Monday, January 10, 2011

സിറ്റിസണ്‍

ജനാലക്കരുകിലിട്ട കസേരയിലിരുന്ന് ജനാർദനൻ പുറത്തേക്കു നോക്കി, വെറുതെ. ഇന്നലെ രാത്രി പെയ്യാൻ തുടങ്ങിയ മഞ്ഞിനിയും തീർന്നിട്ടില്ല. ആറേഴിഞ്ചു കനത്തിൽ പഞ്ഞിമെത്തപോലെ. പുനർജനി കാത്തുനിന്ന കറുത്ത മരങ്ങളുടെ ഇലകൊഴിഞ്ഞ ചില്ലകളിൽ തങ്ങിനിന്ന വെളുവെളുത്ത മഞ്ഞു കാണാൻ രസമുണ്ട്. കുറെ നേരം അങ്ങിനെയിരുന്നു.

മുന്നിലെ മേശപ്പുറത്തു ദേവു കൊണ്ടുവച്ച കാപ്പി തണുത്തുപോയിരിക്കുന്നു.

കുടിക്കാൻ തോന്നിയില്ല.

       എത്രനേരം അങ്ങനിരുന്നു എന്നറിയില്ല.

       'എന്തായിത്? എന്തൊരിരുപ്പാണിത്' ദേവുവാണ്

       'ഇന്റർവ്യൂവിനു ഇനി രണ്ടാഴ്ച മാത്രം. ഇങ്ങിനിരുന്നാലെങ്ങനാ..?'

       അടുത്തെത്തി ഒരു പുസ്തകം മേശപ്പുറത്തിട്ടുകൊണ്ടവൾ പറഞ്ഞു.

       പുറത്തെ കാഴ്ചകൾ വിട്ട്, അയാൾ മുന്നിൽ മേശപ്പുറത്തു വീണ പുസ്തകത്തിൽ നോക്കി.

        'എവരി തിങ് യു നീഡ് റ്റു നൊ ഓൺ യൂ എസ് ഹിസ്റ്ററി'

       തലക്കെട്ട് വായിച്ച ജനാർദനൻ തലയുയർത്താതെ പറഞ്ഞു.

       'ഇതൊക്കെ വല്യ ബോറാണ് ദേവൂ ..ഈ പുസ്തകം പഠിച്ചു പരീക്ഷ പാസ്സായി എനിക്ക് സിറ്റിസൺ ആവണ്ട'

       'വേണമെന്ന് വിചാരിച്ചാ എല്ലാം പറ്റും ..ബുദ്ധിയില്ലാഞ്ഞിട്ടല്ലല്ലോ. പിന്നെ ..ഒക്കെ ഇഷ്ടംപോലെ'

       പറഞ്ഞുനിറുത്തിയത് തെല്ലമർഷത്തോടെയായിരുന്നു. അവൾ അടുക്കളയിലേക്കു നടന്നു.

       അമേരിക്കൻ പൗരത്വത്തിനായുള്ള ഇന്റർവ്യൂ - അതൊരു പ്രശ്നമല്ല. ഇതുവരെയെത്താൻ എത്രയെത്ര പരീക്ഷകളും ഇന്റർവ്യൂകളും നേരിട്ടു. പരാജയങ്ങൾ വളരെ കുറച്ചു മാത്രം. എന്നാൽ ഈ ഇന്റർവ്യൂവിനു മുൻപുള്ള ചരിത്ര പരീക്ഷ..അത് പ്രശ്നമാണ്. ചരിത്രവും അതെകുറിച്ചുള്ള

പരീക്ഷകളും എന്നും പ്രശ്നമായിരുന്നു.

       പതുക്കെ പതുക്കെ ചിന്തകൾ വർത്തമാന കാലം വിട്ട് ഭൂതകാലത്തേക്കു കടന്നു. ബാല്യവും കൗമാരവും നടത്തിച്ച വഴികൾ.

