Monday, November 3, 2014

'സിയാറ്റിൽ അണ്ടർഗ്രൗണ്ട്' - തീയ് ബാക്കിവെച്ച നഗരശേഷിപ്പുകൾ


അമേരിക്കയിലെ ഏറ്റവും വടക്ക് പടിഞ്ഞാറൻ സംസ്ഥാനത്തിനു ആദ്യത്തെ പ്രസിഡണ്ട്‌ ജോർജ് വാഷിംഗ്ടന്റെ പേരാണ് - വാഷിംഗ്ടൻ. വടക്ക് കാനഡയും  (ബ്രിട്ടീഷ്‌ കൊളംബിയ) തെക്ക് ഒറെഗോണ്‍, കിഴക്ക് ഇദാഹോ എന്നീ സംസ്ഥാനങ്ങളും അതിരിട്ട ഈ ഭൂപ്രദേശത്തിന് പടിഞ്ഞാറ് പസഫിക് സമുദ്രമാണ്. തലസ്ഥാനം ഒളിമ്പിയ ആണെങ്കിലും  വലിയ സിറ്റി സിയാറ്റിൽ ആണ്. ഏറ്റവും നല്ല കോഫി (STARBUCKS) ക്കും ശുദ്ധ വായുവിനും പേര് കേട്ട ഈ സ്ഥലത്ത് നിരവധി കമ്പനികളുടെ ഹെഡ് ക്വാർട്ടെർസ് സ്ഥിതി ചെയ്യുന്നു - മൈക്രോസോ ഫ്റ്റ്‌, ആമസോണ്‍, ബോയിംഗ് തുടങ്ങിയവ അവയിൽ  ചിലത് മാത്രം. 

ജോലി സംബന്ധ മായി  സിയാറ്റിലിനു കിഴക്കേ സബർബ് ആയ റെഡ് മോണ്ടിൽ ഉണ്ടായിരുന്ന കുറെ മാസങ്ങൾ, ജോലിയുടെ കാര്യത്തിൽ മാത്രമല്ല  അനുഭവങ്ങളുടെയും കാഴ്ചകളുടെയും കാര്യത്തിലും പുതുമകൾ നിറഞ്ഞതായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ ഫോണ്‍ സർവീസ് കമ്പനികളിലൊന്നായ AT&T ക്കു വേണ്ടി ആദ്യത്തെ 4G നെറ്റ്‌വർക്ക് അവരുടെ റെഡ് മോണ്ട്  ലാബിൽ നിർമിച്ചു പ്രവർത്തന ക്ഷമമാക്കുക- വെല്ലുവിളികൾ  നിറഞ്ഞതെങ്കിലും രസമുള്ള ജോലി. പിന്നെ ഏതൊരു മലയാളിയും ഇഷ്ട്ടപ്പെടുന്ന ഭൂപ്രകൃതിയും (കുന്നുകൾ നിറഞ്ഞ സ്ഥലം - പലപ്പോഴും കുത്തനെയുള്ള കുന്നുകൾ തന്നെ) കടലിന്റെ സാമീപ്യവും മീനിന്റെ  ധാരാളിത്തവും എന്നെ ഈ സ്ഥലത്തോട് ഒത്തിരി അടുപ്പിച്ചു നിറുത്തി.





ഓർക്കുന്നു - ഞങ്ങൾ സ്ഥിരമായി ഞണ്ട് കഴിക്കുന്ന ഒരു സ്ഥലം - അവിടെ ഞണ്ട് മാത്രം. പല തരം  ഞണ്ടുകൾ, കിംഗ്‌ ക്രാബ് എന്നു ഓമനപ്പേരുള്ള   ഞണ്ട് രാജന്റെ കാലുകൾക്ക് ഏകദേശം മുക്കാലടിയോളം നീളം  ഉണ്ടാകും. സാധാരണ ഹോട്ടലിൽ കഴിക്കാൻ കയറിയാൽ കത്തിയും മുള്ളും (ഫോര്ക് ആൻഡ്‌ നൈഫ്) മുന്നിലെ തീൻമേശയിൽ ഉണ്ടാകുമല്ലോ..ഇവിടെ അത് മാത്രമല്ല ഒരു ചെറിയ ചുറ്റിക , സാമാന്യം വലിപ്പമുള്ള ഒരു കൊടിൽ  അങ്ങിനെ ഞണ്ടുകളെ ശെരിക്കും കൈകാര്യം ചെയ്യാൻ സഹായകമായേക്കാവുന്ന ചില ഉപകരണങ്ങൾ  കൂടി മേശപ്പുറത്ത് ഉണ്ടാകും. കസേരയിൽ ഇരിക്കുന്നതിനു മുമ്പുതന്നെ തന്നെ പാചകക്കാർ കെട്ടുന്ന പോലെ ഒരു അപ്രോണ്‍ കൂടി കെട്ടിയാൽ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ മുഷിയും എന്ന പേടിയും ഒഴിവാക്കാം.

