‘ലീസാ ഈപ്പൻ’
‘ഹറി അപ്പ്’ എന്നു നിർബന്ധിച്ച് ബ്രേക്ക് ഫാസ്റ്റ് കഴിപ്പിക്കുമ്പോൾ, പലപ്പോഴും എന്റെ നോട്ടം ഡൈനിങ്ങ് ടേബിളിലെ ഫ്ലവർ വേസിലായിരിക്കും. മറ്റെവിടേക്കെങ്കിലും ശ്രദ്ധതിരിക്കാതെ രാവിലത്തെ കഴിപ്പ് നടപ്പുള്ള കാര്യമല്ല. പല ദിക്കിലേക്കും ചാഞ്ഞും ചരിഞ്ഞും നോക്കി ചിരിച്ചു നിൽക്കുന്ന സുര്യകാന്തിപ്പൂവുകൾ! ഇത്രേം മനോഹരമായ മഞ്ഞ ഇതളുകൾ വട്ടത്തിലടുക്കിയതിന്റെ ഭംഗിയാവും ആ പൂക്കളോട് അമ്മക്ക് അത്രയ്ക്ക് ഇഷ്ടം തോന്നാൻ കാരണമെന്ന് അന്ന് വിചാരിച്ചിട്ടുണ്ട്.
ഉരുക്കിന്റെ അസ്ഥികളുരുകി നിലത്തടിഞ്ഞ ഇരട്ട ഗോപുരങ്ങൾ നിന്നിടത്ത് രണ്ടു കുളങ്ങളാണിപ്പോൾ. സൗത്ത് പൂളും നോർത്ത് പൂളും. അതിശയങ്ങളായി നിന്ന ഗോപുരങ്ങൾ എന്നും ഓർക്കപ്പെടണമെങ്കിൽ അതേ സ്ഥലത്ത് അതുപോലെയോ അതിനേക്കാൾ കേമമായോ പകരം മറ്റൊന്നുണ്ടാവരുത്. ഞാൻ അങ്ങോട്ടു നടന്നു. ചതുരാകൃതിയിലുള്ള കുളങ്ങളുടെ ഉയരം കുറഞ്ഞ ചുറ്റുമതിലുകൾക്കു മുകളിലായി മൂവായിരത്തോളം പേരുകൾ. നാല് വശങ്ങളിൽ നിന്നും പൂളിന്റെ ആദ്യ തട്ടിലേക്ക് ഒഴുകിയിറങ്ങി വീണ്ടും മധ്യത്തിലുള്ള ചെറിയ കുളത്തിലേക്കു മറയുന്ന വെള്ളം. സൗത്ത് പൂളിന്റെ ചുറ്റുമതിലിൽ അമ്മയുടെ പേരിനു മുകളിൽ കൈയ്യിലിരുന്ന പൂവ് ഉറപ്പിച്ചു. പെട്ടെന്നൊരു ദിവസം മുന്നറിയിപ്പുകളേതുമില്ലാതെ അപ്രത്യക്ഷയായ എന്റെ അമ്മ. ഇവിടെയിങ്ങനെ കണ്ണുമടച്ചു നിൽക്കുമ്പോൾ സന്തോഷവും ആശ്വാസവുമാണ്. അതുകൊണ്ടാണല്ലോ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ ദിവസം മുടക്കാത്തതും!
മടക്കം ഈവെനിംഗ് ഫ്ലൈറ്റിലായതുകാരണം സമയം ധാരാളമുണ്ട്. ഇളം വെയിലത്ത് ഇടയ്ക്കെത്തുന്ന കാറ്റേറ്റ് വെറുതെ ചുറ്റി നടക്കുമ്പോഴാണ് തുറന്നൊരിടത്ത് സന്ദർശകർക്ക് ഇരിക്കാനായി കോൺക്രീറ്റിൽ തീർത്ത ചാരുബെഞ്ചുകൾ കണ്ടത്.
“ഈ ദിവസം വരാൻ കഴിഞ്ഞതിൽ ഹാപ്പി അല്ലേ?”
പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യം കേട്ട ഭാഗത്തേക്ക് മുഖം തിരിക്കുമ്പോഴാണ് ബഞ്ചിൽ ഒരറ്റത്ത് അയാളെ കാണുന്നത്. ഒന്നും മിണ്ടിയില്ല. തലമൂടിയുള്ള എന്റെ ജാക്കറ്റിലേക്കും മാസ്ക്കുവച്ച മുഖത്തേക്കും അയാൾ സൂക്ഷിച്ചു നോക്കുന്നു. ഞാൻ ബെഞ്ചിൽ ചാരി കാലുകൾക്കിടയിലേക്കു കൈകൾ ചേർത്തു കുനിഞ്ഞിരുന്നു, ആണെന്നോ അല്ലെന്നോ പറഞ്ഞില്ല.
മുഖത്തെ മാസ്‌ക്കോ സൺ ഗ്ലാസോ ഏതെങ്കിലുമൊന്ന് മാറ്റിയിരുന്നെങ്കിൽ ആളെ ഒരുവിധം കാണുകയെങ്കിലും ചെയ്യാം. തൊപ്പിയില്ലാത്ത തലയിലെ മുടി മുക്കാലും നരച്ചു മിക്കവാറും കൊഴിഞ്ഞിരിക്കുന്നു. മുഖത്തു പ്രായത്തിൽ കവിഞ്ഞ ചുളിവുകളും ഇരുണ്ട കുത്തുകളും. വെള്ളത്തൂവൽ പോലെ നരച്ച താടിയിലേക്ക് വളർന്നിറങ്ങിയ മീശ. കള്ളികളുള്ള അയഞ്ഞൊരു ഫുൾ കൈയ്യൻ ഷർട്ടും മുഷിഞ്ഞ ജീൻസും.
“ഇരുപ്പു കണ്ടിട്ട് അത്ര ഹാപ്പി അല്ലാത്ത പോലെയുണ്ടല്ലോ? ഇന്നു മാത്രമല്ല ഇടയ്ക്ക് ഇവിടെ വരുമ്പോഴൊക്കെ എനിക്ക് സന്തോഷമാണ്. പ്രസംഗങ്ങളും ബാക്കി ബഹളങ്ങളും കേട്ടിട്ടും കണ്ടിട്ടുമല്ല. ഇതൊക്കെ കൊണ്ട് നമുക്കെന്തു കാര്യം? നിങ്ങൾക്കും എനിക്കും. അല്ലെ?”
ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോണെടുത്ത് സമയം കൊല്ലാനെന്നോണം ഓരോന്ന് നോക്കാൻ തുടങ്ങി. ഒരു താൽപ്പര്യവും ഇല്ലാത്ത കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ ഒന്നും മിണ്ടാതെ എണീറ്റ് നടന്നേക്കും. അതാണ് ശീലം. വേണ്ടകാര്യങ്ങളിൽപോലും മനസ്സൂന്നാൻ പാടുപെടുമ്പോഴാണ്!
“ആ എഴുതിയിരിക്കുന്നത് കണ്ടോ?” അയാൾ എന്റടുത്തേക്കു നീങ്ങിയിരുന്നു. കുറച്ചു മാറി കുത്തനെ ഉയർത്തിയ കോൺക്രീറ്റ് പാളിചൂണ്ടി ചോദിച്ചു. ഞാൻ അങ്ങോട്ട് നോക്കി. ‘ദി സർവൈവർ ട്രീ’ എന്നെഴുതിയതിനു താഴെ മറ്റെന്തൊക്കെയോ കൂടെ എഴുതിയിട്ടുണ്ട്. ചെറിയ അക്ഷരങ്ങളായതു കാരണം ഞങ്ങളിരുന്നിടത്തു നിന്ന് വായിക്കാൻ കഴിയുന്നില്ല. അപ്പോഴാണ് തൊട്ടടുത്ത് അരയാൾ പൊക്കത്തിലെ വേലിക്കുള്ളിൽ ആ മരം ശ്രദ്ധിച്ചത്. കണ്ടിട്ട് പെയർ മരം പോലുണ്ട്. അധികം ഉയരത്തിലല്ലാതെ പടർന്നചില്ലകളിൽ നേരീയ കാറ്റ്. ചുറ്റിലും താഴ്ന്ന ചില്ലകളിലുമായി പുഷ്പചക്രങ്ങളും ഹാരങ്ങളും.
