Tuesday, April 26, 2016

രോഹിണിയും ചിത്രശലഭവും

      തികച്ചും കൃത്രിമം എന്ന് തോന്നിക്കുന്ന, വളഞ്ഞും തിരിഞ്ഞുമൊക്കെയുള്ള നടപ്പാതക്ക് അന്യമായ കാലുകൾ. നിലാവും നിശബ്ദതയും കാടിന്റെ അലിവായി അറിഞ്ഞു രോഹിണി നടന്നു, ലക്ഷ്യമില്ലാതെ.

       ഇരുവശങ്ങളിലുമായി നില്ക്കുന്ന കുറ്റിചെടികൾക്കിടയിൽ അവിടവിടെയായി അധികം ഉയരമില്ലാത്ത, എന്നാൽ തഴക്കവും പഴക്കവും വന്ന മരങ്ങൾ  തലയുയർത്തി നിന്നു. ഒരു തിരിവെത്തുമ്പോൾ  പെട്ടെന്നൊരു സീല്ക്കാര  ശബ്ദം, ഒപ്പം എന്തോ ഭാരമുള്ള ഒന്ന് തൊട്ടു മുന്നില് വന്നു വീണപോലെ. ഒരു നിമിഷം  നഷ്ട്ടപ്പെട്ട മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത്‌, തുറിച്ച കണ്ണുകളോടെ, ഉയരുന്ന ഹൃദയമിടിപ്പോടെ അവൾ നിന്നു. വെള്ളിനക്ഷത്ര തല - ഓരോ നക്ഷത്ര കാലിലും കറുത്ത് ഉരുണ്ട ചിതറിയ കണ്ണ്കൾ, ഇനാംപെച്ചിയുടെത് പോലുള്ള ഉടലിനു തിളങ്ങുന്ന പലവർണങ്ങൾ.

       എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ പെട്ടെന്ന് ആ ജന്തുവിന്റെ ഉടലൊന്നിളകി 

നക്ഷത്രതല മുന്നോട്ടു നീട്ടി വീണ്ടുമൊരു  ചീറ്റൽ. ഇപ്പോൾ കറുത്ത പുക തലപിളർന്ന് കൊടുംകാറ്റുപോലെ അവളുടെ നേരെ; ശക്തിയായി. ആ ആഘാതത്തിൽ  വീണുപോയി. കൈകൾ കൊണ്ട്  കണ്ണുകളും കവിളുകളും തൊട്ടുനോക്കിയപ്പോൾ കൈകളിൽ നിറയെ കറുത്ത ചായം..ഒന്ന് പിടഞ്ഞു എണീക്കാൻ  തുടങ്ങുമ്പോൾ  വീണ്ടും അത് അവളുടെ നേർക്ക്‌.. 

       രോഹിണി ഞെട്ടിയുണർന്നു.

       രാത്രിയാണെങ്കിലും മുറിയിൽ നല്ല വെളിച്ചം. ആദ്യം പരതി  നോക്കിയത്  തൊട്ടടുത്തു ഉറങ്ങുന്ന മോളെയാണ്. അനഘ.പിങ്ക് നിറമുള്ള ഫ്രോക്കിനുള്ളിൽ അവൾ സുഖമായുറങ്ങുന്നു, ആ വശത്തേക്ക് ചരിഞ്ഞു കിടന്ന്. അവളെ ഒന്നുകൂടി ചേർത്ത് അരികിലേക്ക് കിടത്തി.  കുറച്ചുനേരം അങ്ങിനെ കിടന്നു.

       പതിയെ എണീറ്റ്‌ ജനലിന്റെ ബ്ലയിന്ട്സ് തുറന്നു പുറത്തേക്കു നോക്കി. വഴിവിളക്കുകളുടെ മഞ്ഞവെളിച്ചത്തിൽ, താന്തോന്നിയായ കാറ്റിന്റെ  ഗതിക്കൊപ്പം പാൽമഴ പോലെ മഞ്ഞു വീഴുന്നു. റോഡു തിരിച്ചറിയാനാവുന്നില്ല. ഒരു മഞ്ഞു പാതക്കിരുപുറവും  എന്നപോലെ വീടുകൾ. 

വീടുകള്ക്ക് മുന്നിലെ കറുത്ത മരങ്ങള്ക്ക് വെളുത്ത മഞ്ഞു പുതപ്പ്.

       ഈ രാത്രി ഒരു വര്ഷം മുന്പുള്ള മറ്റൊരു ജനുവരി രാത്രിയെ ഓർമിപ്പിക്കുന്നുവോ? 

