Sunday, January 23, 2011

അധിനിവേശങ്ങളില്‍ തകരാതെ നൂറ്റാണ്ടുകള്‍ - കുസ്കൊ, പെറു


അധിനിവേശങ്ങളില്‍ തകരാതെ നൂറ്റാണ്ടുകള്‍ - കുസ്കൊ,  പെറു
                                                                എസ്. അനിലാൽ 

പണ്ട് പണ്ട്,  ഒരിടത്തൊരിക്കല്‍, അങ്ങു കുന്നുകള്‍ക്കു പിറകില്‍ സൂര്യന്‍ ഉദിച്ചുയരുമ്പോള്‍, താഴ്‌വാരത്തിലെ തടാക മധ്യത്തില്‍ നിന്നും രണ്ട്‌ പേര്‍ പ്രത്യക്ഷപ്പെട്ടു കരയിലേക്കു നടക്കുന്നു. സൂര്യഭഗവാന്റെ  ( the Inti father) തന്നെ മക്കളായിരുന്നു അവര്‍, മാന്‍കൊപകും (Manco Capac ) അവന്റെ പെങ്ങള്‍ മാമാ ഒക്ളോയും (Mama Ocllo). വടക്കോട്ടുള്ള യാത്രക്കിടയില്‍ എവിടെയോ വച്ചൊരു നിയോഗം പോലെ, മാന്‍കൊപകിന്റെ  കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണ ചെങ്കോല്‍ ഭൂമിയില്‍ വീണു മറയുകയും അവിടെ കുസ്കൊ നഗരം ഉയരുകയും ചെയ്യുന്നു. ദൈവങ്ങളുടെ പിന്തുണയോടെ ഒരു സാമ്പ്രാജ്യം അതിന്റെ  ഉയരങ്ങളിലെക്കു കുതിക്കുന്നു. നൂറ്റാണ്ടുകള്‍ക്കു ശേഷം ഒരിക്കല്‍ സൂര്യക്ഷേത്രത്തില്‍ നിന്നും സ്വര്‍ണങ്ങളും രത്നങ്ങളും പതിച്ച നിധി മോഷ്ട്ടിക്കപ്പെടുന്നു. ശിക്ഷയായി ദൈവം തന്നെ ഇന്‍കാ സാമ്പ്രാജ്യം നശിപ്പിക്കുന്നു. ഏന്നെങ്കിലും മോഷ്ട്ടിക്കപ്പെട്ട നിധി ക്ഷേത്രത്തില്‍ തിരികെ വരുമെന്നും, അന്നു പഴയ സാമ്രാജ്യം പുതിയ പ്രതാപൈശ്വര്യങ്ങളൊടെ പുനര്‍ജനിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.

ഇന്‍കാ ചരിത്രത്തെ കുറിച്ചും തലസ്ഥാനമായ കുസ്കൊ നഗരിയെക്കുറിച്ചും, യാത്രയുടെ പെട്ടെന്നുള്ള തയാറെടുപ്പിനിടയില്‍ വായിച്ചെടുത്ത മിത്തൂകളിലൊന്നാണു മുകളില്‍ പറഞ്ഞത്.

 തെക്കെ അമേരിക്കയിലെ പെറുവിലെക്കുള്ള യാത്ര പ്ളാന്‍ ചെയ്യുമ്പോള്‍ തീര്‍ച്ചയായും കാണണം എന്നു കരുതിയ സ്ഥലം മാച്ചുപിച്ചുവായിരുന്നു. കുസ്കൊയെ കുറിച്ചറിയുന്നതു, പെറുവില്‍ എത്തിയശേഷം മാചുപിച്ചുവിലെക്കുള്ള പ്ളാനിങ്ങിനിടയിലാണു. എന്നോടൊപ്പം വരാന്‍ ഒരു മെക്സിക്കന്‍ സുഹൃത്തും തയാറായി. ഞങ്ങളെടുത്ത പാക്കേജു ടൂർ  പ്രകാരം ആദ്യം കുസ്കൊയില്‍ എത്തുക, അവിടുന്നു ട്രെയിന്‍ മാര്‍ഗം 
മാച്ചു പിച്ചുവിലെക്കു പോവുക എന്നതായിരുന്നു. രണ്ടു സ്ഥലങ്ങളും ഉള്‍പ്പെടുന്ന മൂന്നു ദിവസത്തെ ടൂറിനായി ഒരു വെള്ളിയാഴ്ച അതിരാവിലെ തലസ്ഥാനനഗരിയായ ലിമ സിറ്റിയില്‍ നിന്നും കുസ്കോയിലേക്കു പ്ളെയിന്‍ കയറി. 

 ഒരു മണിക്കൂറ്‍ കൊണ്ട്‌ ഞങ്ങള്‍ കുസ്കൊയിലെത്തി. കുസ്കൊ നഗരം സമുദ്രനിരപ്പില്‍ നിന്നും 11,000  അടി ഉയരത്തിലാണ്. സാധാരണയായി ഇവിടെയെത്തുന്നവർക്ക് 'സോരോച്ചെ' യെന്ന  പർവത രോഗത്തെ കുറിച്ച് വായിച്ചിരുന്നു. ഉയരക്കൂടുതൽ (altitude) കാരണമുണ്ടാവുന്ന ഒരുതരം അസുഖമാണത്. ടൂറിന്റെ മൂന്നാം ദിവസമായിരുന്നു ഞങ്ങളുടെ കുസ്കൊ യാത്ര.


Saturday, January 15, 2011

മാച്ചു പിക്ച്ചു - ആകാശങ്ങള്‍ക്കും ഭൂമിക്കുമിടയിലായൊരു സ്വപ്നനഗരി

1911 -ല്‍ മാത്രം വീണ്ടും കണ്ടെടുക്കപ്പെട്ട ഇൻകാ സാമ്പ്രാജ്യത്തിന്റെ നഷ്ട്ട നഗരിയായ മാച്ചുപിക്ച്ചു ലോകത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നാവുകയാണ്. ചുറ്റും പര്‍വത നിരകള്‍ തീര്‍ത്ത കൂടിനുള്ളില്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഒരു ജനതയുടെ മുഴുവന്‍ ശക്തിയും സംസ്കാരവും ആവഹിച്ചു വിരിഞ്ഞുവീണതാണീ നഗരപ്പക്ഷി. ഒരു നൂറു വര്‍ഷങ്ങള്‍ക്കു ശേഷം വ്യക്തമല്ലാത്ത ഏതൊക്കെയോ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ട അവളെ കാലാന്തരത്തില്‍ പ്രകൃതിയും കാലവും പച്ചപ്പട്ടിട്ടുമൂടി ഒളിപ്പിച്ചു. അധിനിവേശത്തിന്റെ മസ്സുരി വിത്തുകളും അവളേറ്റു വാങ്ങിയിട്ടുണ്ടാവം.







ഒരു പ്രോജെക്റ്റിനായി സൌത്ത് അമേരിക്കന്‍ രാജ്യമായ പെറുവിന്റെ തലസ്ഥാന നഗരിയായ ലിമയിലെത്തിയ ഞങ്ങളുടെ വീക്ക്‌ എൻഡ് പ്രോഗ്രമായിരുന്നു മാച്ചു പിക്ച്ചു എന്ന മഹാത്ഭുതം കാണാന്‍ പോവുകയെന്നത്. കൂട്ടത്തില്‍ പറയട്ടെ, പാട്ടുകളുടെ ചിത്രീകരണത്തിനായി പുതിയ ലൊക്കേഷനുകൾ തിരഞ്ഞു പോവുന്ന നമ്മുടെ സിനിമാക്കാര്‍ ഈ സ്ഥലത്തെയും വെറുതെ വിട്ടില്ല. 'എന്തിരന്‍' എന്ന തമിഴ് ചിത്രത്തില്‍ ഐശ്വര്യ റായ് മാച്ചുപിക്ച്ചുവിൽ പാട്ടിനു ചുവടുകള്‍ വക്കുന്നുണ്ട്. എന്നോടൊപ്പം യാത്രക്ക് ഒരു മെക്സിക്കന്‍ സുഹൃത്തും തയാറായി. ഞങ്ങളെത്തുന്നതിനു മുന്‍പും ഒരു ഗ്രൂപ്പ്‌ മാച്ചുപിച്ചു കാണാന്‍ പോയിരുന്നു. എന്നാല്‍ അവര്‍ക്ക് സ്ഥലം ഒട്ടും ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഒരു ദിവസം മുഴുവനും ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയേണ്ടിയും വന്നു. മാച്ചു പിക്ച്ചുവെന്നത് സമുദ്രനിരപ്പില്‍ നിന്നും 8000 അടി ഉയരത്തിലുള്ള സ്ഥലമാണ്. Acute Mountain Disease ( AMD ) അഥവാ സോരോച്ചേ എന്നറിയപ്പടുന്ന altitude രോഗം പിടിപെട്ടതാണ് കാരണം. തീര്‍ച്ചയായും വേണ്ട മരുന്നുകള്‍ കരുതിവെക്കണം എന്ന് അവര്‍ താക്കീത് നല്കി‍. എന്നാല്‍ അവര്‍ പറഞ്ഞ മരുന്നില്‍ ആസ്പിരിന്‍ ഉള്ളതിനാല്‍ എനിക്ക് കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. സത്യം പറഞ്ഞാല്‍ ഞാനൊന്നും കരുതീല്ല.എന്തും വരട്ടെ എന്ന് കരുതി..അല്ലെങ്കില്‍ തന്നെ എന്ത് ചെയ്യാനാണ്..ഒന്നുകില്‍ പോവുക അല്ലെങ്കില്‍ പോകണ്ട എന്ന് തീരുമാനിക്കുക.

