Sunday, March 11, 2018

ഗൺ നിയമങ്ങൾ സാമാന്യബുദ്ധിക്കതീതമോ?

ഫെബ് 21, 2018 ഫ്ലോറിഡ പാർക്‌ലാൻഡ് സ്റ്റോൺമാൻ ഡഗ്ലസ് സ്കൂൾ ഷൂട്ടിംഗ്  വാർത്തയും ദൃശ്യങ്ങളും ടി വി യിൽ കാണുകയായിരുന്നു. എല്ലാം കഴിഞ്ഞു സ്കൂൾ പോലീസ് നിയന്ത്രണത്തിലായശേഷം, കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ നിന്നും ഒഴിപ്പിക്കുന്ന ദൃശ്യം - തോക്കു ചൂണ്ടിയ പോലീസ് സംരക്ഷണത്തിൽ ഒറ്റവരിയായി സ്‌കൂളിനു പുറത്തേക്കു വരുന്ന കുട്ടികൾ..അവർ രണ്ടുകൈകളും ഉയർത്തിപ്പിടിച്ചോ മുന്നിലത്തെയാളിന്റെ തോളിൽ കൈകൾ വച്ചോ ആയിരുന്നു നടന്നിരുന്നത്. അതിലെവിടെയോ കുറച്ചു നേരം പന്ത്രണ്ടാം ക്‌ളാസിൽ പഠിക്കുന്ന എന്റെ മകനെ കണ്ടു..അതാണ് ഈ കുറിപ്പിന് പ്രേരകം.

17 പേരുടെ ജീവനെടുത്ത, എത്രയോപേരെ മാനസികമായും ശാരീരികമായും
മുറിവേൽപ്പിച്ചു പീഡിപ്പിച്ച ഈ സംഭവം ഒറ്റപ്പെട്ടതല്ല. ഇതിനു മുൻപ്, 2012 -ൽ
സാൻഡി ഹൂക് സ്കൂളിൽ നടന്ന ഷൂട്ടിംഗ് ഉൾപ്പെടെ കഴിഞ്ഞ പത്തു   വർഷത്തിൽ 142 -ഓളം സ്കൂൾ ഷൂട്ടിംഗ്സ് നടന്നിട്ടുണ്ട് - ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ. ഏറ്റവുമൊടുവിൽ നടന്ന സ്കൂൾ വെടിവയ്പ്പിനെ ഉദാഹരണമായി പറഞ്ഞത് അതിന്റെ വാർത്തകളിൽ നിന്നും ഒരു നിരീക്ഷണം പങ്കുവെക്കാനും ആ നിരീക്ഷണത്തെ സാമാന്യ ബുദ്ധിയോടെ നോക്കിക്കാണാനും വെല്ലുവിളികൾക്കപ്പുറം പരിഹാരമുണ്ടോ എന്ന് അന്വേഷിക്കാനുമാണ്. അതുകൊണ്ടു തന്നെ പ്രശ്നം സ്കൂൾ ഷൂട്ടിങ്ങിൽ ഒതുങ്ങുന്നില്ല - എല്ലാ മാസ്സ് ഷൂട്ടിങ്ങ്സും ഈ നിരീക്ഷണത്തിൽ പെടുത്താം.

