Saturday, June 8, 2019

മനം പോലെ

(ഇത് ജനനി സാംസ്‌കാരിക മാസിക  മെയ് 2019  ലക്കത്തിൽ പ്രസിദ്ധീകരിച്ചു)

കാറിൽ  നിന്നിറങ്ങി ഗേറ്റ് തുറന്നു മുറ്റത്തേക്കു നടക്കുമ്പോൾ തന്നെ  ആദ്യം മനസ്സിൽ നിറഞ്ഞതൊരു മഴയോർമയാണ്. ഞങ്ങൾ മത്സരിച്ചു പിടിച്ചു കുലുക്കി ആവോളം പെയ്യിച്ചിരുന്ന ചാമ്പക്കാ മഴ. മരം എന്നേ പട്ടു പോയി. അറിയാം.. അത് കൊണ്ട് തന്നെ അങ്ങോട്ടു നോക്കാതെ  ആ ഓർമ കൂടെ  കൊണ്ടുത്തരുന്ന  ഒത്തിരി ഓർമതുമ്പികൾക്കു പിറകെ മനസ്സയച്ചു വീട്ടിലേക്കു നടന്നു.

ഇത്തവണത്തെ വരവിനു പിന്നിൽ ഒരു ദൗത്യമുണ്ട്. ദൗത്യം നിറവേറ്റിയിട്ടു മാത്രം മടക്കയാത്രയ്ക്ക് ടിക്കറ്റെടുത്താ മതീന്നാ ഏട്ടന്റെ താക്കീതു. ദൗത്യമെന്തന്നല്ലേ? ഏതുവിധേനയും എന്റെ പേരിലുള്ള വീട് വിൽക്കാനുള്ള  തടസ്സങ്ങൾ നീക്കുക.

വീട്  ഇപ്പൊ തന്നെ വില്ക്കാൻ  പ്രധാന കാരണമായി എന്നോട്  പറഞ്ഞിട്ടുള്ളത് പൂമുഖം തെക്കോട്ടു തിരിഞ്ഞിരിക്കുന്നു എന്നതാണ്. ആദ്യമേ പറയട്ടെ, വാസ്തുവിൽ വിശ്വാസമില്ലാത്തവളല്ല ഞാൻ. തികഞ്ഞ വിശ്വാസ്സം തന്നെയാണ് . അങ്ങിനെയുള്ള എനിക്ക് ഇങ്ങിനെയുള്ള അനുഭവമുണ്ടാകുമ്പോൾ എങ്ങിനെയാണ് പറയാതിരിക്കുക.

പൂമുഖം  തെക്കോട്ടായതാണ് എല്ലാ ക്ഷയങ്ങൾക്കും കാരണമത്രേ..ദുരിതങ്ങൾക്കെളുപ്പത്തിൽ ഉള്ളിൽ കേറാനാണു പോലും അങ്ങിനെ ചെയ്തുവച്ചിരിക്കുന്നെ. ആണെങ്കിൽ തന്നെ ഈ  തെക്കോട്ട് തിരിഞ്ഞിരിപ്പിനു നാല്പതിനാല് വർഷത്തെ പഴക്കമുണ്ടെന്നു  ഏട്ടന് അറിയാഞ്ഞിട്ടാണോ?  അമ്മേം  അച്ഛനും മിനിക്കുട്ടിയും ...ഞങ്ങളുടെ ചിരിയും കളിയും വഴക്കും പരിഭവങ്ങളും ഇപ്പോഴുംചൂഴ്ന്നു നിൽക്കുന്ന ഈ വീടും  പറമ്പും  ഏട്ടൻ കാണാൻ തുടങ്ങീട്ട് തന്നെ പത്തിരുപത്തഞ്ചു  വർഷമായില്ലേ.

ആരും ചോദിക്കും, ഇപ്പൊ എന്താ ഇങ്ങിനെ തോന്നാനെന്നു. എന്റെ പേരിലുള്ള വീട് വില്ക്കാൻ പണ്ടേ ആലോചനയുണ്ടായിരുന്നു. പക്ഷെ അമ്മയുള്ളതുകാരണം നടന്നില്ലെന്ന് മാത്രം. ഇപ്പൊ അമ്മയെ ഒഴിവാക്കി വീടുവിക്കാൻ വഴി തെളിഞ്ഞിരിക്കുന്നു. ഒരു ഗൂഢാലോചനയിലൂടെ.

