Saturday, December 12, 2020

സമ്പന്ന രാജ്യങ്ങൾക്കു മാത്രം മതിയോ വാക്‌സിൻ?

ബ്രിട്ടനിൽ തൊണ്ണൂറു വയസ്സായ സ്ത്രീ, ലോകത്താദ്യമായി COVID-19 വാക്‌സിനേഷൻ സ്വീകരിക്കുന്ന വാർത്ത കേട്ടാണ് ദിവസം ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരിമാസത്തിനു ശേഷം ശുഭകരമായി തോന്നിയ രണ്ടു വാർത്തകൾ - ഒന്ന് പ്രസിഡന്റ് ട്രംപ് തെരെഞ്ഞെടുപ്പിൽ ദയനീയമായി പരാജപ്പെട്ടു. രണ്ട് - കോവിഡ് -19 വാക്‌സിൻ ഫലപ്രദമായ ടെസ്റ്റുകൾക്കു ശേഷം പൊതുജനത്തിനായി തയ്യാറായി.

പിന്നീടെപ്പോഴോ ഉണ്ടായ കോവിഡ് ചിന്തകളിലാണ്, സയൻസ് മാഗസിനിൽ (/2020/07) വായിച്ചൊരു ലേഖനം വീണ്ടും തെളിഞ്ഞത്. പ്രസിദ്ധ ആരോഗ്യ പ്രവർത്തകയായ എലൻ ടി ഹോൻ (Ellen F. M. 't Hoen) പറയുന്നു: സമ്പന്ന രാജ്യങ്ങളിലെ അപകട സാധ്യത കുറഞ്ഞവർക്ക്‌ വേഗത്തിലും എളുപ്പത്തിലും വാക്‌സിൻ ലഭിക്കുകയും എന്നാൽ സൗത്ത് ആഫ്രിക്കയിലെ ആരോഗ്യപ്രവർത്തകന് ആവശ്യമുണ്ടെങ്കിലും അതു ലഭ്യമാവാതെയും വരുന്നത് അപഹാസ്യമാണ്. അതുകൊണ്ടാണ് ആദ്യ ഡോസുകൾ ലഭിക്കേണ്ടത് ആരോഗ്യ പ്രവർത്തകർക്കും, മറ്റു രോഗങ്ങളാൽ അപകട സാധ്യത കൂടിയവർക്കും , ശേഷം രോഗ വ്യാപന സാധ്യതയേറിയ സ്ഥലങ്ങളിൽ വസിക്കുന്നവർക്കും ഏറ്റവുമൊടുവിൽ മറ്റുള്ളവർക്കും എന്ന ക്രമം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. അതാണ് ഫലപ്രദവും നീതിപൂർവവുമായ രീതി.

COVID-19 വാക്‌സിൻ ആദ്യ ഡോസുകൾ ആദ്യം ലഭിക്കേണ്ടത് ദേശഭേദമില്ലാതെ ഏറ്റവും അത്യാവശ്യക്കാർക്കാണെങ്കിലും അങ്ങിനെയല്ല സംഭവിക്കാൻ പോകുന്നത് എന്ന ആശങ്കയാണ് ഈ കുറിപ്പിനു പ്രേരകമായിട്ടുള്ളത്.

ഡിസംബർ 7, 2020 കണക്കനുസരിച്ചു ലോകത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 60.7 മില്യൺ കടന്നിരിക്കുന്നു; 1.4 മില്യൺ മരണങ്ങൾ. അമേരിക്കയിൽ മാത്രം 14.9 മില്യൺ രോഗബാധിതർ; മരണം 2.83 മില്യൺ. വാക്‌സിൻ തയ്യാറാവുന്നത് ആശ്വാസമെങ്കിലും, ലോകത്താകമാനം വ്യാപനം നിയന്ത്രണത്തിലാവുകയും (വൈറസ് നിയന്ത്രണാതീതമായി വ്യാപിക്കുന്ന ഒരു സമൂഹത്തിൽ വാക്‌സിനേഷൻ വേണ്ടത്ര പ്രയോജനം ചെയ്യില്ല എന്ന് വിദഗ്ദ്ധർ ചൂണ്ടി കാണിക്കുന്നു) വാക്‌സിനേഷൻ എന്ന പ്രക്രിയ ഫലപ്രദമായി നടപ്പിലാവുകായും ചെയ്യുമ്പോൾ മാത്രമേ ലോക സാമ്പത്തിക വ്യവസ്ഥക്കുമേൽ ഈ മഹാമാരിയേൽപ്പിച്ച ആഘാതത്തിൽ നിന്നും ലോകസമൂഹം രക്ഷപെടാൻ തുടങ്ങി എന്ന് പറയാനാവൂ.

രാജ്യങ്ങളെ പ്രത്യേകമായെടുക്കുമ്പോൾ, മേൽപ്പറഞ്ഞ തരത്തിലുള്ള വിതരണം ഏറെക്കുറെ സാധ്യമാവുമെങ്കിലും ലോകസമൂഹത്തെ ഒന്നായി കാണുമ്പോഴാണ് വൈറസ് ദേശീയത ഒരു പ്രശ്നമാവുന്നത്. അതിരുകൾക്കുള്ളിൽ പൊതുവായി പങ്കുവെക്കപ്പെടുന്ന പ്രത്യേകതകളിലൂന്നിയാണ് ദേശീയതാബോധം നിർമ്മിക്കപ്പെടുന്നത്. സംസ്കാരം, ഭൂപ്രദേശത്തിന്റെ സവിശേഷതകൾ, മതം, ഭാഷ എന്നിവയൊക്കെ ദേശീയതാ ബോധത്തിനാധാരാമാവാമെന്നു നമുക്കറിയാം. ഇന്ന് കൊറോണ വൈറസ് എന്ന രോഗാണുവാണ് ദേശീയ താല്പര്യങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന ചാലക ശക്തി. ഇതുമൂലം പ്രശ്നത്തിലായേക്കാ വുന്നതു സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളും പ്രശ്‌നമുണ്ടാക്കിയേക്കാവുന്നത് സാമ്പത്തികമായും സാങ്കേതികമായും മുൻപന്തിയിൽ നിൽക്കുന്ന രാഷ്ട്രങ്ങളുടെ അന്ധമായ വൈറസ് ദേശീയതാ താല്പര്യങ്ങളുമാണ്.

വൈറസ് ദേശീയതയുടെ ഉദാഹരണങ്ങൾ

ആസ്‌ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടൻ , ജപ്പാൻ , യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാഷ്ട്രങ്ങൾ അവരുടെ പൗരന്മാർക്ക് വേണ്ട വാക്‌സിൻ ഡോസുകൾക്കായി ഉത്പാദകരായ കമ്പനികളുമായി നേരിട്ടു കരാറിൽ ഏർപ്പെട്ടുണ്ട്. ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക ചുമതല അവിടുത്തെ പൗരന്മാർക്ക് സുരക്ഷാ ഉറപ്പു വരുത്തുക എന്നിരിക്കെ ഇത് ഒരു പരിധിവരെ ന്യായീകരിക്കപ്പെടാവുന്നതാണ്. എന്നാൽ ഇവിടെ ഉയരുന്ന നൈതിക പ്രശ്നം ഇത്തരം മുൻ‌കൂർ ഓർഡറുകൾ കാരണം ഒരു ദരിദ്ര രാഷ്ട്രത്തിലെ ആരോഗ്യപ്രവർത്തകനു വാക്‌സിൻ ലഭ്യമല്ലാതെ വന്നേക്കാം എന്നതാണ്.

സനോഫി S.A എന്ന ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി, തുടക്കത്തിൽ U.S. Biomedical Advanced Research and Development Authority (BARDA) യുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ അവർ വികസിപ്പിച്ചെടുക്കുന്ന വാക്‌സിൻ ആവശ്യത്തിന് മുൻ‌കൂർ ഓർഡർ ചെയ്യാനുള്ള അവകാശം അമേരിക്കക്കു ലഭിക്കുകയും പിന്നീട് യൂറോപ്യൻ യൂണിയന്റെ പ്രതിഷേധം കാരണം കമ്പനി ആ കരാർ പിന് വലിക്കുകയും ചെയ്തു.

ലോകാരോഗ്യ സംഘടനയുടെ സംരംഭങ്ങളിൽനിന്നു വിട്ടുനിന്ന അമേരിക്ക, രാജ്യത്തിനാവശ്യമായ 300 മില്യൺ ഡോസുകൾ 2021 ജനുവരിയോടെ ഫലപ്രദവും സുരക്ഷിതമായും ലഭ്യമാക്കാനായി ഓപ്പറേഷൻ വാർപ് സ്പീഡ് (OWS) എന്ന പ്രോഗ്രാം 2020 ഫെബ്രുവരിയിൽ തന്നെ ആസൂത്രണം ചെയ്തു പ്രവർത്തനം തുടങ്ങിയിരുന്നു. പ്രതിരോധ വകുപ്പും HHS (Department of health and human services) ന്റെ വിവിധ ഘടകങ്ങളായ CDC (Center for Decease Control and Prevention), NIH (National Institute of Health) BARDA (Biomedical Advanced Research and Development Authority) എന്നിവയും ചേർന്നുള്ള സംയുക്ത സംരംഭമാണിത്.

ഡിസംബർ പകുതിയോടെ അമേരിക്കയിൽ കൊറോണ വാക്‌സിൻ വിതരണം ആരംഭിച്ചേക്കും. ഫൈസർ (Pfizer). മോഡേന (Moderna) എന്നീ കമ്പനികൾ അവരുടെ വാക്‌സിനുകൾക്കു വേണ്ട അംഗീകാരം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (FDA) നിന്നും ലഭിക്കുവാനായി കാത്തിരിക്കുന്നു. ഈ വാക്‌സിനുകൾ പാർശ്വഫലങ്ങളില്ലാതെ 95 ശതമാനത്തോളം ഫലപ്രദമാണെന്ന് ഇതുവരെ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ അവർ അവകാശപ്പെടുന്നു. ആസ്ട്രാ സെനെക്ക ( AstraZeneca) എന്ന കമ്പനിയും വാക്‌സിൻ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്. എന്നാൽ ഇത് അമേരിക്കയുടെ മാത്രം പരിഹാരമാണ്; ഒരു ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും രോഗത്തോടും ജനത്തോ ടുമുള്ള അവഗണനയും മൂലം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശക്തിക്കു നേരിട്ട ദുര്യോഗമെങ്കിലും അമേരിക്കയിലെ സാധാരണ ജനത ഇത് ഏറ്റവും കൂടുതലായി അർഹിക്കുന്നുമുണ്ട്.
79 മില്യൺ ഡോളർ കരാർ പ്രകാരം 30 മില്യൺ ഡോസുകൾ ബ്രിട്ടനും അമേരിക്കയുടെ 1.2 ബില്യൺ ഡോളർ OWS പങ്കാളിത്തം കാരണം 300 മില്യൺ ഡോസുകൾ ആ രാജ്യത്തിനും നല്കാമെന്നു AstraZeneca നേരത്തെ തന്നെ സമ്മതിച്ചിരുന്നു.

ലോകത്തിലേക്കും വച്ചേറ്റവും വലിയ വാക്‌സിൻ ഉൽപ്പാദകരായ SI I (Serum Institute of India) യുടെ തലവൻ സ്വന്തം രാജ്യത്തെ ജനങ്ങൾക്ക്‌ കൊടുത്ത ശേഷം മാത്രമേ പുറത്തേക്കു നൽകൂ എന്നും പ്രസ്താവിച്ചിട്ടുണ്ട്.

അമേരിക്ക, ഇന്ത്യ, UK തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് തീർച്ചയായും ആശ്വാസാം പകരുന്നതാണ് അവരുടെ രാജ്യങ്ങളുടെ സമീപനങ്ങൾ. മഹാമാരികളെന്നല്ല ഏതു ദുരിതത്തിലും രാജ്യത്തെ ജനങ്ങൾ സുരക്ഷക്കും സംരക്ഷണത്തിനും ആശ്രയിക്കുന്നത് അവരുടെ ഗവണ്മെന്റുകളെയാണ്. പുറത്തു നിന്നും പരിഹാരം ഉണ്ടാകുന്ന വരെ കാത്തിരുന്നാൽ ജനം അക്ഷമരാവുന്നതും ഗവണ്മെന്റിനെതിരെ പ്രതിഷേധമുണ്ടാവുന്നതും സാധാരണയാണ്.

ദേശീയതയിലൂന്നിയ ഇത്തരം സമീപനങ്ങൾ മുന്പും ഉണ്ടായിട്ടുണ്ട് . 2009 ൽ 284,000 പേരുടെ മരണത്തിടയാക്കിയ പന്നിപ്പനി (Swine Flu) വാക്‌സിൻ, ഏഴു മാസങ്ങൾ കൊണ്ട് തയാറായെങ്കിലും സമ്പന്ന രാഷ്ട്രങ്ങൾ അവരുടെ സാമ്പത്തിക ശേഷി ഉപയോഗപ്പെടുത്തി കമ്പനികളിൽ നിന്നും ആവശ്യത്തിലേറെ ഡോസുകൾ നേരിട്ടു വാങ്ങിക്കൂട്ടുകയുണ്ടായി. പിന്നീട് രാജ്യത്തെ ജനം ഉപയോഗിച്ചു ബാക്കി വന്നപ്പോൾ മാത്രമാണ് മറ്റു രാഷ്ട്രങ്ങൾക്ക് വിൽക്കാൻ അവർ തയാറായത്. അമേരിക്ക പോലെയുള്ള രാജ്യങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്കു വാക്‌സിൻ ഡോസുകൾ സംഭാവന ചെയ്‌തെങ്കിലും ഉപയോഗം കഴിഞ്ഞു മിച്ചം വന്ന ഡോസുകളാണ് അങ്ങിനെ നൽകിയത്. രോഗവ്യാപന സാധ്യത കണക്കിലെടുക്കാതെ രാഷ്ട്രങ്ങളുടെ പണക്കൊഴുപ്പിനു വഴങ്ങിയാണ് H 1 N 1 വാക്‌സിൻ അന്നു വിതരണം ചെയ്യപ്പെട്ടത്.

ലാഭേച്ഛ മാത്രം നോക്കി, ഏറ്റവും കൂടുതൽ പണം നൽകുന്ന രാജ്യത്തിന് ആവശ്യം നോക്കാതെ വിൽക്കുന്ന ഒന്നാവരുത് വാക്‌സിനുകൾ. രോഗവ്യാപനം കുറക്കുവാനുതകുന്നതും ആഗോളതലത്തിൽ ഏറ്റവും ആവശ്യക്കാർക്കു ലഭ്യമാവുന്ന തരത്തിലുമായിരിക്കണം വാക്‌സിനുകളുടെ വിതരണം. അതായത്, സമീപനങ്ങളിൽ ഒരു സംതുലനം ആവശ്യമായിവരുന്നു. ഈ സംതുലനം പ്രവർത്തികമാകണമെങ്കിൽ വാക്‌സിൻ ഉൽപ്പാദകരായ കമ്പനികൾ മാനുഷികതയിലൂന്നിയ നീതിബോധം (Ethics ) പ്രാവർത്തികമാക്കേണ്ടതുണ്ട്. അതുപോലെ, ഇത്തരം ഘട്ടങ്ങളിൽ കേവല ദേശീയതക്കപ്പുറം ആഗോളതാല്പര്യങ്ങൾക്കു കൂടി പരിഗണന കൊടുക്കുന്നവരാവണം രാഷ്ട്ര തലവന്മാർ.

മഹാമാരികളുടെ സ്വഭാവവും ആഗോള സംഘടനകളുടെ ഇടപെടലും

ഒരു രോഗം പകരാത്തിടത്തോളം അത് പകർച്ചവ്യാധിയല്ല. ഒരു പകർച്ചവ്യാധി ഭൂമിപരമായ അതിരുകളെയും ദേശീയതയെയും അവഗണിച്ചു ഭൂഖണ്ഡങ്ങളിലേക്കു വ്യാപിക്കുമ്പോഴാണ് അത് മഹാമാരിയാവുക. ലോകസമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും ഏറ്റവും ചുരുങ്ങിയ സമയംകൊണ്ടു പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് മനുഷ്യൻ മഹാമാരികൾക്കു നേരെ തിരിയാനും അതിന്റെ വ്യാപനത്തിനു തടയിടാനും വിവിധ സംവിധാനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാനും ശ്രമിക്കുന്നതിനു പിന്നിലെ കാരണം . ലോകയുദ്ധങ്ങളിൽ രാജ്യങ്ങൾ പക്ഷം പിടിച്ചു പരസ്പരം പോരാടുമ്പോഴും ലോകസമാധാനവും സുരക്ഷയും നഷ്ടമാവുന്ന ഘട്ടത്തിലും ഇത്തരം ആഗോള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ യുദ്ധം മനുഷ്യനും അദൃശ്യമായ വൈറസും തമ്മിലാണെന്ന് മാത്രം; നഷ്ടമാവുന്നത് ആരോഗ്യവും സമ്പത്തും.

COVID-19 ഉൾപ്പെടെ ഏറ്റവും അവസാനമുണ്ടായ മഹാമാരികൾ പരിശോധിച്ചാൽ (COVID-19 (2019), Swine Flu (2009), SARS (2002), HIV/AIDS (1981))വൈറസ് ആക്രമണത്തിന്റെ ഇടവേള ചുരുങ്ങിവരുന്നത് കാണാം. പത്തുവര്ഷത്തിലൊരിക്കൽ ഒരാക്രണമം പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഈ ആക്രമണങ്ങൾ അതിരുകളെയോ ദേശീയതകളെയോ വകവെക്കുന്നില്ല. അക്കാരണം കൊണ്ട് തന്നെ ഇത്തരം മഹാമാരികൾ നേരിടാനും ഒഴിവാക്കാനും സാർവ്വ ദേശീയമായ സംവിധാനങ്ങളെ പ്രോ ത്സാഹിപ്പിക്കുകയും നിലനിറുത്തേണ്ടതിന്റെയും ആവശ്യകത വ്യക്തമാണ്.

മസൂരി രോഗം ലോകത്തു നിന്ന് നിർമാർജനം ചെയ്യപ്പെട്ടുവെങ്കിലും പോളിയോയും മീസിൽസും വാക്‌സിൻ ലഭ്യമെങ്കിലും പൂർണമായും നിർമാർജനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ, മുഴുവൻ ലോകജനതയും വാക്‌സിനേഷൻ പൂർത്തിയാക്കിയാലും കൊറോണ വൈറസിന്റെ പുതുമയും സ്വഭാവവും കാരണം വീണ്ടും പുതിയ സ്ട്രെയിനുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ലോകജനതയുടെ ആരോഗ്യം താല്പര്യമാക്കി 1948 -ൽ ജനീവ ആസ്ഥാനമായി സ്ഥാപിതമായ വേൾഡ് ഹെൽത്ത് ഓർഗനൈസഷനിൽ (WHO) ഇന്നു 150 രാജ്യങ്ങൾ അംഗങ്ങളാണ്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പ്രധാന പ്രഖ്യാപിത ലക്ഷ്യം മഹാമാരികളെ തടയുക, നേരിടുക എന്നതാണ്. മഹാമാരികളുടെ ചരിത്രം നോക്കിയാൽ ആദ്യകാലത്തു ബാക്ടീരിയ പുലർത്തിയ ആധിപത്യം അടുത്ത ദശകങ്ങളിൽ വൈറസ് പിടിച്ചെടുത്തതായി കാണാം. ആദ്യകാലത്തു രണ്ടു മഹാമാരികൾക്കിടയിലെ ഇടവേള വലുതായിരുന്നു, വർഷം രണ്ടായിരത്തോളം ജീവൻ അപഹരിച്ചിരുന്ന അന്റോണിയൻ ഫ്ലൂ AD 165 ൽ ഉണ്ടായി പതിനഞ്ചു വർഷത്തോളം അതു നിലനിന്നു. അതിനു ശേഷം AD 1347 ലാണ് യൂറോപ്പിലും ഏഷ്യയിലുമായി ഇരുപത്തിയഞ്ചു മില്യൺ ജീവൻ അപഹരിച്ച ബുബോണിക് പ്ലേഗ് (ബ്ലാക്ക് ഡെത്ത്) അരങ്ങേറ്റം നടത്തുന്നത്. ലോകമെമ്പാടുമായി 500 മില്യൺ ആൾക്കാരെ ബാധിക്കുകയും അമ്പതു മില്യനോളം ആളുകൾ മരിക്കുകയും ചെയ്ത 1918 ലെ സ്പാനിഷ് ഫ്ലൂ (influenza) വിലെക്കെത്തുമ്പോഴേക്കും മനുഷ്യനു നേരെയുള്ള യുദ്ധത്തിന്റെ പിന്നിൽ വൈറസ് എന്ന സൂക്ഷ്മാണുവായി മാറിക്കഴിഞ്ഞു. വൈറസ് സിദ്ധന്മാരാണ്. അവക്കു ഏതു തരം എതിർപ്പുകളെയും സ്വയം പരിവർത്തനം ചെയ്തു ചെറുത്തുനിൽക്കാനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് വാക്‌സിൻ ഉണ്ടായിട്ടും എല്ലാവർഷവും ആളുകൾ ഫ്ലൂ വാക്‌സിൻ എടുത്തിട്ടും ഇന്നും ഒളിച്ചും പതുങ്ങിയും പുതിയ രൂപത്തിലും ഭാവത്തിലും ഈ വൈറസ് മനുഷ്യനെ ഉപദ്രിവിച്ചുകൊണ്ടിരിക്കുന്നത് . 2019 -2020 വർഷം ഇതുവരെ ഏകദേശം ഇരുപതിനായിരത്തോളം ആളുകൾ അമേരിക്കയിൽ തന്നെ ഇതിനോടകം മരണരമടഞ്ഞു.

ഇവിടെയാണ് ലോകത്തു ഏറ്റവും കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ പോന്നതും (രാജ്യങ്ങളുടെ GDP ഇവിടെ ബാധകമാവരുത്)ഏറ്റവും വേഗത്തിൽ രോഗവ്യാപനം തടയുന്നതുമായ ഒരു വാക്‌സിനേഷൻ സ്ട്രാറ്റജി ഉണ്ടാകേണ്ടത്. വാക്‌സിൻ ഉണ്ടാവുകയെന്നതും ലോക ജനതയിൽ ആവശ്യം വേണ്ടവർക്ക് ആദ്യം തന്നെ വാക്‌സിനേഷൻ കിട്ടുക എന്നതും രണ്ടു പ്രക്രിയയാണ്.

GDP പരിഗണിക്കാതെ, ആവശ്യം മാത്രം മുൻനിറുത്തി ലോകജനതക്കു വേണ്ടി പ്രവർത്തിക്കാൻ, പ്രതിജ്ഞാബദ്ധമായ ഒരു ആഗോള സംഘടനക്കുമാത്രമേ മാത്രമേ കഴിയൂ. വാക്‌സിനേഷൻ പ്രക്രിയയിൽ നേരാവുന്ന ഏറ്റവും വലിയ വെല്ലിവിളി അതിലെ ആഗോള വിതരണ ശൃഖലക്കു നേരിടേണ്ടിവരുന്ന തടസങ്ങളാണ്.‌ അവിടെയാണ് ഇത്തരം സംഘടനകളുടെ പ്രസക്തിയേറുന്നത്.

ഈ ഒരു ലക്ഷ്യത്തോടെ ലോകാരോഗ്യസംഘടന മുൻകൈയെടുത്തു യൂറോപ്യൻ യൂണിയന്റെയും ഫ്രാൻസിന്റെയും സഹകരണത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് Access to COVID-19 Tools (ACT) Accelerator. ഫലപ്രദമായ വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതോടൊപ്പം, വേണ്ടത്ര ടെസ്റ്റുകളും ചികിത്സകളും ലഭ്യമാക്കുന്നതോടൊപ്പം, മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചു പൂർത്തിയായ വാക്‌സിൻ, ലോകത്താകമാനമുള്ളവരിൽ അർഹിക്കുന്നവർക്ക് വേണ്ട സമയത്തു എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്‌ഷ്യം.

