Sunday, February 9, 2020

തന്മാത്ര

                                                                                                                               തന്മാത്ര
                                                       
          മോഹിച്ച ജീവിതം പൊടുന്നനെയാരോ തട്ടിയെടുത്തപോലെ. ഇ നിയെന്തെന്നറിയാതെ, ഇരുട്ടിന്റെ ഗുഹക്കുള്ളിൽ ഒറ്റപ്പെട്ടു ഭാവിനഷ്ട്ടപ്പെട്ടവരായേക്കും നമ്മളപ്പോൾ. അഭിമാനമായിരുന്ന  ഭൂതകാലം അങ്ങനെയല്ലായിരുന്നു എന്നറിയുമ്പോഴോ? അവിടെ നമ്മൾ അന്യരാവുന്നു. അതൊരു പ്രതിസന്ധിയാണ്‌. അങ്ങിനെയൊരാവസ്ഥയിലാണ്, ഭൂതവും ഭാവിയും നഷ്ട്ടപ്പെട്ടവളായി ഷെറിദാൻ അപ്പാർട്മെന്റിന്റെ  മുപ്പത്തിനാലാമത്തെ നിലയിൽ കായൽമുഖം നോക്കുന്ന ഫ്ലാറ്റിന്റെ ബാൽക്കണിയിൽ മോളു കുഞ്ഞുലക്ഷ്മിയെയും  ഒക്കത്തെടുത്തു  മാലതി  നിന്നിരുന്നത്. ഇടക്കെത്തുന്നുന്ന തണുത്ത കാറ്റ് ദേഹം പെരുപ്പിച്ചു കടന്നുപോവുന്നു.

         താഴെ, രാത്രിയുടെ കരിമ്പടം പുതച്ചു അഗാധമായ ആഴത്തെ  ഒളിപ്പിച്ചു നിശ്ചലമായ മിഷിഗൺ തടാകം. ദൂരെക്കാഴ്ചയിൽ നിറഭേദങ്ങൾ ചാലിച്ച കൂറ്റൻ എണ്ണച്ഛായാചിത്രം  പോല ആകാശം തടാകത്തിനു അതിരിടുന്നു . അവൾ അപ്പോൾ താഴേക്ക് നോക്കാൻ മാത്രം ഇഷ്ട്ടപ്പെട്ടു. പ്രതീക്ഷകൾ നഷ്ടമായവർ  അങ്ങിനെയാവും. ഇഷ്ട്ടപ്പെട്ട പാട്ടുറക്കെ കേട്ട്  വേഗത്തിൽ ഓടുന്ന കാറിന്  മുന്നിൽ പെട്ടെന്ന് 'ഡെഡ് എൻഡ്' അടയാളപ്പലക നീട്ടിയപോലെ.

       ആ നില്പിനും  നോട്ടത്തിനുമൊടുവിൽ മനസ്സൊരു വട്ടപ്പൂജ്യമാവാൻ തുടങ്ങുമ്പോഴാണ്,   യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു കാഴ്ച്ച  പെട്ടെന്ന് മനസ്സിലേക്കിടിച്ചു കയറിയത്. പഴയ  കോളേജ് പ്രൊഫസർ  ഹക്സലെ. പാതിരാത്രിക്ക്, ഒരു ലിറ്റർ  സ്മിർനോഫിനു ബോധത്തെ  വിട്ടുകൊടുത്തു അവസാനത്തെ പുകയും ആകാശത്തെക്കൂതി ഇതേ തടാകത്തിന്റെ ആഴങ്ങളിലേക്ക് ഇരുന്നിടത്തു നിന്നും മനഃപൂർവം വഴുതിവീണു മരണത്തിലേക്ക് മരവിച്ചു താഴുന്നു.

       ഒരു ഞെട്ടലോടെ,   കുഞ്ഞിനെ ഒന്നു കൂടി മാറോടു ചേർത്തവൾ  ബാൽക്കണിയിൽ നിന്നും മിന്നൽവേഗം മുറിയിലെത്തി. കിതപ്പോടെ. നെറ്റിയിൽ വിയർപ്പു പൊടിയുന്നു. കുഞ്ഞിനെ ക്രിബിൽ കിടത്തി മെത്തയിലേക്കു വീണു.  ഇട്ടിരുന്ന ജീൻസും ടോപ്പും മാറാതെ തന്നെ. കൈവിരുതൊളിപ്പിച്ച ചൈനീസ് വിളക്കിന്റെ ഇളം മഞ്ഞ പ്രകാശത്തിൽ ഒറ്റപ്പെട്ടവളായി. നല്ല ക്ഷീണമുണ്ട്. മനസ്സിനും ശരീരത്തിനും.