“ഇതിന്റെ ഒരു തൈ എട്ടൊമ്പത് വർഷങ്ങൾക്കു മുൻപ് എന്റെ വീട്ടിലെത്തിയിരുന്നു. ആ തൈകളിലൂടെ മരം അതിന്റെ കഥ പറയുന്നു. ഒരുപക്ഷെ, നിങ്ങളുടെയും എന്റെയും കഥയും അതിലുണ്ട്. ആ എഴുതിയിരിക്കുന്നതും അതേ കഥ തന്നെ. അങ്ങോട്ടൊന്നു നടന്നാലോ?”
“വേണ്ട, സാരമില്ല,” മുഖമുയർത്തി പറഞ്ഞു. വിഷയം മാറിയതിൽ ചെറിയ സന്തോഷവും മരത്തിന്റെ പേര് കേട്ടിട്ട് കൗതുകവും തോന്നി.
“അതിന്റെ പിറ്റേ വർഷം മുതലാണ് ഞാനിവിടെ വരാൻ തുടങ്ങിയത്. എല്ലാ വർഷവും അതിനു പറയാനുള്ളത് ഒന്നു തന്നെ. പക്ഷെ ഓരോ വരവിലും എനിക്കതു കേൾക്കണം. അടുത്ത പ്രാവശ്യം വരുന്നതുവരെ അതെന്നെ ജീവിപ്പിക്കുന്നുണ്ട്”
അന്നുണ്ടായ ദുരന്തത്തിൽ വേരുകൾ പറിഞ്ഞു വീണതാണ്. പൊട്ടിയ ചില്ലകളും പൊള്ളിയടർന്ന തോലും കരിഞ്ഞ ഉടലുമായി കുറെ ദിവസം അനാഥമായി കിടന്നു. തണലായി നിന്ന ഇലകളിൽ പൊടിയും പുകയുമടിഞ്ഞു ശ്വാസം മുട്ടി മൃതപ്രായമായി കിടന്നപ്പോൾ, ആരൊക്കെയോ താങ്ങിയെടുത്ത് ലോറിയിൽ കയറ്റി മറ്റൊരിടത്തു കൊണ്ടുപോയി. അപ്പോഴേക്കും മനുഷ്യനെ വല്ലാതെ ഭയക്കാൻ തുടങ്ങിയിരുന്നു. എന്നാൽ നന്മ നശിക്കാത്തൊരിടത്തേക്കാണു കൊണ്ടുപോയതെന്ന്, പിന്നെ തോന്നി. വെള്ളവും വെളിച്ചവും കൊണ്ട് ഒന്ന് മെച്ചപ്പെട്ടപ്പോൾ വീണ്ടും ഇവിടെയെത്തി.
‘പക്ഷെ മരത്തിനു കിട്ടിയ ഭാഗ്യം എനിക്കു കിട്ടിയില്ല!’ പെട്ടെന്ന് മനസ്സിൽ തികട്ടിയത് പുറത്തേക്കു വരാതെ വിഴുങ്ങി. അതുപോലെ അന്ന് വേരിളകി ഞാനും മറിഞ്ഞു വീണതാണ്, അമ്മ പെട്ടെന്നില്ലാതെയായപ്പോൾ! ഒന്നെണീപ്പിച്ചു നിർത്താനോ ചേർത്തു പിടിക്കാനോ അന്നാരുമുണ്ടായില്ല.
ഞാൻ അയാളെ സൂക്ഷിച്ചു നോക്കി.
