has been removed by the author.
Deleteഇപ്പോൾ പ്രത്യാശയുണ്ട്. നല്ല പുരോഗതിയാണല്ലോ..
Delete