Monday, May 5, 2014

പ്ലാക്ക്

'അവനവൻ അവനവന്റെ കാര്യം നോക്കിക്കോണം! എല്ലാം കഴിഞ്ഞു അതുമിതും പറഞ്ഞിട്ട് കാര്യമില്ല'

പ്രസംഗവേദികളിലെ ഫോട്ടോ സെഷനുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പീറ്റ് നായർ എന്ന പീതാംബരൻ നായർ ഒന്നു കൂടി ഓർത്തു. ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള വ്യാകരണങ്ങളിലൊന്നായിരുന്നു ഗുരുതുല്യനായ അസോസിയേഷൻ പ്രസിഡണ്ടിന്റെ ഈ വാക്കുകൾ. ഓർക്കാതെയും ശ്രദ്ധിക്കാതെയും പറ്റുമോ...? ഫോട്ടോഗ്രാഫർ റെഡി എന്നു പറയുമ്പോൾ പോസ് ചെയ്യുന്നവരുടെ ശ്വാസം പിടുത്തത്തിലും ഞെളിയലിലും രണ്ടറ്റത്തും നിൽക്കുന്നവർ ഫ്രെയിമിൽ നിന്നും ഔട്ടായ സംഭവങ്ങൾ കേട്ടിട്ടുണ്ട്. വേദി ചെറുതാണെങ്കിൽ റിസ്ക്‌ കൂടുതലുമാണ്. ഫ്രെയിമിൽ നിന്നും ഔട്ടാകുക മാത്രമല്ല, വേദിയിൽ നിന്നും താഴെ പോകാനും സാധ്യതയുണ്ടത്രേ .എന്ത് കൊണ്ടും മധ്യഭാഗത്ത്‌ സ്ഥാനം പിടിക്കുന്നതാണ് സുരക്ഷിതം.

ഇന്ന് തന്റെ ദിവസമാണ്. ചിരകാലസ്വപ്നമായ പ്ലാക്ക് ഏറ്റു വാങ്ങുന്ന ദിവസം. വർഷങ്ങൾക്കു മുൻപ്, ഭാര്യക്കും കുട്ടിക്കുമൊപ്പം അമേരിക്കയിൽ എത്തിയ പീതാംബരൻ നായർ ചെന്ന വീടുകളിലെല്ലാം കണ്ടു; നിറയെ ട്രോഫികൾ, പ്ലാക്കുകൾ, ഷീൽഡുകൾ. പരിചയപ്പെട്ട ഒത്തിരി പേരുടെ കുട്ടികൾ കലാതിലകങ്ങളോ കലാപ്രതിഭകളോ ആയിരുന്നു. വിവിധ സ്പോര്ട്സ് ഇനങ്ങളിൽ മികവു തെളിയിച്ചതിന്റെ ട്രോഫികൾ പല വീടുകളിലും ചില്ലിട്ട അലമാരികളിൽ പ്രദർശിപ്പിച്ചിരുന്നു. പൊതുപ്രവർത്തകരുടെ വീടുകളിലാവട്ടെ, അംഗീകാരത്തിന്റെ പ്രശംസാഫലകങ്ങൾ അഥവാ പ്ളാക്കുകൾ. 

ഇത്തരം കാഴ്ചകൾ തുടർച്ചയായി കാണാൻ തുടങ്ങിയതോടെ പീറ്റ് നായർക്ക് ഈയിനത്തിൽപ്പെട്ട എന്തെങ്കിലുമൊക്കെ ഒപ്പിച്ച് വീട്ടിൽ പ്രദർശിപ്പിക്കാനുള്ള ആഗ്രഹം കലശലായി. ഭാര്യക്കോ മകനോ തനിക്കോ കലാപരമോ കായികപരമോ ആയ എന്തെങ്കിലൊരു അംഗീകാരത്തിനുള്ള സാധ്യത ആദ്യമേ തന്നെ അയാൾ തള്ളിക്കളഞ്ഞു. ഭാര്യയെ പ്രോത്സാഹിപ്പിച്ച് പൊതുരംഗത്തിറക്കി ഒരു പ്ലാക്ക് സംഘടിപ്പിക്കുന്ന കാര്യം അവതരണദിശയിലേ ചീറ്റിപ്പോയി. എല്ലാ വാതിലുകളും അടഞ്ഞെന്നു കരുതിയിരിക്കുമ്പോഴാണ്, ഏതെങ്കിലുമൊരു പ്രവാസി മലയാളി സംഘടനയിൽ ആത്മാർഥമായി പ്രവർത്തിച്ചാൽ അംഗീകാരത്തിന് സാധ്യതയുണ്ടെന്ന് സ്വയം മനസിലാക്കിയത്. അങ്ങിനെ നിരന്തരമായ സംഘടനാപ്രവർത്തനത്തിന് ലഭിക്കുന്ന അംഗീകാരമാണിത്.