“അഗ്നിശമന വിഭാഗത്തിലായിരുന്ന ഞാൻ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നു, പേര് ഡോൺ, ഡോൺ മില്ലർ,” അയാൾ ഒന്നുകൂടി അടുത്തേക്ക് നീങ്ങിയിരുന്നു. ”ജീവൻ,” ഡോൺ നീട്ടിയ കൈപിടിച്ചു പറഞ്ഞു. അങ്ങോട്ടൊന്നും ചോദിക്കാതെ തന്നെ അന്നത്തെ അയാളുടെ ദിവസം എന്റെ മുന്നിൽ തുറന്നിട്ടു. അമ്മ ജോലി ചെയ്തിരുന്ന അതെ നിലയിൽ ഒരു സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച കഥ ഉൾപ്പെടെ - ഇളകിവീണ കോൺക്രീറ്റ് പാളികൾക്കും കമ്പികൾക്കുമിടയിൽ കുരുങ്ങിപ്പോയ അവരെ കൈപിടിച്ച് എണീപ്പിച്ചത്, ജനാലകളിലൂടെ പുറത്തേക്കു വീണുമരിക്കണോ ഉള്ളിൽ വെന്തുതീരണോ എന്നു നിശ്ചയമില്ലാതെ നിലവിളിച്ചോടിയവർക്കിടയിലൂടെ കൈപിടിച്ചു പാഞ്ഞത്, എന്നാൽ അവർ കൂടുതൽ അപകടത്തിലേക്ക് ചെന്നുപെട്ടത്, താൻ അത്ഭുതകരമായി രക്ഷപ്പെട്ടത്, ഒക്കെ - അയാൾ പറഞ്ഞു.
ഒരുപക്ഷെ ഇയാൾ കൈപിടിച്ചോടിയ സ്ത്രീ അമ്മയാവുമോ? ഇയാളായിരിക്കുമോ അമ്മയെ അവസാനമായി കണ്ടത്? ആദ്യമായാണ് കാണുന്നതെങ്കിലും ഈ മനുഷ്യനോട് എന്തോ ഒരടുപ്പം തോന്നുന്നു.
സംസാരത്തിനിടയിൽ എത്ര തവണയാണ് നീണ്ട ചുമ ഇടയ്ക്കു കേറി അയാളുടെ സംസാരം തടസപ്പെടുത്തിയത്!
“അമ്മക്കും അതേ നിലയിലായിരുന്നു ജോലി. പിന്നെ കണ്ടിട്ടില്ല,” മനസ്സിലാവുന്നു എന്ന അർത്ഥത്തിൽ തലയാട്ടി താല്പര്യത്തോടെ അയാൾ എന്റെ നേർക്ക് മുഖം തിരിച്ചു.
ചെറിയമ്മ വഴിയാണ് ഞങ്ങൾ കാര്യങ്ങൾ അറിയുന്നത്. വിവരം അറിയുമ്പോൾ അവർ അടുത്തുള്ള മറ്റൊരു സംസ്ഥാനത്തു ജോലിയിലായിരുന്നു. പേഷ്യന്റ് റൂമിലെ ടി വി യിൽ നിന്നാണ് വാർത്ത കാണുന്നത്. ഒരു ബാഡ് ന്യൂസ് എന്നതിലപ്പുറം അതിൽ ശ്രദ്ധിക്കാൻ സമയവും സ്ഥലവും അനുവദിക്കുമായിരുന്നില്ല. തിരികെ നഴ്സിംഗ് സ്റ്റേഷനിലെത്തുമ്പോഴേക്കും നേരത്തെ കണ്ട വാർത്ത ഗൗരവമായി കഴിഞ്ഞിരുന്നു. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണ്. അപ്പോൾ മാത്രമാണ് തന്റെ ചേച്ചി ആ കെട്ടിടങ്ങളിലൊന്നിലാണല്ലോ ജോലി ചെയ്യുന്നത് എന്ന് അടിവയറ്റിൽ ഒരാളലോടെ തിരിച്ചറിഞ്ഞത്. അന്നവർ ഏഴുമാസം പ്രെഗ്നന്റ് ആയിരുന്നു.