വാക്‌സിൻ ഗവേഷണങ്ങൾക്കു GAVI (The Vaccine Alliance), Coalition for Epidemic Preparedness Innovations (CEPI), ലോകാരോഗ്യ സംഘടന എന്നിവയാണ് ACT-Accelerator ന്റെ വാക്‌സിൻ പ്രോഗ്രാമിനു നേതൃത്വം കൊടുക്കുന്നത്. പകർച്ചവ്യാധിയെ പ്രതിരോധിക്കാനും കീഴ്പ്പെടുത്താനുമായുണ്ടായിട്ടുള്ള ശ്രമങ്ങളിൽ, ചരിത്രത്തിൽ വച്ചേറ്റവും ബ്രഹത്തായ ഒന്നാണിത്. വിവിധ രാജ്യങ്ങളിലായി ഗവേഷണങ്ങളിലേർപ്പെട്ടിരിക്കുന്ന അക്കാഡെമിയ, ഗവർമെന്റുകൾ, പ്രൈവറ്റ് കമ്പനികൾ ഒക്കെ ഇതിൽ സഹകരിക്കുന്നുണ്ട്. 2 ബില്യൺ വാക്‌സിൻ ഡോസുകൾ 2021 അവസാനത്തോടെ നിർമിച്ചു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ യാണ് COVAX (Covid-19 Vaccines Global Access) എന്ന സംരംഭത്തിന് തുടക്കമായത് . ഒക്ടോബർമസ്സമാവുമ്പോഴേക്കും വിവിധ സാമ്പത്തിക നിലകളിലുള്ള 170-ൽ പരം രാജ്യങ്ങൾ ഈ സംരംഭത്തിന്റെ ഗുണഭോക്താക്കളാകാനും സഹകരിക്കാനും പ്രതിഞ്ജാ ബദ്ധരായപ്പോൾ അതിൽ നിന്നും വിട്ടുനിൽക്കുന്ന ഏറ്റവും പ്രധാന രാഷ്ട്രം അമേരിക്കയാണ്.

ലോകാരോഗ്യസംഘടന കൊറോണ വൈറസ് വിഷയത്തിൽ ചൈനാ പക്ഷം പിടിച്ചെന്നും അതു ലോകശ്രദ്ധയിൽ നിന്ന് മറച്ചുപിടിച്ചുവെന്നും ആരോപിച്ചാണ് ലോകാരോഗ്യസംഘടനക്കുള്ള ഫണ്ടിംഗ് പിൻവലിക്കുകയും അതിൽനിന്നും പുറത്തുപോരുകയും ചെയ്തത്. അതിന്റെ തുടർച്ചയായാണ് COVAX ൽ തങ്ങളുടെ സഹകരണം ഉണ്ടാവില്ല എന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കിയത്. സ്പെറ്റംബറിനൽ അത്തരം പ്രഖ്യാപനം ഉണ്ടായി കഴിഞ്ഞു ഒക്ടോബറായപ്പോഴേക്കും അതുവരെ COVAX ൽ നിന്ന് വിട്ടു നിന്ന ചൈന അതിനെ ഭാഗമായി. ഇന്ത്യ ഈ പ്രോഗ്രാമിൽ നിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് ഇതിന്റെ ഭാഗമായി.

യൂറോപ്യൻ യൂണിയനും, ബിൽ ആൻഡ് മെലിൻഡാ ഫൗണ്ടേഷനും , വെൽക്കം ട്രസ്റ്റും (Wellcome Trust) ചേർന്ന് 8 ബില്യൺ ഡോളർ, COVID-19 നെ നേരിടാനുള്ള വിവിധ സങ്കേതങ്ങൾ വികസിപ്പിച്ചെടുക്കാൻ രൂപീകൃതമായ Access to COVID-19 Tools (ACT) നു ഫണ്ടിംഗ് നൽകിയപ്പോൾ അമേരിക്കയും റഷ്യയും ഇന്ത്യയും പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു; 2020 ഏപ്രിൽ മേയ് മാസങ്ങളിലെ റിപ്പോർട്ടുകളുടെ വെളിച്ചത്തിലാണിത്.

CEPI പിന്തുണയോടെ വിതരണത്തിനു തയാറായിട്ടുള്ള ഒമ്പതോളം വാക്‌സിനുകളും കൂടാതെ ടെസ്റ്റ് ഫലങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന മറ്റു ഒൻപതു കമ്പനികളും ചേരുമ്പോൾ COVAX പ്രൊജെക്ടുകൾ ലോകത്തിലെ ഏറ്റവും വലിയ COVID-19 വാക്‌സിൻ portfolio ആവുന്നു. രോഗകാരണമായ Severe Acute Respiratory Syndrome Coronavirus 2 (SARS-CoV-2) നെ പ്രതിരോധിക്കാനായി നാൽപ്പതിലേറെ വാക്‌സിനുകൾ വികസനത്തിന്റെയും പരീക്ഷണത്തിന്റെയും വിവിധ ഘട്ടങ്ങളിലുണ്ട്; ഒൻപതെണ്ണമെങ്കിലും മനുഷ്യരിൽ പരീക്ഷിക്കേണ്ടുന്നതിന്റെ അവസാന ഘട്ടത്തിലും. ചിലതു തയാറായി അംഗീകാരങ്ങൾക്കായി കാത്തു നിൽക്കുന്നു. ചരിത്രത്തിലാദ്യമായാണ് ഇത്ര വേഗം ഒരു മഹാമാരിക്കെതിരെ വാക്‌സിൻ തയാറാവുന്നത്.

ആഗോള തലത്തിൽ COVAX പോലുള്ള സംരഭങ്ങൾ ഒരു തവണത്തേക്ക് മാത്രമുള്ളതവാതെ, മഹാമാരികൾ എന്ന പൊതു സ്വഭാവത്തോടെ തുടർ പദ്ധതിയായി നിലനിൽക്കേണ്ടത് ആവശ്യമാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു മഹാമാരികൾകിടയിലെ ഇടവേള കുറഞ്ഞു വരുന്നുവെന്നതും ഇത്തരം പ്രോഗ്രാമുകൾ തുടർന്ന് പോരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. അന്തർദേശീയമായി പകർച്ചവ്യാധി നിർമാർജന പ്രവർത്തനങ്ങളുടെ നടത്തിപ്പു ചുമതല ഇവർ വഹിക്കുമ്പോൾ ദേശീയ തലത്തിലുള്ള പ്രവർത്തനങ്ങൾ ഈ സംഘടനയുമായി ചേർന്നു പ്രവർത്തിക്കാവുന്നതാണ്. അപ്പോൾ രാജ്യ താൽപ്പര്യങ്ങളും അതേസമയം ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടും. യൂദ്ധങ്ങളിൽ ചേരിതിരിഞ്ഞു രാജ്യങ്ങൾ ഏറ്റുമുട്ടുമ്പോൾ മഹാമാരികൾ അദൃശ്യമായി പൊരുതുന്നത് മനുഷ്യ രാശിയോടാണ്. ഇവിടെ ശത്രു വൈറസ് ആണ് മനുഷ്യരല്ല.


മഹാമാരികളോട് കേവലം ദേശീയതയിലൂന്നിയ സമീപനം ആഗോള സമ്പദ്‌വ്യവസ്ഥയും ആരോഗ്യമേഖലയും നേരിടുന്ന പ്രതിസന്ധി കൂടുതൽ നീണ്ടുപോകാൻ കരണമാവുകയേ ഉള്ളു. ഇന്നു വാക്‌സിൻ വേണ്ടതു രോഗമുക്തിക്കു മാത്രമല്ല ലോക സാമ്പത്തികാവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാൻ കൂടി വേണ്ടിയാണ്. അതിനു എല്ലാ രാജ്യങ്ങളിലെയും അർഹതപ്പെട്ടവർക്ക് സമയോചിതമായി വാക്‌സിൻ ലഭ്യമാവേണ്ടതുണ്ട്. ആയതിനായി, മഹാമാരികൾക്കെതിരെ ആഗോളതലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും പ്രവർത്തനങ്ങൾക്കും തുടർച്ച ആവശ്യമാണ്. അങ്ങിനെ വിലപേശലുകൾക്കും രാജ്യങ്ങൾ തമ്മിലുള്ള വാതുവയ്പുകൾക്കുമപ്പുറത്തു മാനുഷികമായ തലത്തിൽ വാക്‌സിൻ വികസനവും വിതരണവും നടക്കുമെന്നു പ്രതീക്ഷിക്കാം.

അവലംബം: https://hbr.org/2020/05/the-danger-of-vaccine-nationalism, മറ്റു ശാസ്ത്ര സാമൂഹിക മാസികകൾ, റിപ്പോർട്ടുകൾ




Friday, July 31, 2020

ജെന്റിൽമെൻ

  അമേരിക്കയായാലും അന്റാർട്ടിക്കയായാലും തൊമ്മിച്ചനും വർക്കിക്കും അങ്ങനങ്ങ് മൂട് മറക്കാനൊക്കുമോ?

       ഈ മഹാനഗരത്തിൽ , അന്നമ്മക്കൊപ്പവും ഗ്രേസിക്കൊപ്പവും സസുഖം കഴിയുന്നുണ്ടെങ്കിലും അവർ ഇന്നും തനി കുട്ടനാട്ടുകാരാണ്. കായലും വയലും കള്ളും മീനും എല്ലാം ഇന്നും മനസ്സിൽ നിറഞ്ഞ ഓർമ്മകളാണ്. 

       നാട്ടിൽ രണ്ടുപേരും ഒരേ സ്കൂളിൽ പഠിച്ചവർ. ഒരേ തോൽവികൾ പങ്കിട്ടവർ . തോൽവികൾക്ക് പിന്നാലെ അവസാനം എത്തിയ വിജയം അപ്രതീക്ഷിതമായ കല്യാണമായിരുന്നു. എന്തിനധികം അതോടുകൂടി ഇരുവരും രക്ഷപ്പെട്ടു. തൊമ്മിച്ചൻ പോയി കുറെ കഴിഞ്ഞാണെങ്കിലും വർക്കിക്കും ഒരു നല്ല കല്യാണം കിട്ടി കൂട്ടുകാരനോടൊപ്പമെത്താൻ കഴിഞ്ഞു . കുട്ടികളില്ലെങ്കിലും അവർക്ക് മറ്റ് കാര്യങ്ങളിലെല്ലാം സന്തോഷമായിരുന്നു . അധികമൊന്നും ചെയ്യാനില്ല. അന്നമ്മയും ഗ്രേസിയും പറയുമായിരുന്നു വേണ്ട പണി ഞങ്ങള് ചെയ്യുന്നുണ്ടല്ലോ . ആർക്കുവേണ്ടിയാ അധികം പണം.

       തൊമ്മിച്ചനും വർക്കിയും ആ വാക്കുകൾ ദൈവവചനങ്ങളായി മനസ്സിലേറ്റി. കൂട്ടുകാരുടെ മുൻപില് ഒന്ന് പറയാൻ വേണ്ടി മാത്രം തൊമ്മി ച്ചന്‍ ഒരു പ്രിന്റിംഗ് പ്രസ്സിലും വർക്കി വർക്ക് ഷോപ്പിലും ജോലി ചെയ്തു . എന്നാൽ കുറച്ചൊരു പ്രസിദ്ധികൂടിയാകട്ടെ എന്ന് കരുതിയാണ് ഒരാൾ റിയൽ എസ്റ്റേറ്റ് ബിസിനസ്സും മറ്റെയാൾ ട്രാവൽ ഏജൻസിയും തുടങ്ങിയത് . ജീവിതം സുന്ദരവും സുരഭിലവുമായി തന്നെ മുന്നോട്ടുപോയി. 

       എല്ലാ അവധി ദിവസങ്ങളിലും പാർട്ടികൾ. അവധിയല്ലാത്ത ദിവസങ്ങളിൽ വളരെ റിലാക്സ് ആയ ജീവിതരീതി. വർഷത്തിൽ നാലുമാസത്തോളം കടുത്ത തണുപ്പാണ്. രണ്ടുപേർക്കും അത് സഹി ക്കാൻ വയ്യ . അപ്പോൾ വിന്റർ സ്പെഷ്യൽ ആയി ബാറിൽ കുറെയധികം മദ്യങ്ങൾ നിറയും . രാവിലെ പത്തുമണിക്കുതന്നെ വീട്ടിലെ ബാർ തുറക്കും . നാലെണ്ണം വിട്ടിട്ടു ഫുട്ട് പാത്തിലൂടെ നടക്കാൻ പ്രത്യേക രസമാണെന്ന് ഒരിക്കൽ അന്നമ്മയോട് തൊമ്മിച്ചൻ തുറന്നു പറഞ്ഞു . വേനൽക്കാലമായാൽ പിന്നെ പിക്നിക്കുകളുടേയും മറ്റ് അടിച്ചുപൊളി പരിപാടികളുടേയും സമയമാണ്.

       എന്നാൽ ഇതിനൊക്കെ പുറമെ പഴയ ബാല്യകാല സുഹൃത്തുക്കൾക്ക് അവരുടേതായ ഒരു ലോകമുണ്ടായിരൂന്നു . അവധി ദിവസമായാലും അല്ലങ്കിലും രണ്ടുപേരും ഫ്രീ ആകുന്ന സമയം അവർ എന്തെങ്കിലുമൊക്കെ പ്ലാൻ ചെയ്തിരുന്നു . ആരെയും ഉപദ്രവിക്കാത്ത തരികിടകൾ അവരുടെ സന്തോഷത്തിനായി മാത്രം ചെയ്തിരുന്നു. അങ്ങനെ ചെയ്യുന്നതൊന്നും തന്നെ ഭാര്യമാർ അറിഞ്ഞിരുന്നില്ല . അതിൽ രണ്ടുപേരും അഭിമാനം കൊള്ളുകയും അവരുടെ പരസ്പര വിശ്വാസം ശങ്കർസിമന്റുപോലെ ഉറച്ചതാവുകയും ചെയ്തു . 

       എല്ലാ വെള്ളിയാഴ്ചകളിലും ഭാര്യമാരെ നൈറ്റ് ഡ്യൂട്ടിക്ക് പ്രേരിപ്പിച്ചത് ശനിയും ഞായറും ഫ്രീയായിരിക്കാം എന്ന് പറഞ്ഞിട്ടായിരുന്നെങ്കിലും അതിന് പിന്നിലെ സ്ഥാപിത താല്പര്യം സ്റ്റേറ്റ് അതിർത്തിയിലുള്ള നൈറ്റ് ക്ലബ്ബില് പോയി വിലസ്സുക എന്നതായിരുന്നു . ഒരു കൂട്ടുകാരനൊപ്പം ആദ്യമായി അവിടെ പോയപ്പോൾ മുന്നിൽ തുറന്നു കിട്ടിയത് മറ്റൊരു ലോകമായിരുന്നു. ഭൂമിയിലൊരു സർഗ്ഗമുണ്ടെങ്കിൽ അതിവിടമാണ് അതിവിടമാണ് എന്ന് ഉറക്കെ വിളിച്ചു പറയാൻ അവിടിരിക്കുമ്പോൾ അവർക്കു തോന്നി. പിന്നെ എല്ലാ വെള്ളിയാഴ്ചകളിലും മുടങ്ങാതെ അവിടെയെത്താൻ ശ്രദ്ധിച്ചിരുന്നു .

       അങ്ങനെ വന്നതാണിപ്രാവശ്യവും. രാത്രി മണിയായിക്കാണും. ‘ജന്റിൽമെൻസ് ക്ലബ്’ എന്ന ബോർഡിനുതാഴെയുള്ള ഡോർ തുറന്ന് അവർ പുറത്തുവന്നു. വാതിൽ തുറക്കുന്നത് വിശാലമായ പാർക്കിംഗ് ലോട്ടിലേക്കാണ്. പുറത്തിറങ്ങി തൊമ്മിച്ചന്റെ കാറിനടുത്തേക്ക് നട ക്കുന്നതിന് ഇടയ്ക്ക് ഇരുവരും ഒന്നു നിന്നു . വർക്കി ജീൻസിന്റെ പോക്കറ്റിൽ നിന്നും രണ്ടു ദിനേശ് ബീഡിയെടുത്തു . ഒന്ന് മറ്റെയാൾക്ക് നീട്ടി . ചുണ്ടത്തുവെച്ച ബീഡിക്ക് ലൈറ്ററിൽനിന്നും തീ കൊളുത്തുമ്പോൾ നാട്ടിലെ ടാക്കീസിൽ നിന്നും സെക്കന്റ് ഷോ കഴിഞ്ഞിറങ്ങിയപോലായിരുന്നു. സെക്കന്റ് ഷോകളും ദിനേശ് ബീഡിയും അവർ ക്കെന്നും ഗ്രഹാതുരതയുടെ ഭാഗമായിരുന്നു.      ഒരോർമ്മ പുതുക്കൽ പോലെ രണ്ടുപേരും അവിടെ നിന്ന് ബിഡിവലിച്ചു . ഇടക്കിടക്ക് അകത്തു നടന്ന, ഓർത്താൽ ഇക്കിളിയുണ്ടാകുന്ന സംഭവങ്ങൾ രണ്ടുപേരും പറഞ്ഞ് ഊറി ചിരിച്ചു . ബീഡി താഴെയിട്ടു ചവിട്ടി അണച്ചശേഷം കാറിനടുത്തേക്ക് നടന്നു. 

       തൊമ്മിച്ചൻകാർ സ്റ്റാർട്ട് ചെയ്തപ്പോൾ വർക്കിച്ചൻ സ്റ്റീരിയോ ഓൺ ചെയ്തു .'ചാലക്കുടി ചന്തയ്ക്കു പോകു മ്പോൾ ചന്ദനച്ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ട് ഞാൻ' - എല്ലാ വെള്ളിയാഴ്ചകളിലും ക്ലബ്ബിൽ നിന്ന് തിരിച്ചുപോകുമ്പോൾ ഈ പാട്ടാണ് . വർക്കിച്ചൻ കുട്ടനാടൻ ഓർമ്മ പുതുക്കാനായി തോർത്തെടുത്ത് തലയിൽകെട്ടി സുഖമായി ഇരുപ്പുറപ്പിച്ചു.

        കാർ ഹൈവേയിലൂടെ ചീറിപ്പായുകയാണ്. നേരം വൈകിയത് കാരണം ഹൈവേയിൽ കുറച്ച് വാഹനങ്ങളെ ഓടുന്നുള്ളൂ . ഒരു മണിക്കുറോളം വണ്ടിയോടിച്ചു കഴിഞ്ഞപ്പോൾ അവർക്കിറങ്ങേണ്ട എക്സിറ്റ് കിട്ടി. ലോക്കൽ റോഡിൽ കുറെ ഓടിച്ചു ചെന്നപ്പോൾ പെട്ടെന്ന് കാറ് ഭാരമുള്ള എന്തിലോ ഇടിച്ചപോലെ. ഒപ്പം ഒരു സ്ത്രീയുടെ നിലവി ളിയും. തൊമ്മിച്ചൻ ബ്രേ ക്കിൽ ആഞ്ഞു ചവുട്ടി. വണ്ടി നിന്നു . ശബ്ദം കേട്ട് ഭയന്ന തൊമ്മിച്ചൻ രണ്ടു മിനിറ്റു കണ്ണടച്ചിരുന്നു. കണ്ണ് തുറന്നു നോക്കുമ്പോൾ വർക്കിച്ചൻ ഒന്നുമറിയാതെ കൂർക്കം വലിച്ചുറങ്ങുകയാണ്.

       'എടൊ..ഒന്നെണീക്ക്'

       വർക്കിച്ചനെ കുലുക്കി വിളിച്ചുണർത്തി . തെല്ലു നീരസത്തോടെ വർക്കിച്ചൻ ചോദിച്ചു:

       'ങാ എന്നാ പറ്റി? '

       'വണ്ടി ആരെയോ ഇടിച്ചെന്നാ തോന്നുന്നു. ഒന്നിറങ്ങി നോക്കാം. വാ .'

       ‘നിന്നോട് പലപ്പോളും പറഞ്ഞിട്ടുള്ളതാ. കള്ളടിച്ചു ലക്ക് കെട്ട് വണ്ടിയോടിക്കരുതെന്ന്. ഇപ്പം ഓരോന്നു വരുത്തിവെച്ചിട്ട്.'

       'അങ്ങനെയെങ്കിൽ അടുത്ത പ്രാവശ്യം മൂന്നാമതൊരാളെക്കൂടി കൊണ്ടു വരണം. നീ കാര്യം മനസ്സിലാക്ക് . സംഗതി സീരിയസ് ആണ്. വാ നമുക്കൊന്ന് നോക്കാം.'

       'പിന്നേ ഞനെങ്ങും വരുന്നില്ല. തന്നെയിറങ്ങി നോക്ക്'

       ‘യ്യോ ഇങ്ങനെയൊരവസരത്തില് നീയെന്നെ ഒറ്റക്കാക്കിയാലോ. പൊന്നു വർക്കിച്ചാ, എന്നോടൊപ്പം ഇറങ്ങ്. ഒരു ബലം താ'

       മടിച്ചാണെങ്കിലും തൊമ്മിച്ചനു കൂട്ടായി വർക്കിച്ചനും ഇറങ്ങി. തടിച്ചൊരു കറമ്പിപ്പെണ്ണിനെയാണ് വണ്ടിയിടിച്ചത്. വണ്ടിയുടെ മുൻ ഭാഗം കുറച്ചു തകർന്നെങ്കിലും അവർക്ക് കാര്യമായ പരിക്കുള്ളതായി കണ്ടി ല്ല . റോഡു കുറുകെ മുറിച്ചു കടക്കുന്നതിനിടയ്ക്ക് പറ്റിയതാണ് . കാലിനാണ് പരിക്ക് .

       'രാതി ഈ സമയത്ത്, എന്തോ അനാശാസ്യത്തിനു പോയിട്ടു വരുവാ,' വർക്കിച്ചൻ പറഞ്ഞു.

       'അത് പറഞ്ഞിട്ട് കാര്യമില്ല . ഇപ്പം എന്നാ ചെയ്യും?'

       'എന്നാ ചെയ്യാനാ. നീ ആ വണ്ടീടെ കീയിങ്ങുതാ! രാതി ഓരോന്നിറങ്ങി നടക്കും . മനുഷ്യന്റെ സമാധാനം കെടുത്താൻ ..'

       'എന്നാ വർക്കിച്ചാ ഈ പറേണെ. ഇത് നാടല്ല. ഹിറ്റ് ആൻഡ് റൺ കേസാ . അറിയില്ലെങ്കിൽ കേട്ടോ'

       'ഓ ... എന്നാ ഒരു കാര്യം ചെയ്യാം. നമുക്ക് 911 വിളിക്കാം. പോലീസ് വരട്ടെ . ഇവളുടെ രക്ഷയാണോ അതോ നമ്മുടെ രക്ഷയാണോ വലുത് എന്നാദ്യം തീരുമാനിക്ക് . അല്ലെങ്കിൽ നീ പറഞ്ഞപോലെ പോലിസിനെ വിളിക്കാം. എന്നിട്ട് അന്നമ്മയും ഗ്രേസിയും അറിയട്ടെ, നമ്മുടെ തരികിടകളെല്ലാം. പിന്നെ പായ്ക്ക് ചെയ്തു എങ്ങോട്ടു വിട്ടു എന്നാലോചിച്ചാമതി. കുറച്ചു ഭാഗ്യമുണ്ടെങ്കിൽ വീണ്ടും നാട്ടിലെ വയൽ വരമ്പത്തിരുന്നു സമയം കൊല്ലാം. പിന്നെ അതിന് പോലിസ് വിട്ടുകൊടുക്കുമോ എന്നറിയില്ല. നന്നായി പൂസായിട്ടുമുണ്ടല്ലോ,” വർക്കിച്ചൻ പരിഹാസത്തോടെ പറഞ്ഞുനിർത്തി .