       അധികം വൈകാതെ, ഗോവിന്ദപുരം ഗവൺമെന്റ് ഹൈസ്‌കൂളിന്റെ ഗേറ്റിനു മുന്നിലെത്തിയ ജനാർദ്ദനന്റെ കണ്ണുകൾ ആദ്യം തെരഞ്ഞു ചെന്നത് ഗേറ്റിനൊരുവശം ഇരുന്നു കാരക്കയും ചാമ്പക്കയും മിഠായിയും വിറ്റിരുന്ന ഒരു പാവം സ്ത്രീയെയായിരുന്നു. ഗേറ്റുതുറന്നകത്തുകടന്ന അയാൾ, എട്ടു ബി. ക്ലാസ്സ് റൂമിലെ പിൻബഞ്ചിലിരുന്ന് ഓരോന്നോർത്തു.

       പുലിക്കോടനെന്നോമനപ്പേരുവീണ നാണപ്പൻ സാറിന്റെ ചരിത്രക്ലാസ്‌. ചരിത്രമെന്നാൽ ചത്തവന്റെ കഥകളെന്നും അനാവശ്യമെന്നും ഉറച്ചു വിശ്വസിച്ച തനിക്കു ക്‌ളാസിൽ ശ്രദ്ധിക്കാനേ കഴിഞ്ഞിരുന്നില്ല. ഷേർഷായുടെ ഭരണപരിഷ്‌കാരങ്ങൾ അരങ്ങു തകർക്കുമ്പോഴായിരുന്നു പിടിയിലായത്. അലസതയോടെ വരച്ചുതീർത്ത ഗാന്ധിജിയുടെ കാർട്ടൂൺ, മുൻബഞ്ചിലിരുന്ന പ്രദീപിന് കൈമാറുമ്പോഴായിരുന്നു അത് സംഭവിച്ചത്. തടിയൻ ചൂരൽ കൊണ്ട് കനത്ത മൂന്നടി കൈവെള്ളയിലേറ്റു വാങ്ങിയ ജനാർദനൻ, അടുത്ത ഒരാഴ്ചക്കാലം സാറിന്റെ സൈക്കിൾ തുടച്ചു വൃത്തിയാക്കാൻ ശിക്ഷിക്കപ്പെട്ടു. യുദ്ധങ്ങളും ഭരണ പരിഷ്കാരങ്ങളും കേൾക്കുന്നതിനേക്കാൾ ഈ ശിക്ഷ എത്രയോ ഭേദമെന്നാണ് ജനാർദനൻ

കരുതിയത്. അങ്ങിനെഎത്രയെത്ര സംഭവങ്ങൾ. ക്ലാസ്സുകളും ബഞ്ചുകളും മാറിമാറിയിരുന്ന് അയാൾ വെറുതെ ഓരോന്നോർക്കാൻ ശ്രമിച്ചു.

       ഈയൊരു വിഷയത്തിന് മാത്രമേ മോശമായിരുന്നുള്ളു. ബാക്കിയെല്ലാത്തിനും തരക്കേടില്ലാത്ത വിധം മാർക്ക് കിട്ടിയിരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ്, നാലാം ക്ലാസിൽ വച്ചാവണം. ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന പാട്ട് സ്പെല്ലിങ് തെറ്റില്ലാതെ എഴുതിയതിനു തോമസ് സാർ തന്നെ തോളിലെടുത്തു മറ്റു കുട്ടികളുടെ  മുന്നിലൂടെ നടന്നു 'ഇവനെന്റെ കുട്ടിയാണെന്ന്' എന്ന് ഇംഗ്ലീഷിൽ പറഞ്ഞു നടന്നതോർത്തപ്പോൾ മനസ്സ് നിറഞ്ഞു.. കാലം എത്ര പെട്ടെന്നാണ് മുന്നോട്ടു കുതിച്ചത്. എപ്പോഴും 'പ്രാക്ടിക്കലായി' മാത്രം ചിന്തിച്ച അയാൾ വീണ്ടും ചിന്തകളെ വർത്തമാനത്തിലേക്കു വഴിതിരിച്ചു വിട്ടു.