       അനഘയെ വയറിൽ ഓമനിക്കാൻ തുടങ്ങിയിട്ട് എഴുമാസ്സം തികയുന്നു. അന്നും  പതിവുപോലെ വൈകുന്നേരം കൃത്യമായി തന്നെ സിറ്റി ബസ്,  ഹരിയെ  വീടിനുമുന്നിലിറക്കിവിട്ടു കടന്നുപോയി. ഡ്രസ്സ്‌ മാറി വന്നു, ചായക്കൊപ്പം ചില്ലറ  കുശലങ്ങൾക്ക് ശേഷം  ഹരി പുറത്തേക്കിറങ്ങി. മണ്ണിനെ തൊട്ടറിഞ്ഞും പ്രകൃതിയെ കണ്ടറിഞ്ഞും കുറെ നേരം പറമ്പിൽ ചുറ്റിനടക്കുക, അതാണ്  രീതി. ചെറിയ തോതിലുള്ള കാറ്റും മഴയും വെയിലും മഞ്ഞുമൊന്നും അതിനു തടസ്സമാവില്ല.അവധി ദിവസ്സങ്ങളിൽ പുതുമകൾ തേടിയുള്ള യാത്രകൾ. പ്രകൃതിയെ അറിയുക, അതിലുടെ സന്തോഷവും  സുഖവും കണ്ടെത്തുക  - "ബിയിംഗ് ഔട്ട്‌ ഡോർസ്‌  ഈസ് ദി പ്ലഷർ ഓഫ് ലൈഫ് "  ആരോ തനിക്കു മുൻപ് അങ്ങിനെ പറഞ്ഞുവത്രെ.      

       നഗരപ്രാന്തത്തിൽ കഴിഞ്ഞിരുന്ന  അവര്ക്ക് ചുറ്റും, ഓരോ കാലവും വ്യക്തമായ സാന്നിധ്യം അറിയിച്ചു കടന്നു പോകുമായിരുന്നു. ഇടക്കൊക്കെ ഉണ്ടാകാറുള്ള സായാഹ്ന്ന വിരുന്നു വേളകളിൽ പലപ്പോഴും കാലാവസ്ഥ ഒരു ചർച്ചാവിഷയം  ആകാറുണ്ട്. പൊതുവെ ആർക്കും  ഇവിടുത്തെ കൊടും ശൈത്യം  ഇഷ്ട്ടമല്ല, താനും അവരിലൊരാളാണ്. എന്നാൽ ഹരി എല്ലാ കാലങ്ങളെയും ഒരുപോലെ  ഇഷ്ട്ടപ്പെട്ടു, ആസ്വദിച്ചു. ഓരോ കാലത്തെയും  അതിന്റെ പ്രത്യേക കൌതുകങ്ങളിൽ നോക്കി കണ്ടു. ഋതുഭേദങ്ങൾക്കിടയിലെ  ഇടവേളകൾ പ്രകൃതിയുടെ പുതിയ ഭാവത്തെയറിയാനും  അനുഭവിക്കാനും  ഉള്ള തയാറെടുപ്പുകളായിരുന്നു. ശൈത്യതിനപ്പുറം വസന്തമെത്തുമ്പോൾ മഞ്ഞിൽ  മരിച്ച ചെടികളെ താലോലിച്ചു, വേണ്ടതൊക്കെ നല്ക്കി പുനര്ജനിപ്പിക്കാനുള്ള തിരക്ക്.

        ചെടികൾ ക്കരുകിൽ കുത്തിയിരുന്ന് അവയോടു കിന്നരിക്കുംപോൾ കൌതുകത്തോടെ 

ചോദിക്കും.

       ‘ന്താ ഇപ്പറയണേ?’

       ചിലപ്പോ കളിയായിട്ടാവും മറുപടി, അല്ലെങ്കിൽ കാര്യമായിട്ടും. കാര്യമായി പറയുന്നത് 

പലപ്പോഴും മനസ്സിലാവില്ല. അപ്പോൾ ഒരു ചിരിയാണ് . ഒരിക്കൽ അടുത്തുള്ള പാർക്കിൽ,

ആരും ശ്രദ്ധിക്കാതെ കിടന്നൊരു പാറക്കല്ലിലെ കുഞ്ഞു മലിനജലക്കായലിൽ പുളയുന്ന കൂത്താടികൾ 

നോക്കി നിൽക്കെ തുടങ്ങിയ ചിന്തകൾ വെളിപാടുകളായി പുറത്ത് വരാൻ തുടങ്ങിയപ്പോൾ  ‘ഒന്ന് നിറുത്താമോ?’ എന്ന് പറഞ്ഞു ഒതുക്കേണ്ടി വന്നു. 

       വസന്തം മാറി വേനലാവുമ്പോൾ വേറെ തയാറെടുപ്പുകൾ. നേരത്തെ പോകാനായി തീരുമാനിച്ചു വച്ച  യാത്രകൾക്കുള്ള തയാറെടുപ്പുകൾ മുതൽ പറമ്പിലെ പുല്ലു വെട്ടി വെടിപ്പക്കാനുള്ള യന്ത്രം ഓയില് മാറ്റി, പെട്രോൾ നിറച്ചു  ഒരുക്കി വയ്ക്കുന്നത് വരെ. രസമുള്ള  കാര്യം,  വേനലിൽ യാത്രകൾ  കൂടുതലും ക്യാമ്പ്  ചെയ്യാൻ പറ്റിയ ചെറു കാടുകളിലെക്കോ ബീച്ചിലേക്കോ ദൂരെ പർവത പ്രദേശങ്ങളിലേക്കോ ഒക്കെയാണ്. ഒരിക്കൽ കാമ്പിങ്ങ് വൈകു

ന്നേരങ്ങളിലൊന്നിൽ, ഒരു ചെറുതോണിയിൽ തനിയെ തടാകത്തിൽ ചുറ്റിത്തിരിഞ്ഞു  

തിരിച്ചെത്തിയശേഷം  കരിയിട്ടു  ചൂടാക്കിയ ഗ്രില്ലിൽ ഇറച്ചി കഷ്ണങ്ങൾ 

ഇട്ട ശേഷം പറഞ്ഞു: 

       ‘നോക്കു  ഇപ്പോൾ നമ്മൾ പ്രകൃതിയോടു കൂടുതൽ അടുത്തിരിക്കുന്നു. പരിഷ്കൃത മനുഷ്യൻ പ്രാകൃതനായ പൂർവികന്റെ രീതികളിൽ സന്തോഷിക്കുന്നു.