വാർത്തകളിലൂടെ നമ്മളറിയുന്ന സംഭവം എന്താണ് - ഫെബ് 21 ന്, നിക്കോളസ് ക്രൂസ് എന്ന 19 വയസ്സുകാരൻ, ADHD തുടങ്ങിയ മാനസിക അസുഖമുള്ള ഒരാൾ, ഒരു AR -15 തോക്കുമായി ( AR 15/AK 47 എന്നയിനം തോക്കുകൾ മിലിറ്ററി ആവശ്യത്തിനുള്ള, ശത്രുവിനെ കൂട്ടമായി കൊലപ്പെടുത്താനുപയോഗിക്കുന്ന "അസാൾട്ട് വെപ്പൺസ്" ആണ്) സ്കൂളിലെത്തുന്നു. ആരുമറിയാതെ ഒരു സ്‌നൈപ്പർ പൊസിഷനു ശ്രമിക്കുന്നു, സാങ്കേതിക കാരണങ്ങളാൽ ആ ശ്രമം ഉപേക്ഷിക്കുന്നു. പിന്നീട് ഫയർ അലാറം പ്രവർത്തിപ്പിച്ചു, കുട്ടികളെയും സ്റ്റാഫിനെയും പുറത്തേക്കു ഇറക്കുന്നു. ശേഷം ക്ലാസ്‌ മുറികളിലും ഇടനാഴികളിലും സ്കൂൾ പരിസരത്തും നടത്തിയ ഭ്രാന്തമായ വെടിവെയ്പ്പിൽ 17 ജീവൻ അപഹരിക്കപ്പെടുന്നു. ഒട്ടനവധിപേർ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളാൽ ചികിത്സയിലാവുന്നു. നിക്കോളാസ് എന്ന കൊലയാളി വെസ്റ്റും ബാക് പാക്കും കളഞ്ഞു കുട്ടികൾക്കിടയിൽ ഒരാളായി രക്ഷപ്പെടുന്നു..വഴിക്കുവച്ചു വാൾമാർട്ടിൽ കയറി ഒരു ഡ്രിങ്ക് വാങ്ങി പിന്നെ Mc Donalds -ലെത്തിയശേഷം പുറത്തിറങ്ങുമ്പോൾ പോലീസ് പിടിയിലാവുന്നു. 

 നിക്കോളാസിനെ അച്ചടക്ക നടപടിയെത്തുടർന്ന് ഇതേ  സ്കൂളിൽ നിന്നും ഒരു വര്ഷം മുൻപ് പുറത്താക്കിയിരുന്നു. ഇയാളെക്കുറിച്ചു ഇതിനകം ഇരുപതോളം ഫോൺ കോളുകൾ ഷെരിഫ് ഓഫീസിൽ കിട്ടിയിട്ടുണ്ട്. ഒപ്പം അറിയേണ്ടത് - 2018 പത്താഴ്ചകൾ പിന്നിടുമ്പോൾ ഈ രാജ്യത്തെ സ്കൂൾ കുട്ടികൾ പതിനാല്  വെടിവെയ്പുകൾ നേരിടേണ്ടിവന്നു (CNN).

രാഷ്ട്രീയക്കാരെന്ന ഇടനിലക്കാരെ കളഞ്ഞു സ്റ്റോൺ മാന് ഡഗ്ലസ് സ്കൂൾ  വിദ്യാർത്ഥികളും രക്ഷിതാക്കളും കമ്മ്യൂണിറ്റി തന്നെയും ഒറ്റക്കെട്ടായി  നിന്ന് ആക്ഷൻ കൗസിലുകൾ രൂപികരിച്ചു. പ്രസിഡന്റുമായും വൈറ്റ് ഹവുസുമായും നേരിട്ട് ബന്ധപ്പെടാൻ തുടങ്ങി.  ഇനിയിങ്ങനെയൊന്നാവർത്തിക്കാത്ത വിധം ഗൺ നിയമ മാറ്റങ്ങൾ അവർ ആവശ്യപ്പെട്ടു. ചാനലുകളിൽ ടൌൺ ഹാൾ ചർച്ചകളിൽ പങ്കെടുത്തു. ഒടുവിൽ പ്രസിഡന്റ് ട്രംപിന് "I hear you" എന്ന് പറയേണ്ടി വന്നു. അത്രയും ഒരു പ്രസിഡന്റ് കുട്ടികളോടും മാതാപിതാക്കളോടും പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ആശാവഹമായ പ്രവർത്തനം ഉണ്ടായേ മതിയാവൂ. അഭിപ്രായ സ്ഥിരതയില്ലാത്ത പ്രസിഡന്റ്, എന്തെങ്കിലും ചെയ്യും എന്ന കാര്യത്തിൽ സംശയമായിരുന്നു. എന്നാൽ വൈറ്റ് ഹവ്‌സ് നേരിടുന്ന ദൈനംദിന പ്രതിസന്ധികൾക്കിടയിലും NRA (നാഷണൽ റൈഫിൾസ് അസോസിയേഷൻ) യുടെ നിരന്തരമായ എതിർപ്പിനിടയിലും ചില നിയമ മാറ്റങ്ങളുമായി പ്രസിഡന്റ് മുന്നോട്ടു പോകുന്നുവെന്നത് തീർത്തും അഭിനന്ദനാർഹമാണ്.