       തിരിഞ്ഞുനോക്കുമ്പോൾ പരാതിപ്പെടാൻ ഒന്നുമില്ല. ഒന്നിനും ബുദ്ധിമുട്ടേണ്ടി വന്നിട്ടുമില്ല ഇതുവരെ. വർഷങ്ങൾക്കു മുൻപ് ദേവുമൊത്തു ഈ പറുദീസാ നഗരത്തിലെത്തിയ ശേഷം ഇതുവരെയും നല്ലതായിരുന്നു, കുട്ടികളുണ്ടായില്ല എന്നതൊഴിച്ചാൽ.

       പിന്നെന്തിനായിരുന്നു അമേരിക്കൻ പൗരത്വത്തിനു പിറകെ പോയത്. അതുകൊണ്ടാണല്ലോ വീണ്ടും ചരിത്രപരീക്ഷയെന്ന കടമ്പക്ക് മുന്നിൽ വിഷമിച്ചു നിൽക്കേണ്ടി വരുന്നത്. ഈ നശിച്ച സാമ്പത്തിക മാന്ദ്യം..അതുതന്നെ അല്ലാതെന്ത്.

       ജനാർദനന് ദേഷ്യം വന്നു. ഔട്ട് സോഴ്സിങ്ങും ആഗോളവൽക്കരണവും. മണ്ണാങ്കട്ട! ആദ്യമൊക്കെ തൊഴിലുകൾ ഇന്ത്യക്കും ചൈനക്കും കൈമാറിയപ്പോൾ സംഗതി ഇത്ര ഗുരുതരമാവും എന്ന് കരുതിയില്ല. ഒരു കമ്പനിയല്ലെങ്കിൽ മറ്റൊന്നിൽ കയറിപ്പറ്റാം എന്ന ആത്‌മവിശ്വാസ്സം ഉണ്ടായിരുന്നു. എന്നാൽ സ്ഥിതിഗതികൾ വീണ്ടും വീണ്ടും വഷളാവുകയായിരുന്നു. മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്നൊരുദിവസ്സം പിരിച്ചു വിട്ടപ്പോൾ തകർന്നുപോയി.

       ആകെ പരാജയപ്പെട്ടപോലെ. കഴിഞ്ഞ കാലത്തെ സേവനങ്ങളൊന്നുമേ

മാനിക്കാതെ ഒരു ദിവസ്സം പടിക്കുപുറത്താക്കിയാൽ ആർക്കും ഇങ്ങിനെയൊക്കെയല്ലേ തോന്നുക. ആദ്യത്തെ മൂന്നു നാല് ദിവസ്സം ഉറങ്ങാൻപോലും കഴിഞ്ഞില്ല. പുറത്തിറങ്ങുകയോ ഫോൺ കോളുകൾ എടുക്കുകയോ ചെയ്തില്ല. ഒരുൾവലിയലായിരുന്നു. പിന്നെ ദേവു ..അവൾ കാരണം മാത്രമാണ് ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാൻ കഴിഞ്ഞത്.

       രണ്ടു മാസത്തോളം കൂട്ടുകാരെയാരെയും ജോലി നഷ്ട്ടപ്പെട്ട കാര്യം അറിയിച്ചില്ല. തന്നെത്താൻ ശ്രമിച്ചു നോക്കി. ഒന്നും ശരിയായില്ല. ഒടുവിൽ ദേവുവിന്റെ ഉപദേശമനുസ്സരിച്ചു അടുത്ത കൂട്ടുകാരോട് വിവരം പറഞ്ഞു.

       അവരുടെ ശ്രമങ്ങൾക്കും ഫലം കണ്ടില്ല. ചില സമയങ്ങളിൽ

       അങ്ങനെയൊക്കെയാണ്. വീണ്ടും മാസങ്ങൾ കഴിഞ്ഞപ്പോൾ

സുദേവൻ പറഞ്ഞു.

       'സിറ്റിസൺഷിപ്പിനു ശ്രമിച്ചൂടെ..ഗവണ്മന്റ് ജോലികളുൾപ്പെടെകുറേക്കൂടി അവസ്സരങ്ങളുണ്ടാവില്ലേ...?'