ഷിഫ്റ്റ് കഴിഞ്ഞു കാറിൽ കേറി വീട്ടിലേക്കു തിരിക്കും മുമ്പാണ് ഫോൺ നോക്കാൻ തരപ്പെട്ടത്. എട്ടു പത്തു കാളുകൾ. അപ്പന്റെയായിരുന്നു. എങ്ങിനെയൊക്കെയോ കാറോടിച്ചു ചെറിയമ്മ അവരുടെ വീട്ടിലെത്തി. അവിടുന്നു അപ്പനെ ട്രൈ ചെയ്തപ്പോൾ ഫോൺ ഓഫ് ആയിരുന്നു. ചേച്ചിക്ക് എന്തെങ്കിലും സംഭവച്ചിരിക്കുമോ? അങ്ങിനെ വരാതിരിക്കാൻ അന്ന് അമ്മ അവധിയിലായിരുന്നിരിക്കും എന്നുവരെ അവർ ചിന്തിച്ചത്രേ. എന്തായി കാര്യങ്ങൾ എന്നറിയാൻ ഇടയ്ക്കു ടി വി ഒന്ന് ഓണാക്കി നോക്കി. വാർത്തയും ചിത്രങ്ങളും കണ്ടിട്ടു സഹിക്കാനാവാതെ അടുത്ത നിമിഷം ഓഫ് ചെയ്തു.
അന്ന് വൈകിട്ട് ചെറിയമ്മയുടെ ഭർത്താവ് ഐപ്പ് ആ വാർത്തയും കൊണ്ടാണ് വീട്ടിൽ വന്നത്. മരണം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിൽ അമ്മയും ഉണ്ട്.
രാത്രിയായപ്പോഴേക്കും അവർക്കു വയറുവേദന കൂടി. കാലുകൾ കഴച്ചു തളർന്നു. ഇരിക്കാനോ കിടക്കാനോ പോലും കഴിയുമായിരുന്നില്ല. നെഞ്ചിലാരോ ഭാരമിറക്കിയപോലെ. കടുത്ത മൈഗ്രൈൻ. കുറെ നേരം ബാത്ത് റൂമിൽ പോയി വെറുതെയിരുന്നു! ഒരാശ്വാസത്തിന്. ഒടുവിൽ സംഗതി പന്തിയല്ലെന്ന് അവർക്കു തോന്നി.
ചെറിയമ്മയെ പിൻസീറ്റിലിരുത്തി ഭർത്താവ് ഐപ്പ് ഹോസ്പിറ്റലിലേക്ക് വണ്ടിയോടിച്ചുപോയി. പിറ്റേന്ന് രാവിലെ വാട്ടർ ബ്രേക്ക് ആയി ലേബർ റൂമിലേക്ക്.
കഷ്ടിച്ചു രണ്ടുകിലോ മാത്രമുണ്ടായിരുന്ന കുഞ്ഞിനെ ആറാഴ്ച പീഡിയാട്രിക് ICU വിൽ വക്കേണ്ടിവന്നു. അത്രേം ചെറിയ മനുഷ്യക്കുഞ്ഞുങ്ങളെ കണ്ടിട്ടില്ലാത്തതിനാലാവാം ഐപ്പിന് അവനെയെടുക്കാൻ തന്നെ ഭയമായിരുന്നു. അങ്ങനെ അമ്മപോയതിനടുത്ത ദിവസമാണ് പ്രവീൺ ജനിക്കുന്നത്.
‘ഗെറ്റ് അപ്പ് ജീവൻ’ എന്ന വിളികേൾക്കാൻ രാവിലെ ബെഡിൽ ഉണർന്നു കിടന്നിരുന്നതോർക്കുമ്പോഴൊക്കെ എനിക്കു കരച്ചിൽ വരുമായിരുന്നു. സീരിയലിനും പാൻ കേക്കിനും പകരം എന്നും മക് ഡൊണാൾസ് ആയി. രാത്രി പുസ്തകങ്ങൾ തന്നെത്താൻ പാക്ക് ചെയ്തു രാവിലെ സ്കൂൾബസ്സിന് കൃത്യസമയത്ത് ഇറങ്ങാൻ ശീലിച്ചു. വൈകുന്നേരം മടങ്ങിയെത്തുമ്പോൾ അപ്പൻ മിക്കവാറും - സോഫയിൽ കഴുത്തൊടിഞ്ഞുതൂങ്ങിയപോലെയിരുന്നോ മറ്റെവിടെയെങ്കിലും കമഴ്ന്നു വീണു കിടന്നോ - ഉറക്കമായിരിക്കും. സോഫായ്ക്കു മുന്നിലെ ടി വി ഓണായി കിടക്കുന്നുണ്ടാവും. അപ്പൻ ലഹരിയുടെ ലോകത്തേക്കു മാറിയപ്പോൾ ഞാൻ തീർത്തും തനിച്ചായി. രാത്രികൾക്ക് കനം കൂടി. ഉറക്കം വരാൻ ഇരുട്ടത്തു പോലും രണ്ടു കൈകൊണ്ടും മുഖം പൊത്തി കിടന്നു പിന്നെ അതൊരു ശീലമായി. പകൽപോലും മറ്റുള്ളവരുടെ മുന്നിൽ സ്വയം ഒളിക്കാൻ അങ്ങനെ ഞാൻ പഠിച്ചു.
ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞൊരു വൈകുന്നേരം ചെറിയമ്മ ഞങ്ങളെ കാണാൻ വന്നു. അതുകൊണ്ട് ദിവസവും സ്കൂൾ വിട്ടു വരുമ്പോൾ ഞാൻ കണ്ടിരുന്ന കാഴ്ച അവരും കണ്ടു.
ആ അവസ്ഥയിൽ അവിടെ എന്നെ വിട്ടുപോരാൻ അവർക്കു കഴിഞ്ഞില്ല. എന്നെയും അപ്പനെയും കൂടെ കൊണ്ടു പോകാം എന്ന് വാശിപിടിച്ചപ്പോൾ അവരുടെ ഭർത്താവ് എതിർത്തു. ഞാൻ ചെന്നു കേറിയാൽ സ്വന്തം ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ബാധിച്ചേക്കും എന്നയാൾ ചിന്തിച്ചുകാണും. വിവാഹജീവികൾ സ്വാർത്ഥരാണല്ലോ. പക്ഷെ ചെറിയമ്മ ഉറച്ചു നിന്നു. അപ്പനെ, മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാമെന്ന് അവസാനം വരെ അവർക്കു പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങൾ അവർ താമസിച്ചിരുന്നതിനടുത്തേക്കു മാറി.
എല്ലാം ശരിയാവും എന്ന് കരുതിയത് അപ്പാടെ തെറ്റി. വലിയൊരു തുക ആശ്വാസമായി കിട്ടിയതോടെ അപ്പൻ പുതിയ ജോലിയും കളഞ്ഞു കുടിയായി. വിലക്ക് വകവെക്കാതെ ഞങ്ങളെ നോക്കാൻ വന്ന ചെറിയമ്മയെ ഭർത്താവ് വിവാഹമോചനത്തിലൂടെ ഒറ്റപ്പെടുത്തി. ഇതിനകം അപ്പൻ വല്ലാത്തൊരു ബന്ധത്തിൽ ചെന്ന് ചാടി. ഒടുവിൽ അവരെ വിവാഹം കഴിച്ചു. രണ്ടാനമ്മ പീഡനം സഹിക്കാതെ ഒരു ദിവസം ചെറിയമ്മ എന്നെ കൂടെ കൂട്ടിക്കൊണ്ടു പോയി; അവരുടെ വീട്ടിലേക്ക്. അന്ന് മുതൽ അവർക്ക് മക്കൾ രണ്ടാണ്.
പിന്നെയെപ്പൊഴോ അപ്പൻ മരിച്ചെന്ന വാർത്ത കേട്ടു. ഒന്നും തോന്നിയില്ല. സ്വയം തെരെഞ്ഞെടുത്ത എളുപ്പവഴിയായിരുന്നല്ലോ അത്.