വട്ടിയൂരാശാനെ പരിചയപ്പെട്ടു വീട്ടിലേക്കു കൂട്ടി വരുമ്പൊത്തന്നെ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു. കാഷായവും രുദ്രാക്ഷവും കൈയ്യെത്തുന്നിടത്തെല്ലാം ഭസ്മക്കുറികളുമായി വീട്ടിക്കേറി വരുമ്പോ ഇത്രേം കൈയ്യിലിരുപ്പുണ്ടാരുന്നു എന്നു  തോന്നിയില്ല. അളന്നു തൂക്കിയുള്ള നോട്ടവും സംസാരവും. ഇപ്പൊ തോന്നുന്നു അയാളുടെ വരവിനു തന്നെ പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു. പിന്നെയറിഞ്ഞു - എല്ലാവർഷവും വേണ്ടിവന്നാൽ സ്വന്തം കാശു മുടക്കിയായാലും ഗൾഫ് സന്ദർശിക്കുമത്രേ..ഏതെങ്കിലും കാശുള്ള അന്ധവിശ്വാസിയുടെ ആതിഥ്യത്തിൽ ഒരു മൂന്നാഴ്ച. ഉപദേശം കൊടുത്തു കൈനിറയെ കാശും കുറെ കസ്റ്റമേഴ്‌സുമായി സന്തോഷമായി തിരിച്ചു പോക്ക്. ആദ്യം അദ്ഭുതമായിരുന്നു. പക്ഷെ ഇപ്പൊ ഒരത്ഭുതവും ഇല്ല. എല്ലാം മനസ്സിലായി. ഇതുപോലെ എത്രപേരെ, എത്രകുടുംബങ്ങളെ വെട്ടിലാക്കിയിരിക്കും അയാൾ. നമ്മുടെ ശാസ്ത്രങ്ങളെ കള്ള  പാക്കറ്റിൽ വിറ്റുണ്ണുന്ന വിരുതൻ.

അയാളെ മാത്രം പറഞ്ഞിട്ടെന്തിനാ..ഏട്ടനെ ആർക്കും പറ്റിക്കാം. അക്കൂട്ടത്തിൽ ഒരു വട്ടിയൂരാശാനും. ഏട്ടനെ മുഴുവനായും പഠിച്ചു കുപ്പിയിലാക്കിയിരിക്കുന്നു  എന്ന് പിന്നെ പിന്നെ മനസ്സിലായി തുടങ്ങി. വളരെ കരുതലോടെയാണ് മറുപടി പറഞ്ഞിരുന്നതെങ്കിലും പഠിച്ച കള്ളന്റെ മുന്നിൽ തോറ്റുന്നു തന്നെ പറയണം. അല്ലേൽ ഇങ്ങിനെയൊക്കെ വരുമോ.

"വീട്..?" ഈ ചോദ്യം തുടക്കം മാത്രമായിരുന്നു. ഇടയ്ക്കു താടി തടവീം  തലചെരിച്ചു മേളിലേക്കു നോക്കീം  വേറിട്ട ചേഷ്ടകൾ കൊണ്ട്  ഇരയെ ആകർഷിക്കുന്ന രീതിയിലും ഒക്കെ ആയിരുന്നു. പുറമെ ഇങ്ങിനെയൊക്കെ കാട്ടിക്കൂട്ടി തെറ്റിദ്ധരിപ്പിക്കുന്നതിനപ്പുറം ഒരു ലാഭക്കച്ചവടം മനസ്സിൽ കാണുകയായിരുന്നയാൾ. അമ്മയെന്തേ വീട്ടിൽ ഒറ്റക്കിങ്ങിനെ..സിസ്റ്ററു  വന്നു നിൽക്കാറുണ്ടോ? അച്ഛനെന്തേ ചെറുപ്പത്തിൽ പോയത്..? വളരെ പോളിഷ്ഡ് ആയ ചോദ്യങ്ങൾ..ആത്മാർഥത പുരട്ടിയ വാക്കുകൾ. എല്ലാത്തിനും ആത്മാർഥതയോടെ മറുപടി കൊടുത്തിട്ടിപ്പോ..കിട്ടിയതോർത്തിട്ട് ദേഷ്യം വരുന്നു. എന്നോട് തന്നെ എല്ലാം അറിഞ്ഞുകൊണ്ട് ഒന്നൂടെ  ചോദിച്ചു തന്നോട് അടുപ്പം ഉണ്ടാക്കുകയായിരുന്നു എന്നുകൂടി ഓർക്കുമ്പോ..ഒരുതരം ജാള്യതയാണ്. വെറുപ്പും.

അവർക്കിടയിൽ ഒരു ബന്ധം ഉണ്ടായി വരുന്നു എന്ന് തോന്നിയെങ്കിലും ചോദിയ്ക്കാൻ പോയില്ല. എന്തിന് വെറുതെ, ഒരു പക്ഷെ എൻറെ  തോന്നലാവും എന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചു. തിരിച്ചു നാട്ടിൽ  പോണതിനു തൊട്ടു മുൻപ് വീട്ടിൽ വന്നിരുന്നു. അത്താഴത്തിനു. അന്നത്തെ സൽക്കാരത്തിനു ശേഷമാണ് ആശാൻ  പകുതി കാര്യമായും ബാക്കി സീരിയസ് ആയും ഏട്ടനോട് ചോദിക്കുന്നത്.

" പണി പറഞ്ഞുതന്ന  നമുക്ക് അവസാനം പണി തരല്ലേ...പറഞ്ഞു വച്ചതു ഇങ്ങു പോന്നേക്കണം" ഇത്തിരി സീരിയസ് ആയിത്തന്നെ പറഞ്ഞു വക്കാൻ റെമി  മാർട്ടിൻ അയാളെ സഹായിച്ചിട്ടുണ്ട്.

" ശ്ശെ  ശ്ശെ ..ആശാനൊരുമാതിരി സാ മട്ടില് സംസാരിക്കരുത്.. എനിക്കൊരു വാക്കേയുള്ളു..ആ വീടൊന്ന് വിറ്റു കിട്ടണം"

അന്നു രാത്രി അതെ ചൊല്ലി വഴക്കായി.. വേണമായിരുന്നോ? വേണമായിരുന്നു. ഇല്ലേൽ  ഈ പറ്റിക്കലൊരിക്കലും താനറിയില്ലായിരുന്നു.