       കുറേനേരം മുകളിലെ അലങ്കാര പങ്കയിൽ കണ്ണും നട്ടു വെറുതെ കിടന്നു. പിന്നെ പതിയെ വർത്തമാനത്തിലേക്കു മനസ്സിനെ വീണ്ടെടുത്തു. നാളെ രാത്രിയാണ് മുംബൈക്കുള്ള ഫ്ലൈറ്റ്. പറ്റിയാൽ ചെറുതായെങ്കിലും ഒന്നുറങ്ങണം. പക്ഷെ സാധിക്കുമെന്ന് തോന്നുന്നില്ല. അശാന്തമായ മനസ്സിലേക്ക് സുഖകരമല്ലാത്ത ഓർമ്മകളുടെ വെള്ളിപ്പുഴുക്കൾ പിടപ്പോടെ നുഴഞ്ഞു കയറുന്നു

       വൃക്കയൂടെ പ്രവർത്തനം തകരാറിലാണെന്നും  ഉടനെ തന്നെ  അമ്മക്കതു മാറ്റിവെക്കണമെന്നുമറിഞ്ഞു, രണ്ടാഴ്ച മുൻപാണ് ആദ്യം അവൾ  ഫ്ലാറ്റിലെത്തിയത്.  പാരമ്പര്യാവകാശവും പറഞ്ഞു  പ്രമേഹം ചെറുപ്പത്തിലേ അമ്മയോടൊപ്പം കൂടിയിരുന്നു. ഉപയോഗിച്ച മരുന്നുകളാവാം ഇത്തരം ഒരു അവസ്ഥയിലേക്ക് ഇത്രവേഗം എത്തിച്ചതെന്ന്  ഡോക്ടർമാർ  അനുമാനിച്ചു. വല്ലാത്ത സങ്കടം  തോന്നി. അടുത്ത നിമിഷം തീരുമാനിക്കുകയായിരുന്നു. അല്ലെങ്കിൽ തന്നെ ഏതു മകളാണ് അതിനു തയാറാകാത്തത്. അമ്മയുടെ ജീവൻ രക്ഷിക്കാൻ മകൾ ഒരു പക്ഷെ എന്തിനും തയ്യാറാവും. അല്ലെങ്കിൽ അവൾ മകളല്ല. മാത്രവുമല്ല അതിൽ റിസ്ക് ഒട്ടില്ലതാനും, കാരണം ഒരാളിന് ഒരു വൃക്ക മതിയല്ലോ.

       ഫോണിൽ കാര്യങ്ങൾ അവതരിപ്പിച്ചു തുടങ്ങുമ്പോൾ തന്നെ അവിടെ തീരുമാനം ഉറപ്പായിരുന്നു. അത് വേണ്ടത്രേ. ശരിയാവില്ലപോലും. അച്ഛനുമമ്മയും നിരത്തിയ മുട്ടാപ്പോക്കു ന്യായങ്ങൾ അവൾക്കു സ്വീകാര്യമായിരുന്നില്ല. ഡോക്ടറുമായി നേരിട്ടു  സംസാരിച്ചു സമ്മതം പറഞ്ഞാണ് തന്മാത്രകളുടെ പൊരുത്തം ഉറപ്പിക്കാൻ അന്ന് മാലതി എത്തിയത്. പക്ഷെ, കീഴ്ക്കാം തൂക്കായ പാറയുടെ മേളിൽ നിന്നും ജീവിതത്തെ നിർദയം തള്ളി താഴെയെറിയുന്നപോലായിരുന്നു ടെസ്റ്റ് റിസൾട്ട്.

       മാലതിയുടെയും അമ്മയുടെയും ജനിതക തന്മാത്രകൾക്കു പരസ്പരം അറിയില്ലത്രേ. അമ്മ അമ്മയല്ലാ വളർത്തമ്മയത്രേ.

