Tuesday, January 1, 2019

ആഗോള സമാധാനത്തിനു വഴിവിളക്കാവട്ടെ മാനുഷികത


ലോകചരിത്രത്തിൽ മനുഷ്യ വിമോചകർ കാലഘട്ടത്തിന്റെ അനിവാര്യതയായി ജന്മമെടുത്തിട്ടുണ്ട്. മനുഷ്യനെ അന്ധകാരത്തിൽ നിന്നും അസ്വാതന്ത്ര്യത്തിൽ നിന്നും അസമത്വത്തിൽ നിന്നും മോചിപ്പിക്കുന്നവരായും പരസ്പര സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നവരായും അവർ നിലകൊണ്ടിട്ടുള്ളത് കാരണമാണ് അവ രൊക്കെ കാലദേശങ്ങൾക്കപ്പുറം പരിവേഷങ്ങളോടെ ഇന്നും മനസ്സുകളിൽ മായാതെ തെളിഞ്ഞു നിൽക്കുന്നത്. തമസ്സിൽ  നിന്നും ജ്യോതിസ്സിലേക്ക് ആണ് അവർ വഴികാട്ടിയത്. ക്രിസ്തുവും നബിയും വിവേകാന്ദനും നാരായണ ഗുരുവും ഗാന്ധിജിയും എബ്രഹാം ലിങ്കണും മാർട്ടിൻ ലൂതർ കിങ്ങുമൊക്കെ അവരിൽപ്പെടുന്നു. 

പ്രധാനമായും മതവും രാഷ്ട്രീയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് മനുഷ്യനെ അവൻ അനുഭവിക്കുന്ന വെളിച്ചത്തിൽ നിന്നും അന്ധകാരത്തിലേക്കു തിരിച്ചു തള്ളാൻ ശ്രമിക്കുന്നതായി സമകാലിക സംഭവങ്ങൾ അനുഭവപ്പെടുത്തുന്നു. ഒന്നെന്ന ചിന്ത മാറ്റി നിക്ഷിപ്‌ത താൽപര്യക്കാർ വിവേചനത്തിന്റെയും വിഭജനത്തിന്റെയും വിഷവിത്തുകൾ വിതച്ചു  മനുഷ്യനെ തമ്മിലകത്തുന്നു . ഇത് നാട്ടിൽ മാത്രമല്ല ലോകത്താകമാനവും ആനുകാലിക കാലാവസ്ഥയിൽ കൂടുതലാവുന്ന ഒരു പ്രവണതയാണ്. വലിയൊരു ജനതയുടെ ഉള്ളിൽ അരക്ഷിതാവസ്ഥയും അശാന്തിയും വളർത്താൻ ഇത് കാരണമായിട്ടുണ്ട്. 

അമേരിക്കയിൽ സമീപകാലത്തു ഉയർന്നു വന്ന 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ'  (BLM) എന്ന കറുത്ത വർഗക്കാരുടെ ആക്ടിവിസ്റ് പ്രസ്ഥാനം അവർക്കു നേരെയുള്ള ആക്രമണങ്ങൾക്കും വംശീയമായ പ്രൊഫൈലിംഗിനും  എതിരെ പ്രവർത്തിക്കുകയും ബോധവൽക്കരണം നടത്തുകയും  ചെയ്യുന്ന ഒരു സംഘടനയാണ്. ഈ പേരിൽ തന്നെ ഒരു പ്രത്യകതയുണ്ട്. ഇതിനു ബദലായി മുഖ്യധാരകൾ  മറുപടി പറഞ്ഞത് 'ഓൾ ലൈവ്‌സ്  മാറ്റർ' എന്ന് പറഞ്ഞുകൊണ്ടാണ്. ശരിയാണ് എല്ലാ ജീവനും വിലയുണ്ട്. എങ്കിലും ഒരു പരമാധികാര ജനാധിപത്യ രാഷ്ട്രത്തിനു കീഴിൽ ഗവണ്മെന്റ് സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു വ്യവസ്ഥയിൽ എന്ത് കൊണ്ടാണ് ഒരു വിഭാഗത്തിന് 'കറുത്ത ജീവന് വില കൽപ്പിക്കു' എന്ന് ഉറക്കെ പറയേണ്ടി വരുന്നത്? ഒറ്റവാചകത്തിൽ പറഞ്ഞാൽ രാഷ്ട്രീയപരമായും സാമൂഹികമായും സാമ്പത്തികമായും അവർ അനുഭവിക്കുന്ന  അരക്ഷിതാബോധവും ഉൽക്കണ്‌ഠയുമാണ് അതിനു പിന്നിൽ. 