നിയമങ്ങളെ സാമാന്യ ബുദ്ധിയോടെ നോക്കി കാണണം എന്ന് ആദ്യം പറഞ്ഞത് OHIO സ്റ്റേറ്റ് ഗവർണർ ജോൺ കൈസിക് ആണ്. ഈ സ്കൂൾ ഷൂട്ടിംഗിനെ സാമാന്യ ബുദ്ധിയോടെ നോക്കിക്കാണാം. അവിടെ തന്നെ സാമാന്യ ബുദ്ധിയിൽ തോന്നുന്ന പരിഹാരങ്ങളും കണ്ടേക്കാം. ഒപ്പം എന്തുകൊണ്ടാണ് ഈ പരിഹാരങ്ങൾ നടപ്പാക്കാൻ ഇത്ര വെല്ലുവിളികൾ നേരിടേണ്ടി വരുന്നത് എന്നും നോക്കാം.

വെറും പത്തൊൻപതുകാരനായ ഒരാളുടെ കൈയ്യിൽ AR -15 എന്ന "അസാൾട്ട് വെപ്പൺ" എത്തപ്പെട്ടതെങ്ങിനെ? മാത്രമല്ല, AAHD പോലുള്ള സങ്കീർണമായ മാനസിക രോഗമുള്ള ഒരാളുടെ കൈയ്യിൽ.

ഒരു വര്ഷം മുൻപ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട അയാൾക്ക്‌ സ്‌കൂളിൽ ഇത്ര വേഗം  പ്രവേശിക്കാനും വേണ്ടുന്നത്ര സമയം അവിടെ ആരുമറിയാതെ ഓപ്പറേഷൻ  പ്ലാൻ ചെയ്യാനും ട്രൈ ഔട്ട് ചെയ്യാനും സൗ കര്യമുണ്ടായതെങ്ങിനെ?

ഇത്രയും മാനസിക പ്രശ്നമുള്ളയാളെ തിരിച്ചറിഞ്ഞു വേണ്ടുന്നത്ര പരിചരണത്തിനായി മുഖ്യധാരയിൽ നിന്നും മാറ്റി  നിറുത്തേണ്ടതായിരുന്നില്ലേ? മാനസിക പ്രശ്നപരിഹാരത്തിനായുള്ള സൗകര്യങ്ങൾ അമേരിക്കയിൽ ഉള്ളപോലുള്ള രാജ്യങ്ങൾ തന്നെ വിരളമാണ്.

നിക്കോളാസിനെക്കുറിച്ചു താക്കീതു നൽകുന്ന ഫോൺ കാളുകൾക്ക് ലോ എൻഫോഴ്‌സ്‌മെന്റ്, പ്രാഥമിക അന്വേഷണങ്ങൾ നടത്തിയെങ്കിലും വേണ്ടത്ര പരിഗണന നല്കാത്തതെന്ത്?