       'ശ്ശോ..വെറുതെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതെ . ഒരു പോംവഴി പറ'


       'ആദ്യം ചത്തോ ഇല്ലയോ എന്ന് നോക്കാം'

       വർക്കിച്ചൻ അവളുടെ തലക്കടുത്തു കുത്തിയിരുന്നു. പിന്നാലെ തൊമ്മിച്ചനും. ഗ്രേസി പഠിപ്പിച്ച പ്രാഥമിക ശുശ്രൂഷയിൽ ഒരിനം ആദ്യമായി വർക്കിച്ചൻ പരീക്ഷിച്ചു. കുനിഞ്ഞിരുന്ന് അവളുടെ വലതുകൈ പിടിച്ചു പൾസ് പരിശോധിച്ചു. തൊമ്മിച്ചൻ ആകാംക്ഷയോടെ കാത്തിരുന്നു.

      'ചത്തിട്ടില്ല. ബോധം പോയിട്ടേ ഉള്ളൂ'

       വർക്കിച്ചൻ പറഞ്ഞു .

      'ഇനിയിപ്പം എന്നാ ചെയ്യും?'

      'ഇനി എല്ലാം പറയുന്നതുപോലെ ചെയ്താൽ മതി . ആ കീയിങ്ങു താ . ഭാഗ്യത്തിന് ഒരു കാറുപോലും ഈ വഴി വന്നില്ല ഇതുവരെ. ഇനി സമയം കളയാനില്ല. നമുക്കിവളെ താങ്ങിയെടുത്ത് കാറിൽ കിടത്താം . ബാക്കിയെല്ലാം പിന്നെ പറയാം.'

       തൊമ്മിച്ചൻ ഒന്നും പറഞ്ഞില്ല . തന്റെ കാറിന്റെ കീ വർക്കിച്ചനെ ഏല്പിച്ചു . എന്നിട്ട് ഇരുവരും കൂടി അവളെ താങ്ങിയെടുത്ത് കാറിന്റെ ബാക്ക് സീറ്റില് കിടത്തി. എടുത്തു പൊക്കുമ്പോൾ തൊമ്മിച്ചൻ മനസ്സിലോർത്തു - എന്തൊരു ഭാരം..അന്നമ്മേടെ മൂന്നിരട്ടി കാണും.

       ഇപ്രാവശ്യം വർക്കിച്ചൻ വണ്ടിയോടിച്ചുകൊണ്ട് കാര്യം പറഞ്ഞു:

       'അതേ ഇത് വെറും സിമ്പിള് കേസ് ആണ്. ഇവളെ നമുക്ക് വീട്ടിൽ കാണ്ടു പോകാം'

       തൊമ്മിച്ചൻ: 

       'അയ്യോ .. അതപകടമല്ലേ. ഇവള് അവിടെ കെടന്നെങ്ങാനും ചത്താല് ..'

       'ഒന്നുമില്ല . ചെറുതായൊന്നു തട്ടിയതെ ഉള്ളു'

       ഇത് പറയുമ്പോൾ ഒരു ഡോക്ടറുടെ ഭാവം വർക്കിച്ചന്റെ മുഖത്തുണ്ടായിരുന്നു.

       'നമുക്കിവളെ വീട്ടിൽ കൊണ്ടുപോയി സോഫയില് കിടത്താം എന്നിട്ട് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്ത് മുഖത്ത് തളിക്കാം. അതോടെ അവളുടെ ബോധം തെളിയും. പിന്നെ കരിമീനും കൂട്ടി തനി കേരള ഡിന്നർ. അത് കഴിഞ്ഞു മാത്രം നടന്നതെല്ലാം പറഞ്ഞു കേൾപ്പിക്കാം. അവൾക്കു മനസ്സിലാവും. എല്ലാ കൂട്ടത്തിലുമില്ലേ നല്ലയാൾക്കാർ ? ഒരുപക്ഷെ അതോടെ നമ്മൾ നല്ല സുഹൃത്തുക്കളാവുകയും ചെയ്യും.'

        പറഞ്ഞത് പലതും തൊമ്മിച്ചൻ കേട്ടില്ല. അയാൾ ഉറക്കത്തിന്റെയും മദ്യത്തിന്റെയും ഭയത്തിന്റെയും സ്വാധീനത്തിലാണ്. വണ്ടി വീടിനടുത്തെത്തിയപ്പോൾ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു . കാർ വെളിയിൽ പാർക്ക് ചെയ്തിട്ടു വർക്കി ഇറങ്ങി വീട് പതുക്കെ തുറന്നു. ചുറ്റും ഒന്നു കണ്ണോടിച്ചു. പരിസരം സുരക്ഷിതം എന്ന് ഉറപ്പു വരുത്തിയതിനുശേഷം തൊമ്മിച്ചനെ വിളിച്ചു. ഒരു സ്വപ്നത്തിലെന്നപോലെ അയാൾ വർക്കിച്ചൻ പറഞ്ഞതെല്ലാം അനുസരിച്ചു .

       ഇരുവരും ബാക്ക് സീറ്റില് കിടന്നിരുന്ന സ്ത്രീയെ താങ്ങിയെടുത്ത് ലിവിംഗ് റൂമിലെ സോഫയിൽ കൊണ്ടു കിടത്തി.

       'ഹോ രക്ഷപ്പെട്ടു. ഓരോന്ന് വരുത്തി വെച്ചിട്ട് ഇപ്പം ഞാനുള്ളതുകൊണ്ട് രക്ഷപ്പെട്ടു . കുറച്ചു വെള്ളം കൊണ്ടുവാ,’ വർക്കിച്ചൻ തൊമ്മിച്ചനോട് അല്പം അധികാരത്തോടെ ആവശ്യപ്പെട്ടു.

       തൊമ്മിച്ചൻ ഒന്നും പറഞ്ഞില്ല. അയാൾ എണീറ്റ് അടുക്കളയിലെ ഫ്രിഡ്ജിനു നേരെ നടന്നു.

       ഫ്രിഡ്ജ് തുറക്കുമ്പോഴാണ് മുകളിൽ തന്റെ ഫാമിലി ഫോട്ടോ ശ്രദ്ധയിൽ പെട്ടത്. ഫ്രിഡ്ജ് തുറന്ന് ഒരു വലിയ ബോട്ടിൽ വെള്ളവും രണ്ടു ഗ്ലാസ്സുകളും ഷിവാസ് റീഗലിന്റെ ബോട്ടിലുമായി വർക്കിച്ചനടുത്തെത്തി ചോദിച്ചു .

       'എടോ തന്റെ വീട്ടിലെങ്ങിനെ ഞങ്ങളുടെ ഫോട്ടോ വന്നു?'

       വർക്കിച്ചൻ ഒന്നും പറയാതെ രണ്ടു ഗ്ലാസ്സുകളിലായി ഓരോ ഡബിൾ ലാർജ് ഒഴിച്ചു.

       'അതേ..തന്റെ ബോധം കംപ്ലീറ്റ് പോയെന്നാ തോന്നുന്നെ. ഇത് തന്റെ വീടാന്നെ,'

ഗ്ലാസിൽ വെള്ളം ഒഴിക്കുന്നതിനിടെ വർക്കിച്ചൻ പറഞ്ഞു.

       കേട്ടപാടെ തൊമ്മിച്ചനു സ്വബോധം തിരിച്ചു കിട്ടിയതുപോ ലെ. ഇതിലെന്തോ എന്തോ പന്തികേട് ഉള്ളതുപോലെ തോന്നിയാവണം അയാൾ ചോദിച്ചു.


       'അതെ വർക്കിച്ചൻ വണ്ടിയോടിച്ചപ്പം തന്റെ വീട്ടിലേക്കായിരിക്കും എന്നല്ലേ ഞാൻ വിചാരിച്ചേ'

       'എന്നാലും കാർ തൊമ്മിച്ചന്റേതല്ലായോ ?'

       'ഇത് മഹാ ചതിയായിപ്പോയി’

       വർക്കിച്ചനാവട്ടെ വല്ലാത്ത ദേഷ്യം വന്നു . അയാൾ ഗ്ലാസ് കാലിയാക്കിക്കൊണ്ട് പറഞ്ഞു:

       'ഒരുമാതിരി കോപ്പിലെ വർത്തമാനം പറയരുത് . തന്റെ കൂടെ ഇറങ്ങി തിരിച്ച എന്നെ വേണം പറയാൻ. ഓരോ തൊന്തരവ് വരുത്തിവെച്ചിട്ട് അവളെയും കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് പോണം അല്ലേ?'

       'എന്നാലും. ഇത് ചതിയാണ്. താൻ എന്നെ ട്രാപ്പിൽ ആക്കാൻ ചെയ്തതാണിത്,’ തൊമ്മിച്ചനിതു പറഞ്ഞപ്പോൾ വർക്കിച്ചൻ പൊട്ടിത്തെറിച്ചു.

       'ദേ എന്റെ സ്വഭാവം മാറ്റരുത്. പോലീസിനെ വിളിച്ചു പറഞ്ഞു തന്നെ അക ത്താക്കിയിട്ട് എനിക്കെന്റെ വീട്ടിൽ പോവാനറിയാം. അവിടെ മിണ്ടാ തിരുന്നോ ”

       എന്തിനു പറയുന്നു . അവർ തമ്മിൽ വല്ലാത്ത വഴക്കായി. വഴക്ക് പുരോഗമിക്കുന്നതനുസരിച്ച് ഷിവാസ് റീഗല് തീർന്നുകൊണ്ടേയിരുന്നു.

       ഗ്രേസിയെ വെച്ചെന്താ പറഞ്ഞപ്പോഴാവണം വർക്കിച്ചൻ തൊമ്മിച്ചന്റെ കരണക്കുറ്റിക്ക് ആഞ്ഞടിച്ചു. താഴെ വീണ തൊമ്മിച്ചൻ, വർക്കിച്ചന്റെ കാലിൽ ശക്തിയായി പിടിച്ചു വലിച്ചു താഴെയിട്ടു. പിന്നെ നിലത്തു പൊരിഞ്ഞ പോരാട്ടം. രണ്ടു കൊച്ചു കുട്ടികളെപ്പോലെ അവർ നിലത്തു കിടന്നു മല്ലിട്ടു . 

       ഇതൊന്നുമറിയാതെ കറമ്പിപ്പെണ്ണ് സോഫയിൽ മുഖത്ത് തണുത്ത വെള്ളം വീഴുന്നതും കാത്ത് കിടന്നു.

       പെട്ടെന്നാണത് സംഭവിച്ചത് . പുറത്ത് കയറിയിരുന്ന് ശ്വാസംമുട്ടിക്കാൻ ശ്രമിച്ച വർക്കിച്ചന്റെ തലപിടിച്ച്, തൊമ്മിച്ചൻ ആത്മരക്ഷാർത്ഥം ചുവരിലേക്കിടിച്ചു . തന്റെ തല വേൾഡ് ട്രേഡ് സെന്റർ തകർന്നപോലെ തകരുന്നതായി വർക്കിച്ചനുതോന്നി. അയാൾ പ്രയാസപ്പെട്ടെണീറ്റ് കൈയിൽ കിട്ടിയ ഭാരമുള്ള ടേബിൾ ലാമ്പടുത്ത് തൊമ്മിച്ചന്റെ തലനോക്കി ഒറ്റയടി.

       നിലത്ത് പടർന്നിറങ്ങിയ ചോരകണ്ട് വർക്കിച്ചന്റെ സ്വബോധമുണർന്നു. അയാൾ ചിന്തിച്ചു.

       'എന്താണ് സംഭവിച്ചത്? കർത്താവേ..ഇനിയെന്നാചെയ്യും? പ്രിയപ്പെട്ട കൂട്ടുകാരനെ..അയാളുടെ വീട്ടിൽ വച്ച്.. ഹൊ..ഓർക്കാൻ വയ്യ.'

       പെട്ടെന്നാണ് കൈളിലേയും വസ്ത്രങ്ങളിലേയും ചോര ശ്രദ്ധയിൽപ്പെട്ടത്. അയാൾ ഷർട്ടും പാന്റും ഊരിമാറ്റി. എണീറ്റ് നടന്ന് വാഷ്ബേസിനടുത്ത് ചെന്നു. കൈയ്യും മുഖവും കഴുകി ചോര കളഞ്ഞശേഷം, മുന്നിലെ കണ്ണാടി നോക്കുമ്പോൾ കാളിംഗ് ബെല്ലടിക്കുന്ന ശബ്ദം.

       ആരായിരിക്കും. അതോ തോന്നിയതോ? കർത്താവേ..പോലീസ് ആവുമോ? പിടിക്കപ്പെട്ടാൽ ഒരുപക്ഷെ എല്ലാ കുറ്റങ്ങളും തന്റേതാകും. വേണ്ട. ഒരിക്കലും പിടികൊടുക്കരുത്.

        വീണ്ടും ആരോ കാളിംഗ് ബല്ലടിക്കുന്ന ശബ്ദം. ഇനിയൊരുപക്ഷേ, അന്നമ്മയാവുമോ? ആലോചിക്കാൻ കൂടി വയ്യ . തൊമ്മിച്ചൻ പറഞ്ഞിട്ട് അന്നമ്മ കാരണമല്ലേ താനിവിടെ എത്തിയതുതന്നെ. ആ മുഖത്തങ്ങനെ നോക്കും. എന്തൊരു പാപിയാണു താൻ.

       അയാൾ പെട്ടെന്ന് ലിവിംഗ് റൂമിൽ തിരിച്ചെത്തി. ഷർട്ടും പാന്റും ഒരു പ്ലാസ്റ്റിക് ബാഗിലാക്കി. താഴെകിടന്നിരുന്ന കാറിന്റെ താക്കോൽ കൈക്കലാക്കി പിൻവശത്തെ വാതിൽ ലക്ഷ്യമാക്കി നടന്നു.


ഹോസ്റ്റൽ

പിന്നിലത്തെ സീറ്റിൽ ചാരിക്കിടന്നുകൊണ്ട് പുറത്തെ കാഴ്ചകൾ കാണാൻ രസമുണ്ട്. മുഴുവൻ റബ്ബർ മരങ്ങളാണ്. കുന്നിനെ ചുറ്റിവരിയുന്ന റോഡിലൂടെ, കാർ മുകളിലേക്ക് പോവുമ്പോൾ ഡ്രൈവറോട് ചോദിച്ചു.

'ഇനിം എത്ര സമയമെടുക്കും?'

' ഏറിയാൽ ഒരു പതിനഞ്ചുമിനിറ്റ്.' അയാൾ പറഞ്ഞു.

സീറ്റിൽ ഒപ്പമുണ്ടായിരുന്ന മോനെയൊന്നു നോക്കി. അവനൊന്നും കാണണ്ട . ഒന്നിനോടും താല്പര്യവുമില്ല. ഐപാഡു നോക്കി അതിലെ കാഴ്ചകൾ കണ്ടു സീറ്റിൽ ചാരിക്കിടക്കുകയാണ്, കണ്ണുമടച്ചു.

രണ്ടാഴ്ചത്തെ അവധിയെടുത്ത് നാട്ടിൽ വന്നതാണ്. മോനോടൊപ്പം. അവന്റെ എഞ്ചിനിയറിംഗ് കോളേജ് അഡ്മിഷൻ ഫോർമാലിറ്റികളെല്ലാം തീർത്ത് ഹോസ്റ്റലിലുമാക്കിയിട്ട് തിരിച്ചുപോകണം. പിന്നെ ആറുമാസം കൂടുമ്പോളൊരിക്കൽ വന്നു കാണും. അവനു താല്പര്യ മുണ്ടായിട്ടല്ല . അവനിവിടെ പഠിക്കന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. അവനെയും കൂടിയെനിക്ക് നഷ്ടപ്പെടാൻ വയ്യ. ജീവിതത്തിന്റെ ബാക്കിപത്രമാണവൻ. ഭർത്താവും മോളും അവർക്കു തോന്നിയ വഴിയേ പോയി. എന്നെക്കുറിച്ചാരും ഓർത്തില്ല . അല്ലെങ്കിലും എന്റെ ജീവിതം അങ്ങിനെതന്നെയായിരുന്നല്ലോ. മറ്റാർക്കൊക്കെയോ വേണ്ടി മാത്രം ജീവിച്ചവൾ .

കുടുംബത്തെ രക്ഷപ്പെടുത്താൻ നേഴ്സായി. ഡൽഹിയിൽനിന്ന് അമേരിക്കയിലെത്തി. മറുനാടൻ നഴ്സിനെ കെട്ടിയാൽ രക്ഷപ്പെട്ടു എന്ന ചിന്തയോടെ മാത്രം വന്നയാളെ വിവാഹവും കഴിച്ചു . അയാളുടെ ഉദ്ദേശം മനസ്സിലാക്കുന്നതിൽ എനിക്കാണ് തെറ്റു പറ്റിയത്. അല്ലെങ്കിൽ തന്നെ മറ്റാരെയെങ്കിലും കുറ്റപ്പെടുത്തിയിട്ടെന്തു കാര്യം. ഏതായാലും എനിക്കെന്റെ ജീവിതം നഷ്ടപ്പെട്ടെങ്കിലും കൂടെയുണ്ടായിരുന്നവർക്കെല്ലാം അവർക്കിഷ്ടപ്പെട്ട ജീവിതങ്ങളുണ്ടായി. ആദ്യത്തെ ഒരു പത്തു വർഷത്തെ സമ്പാദ്യം കുടുംബത്തെ നന്നാക്കാനായി നാട്ടിലേക്കയച്ചു . ഇപ്പോൾ നാട്ടിൽ വന്നിട്ട് താമസിക്കാൻ പോലും തനിക്കൊരിടമില്ല. സ്വന്തം സഹോദരൻ നാട്ടിലുണ്ടായിട്ടുപോലും ഒടുവിൽ ഫ്ളാറ്റ് വാടകക്കെടുക്കേണ്ടിവന്നു. അല്ലെങ്കിൽ അവരെന്തിനിനി എന്റെ കാര്യത്തിൽ താല്പര്യം കാണിക്കണം? അവർക്കാർക്കും ഇനി എന്നിൽ നിന്നൊന്നും കിട്ടാനില്ല. അതുതന്നെ കാര്യം . ഇനി കൊടു ക്കാനും എന്റെ കൈയ്യിലൊന്നുമില്ല .
ഇനിയുള്ളത് ഇവൻ മാത്രമാണ്. എന്റെ ജോഷ്. ഇവനെങ്കിലും ഈ മമ്മിയെ വിട്ടുപോകരുത് . സാരിത്തുമ്പുകൊണ്ട് കണ്ണുതുടച്ചു . അല്ലാ എന്തിനാണിപ്പൊ ഇതെല്ലാം ഓർക്കുന്നത്. പോയതുപോട്ടെ..

'മേഡം .... കോളേജെത്തി'

ഡ്രൈവർ കാറ് പോർട്ടിക്കോയിൽ നിറുത്തിയിട്ടു പറഞ്ഞു

'ഇവിടെ ഇറങ്ങിക്കൊള്ളു. ഞാൻ അങ്ങോട്ട് മാറ്റി പാർക്ക് ചെയ്യാം. ഫോൺ നമ്പരുണ്ടല്ലോ. പോകാൻ നേരം വിളിച്ചാൽ മതി '

'മോനേ ജോഷ് കം ” ഞാൻ അവനെ കോടി പുറത്തിറങ്ങി.

മൂന്നാം നിലയിലുള്ള കോളേജ് ഓഫീസിലേക്കുള്ള പടികൾ കയറി. ഓഫീസിലെ എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞശേഷമാണ് പ്രിൻസിപ്പലുമായുള്ള മീറ്റിംഗ്. ഹാഫ് ഡോർ തുറന്ന് അകത്തു കയറി. പിറകേ ജോഷും. മുന്നിലിരുന്ന ഫയലിൽ എന്തോ കുറിച്ചിട്ട് മുഖമുയർത്തി നോക്കുമ്പോഴാണ് പ്രിൻസിപ്പൽ ഡോ.രവീന്ദ്രന്റെ മുഖം ആദ്യമായി കണ്ടത്. സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല. ഇത് രവിയല്ലേ. പഴയ കോളേജ് മേറ്റ് . എന്തൊക്കെയോ ഓർമകൾ നിയന്ത്രണമില്ലാതെ മനസിലേക്കിരമ്പി കയറുന്നു. എന്തൊരു കൂടിക്കാഴ്ചയാണിത്. തികച്ചും അവിചാ രിതം. ഈ മുഖം കാണുമ്പോൾ പിന്നിട്ടത് ഒത്തിരി വർഷങ്ങളായിരുന്നു എന്നോർമ്മ വരുന്നു . കുറെയധികം നരച്ചിട്ടുണ്ട്. താടിയും കണ്ണാ ടിയുംകൂടിയായപ്പോൾ ആകെ മാറിയതുപോലെ. എന്തൊരു കൂടിക്കാഴ്ചയാണിത്. എന്തായാലും ഒറ്റനോട്ടത്തിൽ തന്നെ പരസ്പരം മനസ്സിലായല്ലോ. ദൈവത്തിനു നന്ദി .

'സാറാ..വല്ലാത്ത സർപ്രൈസ് ആണു കേട്ടോ..ഒട്ടും പ്രതീക്ഷിച്ചില്ല'

എന്തുപറയണമെന്നറിയാതെ അമ്പരന്നുനിന്ന തന്നോട് കാഷ്വലായാണ് രവിയതു പറഞ്ഞത് . മനസ്സ്നിറയുന്നു . കണ്ണീരോടെ ഒന്നു പുഞ്ചിരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.

'മോന്റെ പേര്? '

മോനെ നോക്കി രവി ചോദിച്ചു.

'ഇവൻ ജോഷ്'

'അമ്മയെക്കാളും പൊക്കം വച്ചല്ലോ. ഇരിക്ക് രണ്ടുപേരും.'

മുന്നിലെ കസേര ചൂണ്ടിക്കാട്ടി രവി പറഞ്ഞു . ഞങ്ങൾ ഇരുന്നു. രവിക്ക് ജോഷിനോട് പലതും ചോദിക്കാനുണ്ടായിരുന്നു. അവനാവട്ടെ ഒട്ടും താല്പര്യമില്ലാതെയും, പലപ്പോഴും മുഖത്തു നോക്കാതെയും മറുപടി പറഞ്ഞു. വളരെ ചുരുക്കി. വളരെഫ്രീയായാണ് രവി സംസാരിച്ചിരുന്നത്.

ഇടക്ക് പെട്ടെന്നെന്തോ ഓർത്തപോലെ ഞാൻ ചോദിച്ചു.

' രവിയുടെ കുടുംബം?'

അതിനു മറുപടി വെറുതെ ഒരു ചിരിയായിരുന്നു. വീണ്ടും ചോദിച്ചപ്പോൾ പറഞ്ഞു .

'ഒരിക്കൽ കല്യാണം വേണമെന്ന് തോന്നിയിരുന്നു. അറിയാമല്ലോ അന്നത് നടന്നില്ല. പിന്നെ , കുറെക്കാലം പഠനവും യാത്രയുമൊക്കയായങ്ങു പോയി. പിന്നൊരിക്കലും അതേപ്പറ്റി ചിന്തിച്ചിട്ടില്ല. ബട്ട് ഐ ഹാവ് നോ കംപ്ലൈൻസ് ..പരാതികളില്ല. ഹാപ്പി'

മനസ്സിൽ ഓർമകളുടെ വേലിയേറ്റം. കണ്ണുകൾ നനയുന്നത് രവിയുടെ ശ്രദ്ധയിൽപെടാതിരിക്കാൻ നന്നെ പാടുപെട്ടു. തന്റെ കാര്യം എന്തെങ്കിലും ചോദിക്കുന്നതിനുമുമ്പ് പ്യൂൺ കയറിവന്ന്, അടുത്ത അപ്പോയിന്റ്മെന്റിനെക്കുറിച്ച് ഓർമ്മിപ്പിച്ചു. നന്നായി ഇവിടെവച്ചോന്നും പറയണ്ട. യാത്രപറഞ്ഞിറങ്ങുമ്പോൾ പരസ്പരം ഫോൺ നമ്പർ കൈമാറാൻ മറന്നില്ല.

'വിളിക്കാം' ഞാൻ പറഞ്ഞു.

വാടകക്കെടുത്ത ഫ്ളാറ്റിൽ ഉറക്കം വരാതെ ഓരോന്നോർത്തു കിടന്നു. പിന്നെ വിളിക്കാമെന്നു പറഞ്ഞെങ്കിലും വിളിച്ചില്ല.