സൌത്ത് അമേരിക്കയുടെ സെന്‍ട്രല്‍ പസഫിക് തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് പെറു. കിഴക്കും തെക്കുമായി ബൊളിവിയ, ബ്രസീല്‍, ചിലി എന്നീ രാജ്യങ്ങളും കൊളംബിയയും ഇക്വഡോറും വടക്കും അതിരിടുന്നു.ലിമാ സിറ്റിയാണ് തലസ്ഥാനം.അലാസ്കയോടൊപ്പം വലുപ്പമുള്ള രാജ്യം. റോഡ്‌ ഐലണ്ടിനോടൊപ്പം വലിപ്പമുള്ള തലസ്ഥാനം.വടക്ക് നിന്നും തെക്കോട്ട്‌ കിടക്കുന്ന ആന്റിസ് പര്‍വതനിരകളും, കിഴക്ക് ഭാഗത്തായുള്ള ആമസോണ്‍ വനങ്ങളും മനോഹരമായ കടല്തീരങ്ങളും കൊണ്ട് പ്രകൃതീ സമ്പന്നമാണ് ഈ രാജ്യം.


ഞങ്ങള്‍ ഒരു വെള്ളിയാഴ്ച അതിരാവിലെ ലിമാ സിറ്റി എയർപോർട്ടിലെത്തി. സന്ദര്‍ശകര്‍ സാധാരണയായി ഇൻകാ തലസ്ഥാനം ആയി അറിയപ്പെടുന്ന കുസ്കോ സിറ്റിയിലെത്തി അവിടം കണ്ടശേഷം ട്രെയിനിലാണ് മാച്ചു പിക്ച്ചുവില്‍ എത്തുക. ഇതല്ലാതെ മാച്ചു പിക്ച്ചുവിന്റെ താഴ്വാരത്തിലുള്ള ആഗുഅസ് കാളിഎന്റെസ് എന്ന ചെറു പട്ടണത്തില്‍ നിന്നും ബസ്സിലോ കാല്‍നടയായോ ആയും അവിടെ എത്താവുന്നതാണ്. അല്പം സാഹസികത വേണമെങ്കില്‍ പ്രസിദ്ധമായ ഇനകാ ട്രയൽ വഴിയും മാച്ചു പിക്ച്ചുവില്‍ എത്തിച്ചേരാം. ഞങ്ങള്‍ കുസ്കോ സിറ്റിയിലേക്കുള്ള പ്ലെയിനില്‍ കയറി. ഒരു മണിക്കൂര്‍ കൊണ്ട് അത് കുസ്കോയിലെത്തി. കുസ്കോയകട്ടെ സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തിലാണ്. നേരത്തെ ചെയ്ത ഏര്‍പ്പാടനുസരിച്ചു ഒരാള്‍ ഞങ്ങളുടെ പേരുകള്‍ എഴുതിയ പ്ലക്കാര്‍ഡും പിടിച്ചു നില്‍പ്പുണ്ടായിരുന്നു. അയാള്‍ ഞങ്ങളെ വാനില്‍ കയറ്റി ഹോട്ടലിലേക്ക് യാത്രയായി. കൂടെ ഒരു വയസ്സായ സ്ത്രീയും അവരുടെ ഭര്‍ത്താവും ഉണ്ടായിരുന്നു. അവര്‍ നല്ല ഒന്നാംതരം ഇംഗ്ലീഷില്‍ സംസാരിച്ചത് കണ്ട് എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ചോദിച്ചു. അവര്‍ അമേരിക്കന്‍ എംബസ്സിയില്‍ ആണെന്നും ഈയിടെയായി എല്ലാ വര്‍ഷവും ഭര്‍ത്താവുമൊത്തു കുസ്കോയും മച്ചുപിച്ച്ചുവും കാണാന്‍ വരുമെന്നും അതവരുടെ ഏറ്റവും പ്രിയപ്പെട്ട റൊമാന്റിക്‌ യാത്രയാണെന്നും പറഞ്ഞു. ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഞാന്‍ അവരോടു സോരോചെയെന്ന altitude രോഗത്തെപ്പറ്റി ചോദിച്ചു. അവര്‍ അതിന്റെ ശാസ്ത്രീയമായ വശം ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി തന്നു. Acclimatization എന്ന പദപ്രയോഗത്തിലൂടെ ഈ രോഗത്തിന്റെ അടിസ്ഥാനം ഞങ്ങൾക്കു പറഞ്ഞുതന്നു. ഉയരങ്ങളിലെ ഓക്സിജൻ കുറവായ അവസ്ഥയുമായി നമ്മുടെ ശരീരം പൊരുത്തപ്പെടുന്ന പ്രക്രിയയാണ് അത്. അതിനു ചെയ്യേണ്ടാതെന്തൊക്കെയാണെന്നും അവര്‍ പറഞ്ഞു തന്നു. അവരെ അവര്‍ക്ക് താമസിക്കേണ്ട ഹോട്ടലില്‍ ഇറക്കിയശേഷം ഞങ്ങളുടെ ഹോട്ടലിലേക്ക് വാന്‍ തിരിച്ചുവിട്ടു. കുസ്കോ ഒരു പ്രത്യേക സ്ഥലമാണ്..പഴയ ഇന്കാ സാമ്പ്രാജ്യത്തിന്റെ തലസ്ഥാനം. 7 -8 അടി മാത്രം വീതിയുള്ള കരിങ്കല്ല് പാകിയ നിരത്തിലൂടെ വണ്ടി മുന്നോട്ടു പോയി. പാതക്കിരുവശവും വീടുകളും ഹോട്ടലുകളും ഭക്ഷണ ശാലകളും.

വാനില്‍ കണ്ട സുഹൃത്ത്‌ പറഞ്ഞതനുസരിച്ച് വെറും കൊക്കയില കൊണ്ടുള്ള ചായ മാത്രം കുടിച്ചു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. പെറുവില്‍ കൊക്കയില സാധാരണമാണ് പ്രത്യേകിച്ചും കുസ്കോയിലും മാച്ചു പിക്ച്ചുവിലും. കൊക്കയിലയില്‍നിന്നാണ് കൊക്കെയിൻ എന്ന ലഹരി ഉണ്ടാക്കുന്നതെങ്കിലും അതുകൊണ്ടുള്ള ചായക്ക് ലഹരിയില്ല. കൊക്കയില അതി സങ്കീര്‍ണമായ രാസപ്രക്രിയക്ക്‌ ശേഷമാണ് കൊക്കെയിൻ ആയി മാറുക. പരസ്യമായി കൊക്കയില ഉപയോഗിക്കുന്നത് പെറുവില്‍ മാത്രം അനുവദനീയമാണ്. എന്നാല്‍ മറ്റെല്ലാ സൌത്ത് അമേരിക്കന്‍ രാജ്യങ്ങളിലും അത് നിയമവിരുദ്ധവും. എന്തായാലും ഞങ്ങളുടെ യാത്ര അവസാനിക്കും വരെ ഞാന്‍ കൊക്കാ ചായ കുടിച്ചുകൊണ്ടേയിരുന്നു.



പിറ്റേന്ന് രാവിലെ ബസ്സെത്തി. ഒരൊന്നര മണിക്കൂറോളം പുറം പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. മാച്ചുപിക്ച്ചുവിലേക്കുള്ള ട്രെയിന്‍ യാത്ര ഏകദേശം രണ്ടു മണി ക്കൂറോളമെടുത്തു. മഴക്കാടുകൾക്കിടയിലുടെ മലകയറിയുള്ള യാത്ര ഒരിക്കലും മറക്കാനാവാത്തതാണ്. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ഗൈഡ് ഒരു പെറുവിയന്‍ സുന്ദരി ഞങ്ങളുടെ പേരുകളെഴുതിയ പ്ലക്കാർഡും പിടിച്ചു കാത്തുനില്‍പ്പുണ്ടായിരുന്നു. പിന്നെ കുറച്ചു നേരം പച്ചയായ കാടിനുള്ളിലുടെയുള്ള ബസ്‌ യാത്രയായിരുന്നു. ഉച്ചയോടെ ഞങ്ങള്‍ മാച്ചു പിക്ച്ചുവിലെത്തി സ്ഥലങ്ങള്‍ കാണാന്‍ തുടങ്ങി.

പിക്ച്ചു എന്നാല്‍ സ്പാനിഷ്‌ ഭാഷയില്‍ പര്‍വതം എന്നര്‍ത്ഥം. മാച്ചു പിക്ച്ചു എന്ന പുരാതന നഗരം ആന്റിസ് പര്‍വതനിരകളില്‍ സ്ഥിതി ചെയ്യുന്നു. തെക്കേ അമേരിക്ക്കയിലെ ഏറ്റവും പ്രബലമായിരുന്ന ഇൻകാ സാമ്പ്രാജ്യത്തിന്റെ പ്രധാന പ്രതീകമായി അറിയപ്പെടുന്ന ഈ നഗരം "ദി ലോസ്റ്റ്‌ സിറ്റി ഓഫ് ദി ഇന്‍കാസ്" അഥവാ "ഇന്കാസിന്റെ നഷ്ട നഗരം" എന്നാണ റിയപ്പെടുന്നത് . വളരെ അടുത്ത കാലത്ത്, അതായത് 1911 ലാണ് അമേരിക്കന്‍ പുരാവസ്തു ഗവേഷകനായ ഹിരം ബിന്ഗം മണ്മറഞ്ഞു പോയ ഈ നഗരം വീണ്ടും കണ്ടെടുക്കുന്നത്.