അസോസിയേഷൻ സംഘടിപ്പിച്ച കണ്‍വെൻഷന്റെ അവസാനദിവസമായ ഇന്ന് ബാങ്ക്വെറ്റ് ഡിന്നറിൽ വെച്ചാണ്‌ പ്രശസ്ത കവി പാച്ചല്ലൂർ വർക്കി തനിക്ക് പ്രശംസാഫലകം സമ്മാനിക്കാൻ പോകുന്നത്. പീറ്റ് നായർക്ക് തന്നെക്കുറിച്ച് അഭിമാനം തോന്നി; ഒപ്പം സന്തോഷവും.

വേദിയുടെ നടുവിൽ, മുന്നിലായി പീറ്റ് നായരും കവി പാച്ചല്ലൂർ വർക്കിയും നിലയുറപ്പിച്ചു. പിറകിൽ അസോസിയേഷനിലെ പ്രമുഖർ നേരത്തേ പറഞ്ഞുറപ്പിച്ച സ്ഥാനങ്ങളിൽ പുഞ്ചിരിയോടെ ഫോട്ടോ ഫ്ലാഷും കാത്തു നിന്നു. എല്ലാ പേരെയും ഒന്നു നോക്കിയ ശേഷം പീറ്റ് നായർ വേദിയിൽ സ്വന്തം സ്ഥാനം ഒന്ന് കൂടി ശരിയാക്കി. കവി മൂക്കറ്റം കുടിച്ചിട്ടുണ്ട്. അയാൾ സമനില തെറ്റി നിന്നാടുകയാണ്. കവിയുടെ നിയന്ത്രണം വിട്ട ചലനങ്ങളിൽ നിന്നും സമ്മേളനത്തിന്റെ ഉത്ഘാടന ചടങ്ങിനു തിരിയിട്ടു കത്തിച്ച വിളക്കിനെ രക്ഷിക്കാൻ ചിലർ അയാളെ അഡ്ജസ്റ്റ് ചെയ്തു പിടിക്കുന്നുമുണ്ട്. കവി വർക്കി മുന്നിലെ ക്യാമറകൾ നോക്കിക്കൊണ്ട്‌ തന്റെ നേർക്കു പ്ലാക്ക് വെച്ചു നീട്ടി. നേരത്തേ കിട്ടിയ നിർദേശപ്രകാരം പ്ലാക്ക് ഏറ്റുവാങ്ങുന്ന തരത്തിൽ പിടിച്ചു കൊണ്ട് രണ്ടു മിനിറ്റ് നിന്നു. ഫോട്ടോ ഫ്ലാഷുകൾ മിന്നിമറഞ്ഞു. പീറ്റ് നായർ അഭിമാനപുളകിതനായി.

ഇതുവരെയുള്ള കഠിനാധ്വാനത്തിനൊക്കെ ഉപരി തന്റെ ചിരകാല സ്വപ്ന സാക്ഷത്കാരമല്ലേ. കവിക്കും വേദിയിലുള്ളവർക്കും സമ്മതമാണെങ്കിൽ ഈ വേദിയിൽ ഇങ്ങിനെ അടുത്ത ഒരു മണിക്കൂർ കൂടി നില്ക്കാൻ തനിക്ക് ഇഷ്ടമാണ്. ഇതു കാണാൻ ഭാര്യ വന്നില്ലല്ലോ.... അവൾക്കിതൊക്കെ പുച്ഛമാണ്. അഞ്ചാം തരത്തിൽ പഠിക്കുന്ന മോനുണ്ട്‌ കൂടെ. പക്ഷേ, അവനിതിലൊന്നും താല്പര്യമില്ല. മുന്നിൽ, തനിക്കുള്ള ഡിന്നർ ടേബിളിനരികിലെ കസേരയിൽ വീഡിയോ ഗെയിമും കളിച്ച് കുനിഞ്ഞിരുപ്പാണ്. അച്ഛന്റെയീ നിൽപ്പവൻ കാണുന്നില്ലല്ലോ. അതോർത്തപ്പോൾ അയാൾക്കു സങ്കടം വന്നു.