"ചിലതിനൊന്നും അച്ചട്ടായി തെളിവ് നിരത്താനാവില്ല..ഇതുവരെ കിട്ടിയ അനുഭവം നോക്കി ഒന്നുകിൽ വിശ്വസിച്ചു കരുതലോടെ മുന്നോട്ടു പോണം..അല്ലെ പിന്നെ ..." ഒന്ന് നിറുത്തി പിന്നെ പറഞ്ഞു "എനിക്കറിയില്ല"

"ഏട്ടാ  അമ്മേടെ മനസ്സ് ആ വീടിനുള്ളിലും പരിസരത്തും തള ച്ചിട്ടിരിക്കയാ...അവിടന്ന് മാറ്റിയാ  അവരുടെ മനസ്സ് പിടയും"  - ഇതാ പറയേണ്ടിയിരുന്നെ. പക്ഷെ പറഞ്ഞില്ല. ഒരുമിച്ചിരുന്നു കഴിപ്പില്ലേലും കഴിക്കുമ്പോ ഒരുമിച്ചിരിക്കാറുണ്ട്..കഴിച്ചെണീക്കും വരെ എന്തേലും വിളമ്പിയോ ഒക്കെ. അപ്പോഴാണ് അങ്ങോട്ടുമിങ്ങോട്ടും പറയുന്നതും കേൾക്കുന്നതും.

"കഴിഞ്ഞ തവണ പോയി കണ്ടിട്ടാ പറേണത്  അല്ലാതെ ആരെങ്കിലും   പറഞ്ഞത് വിളമ്പുകല്ല..അവരൊക്കെ എത്ര ഹാപ്പി ആണ്. എവിടെ വേണോങ്കിലും കൊണ്ടുപോവും..നഴ്‌സിന്റെ
ക ണ്ണെപ്പോഴുമുണ്ട് ..രണ്ടുപേരുള്ള ഒരുമുറീം തരാമെന്നേറ്റുണ്ട്...നീയിതു അവരോടു ഒന്നവതരിപ്പിച്ചു  സമ്മതിപ്പിച്ചു തരണം...ഇത് വിറ്റെനിക്ക് തിന്നാനല്ല...എല്ലാർക്കും നല്ലതിന് വേണ്ടിയാ.. നല്ലൊരു വീട് വേറെ വാങ്ങാം നമുക്ക്ന്നിട്ട് അവരെ അങ്ങോട്ട് കൊണ്ടുപോവാം ..ഇതൊരു താൽക്കാലിക സെറ്റ് അപ്പ് അല്ലെ"

അന്ന് ശരിക്കും വഴക്കായി. പക്ഷെ അപ്പോഴാണ് എന്താ സംഭവിച്ചതെന്നും താനെന്തു ചതിക്കുഴിയിലാണു പെട്ടുപോയതെന്നും മനസ്സിലായത്. ആശാൻ നാട്ടിൽ  ചെന്നിട്ടു സ്വന്തമായി വണ്ടിക്കൂലിയും കൊടുത്തു അമ്മയെ കാണാൻ പോവുന്നു. അവിടെ ഉച്ചക്ക് സദ്യയുണ്ടു വൈകുന്നേരത്തോടെ 'ആയുരാരോഗ്യ സൗഖ്യം' നേർന്ന് തിരികെയെത്തീട്ടാണ് ഈ തിര നാടകം രൂപപ്പെടുന്നത്. അമ്മയെ പുറത്താക്കി വീട് വിക്കുക.

അമ്മേടെ സ്വാർത്ഥത കാരണമത്രേ അവിടുന്നു  പോവാൻ കൂട്ടാക്കാത്തത്. മക്കള് നന്നാകണമെന്നില്ല..അവരുടെ പേരക്കുട്ടികൾ നന്നാവണമെന്നില്ല..ഇങ്ങിനെയൊക്കെ ഒരാൾക്ക് എങ്ങിനെ മാറാൻ പറ്റും ഇങ്ങിനെയൊക്കെ പറയാൻ പറ്റും. അവരെ കാണുമ്പോ തേനിൽ ചാലിച്ച് വാക്കുകളെറിയും..അസുഖവിവരമന്വേഷിക്കും..പ്രഷറിനും പ്രമേഹത്തിനുമുള്ള മരുന്നില്ലാതെ ഒരവധിക്കും കാണാൻ ചെല്ലാറില്ല. പാവം അമ്മ. അച്ഛനില്ലാത്തിടത്തു അന്വേഷിക്കാൻ   മരുമോനെയുള്ളൂന്നു പറയുന്നത് കേട്ടിട്ടുണ്ട്... ഇങ്ങിനെയൊരു മരുമോനെ കിട്ടാൻ ഭാഗ്യം ചെയ്യണംന്നു പോലും ശുദ്ധഗതിയിൽ വിളമ്പിയത് ഡെയ്സി ചേച്ചി പറഞ്ഞറിയാം.