       മിണ്ടിയില്ല. കുറേനേരം കഴിഞ്ഞപ്പോൾ സുദേവൻ കൂട്ടിച്ചേർത്തു.

       'ഒന്നുകിൽ തൽക്കാലത്തേക്ക് മറ്റെന്തെകിലും ജോലി ചെയ്യണം. തനിക്കതിനും വയ്യല്ലോ. ഇങ്ങിനിരുന്നോ അവസാനം എല്ലാം പാക്ക് ചെയ്തു നാട്ടിലേക്ക് തന്നെ പോകാം'

       നാട്ടിൽ പോവുകയോ..അതും ജോലിനഷ്ട്ടപ്പെട്ടിട്ട് ..അതില്പരം നാ ണക്കേടുണ്ടോ..ഒരിക്കലുമില്ല.

       അങ്ങിനെ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാൻ തയാറായത്.

       എത്രനേരം അയാൾ ആയിരുപ്പ് തുടർന്നുവെന്നറിയില്ല. ഒന്നും ചെയ്യാതെ വെറുതെ ഉഴപ്പി തീർക്കുന്ന ആറാമത്തെ ദിവസമാണ്. രാത്രി ദേവൂനോടു ചേർന്ന്കിടന്നുറങ്ങാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.

       കുറേനേരം കഴിഞ്ഞു അയാൾ എണീറ്റ് സ്വന്തം മുറിയിലേക്ക് നടന്നു. ലൈറ്റിട്ടപ്പോൾ ആദ്യം കണ്ടത് മേശപ്പുറത്തു കിടക്കുന്ന ചരിത്ര പരീക്ഷാ സഹായിയാണ്. ദേവു കൊണ്ടിട്ടതാവും. എപ്പോഴെങ്കിലും തോന്നുന്നെങ്കിൽ വായിക്കട്ടെന്നു കരുതിയാവണം. എന്തായാലും അയാൾ

കസേരയിലിരുന്നു പുസ്തകം വായിക്കാൻ തുടങ്ങി.

       ചോദ്യവും ഉത്തരവും എന്ന രീതിയിൽ എഴുതപ്പെട്ട ആ പുസ്തകത്തിലെ ഓരോ ചോദ്യവും അയാളുടെ മുന്നിൽ ഒത്തിരി മറു ചോദ്യങ്ങളുയർത്തി. സ്വന്തം മണ്ണിനെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള ചോദ്യങ്ങൾ. അവക്കുത്തരം കാണാതെ മറ്റൊരു രാജ്യത്തിന്റെ ചരിത്രമറിയാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമല്ലേ എന്നാരോ ആവർത്തിച്ചു ചോദിക്കുന്ന പോലെ. പുസ്തകം മടക്കിവച്ച് തിരികെയെത്തി ഉറങ്ങാൻ കിടന്നെങ്കിലും

കഴിഞ്ഞില്ല.

       പിറ്റേന്ന്, ഏതോ സംഭാഷണ വേളയിൽ ജനാർദ്ദനന്റെ പ്രശ്നം മനസ്സിലാക്കിയ

ദേവു ഇന്ത്യൻചരിത്രം പുസ്തകമായി വാങ്ങിക്കൊടുത്തു. അന്ന് രാത്രിതന്നെ അയാളത് ആർത്തിയോടെ വായിക്കാൻ തുടങ്ങി. വായിക്കുംതോറും കൂടുതൽ ചോദ്യങ്ങൾ അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കി. സ്വന്തം മണ്ണിനെ അറിയുന്നതിലൂടെ താൻ സ്വയം അറിയുകയാണെന്നും ചരിത്രനിരാസങ്ങളിലൂടെ താൻ തന്നെത്തന്നെ നിന്ദിക്കുകയാണെന്നുമുള്ള തിരിച്ചറിവുകളും അസ്വസ്ഥതകളും അയാളെ ഉറക്കം കെടുത്തുന്നതുവരെ കൊണ്ടെത്തിച്ചു.