ഭാരതത്തിൽ നവബ്രാഹ്മണ്യത്തിന്റെ മൂല്യങ്ങൾ ഭരണഘടനാ മൂല്യങ്ങളായി മാറുകയും  അതിനു കീഴിൽ ജീവിക്കേണ്ടി വരുന്ന ഭൂരിപക്ഷ പിന്നോക്ക ദളിത് വിഭാഗങ്ങൾക്കും  മറ്റു മത ന്യുനപക്ഷങ്ങൾക്കും ഇതേ അരക്ഷിതാവസ്ഥ ഉണ്ടായേക്കാം. ദേശവ്യാപകമായി അത്തരം ശ്രമങ്ങൾ പതിറ്റാണ്ടുകളായി നടക്കുന്നുമുണ്ട്. എങ്കിലും കേരളം പിന്നിട്ട പാതകൾ വീണ്ടും നോക്കികാണുമ്പോൾ മലയാളി സമൂഹം എന്നും നവോഥാനത്തെ ഉൾക്കൊണ്ട്  മുന്നേറിയിരുന്നു എന്ന് മനസ്സിലാവും. മതത്തിന്റെയും  വിശ്വാസരാഷ്ട്രീയത്തിന്റെയും പേരിൽ  ജനത്തെ ഭിന്നിപ്പിച്ചു വീണ്ടും അന്ധകാരത്തിലേക്കു തള്ളാൻ  നേതൃത്വം നൽകുന്നവർ കാലത്തിന്റെ ചുമരിൽ കറുത്ത കോലങ്ങളായി മാറുകയും സമൂഹം മാനുഷികതയിലുറച്ചു തന്നെ മുന്നോട്ടു പോവുകയും ചെയ്യും എന്ന് പ്രത്യാശിക്കുന്നു.  



'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക'. സ്നേഹം അടിസ്ഥാനമാക്കിയുള്ള ക്രിസ്തുമതം നൽകുന്ന സന്ദേശം. എപ്പോഴാണ് എനിക്ക് എന്നെപ്പോലെ എന്റെ അയൽക്കാരനെ സ്നേഹിക്കുവാൻ കഴിയുക. ഞാനും അയാളും ഒന്നെന്ന ബോധ്യത്തിൽ മാത്രമേ അത് സാധ്യമാവൂ. 'None of you truly believes until he wishes for his brother what he wishes for himself.' നിനക്ക് വേണമെന്നുള്ളത് നിന്റെ സഹോദരനും കൂടി ലഭിക്കണേ എന്നാഗ്രഹിക്കുമ്പോഴാണ് നീ ശരിക്കും വിശ്വാസിയാകുന്നത് - ഇത് പ്രവാചക വചനം. ഇവിടെയും പറഞ്ഞു വരുന്നത് ഒന്ന് തന്നെ. അയൽക്കാരനെ സഹോദര സ്ഥാനത്തു കാണുന്നു എന്ന് മാത്രം. എനിക്ക് നന്മ വരണം എന്നാഗ്രഹിക്കുമ്പോൾ അതേ നന്മ എന്റെ അയൽക്കാരനും ഉണ്ടാകണമെന്ന് ചിന്തിക്കണമെങ്കിലും ചുറ്റുമുള്ള മനുഷ്യരിൽ ഞാൻ എന്നെ കാണണം. എല്ലാം ഒന്ന് തന്നെ എന്ന ബോധ്യത്തിൽ നിന്നും മാത്രമേ അതും സാധ്യമാവൂ. സ്നേഹവും സാഹോദര്യവും ഉദ്‌ഘോഷിക്കുന്ന എല്ലാ മതസാരങ്ങളും  ഒന്നുതന്നെ - അദ്വൈതം. എല്ലാം ഒന്ന് എന്ന ദർശനം. സ്നേഹവും സാഹോദര്യവും നിലനിക്കുന്നിടത്തു ഉന്നതമായ മൂല്യ ബോധത്തിന്റെ വെളിച്ചമുണ്ടാവും, ആത്യന്തികമായി വേണ്ട മാനുഷികതയുണ്ടാവും ; അത് ആഗോള സമാധാനത്തിനു വഴിവിളക്കാവും.






2 comments:

  1. ഭാരതത്തിൽ നവബ്രാഹ്മണ്യത്തിന്റെ മൂല്യങ്ങൾ ഭരണഘടനാ മൂല്യങ്ങളായി മാറുകയും അതിനു കീഴിൽ ജീവിക്കേണ്ടി വരുന്ന ഭൂരിപക്ഷ പിന്നോക്ക ദളിത് വിഭാഗങ്ങൾക്കും മറ്റു മത ന്യുനപക്ഷങ്ങൾക്കും ഇതേ അരക്ഷിതാവസ്ഥ ഉണ്ടായേക്കാം. ദേശവ്യാപകമായി അത്തരം ശ്രമങ്ങൾ പതിറ്റാണ്ടുകളായി നടക്കുന്നുമുണ്ട്. എങ്കിലും കേരളം പിന്നിട്ട പാതകൾ വീണ്ടും നോക്കികാണുമ്പോൾ മലയാളി സമൂഹം എന്നും നവോഥാനത്തെ ഉൾക്കൊണ്ട് മുന്നേറിയിരുന്നു എന്ന് മനസ്സിലാവും. മതത്തിന്റെയും വിശ്വാസരാഷ്ട്രീയത്തിന്റെയും പേരിൽ ജനത്തെ ഭിന്നിപ്പിച്ചു വീണ്ടും അന്ധകാരത്തിലേക്കു തള്ളാൻ നേതൃത്വം നൽകുന്നവർ കാലത്തിന്റെ ചുമരിൽ കറുത്ത കോലങ്ങളായി മാറുകയും സമൂഹം മാനുഷികതയിലുറച്ചു തന്നെ മുന്നോട്ടു പോവുകയും ചെയ്യും എന്ന് പ്രത്യാശിക്കുന്നു.

    ReplyDelete
  2. വായനക്ക് നന്ദി.

    ReplyDelete

Subscribe