       ശിശിരത്തിനോടുവിൽ സൌന്ദര്യം നഷ്ട്ടപ്പെടാൻ തുടങ്ങുന്ന മരങ്ങൾക്കൊപ്പം ആ മനസ്സും വേദനിച്ചു. ഒത്തിരി മൂഡ്‌ ഓഫ്‌ ആവും ഹരിയപ്പോൾ.

       ശൈത്യം ദുസ്സഹമാവുംപോൾ പറയും, 

‘തങ്കം, നിനക്കറിയോ? പണ്ടൊക്കെ വൈറ്റ് ക്രിസ്മസ് മോഹിച്ചു ദൂരെയിടങ്ങളിൽ നിന്നും 

ആൾക്കാർ വണ്ടിക്കാശും  കൊടുത്തു നമ്മുടെ ചിക്കാഗോയിൽ വരുമായിരുന്നത്രെ! ഏതായാലും നമുക്ക് വൈറ്റ് ക്രിസ്മസ് ഫ്രീ അല്ലെ?" 

       ഹരിയുടെ രീതികളും ചിന്തകളും രോഹിണിക്കു അന്യമായിരുന്നെങ്കിലും ആ സ്നേഹം, 

തന്നോടുള്ള സ്നേഹം, അവൾ നന്നായി അറിഞ്ഞിരുന്നു. അത് മാത്രമായിരുന്നു അവൾക്കു വേണ്ടിയിരുന്നതും.

       അന്നും പുറത്തു കറങ്ങി നടന്നു, തണുപ്പിനെ വക വയ്ക്കാതെ. തിരിച്ചെത്തുമ്പോൾ കൈയ്യിലൊരു കവർ  ഉണ്ട്. ‘ആഹാ അതിനിടക്ക് ഷോപ്പിങ്ങിനു പോയോ?’ ഉള്ളിൽ  കയറിയതും കവറിൽ നിന്നും ഒരു ലെതർ ജാക്കെറ്റ്‌  പുറത്തെടുത്തു.

       ‘ഇതിനി  നിന്റെ  സുരക്ഷാകവചമാണ്.ഇനിയുള്ള വിന്ററുകളിൽ നിന്നും ഇത് നിന്നെ രക്ഷിച്ചു കൊള്ളും,’ അല്പ്പം നാടകീയത പുരട്ടിയാണ് വാക്കുകളെ പുറത്തേക്കു വിട്ടത്.

       നേരെ മുന്നിൽ പിടിച്ചു നിറുത്തി ജാക്കറ്റു  ഇട്ടുതന്ന ഹരി അതിന്റെ സിപ്പ്  താഴേക്ക്‌ വലിച്ചു തുറന്നു രോഹിണിയെ ചേർത്ത് നിറുത്തി...കെട്ടിപ്പിടിച്ചു. നെറ്റിയിലെ ചുംബനം ചുണ്ടു കളിലേക്ക്‌ വഴുതിവീണവിടെ പുതിയ അനുഭൂതികൾ വിളയിച്ചു. സ്നേഹത്തിന്റെ നനവുകൾ നല്കിയ ചുംബനം അവസ്സാനിക്കരുതേ എന്നവ്‌ൾ ആഗ്രഹിച്ച കാരണമാവാം സമയം പോയതറിഞ്ഞില്ല. ഒടുവിൽ  വയറ്റിൽ കിടന്ന എഴുമാസ്സക്കാരിയുടെ കുഞ്ഞി കാലിലെ പ്രതിഷേധം അതവസാനിപ്പിച്ചു.

       അത്താഴത്തിനിരിക്കുമ്പോൾ, ചുവന്ന മുളക് ചാറിൽ വിറങ്ങലിച്ചു കിടന്ന ഒരു കണ്ണിമാങ്ങാ വായിലിട്ടുകൊണ്ട് ഓരോന്ന് പറഞ്ഞു തുടങ്ങി.ഓഫീസിലെ  വിശേഷങ്ങൾ ..സ്വാർത്ഥ നായ ഇന്ത്യാക്കാരൻ ബോസ് ഒരു സക്സേന, ആൾക്കാരുടെ  ശ്രദ്ധ പിടിച്ചുപറ്റാൻ ദിവസ്സവും പുതിയ വേഷം  കെട്ടലുകളുമായെത്തുന്ന മധ്യവയസ്ക്കയായ  വെളുമ്പി - അങ്ങിനെ പലതും. പിന്നെ കുറെക്കഴിഞ്ഞു ഒബാമയുടെ നയങ്ങൾ വിലയിരുത്തിയശേഷം മൻമോഹൻ സി ങ്ങിലെത്തുമ്പോൾ ശക്തമായ കാറ്റ് വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു.