ക്ലാസ്സ് പരീക്ഷയിൽ നാട്ടിലേറ്റവും ഉയർന്ന മാർക്കു വാങ്ങിയ കുട്ടിയെന്നും പറഞ്ഞാണ് മമ്മി കോളേജ് അഡ്മിഷൻവേളയിൽ രവിയെ പരിചയപ്പെടുത്തിയത്. ബെൽബോട്ടും പാന്റും വലിയ കോളറുള്ള ഹാഫ് കൈ ഷർട്ടുമിട്ടു നേർത്ത വരയൻ മീശക്കാരനായാണ് രവിയെ ആദ്യം കാണുന്നത്. ഒരു പാവം ചെക്കൻ. പിന്നെ രണ്ടു വർഷം ഒരേ കോളേ ജിൽ. ഒരേ ബസ്സിൽ പോക്കും വരവും, ഒന്നോർക്കുമ്പോൾ ജീവിത ത്തിൽ ഏറ്റവും സന്തോഷിച്ച് രണ്ടുവർഷങ്ങൾ.

പിന്നെ രണ്ടുപേരും രണ്ടുവഴിക്ക് പിരിഞ്ഞ് പഠനം തുടർന്നെങ്കിലും പരസ്പരബന്ധം മുറി യാതെ തന്നെ നിന്നു . രവിക്ക് എന്നോട് ഇഷ്ടമായിരുന്നു . സ്നേഹമാണെന്നുതന്നെ പറഞ്ഞിട്ടുമുണ്ടായിരുന്നല്ലോ. പക്ഷെ..എന്തൊക്കെയാണ് താൻ ആലോചിച്ചു കൂട്ടുന്നത് , വെറുതെ. ഓർമ്മകൾ ഓർമ്മകളായിതന്നെ നില്ക്കട്ടെ.

ഒന്നു മയങ്ങാൻ തുടങ്ങിയപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. പ്രതിക്ഷ തെറ്റിയില്ല.

'വിളിക്കാം . എന്നു പറഞ്ഞിട്ട് വിളിച്ചതേയില്ല? എന്തു പറ്റി?'

ശരിയാണ് . വിളിക്കാമെന്നു പറഞ്ഞ് പിരിഞ്ഞിട്ട് ഇത് അഞ്ചാംദിവസമാണ് .

'ഏയ് ഒന്നുമില്ല. പതുക്കെയാവാം എന്നു കരുതി . അത്രമാത്രം.'

പല കാര്യങ്ങളും സംസാരിച്ചു . ഏറെയും വ്യക്തിപരമല്ലാത്തവ തന്നെ . ഇടക്ക് ജോഷിന്റെ കോളേജു പഠനം തുടങ്ങുന്നതിനുമുമ്പ് ഓറിയന്റേഷനുവേണ്ടി ഒരു ടിച്ചറെ നോക്കുന്നതായി പറഞ്ഞപ്പോൾ രവിയുടെ മറുപടി എന്നിൽ കൗതുകമുണർത്തി.

'ഒരാഴ്ച അവനെ എന്റെ വീട്ടിൽ വിടുന്നതിൽ വിരോധമുണ്ടാ?'

ഞാൻ സംശയത്തോടെ പറഞ്ഞു

'അതൊക്കെ രവിക്ക് ...' 

മുഴുമിപ്പിക്കുന്നതിനുമമ്പ് രവി പറഞ്ഞു.

'സാറ അവന്റെ കൈയ്യിൽ ഫോൺകൊടുക്ക് .'

'മോനെ, പ്രിൻസിപ്പലങ്കിൾ വാൺഡ് ടു ടാക്ക് റ്റു യൂ'

ഞാൻ ജോഷിനെ വിളിച്ചു. ഫോണുംകൊണ്ട് അവന്റെ മുറിയിൽ ചെന്നു. അവനൊട്ടും താല്പര്യമില്ലായിരുന്നു. എന്നാലും അവസാനം സംസാരിക്കാൻ തയ്യാറായി. ഫോൺ അവനുകൊടുത്തിട്ട് ഞാൻ അടുക്കളയി ലേക്കുപോയി. അവർ എത്രനേരം സംസാരിച്ചെന്നറിയില്ല.

പക്ഷെ ഫോൺ സംസാരം കഴിഞ്ഞത്തി അവൻ പറഞ്ഞു .

'ഹി സെഡ് ഹി ഈസ് ഗോയിംഗ് ടു സെൻഡ് ഹിസ് കാർ.ഇൻ ദി മോർണിംഗ്..മേ ബി ഐ കാൻ ഗോ വിത്ത് ഹിം .. ”

ഞെട്ടിപ്പോയി. രാവിലെ രവിയോടൊപ്പം പോവാൻ അവനു സമ്മതമത്രെ. അവനിവിടെ വന്നതു മുതല് മൂഡിയാണ്. ആരോടും സംസാരിക്കണ്ട. കാണണ്ട . ഇന്നെന്തു പറ്റി?

പിറ്റേന്നു രാവിലെ കാറെത്തി . രാത്രി ഡിന്നറും കഴിഞ്ഞാണവൻ തിരിച്ചെത്തിയത്. എന്തു ചെയ്തു എന്ന ചോദ്യത്തിന് വെറുതെ കടപ്പുറത്തും മറ്റും കറങ്ങി നടക്കുകയായിരുന്നു എന്നായിരുന്നു മറുപടി . രാത്രി രവിയെ വിളിച്ചു, കാര്യങ്ങളറിയാൻ .

' ഉം.. ഞങ്ങൾ കുറച്ച് സ്ഥലങ്ങൾ കണ്ടു. കുറെയാളുകളെ കണ്ടു.'

അല്പസമയത്തിനുശേഷം രവി തുടർന്നു.

'ഇതൊക്കെ തന്നെയല്ലേ ഓറിയന്റേഷൻ. അവൻ നമ്മുടെ നാടിനെയറിയണം. നമ്മുടെ ആൾക്കാരെ അറിയണം. അതാണു പ്രധാനം . എനിക്കു വിട്ടുതരൂ . അവന്റെ കാര്യത്തിൽ വിഷമിക്കണ്ട.'

മനസ്സിലെ ഓറിയന്റേഷൻ വേറെയായിരുന്നു. തികച്ചും അക്കാദമിക്ക്. എങ്കിലും ഒന്നും പറഞ്ഞില്ല. അക്കാദമിക്സിൽ ഡോക്ടറേറ്റുള്ള രവിയെ ഞാൻ പറഞ്ഞു മനസ്സിലാക്കണ്ടല്ലോ. പിന്നെയും ഫോണിൽ സംസാരം തുടർന്നു. കൂടുതലും ജോഷിന്റെ കാര്യങ്ങൾ. ഒരാഴ്ചകഴിഞ്ഞാൽ അവനെ ഹോസ്റ്റലിലാക്കി തനിക്കു തിരിച്ചു പോകേണ്ടതല്ലേ? ഒരമ്മയുടെ എല്ലാ അസ്വസ്ഥതകളും ഉൽക്കണ്ഠാകളും രവിയോടു പറ ഞ്ഞു, എന്തോ ഒരു വിശ്വാസത്തിന്റെ പേരിൽ.

'എല്ലാം ശരിയാവും. ഡോൻഡ് വറി. ഞങ്ങളൊക്കെയില്ലേയിവിടെ?' രവി സമാധാനിപ്പിച്ചു .

സംഭാഷണം അവസാനിക്കുന്നതിനുമുമ്പ് പെട്ടന്നായിരുന്നു ആ ചോദ്യം.

'മടങ്ങിപ്പോകുന്നതിനുമുമ്പ് ഒന്നുകാണാൻ തരമാവുമോ?'

പ്രതീക്ഷിച്ചതല്ല. എന്തെങ്കിലും പറയുന്നതിനുമുമ്പ് രവി പറഞ്ഞു.

'ചോദിച്ചെന്നേയുള്ളൂ . ഇവിടം വിട്ടുപോയാൽ ഇനിയെന്നാ കാണാൻ പറ്റുക?'

ഹൃദയത്തിൽ തുളഞ്ഞു കേറുന്ന ചോദ്യം. ഒന്നും കൂടുതലാലോചിച്ചില്ല . ഞാൻ പറഞ്ഞു .

'കാണാം'

തുടർന്നുള്ള ദിവസങ്ങളിലും രാവിലെതന്നെ കാറെത്തി . രാത്രി അധികം വൈകാതെ തന്നെ അവർ തിരിച്ചെത്തിയിരുന്നു. മൂന്നുനാലു ദിവസങ്ങൾകൊണ്ട് അവനിൽ നല്ല മാറ്റങ്ങൾ കാണുന്നുണ്ട്. വെറും 'ഹായ്' എന്നഭിസംബോധന ചെയ്തിരുന്ന രവിയയിപ്പോൾ 'രവിയ ങ്കിൾ' എന്നാണ് പറയുക. എന്നോടുള്ള പെരുമാറ്റത്തിൽ തന്നെ മാറ്റം. എന്തോ കുറച്ച് വിനയവും ഗുരുത്വവുമൊക്കെ വന്നപോലെ. രാത്രി വന്നാൽ തന്നെ മുറിയിൽ കയറി ഏതങ്കിലും പുസ്തകം വായിക്കുകയോ ഡി.വി.ഡി. ഇട്ടു കാണുകയോ ഒക്കെയാണിപ്പോൾ പതിവ്. വീഡിയോ ഗെയിംസ് ഇല്ലേയില്ല . ഒരുദിവസം ഞാൻ വെറുതെ അവന്റെ മുറിയിൽ ചെന്നു. ഏതോ സിനിമ കാണുകയാണ്. ചോദിച്ചപ്പോൾ പറഞ്ഞത് മനസിലായില്ലെങ്കിലും നല്ലതെന്തോ ആണെന്ന് തോന്നി. എന്താ യാലും നന്നായി വരട്ടെ.

ജോഷിനെ ഹോസ്റ്റലിൽ അയയ്ക്കുന്നതിനു തലേദിവസമാണ് രവിയെ വീണ്ടും കണ്ടത് . ഒരിക്കൽ ഞങ്ങളേറ്റവും ഇഷ്ടപ്പെട്ടിരുന്ന കടൽ തീരം . കടൽ എന്നും ആശ്ചാസമായിരുന്നു . പരസ്പരം ഒന്നും പറയാത കുറെ നേരമിരുന്നു. ഒരു പാറക്കെട്ടിനു മേളിൽ. ഇടക്കൊന്നു നോക്കു മ്പോൾ ആ കണ്ണുകളിൽ ചാരിതാർത്ഥ്യം. കുടുംബത്തെക്കുറിച്ചു ചോദി ച്ചപ്പോൾ എല്ലാം പറയേണ്ടിവന്നു. അല്ല, ഒരിക്കൽ അവസരം കിട്ടുമ്പോ എല്ലാം പറയണം എന്നു കരുതിയാണല്ലോ. എന്തോ മനസ്സിന്റെ ഭാരം വല്ലാതെ കുറഞ്ഞപോലെ.

ഇടക്ക് രവി പറഞ്ഞു.

'പോകുന്നതിനുമുമ്പ് കാണുമെന്നു കരുതിയതല്ല . എത്ര പെട്ടന്നാണ് കാലം കടന്നുപോയത് . എനിക്കോർമ്മയുണ്ട്. ഞാൻ ഗവേഷണത്തിന് ഡൽഹിയിൽ പോകുന്നവരെ കാര്യങ്ങളറിയുന്നുണ്ടായിരുന്നു.'

'ഞാനും ഒത്തിരി അന്വേഷിച്ചിരുന്നു . പിന്നെ എന്റെ പരിമിതികൾ ..' ഞാൻ പറഞ്ഞു.

'എല്ലാം എനിക്ക് മനസ്സിലാവും' രവി ആശ്വസിപ്പിച്ചു.

' ഞാനോർത്തു ഒരു കുടുംബമൊക്കെയായി.....'

രവി ഒരുതരം നിസ്സംഗതയോടെ പറഞ്ഞു .

'എനിക്ക് അതോർത്തിന്നു വിഷമമില്ല. അതൊക്കെ പോട്ടെ. തിരിച്ചു പോയാലും വിളിക്കണം. മോനെക്കാണാൻ വരുമ്പോഴെങ്കിലും വീണ്ടും കാണണം.'

തിരിച്ചെത്തുമ്പോൾ ജീവിതത്തിലെ ഏറ്റവും വല്യ നഷ്ടത്തെയോർത്തുള്ള ദുഃഖമായിരുന്നോ അതോ നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയതെക്കുറിച്ചുള്ള സന്തോഷമായിരുന്നോ മനസ്സിൽ?

പിറ്റേന്ന് രാവിലെ ഹോസ്റ്റലിൽ പോകാനായി കാറെത്തി. ഞങ്ങൾ കാറിൽ കയറി. ഡ്രൈവർ പെട്ടികളെല്ലാം എടുത്ത് കാറിൽ വെച്ചു. രാത്രി പറഞ്ഞ കാര്യം ജോഷ് വീണ്ടുമോർമിപ്പിച്ചു . പോകുന്നവഴിക്ക് രവി അങ്കിളിന്റെ വീട്ടിൽ ഇറങ്ങണം. എന്തോ ഗിഫ്റ്റ് കരുതിയിട്ടുണ്ടത്രേ.

ഒരു ചെറിയ വീട്. എന്നാൽ മനോഹരം . ഒന്നിനും ഒരു കുറവുമില്ല . പറമ്പു നിറയെ മരങ്ങളും ചെടികളും . ബ്രേക്ക് ഫാസ്റ് അവിടുന്നാണെന്നു പറഞ്ഞപ്പോൾ നിരസിച്ചില്ല. എല്ലാം കഴിഞ്ഞ് വീട് മുഴുവനും കണ്ടു . പുറത്തിറങ്ങി കാറിനടുത്തേക്ക് നടക്കുമ്പോഴാണ് പെട്ടന്നതോർത്തത്. ഞാൻ ജോഷിനോട് പറഞ്ഞു .

'നീ ഗിഫ്റ്റ് വാങ്ങാൻ മറന്നു.'

അവൻ തിരികെ അകത്തുപോയി രവിയോടു ചോദിച്ചു.

'അങ്കിൾ വെയറീസ് മൈ ഗിഫ്റ്റ്?'

'ഓ . അതോ .. വരൂ . മമ്മിയെയും കൂട്ടിക്കോളൂ'

രവി ഞങ്ങളെ രണ്ടുപേരെയും മുകളിലത്തെ നിലയിലേക്കു കൂട്ടി ക്കൊണ്ടുപോയി.രണ്ടുപേർക്കും ആകാംക്ഷയായിരുന്നു. ഞങ്ങൾ കാണാത്ത ഒരു മുറിയുടെ മുന്നിൽ രവി നിന്നു. തിരിഞ്ഞ് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. എന്നിട്ട് മെല്ലെ വാതിൽ തുറന്നു . മൂവരും അകത്തുപോയി.

നന്നായി അലങ്കരിച്ച ഒരു പഠനമുറി. ഒരു ബെഡ് . പുസ്തകങ്ങൾ വയ്ക്കാനൊരു ഷെൽഫ് . മുറിയോടനുബന്ധിച്ചൊരു ബാത്റൂമും. ഒന്നും മനസ്സിലാകാതെ ഞങ്ങൾ നില്ക്കുമ്പോൾ രവി പറഞ്ഞു, ജോഷിനോടായി.

'ഹിയറിറ്റിസ് . ഇതാണ് നിനക്കുള്ള ഗിഫ്റ്റ്'

'നിനക്കായി ഞാൻ തയ്യാറാക്കിയ ഗിഫ്റ്റ്. എന്താ ഇഷ്ടമായോ?'

പറയാൻ വാക്കുകളില്ലാതെ ഞങ്ങൾ നില്ക്കുമ്പോൾ രവി എന്നോടു ചോദിച്ചു

'സാറാ..ഇവനെ എന്റെ കൂടെയാക്കിക്കൂടെ? ഇവിടെ നിന്നു പഠിച്ചുകൂടെ?'

Thursday, July 30, 2020

റിയോ

ബീച്ചിൽ ആൾക്കാരെത്തിത്തുടങ്ങുന്നതേയുള്ളൂ. ഇവിടം സർഗ മാണ് . അയാൾ മനസ്സിൽ കരുതി. ഒരാഴ്ചത്തെ അവധിയെടുത്താണ് റിയോ ഡി ജനറോ എന്ന സ്വപ്നലോകം കാണാൻ ഇന്നലെ വൈകുന്നേരം എത്തിയത്. എന്തൊക്കെ കേട്ടിരിക്കുന്നു ഈ സ്ഥലത്തെക്കുറി ച്ച്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്ന് ഇവിടെയാണ്. അടുത്തിടെ വായിച്ചു രണ്ടായിരത്തി പതിനാറിലെ ഒളിംപിക്സ് ഇവിടെ വെച്ചാണെന്ന്. പിന്നെ പ്രിയപ്പെട്ട കഥാകാരൻ പൗലോ കൊയ്‌ലോയുടെ നാട്. എപ്പോഴോ തീരുമാനി ച്ചു. അടുത്ത വേക്കേഷൻ റിയോയിലാണെന്ന് .

എയർപോർട്ടിൽനിന്നും ടാക്സി പിടിച്ച് ഹോട്ടലിലേക്കു വരുമ്പോൾ സ്വന്തം നാട്ടിലെത്തിയപോലെ. തിരക്കു പിടിച്ച് റോഡുകൾ. നനുത്ത ചാറ്റൽ മഴ. കൂറ്റൻ സിമന്റ് സൗധങ്ങൾ. നാടിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ചുമരെഴുത്തുകളും ചിത്രങ്ങളും. കാലാവസ്ഥയോ? കേരളം പോലെയെന്നല്ല കേരളം തന്നെ. കോപ്പകബാന ബീച്ചിലെ ഹോട്ടലിൽ മുറിയെടുത്തപ്പോൾ പ്രത്യേകം അന്വേഷിച്ചിരുന്നു. പനാമ ബീച്ച് എവിടെയാണ് . അപ്പോൾ റിസപ്ഷനിസ്റ്റ് പെണ്ണു പറഞ്ഞു .നടക്കാവുന്നതേയുള്ളു . ഒരഞ്ചു കിലോമീറ്റർ വരുമായിരിക്കും.

ഇന്ന് ഞായറാഴ്ച. ഹോട്ടലിൽ നിന്നുതന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച്, ഒരു പത്തരമണിയോടെ പനാമ ബീച്ചിലേക്ക് നടക്കാൻ തുടങ്ങി. റോഡ് രാവിലെതന്നെ സജീവമാവുന്നു . ടൂറിസ്റ്റുകൾ, ഓട്ട ക്കാർ, മോർണിംഗ് വാക്ക് നടത്തുന്നവർ പിന്നെ ഒറ്റയാൻമാർ. അങ്ങിനെ എല്ലാത്തരക്കാരും . ശനിയും ഞായറും ബീച്ചിനു മുന്നിലെ റോഡിൽ ഗതാഗതം നിരോധിക്കുമത്ര, ടൂറിസ്റ്റുകളുടെ സൗകര്യത്തിനു വേണ്ടി . റോഡിനരുകിലെ നടപ്പാതയിലൂടെ ഒരു ഷോർട്ട്സും ടീഷർട്ടുമിട്ട് കുമാരൻ നടന്നു . ഒരുവശം കുടലും മറുവശത്ത് ദൂരെയായി കാണുന്ന മലനിരകളും . ഈ തീരവും അതിന്റെ പരിസരങ്ങളും എത മനോഹരം . അകലെമലകളുടെ താഴ്വാരങ്ങളിൽ കാണുന്ന വലിയ ഹോട്ടലുകൾ .

ഇടക്കൊന്നു നിന്നു . ദാഹം തോന്നുന്നുണ്ട്. ഒരു കടയിൽ കയറി കരിക്ക് ചൂണ്ടിക്കാണിച്ചു . കരിക്കിൻ വെള്ളം കുടിച്ചശേഷം കൈയ്യിൽ കരുതിയിരുന്ന സിഗററ്റിനു തീകൊളുത്തി വലിച്ചു തീരുംവരെ ഒരു കല്പടവിലിരുന്ന് കടലും തീരവും കണ്ടാസ്വദിച്ചു. വീണ്ടും നടന്നൊടുവിൽ പനാമ ബീച്ചിലെത്തി.

ഉച്ചയാവുന്നതേയുള്ളു . ഇപ്പോൾതന്നെ അവിടം തിരക്കായിട്ടുണ്ട് . ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും പേരിനുമാത്രം തുണികളുടുത്ത് തിരകളിൽ കളിച്ചു തിമിർക്കുന്നു . ഇടക്കു ചിലർ തീരത്തെ സ്വന്തം കൂടാരങ്ങളിലെത്തി ബിയറു കുടിക്കുന്നു. സാൻവിച്ച് കഴിക്കുന്നു . പൂഴിമണലിൽ തോർത്തു വിരിച്ച് വെറുതെ കിടക്കുന്നവരുമുണ്ട് . മറ്റുചിലരാകട്ടെ ബീച്ചിലെ ഓപ്പൺ ഷവറുകളിൽ കുളിച്ച് രസിക്കുന്നുമുണ്ട്. കുമാരൻ കാഴ്ചകൾ കണ്ടുകണ്ട് മുന്നോട്ട് നടന്നു.

പെട്ടെന്നാണാരു കാഴ്ച അയാളിൽ കൗതുകമുണർത്തിയത് . നട പ്പാതക്കരുകിലെ പൂഴിമണലിൽ, ശ്രദ്ധയോടെ തീർത്ത മണൽ ശില്പ ങ്ങൾ. എല്ലാം ആണിന്റെയും പെണ്ണിന്റെയും വിവിധ പോസുകളിൽ. ചിലർ ജോഡികളായി കെട്ടിപ്പുണർന്നു കിടക്കുന്നു . ഒരുത്തൻ ജട്ടിമാത്രമിട്ട് മലർന്നു കിടക്കുകയാണ്. അർദ്ധനഗ്നകളായ ചില സുന്ദരിമാർ ചരിഞ്ഞും കമഴ്ന്നും മലർന്നും കിടപ്പുണ്ട്. രസമുണ്ട്, നോക്കിനില്ക്കാൻ. ഇഷ്ടപ്പെട്ട ശില്പങ്ങളോടൊത്ത് പലരും ഇഷ്ടപ്പെട്ട പോസുകളിൽ ഫോട്ടോകളെടുക്കുന്നു. പിന്നെയവർ അരികിൽവെച്ച സംഭാവനപ്പെ ട്ടിയിലെന്തെങ്കിലുമൊക്കെയിട്ട് യാത്ര തുടരുന്നു. ശില്പസൗന്ദര്യം നുകർന്നുനിന്ന കുമാരന്റെ മനസ്സിൽ ഒരു സ്ത്രീശില്പം പെട്ടെന്ന് കയറിക്കുടി . വശം തിരിഞ്ഞ് അർദ്ധനഗ്നയായി കിടക്കുന്ന ഒരു സുന്ദരി. വടിവൊത്ത മാറിടങ്ങളും നിതംബവും. അയാൾ സൂക്ഷിച്ചു നോക്കി . ഈ മുഖം , മേനി , മദാലസമായ ഈ കിടപ്പ്. ഏറെ പരിചയമുള്ളാരു മുഖം പെട്ടെന്ന് മനസ്സിലോടിയെത്തി.