ഒക്കെയാണെങ്കിലും ഒരു കാര്യം പറയേണ്ടതുണ്ട് ..ഇവിടുത്തെ കാലാവസ്ഥ. എന്റെ സുഹൃത്ത്‌ പറഞ്ഞതനുസ്സരിച്ചു വർഷത്തിൽ മൂന്നോ നാലോ മാസ്സങ്ങൾ ഒഴിച്ച് ബാക്കിയെല്ലാ മാസ്സങ്ങളിലും മഴയുണ്ട് - പലപ്പോഴും ചാറ്റൽ മഴയാവും. മേഘാവൃതമായ ആകാശങ്ങൾ...ഈ നഗരം വിഷാദത്തിലാണോ? തുടക്കത്തിൽ  പുതുമ തോന്നുമെങ്കിലും കുറെ നാളുകൾ കഴിയുമ്പോൾ ഈ വിഷാദം നമ്മിൽ ചിലരെയെങ്കിലും പിടി കൂടും 




അഥവാ ഈ നഗരമുഖത്തൊരു വിഷാദമുണ്ടെകിൽ അതിനു കാരണം സ്വന്തം ഗതകാല ചരിത്രമാവുമോ? ഓർക്കാപ്പുറത്തുണ്ടായ തീയിൽ ഒട്ടുമുക്കാലും വെന്തു നശിച്ചതിന്റെ വിട്ടുമാറാത്ത വേദന?

പലേ സ്ഥലങ്ങളും കണ്ടെങ്കിലും രണ്ടു കാഴ്ചകൾ മറക്കാനാവാത്തതാണ്. ബോയിംഗ് വിമാന കമ്പനിയുടെ ഫാക്റ്ററിയും "അണ്ടർ ഗ്രൗണ്ട്  സിയാറ്റിൽ " എന്ന പേരിൽ അറിയപ്പെടുന്ന  പഴയ നഗര ശേഷിപ്പുകളും. ഗ്രാൻഡ്‌ കാന്യൻ പ്രകൃതിയിലെ മഹാത്ഭുതം എന്ന് പറയാമെങ്കിൽ മനുഷ്യനിർമിതമായ ഏറ്റവും മഹാത്ഭുതം എന്നത് വിമാനവും വിമാനയാത്രയുമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അതിന്റെ തെളിവാണ് ഈ ഫാക്ടറി ഇതെക്കുറിച്ചടുത്ത തവണയെഴുതാം 

എന്താണ് സിയാറ്റിൽ അണ്ടർ ഗ്രൗണ്ട് ?

പഴയകാല സിയാറ്റിൽ ചരിത്രം "ആദിമ അമേരിക്ക"ന്റെയും (Native American) യൂറോപ്യൻ കുടിയേറ്റങ്ങളുടെയും ചരിത്രമാണെങ്കിലും പത്തൊൻപതാം  ശതകത്തിന്റെ മദ്ധ്യത്തോടെ യാണ് സിറ്റിയുടെ വികസനവും നിർമാണവുമായി ബന്ധപ്പെട്ട കുടിയേറ്റങ്ങൾ നടക്കുന്നത് ... 1851 - ൽ  അമേരിക്കയുടെ "മിഡ്  വെസ്റ്റ്" ഭാഗത്ത്‌ നിന്നും ( ഇല്ലിനോയിസ്‌, അയോവ, തുടങ്ങിയ സംസ്ഥാനങ്ങൾ) എത്തിയ ആർതർ ഡെന്നിയും സംഘവും സിയാറ്റിലിനടുത്തുള്ള  ആൽകി (ALKI) യിൽ വാസമുറപ്പിക്കുകയും അധികം താമസിയാതെ തന്നെ കുറേക്കുടി മെച്ചപ്പെട്ട സ്ഥലത്തേക്ക് (ഇന്നത്തെ സിയാറ്റിൽ  നഗരത്തിനു തെക്കുഭാഗം) മാറുകയും ചെയ്തു..ഇതേ സമയം തന്നെ ഡോക്ടറും ബിസിനസുകാരനുമായ മേയ്നാദും  അടുത്ത് തന്നെ സ്ഥിരവാസമുറപ്പിച്ചു കഴിഞ്ഞിരുന്നു. മറ്റൊരു പേര് ഓർക്കേണ്ടത് തടി വ്യവസായി ആയിരുന്ന ഹെന്റി  യെസ്ലെർ ആണ്. സിറ്റിയുടെ നിർമാണത്തിലും വികസനത്തിലും വലുതായ പങ്കുവഹിച്ച ഡോ . മേയ്നാദ് ഒരു മനുഷ്യസ്നേഹി കൂടി ആയിരുന്നു. 