അവസാനത്തെ ഫോട്ടോ ഫ്ലാഷും കഴിഞ്ഞപ്പോൾ കവിയുടെ കൈവിടുവിച്ച് വേദിക്ക് പുറകിലേക്ക് പോയി. ആശ്വാസത്തിനായി ഒരു മൂന്നെണ്ണം അകത്താക്കി. പിന്നെയും പലരുടെയും പേരു വിളിച്ച് വേദിയിലേക്കാനയിച്ച്‌ ,കവിയെപ്പോലെ പ്രശസ്തരായ മറ്റു പലരെയും കൊണ്ട് പ്ലാക്ക് കൊടുക്കുന്ന ചടങ്ങ് തുടർന്നു. പീറ്റ് നായർ ഹാളിൾ തന്റെ ടേബിളിനു അരുകിലേക്ക്‌ നടന്നു, തലയുയർത്തിപ്പിടിച്ച്. വന്നു വീണ നോട്ടങ്ങളിൽ അംഗീകാരത്തിന്റെ പ്രതിഫലനം.

മകൻ ഇപ്പോഴും കളി തുടരുകയാണ്. മുന്നിലെ ഭക്ഷണം അവൻ തൊട്ടിട്ടില്ല.
'സ്റ്റോപ്പ്‌ ദി ഗെയിം ആൻഡ്‌ സ്റ്റാർട്ട്‌ ഈറ്റിംഗ്'

അയാൾ മകനോടു പറഞ്ഞു.
'ഓക്കേ... ഓക്കേ..'

നേരിയ പ്രതിഷേധത്തോടെ ഗെയിം മാറ്റി വെച്ച് അവൻ കഴിക്കാൻ തുടങ്ങി. അയാളും. ചുറ്റുമിരുന്നവർ പ്ലാക്ക് വാങ്ങി വായിക്കുകയും തിരിച്ചും മറിച്ചും നോക്കുകയും അഭിവാദ്യങ്ങളർപ്പിക്കുകയും ചെയ്തു. എല്ലാപേരുടെയും ലാളനകൾ ഏറ്റുവാങ്ങി അവസാനം പ്ലാക്ക് സ്വന്തം കൈകളിൽ തിരിച്ചെത്തിയപ്പോൾ അതിലെഴുതിയ വാക്കുകൾ ഒന്നുകൂടി വായിച്ചു.

'പ്രസന്റെഡ് ടു ശ്രീ. പീതാംബരൻ (പീറ്റ്) നായർ ഫോർ ഹിസ്‌ ഔട്ട്‌ സ്റ്റാൻഡിംഗ് സർവീസസ് ടു ദി കമ്മ്യൂണിറ്റി ബൈ ഹോണറബിൾ പോയറ്റ് ശ്രീ. പാച്ചല്ലൂർ വര്ക്കി ....'

മഹത്തായ സമുദായ സേവനത്തിനു ലഭിച്ച അംഗീകാരം. പീറ്റ് നായർ ഊറി ചിരിച്ചു.

പ്ലാക്ക് ഭദ്രമായി ഒരു പ്ലാസ്റ്റിക് ബാഗിൽ വെച്ച ശേഷം അയാൾ വീണ്ടും കഴിക്കാൻ തുടങ്ങി.

ഡിന്നർ പകുതിയായപ്പോൾ വർക്കിച്ചനതാ മുന്നിൽ! സ്വന്തം ടേബിളിൽ നിന്നും എണീറ്റുവന്നിരിക്കുകയാണ്. പീറ്റ് നായർ എണീക്കുമ്പോൾ ചോദിച്ചു,

'കഴിച്ചു തീർന്നോ...?'