       ഹരി എണീറ്റ്‌ ബേ  വിന്റോ (പുറത്തേക്കുള്ള കണ്ണാടിയിട്ട ജനാല)യിലുടെ 

പുറത്തേക്കുനോക്കി, സന്തോഷത്തോടെ പറഞ്ഞു.

       ‘മഞ്ഞു പെയ്യാൻ തുടങ്ങീട്ടു കുറെ നേരമായി. രാവിലെ വരെ ഉണ്ടായേക്കുമെന്നാ 

 പ്രവചനം. ഓരോന്ന് പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല’

       ഉറക്കം വന്നപ്പോൾ ടി  വി ഓഫ്‌ ചെയ്തു രോഹിണി പറഞ്ഞു.

       ‘ഞാൻ പോവ്വാ’

       ‘നീ കിടന്നോ ഞാൻ പിന്നെ വരാം’

       രാത്രിയെപ്പോഴോ കേട്ട ഒരിടിയൊച്ചയാണ് രോഹിണിയെ ഉണർത്തിയത്. പേടിച്ചുപോയി . കിടക്കയിൽ പതിവുപോലെ പരതി - ഹരിയെവിടെ. ഒന്നുകുടി ചേർന്ന് കിടന്നു കെട്ടിപ്പിടിച്ചുറങ്ങാൻ. ഒരു കുഞ്ഞു സ്വപ്നത്തിനിടയിലുണർന്നാലും അവൾ അങ്ങിനെയാണ്. കിടക്ക മുഴുവൻ തിരഞ്ഞിട്ടും  ഹരിയെ കാണുന്നില്ല.

       ‘ഹരീ..ഹരീ..’

       കിടക്കയിൽ നിന്നുമെണീറ്റു  കൊണ്ടവൾ വിളിച്ചു, ചിലപ്പോ താഴെ ടി വി 

കണ്ടിരുന്നുറങ്ങിപ്പോയതാവും. ലൈറ്റിട്ട് താഴെ നിലയിലേക്ക് പോകുമ്പോഴാണ്  ഏതോ  ഉൾപ്രേരണയാൽ ജനാലയിലുടെ പുറത്തേക്കു നോക്കിയത്. ശക്തമായൊരു കൊള്ളിയാന്റെ വെള്ളിവെളിച്ചത്തിൽ  കണ്ട കാഴ്ച രോഹിണിയെ തളർത്തി. 

       മഞ്ഞു മൂടിയ  ഡ്രൈവ് വേ യിൽ ശരീരത്തിന്റെ പാതിയും മഞ്ഞു മൂടി കമഴ്ന്നു 

വീണു കിടക്കുന്ന ഹരി. ഒരു നിമിഷം നെഞ്ചിലുയർന്ന എരിച്ചിൽ മുകളിലേക്ക്  പൊന്തി കണ്ണുകളെ ഒരു നീറ്റലോടെ  മൂടി. അടുത്ത് തന്നെ മഞ്ഞു കളയാൻ  കൊണ്ട് നടന്ന സ്നോ  ബ്ലോവർ കിടക്കുന്നുണ്ട്. മഞ്ഞു വീണു മുഖവും മൂടാൻ തുടങ്ങുകയാണ്.

       ‘ദൈവമേ.."

       മനസ്സിനും ശരീരത്തിനും ഏറ്റ  മരവിപ്പ് മാറാൻ മിനിട്ടുകളെടുത്തു. ഹരിക്കെന്തെങ്കിലും പറ്റിയിരിക്കുമോ? 

       ഭയം ചിതലായി  ദേഹമാസകലം അരിച്ചു കയറുന്നു 

       ‘ദൈവമേ ഒന്നും വരുത്തരുതേ’ പുറത്തേക്കു നടക്കാൻ, വിറയ്ക്കുന്ന  കാലുകൾ  സമ്മതിച്ചില്ല. അവൾ പതിയെ മെത്തയിലിരുന്നു. എപ്പോഴോ രണ്ടു നമ്പരുകൾ വിളിച്ചു.

       ഒന്ന് എട്ടന്റെത് .

       പിന്നെ അത്യാവശ്യ സർവീസ്  ഒൻപതു ഒന്ന്   ഒന്ന് .

 

* *  *

       ഏട്ടനോടൊപ്പം ആശുപത്രിയിലെത്തുമ്പോൾ മനസ്സിലായി, എല്ലാപേരും 

വളരെ താമസ്സിച്ചു പോയെന്നു. മരിച്ചിട്ട് ചുരുങ്ങിയത് മൂന്നു മണിക്കൂറെങ്കിലും 

കഴിഞ്ഞ്ട്ടുണ്ട്.

       പിന്നെയോർത്തു  മരണത്തിന്റെ വരവ് അങ്ങിനെയൊക്കെയാണ്. അവൾ മനസ്സാന്നിധ്യം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും മനസ്സ് ചിന്തകിളിലുടക്കി വേദനിച്ചു 

       മരണകാരണം ഹൃദയാഘാതമത്രേ.