ക്വിന്നിപ്പിയാക് യൂണിവേഴ്സിറ്റി തുടങ്ങിയ സർവ്വകലാ ശാലകൾ നടത്തിയ സർവേകളിൽ 99 % ഡെമോക്രാറ്റുകളും 97 % റിപ്പബ്ലിക്കുകാരും അതുപോലെതന്നെ എല്ലാ പ്രായത്തിലുള്ളവരും സ്ത്രീകളും കുട്ടികളും background ചെക്ക് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ തന്നെ 2012 -ലെ സാൻഡി ഹൂക് എലിമെന്ററി സ്‌കൂളിലെ വെടിവെയ്പ്പിനുശേഷം സെനറ്റിൽ വന്ന background check ബില്ല് 60 വോട്ടിന്റെ ഭൂരിപക്ഷമില്ലാതെ പാസ്സാകാതെ പോയി. പിന്നീടുവന്ന ഉഭയകക്ഷി ബില്ലും ഒരിടത്തും എത്തിയില്ല. ഫെഡറൽ  തലത്തിൽ ഒരു ബില്ല് നിയമമാകണമെങ്കിൽ ഇരു സഭകളും പാസ്സാക്കേണ്ടതുണ്ട് എന്നറിയാമല്ലോ. മറ്റൊന്ന് 2017 ലെ സതർ ലാൻഡ് സ്പ്രിങ്സ് (ടെക്സാസ്) വെടിവെയ്പ്പിനു  ശേഷവും സമാനസ്വഭാവമുള്ള ഒരു ബില്ല് എങ്ങുമെത്താതെ പോയി. കാലാകാലം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന എല്ലാ നേതാക്കൾക്കും ഇത്രയേറെ വോട്ടാക്കി മാറ്റാൻ പറ്റിയ മറ്റൊരു പൊതു ആവശ്യം ( അതായതു കക്ഷി ഭേദമന്യേ  എല്ലാപേരും ആഗ്രഹിക്കുന്ന) കണ്ടെത്തുക ദുഷ്കരമാണ് ഈ രാഷ്ട്രീയ കാലാവസ്ഥയിൽ.. സത്യത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയല്ലേ അതിനു വേണ്ടി പോരാടുകയല്ലേ തെരഞ്ഞെടുക്കപ്പെടുന്ന നേതാക്കളുടെ ധർമം. ഏതൊരു ഗവൺമെന്റിന്റെയും ധർമവും, പൗരന്റെ സുരിക്ഷിതത്വവും പുരോഗതിയും ഉറപ്പുവരുത്തുക എന്നതല്ലേ? എന്ത് കൊണ്ടാണത് സാധിക്കാത്തതു?

നാഷണൽ റൈഫിൾസ് അസോസിയേഷനെ (N R A ) പഴിചാരിയിട്ടു മാത്രം കാര്യമില്ല. അവകാശസംരക്ഷണത്തിന് എല്ലാ ജനാധിപത്യ രാഷ്രങ്ങളിലും സംഘടനകൾ ഉണ്ടായിട്ടുണ്ട്; ഉണ്ടാവുകയും ചെയ്യും..തത്വത്തിൽ
N R A അതിൽ പെടുന്ന ഒന്നാണ് - ബില്ല് ഓഫ് റൈട്സിൽ ഉൾപ്പെടുന്ന രണ്ടാം  ഭേദഗതി (2nd amendment) അമേരിക്കൻ പൗരന് ഉറപ്പു നൽകിയ അവകാശം സംരക്ഷിക്കാൻ ഉണ്ടായതാണ് N R A. പ്രവർത്തിക തലത്തിൽ വേണ്ടുന്ന നിയമ മാറ്റങ്ങൾ നടപ്പിലാക്കാൻ ഇത്രയേറെ തടസ്സം  എന്തെന്നറിയണമെങ്കിൽ കുറച്ചു രാഷ്ത്രീയ സാമൂഹ്യ ചരിത്രം അറിയേണ്ടതുണ്ട്.

വളരെ ചുരുക്കി പറയാം.
ആദ്യ കാല അമേരിക്കൻ സെറ്റൽമെൻറ് തുടങ്ങിയ കാലം മുതൽ ആയുധങ്ങൾ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു - അതിജീവനത്തിൽ തുടങ്ങി ആക്രമണങ്ങൾക്കു വരെ..ഇതോടൊപ്പം സമാന്തരമായി വികസിച്ചുവന്നതാണു അടിമത്തം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തുടങ്ങിയ അടിമത്ത വ്യവസ്ഥ നിയമപരമായി ഇല്ലാതാവുന്നത് 1863 -ൽ റിപ്ലബ്ലിക്കൻ പ്രസിഡന്റ് ആയിരുന്ന എബ്രഹാം ലിങ്കൺ കൊണ്ടുവന്ന Emancipation Declaration മൂലമാണ്. അതിനു ശേഷം 1868 -ൽ നിലവിൽ വന്ന പതിനാലാം ഭരണ ഘടനാ ഭേദഗതിയാണ് (14 th amendment ) ആണ് കറുത്ത വർഗക്കാരന് പൗരത്വം ഉറപ്പാക്കുന്നത്..അത് വരെ അവർക്കു (സ്വതന്ത്രനായ അടിമയാണെങ്കിലും) യാതൊരു തരത്തിലുള്ള ആയുധങ്ങളും, ആത്മരക്ഷക്കാണെങ്കിൽ പോലും പാടില്ലായിരുന്നു. ( ഈ വർ ഷം  തന്നെയാണ് KKK (ക്ലൂ ക്ലക്സ് ക്ലാൻ ) ഒരു ഭീകര സംഘടനയായി വളർച്ച തുടങ്ങിയതും)