       തുടർന്നുള്ള രാത്രികളിൽ ഉറക്കം നഷ്ട്ടപ്പെട്ട ജനാർദനൻ പുസ്തക വായനയിൽ മുഴുകി. പുതിയ അവബോധങ്ങളിൽ മനസ്സ് അസംതൃപ്തമായി. അസ്വസ്ഥതയോടെയുള്ള വായന അനേഷണമാവുന്നു. ചരിത്രത്തിന്റെ അസംബന്ധങ്ങളും സ്വാർഥത സമ്മാനിച്ച ദുരന്തങ്ങളും

വരികൾക്കപ്പുറം വെളിപാടുകളായി അയാൾ തിരിച്ചറിഞ്ഞു.

       കൊച്ചുറക്കത്തിന്റെ രാത്രികളിലൊന്നിൽ കണ്ട സ്വപ്നം പല രാത്രികളിലും ആവർത്തിച്ചു. സ്വപ്നത്തിൽ ഗാന്ധിയും ബോസും ഭഗത് ങ്ങുമൊക്കെ പൊലിപ്പുകളോടെ നിറഞ്ഞുനിന്നു. തന്നിലെ അന്വേഷിയെ തിരിച്ചറിഞ്ഞാവണം, അവർ അയാളെ നോക്കി പുഞ്ചിരിച്ചു. സ്വപ്നത്തിന്റെ അവസാനം നിറഞ്ഞ നിഴലുകളിൽ സ്വന്തം പരമ്പരകളുടെ സാമീപ്യം ഒരു ഞെട്ടലോടെ അയാൾക്കനുഭവപ്പെട്ടു. കർമബന്ധത്തിന്റെ നൂലിഴകൾ പരസ്പരം ബന്ധിക്കാൻ ശ്രമിക്കുന്ന പോലെ. ഞെട്ടലിന്റെ ആഘാതത്തിൽ സ്വപ്നം നഷ്ട്ടപ്പെട്ട ജനാർദനന് തൊണ്ട വരളുന്നതായി തോന്നി. വിയർക്കുന്നുമുണ്ട്. എണീക്കാൻ തുടങ്ങിയപ്പോൾ ദേവ് ഉണർന്നു. അവൾ എണീറ്റ് പോയി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്തു കൊണ്ടുവന്നു ജനാർദനന് കൊടുത്തു.

       ഇന്റർവ്യൂ ദിവസമെത്തി. മെമ്മോയിൽ പറഞ്ഞ വേഷം ധരിച്ചു രാവിലെ എട്ടുമണിയോടെ തന്നെ ഇമ്മിഗ്രേഷൻ ഓഫീസിന്റെ എട്ടാം നിലയിലെത്തി. അവിടെയാണ് പരീക്ഷയും ഇന്റർവ്യൂവും. റിസപ്ഷനിൽ നിന്നും ബസ്സർ വാങ്ങി, രണ്ടാമത്തെ വാതിലിനരുകിൽ ഇരുപ്പുറപ്പിച്ചു. തന്റെ ബസ്സർ ശബ്ദിക്കുമ്പോൾ ഓഫീസർ വാതുക്കൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും. അയാളുമൊത്തു അകത്തേക്ക് പോവുക. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും. ബസ്സർ ശബ്ദിച്ചു. മധ്യവയസ്കയായ ഒരു മദാമ്മ വാതിൽ തുറന്നെത്തി, ഒരു ഷേക്ക് ഹാൻഡ് കൊടുത്തു അയാളെ ഉള്ളിലേക്ക് കൂട്ടികൊണ്ടു പോയി. പറയുന്നതെല്ലാം സത്യമാണ് എന്ന് വലതു കൈയുയർത്തി പറയാനാവശ്യപ്പെട്ടു. യാന്ത്രികമായി അയാൾ അതനുസരിച്ചു.