ആദ്യകാലത്ത് ആദിമ അമേരിക്കാൻ വംശജർ  കുടിയേറ്റങ്ങളെ ശക്തമായി എതിർത്തിരുന്നു. അവരുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു വെള്ളക്കാരന്റെ അതിക്രമിച്ചു കൊണ്ടുള്ള കുടിയേറ്റങ്ങൾ. കൊല്ലും കൊലയും പരസ്പരം ചെറുത്തു നില്പ്പിന്റെ ഭാഗമായിരുന്നു. ഒരു ആദിമ അമേരിക്കനെ കൊല്ലുന്നത് ഒരു പുലിയെയൊ  കടുവയെയോ കൊല്ലുന്നത്ര ലാഘവത്തോടെയായിരുന്നു. അക്കാലത്തു അവരോടു അനുഭാവ  പൂർണമായ  മനോഭാവം കാട്ടുകയും അവരുടെ അവകാശങ്ങൾക്ക്  വേണ്ടി വാദിക്കുകയും ചെയ്ത ഏക വെള്ളക്കരനൻ ഡോ  മേയ്നാദ് ആയിരുന്നത്രെ. നേറ്റിവ്  അമേരിക്കൻ നേതാവായിരുന്ന  "ചീഫ് സിയാറ്റിൽ" എന്ന  ആളുമായി അദ്ദേഹം സഖ്യത്തിലേർപ്പെട്ടു. അങ്ങിനെയാണ് ഈ  സ്ഥലത്തിന് സീയാറ്റിൽ  എന്ന് പേര് ഉണ്ടായത്.

അന്നത്തെ പ്രധാന വ്യവസായം തടി വ്യവസ്സായമായിരുന്നു. കടൽ നിരപ്പിൽ നിന്നും താണ പ്രദേശമായതിനാൽ വെള്ളപ്പൊക്കങ്ങളും അതുമൂലമുള്ള ദുരിതങ്ങളും സാധാരണയായിരുന്നു. അതുകൊണ്ട് തന്നെ അന്ന് സിറ്റിക്കായി നിർമിച്ചെടുത്ത  കെട്ടിടങ്ങൾ എല്ലാം തന്നെ തടികൊണ്ടുള്ളവ ആയിരുന്നു ...ഒരിക്കൽ ഒരു തടിപ്പണിക്കാരന്റെ അശ്രദ്ധ മൂലം ഒരു കടക്കു തീപിടിച്ചു... (1889 ജൂണ്‍  6-നു ആയിരുന്നു അത്) ഗ്രീസ് ബേസ്  ആയ പശ വെള്ളം കൊണ്ട് അണക്കാൻ ശ്രമിച്ചതു തീ ആളിക്കത്താനും പടരാനും ഇടയാക്കി. ഫയര് ഫോഴ്സിനു  തക്കസമയത് എത്താൻ കഴിയാത്തതും  തീ അണക്കുന്നതിൽ  അവർ നേരിട്ട സാങ്കേതിക ബുദ്ധിമുട്ടുകളും നാശത്തിന്റെ വ്യാപ്തി വർദ്ധിക്കാനുള്ള കാരണങ്ങളായി പറയപ്പെടുന്നു. ഏതായാലും അടുത്ത ദിവസ്സമായപ്പോഴേക്കും നഗരത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചു,