രണ്ടെണ്ണം ഉള്ളിലും വീടൊഴിപ്പിക്കൽ ചിന്ത തലക്കുള്ളിലുമാവുന്ന ഏതെങ്കിലുമൊരു വൈകുന്നേരമാവും തീൻ മേശ പൂരപ്പറമ്പാവുക. പറയും - നമ്മളൊക്കെ നല്ലതായി കഴിയുന്നുവെന്നാ അവരുടെ വിചാരം. പോട്ടെ എന്തെങ്കിലും ഒന്നന്വേഷിക്കണമല്ലോ ങേ ഹെ .അങ്ങിനെ ഒരു ചിന്ത പോലുമില്ല. സ്വന്തം കാര്യം സിന്ദാബാദ്. അത് തന്നെ തള്ളക്ക്.നമ്മുടെ ബുദ്ധിമുട്ടു നമുക്കല്ലേ അറിയൂ. ആരോട് പറയാൻ. ആര് കേൾക്കാൻ.

അമ്മക്ക് സ്വാർഥതപോലും..എന്ത് സ്വാർഥത..കിട്ടിയതൊക്കെ മഹാഭാഗ്യം എന്ന് കരുതീട്ടേ ഉള്ളു. അച്ഛൻ ചെറുപ്പത്തിലേ പോവേം മക്കളെല്ലാം പുറത്തു ദേശങ്ങളിലാവേം ചെയ്തപ്പോൾ അമ്മേടെ ലോകം വീടും ഈ പറമ്പുമായി എന്ന് മാത്രം.

ആകെക്കൂടെ  ഒരു മുപ്പതു സെന്റാണ്. പക്ഷെ ഇവിടില്ലാത്ത മരങ്ങളില്ല. ചെടികളില്ല..ചെന്തെങ്ങും ഗൗളി ഗാത്രയും  കവുങ്ങും മൂവാണ്ടനും വരിക്കപ്ലാവും സപ്പോട്ടയും പപ്പായയും ആത്തയും ബദാമും ഒക്കെ. ചെടികളെപ്പറ്റി പറയുന്നില്ല..എല്ലാം പറയാനറിയില്ലെന്നതാണ് നേര്..മുല്ലയും പിച്ചിയും ജെമ്മന്തീം അങ്ങിനെ ചിലതൊക്കെ അറിയാം. ഓരോ തവണ വരുമ്പോഴും പുതിയ നിറങ്ങൾ മണങ്ങൾ. ഇവക്കൊപ്പം അണ്ണാനും കാക്കയും പൂച്ചയും ഇടയ്ക്കു ഏതോ അജ്ഞാത ഗൃഹത്തിൽനിന്നും അന്വേഷിച്ചിഴഞ്ഞെത്തുന്ന മഞ്ഞ ചേരയും അങ്ങിനെ പലതും ചേരുന്നൊരു ആവാസവ്യവസ്ഥ. അമ്മക്ക് ഇതെല്ലാം  ചേർന്നതാണ് വീട്.

ഡെയ്സി ചേച്ചി പറഞ്ഞിട്ടാണ് അമ്മേടെ കാര്യങ്ങൾ പോലും അറിയുന്നത് . അമ്മ പറഞ്ഞിട്ടല്ല. രാവിലെ  പത്തു മണിയോടെ പുറത്തിറങ്ങും... പറഞ്ഞാൽ കേക്കണ്ടേ..ആരും ഇല്ലാത്തപ്പോൾ പുറത്തേക്കിറങ്ങരുത് എങ്ങാനും വീണുപോയാൽ പിന്നെ വല്യ ബുദ്ധിമുട്ടാവുംന്നൊക്കെ...ആര് കേൾക്കാൻ..
"എനിക്കൊന്നും വരില്ല.."
ഏട്ടൻ കഴിഞ്ഞ പ്രാവശ്യം ഒരു വോക്കിങ് സ്റ്റിക്  കൊണ്ടു  കൊടുത്തു...അതിൽ പിടിച്ചു നടന്നോളാൻ..ഇപ്രാവശ്യം വന്നപ്പോ കണ്ടു..വോക്കിങ് സ്റ്റിക് ഉമ്മറത്തൊരു മൂലക്കിരിക്കുന്നു..പരാതിമൂടികെട്ടി.

"എടി ഞാനാ താഴത്തെ പ്ലാവിന്ന് ചാഞ്ഞു കിടന്ന ഒരു കമ്പു ലാലപ്പനെ കൊണ്ട് വെട്ടിച്ചു ശെരിയാക്കിഎടുത്തിട്ടുണ്ട്..എനിക്കതേ  പറ്റൂ  ..മറ്റേ കുന്ത്രാണ്ടം വേണ്ട..അത് ശെരിയാവില്ല.."

അതും കൊണ്ട് പിൻവശത്തെ വാതിൽ തുറന്നു പടിയിറങ്ങി പറമ്പിലേക്കെത്തും..അവിടെ അമ്മേടെ അന്വേഷണം കാത്ത് നിക്കുന്ന എല്ലാരടുത്തും പോവും ...കാര്യങ്ങൾ ചോദിക്കും പറയും. എന്തേലും ആർകെങ്കിലും കുറവ് തോന്നിയാൽ ഡെയ്സി വരുമ്പോ പറയും...

" നീ അവനോടൊന്നിവിടം വരെ വരാൻ പറ"

അങ്ങിനെയാണ് ലാലപ്പന് പണി കൊടുക്കുന്നത്..