റീത്ത. അവളാവുമോയിത്? ഏയ് വെറുതെ തോന്നിയതാവും. കുറച്ചുനേരം സംശയിച്ചു നിന്നശേഷം തിരിച്ചു നടക്കാൻ തുടങ്ങുമ്പോഴാണ് സംഭാവനപ്പെട്ടിക്കരികിൽ ഫ്രെയിം ചെയ്ത് വച്ചിരിക്കുന്ന റീത്തയുടെ ഫോട്ടോ കുമാരന്റെ കണ്ണിൽപെട്ടത്. ഉള്ളിലെ ഞെട്ടൽ പുറത്തുകാട്ടിയില്ല . തിരിച്ച് ഹോട്ടലിലേക്ക് നടന്നു. രാത്രി കിടക്കാൻ നേരം അയാളോർത്തു . ഗോവക്കാരി ഒരു റീത്തായെ. ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലിനോക്കിയിരുന്ന റീത്തായെ പരിചയപ്പെട്ടപ്പോൾ അവളുടെ കേരളബന്ധമാണ് തന്നെ അവളിലേക്കാകർഷിച്ചത്. അമ്മ മലയാളിയത്രെ. അടുത്തു കഴിഞ്ഞ പ്പോൾ ഒരു ജീവിതകാലത്തിന്റെ തൃഷ്ണകൾ മുഴുവൻ ഒരുമിച്ചനുഭവിച്ചും ആസ്വദിച്ചും തീർത്തു. സ്നേഹം മൂക്കുമ്പോൾ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചിട്ടവൾ ചോദിക്കും.

'മൈ ഡിയർ ... വിൽ യൂ മാരി മീ?'

എന്നെ കല്യാണം ചെയ്യുമോ? അപ്പോഴൊക്കെ വെറുതെ ചിരിക്കുകമാത്രം ചെയ്തു. പിരിയുന്നതു വരെ ഇഷ്ടം വെറും ശാരീരികം മാത്രമായിരുന്നു. പിന്നീട് അവിടം വിട്ടശേഷമാണ് സ്വയം മനസ്സിലാക്കിയത്. അവളോട് വല്ലാത്ത സ്നേഹമായിരുന്നെന്ന്. രണ്ടു മൂന്നുമാസങ്ങൾക്കുശേഷം കുറെ കത്തു കളയച്ചെങ്കിലും മറുപടിയുണ്ടായില്ല. അവളുടെ പഴയ ഫോണും നിലവിലില്ല. പിന്നെ തിരക്കുപിടിച്ച ജീവിതത്തിൽ, വല്ലപ്പോഴും മനപ്പൂർവ്വ മല്ലാതെയായെത്തുന്ന ഓർമകളിൽ മാത്രമായി റീത്ത ഒതുങ്ങി. അന്നു രാതി അസ്വസ്ഥതമൂലം അയാൾക്ക് ഉറങ്ങാനായില്ല. രാവിലെ തന്നെയെണീറ്റ് കുളിച്ച് ചെറുതായൊരു ബ്രേക്ക് ക്ക് ഫാസ്റ്റും കഴിഞ്ഞ് പഴയ സ്ഥലത്തേക്കു നടന്നു. അത്ഭുതമെന്നു പറയട്ടെ, ശില്പി, തലേന്നു കണ്ട റീത്തായുടെ ശില്പം ഉടച്ചുകളഞ്ഞു പുതിയൊരെണ്ണം പണിയാണ് തുടങ്ങുന്നു. മറ്റു ശില്പങ്ങൾ പഴയതുതന്നെ . അവക്കു മാറ്റമില്ല .

കുമാരൻ മെല്ലെയടുത്തുചെന്ന് ശില്പിയോട് ചോദിച്ചു .
'ആരാണിവൾ . നിങ്ങൾക്കറിയുമോ ഇവളെ..?'

ശില്പിക്ക് തന്റെ ഇംഗ്ലീഷ് മനസ്സിലാവുമോ എന്നുപോലും ആലോചിക്കാതെയാണ് ചോദിച്ചത് . അയാൾ അതിശയത്തോടും അതോടൊപ്പം ഭയത്തോടെയും മുഖമുയർത്തി ഒന്നും മിണ്ടാതെ വീണ്ടും പണിയാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞ് ചോദ്യം ഒന്നുകൂടി ആവർത്തിച്ചു . ശില്പി പൊടുന്നനെയെണീറ്റ് കുമാരനടുത്തെത്തി പറഞ്ഞു .

'എന്താ നിങ്ങൾക്കറിയുമോ അവളെ . എങ്കിൽ പറ .. അവളെവിടെയാണ്? ഇല്ലെങ്കിൽ വെറുതെയെന്റെ സമയം മെനക്കെടുത്തണ്ട.'

ഒന്നും മിണ്ടാതെ തിരിച്ചുപോന്നു. അടുത്ത രണ്ടുദിവസങ്ങളിലും ശില്പിയെ കാണാൻ പോയെങ്കിലും കൂടുതലൊന്നും അയാളിൽ നിന്നു കിട്ടിയില്ല. രണ്ടാമത്തെ ദിവസം അയാൾ പറഞ്ഞു, അടുത്ത ദിവസം വൈകിട്ട് ബീച്ചിലെ ഒരു പ്രത്യേക സ്ഥലത്തുവെച്ച് തമ്മിൽ കാണാമെന്ന് . തെങ്ങുകൾ ഏറെയുള്ള, കായൽപോലെ വെള്ളം കെട്ടിനിന്ന ഒരു സ്ഥലം. കുറച്ചു നേരം തമ്മിൽ ഒന്നും സംസാരിച്ചില്ല .

ഒടുവിലയാൾ പറഞ്ഞു.

'നോക്കു ... എത്ര രാത്രികൾ ഞങ്ങളീ നിലാവത്ത് ഈ മണലിൽ ഉറങ്ങിയിരിക്കുന്നു. അവൾ പറയുമായിരുന്നു . ഇവിടം കാണുമ്പോൾ അവളുടെ ഗോവായെക്കുറിച്ചോർമ്മ വരുമെന്ന് '

അയാൾ പതുക്കെ കഥ പറഞ്ഞു തുടങ്ങി. പപ്പായെത്തേടിയെത്തിയതായിരുന്നു അവൾ . രണ്ടുവർഷം മുമ്പ് ഒരു മ്യൂസിക് ഗ്രൂപ്പിനോടൊപ്പമാണവളെത്തിയത് . പോർച്ചുഗീസുകാരനായ അച്ഛനൊരിക്കൽ ടൂറിസ്റ്റായിട്ടാണ് ഗോവയിലെത്തിയത്. അവിടെവെച്ച് അവളുടെ മമ്മിയെ പരിചയപ്പെട്ടു. ഒടുവിൽ വിവാഹവും. റീത്താ ജനിച്ച് കുറെ വർഷങ്ങൾക്കുശേഷം അയാൾ പറയാൻ തുടങ്ങി; അയാൾക്ക് അയാ ളുടെ സ്വന്തം മണ്ണിലേക്ക്, റിയോയിലേക്ക് തിരിച്ചുപോവണമെന്ന്. എന്നാൽ റീത്തായും അവളുടെ അമ്മയും അതിനു തയ്യാറല്ലായിരുന്നു . അങ്ങിനെ ഒരുനാൾ ആരുമറിയാതെ അയാൾ അവിടം വിട്ടു . റീത്ത ഇവിടെ വരുമ്പോൾ അവളുടെ കൈയിൽ ഒരു ഫോട്ടോയുമു ണ്ടായിരുന്നു, അവളുടെ പപ്പായുടെ'

'എന്നിട്ടെന്തായി..?'

കുമരൻ അക്ഷമനായി. ശില്പി കുറെനേരം മൗനമായിരുന്നു. എന്നിട്ട് തുടർന്നു.

'ആ മ്യൂസിക് ബാന്റ് അത്ര ശരിയായിരുന്നില്ലത്രേ . പാട്ടിനോടൊപ്പം അവർക്ക് മയക്കുമരുന്നു കച്ചവടവുമുണ്ടായിരുന്നു. അവൾ വഴിയായിരുന്നു മയക്കുമരുന്ന് വിറ്റിരുന്നത്. പിന്നീട് പലപ്പോഴും ഇവിടുത്തെ ലോക്കൽ മാഫിയയുമായി അതിന്റെ പേരിൽ വഴക്കിടേണ്ടി വന്നിട്ടു ണ്ട്. ഒരു സമയത്ത് അവളെ കൊല്ലാൻ വരെ അവർ പ്ലാനിട്ടിരുന്നു . അതിശയത്തോടെയും വേദനയോടെയും കുമാരൻ കഥ കേട്ടിരുന്നു . തെല്ലുനേരത്തെ ഇടവേളക്കുശേഷം അയാൾ വീണ്ടും സംസാരി ക്കാൻ തുടങ്ങി .

'ഈ മണലിൽ കെട്ടിപ്പുണർന്നു കിടക്കുമ്പോൾ, ചിലപ്പോഴൊക്കെ അവൾ പാടുമായിരുന്നു , സ്വപ്നങ്ങളെക്കുറിച്ചുള്ളാരു പാട്ട്'

നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ടയാൾ തുടർന്നു.

അവൾക്ക് ജീവിക്കണമായിരുന്നു. പിഴച്ചവഴികൾ വിട്ട് തന്നോടൊപ്പം ജീവിക്കാൻ അവൾക്കു കൊതിയായിരുന്നു . മ്യൂസിക് ബാന്റും മയക്കുമരുന്നു കച്ചവടവുമൊക്കെ വിട്ട് ഒരുമിച്ചെവിടെയെങ്കിലും പോയി ജീവിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്തിരുന്നു. എന്നാൽ അതൊന്നുമത എളുപ്പമല്ലായിരുന്നില്ല.

'പറയു..എന്നിട്ട്?' കുമാരൻ ചോദിച്ചു.

'ഗോവക്ക് പോകാൻ ഞങ്ങൾ രഹസ്യമായി പ്ലാനിട്ടു. അവിടെ അവൾ പറഞ്ഞ ഏതോ പള്ളിയിൽവെച്ച് കല്യാണം. എനിക്ക് ഈ പണി അവിടെയും ചെയ്യാമല്ലോ. മമ്മിയെ കാണാനും ധൃതിയായെന്നവൾ പറയുമായിരുന്നു. തന്നെയും മമ്മിയെയും ഉപേക്ഷിച്ചുപോയ പപ്പ, ഈ റിയോയിലെവിടെയെങ്കിലും ഉണ്ടാവുമെന്നവൾ വിശ്വസിച്ചിരുന്നു. എന്നെങ്കിലും കണ്ടെത്തിയാൽ മമ്മിക്കു കൊടുത്ത വാക്ക് പാലിക്കാനും കഴിഞ്ഞനെ. പക്ഷെ സംഭവിച്ചതെല്ലാം വിശ്വാസങ്ങൾക്കും പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു. ഒരു രാതി അക്രമികളിൽനിന്നും കഷ്ടിച്ചു രക്ഷപ്പെട്ട കഥ അവളെന്നോടു പറഞ്ഞു . കേട്ടു കഴിഞ്ഞപ്പോൾ ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു “ ഒന്നുകിൽ നിയെന്നോടൊത്തു വരിക . അല്ലെങ്കിൽ നീ പറയുന്നിടത്തേക്ക് നമുക്ക് പോകാം , എവിടെയെങ്കിലും സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നിടത്തേക്ക് .... അല്ലെങ്കിൽ ..'അവളത് മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല. അടുത്ത വെള്ളിയാഴ്ച രാത്രി റിയോ വിടാം എന്നു പദ്ധതിയിട്ടാണ് ഞങ്ങൾ പിരിഞ്ഞത് . എന്നാൽ ആ വെള്ളിയാഴ്ച ഒരിക്കലുമെത്തിയില്ല. അവളെ പിന്നെ ഞാൻ കണ്ടി ട്ടില്ല. അന്വേഷിച്ചപ്പോഴറിഞ്ഞു മ്യൂസിക് ബാന്റും സ്ഥലം വിട്ടെന്ന്.'

അയാൾ പറഞ്ഞു നിറുത്തി . കുമാരൻ എന്തു പറയണമെന്നറിയാതെ വിഷമിച്ചു . താനൊരിക്കൽ അടുത്തറിഞ്ഞിരുന്ന റീത്തായെന്ന പെൺകു ട്ടിയുടെ ജീവിതത്തിൽ ഇത്രയധികം സങ്കീർണ്ണതകൾ ! വിശ്വസിക്കാൻ തന്നെ വയ്യ .

ഒടുവിൽ ശില്പിയെ സമാധാനിപ്പിക്കാനെന്നവണ്ണം പറഞ്ഞു .

'സ്വന്തം ഇഷ്ടപ്രകാരം അവൾ നിങ്ങളെ വിട്ട് മറ്റൊരിടത്തേക്കും പോവില്ല. ഒരുപക്ഷെ, ആപത്ത് ഭയന്ന്, ബാന്റ് അവളെയുംകൊണ്ട് സ്ഥലം വിട്ടതാവാം..'

അയാൾ പറഞ്ഞു .

'ശരിയാണ്. അങ്ങിനെ സാധ്യതകളുണ്ട് . എല്ലാം ഞാനാലോചിച്ചതാണ് . ഞാനിന്നും കാത്തിരിക്കുന്നു. എന്റെ ഒരുദിവസം തുടങ്ങുന്നത് അവളെ ഇഷ്ടപ്പെട്ട രീതിയിലൊരുക്കി കിടത്തിക്കൊണ്ടാണ്. ഞാനിവിടെ തന്നെയുണ്ടാകും. ഒരിക്കലവൾ വരുമെന്ന പ്രതീക്ഷയിൽ'

അവിടെ അയാളോടൊപ്പം എത്രനേരമിരുന്നുവെന്നറിയില്ല. തിരിച്ച് ഹോട്ടലിലേക്കു നടക്കുമ്പോൾ മനസിന് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു. ആദ്യം കാണുമ്പോൾ അവൾക്കൊരു പതിനെട്ടോ പത്തൊൻപതോ വയസ്സുണ്ടായിരുന്നിരിക്കും. വെളുത്ത് ചെമ്പിച്ച മുടിയുമായി.

അയാൾ കൂടുതലോർക്കാൻ ശ്രമിച്ചു. മമ്മിയെക്കുറിച്ചു മാത്രമേ അവൾ തന്നോടു പറഞ്ഞിരുന്നുള്ളു. അവസാനം തമ്മിൽ പിരിഞ്ഞത് അയാളോർത്തു. അവൾ കരഞ്ഞില്ല .
അവൾ പറഞ്ഞു

'ഐവിൽ സീയു എഗൈൻ' വീണ്ടും തമ്മിൽ കാണും.

' പ്രിയപ്പെട്ട റീത്താ നീയെവിടെയാണ്?'

തിരിച്ചു നടക്കുമ്പോൾ അയാളുടെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ അറിയാതെ തിരയുന്നുണ്ടായിരുന്നു. ഒരുപക്ഷെ കണ്ട ങ്കിലോ.

'റിത്താ.. നിന്നെക്കാത്തൊരാൾ ഇവിടെയുണ്ട് . ഈ ബീച്ചിൽ. നീ നൽകിയ പ്രതീക്ഷകളുമായി . അയാളെയോർത്തെങ്കിലും തിരിച്ചുവരിക.'

ഒരുപക്ഷെ അവൾക്കെന്തെങ്കിലും സംഭവിച്ചിരിക്കുമോ? അതിനു പിന്നാലെ ബാന്റുകാർ ഭയന്ന് സ്ഥലം വിട്ടതാവുമോ? അതോ നിലക്കക്കള്ളിയില്ലാതെ, അവർ അവളെയും കൊണ്ട് സ്ഥലം വിട്ടതാവുമോ. അതല്ലായിനി ഗോവയിലേക്ക് തിരിച്ചു പോയതാവുമോ? ഏയ് അതാ വില്ല . അവളെയും കാത്തിരിക്കുന്ന അയാളെയുമുപേക്ഷിച്ച് അവൾക്ക് പോകാനാവില്ല.

ചോദ്യങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി മനസ്സിലുയരുന്നു . ആ രാതി , തണുത്ത കാറ്റത്ത് ഉത്തരങ്ങളന്വേഷിച്ചുനടന്ന കുമാരൻ , താൻ താമസിച്ചിരുന്ന ഹോട്ടൽ കടന്നു പോയതറിഞ്ഞില്ല.

വേക്ക്

അലക്ഷ്യമായി മദ്യപിച്ച് കാറോടിക്കവേയാണ്, ജോസഫ് എന്ന ഗോപാലകൃഷ്ണൻ, 58 വയസ്സ് , മരണപ്പെട്ടത്. ഹൈവേയിൽ നിന്നും വേഗത കുറക്കാതെ വളരെ വളവുള്ള ഒരു എക്സിറ്റ് കട ക്കവേയാണ് നിയന്ത്രണം വിട്ട കാറ്, തൊട്ടടുത്ത കൊക്കയിലേക്ക് മറിഞ്ഞ് മരണം സംഭവിച്ചത്.

ഗോപാലകൃഷ്ണന്റെ ഏറ്റവും അടുത്ത കൂട്ടുകാർ; രാമദാസും , കുര്യനും, വിവരങ്ങളറിഞ്ഞശേഷം ഫോണിൽ സംസാരിച്ചു . 'നമ്മള് ചെയ്യണ്ടത് നമ്മളു ചെയ്യണം.' രാമദാസ് കൂട്ടുകാരന ഓർമ്മിപ്പിച്ചു.

'ഒരിക്കല് കമ്മ്യൂണിറ്റില് മുഖ്യധാരയിലൊണ്ടായിരുന്നയാളാണ് . അതോർക്കണം. പിന്നെ, നമുക്കും ചില കടമകളും ഉത്തരവാദിത്തങ്ങളുമില്ലേ'.

കുര്യൻ പറഞ്ഞു.

'എന്നെ വെറുതെ തെറ്റിദ്ധരിക്കണ്ട. എനിക്കെല്ലാമറിയാം. അന്തസ്സായിട്ട് ഗോപാലനൊരു വേക്ക് വക്കണം നമ്മള്. ആർക്കിഷ്ടമില്ലേലും നമ്മളതു ചെയ്യും. ചെയ്യണം. എന്നാൽ വളരെയടുത്ത ചില സുഹൃത്തുക്ക ളൊഴിച്ചാൽ, ഗോപാലകൃഷ്ണനെന്ന ജോസഫിന്റെ മരണം മറ്റാരിലും ഒരു ഒരു ചലനവുമുണ്ടാക്കിയില്ല .

എന്തുകൊണ്ടാണത്?

ഗോപാലകൃഷ്ണൻ അന്നമ്മയെക്കെട്ടുമ്പോൾ പ്രായം 28. അമേരിക്കയിൽ നഴ്സായിരുന്ന അന്നമ്മ നാട്ടിലെത്തിയതായിരുന്നു , അനുയോജ്യനായ ഒരു ഭർത്താവിനെത്തേടി. കൂട്ടുകാരനൊപ്പം കണ്ട് പരി ചയപ്പെട്ടതായിരുന്നു ഗോപാലകൃഷ്ണന . അന്നമ്മയേക്കാൾ മൂന്നു വയസ്സിനിളയതായിരുന്നെങ്കിലും, ഒടുവിൽ അന്നമ്മയുടെ ഹൃദയം കവരാൻ ഗോപാലകൃഷ്ണനു കഴിഞ്ഞു. ഒരു ഡിഗ്രിയല്ലാതെ പറയത്തക്ക മറ്റു യോഗ്യതകളൊന്നും അയാൾക്കുണ്ടായിരുന്നില്ല. എന്തൊക്കെയായാലും അയാൾക്ക് ആത്മാർത്ഥതയുള്ളൊരു ഹൃദയമുണ്ടെന്നു മനസ്സിലാക്കാൻ മറ്റാരെക്കാളും വേഗത്തിൽ അന്നമ്മക്കു കഴിഞ്ഞു. ഒടുവിൽ പഞ്ചായത്തിനെ ഞെട്ടിച്ചുകൊണ്ട് അന്നമ്മയുടെ വിവാഹക്കാര്യം പുറത്തുവന്നു. ഒപ്പം ഗോപാലകൃഷ്ണൻ മതംമാറി ക്രിസ്ത്യാനിയായെന്നും .

രണ്ടുകൂട്ടരും, ഹിന്ദുക്കളും കൃസ്ത്യാനികളും, വിഷയം പൊതുവായും വേറെ വേറെയും ചർച്ചചെയ്തു. ഗോപാലകൃഷ്ണൻ ഹിന്ദുക്കൾക്കു മുഴുവൻ അപമാനമാണെന്ന് തങ്കപ്പൻനായരുടെ ചായപ്പീടികയിൽ പ്രമേയം പാസാക്കപ്പെട്ടു. എന്നാൽ അന്യമതക്കാരനെ പ്രേമിച്ചെങ്കിലും അയാളെ മതംമാറ്റിയ അന്നമ്മ മിടുക്കിയാണെന്ന് മെമ്പറ് വർക്കിയും കൂട്ടരും അവകാശപ്പെട്ടു . ഒടുവിൽ ഗോപാലകൃഷ്ണന്റെ വീട്ടുകാരുടെ പൂർണ്ണ നിസ്സഹകരണത്തോടെ, അന്നമ്മയുടെ വിവാഹം നടത്തപ്പെട്ടു. ശേഷം താമസിയാതെ ഗോപാലകൃഷ്ണനെന്ന ജോസഫുമൊത്ത് അന്നമ്മ അമേരിക്കയിലേക്കു പറന്നു .

മഹാനഗര മായ ന്യൂയോർക്കിലേക്ക് . ഗോപാലകൃഷ്ണന്റെ നാട്ടുകാരിൽ ചിലർ അയാളെത്തുമ്പോഴേക്കും ചില തീരുമാനങ്ങളെടുത്തിരുന്നു. അത്യാർത്തിമൂലം സ്വന്തം മൂടുമ റന്ന അയാളെ അടുപ്പിക്കരുതെന്നവർ പ്രതിജ്ഞയെടുത്തു. പുതിയ ആകാശവും പുതിയ ഭൂമിയും കണ്ട അമ്പരപ്പിൽ, മാസങ്ങൾ കഴിഞ്ഞത് ഗോപാലകൃഷ്ണനറിഞ്ഞില്ല. അന്നമ്മ സ്നേഹമുള്ളവളും തന്റേടിയുമായിരുന്നു . അവൾ തന്റെ ജോസഫിനെ പൊന്നുപോലെ നോക്കി. തല്ക്കാലം ജോലിയെക്കുറിച്ചോർത്ത് വിഷമിക്കണ്ടെന്നും സമയംപോലെയെല്ലാം ശരിയാകുമെന്നും അവൾ സമാധാനിപ്പിച്ചു. പല ജോലികൾക്കും ശ്രമിച്ചെങ്കിലും വർഷങ്ങൾക്കുശേഷം ഒരു ട്രാവൽ ഏജ ന്റെന്ന നിലയിലാണ് അയാൾ പച്ചപിടിച്ചത് . അന്നമ്മയുടെ സ്വഭാവവും സൗന്ദര്യവും ആളുകളോടിടപെടാനുള്ള കഴിവും, ബിസിനസ്സിൽ ഉയരാൻ അയാളെ സഹായിച്ചു. ക്രമേണ, സമുദായത്തിൽ ജോസഫ് ഒരു നല്ല ബിസിനസുകാരനായി പേരെടുത്തു . പുരോഗമനവാദികളായ കുറെ ഹിന്ദു സുഹൃത്തുക്കൾ അയാളോ ടൊപ്പമുണ്ടായിരുന്നെങ്കിലും പൊതുവെ ഹൈന്ദവ കൂട്ടായ്മയിൽ നിന്നും ഗോപാലകൃഷ്ണൻ അകറ്റി നിറുത്തപ്പെട്ടു . അടുത്ത ബന്ധുക്കൾ പോലും ബന്ധം പറയാൻ മടിച്ചു .
അന്നമ്മയോടൊപ്പമുള്ള ജീവിതം അയാൾക്ക് സന്തോഷം നിറഞ്ഞതായിരുന്നു. കാലം ചെന്നപ്പോൾ അന്നമ്മ പേരും അന്തസുമുള്ളാരു നഴ്സ് ആയി. ജോസഫ് അറിയപ്പെടുന്നൊരു ബിസിനസ്സുകാരനും . സമൂ ഹത്തിലെ എന്തു നല്ല കാര്യത്തിനും അവരുടെ പിന്തുണയുണ്ടായി.