ഇൻകാ സാമ്പ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായോ, ആത്മീയ കേന്ദ്രമായോ, കൃഷി കേന്ദ്രമായോ ഒക്കെ കരുതപ്പെടുന്ന ഈ നഗരത്തിനു പ്രത്യേകതകള്‍ ഏറെയുണ്ട്. തലസ്ഥാനമായ കുസ്കോയില്‍ നിന്നും അകലെ പര്‍വതങ്ങള്‍ക്കു നടുവില്‍ ഉയരത്തിലായി ഇങ്ങനെയൊരു സ്വപ്ന നഗരി എന്തിനായിരുന്നു എന്ന് സാധരണക്കാരായ സന്ദര്‍ശകര്‍ പോലും ചിന്തിച്ചുപോകും. പ്രഭുക്കളും രാജവംശത്തില്‍പ്പെട്ടവരുമുൾപ്പെടെ ഒരേ സമയത്ത് 200 കുടുംബങ്ങളിലായി 700 ഓളം പേര്‍ ഇവിടെ താമസിച്ചിരുന്നു. മാച്ചു പിക്ച്ചു നഗരത്തിനെ രണ്ടുമുഖ്യ വിഭാഗങ്ങളായി തിരിക്കാവുന്നതാണ് - അര്‍ബന്‍ (സിറ്റി ) വിഭാഗവും കാര്‍ഷിക വിഭാഗവും.


ഈ നഗരം കാണുന്ന ഒരാള്‍ ആദ്യം ശ്രദ്ധിക്കുന്നത് ഇതിന്റെ നിര്‍മാണ രീതിയാണ്. നിര്‍മാണത്തിന് പൊതുവേ നിശ്ചിത രൂപത്തില്‍ മുറിച്ചെടുത്ത കല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും അമ്പലങ്ങള്‍ തുടങ്ങിയ എല്ലാ പ്രധാന നിര്‍മാണവും ക്ലാസിക്കല്‍ ഇനകാ ശില്‍പ്പകലാ സമ്പ്രദായമായ ആശ്ലര്‍ രീതിയിലാണ്. മിനുസ്സപ്പെടുത്തിയെടുത്ത കൂറ്റന്‍ കല്ലുകള്‍ (സാമാന്യം വലിയ കല്ലുകള്‍ക്ക് ഒരു അഞ്ചടിയോളം ഉയരവും വീതിയും കനവുമുണ്ടാവും ) സിമന്റോ ചാന്തോ ഇല്ലാതെ ചേര്‍ത്തുവച്ചുള്ള ഒരു പ്രത്യേക രീതിയാണത്. ഒട്ടും സഞ്ചാര യോഗ്യമാല്ലാതെ കിടന്നിരുന്ന ഈ മലകള്‍ക്ക് നടുവില്‍ ചക്രങ്ങളുടെയോ മറ്റു സങ്കേതങ്ങളുടെയോ സഹായമില്ലാതെ ഇത്തരം കല്ലുകളെത്തിച്ചു പണിതീര്‍ത്ത ഈ മഹാനഗരം എന്നെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. 100 കണക്കിനാളുകളെയാണ് മലന്ച്ചരിവുകളിലൂടെ ഈ കല്ലുകള്‍ നീക്കുവാനായി ഉപയോഗപ്പെടുത്തിയിരുന്നതെന്ന് ഞങ്ങളുടെ ഗൈഡ് പറഞ്ഞു. കൃഷി ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന ചെറിയ വീടുകളും മറ്റും നിര്‍മിക്കാന്‍ സിമന്റും ചാന്തും ഉപയോഗിച്ചിരുന്നു. പെറു, പണ്ട് മുതല്‍ക്കേ ഭൂകമ്പങ്ങള്‍ക്ക് വളരെ സാധ്യതയുള്ള രാജ്യമായിരുന്നു. സിമന്റും ചാന്തും ഉപയോഗിക്കാത്ത നിര്‍മാണം കെട്ടിടങ്ങളെ ഭൂകമ്പങ്ങളെ അതിജീവിക്കുന്നതില്‍ ഒരുപരിധിവരെ സഹായിച്ചിട്ടുണ്ട്. ഭൂചലനങ്ങൾ ക്കൊപ്പം ഈ കല്ലുകള്‍ക്ക് കുറച്ചൊക്കെ സ്ഥാനചലനം സംഭവിക്കുമെങ്കിലും കല്ലുകള്‍ മുറിച്ചടുക്കുന്ന രീതി കാരണം അവ വീണ്ടും സ്വസ്ഥാനങ്ങളില്‍ പോയുറക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം കുസ്കോയില്‍ ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ ആകെ അതിജീവിച്ചത് ഇത്തരത്തില്‍ നിര്‍മിച്ച കെട്ടിടങ്ങളാ യിരുന്നു. ഭൂചലനങ്ങളെ അതിജീവിക്കുന്നതില്‍ ഇനകാ ചുമരുകൾക്കൊപ്പം ഈ സങ്കേതത്തിന്റെ ഡിസൈനും സഹായിക്കുന്നുണ്ട്. വാതിലുകള്‍ക്കും ജനലുകള്‍ക്കും trapezoidal ആകൃതിയാണ്. അതോടൊപ്പം അവ താഴെനിന്നും മുകളിലേക്ക് ഉള്ളിലേക്ക് ചരിഞ്ഞിട്ടാണ്.






ഈ നഗരത്തില്‍ വീടുകള്‍ക്ക് പുറമേ അമ്പലങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി കൃഷിയാവശ്യങ്ങള്‍ക്കായി ഉണ്ടാക്കിയ ചെറിയ കെട്ടിടങ്ങള്‍ വരെയുണ്ടായിരുന്നു. ഇവുടത്തെ ജലവിതരണ സമ്പ്രദായം എടുത്തു പറയേണ്ടതാണ്‌. മാച്ചുപിച്ക്ച്ചുവിലെത്തിച്ചെരാന്‍ ഇന്‍കാസ് 'ഇനകാ ട്രയൽ ' എന്ന ഒരു റോഡ്‌ സിസ്റ്റവും ഉണ്ടാക്കിയിട്ടുണ്ട്. കുസ്കോയിലെത്തുന്ന സഞ്ചാരികളില്‍ നൂറുകണക്കിനാളുകള്‍ 'ഉറുബാമ്പ ' താഴ്വരയില്‍ നിന്നും ഇനകാ ട്രയൽ വഴി മൂന്നു നാല് ദിവസം ആന്റീസ് പര്‍വതനിരകളിലൂടെ നടന്നു മാച്ചുപിച്കുവില്‍ എത്തുന്നുണ്ട്.


നേരത്തെ പറഞ്ഞ 'അർബൻ (urban)' സെക്ടര്‍, ദി സേക്രഡ് ഡിസ്ട്രിക്ട്, ദി പോപ്പുലർ ഡിസ്ട്രിക്ട്, ദി ഡിസ്ട്രിക്ട് ഓഫ് ദി പ്രീസ്റ്സ് ആൻഡ് ദി നോബിളിറ്റി എന്ന മൂന്നു ഡിസ്ട്രിക്റ്റുകൾ ചേര്‍ന്നതാണ് . 'intihuatana ', 'ടെംപിൾ ഓഫ് ദി സണ്‍ ‍', 'റൂം ഓഫ് ത്രീ വിൻഡോസ് ' എന്നിവയാണ് സേക്രഡ് ഡിസ്ട്രിക്ടിലെ പ്രധാന കെട്ടിടങ്ങള്‍. ഇന്റി എന്നത് ഇൻകാ ജനതയുടെ ഏറ്റവും പ്രിയ ദൈവമായ സുര്യ ദേവനാണ്. പോപ്പുലർ ഡിസ്ട്രിക്ട് എന്നത് സാധാരണക്കാരന്റെ വാസസ്ഥലമാണ്, ഇവിടെ കൊച്ചു കൊച്ചു വീടുകള്‍ ഞങ്ങള്‍ കണ്ടു. മൂന്നാമത്തെ ഡിസ്ട്രിക്റ്റ് സ്ഥലത്തെ പ്രധാന ദിവ്യന്മാര്‍ക്കു വേണ്ടിയുള്ളതാണ്. രാജാവും രാണിമാരും, പ്രഭുക്കളും പുരോഹിതന്മാരും ഇവിടെയാണ് വാണിരുന്നത്‌. രാജാവിന്റെയും റാണിയുടേയും കിടപ്പറയും ഞങ്ങള്‍ കണ്ടു. ഇൻ കാ രാജാവും റാണിയും തറയിലായിരുന്നു കിടന്നിരുന്നതെന്നത് ഞങ്ങളില്‍ കൌതുകമുണര്‍ത്തി.







ഇവിടം ശരിക്കൊന്നു കാണണമെങ്കില്‍ ഒരു ദിവസം കൂടി വേണ്ടി വരും. എന്നാല്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ചു പിറ്റേന്ന് കുസ്കോ സിറ്റി കാണെ ണ്ടതിനാല്‍ ഞങ്ങള്‍ വൈകുന്നേരത്തെ ട്രെയിനില്‍ തന്നെ മടങ്ങിയെത്തി.