അച്ഛനെക്കണ്ടു തിരികെയെത്തുമ്പോൾ ഉച്ചക്ക് കഴിക്കാനുള്ള നേരമാവും...പിന്നെ ഉറങ്ങിയെണീറ്റു ...അമ്പലത്തിലോ ആശ്രമത്തിലോ  പോവും..ഈയടുത്തിടെയായി അമ്പലത്തി പോക്ക് കുറവാത്രേ...കൂടുതലും ആശ്രമത്തിൽ തന്നെ..അവുടുത്തെ രീതികളോടാണ് അമ്മക്കിപ്പോ കൂടുതൽ പ്രിയം..ചെറിയ പ്രാർഥനകൾ... പാവപ്പെട്ട വീടുകളിലെ കുറെ കുട്ടികൾ വരുന്നുണ്ട്..അവർക്കു അന്നദാനം, പിന്നെ പാട്ടു ക്ലാസ് തയ്യൽ ക്ലാസ്  അങ്ങിനെ          പലതും..അതിലൊക്കെ സഹകരിക്കുന്നതാണ് സുഖം എന്ന് വിളിക്കുമ്പോ പറയും..

ആഴ്ചയില്  രണ്ടു തവണയെങ്കിലും പറമ്പിലെ പണിക്കെന്നും  പറഞ്ഞു ലാലപ്പനെ വിളിപ്പിക്കും..അച്ഛന്റെ കാലത്തേ  പണിക്കുവരുന്നയാളാ...ഇപ്പൊ അങ്ങനെ പുറത്തൊന്നും പണിക്കുപോവാറില്ല..ഒരു മോനുള്ളത് സർക്കാരുദ്യോഗസ്ഥനായപ്പം നടപ്പായ പരിഷ്ക്കരമാണ്...ശാന്തേച്ചി പറഞ്ഞിട്ടാന്ന് ഡെയ്സി ചേച്ചി പറയുമ്പോ വരും...പണിയാനൊന്നും ഉണ്ടാവില്ല..ചുമ്മാ ഒന്നും രണ്ടു പറഞ്ഞിരിക്കും..പണ്ടേ ചെവിക്കു ചില്ലറ തകരാറുണ്ടായിരുന്നു..ഇപ്പൊ അത് കൂടിയിട്ടുണ്ട് എന്ന് കഴിഞ്ഞ തവണ കണ്ടപ്പോ മനസ്സിലായി. അതുകൊണ്ടു അമ്മ പറയും; ലാലപ്പൻ കേക്കില്ല കേട്ടപോലെ ഭാവിക്കും. അമ്മേടെ മുഖത്തുന്നു ലാലപ്പൻ എല്ലാം വായിച്ചെടുക്കും മറുപടി പറയും. അമ്മക്ക് അതൊക്കെ മതി. കുറെയധികം നാട്ടു വർത്തമാനോം ലോക കാര്യങ്ങളും പറയാനുണ്ടാവും ലാലപ്പന്.

ഇടയ്ക്കു രാഷ്ട്രീയ അവലോകനങ്ങളും കേക്കേണ്ടി വരും. അത് 'അമ്മ തന്നെ പറഞ്ഞിട്ടുള്ളതാണ് - " എല്ലാം സഹിക്കാം അവന്റൊരു രാഷ്ട്രീയം കേറി വന്നാ പിന്നെ പിടിച്ചാ  കിട്ടില്ല" തല പുകഞ്ഞു  തൊടങ്ങുമ്പോ പതുക്കെ വിഷയം മാറ്റും. ഒന്നും വേറെ കിട്ടിയില്ലെങ്കി 'നീയിനി വേറെന്തെങ്കിലും പറ'...എന്നോ .. 'പിന്നെ നിന്റെ പെണ്ണുംപിള്ള എന്തോ പറയുന്നു' എന്നോ മറ്റോ പറയും.

ഒരിക്കൽ വഴക്ക്  കൊടിയിറങ്ങുന്നതിനു മുൻപ് ലാലപ്പനിട്ടും  കൊടുത്തു ഒരു കൊട്ട്.

"പെൻഷൻ  കിട്ടുന്ന കാശെല്ലാം ആ പൊട്ടൻ കൊണ്ടുപോവും.."

                                  *                                               *                                        *
അമ്മയോട് സംസാരിച്ചു സമ്മതിപ്പിച്ചിട്ടു തിരികെ പോരാനുള്ള ടിക്കറ്റ്  ഉറപ്പിച്ചാ മതീന്നാണു ചട്ടം കെട്ടിയിരിക്കുന്നെ. വന്നിട്ട് രണ്ടാഴ്ച കഴിയുന്നു..കൂടുതലും വീട്ടിൽ തന്നെയായിരുന്നു..ഇടയ്ക്കു ഡെയ്‌സി  ചേച്ചിയെ കണ്ടു..അപ്പോഴാണ് അമ്മക്ക് ഇടയ്ക്കു ദേഹം തളരുന്നപോലെയൊക്കെയാവും..ചിലപ്പോഴൊക്കെ  ചേച്ചി  വീട്ടിലുറങ്ങാറുണ്ടെന്നുമൊക്കെ അറിയുന്നത്.. ഞാനോ മിനിക്കുട്ടിയോ വിളിക്കുമ്പോ ഇതൊന്നും പറയാറില്ല..