പിറ്റേന്ന് ഉച്ചയോടെ വ്യാപാര പ്രമുഖരും അധികൃതരും ഒത്തുകൂടുകയും ദീർഘ വീക്ഷണത്തോടെയുള്ള പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.  രണ്ടു പ്രധാനതീരുമാനങ്ങൾ അന്നവർ കൈക്കൊണ്ടു - ഒന്ന് പുതിയ കെട്ടിടങ്ങൾ  എല്ലാം ഇഷ്ട്ടിക കൊണ്ടോ സ്റ്റീൽ കൊണ്ടോ ഉള്ളതായിരിക്കണം . രണ്ടു - അന്നുണ്ടായിരുന്ന റോഡുകളെല്ലാം ജലനിരപ്പിൽ നിന്നും ഉയർത്തിയെടുക്കണം. അങ്ങിനെ മണ്ണിട്ട്‌ ഉയര്ത്തിയ റോഡുകൾക്ക് ചില  ഭാഗങ്ങളിൽ 22 അടിയോളം ഉയരമുണ്ട്. അപ്പോൾ റോഡിനിരുവശങ്ങളിലും ബാക്കിനിന്ന പഴയ കെട്ടിടങ്ങളുടെ ഒരു നിലയോ കൂടുതലോ മണ്ണ് നിരപ്പിനടിയിലായി. ഇത്തരം ബേസ് മേന്റുകളും അവയെ ബന്ധിപ്പിക്കുന്ന ഇടനാഴികളും ചേര്ന്നതാണ് സീയാറ്റിൽ അണ്ടർ ഗ്രൗണ്ട്.






സിയാറ്റിൽ അണ്ടർ ഗ്രൗണ്ട് ടൂർ  എന്നത് 1965 -ൽ ബിൽ സ്പൈദൽ എന്നയാൾ തുടങ്ങി വച്ചതാണ്. ഡൌണ്‍ ടൌണ്‍ സിയാറ്റിൽ, അതായത് നഗരത്തിൻറെ തെക്ക് പടിഞ്ഞാര് ഭാഗത്ത് ഉണ്ടായിരുന്ന, എന്നാൽ 1889 -ലെ "ഗ്രേറ്റ്‌ ഫയർ" -ൽ  കത്തി നശിച്ച pioneer square -ലെ കുറെ കെട്ടിടങ്ങളുടെ ബസേമെന്ടു-കൾ,  വാടകക്കെടുത്താണ് ടൂർ  കമ്പനി ആരംഭിക്കുന്നത്. എൻറെ അനുഭവത്തിൽ ഓരോ രാജ്യത്തിന്റെയും ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ കാണും അവിടുത്തെ ടൂർ ഗൈഡുകൾക്കും അവരുടെ വിവരണ രീതികൾക്കും. തെക്കേ അമേരിക്കയിൽ കുസ്കോ എന്ന സ്ഥലവും, അധിനിവേശ കഥകൾ നിറഞ്ഞ മറ്റു സ്ഥലങ്ങളും  സന്ദര്ശിച്ചപ്പോൾ കണ്ട ഗൈഡ് ചരിത്രത്തിൽ  ഡോക്ടരെട്റ്റ് ഉള്ള ആളായിരുന്നു. അദ്ദേഹത്തിന് താൻ കണ്ടെത്തിയ ചരിത്ര സത്യങ്ങൾ ഉറക്കെ സന്ദർശകരോട് പറയേണ്ടത് ഒരു ദൗത്യം ആയിരുന്നു. ഇവിടെ തികച്ചും വ്യതസ്തയായ ഒരു പെണ്‍കുട്ടി. ഒത്തിരി നരമ ബോധത്തോടെ സംസാരിക്കുന്നു. അവൾ പറയുന്നതിൽ  പലതും അസത്യങ്ങളോ അല്ലെങ്കിൽ സത്യമാവാൻ വഴിയില്ല എന്ന് തോന്നുന്നവയോ ആയിരുന്നു...എന്നാൽ ചിലത് മറിച്ചും...പലപ്പോഴും മെനെഞ്ഞെടുത്ത കഥകൾ ...പലതിലും അവൾ കൂടി ഉൾപ്പെട്ടപോലെ ...

ഈ യാത്രയെക്കുറിച്ച് എഴുതാൻ വേണ്ടി നടത്തിയ അന്വേഷണത്തിലാണ് അവൾ ഉപയോഗിച്ച രീതി അമേരിക്കൻ  നാടോടി പാരമ്പര്യത്തിൽ പെടുന്ന "റ്റാൾ  റ്റയിൽ " (Tall  Tale) എന്ന സമ്പ്ര ദായമാണെന്ന്  മനസ്സിലാക്കിയത്‌ 



ഉയർത്തപ്പെട്ട റോഡുകൾക്കിരുവശങ്ങളിലായുള്ള സൈഡു  വാക്കിലൂടെ  നടക്കുമ്പോൾ കാണുന്ന ഗ്ലാസ്‌ഷീറ്റ് ഇട്ട  സ്കൈ വാക്ക്  (Sky  Walk) ബേസ്മെന്റിനുള്ളിൽ നിന്നും നോക്കുമ്പോൾ ഉള്ള കാഴ്ച.