പതിനഞ്ചാം ശതകത്തിന്റെ മധ്യത്തില്‍ പണിതതാണ് മാച്ചു പിക്ച്ചു. എന്നാല്‍ ഒരു നൂറു വർഷം മാത്രമേ ഈ അത്ഭുത നഗരത്തില്‍ ആൾപ്പാർപ്പുണ്ടായിരുന്നുള്ളു. അതിനു ശേഷം ഈ സ്ഥലം ഏതൊക്കെയോ കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടു. പതിനാറാം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം ഉണ്ടായ സ്പാനിഷ്‌ അധിനിവേശം ഈ നഗരത്തിന്റെ നാശത്തിനു കാരണമായി ചിലരെങ്കിലും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ സ്പാനിഷ്‌ എത്തുന്നതിനു മുന്‍പ് തന്നെ മസ്സൂരി രോഗം പിടിപെട്ടു ഈ നഗര വാസികള്‍ മരിച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട്. മാത്രമല്ല ഏകദേശം 150 -ഓളം വരുമായിരുന്ന സ്പാനിഷ്‌ അധിനിവേസസേനക്ക് പര്‍വതനിരകള്‍ താണ്ടി അവിടെയെത്തി ഇനകാ നഗരിയെ ചെറുക്കാന്‍ ഒട്ടും തന്നെ സാധ്യമാവുമായിരുന്നില്ലത്രേ. എന്നാലും സ്പാനിഷ്‌ സേന വിതറിയ മസ്സുരി വിത്തുകളാണ് മാച്ചുപിക്ച്ചുവിലെ ഇനകാ ജനതയെ കൊന്നോടുക്കിയതെന്ന കണ്ടുപിടുത്തത്തിനും സാധ്യതയില്ലാതില്ല. അങ്ങനെയെങ്കില്‍ ശത്രുവിനെ കീഴ്പെടുത്താന്‍ ജൈവായുധങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നത് ഇവിടെയാണ്‌.

Tuesday, January 11, 2011

നാനി

നാനി 
                      എസ്. അനിലാൽ 

യാത്ര തീരെ മുഷിവായിരുന്നു എന്ന് പറയാൻ വയ്യ. പോവാതിരുന്നെങ്കിൽ ഇതേക്കാളേറെ ബോറായേനെ. ലച്ചുവും ഹരിയുമില്ലാതെ ഞങ്ങളാ അപ്പാർട്മെന്റില് എത്ര ദെവസ്സോന്നുവച്ചാ! വീട്ടില്  ഗസ്റ്റ് ഉള്ള കാരണം കുട്ട്യോള് ഒരാഴ്ച വരില്ലെന്ന് പറഞ്ഞപ്പൊ  നിവർത്തിയില്ലാതെ  ഇറങ്ങി തിരിച്ചതല്ലേ? കഴിഞ്ഞ നാലഞ്ചു വർഷങ്ങൾ കൊണ്ട് അവരുടെ ഇഷ്ടങ്ങൾക്കും നിർബന്ധങ്ങൾക്കുമനുസരിച്ചു മാറിപ്പോയ ജീവിതം. പരാതിപറയുകയല്ല; അതൊരു രസമായിരുന്നു എന്നു പറഞ്ഞതാണ്.

മടക്കയാത്ര ട്രെയിനിലാക്കിയത് നന്നായി എന്നു  തോന്നുന്നു. നല്ല ക്ഷീണം തോന്നുന്നെങ്കിലും ഓരോന്നോർത്തിരിക്കാമല്ലോ! അല്ലെങ്കിൽത്തന്നെ  ധൃതിപ്പെട്ടു വീട്ടിലെത്തിയിട്ട്  എന്തു  ചെയ്യാനാണ്! 

മോളു തന്നെയാണ് വളരെ സസ്പെൻസായി ഈ വെക്കേഷൻ  പ്ലാൻ ചെയ്തത്.

പെട്ടെന്നൊരുദിവസം, കിടക്കുന്നതിനു മുൻപ് അവൾ ഫോൺ ചെയ്തു പറഞ്ഞു:

'അമ്മാ ... യു ഗൈസ് നീഡ് എ ബ്രേക്ക് ഗോ ആന്റ് ഹാവ് സം ഗുഡ് ടൈം'. 

തീർച്ചയായും ഞങ്ങൾക്ക് ഒരൊഴിവുകാലം അത്യാവശ്യമാണെന്നും എല്ലാം അവർ പദ്ധതിയിട്ടു കഴിഞ്ഞുവെന്നും പറയുമ്പോൾ എന്തോ അത്ര സുഖം തോന്നിയില്ല.  എന്നാലൊന്നും പറയാനും പോയില്ല. ആ ശനിയാഴ്ച രാവിലെ എല്ലാരും വീട്ടിലെത്തി ഞങ്ങളെ യാത്രയാക്കുമ്പോൾ, എന്നെ മാറ്റിനിറുത്തി അവൾ പുതിയൊരു ഫോൺ കയ്യിൽ പിടിപ്പിച്ചു തന്നു. എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതിയത്രെ. 

എന്തായാലും അവളുടെ വാത്സല്യത്തിൽ അത്ര സുഖം തോന്നിയില്ല. അതെങ്ങിനെയാ? ഞങ്ങളുടെ ശരിക്കുള്ള സന്തോഷം അവളെങ്ങിനെയാണ് അറിയുക. ഒരുപക്ഷെ അതറിഞ്ഞതുകൊണ്ടാവാം ഇത്രപെട്ടെന്നിങ്ങനെയൊക്കെ. ഈയിടെയായി അവളുടെ പെരുമാറ്റത്തിലും എന്തോ ഒരകൽച്ച; ഒരു കൃതൃമത്വം കണ്ടിരുന്നു. ലച്ചുവും ഹരിയും ഞങ്ങടെ കുട്ടോള് തന്നെയല്ലേ. കുഞ്ഞിലേ തൊട്ട് ഞങ്ങളു തന്നെയായിരുന്നല്ലോ അവരെ നോക്കി വളർത്തിയത്. ങാ, അതൊക്കെയെന്തിനാ ഓർക്കുന്നത്. 

ചിലപ്പോഴൊക്കെ, അവൾടെ അച്ഛൻ പറയും. എല്ലാം നമ്മുടെ ഇഷ്ടമായിരുന്നെന്ന്. അവളൊന്നിനും നിർബന്ധിച്ചില്ലായെന്ന് . 

ഒന്നോർത്താലതു ശരിയാണ്. കല്യാണം കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്കു  ജോലികാരണം മാറിപ്പോയവർക്ക് പിന്നാലെ  പോയതു ഞങ്ങൾ തന്നെയാണ്. ഉണ്ടായിരുന്ന വീടും വിറ്റ് മോളും മരുമകനും താമസിക്കുന്ന സ്ഥലത്തുചെന്നൊരപ്പാർട്ടുമെന്റ് വാടകക്കെടുത്തത് മറ്റാരും പറഞ്ഞിട്ടല്ല. 

അവളുടെ കല്യാണം കഴിഞ്ഞു പോയപ്പോൾ തന്നെ ഒരു വല്ലാത്ത ശൂന്യത തോന്നിയിരുന്നു. ആലോചിച്ചതാണ് നാട്ടിലങ്ങു പോയാലോ? പിന്നെ തോന്നി. അവിടെ ഞങ്ങൾക്കാരാ ഉള്ളത് ? അവിടെ ചെന്നെന്തു ചെയ്യാൻ ? കഴിഞ്ഞ കുറെ വർഷങ്ങളായി നാട്ടിൽ വെക്കേഷനു ചെന്നാൽ തന്നെ ഒരാഴ്ച കഴിയുമ്പം ഞാൻ അവളുടെ അച്ഛനോടു പറയും; തിരിച്ചു പോവാമെന്ന് . 

കൂടെപ്പിറപ്പുകളായാലും ശരിതന്നെ, അവർക്ക് അവരുടെ ജീവിതങ്ങളില്ലേ? നാട്ടിൽ പോയി ഒരഞ്ചാറു ദിവസം കഴിയുമ്പോൾ തന്നെ ഒരൊറ്റപ്പെടൽ തോന്നും. എല്ലാരും അവരവരുടെ കാര്യങ്ങളുമായി പോകാൻ തുടങ്ങും. കുറ്റം പറഞ്ഞിട്ടു കാര്യമില്ല . നമ്മളൊരു വെക്കേഷനു ചെല്ലുമ്പോൾ അവർക്ക് നമുക്കായി മാറ്റിവെക്കാൻ പറ്റുന്ന സമയത്തിനൊരു പരിധിയുണ്ട് . നമ്മൾ നമ്മുടെ സൗകര്യമനുസരിച്ച് നാട്ടിൽ പോകു ന്നു. അവിടെ, അവരുടെ സൗകര്യം നോക്കാറില്ലല്ലോ? കുറച്ചുദിവസം അവർ നമ്മോടൊത്ത് അഡ്ജസ്റ്റ് ചെയ്യും. അത്രമാത്രം.  അതിനുശേഷം അവർക്കു അവരുടെ ജീവിതങ്ങൾ മുന്നോട്ടു നീക്കണ്ടേ? അതൊക്കെ കൊണ്ട് തന്നെ, മോൾടെ കല്യാണ ത്തിനുശേഷം നാട്ടിൽ പോണോ വേണ്ടയോ എന്ന ചോദ്യത്തിന് ഞാൻ തന്നെ ഉത്തരം കണ്ടെത്തി. വേണ്ട പോകണ്ട. 