       നദിക്കരയിലെ മണ്ണ്‌, അടിയിൽനിന്നിടിഞ്ഞു മേൽമണ്ണ് താണപോലായിരുന്നു അവൾക്കത്. അമ്മ അമ്മയല്ലെങ്കിൽ അവരുമായി ചേർന്നുനിൽക്കുന്ന ഒന്നും അവളുടെ സ്വന്തമല്ല. പക്ഷെ മാലതിയെ സംബന്ധിച്ചിടത്തോളം ഇതുവരെ സ്വന്തമായി കൊണ്ടുനടന്നതെല്ലാം അമ്മയുമായി ബന്ധപ്പെട്ടതായിരുന്നു; കുട്ടിക്കാലവും തറവാടും കുറെയേറെ സുഖമുള്ള ഓർമകളും. അപ്പോൾ ഭൂതകാലം അവളിൽ  നിന്നും അടർത്തിമാറ്റപ്പെട്ടിരിക്കുന്നു. മനസ്സിന്റെ സമനില തെറ്റിച്ച പരീക്ഷണ ഫലം.

       കൂടുതലൊന്നും  ഇപ്പോൾ പറയേണ്ട എന്ന ഡോക്ടറുടെ നിർദേശം കാരണം ആരും അവളോടൊന്നും കൂടുതൽ പറഞ്ഞില്ല. തല്ക്കാലം തിരിച്ചു പോയി; കുറച്ചു മൈലുകൾ മാത്രം ദൂരെയുള്ള സ്വന്തം ഫ്ലാറ്റിലേക്ക്.

       പക്ഷെ അവിടെ മാലതിയെ  കാത്തിരുന്നത് ആശ്വാസവാക്കുകളായിരുന്നില്ല. ചോദ്യങ്ങളും കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളുമായിരുന്നു.

       വിവാഹത്തിന് മുൻപ് അച്ഛനുമമ്മയും എല്ലാം മറച്ചുവച്ചതെന്തിന് എന്ന ചോദ്യത്തിൽ ന്യായമുണ്ട്. രവിക്ക് പഴയതൊന്നും പ്രശ്‌നമായിരുന്നില്ല. പക്ഷെ ഇതുവരെയത് പറയാതിരുന്നത് കടുത്ത വഞ്ചന തന്നെയാണെന്ന് ബലമായി വിശ്വസിക്കുകയും ആവർത്തിക്കുകയും ചെയ്തു. അതിൽ  തനിക്കു യാതൊരു പങ്കുമില്ലായെന്നെത്രതവണ  പറഞ്ഞതാണ്. അതുവരെ അജ്ഞാതമായ ഒരു കാര്യത്തിന്റെ ഉത്തരവാദിത്തം എങ്ങിനെ താൻ  ഏൽക്കും എന്ന മാലതിയുടെ  ചോദ്യത്തിന് കോടതിയോട് ചോദിക്കാം എന്നായിരുന്നു മറുപടി. രവിയുടെ അഭിമാനത്തിന് ക്ഷതമേറ്റിട്ടുണ്ട്. അതവൾ മനസിലാക്കുന്നു. പക്ഷെ അക്കാര്യത്തിൽ അവൾക്കെന്തു പങ്കാണെന്ന കാര്യം  രവി ആലോചിക്കുന്നില്ല; അവളെ കേൾക്കുന്നുമില്ല.

       നാലഞ്ചു ദിവസ്സം അവർ തമ്മിൽ വഴക്കോ തർക്കമോ ഒക്കെ ആയിരുന്നു. ആ ദിവസങ്ങളിലാണ് അവൾ അത്രയ്ക്ക് കരഞ്ഞത്. ഒടുവിൽ എല്ലാം നിഷ്‌ഫലം എന്നറിഞ്ഞു കണ്ണീരുപോലും പിൻവലിഞ്ഞു. രവിക്കാവട്ടെ  ഉറക്കം നഷ്ട്ടപ്പെട്ടു. അവധിയെടുത്തു പകൽ സമയം മുഴുവൻ തിരുവല്ലയിലെ അച്ഛനോടും അമ്മയോടും തുടർ നടപടികളെക്കുറിച്ചു രഹസ്യ സ്വഭാവത്തോടെ ചർച്ചചെയ്തു.