പുതിയ സിറ്റി നിർമാണത്തിന് ശേഷം പഴയ ഹോട്ടലുകളുടെ സ്വീകരണമുറിയിലെത്താൻ  ഹോട്ടലിനു മുന്നിലായി ഇതുപോലെ സൈഡ് വാക്കിൽ ഒരു ഭാഗം മുറിച്ചു മാറ്റി അവിടെ താഴെയിറങ്ങാനായി ഏണി  സ്ഥാപിച്ചിരുന്നത്രേ, കാരണം സ്വീകരണ മുറിയുള്ള താഴത്തെ നില ഭൂ നിരപ്പിൽ നിന്നും താഴെയായിപ്പോയല്ലോ







റോഡുകൾ  മണ്ണിട്ട്‌ ഉയർത്തിയപ്പോൾ മണ്ണിനടിയിൽ മറഞ്ഞുപോയ പഴയ ഒരു റോഡ്‌ ഇന്റർ സെക്ഷൻ. ഒരു റോഡിന്റെ പേര് നോക്കു  - നേരത്തെ സൂചിപ്പിച്ച തടി വ്യവസായി ഹെ ന്റി യസ്ലെറിന്റെ പേരാണതിന് .









പുതിയ നഗര നിർമാണത്തിനു മുൻപ് സീവേജ് പൈപ്പുകൾ, ശുദ്ധ ജലത്തിനായുള്ള പൈപ്പുകൾ എല്ലാം തന്നെ തടി കൊണ്ടുള്ളതായിരുന്നു.






2004 -ലാണ് അണ്ടർ ഗ്രൗണ്ട്  സിയാറ്റിൽ  "അടൽസ് ഒണ്‍ലി അണ്ടർവേൾഡ് ടൂർ" ആരംഭിക്കുന്നത് - സാധാരണ ടൂറിൽ പരത്തി പറഞ്ഞു പോകുന്ന അന്നത്തെ 'വേശ്യാ വൃത്തിയും' 'കറുപ്പ്' (opium) കച്ചവടവുമൊക്കെ വളരെ രസകരമായും ആധികാരികമായും ഈ ടൂറിൽ തെളിവുകളോടെ ചർച്ച  ചെയ്യുമത്രെ.

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ തടി വ്യവസായത്തോടൊപ്പം ആരംഭിച്ചതാണ് ഇവിടുത്തെ വേശ്യാവൃത്തിയും. ഒരു സമയത്ത് സിറ്റിക്ക് ഏറ്റവും കൂടുതൽ നികുതി കൊടുത്തിരുന്നത് ഇവരത്രേ. നേരത്തെ മനുഷ്യസ്നേഹിയും ബിസ്സിനസ്സ് കാരനുമായ ഡോ . മേയ്നടിനെ പറ്റി  പറഞ്ഞുവല്ലോ. അദ്ദേഹം നല്ലൊരു മദ്യപാനിയും "വേശ്യാവൃത്തി" സിയാറ്റിലിന്റെ  എല്ലാവിധ സാമ്പത്തിക പുരോഗതിക്കും ആവശ്യമാണ്  എന്ന് വിശ്വസിച്ചിരുന്ന ഒരാളും കൂടിയായിരുന്നത്രേ. വേശ്യാവൃത്തി ഒരു ബിസിനസ്‌ ആയി സ്ഥാപിക്കുകയും വളർത്തുകയും  ചെയ്ത പ്രമുഖ വനിതയാണ്‌ "മാഡം  ലൂ ഗ്രഹാം ". നാൽ പ്പത്തി രണ്ടാമത്തെ  വയസ്സിൽ  സിഫിലിസ് രോഗം പിടിപെട്ടു മരിക്കുമ്പോൾ അവർ  സിയാറ്റിൽ-ലെ ഏറ്റവും ധനികരിൽ ഒരാളായിരുന്നു. ബിസിനസ്‌ രംഗത്തെ പല പ്രധാന തീരുമാനങ്ങളും ഇവരുടെ ഉടമസ്ഥതയിൽ ഉള്ള വേശ്യാലയത്തിൽ  വച്ചായിരുന്നത്രേ . ഈ തൊഴിലിൽ എര്പ്പെട്ടിരുന്ന 2500 -ഓളം വനിതകൾ താമസ്സിച്ചിരുന്നത് ഒരേ തെരുവിൽ  തന്നെയായിരുന്നു. 