       ഹൃദയം ദുർബലമായിരുന്നെന്നും മുൻപേ അസുഖമുണ്ടായിരുന്നെന്നും ഡോക്ടർ പറഞ്ഞപ്പോൾ വിശ്വസ്സിക്കാനായില്ല. നെഞ്ചിൽ തലചായ്ച്ചു കിടക്കുംപോഴൊക്കെ ആ ഹൃദയസ്പന്ദനങ്ങൾ ഏറ്റവും ശക്തമായിട്ടെ തോന്നിയിട്ടുള്ളൂ. 

       മരണമെന്നത്‌ പ്രകൃതിയിലേക്കുള്ള മടങ്ങിപ്പോക്കാണെന്നും അതിൽ ദുഖിക്കാനൊ

ന്നുമില്ലെന്നും ഒക്കെ ഹരി പറയുമ്പോൾ അത്ര കാര്യമായെടുത്ത്തിരുന്നില്ല 

       പക്ഷെ  നമുക്കൊരുമിച്ചിത്തിരിക്കാലം കുടി വേണമായിരുന്നില്ലേ? അങ്ങിനെ ഹരിയും ആഗ്രഹിച്ചിരുന്നില്ലേ? 

       രോഹിണി കരഞ്ഞില്ല..ഉറങ്ങിയില്ല..ഒന്നും കഴിച്ചില്ല.ദിവസ്സങ്ങളോളം. ഏട്ടനും ജാനുവേട്ടത്തിയും പലതും പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. മരുന്നിന്റെ നിയന്ത്രണത്തിലും ചിട്ടയിലും ഉറങ്ങുകയും ഉണരുകയും ചെയ്ത ദിവസ്സങ്ങൾ. 

       ഹരിപോയിട്ടൊരുവർഷം തികയുന്നു. രോഹിണി അതേ  വീട്ടിൽ  മോളോടൊപ്പം തനിച്ചു താമസിക്കുന്നു. ചെറിയൊരു ജോലി തരപ്പെടുത്തിയത് ഏട്ടൻ തന്നെ, അത് ആശ്വാസം. 

ചെറുപ്പക്കാരിയായ സുന്ദരിയെത്തേടി പുതിയ സൗഹൃദങ്ങൾ  എത്തിയെങ്കിലും 

അവൾ ഹരി പറയുമായിരുന്നപൊലെ തന്നെയായിരുന്നു.

       ‘നിന്നെപ്പോലോരാളെ ഈ  രാജ്യത്ത് മഷിയിട്ടു നോക്കിയാലും കാണാനാവില്ല’

       ശരിയാണ്‌ അവൾ വ്യത്യസ്തയായിരുന്നു. ഒറ്റക്കു ആ വീട്ടിൽ കഴിയേണ്ട എന്ന് ഏട്ടനും ജനുവേട ത്തിയും പിന്നെ നാട്ടിലെ ബന്ധുക്കളും ഒക്കെ പലതവണ പറഞ്ഞതാണ്. അതിന്റെ പേരിൽ  ചില പിണക്കങ്ങൾ പോലുമുണ്ടായിട്ടുണ്ട്! ധിക്കാരമല്ല. ഇത് രോഹിണിയെന്ന പെണ്ണിന്റെ പരാജയമായിരിക്കാം. ഓർമകളും അനുഭവങ്ങളും തടവുകാരിയക്കിയവൾ എന്ന് ലോകം പറയട്ടെ. പക്ഷെ ഇവിടെ താൻ തനിച്ചല്ല. ഈ വീടും പരിസരങ്ങളും ഗതകാലത്തിന്റെ വർണപ്പൊട്ടുകൾ വാരി വിതറുന്നു മനസ്സാകെ. ഓർമ്മകൾ ശാന്തി മന്ത്രങ്ങളാവുന്നു.

       ആത്മാവിന്റെ അയനങ്ങളെക്കുറിച്ച് ഹരി പറയുമായിരുന്നതൊക്കെ  ഇന്നവൾ  വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. മോഹങ്ങളൊടുങ്ങാത്തവർക്ക്, ജീവിച്ചു തീരാത്തവർക്ക്,  ഉയർന്ന തലങ്ങളിലെക്കുള്ള പ്രയാണം നഷ്ട്ടപ്പെടുമത്രേ. അവ താഴ്ന്ന തലങ്ങളിൽ  ബന്ധങ്ങളുടെ  ഇനിയും പൊട്ടാത്ത നൂല്ച്ചരടുകളിലൂടെ സംവേദിക്കാൻ ശ്രമിച്ചുകൊണ്ടെയിരിക്കും. ശരിയാണ്‌ കുറയൊക്കെ അനുഭവങ്ങൾ തന്നെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. എത്രയോ രാത്രികളിൽ  മോൾക്കിരുവശവും കിടന്നു ആ കണ്ണുകളിൽ നോക്കി എന്തൊക്കെ സംസാരിച്ചിരിക്കുന്നു! വഴക്കിട്ടിരിക്കുന്നു!! ചിലത് പറഞ്ഞു ദേഷ്യപ്പെടുത്തുമ്പോൾ ഒന്ന് കൈയെത്തി നുള്ളാൻ തുടങ്ങുമ്പോഴാണ് ഹരി അവിടെയില്ല, ഇടനാഴിയിൽ കള്ളച്ചിരിയുമായി നില്ക്കുകയാണെന്നറിയുന്നത്‌.