വല്ലാത്ത വീർപ്പു മുട്ടൽ തന്നെ..പണ്ടും വിഷമങ്ങൾ അവളോടു പറയാറില്ല..തന്നെക്കാൾ ആറു  വയസ്സിനിളപ്പമില്ലേ..അത് കൊണ്ട് ഇന്നും അവൾ ഇതൊന്നും കേക്കാറായിട്ടില്ല എന്നാ  വിചാരം.

മുൻപ് അച്ഛൻ മരിച്ച സമയത്തു അമ്മ പറയുമായിരുന്നു.
"റിട്ടയർമെന്റ് കഴിഞ്ഞാപ്പിന്നെ എന്തെങ്കിലും വേണ്ടേ..? നീയും അവളും പോയാപ്പിന്നെ ഞാൻ ഇവരോട് മിൻടീം  പറഞ്ഞുമൊക്കെയിരിക്കും"

ഞാനും അവളും പിന്നൊന്നും പറയില്ല പിന്നെ. പറഞ്ഞു വരുന്നത് ഒറ്റക്കാവു ന്നകാര്യമാണ് . അച്ഛൻ അമ്മേടെ ചെറുപ്പത്തിലേ മരിച്ചു. പറമ്പിലൊരു മൂലയിൽ അച്ഛന്റെ സാമീപ്യമായ ചെന്തെങ്ങു് ഇന്നും തീരാവേദനയാണ് അമ്മക്ക്. അവസാനകാലം അമ്മേടെ മുഖോം കൈകളും മാത്രമേ അച്ഛൻ  തിരിച്ചറിഞ്ഞിരുന്നുള്ളു. എന്തിനും അമ്മ വേണം..ദൈന്യം നിറഞ്ഞ നോട്ടം അമ്മ നേരിട്ടിരുന്നത് കണ്ണീരോടെയാണ്. "ആർക്കെന്തു ദ്രോഹം ചെയ്തിട്ടാണിങ്ങിനെ കഷ്ട്ടപ്പെടുത്തുന്നത്.." അമ്മ  പിറുപിറുത്തോണ്ടു  കരേണത്  എത്ര കണ്ടിരിക്കുന്നു. അന്നെനിക്കോ തീരെ കുഞ്ഞായിരുന്ന അവക്കോ കണ്ടു നിൽക്കാനല്ലാതെ അമ്മേടെ വിഷമം ശരിക്കു മനസ്സിലാക്കാൻ കൂടി കഴിയില്ലായിരുന്നു. ഏറിയാൽ ആറു  മാസം എന്ന് ഡോക്ടര് വിധിയെഴുതിയ ശേഷം അച്ഛനെത്രയും വേഗം വേദനയില്ലാതെ പോണം നന്നായിരുന്നു അമ്മക്ക്..

"നല്ലൊരു മരണം കിട്ടിയാ മതിയായിരുന്നു..ഈശ്വരാ"

പക്ഷെ അച്ഛന്റെ മരണവും ഏട്ടന് സ്വന്തം നിലപാട് സാധൂകരിക്കാൻ ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. ചിലർക്ക്  അതിനു പ്രത്യക സാമർത്ഥ്യമുണ്ട്.

"ചുമ്മാതല്ല കാൻസറായി നേരത്തെ തട്ടിപ്പോയത്..
 ആരോടെങ്കിലുമൊക്കെ ആലോചിച്ചു  നേരെ ചൊവ്വെയൊക്കെ
വെക്കണമായിരുന്നു വീട്..ആശാൻ ഓരോന്നങ്ങോട്ടു എണ്ണിയെണ്ണി പറഞ്ഞപ്പോ ഞാൻ ഞെട്ടിപ്പോയി"

ഡെയ്സി ചേച്ചി ഉറപ്പായി പറഞ്ഞതായിരുന്നു ഞാനും കൂടി ഡോക്ടറെ പോയി കാണണംന്നു. ഒത്തിരി നിർബന്ധിച്ചപ്പോഴാണ്  കൂടെ വരാൻ തയ്യാറായത്..ഹാർട്ടിനു ചില പ്രശ്നങ്ങൾ...ഒക്കെ..ഇനി വരുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ഡോക്ടറുമായി ഉറപ്പിച്ച ശേഷം കാറിലേക്ക് കേറുമ്പോ പറഞ്ഞു..

"വയസ്സായില്ലേ...ഇനി അസുഖങ്ങളൊക്കെ വരും..നീയതൊന്നും കാര്യമാക്കണ്ട ...സന്തോഷമായി പോ..ഇവിടെ എന്റെ കാര്യം നോക്കാൻ ഇവരൊക്കെയില്ലേ.."

ഞാൻ വിഷമിക്കരുതെന്നൊക്കെയാണ് അമ്മ പറയുന്നത്.സത്യം പറഞ്ഞാൽ അമ്മയിൽ വല്യ മാറ്റം വന്നിട്ടുണ്ട്. ഓർക്കുന്നു. ഒടുവിൽ അവളും വിവാഹിതയായി വീട് വിട്ടു പോവുമ്പോ അമ്മയിൽ വല്ലാത്തൊരു അനാഥത്വം ഉണ്ടായിരുന്നു..ഇടയ്ക്കു താനൊറ്റക്കായി എന്നമട്ടിൽ എന്തേലും പറയുകേം വിതുമ്പുകേം  ഒക്കെ ചെയ്യുമായിരുന്നു..അന്ന് അമ്മയെ സമാധാനിപ്പിക്കാൻ ഞങ്ങൾ എത്ര പാടുപെട്ടു. പക്ഷെ ഈയിടെയായി   വല്ലാത്ത മാറ്റം.