പെട്ടെന്നാണ് പാൻക്രിയാറ്റിക് കാൻസർ എന്ന രോഗം അന്നമ്മയുടെ ജീവൻ കവർന്നെടുത്തത് . ഒരു മൂന്നു മാസത്തോളം അവർ രോഗവുമായി മല്ലിട്ടു . അവരുടെ മരണം ഗാപാലക്യഷ്ണണനെ വല്ലാതെ തളർത്തി. ജീവിക്കാൻ പണത്തിനൊരു കുറവുമില്ലായിരുന്നെങ്കിലും ഏകാന്തതയും ഒറ്റപ്പെടലും അയാളെ വേട്ടയാടാൻ തുടങ്ങി. മക്കളി ല്ലാത്ത ദുഃഖം അയാളെ അലട്ടി . ആകെയുണ്ടായിരുന്നത് അന്നമ്മയായിരുന്നല്ലോ. എല്ലാം നഷ്ടപ്പെട്ടതായി അയാൾക്കു തോന്നി . ക്രമേണ ബിസിനസ്സിലുള്ള താല്പര്യം കുറഞ്ഞു .

'ഓ ഇനിയും എന്തിനാണിങ്ങനെയുണ്ടാക്കി കൂട്ടണെ . ആർക്കു വേണ്ടിയാണിതൊക്കെ ..'

കുര്യനോടും രാമദാസിനോടും ചീട്ടുകളിക്കുന്ന അവസരങ്ങളിൽ പലപ്പോഴും ഇങ്ങിനെ പറഞ്ഞിരുന്നു. ബിസിനസ്സും കളഞ്ഞ് വീട്ടിൽ കുത്തിയിരിക്കാതെ, പള്ളിയിൽ സ്ഥിരമായി പോകാനും എന്തെങ്കിലും ചാരിറ്റി പോലുള്ള സൽക്കർമ്മങ്ങളിലേർപ്പെടാനും അവർ ഉപദേശിച്ചെ ങ്കിലും, ഗോപാലകൃഷ്ണനെ വല്ലാത്ത മടി ബാധിച്ചു തുടങ്ങിയിരുന്നു.

വല്ലപ്പോഴും ചില ഞായറാഴ്ചകളിൽ പള്ളിയിൽ പോയെങ്കിലും, അച്ചന്മാരുടേയും ബാക്കിയുള്ളവരുടെയും മനോഭാവത്തിലും പെരുമാറ്റത്തിലുമുള്ള മാറ്റം അയാളെ നോവിച്ചു. കുത്തിക്കുത്തിയുള്ള വർത്തമാനം സഹിക്കാതെയായപ്പോൾ, ഗോപാലകൃഷ്ണൻ പള്ളിയിൽ പോകാതെയായി . തന്റെ പഴയ ഹിന്ദു പശ്ചാത്തലം ചികഞ്ഞെടുക്കപ്പെടുന്നതായും പള്ളിയിലേക്കുള്ള വരവ് സ്വാഗതാർഹമല്ലായെന്നും അയാൾക്ക് അനുഭവപ്പെട്ടു. സ്വന്തം ദുഃഖങ്ങൾ പങ്കുവച്ചിരുന്നത് ആത്മസുഹൃത്തുക്കളായ രാമദാസിനോടും കുര്യനോടുമാണ്.

'അടുത്ത പിറന്നാൾ എനിക്ക് അമ്പലത്തിൽ ആഘോഷിക്കണം. കൂട്ടുകാർക്കൊരു സദ്യ ഏർപ്പാടാക്കണം. രാമദാസ് അതിനുവേണ്ടതൊക്കെ മുൻകൈയ്യെടുത്തു ചെയ്യണം.'

ആഗ്രഹം രാമദാസിനോടു പറഞ്ഞപ്പോൾ അയാൾ ശരിവെച്ചു . രാമദാസ് ഓർത്തു. എങ്ങിനെ കഴിഞ്ഞയാളാണ്. അന്നമ്മയുടെ മരണശേഷം ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഗോപാലകൃഷ്ണന്റെ ജീവിതം ആകെ കീഴ്മേൽ മറിഞ്ഞു. അയാൾക്ക് പെട്ടെന്ന് പ്രായം കൂടിയ പോലെ. മദ്യപാനവുമുണ്ട്. പൊതുവേദികളിൽ നിന്നും പാർട്ടികളിൽ നിന്നും അയാൾ അകന്നു . ഒരിക്കൽ അന്നമ്മ ഉറങ്ങിയ സെമിത്തേരിയിൽ പോയി അവരുടെ കല്ലറക്കുമേൽ കിടന്നശേഷം കുര്യനെ വിളിച്ചു.

“ സുഖം . ഞാനിവിടെ അന്നമ്മയോടൊപ്പമാണ്.'

വേക്കിന്റെ ഒന്നാം ദിവസം . ഗോപാലകൃഷ്ണന്റെ ശരീരമേറ്റുവാങ്ങി സൂട്ടും മേക്കപ്പുമിടുന്നതിൽ കുര്യനും രാമദാസും സഹായിച്ചു . മൂന്നുമണിയോടെ വേക്ക് ആരംഭിച്ചു . അത്ഭുതമെന്നു പറയട്ടെ, രാത്രി എഴു മണിയായിട്ടും കാണാനെത്തിയവർ ഏഴോ എട്ടോ പേർ മാത്രം. രാത്രി മൃതദേഹം തിരിച്ചേല്പിച്ചശേഷം കാര്യങ്ങൾ തിരക്കിയപ്പോഴാണ് രണ്ടുപേരും ഞെട്ടിപ്പോയത് .

'മാന്യമായ മരണം കിട്ടണമെങ്കിൽ മാന്യമായിട്ട് ജീവിക്കണം. വെറുതെ പണത്തിനു പിറകെയോടിയാൽ ഇങ്ങിനിരിക്കും. സിറ്റിയിലെ ഹിന്ദു സംഘടനയുടെ നിലപാടതായിരുന്നു.

പളളിക്കാർക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നാണ്.

'പേരില് കൃസ്ത്യാനിയായിട്ടു കാര്യമില്ല. അവിശ്വാസിയും നിഷേധിയുമായൊരാളുടെ മരണകർമ്മങ്ങളിൽ വിശ്വാസികളാരും പങ്കെടു ക്കരുത്'

ചിലർ പറഞ്ഞു.

'ഒരു വേക്കിന് പോണതിനോട് ഞങ്ങൾക്കു വിരോധമില്ല. പക്ഷെ പള്ളീലങ്ങിനൊരു സംസാരമുള്ളപ്പോ ....'

പിറ്റേന്നുച്ചയോടെ രാമദാസും കുര്യനും വീണ്ടും ഫ്യൂണറൽ ഹോമിലെത്തി . ഇന്നുകൂടി വേക്ക് വച്ചിട്ടുണ്ട്. അടുത്ത സ്റ്റേറ്റിൽ ചില ബന്ധുക്കളെ അറിയിച്ചിട്ടുമുണ്ട്. വരുന്നെങ്കിൽ വരട്ടെ .

ഡെഡ്ബോഡി വേക്കിനായി ഏറ്റുവാങ്ങാൻ ചെന്നപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത അറിയുന്നത്. ബോഡി ഈസ് മിസ്സിംഗ്. ഡെഡ് ബോഡി കാണാനില്ല .

'എന്താ . എന്തുപറ്റി..'

രാംദാസും കുര്യനും തരിച്ചുനിന്നുപോയി . കർശനമായ സുരക്ഷിതത്വത്തിലും നിബന്ധനകളിലും സൂക്ഷിക്കപ്പെടുന്ന മൃതദേഹത്തിനെന്തു സംഭവിക്കാനാണ്. ഫ്യൂണറൽ ഹോമിലെ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചു . എന്തെങ്കിലുമൊന്നറിയാനായി രണ്ടുപേരും കാത്തിരുന്നു. ഒടുവിൽ ഒരുദ്യോഗസ്ഥൻ അടുത്തെത്തി പതുക്കെപ്പറഞ്ഞു .

'വി ആർ സോറി ... ഔവർ പ്രിലിമിനറി ഇൻവെസ്റ്റിഷേൻ കുഡിന്റ് ഫെന്റ് എനിതിംഗ് മോർ . എ ഡീറ്റയിൽഡ് ഇൻവെസ്റ്റിഗേഷൻ വിൽ ഫോളോ'

ബോഡി കാണാനില്ല എന്നതിൽ കവിഞ്ഞ് കൂടുതലൊന്നും ഇപ്പോൾ പറയാനാവില്ല. തികച്ചും അവിശ്വസനീയം. പുറത്തുനിന്നാർക്കും മൃതദേഹം കടത്തിക്കൊണ്ടുപോകാൻ അത്ര എളുപ്പമല്ല. അല്ലെങ്കിൽ തന്നെ അതിന്റെ ആവശ്യമെന്ത് ? അവർക്കാലോചിച്ചിട്ടൊരെത്തും പിടിയും കിട്ടിയില്ല. ഒരുകാര്യം ഉറപ്പാണ്. സ്വന്തം ദേഹം അവിടം വിട്ടുപോയതിൽ ഗോപാലകൃഷ്ണന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ട് . അന്നമ്മയുടേയും.

ചില കൊള്ളരുതാത്തവരുടെ മരണശേഷംപോലും അവരെപ്പറ്റി എന്തെങ്കിലുമൊക്കെ നല്ലത് പറഞ്ഞ് കേൾക്കാറുണ്ട് . ഇവിടെ മരിച്ചുക ഴിഞ്ഞിട്ടുപോലും അവഹേളിക്കൽ തുടരുകയാണ് - മൃതശരീരത്തോടുപോലും ദയകാട്ടാത്തവർ.

ഓം നമഃശിവായ

പാരലൽ കോളേജ് അദ്ധ്യാപകനും, അതിലുപരി അറിയപ്പെടുന്ന ഭക്തനുമായ ശിവാനന്ദൻ പശുകുത്തി ആശുപത്രിയിലായി. ആറ്റിൻകര ഗ്രാമത്തിലങ്ങോളമിങ്ങോളം ഈ വാർത്തയെത്തിക്കാൻ പാടുപെട്ടത് പോസ്റ്റുമാൻ നാണുവായിരുന്നു. അന്നു വൈകുന്നേരം ദാസപ്പന്റെ ചായ ക്കടയിൽ കൂടിയവർ ഈ വിഷയം ചർച്ചചെയ്തു . ശിവാനന്ദൻ ആളുകളുടെ അഭിപ്രായത്തിൽ നല്ലവനും, പരോപകാരി അല്ലെങ്കിലും ആരെയും ദ്രോഹിക്കാത്തവനും ആയിരുന്നു.

വൈകിട്ട് ശിവന്റെയമ്പ ലത്തിൽ പോകുന്നവഴിയാണ് സംഭവം . വീടിനു പുറകിലെ പാട ങ്ങൾക്കപ്പുറമാണ് അമ്പലം . കൊയ്ത്ത് കഴിഞ്ഞ പാടങ്ങളുടെ വരമ്പി ലൂടെ നടന്നുവേണം അമ്പലത്തിലെത്താൻ. പാതിവഴിയെത്തിയപ്പോഴാണ്, പാടത്തെവിടെയോ മേഞ്ഞു നിന്നിരുന്ന ഒരു പശു ശിവാനന്ദനു പിന്നാലെ പാഞ്ഞെത്തിയത്. ആദ്യത്തെ കുത്ത് പിന്നിൽനിന്നു തന്നെ കിട്ടി . അപ്രതീക്ഷിതമായി കിട്ടിയ കുത്തിന്റെ ആഘാതത്തിലും വേദനയിലും സ്വയം മറന്നുപോയ ശിവാനന്ദൻ, സമനില വിണ്ടെടുത്ത് തിരിഞ്ഞു നോക്കിയപ്പോഴാണ് തൊട്ടു പിന്നിൽ തലതാഴ്ത്തി വാലും പൊക്കി അടുത്ത കുത്തിനു തയ്യാറെടുക്കുന്ന പശുവിനെക്കണ്ടത് .ഒന്നു മാലോചിച്ചില്ല . അയാൾ ഫസ്റ്റ് ഗിയറിൽ തന്നെ ഓടാൻ തുടങ്ങി; പശു പിന്നാലെയും. എന്നാൽ മുണ്ട് മടക്കി കുത്താത്തതിനാലും കാലിൽ സ്ലിപ്പർ ചെരുപ്പുകളായിരുന്നതിനാലും കൈയിൽ അമ്പലത്തിലേക്കായി കരുതിയ പൂക്കടയുണ്ടായിരുന്നതിനാലും പ്രതീക്ഷിച്ചതു പോലെ പിക്കപ്പ് കിട്ടിയില്ല വിണ്ടും പശുവിന്റെ കുത്തേറ്റ് ശിവാനന്ദൻ പാടത്തേക്ക് മറിഞ്ഞുവീണു . പ്രയാസപ്പെട്ടെണീറ്റ് . കാലിലെ ചെരിപ്പൂരി മാറ്റി. മുണ്ടും മടക്കിക്കുത്തി, വീണ്ടും വരമ്പത്തു കയറി മുന്നോട്ടോടാൻ തുടങ്ങി . പശുവുണ്ടോ വിടുന്നു. അതു പിന്നാലെ പാഞ്ഞു. പാടത്തു വീണപ്പോൾ കൈയിൽ നിന്നും തെറിച്ചു പോയ പൂക്കുടയെടുക്കാൻ തിരക്കിനിടയിൽ ശിവാനന്ദൻ മറന്നുപോയി.

ഒടുവിൽ അമ്പലമുറ്റത്ത് അരയാലിന്റെ ചോട്ടിൽ സ്ഥിരമായി ചീട്ടുകളിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരാണ് രക്ഷക്കെത്തിയത് . പാടവരമ്പത്ത് കൂടെ ഓടിവരുന്ന പശുവിനെയും ശിവാനന്ദനെയും കണ്ടു കാര്യം മനസ്സിലാക്കിയ അവർ ഓടിയെത്തി അയാളെ പശുവിന്റെ ആക്രമണത്തിൽ നിന്നും രക്ഷിച്ചു.

പരുക്കേറ്റ അയാളെ, പെട്ടെന്നുതന്നെ ഒരു ടാക്സി പിടിച്ച് അവർ ആശുപ്രതിയിലെത്തിച്ചു . അവിടെയെത്തി പലരും അയാളെ സന്ദർശി ച്ചു . സഹ അദ്ധ്യാപകർ , വിദ്യാർത്ഥി വിദ്യാർത്ഥിനികൾ , അമ്പലം ശാന്തിക്കാരൻ , കമ്മിറ്റിക്കാർ , ബന്ധുമിത്രാദികൾ അങ്ങിനെ പലരും. തലക്കും കൈകാലുകൾക്കും നല്ല പരിക്കുണ്ട് . പ്ലാസ്റ്ററിട്ട കാലുകൾ അല്പം ഉയർത്തി വെച്ച നിലയിലാണ് കിടപ്പ് - ഒന്നും സംസാരിക്കാ തെ , നിസ്സംഗനായി . കൂടെയുണ്ടായിരുന്ന ഭാര്യയാണ് വിവരമന്വേഷിച്ചെത്തിയവരോട് വർത്തമാനം പറഞ്ഞത്. ആശുപ്രതി മുറിവിടുന്നതിനു മുൻപ് അവരിൽ പലരും “ നാലും ശിവാനന്ദനിങ്ങനെ വന്നല്ലോ ... ? " എന്ന് അതിശയപ്പെട്ടു . വെറുതെ കണ്ണുകൾ മിഴിച്ചങ്ങിനെ കിടന്നത ല്ലാതെ അയാൾ ആരോടും ഒന്നും മിണ്ടിയില്ല . വിശക്കുമ്പോൾ മാത്രം, സന്ദർശകർ കൊണ്ടുകൊടുത്ത മുന്തിരിയും പഴവും കഴിച്ചു .

കണക്കദ്ധ്യാപകനായിരുന്ന ശിവാനന്ദന്റെ ജീവിതം തികച്ചും ലളി തമായിരുന്നു . കോളേജ് ഡിഗ്രി പഠനം പൂർത്തിയാക്കിയശേഷമാണ് ദേവമാതാ ട്യൂഷൻ സെന്ററിൽ അദ്ധ്യാപനം തുടങ്ങിയത്. ഗവൺമെന്റ് ജോലി കിട്ടുന്നതുവരെ, എന്നായിരുന്നു ആദ്യത്തെ പ്ലാൻ . എന്നാൽ ഈ പണി ഇഷ്ടപ്പെട്ടതുകൊണ്ടാ വീട്ടുകാരാരും മറ്റൊന്നിനും നിർബന്ധിക്കാത്തതുകൊണ്ടോ ... എന്തോ .... അയാൾ പിന്നെ മറ്റൊരു ജോലിക്കും ശ്രമിച്ചില്ല, പോയില്ല . കുട്ടികൾക്ക് , പ്രത്യേകിച്ച് , പെൺകു ട്ടികൾക്ക് ശിവാനന്ദൻ സാറിനെ വലിയ മതിപ്പുമായിരുന്നു . പഠിപ്പിക്കല് അത്ര കേമമല്ലായിരുന്നെങ്കിലും, എന്നും വെള്ളമുണ്ടും വെള്ള ഷർട്ടും ധരിച്ചെത്തിയിരുന്ന കട്ടിമീശക്കാരനായ ഈ കണക്കദ്ധ്യാപ കനെ പെൺകുട്ടികൾക്കെല്ലാം വലിയ ഇഷ്ടമായിരുന്നു . സാറിന് പെൺ കുട്ടികളെയും. എപ്പോഴെങ്കിലുമൊക്കെ സാറിനോടസൂയ തോന്നിയ ചില വികൃതിപ്പയ്യൻമാർ അയാൾക്ക് “ മീശമാധവൻ ” എന്ന ഇരട്ടപ്പേരു നല്കിയിരുന്നു .
അങ്ങിനെ വർഷങ്ങൾ കടന്നുപോയപ്പോൾ ശിവാനന്ദന് ഒരു പെണ്ണു കെട്ടണമെന്നു തോന്നി. മകന്റെ ആഗ്രഹം മണത്തറിഞ്ഞ മാതാപിതാ ക്കൾ ഒരു ഗവൺമെന്റു ജോലിക്കാരിയതന്നെ തപ്പിയെടുത്തു. ഒരു പാരലൽ കോളേജ് വാദ്ധ്യാർക്ക് കെട്ടിച്ചുകൊടുക്കാൻ പെണ്ണിന്റെ വീട്ടു കാർക്ക് താല്പര്യമില്ലായിരുന്നെങ്കിലും, ആദ്യകൂടിക്കാഴ്ചയിൽ തന്നെ പെൺകുട്ടിയെ വീഴ്ത്താൻ ശിവാനന്ദനു കഴിഞ്ഞതുകൊണ്ട്, വീട്ടുകാരുടെ എതിർപ്പിന് വലിയ ബലമില്ലായിരുന്നു . കല്യാണം കഴിഞ്ഞ് ദാമ്പത്യം സുഖകരമായിരുന്നു എന്നതിനു തെളിവെന്നോണമാണ്, കൃത്യം ഒരു വർഷം കഴിഞ്ഞ് ഒരാൺകുട്ടിയും പിന്നെയും ഒരു വർഷം കഴിഞ്ഞ് ഒരു പെൺകുട്ടിയും ഉണ്ടായത് .

എന്നാൽ ഒരഞ്ചുവർഷം കഴിഞ്ഞപ്പോൾ ജീവിതത്തിലെ പുതുമക ളെല്ലാം നഷ്ടപ്പെട്ടതായി അയാൾക്കുതോന്നിത്തുടങ്ങി . പഠിപ്പിക്കലും കുടുംബജീവിതവുമൊക്കെ പരമബോറായി. ഒന്നിലും ഒരുത്സാഹവുമില്ല. പഠിപ്പിക്കാൻ പോകുന്നതുപോലും കേവലം ഒരു ചടങ്ങ് എന്ന പോലെയായി. പലരാത്രികളിലും സ്നേഹത്തോടെ കെട്ടിപ്പിടിക്കാൻ തുടങ്ങുന്ന ഭാര്യയോട്
'നല്ല സുഖമില്ല' എന്നു പറഞ്ഞ് തിരിഞ്ഞു കിടന്നു. അച്ഛനോടും അമ്മയോടും എന്തിന് സ്വന്തം കുഞ്ഞുങ്ങളോടു പോലും അധികം മിണ്ടാതെയായി. ഈ മാറ്റങ്ങൾ കണ്ട് മനസ്സുനൊന്ത ഭാര്യ സ്വന്തം ഭർത്താവിനു സൽബുദ്ധി തിരിച്ചുകിട്ടാൻ എന്നും ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ചു . അങ്ങിനെ ഒരുദിവസം സന്ധ്യാനേരത്ത് വിളക്കു കത്തിക്കാൻ തുടങ്ങുമ്പോൾ കയറിവന്ന ശിവാനന്ദനെ തന്റെ കൂടെയിരിക്കാൻ അവർ നിർബന്ധിച്ചു . ഒരെതിർപ്പും കൂടാതെ അയാൾ അനുസരിച്ചു. എന്തിന് തുടർന്നുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം അയാൾ പ്രാർത്ഥനക്കായി ഭാര്യയോടൊപ്പം കൂടി. ക്രമേണ അയാൾ ഈശ്വരവിശ്വാസ ത്തിലേക്ക് തിരിഞ്ഞു . ആദ്യം വീട്ടിലെല്ലാപേർക്കും ശിവാനന്ദന്റെ മാറ്റ ത്തിൽ സന്തോഷം തോന്നിയെങ്കിലും പിന്നീടുള്ള അയാളിലെ മാറ്റ ങ്ങൾ അവരെ വിഷമിപ്പിച്ചു .

ദിവസങ്ങൾ കഴിയുന്തോറും അയാളിലെ ഭക്തി കൂടിക്കൂടി വന്നു . ആദ്യമൊക്കെ പ്രാർത്ഥനാസമയത്ത് ഭാര്യയോടൊപ്പം വെറുതെയിരുന്ന അയാൾ, പിന്നീട് എല്ലാ കാര്യങ്ങൾക്കും മുൻകൈയെടുത്തു തുടങ്ങി. വിളക്ക് പുറത്തുകൊണ്ടുപോയി ചാരം തേച്ച് കഴുകി തുടക്കുക. തിരി തയ്യാറാക്കുക - അങ്ങിനെ എല്ലാ കാര്യങ്ങളും അയാൾ തന്നെ ചെയ്യാൻ തുടങ്ങി. ഏതാനും മാസങ്ങൾകൊണ്ട് ശിവാനന്ദൻ ഒരു തികഞ്ഞ ഭക്തനായി മാറുകയുണ്ടായി . വീട്ടിൽ പുതുതായി ഒരു പൂജാ മുറി ഒരുക്കി അതിൽ ഇഷ്ടദൈവങ്ങളുടെ ഫോട്ടോകൾ നിരത്തി . എല്ലാ ദൈവങ്ങൾക്കും കൂടി ആ കൊച്ചുമുറിയിൽ ഇരിക്കാൻ തന്നെ പ്രയാസമായിരുന്നു . പുതിയ വിളക്കുകൾ, മറ്റു പൂജാസാമഗ്രികൾ, ഇരിക്കാൻ ഒരു ചെറിയ പീഠം, ഒരു കൊച്ചുരുളി തുടങ്ങിയവ പൂജാമുറിയിൽ സജ്ജമായി.