       മോളോട് വല്ലാത്തൊരടുപ്പം ഹരിക്കുണ്ടായിരുന്നു. രോഹിണിയുടെ വയറിൽ  മുഖം പൂഴ്ത്തി   അച്ഛൻ മകളോട് സംസാരിച്ചു. അമ്മയെക്കുറിച്ചു പരിഭവങ്ങൾ പറഞ്ഞു. ‘മോളിങ്ങെത്തിയിട്ടു വേണം ശെരിയക്കിയെടുക്കാൻ’  എന്നൊക്കെ. പിന്നെ സ്വയമായി ഉണ്ടാക്കിയ കഥകൾ  

പറഞ്ഞു. അവളെത്തിയാൽ കുറെക്കാലം അവധിയെടുക്കുമത്രേ. കാര്യങ്ങൾ നോക്കാൻ. എവിടെന്നോ ഒരു പുസ്തകവും വാങ്ങി ഇടയ്ക്കു വായിക്കുന്നുണ്ടായിരുന്നു കുട്ടികളെ എങ്ങിനെ പരിചരിക്കാം എന്നതിനെക്കുറിച്ച്! എങ്ങിനെ കുളിപ്പിക്കണം കുഞ്ഞി ദേഹത്ത് പൌഡർ ഇടണം ഡയപ്പർ കെട്ടണം, നനയുമ്പോൾ അതെങ്ങിനെ മാറ്റണം എന്നെല്ലാം അതിൽ പറയുന്നുണ്ടത്രേ!

രോഹിണിക്കും ചില ടിപ്സ് സൌജന്യമായി നല്കാറുണ്ടായിരുന്നു.

       ആ രാത്രി ഉറങ്ങേണ്ട എന്നുകരുതിയെങ്കിലും എപ്പോഴോ ഉറങ്ങിപ്പോയി.

       ഉറക്കത്തിൽ ഞെട്ടിയുണർന്നു - വാച്ചിൽ നോക്കുമ്പോൾ സമയം 4 മണി. ജോലിക്കു പോണം രാവിലെ. അവൾ എണീറ്റ്‌ ജനാലയിലുടെ പുറത്തേക്കു നോക്കി. കാറ്റും മഞ്ഞു വീഴ്ചയും ശക്തമായി തന്നെ .തുടരുകയാണ്. .ഇപ്പൊ തന്നെ ഏകദേശം മുക്കാലടിയോളം മഞ്ഞു വീണിട്ടുണ്ട്. ജനലിനപ്പുറത്തെ കാഴ്ചകൾ വിട്ടു തിരിഞ്ഞപ്പോൾ കണ്ടു, മുറിയുടെ മൂലയിൽ തടിയിൽ തീർത്തൊരു ശ്രീകോവിൽ. അവിടെ ഇഷ്ട്ടദൈവങ്ങളെ  കൈയ്യിലൊതുങ്ങുന്ന വലുപ്പങ്ങളിൽ! കഴിഞ്ഞൊരു വര്ഷമായി  കാണാത്ത കാഴ്ചയാണ്! ശ്രീകോവിലിനു മുന്നിൽ  പലകയിൽ ചത്തിരിക്കുന്ന രാമായണം. തൊട്ടടുത്ത്‌ എണ്ണയിൽ മുങ്ങിയതിരിയും ചുമന്നു നില്ക്കുന്ന കുറിയൊരു .നിലവിളക്ക്.  ഹരിപ്പാടിനടുത്ത ഒരു കുഞ്ഞു ഗ്രാമത്തിൽ നിന്നും അമേരിക്കയിലേക്ക് പറക്കും മുൻപ് അമ്മയായ ഒരു സാധു അന്തർജ്ജനം നല്കിയ ഏക സമ്മാനം. 

       അമ്മാവന്റെ മകനായിരുന്നു ഹരി. അമേരിക്കയിൽ പഠിത്തമൊക്കെ കഴിഞ്ഞു നാട്ടിൽ വന്നു  രോഹിണിയെ പെണ്ണ് കണ്ടു നടന്ന കല്യാണം.  ഈ ആലോചന വരുമ്പോ തന്നെ രോ ഹിണിക്കൊട്ടും സമ്മതമല്ലായിരുന്നു. വല്ലാത്ത പേടിയായിരുന്നു മനസ്സിൽ. അധികം പഠിപ്പൊ ന്നുമില്ലാത്ത  വെറുമൊരു  നാട്ടിന്പുറത്ത്കാരിയുടെ ഭയവും ആശങ്കകളും വിവാഹത്തിനുമുമ്പ്  എങ്ങിനെയാണ്‌  ഭർത്താവാകാൻ പോകുന്നയാളോട് പങ്കുവയ്ക്കുക . പക്ഷെ ഹരിക്ക്  രോഹിണിയെ  മാത്രം മതിയെന്നായിരുന്നു.

       വിവാഹശേഷമാണ് എല്ലാ ആശങ്കകളും അസ്ഥാനത്തായിരുന്നു എന്ന് മനസ്സിലായത്‌.മെല്ലെ, ക്ഷമയോടെ, കാര്യങ്ങൾ കാട്ടി കൊടുത്തും  പറഞ്ഞു കൊടുത്തും ജീവിതത്തിലേക്കും പരിമിതമായ നാഗരികതയിലെക്കും കൈപിടിച്ച് നടത്തിയത് ഹരി തന്നെയായിരുന്നു.