'ഇല്ലില്ല, ഒന്നു വന്നു കണ്ടേച്ചു ബാക്കിയാവാം എന്നു കരുതി' വർക്കി പറഞ്ഞു.

കവിയുടെ ഈ വരവിൽ ചില ദുരൂഹതകൾ ഉണ്ടെന്ന് പീറ്റ് നായർ മനസിലാക്കി. അയാൾ കുറച്ച് അസ്വസ്ഥനാണ്. ഇടക്കിടക്ക് പ്ലാക്ക് സൂക്ഷിച്ചിരിക്കുന്ന ബാഗിൽ നോക്കുന്നുമുണ്ട്.

'എന്താ, എന്തു പറ്റി?' പീറ്റ് നായർ ആരാഞ്ഞു.

'അല്ലേ, എന്റെ പ്ലാക്ക് മിസ്‌പ്ലേസ് ചെയ്തോന്നൊരു സംശയം ...'

'അയ്യോ, വർക്കിച്ചനും പ്ലാക്ക് കിട്ടിയാരുന്നോ, അതെനിക്കറിയില്ലായിരുന്നു.'

'പീറ്റ് നായർ എനിക്കു തന്ന പ്ലാക്ക് ഉണ്ടല്ലോ ,അതിന്റെ കാര്യമാ...' കവി തുടർന്നു.

വന്ന ദേഷ്യം പുറത്തു കാട്ടാതെ പീറ്റ് നായർ പറഞ്ഞു.
'അതെന്തു വർത്തമാനമാ... വർക്കിച്ചാ... അവരനൗൻസ് ചെയ്തതല്ലേ... വർക്കിച്ചൻ എനിക്കു പ്ലാക്ക് തരുന്നതായിട്ട്... എന്നിട്ടിപ്പോ ... "

'സംഘാടകരെന്നോടു പറഞ്ഞിരുന്നതാണല്ലോ ... എന്നെ ആദരിക്കുന്നതായിട്ട് ...!'

'അതൊന്നും എനിക്കറിയില്ല'

'ചോദിക്കുന്നതിൽ വിഷമം തോന്നരുത്. നായരുടെ ബാഗിലിരിക്കുന്ന പ്ലാക്ക് നായരുടേത് തന്നെയാണോ...? ആകെയൊരു കണ്ഫ്യൂഷൻ... എന്റെ പ്ലാക്ക് കാണാഞ്ഞി ട്ടാണേ ... '

കവി വർക്കി സ്വന്തം ഭാഗം ന്യായീകരിച്ചു.

'എന്റെ വർക്കിച്ചാ...'
പീറ്റ് നായർ ബാഗെടുത്തു കൊണ്ടു പറഞ്ഞു:

'ഇതെനിക്ക് വർക്കിച്ചൻ തന്നതാ... വര്ക്കിച്ചന് പ്ലാക്ക് കിട്ടിയതായി ഞാനോർക്കുന്നില്ല.... ഇനിയും സംശയമെങ്കിലിതാ ...നോക്ക്'
അയാൾ ബാഗ് തുറന്ന്, പ്ലാക്ക് എടുത്തു വർക്കിച്ചനെ കാണിച്ചിട്ട് അതിലെഴുതിയത് വായിച്ചു കേൾപ്പിച്ചു.

'ക്ഷമിക്കണം... ' നിരാശനായി കവി പറഞ്ഞു.

'അത് സാരമില്ല' പീറ്റ് നായർ സമാധാനിപ്പിക്കാനായി പറഞ്ഞു.

പിന്നെ കാണാം എന്നു പറഞ്ഞു പിരിഞ്ഞ വർക്കിച്ചനെ പിന്നെ കണ്ടതേയില്ല. ഡിന്നറിനു ശേഷം കൂട്ടുകാരോട് യാത്ര പറഞ്ഞ് മകനെയും കൂട്ടി പീറ്റ് നായർ സ്വന്തം മുറിയിലെത്തി.