അമ്മയിൽ നിന്നും നഷ്‌ടമായ കരുതലും സ്നേഹവും ഞാനറിയാതെ എന്നെ മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്തി. സ്കൂളിൽ ബാക്കി കുട്ടികളോടൊക്കെ അസൂയ തോന്നി; അവരെ പോലെയല്ലല്ലോ എന്ന കോംപ്ലക്സ്. കോളേജിലായപ്പോഴേക്കും ഒറ്റപ്പെട്ട ഒരു തുരുത്തായി മാറിയിരുന്നു ഞാൻ. കലങ്ങിപ്പോയ പ്രണയങ്ങളെക്കുറിച്ചു പിന്നീടൊരിക്കലും ചിന്തിച്ചിട്ടില്ല. ഒരു കുറവും ഉണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധയെടുത്ത ചെറിയമ്മയോട് ശരിക്കും എനിക്കു കുറ്റബോധമായിരുന്നു. അവരുടെ ജീവിതവും ഞാൻ കാരണം വഴിമാറിപ്പോയല്ലോ എന്നോർത്ത്! പരിചയക്കാരില്ലാത്തിടത്തേക്കു ജോലിവാങ്ങിപ്പോയതും അതുകൊണ്ടു തന്നെ. അപരിചിതങ്ങളായ നഗരങ്ങളിലും പുതിയ കൂട്ടുകളിലും പഴയതെല്ലാം കുഴിച്ചുമൂടാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
ഡോൺ എല്ലാം കേട്ടിരുന്നു. നീണ്ട മൗനത്തിനുശേഷം തന്നോടുതന്നെ പിറുപിറുക്കുമ്പോലെ പറഞ്ഞു:
“ഒറ്റപ്പെടലൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്. ആരുടേയും മരണത്തിലൂടെയല്ലെന്നു മാത്രം. കൂടെ ജീവിക്കുന്നവർക്ക് ഭാരമാവുമ്പോൾ അവർ അവരുടെ വഴിക്കു പോവും. എന്റെ കാര്യത്തിൽ പറ്റിയത് അതാണ്. പിന്നെ കുറേക്കാലം ഓർമ്മകളുടെ വലയിൽ രക്ഷപ്പെടാനാവാതെ കുരുങ്ങി കിടക്കും. പെട്ടെന്നൊരു ദിവസം വളരെ കുറച്ചു ദിവസങ്ങളേ ഇനി ബാക്കിയുള്ളു എന്നറിയുമ്പോൾ ഒരു കുതിപ്പാണ് ജീവിതത്തിനു നേർക്ക്”
ഞാൻ തലയുയർത്തി നോക്കി. അയാൾ കണ്ണടയൂരി മാസ്ക് മാറ്റി ചിരിച്ചു. വീർത്ത കൺപോളകൾക്കിടയിൽ തളർന്നു കലങ്ങിയ കണ്ണുകളിലെ നിറം പോയ കൃഷ്ണമണികൾ വരാൻ പോവുന്ന മരണം വിളിച്ചുപറയുന്നപോലെ.
“അതെ, എന്റെ കാര്യങ്ങൾക്ക് തീരുമാനമായിട്ടുണ്ട്. ഏറിയാൽ ആറുമാസം. ടെർമിനൽ ലങ് കാൻസർ, ആ ദിവസങ്ങളിൽ വലിച്ചു കേറ്റിയ വിഷപ്പുകയുടെ ബാക്കി!”
അയാൾ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു. എത്രയോ വർഷങ്ങൾക്കുശേഷം നിസ്സംഗതയല്ലാത്ത എന്തോ ഒന്ന് മനസ്സിനെ തൊട്ടു. ബഞ്ചിൽ ഊന്നിയിരുന്ന അയാളുടെ കൈപ്പത്തിമേൽ എന്റെ കൈവച്ചു. ആസന്നമായ മറ്റൊരു മരണത്തിന്റെ വരവറിയിപ്പായി വിരൽത്തുമ്പുകളിലൂടെ തണുപ്പ് ദേഹത്താകെ അരിച്ചു കയറി.
“അവസാന നിമിഷം വരെ മനുഷ്യന് ജീവിക്കണം. അതാ സത്യം. ഇന്ന് മരിച്ചാൽ സ്വർഗം കിട്ടും എന്ന് പറഞ്ഞാലും ആരും - എന്നെപ്പോലെ എത്ര സീരിയസ് ആയ രോഗമുള്ളയാളും - അതിനു തയ്യാറാവില്ല. എന്തും മരണത്തിനു ശേഷം മതി. ആലോചിച്ചാൽ, പിന്നെയും ജീവിക്കാം എന്ന വാഗ്ദാനമാണത്. ഒരു കൊതിപ്പിക്കൽ. മരണവുമായി ഒരൊത്തുതീർപ്പ്… ,“ പെട്ടെന്ന് നിറുത്തി അയാൾ എണീറ്റു. “..എന്തൊക്കെയോ പറഞ്ഞു - നെവർ മൈൻഡ്, യാത്ര പറയുന്നില്ല. സന്തോഷമായിരിക്കൂ.”