       ഓർമ്മകൾ!

       വന്നയിടെ ഒരു അവധി ദിവസ്സം ഓഫീസിലെ പിക്നിക്കിനു പോയിരുന്നു. ഷോർട്ട്സു തന്നെയിടണം എന്ന് ഹരിക്കൊരേ   നിര്ബന്ധം. ഒടുവിൽ സമ്മതിച്ചു. അങ്ങിനെ അതിന്റെ തയ്യാറെടുപ്പിനായി കാലുകളിലെ രോമം കളയയാൻ ശ്രമിച്ചപ്പോൾ  മുറിഞ്ഞു ചോരപൊടിഞ്ഞു. കരച്ചിൽ  വന്നു. പിന്നെ ആ പണി പൂർത്തിയാക്കിയത്  ഹരിയായിരുന്നു എന്നോർക്കുമ്പോൾ ചിരി വരുന്നു. മുട്ടിനു മേളിൽ  നിന്ന  ഷോർട്ട്സിന് താഴെവരെയെത്തുന്ന, പനങ്കുല പോലുള്ള മുടിയുമായി  ഓട്ടമൽസ്സരത്തിനോടുന്ന ഫോട്ടോ ഇടയ്ക്കിടെ കാണിച്ചു  കളിയാക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ ചമ്മല് മാറ്റാൻ ആ കാലൊക്കെ  നുള്ളിപ്പറിക്കുമായിരുന്നു.

       പെട്ടെന്നാണോർത്തത്.

       രാവിലെ പോകുന്നതിനു മുൻപ് മഞ്ഞു കുറച്ചെങ്കിലും മാറ്റണമെങ്കിൽ ഇപ്പോഴേ തുടങ്ങണം. തനിക്കാണേൽ ആ യന്ത്രം പ്രവർത്തിപ്പിക്കാനും അറിയില്ല. ഷവൽ  തന്നെ ശരണം. രോഹിണി തിരിഞ്ഞു കട്ടിലിൽ സുഖമായുറങ്ങുന്ന മോളെ നോക്കി. ഡയപ്പറിൽ  ഒന്ന് തൊട്ടു ...ങും നനഞ്ഞിട്ടുണ്ട്....തിരികെ വന്നിട്ട് മാറ്റാം .. പുറത്തിറങ്ങാനായി  ഡ്രസ്സ്‌ മാറി, കഴിഞ്ഞ വർഷം ഹരി സുരക്ഷാ കവചം എന്ന് പറഞ്ഞു നല്കിയ ജാക്കറ്റ് ഇട്ടു. ഷവലുമായി പുറത്തിറങ്ങി.

       എവിടെന്നോ കിട്ടിയ ആവേശത്തോടെ അവൾ മഞ്ഞു മാറ്റാൻ തുടങ്ങി. കാറ്റും മഞ്ഞു വീഴ്ചയും അറിയാതെയോ വക വക്കാതെയോ എത്ര നേരം അത് തുടർന്ന് എന്നറിയില്ല.

       ഒരു വണ്ടിയുടെ ഹെഡ്  ലൈറ്റ് മുഖത്തടിച്ചപ്പോഴും  അവളറിഞ്ഞില്ല താൻ പുറത്തു മഞ്ഞിൽ  വീണു .കിടക്കുകയാണെന്ന്.

 

*               *          *

       ‘പറഞ്ഞാൽ  കേൾക്കണ്ടേ? മ്മളെന്താ ചെയ്യുക!’

       സംസാരം കേട്ട് കണ്ണു തുറക്കുമ്പോൾ രോഹിണി ആശുപത്രി മുറിയിലെ കിടക്കയിലാണ്. ചുറ്റും നോക്കി. ഏട്ടനും എട്ടത്തിയും പിന്നെ കുറച്ചുപേരും.

       എട്ടത്തി മോളെ എടുത്തിട്ടുണ്ട്.

       ഇടതു കൈയ്യിലെ സൂചിയെ പിന്തുടർന്നപ്പോൾ ആണ്  മുകളിലായി ഒരു പ്ലാസ്റ്റിക്‌ 

സഞ്ചി തൂങ്ങുന്നതറിഞ്ഞത്.ദേഹത്തൊക്കെ കുറെ വയറുകൾ പിടിപ്പിച്ചിരിക്കുന്നു. ഒന്നിൽ തൊട്ടപ്പോഴാണ് ആരോ പറഞ്ഞത്, ‘'ഇ സി ജി ആണ്...തൊടേണ്ട’

       മുറിയിലെ സംസാരം രോഹിണിക്കിഷ്ട്ടമില്ലാത്ത രീതിയിൽ തുടർന്നു.

 

       ‘എത്ര പേര് ഏതൊക്കെ തരത്തില്  ഉപദേശിച്ചതാ’

       ‘ഒറ്റയ്ക്ക് ആ വീട്ടില്..കുറച്ചു അഹങ്കാരമുന്ടെന്നു കൂട്ടിക്കോ’

       ‘ഞാനും ചേട്ടനും എത്ര ..പറഞ്ഞതാ...ഞങ്ങക്കൊപ്പം കൂടാനേ..’