       'ലെറ്റ് മി ആസ്ക് യൂ എ ഫ്യൂ കൊസ്ററ്യൻസ്'

       ആദ്യ ചർച്ചകൾക്ക് ശേഷം പരീക്ഷയെ സൂചിപ്പിച്ചുകൊണ്ടവർ പറഞ്ഞു. ഒരു വെള്ളക്കടലാസിൽ അച്ചടിച്ച കുറെ ചോദ്യങ്ങൾ മേശപ്പുറത്തുവച്ചു.

       'വെൻ വാസ് ദി ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ്?', ആദ്യചോദ്യം.

       ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് - സ്വാതന്ത്ര്യ പ്രഖ്യാപനം എന്നായിരുന്നു ? അതാണ് ചോദ്യം. ..എന്നായിരുന്നു അത്? അയാൾ ആലോചിച്ചു. ചിന്തിച്ചെടുക്കാൻ കഴിയുന്നില്ല - എത്ര

ആലോചിച്ചിട്ടും.

       ഹൃദയമിടിപ്പിനു വേഗത കൂടുന്നു.

       'വൺ മിനിറ്റ് പ്ളീസ്..'

       വീണ്ടും അയാൾ ചോദ്യത്തിനുത്തരം കണ്ടെത്താൻ ശ്രമിച്ചു. ചിന്തിക്കുംതോറും മനസ്സിൽ ഇരുട്ട് കയറുന്നതു അയാൾ അറിഞ്ഞില്ല. ആകെ ഒരു മൂടൽ പോലെ... വിയർക്കാനും തുടങ്ങുന്നു.

മൂടൽ മെല്ലെ മാറി മനസ്സിൽ അവ്യക്തമായി തെളിഞ്ഞത് ആയിരത്തി തൊള്ളായിരത്തി നാല്പത്തേഴ് ആഗസ്റ്റുമാസത്തിലെ ഒരർദ്ധരാത്രിയായിരുന്നു. എന്നാൽ കൂടുതലൊന്നും വ്യക്തമല്ലതാനും.

       ഓഫീസറുടെ 'വാട്ട് ഹാപ്പെൻഡ്' എന്ന ചോദ്യം അയാൾ കേട്ടില്ല. പരിചയമുള്ള സ്വപ്നം ഒരിക്കൽ കൂടി അയാളിൽ നിറഞ്ഞു. സ്വപ്നത്തിന്റെയവസാനം കണ്ട നിഴൽ രൂപങ്ങൾ ഇത്തവണ അയാളോട് എണീക്കാനാവശ്യപ്പെട്ടു. അസാധാരണമായൊരു പ്രേരണയാലെന്ന-

പോലെ അയാൾ എണീറ്റു. കിതച്ചുകൊണ്ട് നടക്കാൻ തുടങ്ങി. അമ്പരന്നിരുന്ന ഓഫീസറെയോ പുറത്തു തങ്ങളുടെ ഊഴം കാത്തിരിക്കുന്നവരെയോ അയാൾ കണ്ടില്ല. വേച്ചു വേച്ചു മുന്നോട്ടു

നടന്നു. ഇപ്പോൾ സ്വപ്നത്തിലെ നിഴലുകൾ അയാൾക്ക്‌ വഴികാട്ടികളായി. എട്ടാമത്തെ നിലയിൽനിന്നും താഴേക്കുള്ള പടികളിറങ്ങാൻ തുടങ്ങി. ഏറ്റവും താഴത്തെ നിലയും കഴിഞ്ഞു നിരത്തിലിറങ്ങിയ ജനാർദനൻ നിഴലുകൾ നയിച്ച വഴിയേ നടന്നു തുടങ്ങി.


3 comments:

  1. ജനാര്‍ദ്ദനന്‍ തന്റെ സ്വത്വം തിരിച്ചറിഞ്ഞു ല്ലേ...

    സാമ്പത്തികമാന്ദ്യത്തില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ വ്യത്യസ്തമായ വീക്ഷണ കോണിലൂടെ... ആഖ്യാനം നന്നായി ട്ടോ...

    ReplyDelete

Subscribe