       ഇതുവരെയൊന്നും നഷ്ടപ്പെടാത്ത കൊണ്ടോ മനസ്സറിഞ്ഞെല്ലാം കിട്ടിയിരുന്നത് കൊണ്ടോ ആവാം അവളെ ഈ അലകൽച്ച വല്ലാതെ ഉലച്ചുകളഞ്ഞത്. ഒന്നുമല്ലെങ്കിൽ തന്നെ അത്രമേൽ  തീഷ്ണമായിരുന്നു അവർക്കിടയിലെ സ്നേഹം. പറഞ്ഞിട്ടെന്താണ്? അഭിമാനമെന്ന തുരുമ്പിലുടക്കി കീറിപ്പോയേക്കാവുന്ന പഴന്തുണിയാവാം ഏതു സ്നേഹവും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അവർ പരസ്പരം അറിയാത്തവരായി മാറി. രവി സ്വന്തം ഓഫീസുമുറിയിലേക്കു ഉൾവലിഞ്ഞു; അവളോട്   ഒന്നുമേ മിണ്ടാതെയായി. കുഞ്ഞിനെപ്പോലും തീർത്തും അവഗണിച്ചു.

       ഇങ്ങിനെ ഉമിത്തീയിൽ കിടന്നു നീറുന്നതിൽ ഭേദം തല്ക്കാലം മാറി നിൽക്കാമെന്നു സ്വയം തീരുമാനിച്ചാണ്  വീണ്ടും എത്തിയത്. വന്നിട്ട് നാലഞ്ചു ദിവസങ്ങളേ ആയിട്ടുള്ളു.

       'കുറേ കഴിയുമ്പോ എല്ലാം ശെരിയാവില്ലേ..നീ അവിടെ തന്നെ പിടിച്ചു നിക്കേണ്ടതായിരുന്നു'

       പടക്കപ്പുരയിൽ തെറിച്ച തീപ്പൊരി പോലെ  അമ്മയുടെ വാക്കുകൾ വീണു മനസ്സ്   പൊട്ടിത്തെറിച്ചു. എന്തൊക്കെയോ വിളിച്ചു പറഞ്ഞു. ഇപ്പൊൾ  ഒന്നും ഓർമയില്ല. എല്ലാം കൈവിട്ടുപോയൊരു  നിമിഷത്തിൽ നിയന്ത്രണമില്ലാതെ വാക്കുകൾ അച്ഛനേയും  അമ്മയേയും നോവിക്കാനായി തന്നെ പുറത്തേക്കു വന്നു. രണ്ടുപേരും അപ്പോഴൊന്നും  തിരിച്ചു പറഞ്ഞില്ല. പക്ഷെ അതിനു ശേഷം ഉണ്ടായതു തികച്ചും അവിചാരിതമെങ്കിലും അവളെയതു തീർത്തും കുറ്റബോധത്തിലാഴ്ത്തി.

       ബി. പി.  കുറഞ്ഞ കാരണം അമ്മയെ  ആശുപത്രിയിലാക്കേണ്ടി വന്നു. അല്ലെങ്കിൽ തന്നെ അവർക്കു പ്രശ്നങ്ങളാണ്. ഇപ്പൊ ആകെ തകർന്നിരിക്കുന്നു. പിറ്റേന്ന് ആശുപത്രിയിൽ നിന്നും മടങ്ങിയെത്തുമ്പോഴേക്ക് അവിടം ശ്മശാന മൗനം കൊണ്ടു നിറഞ്ഞിരുന്നു. ആരും പരസ്പരം സംസാരിച്ചില്ല. അച്ഛൻ അമ്മയെ നോക്കി ആ മുറിയിൽ തന്നെ കൂടി. അവർക്കിടയിൽ വീർപ്പുമുട്ടലിന്റെ കനത്ത മതിലുയരാൻ തുടങ്ങി.

       രണ്ടു ദിവസ്സം മുൻപാണ് അവസാനമായി  അച്ഛൻ അവളോട്  സംസാരിച്ചത്.