ഞാൻ അവളുടെ അച്ഛനോടു പറഞ്ഞു:

'നമുക്കീ ജീവിതത്തിലിനിയെന്താണ്? പുതുതായി ഒന്നും സംഭവിക്കാനില്ല. ഇനിയുള്ള സന്തോഷം അവളുടെ ജീവിതം കാണുന്നതിലാണ് . അവരുടെ ഉയർച്ച സന്തോഷം കുട്ടികൾ'

ലച്ചുനും ഹരിക്കും അപ്പൂപ്പനും അമ്മൂമ്മയുമെന്നു വെച്ചാല് ജീവനാണ്. അതുപിന്നെ അങ്ങിനെയല്ലേ വരൂ. അതിരാവിലെ അവൾ രണ്ടുപേരെയും കൊണ്ടുവിടും . വൈകുന്നേരം രമേഷ് വന്ന് കൂട്ടിക്കൊണ്ടുപോവും. അതുവരെ അവര് ഞങ്ങളുടെ കൂടെ തന്നെയല്ലേ . ഉച്ചക്കുശേഷം രണ്ടുംകൂടി ഉറങ്ങാൻ കിടന്നാൽ പിന്നെ സമയം പോവില്ല. ഞങ്ങളോരോന്ന് പറഞ്ഞിരിക്കും . അവസാനം ഒന്നും രണ്ടും പറഞ്ഞു വഴക്കാവും. പിള്ളേരുണർന്നാൽ പിന്നെ എല്ലാം മറന്ന് അവരുടെ പിന്നാലെ. ആലോചിക്കുമ്പം ചിരിവരുന്നു .

'ഭാരതി .. നീയെന്തായിങ്ങിനെ ആലോചിച്ചു കൂട്ടുന്നെ?'

ചെറിയ ഞെട്ടലോടെ ചിന്തയിൽനിന്നുണരുമ്പോൾ,തീവണ്ടി ദേശങ്ങളെ പിറകിലാക്കി പായുകയാണ്. വലിയ ചില്ലു ജാലകങ്ങൾക്കു പുറത്തു മഞ്ഞവെയിൽ വീണ സമതലങ്ങൾ . വണ്ടിക്കുള്ളിലെ തണുപ്പു  കൂടുന്നുണ്ട്.  രണ്ടു കൈകൊണ്ടും മാറികിടന്നിരുന്ന പുതപ്പു വലിച്ചു ദേഹത്തെ മൂടി.  

'ഓ ... ഒന്നുമില്ല. വെറുതെ കുട്ട്യോൾടെ കാര്യമോർത്തിരുന്നതാ'

'അതിനെന്താ നാളെ രാവിലെ അവരെത്തുമല്ലോ?' 

'തൊട്ടടുത്തല്ലേ. ഇന്നൊന്നു പോയികണ്ടാലെന്താ?', എന്ന് പറയാൻ നാവെടുത്തതാണ്. വേണ്ട. ഇന്നിനി മോൾടെ അടുത്തു പോവണ്ട , അവളെന്തു വിചാരിക്കും? ഒന്നും മിണ്ടിയില്ല.

എന്നെ സമാധാനിപ്പിക്കാനാണിത് പറയുന്നതെന്നറിയാം . അവിടെയും മനസ്സിലിതുതന്നെയാവും ചിന്ത. ഉറപ്പാ ണ് . യാത്ര പുറപ്പെട്ട ദിവസം തന്നെ ഞാൻ കണ്ടതല്ലേ. എന്തു വിഷമമായിരുന്നു. രാത്രി ഉറങ്ങിയിട്ടില്ല. അന്ന് ഞാനായിരുന്നു ഓരോന്നു പറഞ്ഞ് സമാധാനിപ്പിച്ചത് . അവസാനം മയങ്ങുംമുമ്പ് പറഞ്ഞതോർമ്മയുണ്ട്.

'ഒന്നോർക്കുമ്പം നമ്മളെത്ര ഭാഗ്യമുള്ളവരാണ്. വയസുകാലത്ത് ഇങ്ങിനെ  കൊച്ചുമക്കളെയും നോക്കി മോളടുത്തു കഴിയാൻ എത്രപേർക്ക് കഴിയുന്നുണ്ട്. ഇതഞ്ചാറു ദിവസത്തെ കാര്യം മാത്രമല്ലെ?'

ട്രെയിൻ സ്റ്റേഷനിലെത്തി. വന്നു കൂട്ടിക്കൊണ്ടു പോകാമെന്നവള് പറഞ്ഞിരുന്നതാണ് . രണ്ടു ദിവസം മുമ്പ് വിളിച്ചപ്പോ പറഞ്ഞു. അവൾക്കന്നു ഡ്യൂട്ടിയാണ്. ഒരു നിവൃത്തിയുമില്ലെന്ന് . അതൊക്ക മനസ്സിലാക്കാവുന്നതല്ലേയുള്ളു. അവള് തിരക്കുള്ള ഡോക്ടറല്ലേ. സ്റ്റേഷനിറങ്ങിയശേഷം ഒരു ടാക്സി പിടിച്ച് അപ്പാർട്ടുമെന്റിലേക്ക് തിരിച്ചു. 

രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല. എങ്ങിനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെയണീറ്റ് കുളിച്ച് പ്രാർത്ഥിച്ചശേഷം ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞ് കുട്ട്യാളെയും കാത്തിരിക്കുമ്പോഴാണ് ഫോണടിച്ചത്.

'ഭാരതി ... ഒന്നു നോക്കിയേ'

ഇപ്പം മനസ്സിലായി ലച്ചുന്റെയും ഹരീയും കാര്യത്തിലാർക്കാണധികം ഉൽക്കണ്ഠയെന്ന്.

'മോളാവും . കുട്ട്യോളെ ഡ്രോപ്പ് ചെയ്യാൻ വരുവാരിക്കും' ഞാൻ പറഞ്ഞു.

അടുക്കളയിൽ ചെന്ന് ഫോണെടുത്തു . അവളുതന്നെ.

'അമ്മാ .. ഹൗ വാസ് ദി ട്രിപ്പ് . യു ഗസ് എൻജോയ്ഡ് ?'

അവളു ചോദിക്കയാ. വെക്കേഷൻ എങ്ങിനെയുണ്ടായിരുന്നെന്ന്?

'കുഴപ്പമില്ല. എന്റെ കുഞ്ഞേ. ഞങ്ങൾക്കിങ്ങു വരാൻ ധൃതിയായി. നിങ്ങളെയൊക്കെ കാണാഞ്ഞിട്ട്' ഞാൻ പറഞ്ഞു, പക്ഷെ മുഴുമിപ്പിച്ചില്ല.

അങ്ങേത്തലക്കൽ നിശബ്ദത . അവളൊന്നും മിണ്ടുന്നില്ല.

'പിന്നെ, എപ്പഴാ ലച്ചുവും ഹരിയും എത്തുക . ഇവിടെയൊരാൾ കാത്തിരിക്കുവാ'

അപ്പോഴും പെട്ടെന്നൊരു മറുപടി കേട്ടില്ല . അല്പസമയം കഴിഞ്ഞ് അവൾ പറയുകയാണ്.

'അതു പിന്നെ.. അമ്മാ ... ' വാക്കുകൾകിട്ടാതെ പരുങ്ങുന്നതു എനിക്കിവിടുന്നറിയാം.

എനിക്കൊന്നും മനസ്സിലായില്ല. ഇവളെന്താ ഇങ്ങിനെ.
 ഞാൻ ചോദിച്ചു:

'എന്താ . എന്തുപറ്റി?..അവർക്കെന്തെങ്കിലും അസുഖം?'

'അങ്ങിനെയൊന്നുമില്ല', ഒന്ന് നിറുത്തി വീണ്ടും തുടർന്നു.

'അതേ അമ്മാ..ലക്കിലി ഞങ്ങൾക്കൊരു നാനിയെ കിട്ടി. രമേഷിന്റെ കൂടെ വർക്കുചെയ്യുന്ന നഴ്സ്, മോളിയില്ലെ? അവര്  തരപ്പെടുത്തിയതാ.'

പിന്നൊന്നും കേട്ടില്ല. മറ്റൊന്നും കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല. മനസ്സിലോർത്തുപോയി. മോളേ ഇതിനായിരുന്നോ പുതിയ ഫോണും വാങ്ങിത്തന്ന് ഞങ്ങളെ പ്രതീക്ഷിക്കാത്താരു വെക്കേഷനു പറഞ്ഞുവിട്ടത് . ഞാനൊന്നും പറയുന്നില്ലായെന്നു കണ്ടപ്പോൾ അവൾ പറയുകയാണ്.

'ഞാൻ പറഞ്ഞതാ. അമ്മക്കുമച്ഛനുമൊക്കെ വിഷമമാവുമൊന്നൊക്കെ. അപ്പോ രമേഷ് പറയുവാ അമ്മയുമച്ഛനും വയസ്സായി വരികയല്ലേ. അവർക്കും ഒരു ബ്രേക്ക് വേണ്ടായെന്ന്. അവരെക്കൊണ്ടധികം പണി ചെയ്യിക്കുന്നത് ശരിയല്ലെന്നൊക്കെ'

ബാക്കി കേട്ടില്ല . ഞങ്ങൾ ചെയ്തതൊക്കെ കേവലം പണിയാണെന്ന്. ദൈവമേ.