ചുരുക്കത്തിൽ പുതുതായി കൈവന്ന ഭക്തി ശിവാനന്ദന്റെ ജീവിതം തന്നെ മാറ്റി മറിച്ചു . അയാൾ എന്നും രാവിലെ അഞ്ചുമണിക്കെണീറ്റ് സൂര്യനമസ്കാരം ചെയ്യാനാരംഭിച്ചു. അത് കഴിഞ്ഞ് മറ്റ് ദിനചര്യകൾക്കുശേഷം ഈറനുടുത്ത് പൂജാമുറിയിൽ കയറും. അവിടെ പിന്നെ ഒരു രണ്ടുമണിക്കുർ രാമായണമോ മഹാഭാരതമോ അങ്ങിനെയെന്തെങ്കിലും ഉറക്കെ വായി ക്കും . അത് കഴിഞ്ഞ് പൂജ . പൂജക്കുശേഷം കർപ്പൂരം കത്തിച്ച് വീട്ടിലെല്ലാപേരെയും തൊഴിച്ചിട്ടു മാത്രമേ അയാൾ പ്രഭാതഭക്ഷണം കഴിക്കു മായിരുന്നുള്ളു . ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ പോകുന്നതിനുമുമ്പ് ദിവസവും രാവിലെ അമ്പലത്തിൽ പോകുന്നത് ശീലമാക്കി. ജോലി കഴിഞ്ഞ് നേരെ അമ്പലത്തിലേക്ക്. പിന്നെ ദീപാരാധനയും കഴിഞ്ഞ് നടയടച്ചശേഷമേ വീട്ടിലെത്തുകയുള്ളു. വിട്ടിലെത്തിയാൽ എന്തെ ങ്കിലും കഴിച്ച് കിടന്നുറങ്ങും . ആരോടും അധികം സംസാരിക്കാതെ യായി ,

ശിവാനന്ദന്റെ ഈ മാറ്റവും രീതികളും, ഭാര്യയെയും അച്ഛനമ്മമാരെയും വല്ലാതെ ദുഖിപ്പിച്ചു . 'അച്ഛനെന്താ ഒന്നും മിണ്ടാത്തെ ' എന്ന് കുട്ടികളും ചോദിച്ചു തുടങ്ങി. അയാൾ വീട്ടിൽ നിന്നും യാഥാർത്ഥ്യ ങ്ങളിൽനിന്നുമകന്ന് തന്റേതായ മറ്റേതോ ലോകത്തു ചെന്നുപെട്ടതായി വീട്ടിലുള്ളവർ മനസ്സിലാക്കി. ദൈവകാര്യങ്ങളൊഴിച്ച് മറ്റൊന്നിലും അയാൾ ശ്രദ്ധയില്ലാതായി . അമ്പലത്തിൽ പോയശേഷം പലദിവസങ്ങ ളിലും ട്യൂഷൻ സെന്ററിലെത്താൻ വൈകിയതിനു പ്രിൻസിപ്പലിന്റെ വായിൽ നിന്നും ശകാരം കേട്ടു. 

അങ്ങിനെയിരിക്കുമ്പോഴാണ് അമ്പലക്കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് വന്നത് . സെക്രട്ടറിയായി ശിവാനന്ദൻ ഐകകണ്ഠന തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അതോടുകൂടി ഉത്തരവാദിത്തങ്ങൾ കൂടു കയും മറ്റൊന്നിലും ശ്രദ്ധിക്കാൻ പറ്റാതെയാവുകയും ചെയ്തു . ദീപാരാധന കഴിഞ്ഞ് നടയടച്ചുകഴിഞ്ഞാലും കണക്കുകളെല്ലാം കൃത്യമായി എഴുതിക്കഴിഞ്ഞശേഷമേ വീട്ടിലേക്ക് തിരിക്കുകയുള്ളു . അയാൾ ക്രമേണ വീടുമായും വീട്ടുകാരുമായകന്ന് സ്വന്തമായ ലോകത്ത് ഒറ്റ പ്പെട്ടു . കിട്ടുന്ന ശമ്പളത്തിന്റെ പകുതിയും അമ്പലത്തിന്റെ ആവശ്യങ്ങൾക്കായി ചെലവാക്കാൻ തുടങ്ങി. എല്ലാ ഉത്തരവാദിത്തങ്ങളും ചെലവുകളും തലയിൽ വീണ ശിവാനന്ദന്റെ ഭാര്യ, ഒരാളിന്റെ ശമ്പളം കൊണ്ട് മാസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടി.

അങ്ങനെയിരിക്കുമ്പോഴാണ്, ഒരുദിവസം അമ്പലത്തിൽ നിന്നും മടങ്ങിവരുന്ന വഴി , ശിവാനന്ദന്റെ കാലിൽ ഒരു പാമ്പ് കടിച്ചത്. ഒപ്പമുണ്ടായിരുന്നവർ ഉടൻതന്നെ അടുത്തുള്ള വിഷവൈദ്യന്റെയടുത്ത് എത്തിക്കുകയും അതുകൊണ്ടുമാത്രം മരണത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്തു . എന്നാൽ ഇതൊരു തുടക്കം മാത്രമായിരുന്നു. മാസത്തിലൊ രിക്കലെങ്കിലും, ഒന്നുകിൽ അമ്പലത്തിൽ പോകുന്നവഴി, അല്ലെങ്കില് മടങ്ങിവരുന്ന വഴി, ഇങ്ങിനെയെന്തെങ്കിലും അത്യാഹിതം സംഭവിക്കുക പതിവായി. അങ്ങനെ കഴിഞ്ഞ ആറുമാസങ്ങളിലെ അവസാനത്തെ സംഭവമായിരുന്നു പശു കുത്തിയത്.

ആശുപ്രതിയിലെത്തിയ പലരും ചേർന്ന്, ഒരു പ്രശ്നം വെച്ചാലെന്ത് എന്നാലോചിച്ചു . ഇത്രയും ദൈവഭയവും ഭക്തിയുമുള്ള ഒരാൾക്ക്, എന്തു കൊണ്ടാണ് ഇത്തരം അനുഭവങ്ങളുണ്ടാകുന്നത് . അതും അമ്പലപരിസരത്തുവെച്ച്. ഭാര്യക്ക് ആദ്യം ആ ആശയത്തോട് യോജിപ്പില്ലായിരു ന്നെങ്കിലും ഒടുവിൽ സമ്മതിച്ചു. അമ്പലം ശാന്തിക്കാരൻ നിർദ്ദേശിച്ച ജ്യോത്സ്യനെത്തന്നെ പ്രശ്നം വയ്ക്കാൻ ബുക്ക് ചെയ്തു . പറഞ്ഞുറപ്പിച്ച് ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ജ്യോത്സ്യൻ വീട്ടിലെത്തി. നാട്ടുകാരിൽ പ്രധാനിമാരും വീട്ടുകാരും ഹാജരായി. ഭാര്യ വീട്ടിനുള്ളിൽ നിന്നും പതുക്കെ ശിവാനന്ദനെ താങ്ങിപ്പിടിച്ച് നടത്തി, ഉമ്മറത്ത് ജോത്സ്യനു സമിപം ഇരുത്തി. മുറിവുകൾ ഉണങ്ങി തുടങ്ങ ന്നതേയുള്ളു . 

അയാൾ നിർവികാരനായി അവിടെയിരുന്നു . ജോത്സ്യൻ പലകമേൽ വരച്ച കളങ്ങളിൽ കവിടി നിരത്തി ധ്യാനനിരതനായി . ആളുകൾ ആകാംഷയോടെ ജ്യോത്സ്യന്റെ പ്രവർത്തികൾ ശ്രദ്ധിച്ചു നിന്നു . അയാൾ ഇടക്കിടക്ക് എന്തൊക്കെയോ ശ്ലോകങ്ങൾ ചൊല്ലുകയും, കവിടികൾ കളങ്ങളിൽ മാറ്റി മാറ്റി വയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. ഒടുവിൽ അല്പം നീണ്ടു നിന്ന ധ്യാന ത്തിനു ശേഷം ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ഇങ്ങിനെ പറഞ്ഞു; ആരോടെന്നില്ലാതെ -

'ശിവാനന്ദൻ സ്വന്തം കർമ്മങ്ങളുടെ ലോകത്തേക്ക് മടങ്ങി വരേണ്ടതുണ്ട്. പരമശിവനു വേണ്ടത് അതാണ് . സ്വന്തം കർമ്മങ്ങൾ തിരിച്ചറിഞ്ഞ് അവ നിറവേറ്റുക . അതാണ് ജീവിതം . അതുകഴിഞ്ഞ് സമയഉണ്ടെങ്കിൽ മാത്രം അങ്ങോട്ടു ചെല്ലുക. സ്വന്തം കർമ്മങ്ങൾ ശരിയായി നിറവേറ്റുന്നതുതന്നെയാണ് ഈശ്വരസേവ. സ്വന്തം കർമ്മങ്ങൾ മറന്ന് അങ്ങോട്ടു പോകണ്ട. . ഓരോ അനുഭവങ്ങൾ നല്കി പരമശിവൻ പറയാൻ ശ്രമിച്ചത് അതാണ് .'

Thursday, July 2, 2020

വിനാശകാലേ


                                                   Ellis Island (എല്ലിസ് ഐലൻഡിൽ നിന്ന്)
                                                                                                                                                                               (അനുഭവം /ഓർമ, Anthology)
Published by Pulitzer June 2020  
                                
2001 സെപ്റ്റംബർ  മാസത്തിലൊരു  ദിവസം രാവിലെ. പതിവ് ചൊവ്വാഴ്ചകളിലൊന്ന്. ഒരിടത്തും മുൻപ് കണ്ടിട്ടില്ലാത്തതോ  വായിച്ചിട്ടില്ലാത്തതോ ആയ ആ വാർത്ത ഭീതിദമെങ്കിലും കൗതുകത്തോടെ  കാണുകയായിരുന്നു. വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ സ്വയം നേടിയൊരനുകൂല്യമായിരുന്നു ഇടയ്ക്കു ഒരിടവേള  എടുത്തു  ടി വി കാണുകയെന്നത്‌. ബോസ്റ്റണിൽ  നിന്നും ലോസ് ആൻജലസിലേക്കു തിരിച്ച 'അമേരിക്കൻ എയർലൈൻസ് -11' വിമാനം, രാവിലെ 8.46 നു ലോകത്തിനു മുൻപാകെ അഭി മാനത്തോടെ ഉയർന്നു നിന്നിരുന്ന 110 നിലകളുള്ള  വേൾഡ് ട്രേഡ് സെന്റർ ഇരട്ട ഗോപുരങ്ങളിൽ, വടക്കേ ഗോപുരത്തിന്റെ ചങ്കിലേക്ക് നൂറോളം വരുന്ന യാത്രക്കാരുമായി ഇടിച്ചുകയറുന്ന ദൃശ്യങ്ങളും വാർത്തകളും.

ഉള്ളിൽ കത്തിയ അഗ്നി ഗോളങ്ങൾ ടവറിന്റെ മുകളിലും പാർശ്വങ്ങളിലുമായി ഇരുണ്ട പുകപടലങ്ങളായി പടരുന്നു. അഗ്നിശമന സേനയുടെയും എഫ് ബി ഐ  ഉദ്യോഗസ്ഥരുടെയും ന്യൂയോർക്ക് പോലീസിന്റേയും നിയന്ത്രണ ശ്രമങ്ങൾക്കിടയിൽ എങ്ങോട്ടോടിയാൽ രക്ഷയുണ്ട് എന്നറിയാതെ സമനില വിട്ടു പരക്കം പായുന്ന ജനങ്ങൾ... ആ രൻ   ബ്രൗണിന്റെ (Aaron Brown) CNN ചാനൽ  ബ്രേക്കിംഗ് ന്യൂസ്  ആയിരുന്നു എന്നാണോർമ.

ഇതിനിടയിലാണ് കാളിങ് ബെൽ രണ്ടു മൂന്നു തവണ അടുപ്പിച്ചു ശബ്ദിച്ചത്. ആരായിരിക്കും, ഇത്ര രാവിലെ എന്തിനായിരിക്കും എന്ന സംശയത്തോടെ വാതിൽ തുറന്നു.

ജൂലിയാൻ - തൊട്ടടുത്ത വീട്ടിലെ താമസ്സക്കാരിയാണ്. കൂടെ സ്വർണ തലമുടിയുള്ള രണ്ടു പെൺകുട്ടികളും. ഒരെണ്ണം ഒക്കത്തും മറ്റേതു സ്‌ട്രോളറിലും..

'അറിഞ്ഞുവോ ..ന്യൂസ്?'

വാതിൽ തുറന്നതും അമ്പരപ്പോടെ അവർ ആരാഞ്ഞു.

'ഞാനും കാണുകയായിരുന്നു'

ഞാൻ കണ്ട വാർത്ത തന്നെയാണ് അവരും കണ്ടത്. പക്ഷെ അവരിൽ അത് കൂടുതൽ ആഘാതവും ഉൽക്കണ്ഠയും ഉണ്ടാക്കിയിരിക്കുന്നു.

അവരുടെ ഭർത്താവ്  അമേരിക്കൻ എയർ ലൈൻസ് പൈലറ്റ് ആണ്. രണ്ടു ദിവസ്സം മുൻപ് പോയതാണ്. തലേന്നു  വിളിച്ചിരുന്നത്രെ. പിന്നെ യാതൊരു വിവരവുമില്ല.

അകത്തേക്കിരിക്കാൻ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ അവിടെ നിന്നു  തന്നെ കൂടുതൽ കാര്യങ്ങൾ  പറയാൻ തുടങ്ങുന്നു. അവരുടെ ശരീരഭാഷയിലും ശബ്ദത്തിലും ഭയവും സങ്കടവും ആവലാതിയും കൂടുന്നതായി ഞാനറിഞ്ഞു.

സ്‌കോട്ട്, ഇടിച്ച വിമാനത്തിന്റെ പൈലറ്റ് ആവാനുള്ള സാധ്യത ഏറെ വിദൂരമാണെങ്കിലും ആ നേരീയ സാധ്യതയോർത്തവർ തളരുന്നു.

കുട്ടികളുമായി നടക്കാനിറങ്ങുമ്പോൾ ഏതു വിമാനം കണ്ടാലും സ്‌ട്രോളർ കാരി മുകളിലേക്ക്  കൈ കാണിച്ചു കുഞ്ഞി വായിൽ ചിരിക്കുമത്രേ. ഇതുപറയുമ്പോൾ അവരുടെ കണ്ണുകൾ അറിയാതെ തുളുമ്പി.

സ്നേഹിക്കുന്നവർക്ക് ഒരാപത്തുവരുമോയെന്ന ചിന്തപോലും നമ്മെ എത്ര പരിഭ്രാന്തരാക്കുന്നുവല്ലേ?

അവരെ സമാധാനപ്പെടുത്താനായി നമ്പർ വാങ്ങി അയാളെ വിളിച്ചു നോക്കി. ഫോൺ ഓഫ് ആണ്.

ഞാൻ ചോദിച്ചു
 'എങ്ങോട്ടാണ് സ്കോട്ട് പോയിരിക്കുന്നത്?'

'ഡാളസ്'
എന്നാൽ വിഷമിക്കേണ്ട കാര്യമില്ലെന്നും ഇത് ബോസ്റ്റണിൽ നിന്നുമുള്ള ഫ്ലൈറ്റ് ആണെന്നുമൊക്കെ പറഞ്ഞു സമധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർക്കു കാര്യങ്ങൾ എന്നേക്കാൾ കൂടുതൽ അറിയാമെന്നു ചുരുങ്ങിയ സമയം കൊണ്ട് എനിക്ക് മനസ്സിലായി.

'പ്ളീസ് കം ഇൻ '
രണ്ടാമതും പറഞ്ഞപ്പോൾ അവർ അകത്തുകയറി സോഫയിൽ ഇരുന്നു.
മുന്നിലെ ടി വി യിൽ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ.

ഇടക്ക്‌  അവർ ഭർത്താവിന്റെ അച്ഛനെ (അദ്ദേഹം വ്യോമ സേനയിൽ ജോലിചെയ്തിരുന്ന ആളാണ്) ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹവും സാന്ത്വന  വാക്കുകൾ പറഞ്ഞതിനാലാവണം പിന്നെയവർ അൽപ്പം ആശ്വാസത്തിലായിരുന്നു.

ഇതിനകം മറ്റൊരു വിമാനം 'യുണൈറ്റഡ്-175'  രാവിലെ 9.03 നു  തെക്കൻ ഗോപുരത്തിന്റെ എഴുപത്തി അഞ്ചുമുതൽ എൺപത്തി അഞ്ചുവരെ നിലകളിലേക്കു ഇടിച്ചു കയറിയിരുന്നു. ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ രണ്ടു ഗോപുരങ്ങളും ഉരുക്കു തൂണുകൾ  തീർത്ത  നട്ടെലുരുകി നിലം പതിച്ചു.

AL-QUEADA  ഭീകരർ  ആസൂത്രണം ചെയ്തു, അമേരിക്കൻ മണ്ണിൽ നടത്തിയ ആക്രമണ പരമ്പരയിലെ ആദ്യ സംഭവമായിരുന്നു ഇത്. ആ സെപ്റ്റംബർ 11 ന്റെ ഓർമ '911' എന്ന പേരിൽ തുടർന്നെല്ലാവർഷവും അതെ ദിവസ്സം,  ആയിരങ്ങളുടെ ആത്മരക്ഷക്കായുള്ള സഹായവിളിയായി ഈ രാജ്യത്തെ ജനത ഓർക്കുന്നു. (അമേരിക്കയിൽ അത്യാവശ്യ സർവീസിന് വിളിക്കേണ്ടുന്ന നമ്പറാണ് 911). മൂവായിരത്തോളം ആളുകൾ കൊല്ലപ്പെട്ട, അതിലിരട്ടിയോളം പേർക്കു പരിക്കേറ്റ, സാമ്പത്തികമായി ബില്യനുകൾ വിലകൊടുക്കേണ്ടിവന്ന, വിലയിടാനാവാത്ത പൗര സ്വാതന്ത്ര്യത്തിനു മേൽ എന്നെന്നേക്കുമായി ഭീതിയുടെ കരിനിഴൽ വീഴ്ത്തിയ സംഭവം.

ഒരപകട വാർത്ത കേൾക്കുമ്പോൾ, സ്വന്തക്കാരിലാരെങ്കിലും, പിന്നെ ബന്ധുക്കൾ പിന്നെ സുഹൃത്തുക്കൾ അതും കഴിഞ്ഞു പരിചയക്കാരിക്കാരിലാരെങ്കിലും അതിൽ പെട്ടുവോ എന്ന ക്രമത്തിലാണല്ലോ നമ്മുടെ അന്വേഷണ വ്യഗ്രത നീളുക. അങ്ങിനെ നോക്കുമ്പോൾ സ്വാർഥതാൽപ്പര്യപരമായ  എല്ലാ അന്വേഷണങ്ങൾക്കൊടുവിലും  വ്യക്തിപരമായി എന്നെ ബാധിച്ച ഒരു പ്രശ്നമായിരുന്നില്ല ഇത്. പക്ഷെ പിന്നീട് ഇവിടെ ജീവിക്കുന്ന എല്ലാവ രെയുംപോലെ എന്നെയും ആ കറുത്ത ദിവസവും  അതിനു ശേഷം ഉണ്ടായ സംഭവവികാസങ്ങളും ബാധിച്ചിട്ടുണ്ട്. 'ഫ്രീ കൺട്രി' എന്ന പ്രയോഗത്തിന്റെ അർത്ഥതലങ്ങൾ തന്നെ മാറിപ്പോയിരിക്കുന്നു.

എന്റെ അയൽക്കാർക്ക് ആ സമയത്തു ഓടിവരാൻ  തോന്നിയത് ഞങ്ങളുടെ വീട്ടിലേക്കാണ്. തീർച്ചയായും അവർ അവരുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒക്കെ ഫോണിൽ ബന്ധപ്പെട്ടിരിക്കാം. പക്ഷെ എത്തിച്ചേരാനുള്ള കാലതാമസം കൊണ്ടോ, അവരുടെ അപ്പോഴത്തെ ഭയവും ആശങ്കകളും പങ്കിടാൻ പെട്ടെന്നൊരാൾ വേണമെന്ന കാരണത്താലോ, എന്തുകൊണ്ടോ ഞങ്ങളുടെ അടുത്ത് വന്നു. അതുവരെ പുറത്തു നിന്ന് മാത്രം കാര്യങ്ങൾ പറയുകയോ 'ഹാലോവീൻ' ( പുരാതന സെൽറ്റിക് (Celtic ) ആത്മീയ പാരമ്പര്യത്തിലെ ഒരാഘോഷത്തിന്റെ തുർച്ചയായി എല്ലാവർഷവും ഒക്ടോബർ 31 നു പ്രേതപിശാചുക്കളുടെ വേഷങ്ങളണിഞ്ഞുള്ള ഒരാഘോഷം) പോലുള്ള ആഘോഷങ്ങളുടെ സമയത്തു മാത്രം കുട്ടികൾക്കൊപ്പം കൂടുകയോ  ചെയ്യുമായിരുന്നവർ അരക്ഷിതാവസ്ഥയുടെയോ ഭീതിയുടെയോ സമയത്തു മറ്റെല്ലാം മറന്ന് സഹജീവിയെന്ന പരിഗണയിൽ മാത്രം പെരുമാറുന്നു.

ഇതുതന്നെയാണ്  2018 ൽ സംഭവിച്ചതും   ഈ വർഷം വീണ്ടും ആവർത്തിച്ചതുമായ  പ്രളയദുരന്തത്തിൽ കേരളം കണ്ടത്. ഇതൊക്കെ കൊണ്ട്  അടിവരയിട്ടു പറയാവുന്ന ഒന്ന്, അതിജീവനത്തിന്റെ വെല്ലുവിളി നേരിടേണ്ടി വരുമ്പോൾ മനുഷ്യനെ പരസ്പരം ബന്ധിപ്പിച്ചു നിറുത്തുന്നത് മാനുഷികതയാണ്. ജാതി മത വംശ വ്യത്യാസങ്ങളും അതുമൂലമുള്ള സ്പർദ്ധകളും നിലനില്പിന്റെയോ മറ്റു പ്രാഥമിക സുരക്ഷിതത്വത്തിന്റെയോ വെല്ലുവിളികൾ ഇല്ലാതെ വരുമ്പോൾ, ഒറ്റക്കോ കൂട്ടായോ മനുഷ്യൻ വളർത്തിയെടുക്കുന്ന വിഭജനത്തിന്റെ വിഷവിത്തുകൾ മാത്രമാണ്.

ഇനി ജൂലിയന്റെ കാര്യത്തിലേക്കു തിരിച്ചുവരാം. വൈകുന്നേരം നാലു മണിയോടെ ഭർത്താവിന്റെ അച്ഛൻ അവരെ  തിരിച്ചു വിളിക്കുകയും  സ്‌കോട്ട് സുരക്ഷിതനാണെന്നു  സ്ഥിരീകരിക്കുകയും ചെയ്തു. സുരക്ഷാകാരണങ്ങളാലാണ് അദ്ദേഹവുമായി നേരിട്ട് ഫോണിൽ ബന്ധപ്പെടാൻ ആ സമയത്തു സാധിക്കാതെ പോയത്
സമാധാനത്തോടെ അവർ പോകുമ്പോൾ അവരെയും , അന്ന്  മരണമടഞ്ഞവരെയും , കത്തിയമരുന്ന ഗോപുരങ്ങളിൽ നിന്നും പ്രാണരക്ഷാർത്ഥo  നാലുപാടുമോടിയവരെയും , ഏറെ നാളുകൾക്കു ശേഷം സഹാനുഭൂതി (Empathy )യെന്ന വികാരത്തോടെ  എനിക്കു കാണുവാൻ കഴിഞ്ഞു. പരക്കം പായുന്നതിനിടയിൽ അവരിലാരോ ഉപേക്ഷിച്ചിട്ട രണ്ടു ഷൂസുകളിൽ അവരിലൊരാളായി ഞാൻ നിൽക്കാൻ  ശ്രമിച്ചു.

ദിവസ്സങ്ങൾ അധികം കഴിയുന്നതിനു മുൻപേ തന്നെ, ഈ ആക്രമണ പരമ്പരകളുടെ സൂത്രധാരൻ ബിൻ ലാദൻ വക ഒരു വീഡിയോ മാധ്യമങ്ങളി ലൂടെ പ്രചരിക്കാൻ തുടങ്ങിയിരുന്നു. അമേരിക്കൻ അതിർത്തിയുടെ തെക്കു മുതൽ വടക്കേയറ്റം വരെയും പടിഞ്ഞാറുമുതൽ കിഴക്കേയറ്റം വരെയും ഉള്ള ജനങ്ങളുടെ മനസ്സിൽ  വരും നാളുകളിൽ ഭീതിയുടെ വേലിയേറ്റം സൃഷ്ടിക്കും എന്നായിരുന്നു സന്ദേശം.  ഇനിയും ഇത്തരം ഭീകര ആക്രമണങ്ങൾ അമേരിക്കൻ മണ്ണിൽ ആസൂത്രണം ചെയ്യുന്നതിന്റെ സൂചനയായിരുന്നു അത്. അമർഷത്തോടെ അത് കാണുകയും കേൾക്കുകയും ചെയ്‌തെങ്കിലും അതിലെ ഗൂഢാർത്ഥം അന്ന് മനസ്സിലാക്കിയിരുന്നില്ല.  അതിനു ശേഷം   'ഹോം ബ്രീഡ്' ആയി നടന്ന  ശ്രമങ്ങൾ എല്ലാം വിജയിച്ചില്ലായെങ്കിലും  ഭീകരവാദികളുടെ ആത്യന്തിക ലക്‌ഷ്യം ജനജീവിതത്തിൽ ഭീതി പരത്തി അവരുടെ സ്വതന്ത്ര വ്യാപാരങ്ങളെ  അലങ്കോലപ്പെടുത്തുക എന്നത് തന്നെയാണ്. അതിൽ വലിയൊരു പരിധിവരെ അവർ വിജയിച്ചുവെന്ന് വേണം കരുതാൻ. 