       രോഹിണി എട്ടത്തിക്ക് നേരെ തിരിഞ്ഞു കുഞ്ഞിനെ നോക്കി വിളിച്ചു, ‘മോളെ’

       ജാനുവേട്ടത്തി ശ്രദ്ധയോടെ അവളെ  രോഹിണിയുടെ കൈകളിൽ  വച്ചു. വാത്സല്യം  വഴിയുന്ന ഉമ്മകൾക്കൊടുവിൽ എന്തോ ഓർത്തിട്ടെന്നപോലെ ഡയപ്പർ തൊട്ടു നോക്കി. മാറ്റാൻ തനിക്കു സാധിച്ചിരുന്നില്ലല്ലോ.

       അതുകണ്ടുനിന്ന ജനുവേടത്തി പറഞ്ഞു:

       ‘അതെ, ഞാനെത്തുമ്പം കുഞ്ഞു കരയുവാ...ഒക്കെ നനഞ്ഞിട്ടെ..മാറ്റി പുതിയ ഡയപ്പർ കെട്ടി ദേഹത്തൊക്കെ കുറെ പൌഡറും ഇട്ടു സുന്ദരിയാക്കിയെടുത്തു’

       രോഹിണിക്കു  ചിരിയാണ് വന്നത്. അവളോർത്തു, ‘ജാനുവേടത്തി  കുറേശെ നുണ പറയുമെന്നറിയാം ന്നാലും ഈ നേരത്തും ഇങ്ങിനെയായാലോ?’

       എല്ലാം താൻ കണ്ടതല്ലേ.

       വീടിനു പുറത്തിറങ്ങി കുറേനേരം കഴിഞ്ഞു, തളർന്നപ്പോൾ മോളെ നോക്കിയിട്ടു വരാംന്നു കരുതി  അകത്തേക്കുകയറി. ജനുവേട്ടത്തി പറഞ്ഞതിൽ പാതി ശരിയാണ്‌. അനഘ ചിണു ങ്ങുന്നുണ്ടായിരുന്നു.

       ശബ്ദമുണ്ടാക്കാതെ പതിയെ പടികൾ കയറുമ്പോൾ 

       മുറിക്കുള്ളിൽ ഹരിയുടെ ശബ്ദം.

       അത്  താൻ വ്യക് ത മായി കേട്ടതാ.

       ‘ഇതൊന്നു മാറ്റിക്കോട്ടെ..ന്നിട്ടാ ചിരിയൊന്നു കാണട്ടെ,’എന്നൊക്കെ.

       കൗതുകത്തോടെ മുറിക്കു പുറത്ത് നിന്ന് പതിയെ ഉ ള്ളിലേക്ക് നോക്കുമ്പോൾ!

       നീല ചിറകുകളുള്ള ഒരു ചിത്രശലഭം! 

       പറക്കുമ്പോൾ അതിനു ചുറ്റും ഒരു പ്രകാശ വലയം.

       പൂക്കളിലെന്ന പോലെ  അവളുടെ നെറ്റിയിലും കവിളത്തും  നെഞ്ചത്തും മാറി മാറിയിരുന്നു 

ഇക്കിളിപ്പെടുത്തിയും കണ്ണിനു മുന്നിലുടെ നീല ചിറകുകൾ കാട്ടി പറന്നും  അത് അവളോട്‌ കിന്നരിക്കുന്നുണ്ടായിരുന്നു.

       പതുക്കെ പതുക്കെ അവൾ ചിണുങ്ങൽ  നിറുത്തി ശബ്ദമുണ്ടാക്കി ചിരിക്കാൻ തുടങ്ങി. ചിരിച്ചു ചിരിച്ചൊടുവിൽ ശലഭത്തിന്റെ നിശബ്ദ താരാട്ടിലെന്നോണം ഉറങ്ങാൻ തുടങ്ങി. താൻ മുറിക്കുള്ളിൽ കേറാൻ തുടങ്ങുമ്പോഴാണ് ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നത്.

       എന്നിട്ട് ജാനുവേടത്തി പറയുന്ന കേട്ടില്ലേ..എങ്ങിനെ ചിരിക്കാതിരിക്കും.

       രോഹിണി ഒന്നും മിണ്ടിയില്ല.

       അവൾ മോളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ച ശേഷം ഏട്ടത്തിക്ക് നേരെ നീട്ടി.

       വെറുതെ കിടക്കുമ്പോൾ ചിതറിയ ചിന്തകളുടെ വേലിയേറ്റങ്ങൾ.

       താൻ ഉറങ്ങുകയായിരുന്നോ ? 

       അതോ സ്വപ്നം കാണുകയായിരുന്നോ?

       ഈ നിമിഷം താൻ യാഥാർത്ഥ്യത്തിലേക്ക് ഉണരുകയാണോ?

       അതോ സ്വപ്നത്തിന്റെ മറ്റൊരു തലത്തിലേക്ക് ഉയർത്തപ്പെടുകയാണോ?



                                                           ( കലാകൗമുദിയിൽ ഏപ്രിൽ 11 നു പ്രസിദ്ധീകരിച്ചത് )

3 comments:

  1. നല്ല കഥ
    കലാകൌമുദിയിൽ വന്നതിന് അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. നന്ദി മുരളി - കുറച്ചു നാളായി കേട്ടിട്ട് - സുഖമല്ലേ.

      Delete

Subscribe