'ഞങ്ങടെ കുട്ട്യോളെ ഞങ്ങളുടെ ഇഷ്ടം കൊണ്ട് നോക്കുന്നത് പണിയായിട്ടാണോ നിങ്ങൾക്ക് തോന്നിയത്. കഷ്ടം! അവരെ നോക്കുന്നത് ഞങ്ങൾക്കൊരു ജോലിയാണോ?' 

ഒന്നുമോർക്കാതെ പെട്ടെന്നങ്ങിനെ പറഞ്ഞു പോയി.

ഇപ്പോഴെല്ലാം മനസിലാവുന്നു. അടുത്ത ദിവസങ്ങളിലെ വഴക്കുകൾ കുട്ടികളെ ചൊല്ലിയായിരുന്നല്ലോ? നല്ല ഓർമയുണ്ട് അന്നവൾ പറഞ്ഞത്.

'ദേ ആർ ഔർ കിഡ്ഡ്സ്. ഞങ്ങൾക്കവരെ വേണം. ആരു ചോദിച്ചാലും പറയും . ഫേവറൈറ്റ്സ് ഗ്രാന്റ്പായും ഗ്രാന്റ്മായുമാണെന്ന് .ഞങ്ങൾ പിന്നെയാരാ? രമേഷ് ഈസ് വെരി അപ്സെറ്റ് '

പറയണം എന്ന് കരുതിയതല്ല. പക്ഷെ അന്നിത്രയും പറഞ്ഞുപോയി.

'മോളെ. നിങ്ങൾക്കൊട്ടും സമയമില്ല. തിരക്കോടു തിരക്ക്. പിന്നെങ്ങിനാ അവരെ നിങ്ങളറിയുക, സ്നേഹിക്കുക. നിനക്കറിയുമോ? നീയുണ്ടായശേഷം നിന്റച്ഛൻ പറഞ്ഞത്? - നീയിനി തല്ക്കാലം ജോലിക്കുപോവണ്ട. അവളെ പിന്നാരു നോക്കും. അവൾക്ക് സ്നേഹവും ശ്രദ്ധയും കിട്ടേണ്ടതിപ്പോഴല്ലേ.തല്ക്കാലം ഞാൻ ജോലിക്കു പോകുന്നുണ്ടല്ലോ - എന്നൊക്കെ.'

സമനില വീണ്ടെടുത്തു  ഇത്രയും കൂടി പറഞ്ഞു:

'ഇതൊക്കെയോർക്കുമ്പഴും എനിക്കറിയാം പണ്ടത്തെ കാലമല്ല ഇതെന്ന്. രണ്ടുപേരും ജോലിക്കുപോകേണ്ടതായി വരും. എന്നാലും നീയറിയണം. നമ്മളു വിതക്കുന്നതേ നമുക്കു കൊയ്യാനാവു . കുട്ട്യോൾക്ക് എവിടെ സ്നേഹവും ലാളനയും കിട്ടുന്നോ അവരുടെ മനസ്സ് അങ്ങോട്ട് ചായും. അത് അങ്ങിനെയാണ്. '

എല്ലാം കഴിഞ്ഞപ്പോ തോന്നി അങ്ങിനെയൊന്നും പറയരുതായിരുന്നെന്ന്. ഇനി അതുപോലൊന്നും പറയേണ്ടി വരരുത്. ഒന്നും മിണ്ടിയില്ല. ഫോൺ താഴെ വെച്ചു. കുറേനേരം അവിടെത്തന്നെ നിന്നു.

നെഞ്ചിടിപ്പ് കുറയുന്നില്ല. പെട്ടെന്നു വല്ലാതെ ഒറ്റപ്പെട്ടപോലെ. എന്തൊക്കെയോ ചിന്തകൾ മനസ്സിൽ തള്ളി കേറുകയാണ്. ആരോടെന്നില്ലാതെ വന്നുകേറിയ അമർഷം നെഞ്ചെരിയിക്കുന്ന സങ്കടമായി.  

'ഭാരതീ..എന്തുപറ്റി . കുട്ട്യോൾക്കെന്തെങ്കിലും അസുഖം?'

മെല്ലെ ഏതോ ഉൾപ്രേരണയിലെന്നപോലെ, ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. സോഫായിൽ അടുത്ത് ഇരുന്നു. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് സാരിത്തുമ്പുകൊണ്ട് തുടച്ചു. കുറച്ചുനേരം ഒന്നും മിണ്ടിയില്ല. എന്നിട്ട് മെല്ലെ പറഞ്ഞു 

'കുട്ട്യാളെ നോക്കാൻ അവർക്കൊരായയെ കിട്ടിയത്രേ'

Monday, January 10, 2011

സിറ്റിസണ്‍

ജനാലക്കരുകിലിട്ട കസേരയിലിരുന്ന് ജനാർദനൻ പുറത്തേക്കു നോക്കി, വെറുതെ. ഇന്നലെ രാത്രി പെയ്യാൻ തുടങ്ങിയ മഞ്ഞിനിയും തീർന്നിട്ടില്ല. ആറേഴിഞ്ചു കനത്തിൽ പഞ്ഞിമെത്തപോലെ. പുനർജനി കാത്തുനിന്ന കറുത്ത മരങ്ങളുടെ ഇലകൊഴിഞ്ഞ ചില്ലകളിൽ തങ്ങിനിന്ന വെളുവെളുത്ത മഞ്ഞു കാണാൻ രസമുണ്ട്. കുറെ നേരം അങ്ങിനെയിരുന്നു.

മുന്നിലെ മേശപ്പുറത്തു ദേവു കൊണ്ടുവച്ച കാപ്പി തണുത്തുപോയിരിക്കുന്നു.

കുടിക്കാൻ തോന്നിയില്ല.

       എത്രനേരം അങ്ങനിരുന്നു എന്നറിയില്ല.

       'എന്തായിത്? എന്തൊരിരുപ്പാണിത്' ദേവുവാണ്

       'ഇന്റർവ്യൂവിനു ഇനി രണ്ടാഴ്ച മാത്രം. ഇങ്ങിനിരുന്നാലെങ്ങനാ..?'

       അടുത്തെത്തി ഒരു പുസ്തകം മേശപ്പുറത്തിട്ടുകൊണ്ടവൾ പറഞ്ഞു.

       പുറത്തെ കാഴ്ചകൾ വിട്ട്, അയാൾ മുന്നിൽ മേശപ്പുറത്തു വീണ പുസ്തകത്തിൽ നോക്കി.

        'എവരി തിങ് യു നീഡ് റ്റു നൊ ഓൺ യൂ എസ് ഹിസ്റ്ററി'

       തലക്കെട്ട് വായിച്ച ജനാർദനൻ തലയുയർത്താതെ പറഞ്ഞു.

       'ഇതൊക്കെ വല്യ ബോറാണ് ദേവൂ ..ഈ പുസ്തകം പഠിച്ചു പരീക്ഷ പാസ്സായി എനിക്ക് സിറ്റിസൺ ആവണ്ട'

       'വേണമെന്ന് വിചാരിച്ചാ എല്ലാം പറ്റും ..ബുദ്ധിയില്ലാഞ്ഞിട്ടല്ലല്ലോ. പിന്നെ ..ഒക്കെ ഇഷ്ടംപോലെ'

       പറഞ്ഞുനിറുത്തിയത് തെല്ലമർഷത്തോടെയായിരുന്നു. അവൾ അടുക്കളയിലേക്കു നടന്നു.

       അമേരിക്കൻ പൗരത്വത്തിനായുള്ള ഇന്റർവ്യൂ - അതൊരു പ്രശ്നമല്ല. ഇതുവരെയെത്താൻ എത്രയെത്ര പരീക്ഷകളും ഇന്റർവ്യൂകളും നേരിട്ടു. പരാജയങ്ങൾ വളരെ കുറച്ചു മാത്രം. എന്നാൽ ഈ ഇന്റർവ്യൂവിനു മുൻപുള്ള ചരിത്ര പരീക്ഷ..അത് പ്രശ്നമാണ്. ചരിത്രവും അതെകുറിച്ചുള്ള

പരീക്ഷകളും എന്നും പ്രശ്നമായിരുന്നു.

       പതുക്കെ പതുക്കെ ചിന്തകൾ വർത്തമാന കാലം വിട്ട് ഭൂതകാലത്തേക്കു കടന്നു. ബാല്യവും കൗമാരവും നടത്തിച്ച വഴികൾ.

       അധികം വൈകാതെ, ഗോവിന്ദപുരം ഗവൺമെന്റ് ഹൈസ്‌കൂളിന്റെ ഗേറ്റിനു മുന്നിലെത്തിയ ജനാർദ്ദനന്റെ കണ്ണുകൾ ആദ്യം തെരഞ്ഞു ചെന്നത് ഗേറ്റിനൊരുവശം ഇരുന്നു കാരക്കയും ചാമ്പക്കയും മിഠായിയും വിറ്റിരുന്ന ഒരു പാവം സ്ത്രീയെയായിരുന്നു. ഗേറ്റുതുറന്നകത്തുകടന്ന അയാൾ, എട്ടു ബി. ക്ലാസ്സ് റൂമിലെ പിൻബഞ്ചിലിരുന്ന് ഓരോന്നോർത്തു.