രാത്രി ഒരുമിച്ചിരുന്നു കഴിച്ചു..അതിൽ പുതുമയില്ലെങ്കിലും പറയുവാ. എപ്പോ വന്നാലും ഒരുമിച്ചു തന്നെയാണ് കഴിക്കാറുള്ളത്. മുന്നില് ടി വി ചെറിയ ശബ്ദത്തോടെ ഓൺ ആക്കി വച്ചിട്ടുണ്ടാകും. ഞങ്ങൾ ശ്രദ്ധിക്കാറില്ല. തേങ്ങാപ്പാലൊഴിച്ച കഞ്ഞി പ്ലാവിലകൊട്ടി കഴിക്കുമ്പോലെപ്പോഴോ ആമുഖമൊന്നുമില്ലായാണത് പറഞ്ഞത്.

"നിന്നോടൊരു കാര്യം പറയാനുണ്ട്..പോണതിനു മുൻപ് ...അവളോട് പിന്നെ പറയാം.."

ചെറുതായൊന്നു ഞെട്ടി. ഒരു പക്ഷെ അമ്മക്ക് പറയാനുള്ളതിനേക്കാൾ വലിയൊരു കാര്യം തനിക്കു പറയാനുണ്ട്. അതെങ്ങിനെ അവതരിപ്പിക്കും എന്ന പ്രതിസന്ധിയിലാണ് ഞാൻ.

"എന്നാ പോണത്..ടിക്കറ്റു ഉറപ്പിച്ചോ..?"

മടക്കയാത്രക്കുള്ള ടിക്കറ്റ് ഉറപ്പാക്കുന്നതിന് മുൻപൊരു ദൗത്യം നിറവേറ്റാനുണ്ട്...അതമ്മക്കറിയില്ലല്ലോ...അത് ചെയ്യാതെ തിരിച്ചുചെല്ലാനാവില്ലെന്നു. ന്നാലും പറഞ്ഞു...

" രണ്ടുദിവസം കഴിഞ്ഞു നോക്കണം.."

"ഒരഞ്ചാറു വർഷം മുൻപ് മാലിനി ടീച്ചറു  പറഞ്ഞിട്ടാ ആശ്രമത്തി പോവാൻ തുടങ്ങിയത്..അവര് മോൻ മരിച്ച ശേഷം അവിടെയല്ലേ താമസം..എന്തോ പോയി തുടങ്ങിയപ്പം വല്ലാത്ത സമാധാനമാണ്.."

ഞാൻ ശ്രദ്ധയോടെയും കൗതുകത്തോടെയും കേട്ടിരുന്നു.

"അന്ന് എന്നോട് ചോദിച്ചിരുന്നു..ആശ്രമത്തില് കുറെ മുറികൾ കൂടി പണിയുന്നുണ്ട് ടീച്ചറിന് വേണോന്ന്...ഞാനന്ന് വെറുതെ മൂളിയതാ...ഇപ്പൊ അതിന്റെ പണി പൂർത്തിയായി.."

ഞാൻ അതിശയത്തോടെ ചോദിച്ചു -

"ന്നിട്ട്?"

"ഞാനങ്ങോട്ടു മാറുവാ മോളെ..രണ്ടു മാസത്തിനകം".

ഒരു ഭാവപ്പകർച്ചയുമില്ലാതെ അമ്മ അത് പറഞ്ഞപ്പോൾ ഒരുപക്ഷെ സന്തോഷിക്കേണ്ട താൻ പെട്ടെന്നെന്തേ ഇങ്ങിനെ  പറഞ്ഞു?

"എന്താ അമ്മേയിതു...ഞങ്ങളോടൊന്നുമാലോചിക്കാതെ മുറി പോയെടുത്തു..അങ്ങിനെയെങ്കിൽ മാറുന്ന കാര്യവും  പറയേണ്ടായിരുന്നല്ലോ."

"നീ ദേഷ്യപ്പെടാതെ..അന്ന് ഇങ്ങനെയൊന്നും ചിന്തിച്ചില്ല. ചോദിച്ചപ്പോ  വെറുതെയൊന്നിരിക്കട്ടെയെന്നു കരുതി. ഇന്ന് തോന്നുന്നു നന്നായിന്നു.."

"അമ്മയല്ലേ പറഞ്ഞെ അച്ഛനുറങ്ങുന്ന മണ്ണാണ്, ഓർമ്മകൾ മുഴുവനും വീടിനുള്ളിലും പറമ്പിലുമാണെന്നൊക്കെ..ആ അമ്മയാണോ ഇപ്പറയുന്നെ.."