ഇവരുടെ തൊഴിൽ  തയ്യൽ ആയും ഇവരെ തയ്യൽക്കാരികളായുമാണ്‌  പുറം ലോകം അറിയപ്പെട്ടിരുന്നത് 




                                                       പഴയ ചില കാഴ്ചകൾ  












7 comments:

  1. Tall Tale ആദ്യമായി കേള്‍ക്കുകയാണ്. നന്നായിട്ടെഴുതി... വീണ്ടും വരാം :)

    ReplyDelete
    Replies
    1. വായനക്ക് നന്ദി - മുബി.
      തീർച്ചയായും :)

      Delete
  2. കേട്ടുകേൾവി മാത്രമുള്ള സ്ഥലങ്ങൾ കാണിച്ചു തന്ന ചിത്രങ്ങൾക്കും വിവരണത്തിനും വളരെ നന്ദി ....

    ബോയിംഗ് വിശേഷങ്ങൾ ഉടനെ പ്രതീക്ഷിക്കുന്നു....

    ReplyDelete
    Replies
    1. ബോയിംഗ് ബോയിംഗ് ഉടനെ വരുന്നുണ്ട് :)
      വായനക്ക് നന്ദി കുഞ്ഞൂസ്

      Delete
  3. ആദ്യമായി കേള്‍ക്കുകയാണല്ലോ ഈ വിശേഷങ്ങളൊക്കെ. താങ്ക്സ്

    ReplyDelete
  4. “പഴയകാല സിയാറ്റിൽ ചരിത്രം "ആദിമ അമേരിക്ക"ന്റെയും ( Native American )
    യൂറോപ്യൻ കുടിയേറ്റങ്ങളുടെയും ചരിത്രമാണെങ്കിലും പത്തൊൻപതാം ശതകത്തിന്റെ
    മദ്ധ്യത്തോടെ യാണ് സിറ്റിയുടെ വികസനവും നിർമാണവുമായി ബന്ധപ്പെട്ട കുടിയേറ്റങ്ങൾ
    നടക്കുന്നത് ... 1851 - ൽ അമേരിക്കയുടെ "മിഡ് വെസ്റ്റ്" ഭാഗത്ത്‌ നിന്നും ( ഇല്ലിനോയിസ്‌,
    അയോവ, തുടങ്ങിയ സംസ്ഥാനങ്ങൾ ) എത്തിയ ആർതർ ഡെന്നിയും സംഘവും സിയാറ്റിലിനടുത്തുള്ള
    ആൽകി (ALKI ) യിൽ വാസമുറപ്പിക്കുകയും അധികം താമസിയാതെ തന്നെ കുറേക്കുടി മെച്ചപ്പെട്ട സ്ഥലത്തേക്ക് ( ഇന്നത്തെ സിയാറ്റി ൽ നഗരത്തിനു തെക്കുഭാഗം ) മാറുകയും ചെയ്തു..ഇതേ സമയം തന്നെ ഡോക്ടറും ബിസിനസ്‌ കാരനുമായ മേയ്നാദും അടുത്ത് തന്നെ സ്ഥിരവാസമുറപ്പിച്ചു കഴിഞ്ഞിരുന്നു. മറ്റൊരു പേര് ഓര്ക്കേണ്ടത് തടി വ്യവസായി ആയിരുന്ന ഹെന്റി യെസ്ലെർ ആണ്. സിറ്റിയുടെ നിർമാ നത്തിലും വികസനത്തിലും വലുതായ പങ്കുവഹിച്ച ഡോ . മേയ്നാദ് ഒരു മനുഷ്യസ്നേഹി കൂടി ആയിരുന്നു. ‘

    മനോഹരമായ ചിത്രങ്ങളടക്കം , നല്ല വിവരണത്തോടെ
    സിയാറ്റിന്റെ പഴയതും പുതിയതുമായ ചരിത്രങ്ങളോടൊപ്പം
    അമേരിക്കയെ തൊട്ടറിയിച്ച ഒരു കലക്കൻ സഞ്ചാര വിവരനമാണിത് കേട്ടൊ ഭായ്

    ReplyDelete

Subscribe