       പുലിക്കോടനെന്നോമനപ്പേരുവീണ നാണപ്പൻ സാറിന്റെ ചരിത്രക്ലാസ്‌. ചരിത്രമെന്നാൽ ചത്തവന്റെ കഥകളെന്നും അനാവശ്യമെന്നും ഉറച്ചു വിശ്വസിച്ച തനിക്കു ക്‌ളാസിൽ ശ്രദ്ധിക്കാനേ കഴിഞ്ഞിരുന്നില്ല. ഷേർഷായുടെ ഭരണപരിഷ്‌കാരങ്ങൾ അരങ്ങു തകർക്കുമ്പോഴായിരുന്നു പിടിയിലായത്. അലസതയോടെ വരച്ചുതീർത്ത ഗാന്ധിജിയുടെ കാർട്ടൂൺ, മുൻബഞ്ചിലിരുന്ന പ്രദീപിന് കൈമാറുമ്പോഴായിരുന്നു അത് സംഭവിച്ചത്. തടിയൻ ചൂരൽ കൊണ്ട് കനത്ത മൂന്നടി കൈവെള്ളയിലേറ്റു വാങ്ങിയ ജനാർദനൻ, അടുത്ത ഒരാഴ്ചക്കാലം സാറിന്റെ സൈക്കിൾ തുടച്ചു വൃത്തിയാക്കാൻ ശിക്ഷിക്കപ്പെട്ടു. യുദ്ധങ്ങളും ഭരണ പരിഷ്കാരങ്ങളും കേൾക്കുന്നതിനേക്കാൾ ഈ ശിക്ഷ എത്രയോ ഭേദമെന്നാണ് ജനാർദനൻ

കരുതിയത്. അങ്ങിനെഎത്രയെത്ര സംഭവങ്ങൾ. ക്ലാസ്സുകളും ബഞ്ചുകളും മാറിമാറിയിരുന്ന് അയാൾ വെറുതെ ഓരോന്നോർക്കാൻ ശ്രമിച്ചു.

       ഈയൊരു വിഷയത്തിന് മാത്രമേ മോശമായിരുന്നുള്ളു. ബാക്കിയെല്ലാത്തിനും തരക്കേടില്ലാത്ത വിധം മാർക്ക് കിട്ടിയിരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ്, നാലാം ക്ലാസിൽ വച്ചാവണം. ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന പാട്ട് സ്പെല്ലിങ് തെറ്റില്ലാതെ എഴുതിയതിനു തോമസ് സാർ തന്നെ തോളിലെടുത്തു മറ്റു കുട്ടികളുടെ  മുന്നിലൂടെ നടന്നു 'ഇവനെന്റെ കുട്ടിയാണെന്ന്' എന്ന് ഇംഗ്ലീഷിൽ പറഞ്ഞു നടന്നതോർത്തപ്പോൾ മനസ്സ് നിറഞ്ഞു.. കാലം എത്ര പെട്ടെന്നാണ് മുന്നോട്ടു കുതിച്ചത്. എപ്പോഴും 'പ്രാക്ടിക്കലായി' മാത്രം ചിന്തിച്ച അയാൾ വീണ്ടും ചിന്തകളെ വർത്തമാനത്തിലേക്കു വഴിതിരിച്ചു വിട്ടു.

       തിരിഞ്ഞുനോക്കുമ്പോൾ പരാതിപ്പെടാൻ ഒന്നുമില്ല. ഒന്നിനും ബുദ്ധിമുട്ടേണ്ടി വന്നിട്ടുമില്ല ഇതുവരെ. വർഷങ്ങൾക്കു മുൻപ് ദേവുമൊത്തു ഈ പറുദീസാ നഗരത്തിലെത്തിയ ശേഷം ഇതുവരെയും നല്ലതായിരുന്നു, കുട്ടികളുണ്ടായില്ല എന്നതൊഴിച്ചാൽ.

       പിന്നെന്തിനായിരുന്നു അമേരിക്കൻ പൗരത്വത്തിനു പിറകെ പോയത്. അതുകൊണ്ടാണല്ലോ വീണ്ടും ചരിത്രപരീക്ഷയെന്ന കടമ്പക്ക് മുന്നിൽ വിഷമിച്ചു നിൽക്കേണ്ടി വരുന്നത്. ഈ നശിച്ച സാമ്പത്തിക മാന്ദ്യം..അതുതന്നെ അല്ലാതെന്ത്.

       ജനാർദനന് ദേഷ്യം വന്നു. ഔട്ട് സോഴ്സിങ്ങും ആഗോളവൽക്കരണവും. മണ്ണാങ്കട്ട! ആദ്യമൊക്കെ തൊഴിലുകൾ ഇന്ത്യക്കും ചൈനക്കും കൈമാറിയപ്പോൾ സംഗതി ഇത്ര ഗുരുതരമാവും എന്ന് കരുതിയില്ല. ഒരു കമ്പനിയല്ലെങ്കിൽ മറ്റൊന്നിൽ കയറിപ്പറ്റാം എന്ന ആത്‌മവിശ്വാസ്സം ഉണ്ടായിരുന്നു. എന്നാൽ സ്ഥിതിഗതികൾ വീണ്ടും വീണ്ടും വഷളാവുകയായിരുന്നു. മുൻകൂട്ടി മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്നൊരുദിവസ്സം പിരിച്ചു വിട്ടപ്പോൾ തകർന്നുപോയി.

       ആകെ പരാജയപ്പെട്ടപോലെ. കഴിഞ്ഞ കാലത്തെ സേവനങ്ങളൊന്നുമേ

മാനിക്കാതെ ഒരു ദിവസ്സം പടിക്കുപുറത്താക്കിയാൽ ആർക്കും ഇങ്ങിനെയൊക്കെയല്ലേ തോന്നുക. ആദ്യത്തെ മൂന്നു നാല് ദിവസ്സം ഉറങ്ങാൻപോലും കഴിഞ്ഞില്ല. പുറത്തിറങ്ങുകയോ ഫോൺ കോളുകൾ എടുക്കുകയോ ചെയ്തില്ല. ഒരുൾവലിയലായിരുന്നു. പിന്നെ ദേവു ..അവൾ കാരണം മാത്രമാണ് ജീവിതത്തിലേക്ക് വീണ്ടും തിരിച്ചു വരാൻ കഴിഞ്ഞത്.

       രണ്ടു മാസത്തോളം കൂട്ടുകാരെയാരെയും ജോലി നഷ്ട്ടപ്പെട്ട കാര്യം അറിയിച്ചില്ല. തന്നെത്താൻ ശ്രമിച്ചു നോക്കി. ഒന്നും ശരിയായില്ല. ഒടുവിൽ ദേവുവിന്റെ ഉപദേശമനുസ്സരിച്ചു അടുത്ത കൂട്ടുകാരോട് വിവരം പറഞ്ഞു.

       അവരുടെ ശ്രമങ്ങൾക്കും ഫലം കണ്ടില്ല. ചില സമയങ്ങളിൽ

       അങ്ങനെയൊക്കെയാണ്. വീണ്ടും മാസങ്ങൾ കഴിഞ്ഞപ്പോൾ

സുദേവൻ പറഞ്ഞു.

       'സിറ്റിസൺഷിപ്പിനു ശ്രമിച്ചൂടെ..ഗവണ്മന്റ് ജോലികളുൾപ്പെടെകുറേക്കൂടി അവസ്സരങ്ങളുണ്ടാവില്ലേ...?'

       മിണ്ടിയില്ല. കുറേനേരം കഴിഞ്ഞപ്പോൾ സുദേവൻ കൂട്ടിച്ചേർത്തു.

       'ഒന്നുകിൽ തൽക്കാലത്തേക്ക് മറ്റെന്തെകിലും ജോലി ചെയ്യണം. തനിക്കതിനും വയ്യല്ലോ. ഇങ്ങിനിരുന്നോ അവസാനം എല്ലാം പാക്ക് ചെയ്തു നാട്ടിലേക്ക് തന്നെ പോകാം'

       നാട്ടിൽ പോവുകയോ..അതും ജോലിനഷ്ട്ടപ്പെട്ടിട്ട് ..അതില്പരം നാ ണക്കേടുണ്ടോ..ഒരിക്കലുമില്ല.

       അങ്ങിനെ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അമേരിക്കൻ പൗരത്വത്തിന് അപേക്ഷിക്കാൻ തയാറായത്.

       എത്രനേരം അയാൾ ആയിരുപ്പ് തുടർന്നുവെന്നറിയില്ല. ഒന്നും ചെയ്യാതെ വെറുതെ ഉഴപ്പി തീർക്കുന്ന ആറാമത്തെ ദിവസമാണ്. രാത്രി ദേവൂനോടു ചേർന്ന്കിടന്നുറങ്ങാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല.

       കുറേനേരം കഴിഞ്ഞു അയാൾ എണീറ്റ് സ്വന്തം മുറിയിലേക്ക് നടന്നു. ലൈറ്റിട്ടപ്പോൾ ആദ്യം കണ്ടത് മേശപ്പുറത്തു കിടക്കുന്ന ചരിത്ര പരീക്ഷാ സഹായിയാണ്. ദേവു കൊണ്ടിട്ടതാവും. എപ്പോഴെങ്കിലും തോന്നുന്നെങ്കിൽ വായിക്കട്ടെന്നു കരുതിയാവണം. എന്തായാലും അയാൾ

കസേരയിലിരുന്നു പുസ്തകം വായിക്കാൻ തുടങ്ങി.