"ശരിയാണ് അന്നത് പറഞ്ഞു..കാലം നമ്മളെ തിരുത്തും...ഓർമകളുണ്ട് അത് മനസ്സിലല്ലേ..ഒരാളും മണ്ണുമായും വീടുമായും അത്രക്കങ്ങോട്ടു അടുക്കരുത്..ഇതൊന്നും സ്ഥായിയല്ല"

"നോക്ക് ഞാൻ മിനിയോട് സംസാരിക്കാം. അവള് വരാറുണ്ടല്ലോ ബോംബെന്ന്. ഇനി ഇടയ്ക്കിടെ വരാൻ പറയാം. ഞാനും വർഷം  രണ്ടു  തവണയെങ്കിലും വരാം ..അമ്മ ഇവിടുന്നു മാറേണ്ട...ഒരിടത്തും പോവണ്ട. ഇപ്പൊ ഇതൊക്കെ പറയും..ഇവിടുന്നു മാറുമ്പോഴെ അറിയൂ. എനിക്ക് സമാധാനമായി പോവാൻ പോലും പറ്റുന്നില്ലല്ലോ..ഈശ്വരാ .."

"ഇല്ല മരണം വരെ ഓർമകളുണ്ടാവും എന്ന് പോലും പറയാനാവില്ല..നിനക്കച്ഛന്റെ കാര്യം അറിയില്ലേ. മരണമെത്തും  മുൻപ്  ഓർമ്മകൾ മരിച്ചേക്കും ...നമ്മൾ എത്ര പേരെ  കാണുന്നു..അങ്ങിനെയായാൽ  പിന്നെ വീടും പറമ്പുമൊക്കെ നമുക്കന്യമാവില്ലേ"

"എനിക്കൊന്നും മനസ്സിലാവുന്നില്ല...ആദ്യം ആ ആശ്രമത്തിൽ പോണത് കുറച്ചു കാലം നിറുത്തി വയ്ക്കു. എല്ലാം ശരിയാവും"

"നീയിപ്പോ അതൊന്നും ആലോചിക്കേണ്ട...വരേണ്ടത് വരും..ഇപ്പൊ ഈ പാത്രങ്ങളൊന്നു അടുക്കളയിൽ കൊണ്ടുപോയി വയ്ക്കു..എന്നിട്ടു ടി വി യോ മറ്റോ കാണു..ബാക്കി പിന്നെ സംസാരിക്കാം..പിന്നൊന്ന് ഈ വീട് നിന്റെ പേരിലാണ്. അതെന്തു ചെയ്യണമെന്നു ഗോപിയുമായി ആലോചിച്ചു വേണം ചെയ്യാൻ..അത്രേയുള്ളു "

അതും പറഞ്ഞമ്മയെണീറ്റു..അറിയാം അന്നും ഇന്നും അമ്മ ഒന്ന് തീരുമാനിച്ചാൽ പിന്നെ മാറ്റമില്ല.

രാത്രി അമ്മയുടെ അരികിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ഒന്നുകൂടി  ഓർത്തു..എങ്ങിനെ അപ്പോൾ തനിക്കങ്ങിനെ പറയാൻ തോന്നി?
അമ്മയെ വീട്ടിൽ നിന്നിറക്കാൻ പദ്ധതിയുമായി വന്ന താൻ  സന്തോഷിക്കയായിരുന്നില്ലേ വേണ്ടത്. എന്തെ എനിക്കതിനു കഴിയാതെ പോയത്? അതോ ഇത്രേം കാലത്തേ ഗോപികൃഷ്ണ സഹവാസം തന്നെ വല്ലാത്ത തന്ത്രശാലിയും ഹൃ ദയമില്ലാത്തവളുമാക്കി മാറ്റിയോ? അവസരത്തിനനുസ്സരിച്ചു മാറ്റി പറയുകയായിരുന്നില്ലേ ഞാൻ..

അതോ ശരിക്കുള്ള രാജിയായിപ്പോയതാണോ, അമ്മേടേം അച്ഛന്റേം പുന്നാര മോള് രാജി...ഞാൻ പോലുമറിയാതെ.  അങ്ങിനെ ചിന്തിക്കാനാണിഷ്ടം..

അടുത്ത് അമ്മ ഉറങ്ങി കഴിഞ്ഞു..എവിടെയോ ഒരു നൊമ്പരം..സ്നേഹം..
എണീറ്റ് കട്ടിലിനരികിലെ ജനൽ പാളികൾ പതിയെ തുറന്നു..പുറത്തെ ഇരുട്ടിൽ നിഴൽ നൃത്തമാടുന്ന മരച്ചില്ലകൾക്കിടയിലൂടെ ദൂരെ ഒരു കുഞ്ഞു ചന്ദ്രക്കല...ഒരു ചെറു കാറ്റിനൊപ്പം  ജനലിനടുത്തു  പൂത്തുലഞ്ഞു നിൽക്കുന്ന മുല്ലപ്പൂക്കളുടെ ഗന്ധം മുറി നിറയുന്നു. ഞാൻ ചെരിഞ്ഞു അമ്മയോടു ഒന്നുകൂടി ചേർന്നു കിടന്നു. കൈയ്യെടുത്തു കുറുകെയിട്ടു കെട്ടിപ്പിടിച്ചു. ആ ദേഹത്തെ തണുപ്പ് ആർദ്രമായ സ്നേഹമഴയായി  ഊഷരമായ മനസ്സിൽ പെയ്തിറങ്ങുമ്പോൾ ഞാൻ ശരിക്കും  ഒരു കുട്ടിയായ പോലെ.




2 comments:

Subscribe