1789 -ൽ ഫെഡറൽ സ്വഭാവമുള്ള ആദ്യ ഗവണ്മെന്റ് രൂപം കൊള്ളുമ്പോൾ രാഷ്ട നിർമാണ ശില്പികൾക്കു ഒരു മുഴുവൻ സമയ മിലിറ്ററി ആവശ്യമായി തോന്നിയിരുന്നില്ല. അതിനു പിന്നിൽ അതുവരെ യുദ്ധ ചരിത്രം രചിച്ചുപോന്ന ബ്രിട്ടീഷുകാർ അവലംബിച്ച നയം തന്നെ അമേരിക്കയും പിന്തുടരാൻ തീരുമാനിച്ചു എന്നതാണ്. "സിവിലിയൻ മിലിഷ്യ" എന്ന ആശയമായിരുന്നു ത്തിനു പിന്നിൽ. മിലിറ്ററി ആവശ്യമായിമായി വരുന്നത് വൈദേശിക ആക്രമണങ്ങൾക്കു മാത്രമാണെന്നും, മറ്റുള്ള ആന്തരിക പ്രശ്നങ്ങൾ (അതിൽ അന്നത്തെ അടിമകളായിരുന്ന കറുത്തവരുടെ ചില ഉയർത്തെഴുന്നേൽപ്പുകളും പെടും) ക്ക് ആയുധം സ്വന്തമായുള്ളവരായ സാധാരണ പൗരന്മാരെ ഉപയോഗിക്കാമെന്നും ( "സിവിൽ മിലിഷ്യ" ) ആവശ്യമെങ്കിൽ അവരെത്തന്നെ കൂടുതൽ പരിശീലനം നൽകി മിലിറ്ററി ആയി ഉപയോഗിക്കാം എന്നുമായിരുന്നു കണക്കുകൂട്ടൽ .

എന്നാൽ കാലക്രമേണ യുദ്ധങ്ങളുടെ സ്വഭാവം മാറിയപ്പോഴും ഫെഡറൽ - സ്റ്റേറ്റ് അധികാര വികേന്ത്രീകരണം ആവശ്യമായി വന്നപ്പോഴും ഇത്തരം ഒരു ആർമി പ്രായോഗികമല്ല എന്നും ഒരു ഫുൾ ടൈം ആർമി തന്നെ ഫെഡറൽ ഗവണ്മെന്റ് നിലവിൽ കൊണ്ടുവരുവാനും തീരുമാനിച്ചു..അപ്പോൾ ഫെഡറൽ വിരുദ്ധ നിലപാടുള്ളവരതിനെ അധികാരവും മിലിറ്ററിയും ഉപയോഗപ്പെടുത്തി, കേന്ദ്ര ഗവൺമെന്റ് ജനങ്ങളെ അമർച്ചചെയ്തേക്കുമെന്നു ഭയപ്പെട്ടു. എന്നാൽ ഫെഡറൽ ഗവൺമെന്റ് നിലപാട് അമേരിക്കൻ പൗരന്മാർ ആയുധങ്ങൾ ഉള്ളവരും ഉപയോഗിക്കാൻ കഴിവുള്ളവരും ആയതിനാൽ ഒരു തരത്തിലുള്ള അടിച്ചമർത്തലും ഭയക്കേണ്ടതില്ല എന്നായിരുന്നു. ഈ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥയിലാണ് 2-nd amendment  പ്രാവർത്തികമാവുന്നത്.

"A well regulated Militia, being necessary to the security of a free State, the right of the people to keep and bear Arms, shall not be infringed."