       ചോദ്യവും ഉത്തരവും എന്ന രീതിയിൽ എഴുതപ്പെട്ട ആ പുസ്തകത്തിലെ ഓരോ ചോദ്യവും അയാളുടെ മുന്നിൽ ഒത്തിരി മറു ചോദ്യങ്ങളുയർത്തി. സ്വന്തം മണ്ണിനെക്കുറിച്ചും തന്നെക്കുറിച്ചുമുള്ള ചോദ്യങ്ങൾ. അവക്കുത്തരം കാണാതെ മറ്റൊരു രാജ്യത്തിന്റെ ചരിത്രമറിയാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമല്ലേ എന്നാരോ ആവർത്തിച്ചു ചോദിക്കുന്ന പോലെ. പുസ്തകം മടക്കിവച്ച് തിരികെയെത്തി ഉറങ്ങാൻ കിടന്നെങ്കിലും

കഴിഞ്ഞില്ല.

       പിറ്റേന്ന്, ഏതോ സംഭാഷണ വേളയിൽ ജനാർദ്ദനന്റെ പ്രശ്നം മനസ്സിലാക്കിയ

ദേവു ഇന്ത്യൻചരിത്രം പുസ്തകമായി വാങ്ങിക്കൊടുത്തു. അന്ന് രാത്രിതന്നെ അയാളത് ആർത്തിയോടെ വായിക്കാൻ തുടങ്ങി. വായിക്കുംതോറും കൂടുതൽ ചോദ്യങ്ങൾ അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കി. സ്വന്തം മണ്ണിനെ അറിയുന്നതിലൂടെ താൻ സ്വയം അറിയുകയാണെന്നും ചരിത്രനിരാസങ്ങളിലൂടെ താൻ തന്നെത്തന്നെ നിന്ദിക്കുകയാണെന്നുമുള്ള തിരിച്ചറിവുകളും അസ്വസ്ഥതകളും അയാളെ ഉറക്കം കെടുത്തുന്നതുവരെ കൊണ്ടെത്തിച്ചു.

       തുടർന്നുള്ള രാത്രികളിൽ ഉറക്കം നഷ്ട്ടപ്പെട്ട ജനാർദനൻ പുസ്തക വായനയിൽ മുഴുകി. പുതിയ അവബോധങ്ങളിൽ മനസ്സ് അസംതൃപ്തമായി. അസ്വസ്ഥതയോടെയുള്ള വായന അനേഷണമാവുന്നു. ചരിത്രത്തിന്റെ അസംബന്ധങ്ങളും സ്വാർഥത സമ്മാനിച്ച ദുരന്തങ്ങളും

വരികൾക്കപ്പുറം വെളിപാടുകളായി അയാൾ തിരിച്ചറിഞ്ഞു.

       കൊച്ചുറക്കത്തിന്റെ രാത്രികളിലൊന്നിൽ കണ്ട സ്വപ്നം പല രാത്രികളിലും ആവർത്തിച്ചു. സ്വപ്നത്തിൽ ഗാന്ധിയും ബോസും ഭഗത് ങ്ങുമൊക്കെ പൊലിപ്പുകളോടെ നിറഞ്ഞുനിന്നു. തന്നിലെ അന്വേഷിയെ തിരിച്ചറിഞ്ഞാവണം, അവർ അയാളെ നോക്കി പുഞ്ചിരിച്ചു. സ്വപ്നത്തിന്റെ അവസാനം നിറഞ്ഞ നിഴലുകളിൽ സ്വന്തം പരമ്പരകളുടെ സാമീപ്യം ഒരു ഞെട്ടലോടെ അയാൾക്കനുഭവപ്പെട്ടു. കർമബന്ധത്തിന്റെ നൂലിഴകൾ പരസ്പരം ബന്ധിക്കാൻ ശ്രമിക്കുന്ന പോലെ. ഞെട്ടലിന്റെ ആഘാതത്തിൽ സ്വപ്നം നഷ്ട്ടപ്പെട്ട ജനാർദനന് തൊണ്ട വരളുന്നതായി തോന്നി. വിയർക്കുന്നുമുണ്ട്. എണീക്കാൻ തുടങ്ങിയപ്പോൾ ദേവ് ഉണർന്നു. അവൾ എണീറ്റ് പോയി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളം എടുത്തു കൊണ്ടുവന്നു ജനാർദനന് കൊടുത്തു.

       ഇന്റർവ്യൂ ദിവസമെത്തി. മെമ്മോയിൽ പറഞ്ഞ വേഷം ധരിച്ചു രാവിലെ എട്ടുമണിയോടെ തന്നെ ഇമ്മിഗ്രേഷൻ ഓഫീസിന്റെ എട്ടാം നിലയിലെത്തി. അവിടെയാണ് പരീക്ഷയും ഇന്റർവ്യൂവും. റിസപ്ഷനിൽ നിന്നും ബസ്സർ വാങ്ങി, രണ്ടാമത്തെ വാതിലിനരുകിൽ ഇരുപ്പുറപ്പിച്ചു. തന്റെ ബസ്സർ ശബ്ദിക്കുമ്പോൾ ഓഫീസർ വാതുക്കൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും. അയാളുമൊത്തു അകത്തേക്ക് പോവുക. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും. ബസ്സർ ശബ്ദിച്ചു. മധ്യവയസ്കയായ ഒരു മദാമ്മ വാതിൽ തുറന്നെത്തി, ഒരു ഷേക്ക് ഹാൻഡ് കൊടുത്തു അയാളെ ഉള്ളിലേക്ക് കൂട്ടികൊണ്ടു പോയി. പറയുന്നതെല്ലാം സത്യമാണ് എന്ന് വലതു കൈയുയർത്തി പറയാനാവശ്യപ്പെട്ടു. യാന്ത്രികമായി അയാൾ അതനുസരിച്ചു.

       'ലെറ്റ് മി ആസ്ക് യൂ എ ഫ്യൂ കൊസ്ററ്യൻസ്'

       ആദ്യ ചർച്ചകൾക്ക് ശേഷം പരീക്ഷയെ സൂചിപ്പിച്ചുകൊണ്ടവർ പറഞ്ഞു. ഒരു വെള്ളക്കടലാസിൽ അച്ചടിച്ച കുറെ ചോദ്യങ്ങൾ മേശപ്പുറത്തുവച്ചു.

       'വെൻ വാസ് ദി ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ്?', ആദ്യചോദ്യം.

       ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് - സ്വാതന്ത്ര്യ പ്രഖ്യാപനം എന്നായിരുന്നു ? അതാണ് ചോദ്യം. ..എന്നായിരുന്നു അത്? അയാൾ ആലോചിച്ചു. ചിന്തിച്ചെടുക്കാൻ കഴിയുന്നില്ല - എത്ര

ആലോചിച്ചിട്ടും.

       ഹൃദയമിടിപ്പിനു വേഗത കൂടുന്നു.

       'വൺ മിനിറ്റ് പ്ളീസ്..'

       വീണ്ടും അയാൾ ചോദ്യത്തിനുത്തരം കണ്ടെത്താൻ ശ്രമിച്ചു. ചിന്തിക്കുംതോറും മനസ്സിൽ ഇരുട്ട് കയറുന്നതു അയാൾ അറിഞ്ഞില്ല. ആകെ ഒരു മൂടൽ പോലെ... വിയർക്കാനും തുടങ്ങുന്നു.

മൂടൽ മെല്ലെ മാറി മനസ്സിൽ അവ്യക്തമായി തെളിഞ്ഞത് ആയിരത്തി തൊള്ളായിരത്തി നാല്പത്തേഴ് ആഗസ്റ്റുമാസത്തിലെ ഒരർദ്ധരാത്രിയായിരുന്നു. എന്നാൽ കൂടുതലൊന്നും വ്യക്തമല്ലതാനും.

       ഓഫീസറുടെ 'വാട്ട് ഹാപ്പെൻഡ്' എന്ന ചോദ്യം അയാൾ കേട്ടില്ല. പരിചയമുള്ള സ്വപ്നം ഒരിക്കൽ കൂടി അയാളിൽ നിറഞ്ഞു. സ്വപ്നത്തിന്റെയവസാനം കണ്ട നിഴൽ രൂപങ്ങൾ ഇത്തവണ അയാളോട് എണീക്കാനാവശ്യപ്പെട്ടു. അസാധാരണമായൊരു പ്രേരണയാലെന്ന-

പോലെ അയാൾ എണീറ്റു. കിതച്ചുകൊണ്ട് നടക്കാൻ തുടങ്ങി. അമ്പരന്നിരുന്ന ഓഫീസറെയോ പുറത്തു തങ്ങളുടെ ഊഴം കാത്തിരിക്കുന്നവരെയോ അയാൾ കണ്ടില്ല. വേച്ചു വേച്ചു മുന്നോട്ടു

നടന്നു. ഇപ്പോൾ സ്വപ്നത്തിലെ നിഴലുകൾ അയാൾക്ക്‌ വഴികാട്ടികളായി. എട്ടാമത്തെ നിലയിൽനിന്നും താഴേക്കുള്ള പടികളിറങ്ങാൻ തുടങ്ങി. ഏറ്റവും താഴത്തെ നിലയും കഴിഞ്ഞു നിരത്തിലിറങ്ങിയ ജനാർദനൻ നിഴലുകൾ നയിച്ച വഴിയേ നടന്നു തുടങ്ങി.