 911 സംഭവം അമേരിക്കൻ ജനതയിലുണ്ടാക്കിയ മുറിവുണങ്ങാൻ വർഷങ്ങൾ വേണ്ടിവന്നു. ജീവിതം അതിന്റെ നിയതമായ വഴികളിലൂടെ വീണ്ടും മുന്നോട്ടുപോയെങ്കിലും, എപ്പോഴെങ്കിലുമൊക്കെ ജൂലിയാനും  കുട്ടികളും ചിന്തയിൽ വന്നു കേറുമായിരുന്നു. നമുക്കൊരു പങ്കുമില്ലാത്ത അവിചാരിതസംഭവങ്ങൾ നമ്മെ എന്തുമാത്രം നിരാലംബരും നിസ്സഹായരുമാക്കുന്നു എന്നോർത്ത് നടുങ്ങിയിരുന്നു. ആ നടുക്കത്തിലെപ്പോഴോ ആണ്  വർഷങ്ങൾക്കു  മുൻപ്   ഞാനും സമാനവ്യഥകളിലൂടെ കടന്ന് പോയ ആ ദിവസങ്ങൾ ഓർമയിലേക്ക് തള്ളിക്കയറിയത്. 

1992 ഡിസംബറിൽ മുംബൈയിൽ അരങ്ങേറിയ ഹിന്ദു മുസ്ലിം കലാപമാണ് ജീവിതത്തിൽ ആദ്യമായി എന്നിൽ ഭയവും അരക്ഷിതാവസ്ഥയും നിറച്ചത്. ഡിസംബർ 6 -നു ഹിന്ദു കർസേവകർ അയോദ്ധ്യയിലെ  ബാബറി മസ്‌ജിദ്‌ പൊളിച്ചതിൽ പ്രകോപിതരായ മുസ്ലിംങ്ങൾ തെരുവിലിറങ്ങിയതോടെ തുടങ്ങിയ കലാപം 1993 ജനുവരി പകുതിയോടെ അടങ്ങിയപ്പോൾ തൊള്ളായിരത്തോളം പേർ  കൊല്ലപ്പെട്ടു. അതിന്റെ നടുക്കുന്ന വിശദാംശങ്ങൾ വായനക്കാരിൽ  ചിലർക്കെങ്കിലും  അറിവുള്ളതാണല്ലോ

കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനു ഏതാനും മാസങ്ങൾക്കു മുൻപേ ഞങ്ങൾ മുംബൈ നഗരത്തിൽ എത്തിപ്പെട്ടിരുന്നു. 

പ്രശ്നസങ്കീർണമായ  വിവാഹം കഴിഞ്ഞു കുറെ ദിവസ്സങ്ങൾ കഴിയുമ്പോഴാണ് ജോലി നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്.  'എന്ന് തിരിച്ചു ജോലിക്കു കയറും?' എന്ന നാട്ടുകാരുടെ കുത്തിനോവിക്കുന്ന സ്ഥിരം ചോദ്യം സഹിക്കാനാവാതെ  വന്നപ്പോഴാണ് അത്യാവശ്യം വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളുമടങ്ങിയ രണ്ടു പെട്ടികളുമായി ഞങ്ങൾ മുംബൈക്ക് വണ്ടി കയറിയത്. ആ സമയത്തു, മറ്റു വഴികളില്ലാതെ ഭാൺഡുപ്പ് (Bhandup ) റെയിൽവേ സ്റ്റേഷനു  കിഴക്കു ഭാഗത്തുള്ള  CGS (Central Government Staff ) ക്വാർട്ടേഴ്സിൽ, ഉത്തർ പ്രദേശിൽ നിന്നുള്ള  ഒരു കുടുംബത്തിനൊപ്പം അവരുടെ ഫ്ലാറ്റിൽ പേയിങ് ഗസ്റ്റ് ആയി - മാസം 670 രൂപാ വാടകയിൽ ഒരു മുറിയിൽ താമസിച്ചു . 

ഞങ്ങൾ ചെന്നുപെട്ട സമയം, കമ്പനികൾ ജോലിക്കാരെ എടുക്കുന്നതു  തൽക്കാലം നിറുത്തി വച്ചേക്കുകയായിരുന്നു. എങ്കിലും ബയോ-ഡാറ്റയുടെ കോപ്പികളുമായി രാവിലെ ഇറങ്ങും. വാങ്ങാൻ  തയാറുള്ള കമ്പനികൾക്കും വ്യക്തികൾക്കും കൊടുത്തു തിരികെയെത്തും. ഇതായിരുന്നു പതിവ് പരിപാടി.

മടങ്ങിയെത്തിയാൽ ആ ഒറ്റ മുറിയിലും സമാധാനമുണ്ടായിരുന്നില്ല. ഒരു സ്ത്രീയും അവരുടെ 20 -22 വയസ്സായ മകളും മാത്രമായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ഞങ്ങളോട്  ഒരു സഹകരണ മനോഭാവവും അവർ കാണിച്ചിരുന്നില്ല. 'നിങ്ങൾ മദ്രാസികൾക്കു വൃത്തി തീരെയില്ല' എന്ന് അവർ അവസരമുണ്ടാക്കി തന്നെ ഇടയ്ക്കിടെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. ഒരുദിവസം കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും എന്തെങ്കിലും കുത്തുവാക്കുകൾ  പറഞ്ഞവർ നോവിച്ചിരുന്നു. ബാക്കി മുറികൾ നല്ല രീതിയിൽചായം തേച്ചു  സൂക്ഷിച്ചിരുന്നെങ്കിലും പേയിങ് ഗുസ്റ്റിന്റെ മുറി മാത്രം വിട്ടുപോയിരുന്നു. വർഷങ്ങളായി ചായം തേക്കാതെ മുഷിഞ്ഞതായിരുന്നു അത് . രണ്ടു പെട്ടികൾ, ഒരു പായ,  ചെറിയൊരു  മെത്ത, പ്ലാസ്റ്റിക് പ്ലേറ്റുകൾ  കുറെ അലുമിനിയം പാത്രങ്ങൾ. കൂടാതെ   മിക്കവാറും കൂടെയുണ്ടായിരുന്ന ഒരു പൂച്ചക്കുട്ടിയും. ഇതായിരുന്നു ഞങ്ങളുടെ ലോകം. (ഏകദേശം രണ്ടു മാസങ്ങൾക്കു ശേഷം ഒരു കാറിനടിയിൽ പെട്ട് ആ പൂച്ചക്കുട്ടി ചത്തപ്പോഴാണ് എത്രയോ വര്ഷങ്ങള്ക്കു ശേഷം കരയാൻ തോന്നിയത്. കാരണം അത് ഞങ്ങളെ അത്രയ്ക്ക് സന്തോഷിപ്പിച്ചിരുന്നു അന്ന് ).

ഡിസംബർ പകുതി കഴിഞ്ഞിരിക്കും. കലാപം ശക്തമായി തുടരുന്നു. സാധാരണ ജീവിതങ്ങൾ മതഭ്രാന്തിനു മുന്നിൽ ഭയന്ന് വിറങ്ങലിച്ചു. സെൻട്രൽ ഗവണ്മെന്റ് സ്ഥാപനമായതിനാൽ അവിടേക്കു ഒത്തിരി ഭീഷണികൾ  വരാൻ തുടങ്ങി. അടുത്തുള്ള കഞ്ചൂർ  മാർഗിൽ  (സെൻട്രൽ റെയിൽവേ ലൈനിൽ അടുത്ത സ്റ്റേഷനു കളാണ് ഇത് രണ്ടും) നിന്നും വൈകുന്നേരം ട്രക്കിൽ എതിർ ഗ്രൂപ്പെത്തി ആക്രമണം നടത്തുമെന്നതിനാൽ തയാറായിരിക്കണമെന്നു ആണുങ്ങൾക്ക് നിർദേശം കിട്ടി. ഒന്ന് രണ്ടു ദിവസ്സം ഒന്നും സംഭവിച്ചില്ല. പിന്നൊരു ദിവസ്സം രാത്രി  പതിനൊന്നു   മണിയോടെ പറഞ്ഞ പോലെ പോലെ ഒരു ട്രക്ക് വന്നു നിന്നു.

ഞങ്ങൾ സജ്ജരായിരിക്കണം എന്ന് വിലക്കിയ അതെ ആൾക്കാർ തന്നെയായിരുന്നു അത്. എതിർ വിഭാഗത്തിന്റെ ഫ്ലാറ്റുകൾ കണ്ടുപിടിച്ചു നേരത്തെ കൊടുത്ത മുന്നറിയിപ്പു  പ്രകാരം ഒഴിഞ്ഞു പോകാത്തവരെ ഒഴിപ്പിക്കാൻ വന്നവരായിരുന്നു അവർ. അർദ്ധ രാത്രിയോടെ  ചില ഫ്ലാറ്റുകളിൽ നിന്നും സ്ത്രീകളുടെ നിലവിളികൾ കേൾക്കാൻ  തുടങ്ങി

 'ബചാവോ... ബചാവോ...' 
ടീവീ യും ഫ്രിഡ്ജുമെല്ലാം മുകളിലത്തെ നിലകളിൽ നിന്നും താഴേക്ക് വലിച്ചെറിയപ്പെടുന്നു.  ആകെ ബഹളവും നിലവിളികളും. ഭയന്ന് വിറച്ചു ഞങ്ങളുടെ തൊണ്ട വരണ്ടു. ലൈറ്റുകളണച്ചു നിശ്ശബ്ദരായിരുന്നു നേരം വെളുപ്പിച്ചു.

പിറ്റേന്ന്  വൈകുന്നേരം, വീട്ടുകാരി സ്ത്രീ ഒരു യാത്രക്കെന്നപോലെ ഒരുങ്ങി വന്നു  ഞങ്ങളോട് പറഞ്ഞു

"യഹാം ബഹുത് കുച്ച് ഹോനെ  വാലാ ഹൈ . ഹാം ജാ രഹാ ഹെ ..തും ലോ ഗ് കിതർ ഭീ ജാവോ .."

ഇവിടെ എന്തൊക്കെയോ സംഭവിക്കാൻ  പോകുന്നുവെന്നും നിങ്ങൾ വേണമെങ്കിൽ എവിടെയെങ്കിലും പൊയ്ക്കൊള്ളാനുമായിരുന്നു  അവരുടെ ഉപദേശം. മറുപടിക്കു കാത്തുനിൽക്കാതെ അമ്മയും മകളും അത്യാവശ്യ സാധനങ്ങളുമായി പുറത്തേക്കു നടന്നു. പിന്നെയവർ വരുന്നത് രണ്ടാഴ്ച കഴിഞ്ഞാണ്.

ഒറ്റപ്പെടലും ഭയവും വല്ലാതെ അലട്ടാൻ തുടങ്ങി. ഒരു പക്ഷെ ഇനിയൊരാക്രമണത്തിനു  താഴത്തെ നിലയിൽ താമസിച്ചിരുന്ന ഞങ്ങൾ ഇരയായിക്കൂടെന്നില്ല.അടുത്ത് തന്നെ ഒരു ബന്ധു വീടുണ്ട്. നടക്കാവുന്ന ദൂരം മാത്രം..പക്ഷെ ബോബെ ജീവിതം അറിയാവുന്നവർക്കറിയാം..ചെറിയ വീടുകൾ, ഫ്ലാറ്റുകൾ. ഒരു കുടുംബത്തിന് അത്യാവശ്യം കഴിയാവുന്നവ..അവിടെയാകട്ടെ രണ്ടു കുട്ടികളുമുണ്ട്..അധികം സ്ഥലവുമില്ല. പോകാൻ അഭിമാനബോധം  ആദ്യമൊന്നും സമ്മതിച്ചില്ല..പക്ഷെ നേരം വൈകുകയും ഭീതിയുടെ അന്തരീക്ഷം രൂക്ഷമാവുകയും ചെയ്തപ്പോൾ അഭിമാനം ഭയത്തിനു വഴിമാറി.

രാത്രി  പതിനൊന്നു  മണിയോടെ ഞങ്ങൾ  വീട് പൂട്ടി പുറത്തിറങ്ങി. പുറത്തു ആരെയും കാണാനില്ല. എല്ലാപേരും വീടുകളിലൊതുങ്ങി ടി. വി  ക്കു മുന്നിൽ നിശബ്ദരായി കൂടിയിരുന്നു, വർത്തകളറിയാൻ. സാധാരണ ദിവസ്സങ്ങളിൽ  രാവിലെ രണ്ടു മണിക്കുപോലും ബോംബെ റെയിൽവേ സ്റ്റേഷനുകളും പരിസരങ്ങളും സജീവമാണ്. സുരക്ഷിതമാണ്. എന്നാലിപ്പോൾ ശ്മശാന മൂകത മാത്രം. കടകൾ നേരത്തെ തന്നെ അടച്ചിരുന്നു തെരുവ് ഏറെക്കുറെ ശൂന്യം. ബോംബയിൽ ഏതു തെരുവിലും കാണാവുന്ന, സമയകാല ബോധമില്ലാതെ അലയുന്ന തെരുവ് നായ്ക്കൾ മാത്രം അവിടവിടെ കാണാമായിരുന്നു.

സത്യത്തിൽ അപ്പോൾ എന്തായിരുന്നു മനസ്സിൽ എന്നിന്നും നിശ്ചയമില്ല. ഒരു പക്ഷെ നിസ്സംഗതയായിരുന്നിരിക്കാം. ഭയം മൂത്ത നിസ്സംഗത..

ഒരിരുപതു മിനുട്ടു നടന്നുകാണും. ബന്ധുവിന്റേത് ഒരു ചെറിയ വീടായിരുന്നു. വീട് നിന്നിരുന്ന കോളനിക്കുള്ളിലേക്കു കടക്കുമ്പോൾ എന്തോ ഒരു ധൈര്യം തോന്നി. കാരണം ശിവ സേനയുടെ  കോട്ടയായിരുന്നു ആ പ്രദേശം അന്ന്. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആപത്തു വരില്ല എന്നൊരു തോന്നലാവണം ആ ധൈര്യത്തിനു  പിന്നിൽ.

വീടെത്തും മുൻപ്, തുറസ്സായതും ചതുപ്പു നിറഞ്ഞതുമായ ഒരു സ്ഥലത്തെ ഒറ്റ നിലയുള്ള കെട്ടിടത്തിന്റെ ടെറസ്സിൽ കുറേപ്പേർ.  അവർ ഉച്ചത്തിൽ സംസാരിക്കുന്നു രാമന്റെ പേരെടുത്തു മുദ്രാവാക്യങ്ങൾ മുഴക്കുന്നു. ഒരു പക്ഷെ ഒരാക്രണമണത്തിനു  തയാറാവുകയാണവർ. പെട്ടെന്നൊരു കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. കാക്കി നിക്കറിട്ട രണ്ടുപേർ ടെറസിൽ  നിന്നും താഴേക്ക് മൂത്രമൊഴിക്കുന്നു. മുദ്രാവാക്യം മുഴക്കിക്കൊണ്ടു  തന്നെ - വഴിവിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ വ്യക്തമായി കാണാവുന്ന രീതിയിൽ. ആക്രമണത്തിന് മുൻപുള്ള പ്രത്യേകതരം ആഹ്ളാദ പ്രകടനം. നോക്കു പിറ്റേന്ന് പുലരുമ്പോൾ നമ്മളറിയുന്ന മരണങ്ങൾക്കോ തീവയ്പ്പുകൾക്കോ മുൻപ്  അവരെത്ര സന്തോഷവാന്മാരായിരുന്നുവെന്നു.

രണ്ടു മൂന്നു ദിവസം അവിടെ താമസിച്ച ശേഷം ഒരു തീരുമാനമെടുത്തു.
തിരിച്ചു പോവുക. എന്തോ വരട്ടെ. നഷ്ടപ്പെടാൻ എന്താണുള്ളത്. വിലയുള്ളതായി തോന്നിയത് മുറിയിലുണ്ടായിരുന്ന  സർട്ടിഫിക്കറ്റുകൾ  മാത്രമാണ്. ബാക്കിക്കൊക്കെ  ആക്രിസാധനങ്ങളുടെ വിലമാത്രം. രണ്ടും കൽപ്പിച്ചു തിരികെപ്പോയി - ഞങ്ങളുടെ ഒറ്റ മുറിയിലേക്ക്.

ലോകത്തെവിടെപോയാലും ഏതു സാഹചര്യത്തിലും ജീവിക്കാനുള്ള ധൈര്യം മുംബൈയിൽ ജീവിച്ചു  നേടിയതാണ്. അദ്ധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കിത്തന്ന, വേദനകൾക്കിടയിലും വെല്ലുവിളികൾക്കിടയിലും എവിടെയെങ്കിലുമൊക്കെ സന്തോഷത്തിനും വകനൽകുന്ന, ഉള്ളവനെയും ഇല്ലാത്തവനെയും ഒരുപോലെ സ്വീകരിക്കുന്ന മഹാ നഗരത്തിനു നന്ദി.

22 വർഷങ്ങൾക്കു മുൻപ് 1997 ഫെബ്രുവരി ഒന്നിന് അമേരിക്കയിലെത്തിയശേഷം ജീവിതം മെല്ലെ മാറുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പറുദീസ, സമൃദ്ധിയുടെയും  അവസരങ്ങളുടെയും  നാട്. സ്വയമൊരുക്കുന്ന കൂടുകൾക്കുള്ളിൽ സുരക്ഷിതരാവുന്നവർക്കൊപ്പം ഞാനും. ഇടക്കൊരു കടിഞ്ഞാണിട്ട് , ബോംബെ ജീവിതം വരെ എന്നെ തിരിച്ചു നടത്തിയ, മാനുഷികതെയെ കുറിച്ച് തുറന്നു ചിന്തിക്കാൻ പ്രേരിപ്പിച്ച 2001 സെപ്തംബര് ഒൻപതു - മറക്കാനാവാത്ത ദിവസ്സം തന്നെയാണ്.

മഹാകവി ടാഗോറിന്റെ പ്രസിദ്ധമായ വരികളാണ്  ഇപ്പോഴെനിക്കോർമ വരുന്നത്.  
Where the mind is without fear 

Where the mind is without fear and the head is held high
Where knowledge is free
Where the world has not been broken up into fragments
By narrow domestic walls
Where words come out from the depth of truth
Where tireless striving stretches its arms towards perfection
Where the clear stream of reason has not lost its way
Into the dreary desert sand of dead habit
Where the mind is led forward by thee
Into ever-widening thought and action
Into that heaven of freedom, my Father, let my country awake.

ഭയം മനസ്സിനെ  കീഴ്പ്പെടുത്തുമ്പോൾ സ്വാതന്ത്ര്യം  എല്ലാ അർത്ഥത്തിലും നശിക്കുന്നു - സഞ്ചാര സ്വാതന്ത്ര്യം മുതൽ തുറന്നു ചിന്തിക്കാനുള്ള  സ്വാതന്ത്യ്രം
വരെ . സഞ്ചാര സ്വാതന്ത്ര്യത്തിനു മേൽ വിലക്കുകൾ  വീഴുന്നു. നിലനിൽപ്പിനു വേണ്ടിയാണെങ്കിലും സങ്കുചിതമായി മാത്രം ചിന്തിക്കാൻ തുടങ്ങുന്നു. ജാതിയുടെയോ മതത്തിന്റെയോ  വംശത്തിന്റെയോ  ഭൂമിപരമായ അതിരുകളുടെയോ  പരിമിതിയിൽ അവർ ഒതുങ്ങികൂടുന്നു.  ലോകത്തിലെ ഏറ്റവും  വലിയ സ്വതന്ത്ര ജനതയെന്നു അഭിമാനിച്ചവർക്ക്‌  ആ സ്വാതന്ത്യ്രം പതിയെ  നഷ്ട്ടമാവുന്ന കാഴ്ച്ച  നാം കണ്ടു കഴിഞ്ഞു.

ചുരുക്കത്തിൽ പരിമിതികൾക്കുള്ളിലൊതുങ്ങുമ്പോൾ, (അത് എന്തിന്റെ പേരിലായാലും) മാനുഷികത അവനിൽ നിന്നകലുന്നു.   എന്തിനു  -സ്വാത്രന്ത്ര്യ പ്രസ്ഥനവുമായി ബന്ധപ്പെട്ടു ദേശീയതാ ബോധം ഉടലെടുത്തത് പോലും ഭൂമിപരമായാ അതിരുകളിൽ ദേശീയതയെ തളച്ചിട്ടുകൊണ്ടാണ്. പിന്നീടത് മതപരമായതിന്റെ വിപത്തുകൾ ഇന്നും നമ്മൾ അനുഭച്ചറിയുന്നു.

'കേരളമെന്നു കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം 
ഭാരതമെന്ന പേര്കേട്ടലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ ' എന്ന് അക്കാലത്തു വള്ളത്തോൾ എഴുതിയപ്പോൾ, മേൽപ്പറഞ്ഞ കാരണം കൊണ്ട് തന്നെ, കവിതയുടെ ആശയത്തെ എതിർത്ത പുരഗമന വാദികൾ കേരളത്തിൽ ഉണ്ടായിരുന്നു.

ടാഗോറിനെ സംബന്ധിച്ചു ദേശീയത എന്നത് ഒരു സങ്കലിത സമൂഹം
(Syncretic S ociety' ) വാർത്തെടുക്കുന്നതിന്റെ ഭാഗമായിരുന്നു.    ആശയങ്ങളുടെയും സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും രാഷ്ട്രീയ ബോധത്തിന്റെയും ചിന്തയുടെയും വൈവിധ്യങ്ങളും  വൈജാത്യങ്ങളും കോർത്തിണക്കാനാവുന്ന ഒരു ദേശീയത.  അവിടെ അതിരുകൾ മനുഷ്യനെ തമ്മിലകറ്റുന്ന മതിലുകളല്ല( 'domestic walls'). അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരേ തൂലിക കൊണ്ടുതന്നെ  ഭാരതത്തിന്റെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങൾ എഴുതുവാൻ കഴിഞ്ഞത്.

മത തീവ്രവാദങ്ങളുടെയെല്ലാം  അന്തിമ ലക്‌ഷ്യം മതരാഷ്ട്രമാണ്.  എന്നാൽ ഏതു മതരാഷ്ട്രമെടുത്താലും ഭൂരിപക്ഷമതക്കാരാണ് ഭരണകൂടത്തിന്റെ തീവ്ര നിലപാടുകൾ ക്കുള്ളിൽ സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ടവരാവുന്നത്. കലാപത്തിനായുള്ള ആഹ്വാന ക്രമങ്ങൾ മാറി മാറി വരുന്നു എന്നത് മാത്രമാണ് പുതുമ. ഏതു കലാപത്തിന്റെയും ഫലം ഒന്ന് തന്നെ. 911 സംഭവമായാലും 1992 ലെ മുംബൈ ഹിന്ദു മുസ്ലിം കലാപമായാലും മത തീവ്രവാദമാണ് ആഗോള സമൂഹം  നേരിടുന്ന  ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് എന്നത് കാൽനൂറ്റാണ്ടിനിപ്പുറവും മാറാത്ത   സത്യമായി ഞാനറിയുന്നു.