മുന്നോട്ടല്പം കൂനി ആഞ്ഞു വലിഞ്ഞു നടന്നകലുന്ന ഡോണിനെ ഏറെ നേരം നോക്കിയിരുന്നു.
സർവൈവർ മരത്തെ കടന്നുവന്ന കാറ്റ് എന്നെ ചുറ്റി കടന്നുപോയി. അപ്പോഴാണ് അയാൾക്കും ദുരന്തത്തിൽ പൊലിഞ്ഞുപോയ ആയിരങ്ങളുടെ ജീവിതങ്ങളെ ചേർന്നു നിന്നവർക്കും പിന്നാലെ അലയുകയായിരുന്ന മനസ്സിനെ തിരിച്ചുപിടിക്കാനായത്.
ഇതിനകം വെയിലിന്റെ ആക്കം കൂടിയതു പോലുമറിഞ്ഞില്ല.
ഞാൻ ബെഞ്ചിൽ ചാരി കണ്ണുകളടച്ചു.
‘നോക്കു. നെടുകെ മുറിച്ചാൽ ഉള്ളിൽ കരിഞ്ഞ പൊള്ളൽ പാടുകളുണ്ട്. അതിനു പുറത്തെ പച്ചയും പകിട്ടുമൊക്കെ പൊരുതി നേടിയതാണ്. ഇന്ന് ഇഷ്ടം പോലെ ചില്ലകളെ പടർത്തി ബാക്കി ജീവിതം ഞാൻ ആഘോഷമാക്കുന്നു. ഇത് എന്റെ കാര്യം മാത്രമല്ല. ആ കാണുന്ന പുൽത്തട്ടുകൾ പോലും മുറിവുണങ്ങിയ മണ്ണിനു മേലാണ്…’
മരത്തിന്റെ വാക്കുകൾ വിട്ടു മയക്കത്തിൽനിന്നുണർന്ന ഞാൻ വാച്ചിൽ നോക്കി. നാല് മണി. വെയിലാറിയ കാരണം തണലിനു തണുപ്പായി തുടങ്ങി. എയർ പോർട്ടിലേക്ക് ടാക്സി ബുക്ക് ചെയ്തശേഷം റോഡിനെ ലക്ഷ്യമാക്കി നടന്നു. കാറ്റിന്റെ ഉലച്ചിലിൽ ഒരുകൂട്ടം കിളികൾ മരത്തിൽ നിന്നും പറന്നുയർന്നു.
ഒന്നുകൂടി പോക്കറ്റിൽ നിന്നും ഫോൺ കൈയ്യിലെടുത്തു. പഴയ ഫോട്ടോകൾ തോണ്ടി. ഇതാ! ഇതുതന്നെ. ബർത്ഡേക്കെടുത്തത്. കുട്ടിയുടുപ്പിടീച്ച് വലതുകൈയ്യിൽ എന്നെയെടുത്ത് അമ്മ ചിരിച്ചു നിൽക്കുന്നു. ഇടതു കയ്യിൽ ചെവിക്കുമേലെ അടുപ്പിച്ചു പിടിച്ച സൂര്യകാന്തിപ്പൂവ്, അമ്മയുടെ ഹാപ്പി ഫ്ലവർ!
ഞാനത് മുഖത്തോടടുപ്പിച്ചു. അമ്മ പറയാറുള്ള ഉറുമ്പുകളുടെ മണം! എന്നെ പൊതിഞ്ഞു പോകുന്ന ഇളം കാറ്റിനും അപ്പോൾ നേരീയ ഉറുമ്പു മണമുണ്ടെന്നു തോന്നി.
Ezhuth 2024 January