       'അമ്മക്ക് കുട്ടികളുണ്ടാകാഞ്ഞിട്ടല്ല അങ്ങിനെ ചെയ്തത്. മനസ്സിനെ നടുക്കിയ ഒരു സംഭവം അടുത്ത് നടക്കുന്നു. അവിടെ അനാഥരാക്കപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങൾ. ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയും എന്നായിരുന്നു അന്ന് ചിന്തിച്ചത്. അങ്ങിനെയാണ് നീ ഞങ്ങളുടേതാവുന്നത്. രണ്ടാമതൊരാൾ ഇല്ലാതെപോയതെന്തെന്നും നീയറിയണം. നിനക്കുശേഷം ശേഷം മറ്റൊരാൾ വന്നാൽ ഒരുപക്ഷെ ഞങ്ങളുടെ ശ്രദ്ധ കൂടുതലും അങ്ങോട്ടായാൽ അത് നിന്നോട് ചെയ്യുന്ന ഏറ്റവും വല്യ തെറ്റായിരിക്കും. ആ ചിന്തയാണ് ഞങ്ങളെ അതിൽ നിന്നും പിന്തിരിപ്പിച്ചത്. അമ്മതന്നെയാണത് പറഞ്ഞത്; ഇനി കുട്ടികൾ വേണ്ടെന്നു. നിന്നെ നോക്കാൻ നല്ലൊരു ജോലി വേണ്ടെന്നു വച്ചതാണവൾ . ആ അമ്മയോടാണ് മോളിങ്ങിനെയൊക്കെ...ഒന്നും മനഃപൂർവം മറച്ചുവെച്ചതല്ല. ഞങ്ങളുടെ മോളായശേഷം ഞങ്ങൾക്കതു തോന്നിയില്ല എന്നതായിരുന്നു നേര്. നീ വേറെയാണെന്നു ഞങ്ങൾക്ക് തോന്നിയാലല്ലേ അത് നിന്നോട് പറയുന്ന കാര്യം ചിന്തിക്കേണ്ടു.'

       ഇതുപറയുമ്പോൾ ഇടയ്ക്കു വിതുമ്പി വാക്കുകൾ കുരുങ്ങിപോയിരുന്നു. അച്ഛൻ കരയുന്നത്  അന്നാദ്യമായി അവൾ കണ്ടു.

       ആ തുറന്നു പറച്ചിലിനു ശേഷം ഈ മുറിയും ബാല്കണിയും വിട്ടു മറ്റെവിടേക്കും പോകാനുള്ള ധൈര്യം മാലതിക്കു നഷ്ട്ടപ്പെട്ടു.

       ജനിതക തന്മാത്രകളിലൊളിപ്പിച്ചു തലമുറകൾ കൊണ്ട് നടക്കുന്ന രഹസ്യസത്യമറിയുന്നതിനു മുൻപ്, താനറിഞ്ഞ ഭൂതകാലത്തെ ഒന്നുകൂടി അവൾ ഓർക്കാൻ ശ്രമിച്ചു.

അമേരിക്കയിലെത്തും മുൻപ്, അച്ഛനുമമ്മയുമൊത്തു ഹൈദരാബാദിൽ കഴിഞ്ഞ നാളുകളേക്കാൾ, ഓർമ്മകൾ അവധിക്കാലങ്ങൾ  ചിലവഴിച്ചിരുന്ന അമ്മയുടെ   തറവാടിനെ ചൂഴ്ന്നു നിൽക്കുന്നു. ഓരോ അവധി കഴിഞ്ഞു വരുമ്പോഴും ഹൈദരാബാദിലേക്ക് ഒരു കൂട്ടം ഓർമ്മകൾ കൂടി കൊണ്ടുപോരും. പലതും കൂട്ടുകാരോട് വീമ്പുപറഞ്ഞവരെ ഇളക്കാനുള്ളതായിരുന്നു.  'തമ്പ്രാട്ടിക്കൊച്ചേ' എന്ന വിളിയുടെ അർത്ഥം അവർക്കായി മൊഴിമാറ്റിയതും, അച്ഛൻ വീട്ടിലുണ്ടെങ്കിൽ ജോലിക്കാർ പാലിച്ചിരുന്ന മര്യാദകളെക്കുറിച്ചവരോട് പറഞ്ഞതും അവളോർത്തു. ഇതൊക്കെ ഇപ്പൊ മനസ്സിൽ തികട്ടി വന്നതിനു മതിയായ കരണമുണ്ടല്ലോ. എല്ലാത്തിലുമുപരി  തറവാടെന്നത്  ശരി തെറ്റുകൾ ഉറപ്പിച്ചു തന്ന, പെണ്ണിന്റെ ജീവിതം എന്തായിരിക്കണം എന്നതൊക്കെ രൂപപ്പെടുത്തിയ വിദ്യാലമായിരുന്നു അവൾക്ക്.

ആ അനുഭവസാക്ഷ്യങ്ങൾ ഊതിവീർപ്പിച്ച അഭിമാനത്തിന്റെ  ബലൂണിൽ ശാസ്ത്രം തെളിവിന്റെ സൂചി കുത്തിയിരിക്കുന്നു.