പൗരന്മാർക്ക് ആത്മ രക്ഷക്കും നായാട്ടിനും മറ്റു വിനോദങ്ങൾക്കും ഗൺ ഉപയോഗിക്കാമെന്നും ഫെഡറൽ ഗവണ്മെന്റ് ആ അവകാശങ്ങളിൽ ക ടത്തില്ല എന്ന് ഉറപ്പു നല്കുന്നതമായിരുന്നു 2nd Amendment . ഒപ്പം പൗരന്മാർക്കിടയിലെ ആയുധനിയന്ത്രണം  സ്റ്റേറ്റ് അധികാരപരിധിയിലാക്കുകയും ചെയ്തു. അതുമൂലമുണ്ടായ  അരക്ഷിതാബോധം 14th Amendment (1868)-ലെ ഒരു clause പരിഹരിക്കുകയും ചെയ്തു. 1871 -ൽ തന്നെ അവകാശ  സംരക്ഷണത്തിനായി NRA രൂപം കൊണ്ടു. ( NRA രൂപം കൊള്ളുന്നതും ബ്രിട്ടീഷ് മാതൃക അനുകരിച്ചാണ് - ബ്രിട്ടീഷ് റൈഫിൾസ് അസോസിയേഷൻ ഇതിനകം വൻ വിജയം നേടിയിരുന്നു. ) ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്‌കൂളുകളിൽ "ഷൂട്ടിംഗ് ക്ലബ്ബ്കളുണ്ടായിരുന്നു.ഗൺ വാങ്ങുക വളരെ എളുപ്പമുള്ള കാര്യമായി മാറി..കൗമാരപ്രായക്കാരായ കുട്ടികൾക്ക് മാതാപിതാക്കൾ ജന്മദിന സമ്മാനമായി റൈഫിളോ ഹാൻഡ് ഗണ്ണോ നൽകിയിരുന്നു.

പക്ഷെ അന്നത്തെ സാമൂഹിക അവസ്ഥ മാറിപ്പോയിരിക്കുന്നു...അന്നൊന്നും ജീവിതം ഇത്രമേൽ സങ്കീർണ്ണമായിരുന്നില്ല, ജീർണ്ണമായിരുന്നില്ല..സമൂഹത്തിന്റെ മുഖ്യധാരയിൽ പെടാത്തവരുടെ കൈകളിൽ നിയമവിരുദ്ധമായി ആയുധങ്ങൾ എത്തുക അത്ര എളുപ്പമല്ലായിരുന്നു. ഇന്ന് കാണുന്ന തരത്തിലുള്ള കൂട്ടകൊലകളും വി രളമായിരുന്നു.

കാലം മാറിപ്പോയിരിക്കുന്നു. ജീവിതം ഇന്ന്  സങ്കീർണമാണ്..അതുകൊണ്ടുതന്നെ മാനസിക ആരോഗ്യം എന്നത് ഒരു വെല്ലുവിളിയാ ണ്; വ്യക്തിക്കും സമൂഹത്തിനും .മാറുന്ന സാഹചര്യത്തിൽ സമൂഹത്തിനു ദോഷകരമാവുന്ന ദുരുപയോഗപ്പെടുന്ന നിയമങ്ങളെ വീണ്ടും നോക്കിക്കണ്ടു അവകാശങ്ങൾ ലംഘിക്കപ്പെടാത്താതെ തന്നെ മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഭരണഘടനാ ശിൽപ്പികൾ പൊതുവെ ഗൈഡ് ലൈൻസ് മാത്രമേ രേഖപ്പെടുത്താറുള്ളു. കാരണം ഭാവിതലമുറയുടെ  സുരക്ഷിതത്വത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ചു അടിസ്ഥാന തത്വങ്ങളിൽനിന്നും മാറാതെ തന്നെ വേണ്ടുന്ന മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണത്.