മുറിയിലെത്തിയപാടെ, കുട്ടി മെത്തയിൽ കയറിക്കിടന്ന് ഉറക്കമായി. പീറ്റ് നായര്ക്ക് ഉറക്കം വന്നില്ല. അയാൾ ബാഗിൽ നിന്നും പ്ലാക്ക് എടുത്ത് ഒരാവർത്തി കൂടി വായിച്ചു. അഭിമാനത്തോടെ അത് നെഞ്ചോടു ചേർത്തു പിടിച്ചു. സുവർണലിപികളിൽ മൃദുവായി വിരലോടിച്ചു. എല്ലാത്തിനും ദൈവത്തോട് നന്ദി പറഞ്ഞു. പ്ലാക്കെടുത്തു മേശപ്പുറത്തു വെച്ച് വീണ്ടും അതിന്റെ ഭംഗി ആസ്വദിച്ചു. പിന്നെ ഡ്രെസ്സൊക്കെ മാറി മൂത്രമൊഴിച്ച ശേഷം കുട്ടിക്കു സമീപം ഉറങ്ങാൻ കിടന്നു.

രാവിലെ ഫോണടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. രമണൻ പണിക്കരാണ്. അയാൾ എയർപോര്ട്ടിലേക്ക് പോകാൻ തുടങ്ങുകയാണ്. താഴെ ചെന്ന് യാത്രയാക്കണം. കുട്ടി രാവിലെ എണീറ്റിരുന്ന് ടിവിയിൽ കാർട്ടൂൻ ചാനൽ കാണുകയാണ്. ദേഷ്യം വന്നു. ടിവിയിലും വീഡിയോ ഗെയിംസിലുമല്ലാതെ മറ്റൊന്നിലും താല്പര്യമില്ല.

'ആ ടിവി ഓഫ്‌ ചെയ്യ്‌... എന്നിട്ടു പോയി ബ്രഷ് ചെയ്യാൻ നോക്ക്... '

കുട്ടി ഒന്നും മിണ്ടിയില്ല. ടിവി ഓഫ്‌ ചെയ്ത് വീണ്ടും ബെഡ്ഡിൽ ചെന്ന് കിടന്നു.

'ഞാൻ താഴെ പോയി ഒരങ്കിളിനെ സീ ഓഫ്‌ ചെയ്തിട്ടു വരാം... '

പീറ്റ് നായർ മുറിയടച്ച് പുറത്തേക്കു നടന്നു. താഴെയെത്തി കുറെ നേരം രമണൻ പണിക്കരുമായി സംസാരിച്ചിരുന്നു. നാട്ടിൽ നിന്നേയുള്ള കൂട്ടുകാരാണ്. കുടുംബ വിശേഷങ്ങളും അസോസിയേഷൻ കാര്യങ്ങളും പറഞ്ഞിരുന്ന് നേരം പോയതറിഞ്ഞില്ല. മണിക്കൂറൊന്ന് കഴിഞ്ഞു. യാത്ര പറഞ്ഞു പിരിഞ്ഞ ശേഷം അയാൾ തിരികെയെത്തി. വാതിൽ തുറന്നു മുറിയിൽ കയറി. കുട്ടി ആകെ വിഷണ്ണനായി ജനലരുകിലെ കസാരയിൽ ഇരിക്കുകയാണ്.

'എന്താടാ... '

ഒന്നുമില്ല എന്നർത്ഥത്തിൽ രണ്ടു തോളുകളും ഉയർത്തി ഒരു ചേഷ്ട കാണിച്ചു. എങ്കിലും എന്തോ ഒരു പന്തികേടുണ്ടെന്ന് അയാൽക്കു തോന്നി. അയാൾ മുറിയിലാകെ കണ്ണോടിച്ചു. പെട്ടന്നാണ് അയാളുടെ ശ്രദ്ധ മേശപ്പുറത്തേക്കു പോയത്. ഞെട്ടിപ്പോയി... തന്റെ പ്ലാക്ക് കാണുന്നില്ല !

'ഇവിടിരുന്ന പ്ലാക്ക് എവിടെ... വെയറിസിറ്റ്?"

കുട്ടി നിന്ന് പരുങ്ങാൻ തുടങ്ങി...
'പറ .. അതെവിടെ ?'