അച്ഛനുമായി സംസാരിക്കുമ്പോഴാണ് ആന്ധ്രയിൽ വിജയവാടക്കടുത്ത കരംചേട് ഗ്രാമത്തെപ്പറ്റിയറിയുന്നതു തന്നെ.

ജീവിതത്തിൽ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ഒരിടം.  ചുരുങ്ങിയ സമയത്തിനുള്ളിൽ അതേറ്റവും പ്രിയപ്പെട്ടതായി മാറുന്നു. അതേക്കുറിച്ചു ഉൽക്കണ്ഠപ്പെടാൻ തുടങ്ങുന്നു. അവിടേക്കു അത്യാവശ്യമായി പോവാൻ  തോന്നുന്നു. അവിടെ ആരാണുള്ളത്? ആരുമുണ്ടാവില്ല. ഒരു സ്ഥലപ്പേര് മാത്രമാണത്. അതിനോട്  ഇത്രേം അടുപ്പവും ഉൽക്കണ്ഠയും തോന്നുന്നതെന്തുകൊണ്ട്? അങ്ങോട്ടേക്ക് തിരിക്കാൻ തിടുക്കമായതെന്തുകൊണ്ടാണ്? അവളാലോചിച്ചു.

1985 ജൂലൈ 16  വൈകുന്നേരം. പെണ്ണിന്റെ പ്രതിരോധവും   അപമാനത്തിന്റെ നിലവിളികളും  കോടാലിയേറ്റു  ചിതറുന്ന തലച്ചോറുകളും ചരിത്രം അടയാളപ്പെടുത്തിയ കരം ചേടിന്റെ മണ്ണ് തന്റേതാവുന്നു. രണ്ടായിരത്തോളമാളുകൾ 
രാത്രിയിൽ  കുറുവടികളും കോടാലികളുമായി നിസ്സഹായരായ ഒരുപറ്റം അരികു ജീവിതങ്ങളുടെ നേർക്കഴിച്ചുവിട്ട ക്രൂരമായ കൊലകളുടെയും ബലാൽക്കാരങ്ങളുടെയും നടുവിൽനിന്നും രക്ഷനേടാൻ പാടങ്ങളിലേക്കു പാഞ്ഞ ഒരമ്മയുടെ ഒക്കത്തവൾ  പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു. അവിടുന്നാണ് അച്ഛന്റെയും അമ്മയുടെയും കാരുണ്യം അവളെ മാലതിയാക്കി മാറ്റിയത്.

അവിടെത്തീട്ടന്വേഷിക്കണം. എവിടെ, എങ്ങോട്ട്, ആരെ  കാണണം  എന്നൊക്കെ. പക്ഷെ ഒന്നും പ്രശ്നമായി അവൾക്കു തോന്നിയില്ല. തന്റെ മണ്ണ് തേടി  സ്വന്തം ചോരതേടിയുള്ള യാത്രയിൽ ഒന്നും തടസ്സമാവുന്നില്ല. ദൗത്യം സത്യമായ ഭൂതകാലം തെരഞ്ഞു കണ്ടെടുക്കലാണ്. പോകാൻ തീരുമാനിച്ചതിൽ പിന്നെ എന്തോ ഒരു പ്രതീക്ഷയും ആശ്വാസവുമാണ്. ചെറുകാറ്റിലിളകുന്ന ജലപ്പരപ്പുപോലെ മനസ്സിളകുന്നു. വിജയവാഡയിൽ താമസിച്ചു പോയിവരാം. ഒരാഴ്ചത്തെ സന്ദർശനം. മുംബൈയിൽ  നിന്നും എയർ ഇന്ത്യയിൽ രണ്ടര മണിക്കൂർ. ഗൂഗിളിൽ മുങ്ങി യാത്രയുടെ അവസാന രൂപരേഖ തയാറാക്കി, സ്വിച്ച് അമർത്തിനേടിയ  ഇരുട്ടിൽ മാലതി കണ്ണുകളടച്ചു.







1 comment:

  1. അമേരിക്കൻ മോഹന
    ജീവിതത്തിനിടയിലും മാലതി 
    തന്റെ ജനിതക ഭൂതകാലം തേടി
    പോകുവാനുള്ള കാരണങ്ങൾ നന്നായി
    അവതരിപ്പിച്ചിരിക്കുന്നു  

    ReplyDelete

Subscribe