ഇന്ന് NRA രാജ്യത്തെ ഏറ്റവും വലിയ ലോബിയും ശക്തിയുമാണ്. NRA യും ഗൺ കോർപ്പറേഷനുകളും ചേർന്നുള്ള കൂട്ടുകെട്ടും ധാരണയും നിലവിലുള്ള ഗൺ നിയമങ്ങളിൽ ഏതു മാറ്റവും ചെറുക്കൻ പോന്ന ശക്തിയാക്കി അവരെ വളർത്തിയിട്ടുണ്ട്. കക്ഷിഭേദമന്യേ ഏതു നേതാവിനെയും വിലക്ക് വാങ്ങാൻ പോന്നവർ..പ്രസിഡന്റ് ട്രംപിന് പോലും 30 മില്യൺ തെരഞ്ഞെടുപ്പിനായി നൽകിയിട്ടുണ്ട് എന്ന റിപ്പോർട്ട് കണ്ടിട്ടുണ്ട് അപ്പോൾ ഇത്തരം ആവശ്യങ്ങൾക്ക്  ഒരിക്കലും ജനത്തിന് ഒരു രാഷ്ട്രീയക്കാരനെയും ആശ്രയിക്കാനാവില്ല..അവർ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്.അതുകൊണ്ടു തന്നെയാണ് ഫ്ലോറിഡ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം കുട്ടികളും രക്ഷകർത്താക്കളും കമ്മ്യൂണിറ്റി ആക്ഷൻ കൗണ്സിലുകളും രാഷ്ട്രീയക്കാരെ മാറ്റിനിറുത്തി നേരിട്ട് പ്രസിഡന്റിനോട് സംവദിക്കാൻ ആരംഭിച്ചത്. അത് ഒരു മാറ്റത്തിന്റെ തുടക്കം തന്നെയെന്നുവേണം വിലയിരുത്താൻ.

കേന്ദ്ര, സ്റ്റേറ്റ് തലങ്ങളിൽ ചർച്ചചെയ്യപ്പെടേണ്ടതും ആവശ്യമെങ്കിൽ വേണ്ടുന്ന നിയമ മാറ്റങ്ങൾ വേണ്ടുന്നതുമായ പ്രധാന കാര്യങ്ങൾ ഒന്നുകൂടി ഗൺ സ്വന്തമാക്കാനുള്ള പ്രായപരിധി മാറിയ സാഹചര്യത്തിൽ വിലയിരുത്തുക.

AR -15 പോലുള്ള എല്ലാത്തരം "Assault Weapons" ഉം തെരുവുകളിൽ നിന്നും പൗരന്മാരിൽ നിന്നും നിരോധിക്കുക (ആത്മ രക്ഷക്ക് ഇത്തരം ആയുധങ്ങൾ ആവശ്യമില്ല. കൂടുതൽ സുരക്ഷക്ക് കൂടുതൽ ശക്തമായ ഗൺ ആവശ്യമെങ്കിൽ AR-15 നേക്കാൾ വളരെ ശക്തങ്ങളായ ആയുധങ്ങൾ ഉണ്ട് എന്നറിയുക, സാമൂഹിക ക്രമം നിലനിറുത്താൻ ഇത്തരം ആയുധങ്ങൾ ജനങ്ങളുടെ കൈകളിൽ എത്താതിരിക്കാൻ വേണ്ട നടപടികൾ
കൈക്കൊള്ളേണ്ടതുണ്ട്.

ശക്തമായ Backgorund Checking ഉറപ്പുവരുത്തുക - ഇതിൽ ക്രിമിനൽ പശ്ചാത്തലം മാത്രമല്ല മാനസിക വൈകല്യങ്ങളും തിരിച്ചറിയാനുള്ള സംവിധാനം ഉണ്ടാവണം. 

Background Checks, Systems Integration, Better data management - ദേശീയതലത്തിൽ ഇൻഫർമേഷൻ ഷെയറിങ് തുടങ്ങിയവ ഉറപ്പുവരുത്തുക.

ലോ എൻഫോഴ്‌സ്‌മെന്റ് അധികാരികളിൽ കൂടുതൽ ഉത്തരവാദിത്ത ബോധം ഉണ്ടാക്കുക.

ബംപ് സ്റ്റോക്ക് വിൽപ്പന തടയുക

ഏതു നിയമവും മനുഷ്യനുണ്ടാക്കുന്നതാണ്.
അത് അവനുവേണ്ടിയാണ്,
സമൂഹികമായ അച്ചടക്കത്തിന് വേണ്ടിയാണ്,
സുരക്ഷക്ക് വേണ്ടിയാണ്.
നിയമങ്ങൾ മേല്പറഞ്ഞതിനു വെല്ലുവിളിയാകുമ്പോൾ അവ പുനഃ പരിശോധിക്കപ്പെടണം.