'ഐ മീൻ ...' അവൻ കരച്ചിലിന്റെ വക്കോളമെത്തിക്കൊണ്ട് പറഞ്ഞു.
'ഐ വാസ് പ്ലയിംഗ് വിത്ത്‌ ഇറ്റ്‌ ...ഹിയർ .. നിയർ വിന്റോ ... ഇറ്റ്‌ ഫെൽ ഡൌണ്‍... '

ജനലരികിലിരുന്നു കളിക്കുന്നതിനിടെ പ്ലാക്ക് താഴെ പോയെന്ന്...!
പീറ്റ് നായർക്ക് ഇടി വെട്ടേറ്റതു പോലെയായി. അയാൾക്ക് ഒന്നും മിണ്ടാനായില്ല.

'ഡാഡ് ... ഐ ഡിഡിന്റ് ഡു ഇറ്റ്‌ ... ഇറ്റ്‌ ജസ്റ്റ്‌ ഫെൽ ... '

കുട്ടിയുടെ കരച്ചിൽ അയാൾ കേട്ടില്ല. അയാളുടെ ഹൃദയം തകർന്നു. സമനില തെറ്റുന്ന പോലെ. ഒന്നും മിണ്ടാതെ ജനലിനടുത്തെത്തി തല പുറത്തേക്കിട്ട് താഴേക്കു നോക്കി. പത്തു നിലകൾക്കു മുകളിൽ നിന്നുള്ള വീഴ്ചയുടെ ആഘാതം അയാളെ മരവിപ്പിച്ചു. കുറെ നേരം തളർന്നു നിന്ന അയാൾ ഒന്നും പറയാതെ, മെല്ലെ കട്ടിലിൽ പോയിരുന്നു, തല താഴ്ത്തി.

10 comments:

  1. നന്നായി എഴുതി
    എല്ലാ ആശംസകളും

    ReplyDelete
    Replies
    1. നന്ദി, ഷാജു - വായനക്കും പ്രതികരണത്തിനും

      Delete
  2. നല്ല കഥ.. പ്ലാക്ക് എന്ന വാക്ക് ഇവിടെ നിന്നാണ് പരിചയപ്പെടുന്നത്..

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്‌ - അതിന്റെ രൂപം ഈ ലിങ്ക്-ൽ ഉണ്ട് - നമ്മുടെ പ്രശംസാ ഫലകം - അത് തന്നെ
      http://joychenputhukulam.com/newsMore.php?newsId=39613

      Delete
  3. പ്ലാക്ക് എത്രയെണ്ണം വേണമെങ്കിലും കടയിൽ നിന്ന് വാങ്ങാൻ കിട്ടുമല്ലോ. പാവം പീറ്റ് നായർക്ക് ഒന്നുമറിഞ്ഞുകൂടാ. :)

    കഥയിൽ ആക്ഷേപഹാസ്യത്തിന്റെ ശക്തി കുറവാണ്. വെള്ളമടിച്ച് ബോധമില്ലാതെ നൽകിയ സമ്മാനം തനിക്കാണെന്ന ഓർമ്മയിൽ അന്വേഷിച്ചു വരുന്ന കവിയെ ചിത്രീകരിക്കുന്നത് കാണാതെയല്ല. പക്ഷേ അവാർഡ് കൊതിക്കുന്ന പീറ്റ് നായരോട് എഴുത്തുകാരൻ സഹതാപം സൂക്ഷിക്കുന്നതു പോലെ.

    ReplyDelete
    Replies
    1. നന്ദി viddiman - പീറ്റ് നായർക്ക്‌ അതൊക്കെ ..അറിയാം - പക്ഷെ അത് അംഗീകാരമായി വാങ്ങിയെടുക്കണം.
      അതുപോലെ നന്നായ നിരീക്ഷണം - അതെ ആ കുട്ടിയോടും പീറ്റ് നായരോടും സഹതാപം തന്നെയാണ് !!!!

      Delete
  4. പീറ്റ് നായര് വളര്‍ന്നാണ് പ്രാഞ്ചിയേട്ടന്‍ ആകുന്നത്. നല്ല കഥ

    ReplyDelete
    Replies
    1. വായനക്ക് നന്ദി അജിത്‌ :)

      Delete
  5. ഉവ്വോ ..പക്ഷെ വായിച്ചിട്ട് ഭായിക്ക് ഒന്ന് പുഞ്ചിരിക്കാനെങ്കിലും തോന്നിയില്ലേൽ ഞാൻ പരാജയപ്പെട്ടു :)

    ReplyDelete

Subscribe